Pages

Friday, December 30, 2022

ദി ഡി മരിയ എഫെക്ട്

അപ്രതീക്ഷിത സഹായം എത്തിക്കുന്ന, ദൈവത്തിന്റെ ദൂതരെയാണ് മാലാഖ അഥവാ എയ്ഞ്ചൽ എന്ന് വിളിക്കുന്നത്.അർജന്റീന ടീമിൽ അത്തരം ഒരു എയ്ഞ്ചൽ ഉണ്ട്.ലയണൽ മെസ്സിയുടെ നിഴലിൽ ഒതുങ്ങിക്കൂടുന്ന സാക്ഷാൽ എയ്ഞ്ചൽ ഡി മരിയ എന്ന മിഡ്‌ഫീൽഡർ.നീണ്ടു മെലിഞ്ഞ ആ കാലുകളിൽ നിന്ന് വഴിമാറിപ്പോകാൻ പന്തിന് പോലും മടിയാണ് എന്ന് തോന്നിപ്പോകും ഈ മാലാഖയുടെ കളി കണ്ടാൽ.

ഡി മരിയയുടെ സഹായം അർജന്റീനയ്ക്ക് ആവശ്യം വരുന്നത് ഫൈനൽ മത്സരങ്ങളിലാണ്. മെസ്സി അമിത സമ്മർദ്ദത്തിൽ ഉഴറുമ്പോൾ രക്ഷകനാകുന്നത് ഡി മരിയ ആയിരിക്കും.ഇക്കഴിഞ്ഞ ലോകകപ്പ് ഫൈനലിലും നാം അത് ദർശിച്ചതാണ്. ഡി മരിയ കളത്തിലുള്ളപ്പോൾ അർജന്റീനയുടെ ആക്രമണങ്ങൾക്ക് മൂർച്ചയുണ്ടായിരുന്നു.ഡി മരിയയുടേതടക്കം രണ്ട് ഗോളുകൾ അടിച്ച് ടീം സെറ്റ് ആയി എന്ന് തോന്നിയ നിമിഷത്തിൽ അർജന്റീന കോച്ച് ഡി മരിയയെ പിൻവലിച്ചു.അതോടെ കളി അർജന്റീനയുടെ കയ്യിൽ നിന്നും വഴുതിത്തുടങ്ങി.കൈലിയൻ എംബാപ്പേ രണ്ട് ഗോളുകളും തിരിച്ചടിച്ചപ്പോൾ സൈഡ് ബെഞ്ചിലിരുന്ന് കണ്ണീർ വാർക്കുന്ന ഡി മരിയയെ ലോകം മുഴുവൻ കണ്ടു.

മറഡോണക്ക് ശേഷം അർജന്റീന ഫുട്ബാൾ ടീം നേടിയ രാജ്യാന്തര കപ്പുകളിൽ എല്ലാം ഡി മരിയയുടെ കാലൊപ്പ് പതിഞ്ഞിട്ടുണ്ട്.2008 ൽ ബീജിംഗ് ഒളിമ്പിക്സിൽ നൈജീരിയയെ തോല്പിച്ച് ഒളിമ്പിക് ഫുട്ബാൾ സ്വർണ്ണം നിലനിർത്തിയപ്പോൾ ഫൈനലിലെ ഏക ഗോളിന്റെ ഉടമ ഡി മരിയ ആയിരുന്നു. 2014 ൽ ഫിഫ ലോകകപ്പിൻറെയും 2015 ലും 2016 ലും കോപ്പ അമേരിക്ക ഫൈനലിലും അർജന്റീന എത്തിയെങ്കിലും ഡി മരിയയുടെ ബൂട്ടിൽ നിന്ന് ഗോൾ പിറന്നില്ല.മൂന്നിലും അർജന്റീന പരാജയപ്പെടുകയും ചെയ്തു.

2021 ൽ ബ്രസീലിനെ അവരുടെ നാട്ടിൽ വച്ച് മുട്ടുകുത്തിച്ച് അർജന്റീന കോപ്പ അമേരിക്ക കപ്പ് നേടുമ്പോൾ ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സിയുടെ ആദ്യത്തെ അന്താരാഷ്ട്ര കിരീടമായിരുന്നു അത്.മിശിഹായ്ക്ക് വേണ്ടി മാലാഖയായി അവതരിച്ച് ഫൈനലിലെ ഏക ഗോൾ അടിച്ചത് എയ്ഞ്ചൽ ഡി മരിയയും.കോപ്പ അമേരിക്ക ചാമ്പ്യന്മാരും യൂറോപ്യൻ ചാമ്പ്യന്മാരും തമ്മിലുള്ള ഫൈനലിസിമയിൽ ഇറ്റലിയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്തപ്പോൾ അതിലൊരു ഗോൾ ഡി മരിയയുടെ പേരിലായിരുന്നു.ഇപ്പോഴിതാ 2022 ൽ ഫ്രാൻസിനെ തോല്പിച്ച് ലോകകിരീടം ചൂടിയപ്പോഴും മെസ്സിക്ക് കട്ട സപ്പോർട്ടുമായി ഒരു ഗോൾ അടിച്ചുകൊണ്ട് എയ്ഞ്ചൽ ഡി മരിയ എന്ന നിശബ്ദ താരം അർജന്റീനയുടെ  സാക്ഷാൽ മാലാഖയാകുന്നു.

