Pages

Monday, April 25, 2011

റെജു രക്ഷിച്ച കപ്പല്‍ - ലക്ഷദ്വീപ് യാത്ര ഭാഗം 7

കഥ ഇതുവരെ
മദാമ്മമാര്‍ ഇവിടെ

ഞങ്ങള്‍ പ്രതീക്ഷിച്ചപോലെ തന്നെ അല്പ സമയത്തിനകം തന്നെ സൂര്യന്‍ അന്നത്തെ കച്ചവടം നിര്‍ത്താനുള്ള സിഗ്നല്‍ കാണിച്ചു തുടങ്ങി.സൂര്യാസ്തമയം പലരും കണ്ടിരുന്നെങ്കിലും അതെല്ലാം കരയില്‍ വച്ചായിരുന്നു.സൂര്യന്‍ കടലില്‍ താഴ്ന്നാല്‍ കടലില്‍ വരുന്ന മാറ്റങ്ങള്‍ ഞങ്ങളാരും അനുഭവിച്ചിരുന്നില്ല.പകലോന്റെ അന്ത്യം ക്യാമറയില്‍ പകര്‍ത്താന്‍ ഡെക്കില്‍ വന്‍ തിരക്കായിരുന്നു.കപ്പലും സൂര്യന്‍ വീഴുന്ന അതേ സ്ഥാനത്തേക്കാണ് പോകുന്നത് എന്ന് ആദ്യം വിളിച്ചു പറഞ്ഞത് റെജു തന്നെയായിരുന്നു.ക്യാപ്റ്റന്റെ റൂമില്‍ നിന്ന് ഒരാള്‍ ബൈനോക്കുലര്‍ വച്ച് നോക്കുന്നതും ആദ്യം കണ്ടത് റെജു ആയിരുന്നു.
“ഇത്രേം വലിയൊരു സാധനത്തെ ഇനിയും ബൈനോക്കുലര്‍ വച്ച് നോക്കുന്നോ?” റെജു ചോദിച്ചു.

“കപ്പല്‍ അങ്ങോട്ട് പോയാല്‍ പ്രശ്നമാകും.ദേ എല്ലാവരും ഈ ലിവറൊന്ന് പിടിച്ച് തള്ളൂ...” ഏതോ ഒരു ലിവര്‍ കാണിച്ച് റെജു പറഞ്ഞു.ആ ലിവര്‍ തള്ളിയത് കാരണം കപ്പല്‍ ദിശ മാറി വെള്ളത്തില്‍ വീണ സൂര്യനുമായി കൂട്ടി ഇടിച്ചില്ല എന്ന് റെജു വയനാട്ടില്‍ ഇപ്പോഴും വീമ്പടിക്കുന്നു.പാവം ആദിവാസികള്‍ മൂക്കത്ത് വിരല്‍ വച്ച് അവരുടെ പഴശ്ശിയുടെ വീരഗാഥകളേക്കാളും വലിയത് കേട്ടുകൊണ്ടേ ഇരിക്കുന്നു!

ഡെക്കില്‍ ഇരുട്ട് വ്യാപിച്ചതോടെ ‘ജോഡി’കളുടെ പ്രളയവും തുടങ്ങി.ആന്റണിയെ പല സ്ഥലത്തും നിര്‍ത്തി റെജു മാക്സിമം ശ്രമിച്ചെങ്കിലും ഒരു ‘രംഗ‘വും ക്യാമറയില്‍ ക്ലിയറായി പതിഞ്ഞില്ല.ഇതിനിടെ ഞാന്‍ ജമാലിനെ വിളിച്ചു.യാത്ര സുഖകരമായി ആരംഭിച്ച വിവരവും പലരേയും പരിചയപ്പെട്ടതും അറിയിച്ചു.
“സീ അല്പം റഫ്ഫാണ്...” ജമാല്‍ പറഞ്ഞപ്പോള്‍ ഉള്ളൊന്ന് കാളി.‘നടുക്കടലില്‍ എത്തിയപ്പോഴാണോ പഹയാ ഇത് പറയുന്നത്‘ എന്ന് ചോദിക്കാന്‍ തോന്നിയെങ്കിലും ചോദിച്ചില്ല.പകരം ആ ‘സന്തോഷ വാര്‍ത്ത’ എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും പകര്‍ന്നു കൊടുത്തു.എല്ലാവരും മൌനമായി ആ പാട്ടു പാടി - “ഖല്‍ബിലെ തീ ....ഖല്‍ബിലെ തീ ....“.അബൂബക്കര്‍ മാഷ് ഏതോ തങ്ങള്‍മാരെ വിളിക്കുന്നുണ്ടോ എന്ന് എനിക്ക് സംശയമായി.

എട്ടു മണിയോടെ കപ്പലിനകത്തെ മൈക്ക് ഓണ്‍ ആകുന്നതിന്റെ പൊട്ടലും ചീറ്റലും കേട്ടു.
“യാത്രക്കാരുടെ ശ്രദ്ധക്ക്....”

“ങേ!!” കടല്‍ റഫ്ഫാണെന്ന വിവരം അറിഞ്ഞതിന് പിന്നാലെയുള്ള അറിയിപ്പ് എന്തായിരിക്കുമെന്ന ഊഹത്തില്‍ സലീം മാഷ് ഞെട്ടി.അബൂബക്കര്‍ മാഷ് കണ്ണ് പൂട്ടി.ഹരിദാസന്‍ മാഷ് ചെവി പൊത്തി.ഹേമചന്ദ്രന്‍ സാര്‍ മൂളീപ്പാടി.രാജേന്ദ്രന്‍ മാഷ് പെട്ടി പൂട്ടി.ഹരിമാഷ് നാരായണ ജപം തുടങ്ങി.

“യാത്രക്കാരുടെ ശ്രദ്ധക്ക്....ഭക്ഷണം തയ്യാറായിട്ടുണ്ട്...”

“ഹാവൂ...” ശ്വാസമടക്കിപ്പിടിച്ചിരുന്ന എല്ലാവരും കൂടി ദീര്‍ഘശ്വാസം വിട്ടപ്പോള്‍ കപ്പലൊന്നുലഞ്ഞു.വകഞ്ഞുമാറ്റപ്പെടുന്ന വെള്ളം സൈഡ് ഗ്ലാസ്സിലൂടെ ഭീതിദമായ കാഴ്ചയായി തുടര്‍ന്നു.അവസാന അത്താഴവും കഴിച്ച് എല്ലാവരും സ്വന്തം സ്വന്തം അറകളിലേക്ക് കയറിക്കൂടി.ദൈവം എനിക്ക് തന്ന ഏറ്റവും നല്ല അനുഗ്രഹം, ഉലക്കയിലാണെങ്കിലും കിടന്നാല്‍ ഉറങ്ങുക അന്നും മുടങ്ങാതെ ലഭിച്ചു .

പിറ്റേ ദിവസം രാവിലെത്തന്നെ എല്ലാവരും എണീറ്റു.പടിഞ്ഞാറ് വീണ സൂര്യന്‍ കിഴക്ക് പൊങ്ങുന്ന കാഴ്ച കാണാനായി എല്ലാവരും വീണ്ടും ഡെക്കിലേക്ക് തിരിച്ചു.കുറേ നേരം കാത്ത് നിന്നിട്ടും സൂര്യന്‍ പൊങ്ങാത്തതിനാല്‍ ശിവദാസന്‍ മാഷുടേയും സതീശന്‍ മാഷുടേയും രക്തം തിളച്ചു.മുമ്പില്‍ ഒരു ചെങ്കൊടി നിവര്‍ത്തി അവര്‍ രക്തസാക്ഷികള്‍ സിന്ദാബാദ് വിളിച്ചു - എന്നും കടലില്‍ രക്തസാക്ഷ്യം വഹിക്കുന്ന സൂര്യന് വേണ്ടി.അതിനിടെ അബൂബക്കര്‍ മാഷുടെ തലയില്‍ നിന്നും പുക ഉയരാന്‍ തുടങ്ങി.

“നമുക്ക് കപ്പിത്താന്റെ അടുത്ത് കയറി നോക്കാം...”

“സൂര്യന്‍ ഉദിക്കാത്തത് അറിയാനോ?”

“അല്ല , ഇത്രേം വലിയ കപ്പലിന്റെ സ്റ്റിയറിംഗ് ഒന്ന് കാണാന്‍...”

“ആ...അത് കാണേണ്ടത് തന്നെ....”

ഞാനും സംഘവും സൂര്യന്‍ ഉദിക്കാത്തതില്‍ പ്രതിഷേധിച്ച് കപ്പിത്താനെ ഘൊരാവൊ ചെയ്യാന്‍ ക്യാപ്റ്റന്‍ റൂമിലേക്ക് കയറി.അവിടെ ഒരു ബര്‍മുഡയും ഇട്ട് ഒരു വില്‍‌സും പുകച്ച് ഒരാള്‍ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നുണ്ടായിരുന്നു.

“ഇതിന്റെ ഡെയ്‌വര്‍ എവിടെ ?” കയറിയ പാടെ അബൂബക്കര്‍ മാഷ് ചോദിച്ചു.

“യെസ്...അയാം ക്യാപ്റ്റന്‍ ശിവശങ്കര്‍...”

“അപ്പോ വണ്ടി ഓടിത്തൊടങ്ങ്യാ പിന്നെ വെറുതെ ഉലത്ത്യാല്‍ മതി അല്ലേ?” മനസ്സില്‍ തോന്നിയത് അബൂബക്കര്‍ മാഷ് മറച്ചു വച്ചില്ല.

“സാര്‍...വീ ആര്‍ ഫ്രം കാലികറ്റ് ഗവ: എഞ്ചിനീയരിംഗ് കോളേജ്...” ഞാ‍ന്‍ ക്യാപ്റ്റന്റെ അടുത്തെത്തി സംസാരം തുടങ്ങി.

“ഓ...സ്റ്റഡിയിംഗ് ഫോര്‍...?”

‘ഇയാളേത് കോപ്പിലെ കപ്പിത്താനാ? ഇത്രേം നരച്ച ഹരിമാഷേയും ഇത്രേം കഷണ്ടിയുള്ള എന്നേയും കണ്ടിട്ട് സ്റ്റഡിയിംഗ് ഫോര് ചോദിക്കാന്‍ ഞമ്മളെന്താ സന്തൂര്‍ സോപ്പാണോ തേക്കുന്നത് ?’ എന്ന് ചോദിക്കാന്‍ ഒരു നിമിഷം തോന്നിപ്പോയി.

“വീ ആര്‍ എമ്പ്ലോയീസ്...”

“ഓ....എങ്കില്‍ മലയാളത്തില്‍ പറഞ്ഞോളൂ...” ഞങ്ങളുടെ ഇംഗ്ലീഷിന്റെ സാധ്യതയും അതുണ്ടാക്കിയേക്കാവുന്ന ബാധ്യതയും മുങ്കൂട്ടി കണ്ട് ക്യാപ്റ്റന്‍ പറഞ്ഞു.ഞങ്ങള്‍ പന്ത്രണ്ട് പേരും കൂടി പൊക്കി എടുത്ത് കടലിലേക്കെറിയുമോ എന്ന പേടി കാരണമാണോ എന്നറിയില്ല ഞങ്ങളുടെ എല്ലാ പൊട്ട ചോദ്യങ്ങള്‍ക്കും കപ്പിത്താന്‍ മണി മണിയായി ഉത്തരം പറഞ്ഞു.

