Pages

Thursday, January 30, 2020

നടത്തം കൊണ്ടുള്ള ഗുണങ്ങള്‍

              വീടിന് ചുറ്റുമുള്ള എന്റെ കാല്‍ മണിക്കൂര്‍ നടത്തം ഒന്ന് വിപുലീകരിച്ച് നാടിന് ചുറ്റുമാക്കി അര മണിക്കൂറാക്കി ഉയര്‍ത്തിയത് ഞാന്‍ ഇവിടെ പറഞ്ഞിരുന്നു. പറയത്തക്ക ബുദ്ധിമുട്ടുകളില്ലാതെ നാടിന്റെ വിവിധ ദിശകളിലേക്ക് നടന്ന് ഞാന്‍ അത് ഒരു ശീലമാക്കി വളര്‍ത്തിക്കൊണ്ട് വരുമ്പോഴാണ് ഇന്നലെ ഒരു വീഡിയൊ വാട്‌സാപ് വഴി കിട്ടിയത്. നടത്തം കൊണ്ടുള്ള വിവിധ ഗുണങ്ങള്‍ ആയിരുന്നു അതിലെ വിഷയം. ഇത്രയേറെ ഗുണങ്ങളുള്ള നടത്തം നേരത്തെ തുടങ്ങാനുള്ള ബുദ്ധി എന്തുകൊണ്ട് നേരത്തെ തോന്നിയില്ല വിജയാ എന്ന് ഒരു ചോദ്യം മനസ്സില്‍ ഉദിച്ചതു കൊണ്ടാണ് ഇനിയും ആ ബുദ്ധി ഉദിക്കാത്തവർക്ക് വേണ്ടി ഈ പോസ്റ്റ് ഇടുന്നത്.

             ദിവസവും ചുരുങ്ങിയത് അര മണിക്കൂറെങ്കിലും നടക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്.നടത്തം കൊണ്ടുള്ള പ്രധാന ഗുണങ്ങള്‍ താഴെ പറയുന്നവയാണ്.

1. നടത്തം മനസ്സിനെയും തലച്ചോറിനെയും ഉദ്ദീപിപ്പിക്കും. തലച്ചോറിന്റെ ആസൂത്രണത്തെയും ഓർമ്മയുടെ ഭാഗത്തെയും ആണ് നടത്തം പ്രധാനമായും പരിപോഷിപ്പിക്കുന്നത്. അതിനാൽ അള്‍ഷിമേഴ്സ് , ഡിമന്‍ഷ്യ തുടങ്ങിയ രോഗങ്ങള്‍ വരാനുള്ള സാധ്യത നടത്തം എന്ന വ്യായാമം കുറക്കും.

2. കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കാന്‍ നടത്തം ഉപകരിക്കും എന്നത് പലര്‍ക്കും ഒരു പുതിയ അറിവായിരിക്കും. കണ്ണിന്റെ സ്ട്രെസ്സ് ഇല്ലാതാക്കി ഗ്ലുക്കോമക്കുള്ള സാധ്യത കുറക്കാന്‍ നടത്തം ഉപകരിക്കും.

3. പക്ഷാഘാതം പോലെയുള്ള അസുഖങ്ങള്‍ തടയാനും ഹൃദയത്തെ കൂടുതല്‍ ആരോഗ്യമുള്ളതാക്കാനും നടത്തം നല്ലതാണ്. രക്തചംക്രമണം സുഗമമാക്കി കൊളസ്ടോള്‍ കുറക്കാനും രക്ത സമ്മര്‍ദ്ദം ക്രമീകരിക്കാനും നടത്തം ഉപകരിക്കും.

4. ശരീര കലകളില്‍ കൂടുതല്‍ ഓക്സിജന്‍ എത്താന്‍ നടത്തം സഹായിക്കും. അതുവഴി നിരവധി വിഷവസ്തുക്കള്‍ ശരീരത്തില്‍ നിന്നും നീക്കം ചെയ്യാന്‍ സാധിക്കും. രോഗപ്രതിരോധ ശക്തി ഗണ്യമായി വർദ്ധിക്കാനും നടത്തം ഇടയാക്കുന്നു.

5. സ്ഥിരമായ നടത്തം രക്തത്തിലെ പഞ്ചസാരയുടെ അളവ് ബാലന്‍സ് ചെയ്ത് നിര്‍ത്തും.പാൻ‌ക്രിയാസിന്റെ ആരോഗ്യം നിലനിര്‍ത്തി പ്രമേഹ സാധ്യത ഇല്ലാതാക്കാനും ഉള്ളത് വരുതിയിൽ വരുത്താനും ഇതു വഴി സാധിക്കും.

6. ദഹനപ്രക്രിയയെ ത്വരിതപ്പെടുത്താന്‍ നടത്തം സഹായിക്കും. നടക്കുമ്പോൾ വൻ‌കുടൽ അടക്കമുള്ള ദഹനേന്ദ്ര വ്യവസ്ഥയിലെ ഭാഗങ്ങൾക്ക് സംഭവിക്കുന്ന ഇളക്കം ആണ് ദഹനം ത്വരിതപ്പെടുത്തുന്നതും കാൻസർ അടക്കമുള്ള രോഗങ്ങളെ തടയുന്നതും.

7. ദിവസവും 30 മിനുട്ട് നടക്കുന്ന സ്ത്രീകളിൽ സ്തനാർബുദവും അണ്ഠാശയാർബുദവും വരാനുള്ള സാധ്യത കുറവാണ്.

8. ശരീരഭാരവും പൊണ്ണത്തടിയും കുറക്കാൻ നടത്തം കൊണ്ട് കഴിയും. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലെ മസിലുകളെ ശക്തിപ്പെടുത്താനും കഴിയും.

9. അസ്ഥികളിലെയും സന്ധികളിലെയും വേദന കുറക്കാനും നടത്തം നല്ലതാണ്. താരതമ്യേന പ്രയാസ രഹിതമായ വ്യായാമം ആയതിനാൽ പുറം വേദന ഇല്ലാതാക്കാനും നടത്തം ഉപകരിക്കും.

10. മാനസിക സംഘര്‍ഷങ്ങള്‍ കുറക്കാനും നടത്തം സഹായിക്കും.എല്ലാതരം Mood Disorderകളും കുറക്കാൻ ദിവസവും അര മണിക്കൂർ നടന്നാൽ മതി. ആകാംക്ഷ , വിഷാദം പോലെയുള്ള മാനസിക വൈകല്യങ്ങൾ ഉള്ളവർക്ക് നടത്തം നല്ലതാണ്.  ചെറുപ്പകാലം മുതൽ നടത്തം ശീലമാക്കിയവർക്ക് വാർധക്യ കാലത്ത് ആരോഗ്യം കൂടും എന്ന് പഠനങ്ങൾ പറയുന്നു.

