Sunday, August 14, 2011
അമ്മാവന്മാരേ, ജാഗ്രതൈ!
“10/8/11 നിങ്ങളുടെ അക്കൌണ്ടിലെ അവൈലബ്‌ള്‍ ബാലന്‍സ് 1000 രൂപ” അയച്ചത് സി.ബി.ഐ ഫ്രം എസ്.ബി.ഐ!!!
“ങേ!!!!” ഞാന്‍ ഞെട്ടി.കാരണം ഒരാഴ്ച മുമ്പ് എനിക്ക് കിട്ടിയ എസ്.എം.എസ് പ്രകാരം ഈ അവൈലബ്‌ള്‍ പി.ബി (പ്രീവിയസ് ബാലന്‍സ്)എണ്ണായിരത്തി കുറേ രൂപ ആയിരുന്നു.അതിന് ശേഷം ഒരു വിധ ട്രാന്‍സാക്ഷനും നടത്താതെ ഒരാഴ്ച കൊണ്ട് അത് സ്വര്‍ണ്ണ വില പോകുന്നതിന്റെ നേരെ ഓപ്പോസിറ്റില്‍ പോയതിന്റെ ഗുട്ടന്‍സ് അറിയാതെ ഞാന്‍ അമ്പരന്നു.
ബാങ്ക് സമയം കഴിഞ്ഞതിനാല്‍ അങ്ങോട്ട് വിളിക്കാന്‍ വയ്യാത്ത അവസ്ഥ ആയിരുന്നു.ഇല്ല എങ്കില്‍ മാനേജറെ വിളീച്ച് എവിടേ നോക്കിയാടോ ഈ “അവൈലബ്‌ള്‍“ വിടുന്നത് എന്ന് ചോദിക്കാമായിരുന്നു.അതിനു മുമ്പ് എന്റെ എ.ടി.എം കാര്‍ഡ് എന്റെ കയ്യില്‍ തന്നെ ഉണ്ട് എന്ന് ഞാന്‍ ഉറപ്പ് വരുത്തി.ഏതായാലും അടുത്ത ദിവസം തന്നെ മാനേജറേ കണ്ട് പറയാനുള്ള തെറികള്‍ പ്രിപ്പേര്‍ ചെയ്യാന്‍ സമയം തന്നതില്‍ ബാങ്കിനെ ഞാന്‍ നമിച്ചു.
എസ്.ബി.ഐയില്‍ ഞാന്‍ അക്കൌണ്ട് തുടങ്ങിയ ദിനം പെട്ടെന്ന് എന്റെ ഓര്‍മ്മയില്‍ വന്നു. കൌണ്ടറിലിരുന്ന ഒരു പെണ്ണ് ചോദിച്ചു.
“സാര്‍...മൊബൈല്‍ ബാങ്കിംങ്ങ് ഫസിലിറ്റി വേണ്ടേ?”
ഈ ആധുനികയുഗത്തില്‍ മൊബൈല്‍ ബാങ്കിംങ്ങ് സൌകര്യം ഒഴിവാക്കിയാലുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ മനസ്സില്‍ വന്നെങ്കിലും അതുണ്ടായാലുള്ള ഒരു ബുദ്ധിമുട്ടും മനസ്സില്‍ വന്നില്ല.അതല്ലെങ്കിലും അങ്ങനെത്തന്നെ ആയിരിക്കുമല്ലോ.അതുകൊണ്ട് ഞാന്‍ അതിന് സമ്മതം മൂളി.ഒരു ഇരയെ വീഴ്ത്തിയതിന്റെ കോഡ് ഭാഷയിലുള്ള ചില ആംഗ്യങ്ങള്‍ ഈ കൌണ്ടറില്‍ നിന്നും തൊട്ടടുത്ത കൌണ്ടറിലെ പെണ്ണിലേക്ക് പായുന്നത് ഞാന്‍ നോക്കി നിന്നു.
