Pages

Showing posts with label നര്‍മ്മം. Show all posts
Showing posts with label നര്‍മ്മം. Show all posts

Monday, April 14, 2025

മലപ്പുറം രാജ്യത്തെ വിഷു

1971 മുതലാണ് ഞാൻ മലപ്പുറം രാജ്യത്തെ പൗരനായത്. എന്ന് വച്ചാൽ അമ്പത് വർഷത്തിലധികമായി ഞാൻ ഈ രാജ്യത്ത് വിരാജിക്കുന്നു. ഇത്രയും കാലത്തിനിടക്ക് ഒരിക്കൽ പോലും ഞാൻ അനുഭവിച്ചിട്ടില്ലാത്തതും നേരിട്ടിട്ടില്ലാത്തതും ആയ ഒരു മഹാ സംഭവമാണ് പറയാൻ പോകുന്നത്. ഹൃദയാഘാതമുള്ളവർ അത് കഴിഞ്ഞ ശേഷം ഇത് വായിക്കുന്നതാണ് നല്ലതെന്ന് ഒരു മുന്നറിയിപ്പ് ആദ്യമേ നൽകട്ടെ.

ആരോഗ്യം നിലനിർത്താൻ യോഗ ഒരു ശീലമാക്കണമെന്ന് പ്രധാനമന്ത്രി അടയ്ക്കം പലരും പറഞ്ഞതിനാൽ എൻ്റെ ഭാര്യയെ ഞാൻ യോഗാസനം ചെയ്യാൻ പ്രോത്സാഹിപ്പിച്ചു. കാരണം കുടുംബാരോഗ്യം നിലനിൽക്കാൻ ഭാര്യ ആരോഗ്യവതിയായിരിക്കണം എന്ന് ഒരു പ്രസിഡണ്ടും പ്രധാനമന്ത്രിയും പറയാതെ തന്നെ എനിക്കറിയാമായിരുന്നു. ഭാര്യ യോഗാസനം ചെയ്യുമ്പോൾ, ഞാൻ യോഗയും ധ്യാനവും വ്യായാമവും എല്ലാം അടങ്ങിയ മെക് സെവൻ കസർത്തിനും പോയിത്തുടങ്ങി.

വ്യായാമത്തിന് പെരുന്നാളും വിഷുവും ഒന്നും ബാധകമല്ലാത്തതിനാൽ വിഷുപ്പുലരിയിലും ഞാൻ കവാത്ത് മറന്നില്ല. അവധി ദിനമായതിനാൽ കവാത്ത് കഴിഞ്ഞ് ഞാൻ സിയാറത്തിന് ( ഖബർ സന്ദർശനം ) പോയി തിരിച്ചു വരുമ്പോൾ സുഹൃത്ത് നസ്റുവിനെ വെറുതെ ഒന്ന് വിളിച്ചു നോക്കി.

താഴത്തങ്ങാടിയിലെ മാനുപ്പയുടെ ചായക്കടയിൽ ഉണ്ടെന്നും ചായ കുടിക്കാൻ വരണമെന്നും അവൻ പറഞ്ഞതോടെ ഞാൻ അങ്ങോട്ട് നീങ്ങി. ആവി പറക്കുന്ന ചായയും ചൂടുള്ള പത്തിരിയും കഴിച്ച് കുറെ നേരം ആ മക്കാനിയിൽ ഞങ്ങൾ സംസാരിച്ചിരുന്നു. എൻ്റെ ഒരു പഴയ കാല വിദ്യാർത്ഥിയെയും അവിടെ വച്ച് കണ്ടുമുട്ടി. (അദ്ധ്യാപകനെങ്കിലും കയ്യിലുള്ള പുഴുങ്ങിയ കോഴിമുട്ട അവൻ മുറുക്കിപ്പിടിച്ചു). നസ്റു ഓർഡർ ചെയ്ത ചായക്ക് കാശ് കൊടുക്കാൻ "തീറ്റപണ്ടാരങ്ങൾ" ഗ്രൂപ്പ് അഡ്മിൻ ഇൻതിസാർ എവിടെ നിന്നോ പൊട്ടിവീണു !

തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് സംഭവങ്ങളുടെ പരമ്പര ആരംഭിക്കുന്നത്. സിറ്റൗട്ടിൽ ഇരുന്ന് പത്രത്തിലെ ഒന്നാം പേജിലെ പരസ്യങ്ങൾക്കിടയിൽ നിന്ന് വാർത്ത തപ്പിക്കൊണ്ടിരുന്ന എൻ്റെ മുമ്പിൽ ഒരു കാർ വന്നു നിന്നു. ഏതാനും ബംഗാളികൾ കാറിൽ നിന്നിറങ്ങി.

"ഗേറ്റ് ഫിറ്റിംഗ് കെ ലിയെ ആയാ ഹെ ..." 

"അച്ചാ... ഫിറ്റ് കരൊ .. " നാല് മാസത്തോളമായി അയൽവാസിയുടെ വീടിൻ്റെ തൂണിൽ കെട്ടിയിട്ട എൻ്റെ ഗേറ്റ് ഇന്നാദ്യമായി അതിൻ്റെ ജീവിത ധർമ്മം നിർവ്വഹിക്കാൻ പോകുന്നതിൽ ഞാൻ സന്തോഷ പുളകിതനായി.ഗേറ്റും രോമാഞ്ചകഞ്ചുകമണിഞ്ഞിട്ടുണ്ടാകും. ഇന്ന് കണി കണ്ടത് ആരെയായിരുന്നു എന്ന് ഞാൻ എത്ര ആലോചിച്ചിട്ടും പിടി കിട്ടിയില്ല. 

"അതേയ്... ആരെങ്കിലും വിഷുവിന് വിളിച്ചിട്ടുണ്ടോ?" അനിയനെ ആരോ സദ്യക്ക് ക്ഷണിച്ചതറിഞ്ഞ ഭാര്യ എന്നോട് ചോദിച്ചു. 

"നോക്കട്ടെ.."

"നോക്കട്ടെ ന്നോ... ക്ഷണിച്ചിട്ടുണ്ടോ എന്ന് ഓർമ്മയും ഇല്ലേ ?"

"നിൻ്റെ അമ്മാവൻ നോമ്പ് തുറക്ക് എന്നെ ക്ഷണിച്ചത് എങ്ങനാ?"

"വാട്സാപ്പ് വഴി "

"ആ... അത് തന്നെയാ നോക്കട്ടെ എന്ന് പറഞ്ഞത് " 

ഞാൻ വാട്സാപ്പിൽ പരതി. അഞ്ഞൂറോളം വിഷു ആശംസകൾ ഉണ്ട് എന്നല്ലാതെ ഒരുത്തനും വീട്ടിലേക്ക് ക്ഷണിച്ചിട്ടില്ല.😧

"ങാ... ഞാൻ ചോറിന് ഉണ്ടാകും.." ഞാൻ ഭാര്യയോട് പറഞ്ഞു.

"പിന്നെ ... ഇന്ന് ചോറിന് താളിപ്പാ കറി.." മലപ്പുറം രാജ്യത്തെ ചോറിൻ്റെ ദേശീയ കറിയായ താളിപ്പ് ഉണ്ടാക്കുന്നതിനെപ്പറ്റി ഭാര്യ സൂചിപ്പിച്ചു.

'വിഷു ദിവസത്തിലും താളിപ്പോ' എന്ന് തോന്നിയെങ്കിലും ഞാൻ സമ്മതിച്ചു.

"എങ്കിൽ വേഗം ചീര ഒടിച്ച് കൊണ്ടുവാ.." ചോറിന് കറി നിർബന്ധമായതിനാൽ ഞാൻ അനുസരണയുള്ള ഭർത്താവായി. ചീര അടുക്കളയിൽ കൊണ്ട് വച്ചതും പുറത്ത് നിന്ന് ഒരു വിളി കേട്ടു.

"താത്തേ..." വീട്ടിൽ പാല് കൊണ്ട് വരുന്ന അമ്മിണിച്ചേച്ചിയാണ്.പാൽ പാത്രത്തിന് പകരം മൂന്നാല് വലിയ പാത്രങ്ങൾ ചേച്ചി ഓട്ടോറിക്ഷയിൽ നിന്നിറക്കി. മലപ്പുറം രാജ്യത്തെ മുസൽമാനായ എൻ്റെ വീട്ടിൻ്റെ മുറ്റത്ത് ഹിന്ദുവായ അമ്മിണിച്ചേച്ചി ഇതെന്തിൻ്റെ പുറപ്പാടിനാണ് എന്ന് നോക്കി നിൽക്കെ ഒന്നാമത്തെ പാത്രം തുറക്കപ്പെട്ടു.

"താത്തേ... ഒരു പാത്രം എടുക്ക്...'' വലിയ പാത്രത്തിൽ നിന്ന് ചോറ് കോരി എടുത്ത് കൊണ്ട് അമ്മിണിച്ചേച്ചി പറഞ്ഞു. ബി നിലവറ പോലെ പാത്രങ്ങൾ ഇനിയും തുറക്കാനുള്ളതിനാൽ ഭാര്യ  ഒന്നിന് പകരം നാലഞ്ച് പാത്രങ്ങളുമായി വന്നു. അമ്മിണിച്ചേച്ചി ചോറും സാമ്പാറും അവിയലും പായസവും ഓരോരോ പാത്രത്തിലേക്ക് വിളമ്പുന്നത് എന്നെപ്പോലെ മുറ്റത്തെ ബംഗാളികളും വാ പൊളിച്ചു നോക്കി നിന്നു.

"ആജ് ബിഹു ഹെ..." ബംഗാളിയുടെ വായ ഒന്ന് അടയാൻ വേണ്ടി ഞാൻ പറഞ്ഞു. അവൻ്റെ വായ കൂടുതൽ വിസ്താരത്തിൽ തുറന്നതിനാൽ ഞാൻ ഒന്ന് കൂടി പറഞ്ഞു.

"ആജ് വിഷു ഹെ... ഹിന്ദു ലോഗോം ക എക് ത്യോഹാർ...."

"ഹാം..." അവരപ്പോഴും മിഴിച്ച് നിന്നു.

"യെ ആസ് പാസ് കെ ഹിന്ദു ലോഗ് ഹമേം ഉൻകെ ഘർ ബുലാകർ ഭോജൻ ദേതാ ഹെ..."

മലപ്പുറം രാജ്യത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നു എന്നത് ബംഗാളികൾ അത്ഭുതത്തോടെ നോക്കി നിന്നു.എല്ലാം നൽകി എന്ന് ഉറപ്പാക്കിയ ശേഷം അമ്മിണിച്ചേച്ചി സ്ഥലം വിടുകയും ചെയ്തു. അപ്പോഴാണ് പുറത്ത് നിന്ന് അടുത്ത വിളി കേട്ടത്.

"ടീച്ചറേ..." അയൽവാസിയായ അച്ചുതേട്ടനായിരുന്നു വിളിച്ചത്.

ഞാൻ മാസ്റ്റർ ആയതിനാൽ ഭാര്യയെ പലരും ടീച്ചർ എന്നാണ് വിളിക്കാറ്. ബി.എഡ് കഴിഞ്ഞ് ആറ് മാസം ടീച്ചറായി പ്രവർത്തിച്ചത് കൊണ്ടാണ് ഈ വിളി എന്ന് അവൾ പറയുമെങ്കിലും അനുസരണയുള്ള ഭർത്താവായതിനാൽ ഞാൻ അത് മൈൻഡ് ചെയ്യാറില്ല. 

"ഇതാ... പായസം " അച്ചുതേട്ടൻ ഒരു പാത്രം നീട്ടുന്നത് കണ്ട് മലപ്പുറം രാജ്യത്ത് വന്ന് താമസിക്കുന്ന ബംഗാളികൾ വീണ്ടും വാ പൊളിച്ചു. അവരുടെ വായ അടക്കാനായി ഭാര്യ നാല് ഗ്ലാസ് പായസം അവർക്ക് നൽകി.

അങ്ങനെ അമ്മിണിച്ചേച്ചിയും അച്ചുതേട്ടനും തന്ന വിഭവങ്ങളുമായി മലപ്പുറം രാജ്യത്തെ പൗരനായ ഞാൻ വയറ് നിറയെ ഊണ് കഴിച്ചു. 

എല്ലാവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ.



Wednesday, January 01, 2025

ഓം ഹ്രീം കുട്ടിച്ചാത്താ..

നാരായണൻ മാസ്റ്ററുടെ സാമൂഹ്യ പാഠം ക്ലാസ് രസകരമായി തുടർന്ന് കൊണ്ടിരിക്കുമ്പോഴാണ് കയ്യിൽ ഒരു കടലാസുമായി പ്യൂൺ ശൗക്കാക്ക ക്ലാസിൻ്റെ വാതിലിൽ പ്രത്യക്ഷപ്പെട്ടത്. വർഷത്തിൽ  മൂന്നോ നാലോ തവണ മാത്രമാണ് ക്ലാസ് തോറും നടക്കാനുള്ള ഭാഗ്യം ശൗക്കാക്കാക്ക് ലഭിക്കാറ്. അങ്ങനെ കൊണ്ടു വരുന്ന കടലാസിൽ സിനിമാ പ്രദർശനം,വിനോദയാത്ര, ജാലവിദ്യ എന്നിങ്ങനെ സന്തോഷകരമായ എന്തെങ്കിലും അറിയിപ്പായിരിക്കും ഉണ്ടാവുക. അതിനാൽ തന്നെ ഞങ്ങൾ ആ വാർത്ത കേൾക്കാനായി കാത് കൂർപ്പിച്ചു. നാരായണൻ മാസ്റ്റർ കടലാസ് വാങ്ങി ഒരാവർത്തി മൗനമായി വായിച്ചു. ശേഷം ഉറക്കെയും വായിച്ചു.

"നാളെ നമ്മുടെ സ്കൂളിൽ സുപ്രസിദ്ധ മാന്ത്രികൻ സുൾഫീക്കറലിയുടെ ജാലവിദ്യാ പ്രകടനം ഉണ്ടായിരിക്കും. എല്ലാ കുട്ടികളും അതിലേക്കായി അമ്പത് പൈസ കൊണ്ടു വന്ന് അബൂബക്കർ മാസ്റ്ററെ ഏൽപ്പിക്കേണ്ടതാണ് "

" ഹൂയ് ....'' എല്ലാവരും ആവേശത്തോടെ വാർത്ത സ്വാഗതം ചെയ്തു. ചിലരുടെ മുഖം മ്ലാനമാകുന്നതും കണ്ടു. 

നാരായണൻ മാസ്റ്ററുടെ പിരീഡ് കഴിഞ്ഞ ശേഷം ഉച്ചയൂണിൻ്റെ സമയമായിരുന്നു. അപ്പോഴാണ് എൻ്റെ ചങ്ങാതിമാരായ ഇൻതിസാറും കരീമും എൻ്റെ അടുത്തേക്ക് വന്നത്.

"നാളെ കൺകെട്ട് വിദ്യ നടക്കുന്ന കാര്യം നീ അറിഞ്ഞോ?" ഇൻതിസാർ ചോദിച്ചു.

"ങാ... അറിഞ്ഞു"

"പക്ഷെ ? " ഇൻതിസാർ ഒന്ന് നിർത്തിക്കൊണ്ട് കരീമിനെ നോക്കി.

"എന്താ?" ഞാൻ ചോദിച്ചു.

"അമ്പത് പൈസ കൊടുക്കണം എന്നല്ലേ പറഞ്ഞത്... കരീമിന്റെ അടുത്ത് അത്രയും പൈസ ഇല്ല" ഇൻതിസാർ പറഞ്ഞു.

"നിൻ്റെ അടുത്തോ?" 

"ഇരുപത്തിയഞ്ചു പൈസയേ എൻ്റടുത്തും ഉള്ളൂ..'' 

"ആ... സാരമില്ല ... ഞാൻ ഒരു രൂപ കൊണ്ടു വരാ.... നിൻ്റെ കയ്യിലുള്ളത് നീയും കൊണ്ടു വാ... നമുക്കെല്ലാവർക്കും കൂടി ജാലവിദ്യ കാണാം. . ."

പിറ്റേ ദിവസം ഞങ്ങളുടെ മൂന്ന് പേരുടെയും കാശ് ആയി ഒരു രൂപ ഇരുപത്തിയഞ്ച് പൈസ ഞാൻ അബുബക്കർ മാസ്റ്ററെ ഏൽപിച്ചു.

മൂന്ന് എ, മൂന്ന് ബി,നാല് എ, നാല് ബി എന്നീ  ക്ലാസുകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലായിരുന്നു ജാലവിദ്യാ പ്രദർശനം. അതിനായി ഈ ക്ലാസുകളെ വേർത്തിരിക്കുന്ന പരമ്പ് മറ വശങ്ങളിലേക്ക് ഒതുക്കി വച്ച് ഒരു ഹാൾ ആക്കി മാറ്റി. ഞങ്ങൾ ഏറ്റവും മുന്നിലെ ബെഞ്ചിൽ തന്നെ സ്ഥാനം പിടിച്ചു.ഉച്ചക്ക് ശേഷം രണ്ടര മണിക്ക് മാന്ത്രിക പ്രകടനം തുടങ്ങി. ബട്ടനിടാത്ത കോട്ടും കയ്യിൽ ഒരു മാന്ത്രിക വടിയും തലയിൽ ഒരു തൊപ്പിയുമായി വന്ന മാന്ത്രികൻ്റെ ഓരോ പ്രകടനങ്ങളും ഞങ്ങൾ അത്ഭുതത്തോടെ കണ്ടു. 

"നമ്മളെല്ലാം പൈസക്കാരാവാൻ ആഗ്രഹിക്കുന്നവരാണ്... അടുത്തത് കടലാസ് കഷ്ണങ്ങളെ നോട്ടാക്കി മാറ്റുന്ന വിദ്യയാണ് കാണിക്കാൻ പോകുന്നത്..." മാന്ത്രികൻ പറഞ്ഞു. 

"ആ... അത് കൊള്ളാലോ..." പൈസ ഉണ്ടാക്കാനുള്ള എളുപ്പ വഴി കേട്ട ഞങ്ങൾ പറഞ്ഞു.

സ്റ്റേജിൽ സ്റ്റൂളിൻ്റെ പുറത്ത് വച്ച കുറെ കടലാസു കഷ്ണങ്ങൾ മാന്ത്രികൻ കാണിച്ച് തന്നു. ശേഷം അതവിടെ തന്നെ വച്ച് ചെറിയ ഒരു കാർഡ്ബോർഡ് പെട്ടി കൊണ്ട് മൂടി. പിന്നീട് മാന്ത്രിക വടി കൊണ്ട് വായുവിൽ എന്തോ എഴുതി കണ്ണടച്ച് എന്തോ മന്ത്രവും ചൊല്ലി. വടി കൊണ്ട് കാർഡ്ബോർഡ് പെട്ടിയിൽ രണ്ട് തവണ കൊട്ടിയ ശേഷം പെട്ടി പൊക്കി. അത്ഭുതം ! സ്റ്റൂളിലെ കടലാസു കഷ്ണങ്ങൾ എല്ലാം അഞ്ച് രൂപയുടെ നോട്ടായി മാറിയിരിക്കുന്നു !! ഞങ്ങളത് കണ്ട് വാ പൊളിച്ച് നിന്നു. വീണ്ടും കുറെ ജാലവിദ്യകൾ കാണിച്ച ശേഷം മൂന്നര മണിയോടെ പ്രദർശനം അവസാനിച്ചു.

ജാലവിദ്യ കഴിഞ്ഞ് ഞങ്ങൾ മൂന്ന് പേരും കൂടി പൈസ ഉണ്ടാക്കുന്ന വിദ്യ ചർച്ച ചെയ്തു.ഒരു ജാലവിദ്യക്കാരനായാൽ കടലാസ് കഷ്ണങ്ങൾ പൈസയാക്കി മാറ്റാൻ പറ്റുമെന്ന് ഞങ്ങൾ മനസ്സിലാക്കി.

"അപ്പോൾ, നമുക്കും ഒരു കൺകെട്ട് കാരനായാൽ ഇഷ്ടം പോലെ പൈസ ഉണ്ടാക്കാം ....'' ഇൻതിസാർ പറഞ്ഞു.

"അത് ശരിയാ.." കരീമും പറഞ്ഞു.

"അതിനിപ്പം എങ്ങന്യാ ഒരു കൺകെട്ട് കാരനാവുക ?" ഞാൻ ചോദിച്ചു.

"അതിന് ഒരു വഴി ഞാൻ പറഞ്ഞ് കേട്ടിട്ടുണ്ട്.." ഇൻതിസാർ പറഞ്ഞു.

"ങേ! അതെന്താ?" ഞങ്ങൾ രണ്ട് പേരും ഇൻതിസാറിനെ പ്രതീക്ഷയോടെ നോക്കി.

"അത്... ഒരു.... കുട്ടിച്ചാത്തനെ പിടിച്ച് കഴുത്തിൽ തേച്ചാൽ മതി..."

"എന്നിട്ടോ ?"

"പിന്നെ... കുപ്പായം വരട്ടെ ന്ന് പറഞ്ഞാ കുപ്പായം കിട്ടും... പൈസ വരട്ടെ ന്ന് പറഞ്ഞാ പൈസ... അങ്ങനെ ... അങ്ങനെ ..എന്ത് പറഞ്ഞാലും അത് ..."

"അത് കൊള്ളാല്ലോ...പക്ഷെ അതിന്  കുട്ടിച്ചാത്തനെ എവിടന്ന് കിട്ടും? " ഞങ്ങൾ ചോദിച്ചു.

"അതിന് പള്ളിക്കാട്ടിൽ പോയാൽ മതി..." 

"അയ്യോ...എനിക്ക് പേടിയാ... പള്ളിക്കാട്ടിൽ ഭൂതം ഉണ്ടാകും.." ഞാൻ പറഞ്ഞു.

"എൻ്റെ വീട് പള്ളിക്കാടിൻ്റെ തൊട്ടടുത്താ... എല്ലാ ഭൂതത്തിനെയും എനിക്ക് പരിചയം ഉണ്ട്. എന്റെ കൂടെ വന്നാൽ ഒരു ഭൂതവും നിങ്ങളെ ഉപദ്രവിക്കില്ല" ഇൻതിസാർ ധൈര്യസമേതം  പറഞ്ഞു.

"എങ്കിൽ ശരി" ഞാൻ സമ്മതം മൂളി.

"നാളെ ഞായറാഴ്ച അല്ലേ? നാളെ തന്നെ പോകാം.." കരീം പറഞ്ഞു.

പിറ്റേന്ന്  രാവിലെ തന്നെ ഞങ്ങൾ മൂന്ന് പേരും പള്ളിക്കാട്ടിലെത്തി. ഏതോ മയ്യിത്ത് അടയ്ക്കാൻ വേണ്ടി കുത്തി ഒഴിവാക്കിയ ഇടിഞ്ഞ ഒരു കുഴി ഇൻതിസാർ  കാണിച്ച് തന്നു. 

"ഈ കുഴിയിൽ ഇറങ്ങി ചമ്രം പടിഞ്ഞിരുന്ന് കണ്ണ് പൂട്ടി കുട്ടിച്ചാത്താ വാ വാ എന്ന് പറഞ്ഞു കൊണ്ടേ ഇരിക്കണം.." ഇൻതിസാർ പറഞ്ഞു.

അതനുസരിച്ച് ഞങ്ങൾ മൂന്ന് പേരും കുഴിയിൽ ഇറങ്ങി ഇരുന്നു. ശേഷം കണ്ണടച്ച് മന്ത്രം ചൊല്ലാൻ തുടങ്ങി. കുട്ടിച്ചാത്തൻ വരുന്നുണ്ടോ എന്നറിയാൻ ഇടക്ക് മറ്റാരും അറിയാതെ കണ്ണ് തുറന്നു നോക്കി.ഏറെ നേരം മന്ത്രം ചൊല്ലിയിട്ടും കുട്ടിച്ചാത്തൻ വരാത്തതിനാൽ ഞങ്ങൾ ഒന്നിളകി ഇരുന്നു. വീണ്ടും ഉച്ചത്തിൽ മന്ത്രം ചൊല്ലി.

"കുട്ടിച്ചാത്താ വാ വാ .... പൊന്നു കുട്ടിച്ചാത്താ വാ വാ.."

ഏതാനും സമയം കഴിഞ്ഞ് കരിയിലകൾ ഇളകുന്ന ഒരു ശബ്ദം കേട്ടു ! ഞങ്ങൾ മന്ത്രം കൂടുതൽ ഉച്ചത്തിലാക്കി. കരിയില ഞെരിഞ്ഞമരുന്ന ശബ്ദം അടുത്തടുത്ത് വന്നു. കുട്ടിച്ചാത്തനെ പിടിക്കാനായി ഞങ്ങൾ  മെല്ലെ കണ്ണ് തുറന്നു.

"അള്ളോ ൻ്റെ പടച്ചോനെ ..! പോക്കർ മോല്യാർ !!" മദ്രസയിൽ തന്നെ പഠിപ്പിക്കുന്ന അദ്ധ്യാപകനെ കണ്ട ഇൻതിസാർ ചാടി എഴുന്നേറ്റു ഓടി. പിന്നാലെ ഞങ്ങളും എണീറ്റ് ഓടി.

അന്ന് പോക്കർ മോല്യാർ മന്ത്രം മുടക്കിയിരുന്നില്ലെങ്കിൽ ഇന്ന് നിരവധി ലുലു മാളുകൾ ഞങ്ങൾക്കും ഉണ്ടാകുമായിരുന്നു എന്ന് ഇപ്പോഴും ഇൻതിസാർ ഇടക്കിടെ ആത്മഗതം ചെയ്യും.

Saturday, August 31, 2024

പ്രിയപ്പെട്ട അംബാനിക്ക്...