ക്യാപ്റ്റന്റെ സീറ്റില്‍ ഒന്ന് ഇരുന്ന് നോക്കാന്‍ റെജുവിന് വല്ലാതെ മുട്ടുന്നു എന്ന് അവന്റെ നോട്ടത്തില്‍ നിന്ന് എനിക്ക് മനസ്സിലായി.സമ്മതം കിട്ടിയാല്‍ പന്ത്രണ്ട് പേരും തല്ല്ലിക്കയറി അത് ഒടിച്ച് കയ്യില്‍ കൊടുക്കും എന്നതിനാല്‍ ഞാന്‍ മൌനം പാലിച്ചു.


(തുടരും...)

Friday, April 22, 2011

തുഞ്ചന്‍പറമ്പ് ബ്ലോഗ്മീറ്റിലെ പുന:സമാഗമം

വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു പുന:സമാഗമം.അതും അപ്രതീക്ഷിതമായി.എന്ത് തോന്നും ആ നിമിഷത്തില്‍?അനുഭവിച്ചാലേ പറയാന്‍ ഒക്കൂ എന്ന് പറയും , കൂതറയെപ്പോലുള്ളവര്‍.ഇക്കഴിഞ്ഞ തുഞ്ചന്‍പറമ്പ് ബ്ലോഗ്മീറ്റില്‍ എനിക്ക് അങ്ങനെ ഒരു അനുഭവം കൂടി ഉണ്ടായി.

ഞാന്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ കയറുന്നത് ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ എന്ന ഗമണ്ടന്‍ പോസ്റ്റിലേക്കാണ്.പോസ്റ്റിന്റെ പേര് കലക്കന്‍ , പണി അതിലേറെ ‘കലക്കന്‍‘ എന്ന് ഞാന്‍ പറയാതെ “ഡോക്ടര്‍ പശുപതി” കണ്ടവര്‍ക്ക് അറിയാം.അതുകൊണ്ട് തന്നെ അവസരം കിട്ടിയപ്പോള്‍ ഞാന്‍ ആ പണി നിര്‍ത്തി വേലി ചാടി, കരണ്ടാപ്പീസിലേക്ക്.അതു പോട്ടെ.

1998-ല്‍ ഈ ഇന്‍സ്പെക്ടര്‍ പദവി വലിച്ചെറിഞ്ഞ് പോരുമ്പോള്‍ എനിക്ക് മനസ്സില്‍ തങ്ങുന്ന ചില കൂട്ടുകാര്‍ അല്ല സഹപ്രവര്‍ത്തകര്‍ കൂടി ഉണ്ടായിരുന്നു.ഇന്നത്തെ പോലെ മൊബൈല്‍ വിപ്ലവമോ എന്തിന് ഫോണ്‍ വിപ്ലവമോ (എന്റെ വീട്ടില്‍ അന്ന് ഫോണ്‍ കണക്ഷന്‍ ലഭിച്ചിരുന്നില്ല)ഇല്ലാതിരുന്നതിനാല്‍ ആ ‘നമ്പര്‍’ ഇല്ലാത്ത കാലമായിരുന്നു.പിന്നെ സ്കൂളില്‍ നിന്നും കോളേജില്‍ നിന്നും ഒക്കെ പിരിഞ്ഞ് പോരുമ്പോള്‍ അഡ്രെസ്സ് കൈമാറുക എന്നതായിരുന്നു പരിപാടി.ഈ ഇന്‍സ്പെക്ടര്‍മാര്‍ എല്ലാവരും ആണുങ്ങള്‍ ആയതിനാല്‍ ആ ‘നമ്പറും’ ഏശിയില്ല.അതും പോട്ടെ.

അന്ന് പിടിവിട്ട ഒരു പുലി തുഞ്ചന്‍പറമ്പില്‍ എന്റെ കാറിന് കൈ കാട്ടി- പരപ്പനങ്ങാടിക്കാരന്‍ അബ്ദുല്‍ റസാഖ്.എന്നെ കണ്ട പാടേ (അന്ന് എന്റ്റെ ‘ട്രേഡ്മാര്‍ക്ക്’ ശൈശവ ദശയില്‍ ആയിരുന്നു , ഇത്ര വെളിവായിരുന്നില്ല)അവന്‍ എന്റെ നേരെ വന്നു.എനിക്കും പേര് പെട്ടെന്ന് കിട്ടിയില്ലെങ്കിലും എന്റെ വീട്ടില്‍ വന്ന ആ സുഹൃത്തിനെ ഞാന്‍ തിരിച്ചറിഞ്ഞു.ബ്ലോഗ് ഇല്ലെങ്കിലും ബ്ലോഗിനെപറ്റി പഠിക്കാനും അറിയാനും ആണ് 250 രൂപ റെജിസ്റ്റ്രേഷന്‍ ഫീസും കൊടുത്ത് ആ സുഹൃത്ത് അവിടെ വന്ന് ഇരുന്നത് എന്നറിഞ്ഞപ്പോള്‍ എനിക്ക് ആശ്ചര്യം തോന്നി.ബ്ലോഗിനെപറ്റി കൂടുതല്‍ അറിയാനുള്ള സൈറ്റുകളുടെ വിവരങ്ങള്‍ റസാക്ക് എഴുതി എടുക്കുന്നത് കണ്ടപ്പോള്‍ അവന്‍ പറഞ്ഞത് കാര്യത്തില്‍ തന്നെയാണെന്ന് എനിക്ക് മനസ്സിലായി.ഇതുപോലെയുള്ള എന്ത് പരിപാടിയുണ്ടെങ്കിലും അറിയിക്കണം എന്ന് കൂടി റസാക് പറഞ്ഞപ്പോള്‍ ആ സുഹൃത്തിന് ബ്ലോഗിങ്ങിനോടുള്ള താല്പര്യം എന്റെ മനസ്സില്‍ പതിഞ്ഞു.

പുതിയ പല സുഹൃത്തുക്കളേയും പരിചയപ്പെടാന്‍ സാധിക്കാത്ത വേദനയില്‍ നഷ്ടപ്പെട്ടുപോയ ഒരു ബന്ധം പുന‍:സ്ഥാപ്പിക്കാന്‍ കഴിഞ്ഞതില്‍ തുഞ്ചന്‍പറമ്പ് ബ്ലോഗ്മീറ്റ് എന്നെന്നും എന്റെ ഓര്‍മ്മയില്‍ നില്‍ക്കും.

വാല്‍: ഉണ്ടാക്കാന്‍ പ്രയാസമുള്ളതും നഷ്ടപ്പെടുത്താന്‍ എളുപ്പമുള്ളതും ആയതെന്തോ അതാണ് ബന്ധങ്ങള്‍.

തുഞ്ചന്‍ പറമ്പിലെ ഞാന്‍ - അവസാന ഭാഗം

മയമോട്ടിക്ക എന്നെ വിട്ടതില്‍ പിന്നെ ആരാണ് അടുത്തത് വന്നത് എന്ന് കൃത്യമായി നിശ്ചയമില്ല.ഹാളിനുള്ളിലെ ചൂടും ഇടക്കിടെയുള്ള വൈദ്യുതിയുടെ ഞാണിന്മേല്‍ കളിയും ഒപ്പം രാവിലെ തിന്ന പൊറോട്ടയുടെ വയറ്റില്‍ നിന്നുള്ള മുറവിളിയും എന്നെ വീണ്ടും പുറത്തേക്ക് ആനയിച്ചു.വെള്ളം കുടിക്കാന്‍ വേണ്ടി അങ്ങോട്ട് നീങ്ങുമ്പോള്‍ അടുത്ത കൈ നേരെ വന്നു -

“മാഷേ അറിയോ?”

“ങാ...അവിടെ പഠിച്ച....” കൊച്ചു പയ്യനായതിനാല്‍ ഞാന്‍ പഠിപ്പിച്ച വല്ല കുട്ടികളും ആയിരിക്കും എന്ന് കരുതി ഞാന്‍ പറഞ്ഞു.

“ഏയ്...അതൊന്നുമല്ല...ഇപ്പോള്‍ മാഷെ ബ്ലോഗില്‍ അധികം വരാറില്ല...എന്റെ പേര് മുഫാദ്...”

“ഓ...മനസ്സിലായി...”പിന്നെ ഞങ്ങള്‍ എഞ്ചിനീയറിംഗ് സംബന്ധമായ സംഗതികള്‍ സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടെ ഒരു പയ്യന്‍ കൂടി വന്നു.

“ഞാന്‍ മലബാരി...ജാബിര്‍ മലബാരി...”

“എവിടെയാ മലബാരി താമസിക്കുന്നത് ?’

“എടപ്പാള്‍..”

“എടപ്പാളീല്‍ എവിടെ ?” ഈ ലോകത്ത് ഏത് സ്ഥലവും പറഞ്ഞാല്‍ മനസ്സിലാകും എന്ന വിധത്തില്‍ ഞാന്‍ ചോദിച്ചു.

“പൊന്നാനി റോഡില്‍...”

“ങേ! അവിടെ ???”

മലബാരി ഏതോ ഒരു സ്ഥലം പറഞ്ഞു.വര്‍ഷങ്ങള്‍ക്ക് മുമ്പ് പൊന്നാനി എം.ഇ.എസ് കോളേജില്‍ പഠിച്ചിരുന്നതിനാല്‍ കുറേ സ്ഥലങ്ങള്‍ എന്റെ മനസ്സില്‍ ഉണ്ടാ‍യിരുന്നെങ്കിലും മലബാരി പറഞ്ഞ സ്ഥലം മൂളി ഒപ്പിക്കാനേ സാധിച്ചുള്ളൂ.

അപ്പോഴാണ് അവിടെ തൂക്കിയിട്ട ചില ചിത്രങ്ങള്‍ എന്റെ ശ്രദ്ധയില്‍ പെട്ടത്.അതിലൊന്ന് താഴെ വീണിട്ടും ആരും ശ്രദ്ധിക്കാതെ പോയതില്‍ എനിക്ക് പരിഭവം തോന്നി.ആ ചിത്രങ്ങളുടെ രചയിതാവ് ആരെന്ന് അറിഞ്ഞില്ല.മീറ്റിന്റെ ഒരു ഫോട്ടോയിലും അത് കണ്ടതുമില്ല.

വീണ്ടും ഹാളില്‍ കയറി ഇരുന്ന് ഉച്ചയൂണിന്റെ വിഭവങ്ങള്‍ സ്വപ്നം കാണാന്‍ തുടങ്ങി.മുമ്പില്‍ കൂതറ ഹാഷിം ഏതോ ഒരു വായനശാല പരിചയപ്പെടുത്തുന്നുണ്ടായിരുന്നു.വായിലൂടെ വല്ലതും കയറ്റേണ്ട സമയത്ത് അവന്റെ ഒരു വായനശാല എന്ന് മനസ്സ് പറഞില്ല എങ്കിലും എനിക്ക് ഒട്ടും ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല.അല്ലെങ്കിലും വിശപ്പ് തുടങ്ങിയാല്‍ പിന്നെ കോണ്‍സെണ്ട്രേഷന്‍ ഭക്ഷണത്തില്‍ മാത്രമേ കിട്ടൂ എന്ന ഒരു രോഗം പിടികൂടിയിട്ട് വര്‍ഷങ്ങളായി.അപ്പോഴാണ് പൊന്മളക്കാരന്‍ സദ്യ റെഡിയായതിന്റെ ഒരു സൂചന തന്നത്.മൂന്ന് വയറുകള്‍ കൂടുതല്‍ എരിഞ്ഞാല്‍ ഹാളിന് തന്നെ തീ പിടിക്കും എന്നതിനാല്‍ എല്ലാ ബ്ലോഗര്‍മാരേയും രക്ഷിക്കാന്‍ ഞാനും കുട്ടികളും ഭക്ഷണശാലയിലേക്ക് നീങ്ങി.