  • നീന്തലും സൈക്ലിംഗും ആണ് ഏറ്റവും നല്ല വ്യായാമങ്ങൾ എന്നായിരുന്നു നാളിതു വരെ ഞാൻ ധരിച്ചിരുന്നത്. നീന്താൻ ചുരുങ്ങിയത് ഒരു കുളവും സൈക്ലിംങ്ങിന് ഒരു സൈക്കിളും ആവശ്യമാണ്. എന്നാൽ നടത്തം ആരംഭിക്കാൻ മനസ്സിൽ ഒരു തീരുമാനം ഉണ്ടായാൽ മാത്രം മതി. അപ്പോൾ ചലോ....നമുക്ക് എന്നും അല്പ നേരം നടക്കാം, വിവിധ അനുഭവങ്ങൾ നേരിട്ടറിയാം.

Friday, January 24, 2020

ഒരു കവാത്തിന്റെ കഥ

             വ്യായാമം ചെയ്യാൻ പലരും എന്നെ ഉപദേശിക്കാൻ തുടങ്ങിയിട്ട് നാളേറെയായി. രാവിലെ ‘ലാസ്റ്റ് ബസ്’ പിടിക്കാനുള്ള ഓട്ടവും വൈകിട്ട് ‘ഫസ്റ്റ് ബസ്’ പിടിക്കാനുള്ള ഓട്ടവും പിന്നെ കോളെജിലെ ഒന്നാം നില മുതൽ നാലാം നില വരെ മിക്ക ദിവസങ്ങളിലും നടന്ന് കയറേണ്ട ഗതിയും ഉള്ളതിനാൽ, ജീവിതത്തിൽ ഇനിയും വ്യായാമം വേണോ വേണ്ടേ എന്ന് തീരുമാനമെടുക്കാൻ ഒരു മൂന്നാം അമ്പയർക്ക് വിടേണ്ട യാതൊരു ആവശ്യവുമില്ലെന്ന് എനിക്ക് നല്ല ബോധ്യമുണ്ടായിരുന്നു.

            പക്ഷെ എന്നും എന്റെ കൂടെയുള്ള പള്ള ചാടിപ്പോയി എന്ന് പലരും പറഞ്ഞപ്പോഴാണ് ഞാനും ഒന്ന് ശ്രദ്ധിച്ചത്. കിട്ടിയ ഫുഡ് മുഴുവൻ അടിച്ച് കയറ്റി പള്ള ഏലിയാസ് വയറ്   ഒറിജിനൽ ‘ഫുഡ്ബാൾ’ ആയി മാറിയിരിക്കുന്നു. നിവർന്ന് നിന്നാൽ കാലിന്റെ പെരുവിരലറ്റം കണ്ടിരുന്ന കാലം കഴിഞ്ഞു എന്ന് മാത്രമല്ല ഒരടി ദൂരത്ത് നിൽക്കുന്നവന്റെ പെരുവിരലറ്റവും എന്റെ പള്ള മറക്കാൻ തുടങ്ങിയിരിക്കുന്നു ! അങ്ങനെ പള്ളഗ്രഹണം കുറക്കാനായി ഞാനും ഒരു പ്രഭാത സവാരി ആരംഭിച്ചു.

                സുബഹി നമസ്കാരം കഴിഞ്ഞാണ് എന്റെ നടത്തം ആരംഭിക്കുന്നത്. മഴ കലിതുള്ളി പെയ്യുന്നതിന്റെ മുമ്പ് വരെ വീടിനെ 15 തവണ വലം വയ്ക്കലില്‍ ഒതുങ്ങുന്നതായിരുന്നു എന്റെ വ്യായാമം. മുറ്റം വഴുതാന്‍ തുടങ്ങിയതോടെ വ്യായാമം ആരോഗ്യത്തിന് ഹാനികരമാണെന്ന് ലോകത്താദ്യമായി ഞാന്‍ പ്രഖ്യാപിച്ചു. ഉടന്‍ പ്രാബല്യത്തോടെ അത് ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്തതോടെ ഭാര്യക്ക് എന്നോട് അസൂ‍യയായി. കാരണം ആ സമയം കൂടി എന്റെ ഉറക്കത്തിന്റെ ടൈംടേബിളിലേക്ക് കയറി.

               അങ്ങനെ ജീവിതം സുന്ദരമായി മുന്നേറുമ്പോഴാണ് ചുമ്മാ ഒരു ജലദോഷം മൂക്കില്‍ കയറിയത്. മൂക്കില്‍ കയറിയ ജലദോഷത്തെ ചുമയായി പ്രമോഷന്‍ കൊടുത്തിട്ടേ  സാധാരണ ഞാന്‍ വിടാറുള്ളൂ. പക്ഷേ ഇത്തവണ എല്ലാവരുടെയും പല കണക്ക് കൂട്ടലുകളും തെറ്റിയ പോലെ എനിക്കും ചെറിയ ഒരു തെറ്റ് പറ്റി. അവസരം മുതലെടുത്ത് ചുമ അതിര് കടന്നപ്പോള്‍ ഡോക്ടര്‍ എന്റെ കയ്യിന്റെ പെരുവിരലില്‍ ഒരു സാധനം ഫിറ്റ് ചെയ്തു. ഒറ്റ നോട്ടത്തില്‍ അയലില്‍ (അശ എന്ന് ചിലര്‍ പറയും) ഷഡ്ഡി ഉണക്കാനിടുമ്പോള്‍ ഇടുന്ന ക്ലിപ് പോലെ ഒരു സാധനം. ഒരു ഡിജിറ്റല്‍ ഡിസ്‌പ്ലേ കൂടി ഉണ്ടെന്ന് മാത്രം.

              അങ്ങനെ ആ കുന്ത്രാണ്ടത്തില്‍ നോക്കി ലാക്കട്ടറുടെ പ്രഖ്യാപനം വന്നു. രക്തത്തില്‍ ഫ്രീ ഓക്സിജന്‍ അളവ് കുറഞ്ഞിരിക്കുന്നു എന്ന്. ഇത്രയും കാലം മരങ്ങള്‍ ഫ്രീ ആയി തന്ന  ഓക്സിജന്‍ തന്നെയാണ് ഞാന്‍ ശ്വസിച്ചത് എന്ന് പറഞ്ഞ് നോക്കിയെങ്കിലും എന്റെ ജൂനിയറായി സ്കൂളില്‍ പഠിച്ച ഡോക്ടര്‍ സമ്മതിച്ചില്ല. വീടിനെ ത്വവാഫ് ചെയ്യുന്നത് ഒരു വ്യായാമം അല്ല എന്നും ഒരു മണിക്കൂറെങ്കിലും കവാത്ത് ചെയ്യണമെന്നും അന്തിമ വിധിയായി (സത്യമായിട്ടും സ്കൂള്‍ കാലത്ത്  അവനെ ഞാന്‍ പിച്ചുകയോ നുള്ളുകയോ കുത്തുകയോ ഒന്നും ചെയ്തിട്ടില്ല...എന്നിട്ടും എനിക്ക് ഇത് വിധിച്ച അവനെ എന്നും രോഗികളെക്കൊണ്ട് എടങ്ങേറാക്കണേ....).