മൊബൈൽ കണക്ഷനിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ബി.എസ്.എൻ.എൽ തന്നെയാണ്. മൊബൈൽ യുഗം തുടങ്ങിയ അന്ന് മുതൽ ഒരു കാളവണ്ടിയുടെ വേഗതയേ അതിൻ്റെ പുരോഗതിക്ക് ഉള്ളൂവെങ്കിലും 9447 ൽ തുടങ്ങുന്ന ഒരു മൊബൈൽ നമ്പർ ഉണ്ടാകുന്നത് ഒരു അംബാസഡർ കാറിൻ്റെ മുതലാളിയാകുന്ന പ്രൗഡിയാണ് പ്രദാനം ചെയ്യുന്നത്. എന്നാലും ഒരു ബാക്കപ്പിന് വേണ്ടി ഒരു സ്റ്റെപ്പിനി കണക്ഷൻ എടുക്കുക എന്നത് സിം കാർഡ് ഫ്രീയായ അന്ന് മുതൽ പലർക്കും തുടങ്ങിയ ഒരു ദുശീലമാണ്. 

പക്ഷെ, ഞാൻ രണ്ടാമത്തെ കണക്ഷനായി അംബാനിയുടെ ജിയോ എടുത്തത് അഞ്ഞൂറ് രൂപക്ക് ഫോണും കണക്ഷനും എന്ന ഓഫർ കണ്ടിട്ടാണ്. പരസ്യത്തിൽ കാണുന്ന സ്ത്രീയെ കണ്ട് കുട്ടിക്കൂറ പൗഡർ വാങ്ങരുത് എന്ന് ആരോ പറഞ്ഞിരുന്നതിനാൽ ഞാൻ ഒരു പൗഡറും വാങ്ങിയിരുന്നില്ല. ബട്ട്, അംബാനിയുടെ പരസ്യത്തിലെ ഫോൺ കണ്ടപ്പോൾ അഞ്ഞൂറ് രൂപക്ക് അത് കരസ്ഥമാക്കുന്നത് ലാഭകരം ആണെന്ന് എനിക്ക് ഏതോ ദുർബല നിമിഷത്തിൽ തോന്നി. 

അംബാനിയുടെ കുട്ടിക്കുറയിൽ വഴുതി വീണ എനിക്ക് ഫോൺ കൈപ്പറ്റാനായി അരീക്കോട് നിന്നും ഇരുപത്തിയഞ്ച് കിലോമീറ്റർ അകലെയുള്ള വണ്ടൂർ വരെ പോകേണ്ടി വന്നു. വീട്ടിലെത്തി കയ്യിൽ കിട്ടിയ പെട്ടി തുറന്നു നോക്കിയപ്പോൾ പഴയ നോക്കിയ 3310 നെ ഓർമ്മിപ്പിക്കുന്ന വിധത്തിലുള്ള ഫോണാണ് കിട്ടിയത്. മാസാമാസം 50 രൂപക്ക് റീചാർജ് ചെയ്താൽ മതി എന്നും രണ്ട് വർഷം കഴിഞ്ഞ് കേടുപാടുകൾ കൂടാതെ ഫോൺ തിരികെ നൽകിയാൽ കൊടുത്ത സംഖ്യ തിരിച്ച് തരുമെന്നും മറ്റോ ആയിരുന്നു അംബാനി ഓഫർ. അതിനാൽ അലമാരയുടെ ഒരു മൂലയിൽ ഞാനതിനെ ഫിക്സഡ് ഡെപ്പോസിറ്റാക്കി വച്ചു.

ഒരാഴ്ച കഴിഞ്ഞ്, ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചെത്തിയ ഞാൻ മുറ്റത്തെ മാവിൻ ചുവട്ടിൽ ഒരു ജിയോ ഫോൺ അനാഥമായി കിടക്കുന്നത് കണ്ടു. ഫോൺ കയ്യിലെടുത്ത് തിരിച്ചും മറിച്ചും നോക്കിയിട്ടും എനിക്കതിനെ തിരിച്ചറിയാൻ കഴിഞ്ഞില്ല. വേഗം പോയി അലമാര തുറന്ന് നോക്കിയ ഞാൻ ഞെട്ടി. എൻ്റെ ഫിക്സഡ് ഡെപ്പോസിറ്റ് അവിടെയില്ല!!

"എടിയേ... ഇവിടെ വല്ല നായയും വന്നിരുന്നോ?"

"ങാ... ഒന്നല്ല .... ഒരു കൂട്ടം നായകൾ ..!!" 

"എന്നിട്ടോ?"

"അവ മുറ്റത്ത് നിന്ന് കുരക്കാൻ തുടങ്ങിയപ്പോ ഞാനൊറ്റ ഏറ്"

" ങ്ങും.. എന്തെടുത്താ എറിഞ്ഞത്?" കാര്യങ്ങൾ ഒന്ന് കൂടി വ്യക്തമാകാൻ വേണ്ടി ഞാൻ ചോദിച്ചു.

"അത് ... ആ പഴയ ഫോൺ കൊണ്ട്..." എൻ്റെ ഫിക്സഡ് ഡെപ്പോസിറ്റിൻ്റെ ഭാവി അതോടെ ഫിക്സ് ആയി. വെൻ്റിലേറ്ററിലായെങ്കിലും ഇടക്കൊക്കെ റീചാർജ്ജ് ചെയ്ത് ഞാൻ അവൻ്റെ ജീവൻ നിലനിർത്തിപ്പോന്നു.

വീട്ടിൽ വൈഫും വൈഫൈയും ഉള്ളതിനാൽ നമ്പർ നിലനിർത്താനുള്ള ഏറ്റവും ചുരുങ്ങിയ പ്ലാനുകളാണ് ഞാൻ റീചാർജ് ചെയ്യാറുള്ളത്. അത് കഴിഞ്ഞാലും മൂന്ന് മാസം ഇൻകമിംഗ് കിട്ടും എന്നതിനാൽ വർഷത്തിൽ നാല് റീചാർജ്ജ് കൊണ്ട് ഞാനും ഖുശി അംബാനിയും ഖുശി എന്ന മ്യൂച്ചൽ അഡ്ജസ്റ്റ്മെൻ്റിലായിരുന്നു ഞങ്ങളുടെ പ്രയാണം.

അതിനിടക്കാണ് അംബാനിയുടെ മകൻ്റെ കല്യാണം നടന്നത്.തിരക്ക്  കാരണം ഞാനതിന് പോയില്ല. പോയവർക്കൊക്കെ സ്പോട്ടിൽ തന്നെ നിരവധി സമ്മാനങ്ങൾ അംബാനി എല്ലാവർക്കും നൽകി. കല്യാണത്തിന് പങ്കെടുക്കാൻ സാധിക്കാത്തവർക്കും കനത്ത സമ്മാനം ഉണ്ട് എന്ന് അംബാനി പ്രഖ്യാപ്പിക്കുകയും ചെയ്തു. ആ പ്രഖ്യാപനം ഞാനടക്കമുള്ളവരെ ധൃതംഗപുളകിതരാക്കി.

അംബാനിയുടെ മകൻ്റെ കല്യാണം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞ് എനിക്ക് ഒരു ഫോൺ കാൾ വന്നു. 

"ഹലോ... ആബിദ് ?" ഒരു ഹിന്ദി ചുവയിലുള്ള മലയാളത്തിലെ കിളിനാദം കേട്ട് എൻ്റെ സകല ഞാഡീ നെരമ്പുകളും (സോറി നാഡീ ഞെരമ്പുകളും) എണീറ്റു. അംബാനിയുടെ സമ്മാനം വരുന്നതിൻ്റെ ലക്ഷണം തുടങ്ങിയപ്പോഴേക്കും ആ ഫോൺകാൾ കട്ടായി. അംബാനിയുടെ ഭാര്യയോ മരുമകളോ മറ്റോ ആയിരിക്കും ആ വിളിച്ചത്. കാരണം പിന്നീട് എനിക്ക് വിളി വന്നില്ല.സമ്മാനം വരുമ്പോൾ വരട്ടെ എന്ന് കരുതി ഞാൻ തിരിച്ച് വിളിച്ചതുമില്ല.

അടുത്ത ദിവസം, തലേ ദിവസം വിളി വന്ന നമ്പറിന് സമാനമായ ഒരു നമ്പറിൽ നിന്ന് വീണ്ടും കോൾ വന്നു.

"ഹലോ ഇത് 7907297631 എന്ന ജിയോ നമ്പർ അല്ലേ?.." വീണ്ടും ഒരു പെൺശബ്ദം.

"അതെനിക്കറിയില്ല ... നിങ്ങൾ വിളിച്ച നമ്പർ ദയവായി പരിശോധിക്കുക" എൻ്റെ നമ്പർ എനിക്ക് തന്നെ അറിയാത്തതിനാൽ ഞാൻ പറഞ്ഞു.

"ആ... ഇത് ജിയോ ഓഫീസിൽ നിന്നാണ്..." 

"ഓ... അങ്ങനെ എങ്കിൽ ആ പറഞ്ഞ നമ്പർ തന്നെ ഈ നമ്പർ ... എൻ്റെ സമ്മാനം എത്തിയോ?" ബഹുമാനം കാരണം തുണിയുടെ മടക്കിക്കുത്ത് അഴിച്ചിട്ട് ഞാൻ ചോദിച്ചു.

"ഇല്ല... അത് വരുന്നുണ്ട്...നിങ്ങളുടെ പ്ലാൻ കാലാവധി കഴിഞ്ഞിട്ട് രണ്ട് മാസമായി ..."

"ങാ... അതെനിക്കറിയാം.."

"എത്രയും പെട്ടെന്ന് റീ ചാർജജ് ചെയ്തില്ലെങ്കിൽ ഫോൺ കട്ടാവും... മാത്രമല്ല "

"അതെങ്ങിനെയാ...മൂന്ന് മാസം ഇൻകമിംഗ് ഉണ്ടല്ലോ..." അപ്പോഴേക്കും ഫോൺ കട്ടായി. 

പിറ്റേ ദിവസം രാവിലെ തന്നെ എനിക്ക് your plan expired , kindly recharge...... എന്ന ഒരു SMS വന്നു. ഉച്ചക്ക് അത് തന്നെ വീണ്ടും വന്നു. രാത്രി അത് തന്നെ കോപ്പി പേസ്റ്റ് അടിച്ച് വീണ്ടും അവർ വിട്ടു. കൊക്ക് എത്ര കുളം കണ്ടതാ എന്ന ഭാവത്തിൽ ഞാൻ അതൊക്കെ ഡിലീറ്റ് ആക്കി. പിന്നീട് ഹോമിയോ മരുന്നിൻ്റെ കുറിപ്പടി പോലെ ഒന്ന് വീതം രണ്ട് മണിക്കൂർ ഇടവിട്ട് എന്ന തോതിൽ പ്രസ്തുത മെസേജ് വന്നുകൊണ്ടിരുന്നു. 

ഒരാഴ്ച കഴിഞ്ഞ് വീണ്ടും ഒരു സ്ത്രീ ശബ്ദം എൻ്റെ ഫോണിൽ മുഴങ്ങി. 

"ആബിദ് അല്ലേ?"

"അതേ.."

"ജിയോ ഓഫീസിൽ നിന്നാണ്..."

"ങാ.... പറയൂ മേഡം .." കോളർ ശരിയാക്കി ഞാൻ പറഞ്ഞു.

"നിങ്ങൾക്ക് ജിയോ കണക്ഷനുമായി എന്തെങ്കിലും പ്രശ്നം ഉണ്ടോ?"

"ങാ... പുട്ടിൽ തേങ്ങ ഇടുന്ന പോലെ മെസേജ് വരുന്നത് പ്രശ്നമാണ്.."

"അതല്ല... കണക്ഷൻ ഇഷ്യൂസ് എന്തെങ്കിലും..?"

"അത് കഴിഞ്ഞ തവണ വിളിച്ച ഓളോട് ഞാൻ പറഞ്ഞുവല്ലോ.." 

"സാർ... ഫോൺ റീചാർജ്ജ് ചെയ്യാത്തത് എന്താണ്?"

"അത് എനിക്ക് സൗകര്യമുള്ളപ്പോൾ ഞാൻ ചെയ്യും.."

"ഇങ്ങനെയാണോ ഒരാളോട് സംസാരിക്കുക..."

"അല്ല പിന്നെ ... ഫോൺ നിറയെ മെസേജ് .. പിന്നെ നിന്നെപ്പോലുള്ളവരുടെ വിളി... ഇന്ന് വിളിച്ചവൾ അല്ല നാളെ വിളിക്കുന്നത്... എന്നിട്ട് ഞാൻ ഈ കഥ മുഴുവൻ വീണ്ടും പറയണം... ഭാര്യ അപ്പുറത്ത് ഈ സംസാരമൊക്കെ കണ്ട് നിൽക്കുന്നുണ്ട്..ഓള് കരുതുന്നത് എന്തോ ശൃംഗാരമാന്നാ.... നിങ്ങളെൻ്റെ കുടുംബം കലക്കരുത്."

"ങാ... അടുത്ത മാസം മുതൽ റീചാർജ്ജ് സംഖ്യ കൂടുന്നുണ്ട്. 149 രൂപയുടെത് ഇനി മുതൽ 209 രൂപയാകും. അതിന് മുമ്പ് റീചാർജ്ജ് ചെയ്യാൻ ഓർമ്മപ്പെടുത്താനാണ് ഞാൻ വിളിച്ചത്. " ഇതും പറഞ്ഞ് അവളും ഫോൺ കട്ട് ചെയ്തു. 

'അപ്പോ ഇതായിരുന്നു ആ കല്യാണ സമ്മാനം' ഞാൻ ആത്മഗതം ചെയ്തു.

അടുത്ത ദിവസം അംബാനി വിട്ടത് അല്പംകൂടി മാന്യമായ ഒരു മെസ്സേജ് ആയിരുന്നു. അപ്പോഴും ഒന്ന് നോക്കിയ ശേഷം ഞാനതിനെ ഡിലീറ്റാക്കിക്കൊണ്ടിരുന്നു. സ്ത്രീകളെക്കൊണ്ട് വിളിപ്പിച്ച് അംബാനി വീണ്ടും ശ്രമിച്ചെങ്കിലും കേളൻ കുലുങ്ങിയില്ല. പിന്നീട് വന്ന മെസേജ് കണ്ടപ്പോഴാണ് അംബാനി ഇത്രയും പാവമാണെന്ന് എനിക്ക് ബോധ്യമായത്. 

"ഇതൊരപേക്ഷയാണ്.. ജിയോയുമായുള്ള ബന്ധം ദയവായി നിങ്ങൾ ഉപേക്ഷിക്കരുത്. ചുരുങ്ങിയത് 209 രൂപ കൊണ്ടെങ്കിലും റീചാർജ്ജ് ചെയ്യണം" എന്നായിരുന്നു അതിൻ്റെ സാരം.

മകൻ്റെ കല്യാണം കഴിഞ്ഞ് എല്ലാവർക്കും സമ്മാനവും നൽകി ട്രൗസർ ഊരിപ്പോയ അംബാനിയാണ് അപ്പോൾ എൻ്റെ മനസ്സിൽ തെളിഞ്ഞു വന്നത്. ഏത് മുതലാളിയാണെങ്കിലും ഒരു ദിവസം ഇങ്ങനെ ഒക്കെ കൈ നീട്ടി ഇരക്കേണ്ടി വരും എന്ന് പാവം സ്വപ്നത്തിൽ പോലും നിനച്ചിട്ടുണ്ടാവില്ല. അതിനാൽ അടുത്ത മൂന്ന് മാസത്തെ ഇരക്കൽ ഒഴിവാക്കാനായി ഞാൻ 249 രൂപയ്ക്ക് തന്നെ റീചാർജ്ജ് ചെയ്തു.

പിറ്റേ ദിവസം എനിക്കു വീണ്ടും ഒരു കാൾ. സന്തോഷം അറിയിച്ച് സമ്മാനം അയക്കാനായി അംബാനി വിളിക്കുന്നതാവും എന്ന് കരുതി ഞാൻ ഓടിച്ചെന്ന് ഫോണെടുത്തു.

"ഹലോ... ജിയോ ഓഫീസിന്നാണ് ... " സന്തോഷത്തോടെയുള്ള കിളിനാദം കേട്ട് ഞാൻ രോമാഞ്ചം കൊണ്ടു.

"ആ... ഇത് ആ നമ്പർ തന്നെയാണ് ..." നമ്പർ ഇങ്ങോട്ട് പറഞ്ഞ് ബുദ്ധിമുട്ടേണ്ട എന്ന് കരുതി ഞാൻ അഡ്വാൻസായി അങ്ങോട്ട് പറഞ്ഞു.

"ങാ... നിങ്ങൾ എന്താ ജിയോ കണക്ഷൻ റീചാർജജ് ചെയ്യാത്തത് ...?"

"നിൻ്റെ ....'' ദ്വേഷ്യം കാരണം ഞാൻ ഫോൺ കട്ട് ചെയ്തു. ഇപ്പോഴും ആ അംബാനി മെസേജ് വിട്ടു കൊണ്ടേ ഇരിക്കുന്നു - പ്ലീസ് റീചാർജ്.

"പ്രിയപ്പെട്ട അംബാനി... എനിക്ക് നൂറ് മെസേജ് വിടുന്നതിനിടയിൽ ഒരൊറ്റ മെസേജ് എങ്കിലും താങ്കളുടെ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ചെയ്യുന്നവർക്ക് വിടണമെന്ന് വിനീതമായി അപേക്ഷിക്കുന്നു"


ആബിദ് അരീക്കോട്.


Friday, January 05, 2024

ഒരു തേങ്ങാ പുരാണം

അവധിക്കാലത്ത് കുടുംബ സമേതം ഒരു വിനോദയാത്ര പോകൽ ഏതാനും വർഷങ്ങളായി ഞാൻ തുടർന്ന് വരുന്ന ഒരു കാര്യമാണ്. യാത്രക്ക് മുന്നോടിയായോ പിന്നോടിയായോ ഭാര്യ അവളുടെ വീട്ടിൽ ഒന്നു പോയി വരലും  സ്ഥിര കർമ്മങ്ങളിൽ ഒന്നാണ്. അങ്ങനെ പോകുന്ന ഭാര്യയെ കൂട്ടിക്കൊണ്ടു വരാൻ കാറുമായി ഞാൻ ഭാര്യാ വീട്ടിൽ പോകുന്നത് മറ്റൊരു പതിവ് ചടങ്ങാണ്. അങ്ങനെ ചെല്ലുമ്പോൾ വെറും കാറോടെ മടയ്ക്കണ്ട എന്ന് കരുതി, തേങ്ങയും വാഴക്കുലയും ചക്കയും മാങ്ങയും (കാലത്തിനനുസരിച്ച്) കൊണ്ട് കാറിൻ്റെ ഡിക്കി നിറയ്ക്കൽ ഭാര്യാ മാതാവിൻ്റെ ഒരു ഹോബിയുമാണ് (കാറിൽ ചളിയും മണ്ണും കറയും ആകും എന്നതിനാൽ എനിക്കീ പരിപാടി ഇഷ്ടമില്ല.ബട്ട്, ചാക്കിലാണെങ്കിൽ ഓ കെ).

അങ്ങനെ ഇത്തവണയും ഇതെല്ലാം മുറപോലെ സംഭവിച്ചു. മൂന്ന് ദിവസത്തെ നാട് ചുറ്റലും കാഴ്ച കാണലും കഴിഞ്ഞ് മടിക്കേരിയിൽ നിന്നും മാനന്തവാടി വഴി ഞങ്ങൾ നാട്ടിലേക്ക് മടങ്ങി വരികയായിരുന്നു. രാവിലെ ആരംഭിച്ച ഡ്രൈവിംഗ് മനസ്സിനെ മുഷിപ്പിച്ച് തുടങ്ങിയതിനാൽ അൽപം വേഗത്തിലായിരുന്നു താമരശ്ശേരി ചുരത്തിലെ വളവുകളും തിരിവുകളും ഞാൻ പിന്നിട്ടിരുന്നത്. പെട്ടെന്നാണ് ഭാര്യയുടെ ശബ്ദം ഉയർന്ന് കേട്ടത് ...

"നിർത്ത് ... നിർത്ത് ..... "

ചുരത്തിൽ കടുവയിറങ്ങി എന്ന വാർത്തയുള്ളതിനാൽ റോഡ് സൈഡിലോ മരത്തിന് മുകളിലോ മറ്റോ അതിനെ കണ്ടോ എന്ന് കരുതി ഞാൻ വണ്ടി നിർത്തി.

"എവിടെയാ കടുവ ?" മനസ്സിലെ ആശങ്കയിൽ നിന്ന് എൻ്റെ ചോദ്യമുയർന്നു. 

"കടുവയോ? ഞാൻ കണ്ടില്ല ല്ലോ..''

"പിന്നെ എന്തിനാ നീ വണ്ടി നിർത്താൻ പറഞ്ഞത്?"

"അത് നിങ്ങൾ ഒരു ശബ്ദം കേട്ടില്ലേ?"

"എവിടെ നിന്ന് ?"

"വണ്ടിയിൽ നിന്ന് തന്നെ..."

"ഞാൻ ഒന്നും കേട്ടില്ല ... നിനക്ക് തോന്നിയതായിരിക്കും... " ഞാൻ കാർ വീണ്ടും സ്റ്റാർട്ട് ചെയ്തു മുന്നോട്ട് നീങ്ങി. അൽപ നേരത്തേക്ക് അപശബ്ദങ്ങൾ എന്തെങ്കിലും കേൾക്കുന്നുണ്ടോ എന്ന് ഞാൻ ശ്രദ്ധിച്ചു. പിന്നീടത് മറന്ന് പോവുകയും ചെയ്തു.

നാലാം ഹെയർപിൻ വളവ് തിരിഞ്ഞപ്പോൾ ഭാര്യ വീണ്ടും ശബ്ദമുയർത്തി.
"ദേ... നിർത്ത് ... നിർത്ത് ..... ഇപ്പോഴും കേട്ടു... വണ്ടിയുടെ പിന്നിൽ നിന്നാണ്..... അന്നത്തെപ്പോലെ ടയറ് ഊരിത്തെറിക്കാനായിട്ടുണ്ടോ ന്ന് ചെക്ക് ചെയ്തിട്ട് പോയാൽ മതി.....ഇത് ചുരമാ ... "

മുമ്പ് ഒരു തവണ എന്തോ  ഒരു അപശബ്ദം കേട്ട് പുറത്തിറങ്ങി നോക്കിയപ്പോഴാണ്, ടയറും ആക്സിലും തമ്മിലുള്ള ബന്ധം വഷളായി ടയർ ഊരിത്തെറിക്കാൻ നിൽക്കുന്നത് കണ്ടത്. ആ സംഭവം അവളുടെ മനസ്സിൽ ഉള്ളതിനാൽ അവൾ കാറിൽ നിന്ന് വേഗം ഇറങ്ങി. ഞാനും പുറത്തിറങ്ങി ടയറും മറ്റും ഒക്കെ ചെക്ക് ചെയ്തെങ്കിലും ഒരു കുഴപ്പവും ശ്രദ്ധയിൽ പെട്ടില്ല. ചുരം കഴിഞ്ഞ് അടിവാരത്തെത്താൻ ഇനിയും സഞ്ചരിക്കാനുള്ളതിനാൽ ഭാര്യയുടെ വാക്ക് അവഗണിച്ച് മുന്നോട്ട് പോകാനും വയ്യാതായി. കാർ മെല്ലെ സൈഡാക്കി ഞാൻ ഒരു മെക്കാനിക്കിനെ അന്വേഷിച്ചു.

"രണ്ട് കിലോമീറ്റർ താഴെ അടിവാരത്ത് ഉണ്ട് ... വേഗം അടുത്ത ബസ്സിന് തന്നെ കയറിക്കോളൂ... നേരം ഇത്രയും ആയതിനാൽ പൂട്ടിപ്പോകാൻ സാദ്ധ്യതയുണ്ട്..." വാച്ചിലേക്ക് നോക്കിക്കൊണ്ട് നാട്ടുകാരിൽ ഒരാൾ പറഞ്ഞു. 

"ശരി... " ഞാൻ ബസ്സിനായി കാത്തു നിന്നു. ആദ്യം വന്ന ബസ്സിന് തന്നെ കൈ കാണിച്ചു. ഭാഗ്യം!! ഡ്രൈവർ ബസ് നിർത്തി.

"ഒരു ... അടിവാരം " ടിക്കറ്റുമായി കണ്ടക്ടർ വന്നപ്പോൾ ഞാൻ പറഞ്ഞു.

"അറുപത്തഞ്ച് രൂപ... "

"ങേ!! രണ്ട് കിലോ മീറ്റർ അപ്പുറത്തുള്ള അടിവാരമാ ഞാൻ പറഞ്ഞത്..." കണ്ടക്ടർ തെറ്റിദ്ധരിച്ചോ എന്ന ആശങ്കയിൽ ഞാൻ പറഞ്ഞു.

"ങാ... അങ്ങോട്ടു തന്നെയാ അറുപത്തഞ്ച് രൂപ... ഇത് സൂപ്പർ ഫാസ്റ്റ് ബസ്സാ... കൽപറ്റ കഴിഞ്ഞാൽ അടുത്ത സ്റ്റേജ് താമരശ്ശേരിയാ... "

"എന്നാ എന്നെ ഇറക്കി തരാമോ?"

"ടിക്കറ്റ് എടുത്താൽ ഇറങ്ങാം... വഴിയിൽ നിന്ന് ചെക്കിംഗ് ഇൻസ്പെക്ടർ കയറിയാൽ എൻ്റെ കാശ് പോകും.." 

ഗത്യന്തരമില്ലാതെ രണ്ട് കിലോമീറ്ററിന് അറുപത്തഞ്ച് രൂപ നൽകി ഞാൻ അടിവാരത്തെത്തി. വർക്ക്‌ഷോപ്പ് അടച്ചു കൊണ്ടിരുന്ന ഒരു മെക്കാനിക്കിനെ കണ്ടെത്തി.

"ചേട്ടാ... അടയ്ക്കല്ല... ഒരു മിനുട്ട് ..." ഞാൻ ഓടിച്ചെന്ന് പറഞ്ഞു.

"ങും " അയാൾ എന്നെ നോക്കി.

"എൻ്റെ കാറ് വഴിയിൽ കുടുങ്ങി... എന്തോ ഒരു ശബ്ദം കേട്ടു എന്ന് ഭാര്യ പറഞ്ഞു... ഞാൻ നോക്കിയിട്ട് ഒന്നും കണ്ടില്ല ... ഒന്ന് വന്ന് നോക്കാമോ?"