ദിവസങ്ങള്‍ക്ക് ശേഷം ഈ എസ്.ബി.ഐ-സി.ബി.ഐ യില്‍ നിന്നും മെസേജുകള്‍ വരാന്‍ തുടങ്ങി.പല മെസ്സേജുകള്‍ക്കും മറുപടി നല്‍കി എന്റെ മൊബൈല്‍ ബാലന്‍സും കൂപ്പുകുത്തി എന്നല്ലാതെ എനിക്ക് ഇതുവരെ ഒരു ഗുണവും കിട്ടിയില്ല.ഇപ്പോളിതാ എസ്.ബി.ഐ ബാലന്‍സും കൂപ്പുകുത്തിയിരിക്കുന്നു!ഇപ്രകാരം പോയാല്‍ താമസിയാതെ ഞാന്‍ അങ്ങോട്ട് കാശ് കൊടുക്കേണ്ട ഒരു സ്ഥിതി വരും എന്നതിനാല്‍ തെറിയഭിഷേകം കഴിഞ്ഞ് നാളെത്തന്നെ അവിടത്തെ സകല ഇടപാടുകളും നിര്‍ത്താനും ഞാന്‍ തീരുമാനിച്ചു.
പെട്ടെന്ന് എന്റെ മൊബൈല്‍ റിംഗ് ചെയ്തു.‘ഇനി ഫോണ്‍ വഴിയും വിളീച്ചു പറയുന്നുണ്ടോ , എങ്കില്‍ ഇന്നത്തെ ഡോസ് ഇന്നുതന്നെ കൊടുക്കാം‘ എന്ന് കരുതി ഞാന്‍ ഫോണ്‍ എടുത്തു.
“ആപാ...ഇത് ഞാനാ...” അപ്പുറത്ത് നിന്നും അനന്തിരവന്റെ ശബ്ദം.
“ങാ...എന്താ ഈ നേരത്ത് ?” ക്ഷമകെട്ട് ഇരിക്കുന്ന ഞാന്‍ ചോദിച്ചു.
“ഒന്നുമില്ല...ഞാന്‍ ഇവിടെ എസ്.ബി.ഐയില്‍ ഒരു അക്കൌണ്ട് തുടങ്ങിയിട്ടുണ്ട്.ആപയുടെ ഫോണ്‍ നമ്പറാ അതില്‍ കൊടുത്തത്.അക്കൌണ്ട് ആക്ടിവേറ്റ് ആയാല്‍ നിങ്ങള്‍ക്ക് മെസേജ് വരും...”
“യാ കുദാ!!!”
എസ്.ബി.ഐയില്‍ നിന്നുള്ള ആ മെസേജ് ബാങ്ക് സമയം കഴിഞ്ഞ് എത്തിയതില്‍ ഞാന്‍ ദൈവത്തെ സ്തുതിച്ചു.ഇല്ലായിരുന്നുവെങ്കില്‍ ഉണ്ടാകുമായിരുന്ന പൊല്ലാപ്പുകള്‍ എന്തൊക്കെയായിരുന്നു.ഒരു പക്ഷേ പിറ്റേ ദിവസം വാര്‍ത്തയില്‍ നിറഞ്ഞു നില്‍ക്കുന്നതും ഞാന്‍ ആയി മാറിയേനെ.അനന്തിരവന്മാരായാല്‍ ഇങ്ങനെയും ഓരോ കുന്ത്രാണ്ടങ്ങള്‍ ഒപ്പിച്ചു വയ്ക്കണം.അമ്മാവന്മാരേ, ജാഗ്രതൈ!!!
Thursday, August 28, 2008
അഴീക്കോട്ടെ സാബു
എന്റെ സുഹൃത്തുക്കളില്‍ പലര്‍ക്കും മൊബൈല്‍ഫോണ്‍ കണക്ഷന്‍ കിട്ടിയ ശേഷമാണ് എനിക്ക് അതിന്റെ ആവശ്യകത മനസ്സിലായതും ഞാന്‍ കണക്ഷന്‍ എടുത്തതും.കണക്ഷന്‍ കിട്ടിയ ദിവസം തന്നെ പുത്തന്‍ കളിപ്പാട്ടം കിട്ടിയ കുട്ടിയെപ്പോലെ ഞാന്‍ മൊബൈലില്‍ തന്നെ കളിച്ചുകൊണ്ടിരുന്നു. എനിക്ക് ഫോണ്‍ നമ്പര്‍ അറിയാവുന്ന സുഹൃത്തുക്കളെയെല്ലാം വിളിച്ച് എന്റെ മൊബൈല്‍ നമ്പര്‍ നല്‍കുകയും "മിസ്‌കാള്‍" എന്ന പരീക്ഷണവിളി വിടാന്‍ ആവശ്യപ്പെടുകയും ചെയ്തു.