സദ്യയെ പറ്റി കൂടുതല്‍ ഒന്നും പറയുന്നില്ല.പറഞാല്‍ പിന്നെ “അന്ത അറബിക്കടലോളം...” എന്ന പാട്ടും പാടേണ്ടി വരും , വായിലൂറിയ വെള്ളത്തെക്കുറിച്ച്.അടിപൊളി സദ്യയും പായസവും എന്ന് ഒറ്റ വാക്കില്‍ പറഞ്ഞ് ആ ഭാഗം വിടുന്നു.ആദ്യപന്തിയില്‍ തന്നെ സീറ്റ് കിട്ടിയതിനാല്‍ പുറത്ത് നിന്ന് സദ്യ മൂക്കിലൂടേയും കൂടി ഭക്ഷിക്കാനുള്ള ഭാഗ്യം ലഭിച്ചില്ല.

സദ്യ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ ദാ നില്‍ക്കുന്നു - താബുവിനെ പോലെ വെളുത്ത് മെലിഞ്ഞ് ബൂലോകത്തെ താബു , തബാറക്ക്റഹ്മാന്‍.തലേന്ന് വന്ന് ബിരിയാണി അടിച്ച കഥ പറഞ്ഞ് എന്റെ സദ്യയെ ഇല്ലാതാക്കാ‍ന്‍ താബു ശ്രമിച്ചെങ്കിലും വയറ്റില്‍ കയറിയതുണ്ടോ ഇറങ്ങുന്നു.’ആ ബിരിയാണി പുളിച്ചു കഴിഞ്ഞു , മോന്‍ പോയി വേഗം ഈ സദ്യ ഉണ്ണാന്‍ നോക്ക് ‘ ഞാന്‍ താബുവിനെ പറഞ്ഞു വിട്ടു.

ഉച്ചയൂണിന് ശേഷമുള്ള ഉറക്കം പണ്ട് ഒരു ക്രേസ് ആയിരുന്നു, ഇന്ന് ഒരു കേസ് ആണ് - ഓഫീസില്‍ ഇരുന്ന് ഉറക്കം പാടില്ല്ല എന്നതിനാല്‍.എങ്കിലും വീണുകിട്ടുന്ന അവസരങ്ങള്‍ പരമാവധി ഉപയോഗിക്കാറുണ്ട്.പക്ഷേ തുഞ്ചന്‍പറമ്പില്‍ അതിന് തോന്നിയില്ല.രണ്ട് നല്ല ക്ലാസുകള്‍ - വികി എഴുത്തിനെക്കുറിച്ചും, ബ്ലോഗ് തുടങ്ങുന്നതിനെക്കുറിച്ചും.പായസത്ത്ന് ശേഷം ഒരു ഐസ്കീമും കൂടി കിട്ടിയ പ്രതീതി.

വൈകിട്ടായതോടെ വീട് പിടിക്കാനുള്ള വേവലാതികള്‍ തുടങ്ങി.എന്റെ മക്കള്‍ വീട്ടില്‍ നീന്ന് ഇറങ്ങിയിട്ട് നാല് ദിവസമായതിനാല്‍ അവര്‍ക്കും മടുത്ത് തുടങ്ങി.രാവിലെ കൊണ്ടുവച്ച പെട്ടി എടുത്ത് പുറത്തിറങ്ങിയപ്പോള്‍ ഒരു പയ്യന്‍‌കൈ കൂടി എന്റെ നേരെ വന്നു.

“മാഷേ..ഞാന്‍ ജിക്കു...“

“വലിയ പത്രാധിപരാ...” ആരോ ഒപ്പം കൂട്ടിച്ചേര്‍ത്തു.

“ങേ!മനോരമയോ മാതൃഭൂമിയോ ?”

“ബൂലോകം ഓണ്‍ലൈന്‍...”

“ഓ...” പത്രങ്ങളുടെ കെടുകാര്യസ്ഥതയും തേങ്ങാക്കൊലയും ഒക്കെ സംസാരിക്കണം എന്നുണ്ടായിരുന്നെങ്കിലും സമയം വൈകിയതിനാല്‍ ഒന്നും സംഭവിച്ചില്ല.അതുകൊണ്ട് തന്നെ ബൂലോകം ഓഫ്‌ലൈന്‍ ആയില്ല.വൈകിട്ട് നാലരയോടെ തുഞ്ചന്‍ പറമ്പിലെ ചില കാഴ്ചകള്‍ കൂടി കണ്ട ശേഷം മടങ്ങുമ്പോള്‍ എല്ലാവരെയും നേരില്‍ കണ്ട് പരിചയപ്പെടാന്‍ സാധിക്കാത്തതിലുള്ള വിഷമം മനസ്സില്‍ തങ്ങി നിന്നു.
(ഈ വിവരണത്തില്‍ വിട്ടു പോയവര്‍ സദയം ക്ഷമിക്കുക.ഇനി ഇത് നീട്ടികൊണ്ട് പോകാന്‍ വയ്യ!)

പുലിവാല്‍:മീറ്റിന്റെ പിറ്റേ ദിവസം രാത്രി കൊട്ടൊട്ടിയെ വിളിച്ച് മീറ്റിനെ പറ്റി ചോദിച്ചു.
“മീറ്റോ?ഏത് മീറ്റ്?അത് ഡെലീറ്റ് ചെയ്തു...ഇനി കുടുംബത്തിന് ഈറ്റാനുള്ളത് നോക്കട്ടെ..”
പാവം, മീറ്റ് തലയില്‍ കയറി ഒരു മാസത്തോളം സ്വന്തം പണികള്‍ വരെ മാറ്റി വച്ച് ഇതിനെ വിജയിപ്പിച്ച ആ മനസ്സിനെ നമിക്കുന്നു.

Wednesday, April 20, 2011

കഷണ്ടി പര്‍വ്വം - തുഞ്ചന്‍ പറമ്പിലെ ഞാന്‍ (ഭാഗം 2)

ഞാന്‍ സ്വയം പരിചയപ്പെടുത്തുന്നതിന് ശേഷം വീണ്ടും സദസ്സില്‍ വന്നിരുന്നു.എല്ലാവരും എന്റെ ചേനത്തല 70എം എം ല്‍ കാണുന്നത് അല്ല നോക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു.’എന്താ വല്ല കാക്കയും തൂറിയോ’ ഈ കഷണ്ടിയില്‍ എന്ന് പോലും സംശയിക്കത്തക്ക രൂപത്തിലായിരുന്നു ചിലരുടെ നോട്ടം.

ഞാന്‍ വന്നിരുന്ന ഉടനെ ‘ഐസിബി’ പരിചയപ്പെടുത്തുന്നത് ഞാന്‍ ശ്രദ്ധിച്ചു.
‘ഞമ്മള് ബാംഗ്ലൂരിലാണെങ്കിലും കുറ്റിച്ചെറേല്‍ ആണ് പൊര...ചട്ടിക്കരി ന്ന് പറഞ്ഞ ഒരു ബ്ലോഗ് ണ്ട്...അതില്‍ പറഞ്ഞ മാതിരി അയ്മ്പത് ഉന്നക്കായിം അയ്മ്പത് സമൂസിം ഉണ്ടാക്കി കൊണ്ടന്ന്ട്ട്‌ണ്ട്...മീറ്റ് മീറ്റ് ന്നൊക്കെ പറഞ്ഞപ്പൊ ഞാന്‍ വിചാരിച്ചി ആള് കൊറവായ്ക്കും ന്ന്...ത് പ്പോ തെകയൂല...അപ്പം അയ്‌ന് ഒരു പണിണ്ട്...സമൂസ ബീഫ് ആണ് ന്നങട്ട് കര്താ...വെജിറ്റേറിയന്‍സ് എല്ലാം ഒയ്‌വായില്ലേ...പിന്നെ ഉന്നാക്കായില്‍ പന്‍സാര കൂടുതലാ...അതോണ്ട് ഷുഗര്‍ ഉള്ളോല്‍ അതും തിന്നണ്ട...”

‘ഹാവൂ...മുന്നില്‍ ഇരിക്കുന്നവര്‍ മിക്കവരും വയസ്സന്മാരായതിനാല്‍ ഈ രണ്ട് ഫില്‍ട്ടറില്‍ ഏതെങ്കിലും ഒന്നില്‍ കുടുങ്ങും.അതോണ്ട് രണ്ടും തിന്നാനുള്ള മഹാഭാഗ്യം ലഭിക്കുന്നവന്‍ ഞാന്‍ തന്നെയായിരിക്കും‘ എന്ന് എന്റെ മനസ്സ് പറഞ്ഞു.ബീഫു സമൂസയും ഉന്നക്ക പൊരിച്ചതും തിന്നുമ്പോഴുള്ള ആ പുതിയ കോമ്പിനേഷന്‍ എന്റെ വായില്‍ ടൈറ്റാനിക്ക് ഓടിക്കാനുള്ള വെള്ളം നിറച്ചു.ആരോ പൊതിയും കൊണ്ട് അടുത്തെത്തിയപ്പോഴാണ് ആ സ്വപ്നത്തില്‍ നിന്നും ഞാന്‍ ഉണര്‍ന്നത്.സഞ്ചിയില്‍ കയ്യിട്ട എനിക്കും കിട്ടി ആ ബ്ലോഗിന്റെ പേര് പോലെ കരിഞ്ഞ സമൂസയുടെ കുറേ പൊട്ടുപൊടികള്‍!ഉന്നക്കായ ഇന്ത്യ വിട്ട റോക്കറ്റ് പോലെ വേറെ ഏതോ ദിശയിലും പോയി.

സമൂസയും ഉന്നക്കായും നഷ്ടപ്പെട്ട വേദനയില്‍ ഞാന്‍ മെല്ലെ പുറത്തേക്കിറങ്ങി.അപ്പോഴാണ് ചുണ്ടു ചുവപ്പിച്ച് വെളുത്ത മുണ്ടുടുത്ത് ചീകി ഒതുക്കി വച്ച മുടിയുമായി അവള്‍ അല്ല അയാള്‍ കടന്നു വന്നത് - സജി അച്ചായന്‍!

“അച്ചായോ?”

“അ...മാഷോ?”

“അപ്പോള്‍ മലേഷ്യയിലൊക്കെ പോയോ ?” മാതൃഭൂമി യാത്ര സംഘടിപ്പിച്ച യാത്രാ ബ്ലോഗിലെ വിജയിയായ അച്ചായനോട് ഞാന്‍ ചോദിച്ചു.

“ഇല്ല...ടിക്കറ്റ് എത്തിയതേയുള്ളൂ...അടുത്ത ആഴ്ച കുടുംബ സമേതം പോകണം...”

“ഓ.കെ.കങാരുറിലേഷന്‍സ്...”
പിന്നെ ഞങ്ങള്‍ മലേഷ്യയുടെ ചരിത്രവും ഭൂമിശാസ്ത്രവും ഭൌതികശാസ്ത്രവും ജീവശാസ്ത്രം വരെ ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിച്ചെങ്കിലും ഒരു പാവം ‘കര്‍ത്താവ്’ അതിനിടയില്‍ കയറി വന്നു.അദ്ദേഹം എഴുതിയ ഒരു പുസ്തകം എന്റേയും മറ്റൊന്ന് അച്ചായന്റെയും കയ്യില്‍ തന്ന് അയാള്‍ ദയനീയമായി മുഖത്തേക്ക് നോക്കി.കവിത ആയതിനാല്‍ അച്ചായന്‍ മറിച്ചുനോക്കുന്ന പോലെ തന്നെ ഞാനും അത് മറിച്ചു നോക്കി.വേണ്ട എന്ന് പറയുന്നതിന് മുമ്പേ രണ്ട് പേരുടേയും കോപ്പിക്കുള്ള കാശ് അച്ചായന്‍ കൊടുത്തു.
‘ഹൊ...കവിത ഒട്ടും വായിക്കാത്ത എന്നെക്കൊണ്ട് അത് വായിപ്പിക്കാനുള്ള അച്ചായന്റെ മഹാമനസ്കത !അച്ചായാ...ഈ പുസ്തകകര്‍ത്താവ് പൊറുത്താലും മറ്റേ കര്‍ത്താവ് പൊറുക്കൂല ഈ പാപകൃത്യം’ എന്റെ മനസ്സ് അങ്ങനെ പറഞ്ഞില്ല.പകരം ഓസിന് കിട്ടിയത് സന്തോഷത്തോടെ സ്വീകരിച്ചു.ഇനി ആരെങ്കിലും ഐസ്ക്രീം വാങ്ങിത്തരുമോ ആവോ എന്ന് കരുതി മക്കളേയും കൊണ്ട് ഞാന്‍ പുറത്തിറങ്ങി.ആ പരിസരത്തൊന്നും ഐസ്ക്രീം ഇല്ലാത്തതിനാല്‍ ഞങ്ങള്‍ മ്യൂസിയം കാണാന്‍ പോയി.