"എവിടെയാ?"

"നാലാം വളവിനടുത്ത് "

" വണ്ടി വിളിച്ച് പോകണ്ടി വരുമല്ലോ?"

"ബസ്സിന് പോകാം.." 

സൂപ്പർ ഫാസ്റ്റ് അല്ലാത്ത ഒരു ബസ്സ് വരണേ എന്ന പ്രാർത്ഥനയോടെ ഞാൻ കാത്തിരുന്നു. ആദ്യം വന്ന ഫാസ്റ്റ് പാസഞ്ചറിന് കൈ കാട്ടിയെങ്കിലും ബ്രേക്ക് കിട്ടാത്തതിനാലാണെന്ന് തോന്നുന്നു, വണ്ടി നിർത്തിയില്ല. ഭാഗ്യത്തിന്  അടുത്ത ബസ് ഓർഡിനറി ലിമിറ്റഡ് സ്റ്റോപ്പായിരുന്നു. ഞാനും അദ്ദേഹവും അതിൽ കയറി കാറ് നിർത്തിയിട്ട സ്ഥലത്തിറങ്ങി.

"എന്ത് ശബ്ദമാണ് നിങ്ങൾ കേട്ടത് ?"
കാറിൻ്റെ ചുറ്റും നടന്ന് നോക്കുന്നതിനിടയിൽ മെക്കാനിക് ചോദിച്ചു.

"ഞാൻ കേട്ടത് എൻ്റെ ഭാര്യയുടെ ശബ്ദമാണ്... അവൾ കേട്ടത് എന്താണെന്ന് എനിക്കറിയില്ല .." 

"ഒരു തരം മുരളൽ ... " ഭാര്യ പറഞ്ഞു.

" ങേ ! " എന്റെ മനസ്സിൽ, ഒന്നാം ക്ലാസിലെ 'മൂളുന്ന വണ്ടേ മുരളുന്ന വണ്ടേ...' എന്ന പാട്ടാണ് പെട്ടെന്ന് ഓടിവന്നത്.      

"വണ്ടിയിൽ കയറൂ... ഒന്ന് ഓടിച്ച് നോക്കട്ടെ..." മെക്കാനിക്ക് പറഞ്ഞു.

ഞാനും ഭാര്യയും കാറിൽ കയറി. മെക്കാനിക്ക് കാർ സ്റ്റാർട്ടാക്കി ഓടിക്കാൻ തുടങ്ങി. അൽപദൂരം ഓടിയിട്ടും പ്രത്യേകിച്ച് ഒരു ശബ്ദവും കേൾക്കാത്തതിനാൽ ഞാൻ ഭാര്യയുടെ മുഖത്തേക്ക് നോക്കി. പെട്ടെന്ന് കാർ ഒരു വളവ് വളഞ്ഞതും എന്തൊക്കെയോ ഉരുളുന്ന പോലെ ഒരു ശബ്ദം കേട്ടു.

"ദാ... ഇപ്പോ കേട്ടില്ലേ ?" ഭാര്യ ഉറക്കെ ചോദിച്ചു.

"ഞാൻ കേട്ടില്ല ..." മെക്കാനിക്ക് പറഞ്ഞു. 

കാർ വീണ്ടും മുന്നോട്ട് നീങ്ങി. അടുത്തടുത്ത രണ്ട് ഹെയർപിൻ വളവുകൾ തിരിഞ്ഞപ്പോൾ ശബ്ദം വ്യക്തമായി കേട്ടു. മെക്കാനിക്ക് കാർ നിർത്തി പുറത്തിറങ്ങി. ഞാനും പുറത്തിറങ്ങി.

" ഇപ്പോൾ കേട്ടതല്ലേ നിങ്ങൾ പറഞ്ഞ ശബ്ദം ...?"

"ആ...?". ഭാര്യ ആദ്യം സൂചിപ്പിച്ച ശബ്ദം ഞാൻ കേട്ടിട്ടില്ലാത്തതിനാൽ എനിക്ക് ഒന്നും പറയാനായില്ല.

" കാറിൽ തേങ്ങ കയറ്റാറുണ്ടോ?"

" ഇടക്ക് ....ഭാര്യ വീട്ടിൽ പോകുമ്പോൾ ..... "

" ഈ അടുത്ത് എപ്പോഴെങ്കിലും ...? "

"നാല് ദിവസം മുമ്പ് ഭാര്യ വീട്ടിൽ പോയിരുന്നു... പക്ഷേ അന്ന് ഞാൻ ഡിക്കി തുറന്ന് കൊടുത്തിട്ടില്ല ..."

"അന്ന് ഭാര്യ കാറിൻ്റെ താക്കോൽ വാങ്ങിയിരുന്നോ?"

"യെസ് "

"അപ്പോൾ സംശയം വേണ്ട.... ഡിക്കി തുറക്ക്..."

ഞാൻ കാറിൻ്റെ ഡിക്കി തുറന്നു. പതിനഞ്ചോളം തേങ്ങകൾ !!ഓരോ വളവും തിരിയുമ്പോൾ അവ ഉരുളുന്ന ശബ്ദമാണ് ഭാര്യ കേട്ടത്. ഏതായാലും തേങ്ങ കൊണ്ട് കൂടുതൽ പൊല്ലാപ്പ് ഉണ്ടാകുന്നതിൻ്റെ മുമ്പ് മെക്കാനിക്കിന് അയാളുടെ നോക്ക് കൂലിയും കൊടുത്ത് ഞാൻ വേഗം കാറെടുത്ത് സ്ഥലം വിട്ടു.

Friday, November 03, 2023

ഡ്രൈവിംഗ് ലൈസൻസ്

"അതേയ്...എനിക്ക് ഡ്രൈവിംഗ് പഠിക്കണം..."  ഒരു സുപ്രഭാതത്തിലുള്ള ഭാര്യയുടെ പ്രഖ്യാപനം കേട്ട് ഞാൻ ഞെട്ടിപ്പോയി.

"അതെന്താ ഇപ്പോൾ ഒരു ബോധോദയം വന്നത്?"

"ഒന്നും ല്ല... ആഗ്രഹങ്ങൾ വരുമ്പോഴല്ലേ പറയാൻ പറ്റൂ..."

'അയൽപക്കത്ത് ആരും ഡ്രൈവിംഗ് ലൈസൻസ് എടുത്തിട്ടില്ല...ഭാര്യാ സഹോദരിമാർക്കും ഡ്രൈവിംഗ് ലൈസൻസില്ല... എന്റെ സഹോദര ഭാര്യമാർക്കും ഡ്രൈവിംഗ് ലൈസൻസില്ല...പിന്നെ എങ്ങനെ പെട്ടെന്നൊരു ആഗ്രഹം മുളപൊട്ടി??' ഞാൻ ആലോചിച്ചു.

"ഈ ഡ്രൈവിംഗ് ലൈസൻസ് എടുക്കണമെങ്കിൽ തലയ്ക്കകത്ത് എന്തെങ്കിലും ഒക്കെ വേണം..." ഞാൻ ഒന്ന് ഊരാൻ ശ്രമിച്ചു. 

"അപ്പോൾ പിന്നെ നിങ്ങൾക്ക് കിട്ടിയതോ?" അവളുടെ  ചോദ്യത്തിന് മുന്നിൽ ഞാനൊന്ന് പകച്ചുപോയി.

"ഞാനൊക്കെ ന്ന് പറഞ്ഞാൽ... സമൂഹത്തിൽ നാലാള് അറിയുന്ന..."

"എന്നിട്ടാ ആദ്യത്തെ രണ്ട് വട്ടവും സുന്ദരമായി തോറ്റത്..."

"തോൽവി വിജയത്തിലേക്കുള്ള ചവിട്ടുപടിയാണ് എന്ന് നീ കേട്ടിട്ടില്ലേ?"

"ങാ..അതൊക്കെ കേട്ടിട്ടുണ്ട്... പക്ഷെ 'എച്ച്' ഇടുന്നതിൽ രണ്ട്  തവണ തോറ്റ ഒരേ ഒരാളെയേ ഞാൻ കണ്ടിട്ടുള്ളൂ...അത് നിങ്ങളാണ്.."

ആ പറഞ്ഞത് എനിക്കൊരു ക്ഷീണമായെങ്കിലും ഞാനും വിട്ടുകൊടുത്തില്ല.

"അതേയ്...ആദ്യത്തെ തവണ ഞാൻ 'എച്ച്' ഫുൾ ഇട്ടതാ..."

"ഉം...ഉം...പിന്നെ ഇൻസ്പെക്ടർക്ക് തെറ്റിയതാവും..."

"അല്ലല്ല...അവസാനം കുറച്ച് കൂടി റിവേഴ്‌സ് എടുക്കാൻ പറഞ്ഞു... ഞാൻ എടുത്തത് റിവേഴ്‌സാ... ബട്ട് ജീപ്പ് നീങ്ങിയത് മുന്നോട്ടും..."

"ഓ...പുതിയ ടെക്‌നോളജി ആയിരിക്കും..." എന്റെ മുഖത്ത് സൈക്കിളിൽ നിന്ന് വീണ ഒരു ചിരി പടർന്നു.

"യെസ്...ടെക്‌നോളജി ഈസ് ഹൈലി ഡെവലൊപ്ഡ് ...ആൻഡ് വീ പുവർ കൺട്രി ഫെലോസ് സ്റ്റിൽ ഇൻ പൊട്ടക്കുളം.."

"അപ്പോൾ രണ്ടാമത്തെ അവസരത്തിലോ ?" 

"അത്...പിന്നെ...ഒന്നിലൊത്തില്ലെങ്കിൽ മൂന്നിൽ എന്നതല്ലേ ഒരു ശരി ?"

"ആ കമ്പി അന്ന് ജീപ്പിൽ കുത്തിക്കയറാഞ്ഞത് ഭാഗ്യം...നേരെ നെഞ്ചത്ത് കൂടെയാ കയറിപ്പോയത്..."

'ഹും... കാറ് കൊണ്ട് 'എച്ച്' ഇടുമ്പോ നിനക്കും മനസ്സിലാകും, ഇത് കടലാസിൽ ഇടുന്ന മാതിരി അത്ര എളുപ്പമുള്ള പരിപാടിയല്ലാന്ന്...' ഞാൻ ആത്മഗതം ചെയ്തു.

"പിന്നെ...മൂന്നാമത്തേതിലും മോഡറേഷൻ വഴി ജയിച്ചതാണെന്ന് ഡ്രൈവിംഗ് കണ്ടാൽ അറിയാം..."

"ഏയ്... മൂന്നാമത്തേതിൽ ജീപ്പും കമ്പിയും തമ്മിൽ ഒരാനയുടെ ദൂരം ഉണ്ടായിരുന്നു..."

" കുഴിയാന ആയിരിക്കും..."

"അല്ലല്ല...വയനാട്ടിൽ കാണുന്ന ഇന്ത്യൻ ആന തന്നെ ..."

"എന്നിട്ടും കമ്പി വീണു എന്നാണല്ലോ കേട്ടത്..?"

"അത്... കാറ്റടിച്ചപ്പോ വീണതാ..."

"ഇങ്ങനെ ഞെങ്ങിയും ഞെരങ്ങിയും ലൈസൻസ് എടുത്ത ആളാ ഇപ്പോൾ എന്റെ തലയിൽ എന്തെങ്കിലും വേണം എന്ന് പറയുന്നത്..." 

ഞാൻ അവളെ നോക്കി ഒന്ന് ചിരിച്ചു.

*****

"ഇന്ന് എന്റെ ഡ്രൈവിംഗ് ടെസ്റ്റാ..." മൂന്ന് മാസങ്ങൾക്ക് ശേഷം ഒരു ദിവസം ഭാര്യ പറഞ്ഞു.

"ഉം.." ഞാനൊന്ന് മൂളി.

"നിങ്ങൾ തോറ്റ പോലെ തോൽക്കാൻ എനിക്ക് മനസ്സില്ല...ഇതിൽ നിങ്ങളെ ഞാൻ തോൽപ്പിക്കും..."

"ലൈസൻസ് കിട്ടിക്കഴിഞ്ഞ എന്നെ ഇനി എങ്ങനെ തോൽപ്പിക്കാനാ?"

"ആദ്യ ശ്രമത്തിൽ തന്നെ ഞാൻ പാസ്സാകും..." 

അത് വല്ലാത്തൊരു വെല്ലുവിളിയായിരുന്നു.ടെസ്റ്റ് പാസ്സായാൽ ജീവിതകാലം മുഴുവൻ ഈ കാര്യത്തിൽ അവൾ എന്റെ മുന്നിലായി.തോറ്റാൽ വീണ്ടും മറ്റൊരു ദിവസം അവളെയും കൊണ്ട് പത്ത് മുപ്പത് കിലോമീറ്റർ ഡ്രൈവ് ചെയ്ത് അതിരാവിലെ ടെസ്റ്റിന് എത്തണം.ദൈവമേ,നീ തന്നെ ഒരു തീരുമാനമാക്കണേ...ഞാൻ പ്രാർത്ഥിച്ചു.

*****

ഡ്രൈവിങ് ടെസ്റ്റ് കഴിഞ്ഞ ഭാര്യ ഒരു പുഞ്ചിരിയോടെ എന്റെ നേരെ നടന്നടുത്തു.

"ഞാൻ പാസ്സായി..."

"ങേ!! കൺഗ്രാജുലേഷൻസ്.." ഞെട്ടിയെങ്കിലും ഞാൻ അഭിനന്ദനം അറിയിച്ചു.

"അതേയ്... പണ്ടൊക്കെ എസ് .എസ് .എൽ .സി പാസ്സാകുക എന്നത് ഭയങ്കര കാര്യമായിരുന്നു..." എന്റെ പ്രതികരണം അറിയാനായി  കാത്ത് നിൽക്കുന്ന അവളോട് ഞാൻ പറഞ്ഞു തുടങ്ങി.

"ങാ..."

"ഇന്നിപ്പോ എസ് .എസ് .എൽ .സി തോൽക്കാനാണ് ബുദ്ധിമുട്ട്..."

"അത് ശരിയാ..."

"അതേപോലെ പണ്ടൊക്കെ ഡ്രൈവിംഗ് ടെസ്റ്റ് പാസ്സാകുക എന്നത് അത്ര എളുപ്പമായിരുന്നില്ല..."

"ഉം...ഉം..."

"ഇന്നിപ്പോ ഡ്രൈവിംഗ് ടെസ്റ്റ് തോൽക്കാനാണ് പ്രയാസം... എല്ലാ അണ്ടനും അടകോടനും ഏതെങ്കിലും ഒരു ലൈസൻസ് ഉണ്ടാകും... അതല്ലേ റോട്ടിൽ ഇത്രയധികം വാഹനങ്ങളുടെ തിരക്ക്... വാ കയറ് ... ബാക്കി വീട്ടിലെത്തിയിട്ട് പറയാം..."

ഞാൻ പറഞ്ഞതനുസരിച്ച് അവൾ കാറിൽ കയറി.മുന്നിൽ കണ്ട വാഹനങ്ങളുടെ നീണ്ട നിരയുടെ കാരണം കിട്ടിയ സന്തോഷത്തിലായിരുന്നു അപ്പോൾ അവൾ.


Thursday, August 31, 2023

അബുവിന്റെ മോ(ഷ്)ട്ടിവേഷൻ - 1

എന്റെ സഹപാഠികളിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ടവനായിരുന്നു അബു.പ്രായം കൊണ്ട് എന്നെക്കാൾ സീനിയറായ അബു രണ്ടോ മൂന്നോ കൊല്ലം തോറ്റിട്ടാണ് എന്റെ സഹപാഠിയായത്.അബുവിനെപ്പോലെ വേറെ ചിലരും ഇങ്ങനെ തോറ്റ് തോറ്റ് ഇരിക്കുന്നവരുണ്ടായിരുന്നു.പക്ഷേ അബു എന്റെ പ്രിയപ്പെട്ടവനാകാൻ കാരണം അവൻ എന്നെ പഠിപ്പിച്ച ചില സൂത്രങ്ങളായിരുന്നു.അവയിലൊന്നിന്റെ പരീക്ഷണം അബുവുമായുള്ള എന്റെ  കൂട്ടുകെട്ട് എന്നന്നേക്കുമായി അവസാനിപ്പിക്കാനും കാരണമായി.

അക്കാലത്ത് സ്‌കൂളിൽ ഇന്നത്തെപ്പോലെ ഉച്ചഭക്ഷണം ഉണ്ടായിരുന്നില്ല. പക്ഷേ, അമേരിക്കയിൽ നിന്ന് വരുന്നത് എന്ന് പരക്കെ പറഞ്ഞ് നടന്നിരുന്ന ഗോതമ്പ് കൊണ്ടുണ്ടാക്കിയ ഉപ്പുമാവ് എല്ലാ കുട്ടികൾക്കും നൽകിയിരുന്നു. ഉച്ചസമയത്ത്, പ്രസ്തുത ഉപ്പ്മാവ് നെയ്യിട്ട് തൂമിക്കുന്ന ഗന്ധം ഉപ്പ്മാവ്പുരയിൽ നിന്നും ഉയരും. അത് മൂക്കിലടിക്കുമ്പോഴേക്കും വായിൽ വെള്ളമൂറാൻ തുടങ്ങും.പിന്നെ, ഉപ്പ്മാവിനുള്ള വരിയിൽ മുന്നിലെത്താൻ  തിക്കിത്തിരക്കും. എല്ലാവരുടെ കയ്യിലും ഉപ്പ്മാവ് വാങ്ങാൻ പാത്രം ഉണ്ടാകില്ല.ചിലരൊക്കെ മറ്റുള്ളവരുടെ പാത്രത്തിന്റെ അടപ്പ് കടം വാങ്ങി അതിലാണ് ഉപ്പുമാവ് വാങ്ങുക. അതും കിട്ടാത്തവർ ഉപ്പൂത്തിയുടെ ഇലകൾ പറിച്ച് ട്രൗസറിൽ നന്നായൊന്ന് തുടച്ച് അതിലാണ് ഉപ്പുമാവ് വാങ്ങിയിരുന്നത്.

ഉപ്പുമാവിന്റെ ഗോതമ്പ് സ്‌കൂളിൽ വരുന്നത് ആഴ്ചയിൽ ഒരിക്കലാണ്.ഫാർഗോ എന്ന കമ്പനിയുടെ ലോറിയിൽ എല്ലാ ശനിയാഴ്ചകളിലും ആയിരുന്നു ഗോതമ്പ് എത്തിയിരുന്നത്.ഉച്ചക്ക് ശേഷം എത്തുന്ന ലോറിയുടെ ഇരമ്പൽ ശബ്ദം വളരെ ദൂരെ നിന്നേ കാതിലെത്തുമായിരുന്നു.ഒരാഴ്ചത്തെ ഉപ്പ്മാവിനുള്ള ഗോതമ്പ് ഇറക്കിയ ശേഷം ആ ലോറി മറ്റേതോ സ്‌കൂളിലേക്ക് നീങ്ങും.

അന്നത്തെ കാലത്ത് ഗോതമ്പ് സൂക്ഷിക്കാൻ, സ്‌കൂളിൽ പ്രത്യേകിച്ച് ഒരു മുറി ഉണ്ടായിരുന്നില്ല.ഉപ്പുമാവ് തയ്യാറാക്കുന്ന പുരയുടെ തൊട്ടടുത്തുള്ള ക്ലാസ്സിൽ അട്ടിയിടുക എന്നതായിരുന്നു പതിവ്.ആ ക്ലാസ്സിൽ പിന്നീട് അധികം സ്ഥലം ബാക്കിയുണ്ടാകില്ല.അതിനാൽ സെക്കൻഡ് ലാംഗ്വേജ് ആയി പഠിക്കുന്നതും കുട്ടികൾ കുറവായതുമായ അറബി , ഉറുദു, സംസ്കൃതം തുടങ്ങിയ ക്‌ളാസ്സുകൾ നടത്താനായിരുന്നു ആ മുറി ഉപയോഗിച്ചിരുന്നത്.അത്തരം ഒരു ക്ലാസ്സിൽ വച്ചാണ് ഒരു അതിവിദഗ്ദ്ധ മോഷണത്തിന്റെ രീതി അബു എനിക്ക് കാണിച്ച് തന്നത്.

അബുവും ഞാനും സെക്കൻഡ് ലാംഗ്വേജ് ആയി എടുത്തത് അറബി ഭാഷ ആയിരുന്നു. ഉപ്പ്മാവ് തയ്യാറാക്കാനുള്ള ഗോതമ്പ് ചാക്കുകൾ അട്ടിയിട്ട ക്ളാസിലായിരുന്നു ഞങ്ങൾക്ക് അറബി പിരിയേഡിൽ ഇരിക്കേണ്ടിയിരുന്നത്.  ഏറ്റവും പിന്നിലെ ബെഞ്ചിൽ ചാക്ക് അട്ടിയിട്ടതിന്റെ തൊട്ടടുത്താണ് അബു സ്ഥിരം ഇരിക്കാറുള്ളത്. അറബിയുടെ ക്‌ളാസിൽ കയറുമ്പോഴെല്ലാം അവന്റെ കയ്യിൽ ഒരു വടിക്കഷ്ണവും ഉണ്ടാകും.

"എന്തിനാ നീ ഈ വടിക്കഷ്ണം കൊണ്ട് നടക്കുന്നത്?" ജിജ്ഞാസ കൂടിയ ഒരു ദിവസം ഞാനവനോട് ചോദിച്ചു.

"അത് ... ഇന്ന് നീ അറബി ക്ലാസ്സിൽ എന്റെ അടുത്തിരുന്നാൽ കാണിച്ച് തരാം..."

"എന്ത്?"

"സൈക്കിൾ വാടകയ്ക്ക് എടുക്കാനുള്ള കാശ് ഉണ്ടാക്കാനുള്ള വഴി..."

"ങേ!!" 

ഞാൻ ഞെട്ടി.വടി കൊണ്ട് കാശ് ഉണ്ടാക്കുന്ന വഴി അറിയാനുള്ള ആകാംക്ഷ കാരണം ഞാൻ അറബി പിരിയേഡ് ആകാൻ അക്ഷമയോടെ കാത്തിരുന്നു.

ഇന്റർവെൽ കഴിഞ്ഞ് ബെല്ലടിച്ചതും ഞാനും അബുവും ഒരുമിച്ച് ഉപ്പ്മാവ് ചാക്ക് അട്ടിയിട്ട റൂമിൽ എത്തി, അവസാന ബെഞ്ചിൽ ഇരുന്നു. ഞാൻ അബുവിന്റെ മുഖത്തേക്ക് നോക്കി.അല്പനേരം കാത്തിരിക്കാൻ അവൻ ആംഗ്യം കാണിച്ചു.ബാക്കി കുട്ടികൾ കൂടി എത്തിയതോടെ ബെഞ്ചുകൾ എല്ലാം നിറഞ്ഞു.ടീച്ചർ ക്ലാസ്സിൽ എത്തുകയും ചെയ്തു.

പുസ്തകം തുറന്ന് ടീച്ചർ പഠിപ്പിക്കാൻ തുടങ്ങിയതോടെ അബു എന്നെ തോണ്ടി.കയ്യിൽ കരുതിയിരുന്ന വടിക്കഷ്ണം എടുത്ത് അബു ഗോതമ്പ് ചാക്കിന്റെ മൂലയിൽ ഒരു കുത്ത് കുത്തി.വടിക്കഷ്ണം ഉണ്ടാക്കിയ ചെറിയ ദ്വാരത്തിലൂടെ പുറത്തേക്ക് ചാടിയ ഗോതമ്പ് നുറുക്കുകൾ കയ്യിൽ ശേഖരിച്ച് അബു നേരെ വായിലേക്കിട്ടു.കുറച്ച് എനിക്കും തന്നു.വേവിക്കാത്ത ഗോതമ്പ് നുറുക്കിന്റെ രുചി അന്നാണ് ആദ്യമായി ഞാനറിഞ്ഞത്.

"ഇതേ വിദ്യ നിന്റെ വീട്ടിലെ കുരുമുളക് ചാക്കിൽ പ്രയോഗിച്ചാൽ നിനക്കാവശ്യമായ കാശ് ഉണ്ടാക്കാം..." 

അബുവിന്റെ മോ(ഷ്)ട്ടിവേഷൻ ക്ലാസ് എനിക്ക് ഒരു പുതിയ അറിവ് പകർന്നു. അതൊന്ന് പരീക്ഷിച്ച് നോക്കാൻ തന്നെ ഞാൻ തീരുമാനിച്ചു.


(തുടരും....)


Monday, August 07, 2023

ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട്

നാലഞ്ച് ദിവസങ്ങൾക്ക് മുമ്പ് ഞാനൊരു ഫോട്ടോ എന്റെ സഹധർമ്മിണിയെ കാണിച്ചു.

"ഏതാ ഈ വയസ്സൻ  ?" അവളുടെ ചോദ്യം. 

"അത്... ഞാനാ...'' 

"കൂടെയുള്ളതോ?"

" ശത്രുഘ്നൻ "

"എന്ത്?"

"ശത്രു... ശത്രു ഇല്ലേ .... മിത്രത്തിന്റെ ഓപ്പോസിറ്റ് ... "

"ങാ...''

"ആ... അതിന്റെ കൂടെ ഒരു ഘ്നൻ കൂട്ടിയാ മതി... "

"ആ.... ആരാദ്?"

" സാഹിത്യകാരനാ... പണ്ട് പണ്ട് ... ഞാനൊക്കെ മാതൃഭൂമിയിൽ എഴുതിയിരുന്ന കാലത്ത്...."

"എന്ത് ...? നിങ്ങൾ മാതൃഭൂമിയിൽ എഴുതിയിരുന്ന കാലത്തോ....??"

"അതായത് മാതൃഭൂമി പത്രം വീട്ടിൽ വരും... വൈകുന്നേരം നമ്മളത് എടുത്ത് അതിൽ മാതൃഭൂമി ന്നോ ആഴ്ചപതിപ്പ് എന്നോ ഒക്കെ വെറുതെ എഴുതും.."

"ഓ.. ആ എഴുത്ത്... എന്നിട്ട്..."

