Pages

Sunday, February 28, 2021

അന്തവും ആദ്യവും

                 എൻ്റെ ഉമ്മ സർക്കാർ സർവീസിൽ നിന്ന് വിരമിച്ചത് 1996 മാർച്ച് 31 നായിരുന്നു.കൃത്യം ഒരു മാസം കഴിഞ്ഞ് ഏപ്രിൽ 30 ന് ഞാൻ സർക്കാർ സർവീസിൽ പ്രവേശിക്കുകയും ചെയ്തു. ബാപ്പയും ഉമ്മയും അടുത്തൂൺ പറ്റിയതിന് പിന്നാലെ എൻ്റെ കുടുംബത്തിൽ നിന്നും ഞാൻ സർവീസിൽ പ്രവേശിച്ചത് അന്ന് ഏറെ സന്തോഷം നൽകി.കാരണം, രണ്ട് എയ്‌ഡഡ്‌ സ്‌കൂളുകളിൽ അധ്യാപക തസ്തികയിലേക്ക് അഭിമുഖത്തിന് ഹാജരായി, നിഷ്കരുണം പുറത്തായി നിൽക്കുന്ന സമയത്താണ്, സർക്കാർ ജോലി നേടി എടുത്ത് അവരോട് ഞാൻ മധുര പ്രതികാരം ചെയ്തത് . അന്ന് ആ സ്‌കൂളുകളിൽ ജോലി ലഭിക്കാത്തതിനാൽ ഇന്ന് ഞാൻ കോളേജിൽ ജോലി ചെയ്യുന്നു . ദൈവത്തിന് സ്തുതി.

              ഇക്കഴിഞ്ഞ ആഴ്ച മറ്റൊരു യാദൃശ്ചികത എന്റെ കുടുംബത്തിൽ ഉണ്ടായി. എന്റെ ഭാര്യയും മകളും ഒരേ പി.എസ്.സി പരീക്ഷ എഴുതി. ഈ വർഷം മുതൽ ഏർപ്പെടുത്തിയ പ്രിലിമിനറി പരീക്ഷ ആയിരുന്നു ഉമ്മയും മകളും ഒരുമിച്ചെഴുതിയ പരീക്ഷ. രണ്ട് വ്യത്യസ്ത തസ്തികകളിലേക്കായിരുന്നു പരീക്ഷ. പരീക്ഷാ കേന്ദ്രവും വ്യത്യസ്തമായിരുന്നു. ഈ പരീക്ഷ പാസായില്ലെങ്കിൽ അദ്ധ്യാപകേതര പോസ്റ്റിലേക്കുള്ള, ഭാര്യയുടെ അവസാനത്തെ പി.എസ്.സി പരീക്ഷ ആയിരിക്കും ഇത്. അതേ സമയം മോള് എഴുതിയ ആദ്യത്തെ പി.എസ്.സി പരീക്ഷയും. ഫലം വരുമ്പോൾ ആര് ജയിക്കും എന്നതാണ് ഞങ്ങൾ ഉറ്റു നോക്കുന്നത് !

             എന്റെ കൂടെ പോസ്റ്റ് ഗ്രാജുവേറ്റ് പരീക്ഷ എഴുതിയ എന്റെ ഭാര്യ, മകളുടെ കൂടെ പി.എസ്.സി പരീക്ഷയും എഴുതിക്കൊണ്ട് ഞങ്ങളുടെ കുടുംബത്തിലെ ഒരു അപൂർവ്വ റിക്കാർഡിന് ഇതോടെ ഉടമയായി.

NB: അപ്പോൾ തലക്കെട്ട് അങ്ങനെത്തന്നെയല്ലേ ശരി?

Friday, February 26, 2021

കാലൊപ്പുകൾ

എന്റെ ചെറുപ്പം തൊട്ടേ എനിക്കിഷ്ടപ്പെട്ട ഒന്നായിരുന്നു യാത്രകൾ. ഉമ്മയുടെ നാടായ അരീക്കോട് നിന്നും ഉപ്പയുടെ നാടായ പേരാമ്പ്രയിലേക്ക് വർഷത്തിൽ ഒരിക്കൽ വരുന്ന വേനലവധിക്കാലത്ത് നടത്തുന്ന ബസ്  യാത്രകൾ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസങ്ങളിൽ പെട്ടതായിരുന്നു.രണ്ട് ബസ്സിൽ കയറുന്നതും കോഴിക്കോട് കാണുന്നതും (ബസ്  സ്റ്റാന്റ് മാത്രം) ബസ് ടിക്കറ്റ് സൂക്ഷിക്കുന്നതും എല്ലാം അന്നത്തെ ടോപ് സംഭവങ്ങൾ ആയിരുന്നു. ഇന്ന് യാത്ര സ്വന്തം വാഹനത്തിൽ ആയതിനാൽ ആസ്വാദനത്തിന്റെ രീതിയും രുചിയും എല്ലാം മാറി.

വല്ലപ്പോഴും കിട്ടിയിരുന്ന ആ യാത്രാ അനുഭവങ്ങൾ ആയിരിക്കാം ഒരു പക്ഷെ എന്നിൽ ഒരു യാത്രാ ഭ്രാന്തനെ സൃഷ്ടിച്ചത്. മൻസൂറിനെപ്പോലെ അത്ര തലക്ക് പിടിച്ചില്ല എന്നത് എന്റെ സമയത്തിന്റെ പരിമിതികളും അവന്റെയും എന്റെയും യാത്രാ സങ്കൽപ്പത്തിലുള്ള വ്യത്യാസങ്ങളുമായിരിക്കാം. യാത്ര ചെയ്ത സ്ഥലങ്ങളെപ്പറ്റി എല്ലാവർക്കും അറിയാവുന്ന കാര്യങ്ങൾക്കൊപ്പം നമ്മുടെ കുറെ അനുഭവങ്ങളും കൂടി പങ്കു വയ്ക്കുമ്പോൾ ആ വിവരണം ഉപകാരപ്രദവും ഒപ്പം ഹൃദ്യവും ആകും. 

