Pages

Wednesday, February 17, 2021

സൌഹൃദം പൂക്കുന്ന വഴികൾ - 10

VAIGA അഗ്രി ഹാക്കത്തോണിന്റെ രണ്ടാം ദിവസം, എൻ്റെ ജീവിതത്തിലെ തന്നെ ഏറ്റവും സന്തോഷകരമായ ദിനങ്ങളായി മാറിക്കൊണ്ടിരിക്കുകയായിരുന്നു. ജൂറി അംഗങ്ങളായി വന്ന പലരും NSS ലൂടെ മുൻ പരിചയം ഉള്ളവരായിരുന്നു. ഓർഗനൈസിംഗ്‌ കമ്മിറ്റിയുടെ ഭാഗമായി പ്രവർത്തിക്കുന്ന വളണ്ടിയർമാർ വിവിധ കാമ്പസുകളിൽ ഉണ്ടായിരുന്ന പ്രഗത്ഭരായ മുൻ NSS വളണ്ടിയർമാരും. എല്ലാം കൂടി, കഴിഞ്ഞ മൂന്ന് വർഷമായി എനിക്ക് നഷ്ടമായ പഴയ NSS കാലത്തേക്ക് എന്നെ കൈ പിടിച്ച് കൊണ്ടുപോയി.

തൃശൂരിൽ എത്തി എന്ന് വാട്സ്ആപ്പിലെ വിവിധ ഗ്രൂപ്പുകളിൽ സന്ദേശം ഇട്ടതിന്റെ അടിസ്ഥാനത്തിൽ രാത്രി തന്നെ മൂന്നാമത്തെ വിളിയും വന്നു  വിളിക്കാരി വളരെ അടുത്ത പരിചയം ഉള്ളതുപോലെയായിരുന്നു സംസാരിച്ചത്. നമ്പർ സേവ് ചെയ്യാത്തതിനാൽ എനിക്ക് പെട്ടെന്ന് ആളെ പിടികിട്ടിയില്ല. 'ഞാൻ ഫൗസിയയാണ്' എന്ന് അറിയിച്ചപ്പോഴാണ് ഏതാനും മാസങ്ങൾക്ക് മുമ്പ് രൂപീകരിച്ച ബി എഡ് ഗ്രൂപ്പ് പെട്ടെന്ന് ഓർമ്മയിൽ തെളിഞ്ഞത്. 

ഫൗസിയ മാത്‍സ് ലും ഞാൻ ഫിസിക്കൽ സയൻസിലും ആയിരുന്നു.കൂർക്കഞ്ചേരി താമസിക്കുന്ന അവളുടെ വീട്ടിലേക്ക് രാത്രി ഭക്ഷണത്തിനായിരുന്നു ക്ഷണം.ബട്ട്, ഹാക്കത്തോൺ മൂല്യനിർണ്ണയം ഒരു റൌണ്ട് രാത്രിയും ഉള്ളതിനാൽ ഞാനത് സ്നേഹപൂർവ്വം നിരസിച്ചു. എങ്കിൽ വൈകിട്ട് ഓഫീസിൽ നിന്നിറങ്ങുമ്പോൾ കോളേജിൽ വന്ന് കാണാമെന്ന് പറഞ്ഞപ്പോൾ എന്റെ മനസ്സ് നിറഞ്ഞു. കാരണം 1995 ൽ പിരിഞ്ഞ ഒരു ബന്ധം 25 വർഷത്തിന് ശേഷം വിളക്കി യോജിപ്പിക്കാൻ പോവുകയാണ്. പറഞ്ഞപോലെ ഫൗസിയ വൈകിട്ട് കോളേജിൽ വന്നു. കയ്യിൽ ഒരു മൊബൈൽ ഫോണും  കൂടെ ഭർത്താവും ഉണ്ട് എന്നതൊഴിച്ചാൽ പഴയ ഫൗസിയയും പുതിയ ഫൗസിയയും തമ്മിൽ ഒരു മാറ്റവും ഇല്ലായിരുന്നു.  

രാത്രി റൂമിൽ എത്തിയപ്പോഴാണ് മറ്റൊരാൾ കൂടി മനസ്സിൽ പാഞ്ഞു കയറിയത്. 1996 ൽ പി ജി ക്ക് തളിപ്പറമ്പ് സർ സയ്യിദ് കോളേജിൽ ഒരുമിച്ചുണ്ടായിരുന്ന ഈരാറ്റുപേട്ടക്കാരി ഷിലു ഷാലിമാർ. കല്യാണം കഴിഞ്ഞ് തൃശൂർ ടൗണിൽ തന്നെയാണ് താമസം എന്ന് രണ്ട് വർഷം മുമ്പ് അറിയിച്ചിരുന്നു.പിന്നീട് പല തവണ തൃശൂർ പോയെങ്കിലും സായിപ്പിനെക്കാണുമ്പോൾ കവാത്ത് മറക്കുന്നപോലെ തൃശൂരിൽ എത്തുമ്പോൾ അത് ഓർമ്മയിൽ വരില്ല.ഓർമ്മ മനസ്സിൽ മിന്നി മറഞ്ഞ സമയം,  രാത്രി ഏറെ വൈകിയിരുന്നതിനാൽ ഞാൻ തൃശൂരിൽ ഉണ്ട് എന്ന ഒരു മെസേജ് മാത്രം ഇട്ടു. പിറ്റേന്ന് രാവിലെ അവളും വിളിച്ചു- ഉച്ചയൂണിനായിരുന്നു ക്ഷണം.  