              ഏതായാലും വിധിക്ക് സ്വന്തം ജാമ്യത്തില്‍ താല്‍ക്കാലിക സ്റ്റേ  വാങ്ങി നാല് മാസത്തോളം ഞാന്‍ പിന്നെയും ആര്‍മാദിച്ചു. ഒരു സുപ്രഭാതത്തില്‍ സ്വന്തം ജാമ്യം നിര്‍ത്തലാക്കി ഇപ്പോള്‍ ദിവസവും ഞാന്‍ അര മണിക്കൂര്‍ പ്രഭാത സവാരി നടത്തുന്നു....ഈ മഞ്ഞുംകൊണ്ട് രാവിലെ ഇങ്ങനെ നടക്കാന്‍ അല്ലെങ്കിലും നല്ല രസാ കാലമാടന്‍ ഡോക്റ്ററേ....

Thursday, January 23, 2020

2019 - ഒരു വ്യക്തിഗത അവലോകനം.

            ബൂലോകം തന്ന സൌഹൃദങ്ങളും ബന്ധങ്ങളും ഒരുകാലത്ത് ആവേശം നിറഞ്ഞതായിരുന്നു.  അവരിൽ പലരും ഇന്ന് ഭൂലോകത്തുണ്ടെങ്കിലും ബൂലോകത്ത് ഇല്ല. ബ്ലോഗ് ചലഞ്ച് ചെറിയ  ഓളങ്ങൾ സൃഷ്ടിച്ചെങ്കിലും തിരമാലയായി വളർന്നില്ല.  ബ്ലോഗ് രംഗത്ത് ഈ വര്‍ഷവും ഞാൻ എന്റെ ലക്ഷ്യം പിന്നിട്ടു.കലണ്ടർ വർഷത്തിൽ 100 പോസ്റ്റ് എന്നതാണ് ഞാൻ ലക്ഷ്യമിടാറ്‌. ഇത്തവണ കൃത്യം 100 പോസ്റ്റ് തന്നെ പ്രസിദ്ധീകരിക്കാൻ സാധിച്ചു.

                എന്റെ വായനയുടെ വസന്തകാലം തിരിച്ചു പിടിക്കാൻ ഒരു ശ്രമം എന്ന നിലയിൽ ഞാനും മക്കളും കൂടി പുസ്തകങ്ങൾ വാങ്ങിക്കൂട്ടിയ വർഷമായിരുന്നു 2019. വർഷത്തിന്റെ ആദ്യപകുതി വരെ പുസ്തക വായന സജീവമായി നിലനിർത്തുകയും ചെയ്തു. ബട്ട് , കൊല്ലാവസാ‍നം കണക്കെടുപ്പ് നടത്തുമ്പോൾ 2018ലെ ലിസ്റ്റിന്റെ അനിയനായേ 2019ലെ ലിസ്റ്റ് വരൂ എന്ന സത്യം തിരിച്ചറിഞ്ഞു. താഴെ പറയുന്ന പുസ്തകങ്ങൾ വായിക്കാനും എന്റെ സ്വതന്ത്ര അഭിപ്രായം പങ്കു വയ്ക്കാനും സാധിച്ചു എന്നതിൽ ഞാൻ അഭിമാനിക്കുന്നു.

1. സ്കൂൾമുറ്റം - ഗിരീഷ് കാക്കൂർ
2. ആടു ജീവിതം - ബെന്യാമിൻ
3. റോബിൻഹുഡ് - ആർ.എൽ.ഗ്രീൻ
4. അമ്മമാക്സിം ഗോർക്കി
5. ക്രിസ്മസ് കാര‍ - ചാള്‍സ് ഡിക്കന്‍സ്
6. ഹാസ്യ നാടോടിക്കഥകൾ - എ.ബി.വി കാവിൽപ്പാട്
7. ഗോലിയും വളപ്പൊട്ടും - സുഭാഷ് ചന്ദ്രൻ
8. ചാലിയാർസാക്ഷി - മലിക് നാലകത്ത്
10. പ്രേമലേഖനം - വൈക്കം മുഹമ്മദ് ബഷീര്‍
11. ചെമ്പകക്കൊമ്പിലെ പ്യൂപ്പ - ഫൈസൽ കൊണ്ടോട്ടി

                യാത്ര എന്നും എനിക്ക് ഒരു ഹരമാണ്. അത് കുടുംബത്തോടൊപ്പം ആകുമ്പോൾ ഏറെ ഹൃദ്യവും. വലുതും ചെറുതുമായ യാത്രകള്‍ ഈ വര്‍ഷവും നടത്തി. ഇത്തവണ കുടുംബത്തോടൊപ്പവും അല്ലാതെയും സന്ദര്‍ശിച്ച പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഇവയാണ്.

1. കൊടൈക്കനാല്‍ - എന്റെ ഫുൾ ഫാമിലി സഹിതം
2. E3 തീം പാര്‍ക്ക് - ഞാനും കുടുംബവും
3. മൈസൂര്‍ - ഭാര്യയുടെ ഫുൾ ഫാമിലി സഹിതം
4. ബേക്കല്‍ - പത്താം ക്ലാസ് ബാച്ച്നൊപ്പം
5. വയലട - സഹപ്രവർത്തകർക്കൊപ്പം

               2018നെ പോലെ പോയ വര്‍ഷവും കുടുംബത്തിന് അംഗീകാരങ്ങളുടെ വര്‍ഷം ആയിരുന്നു. ഞാൻ, എന്റെ കുടുംബത്തിൽ ആദ്യമായി കേരള സര്‍ക്കാരിന്റെ ഗുഡ് സർവീസ് എൻ‌ട്രി ലഭിക്കുന്ന വ്യക്തിയായി . രണ്ടാമത്തെ മകള്‍ ലുഅ സ്കൂളിൽ നടന്ന 10 ബുക്ക് ചലഞ്ച് എന്ന മത്സരത്തിൽ വിജയിയായി 1000 രൂപയുടെ പുസ്തകങ്ങൾ കരസ്ഥമാക്കി. കൂടാതെ എൻ.എസ്.എസ് ക്യാമ്പിലെ ബെസ്റ്റ് പെർഫോമറായും തെരഞ്ഞെടുക്കപ്പെട്ടു. കൃഷിത്തോട്ടം ഫേസ്ബുക്ക് കൂട്ടായ്മയുടെ കുട്ടിക്കർഷക അവാർഡും ലുഅയെ തേടി എത്തി.ബാലഭൂമിയുടെ നിരവധി മത്സരങ്ങളിൽ ലൂന മോള്‍  സമ്മാനിതയായി. മലർവാടിയുടെ അടിക്കുറിപ്പ് മത്സരത്തിലും ലൂന മോൾക്ക് സമ്മാനം കിട്ടി. സബ്‌ജില്ലാ മത്സരങ്ങളിൽ പങ്കെടുത്ത് എ ഗ്രേഡ് നേടാനും ലൂന മോൾക്കായി. മൂത്തമോൾ ലുലു 2/4 വീലർ ലൈസൻസ് നേടിയതും 2019ൽ തന്നെ.വിവിധ തരം മോട്ടിവേഷൻ ക്ലാസുകളിലൂടെ സജീവമാകാൻ എനിക്കുമായി.