അടുത്ത ദിവസം വൈകുന്നേരം.ഫോണ്‍ മേശപ്പുറത്ത് വച്ച് ഞാന്‍ ടോയ്‌ലറ്റില്‍ കയറി.
"ലജ്ജാവതിയേ....നിന്റെ കള്ളക്കടക്കണ്ണില്‍....
ലജ്ജാവതിയേ....നിന്റെ കള്ളക്കടക്കണ്ണില്‍...." എന്റെ ഫോണില്‍ നിന്നുള്ള റിംഗ്‌ടോണ്‍ ഉയര്‍ന്നു.അതേ പോലെ നിലക്കുകയും ചെയ്തു.
'കൃത്യസമയത്ത്' തന്നെ മിസ് അടിച്ച ആ സുഹൃത്തിനെ മനസാ അഭിനന്ദിക്കുന്നതിനിടയില്‍ 'ലജ്ജാവതി' വീണ്ടും കേള്‍ക്കാന്‍ തുടങ്ങി.
ഇരുന്ന ഇരിപ്പില്‍ നിന്ന് , പണ്ട് ആര്‍ക്കിമിഡീസ് യുറേക്ക യുറേക്ക എന്ന് വിളിച്ച് ഓടിയതിന് ഏകദേശം സമാനമായി ഞാന്‍ ഫോണിനടുത്തേക്ക് ഓടി (അന്ന് സമീപത്ത് ആരും ഇല്ലാഞ്ഞത് അവരുടെയും എന്റെയും ഭാഗ്യം എന്ന് ഇന്ന് ഞാന്‍ ഓര്‍ത്തുപോകുന്നു!!).ഇന്‍കമിംഗ് കാളിന്റെ നമ്പര്‍ നോക്കി അറ്റന്റ് ചെയ്യുക എന്ന 'കോമണ്‍സെന്‍സ്' അന്ന് എനിക്കില്ലായിരുന്നു.അല്ലെങ്കിലും ഫോണ്‍ കിട്ടിയതിന്റെ പിറ്റേ ദിവസം തന്നെ ആ കോമണ്‍സെന്‍സ് ആര്‍ക്കും ഉണ്ടാകും എന്ന് എനിക്ക് തോന്നുന്നില്ല.ഫോണ്‍ എടുത്ത് കാള്‍ അറ്റന്റ് ചെയ്തുകൊണ്ട് ഞാന്‍ പറഞ്ഞു.
"ഹലോ"
"ഹലോ" മറുഭാഗത്ത് നിന്ന് ഒരു കിളിനാദം - എന്റെ ഫോണിലേക്കുള്ള ആദ്യ കിളിവിളി.
"ഹലോ ...ആരാ?" ആളെ മനസ്സിലാകാത്തതിനാല്‍ ഞാന്‍ ചോദിച്ചു.
"നീ ഇത്ര എളുപ്പം എന്നെ മറന്നോടാ....ഞാന്‍ ഷിലുവാ.....ഷിലു..."