മൻസൂറിന്റെ യാത്രാ കുറിപ്പുകൾ വായനക്കാരെ പിടിച്ചിരുത്തുന്നത് ഈ രണ്ട് ചേരുവകളും കൃത്യമായി ചേരുന്നത് കൊണ്ടാണ്. കാലൊപ്പുകൾ പരിചയപ്പെടുത്തുന്നത് അത്തരം നിരവധി യാത്രാനുഭവങ്ങളാണ്. അതിൽ ഒരു വിളിപ്പാടകലെ കാറ്റു കൊള്ളാൻ പോയ യാത്രകളുണ്ട് ,ഉപ ഭൂഖണ്ഠങ്ങൾ താണ്ടിയുള്ള യാത്രയും ഉണ്ട്. അതായത് ചെറുതും വലുതുമായ ഏത് യാത്രയും ഒരു യാത്രാപ്രാന്തനെ സംബന്ധിച്ചിടത്തോളം അനുഭവങ്ങളുടെ അക്ഷയ ഖനിയാണ്.

മാവൂരിനടുത്തുള്ള കൽപ്പള്ളി എന്ന സ്ഥലത്തെ പറ്റി പറയുന്ന ഭാഗം വായിക്കുമ്പോൾ ഞാൻ വെറുതെ ഒന്ന് പുറത്തേക്ക് നോക്കി. അവൻ പറഞ്ഞ സ്ഥലത്തായിരുന്നു അപ്പോൾ ഞാൻ യാത്ര ചെയ്തിരുന്ന ബസ് നിന്നിരുന്നത് . വെള്ളം നിറഞ്ഞ പാടത്തിന് നടുവിൽ നിൽക്കുന്ന മരത്തിൽ ഞാൻ ഇതുവരെ കാണാത്ത ഒരു പക്ഷി തല ഉയർത്തി നിൽക്കുന്നു! ഏതോ ദേശത്ത് നിന്നും മാസങ്ങൾക്ക് മുമ്പ് കുടിയേറി ഇനി സ്വന്തം നാട്ടിലേക്ക് പറക്കുന്നതിന് മുമ്പ് താൻ വിരാചിച്ച ഇടം മുഴുവൻ കൺ നിറയെ കാണുന്ന ഒരു പക്ഷി. ഒരു പക്ഷെ ഇനിയും ഒരു ദേശാടനത്തിന് ബാല്യമില്ല എന്ന് തിരിച്ചറിഞ്ഞാണോ ആ കൊക്ക് ഈ നാടിനോട് യാത്ര പറയുന്നത് എന്ന് തോന്നിപ്പോയി.ഇങ്ങനെ നിരവധി അനുഭവങ്ങൾ കാലൊപ്പിലൂടെ തത്സമയം നമുക്ക് ലഭിക്കും. യാത്ര ഇഷ്ടപ്പെടുന്ന ഒരാളാണെങ്കിൽ കാലൊപ്പുകൾ  ഒരൊറ്റ ഇരുപ്പിന് വായിച്ച് തീർക്കാൻ തോന്നും. 


പുസ്തകം : കാലൊപ്പുകൾ 
രചയിതാവ് : മൻസൂർ അബ്ദു ചെറുവാടി 
പ്രസാധകർ : പെൻഡുലം ബുക്സ് 
പേജ് : 112 
വില: 110 രൂപ
 

Wednesday, February 17, 2021

സൌഹൃദം പൂക്കുന്ന വഴികൾ - 10

VAIGA അഗ്രി ഹാക്കത്തോണിന്റെ രണ്ടാം ദിവസം, എൻ്റെ ജീവിതത്തിലെ തന്നെ ഏറ്റവും സന്തോഷകരമായ ദിനങ്ങളായി മാറിക്കൊണ്ടിരിക്കുകയായിരുന്നു. ജൂറി അംഗങ്ങളായി വന്ന പലരും NSS ലൂടെ മുൻ പരിചയം ഉള്ളവരായിരുന്നു. ഓർഗനൈസിംഗ്‌ കമ്മിറ്റിയുടെ ഭാഗമായി പ്രവർത്തിക്കുന്ന വളണ്ടിയർമാർ വിവിധ കാമ്പസുകളിൽ ഉണ്ടായിരുന്ന പ്രഗത്ഭരായ മുൻ NSS വളണ്ടിയർമാരും. എല്ലാം കൂടി, കഴിഞ്ഞ മൂന്ന് വർഷമായി എനിക്ക് നഷ്ടമായ പഴയ NSS കാലത്തേക്ക് എന്നെ കൈ പിടിച്ച് കൊണ്ടുപോയി.

തൃശൂരിൽ എത്തി എന്ന് വാട്സ്ആപ്പിലെ വിവിധ ഗ്രൂപ്പുകളിൽ സന്ദേശം ഇട്ടതിന്റെ അടിസ്ഥാനത്തിൽ രാത്രി തന്നെ മൂന്നാമത്തെ വിളിയും വന്നു  വിളിക്കാരി വളരെ അടുത്ത പരിചയം ഉള്ളതുപോലെയായിരുന്നു സംസാരിച്ചത്. നമ്പർ സേവ് ചെയ്യാത്തതിനാൽ എനിക്ക് പെട്ടെന്ന് ആളെ പിടികിട്ടിയില്ല. 'ഞാൻ ഫൗസിയയാണ്' എന്ന് അറിയിച്ചപ്പോഴാണ് ഏതാനും മാസങ്ങൾക്ക് മുമ്പ് രൂപീകരിച്ച ബി എഡ് ഗ്രൂപ്പ് പെട്ടെന്ന് ഓർമ്മയിൽ തെളിഞ്ഞത്. 