                 സൌഹൃദത്തിന്റെ ഊഷ്മളതയും ആവേശവും ശക്തിയും ഞാൻ തിരിച്ചറിഞ്ഞ വർഷം കൂടിയായിരുന്നു 2019. മുപ്പത്തിരണ്ട് വർഷം മുമ്പ് കൂട്ടം വിട്ടുപോയ എസ്.എസ്.സി എന്ന പത്താം ക്ലാസ് ബാച്ചിലെ അംഗങ്ങളെ ഒരുമിച്ച് കൂട്ടി ഒരു സംഗമം നടത്താനും ആ സംഘ ബലത്തിൽ നിരവധി സാമൂഹ്യ പ്രവർത്തനങ്ങൾ നടത്താനും സാധിച്ചതിൽ ഏറെ സന്തോഷവും അഭിമാനവും തോന്നുന്നു.

                ഇത് 2020. കേട്ടു പരിചയമുള്ള 20 20 പോലെ പെട്ടെന്നങ്ങ് തീർന്നു പോകുമോ എന്ന ഭയം ഉണ്ടെങ്കിലും 365 ദിവസം ഉണ്ടെന്നത് ചെറിയ സമാധാനം നൽകുന്നു.

Thursday, January 16, 2020

ബേക്കൽ കോട്ട

       കേരളത്തിലെ തന്നെ ഏറ്റവും വലിയ കോട്ട എന്നറിയപ്പെടുന്ന ബേക്കൽ കോട്ട സന്ദർശിക്കാൻ അവസരം കിട്ടിയത് ക്രിസ്മസ് അവധിക്കാലത്താണ്. കുടുംബ സമേതം സന്ദർശിക്കാനായിരുന്നു പ്ലാൻ എങ്കിലും സുഹൃത് സമേതം സന്ദർശിക്കാനാണ് അവസരം ലഭിച്ചത്. കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് നിന്നും 12 കിലോമീറ്റർ അകലെയാണ് ബേക്കൽ കോട്ട സ്ഥിതി ചെയ്യുന്നത്. 1650 ശിവപ്പ നായ്ക്ക് ആണ് ബേക്കൽ കോട്ട നിർമ്മിച്ചതെന്ന് പറയപ്പെടുന്നു. വിജയനഗര സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു കോട്ട എന്നും ചരിത്രം പറയുന്നു. മൈസൂർ രാജാവായിരുന്ന ഹൈദരാലിയും ബേക്കൽ കോട്ട കയ്യാളിയിട്ടുണ്ട്.

              കേന്ദ്ര പുരാവസ്തു ഗവേഷണ വിഭാഗത്തിന്റെ (Archaeological Survey of India) സംരക്ഷിത സ്മാരകമാണ് ബേക്കൽ കോട്ട . തലശ്ശേരി കോട്ടയിൽ നിന്നും വ്യത്യസ്തമായി ബേക്കൽ കോട്ടയില്‍ പ്രവേശന ഫീസുണ്ട്. 25 രൂപയാണ് എന്‍‌ട്രി ഫീസ്. നിരവധി നിരീക്ഷണ പോയിന്റുകളും ബേക്കൽ കോട്ടയിലുണ്ട്.കടലിലേക്ക് തുറക്കുന്ന തുരങ്കങ്ങളും ഉണ്ട്. അവ ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ്. കോട്ടയുടെ മധ്യഭാഗത്തുള്ള നിരീക്ഷണ ഗോപുരം ഏവരുടെയും ശ്രദ്ധ ആകർഷിക്കുന്നതാണ്.മുകളറ്റം വരെ എത്തുന്ന ചെരിവുതലത്തിലൂടെ എല്ലാവർക്കും ഗോപുരത്തിലേക്ക് കയറാം.
                       ബേക്കല്‍ കോട്ടയുടെ ചിത്രമായി പലപ്പോഴും   കാണാറുള്ളതും മധ്യഭാഗത്തുള്ള ഈ നിരീക്ഷണ ഗോപുരം തന്നെയാണ്.
      ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ വേണ്ടി പീരങ്കി വയ്ക്കാനുള്ള കൊത്തളങ്ങളും കടലിലെ നീക്കങ്ങള്‍ നിരീക്ഷിക്കാനുള്ള നിരവധി ദ്വാരങ്ങളും കോട്ടയില്‍ കാണാം. ഏകദേശം 35 ഏക്കറോളം വിസ്തൃതിയില്‍ പരന്ന് കിടക്കുന്ന കോട്ടയില്‍ ഇത് എത്രയെണ്ണം ഉണ്ടെന്ന് ചോദിച്ചാല്‍ കൈ മലര്‍ത്തും. പീരങ്കി കൊത്തളങ്ങളില്‍ കയറിയിരുന്ന് കടല്‍ കാറ്റേറ്റ് സംസാരിച്ചിരിക്കാനും ദ്വാരങ്ങളിലൂടെ കോട്ടക്കകത്തേക്ക് ഇരച്ചു കയറുന്ന കാറ്റിന്റെ തലോടലേല്‍ക്കാനും ഒരു പ്രത്യേക സുഖം തന്നെയുണ്ട്.
              കോട്ടയുടെ തൊട്ടു താഴെ തന്നെയാണ് അറബിക്കടല്‍. കോട്ടക്കകത്ത് കൂടി ബീച്ചിലേക്ക് പോകാന്‍ പറ്റില്ല. എന്നാല്‍ കടലിന്റെ സൌന്ദര്യം അടുത്താസ്വദിക്കാന്‍ ഇറങ്ങി ചെല്ലാനുള്ള വഴികളുണ്ട്. ഒരു പ്രത്യേക സമയം വരെ മാത്രമേ പ്രസ്തുത ഗേറ്റ് തുറക്കൂ. കോട്ടക്കകത്ത് നിന്നുള്ള ബീച്ചിന്റെ ദൃശ്യവും അതിമനോഹരമാണ്.
                കോട്ടക്കകത്ത് തന്നെ മണ്ണിനടിയിലേക്കിറങ്ങുന്ന ഏതാനും സ്റ്റെപ്പുകള്‍ കാണാം. അത്ഒരു തുരങ്കത്തിലേക്കും അവിടെ നിന്ന് കടലിലേക്കും എത്തുന്നതായി ഗൈഡായി ഞാന്‍ വിളിച്ച് വരുത്തിയ ആ നാട്ടുകാരനും എന്റെ സ്റ്റുഡന്റുമായ രെജീഷ് പറഞ്ഞു. സാമൂഹ്യ വിരുദ്ധ ശക്തികളുടെ വിളയാട്ടം കാരണം ഇപ്പോള്‍ തുരങ്കം അടച്ചിട്ടിരിക്കുകയാണ്.