തളിപ്പറമ്പ് സർ സയ്യിദ് കോളജിൽ PG ക്ക് പഠിക്കുമ്പോൾ മറ്റൊരു ക്ലാസിൽ പഠിച്ചിരുന്ന ഷിലു.... അന്ന് ഞാന്‍ അടുത്ത് കൂടെ നടന്ന് പോയപ്പോള്‍ 'ദേവാ' എന്ന് വെറുതെ വിളിച്ചതിന് അവളുടെ ഡിപ്പാര്‍ട്ട്‌മന്റ് തലവിയുടെ പഴി കേട്ട ഷിലു..... ഷിലുഷാലിമാര്‍ എന്ന പേരു കാരണം ഷാലിമാര്‍ പെയ്ന്റിന്റെ ഉടമയുടെ മകള്‍ എന്ന ഗര്‍വ്വോടെ നടന്നിരുന്ന ഷിലു.... ആ ഷിലു എനിക്ക് ഫോണ്‍ കിട്ടി രണ്ടാം ദിവസം തന്നെ എന്നെ വിളിക്കുന്നു !! എൻ്റെ മനസ്സിൽ നിരവധി ലഡുകൾ പൊട്ടിത്തകർന്നു. '
"ഓ മൈ ഗോഡ്..... വാട്ട് എ സര്‍പ്രൈസ് കാള്‍ .... ഹൗ യൂ ഗോട്ട് മൈ നമ്പര്‍..?" ഫോണിന്റെ മറുതലക്കല്‍ ഷിലു എന്ന പെണ്‍കുട്ടി ആയതിനാല്‍ എന്റെ നാവില്‍ നിന്ന് ഇംഗ്ലീഷ് നുരഞ്ഞ് പൊങ്ങി.
" യെസ്, ജസ്റ്റ് എ സര്‍പ്രൈസ്... അനിയത്തിയുടെ കോഴ്സ് കഴിഞ്ഞോ?" അവൾ ആദ്യത്തെ ചോദ്യമെറിഞ്ഞു.
എനിക്ക് അനിയത്തി ഇല്ലാത്തതിനാല്‍ എൻ്റെ ചെറിയ അനിയനെ ആയിരിക്കും ഉദ്ദേശിച്ചത് എന്ന മട്ടില്‍ ഞാന്‍ മറുപടി പറഞ്ഞു
" ഇല്ല......അവന് ഒരു സെമസ്റ്റര്‍ കൂടി ബാക്കിയുണ്ട്...."
"കഷ്ടം...." അവളുടെ ആ മറുപടിയുടെ കാരണം എനിക്ക് പിടികിട്ടിയില്ല.
"പിന്നെ മമ്മി മരിച്ചത് പത്രത്തിലൂടെ ഞാനറിഞ്ഞു....പപ്പാ ആശുപത്രി വിട്ടോ...?"
"ങ്‌ഹേ!!!" വീട്ടില്‍ ഒരു കുഴപ്പവുമില്ലാതെ ഇരിക്കുന്ന എന്റെ ഉമ്മയേയും ഉപ്പയേയും പറ്റിയുള്ള ആ വര്‍ത്തമാനവും ചോദ്യവും എന്നെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു.
"ഹലോ.....നിങ്ങള്‍ ആരെയാ വിളിച്ചത്?" ഒരു കണ്‍ഫര്‍മേഷന് വേണ്ടി ഞാന്‍ അവളോട് ചോദിച്ചു.
"അഴീക്കോട്ടെ സാബു അല്ലേ..?" മറുതലക്കല്‍ നിന്ന് ചോദ്യം വന്നു.
"ഓ....സ്ഥലത്തിലും പേരിലും ചെറിയൊരു സ്പെല്ലിംഗ് മിസ്റ്റേക്ക് ഉണ്ട്.... അഴീക്കോട്ടെ സാബു അല്ല...ഇത് അരീക്കോട്ടെ ആബുവാ...." ഞാന്‍ മറുപടി നല്‍കി.
"ഓ മൈ ഗോഡ് റോംഗ് നമ്പര്‍!!! സോറി ഫോര്‍ ഡിസ്റ്റര്‍ബന്‍സ്..."
"ഇറ്റിസ് ഒ.കെ.... ബട്ട് കീപ് ദിസ് നമ്പര്‍... " എന്ന് റിക്വസ്റ്റ് ഇട്ടപ്പോഴേക്കും അവള്‍ ഫോണ്‍ വെച്ചു.
Posted by Areekkodan | അരീക്കോടന്‍