ഫൗസിയ മാത്‍സ് ലും ഞാൻ ഫിസിക്കൽ സയൻസിലും ആയിരുന്നു.കൂർക്കഞ്ചേരി താമസിക്കുന്ന അവളുടെ വീട്ടിലേക്ക് രാത്രി ഭക്ഷണത്തിനായിരുന്നു ക്ഷണം.ബട്ട്, ഹാക്കത്തോൺ മൂല്യനിർണ്ണയം ഒരു റൌണ്ട് രാത്രിയും ഉള്ളതിനാൽ ഞാനത് സ്നേഹപൂർവ്വം നിരസിച്ചു. എങ്കിൽ വൈകിട്ട് ഓഫീസിൽ നിന്നിറങ്ങുമ്പോൾ കോളേജിൽ വന്ന് കാണാമെന്ന് പറഞ്ഞപ്പോൾ എന്റെ മനസ്സ് നിറഞ്ഞു. കാരണം 1995 ൽ പിരിഞ്ഞ ഒരു ബന്ധം 25 വർഷത്തിന് ശേഷം വിളക്കി യോജിപ്പിക്കാൻ പോവുകയാണ്. പറഞ്ഞപോലെ ഫൗസിയ വൈകിട്ട് കോളേജിൽ വന്നു. കയ്യിൽ ഒരു മൊബൈൽ ഫോണും  കൂടെ ഭർത്താവും ഉണ്ട് എന്നതൊഴിച്ചാൽ പഴയ ഫൗസിയയും പുതിയ ഫൗസിയയും തമ്മിൽ ഒരു മാറ്റവും ഇല്ലായിരുന്നു.  

രാത്രി റൂമിൽ എത്തിയപ്പോഴാണ് മറ്റൊരാൾ കൂടി മനസ്സിൽ പാഞ്ഞു കയറിയത്. 1996 ൽ പി ജി ക്ക് തളിപ്പറമ്പ് സർ സയ്യിദ് കോളേജിൽ ഒരുമിച്ചുണ്ടായിരുന്ന ഈരാറ്റുപേട്ടക്കാരി ഷിലു ഷാലിമാർ. കല്യാണം കഴിഞ്ഞ് തൃശൂർ ടൗണിൽ തന്നെയാണ് താമസം എന്ന് രണ്ട് വർഷം മുമ്പ് അറിയിച്ചിരുന്നു.പിന്നീട് പല തവണ തൃശൂർ പോയെങ്കിലും സായിപ്പിനെക്കാണുമ്പോൾ കവാത്ത് മറക്കുന്നപോലെ തൃശൂരിൽ എത്തുമ്പോൾ അത് ഓർമ്മയിൽ വരില്ല.ഓർമ്മ മനസ്സിൽ മിന്നി മറഞ്ഞ സമയം,  രാത്രി ഏറെ വൈകിയിരുന്നതിനാൽ ഞാൻ തൃശൂരിൽ ഉണ്ട് എന്ന ഒരു മെസേജ് മാത്രം ഇട്ടു. പിറ്റേന്ന് രാവിലെ അവളും വിളിച്ചു- ഉച്ചയൂണിനായിരുന്നു ക്ഷണം.  

ഹാക്കത്തോൺ അവസാനഘട്ട മൂല്യ നിർണ്ണയത്തിന്റെ ഷെഡ്യൂൾ പെട്ടെന്ന് ഒരു മാറ്റം വന്നതിനാൽ ഷിലുവിന്റെ ക്ഷണവും എനിക്ക് സ്വീകരിക്കാൻ സാധിച്ചില്ല. എങ്കിലും തൃശൂർ വിടുന്നതിനു മുമ്പ് ഞാൻ വീട്ടിൽ വന്നിരിക്കും എന്ന് വാക്കു കൊടുത്തു. ഉച്ചക്ക് ശേഷം രാകേഷിനെ വീണ്ടും വിളിച്ച് ഞാൻ എന്റെ പ്ലാനുകൾ പറഞ്ഞു. അതനുസരിച്ച് രാകേഷ് വണ്ടിയുമായെത്തി. അങ്ങനെ 23 വർഷങ്ങൾക്ക് ശേഷം ആ കൂട്ടുകാരിയേയും നേരിട്ട് കണ്ടു. വിഭവ സമൃദ്ധമായ സൽക്കാരവും അതിലും സമൃദ്ധമായ ഓർമ്മപ്പെയ്ത്തും ആ സായാഹ്നത്തെ ധന്യമാക്കി.
നാട്ടിലേക്ക് മടങ്ങാനായി KSRTC സ്റ്റാന്റിൽ എത്തിയെങ്കിലും നേരിട്ട് ബസ് ഇല്ല എന്നറിഞ്ഞതോടെ രാകേഷിന്റെ കൂടെ വീണ്ടും ഹോട്ടലിലേക്ക് തന്നെ മടങ്ങി.ഏകാന്തതയുടെ വിരസത അകറ്റാൻ പുസ്തകം കയ്യിലുണ്ടായിരുന്നെങ്കിലും രാകേഷിനെ ഞാൻ റൂമിലേക്ക് ക്ഷണിച്ചു. എന്റെ അനുഭവങ്ങളും രാകേഷിന്റെ അനുഭവങ്ങളും പെയ്തൊഴിയുമ്പോൾ രണ്ട് മണിക്കൂർ പിന്നിട്ടിരുന്നു.