"അന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ അവസാന പേജിൽ ബാലപംക്തി ഉണ്ടായിരുന്നു...."

"എന്ത് പാത്തി ....?"

"പാത്തി അല്ല ടീ.... ബാലപംക്തി ... ബലൂണിലെ ബാ...ല...പിന്നെ പം ആന്റ് ക്തി ... അതൊക്കെ അറിയണങ്കി .. "

" .....മലയാളം എം.എ പാസ്സാകണം എന്നല്ലേ പറയാൻ പോകുന്നത്?"

"ആ.. അതെങ്ങനെ പിടി കിട്ടി.."

"ഞാൻ നിങ്ങളെ കെട്ടീട്ട് പത്തിരുപത്തഞ്ച് വർഷായില്ലേ ... ആ ബാക്കി പറയൂ.... "

" ആ ബാലപംക്തിയിലേക്ക് ഞാനൊക്കെ സൃഷ്ടികൾ അയക്കും ...."

"ആ... അങ്ങനെ അവിടത്തെ കൊട്ട നിറയും..."

"ഏത് കൊട്ട..?"

"എഡിറ്റേഴ്സ് ചവറ്റു കൊട്ട .. ആ ... ബാക്കി പറ."

"ആ... അതൊക്കെ കൊട്ടയിലേക്കിട്ടിരുന്ന ആളാണ് ഈ ശത്രുഘ്നൻ ..."

" പേര് പോലെ തന്നെ മുളയിലേ ഒരു സാഹിത്യകാരനെ നുള്ളിക്കളഞ്ഞ ശത്രു... എന്നിട്ട് ആ വയസ്സന്റെ കൂടെ നിന്ന് ഒരു ഫോട്ടോയും... നാണമില്ലേ നിങ്ങൾക്ക്..."

"എന്തിന് നാണിക്കണം ... നിനക്ക് മഞ്ജു വാര്യറെ ഇഷ്ടമില്ലേ ...?"

"ഓ... ഇഷ്ടമാണ് ... "

" ദിലീപ് ...?"

"അതും ഫേവറിറ്റാണ് .. അയാളും ഇയാളും തമ്മിൽ "

"ആ... ഈ പുഴയും കടന്ന് എന്ന ദിലീപ് - മഞ്ജു വാര്യർ സിനിമ ഇല്ലേ...?"

"ആ..."

"പിന്നെ മമ്മൂട്ടി - ശോഭന ജോഡിയുടെ കളിയൂഞ്ഞാല് .... കുഞ്ചാക്കോ ബോബൻ - ശാലിനി ജോഡിയുടെ നിറം ...."

"ആ... ഇതെന്താ നിങ്ങള് എന്നെ PSC പരീക്ഷക്ക് പഠിപ്പിക്കാ .... "

" അല്ലെടീ... ആ സൂപ്പർ ഹിറ്റ് സിനിമകളുടെയൊക്കെ തിരക്കഥ എഴുതിയ മഹാന്റെ കൂടെയാ ഓത്തുപള്ളി എഴുതിയ ഞാൻ ....." ഷർട്ടിന്റെ കോളർ ഒന്ന് ശരിയാക്കി ഞാൻ ഗമയിൽ പറഞ്ഞു.

"ങാ... ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട് എന്ന് കേട്ടത് ഇപ്പോൾ കാണുകയും ചെയ്തു ..."

ഇതും പറഞ്ഞ് അവൾ അടുക്കളയിലേക്ക് കയറി. മക്കളാരും കേട്ടില്ല എന്നുറപ്പ് വരുത്തി ഞാൻ പൂമുഖത്തേക്കും നീങ്ങി.



Wednesday, June 07, 2023

മഹാബലിപുരത്തെ പാതാളം

ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുന്ന കാലത്താണ് സ്‌കൂളിൽ നിന്ന് ആദ്യത്തെ മദ്രാസ് ടൂർ പോകുന്നത്.തീവണ്ടി മറിയും എന്ന ഭയത്താലോ അതല്ല മക്കളെ ഒരു ദിവസം പിരിഞ്ഞിരിക്കാൻ പറ്റില്ല എന്ന കാരണത്താലോ അതുമല്ല തൈര് സാദായും കൂട്ടി സ്വന്തം പൊന്നോമനകൾ അഞ്ച് ദിവസം പുളിച്ച ചോറ് തിന്നേണ്ടി വരും എന്നതിനാലോ എന്നറിയില്ല മിക്ക മാതാപിതാക്കളും കുട്ടികളെ ഈ ടൂറിന് വിട്ടിരുന്നില്ല. എന്നാൽ ഒരാഴ്ചയ്ക്ക് ഈ കുട്ടിച്ചാത്തന്റെ /കുട്ടിച്ചാത്തിയുടെ ശല്യം നാട്ടിൽ നിന്നും വീട്ടിൽ നിന്നും ഒഴിഞ്ഞു കിട്ടട്ടെ എന്ന് ആഗ്രഹിച്ച് മക്കളെ ടൂറിന് വിട്ട ചില രക്ഷിതാക്കളും ഉണ്ടായിരുന്നു. എന്നെ ഏത് ഗണത്തിൽ പെടുത്തിയാണ് ഈ ടൂറിന് പോകാൻ എൻറെ മാതാപിതാക്കൾ അനുമതി നൽകിയത് എന്ന് എനിക്ക് ഇന്നും അജ്ഞാതമാണ് അനന്തമാണ് അവർണ്ണനീയമാണ്.

ടൂർ ദിനം അടുക്കുന്തോറും മനസ്സിൽ എന്തൊക്കെയോ തുമ്പികളും കിളികളും പറന്നു നടക്കാൻ തുടങ്ങി.മദ്രാസ് ടൂർ എന്ന് മാത്രമേ കുട്ടികളായ ഞങ്ങൾക്ക് അറിയാമായിരുന്നുള്ളൂ.മദ്രാസിൽ എന്തൊക്കെ കാണും എന്നതിനെപ്പറ്റി ഒരു മുൻ ധാരണയും ഉണ്ടായിരുന്നില്ല.മുമ്പ് ആരും അവിടെ പോയ ചരിത്രവും ഇല്ലാത്തതിനാൽ ഒരു റഫറൻസിനും രക്ഷയുണ്ടായിരുന്നില്ല.

"മഹാബലിപുരത്ത് പോകുന്നുണ്ടോ?" ചരിത്ര അദ്ധ്യാപകൻ കൂടിയായിരുന്ന എന്റെ പിതാവ്, ടൂറിന് പോകുന്നതിന് ദിവസങ്ങൾക്ക്  മുമ്പ് എന്നോട് ചോദിച്ചു.

"മഹാബലി നമ്മുടെ നാട്ടിലല്ലേ...? ഞങ്ങൾ പോകുന്നത് തമിഴ്നാട്ടിലേക്കാ..." ചരിത്രാദ്ധ്യാപകന്റെ മകന് ചരിത്രം നന്നായിട്ടറിയാം എന്ന് തെളിയിച്ച് ഞാൻ ബാപ്പയെ തിരുത്തി.

"അതേ, മഹാബലിപുരത്ത് പോകുന്നുണ്ടോ എന്ന് തന്നെ...."  പെരുന്തച്ചന്റെ മകനാകാൻ ഞാൻ നടത്തിയ ശ്രമം ബാപ്പ എട്ടുനിലയിൽ പൊട്ടിച്ചു.

'അപ്പോ നമ്മുടെ മാവേലി പാതാളത്തിലേക്ക് താഴ്ന്ന് പിന്നെ പൊങ്ങിയ നാടാകുമോ ഈ മഹാബലിപുരം ? അങ്ങനെയെങ്കിൽ പാതാളത്തിലേക്കുള്ള ഒരു വഴി ഓർ കുഴി അവിടെ കാണേണ്ടതല്ലേ? ' എന്റെ മനസ്സിൽ ഒരു ചോദ്യം ഉയർന്നു വന്നു.ഞങ്ങളെ ചരിത്രം പഠിപ്പിക്കുന്ന തോമസ് മാഷ് ടൂറിന് പോരുന്നുണ്ട്.മാഷോട് തന്നെ ചോദിക്കാം എന്ന് ഞാൻ മനസ്സിൽ കരുതി.

"നമ്മുടെ ക്ലാസ്സിൽ നിന്ന് ആരൊക്കെയാ മദ്രാസ് ടൂറിനുള്ളത്?" പിറ്റേ ദിവസം ക്ലാസ്സിൽ വന്ന ഉടനെ തോമസ് മാഷ് ചോദിച്ചു.

"യൂസുപ്പ്..." ക്ലാസ്സിലെ അത്യാവശ്യം സാമ്പത്തിക ശേഷിയുള്ളവരിൽ പെട്ട യൂസുഫിന്റെ പേര് എല്ലാവരും കൂടി വിളിച്ച് പറഞ്ഞു. യൂസുഫ് മെല്ലെ എണീറ്റു നിന്ന് ചുറ്റും നോക്കി.ഉടനെ ഞാനും എണീറ്റു നിന്നു.

"അതെയ്..., ടൂർ പോകുന്നത് സ്ഥലം കാണാൻ മാത്രമല്ല, അവിടെ ഉറങ്ങിക്കിടക്കുന്ന ചരിത്രം കൂടി പഠിക്കാനാ..." യൂസുഫിന്റെ മുഖത്തേക്ക് നോക്കി തോമസ് മാഷ് പറഞ്ഞു.പക്ഷെ യൂസുഫ് കേട്ടത് മറ്റെന്തോ ആയിരുന്നു.

"ഇല്ല സേർ, ഞാൻ അതിനെ ഉണർത്താതെ ശ്രദ്ധിയ്ക്കാം..." യൂസുഫിന്റെ മറുപടി കേട്ട് ക്ലാസ് പൊട്ടിച്ചിരിയിൽ മുങ്ങി.അപ്പോഴാണ് ബാപ്പ എന്നോട് ചോദിച്ച ചോദ്യം എന്റെ മനസ്സിൽ നിന്ന് തട്ടിപ്പിടഞ്ഞെഴുന്നേറ്റത്.

"സാർ... നമുക്ക് മഹാബലിപുരത്തെ പാതാളം കാണാൻ പറ്റുമോ?" എന്റെ ചരിത്ര കൗതുകം ഒരു ഗമണ്ടൻ ചോദ്യമായി തോമസ് മാഷിന്റെ നേരെ ചീറിപ്പാഞ്ഞു.

"മഹാബലിപുരത്തെ പാതാളമോ? അതാരാ പറഞ്ഞത്?" ഇതുവരെ കേൾക്കാത്ത പാതാളത്തെപ്പറ്റിയുള്ള  എന്റെ ചോദ്യം തോമസ് മാഷേയും അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു.

'ങേ! അങ്ങനെയൊന്ന് ഇല്ലേ? ഇതിപ്പോ ഇനി ആരുടെ തലയിലേക്കാ വച്ച് കൊടുക്കുക?' ഒരു നിമിഷം ഞാൻ ആലോചിച്ചു. പെട്ടെന്ന് എനിക്ക് തന്നെ ഒരു ബുദ്ധി തോന്നി.

"സർവ്വവിജ്ഞാന കോശം വാല്യം 8 പേജ് 612 ൽ പറയുന്ന പാതാളം...." സർവ്വ വിജ്ഞാനകോശങ്ങളുടെ പത്ത് വാല്യങ്ങൾ വീട്ടിലുള്ളതും ബാപ്പ ഇടക്കിടെ അവ വായിക്കുന്നതും കണ്ടതിനാൽ  ഞാൻ വെറുതെയങ്ങ് തട്ടി വിട്ടു.

"തൊട്ടടുത്ത പേജിൽ ആ പാതാളം തൂർന്ന് പോയതായി പറയുന്നുണ്ടല്ലോ?" ഒരു ചെറു പുഞ്ചിരിയോടെ തോമസ് മാഷ് എന്നെ കടത്തി വെട്ടി ഒരു കതിന തന്നെ പൊട്ടിച്ചു. ഞാൻ അതോടെ നിശബ്ദനായി.

ദിവസങ്ങൾക്ക് ശേഷം ഞങ്ങളുടെ യാത്ര ആരംഭിച്ചു.കോഴിക്കോട് വരെ ബസ്സിലും അവിടെ നിന്ന് ട്രെയിനിലുമായിരുന്നു യാത്ര. ആദ്യമായിട്ട് ട്രെയിനിൽ കയറുന്നതിന്റെ കൗതുകം പലരും പലവിധത്തിലും പ്രകടിപ്പിക്കുന്നുണ്ടായിരുന്നു.പക്ഷെ എന്റെ മനസ്സിൽ നിറഞ്ഞത് മാവേലിയുടെ മഹാബലിപുരവും മാവേലി നാടുവിട്ടെത്തിയ പാതാളവും കാണാനുള്ള തിടുക്കമായിരുന്നു.

അങ്ങനെ ടൂറിന്റെ മൂന്നാം ദിനത്തിൽ ഞങ്ങൾ മഹാബലിപുരത്തെത്തി. ഒറ്റക്കല്ലിൽ നിർമ്മിച്ച ക്ഷേത്രവും കൊത്തിയെടുത്ത ശില്പങ്ങളുമായിരുന്നു മഹാബലിപുരത്തെ പ്രധാന കാഴ്ചകൾ.അതിനിടക്ക് എവിടെയെങ്കിലും പാതാളത്തിലേക്കുള്ള വഴിയുണ്ടോ എന്ന് ഞാൻ ചികഞ്ഞു നോക്കി.അന്ന് തോമസ് മാഷോട് ചോദിച്ച പോലെ ഇനിയും ഒരബദ്ധം പറ്റാതിരിക്കാൻ പാതാളത്തെപ്പറ്റി ആരോടും ചോദിച്ചില്ല.വൈകുന്നേരം വരെ മഹാബലിപുരത്ത് കറങ്ങിയിട്ടും പാതാളം പോയിട്ട് മാവേലിയുടെ ഒരു ചിത്രം പോലും എവിടെയും കണ്ടില്ല.

ടൂർ കഴിഞ്ഞ് വീട്ടിലെത്തിയ എന്നോട് ബാപ്പ ടൂർ വിശേഷങ്ങളൊക്കെ ചോദിച്ചു.മദ്രാസിൽ കണ്ട കാഴ്ചകളെപ്പറ്റി ഞാൻ ബാപ്പയെ ധരിപ്പിച്ചു.

"പക്ഷേ, പാതാളത്തിലേക്കുള്ള വഴിയുടെ പൊടി പോലും എവിടെയും കണ്ടില്ല" മഹാബലിപുരത്തെപ്പറ്റി ബാപ്പ ഇങ്ങോട്ട് ചോദിക്കുന്നതിന് മുമ്പേ ഞാൻ അങ്ങോട്ട് വെടിവച്ചു.

"പാതാളമോ?" ബാപ്പയുടെ ചോദ്യം എന്നെ വീണ്ടും അങ്കലാപ്പിലാക്കി.

"മഹാബലി...മാവേലി...പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയത്...." ഞാൻ നിന്ന് പരുങ്ങി.

"മോനേ...ആ മഹാബലി വേറെ... ഇത് മാമ്മല്ലപുരം എന്ന മഹാബലിപുരം... പല്ലവരാജവംശത്തിലെ രാജാവായിരുന്ന  മാമല്ലന്റെ പേരിൽ അറിയപ്പെട്ടിരുന്ന മാമ്മല്ലപുരം എന്ന നഗരമാണ് പിന്നീട് പേരുമാറ്റി മഹാബലിപുരമായത്." പുഞ്ചിരിച്ചുകൊണ്ട് ബാപ്പ പറഞ്ഞു. 

"ങാ.." ബാപ്പ പറഞ്ഞത് മൂളിക്കേൾക്കുമ്പോൾ, ആ പേര് മാറ്റിയവന്റെ മൊട്ടത്തലയിൽ കല്ല് മഴ പെയ്യട്ടെ എന്നായിരുന്നു ഞാൻ പ്രാർത്ഥിച്ചുകൊണ്ടിരുന്നത്.

Monday, May 08, 2023

ബല്ലാത്തൊരു കെണി

 "ഹൗ.... ഇത് ബെല്ലാത്തൊരു കെണി തെന്നെ..."  ഉച്ചത്തിലുള്ള എന്റെ ആത്മഗതം കേട്ട് ഭാര്യ ഓടി എത്തി.

"ഏത് കെണിയുടെ കാര്യമാ നിങ്ങളീ പറയുന്നത്..." ഇന്നേ വരെ വീട്ടിൽ ഒരു എലിക്കെണി പോലും വാങ്ങാത്തതിനാൽ അവൾ ആകാംക്ഷയോടെ ചോദിച്ചു.

"ദാ.. ഈ കെണി തെന്നെ .." ഇരുന്നിടത്ത് നിന്ന് അനങ്ങാതെ ഞാൻ പറഞ്ഞു.

"ഇത് കെണിയല്ല, കോണി ആണ് മനുഷ്യാ..." മൂലയിൽ ചാരിവച്ച ഏണി ചൂണ്ടി അവൾ പറഞ്ഞു.

"ഏയ്... ഇത് ബെല്ലാത്തൊരു കെണി തെന്നെ..."  ഞാൻ വീണ്ടും പറഞ്ഞു.

"എവിടെ ? ഏത് കെണി?" അരിശം മൂത്ത് ഭാര്യയുടെ ശബ്ദം ഉയർന്നു.

"ഇതാ... ഞാനീ ഇരിക്കുന്ന ബാൽക്കെണി ....!!" ഭാര്യയുടെ മുഖത്ത് ഒരു ഇഞ്ചി കടിച്ച രസം വിരിയുന്നത് ഞാൻ കണ്ടു.

"അതെന്താ...? വീടുണ്ടാക്കീട്ട് പതിമൂന്ന് വർഷം കഴിഞ്ഞു.ഇപ്പഴാണോ ഈ കെണിയിൽ വീണത്?" കടിച്ച ഇഞ്ചിയുടെ നീരിറങ്ങുന്നത് അവളുടെ ചോദ്യത്തിൽ നിന്ന് ഞാനറിഞ്ഞു.

" അയിന് , ഞാനല്ല കെണിയിൽ വീണത്...."

"പിന്നെ...??" മറ്റാരെയും അവിടെ കാണാത്തതിനാൽ അവൾ ചോദിച്ചു.

"നമ്മളെ മാവ്... മുറ്റത്തെ മൂവാണ്ടൻ മാവ് ... " ഞാൻ പറഞ്ഞു.

"പണ്ടൊക്കെ എമ്പത് കഴിഞ്ഞാലായിരുന്നു അത്തും പുത്തും..... ഡിജിറ്റൽ യുഗത്തിൽ അമ്പത് കഴിയുമ്പഴേ അത്തും പുത്തും ആകും എന്ന് ഇപ്പോൾ മനസ്സിലായി " എനിക്കിട്ടൊന്ന് താങ്ങി അവൾ പറഞ്ഞു.

"ഒരു അത്തും പുത്തും അല്ല... മംഗലശ്ശേരി നീലകണ്ഠനെപ്പോലെ നമ്മുടെ മൂവാണ്ടൻ നെഞ്ചും വിരിച്ച് നിവർന്ന് നിന്നത് നേരെ നമ്മുടെ ബാൽക്കെണിയിലേക്ക് ... " നെഞ്ചും വിരിച്ച് ഞാൻ ഡയലോഗ് വിട്ടു.

"എന്നിട്ട്... ?"

" ഞാൻ ഇവിടെ ഈ ബാൽക്കെണിയിൽ ഒരു മണിക്കൂർ ഇരുന്നു കൊണ്ട് ഒരു തോട്ടിയങ്ങ് നീട്ടി നിലത്ത് വീഴാതെ കൊട്ടയിലാക്കിയത് അറുപത് മൂവാണ്ടൻ മാങ്ങ !ഇനി നീ പറ.... ഇത് ബല്ലാത്തൊരു കെണി തന്നെ ല്ലേന്ന് ... "



"എന്നാലേ.... നാളെയും ആ തോട്ടി ഒരു മണിക്കൂർ നീട്ടിയേക്കണം... എന്റെ അയൽക്കൂട്ടം അംഗങ്ങൾ എല്ലാവരും കൂടി നാളെ ഇവിടെ വരുന്നുണ്ട്... അയ്യഞ്ച് മാങ്ങ എല്ലാവർക്കും കൊടുത്താൽ പെരുത്ത് സന്തോഷാകും..."

" യാ കുദാ ! ഇത് ബല്ലാത്തൊരു കെണി തെന്നെ " നെഞ്ച് വിരിച്ചു നിൽക്കുന്ന മാവിലേക്ക് നോക്കി ഞാൻ ആത്മഗതം ചെയ്തു.

Monday, February 27, 2023

കള്ളു കുടിയൻ മെരു

ഞങ്ങളുടെ സ്‌കൂളിൽ എട്ടാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയാണുണ്ടായിരുന്നത്. ഏഴാം ക്ലാസ് വരെ മൂർക്കനാട്ടും എടവണ്ണയും അരീക്കോട്ടും തോട്ടുമുക്കത്തും എല്ലാം ഉള്ള വിവിധ സ്‌കൂളുകളിൽ പഠിച്ച് വരുന്നവരാണ് പലരും.അതിനാൽ എട്ടാം തരത്തിൽ എത്തുമ്പോൾ മിക്കവർക്കും എല്ലാവരും അപരിചിതരായിരിക്കും.എന്നാൽ മൂർക്കനാട് യു.പി യിൽ പഠിച്ച് വരുന്നവർ നേരത്തെ ഒരു സെറ്റ് ആയിട്ടും ഉണ്ടാകും.ക്രമേണ ക്രമേണ അപരിചിത്വം മാറി എല്ലാവരും കൂട്ടുകാരാകും.

ഞങ്ങളുടെ ക്ലാസ്സിലെ പുതിയ അപരിചിതരിൽ പ്രധാനിയായിരുന്നു അജ്മൽ. അജ്മലിന്റെ വാപ്പ മൂർക്കനാട് യു.പി സ്‌കൂളിലെ ഹെഡ്മാസ്റ്റർ ആയിരുന്നതിനാൽ പലർക്കും അജ്മലിനെ നേരത്തെ അറിയാം. അദ്ധ്യാപകന്റെ മകൻ ആയതിനാൽ പഠനത്തിൽ അജ്മൽ മുന്നിലായിരുന്നു.ഞങ്ങളുടെ ക്ലാസ്സിലെ ടോപ് സ്കോററും അജ്മൽ തന്നെയായിരുന്നു.പരീക്ഷക്ക് അവന്റെ പേപ്പറിലേക്ക് നോക്കി ഉത്തരം എഴുതൽ ആയിരുന്നു അവന്റെ നാല് ഭാഗത്തും ഇരിക്കുന്നവരുടെ മെയിൻ പരിപാടി.അജ്മലിന്റെ അയലത്ത് സീറ്റ് കിട്ടാത്തവർക്ക് ഇത് അസൂയക്ക് കാരണമായി.

അജ്മലിന്റെ അടുത്ത് സീറ്റ് കിട്ടിയ ഒരു ഭാഗ്യവാനായിരുന്നു ഞാൻ.എന്റെ തൊട്ടപ്പുറത്താണ് അബു ഇരുന്നിരുന്നത്.അവൻ ആ ക്ലാസ്സിൽ രണ്ടാം തവണയായിരുന്നു.മുമ്പത്തെ ചില ക്ലാസ്സുകളിലും ഒന്നിലധികം വർഷം ഇരുന്ന പരിചയമുള്ളതിനാൽ അബുവിന് ഞങ്ങളെക്കാൾ വലിപ്പവും ശക്തിയും ധൈര്യവും എല്ലാം ഉണ്ടായിരുന്നു.അതിനാൽ തന്നെ അവൻ പറയുന്നത് അനുസരിക്കാൻ ഞങ്ങളിൽ പലരും നിർബന്ധിതരായിരുന്നു.

പരീക്ഷയുടെ ഉത്തരപേപ്പർ കാണിച്ച് കൊടുക്കുക,മാഷ് ചോദ്യം ചോദിക്കുമ്പോൾ പിന്നിൽ നിന്നും ഉത്തരം പറഞ്ഞ് കൊടുക്കുക,ഇരുപതിലധികം തവണ ഇമ്പോസിഷൻ കിട്ടിയാൽ എഴുതാൻ സഹായിക്കുക,ഹോം വർക്ക് കോപ്പി അടിക്കാൻ കൊടുക്കുക തുടങ്ങീ വളരെ ലളിതമായ ആവശ്യങ്ങളേ അബു ഉന്നയിക്കാറുള്ളൂ.ഇതിന് പ്രതിഫലമായി പലപ്പോഴും ഒരു ശർക്കര ആണിയുടെ കഷ്ണം തരികയും ചെയ്യും.അബുവിന്റെ മടിക്കുത്തിൽ എപ്പോഴും ഒരു ശർക്കരയാണിയെങ്കിലും ഉണ്ടാകും.വീട്ടിൽ നിന്ന് കൊണ്ടുവരുന്നതാണ് എന്നാണ് അവൻ പറയുന്നതെങ്കിലും സംഗതി ചെറിയൊരു മോഷണമാണ്.

അങ്ങനെയിരിക്കെ ഓണപ്പരീക്ഷക്ക്  ഒരു ദിവസം അജ്മലിന്റെ പേപ്പറിൽ നോക്കി ഞാൻ ഉത്തരം എഴുതുന്നത് അബു കണ്ടു.

"ജാഫറെ..." അബു എന്നെ മെല്ലെ വിളിച്ചു.ഞാൻ അത് മൈൻഡ് ചെയ്തില്ല.

"ജാഫറെ... എടാ കള്ളക്കാഫിറെ..." അബുവിന്റെ ശബ്ദം അല്പം കൂടി ഉയർന്നു.അപ്പോഴും ഞാൻ മൈൻഡ് ചെയ്തില്ല.

"ജാഫറെ.. ആ പേപ്പറ് ഇച്ചും കൊണ്ടാ...ഇല്ലെങ്കി ഞാനിപ്പം മാഷോട് പറിം..."

