ശ്രീനഗറിൽ മൂന്ന് മുഗൾ ഉദ്യാനങ്ങൾ ആണുള്ളത്. ഷാലിമാർ ബാഗ് , നിഷാത് ബാഗ്, ചഷ്മെ ഷാഹി എന്നിവയാണവ. ഇതിൽ ഏറ്റവും വലിയതാണ് ഷാലിമാർ ബാഗ്. ഏറ്റവും ചെറുത് ചഷ്മെ ഷാഹിയും.എൻ്റെ പ്രഥമ കാശ്മീർ സന്ദർശനത്തിൽ ബൊട്ടാണിക്കൽ ഗാർഡൻ്റെ മുമ്പിലും ചഷ്മെ ഷാഹി എന്ന് കണ്ടിരുന്നതിനാൽ അതാണ് ചഷ്മെ ഷാഹി എന്നായിരുന്നു എൻ്റെ ധാരണ. ഇപ്പോഴാണ് യഥാർത്ഥ ചഷ്മെ ഷാഹിയിൽ ഞങ്ങളെത്തിയത്. ഒരാൾക്ക് ഇരുപത്തിയഞ്ച് രൂപ നിരക്കിൽ ടിക്കറ്റെടുത്ത് ഞങ്ങൾ അകത്ത് കയറി.
ചഷ്മെ ഷാഹി എന്നാൽ രാജകീയ നീരുറവ എന്നാണ് അർത്ഥം. മുഗൾ ചക്രവർത്തി ഷാജഹാൻ തൻ്റെ മകൻ ദാരാ ഷിക്കോവിനായി പണി കഴിപ്പിച്ചതാണ് ചഷ്മെ ഷാഹി. കാശ്മീർ പണ്ഡിറ്റുകളിലെ സാഹിബ് വംശജയായ രൂപ ഭവാനി കണ്ടെത്തിയതാണ് ഈ നീരുറവ. അന്ന് ചഷ്മെ സാഹിബി എന്ന് പേരിട്ടത് കാലക്രമേണ ചഷ്മെ ഷാഹി ആയി മാറി.
മറ്റു മുഗൾ ഉദ്യാനങ്ങളെപ്പോലെ ചഷ്മെ ഷാഹി യും വിവിധ തട്ടുകളായിട്ടാണ് രൂപ കല്പന ചെയ്തത്. ഏറ്റവും മുകളിലെ തട്ടിലെ സെൻട്രൽ പവലിയനിൽ ആണ് രാജകീയ നീരുറവയുള്ളത്.പവലിയനിലേക്ക് ആർക്കും പ്രവേശനമില്ല. നീരുറവ പുറത്ത് നിന്ന് നോക്കിക്കാണാം.ഗാർഡൻ പൂത്തുലഞ്ഞ് നിൽക്കുന്ന സീസണിലാണ് ഞങ്ങൾ അവിടെ എത്തിയത്. എങ്ങും കടും വർണ്ണത്തിലുള്ള വലുതും ചെറുതുമായ പൂക്കൾ കൊണ്ട് നിറഞ്ഞിരുന്നു. വളരെ ചെറിയ ഉദ്യാനമായതിനാൽ പെട്ടെന്ന് തന്നെ കണ്ട് തീർത്ത് ഞങ്ങൾ പുറത്തിറങ്ങി.
കയറിപ്പോയ കുന്ന് ഇറങ്ങാൻ തുടങ്ങുകയാണ്. അപ്പോഴാണ് നുസൈബക്ക് ഒടുക്കത്തെ ഒരാഗ്രഹം - ഓട്ടോയുടെ മുൻസീറ്റിൽ ഇരിക്കണം. ഞാൻ ഡ്രൈവറോട് കാര്യം പറഞ്ഞു. അയാൾ സമ്മതിച്ചു കൊണ്ട് ഒതുങ്ങി ഇരുന്നു. നുസൈബ കൂടി ഇരുന്നതോടെ അയാൾ ഏതാണ്ട് ഒട്ടകത്തിന് സ്ഥലം കൊടുത്ത അറബിയെപ്പോലെയായി. ഒറ്റ ചന്തിയിൽ ഇരുന്ന് അയാൾ ഓടിക്കുന്ന ഓട്ടോയിൽ യാത്ര ചെയ്യുന്ന ഞങ്ങളുടെ അവസ്ഥ ഇടി വെട്ടേറ്റവനെ പാമ്പ് കടിച്ച പോലെയും!