ഹാക്കത്തോണിനാണ് പോയതെങ്കിലും അപ്രതീക്ഷിതമായി ഈ ദിനങ്ങൾ എനിക്ക് എന്നെന്നും ഓർമ്മയിൽ സൂക്ഷിക്കാനുള്ളതായി മാറി.ഇഴ പിരിഞ്ഞ സൗഹൃദങ്ങളെ അടുപ്പിക്കാൻ കൂടി ഈ തൃശൂർ ദിനങ്ങൾ കനിഞ്ഞ്  നൽകിയ ദൈവത്തിന് സ്തുതി.

Tuesday, February 16, 2021

സൌഹൃദം പൂക്കുന്ന വഴികൾ - 9

സുഹൃത് ബന്ധങ്ങളുടെ വില എനിക്ക് നന്നായറിയാം. അതിനാൽ തന്നെ ഓൺലൈൻ സൗഹൃദങ്ങളെക്കാൾ ഓഫ്‌ലൈൻ സൗഹൃദങ്ങൾക്കാണ് ഞാൻ മുൻതൂക്കം നൽകാറുള്ളത്.എൽ പി സ്‌കൂൾ മുതൽ ആരംഭിച്ച മിക്ക സുഹൃത് ബന്ധങ്ങളും ഇന്നും നില നിർത്താൻ എൻ്റെ ജോലിയും സാമൂഹ്യ പദവിയും നാളിതുവരെ എനിക്ക് തടസ്സം നിന്നിട്ടില്ല. ആ തടസ്സത്തെ ഞാൻ വിളിക്കുന്ന പേരാണ് അഹംഭാവം. ഞാൻ വലിയവനാണ് എന്ന ഭാവം സ്വയം ജനിക്കുന്നതോടെ അവൻ ചെറിയവനായി മാറുന്നു എന്നാണ് എൻ്റെ നിലപാട് . 

VAIGA അന്താരാഷ്ട്ര കാർഷിക പ്രദർശനത്തോടനുബന്ധിച്ചുള്ള ഹാക്കത്തോൺ ജൂറി പാനലിൽ അംഗമായി തെരഞ്ഞെടുക്കപ്പെട്ടതും ഞാൻ തൃശൂരിൽ എത്തിയതും എൻ്റെ പത്താം ക്ലാസ് സുഹൃത്തുക്കളുമായി മാത്രമേ ഞാൻ ആദ്യം ഷെയർ ചെയ്തിരുന്നുള്ളൂ. ഞാനംഗമായ മറ്റുള്ള ഗ്രൂപ്പുകളിൽ എല്ലാം, വിവിധ ജില്ലക്കാർ ഉള്ളതിനാൽ അവരുടെ ബന്ധുക്കളാരെങ്കിലും ഹാക്കത്തോണിൽ പങ്കെടുക്കുന്നുണ്ടെങ്കിൽ അതൊരു അപവാദത്തിന് ഇടയാക്കേണ്ട എന്നതായിരുന്നു ഇതിൻ്റെ പിന്നിലെ എൻ്റെ ഉദ്ദേശ്യം. ആദ്യ ദിനത്തിലെ മൂല്യനിർണ്ണയം കഴിഞ്ഞ് റൂമിൽ എത്തിയ ഉടനെ, ഇനി പ്രശ്നം ഇല്ല എന്നതിനാൽ, ഹാക്കത്തോണിൻ്റെ ജൂറി മെമ്പർ സ്ഥാനം ലഭിച്ച വിവരം ഞാൻ മറ്റ് ഗ്രൂപ്പുകളിലും കൂടി അറിയിച്ചു.

അൽപ സമയത്തിനകം തന്നെ എനിക്ക് അഭിനന്ദനങ്ങളും കാളുകളും വരാൻ തുടങ്ങി ! എൻ്റെ പ്രിയപ്പെട്ട NSS മക്കളിൽ പെട്ട കോഴിക്കോട്ട്കാരൻ അമിത് ആയിരുന്നു ആദ്യം വിളിച്ചത്. തൃശൂരിൽ കൺസ്ട്രക്ഷൻ കമ്പനി നടത്തുന്ന അവനും തൃശൂർ സ്വദേശിയും എൻ്റെ NSS യൂണിറ്റ് വളണ്ടിയർ സെക്രട്ടറിയുമായിരുന്ന രാകേഷ് രാജനും കൂടി പിറ്റേന്ന് കാലത്ത് ഞാൻ താമസിക്കുന്ന Hotel Elite International ൽ നേരിട്ട് വന്ന് കാണാം എന്ന് അറിയിച്ചു. പിറ്റേന്ന് രാവിലെ തേക്കിൻകാട് മൈതാനിയിലൂടെയുള്ള എൻ്റെ പ്രഭാത നടത്തം കഴിഞ്ഞ ഉടൻ അവർ രണ്ട് പേരും എത്തി. 

എവിടെ ചെന്നാലും "ഈ നാട്ടിലെത്തി " എന്ന ഒരു സന്ദേശം ഇടുന്നതോടെ കാണാനും സൗകര്യങ്ങൾ ഒരുക്കാനും ഓടി വരുന്ന ശിഷ്യഗണങ്ങളാണ് ഒരദ്ധ്യാപകൻ്റെ ഏറ്റവും വലിയ സമ്പത്ത്. ഗുരു-ശിഷ്യ ബന്ധം ഊഷ്മളമാണെങ്കിൽ മാത്രമേ ഈ സമ്പത്ത് വളരൂ എന്ന് മാത്രം. പ്രഭാത സൂര്യൻ്റെ കിരണങ്ങളും തൃശൂർ റൗണ്ടിലെ മന്ദമാരുതൻ്റെ തലോടലും വടക്കുംനാഥൻ്റെ സാമീപ്യവും ആവോളം ആസ്വദിച്ച്  പഴയ കുറെ സ്മരണകൾ അയവിറക്കി ഞങ്ങൾ പിരിഞ്ഞു.