അത് കേട്ടപ്പോൾ എന്റെ മനസ്സിൽ ഒരു മിന്നൽപ്പിണർ ഉണ്ടായി.അബു, മാഷോട് പറയും എന്ന് മാത്രമല്ല സ്‌കൂൾ വിട്ടു പോകുമ്പോൾ തലക്ക് നല്ല കുത്തും കിട്ടും.അങ്ങനെ അബുവിന് കാണാൻ പാകത്തിൽ ഞാൻ പേപ്പർ അഡ്ജസ്റ്റ് ചെയ്തു വച്ചു.ഞാനെഴുതിയത് മുഴുവൻ വള്ളി പുള്ളി വിടാതെ അവൻ നോക്കി എഴുതി. അത്യാവശ്യം നല്ലൊരു ഉപന്യാസത്തിന് ഉത്തരം കാണിച്ച് കൊടുത്തതിനാൽ അന്നെനിക്ക് രണ്ട് ശർക്കരയാണി സമ്മാനമായി കിട്ടി.

പരീക്ഷാ കാലം കഴിഞ്ഞു. ഓണം അവധി കഴിഞ്ഞ് ആദ്യത്ത ദിവസം തന്നെ പരീക്ഷാ പേപ്പറുകൾ കിട്ടിത്തുടങ്ങി. മലയാളം ബി ആയിരുന്നു അബു എന്റെ പേപ്പർ നോക്കി എഴുതിയ വിഷയം. വൽസമ്മ ടീച്ചർ എന്റെ പേര് വിളിച്ച് പേപ്പർ തന്നു. എനിക്ക് അമ്പതിൽ ഇരുപത് മാർക്ക് കിട്ടിയിരുന്നു. പക്ഷെ,എന്റെ പേപ്പർ അതേ പടി നോക്കി എഴുതിയ അബുവിന് കിട്ടിയത് നാല് മാർക്ക് !

"ജാഫറേ..." ടീച്ചർ പോയ ഉടനെ ബാക്ക് ബെഞ്ചിൽ നിന്നും അബുവിന്റെ വിളി വന്നു.

"ഉം.."

"അന്ക്കെത്ര്യാ മാർക്ക് ?''

"ഇരുവത്"

" അതെങ്ങന്യാ കള്ള @#* !...ഇച്ച് നാലാ കിട്ട്യത്.... " 

അതു കേട്ട ഞാൻ ഞെട്ടി. ഇന്ന്  എന്റെ മണ്ട  അബുവിന്റെ ചെണ്ടയായിരിക്കും. പുറമേ, അന്ന് തിന്ന രണ്ട് ശർക്കരാണി തിരിച്ച് കൊടുക്കുകയും വേണ്ടി വരും.

"അന്ന് ഞാൻ തെന്ന രണ്ട് ശർക്കരാണിം കൊണ്ട് ബെന്നോ ണ്ടി നാളെ കള്ള @#* ! ..." അബുവിന്റെ ഓർഡർ ഇറങ്ങി.

എന്നാലും, എന്റെ പേപ്പർ അതേപടി കോപ്പിയടിച്ച അബുവിന്റെ മാർക്ക് കുറഞ്ഞത് എങ്ങനെ എന്നറിയാൻ എനിക്ക് അതിയായ ആഗ്രഹം തോന്നി. ഞാൻ അവന്റെ പേപ്പർ വാങ്ങി നോക്കി.അപ്പോഴാണ് ആ ഞെട്ടിപ്പിക്കുന്ന സത്യം ഞാൻ അറിഞ്ഞത്. ആദ്യ ചോദ്യമൊഴികെ ഒരു ചോദ്യത്തിന്റെ ഉത്തരത്തിനും അബു നമ്പർ ഇട്ടിരുന്നില്ല.കാള മൂത്രമൊഴിച്ച പോലെ വാരി വലിച്ച് എഴുതിയതിന് കിട്ടിയ നാല് മാർക്ക് തന്നെ ലാഭം. പക്ഷെ, അതവനോട് പറഞ്ഞാൽ നാലഞ്ച് കുത്തും കൂടി അധികം കിട്ടുമെന്നതിനാൽ, ഞാൻ പിറ്റേന്ന് രണ്ട് ശർക്കരാണി ഒപ്പിക്കാനുള്ള ചിന്തയിൽ മുഴുകി.

സ്കൂളിൽ നിന്നും വീട് വരെയുള്ള വഴിയിലുടനീളം ആലോചിച്ചിട്ടും എന്റെ ചോദ്യത്തിന് ഒരുത്തരം കിട്ടിയില്ല. അങ്ങനെ വീടിന്റെ കോലായിൽ ഇരിക്കുമ്പോഴാണ് വലിയൊരു പൊതിയുമായി ചിന്നപ്പേട്ടൻ നടന്നു പോകുന്നത് ഞാൻ കണ്ടത്. ആ പൊതിയിലുള്ളത് ശർക്കരയാണെന്ന് ഒരു മുൻ അനുഭവത്തിൽ നിന്ന് എനിക്കറിയാമായിരുന്നു.

ഞങ്ങളുടെ പറമ്പിന്റെ തൊട്ടപ്പുറത്തെ പറമ്പിൽ അനധികൃതമായി നടത്തുന്ന ചാരായ വാറ്റിനായിട്ടാണ് ഈ ശർക്കര കൊണ്ടു പോകുന്നത്. അബുവിന് എന്നും ശർക്കരാണി കിട്ടിയിരുന്നതും ഇവർ വാറ്റിനായി കുടത്തിൽ കുഴിച്ചിട്ട് പോയതിൽ നിന്നായിരുന്നു.
കരിയിലകൾ നീക്കി മണ്ണിൽ കുഴിച്ചിട്ട കുടത്തിൽ ചിന്നപ്പേട്ടൻ ശർക്കര ഇടുന്നത് ഞാൻ കണ്ടു. ഉടൻ ഞാൻ എന്റെ സന്തത സഹചാരിയായ അബ്ദുവിന്റെ അടുത്തേക്ക് ഓടി.

"അദ്ദ്വാ...  അദ്ദ്വാ" ഞാൻ ഉറക്കെ വിളിച്ചു.

" എന്താടാ...?"

" ബേം .... ബാ.... ഒര് കാര്യണ്ട് ...."

അബ്ദുവിനെയും കൂട്ടി ഞാൻ ചിന്നപ്പേട്ടന്റെ ശർക്കര കുടം കുഴിച്ചിട്ടതിനടുത്തുള്ള ഞങ്ങളുടെ പറമ്പിലെത്തി.ചിന്നപ്പേട്ടനെ അവിടെയെങ്ങും കണ്ടില്ല.

" അദ്ദ്വാ ... ആ ചമ്മല് കൂട്ട്യത് കണ്ട് ലേ... അയിന്റ ടീല് ഒര് നിധി ണ്ട്..." സ്ഥലം ചൂണ്ടിക്കൊണ്ട് ഞാൻ പറഞ്ഞു.

"നിധി?"

"ആ... ഞമ്മള് അഞ്ചാം ക്ലാസ് ല് പഠിച്ചിട്ടില്ലേ... മണ്ണ്ന്റടീലെ കൊടത്ത് ന്ന് കിട്ട്ണ ത്..."

"ആ...മൻസ് ലായി..."

"ജ്ജ് പോയി അത് ട്ത്ത് ബാ.. ഒര് നാലഞ്ചെണ്ണം ഇട്ത്തോണ്ടി.... ആരേലും ബെര്ണ് ണ്ടോന്ന് ഞാം നോക്കാ ..."

ഞാൻ പറഞ്ഞതനുസരിച്ച് അബ്ദു കുടം കുഴിച്ചിട്ട സ്ഥലത്തെത്തി. മുകളിൽ കൂട്ടിയിട്ടിരുന്ന കരിയിലകൾ നീക്കിയപ്പോൾ കുടത്തിന്റെ വായ അടച്ച ചെറിയൊരു പലക കണ്ടു. അത് മെല്ലെ ഇളക്കി മാറ്റി അബ്ദു കുടത്തിലേക്ക് കയ്യിട്ടു തപ്പാൻ തുടങ്ങി.

"ഇമ്മേ...!!!" പെട്ടെന്ന് കൈ വലിച്ച് അബ്ദു അലറി. അപ്പോഴേക്കും ഞാൻ ഓടി രക്ഷപ്പെട്ടു. അബ്ദുവിന്റെ കയ്യിലൂടെ ചോണനുറുമ്പുകൾ ഓടിക്കയറി.. കയ്യിലൂടെയും കാലിലൂടെയും എല്ലാം ചോണനുറുമ്പുകൾ കയറിയതോടെ അബ്ദുവിന് നിൽക്കക്കള്ളിയില്ലാതായി. അവൻ ഓടാനായി തിരിഞ്ഞതും ഞെട്ടിത്തരിച്ച് അവിടെ തന്നെ നിന്നു.മുമ്പിൽ ചിന്നപ്പേട്ടൻ!!

" അപ്പോ... നീയാണാ കള്ളു കുടിയൻ മെരു "

ചിന്നപ്പേട്ടനെ വെട്ടിച്ച് അബ്ദു ഓടി രക്ഷപ്പെട്ടെങ്കിലും അന്ന് മുതൽ നാട്ടിൽ അവൻ "കള്ളുട്യൻ മെരു" എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി.

Monday, February 20, 2023

അയമോട്ട്യാക്കാന്റെ കൊരങ്ങൻ

സ്കൂളിൽ പഠിക്കുന്ന കാലത്ത് നിരവധി ചീത്തവിളികൾ നേരിട്ടും അല്ലാതെയും കേട്ടിട്ടുണ്ട്. അതിൽ പെട്ട ഒന്നായിരുന്നു "കൊരങ്ങത്തി". മലയാളത്തിൽ അങ്ങനെ ഒരു പദം ഉണ്ടോ എന്ന് പോലും അറിയില്ല. എന്നാലും വിളിക്കുന്നവനും/ൾക്കും കേൾക്കുന്നവനും/ൾക്കും  മത് ലബ് ക്യാഹെ കൃത്യമായി മനസ്സിലാകും.

 വയനാട്ടിലെക്കോ മൈസൂരിലേക്കോ ടൂർ പോകുമ്പോഴാണ് പലപ്പോഴും കുരങ്ങുകളെ കാണാറുള്ളത്.ഇത് രണ്ടിനും പോകാത്തത് കൊണ്ട് ഞാൻ ജീവനുള്ള കുരങ്ങനെ അന്നൊന്നും കണ്ടിരുന്നില്ല. എങ്കിലും ഒരു കുരങ്ങന്റെ ചിത്രം എന്റെ മനസ്സിലുണ്ട്; കഥകളിലൂടെ വായിച്ചറിഞ്ഞ കപീഷ് എന്ന മാന്ത്രിക സിദ്ധിയുള്ള കുരങ്ങൻ. അനന്തമായി നീട്ടാൻ സാധിക്കുന്ന വാലുള്ള കപീഷിന്റെ കഥകൾ വായിച്ച് വായിച്ച് ഒരു കുരങ്ങനെ എങ്കിലും നേരിട്ട് കാണണം എന്ന ആഗ്രഹം എന്റെ മനസ്സിൽ പൊട്ടി മുളച്ചു.

വർഷങ്ങൾ ഏറെ കഴിഞ്ഞു.പുതിയ ആഗ്രഹങ്ങൾ മനസ്സിൽ കയറാൻ തുടങ്ങിയതോടെ പഴയത് പലതും കാലയവനികക്കുള്ളിൽ മറഞ്ഞു.എങ്കിലും അവയിൽ ചിലത് ഇടക്കിടെ സ്വപ്നത്തിൽ വന്ന് എൻറെ  ഉറക്കം കെടുത്തിക്കൊണ്ടിരുന്നു.ധാരാളം കേട്ടത് കൊണ്ടാകാം സ്വപ്നത്തിൽ എന്നെ ഏറ്റവും കൂടുതൽ ഉപദ്രവിച്ച ജീവി കുരങ്ങൻ തന്നെയായിരുന്നു.

അങ്ങനെ കാലം (കാലനും) ചക്രത്തിൽ കിടന്ന് തിരിഞ്ഞ് കൊണ്ടിരിക്കുമ്പഴാണ്  ആ വാർത്ത വലിയ വായിൽ നിന്നും ചെറിയ ചെവികളിലേക്ക് പടർന്ന് കയറിയത് - നെച്ചിയൻ അയമോട്ടിക്കയുടെ വീട്ടിൽ മൂപ്പർക്ക് പുറമെ ഒരു കുരങ്ങനും കൂടി ഉണ്ട്. പലരും ഗേറ്റിനുള്ളിലൂടെ അതിനെ കണ്ടതായും പറഞ്ഞതോടെ കുരങ്ങനെ ഒന്ന് കണ്ട് സായൂജ്യമടയാൻ എനിക്കും ആഗ്രഹം ജനിച്ചു. കൂട്ടുകാരി റംലയോട് വിവരം പറഞ്ഞപ്പോൾ അവളും റെഡിയായി. അങ്ങനെ അന്ന് വൈകിട്ട് സ്കൂൾ വിട്ടതും ഞങ്ങൾ രണ്ട് പേരും ആവേശത്തോടെ നെച്ചിയൻ അയമോട്ടിക്കയുടെ വീട് ലക്ഷ്യമാക്കി ഓടി.

"സൂറേ... നീ എങ്ങോട്ടാ .... ഇതു വഴി ?" പതിവില്ലാത്ത വഴിയിൽ എന്നെ കണ്ട സൽമ ചോദിച്ചു.

"ഞങ്ങള് ആയിഷയുടെ വീട്ടിലേക്ക് പോകാണ്..." തൽക്കാലം തടിയൂരാൻ ഞാൻ പറഞ്ഞു.

"അത് ഈ വഴിയല്ല...."

"ആ ... നീ പറഞ്ഞ ആയിഷ അല്ല ഞാൻ ഉദ്ദേശിച്ച ആയിഷ... അല്ലേ റംലേ ...?" കൂടുതൽ ചോദ്യങ്ങൾ വരുന്നതിനു മുമ്പ്, അവളിൽ നിന്നും വേഗം രക്ഷപ്പെട്ട് ഞങ്ങൾ ഓടി... അങ്ങനെ ഓടിയോടി ഒരുവിധം ഞങ്ങൾ കുരങ്ങുള്ള വീടിന്റെ മുന്നിലെത്തി. 

വീടിന്റെ ഗേറ്റ് പൂട്ടിയിട്ടുണ്ട്. കുരങ്ങൻമാർക്ക് പെൺകുട്ടികളെ കണ്ടാൽ സ്വഭാവം മാറും എന്ന് കേട്ടിട്ടുള്ളതിനാൽ ഞങ്ങൾക്ക് രണ്ട് പേർക്കും ഉള്ളിൽ ചെറിയൊരു പേടിയുമുണ്ട്.എന്നാലും ധൈര്യം സംഭരിച്ച്  ഗേറ്റിനുള്ളിലൂടെ ഞങ്ങൾ എത്തി നോക്കി. പക്ഷെ കുരങ്ങനെ കണ്ടില്ല.

"ച്ച്...ച്ച് ...ച്ച് ..." റംല ഒരു പ്രത്യേക രീതിയിൽ ശബ്ദമുണ്ടാക്കി. 

പെട്ടെന്നൊരു ചങ്ങല കിലുക്കം കേട്ടു. ചങ്ങലയിൽ കെട്ടിയിരുന്ന കുരങ്ങൻ എവിടെ നിന്നോ ചാടി വന്നു. പേടിച്ച് ഞങ്ങൾ ഗേറ്റിൽ നിന്നും പിന്നാക്കം പോയി. കുരങ്ങൻ ചങ്ങലയിലായതിനാൽ ഞങ്ങൾ വീണ്ടും ഗേറ്റിനടുത്തേക്ക് ചെന്നു. അവൻ ഞങ്ങളെ നോക്കി പല ഗോഷ്ടികളും കാണിച്ചു.

"എടീ.... നോക്ക് ... നോക്ക്.... അത് ആണാ..." അല്പം നാണത്തോടെ ഞാൻ പറഞ്ഞു.

"നമ്മള് പെണ്ണുങ്ങളാണെന്ന് അവനെങ്ങനാ അറിഞ്ഞത് ?"

"നമ്മളെ പാവാട കണ്ടിട്ടായിരിക്കും.." ഞാൻ പറഞ്ഞു.

അങ്ങനെ കുരങ്ങനെയും നോക്കി നിന്ന് പല കഥകളും വിശേഷങ്ങളും പറഞ്ഞ് സമയം പോയത് ഞങ്ങളറിഞ്ഞതേയില്ല.

ഇതേ സമയം ഞങ്ങളുടെ രണ്ട് പേരുടെയും വീട്ടിൽ ഭയങ്കരമായ ഒരു കൊടുങ്കാറ്റ് രൂപപ്പെടുന്നുണ്ടായിരുന്നു. സാധാരണ, വൈകിട്ട് നാലരക്കും അഞ്ചു മണിക്കും ഇടയിലായി സ്കൂൾ വിട്ട് തിരിച്ച് വീട്ടിലെത്തുന്ന എന്നെ കാണാതെ ഉമ്മയുടെ മനസ്സ് പുകയാൻ തുടങ്ങി. അഞ്ച് മണിയും കഴിഞ്ഞതോടെ നാല് വീടപ്പുറമുള്ള എന്റെ സന്തത സഹചാരി റംലയുടെ വീട്ടിൽ ഞാനുണ്ടോ എന്നന്വേഷിച്ച് ഉമ്മ അങ്ങോട്ട് ചെന്നു. റംലയും അവിടെ എത്തിയില്ല എന്നറിഞ്ഞതോടെ രണ്ട് ഉമ്മമാർക്കും ആധിയായി. വേവലാതിയോടെ രണ്ട് പേരും എന്റെ വീട്ടിലേക്ക് വച്ച് പിടിച്ചു. എന്റെ ജ്യേഷ്ഠത്തി ട്യൂഷനും കഴിഞ്ഞ് എത്തിയിട്ടും ഞാൻ  വീട്ടിൽ തിരിച്ച് എത്തിയിരുന്നില്ല. സമാധാനം പോയ രണ്ടുമ്മമാരും വീണ്ടും റംലയുടെ വീട്ടിലേക്കോടി.

"എന്താദ് ...? രണ്ടാളും സഫ മർവന്റെ എടേല് ഓട്ണ മാതിരി കൊറേ നേരായല്ലോ ...??" ഉമ്മമാരെ ശ്രദ്ധിച്ചിരുന്ന മക്കാനിയിലെ ബീരാൻക്ക ചോദിച്ചു.

"ന്റിം ഓളിം മക്കള് ... " ഉമ്മ വിതുമ്പാൻ തുടങ്ങി.

"ങേ!! എന്തു പറ്റി മക്കൾക്ക് ... ?"

ഉമ്മ ബീരാൻക്കയോട് കാര്യം പറഞ്ഞു.വിവരം കേട്ട് മക്കാനിയിലുണ്ടായിരുന്ന അബ്ദ്വാക്കയും അബോക്കരാക്കയും കോരുവേട്ടനും എല്ലാം, കുടിച്ച് കൊണ്ടിരുന്ന ചായ മതിയാക്കി പുറത്തിറങ്ങി. 

"കോരോ ... ജ്ജ് .... ഈ ബയ്ക്ക് പോയോക്ക.... അബു ഇമ്പയിക്കും... ഞാൻ അവറാനിം ബിൾച്ച് പുഴന്റെ അട്ത്തും പോകാ... ബയ്ക്കല്ള്ള കെണറ്റിന്റിം കൊളത്തിന്റിം അട്ത്തും കൂടി നോക്കിക്കോണ്ടി ട്ടോ..." അബ്ദ്വാക്ക പെട്ടെന്ന് തന്നെ ഒരു തിരച്ചിൽ പ്ലാൻ തയ്യാറാക്കിക്കൊണ്ട് വിവിധ വഴികളിലൂടെ തെരച്ചിലിനായി തിരിച്ചു.

"രാമാ... ഇജ്ജ് കേട്ടോ... മാളൂന്റിം പൂവിന്റിം കുട്ട്യേളെ കാണാന് ല്ല..." റേഷൻ കടയുടെ മുന്നിലൂടെ പോയപ്പോൾ കടക്കാരൻ രാമനോട് അബോക്ക വിളിച്ച് പറഞ്ഞു.

"ഈശ്വരാ... എന്താ പറ്റ്യത് ? " രാമനും അവിടെ കൂടി നിന്നവരും ചോദിച്ചു.

"അതറിയങ്കി ഞങ്ങളിങ്ങനെ തെര്യാൻ നടക്കോ?" പോകുന്ന പോക്കിൽ അബോക്ക കുശുകുശുത്തു. റേഷൻ വാങ്ങാൻ വന്ന നാലഞ്ച് പേർ കൂടി അവരോടൊപ്പം ചേർന്നു.

"അല്ല... എങ്ങട്ടാ അബോ .... ഈ ജാഥ ?" അബോക്കയെയും പരിവാരങ്ങളെയും കണ്ട മീൻകാരൻ സൈതാലി ചോദിച്ചു.

"അറബിക്കടല് ന്ന് കൊറച്ച് പുത്യേ മീന് നെ പുട്ച്ചാനാ...ജ്ജ് പോര് ണോ?" മനസ്സ് ചൂട് പിടിച്ച അബോക്ക പറഞ്ഞു.

"ങേ! അറബിക്കടല് ഇവിടിം എത്ത്യോ റബ്ബേ...?"

"രണ്ട് കുട്ട്യേളെ കാണാന് ല്ല..ഓലെ തെരെഞ്ഞെറങ്ങ്യതാ .... ഈ ബയിക്ക് പോണത് ജ്ജ് കണ്ടീന്യോ ?."കൂട്ടത്തിലെ ആരോ സൈതാലിയോട് ചോദിച്ചു.

"രണ്ടെണ്ണം മാത്രായിട്ട് പോണത് കണ്ട് ല... ആണും പെണ്ണും ആയ്ട്ട് കൊറെ എണ്ണം ഇതിലെ പോയിക്ക്ണ്...ന്നാ ഞാനും ബെരാ ... തെര്യാൻ ..." സൈതാലി പറഞ്ഞു.

"കൃഷ്ണാ... മാളൂന്റിം പൂവിന്റിം കുട്ട്യേളെ കാണാന് ല്ല..." ടൈലർ കൃഷ്ണന്റെ പീടികക്ക് മുമ്പിലെത്തിയപ്പോൾ അബോക്ക വിളിച്ച് പറഞ്ഞു.

അങ്ങനെ വഴിയിൽ കണ്ടവരെയൊക്കെ അറിയിച്ച് വലിയൊരു പട ഞങ്ങളെയും തേടി പഞ്ചായത്തിലെ എല്ലാ ഇടവഴികളിലൂടെയും അരിച്ച് പെറുക്കി തിരയാൻ തുടങ്ങി. നാട്ടിൽ നടക്കുന്ന സംഭവങ്ങളൊന്നും അറിയാതെ കുരങ്ങനെ മതിവരോളം കണ്ട് ഞങ്ങൾ തിരിച്ച് നടക്കാനും തുടങ്ങി.

"അതാ... രണ്ട് പെങ്കുട്ട്യേള്... " ആരോ വിളിച്ച് പറയുന്നത് കേട്ട് ഞാൻ ഞെട്ടി. തിരിഞ്ഞ് നോക്കിയപ്പോൾ വലിയൊരു ആൾക്കൂട്ടം ഞങ്ങളുടെ നേരെ ഓടി വരുന്നു. ഞങ്ങൾ രണ്ട് പേരും പേടിച്ചു വിറച്ചു എന്ത് ചെയ്യണം എന്നറിയാതെ നിന്നു പോയി.

"എവിട്യായ് നെടീ നീ ഇത്രിം നേരം..?'' എന്നെ തിരിച്ചറിഞ്ഞ,ആ കൂട്ടത്തിലെ  എന്റെ ഒരു ബന്ധു ചോദിച്ചു.

"ഞങ്ങള് ദാ ഔടെ ... കൊരങ്ങനെ കാണാൻ പോയതാ... " നെച്ചിയൻ അയമോട്ടിക്കയുടെ വീട് ചൂണ്ടി കാണിച്ചു കൊണ്ട് ഞാൻ പറഞ്ഞു.

"മോന്തി നേരത്താ അന്റെ കൊരങ്ങനെ കാണാൻ പോകല് ഹിമാറേ...?"

"ഇന്റതല്ല... അയമോട്ട്യാക്കാന്റതാ കൊരങ്ങൻ...." നിഷ്കളങ്കമായി ഞാൻ പറഞ്ഞു.

"ഉം... നടക്ക് ബേഗം കുടീക്ക് ... "

വീട്ടിലെത്തിയപ്പോഴാണ് ഞങ്ങളെ കാണാതായ വിവരം കാട്ടുതീ പോലെ നാട്ടിൽ പടർന്നത് അറിഞ്ഞത്. അത്യാവശ്യം ചൂടുള്ള പത്തിരുപത് അടികൾ കൂടി അന്ന് കിട്ടിയതിനാൽ, പിന്നീട് കുരങ്ങൻ എന്ന് കേൾക്കുമ്പഴേ എന്റെ മനസ്സിൽ ഒരു കൊള്ളിയാൻ മിന്നും.


Monday, February 13, 2023

ട്രൂപ്പ് ,സാവധാൻ അരൂ ...ക്ക് !!

വാർഷിക കായിക ദിനം പഠന കാലത്തെ പ്രധാന ഉത്സവങ്ങളിൽ ഒന്നാണ്.സാധാരണയായി രണ്ട് ദിവസങ്ങളിലായിട്ടാണ്  കായിക മത്സരങ്ങൾ നടത്താറുള്ളത്. ഈ രണ്ട് ദിവസങ്ങളിലും ഇംഗ്ലീഷും കണക്കും  മറ്റു വിഷയങ്ങളൊന്നും തന്നെ പഠിപ്പിക്കില്ല. 'ഓൺ യുവർ മാർക്ക് .... സെറ്റ്... പീ... എന്ന് ഇംഗ്ലീഷിൽ പറയുമ്പോൾ 1, 2, 3 എന്നിങ്ങനെ കണക്കെഴുതി വച്ച ട്രാക്കിലൂടെ ഓടിയാൽ മാത്രം മതി. മത്സരത്തിന് ഇല്ലാത്തവർക്ക് ഐസും ഈമ്പി അലഞ്ഞ് നടന്നാലും മതി. സ്വാതന്ത്ര്യ ദിനത്തിൽ പോലും തിരിച്ചറിയാത്ത സ്വാതന്ത്ര്യം  എന്ത് എന്നത് കുട്ടികൾക്ക് പലപ്പോഴും മനസ്സിലാകുന്നത് ഇത്തരം ദിവസങ്ങളിലാണ്.