മ്യൂസിയത്തിനുള്ളിലെ സംഗതികള്‍ എല്ലാം ഓടിച്ചു കണ്ട് ഞാന്‍ വീണ്ടും ഹാളിലേക്ക് വരുമ്പോള്‍ അവിടെ നരച്ച താടിയുള്ള ഒരാള്‍ വേറെ ഒരാളോട് സംസാരിക്കുന്നു.എന്നെ കണ്ട പാടേ ഈ “നരച്ച താടിക്കാരന്‍” കൈ നീട്ടി ചോദിച്ചു - “അരീക്കോടന്‍ മാഷല്ലേ ?”

കഷണ്ടിയില്‍ എഴുതിവച്ച പോലെ ആള്‍ക്കാര്‍ പേര് പറയുമ്പോള്‍ ഒന്നുറപ്പ് വരുത്താനായി ഞാന്‍ കഷണ്ടിയിലൂടെ കയ്യോടിച്ചു.ഒന്നും തടഞ്ഞില്ല (മുടി പോലും).

“അതേ...നിങ്ങളെ മനസ്സിലായില്ല..”

“ഞാന്‍ വി.കെ അബ്ദു...ഇന്ഫോമാധ്യമം...”

“ഓ...അറിയാം..”

“ഈ മോളുടെ ബ്ലോഗ് ഞാന്‍ പരിചയപ്പെടുത്തിയിരുന്നു ഇന്‍ഫോമാധ്യമത്തില്‍....” എന്റെ മോളെ നോക്കി അദ്ദേഹം പറഞ്ഞു.

“ങാ...ഞാന്‍ കണ്ടിരുന്നു...” അവിടേയും കടുക് കുമ്പളങ്ങയുടെ മുകളില്‍ കയറി!

വീണ്ടും ഞാന്‍ ഹാളില്‍ ചെന്നിരുന്നപ്പോഴാണ് നല്ലൊരു കഷണ്ടിക്കാരന്‍ ശതാബ്ദി എക്സ്പ്രെസ്സ് വരുന്ന പോലെ പാഞ്ഞടുത്തത്.‘ഞാന്‍ പരിചയപ്പെടുത്താന്‍ പോകുമ്പോള്‍ ഇയാള്‍ അവിടെ ഉണ്ടായിരുന്നു.അയാളെയെങ്ങാനും അപ്പോള്‍ ഞാന്‍ തട്ടിയിരുന്നോ?ഇയാള്‍ എന്തിനുള്ള വരവാണിത്?‘ എന്റെ ഉള്ളില്‍ ഒരു ധൈര്യം പൊട്ടിമുളക്കുന്നത് ഞാനറിഞ്ഞു.

“മല മുഹമ്മെദിന്റെ അടുത്തേക്ക് വരുന്നില്ലെങ്കില്‍ മുഹമ്മെദ് മലയുടെ അടുത്തേക്ക് പോകുക..” എന്റെ അടുത്ത് എത്തിയപ്പോള്‍ അയാള്‍ പറഞ്ഞു.അപ്പോഴാണ് ആ കഷണ്ടി കോട്ടക്കല്‍കാരന്‍ മുഹമ്മെദ്കുട്ടിക്ക ആണെന്ന് എനിക്ക് മനസ്സിലായത്.ഈ മീറ്റിന്റെ നട്ടുച്ചക്ക് എന്നെപ്പോലെ ‘തിളങ്ങുന്ന’ ഒരാളെക്കൂടി കണ്ട സന്തോഷത്തില്‍ ഞങ്ങള്‍ കുറേ കശുവണ്ടിക്കഥകള്‍ പറഞ്ഞു.

(തുടരും...)

Tuesday, April 19, 2011

തുഞ്ചന്‍ പറമ്പിലെ ഞാന്‍

മീറ്റില്‍ അല്പം വൈകി എത്തുമ്പോള്‍ കൊട്ടോട്ടിക്കാരന്‍ നെട്ടോട്ടമോടുന്നതാണ് എന്റെ ശ്രദ്ധയില്‍ പെട്ടത്.പക്ഷേ അതുവരെ പരിചയമില്ലാത്ത ഒരാള്‍ “മാഷേ” എന്ന് വിളിച്ച് എന്നെ രെജിസ്ട്രെഷന്‍ ഡെസ്കിനടുത്തേക്ക് ആനയിച്ചു.(തലേന്ന് കൊട്ടോട്ടി പറഞ്ഞിരുന്നു , ഗേറ്റിനടുത്തിരിക്കുന്ന ആള്‍ കാശ് വാങിയിട്ടേ അകത്തേക്ക് വിടൂ എന്ന്.അതിനാല്‍ ഞാന്‍, ഓട്ടോ ഗേറ്റിനടുത്ത് നിര്‍ത്താതെ അകത്തേക്ക് വിടാന്‍ പറഞ്ഞു !).രെജിസ്ട്രെഷന്‍ ഫോം പൂരിപ്പിച്ച് നല്‍കിയപ്പോള്‍ അവിടെ ഇരുന്ന ബ്ലോഗന കാശും ചോദിച്ചു - 250 രൂപ.അത് നല്‍കാന്‍ ആരും മുന്നോട്ട് വന്നില്ല.

രെജിസ്ട്രെഷന്‍ കഴിഞ്ഞ് ആദ്യം മാഷേ എന്ന് വിളിച്ച് ആനയിച്ച ആള്‍ വീണ്ടും വന്നു.“ഞാന്‍ ജയചന്ദ്രന്‍, മാഷെ മുമ്പ് വിളിച്ച് ബുദ്ധിമുട്ടിച്ചിരുന്നു - പൊന്മളക്കാരന്‍.ഇന്ന് ഇവിടെ വച്ച് ബ്ലോഗില്‍ ഹരിശ്രീ കുറിച്ചു.മാഷ് ഒന്ന് കയറി നോക്കണം.“

“ഓ...ഞാന്‍ കയറി ഇരുന്നോളാം..” അയാളുടെ തിരക്ക് കണ്ട് ഞാന്‍ പറഞ്ഞു.

“അതല്ല , എന്റെ ബ്ലോഗില്‍ ഒന്ന് കയറണം എന്നാ പറഞ്ഞത്...”

“ഓ...അത് ശരി...”

“മാഷേ , ഇതാ താക്കോല്‍....അവിടെ പൂട്ടിയിട്ട ഒരു റൂമും പൂട്ടാത്ത ഒരു റൂമും ഉണ്ട്.പെട്ടിയും മറ്റും അതില്‍ വച്ചോളൂ...” എന്‍.എസ്.എസ് ക്യാമ്പില്‍ നിന്നും നേരിട്ട് മീറ്റിലേക്കെത്തിയ എന്റെ കയ്യിലെ വലിയ പെട്ടിയില്‍ കാര്യപ്പെട്ട എന്തോ ഉണ്ട് എന്ന ധാരണയില്‍ പൊന്മളക്കാരന്‍ പറഞ്ഞു.അതില്‍ കുമാരന്റെ ‘ലങ്കോട്ടി മുക്കിലെ‘ ആ ‘സാധനം’ , അതും അലക്കാത്തത് ആണ് ഉള്ളത് എന്ന് അത് തുറക്കുന്നവര്‍ക്കല്ലേ അറിയൂ.

“അല്ലെങ്കില്‍ താക്കോല്‍ ഞാന്‍ തന്നെ വയ്ക്കാം , മാഷ് ആ സാധനങ്ങള്‍ തുറന്നിട്ട റൂമില്‍ വച്ചോളൂ...” രാഷ്ട്രീയക്കാരെക്കാളും വേഗത്തില്‍ പൊന്മളക്കാരന്‍ വാക്ക് മാറിയപ്പോള്‍ പെട്ടിക്കകത്തെ ‘സാധനം’ പൊന്മളക്കാരന് പിടി കിട്ടിയോ എന്ന് സംശയമായി.ഏതായാലും പെട്ടി ഇറക്കാന്‍ കിട്ടിയ അത്താണിയില്‍ ഞാന്‍ അത് ഇറക്കി വയ്ക്കാന്‍ അങോട്ട് തിരിച്ചു.

“മാഷേ...” ഒരു തൂണിന്റെ മറവില്‍ നിന്നും പരിചിതമായ ശബ്ദം.ഞാന്‍ അങ്ങോട്ട് നോക്കി, അതാ തൂണില്‍ ചാരി ഒരു പോഴന്‍ അല്ല വാഴക്കോടന്‍.

“അപ്പോ പഞ്ചകര്‍മ്മം കഴിഞ്ഞ് നേരെ ഇങ്ങോട്ട് ചാടിയോ ?” ഞാന്‍ ചോദിച്ചു.

“മാഷ് ലക്ഷ്ദ്വീപില്‍ നിന്നല്ലേ വരവ് ..?” വാഴ എനിക്കിട്ടും താങ്ങി.പിന്നെ ഞങ്ങള്‍ മൂന്ന് മണിക്കൂര്‍ ചര്‍ച്ച ചെയ്യേണ്ട പല കാര്യങ്ങളും മൂന്ന് മിനുട്ട് കൊണ്ട് സംസാരിച്ച് തീര്‍ത്തു.(ഒന്നും ല്ല, മൂന്ന് മണിക്കൂ‍ര്‍ നീളമുള്ള ഒരു സിനിമാക്കഥ എഴുതാന്‍ വാഴ ഉദ്ദേശിച്ചിരുന്നു.അതെന്തായി എന്ന് ഞാന്‍ ചോദിച്ചു, അത് തല്‍ക്കാലം മാറ്റി വച്ചു എന്ന് വാഴ.അതോടെ മൂന്ന് മണിക്കൂര്‍ സംഭവം മൂന്ന് മിനുട്ടില്‍ ഒതുങ്ങി)

പിന്നെ എപ്പോഴാണ് എന്നറിയില്ല ഒരു പയ്യന്‍ എന്റെ നേരെ വന്നു “മാഷെ” എന്ന് വിളിച്ച് കൈ നീട്ടി പറഞ്ഞു “ഞാന്‍ ഹാഷിം...”

“ങ്ങേ....കൂതറ ഹാഷിമോ?” എനിക്ക് അവന്റെ ആ അപ്പിയറന്‍സില്‍ എന്റെ മനസ്സിലുള്ള എല്ലാ ചിത്രങ്ങളിലും കറുത്ത പെയിന്റ് അടിക്കേണ്ടി വന്നു.കൂതറ എല്ലാ തറകളുടേയും ക്ഷേമം അന്വേഷിച്ച് നടക്കുന്നത് കണ്ടു.