അർജന്റീന ഫൈനലിൽ എത്തുകയും ഡി മരിയ ഒരു ഗോളടിക്കുകയും ചെയ്‌താൽ പിന്നെ എതിർ ടീം കപ്പിൽ മുത്തമിടില്ല എന്ന് നാലാം തവണയും തെളിഞ്ഞു.അതാണ് ദി ഡി മരിയ എഫെക്ട്.ഇനിയും ഈ മാലാഖയുടെ അവതാരങ്ങൾ ഫുട്ബാൾ ലോകം ആകാംക്ഷയോടെ കാത്ത് നിൽക്കുന്നു.

Wednesday, December 28, 2022

മരുഭൂമിയിലെ നത്തോലികൾ

ഖത്തറിൽ വേൾഡ് കപ്പ് മത്സരങ്ങൾ തുടങ്ങുന്നതിന്റെ തലേ ദിവസം എന്റെ നാട്ടിൽ മീഡിയാ വൺ ചാനലിന്റെ ഒരു OB വാൻ വന്നു. വിവിധ നാടുകളിലെ ലോകകപ്പിന്റെ ആവേശം പ്രേക്ഷകരിൽ എത്തിക്കുക എന്നതായിരുന്നു Road Kick എന്ന ആ പരിപാടിയുടെ ഉദ്ദേശം. ഞാനും സുഹൃത്തുക്കളോടൊപ്പം അതൊന്ന് കാണാൻ പോയി(ഇവിടെ ക്ലിക്ക് ചെയ്താൽ കാണാം). അന്നവിടെ കൂടിയവരിൽ തൊണ്ണൂറ്റി ഒമ്പത് ശതമാനവും അർജന്റീന അല്ലെങ്കിൽ ബ്രസീലിന്റെ ഫാൻസ് ആയിരുന്നു. ബാക്കിയുള്ളവർ പോർച്ചുഗൽ,ജർമ്മനി, ഇംഗ്ലണ്ട്, ബെൽജിയം എന്നീ രാജ്യങ്ങളെ പിന്തുണക്കുന്നവരും.

കളി തുടങ്ങി മൂന്നാം ദിവസം തന്നെ അർജന്റീന ഫാൻസ് ഞെട്ടിത്തരിച്ചു പോയി. നിഷ്പ്രയാസം തോൽപിക്കാം എന്ന് കരുതിയ സൗദി അറേബ്യയോട് മെസ്സിയും കൂട്ടരും 2-1 ന്റെ തോൽവി ഏറ്റുവാങ്ങിയപ്പോൾ ഖത്തറിൽ പല തലകളും ഉരുളും എന്നതിന്റെ സൂചനയായി അത് മാറി. ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷമായിരുന്നു ഈ തോൽവി എന്നത് കൂടുതൽ ഷോക്കിംഗ് ആയി. അന്ന് മുതൽ ഖത്തറിന്റെ മരുഭൂമിയിൽ നത്തോലികൾ നീന്താൻ തുടങ്ങി.

സൗദി അറേബ്യ നൽകിയ ഊർജ്ജം ആവാഹിച്ചെടുത്തത് ജപ്പാനായിരുന്നു. ലോകകപ്പിൽ മികച്ച പ്രകടനങ്ങളുടെ ചരിത്രമുള്ള ജർമ്മനി ആദ്യ കളിയിൽ തന്നെ ജപ്പാന് കീഴടങ്ങി (2-1). ലീഡെടുത്ത ശേഷമായിരുന്നു ജർമ്മനിയുടെയും തോൽവി.താമസിയാതെ പ്രഥമ റൗണ്ടിൽ തന്നെ ജർമ്മനി പുറത്താവുകയും ചെയ്തു. 