അടുത്ത വിളി , പത്താം ക്ലാസിലെ സഹപാഠിയായിരുന്ന ഷീജയുടെതായിരുന്നു. തൃശൂരിൽ ജോലി ചെയ്യുന്ന അവളുടെ ഓഫീസിൽ നിന്നും നടന്നെത്താവുന്ന ദൂരത്തിലാണ് എൻ്റെ ഹാക്കത്തോൺ വേദിയായ സെൻറ് തോമസ് കോളേജ് എന്നറിയിച്ചപ്പോൾ എനിക്ക് വളരെ സന്തോഷം തോന്നി. തൃശൂരിൽ കറങ്ങാനോ വേദിയിൽ നിന്ന് റൂമിലേക്ക് പോകാനോ മറ്റെന്തെങ്കിലും ആവശ്യത്തിനോ ടൂ വീലർ ആവശ്യമുണ്ടെങ്കിൽ അവളുടെ സ്കൂട്ടി എടുക്കാമെന്ന ഓഫർ സ്നേഹപൂർവ്വം നിരസിക്കേണ്ടി വന്നു. കാരണം എനിക്ക് ടൂ വീലർ ഓടിക്കാൻ അറിയില്ല എന്നത് തന്നെ.

മോണിംഗ് ടീ ബ്രേക്ക് സമയത്ത് അവളും എൻ്റെ അടുത്തെത്തി.പേരറിയാത്ത കുറെ മരങ്ങൾ തണൽ വിരിക്കുന്ന സെൻ്റ് തോമസ് കോളേജിലെ ഗാന്ധി സ്മൃതി ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ ഇരുന്ന് ചായ നുകരുമ്പോൾ ഞാൻ അറിയാതെ എൻ്റെ  കലാലയ ജീവിതത്തിലെ സുവർണ്ണ കാലത്തെ കാറ്റാടിത്തണലിലേക്ക് എത്തിച്ചേർന്നു.


(തുടരും... )

Monday, February 15, 2021

വൈഗ കാർഷിക മേള

               ഇന്ത്യയിൽ  നിരവധി കാർഷിക മേളകൾ നടക്കാറുണ്ട്. നമ്മളിൽ പലരും ശ്രദ്ധിക്കാറില്ല എന്ന് മാത്രം. എന്നാൽ കേരളത്തിൽ കഴിഞ്ഞ അഞ്ചു വർഷമായി നടന്നു വരുന്ന വൈഗ എന്ന കാർഷിക മേള സമൂഹത്തിന്റെ വിവിധ മേഖലകളിലെ നിരവധി പേരുടെ ശ്രദ്ധ  പിടിച്ചു പറ്റിയ ഒരു മേളയാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കാർഷിക മേളകളിൽ ഒന്നായി വൈഗ ഇപ്പോൾ ഉയർന്നു കഴിഞ്ഞു.

             തൃശൂർ തേക്കിൻകാട് മൈതാനത്ത് സജ്ജമാക്കുന്ന വിശാലമായ വേദിയിലാണ് വർഷം തോറും വൈഗ അരങ്ങേറുന്നത് . പൂരത്തിന്റെ മുമ്പുള്ള പൂരം എന്ന നിലയിലേക്ക് വരെ കഴിഞ്ഞ വൈഗകൾ എത്തിച്ചേർന്നിരുന്നു. ജന പങ്കാളിത്തം കൊണ്ട് അത്രയും ശ്രദ്ധേയമായിരുന്നു വൈഗ. ഞാനും എൻ്റെ നാട്ടിൽ നിന്ന് നൂറിലധികം കിലോമീറ്റർ സഞ്ചരിച്ച് ഈ മേള കാണണം എന്നാഗ്രഹിച്ചെങ്കിൽ, ഒരു മുഴുവൻ സമയ കർഷകനും കൃഷി ഒരു അഭിനിവേശമായി കൊണ്ടു നടക്കുന്നവനും ഈ മേളയെ എത്രകണ്ട് മനസാവരിച്ചിരിക്കും എന്ന് ഊഹിക്കാവുന്നതേയുള്ളൂ. 

             എന്നാൽ കോവിഡ് ഭീഷണി പൂർണ്ണമായും വിട്ടുമാറാത്ത അവസ്ഥയിൽ ഇത്തവണ വൈഗ നടന്നത് അഞ്ച് വേദികളിലായിട്ടാണ്. സാങ്കേതിക പരിശീലന ക്ളാസ്സുകൾക്കും  പ്രദർശനത്തിനും പുറമെ കാർഷിക മേഖലയിലെ വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം തേടുന്ന അഗ്രി ഹാക്കത്തോൺ കൂടി ഇത്തവണ ഉണ്ടായിരുന്നു. ഹാക്കത്തോൺ ജൂറിയായി സേവനമനുഷ്ഠിക്കുന്നതിനിടക്ക് കിട്ടിയ ഒരു ഇടവേളയിൽ, ഇൻഡോർ സ്റ്റേഡിയത്തിൽ ഒരുക്കിയ, മേളയുടെ പ്രധാന ആകർഷണമായ പ്രദർശന സ്റ്റാൾ ഞങ്ങൾ സന്ദർശിച്ചു .