പെട്ടി റൂമില്‍ വച്ച് ഞാന്‍ ഹാളിലേക്ക് നീങ്ങി.തലവേദന കാരണം ഞാന്‍ മക്കളൊടൊപ്പം പിന്നില്‍ ഒരു സീറ്റില്‍ ഇരുന്നു.
“മാഷെ അറിയോ?” അവിടേയും ഒരു കൈ എന്റെ നേരെ നീണ്ടു വന്നു.

അറിയില്ലെങ്കിലും മുഖത്ത് നോക്കി അതെങ്ങനെ പറയും എന്ന് ശങ്ക തോന്നിയതിനാല്‍ ഞാന്‍ മെല്ലെ അദ്ദേഹം കഴുത്തില്‍ കെട്ടിയ ടാഗിലേക്ക് നോക്കി.എന്നെ പറ്റിച്ചുകൊണ്ട് അത് മറിഞ്ഞ് കിടക്കുകയായിരുന്നു.(പലരുടേയും ടാഗ് മറിഞ്ഞ് കിടക്കുകയായിരുന്നു.ഇതിന് പിന്നില്‍ സംഘാടകരുടെ അട്ടിമറി ഉണ്ടെന്ന് സംശയിക്കുന്നു)

“ഞാ‍ന്‍ ഹംസ...”

“ഓ...” പിന്നെ ഞങ്ങള്‍ ആഗോള വല്‍ക്കരണവും ബ്ലോഗ്മീറ്റും തമ്മിലുള്ള ബന്ധം കൂലങ്കുഷമായി ചര്‍ച്ച ചെയ്തു.

അപ്പോള്‍ സ്റ്റേജില്‍ പലരും സ്വയം പരിചയപ്പെടുത്തി കൊണ്ടിരിക്കുകയായിരുന്നു.മൈക്കും പിടിച്ച് ആളെ കുപ്പിയിലാക്കുന്നത് ശരീഫ് കൊട്ടരക്കര ആയിരുന്നു.പലരും ഒന്ന് പരിചയപ്പെടുത്താന്‍ പോലും വിസമ്മതിക്കുന്നത് ഞാന്‍ അല്‍ഭുതത്തോടെയാണ് കണ്ടത്.ഹംസ പറഞ്ഞതും ശരീഫ്‌ക്ക ഉദ്ദേശിച്ചതും ഞാന്‍ ആയതിനാല്‍ അടുത്തതായി മക്കളേയും കൊണ്ട് ഞാന്‍ സ്റ്റേജിലേക്ക് നീങ്ങി.

‘ആരപ്പാ...ഈ കുട്ട്യേളെയും കൊണ്ട് സ്റ്റേജിലേക്ക്‘ എന്ന് ആരും ശങ്കിക്കുന്നതിന് മുമ്പ് ഞാന്‍ മൈക്ക് പിടിച്ചു വാങ്ങി പറഞ്ഞു.

“ഞാന്‍ ആബിദ് എന്ന അരീക്കോടന്‍.മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍ എന്ന ബ്ലോഗ് എഴുതുന്നു.ഇത് എന്റെ മക്കള്‍.ഒരാള്‍ ബ്ലോഗറാണ്.മറ്റെയാള്‍ ഈ രംഗത്തേക്ക് വരാന്‍ പോകുന്നു.മകള്‍ സ്വയം പരിചയപ്പെടുത്തും.” മൈക്ക് മൂത്ത മോള്‍ക്ക് കൈമാറി ഞാന്‍ പറഞ്ഞു.

“ഞാന്‍ ഐഷ നൌറ.എന്റെ കുത്തിവരകള്‍ എന്ന ബ്ലോഗ് ചെയ്യുന്നു.” അവളും പരിചയപ്പെടുത്തിക്കഴിഞ്ഞപ്പോള്‍ ഞാന്‍ സ്റ്റേജ് ഒഴിഞ്ഞു കൊടുത്തു.പുറത്തെത്തിയതും ഒരാള്‍ എന്നെ സമീപിച്ചു.

“ഞാന്‍ കേരളകൌമുദിയില്‍ നിന്നാണ്.മോളുടെ പേരെന്താണ്?” മോളുടെ നേരെ തിരിഞ്ഞ് അയാള്‍ ചോദിച്ചു.

“ഐഷ നൌറ“

“വയസ്സ് ?”

“12”

“ബ്ലോഗിന്റെ പേര്?”

“എന്റെ കുത്തിവരകള്‍“

‘ഇതെന്താ കുമ്പളം നില്‍ക്കുമ്പോള്‍ കടുകിനെ ഇന്റര്‍വ്യൂ ചെയ്യുന്നത്’ എന്ന് മനസ്സില്‍ കരുതിയപ്പോഴേക്കും അദ്ദേഹം എന്റെ നേരെ തിരിഞ്ഞു.

“നിങ്ങളുടെ പേര്?”

“ആബിദ് , അരീക്കോടന്‍ എന്ന പേരില്‍ എഴുതുന്നു.കോഴിക്കോട് ഗവ:എഞ്ചിനീയറിം കോളേജില്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമ്മര്‍ ആയി ജോലി ചെയ്യുന്നു..” അയാള്‍ ചോദിക്കുന്നതിന് മുമ്പ് തന്നെ എല്ലാം ഞാന്‍ പറഞ്ഞു.

“വയസ്സ്...?”

“എന്റെ കഷണ്ടി കണ്ട് വലിയ വയസ്സനാന്ന് കരുതിയോ...എനിക്ക് വെറും 39 വയസ്സ് മാത്രം...!!1”

“ഓ.കെ താങ്ക്സ്...”

പിറ്റേന്ന് കേരള കൌമുദി ഒരു നോക്ക് കാണാന്‍ ശ്രമിച്ചെങ്കിലും എനിക്ക് കിട്ടിയില്ല.പക്ഷേ ഇവിടെ അതിന്റെ കോപ്പി കണ്ടപ്പോള്‍ ശരിക്കും തരിച്ചു പോയി.മീറ്റിലെ കുട്ടി ബ്ലോഗര്‍ എന്ന തലക്കെട്ടില്‍ ഞാനും മോളും പരിചയപ്പെടുത്തുന്ന ഫോട്ടൊ!

(തുടരും)

Monday, April 18, 2011

തുഞ്ചന്‍ പറമ്പിലെ വിശേഷങ്ങള്‍

‘അ അ ആ‍....ഇത് എത്താപ്പോ കത?’ എന്നാണ് ഇന്നലെ മീറ്റ് കഴിഞ്ഞ് വീട്ടില്‍ വന്നപ്പോള്‍ ആദ്യം തോന്നിയത്.ഇന്ന് രാവിലേയും അതേ തോന്നല്‍ തന്നെ.ആളെ പെട്ടീലാക്കുന്ന ആ കുന്ത്രാണ്ടവും തൂക്കി നടന്ന ഒരൊറ്റ ബ്ലോഗറും തുഞ്ചന്‍പറമ്പില്‍ നിന്ന് സ്വന്തം പൊരേല്‍ എത്തീട്ടില്ലേ? മീറ്റിന്റെ ഫോട്ടോ ഒന്ന് രണ്ടെണ്ണം മാത്രം കാണുന്നു.ചിന്തിച്ച് ചിന്തിച്ച് ചിന്തയില്‍ കയറി, അവിടെ ഇല്ല.വിന്‍ഡോസിലൂടെ ജാലകത്തിലും കയറി , അവിടേം ഇല്ല.പിന്നെ മൊത്തം പോസ്റ്റും കൊട്ടോട്ടി കൊട്ടയിലാക്കി കൊണ്ടുപോയോ എന്ന് കരുതി അദ്ദേഹത്തേയും വിളിച്ചു, അവിടേം ഇല്ല? ഛെ, എന്റെ അടുത്ത് ഒരു ക്യാമറ ഇല്ലാത്തതിന്റെ നഷ്ടം ബൂലോകത്തിന് ഇപ്പോഴെങ്കിലും മനസ്സിലായിക്കാണും.

ഇന്നലെ രാവിലെ വരെ നീണ്ട കോളേജിലെ ഒരു സ്പെഷല്‍ എന്‍.എസ്.എസ് ക്യാമ്പിന്റെ ക്യാമ്പ്ഫയറും കഴിഞ്ഞ് മക്കളേയും കൂട്ടി നേരെ തിരൂരിലേക്ക് വണ്ടി കയറി.തലേ ദിവസം ആകെ രണ്ട് മണിക്കൂര്‍ മാത്രം ഉറങ്ങിയതിനാല്‍ നല്ല ‘തലക്കനം’ ഉണ്ടായിരുന്നു മീറ്റിന് എത്തുമ്പോള്‍.അതിനാല്‍ തന്നെ മിക്കവരേയും പരിചയപ്പെടാന്‍ സാധിച്ചില്ല എന്ന ദുഖ:സത്യം ഇപ്പോള്‍ വ്യസനമുണ്ടാക്കുന്നു.എന്നാലും ചെറായി മീറ്റില്‍ പങ്കെടുത്ത ചിലരെങ്കിലും ഉണ്ടായിരുന്നത് സൌഹൃദം പുതുക്കാന്‍ അവസരമൊരുക്കി.

(എന്റെ കമന്റ്പെട്ടിയില്‍ പ്രൊഫൈല്‍ ഫോട്ടോ ഞാന്‍ നിരോധിച്ചതിനാല്‍ സ്ഥിരം കമന്റ് ചെയ്യുന്നവരുടെ മുഖം പോലും എനിക്കറിയില്ലായിരുന്നു.മീറ്റില്‍ വന്ന പലരും ‘അരീക്കോടന്‍ മാഷെ’ എന്ന് എന്റെ തിളങ്ങുന്ന കഷണ്ടി കണ്ട് അഭിസംബോധന ചെയ്തപ്പോള്‍, എന്നെ രക്ഷിച്ച എന്റെ കഷണ്ടിയെ ഞാന്‍ മനസാ നമിച്ചു.ഗള്‍ഫ് ഗേറ്റ്കാര്‍ എന്നെ വിടാതെ പിന്തുടര്‍ന്നെങ്കിലും (ഫ്രീ ഓഫര്‍ വരെ തന്നു - അവരുടെ ഏതോ ഓഫീസ് സന്ദര്‍ശിക്കാന്‍ )ഞാന്‍ അതില്‍ നിന്ന് കുതറി മാറിയതില്‍ എന്റെ കഷണ്ടിയും ഞാനും ഇന്ന് അഭിമാനിക്കുന്നു.)

മീറ്റില്‍ വികിപീഡിയയില്‍ എഴുതുന്നതിനെക്കുറിച്ച് ഹബീബ് എടുത്ത ക്ലാസ്സ് എനിക്ക് വളരെ ഇഷ്ടപ്പെട്ടു.ഇത്രയും എളുപ്പമുള്ള ഒരു സാമൂഹ്യപ്രവര്‍ത്തനം ഇതുവരെ നടത്താത്തതില്‍ എനിക്ക് വിഷമം തോന്നി.ബ്ലോഗിങ്ങിനെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്ന രൂപത്തില്‍ ഓരോ സംഗതിയും പറഞ്ഞുകൊണ്ടുള്ള വി.കെ അബ്ദു സാഹിബിന്റെ ക്ലാസും ഈ ബൂലോകത്തേക്ക് കടന്നു വരാന്‍ താല്പര്യമുള്ളവര്‍ക്ക് ഉപകാരപ്രദമായിരുന്നു.

എന്റെ രണ്ട് മക്കളേയും കൂട്ടി ആയിരുന്നു ഞാന്‍ മീറ്റിനെത്തിയത്.ഐഷ നൌറ എന്ന മൂത്തമകളുടെ ബ്ലോഗര്‍ എന്ന നിലയിലുള്ള ആദ്യത്തെ മീറ്റ് ആയിരുന്നു ഇത്.ഇന്നത്തെ മനോരമ പത്രത്തില്‍ അവളുടെ പേരും കാണുന്നതില്‍ അവള്‍ അഭിമാനം കൊള്ളുന്നു.