ഹാക്കത്തോൺ അവസാനഘട്ട മൂല്യ നിർണ്ണയത്തിന്റെ ഷെഡ്യൂൾ പെട്ടെന്ന് ഒരു മാറ്റം വന്നതിനാൽ ഷിലുവിന്റെ ക്ഷണവും എനിക്ക് സ്വീകരിക്കാൻ സാധിച്ചില്ല. എങ്കിലും തൃശൂർ വിടുന്നതിനു മുമ്പ് ഞാൻ വീട്ടിൽ വന്നിരിക്കും എന്ന് വാക്കു കൊടുത്തു. ഉച്ചക്ക് ശേഷം രാകേഷിനെ വീണ്ടും വിളിച്ച് ഞാൻ എന്റെ പ്ലാനുകൾ പറഞ്ഞു. അതനുസരിച്ച് രാകേഷ് വണ്ടിയുമായെത്തി. അങ്ങനെ 23 വർഷങ്ങൾക്ക് ശേഷം ആ കൂട്ടുകാരിയേയും നേരിട്ട് കണ്ടു. വിഭവ സമൃദ്ധമായ സൽക്കാരവും അതിലും സമൃദ്ധമായ ഓർമ്മപ്പെയ്ത്തും ആ സായാഹ്നത്തെ ധന്യമാക്കി.
നാട്ടിലേക്ക് മടങ്ങാനായി KSRTC സ്റ്റാന്റിൽ എത്തിയെങ്കിലും നേരിട്ട് ബസ് ഇല്ല എന്നറിഞ്ഞതോടെ രാകേഷിന്റെ കൂടെ വീണ്ടും ഹോട്ടലിലേക്ക് തന്നെ മടങ്ങി.ഏകാന്തതയുടെ വിരസത അകറ്റാൻ പുസ്തകം കയ്യിലുണ്ടായിരുന്നെങ്കിലും രാകേഷിനെ ഞാൻ റൂമിലേക്ക് ക്ഷണിച്ചു. എന്റെ അനുഭവങ്ങളും രാകേഷിന്റെ അനുഭവങ്ങളും പെയ്തൊഴിയുമ്പോൾ രണ്ട് മണിക്കൂർ പിന്നിട്ടിരുന്നു.

ഹാക്കത്തോണിനാണ് പോയതെങ്കിലും അപ്രതീക്ഷിതമായി ഈ ദിനങ്ങൾ എനിക്ക് എന്നെന്നും ഓർമ്മയിൽ സൂക്ഷിക്കാനുള്ളതായി മാറി.ഇഴ പിരിഞ്ഞ സൗഹൃദങ്ങളെ അടുപ്പിക്കാൻ കൂടി ഈ തൃശൂർ ദിനങ്ങൾ കനിഞ്ഞ്  നൽകിയ ദൈവത്തിന് സ്തുതി.

7 comments:

Areekkodan | അരീക്കോടന്‍ said...

വിഭവ സമൃദ്ധമായ സൽക്കാരവും അതിലും സമൃദ്ധമായ ഓർമ്മപ്പെയ്ത്തും ആ സായാഹ്നത്തെ ധന്യമാക്കി.

Muralee Mukundan , ബിലാത്തിപട്ടണം said...

കൂർക്കഞ്ചേരിയുടെ തൊട്ടപ്പുറമുള്ള കണിമംഗലത്താണ് എന്റെ തറവാട് ..

© Mubi said...

ഹാക്കത്തോൺ സൗഹൃദത്തോണായി മാറിയല്ലേ മാഷേ? വായിച്ചിട്ട് തന്നെ സന്തോഷം തോന്നുന്നു :) :) 

Areekkodan | അരീക്കോടന്‍ said...

മുരളിയേട്ടാ .... കുർക്കഞ്ചേരി അമ്പലത്തിന്റെ മുന്നിൽ എത്തിയപ്പോൾ ഞാൻ നിങ്ങളെ ഓർത്തു. മകളുടെ കല്യാണത്തിന് ഞാനും അവിടെ വന്നിരുന്നു.

Areekkodan | അരീക്കോടന്‍ said...

Mubi... അതെ, സൗഹൃദം പുതുക്കുന്ന മാരത്തോൺ കൂടി നടത്തി

ഷൈജു.എ.എച്ച് said...

കൃഷിയും ബന്ധങ്ങളും എന്നും പൂത്തുലഞ്ഞു നിൽക്കട്ടെ എന്നാശംസിക്കുന്നു ..സസ്നേഹം..

Areekkodan | അരീക്കോടന്‍ said...

Shaiju...ആശംസകൾക്ക് നന്ദി. ഞാനും അതാഗ്രഹിക്കുന്നു

Post a Comment

നന്ദി....വീണ്ടും വരിക