           മുപ്പത്തിയഞ്ചോളം സ്റ്റാളുകളിലായി ക്രമീകരിച്ച വിവിധ പ്രദർശന വസ്തുക്കളും വില്പന വസ്തുക്കളും കാണാനും വാങ്ങാനും ധാരാളം പേരുണ്ടായിരുന്നു. ഞാനും ചില പച്ചക്കറി വിത്തുകൾ വാങ്ങി. ഗവൺമെൻറ് അല്ലെങ്കിൽ ഗവൺമെൻറ് അനുബന്ധിത സ്ഥാപനങ്ങളുടെ സ്റ്റാളുകൾ മാത്രമേ ഇത്തവണ ഉണ്ടായിരുന്നുള്ളു. അതിനാൽ തന്നെ മുൻ വൈഗകൾ കണ്ട പലരും മറ്റു സ്റ്റാളുകൾ തേടി എത്തുന്നത് കാണാമായിരുന്നു. പ്രദർശനം ഇൻഡോർ സ്റ്റേഡിയത്തിൽ മാത്രമേ ഉള്ളു എന്നറിഞ്ഞ പലരുടെയും മുഖത്ത് നിരാശ പടരുന്നതും കണ്ടു. വൈഗ അവരുമായി അത്രക്കും ഇഴകിച്ചേർന്നിരുന്നു എന്ന് അപ്പോൾ മനസ്സിലായി. 

Thursday, February 11, 2021

ആൽക്കെമിസ്റ്റും ഞാനും

               നാല് വർഷങ്ങൾക്ക് മുമ്പ് നാഷണൽ സർവീസ് സ്‌കീമിന്റെ ഏതോ ഒരു പ്രോഗ്രാം കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചു പോരുന്നതിനിടയിൽ തൃശൂർ കെ.എസ്.ആർ.ടി.സി ബസ്‌സ്റ്റാന്റിൽ നിൽക്കുകയായിരുന്നു ഞാൻ. സ്റ്റാന്റിലേക്ക് കയറി വരുന്ന ബസ്സുകളുടെ കൂട്ടത്തിൽ താമരശ്ശേരി സൂപ്പര്‍ ഫാസ്റ്റ് ഉണ്ടോ എന്ന് തിരയുന്ന എൻ്റെ മുമ്പിൽ പരിചിതമായ ഒരു മുഖം പ്രത്യക്ഷപ്പെട്ടു. എന്നെ ആദ്യമായി ഒരു ക്ലബ്ബിന്റെ കീഴിൽ കലാപരിപാടിക്ക് സ്റ്റേജിൽ കയറ്റിയ , എൻ്റെ വീടുപണിയുടെ ആരംഭത്തിൽ സമയോചിതമായ ഒരു നിർദ്ദേശം നൽകിയ , എൻ്റെ മുൻ അയൽവാസി റഹ്മത്ത് കാക്കയായിരുന്നു അത്. നാട്ടിലെ പ്രമുഖ മലഞ്ചരക്ക് വ്യാപാരികളിൽ ഒരാൾ ആയിരുന്നു അന്ന് അദ്ദേഹം.

            എന്നെ അവിടെ കണ്ട അദ്ദേഹവും അദ്ദേഹത്തെ അവിടെ കണ്ട ഞാനും ഒരു നിമിഷം സ്തംഭിച്ചു നിന്നു. അത്ഭുതം മാറിയപ്പോൾ അദ്ദേഹത്തിൻ്റെ ആഗമനോദ്ദേശം ഞാൻ ആരാഞ്ഞു. മണ്ണുത്തിയിൽ നടക്കുന്ന അന്താരാഷ്‌ട്ര കാർഷിക പ്രദർശനമായ VAIGA  (Value Addition for Income Generation in Agriculture ) കാണാനും ശില്പശാലയിൽ പങ്കെടുക്കാനും ആയിരുന്നു അദ്ദേഹം വന്നത്.തലേ ദിവസം വന്നതാണെന്നും അദ്ദേഹം എന്നെ ധരിപ്പിച്ചപ്പോൾ കൃഷിയിലെ അദ്ദേഹത്തിന്റെ താല്പര്യത്തെ ഞാൻ ശരിക്കും നമിച്ചു.

            അടുത്ത VAIGA കുടുംബ സമേതം തന്നെ കാണണമെന്ന് എൻ്റെ മനസ്സിൽ ആശയമുദിച്ചു. എൻ്റെ ഏറ്റവും പ്രിയപ്പെട്ട എൻ.എസ്.എസ് വളന്റിയർമാരിൽ ഒരാളായ രാകേഷ് രാജന്റെ വീട് മണ്ണുത്തിയിൽ ആണെന്നതും എൻ്റെ ആഗ്രഹത്തിന് ആക്കം കൂട്ടി. പക്ഷെ ഞാവൽ പഴുക്കുമ്പോൾ കാക്കയ്ക്ക് വായ്പ്പുണ്ണ് എന്ന് പറഞ്ഞപോലെ പിന്നെ നടന്ന VAIGA എല്ലാം എനിക്ക് പത്രത്തിൽ തന്നെ വായിക്കേണ്ടി വന്നു. 

           2021 ൽ അഞ്ചാമത് VAIGAയിൽ അഗ്രി ഹാക്കത്തോൺ കൂടി നടക്കുന്നുണ്ട്. നൂതന സാങ്കേതിക വിദ്യകളും ആശയങ്ങളും കണ്ടെത്തുന്നതിനും കാർഷിക മേഖലയിൽ അവ ഉപയോഗപ്പെടുത്തുന്നതിനും വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും അവസരം നൽകുന്നതാണ് ഹാക്കത്തോൺ. അവ മൂല്യ നിർണ്ണയം നടത്തുന്ന ജൂറി പാനലിൽ അംഗമായിട്ടാണ് ഞാൻ ആദ്യമായി VAIGA കാണാൻ പോകുന്നത്. ആൽക്കെമിസ്റ്റ് എന്ന പുസ്തകത്തിലെ തുടക്കക്കുറിപ്പാണ് എനിക്ക് വീണ്ടും ഓർമ്മ വരുന്നത് - നിങ്ങൾ ഒരു കാര്യം അദമ്യമായി ആഗ്രഹിച്ചാൽ അത് സാധിപ്പിച്ച് തരാൻ പ്രകൃതി പോലും ഗൂഢാലോചന നടത്തും. 