പുലിവാല്‍: ഇന്നലെ എട്ടുമണിയോടെ വീട്ടിലെത്തിയ ഞാന്‍ ആദ്യം കയറിയത് മീറ്റിന്റെ പടങ്ങള്‍ കാണാന് നെറ്റില്‍.‍256 കെ.ബി.പി.എസ് വേഗതയില്‍ വന്നു കൊണ്ടിരുന്ന അതിനെ കടത്തിവെട്ടി 2 എം.ബി.പി.എസ് വേഗതയില്‍ മറ്റൊരു സാധനം വരുന്നതായി എനിക്ക് പെട്ടെന്ന് ഒരു ഉള്‍വിളി !എന്‍.എസ്.എസ് ക്യാമ്പില്‍ തലേന്ന് രാത്രി കഴിച്ചതോ അതോ തുഞ്ചന്‍ പറമ്പില്‍ ഉച്ചക്ക് കഴിച്ചതോ എന്ന് ഒരു ഡി.എന്‍.എ ടെസ്റ്റ് നടത്തേണ്ടിയിരിക്കുന്നു.

Thursday, April 14, 2011

കണ്ണ് തുറപ്പിച്ച അന്ധന്‍

ഇലക്ഷന്റെ തലേ ദിവസം ഞാന്‍ കോളേജില്‍ നിന്നും വീട്ടിലേക്ക് മടങ്ങുന്നതിന്റെ തൊട്ടു മുമ്പായി ഭാര്യ വിളിച്ചു.
“എളുപ്പം മുറിക്കാന്‍ പറ്റുന്ന മീന്‍ എന്തെങ്കിലും കിട്ടുമെങ്കില്‍ കൊണ്ടുവരണം...” അല്ലെങ്കിലും ഇത്തരം നേരങ്ങളില്‍ അത്തരം ഫോണുകള്‍ അറ്റെന്റ് ചെയ്യാതിരിക്കുന്നതാണ് ഭൂഷണം.

ഏതായാലും കോളേജില്‍ നിന്ന് അല്പം നേരത്തെ ഇറങ്ങിയതിനാല്‍ ഞാന്‍ കോഴിക്കോട് നഗരസഭാ മാര്‍ക്കറ്റില്‍ തന്നെ പോയി നോക്കാം എന്ന് കരുതി.പക്ഷേ എളുപ്പം മുറിക്കാന്‍ പോയിട്ട് ഒന്നും മുറിക്കാനില്ലാത്ത കല്ലുമ്മക്കായയും അല്പം പഴയ മീനും മാത്രമേ അന്ന് ഉണ്ടായിരുന്നുള്ളൂ.അവയൊന്നും വാങ്ങാതെ ഞാന്‍ തിരിച്ച് സ്റ്റാന്റിലേക്ക് തന്നെ നടന്നു.

വഴിയില്‍ അന്ധനായ ഒരാള്‍ തപ്പിത്തടഞ്ഞ് നടക്കുന്നത് എന്റെ ശ്രദ്ധയില്‍ പെട്ടു.മാതൃഭൂമി ജങ്ക്ഷനും അതു കഴിഞ്ഞ് റെയില്‍വേ ലെവല്‍ ക്രോസ്സും (രണ്ടാം ഗേറ്റ്) അത് കഴിഞ്ഞ് വീണ്ടും ജങ്ക്ഷനും മറികടക്കാന്‍ അയാള്‍ക്ക് ഏറെ ബുദ്ധിമുട്ടേണ്ടി വരും എന്ന് എന്റെ മനസ്സ് പറഞ്ഞു.പക്ഷേ ആദ്യത്തെ ജങ്ക്ഷന്‍ അദ്ദേഹം അനായാസം മറികടന്നു.ഇനി റെയില്‍വേ ലെവല്‍ ക്രോസ് മറികടക്കണം.അയാളെ സഹായിക്കാനായി ഞാന്‍ തീരുമാനിച്ചു.അയാളുടെ അടുത്തെത്താന്‍ ഞാന്‍ ശ്രമിക്കുമ്പോഴേക്കും ആളെ കാണാതായി!

സംഭവിച്ചത് മറ്റൊന്നായിരുന്നു.ഞൊടിയിടയില്‍ ഒരു പയ്യന്‍ അയാളുടെ കൈ പിടിച്ച് റെയില്‍വേ ലെവല്‍ ക്രോസ് കടത്തി അപ്പുറത്തെ ജങ്ക്ഷനും കടത്തി വിട്ടു.ഓയിറ്റി റോഡില്‍ വീണ്ടും അയാള്‍ തപ്പിത്തടയുന്നത് കണ്ടപ്പോള്‍ എനിക്ക് ചെറിയൊരു ശങ്ക - അയാള്‍ക്ക് പോകേണ്ടത്ത് എവിടേക്കാണ് എന്ന് ചോദിക്കണൊ വേണ്ടയോ?അവസാനം എന്റെ ഉള്ളിലെ നല്ല മനസ്സ് തന്നെ വിജയിച്ചു.

“അസ്സലാമുഅലൈക്കും”

“വലൈകുമുസ്സലാം...”

“നിങ്ങള്‍ക്ക് എങോട്ടാ പോകേണ്ടത്?”

“പള്ളിയിലേക്ക്...”

“പള്ളി...???” എസ്.എം സ്ട്രീറ്റിലെ ഓയിറ്റി റോഡില്‍ ഒരു പള്ളി ഉള്ളത് എനിക്കറിയാമെങ്കിലും കൃത്യമായി ഏതിലൂടെ അങ്ങോട്ട് എത്താം എന്ന് എനിക്കറിയില്ലായിരുന്നു.അതിനാല്‍ ആദ്യം കണ്ട ബില്‍ഡിംഗ് ഗ്യാപിലൂടെ കയറി, അവിടെ നിന്ന ഒരാളോട്‌ ഞാന്‍ ചോദിച്ചു “ ഇവിടെ പള്ളി എവിടെയാ...?”

“അതെനിക്കറിയാം...ഇതാ ഈ വഴി അല്പം കൂടി മുന്നോട്ട് നടന്നാല്‍ മതി!...” മുന്നില്‍ ഇടത്തോട്ട് തിരിയുന്ന വഴിയിലേക്ക് ചൂണ്ടിക്കൊണ്ട് ഞാന്‍ കൈ പിടിച്ച് നടത്തുന്ന അന്ധന്‍ പറഞ്ഞപ്പോള്‍ എനിക്കത് വിശ്വസിക്കാന്‍ കഴിഞ്ഞില്ല.ഞാന്‍ അദ്ദേഹത്തേയും കൊണ്ട് ആ വഴി നടന്നു.എന്നും കടന്നു പോകുന്ന വഴി ആയതിനാല്‍ കൃത്യമായി എവിടെ തിരിയണം എന്ന് വരെ അവര്‍ മനസ്സില്‍ കുറിച്ചിട്ടിരിക്കുന്ന വിവരം ഞാന്‍ ആദ്യമായി അറിഞ്ഞു.

പള്ളിയുടെ മുമ്പിലെത്തിയപ്പോഴേക്കും അദ്ദേഹം ചോദിച്ചു “നിങ്ങളുടെ പേരെന്താ..?”

“ആബിദ്...”

“ഓ...ജസാകല്ലാഹു ഹൈറന്‍ (അല്ലാഹു നിങ്ങള്‍ക്ക് നല്ലതു വരുത്തട്ടെ...)....എന്താ ഹിന്ദി അറിയില്ലേ?”

“മാലും ഹേ...”

“തൊ ക്യോം നഹീം ബോല്‍തേ ഹോ...?”

“കേരള മേം, മൈം കിസി സേ ഹിന്ദി ബോലേഗ ?”

അദ്ദേഹവും ചിരിച്ചു...”മേര നാം അസദുല്ല...ആന്ദ്രവാല ഹും...യഹാം ചെറൂട്ടി റോഡ് മേം രഹ്ത ഹും...യെ മസ്ജിദ് മേം നമാസ് കര്‍നെ കൊ ആതാ ഹേ....”

ദിവസം അഞ്ചു നേരം ഇത്രയും തിരക്കേറിയ റോഡും റെയിലും കടന്ന് അയാള്‍ ആ പള്ളിയില്‍ ജമാ‌അത്ത് (സംഘമായി) നമസ്കാരത്തിന് എത്തുന്നു.ഒരു കുഴപ്പവുമില്ലാത്ത ഞാന്‍ എത്ര നമസ്കാരങ്ങള്‍ പള്ളിയില്‍ പോയി സംഘമായി നിര്‍വ്വഹിക്കുന്നു? ദൈവം വെറുതെ നല്‍കിയ അനുഗ്രഹങ്ങള്‍ക്ക് നന്ദി കാണിക്കാന്‍ ഞാന്‍ എത്ര പിന്നില്‍ നില്‍ക്കുന്നു?? നിങ്ങളോ ???

Monday, April 11, 2011

തെരഞ്ഞെടുപ്പ് പോസ്റ്റുകള്‍

കേരളം വീണ്ടും തെരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് എത്തിയിട്ട് ദിവസങ്ങളായി.പക്ഷേ ഓരോ ഇലക്ഷന് പിന്നിലും ഒരു കൂട്ടം ഉദ്യോഗസ്ഥരുടെ കാണാക്കണ്ണീര്‍ ഉണ്ടെന്നുള്ള വിവരം നമ്മില്‍ എത്ര പേര്‍ക്കറിയാം?പതിവ് പോലെ നിയമ സ്ഭാ ഇലക്ഷന്‍ ഡ്യൂട്ടിക്ക് എന്നെ കൊള്ളില്ല എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചതിനാല്‍ ഇത്തവണ എനിക്ക് ഡ്യൂട്ടി ഇല്ല.പക്ഷേ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള എന്റെ ചില പോസ്റ്റുകള്‍ ഈ അവസരത്തില്‍ ഇവിടെ വീണ്ടും പങ്കു വയ്ക്കട്ടെ. വായിക്കുക , അനുഭവിക്കുക.


എറമുള്ളാന്റെ തിരിച്ച്(എ)റിയല്‍ കാര്‍ഡ്.


ആത്മാക്കള്‍ വോട്ട് ചെയ്യുന്ന സ്ഥലം..!!!


"ഒരു പ്രിസൈഡിംഗ് ഓഫീസറുടെ തെരഞെടുപ്പ് അനുഭവങ്ങള്‍"ഒരു പ്രിസൈഡിംഗ് ഓഫീസറുടെ അനുഭവങ്ങള്‍പെട്ടിയിലടച്ച ജനാധിപത്യ ഭൂതം

ഇനിയും ഉണ്ടോ എന്നറിയില്ല.ഉണ്ടെങ്കില്‍ അടുത്ത ഇലക്ഷന് പോസ്റ്റാം.

Thursday, April 07, 2011

ദൈവത്തിന്റെ നിശ്ചയങ്ങള്‍ !

ഇന്നലെ കോഴിക്കോട് സോണിയ ഗാന്ധി വരുന്ന ദിവസമായിരുന്നു.കോഴിക്കോട് വരുന്ന വി.വി.ഐ.പി കളുടെ ഹെലികോപ്ടര്‍ എന്റെ കോളേജിന്റെ സമീപത്തുള്ള വെസ്റ്റ്‌ഹില്‍ വിക്രം മൈതാനിയില്‍ മാത്രമേ ഇറങ്ങൂ. ഉച്ചക്ക് ളുഹര്‍ നമസ്കരിക്കാന്‍ പോയപ്പോള്‍ തന്നെ റോഡ് പോലീസ് വലയത്തില്‍ ആയിരുന്നു.വാഹനങ്ങള്‍ ഒന്നും തന്നെ റോഡിലൂടെ കടത്തി വിട്ടിരുന്നില്ല.കാല്‍ നടയാത്രക്കാരും കുറവായിരുന്നു.