തെരട്ടമ്മൽ ഗ്രൗണ്ടിലാണ് സാധാരണയായി ഞങ്ങളുടെ സ്കൂളിന്റെ സ്പോർട്ട്സ് മത്സരങ്ങൾ നടക്കാറുള്ളത്.ഗ്രൗണ്ടിൽ ട്രാക്ക് വരക്കാനും ജംബിങ്ങ് പിറ്റ് തയ്യാറാക്കാനും പന്തലിനുള്ള കാലുകൾ നാട്ടാനും ഒക്കെ തല മുതിർന്ന  ഏതാനും പേരെ തലേ ദിവസം തന്നെ ഏർപ്പാടാക്കിയിരുന്നു.

രാവിലെ ഒമ്പത് മണിയോടെ ഞങ്ങളും ഗ്രൗണ്ടിൽ എത്തി. ഗ്രൗണ്ടിനെ മുഴുവൻ ഒന്ന് വലം വച്ച് പരിസര വീക്ഷണം നടത്തി. ഓരോ ഹൗസിന്റെയും മത്സരാർത്ഥികൾ നാല് മൂലകളിലായി തമ്പടിച്ചിട്ടുണ്ട്. ഹൗസ് ചുമതലയുള്ള അദ്ധ്യാപകനും ഹൗസ് ക്യാപ്റ്റനും ഒരു പേപ്പറും പേനയും പിടിച്ച് നടക്കുന്നുണ്ട്.

ഐസ് പെട്ടി മൂട്ടിൽ വച്ച് മയമ്മാക്കയുടെ സൈക്കിളും നേരത്തെ തന്നെ ഗ്രൗണ്ടിൽ എത്തിയിട്ടുണ്ട്. കോലൈസ്, പാലൈസ് എന്നിവക്ക് പുറമെ മുന്തിരി ഐസും അവിൽ ഐസും കൂടി പെട്ടിയിലുണ്ടെന്ന് മയമാക്ക വിളിച്ചു പറയുന്നുണ്ട്. നിർത്താതെ പോം പോം ഹോണടിച്ച് മയമാക്ക എല്ലാവരെയും പ്രലോഭിപ്പിച്ചു കൊണ്ടിരുന്നു. എന്റെ കയ്യിൽ ഐസ് വാങ്ങാനായി പത്ത് പൈസ ഉണ്ട് . പക്ഷെ, ഇപ്പോൾ തന്നെ ഐസ് വാങ്ങി തിന്നാൽ മറ്റു കൂട്ടുകാർ വാങ്ങുമ്പോൾ അവരുടെ വായിലേക്ക് നോക്കി നിൽക്കേണ്ടി വരുമെന്നതിനാൽ ആ ആഗ്രഹം തൽക്കാലം അടക്കിപ്പിടിച്ചു.

അൽപം അകലെയായി കാഞ്ഞിരമരച്ചുവട്ടിൽ നാരങ്ങ മുറിച്ച് മുളക് പുരട്ടി വിൽക്കുന്ന അബോക്ക തമ്പടിച്ചിട്ടുണ്ട്. കത്തി കൊണ്ട് മുളക് മിശ്രിതം തോണ്ടിയെടുത്ത് നെടുകെ കീറിയ നാരങ്ങയുടെ ഉള്ളിൽ വച്ച് കത്തി വലിച്ചൂരുമ്പോൾ നാരങ്ങയിൽ മുഴുവൻ അത് പരക്കുന്നത് എന്നും അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട്. വീട്ടിൽ പോയി അത് പരീക്ഷിച്ച് കൈ മുറിഞ്ഞ് മുറിവിൽ മുളക് പൊടി കൂടി ആയപ്പോൾ കണ്ണിൽ നിന്നും പൊന്നീച്ച പറന്നത് ഇന്നും ഓർമ്മയിലുണ്ട്. ചാക്കിൽ നിന്ന് നാരങ്ങയെടുക്കാനും നിരത്താനും അബോക്കയെ സഹായിക്കാൻ പലർക്കും ആവേശമാണ്.  പ്രതിഫലമായി മുളക് പുരട്ടിയ  ഒരു നാരങ്ങാമുറി കിട്ടുമെന്നതാണ് ഈ ആവേശത്തിന്റെ കാരണം.
 
വെയിലിന്റെ കാഠിന്യം കൂടാൻ തുടങ്ങി.വിവിധ മൽസരങ്ങൾ ആരംഭിക്കാനുള്ള സമയമായി. അനൗൺസ്മെന്റ് ചുമതല ജോർജ്ജ് മാസ്റ്റർക്കായിരുന്നു.
"മൽസരങ്ങൾ ആരംഭിക്കാൻ പോകുകയാണ്. കുട്ടികൾ ആരും തന്നെ ട്രാക്കിലേക്ക് പ്രവേശിക്കരുത്. വളണ്ടിയറിംഗ് ചുമതലയുള്ള എൻ സി സി കാഡറ്റുകൾ എത്രയും പെട്ടെന്ന്  മൈക്ക് പോയിൻ്റിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്''.

ആ വർഷമാണ് സ്കൂളിൽ ആദ്യമായി എൻ സി സി  ട്രൂപ്പ് ആരംഭിച്ചത്.രാമചന്ദ്രൻ മാസ്റ്റർ ആയിരുന്നു പ്രഥമ എൻ.സി.സി അദ്ധ്യാപകൻ.  സ്കൗട്ടിലുണ്ടായിരുന്ന, തടിമിടുക്കും കായബലവുമുള്ള പലരെയും എൻ സി സി യിലേക്ക് മാറ്റിയാണ് യൂണിറ്റ് തുടങ്ങിയത്. എവിടെ നിന്നോ വന്ന ഒരു ഹിന്ദിക്കാരന്റെ കീഴിലായിരുന്നു പരേഡും പരിശീലനവും എല്ലാം നടത്തിയിരുന്നത്. സാവ്ധാൻ ,വിശ്രം , ദൈനേ മൂട് , ബായേം മൂട് തുടങ്ങി കമാൻഡുകൾ മനസ്സിലായി കിട്ടാൻ എല്ലാവർക്കും ഏറെ പ്രയാസപ്പെടേണ്ടി വന്നു.

സ്പോർട്സ് ദിനത്തിൽ  യൂനിഫോമണിഞ്ഞ വളണ്ടിയർമാർ ആദ്യമായി സേവനം ആരംഭിച്ചത് ആ വർഷമായിരുന്നു. അതൊന്ന് കാണാൻ എനിക്കും അതിയായ ആഗ്രഹം തോന്നി. ക്യാപ്റ്റൻ ഷുക്കൂറിന്റെ നേതൃത്വത്തിൽ എൻ.സി.സി അംഗങ്ങൾ മൂർക്കനാട് നിന്ന് ഗ്രൗണ്ടിലേക്ക് മാർച്ച് ചെയ്ത് കൊണ്ടാണ് വന്നിരുന്നത്. കുട്ടികളും വൃദ്ധരും വീട്ടമ്മമാരും മറ്റും മാർച്ച് കാണാൻ  വഴിയരികിൽ കൗതുകത്തോടെ കാത്ത് നിൽക്കുന്നുണ്ടായിരുന്നു.ജോർജ്ജ് മാസ്റ്ററുടെ അനൗൺസ്മെന്റ്  മുഴങ്ങുമ്പോൾ എൻ.സി.സി  കാഡറ്റുകൾ കാരാതോട് പാലം പിന്നിടുന്നതേ ഉണ്ടായിരുന്നുള്ളൂ.

റോഡിന് വീതി കുറവുള്ള ഭാഗത്ത് കേഡറ്റുകൾ എത്തിയ സമയത്താണ് പിന്നിൽ നിന്നും ഒരു ലോറി  വന്നത്.പഠിച്ച കമാന്റുകളിൽ ഒന്നും തന്നെ സ്യൂടബിൾ അല്ലാത്തതിനാൽ റോഡരികിലേക്ക് മാറാൻ എന്ത് നിർദ്ദേശമാണ് കാഡറ്റുകൾക്ക് കൊടുക്കേണ്ടതെന്ന്  ഷുക്കൂർ ആലോചിച്ചു. പെട്ടെന്ന് ഷുക്കൂറിന്റെ തലയിൽ ഒരു ബൾബ് കത്തി .

" ട്രൂപ്പ് കേഡറ്റ്സ് ... സാവധാൻ ....അരൂ ......ക്ക് "

ഷുക്കൂർ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു.
എല്ലാവർക്കും ചിരി വന്നെങ്കിലും, ക്യാപ്റ്റൻ ഉദ്ദേശിച്ചത് എന്തെന്ന് മനസിലായി. അവർ ലോറിക്ക് പോകാൻ വഴി മാറി കൊടുത്തു. ഇതിന് ശേഷം ഷുക്കൂർ "അരൂക്ക് " എന്നറിയപ്പെട്ടു.

Friday, February 10, 2023

ഉസ്‌(റുള്ള)മാൻ

പാഠ്യ വിഷയങ്ങൾക്ക് പുറമെ പാഠ്യേതര കാര്യങ്ങളിലും കുട്ടികളെ മുന്നിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയുള്ള നിരവധി പ്രവർത്തനങ്ങൾ ഞങ്ങളുടെ സ്കൂളിൽ ഉണ്ടായിരുന്നു. സ്പോർട്ട്സ്  ആയിരുന്നു അതിൽ പ്രധാനം. കലാ പ്രാഗത്ഭ്യം തെളിയിക്കാനായിട്ടുള്ള യൂത്ത് ഫെസ്റ്റിവൽ, സാമൂഹ്യ സേവന പ്രവർത്തനത്തിനുള്ള സ്കൗട്ട് തുടങ്ങിയവയും അന്ന് ഉണ്ടായിരുന്നു.

കുട്ടികളിലെ സർഗവാസനകളെ തിരിച്ചറിയാനും  പരിപോഷിപ്പിക്കാനും   അന്നത്തെ അദ്ധ്യാപകരിൽ ചിലർക്ക് അതീവ താൽപര്യമുണ്ടായിരുന്നു.  എന്റെ ഹൈസ്‌കൂൾ പഠന കാലത്തെ, സ്കൂളിലെ മുഴുവൻ കലാകാരന്മാരും അടിഞ്ഞ് കൂടിയത് എന്റെ ക്ലാസിലായിരുന്നു എന്നാണ് അന്നും ഇന്നും എന്റെ വിശ്വാസം. ഓരോ മാസത്തിലെയും അവസാനത്തെ വ്യാഴാഴ്ച എല്ലാ ക്ലാസുകളിലും സാഹിത്യ സമാജം നടത്തിയിരുന്നു. ഓരോ വിദ്യാർത്ഥിയും എന്തെങ്കിലും ഒരു  കലാപരിപാടി അവതരിപ്പിക്കൽ നിർബന്ധവുമായിരുന്നു.

അങ്ങനെ ആദ്യത്തെ സാഹിത്യ സമാജത്തിൽ പരിപാടികള്‍ അവതരിപ്പിക്കാനുളളവരുടെ പേരെഴുതിയപ്പോള്‍, ആനി ടീച്ചര്‍ എന്റെ പേരും എഴുതി. എനിക്ക് യാതൊരു ബന്ധവുമില്ലാത്ത മാപ്പിളപ്പാട്ടിനായിരുന്നു എന്‍റെ പേരെഴുതിയത്. പൊതുവെ അന്തർമുഖനായ എനിക്ക് സ്റ്റേജിൽ കയറി പരിപാടി അവതരിപ്പിക്കുക എന്ന് കേട്ടതോടെ തന്നെ വിറയൽ തുടങ്ങി.

മാപ്പിളപ്പാട്ട് പോയിട്ട് ഏഴാം ക്ലാസ് വരെ പഠിച്ച ഏതെങ്കിലും കവിത പോലും ആലപിക്കാൻ കഴിയാത്ത ഞാൻ ആകെ പരവശനായി.ഇന്നത്തെപ്പോലെ ഇഷ്ടമുള്ള പാട്ട് കേൾക്കാൻ യാതൊരു മാർഗ്ഗവും അന്നില്ലായിരുന്നു.ആകെ കേട്ടിരുന്ന പാട്ട് വല്ല കുറിക്കല്യാണവും ഉണ്ടെങ്കിൽ ഹോട്ടലിന് മുന്നിൽ വച്ച് കെട്ടുന്ന കോളാമ്പിയിലൂടെ പുറത്ത് വന്നിരുന്ന സിനിമാഗാനങ്ങൾ ആയിരുന്നു.അതും, അപൂർവ്വമായി മാത്രമേ കേൾക്കാൻ പറ്റൂ.

"എനിക്ക് പാട്ട് അറിയില്ല ടീച്ചർ.." ഞാന്‍ താണു കേണു പറഞ്ഞു.

"പരിപാടിക്ക് ഇനിയും പത്ത് ദിവസം ഉണ്ട്...അതുകൊണ്ട് ഒരു പാട്ട് പഠിച്ചിട്ട് വന്നോളൂ..." യാതൊരു ദയയും കാണിക്കാതെ ടീച്ചർ പറഞ്ഞു.

"ടീച്ചർ തരുന്ന കണക്ക് തന്നെ പഠിക്കാൻ കഴിയുന്നില്ല....പിന്നെ എങ്ങനാ പാട്ട് പഠിക്കുന്നത്?"

"ആ...നീ എന്തെങ്കിലും പഠിക്കുമോ എന്നൊന്ന് നോക്കട്ടെ..."

"പ്ലീസ് ടീച്ചർ...എനിക്ക് പാടാൻ അറിയില്ല" 

"എങ്കിൽ ബാപ്പയെയും കൂട്ടി വന്നോളൂ..."

"ങേ!! ബാപ്പയും പാടില്ല ടീച്ചർ..." എന്റെ മറുപടി കേട്ട് ടീച്ചർ ചിരിച്ചെങ്കിലും എന്നെ ഒഴിവാക്കിത്തന്നില്ല.

ഇനി ഒരു പാട്ട് പഠിക്കുക തന്നെ രക്ഷയുള്ളൂ എന്നതിനാൽ ശനിയാഴ്ച്ച ആവാൻ ഞാൻ കാത്തിരുന്നു.അരീക്കോട് ചന്ത നടന്നിരുന്നത് ശനിയാഴ്ച്ചകളിലാണ്. ചന്തയിൽ പോയാൽ ഏകദേശം എല്ലാ സാധനവും കിട്ടും.പാട്ടു പുസ്തകവും അന്ന് ചന്തയിലേ കിട്ടൂ. കേട്ട പാട്ടിന്റെ വരികൾ ഉള്ള പുസ്തകം തപ്പിപ്പിടിക്കണം.അതിന് പുസ്തകം മുഴുവൻ തിരഞ്ഞ് നോക്കണം.അങ്ങനെ തിരഞ്ഞ് തിരഞ്ഞ്, ഞാൻ പല തവണ കേട്ട ഒരു പാട്ടിന്റെ വരികളുള്ള പുസ്തകം കിട്ടി.

അങ്ങനെ ഞാൻ പാട്ട് പഠിക്കാൻ തുടങ്ങി. വീട്ടിനകത്ത് നിന്ന് പാട്ട് പാടി നോക്കിയാൽ അനിയനും അനിയത്തിയും ഒക്കെ കേട്ട് കളിയാക്കും എന്നതിനാൽ ഞാൻ വീട്ടിലെ കിണറിന്റെ ആൾമറയുടെ അപ്പുറത്ത് പോയിരുന്നു. പാട്ട് ഏകദേശം പഠിച്ച് കഴിഞ്ഞപ്പോൾ അൽപം ഉച്ചത്തിൽ ഞാൻ ഒന്ന് പാടി നോക്കി.

"ഉടനെ കഴുത്തെന്റെതറുക്കൂ ബാപ്പാ...
ഉടയോൻ തുണയില്ലെ നമുക്ക് ബാപ്പാ..."

പാട്ട് കേട്ടതും ഉമ്മ ആ ഭാഗത്തേക്ക് നോക്കി.ഞാൻ ആൾമറയുടെ അപ്പുറത്ത് ഇരുന്നായിരുന്നു പാടിയിരുന്നത്.അതിനാൽ ഉമ്മാക്ക് എന്നെ കാണാൻ കഴിഞ്ഞിരുന്നില്ല.

"അള്ളോ...ന്റെ മോൻ...കിണറ്റിൽ..."

ഉമ്മയുടെ നിലവിളി കേട്ട് ബാപ്പയും അയൽവാസികളും എല്ലാം ഓടിക്കൂടി. ബഹളം കേട്ട് ഞാനും എണീറ്റു.എന്നെക്കണ്ടതും ഉമ്മ അന്തം വിട്ടു നിന്നു.പിന്നിൽ ഓടി വന്നവരും സഡൻ ബ്രേക്കിട്ടു.

"എന്തയിനി അനക്ക് ഔടെ പണി...?" ഉമ്മയുടെ ചോദ്യം.

"സാഹിത്യ സമാജത്തിന് പാട്ട് പഠിച്ചെയ്‌നി..."

"അത്...കെണറ്റിന്റെ ബക്കത്ത് നിന്നാ പട്ച്ചല്...നടക്കങ്ങട്ട് ഔത്ത് ക്ക്..." ബാപ്പയുടെ ആജ്ഞ വന്നതോടെ ഞാൻ വീട്ടിനകത്തേക്ക് കയറി.ഉമ്മയുടെ നിലവിളി കേട്ട് ഓടി വന്നവരൊക്കെ അവരുടെ വഴിക്കും പോയി.

അങ്ങനെ സാഹിത്യ സമാജത്തിന്റെ ദിനമായി.ടീച്ചർ ഓരോരുത്തരെയായി വിളിക്കാൻ തുടങ്ങി. അവരെല്ലാം നല്ല രീതിയിൽ തന്നെ അവതരിപ്പിച്ചു. എന്റെ പേര് വിളിച്ചതും ഞാൻ എണീറ്റ് സ്റ്റേജിലേക്ക് കയറി.എന്റെ കയ്യും കാലും കയ്യിലെ പുസ്തകവും എല്ലാം കിടു കിടാ വിറക്കുന്നുണ്ടായിരുന്നു.ആരെയും  മുന്നിൽ കാണാതിരിക്കാനായി പുസ്തകം മുഖത്തിന് നേരെ പിടിച്ച് ഞാൻ പാട്ടങ്ങ് തുടങ്ങി.

"ഉടനെ കഴുത്തെന്റെതറുക്കൂ ബാപ്പാ...
ഉടുക്കാൻ തുണിയില്ല നമുക്ക് ബാപ്പാ..."

"ആ...മതി..മതി..." ടീച്ചർ പറഞ്ഞു.പക്ഷെ.മുഖം മറച്ചു പിടിച്ചിരുന്നതിനാൽ ഞാനത് കേട്ടില്ല.അടുത്ത ഭാഗവും പാടി. കുട്ടികൾ എല്ലാവരും ആർത്തു ചിരിച്ചു.

"ഉസ്മാനെ...മതീന്ന് നിന്നോടല്ലേ പറഞ്ഞത്..." ടീച്ചറുടെ ശബ്ദം കൂടി. ഞാനും ശബ്ദം കൂട്ടി അടുത്ത രണ്ട് സ്റ്റാൻസയും പാടി പാട്ട് മുഴുവനാക്കി.

'ചന്തയിൽ പോയി പുസ്‌തകവും വാങ്ങി, പാട്ട് പഠിച്ചത് നാട്ടുകാര് മുഴുവൻ അറിയുകയും ചെയ്തു... പിന്നെ രണ്ട് വരി പാടിയിട്ട് നിർത്താനോ... ഞാനേ ഉസ്മാനാ... ഉസ്‌റുള്ള മാൻ ...' സ്റ്റേജിൽ നിന്നും ഇറങ്ങിപ്പോരുന്നതിനിടയിൽ ഞാൻ ആത്മഗതം ചെയ്തു.പിന്നീട് പത്താം ക്ലാസ് വരെയുള്ള ഒരു സാഹിത്യ സമാജത്തിലും എനിക്ക് പാട്ട് പാടേണ്ടി വന്നിട്ടില്ല.

Wednesday, February 08, 2023

കോലൈസ്

 Part 1 - പറങ്കിമാവിൻ കൊമ്പത്ത്...

ഓടിക്കിതച്ച് ഞാൻ സ്‌കൂളിൽ എത്തുമ്പോൾ ഇന്റർവെൽ സമയമായിരുന്നു.അദ്ധ്യാപകർക്ക് ഒരു ചായ കുടിക്കാനും കുട്ടികൾക്ക് മൂത്രമൊഴിക്കാനും ഉള്ള സമയമായിട്ടാണ് ഇന്റർവെലിനെ ഞാൻ മനസ്സിലാക്കി വച്ചത്.പൈസ കയ്യിലുള്ള കുട്ടികളിൽ ചിലർ ഐസ് വാങ്ങും; കൂടുതൽ പൈസ ഉള്ളവർ ചായ കുടിക്കും, നെയ്യപ്പം കടിക്കും.

അപ്പോഴാണ് രാവിലെ ബാപ്പയുടെ കീശയിൽ നിന്ന് എന്റെ കീശയിലേക്ക് ട്രാൻസ്ഫർ ആയ ഇരുപത് പൈസയെപ്പറ്റി എനിക്കോർമ്മ വന്നത്.ദൂരെ നിന്ന് എവിടെന്നോ മയമാക്കയുടെ ഐസിന്റെ ഹോണടി കേൾക്കുന്നുണ്ട്.

ഗേറ്റിനടുത്ത് ചെന്ന് ഞാൻ സ്‌കൂൾ കോമ്പൗണ്ടിലേക്ക് എത്തി നോക്കി.അപ്പോൾ കയറി വരുന്നതാണ് എന്ന് ആരും അറിയാതിരിക്കാൻ പുസ്തകങ്ങൾ അരയിൽ തിരുകി.കൂട്ടുകാരൻ മെഹബൂബ് ക്ലാസ്സിൽ നിന്നും പുറത്തേക്ക് വരുന്നത് ഞാൻ കണ്ടു.വെള്ളം എടുക്കാൻ തൂക്കുപാത്രവുമായിട്ടാണ് അവൻ വരുന്നത്.

"മയബോ...എത്ര നേരായി അന്നെ ഞാൻ കാത്ത് നിക്കണ്..." മെഹബൂബ് ഗേറ്റിൽ എത്തിയ ഉടനെ ഞാൻ പറഞ്ഞു.

"അന്നെ ഞാൻ ക്ലാസ്സിൽ കണ്ടില്ലല്ലോ..." മെഹബുവിന്റെ മറുപടി കേട്ട് ഞാൻ ഒന്ന് ഞെട്ടി.

"അത്..ഞാൻ നേരം വൈകി വന്നതോണ്ട് ബാക്കിലായി...ഞമ്മൾക്ക് ഒരു ഐസ് മാങ്ങാൻ പോകാ..."

"അതിന് മയമാക്കാനെ കാണുന്നില്ല ല്ലോ..."

"മയമാക്ക അങ്ങാടീല് ണ്ട്...." ഞാൻ അറിയാതെ പറഞ്ഞുപോയി.

"അതെങ്ങനാ അപ്പം ജ്ജ് കണ്ടത്?"

"അത്...അത്...ജ്ജ് കേക്കിണില്ലേ...പോം...പോം..പോം..."

ഞങ്ങൾ രണ്ട് പേരും ചെവി കൂർപ്പിച്ചു.ദൂരെ എവിടെ നിന്നോ കേൾക്കുന്ന ഹോണടി അങ്ങാടിയിൽ നിന്നായിരിക്കും എന്ന ധാരണയിൽ ഞങ്ങൾ അങ്ങോട്ട് ഓടി.മയമാക്ക ഇറക്കം വിട്ട് സ്പീഡിൽ പോകുന്ന കാഴ്ചയാണ് ഞങ്ങൾ കണ്ടത്.

"മയമാക്കേ...മയമാക്കേ..." ഞങ്ങൾ രണ്ട് പേരും ആർത്ത് വിളിച്ച് പിന്നാലെ ഓടി.ബ്രേക്ക് ഇല്ലാത്തതിനാൽ   ഇറക്കം കഴിഞ്ഞ് ആണ് മയമാക്ക സൈക്കിൾ നിർത്തിയത്.

"ഒര്....ഒര്....ഒര് കോലൈസ്.." കിതച്ചു കൊണ്ട് ഞാൻ പറഞ്ഞു.

"ഇച്ച് ഒര് പാലൈസ്..." മെഹബൂബ് പറഞ്ഞു.

"അയിന് അന്റെ അട്ത്ത് പൈസ ണ്ടോ...?" ഞാൻ ചോദിച്ചു.

"ഇജ്ജല്ലേ ഐസ് മാങ്ങിത്തരാന്ന് പറഞ്ഞ് ബിൾച്ചത്..."

"ആ...ഒര് ഐസ് മാങ്ങി രണ്ടാൾക്കും ഈമ്പാ...ആദ്യം ഞാൻ ഈമ്പും...പിന്നെ ജ്ജ്...പിന്നെ ഞാൻ...പിന്നെ ജ്ജ്...പിന്നെ ഞാൻ..."

അങ്ങനെ ഐസും വാങ്ങി രണ്ടാളും മാറി മാറി ഈമ്പി സ്‌കൂൾ ഗേറ്റിൽ എത്തി.അപ്പോഴേക്കും ഇന്റർവെൽ കഴിഞ്ഞ് ക്ലാസ് തുടങ്ങിയിരുന്നു.ഐസ് പകുതിയോളം ബാക്കിയും!

"എടാ... ക്ലാസ് തൊടങ്ങി...ഐസും ഈമ്പി ചെന്നാ ബേബി മാസ്റ്ററെ അട്ത്ത്ന്ന് നല്ല അടിം ക്ട്ടും..." ഞാൻ പറഞ്ഞു.