Wednesday, February 10, 2021

കളഞ്ഞു പോയത്

             കവിതകൾ വായിക്കുമ്പോൾ സാധാരണ ഞാൻ മൂന്നാമത്തെയോ നാലാമത്തെയോ വരിയിൽ നിർത്തും. കാരണം ആ വരികൾ തന്നെ എൻ്റെ മെഡുല മണ്ണാങ്കട്ടക്ക് ദഹിച്ചിട്ടുണ്ടാവില്ല. പിന്നെ ബാക്കി കൂടി കുത്തിക്കേറ്റുന്നത് ഒരു പാട് പേരോട് ചെയ്യുന്ന പാതകം ആയിരിക്കും. അപ്പൊ പിന്നെ എൻ്റെ പുസ്തക ശേഖരത്തിലെ കവിതാ പുസ്തകങ്ങളുടെ എണ്ണം എത്ര ഉണ്ടാകും എന്ന് ഊഹിക്കാമല്ലോ. പക്ഷെ ഏതാനും  ദിവസങ്ങൾക്ക് മുമ്പ് ഒരത്ഭുതം സംഭവിച്ചു. ഞാനറിഞ്ഞു കൊണ്ട് ഒരു കവിതാ പുസ്തകം വാങ്ങി!

              വർഷം തോറും എൻ്റെ നാട്ടിൽ ഒരു പുസ്തകമേള നടന്നു വരാറുണ്ട് . ടീം പോസിറ്റീവ് എന്ന ഒരു 'ടീം' സംഘടിപ്പിക്കുന്ന പ്രസ്തുത മേളയുടെ ഉത്‌ഘാടന വേദിയിൽ വച്ച് എൻ്റെ ആദ്യ പുസ്തകമായ "അമ്മാവന്റെ കൂളിങ് എഫക്ട് " എൻ്റെ നാട്ടുകാർക്ക് മുമ്പിൽ പരിചയപ്പെടുത്തി. ജനാബ് ശൈഖ് മുഹമ്മദ് കാരക്കുന്നിന് പുസ്തകത്തിന്റെ കോപ്പി നൽകി ആയിരുന്നു ഈ പരിചയപ്പെടുത്തൽ. പുസ്തകം പ്രകാശിപ്പിച്ചത് മറുനാട്ടിലായതിനാലാണ് ഇങ്ങനെ ചെയ്തത്. തൊട്ടു പിന്നാലെ, ഇതേ പോലെ മറ്റെവിടെയോ പ്രകാശനം ചെയ്ത എൻ്റെ നാട്ടുകാരിയായ ഷിംനയുടെ കവിതാ പുസ്തകമായ "കളഞ്ഞു പോയത് " ഉം പരിചയപ്പെടുത്തി. ആ പുസ്തകമായിരുന്നു ഞാൻ വാങ്ങിയ കവിതാ പുസ്തകം.

                 മിക്ക കവിതകളും പത്ത് വരിക്കപ്പുറം പോകാത്തതിനാലും ഗദ്യം പോലെ ആയതിനാലും രണ്ടേ രണ്ട് ഇരുപ്പിൽ ഞാനത് മുഴുവൻ വായിച്ചു. ബാല്യത്തിലേക്കുള്ള തിരിച്ചുപോക്ക്  ഇതിലെ ധാരാളം കവിതകളിൽ കാണാം. 'വീട്ടുസാമാനങ്ങൾ' എന്ന കവിതയിൽ ബാല്യത്തിന്റെ ഗൃഹാതുരത്വം ശരിക്കും ഞാൻ അനുഭവിച്ചു. കളഞ്ഞു പോയ പലതും ആ കവിതയിലൂടെ മനോമുകുരത്തിൽ തിരിച്ചെത്തി. ഇങ്ങനെ പലതും നമ്മെ ഓർമ്മപ്പെടുത്തുന്ന തൊണ്ണൂറ് കവിതകളാണ് ഈ പുസ്തകത്തിലുള്ളത്.

               മലയാളത്തിലെ പ്രശസ്തരായ കവികളിൽ ഒരാളായ ശ്രീ വീരാൻകുട്ടി എഴുതിയ അവതാരികയിൽ ഈ പുസ്തകത്തെ കാണാതായ വസ്തുക്കളുടെ എംപോറിയം എന്നാണ് വിശേഷിപ്പിക്കുന്നത്. വളരെ ശരിയാണതെന്ന് എനിക്ക് തോന്നുന്നു. 