ഏകദേശം രണ്ട് മണിയോടെ ഹെലികോ‌പ്ടറിന്റെ ഇരമ്പം കേട്ടു.തലേ ദിവസം സുഷമ സ്വരാജ് വന്നപ്പോള്‍ ഇതിലും വലിയ ഇരമ്പല്‍ ആയിരുന്നല്ലോ എന്ന് വെറുതെ തോന്നി.ഏതായാലും ഡെല്‍ഹിയില്‍ നിന്നുള്ള രണ്ട് സ്ത്രീകളും കേരള ജനതയെ ഇളക്കിമറിച്ച് പെട്ടെന്ന് സ്ഥലം വിട്ട് പൊതുജനത്തിന്റെ ബുദ്ധിമുട്ട് കുറക്കും എന്ന് ഞാന്‍ പ്രതീക്ഷിച്ചു.

വൈകിട്ട് നാലരക്ക് കമ്പ്യൂട്ടര്‍ ലാബ് അടച്ച് ഞാന്‍ ധൃതിയില്‍ ബസ്റ്റോപ്പിലേക്ക് ഓടുമ്പോള്‍ കോളേജ് മുറ്റത്ത് നിന്നിരുന്ന അബൂബക്കര്‍ മാഷ് എന്നോട് പറഞ്ഞു “അങോട്ട് പോയിട്ട് കാര്യമില്ല.വാഹനങ്ങള്‍ ഒന്നും ഇതുവഴി വിടുന്നില്ല.എല്ലാം ബൈപാസ് വഴിയാണ്.ഞാന്‍ ശിവദാസന്‍ മാഷെ വിളിച്ചു നോക്കട്ടെ....”

അബൂബക്കര്‍ മാഷ് ശിവദാസന്‍ മാഷെ വിളിച്ചുനോക്കിയെങ്കിലും മറുപടി കിട്ടാതെ നിരാശനായി നിന്നു.
“ഒരു കാര്യം ചെയ്യാം, നമുക്ക് കാരപ്പറമ്പിലേക്ക് നടക്കാം...” ഞാന്‍ പറഞ്ഞു.

“അത് കുറേ ദൂരെയല്ലേ? അങ്ങോട്ട് എത്തിയിട്ട് അവിടെ നിന്ന് ബസ് കിട്ടോ?”

“ആ റോഡ് ബ്ലോക്ക് ചെയ്യാന്‍ സാധ്യതയില്ല “

“ഞാന്‍ ഒന്ന് കൂടി ശിവദാസന്‍ മാഷെ വിളിച്ചു നോക്കട്ടെ....”

വീണ്ടും ശിവദാസന്‍ മാഷെ വിളിച്ചു നോക്കിയെങ്കിലും മറുപടി ഇല്ലായിരുന്നു.

“അല്ല...ബൈപാ‍സ് വഴി ബസ് വരുന്നുണ്ടല്ലോ...നമുക്ക് ഈസ്‌റ്റ്‌ഹില്ലിലേക്ക് നടക്കാം.ഞങ്ങള്‍ വീട് നിര്‍മ്മാണത്തിനായി എന്നും നടന്നു പോകുന്ന വഴിയാണ്.അത്ര അധികം ദൂരമില്ല...” ഞാന്‍ പറഞ്ഞു.

“ഈസ്റ്റ്‌ഹില്‍ എങ്കില്‍ ഈസ്റ്റ്‌ഹില്‍....നടക്കുക തന്നെ...”

അങ്ങനെ ഞങ്ങള്‍ സോണിയ ഗാന്ധിയെപ്പോലുള്ള വി.വി.ഐ.പി കളുടെ സന്ദര്‍ശനവും ജനങ്ങളുടെ ബുദ്ധിമുട്ടും ചര്‍ച്ച ചെയ്ത് ഈസ്‌റ്റ്‌ഹില്ലില്‍ എത്തി.റോഡ് മുറിച്ചുകടക്കാന്‍ അല്പം വൈകിയതിനാല്‍ ഒരു കൂട്ടം ബസ്സുകള്‍ ഒന്നിച്ച് കടന്നു പോയി.പിന്നീട് കുറച്ചധികം സമയം ഞങ്ങള്‍ക്ക് അവിടെ നില്‍ക്കേണ്ടി വന്നു.

“നമ്മള്‍ അല്പം വൈകി...ഇല്ലെങ്കില്‍ ആ ബസ് കിട്ടുമായിരുന്നു...” പോയ ബസിനെക്കുറിച്ച് അബൂബക്കര്‍ മാഷ് പറഞ്ഞു.ഞാന്‍ അടുത്ത ബസിനെ പ്രതീക്ഷയോടെ കാത്തിരുന്നു , ഒപ്പം ആരെങ്കിലും വണ്ടി നിര്‍ത്തി ഒരു ലിഫ്റ്റ് തരും എന്ന വൃഥാ ചിന്തയും പേറി.

അല്പം സമയം കഴിഞ്ഞ് ഞങ്ങളുടെ പിന്നില്‍ നിന്നും അല്പം അകലെ നിന്ന് ഒരാള്‍ അബൂബക്കര്‍ മാഷെ വിളിക്കുന്നതായി എനിക്ക് തോന്നി.ഞാന്‍ തിരിഞ്ഞ് നോക്കിയപ്പോള്‍ അയാള്‍ എന്നോട് ആംഗ്യം കാണിച്ചു.മാഷെ ഏതെങ്കിലും പരിചയക്കാരന്‍ ലോഹ്യം പറയാന്‍ ആയിരിക്കും എന്ന് കരുതി ഞാന്‍ അബൂബക്കര്‍ മാഷെ വിവരം ധരിപ്പിച്ചു.

“എങ്ങോട്ടാ...?” അയാള്‍ ചോദിച്ചു.

“സാറെ വാ...അത് എന്റെ മൂത്താപ്പയുടെ മകനാ...” അബൂബക്കര്‍ മാഷ് എന്നെ വിളിച്ചു.

“ബൈക്ക് അല്ലേ...ഒരാള്‍ക്കല്ലേ പോകാന്‍ പറ്റൂ...”

“അവന് ബൈക്ക് ഓടിക്കാന്‍ അറിയില്ല.വേറെ എന്തെങ്കിലും ആയിരിക്കും...” അബൂബക്കര്‍ മാഷ് പറഞ്ഞു.

അബൂബക്കര്‍ മാഷ് പറഞ്ഞതുപോലെ ഒരു ഓമ്‌നി വാന്‍ ആയിരുന്നു വാഹനം.എന്റെ വീടിന്റെ രണ്ട് കിലോമീറ്റര്‍ ഇപ്പുറം വരെ സുഖമായി ഞാന്‍ അതില്‍ എത്തി.അതും എന്നും എത്തുന്നതിന്റെ 15 മിനുട്ട് മുമ്പ്!സോണിയ ഗാന്ധിയുടെ വരവ് കാരണം കോഴിക്കോട് പട്ടണത്തില്‍ പല സ്ഥലത്തും റോഡ് ബ്ലോക്ക് ആയതിനാല്‍, പോകേണ്ട വഴിയെപ്പറ്റി ധാരണ ഇല്ലാതിരുന്ന അവര്‍ക്ക് ഒരു വഴികാട്ടി ആകാനും എനിക്ക് ഭാഗ്യം ലഭിച്ചു.ദൈവത്തിന്റെ ഓരൊ നിശ്ചയങ്ങള്‍ !!!

(പണ്ട് പോസ്റ്റിയ അതേ വാല്‍ ഒന്നു കൂടി പോസ്റ്റട്ടെ)
വാല്‍: നിങ്ങള്‍ ചെയ്യുന്ന സുകൃതത്തിന്റെ പ്രതിഫലങ്ങള്‍ ഈ ഭൂമിയില്‍ വച്ച് തന്നെ നിങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കും

Monday, April 04, 2011

ഓപ്പറേഷന്‍ മദാമ്മ - (ലക്ഷദ്വീപ് യാത്ര - ഭാഗം 6)

കഥ ഇതുവരെ

“എന്താ? എന്തു പറ്റി ചുമരില്‍ കോട്ടി അടിച്ചപോലെ ഇങ്ങോട്ട് തന്നെ പോരാന്‍?” ആന്റണി കാര്യം തിരക്കി.

“അത്...ഞാന്‍ അവിടെ എത്തിയതും അവര്‍ സ്ഥലം മാറി...”

“ഓ...നിന്റെ ഈ നിറവും കോലവും കണ്ടപ്പഴേ ഇതേതാ സൊമാലിയക്കാരന്‍ എന്ന് അവര്‍ ധരിച്ച് കാണും...ഇനി ഞാനൊന്ന് ട്രൈ ചെയ്യട്ടെ...” ആന്റണി മുടി ചീകി ഒതുക്കി കൂളിംഗ് ഗ്ലാസ് ഫിറ്റ് ചെയ്ത്, ശ്രീനിവാസന്‍ ഇത്തരം അവസരങ്ങളില്‍ ചെയ്യുന്ന പോലെ മദാമ്മകളെ ലക്ഷ്യമാക്കി നടന്നു.

“അവനും ഇപ്പോ കിട്ടും...നോക്കിക്കോ..” ആന്റണിയെ നോക്കി റെജു എന്നോട് പറഞ്ഞു.

“എന്ത് ...?” ഞാന്‍ ചോദിച്ചു.

“തെറി...അതും ചിരിച്ചുകൊണ്ടുള്ള ഫ്രീ തെറി...”

“എങ്കില്‍ വാ...നമുക്ക് മൂന്ന് പേര്‍ക്കും കൂടി ഒരുമിച്ച് കേള്‍ക്കാം...” റെജുവിനേയും കൂട്ടി ഞാനും മദാമ്മകളുടെ അടുത്തേക്ക് നീങ്ങി.വെണ്ണ കട്ട് തിന്നാനിറങ്ങിയ കണ്ണനെപ്പോലെ ആന്റണി പാത്തും പതുങ്ങിയും അവിടെ ചുറ്റിപ്പറ്റി നില്‍ക്കുകയായിരുന്നു.

“ആന്റണീ!!” പെട്ടെന്നുള്ള എന്റെ വിളി കേട്ട് ആന്റണി ഞെട്ടിത്തിരിഞ്ഞു.

“ഏയ്...ഞെട്ടണ്ട...‘ഓപ്പറേഷന്‍ മദാമ്മ‘ ഇനി നമ്മള്‍ ത്രീ മെന്‍ ആര്‍മി ചെയ്യും...റെഡി...വണ്‍....ടു...ത്രീ...ഗോ...” മദാമ്മയേക്കാളും തിളങ്ങുന്ന കഷണ്ടിയുമായി മദ്ധ്യത്തില്‍ ഞാനും, വെടി ഏറ്റാലും വിടാത്ത ശ്വാസവും ഉള്ളില്‍ പിടിച്ച് കൊണ്ട് ഇരുഭാഗത്തുമായി റെജുവും ആന്റണിയും അടങ്ങുന്ന ത്രീ ഇഡിയറ്റ്സ് മദാമ്മകളുടെ അടുത്തേക്ക് മന്ദം മന്ദം നീങ്ങി.

“സാര്‍...ഒപ്പം നിന്ന് ഒരു ഫോട്ടോ എങ്കിലും എടുക്കാന്‍ പറ്റിയാല്‍ മതി...” റെജു ശ്വാസം വിടാതെ തന്നെ പറഞ്ഞു.

“ങാ...നോക്കട്ടെ...”