       സായാഹ്ന സൂര്യന്റെ പൊന്‍‌കിരണം ഏറ്റുവാങ്ങാന്‍ ഞങ്ങള്‍ അല്പസമയം കൂടി കോട്ടയിലെ പുല്‍തകിടിയില്‍ ഇരുന്നു.സൂര്യന്‍ അസ്തമിക്കുന്നതിന് മുമ്പ് ഞങ്ങള്‍ ബേക്കല്‍ ബീച്ചിലെത്തി. പള്ളിക്കര ബീച്ച് എന്നും ഇതിന് പേരുണ്ട്. ഒരു ബീച്ചില്‍ പ്രവേശിക്കാന്‍ ജീവിതത്തില്‍ ആദ്യമായി ടിക്കറ്റ് എടുക്കേണ്ടി വന്നതും ഇവിടെയാണ്. 20 രൂപയാണ് എന്‍‌ട്രി ഫീസ്. 
               അല്‍പ നേരം പഴയ പത്താം ക്ലാസുകാരായി കടലിനോടും തിരമാലകളോടും സല്ലപിച്ച ശേഷം ഒരു പിടി നല്ല ഓര്‍മ്മകളുമായി ഞങ്ങള്‍, നാട്ടിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു. 

Wednesday, January 08, 2020

മയ്യഴിപുഴയുടെ തീരങ്ങളിൽ കൂടി തലശ്ശേരി കോട്ടയിലേക്ക്

                മയ്യഴിപുഴയുടെ തീരത്ത് എത്തുന്ന ആരും ഒരു നിമിഷം ദാസനെയും ചന്ദ്രികയെയും സ്മരിക്കും. അങ്ങ് ദൂരെ വെള്ളിയാങ്കല്ലിൽ ദാസന്റെയും ചന്ദ്രികയുടെയും ആത്മാവുകൾ തുമ്പികളായി പറന്നു കളിക്കുന്നുണ്ടോ എന്ന് നോക്കും. ശ്രീ എം മുകുന്ദൻ എഴുത്തിലൂടെ അനശ്വരരാക്കിയ ദാസനും ചന്ദ്രികയും ദാമു റൈട്ടറും കൊറമ്പിയും ലെസ്ലി സായ്‌പ്പും എല്ലാം ആ സമയത്ത് നമ്മുടെ മനോമുകുരത്തിൽ വട്ടമിട്ട് പറക്കും.

                  പി.ജി ക്ക് തളിപ്പറമ്പ് സർ സയ്യിദ് കോളേജിൽ പഠിക്കുമ്പോൾ നിരവധി തവണ കടന്നു പോയിട്ടുണ്ടെങ്കിലും “മയ്യഴിപുഴയുടെ തീരങ്ങളിൽ” വായിച്ച ശേഷമാണ് മയ്യഴിയോട് എനിക്ക് ഒരിഷ്ടം തോന്നിയത്. മാഹി എന്ന പേര് അതിനു മുമ്പ് സുപരിചിതമായത് എല്ലാ സാധനങ്ങളും വിലക്കുറവിൽ കിട്ടുന്ന സ്ഥലം എന്ന നിലക്കായിരുന്നു. അതിൽ തന്നെ മദ്യപാനികളുടെ പറുദീസയായിരുന്നു മാഹി.

                  1954ൽ ആണ് മാഹി ഫ്രെഞ്ച് അധീനതയിൽ നിന്നും സ്വതന്ത്രമായി ഇന്ത്യയുടെ ഭാഗമായി മാറുന്നത്. പോണ്ടിച്ചേരിയുടെ ഭാഗമായി, മാഹി എന്ന ജില്ലയായി കേരളത്തിനകത്താണ് ഈ കേന്ദ്രഭരണ പ്രദേശം. മാഹിക്ക് ഇന്നും ഫ്രാൻസുമായി ഒരു പൊക്കിൾകൊടി ബന്ധം നിലനിൽക്കുന്നുണ്ട്. ഫ്രാൻസിലെ തെരഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്ന മയ്യഴിക്കാർ പത്രങ്ങളിലെ ഒരു കൌതുക വാർത്ത തന്നെയായിരുന്നു (ഇപ്പോൾ ഉണ്ടോ എന്നറിയില്ല).

                മയ്യഴിപുഴയുടെ തീരം ഇപ്പോൾ പഴയപോലെ ചവറുകളുടെയും കുപ്പികളുടെയും കേന്ദ്രമല്ല. മനോഹരമായി കല്ല് പാകി ഒരു പാർക്ക് രൂപത്തിലാക്കി വൈദ്യുത വിളക്കുകളും സ്ഥാപിച്ചതോടെ മാഹി വഴി കടന്നു പോകുന്ന സഞ്ചാരികൾ വെള്ളിയാങ്കല്ലിലേക്ക് നോക്കിയിരിക്കാൻ ഒരല്പ സമയം ഇവിടെ തങ്ങും. ദാസന്റെയും ചന്ദ്രികയുടെയും കഥ കൊത്തി വച്ച ശില്പങ്ങളും അനുബന്ധ എഴുത്തുകളും അവരെ അറിയാത്തവർക്ക് അറിയാനുള്ള ഒരു പ്രേരണയും നൽകും.
                 പത്താം ക്ലാസിൽ ഒരുമിച്ച് പഠിച്ചവളുടെ മകളുടെ കല്യാണത്തിൽ പങ്കെടുക്കാൻ കാസർഗോട്ടേക്ക് പോകുന്ന വഴിയായിരുന്നു ഞാൻ ആദ്യമായി മാഹി വാക് വേയിൽ കാലു കുത്തിയത്. രാവിലെത്തന്നെ എത്തിയതിനാൽ ഏതാനും പ്രഭാത സവാരിക്കാർ മാത്രമേ പാർക്കിൽ ഉണ്ടായിരുന്നുള്ളൂ. പുഴയും കടലും ചേരുന്ന സ്ഥലം കൂടിയായതിനാൽ കണ്ണിന് പ്രത്യേക കുളിരേകുന്ന കാഴ്ചയാണ് വാക് വേയിലൂടെയുള്ള നടത്തം. 
            അപ്രതീക്ഷിതമായി പെയ്ത മഴ കാരണം വാക് വേയിൽ അധിക നേരം തങ്ങാൻ ഞങ്ങൾക്ക് സാധിച്ചില്ല. എങ്കിലും ദീർഘദൂര യാത്രക്കിടയിൽ കിട്ടിയ ആസ്വാദനം എല്ലാവരിലും ഒരു പുതിയ ഊർജ്ജം നിറച്ചു. എട്ടു മണിയോടെ അടുത്ത സന്ദർശന കേന്ദ്രമായ തലശ്ശേരി കോട്ടക്ക് മുമ്പിൽ ഞങ്ങളെത്തി. പരിസരം ഗഹനമായി വീക്ഷിച്ചെങ്കിലും എവിടെയും ടിക്കറ്റ് കൌണ്ടർ കാണാത്തതിനാൽ ഞങ്ങൾ നേരെ കോട്ടകത്തേക്ക് കയറി.
           മലബാറിൽ തങ്ങളുടെ സൈനിക ശക്തി വർദ്ധിപ്പിക്കാൻ ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനി 1705ൽ സ്ഥാപിച്ചതാണ് തലശ്ശേരി കോട്ട. മൈസൂർ രാജാക്കന്മാരായ ഹൈദരാലിയും ടിപ്പുവും പടയോട്ടം നടത്തിയ കാലത്ത് ഈ കോട്ട പിടിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു എന്ന് ചരിത്രം പറയുന്നു.
            മനോഹരമായ ഉദ്യാനവും പഴയ കാലത്തെ കെട്ടിടങ്ങളും വിളക്കുമാടവും ഇന്നും കോട്ടയിൽ ഉണ്ട്. കടലിനടിയിലേക്ക് നീളുന്ന തുരങ്കപാത അടഞ്ഞു കിടപ്പാണ്.
                തലശ്ശേരി-കണ്ണൂർ മെയിൻ റോഡ് സൈഡിൽ തന്നെയാണ് തലശ്ശേരി കോട്ട സ്ഥിതി ചെയ്യുന്നത്. രാവിലെ 8 മണിമുതൽ വൈകിട്ട് 6 മണി വരെ കോട്ടവാതിൽ പൊതുജനങ്ങൾക്കായി സൌജന്യമായി തുറന്നിട്ട് കൊടുക്കും.
പൊയ്ക്കോളീ....കണ്ടോളി.