പുസ്തകം : കളഞ്ഞു പോയത് 

രചയിതാവ് : ഷിംന 

പ്രസാധകർ : സ്പെൽ ബുക്സ് , കോഴിക്കോട് 

പേജ് : 96 

വില : 120 രൂപ 

Tuesday, February 09, 2021

സ്റ്റാർ ആപ്പിളും റോസാപ്പിളും

                നമ്മുടെ നാട്ടിൽ ആപ്പിൾ സുലഭമായി കാണാൻ തുടങ്ങിയത് എന്നാണെന്ന് എനിക്ക് കൃത്യമായി ഓർമ്മയില്ല. ആപ്പിൾ കാണാത്ത കുട്ടിക്കാലത്താണ് ന്യൂട്ടന്റെ തലയിൽ ആപ്പിൾ വീണ കഥ ഞാൻ കേട്ടത്. എന്നാൽ അന്നു മുതലേ എൻ്റെ വീട്ടിലെ രണ്ട് ആപ്പിൾ മരങ്ങളെപ്പറ്റി എന്റെ പിതാവിൽ നിന്ന് ഞാൻ കേട്ടറിഞ്ഞിരുന്നു. സ്റ്റാർ ആപ്പിൾ മരവും റോസാപ്പിൾ മരവും ആയിരുന്നു അവ. ഇവയിൽ നിന്ന് പലപ്പോഴും എൻ്റെ തലയിലും ആപ്പിൾ വീണിട്ടുണ്ട്. പക്ഷെ ന്യുട്ടൺ ഉണ്ടാക്കിയ പോലെ പ്രശ്നങ്ങൾ ഉണ്ടാക്കാത്തതിനാൽ ഞാൻ ഞാനായി തന്നെ തുടർന്നു.  

            സ്റ്റാർ ആപ്പിൾ ഇലകൾ മുറ്റത്ത് വീണുകിടക്കുന്നത് കാണാൻ തന്നെ നല്ല ഭംഗിയായിരുന്നു. കാരണം അതിന്റെ ഓരോ ഇലയും പഴുത്ത് കഴിയുമ്പോൾ പല വർണ്ണത്തിൽ ആകുകയാണ് പതിവ്. അതായത് മഞ്ഞ ഇല ആകുന്നതിന് പകരം അത് മഞ്ഞ ഒഴികെയുള്ള വർണ്ണ വൈവിധ്യം തീർക്കും. ഈ മരത്തിൽ ഉണ്ടാകുന്ന ഞാവൽ പോലെയുള്ള ഒരു കായയെയാണ് ആണ് സ്റ്റാർ ആപ്പിൾ  എന്ന് വിളിക്കുന്നത് .കായയുടെ പച്ച നിറം അത് മൂക്കുന്നതിനനുസരിച്ച് മാറി അവസാനം ഞാവലിനെ കളറായി മാറുന്നു. കടിച്ചാൽ പൊട്ടാത്ത ഒരു കുരുവും ഉള്ളിൽ  ഉണ്ടായിരിക്കും.

            എൻ്റെ വീട്ടിൽ ഇന്ന് ഈ മരം ഇല്ല. ഉണ്ടായിരുന്ന കാലത്ത് ഒരു തൈ പറിച്ചെടുത്ത് ഞാൻ കോളേജിൽ കൊണ്ടുപോയി നട്ടിരുന്നു (2011ൽ ആണെന്നാണ് എൻ്റെ ഓർമ്മ ) . തൈ വലുതായി ഈ വർഷം ആദ്യമായി കായ പിടിച്ചപ്പോൾ ഒന്നാമനായി അത് തിന്നാനും എനിക്ക്  ഭാഗ്യമുണ്ടായി (അൽഹംദുലില്ലാഹ്). 
            ശ്രീ. വൈക്കം മുഹമ്മദ് ബഷീറിന്റെ വീട്ടുമുറ്റത്തെ മാങ്കോസ്റ്റിൻ മരം പോലെ എന്റെ വീട്ടുമുറ്റത്തും ഒരു മരം തണൽ വിരിച്ച് നിൽപ്പുണ്ട്. അധികം ഉയരത്തിൽ പോകാത്ത അതിൽ ഇത്തവണ നിറയെ പൂവും ഉണ്ടായി. കായ സാധാരണ വവ്വാൽ കൊണ്ട് പോകാറാണ് പതിവ്. ഇത്തവണ കായകൾ പലതും കയ്യെത്തും ദൂരത്തായതിനാൽ കവറിട്ട് സംരക്ഷിച്ചതിനാൽ കൈ നിറയെ പഴുത്ത കായ്കൾ കിട്ടി. രുചി എന്ത് എന്ന്  ചോദിച്ചാൽ പറയാൻ സാധിക്കാത്ത തരം ഒരു രുചി. 

                ഞങ്ങളിതിനെ ചെറുപ്പം തൊട്ടേ വിളിക്കുന്നത് റോസാപ്പിൾ എന്നാണ് . പക്ഷെ ഫോട്ടോ കണ്ട തൊണ്ണൂറ് ശതമാനം ആള്‍ക്കാരും പറഞ്ഞത് ഇതിന്റെ പേര് പനിനീര്‍ ചാമ്പ എന്നായിരുന്നു. കൂടാതെ മധുരനെല്ലിക്ക, ശീമ ചാമ്പ, കല്‍ക്കണ്ടിക്കായ, പനിനീർ കായ, പനിനീർ പഴം, മലയൻ ആപ്പിൾ ചാമ്പ, സ്വർണ്ണ ചാമ്പ,മൈസൂർ ചാമ്പ, ആറ്റു ചാമ്പ, പഞ്ചാരക്കായ്, പഞ്ചാരനെല്ലി, റോസാ പഴം, ആന ചാമ്പക്ക എന്നിങ്ങനെയും പേരുണ്ടെന്ന് പലരും പറഞ്ഞു.

              ഞാനിതുവരെ കേട്ടതില്‍ പപ്പായക്കായിരുന്നു പര്യായപദം കൂ‍ടുതല്‍. ഇപ്പോള്‍ എനിക്ക് തോന്നുന്നു റോസാപ്പിളിനാണ് ഏറ്റവും കൂടുതല്‍ പര്യായപദമുള്ളത് എന്ന്. കുടുംബ ഗ്രൂപ്പിൽ ഫോട്ടോ ഇട്ടതോടെ കുട്ടിക്കാലത്തേക്ക് അൽപ നേരം മടങ്ങാനും സാധിച്ചു.