മദാമ്മമാരുടെ അടുത്തെത്തിയപ്പോള്‍, റ്റു ഇഡിയറ്റ്സിനോട് സ്ലോ ആക്കാന്‍ ഞാന്‍ ആംഗ്യം കാട്ടി.ഞാന്‍ മദാമ്മമാരെ ഒന്നു വലം വച്ചു.എന്റെ പിന്നാലെ ആന്റണിയും റെജുവും അതാവര്‍ത്തിച്ചു.
“ഛെ! നിങ്ങളോടാരാ എന്റെ പിന്നാലെ കൂടാന്‍ പറഞ്ഞെ? അല്പം മാറി നില്‍ക്ക് ...ഞാന്‍ രംഗം ഒന്ന് നിരീക്ഷിക്കട്ടെ..”

“ഉം...ഉം...” വ്യംഗ്യമായി ചിരിച്ച് അവര്‍ അല്പം മാറി നിന്നു.

“ഹായ്...” ഞാന്‍ മദാമ്മമാരെ അഭിവാദ്യം ചെയ്തു.

“ഹലോ..” അവര്‍ പ്രത്യഭിവാദ്യം ചെയ്തപ്പോള്‍ ഓപ്പറേഷന്‍ മദാമ്മയുടെ ഹരിശ്രീ വിജയകരമായതായി റെജുവിന് നേരെ ഞാന്‍ ആംഗ്യം കാണിച്ചു.ഉടന്‍ ആന്റണിയും റെജുവും എന്റെ അടുത്തേക്ക് ഓടി എത്തി.

“യുവര്‍ ഗുഡ് നെയിം പ്ലീസ്...” ആദ്യത്തെ മദാമ്മയോട് എന്റെ ചോദ്യം നമ്പര്‍ വണ്‍.

“പോഡോ !!!” ചിരിച്ചുകൊണ്ട് അവര്‍ മറുപടി തന്നു.

“ങേ!” കാക്ക തൂറിയ ജഗദീശിനെപോലെ ഞാന്‍ ആന്റണിയെ നോക്കി.ആന്റണി മെല്ലെ മുഖം തിരിച്ചു.

“ഓ...കെ...ആന്റ് മാഡം യുവര്‍....” ഞാന്‍ അടുത്ത മദാമ്മയുടെ നേരെ ചോദ്യം നമ്പര്‍ രണ്ട് എറിഞ്ഞു.

“യൂ ഡോ(ഗ്)!!!” ആ മദാമ്മയും ചിരിച്ചുകൊണ്ട് മൊഴിഞ്ഞു.

“ഹെന്റുമ്മേ!!” ഞാന്‍ റെജുവിന്റെ മുഖത്തേക്ക് നോക്കി.

“ഞാനും ഇവരോട് പേര് മാത്രമേ ചോദിച്ചോള്ളൂ...എന്നോടും ഇത് തന്നെയാ പറഞ്ഞത്...” അണ്ടി പോയ ആരെയോ പോലെ നിന്ന റെജു പറഞ്ഞു

“ഓ...അപ്പോള്‍ അതവരുടെ പേര് തന്നെയാണ്.ഒരാള്‍ പോഡൊ...മറ്റേത് യുഡൊ...അല്ലാതെ നമ്മളെ ചീത്ത പറഞ്ഞതല്ല...ഇതാ ഇംഗ്ലീഷില്‍ അല്പം വിവരമില്ലെങ്കിലുള്ള കുഴപ്പം..” ഞാന്‍ കാര്യം വിശദീകരിച്ചപ്പോള്‍ ആന്റണിക്കും റെജുവിനും സമാധാനമായി.

“സാറെ...എങ്കില്‍ മറ്റേ കാര്യം...” റെജു എന്നോട് കണ്ണ് കൊണ്ട് ആംഗ്യം കാട്ടി പറഞ്ഞു.

“അത് രാത്രിയാവട്ടെടോ...”

“രാത്രി ക്ലിയറായി കാണത്തില്ല...”

“ഛെ...എന്ന് വച്ച് ഈ പട്ടാപകല് ആരെങ്കിലും ചെയ്യോ?”

“എന്നെ കാണണമെങ്കില്‍ പട്ടാപകല് തന്നെ ഫോട്ടോ എടുക്കണം...സാറ് അതൊന്ന് ചോദിക്ക്...” റെജു അല്പം ഉച്ചത്തില്‍ തന്നെ പറഞ്ഞു.

“ഓ...അതായിരുന്നോ...ദേ, ഇപ്പോ ശരിയാക്കിത്തരാം...” ഞാന്‍ വീണ്ടും മദാമ്മമാരുടെ നേരെ തിരിഞ്ഞു.

“ദീസ് പിള്ളേര്‍സ് വിഷ് ടു ടേക്ക് എ ഫോട്ടൊ വിത് യൂ...” ഞാന്‍ പറഞ്ഞു.എന്തോ മനസ്സിലായ പോലെ റെജു ഒരു പൊട്ടന്‍ ചിരി ചിരിച്ചു.

“ ഓ...വിത് അസ്...” അവര്‍ ആശ്ചര്യം കൊണ്ടു.

“യെസ്...”

“വൈ നോട്ട്..?”

“എന്താ സാറെ...നോട്ട് വേണംന്നോ..?എത്രയാ റേറ്റ് എന്ന് ചോദിക്ക്...” റെജുവിന് നില്‍ക്കപ്പൊറുതി ഇല്ലാതായി.

“നോട്ട് വേണംന്നല്ല പറഞ്ഞത്...സൂര്യന്‍ കടലില്‍ വീണാല്‍ പിന്നെ, നിന്നെ കാണാന്‍ നിന്റെ വായ തുറന്ന് പിടിക്കേണ്ടി വരും...വേഗം പോയി അടുത്ത് നില്‍ക്ക്...“

ആന്റണിയും റെജുവും മദാമ്മമാരുടെ കൂടെ നില്‍ക്കുന്ന ഫോട്ടോ ഞാന്‍ എടുത്തു.ജീവിതത്തിലാദ്യമായി പെണ്‍കുട്ടികളുടെ കൂടെ ഫോട്ടോ എടുത്ത നിര്‍വൃതിയുമായി ആന്റണിയും റെജുവും മദാമ്മമാര്‍ക്ക് ടാങ്ക്സും എനിക്ക് ഡാങ്ക്സും അടിച്ചു.


(തുടരും...”)

Friday, April 01, 2011

സത്യസന്ധനായ ഒരു യാചകന്‍.

കഴിഞ്ഞ ഒരു ദിവസം പതിവ് പോലെ ഞാന്‍ കോഴിക്കോട് നിന്നും തിരിച്ച് വീട്ടിലേക്ക് പോരാനായി ബസ്സില്‍ ഇരിക്കുകയായിരുന്നു.അന്നും എനിക്ക് കിട്ടിയത് ബസ്സിന്റെ ഏറ്റവും പിന്‍ഭാഗത്തെ, വാതിലിനടുത്തുള്ള സീറ്റ് ആയിരുന്നു.ബസ്സ് പോകാനായതിനാല്‍ ഞാന്‍ പുറത്തേക്ക് നോക്കി അങ്ങനെ ഇരുന്നു.

ഉടന്‍ ബസ്സിന്റെ ഇടത് വശത്ത് കൂടെ ഒരാള്‍ ഭിക്ഷ യാചിച്ചു കൊണ്ട് വരുന്നത് എന്റെ ശ്രദ്ധയില്‍ പെട്ടു.കഴുത്തില്‍ വലിയൊരു മുഴ തൂങ്ങിയാടുന്നു.അതിന്റെ ഭാരം കാരണമാണോ എന്നറിയില്ല അയാളുടെ മുഖത്തെ തൊലി വലിഞ്ഞ് പൊട്ടി പോകുമോ എന്ന രൂപത്തിലായി എനിക്ക് തോന്നി.അയാളുടെ കയ്യിലെ സ്റ്റീല്‍ പാത്രം, അയാള്‍ സീറ്റിന്റെ അറ്റത്തിരിക്കുന്ന ആള്‍ക്കാര്‍ക്ക് നേരെ നീട്ടുന്നുണ്ട്.യാത്രക്കാര്‍ അയാളുടെ ദയനീയ സ്ഥിതി മനസ്സിലാക്കി ചില്ലറത്തുട്ടുകള്‍ പാത്രത്തിലേക്ക് ഇട്ടു കൊണ്ടിരുന്നു.

അയാള്‍ ഉയര്‍ത്തുന്ന കൈ ഞാനും ശ്രദ്ധിച്ചു.ആ കയ്യിലും ഒരു മുഴ രൂപം പ്രാപിച്ചു വരുന്നു , അല്ലെങ്കില്‍ കഴുത്തിലെ മുഴയുടെ അത്രയും വലിപ്പമായിട്ടില്ല.ഉടന്‍ മറ്റേ കയ്യും ഒന്ന് നോക്കാന്‍ എന്റെ മനസ്സ് പറഞ്ഞു.എനിക്ക് തോന്നിയതുപോലെ ആ കയ്യിലും ഒരു മുഴ രൂപം പ്രാപിച്ചു വരുന്നു.പക്ഷേ അയാളുടെ കഴുത്തിലെ മുഴ കണ്ടപ്പോള്‍ തന്നെ ഞാനും ചെറിയ ഒരു സഹായം ആ പാത്രത്തില്‍ ഇടാനായി എടുത്ത് വച്ചിരുന്നു.അയാള്‍ എന്റെ നേരെ ആ പാത്രം ഉയര്‍ത്തിയപ്പോള്‍ ഞാന്‍ ആ സംഖ്യ അതില്‍ നിക്ഷേപിച്ചു.

അപ്പോഴാണ് ബസ്സിന്റെ ഡോറിന്റെ അടുത്ത് നിലത്തായി രണ്ട് ഒരു രൂപ തുട്ടുകള്‍ വീണ് കിടക്കുന്നത് ഈ പാവം ഭിക്ഷക്കാരന്‍ കണ്ടത്.അയാളത് എടുത്ത് പാത്രത്തില്‍ ഇടും എന്ന് ഞാന്‍ ഒരു നിമിഷം തെറ്റിദ്ധരിച്ചു.അയാള്‍ ആ നാണയങ്ങള്‍ കുനിഞെടുത്ത്, അവിടെ നിന്നുകൊണ്ട് ബസ്സിലേക്ക് ആളെ ക്ഷണിച്ചിരുന്ന ആളുടെ നേരെ നീട്ടി.

"ഇത് ആരുടേതാ ?” ബസ് ജീവനക്കാരന്‍ ചോദിച്ചു.

“അറിയില്ല, ഇവിടെ നിന്ന് കിട്ടിയതാ...” അയാള്‍ നിലത്തേക്ക് ചൂണ്ടിക്കൊണ്ട് പറഞ്ഞു.

ഒരു നിമിഷം ആലോചിച്ച ശേഷം ബസ് ജീവനക്കാരന്‍ അത് അയാളോട് തന്നെ എടുക്കാനായി താളം കാട്ടി.അയാള്‍ ഒരു പുഞ്ചിരിയോടെ അത് സ്വീകരിച്ചു.

നമ്മുടെ പണക്കാരായ മന്ത്രിമാരും മറ്റും എത്ര രൂപ അര്‍ഹതയില്ലാതെ സ്വന്തം കീശയിലാക്കുന്നു ? തനിക്ക് അര്‍ഹമല്ലാത്ത നാണയത്തുട്ടുകള്‍ തന്റെ പാത്രത്തിലേക്ക് ഇടാത്ത ആ യാചകന്റെ സത്യസന്ധതക്ക് മുന്നില്‍ ഞാന്‍ നമിച്ചുപോകുന്നു.

വാല്‍: Honesty is the best Policy.