Monday, January 06, 2020

പൂപ്പൊലി 2020

          വയനാടിന്റെ പുഷ്പ വൈവിധ്യം വിളിച്ചോതുന്ന അന്താരാഷ്ട്ര പുഷ്പമേളയാണ് പൂപ്പൊലി. 2014 ൽ ആണ് പൂപ്പൊലി എന്ന പേരിൽ കേരള കാർഷിക സർവ്വകലാശാല അമ്പലവയൽ മേഖലാ ഗവേഷണ കേന്ദ്രത്തിൽ ഇങ്ങനെയൊരു സംരംഭം ആരംഭിച്ചത്. ഓരോ വർഷം കഴിയുമ്പോഴും പൂപ്പൊലിയുടെ പേരും പ്രശസ്തിയും വർദ്ധിച്ച്, ഇന്നത് ഒരു ജനകീയ മേള തന്നെയായി മാറിയിരിക്കുന്നു. 

           2015 ൽ കോഴിക്കോട് നിന്നും സ്ഥലം മാറ്റം കിട്ടി വയനാട് എത്തിയ ഞാൻ, 2016 ജനുവരിയിലാണ് പൂപ്പൊലിയെപ്പറ്റി ആദ്യമായി കേട്ടത്. അതിനു മുമ്പ് വയനാട് ഫ്ലവർഷൊ എന്ന പേരിൽ ഒരു പുഷ്പമേള കല്പറ്റയിൽ നടക്കാറുണ്ടായിരുന്നു. മാനന്തവാടിയിൽ കുടുംബ സമേതം താമസിച്ച കാലത്ത് അത് കാണാൻ പോയി ഒരു അടിക്കുറിപ്പ് മത്സരത്തിൽ പങ്കെടുത്ത് സമ്മാനവും നേടിയിരുന്നു.പൂപ്പൊലി വിശേഷങ്ങൾ കേട്ട അന്ന് മുതൽ പോകാൻ കൊതിയുണ്ടായിരുന്നെങ്കിലും 2020ൽ അരങ്ങേറിയ ആറാമത് പൂപ്പൊലി കാണാനാണ് എനിക്ക് വിധിയുണ്ടായത് ( പ്രളയം കാരണം 2019ൽ പൂപ്പൊലി നടന്നിട്ടില്ല ).

           കാർഷിക സെമിനാറുകളും, വൈവിധ്യമാർന്ന മത്സരങ്ങളും, നാടൻ ഭക്ഷണ ശാലകളും, സായാഹ്‌ന കലാസന്ധ്യകളും അമ്യൂസ്മെന്റ് പാർക്കുകളും കച്ചവട സ്റ്റാളുകളും അടങ്ങിയ ഒരു കൌതുക ലോകത്തിലേക്കാണ് ഓരോ സന്ദർശകനും ടിക്കറ്റ് എടുത്ത് കയറുന്നത്. ടിക്കറ്റ് നിരക്ക് മുതിർന്നവർക്ക് 50 രൂപയും കുട്ടികൾക്ക് (6 മുതൽ 15 വയസ്സ് വരെ) 30 രൂപയും ആണ്. വർഷം തോറും ടിക്കറ്റ് നിരക്ക് കൂട്ടുന്നുണ്ട് എന്ന് യാദൃശ്ചികമായി അവിടെ വച്ച് പരിചയപ്പെടാനിടയായ ആ നാട്ടുകാരനായ ഒരാൾ പറഞ്ഞു.

            ഡാലിയ പൂക്കളുടെ വർണ്ണ വൈവിവിധ്യത്തിലേക്കാണ് ഗേറ്റ് കടന്ന ഉടനെ കണ്ണുകൾ പായുന്നത്. പിന്നെ മല്ലിക അതിരിടുന്ന വഴികളിലൂടെ മുന്നോട്ട് നീങ്ങാം.സീനിയയും ജമന്തിയും ഒരുക്കുന്ന വിസ്മയവും കണ്ണിന് കുളിർമ്മ നൽകും. വിവിധ വർണ്ണങ്ങളിൽ പൂത്തുലഞ്ഞ് നിൽക്കുന്ന ഗ്ലാഡിയോലസ് തോട്ടത്തിന് മുന്നിൽ വച്ച് ഒരു സെൽഫി ആരും എടുത്തു പോകും. ശൈത്യകാല പൂകൃഷിയിൽ വയനാടിന് മികച്ചൊരു വാണിജ്യ സാധ്യതയുണ്ടെന്ന് ഈ പുഷ്പങ്ങൾ വിളിച്ചു പറയുന്നു.