"അന്റെ പണ്യാ ദ്..." മെഹബൂബ് എന്നെ കുറ്റപ്പെടുത്തി.

"ഒര് കാര്യം ചെയ്യാ...ഐസ് അന്റെ തൂക്കാത്രത്തില് ഇട്...ഞമ്മക്ക് ഉച്ചക്ക് തിന്നാ..."

അങ്ങനെ ഐസ് തൂക്കുപാത്രത്തിൽ ഇട്ട് അടച്ച് ഞങ്ങൾ രണ്ട് പേരും ക്‌ളാസ്സിലേക്ക് നടന്നു.ബോർഡിലേക്ക് തിരിഞ്ഞ് എന്തോ എഴുതിക്കൊണ്ടിരുന്ന ബേബി മാഷ് കാണാതെ പിന്നിലെ വാതിലിൽ കൂടി അകത്ത് കയറി തൂക്കുപാത്രം ചുമരിന്റെ ഓരത്ത് ഒതുക്കി വച്ച് ഒഴിവുള്ള സ്ഥലത്ത് ഇരുന്നു.

ഉച്ച ഊണിനുള്ള ബെല്ലടിച്ച ഉടനെ മെഹബൂബും ഞാനും ഐസ് തിന്നാൻ തിരക്കിട്ട് തൂക്കുപാത്രം എടുത്ത് പുറത്തേക്കോടി.മറ്റാരും ചോദിക്കാതിരിക്കാൻ ഒഴിഞ്ഞ ഒരു മൂലയിൽ ചെന്നിരുന്നു.മെഹബൂബ് തൂക്കുപാത്രം തുറന്നു.അടിയിൽ ഒരൽപം വെള്ളം മാത്രം കണ്ട മെഹബൂബ് എന്റെ നേരെ ദ്വേഷ്യത്തോടെ നോക്കി.

"എടാ...കള്ള #@$%....ഐസ് മുഴുവൻ ജ്ജ് തിന്നല്ലേ?"

"ആഹാ...ജ്ജ് അല്ലെ പാത്രം ബെച്ചത്...ജ്ജ് അത് മുയ്‌വൻ തിന്നല്ലേ?"

അവൻ തൂക്കുപാത്രം കൊണ്ട് എന്റെ തലക്കിട്ട് കൊട്ടി.ഞാനും വിട്ടില്ല. തൂക്കുപാത്രം പിടിച്ച് വാങ്ങി അവന്റെ തലക്കും ഒന്ന് കൊടുത്തു.അങ്ങനെ അടി തുടരുന്നതിനിടയിലാണ് ഹെഡ്മാസ്റ്ററുടെ വരവ് കണ്ടത്.പെട്ടെന്ന് അടി നിർത്തി രണ്ടാളും രണ്ട് വഴിക്ക് ഓടിയതിനാൽ കൂടുതൽ അടി കിട്ടുന്നതിൽ നിന്നും രക്ഷപ്പെട്ടു.

Tuesday, February 07, 2023

പറങ്കിമാവിൻ കൊമ്പത്ത്...

"പോം...പോം...പോം....." മയമാക്കാന്റെ സൈക്കിളിൽ ഘടിപ്പിച്ചിരിക്കുന്ന ബലൂൺ പോലെയുള്ള ഹോൺ അമർത്തുമ്പോൾ വരുന്ന ശബ്ദം മനസ്സിനെ മദിക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളായി.കോലൈസും പാലൈസും വാങ്ങി വായിലിട്ട് ഈമ്പി വരുന്നവരെ ഞാൻ അസൂയയോടെ നോക്കി നിന്നിരുന്നു.ഒരു പത്ത് പൈസ കിട്ടിയിരുന്നെങ്കിൽ എനിക്കും ഒരു പൊട്ടിയ ഐസോ അല്ലെങ്കിൽ കോല് പോയ ഐസോ വാങ്ങാമായിരുന്നു.പക്ഷെ ബാപ്പയുടെ കീശ തപ്പിയാൽ പലപ്പോഴും കിട്ടുന്നത് പകുതി കത്തിയ ദിനേശ് ബീഡിയായിരിക്കും.

അന്ന് മദ്രസയിലേക്ക് പോകുമ്പോഴാണ് ബാപ്പയുടെ ഷർട്ട് വീണ്ടും എന്റെ ശ്രദ്ധയിൽ പെട്ടത്.വെറുതെ ഒന്ന് അതിന്റെ കീശയിൽ കയ്യിട്ട് നോക്കി.ചെറിയൊരു തണുപ്പ് കയ്യിലടിച്ചതോടെ ഞാൻ ചുറ്റും ഒന്ന് നോക്കി.ബാപ്പ ആ പരിസരത്തൊന്നും ഇല്ല.ഉമ്മയും അടുക്കളയിൽ എന്തോ പണിയിലാണ്.കയ്യിൽ തടഞ്ഞ സാധനം ഞാൻ മെല്ലെ എടുത്തു - ഇരുപതു പൈസയുടെ ഒരു പിച്ചള നാണയം.'ഇന്ന് എനിക്കും ഒരു കോലൈസ് വാങ്ങാനുള്ള പൈസ ആയി' എന്ന സന്തോഷത്തിൽ അതും കീശയിലിട്ട് മദ്രസയിലേക്കോടി.
ഞാൻ എത്തിയപ്പോഴേക്കും പോക്കർ മോല്യാർ ക്ലാസ് തുടങ്ങിയിരുന്നു.

"ഉം...എന്തിനാ ബെന്നേ ?" പോക്കർ മോല്യാരുടെ ചോദ്യം കേട്ട് ഞാൻ ഒന്ന് പരുങ്ങി.

"ഓത്ത് പട്ച്ചാന്..."

"അത് ച്ചറിയാ..അയിന് നേരത്തും കാലത്തും ബെരണം...ഔടിം ബ്ടിം ഒക്കെ കജ്ജും തലിം ട്ട് ബെന്നാ നേരം ബെഗ്ഗും...കജ്ജ് ങ്ങട്ട് നീട്ട്..."

'മ്മേ!! ഞാൻ ബാപ്പയുടെ കീശയിൽ കയ്യിട്ട് പൈസ എടുത്തത് മദ്രസയിൽ ഇരിക്കുന്ന പോക്കർ മോല്യാർ കണ്ടോ?' എന്റെ ഹൃദയം പട പടാ അടി തുടങ്ങി.മോല്യാർ പറഞ്ഞതനുസരിച്ച് അറിയാതെ ഞാൻ കൈ നീട്ടി.

"ച്ലിം..ച്ലിം..ച്ലിം..." മൂന്നെണ്ണം കിട്ടിയതും ഞാൻ കൈ വലിച്ചു.മെഹബുവും അന്ത്രുവും ആസ്യയും ബീവിയും ഒക്കെ എന്നെ നോക്കി ചിരിക്കുന്നുണ്ട്.

'ഇനി സ്‌കൂളിൽ ചെന്നാലും ഇവര് എന്നെ കളിയാക്കി ചിരിക്കും... പോരാത്തതിന് കണക്കിലെ ഹോംവർക്കും ചെയ്യാനുണ്ട്...ഇന്ന് ആനി ടീച്ചറോടും നല്ല നുള്ള് കിട്ടും...ഇന്ന് ഇനി സ്‌കൂളിൽ പോകാതിരിക്കുന്നതാണ് നല്ലത്...' ഞാൻ ആലോചിച്ചു. 

മദ്രസ വിട്ട് വന്ന ഞാൻ ചായ കുടിച്ച ശേഷം പുസ്തകക്കെട്ടും എടുത്ത് വീട്ടിൽ നിന്ന് ഇറങ്ങി.നേരെ പോയത് അല്പം അകലെയുള്ള പറങ്കിമാവിന്റെ തോട്ടത്തിലേക്കാണ്.തോട്ടം ആരുടേത് എന്ന് അന്ന് നോട്ടമില്ല.താഴെ വീണ പറങ്കിമാങ്ങയിൽ നിന്ന് അണ്ടി ഊരിയെടുത്ത് അത് ട്രൗസറിന്റെ കീശയിലേക്കും മാങ്ങ വായിലേക്കും വയ്ക്കുക എന്നതായിരുന്നു ശീലം.

അന്ന് മാവ് പൂത്തു വരുന്നതേ ഉണ്ടായിരുന്നുള്ളൂ.അതിനാൽ തന്നെ മറ്റാരും അങ്ങോട്ട് വരില്ല എന്നത് എന്റെ മനസ്സിൽ സമാധാനം പരത്തി.

'ഇനി വൈകുന്നേരം വരെ ഏതെങ്കിലും മരത്തിന്റെ മുകളിൽ കയറി ഇരിക്കണം.സ്‌കൂൾ വിട്ട് കുട്ടികൾ തിരിച്ച് പോകുന്ന സമയത്ത് അവരുടെ കൂടെ വീട്ടിലേക്ക് തിരിച്ച് പോകണം'. മനസ്സിൽ അത്തരം ഒരു പദ്ധതി തയ്യാറാക്കിക്കൊണ്ട് പുസ്തകം അടുത്തുള്ള പൊന്തക്കാട്ടിൽ ഒളിപ്പിച്ച് വച്ച് ഞാൻ വലിയൊരു പറങ്കിമാവിൽ വലിഞ്ഞു കയറി.അത്യാവശ്യം ഉയരത്തിലുള്ള ഇരിക്കാൻ സൗകര്യമുള്ള നല്ലൊരു കൊമ്പിൽ ഞാൻ സീറ്റുറപ്പിച്ചു.

മരത്തിൽ നിന്നും കാണാവുന്ന ദൂരത്തിലുള്ള ചെമ്മൺ പാതയിലൂടെ കടന്ന് പോകുന്ന കുട്ടികളുടെ എണ്ണം ക്രമേണ കുറഞ്ഞ് കുറഞ്ഞ് വന്നു.സ്‌കൂൾ പഠന സമയം ആരംഭിച്ചതായി ഞാൻ മനസ്സിലാക്കി.

പറങ്കിമാവിന്റെ പൂക്കളുടെ മണവും ഇളം തെന്നലും ഏറ്റതോടെ മരത്തിൽ ഇരുന്ന എനിക്ക് അല്പം കഴിഞ്ഞ് ചെറിയൊരു മയക്കം വരാൻ തുടങ്ങി.ഇരുന്ന കൊമ്പിനെയും എന്നെയും തുണികൊണ്ട് ഒന്ന് കെട്ടി താഴെ വീഴില്ല എന്ന് ഞാൻ ഉറപ്പ് വരുത്തി.വെയില് അത്യാവശ്യം ചൂടായി തുടങ്ങി.പെട്ടെന്നാണ് ഞാൻ ഇലകൾ ചവിട്ടി അമരുന്ന ഒരു ശബ്ദം കേട്ടത്.മയക്കത്തിൽ നിന്നും ഞെട്ടി എണീറ്റു ഞാൻ താഴോട്ട് നോക്കി.

"പടച്ചോന്റെ റബ്ബേ!!!" ഞാൻ ഞെട്ടി.കണ്ണ് ഒന്ന് കൂടി തിരുമ്മി നോക്കി.

'ബാപ്പ അതാ ഓരോ പറങ്കിമാവും പൂത്തതും  നോക്കി നോക്കി വന്നു കൊണ്ടിരിക്കുന്നു.ഇത്തവണ ഈ തോട്ടം പാട്ടത്തിന് എടുത്തത് ബാപ്പയുടെ കൂട്ടുകാരനാണ്.അദ്ദേഹം തോട്ടം നോക്കാൻ ഏൽപിച്ചത് ബാപ്പയെയും'.

പിടിക്കപ്പെടും എന്നുറപ്പായതിനാൽ ഞാൻ വേഗം തുണി ശരിയാക്കി കണ്ണ് പൊത്തി ഇരുന്നു.പക്ഷെ, കാലടികൾ അകന്ന് അകന്ന് പോകുന്നതായി തോന്നിയതിനാൽ ഞാൻ മെല്ലെ കണ്ണ് തുറന്നു നോക്കി. ബാപ്പ , ഞാനിരിക്കുന്ന മരവും കഴിഞ്ഞ് പോയിട്ടുണ്ട്. എങ്കിലും, അതുവഴി തന്നെ തിരിച്ചു വരും എന്നതിനാൽ എത്രയും വേഗം രക്ഷപ്പെടലാണ് ബുദ്ധി എന്ന് മനസ്സ് പറഞ്ഞു. ഇറങ്ങാനായി ഞാൻ മെല്ലെ എണീറ്റു.

"ക്ർ... ർ... ർ...... ഡും..." എണീറ്റ് നിന്ന എന്റെ ഭാരം താങ്ങാനാവാതെ കൊമ്പ് പൊട്ടി വീണു.ശബ്ദം കേട്ട് ബാപ്പ വേഗം ഓടി രക്ഷപ്പെട്ടതിനാൽ ഞാൻ ബാപ്പയുടെ തലയിലേക്ക് വീണില്ല. ചന്തി നന്നായി വേദനിച്ചെങ്കിലും വേഗം മൂട് തട്ടി എണീറ്റ് കുറ്റിക്കാട്ടിൽ നിന്നും പുസ്തകക്കെട്ടും എടുത്ത് ഞാൻ സ്കൂളിലേക്കോടി.

(തുടരും...)

Monday, January 02, 2023

ഞാനും ഗൂഗിളമ്മായിയും

Salt & Camphor എന്ന യൂട്യൂബ് ചാനലിലൂടെ ഞാൻ നൽകുന്ന ചില വിവരങ്ങൾ ഒന്ന് കൂടി വ്യക്തമായി, എന്റെ വായിൽ നിന്നും അവരുടെ സ്വന്തം ചെവിയിലേക്ക് നേരിട്ട് കേൾക്കാൻ ചിലർക്ക് വല്ലാതെ കൊതിയാവാറുണ്ട്. അങ്ങനെ അടങ്ങാത്ത ആഗ്രഹമുള്ള പലരും ഫോൺ നമ്പർ ചോദിച്ച് കമന്റിടാറുണ്ട്.ചാനലിന്റെ ഇൻട്രോ വീഡിയോയിലും പല വീഡിയോകളുടെയും ഡിസ്‌ക്രിപ്‌ഷൻ ബോക്സിലും  മിക്ക പഴയ വീഡിയോകളിലും എല്ലാം ഞാൻ ഫോൺ നമ്പർ കുമ്പളങ്ങാ വലിപ്പത്തിൽ ഇട്ടിട്ടുണ്ട്.എന്നിട്ടും ആവശ്യപ്പെടൽ വീണ്ടും വീണ്ടും വന്നതോടെ ഞാൻ എന്നെത്തന്നെ ഗൂഗിളിൽ ഒന്ന് തപ്പി നോക്കി.

ശരിക്കും പറഞ്ഞാൽ ഞാൻ തന്നെ ഞെട്ടിപ്പോയി.ദൈവമേ, ഈ പാവം എന്നെപ്പറ്റി എന്തൊക്കെ വിവരങ്ങളാ ഈ ഗൂഗിളമ്മായി ലോകം മുഴുവൻ പറഞ്ഞ് പരത്തുന്നത്. അതിലൊന്ന് ദേ താഴെ -

"രണ്ടാഴ്ചത്തെ അദ്ധ്യാപകൻ,എൻ.എസ്.എസ് നെ വിപ്ലവീകരിക്കുന്നു" എന്ന് പച്ച മലയാളത്തിൽ പറയാവുന്ന ഈ വാർത്ത ഇംഗ്ലീഷിലായതുകൊണ്ട് അധികമാരും കണ്ടില്ല. പത്രറിപ്പോർട്ടർ പലതും ചോദിച്ച് പോയ അന്ന് മുതൽ രണ്ട് മാസം ഞാൻ ഈ പത്രം കഷ്ടപ്പെട്ട് അരിച്ച് പെറുക്കി വായിച്ചെങ്കിലും ഈ റിപ്പോർട്ട് കണ്ടിരുന്നേ ഇല്ല (മുഴുവൻ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക).

അടുത്തത് കണ്ടപ്പോൾ ഞാൻ ശരിക്കും രോമാഞ്ചകഞ്ചുകമണിഞ്ഞു.2013 ൽ  ഇന്ദിരാഗാന്ധി ദേശീയ അവാർഡ് രാഷ്ട്രപതി ശ്രീ പ്രണബ്‌ മുഖർജിയിൽ നിന്നും ഞാൻ സ്വീകരിക്കുന്ന ഫോട്ടോ ആണ്.അത് കണ്ടതിലല്ല പുളകിനായത്;"The Hindu Images" എന്ന പേരിൽ ഹിന്ദു ദിനപത്രത്തിന്റെ ഫോട്ടോഗ്രാഫർ വി.സുദർശൻ എടുത്ത ഫോട്ടോക്ക് ഇട്ട വില!!ഒറ്റത്തവണ ഉപയോഗിക്കാനാണെങ്കിൽ മീഡിയം സൈസ് ഇമേജിന് വില വെറും 9074 രൂപാ മാത്രം.എവിടെയെങ്കിലും പ്രദർശിപ്പിക്കാനോ പ്രതിഷ്ഠിക്കാനോ ഒക്കെ ആണെങ്കിൽ  (Non Exclusive ഉപയോഗത്തിനാണെങ്കിൽ) ചുരുങ്ങിയത് മൂന്ന് മാസം എടുക്കണം;അതിന് വില വെറും 37000 രൂപ.ഇനി ഒരു വർഷത്തേക്കാണെങ്കിൽ 58250 രൂപാ മാത്രം!എന്നിട്ട് കുട്ടയിലേക്കിടണോ (Add to Cart) എന്നൊരു ചോദ്യവും.


ഇത്രയും വിലയുള്ള ഈ ഫോട്ടോയാണ് കഴിഞ്ഞ ഒമ്പത് വർഷമായി ചോദിക്കുന്നവനും ചോദിക്കാത്തവനും ഒക്കെ അയച്ച് കൊടുക്കുന്നതും വാട്സ്ആപ്പിൽ ഞാൻ അംഗമായത് മുതൽ ആർക്കും സേവ് ചെയ്യാവുന്ന രൂപത്തിൽ ഡി.പി ആക്കി വയ്ക്കുന്നതും എന്നോർത്തപ്പോൾ ചെറിയൊരു നെഞ്ചു വേദന അനുഭവപ്പെട്ടോ?

ഇന്ന് വരെ ഉണ്ടായിരുന്ന വേറൊരു വേദന ഇതോടെ മാറുകയും ചെയ്തു.അവാർഡ് സെറിമണിയുടെ മുഴുവൻ ഫോട്ടോയും അടങ്ങിയ സി.ഡി അന്ന് മേടിച്ചത് പ്രിൻസിപ്പാൾ വിദ്യാസാഗർ സാർ തന്ന 300 രൂപ കൊടുത്തായിരുന്നു.അപ്പോൾ, വളണ്ടിയർമാരടക്കം എഴുപതോളം പേരുടെ ഫോട്ടോയുള്ള ആ സി.ഡിയുടെ വില ഇപ്പോൾ എത്രയാ? എന്റെ ദൈവമേ??ഒറ്റ സി.ഡി എന്നെ കോടിപതിയാക്കി!!!

Thursday, January 20, 2022

ജോളി ജോലി - 4

ഭാഗം - 3

അലി ഭായ് എന്ന് അടുത്ത സുഹൃത്തുക്കൾ വിളിക്കുന്ന അലി ഒരു ബംഗാളിയല്ല , മലയാളി തന്നെയാണ്. രൂപത്തിലും ഭാവത്തിലും സംസാരത്തിലും ഒരു തനി നാടൻ  മലയാളി.ഗൾഫിലേക്ക് പറക്കാൻ സ്വപ്നം നെയ്‌തുകൊണ്ട്, ഞാനും സുഹൃത്തുക്കളും നടത്തിയിരുന്ന കംപ്യുട്ടർ സെയിൽസ് ആൻഡ് സർവീസ് സ്ഥാപനത്തിൽ ഒരേ സമയം അദ്ധ്യാപകനും സർവീസ് ടെക്‌നീഷ്യനും ആയി ജോലി ചെയ്യുകയായിരുന്നു അലി.വിദേശ ജോലികൾക്ക് അത്യാവശ്യമായ പരിചയ സമ്പത്ത് കിട്ടാൻ ഇത്തരം സ്ഥാപനങ്ങളിൽ കുറച്ച് കാലം പ്രവർത്തിക്കുന്നത് അന്നത്തെ ഒരു ട്രെന്റ് ആയിരുന്നു.

ഒരു കംപ്യുട്ടർ സ്ഥാപനത്തിന്റെ എം.ഡി ആയിരുന്നെങ്കിലും എനിക്ക് മൊബൈൽ കിട്ടിയത് ആ അടുത്തായിരുന്നു. അലിക്ക് മൊബൈൽ ഇല്ലാത്തതിനാൽ ഞാൻ സ്ഥാപനത്തിന്റെ നമ്പറിൽ തന്നെ വിളിച്ചു.ബാച്ചിലറായ അലി ഏത് സമയവും സ്ഥാപനത്തിൽത്തന്നെ ഉണ്ടാകും.

"ഹലോ..ഈസ് ഇറ്റ് ഡാറ്റാ പോയിന്റ് ?" എൻറെ സ്ഥാപനത്തിലേക്ക് ഞാൻ തന്നെ വിളിച്ചു.

"യെസ്...ആരാ...?" മറു തലക്കൽ നിന്ന് ചോദ്യമുയർന്നു.

"കാൻ ഐ സ്പീക്ക് റ്റു എം.ഡി ?" ഞാൻ വെറുതെ ഒന്ന് അലിയെ ടെസ്റ്റ് ചെയ്തു.

"എസ്...സ്പീക്കിക്കോ..എം ടി ഹിയർ..."

"ങേ!!" ഇത്തവണ ഞെട്ടിയത് ഞാനാണ്.

"നീ അലി അല്ലേ ? എന്നാ നീ എന്റെ സ്ഥാപനത്തിന്റെ എം.ഡി ആയത്?" ഞാൻ അല്പം ഉച്ചത്തിൽ ചോദിച്ചു.

"അയ്യോ...നിങ്ങളായിരുന്നോ? ഞാൻ അലി.എം.ടി ആണെന്നാ പറഞ്ഞത് ..."

"ങ്ങാ...ങും .... പിന്നെ എനിക്കൊരു കാര്യം ചോദിക്കാനുണ്ട്..." ആവശ്യം എന്റേതായതിനാൽ ഞാൻ ദ്വേഷ്യം അടക്കി.

"എന്താ...പറഞ്ഞോളി..."

"എന്റെ അടുത്ത് ഒരു ചവണ ഉണ്ട് .... പിന്നെ ഒരു നീളമുള്ള വയറും ഉണ്ട്... ഇത്കൊണ്ട് എന്ത് ചെയ്യാനാ പറ്റുക?"

"വയറിന്റെ അറ്റത്ത് ചവണ കെട്ടി കറക്കാം..." അലിയുടെ മറുപടി പെട്ടെന്നായിരുന്നു .

"ച്ചെ...അതല്ല ഇത്കൊണ്ട് എന്തോ ഒരു പിംഗ് ചെയ്യലുണ്ടല്ലോ ..?"

"ഓ...അത് ശരി... യു.ടി.പി കേബിൾ ആണല്ലേ പറയുന്നത് ... ക്രിമ്പിംഗ് ടൂളും ..."

"യെസ് .... എക്ൿസാക്റ്റ്ലി....അതെന്നെ...അത് ചെയ്യുന്നത് എങ്ങനെയാന്ന് ഒന്ന് പറഞ്ഞ് താ..."

അലി അത് കൃത്യമായി വിശദീകരിച്ച് തന്നു.ഞാനത് അതേപടി ചിത്ര സഹിതം ഒരു പുസ്തകത്തിൽ പകർത്തി വച്ചു.

പിറ്റേന്ന് പുസ്തകത്തിൽ നോക്കി ചെയ്യുന്നതിനിടെ ട്രേഡ്‌സ്മാനായ തിരുവനന്തപുരം സ്വദേശി ജയകുമാർ അത് വഴി വന്നു.

"സാർ.. എന്താ ഈ ചെയ്യുന്നത്?"

"ഇതാണ് ക്രിമ്പിംഗ് എന്ന പരിപാടി... ഈ കോളേജിൽ പ്രിൻസിപ്പാൾ ഉണ്ട്, പ്രഫസർ ഉണ്ട് ,പ്രോഗ്രാമർ ഉണ്ട് , ഇൻസ്ട്രക്ടർ ഉണ്ട് .."

"ആ...അതിന് ?"

"അവർക്കാർക്കും അറിയാത്ത ഒരു പരിപാടിയാണ് ക്രിമ്പിംഗ്..."

"ആഹാ... എന്നാ എനിക്കും പഠിക്കണം..."

"അങ്ങനെ വെറുതെയങ്ങ് പഠിക്കാൻ പറ്റില്ല... വാ കാന്റീനിൽ പോയി വരാം..."

അങ്ങനെ, ഇന്നലെ വരെ ഒരു തിരുവനന്തപുരക്കാരൻ കാരണമുണ്ടായ ടെൻഷൻ മറ്റൊരു തിരുവനന്തപുരക്കാരന്റെ ഒരു ചായയും മൂന്ന് പഴംപൊരിയും കഴിച്ചപ്പോൾ തെല്ലൊന്ന് ശമിച്ചു.ജയകുമാറാകട്ടെ ആ വയറ് മുഴുവൻ അന്ന് തന്നെ തീർക്കണം എന്ന വാശിയിലും.ഒന്ന് കൃത്യമായി  ചെയ്ത ശേഷം ഞാൻ ടൂളും വയറും ജാക്കും ജയകുമാറിനെ ഏൽപ്പിച്ചു. ഒരു മീറ്ററിന്റെ അഞ്ചെണ്ണവും രണ്ട് മീറ്ററിന്റെ അഞ്ചെണ്ണവും അന്നവൻ  ഒറ്റക്ക് ക്രിമ്പ് ചെയ്തു.