ഹൃദയം അല്പനേരം പെരുമ്പറ കൊട്ടിയെങ്കിലും ഓട്ടോ ഒരു വിധം താഴെ എത്തി. കയറിയ അതേ സ്ഥലത്ത് ഞങ്ങളിറങ്ങി. ബാഗുകളും ഡ്രൈ ഫ്രൂട്ടുകളും കാശ്മീരി കഹ്വയും കുങ്കുമവും എല്ലാം ഞൊടിയിടക്കുള്ളിൽ ഷോപ്പിംഗിലൂടെ പലരും സ്വന്തമാക്കി.
ഹോട്ടലിൽ ലഗേജുകൾ നേരത്തെ തയ്യാറാക്കി വച്ചിരുന്നതിനാൽ ടാക്സിലേക്ക് കയറ്റി വയ്ക്കാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. റൂം ബോയ് ആയ ഹിന്ദി പയ്യൻ ആ ഡ്യൂട്ടി ഏറ്റെടുത്തു. അവനും നല്ല ഒരു ടിപ്പ് കൊടുത്തു.ആദ്യ ദിവസം പരിചയപ്പെട്ട ഇർഫാൻ തന്നെ ഞങ്ങളെ സ്റ്റേഷനിലാക്കിത്തന്നു. കൃത്യ സമയത്ത് തന്നെ വന്ദേ ഭാരത് യാത്ര തുടങ്ങിയതോടെ ഞങ്ങൾ കാശ്മീരിനോട് ബൈ പറഞ്ഞു.
ട്രെയിനിൽ എൻ്റെ തൊട്ടടുത്ത് ഇരുന്നിരുന്നത് ഒരു കാശ്മീരി ആയിരുന്നു. ജമ്മു പോലീസിൽ ജോലി ചെയ്യുന്ന മുഷ്താഖ് അഹമ്മദ്.അർച്ചി പൂലും ചെനാബ് പാലവും വീണ്ടും ട്രെയിനിനകത്ത് മുഴങ്ങിക്കേട്ടു. യാത്രക്കാർ സീറ്റിൽ നിന്നെണീറ്റ് ആകാംക്ഷയോടെ പുറത്തേക്ക് നോക്കി. ഒന്നും കാണില്ല എന്ന് ശ്രീനഗറിലേക്കുള്ള യാത്രയിൽ മനസ്സിലാക്കിയ എന്നോട് മുഷ്താഖും അത് തന്നെ പറഞ്ഞു.
സംസാരത്തിനിടയിൽ മുഷ്താഖ് തൻ്റെ ബാഗ് തുറന്ന്, ഇരുനൂറ്റമ്പത് രൂപ വിലയുള്ള കാശ്മീരി കുങ്കുമത്തിൻ്റെ ഏറ്റവും ചെറിയ ഒരു ബോട്ടിൽ എടുത്ത് എനിക്ക് സമ്മാനിച്ചു!
"ആബി അയാളെയും പാട്ടിലാക്കി" കുങ്കുമ ഡെപ്പി കണ്ട നുസൈബ പ്രതികരിച്ചു. വണ്ടി കത്രയിൽ എത്തിയപ്പോൾ ഞാൻ മുഷ്താഖിനോട് സലാം ചൊല്ലിപ്പിരിഞ്ഞു.
കത്രയിൽ നിന്ന് രാത്രി ഡൽഹിയിലേക്ക് ട്രെയിൻ കയറിയതോടെ ഞങ്ങൾ ജമ്മു കാശ്മീരിനോട് പൂർണ്ണമായും വിട പറഞ്ഞു. പിറ്റേ ദിവസം രാവിലെ ഞങ്ങൾ ന്യൂഡൽഹിയിൽ വണ്ടിയിറങ്ങി.
(തുടരും...)





1 comments:
സലാം കാശ്മീർ
Post a Comment
നന്ദി....വീണ്ടും വരിക