          കാശ്മീരിലെപ്പോലെ  ഒഴുകുന്ന പുഷ്പോദ്യാനം സജ്ജീകരിച്ചിട്ടുണ്ടെങ്കിലും  അത്രയും വലിയ കുളത്തിൽ അതത്ര ആകർഷകമായി തോന്നുന്നില്ല. ആയിരത്തോളം തരം പനിനീർ പൂക്കൾ ഉണ്ടെന്ന് അവകാശപ്പെടുന്ന റോസ് ഗാർഡനും അധികം പൂത്തുലഞ്ഞിട്ടില്ല. ചെടികൾക്കിടയിലൂടെ നടക്കാൻ സൌകര്യമില്ലാത്തതിനാൽ വിവിധ ഇനങ്ങൾ തിരിച്ചറിയാനും സാധ്യമല്ല.  
             എല്ലാ വർഷവും ജനുവരി മാസത്തിലാണ് പൂപ്പൊലി അരങ്ങേറുന്നത്. അമ്പലവയൽ ബസ് സ്റ്റാന്റിൽ നിന്ന് അമ്പത് മീറ്റർ നടന്നാൽ പൂപ്പൊലി മേളയിൽ എത്താം. മികച്ച തരം വൃക്ഷ തൈകളും പച്ചക്കറി തൈകളും വിവിധ തരം വിത്തുകളും വാങ്ങാനും പൂപ്പൊലിയിൽ സൌകര്യമുണ്ട്. ഒരു തുണി സഞ്ചി കയ്യിൽ കരുതുന്നത് നല്ലതാണ്. പ്ലാസ്റ്റിക് നിരോധനം കാരണം ചെടിയും മറ്റു തൈകളും വാങ്ങുന്നവർ തന്നെ അതു കൊണ്ടു പോവാനുള്ള ബാഗും കരുതിയിരിക്കണം. കഴിഞ്ഞ തവണ അഞ്ച് ലക്ഷത്തിലധികം പേരാണ് പൂപ്പൊലി സന്ദർശിച്ചതെന്ന് പറയപ്പെടുന്നു. ജനുവരി 1 മുതൽ 12 വരെയാണ് പൂപ്പൊലി 2020. 

Wednesday, January 01, 2020

അമ്മാവന്റെ മരുമകൻ

              സ്കൂളിൽ പഠിക്കുന്ന കാലത്ത് വിനോദയാത്ര പോകുക എന്ന് പറഞ്ഞാൽ വലിയൊരു സംഭവമായിരുന്നു. കോഴിക്കോട്ടേക്കും മലമ്പുഴയിലേക്കും ഒക്കെ ആയിരുന്നു മലപ്പുറം ജില്ലയിലെ മിക്ക പ്രൈമറി സ്കൂളുകളിൽ നിന്നുമുള്ള വിനോദയാത്ര. ഹൈസ്കൂൾ ആണെങ്കിൽ മൈസൂർ അല്ലെങ്കിൽ ഊട്ടി അതുമല്ലെങ്കിൽ ഇടുക്കി ഒക്കെയായിരുന്നു വിവിധ കേന്ദ്രങ്ങൾ.ഞാൻ പത്താം ക്ലാസിൽ പഠിക്കുമ്പോൾ സുബുലുസ്സലാം ഹൈസ്കൂളിൽ നിന്ന് വിനോദയാത്ര തീരുമാനിക്കപ്പെട്ടത് മദ്രാസിലേക്കാണ്.200 രൂപയോ മറ്റോ ആയിരുന്നു ഫീ ആയി നിശ്ചയിക്കപ്പെട്ടത്.

               ടൂറിനെപ്പറ്റി ഗംഭീര വിശദീകരണം നടത്തി കുട്ടികളെ മുഴുവൻ പ്രചോദിപ്പിച്ച്  പോകാൻ താല്പര്യമുള്ളവരോട് എണീറ്റ് നിൽക്കാൻ കരീം മാസ്റ്റർ ആവശ്യപ്പെട്ടു. താല്പര്യം എല്ലാവർക്കും ഉള്ളതിനാൽ ക്ലാസ് ഒന്നടങ്കം എണീറ്റ് നിന്നു. 

“ഫീ അടക്കാൻ കഴിയുന്നവർ മാത്രം നിന്നാൽ മതി....” അടുത്ത നിർദ്ദേശം വന്നതോടെ നിന്നിരുന്ന പലരും ഇരുന്നു. ബാക്കിയുള്ളവരുടെ പേരുകൾ ഓരോന്നായി എഴുതി എടുത്ത് കരീം മാസ്റ്റർ അവസാന ബെഞ്ചിലെത്തി.

“നിന്റെ പേരെന്താ?” കരീം മാസ്റ്റർ ചോദിച്ചു.

“അബ്ദുൽ കാദർ “ 

“ആരെ മകനാ ?”

"ബാപ്പാന്റെ മകൻ...”
ഉത്തരം കേട്ട് കാദർ എന്ന പേര് കരീം മാസ്റ്റർ വേഗം ലിസ്റ്റിൽ ഉൾപ്പെടുത്തി.

ഉച്ചക്ക് ഊൺ കഴിക്കാൻ പോലും വിഷമിച്ചിരുന്ന കാലത്ത് വിനോദയാത്രക്ക് വേണ്ടി 200 രൂപ എങ്ങനെ സംഘടിപ്പിക്കും എന്ന് കാദർ തലപുകഞ്ഞാലോചിച്ചു. ടൂർ പോകേണ്ട ദിനം അടുത്തടുത്ത് വന്നു. അങ്ങനെ ടൂറിന് വെറും മൂന്ന് ദിവസം മാത്രം ബാക്കിയുള്ള അന്ന് വൈകുന്നേരം കാദർ സ്വന്തം അമ്മാവനെ സമീപിച്ചു.

“കുഞ്ഞാക്കാ...അസ്സലാമലൈക്കും...” സലാം പറഞ്ഞ് കാദർ ആരംഭിച്ചു.

“വ അലൈകുമുസ്സലാം...ആരിത് ? ചെറ്യമാനോ...? എന്താടാ ഉമ്മാക്കൊക്കെ സുഖല്ലേ ?” അമ്മാവൻ മരുമകനെ സ്വീകരിച്ചു കൊണ്ട് ചോദിച്ചു.

“ആ...സുഖം തന്നെ...പിന്നെ ഇമ്മ ഒരു പശൂനെ മാങ്ങീണ്....”

“ആ....അത് നന്നായി....പാൽ വിറ്റാ അന്നെപ്പോലത്തെ പോത്തുകൾക്ക് ഒരു നേരത്തെക്കെങ്കിലും പുല്ല്‌ തരാലോ...”

“ആ...പക്ഷെ....പൈസ തെയഞ്ഞിട്ടില്ല....ഒരു 200 ഉറുപ്പിം കൂടി മാണം.... കുഞ്ഞാക്കാനോട് മാങ്ങി കൊണ്ടരാൻ ഇമ്മ പറഞ്ഞയച്ചതാ ഇന്നെ...”
കാദർ സമർത്ഥമായി വിഷയം അവതരിപ്പിച്ചു.