പിറ്റേന്ന് സന്തോഷ് സാർ വന്നപ്പോൾ നെഞ്ച് നിവർത്തി നിന്നുകൊണ്ട് ഞാൻ പത്തെണ്ണവും എടുത്ത് അദ്ദേഹത്തിന്റെ കഴുത്തിലേക്ക് വച്ച് കൊടുത്തു.സാറിന്റെ മുഖത്തെ സന്തോഷം അന്നാണ് ആദ്യമായി അദ്ദേഹത്തിന്റെ പേരിനെ അന്വർത്ഥമാക്കിയത്.ഇതൊക്കെ എന്ത് എന്ന മട്ടിൽ ഞാൻ സെർവർ റൂമിലേക്ക് തന്നെ തിരിച്ച് കയറി .

(അവസാനിച്ചു)

Friday, December 31, 2021

ഹാപ്പി ന്യൂ ഇയർ

സ്‌കൂളിലേക്ക് വരുന്ന ബാബു മാസ്റ്ററെ ദൂരെ നിന്നേ കണ്ട പ്യൂൺ ബീരാനിക്ക കണ്ണിന് മുകളിൽ കൈ വച്ച് ഒന്ന് കൂടി ഉറപ്പ് വരുത്തി.ശേഷം ആകാശത്തേക്ക് നോക്കി. ഇല്ല,വെള്ളക്കാക്ക മലർന്ന് പറക്കുന്നില്ല.വീണ്ടും ബാബു മാസ്റ്ററെ നോക്കി. ബീരാനിക്കയുടെ അടുത്തെത്തിയപ്പോൾ ബാബു മാസ്റ്റർ ചോദിച്ചു.

"ബീരാനിക്ക.... എന്താ ഒരു സംശയം....? ബാബു മാസ്റ്റർ തന്നെയാ..."

"ഏയ്...ഒന്നും ല്ല മാഷേ ...." 

"ന്നാലും .... ആദ്യം എന്നെയും പിന്നെ ആകാശത്തേക്കും നോക്കിയത് എന്തോ ഉറപ്പിച്ചാണല്ലോ ..."

"അത്.... അത്...." ബീരാനിക്ക തലയിൽ ചൊറിയാൻ തുടങ്ങി.

"നിങ്ങള് ധൈര്യായിട്ട് ചോദിച്ചോളിൻ ബീരാനിക്ക.... എന്താ മോളെ പ്രസവം വല്ലതും....?"

"ഏയ്...ആറ് മാസം കൂടുമ്പം പ്രസവിക്കല് പൂച്ചകളാ മാഷേ ..."

"ഉം..."

"കല്യാണം കഴിക്കാത്തതോണ്ടാ മാഷിന് അതിനെപ്പറ്റി അറിയാത്തത്..."

"ആ... പിന്നെ എന്താ ഇങ്ങനെ നോക്കാൻ കാരണം ന്ന് പറ....."

"അതോ.... മാഷ് ഇന്നലെ താലൂക്കാശുപത്രീക്ക് കേറുന്നത് കണ്ട്...."

"ആ.... പോയിരുന്നു....അതിനെന്താ?"

"വാക്സിൻ വയ്ക്കാനല്ലേ പോയത്?"

"അതെ.."

"അപ്പൊ ....ഇത്രേം കാലം വാക്സിന് എതിര് പറഞ്ഞത്....?"

"ആ .... അത് ശരിയാ..... പക്ഷെ ഒരു പേടി വന്നാൽ എന്ത് ചെയ്യാനാ ... "

"ഓ... മിമിക്രി ഇറങ്ങിയപ്പം പേടിച്ച് അല്ലെ?"

"മിമിക്രി അല്ല, ഒമിക്രോൺ... പക്ഷെ, എനിക്കല്ല പേടി..."

"പിന്നെ??"

"ഒപ്പമുള്ള 22 പേർക്ക് ....ദേ, നമ്മുടെ സ്‌കൂളിലെ ബീരാനിക്ക അടക്കമുള്ളവർക്ക്..."

"അതിന് ഞങ്ങളെല്ലാം വാക്സിൻ എടുത്തതാണല്ലോ..."

"ങാ...അത് തന്നെയാ പ്രശനം.... വാക്സിൻ എടുത്തവർക്ക് വാക്സിൻ എടുക്കാത്ത എന്നിലൂടെ അസുഖം പകരുമോ എന്ന് പേടി... ഇത്രയും കാലത്തിനിടക്ക് അസുഖം വന്നത് ആർക്കാ ? "

"അത്...ശരിയാ...എനിക്കും വന്നു...."

"ങാ....അപ്പൊ ഞാൻ വാക്സിൻ എടുത്താൽ 22 പേരുടെ പേടിയും ടെൻഷനും ആശങ്കയും ഒക്കെ മാറുമെങ്കിൽ അതങ്ങ് മാറട്ടെ ന്ന്.... എന്നിട്ട് പുതുവർഷത്തിൽ എല്ലാർക്കും പുതിയൊരു അവതാരത്തിനായി കാത്തിരിക്കാം .... ഹാപ്പി ന്യൂ ഇയർ..."

Monday, August 30, 2021

ദ ലൈവ്‌സ്റ്റോക്ക് ഇൻസ്‌പെക്ടർ

1996 ലെ ഒരു സുപ്രഭാതം.മൂന്ന് മാസത്തിനിടക്ക്  രണ്ടാമത്തെ സർക്കാർ ജോലിയും എന്നെത്തേടി വീട്ടിൽ വന്നതോടെ ഒരു സർക്കാർ ജീവനക്കാരനാകാൻ ഞാൻ ഏകദേശം തീരുമാനിച്ച് കഴിഞ്ഞിരുന്നു. ലാന്റ് ഫോൺ പോലും പ്രചാരത്തിൽ ഇല്ലാത്ത ആ കാലത്ത്, ഏറ്റവും അടുത്ത് താമസിക്കുന്നവരിൽ പ്രമുഖരായ അമ്മാവനെയും വലിയ മൂത്താപ്പയെയും  നേരിട്ട് പോയി കണ്ട്  ഈ വിവരം ഞാൻ അവരെ അറിയിച്ചു. കല്യാണം കഴിക്കുന്ന പോലെ വലിയൊരു സംഭവം അല്ലാത്തതിനാൽ കുടുംബത്തിലെ മറ്റുള്ളവരൊക്കെ വഴിയേ അറിഞ്ഞുകൊള്ളും എന്നായിരുന്നു എന്റെ പ്രതീക്ഷ.

അരീക്കോടിന്റെ തൊട്ടടുത്ത പഞ്ചായത്തായ ഊർങ്ങാട്ടിരിയിലെ വെറ്റിനറി ഡിസ്പെന്സറിയിൽ, ലൈവ്‌സ്റ്റോക്ക് ഇൻസ്‌പെക്ടർ എന്ന ഗമണ്ടൻ പോസ്റ്റിലേക്കായിരുന്നു എന്റെ നിയമനം. കോമൺ കൺട്രി ഫെലോസ് ഈ പോസ്റ്റിലിരിക്കുന്ന ആളെ 'കമ്മോണ്ടർ' എന്നും വിളിച്ചിരുന്നു.എനിക്ക് ജോയിൻ ചെയ്യേണ്ട സ്ഥലത്തെപ്പറ്റി ബോധ്യമില്ലാത്തതിനാൽ, ഞാൻ എന്റെ മൂത്തുമ്മായുടെ മൂത്ത മകൻ കരീം മാസ്റ്ററെ സമീപിച്ചു. ഊർങ്ങാട്ടിരി പഞ്ചായത്തിലെ ഏക ഹൈസ്‌കൂൾ ആയ സുബുലുസ്സലാം ഹൈസ്‌കൂളിലെ അദ്ധ്യാപകനായിരുന്നു അദ്ദേഹം.ജന്മം കൊണ്ട് പ്രധാനാദ്ധ്യാപകൻ അല്ലെങ്കിലും കർമ്മം കൊണ്ട് ആ പഞ്ചായത്തിന്റെ തന്നെ 'എഡ്മാസ്റ്റർ' ആയിരുന്നു കരീം മാസ്റ്റർ.ബയോളജി ആയിരുന്നു വിഷയമെങ്കിലും ഊർങ്ങാട്ടിരി പഞ്ചായത്തിന്റെ ഹിസ്റ്ററിയും ഭൂമിശാസ്ത്രവും അദ്ദേഹത്തോളം അറിയുന്ന ആരും ഞങ്ങളുടെ കുടുംബത്തിൽ ഇല്ലായിരുന്നു.കാരണം അദ്ദേഹം കല്യാണം കഴിച്ചത് ആ പഞ്ചായത്തിൽ നിന്നായിരുന്നു .

അങ്ങനെ, ബാപ്പ അറിയാതെ പഠിക്കുകയും കൈവശപ്പെടുത്തുകയും ചെയ്ത അനിയന്റെ ബൈക്കിൽ ഞാനും അനിയനും കൂടി കയറിയിരുന്നു. ബൈക്ക് സ്റ്റാർട്ട് ചെയ്യാൻ കിക്കറടിച്ചതും മുറ്റത്തെ തെങ്ങൊന്ന് കുലുങ്ങി മണ്ഡരി ബാധിച്ച ഒരു തേങ്ങ 'ഠപേ' ന്ന് ബൈക്കിന് മുന്നിൽ വീണു.'തേങ്ങയേറ്' കഴിഞ്ഞതിനാൽ ഐശ്വര്യമായി തന്നെ വണ്ടി സ്റ്റാർട്ടായി.

കൃത്യ സമയത്ത് തന്നെ ഞങ്ങൾ ലക്ഷ്യസ്ഥാനത്ത് എത്തി.എല്ലാ സർക്കാർ ഓഫീസിലെയും പോലെ, ഏറ്റവും ആദ്യം എത്തുന്ന സ്വീപ്പർ മാത്രമായിരുന്നു ഓഫീസിൽ ഉണ്ടായിരുന്നത്. ഞങ്ങളുടെ ആഗമനോദ്ദേശം അറിയിച്ചതോടെ കാത്തിരിക്കാൻ ആവശ്യപ്പെട്ടു. ഒരു വിഗഹ വീക്ഷണത്തിനായി ഞാൻ പുറത്തേക്കിറങ്ങി.ഒരു കന്നുകാലിയെയും കൊണ്ട് ഒരാൾ അവിടെ കാത്തിരിക്കുന്നുണ്ടായിരുന്നു. ഭാവി സർവീസിൽ കന്നുകാലി സൗഹൃദം അനിവാര്യമായതിനാൽ ഞാൻ അതിന്റെ അടുത്തേക്ക് നീങ്ങി. ഞാൻ പ്രതീക്ഷിക്കാത്ത ആംഗിളിൽ നിന്ന് കന്നുകാലിയുടെ വാല് വായുവിൽ ഒന്ന് മിന്നി. എന്റെ പുതിയ മുണ്ടിൽ ചാണകവും ചെളിയും ചേർന്ന കളറിൽ ഒരു ചിത്രം വരക്കപ്പെട്ടു.

"ചേട്ടാ... ഇതിനെത്ര പാല് കിട്ടും ?" കന്നുകാലിയുടെ ഉടമയോട് ഞാൻ ചോദിച്ചു.

"ഒന്ന് മതിച്ച് നോക്ക്..." 

"ഒരു പത്ത് ലിറ്റർ ..." മോശമാക്കേണ്ട എന്ന് കരുതി ഞാൻ പറഞ്ഞു.

"കണക്കിൽ ഉഷാറാണല്ലേ...?"

"ങാ...അതുകൊണ്ടല്ലേ ഇത്ര ചെറുപ്പത്തിലേ ഈ ജോലി കിട്ടിയത്..."

"എടാ പോത്തേ .... കണ്ണ് തുറന്നൊന്ന് നോക്ക് ....അതിന്റെ കാലുകൾക്കിടയിലേക്ക് ...." അയാളുടെ അപ്രതീക്ഷിത വിളിയിൽ ഞാൻ ഒന്ന് ഞെട്ടി. അയാൾ പറഞ്ഞ സ്ഥലത്തേക്ക് ഞാൻ നോക്കി. അതൊരു കാളക്കുട്ടനായിരുന്നു.കൃത്യ സമയത്ത് ഓഫീസിനകത്ത് ഒരാളനക്കം കണ്ടതിനാൽ ഞാൻ വേഗം അകത്തേക്ക് കയറി.

"ഹും... എന്താ വേണ്ടത് ?" പുതിയതായി വന്ന ആൾ എന്നോട് ചോദിച്ചു.

"ഞാൻ ഇവിടത്തെ പുതിയ ഇൻസ്‌പെക്ടറാ ... ലൈവ്‌സ്റ്റോക്ക് ഇൻസ്‌പെക്ടർ..." ആദ്യമായി ജോലി കിട്ടിയ ഗമയിൽ തന്നെ ഞാൻ പറഞ്ഞു. 

"ആഹാ .... ഏമാൻ എവിടെ നിന്നാണാവോ വരുന്നത് ?" ഒരു കളിയാക്കി ചിരിയോടെ അദ്ദേഹം ചോദിച്ചു.

"അരീക്കോട് നിന്ന് ..."

"ആരാ നിന്നെ ഇങ്ങോട്ട് പറഞ്ഞു വിട്ടത് ?" അടുത്ത ചോദ്യം അല്പം ഗൗരവത്തിലായിരുന്നു.

"ജില്ലാ മൃഗസംരക്ഷണ ഓഫീസറുടെ ഓർഡർ ഉണ്ട്..."

"ഓ...ഒന്ന് കാണട്ടെ ആ ഓർഡർ....."

ഞാൻ ഓർഡർ എടുത്ത് കാട്ടി.അദ്ദേഹം അത് സസൂക്ഷ്മം വായിച്ചു.എന്നിട്ട് എൻ്റെ നേരെ തിരിഞ്ഞ് പറഞ്ഞു.

"ഓർഡർ ഒക്കെ ശരി തന്നെ .... പക്ഷെ, നീ ഇപ്പോൾ നിൽക്കുന്നത് വെറ്റിനറി ഡിസ്‌പെൻസറി കല്ലരട്ടിക്കലിൽ ആണ്.... ഇവിടെ ഞാൻ ആണ് അന്നും ഇന്നും എന്നും ലൈവ്‌സ്റ്റോക്ക് ഇൻസ്‌പെക്ടർ...നിന്നെ പോസ്റ്റ് ചെയ്തിരിക്കുന്നത് വെറ്റിനറി ഡിസ്‌പെൻസറി ഊർങ്ങാട്ടിരിയിൽ ആണ് .... അത് വെറ്റിലപ്പാറയാണ് സ്ഥിതി ചെയ്യുന്നത്...."

ഞാൻ അനുജന്റെ മുഖത്തേക്ക് ഒന്ന് നോക്കി."തോമസു കുട്ടീ....വിട്ടോടാ..." എന്ന് അവന്റെ മുഖം പറയുന്നുണ്ടായിരുന്നു. വേഗം വണ്ടി സ്റ്റാർട്ടാക്കി ഞങ്ങൾ വെറ്റിലപ്പാറ ലക്ഷ്യമാക്കി കുതിച്ചു.

(ആദ്യ ദിവസം തന്നെ ഈ മൃഗീയാനുഭവങ്ങൾ സമ്മാനിച്ച ഈ വകുപ്പിനെ അധികകാലം എനിക്ക് സേവിക്കേണ്ടി വന്നില്ല. 1998 ൽ ഞാൻ കെ.എസ്.ഇ.ബി യിലേക്ക് മാറി)

Friday, May 21, 2021

ആൻ ഐഡിയ കാൻ സേവ് ..... 1

ഒരു സാധനം വാങ്ങിയാൽ അതിൻ്റെ അവസാന ശ്വാസം വരെ അല്ലെങ്കിൽ അത് വാങ്ങിയവന്റെ അവസാന ശ്വാസം വരെ അത് ഉപയോഗിക്കുക എന്നത് പണ്ടേ എൻ്റെ സ്വഭാവമായിരുന്നു. അല്ലെങ്കിൽ അത് വാങ്ങിയവൻ എന്ത് വിചാരിക്കും എന്നതായിരുന്നു ഈ സ്വഭാവത്തിന് പിന്നിലുള്ള രഹസ്യം.

ഈ പ്രത്യേക സ്വഭാവം കാരണം ചില കടകളിലേക്ക് എനിക്ക് ആയുസ്സിൽ ഇതുവരെ ഒരിക്കൽ മാത്രമേ പോകേണ്ടി വന്നിട്ടുള്ളൂ. ചില കടകളിൽ ഭരണ മാറ്റം പോലെ അഞ്ച് വർഷത്തിൽ ഒരിക്കൽ (ഇത്തവണ ഈ താരതമ്യം തെറ്റാണ് തെറ്റാണ് തെറ്റാണ് ) അതുമല്ലെങ്കിൽ ഏഴു വർഷത്തിൽ ഒരിക്കൽ ഒക്കെ കയറി ഇറങ്ങും.

കെട്ടിയതുകൊണ്ട് പ്രത്യേകിച്ച് ഒരു ഗുണം ഒന്നും ഇല്ലെങ്കിലും, ഇൻസൈഡ് ചെയ്യുമ്പോൾ അതിനൊരു നെറ്റിപ്പട്ടം എന്ന പോലെ ഒരു ബെൽറ്റ് കൂടി കെട്ടുക എന്നത് ആരിൽ നിന്നോ ഞാൻ കടമെടുത്ത സ്വഭാവമാണ്. അതുകൊണ്ട് തന്നെ ബെൽറ്റ് കെട്ടാതെ ഇൻസൈഡ് ചെയ്യുന്നവരെ കാണുമ്പോൾ മീശ വച്ച ഷാരൂഖ് ഖാനെയാണ് എനിക്ക് ഓർമ്മ വരിക.

അവസാനമായി ബെൽറ്റ് വാങ്ങിയത് എന്നാണെന്ന് കൃത്യമായി ഓർമ്മയില്ലെങ്കിലും അന്ന്  ആദ്യമായി ചെയ്ത ഒരബദ്ധം ഇന്നും മനസ്സിലുണ്ട് (ബെൽറ്റിലും).കടക്കാരൻ ബെൽറ്റിന്റെ 'പാമ്പ്' എനിക്ക് കാണിച്ചു തന്നു.ശേഷം ഒരു പെട്ടി തുറന്ന് പല തരത്തിലുള്ള ബക്കിളുകളും. ബെൽറ്റിന്റെ രണ്ടറ്റവും തമ്മിൽ കൂട്ടി യോജിപ്പിക്കുക എന്നതിലുപരി അതിന് മറ്റുള്ളവരുടെ ശ്രദ്ധ പെട്ടെന്ന് ആകർഷിക്കാനും ഒരു കഴിവുണ്ട്. അതിനാൽ ബെൽറ്റ് ലുക്കില്ലെങ്കിലും ബക്കിൾ ലുക്കുള്ളതാക്കാൻ ഞാൻ പരമാവധി ശ്രദ്ധിക്കാറുണ്ട്. അതിനായി ബക്കിളുകൾക്കിടയിൽ പരതുന്നതിനിടയിൽ അവൻ ഒരു കാര്യം കൂടി പറഞ്ഞു .

"രണ്ടെണ്ണം എടുത്താൽ ഓരോ ദിവസവും മാറ്റി ഇടാം... രണ്ട് ബെൽറ്റ് ആണെന്ന് കാഴ്ചക്കാർക്ക് തോന്നും ..."

"ഐഡിയ ഈസ് ഗുഡ് ... ബട്ട് ബെൽറ്റ് ഈസ് ഇൻ മൈ അര... ഒരാളും അങ്ങനെ ചിന്തിക്കില്ല മകനെ " എന്ന് മറുപടി കൊടുക്കാൻ തോന്നിയെങ്കിലും ഞാനായതുകൊണ്ട് കൊടുത്തില്ല.

അങ്ങനെ ഒരു ബക്കിളും അതിനൊരു ബെൽറ്റും സെലക്ട് ചെയ്ത് കാശും കൊടുത്തു.വീട്ടിലെത്തി ബക്കിൾ ഘടിപ്പിച്ച് ബെൽറ്റ് ചുറ്റിയപ്പോൾ ബെൽറ്റിലെ റെഡിമെയ്ഡ് തുളകളെല്ലാം പിൻഭാഗത്ത് എവിടെയോ എത്തിയിരുന്നു .ഇത് പണ്ട് മുതലേ സംഭവിക്കുന്നതിനായതിനാൽ, ആയതിന് ഞാൻ  കണ്ടു വച്ച പ്രത്യേക ഉപകരണമായ പപ്പടക്കോൽ അന്നും എന്റെ സഹായത്തിനെത്തി.പിറ്റേന്ന് മുതൽ ഞാൻ പുതിയ ബെൽറ്റും കെട്ടി കോളേജിൽ പോകാനും തുടങ്ങി.

അങ്ങനെയിരിക്കെ ഒരു ദിവസം ചെറിയൊരു സംഭവം ഉണ്ടായി . കുട്ടികൾക്ക് എന്തോ പറഞ്ഞു കൊടുക്കുന്നതിനിടയിൽ ഓരോരുത്തരുടെ മുഖത്ത് ഒരു ചിരി പടരാൻ തുടങ്ങി. അവരെല്ലാം നോക്കുന്നത് ഒരേ സ്ഥലത്തേക്കാണെന്ന് എനിക്ക് പെട്ടെന്ന് പിടി കിട്ടി. ഞാൻ വേഗം തിരിഞ്ഞ് നിന്ന് പാന്റിലെ റെയിൽവേ ഗേറ്റ് ഭദ്രമായി അടച്ചിട്ടുണ്ട് എന്നുറപ്പ് വരുത്തി. പിന്നെയും ഈ പെൺകുട്ടികൾ എന്തിനാണ് വാ പൊത്തി ചിരിക്കുന്നത് എന്നറിയാൻ ഞാൻ ഒന്ന് കൂടി തപ്പി നോക്കി. ബക്കിൾ ബെൽറ്റിന്റെ അറ്റത്ത് നിന്ന് പിടിവിട്ട് തൂങ്ങി നിൽക്കുന്നു!!അന്ന് ഞാനത് എങ്ങനെയൊക്കെയോ മാനേജ് ചെയ്ത് മാനം കാത്തു.

പിന്നീട് ഇത് ഇടക്കിടക്ക് സംഭവിക്കാൻ തുടങ്ങിയതോടെ അതിന്റെ കാരണം ഞാൻ കണ്ടെത്തി. ബെൽറ്റിന്റെ അറ്റത്ത് തേയ്മാനം സംഭവിച്ചിരിക്കുന്നു. അതിനാൽ അറ്റം മുറിക്കണം. അതിന് പറ്റിയ കത്രിക എന്റെ കയ്യിൽ ഇല്ലാത്തതിനാൽ ഞാൻ, ചെരുപ്പുകുത്തി ശിവനെ അഭയം പ്രാപിച്ചു. ശിവന്റെ കയ്യിലുള്ള ലോക്കൽ കത്രിക ബെൽറ്റിനെ നിഷ്പ്രയാസം മുറിക്കുന്നത് കണ്ട് ഞാൻ ഞെട്ടി. കാരണം അതിലും നല്ല കത്രിക വീട്ടിൽ വച്ചാണ് ഞാൻ നാട്ടിൽ കത്രിക തപ്പി നടന്നത്.പിന്നീട് ഉണ്ടായ ബക്കിളിന്റെ ഓരോ ലൂസ് മോഷനും ഞാൻ സ്വന്തം കത്രിക പ്രയോഗിച്ചു. 

ഈ പ്രക്രിയ തുടർന്നാൽ താമസിയാതെ എന്റെ ബെൽറ്റ് എന്റെ മകന്റെ അരയിലേക്ക് ട്രാൻസ്ഫർ വാങ്ങും എന്ന നഗ്‌ന സത്യം ഞാൻ മനസ്സിലാക്കി.ബക്കിൾ ഘടിപ്പിക്കുന്ന ബെൽറ്റ് എനിക്ക് പരിചയപ്പെടുത്തിയ കടക്കാരന്റെ മെഡുല ഒബ്‌ളാങ്കട്ടക്ക് മണ്ണാങ്കട്ട കൊണ്ട് ഒരേറ് കൊടുക്കാൻ തോന്നി.പ്രളയ കാലമായതിനാൽ സ്യൂട്ടബിൾ മണ്ണാങ്കട്ട കിട്ടാത്തതിനാൽ അവൻ രക്ഷപ്പെട്ടു.

അങ്ങനെയിരിക്കെ, പ്രളയ ദുരിതാശ്വാസത്തിന്റെ ഒരു ക്യാമ്പിൽ വച്ച് എന്റെ സഹപ്രവർത്തകന്റെ മുന്നിൽ വച്ച് ബക്കിൾ ഊരി നിലത്ത് വീണു. ജാള്യതയോടെ ഞാൻ അത് എടുക്കുന്നതിനിടയിൽ സഹപ്രവർത്തകൻ എന്നെ നോക്കി ചോദിച്ചു.

"എന്തു പറ്റി സാർ ?"

"അത് .... ബക്കിൾ വീണതാ ... ഇനി ബെൽറ്റ് അറ്റം മുറിച്ചാലേ അത് ഫിറ്റാകൂ ...അതിന് കത്രിക ഇല്ല " 

"ബെൽറ്റ് അറ്റം മുറിക്കേ .... സാർ ഒരു പേപ്പർ കഷ്ണം എടുത്ത് നാലായി മടക്കി ബെൽറ്റിന്റെ അറ്റത്ത് വച്ച് ബക്കിൾ അതിലേക്ക് തിരുകി കയറ്റി നോക്കൂ ... പിന്നെ അത് അനങ്ങില്ല ..."

സഹപ്രവർത്തകൻ പറഞ്ഞതുപോലെ ഞാൻ ചെയ്തു നോക്കി.സംഭവം കിടു ആണ് ,ബക്കിൾ ഇനി ആന വലിച്ചാലും ഊരില്ല എന്ന് പറയാൻ പറ്റില്ലെങ്കിലും കാറ്റിൽ ഊരി വീഴില്ല എന്നുറപ്പായി. അതോടെ എന്റെ ബെൽറ്റും അകാല മരണത്തിൽ നിന്ന് രക്ഷപ്പെട്ടു. 'ആൻ ഐഡിയ കാൻ സേവ് യുവർ ബെൽറ്റ് ' എന്ന് അന്ന് ഞാൻ മനസ്സിലാക്കി.