“അല്ലേലും ഞാൻ മനസ്സിൽ കരുതിയതാ...ഓൾക്ക് എന്തേലും ഒരു മാർഗ്ഗം ഇണ്ടാക്കി കൊട്‌കണം ന്ന്...ഇന്നാ ഇരുനൂറ് ഉറുപ്പ്യ...”
പോക്കറ്റിൽ നിന്നും രണ്ട് നൂറ് രൂപ നോട്ടെടുത്ത് കുഞ്ഞാക്ക കാദറിന്റെ നേരെ നീട്ടി. അമ്മാവന്റെ മുഖത്തേക്ക് നോക്കാതെ കാദർ കാശ് വാങ്ങി കീശയിലിട്ടു.

“ന്നാ ഞാൻ പോട്ടെ കുഞ്ഞാക്കാ....” കാദർ വേഗം തടിയൂരാൻ ഒരുങ്ങി.

“നില്ക്കെടാ അവിടെ!”
അമ്മാവന്റെ ശബ്ദത്തിൽ മാറ്റം വന്നത് കേട്ട കാദർ ഒന്ന് പരുങ്ങി. കള്ളം പറഞ്ഞ് പറ്റിച്ചതിന് കിട്ടാൻ പോകുന്ന തല്ലിന്റെ പൂരം ഉള്ളിൽ നിന്ന് പെറുമ്പറ കൊട്ടാൻ തുടങ്ങി. കാലിലൂടെ എന്തോ നനഞ്ഞ് ഇറങ്ങുന്നതായി കാദറിന് അനുഭവപ്പെട്ടു.

“ഇന്നാ...അനക്കും ഒരു പത്ത് രൂപ...“
അമ്മാവൻ നീട്ടിയ നോട്ട് കണ്ട് കാദറിന്റെ കണ്ണ് പൂർണ്ണചന്ദ്രന്റെ വലിപ്പത്തിൽ തുറന്നു. അതും വാങ്ങി കാദർ അമ്മാവന്റെ മുഖത്തേക്ക് ദയനീയമായി നോക്കി.

“ങാ...ചായ വേണ്ടെങ്കിൽ ബക്കം പൊയ്‌ക്കോ...”
ഓർഡർ കിട്ടിയതും കാദർ വേഗം സ്ഥലം കാലിയാക്കി.

പിറ്റേ ദിവസം നേരത്തെ തന്നെ കാദർ സ്കൂളിലെത്തി. വിശ്വം ജയിച്ച ഭാവത്തിൽ തല ഉയർത്തി തന്നെ സ്റ്റാഫ് റൂമിലേക്ക് നടന്നു. ഹൈസ്കൂളിലെ അഞ്ച് വർഷത്തെ പഠനത്തിനിടക്ക് അധ്യാപകർ വിളിപ്പിച്ചിട്ടല്ലാതെ സ്റ്റാഫ് റൂമിന്റെ പടി കണ്ടിട്ടില്ലാത്ത കാദറിന്റെ മുഖത്ത് സന്തോഷം അലയടിച്ചു.

“സേർ...ഇതാ ടൂറിനുള്ള ഇന്റെ പൈസ...”
കരീം മാസ്റ്റർക്ക് നേരെ 200 രൂപ നീട്ടി കാദർ പറഞ്ഞു. ടൂറിന്റെ മുഴുവൻ കാശും ആരും അടച്ചിട്ടില്ലാത്തതിനാൽ കാദറിന്റെ ശബ്ദം കേട്ട് കരീം മാസ്റ്റർ തല ഉയർത്തി നോക്കി.
‘ങേ...!ബാപ്പാന്റെ മകൻ...!!’
ആത്മഗതം ചെയ്തുകൊണ്ട് കരീം മാസ്റ്റർ പൈസ വേഗം വാങ്ങി വച്ചു.

പിറ്റേ ദിവസം സന്തോഷത്തോടെ ടീം മദ്രാസിലേക്ക് യാത്ര തിരിച്ചു. മദ്രാസിലെയും മഹാബലിപുരത്തെയും കാഴ്ചകളും വിശേഷങ്ങളും കണ്ടും കേട്ടും അനുഭവിച്ചും അറിഞ്ഞ ആഹ്ലാദത്തിന്റെയും സന്തോഷത്തിന്റെയും മൂന്ന് ദിനരാത്രങ്ങൾ കഴിഞ്ഞ് സംഘം നാട്ടിൽ തിരിച്ചെത്തി. യാത്രാ ക്ഷീണം കാരണം അന്ന് കാദർ വീട്ടിൽ തന്നെ ഇരുന്നു.

പെങ്ങളെ ഒന്ന് സന്ദർശിക്കാം എന്ന് കരുതി കുഞ്ഞാക്ക കാദറിന്റെ വീട്ടിലേക്ക് തിരിച്ചതും അതേ ദിവസമായിരുന്നു. വീട്ടിനടുത്തുള്ള പുഴക്കടവിൽ സ്വന്തം പെങ്ങൾ അലക്കുന്നത് കണ്ട കുഞ്ഞാക്ക അങ്ങോട്ട് നീങ്ങി.

“നബീസോ.....“ കുഞ്ഞാക്ക വിളിച്ചു.

“ ആ...കുഞ്ഞാനോ...?”

“ആ... എങ്ങനെണ്ട് അന്റെ പശൂന്റെ സ്ഥിതി...? പാലൊക്കെ നല്ലോണം കിട്ട്‌ണ്ടോ?” കുഞ്ഞാക്ക ചോദിച്ചു.

“പശോ....ഏത് പശു....??” ഒന്നും മനസ്സിലാകാതെ നബീസു കുഞ്ഞാക്കയെ നോക്കി.

“ അല്ല....ചെറ്യമാൻ നാലഞ്ച് ദീസം മുമ്പ് എന്റട്‌ത്ത് വന്ന് പറഞ്ഞ്....ഇജ്ജൊരു പശൂനെ മാങ്ങി....അയിക്കൊരു 200 ഉറുപ്പ്യം കൂടി മാണം ന്ന്....”

“ആ...അത് പശൂനല്ല...ആ പോത്തിന് തന്നെയ്‌നി....യൌട്‌ക്കോ പോകാൻ... അത് പോയി ബെന്ന്‌ണ്....”

നബീസുവിന്റെ മറുപടി കേട്ട് കുഞ്ഞാക്ക ഒരു നിമിഷം തരിച്ച് നിന്നു. പിന്നെ നേരെ വീട്ടിലെത്തി, ഉറങ്ങിക്കിടന്ന കാദറിനെ തൂക്കിയെടുത്തു. കൊണ്ടോട്ടി നേർച്ചക്ക് കതിന പൊട്ടും പോലെ എന്തൊക്കെയോ ശബ്ദങ്ങൾ അന്ന് വീട്ടിനകത്ത് നിന്ന് കേട്ടതായി അയൽ‌വാസികൾ പറഞ്ഞു. ഇന്നും കാദറിന്റെ കഴുത്തിന് പിന്നിൽ മദ്രാസിലേക്കുള്ള ഒരു ഒറ്റ റെയിൽ പാളം നീണ്ടു നിവർന്ന് കിടക്കുന്നുണ്ട്.