അന്ന് തന്നെ ആരും ശ്രദ്ധിക്കാതെ പോയ ഒരു മത്സരത്തിൽ നിലവിലുള്ള റണ്ണേഴ് അപ്പായ ക്രൊയേഷ്യയെ ആഫ്രിക്കയിൽ നിന്നുള്ള മൊറോക്കോ ഗോൾ രഹിത സമനിലയിൽ കുരുക്കി , വരാനിരിക്കുന്ന കൊടുങ്കാറ്റിന്റെ ഒരു സൂചന നൽകി.മൂന്ന് ദിവസം കഴിഞ്ഞ് മൊറോക്കോ തകർത്തത് ഈ ലോകകപ്പിൽ മുത്തമിടും എന്ന് കരുതിയ ലോക രണ്ടാം നമ്പറുകാരായ ബെൽജിയത്തെയായിരുന്നു. നത്തോലികൾക്ക് സ്രാവിന്റെ ശക്തിയും ഉണ്ടാകാം എന്ന് അന്ന് തെളിഞ്ഞു. 

മൂന്ന് ദിവസം കൂടി കഴിഞ്ഞ് ടുണീഷ്യ എന്ന നത്തോലി പുളഞ്ഞപ്പോൾ വഴി മാറിക്കൊടുത്തത് നിലവിലുളള ചാമ്പ്യന്മാരായിരുന്ന ഫ്രാൻസ് എന്ന കൊമ്പൻസ്രാവ് ആയിരുന്നു.രണ്ട് ദിവസം കഴിഞ്ഞ് ജപ്പാൻ സുനാമി ആർത്തിരമ്പിക്കയറിയത് സ്പെയിനിന് മുകളിലായിരുന്നു (2-1). അതേ സ്കോറിന് കൊറിയ, പറങ്കികളെയും കൊത്തി നുറുക്കിയപ്പോൾ യൂറോപ്യൻ ഫുട്ബാളിന്റെ അപ്പോസ്തലർ എല്ലാം ഏഷ്യൻ ഫുട്ബാളിന്റെ ശക്തി മനസ്സിലാക്കി.അതും കഴിഞ്ഞാണ് ലോകം വീണ്ടും ഞെട്ടിത്തരിച്ച് പോയത്.  അവസാന നിമിഷത്തിലെ ഗോളിൽ കാമറൂണിന് മുന്നിൽ സാക്ഷാൽ നെയ്മറും സംഘവും നാണം കെട്ടു.

നോക്ക്ഔട്ട് റൗണ്ടിൽ മൊറോക്കോ വീണ്ടും ഞെട്ടിച്ചു. വീണത് മുൻചാമ്പ്യന്മാരായ സ്പെയിൻ ആയിരുന്നു.ക്വാർട്ടർ ഫൈനലിൽ പെനാൽട്ടി ഷൂട്ടൗട്ടിലൂടെ ക്രൊയേഷ്യ ബ്രസീലിനെ വിമാനം കയറ്റിയപ്പോൾ മൊറോക്കോ മറുപടിയില്ലാത്ത ഒരു ഗോളിന് സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെയും സംഘത്തെയും മടക്കി അയച്ചുകൊണ്ട് ലോകകപ്പിന്റെ സെമി ഫൈനലിൽ പ്രവേശിക്കുന്ന ആദ്യ ആഫ്രിക്കൻ രാജ്യമായി മാറി.സെമിയിലും ഫൈനലിലും അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ല.ആദ്യ കളി തോറ്റ അർജന്റീന കപ്പുമായി (Click & Read) മടങ്ങി.

ഫോട്ടോ കടപ്പാട് : ഗൂഗിള്‍

ലാറ്റിനമേരിക്കക്കും യൂറോപ്പിനും പുറത്ത് നിന്ന് ഇതുവരെ ഒരു ലോകചാമ്പ്യൻ ഫുട്ബാളിൽ ഉയർന്ന് വന്നിട്ടില്ല. പക്ഷേ, ഖത്തർ വേൾഡ് കപ്പ് അവരെയെല്ലാം ഒരു പാഠം പഠിപ്പിച്ചു; ഈ രണ്ട് ഭൂഖണ്ഡങ്ങൾക്കും അപ്പുറവും ഫുട്ബാൾ ശക്തിപ്രാപിക്കുന്നുണ്ട്. സമീപ ഭാവിയിൽ ആ സ്വർണ്ണകപ്പിൽ മുത്തമിടാൻ , മരുഭൂമിയിൽ നീന്താൻ ആരംഭിച്ച ഈ നത്തോലികൾ കൊമ്പൻ സ്രാവുകളായി പരിണമിക്കും എന്ന് ഓർത്തിരിക്കുക. 

NB:നത്തോലി ചെറിയ ഒരു മീനല്ല.

ദി ഡി മരിയ എഫെക്ട് ഇവിടെ വായിക്കുക

Thursday, December 22, 2022

ഒറ്റാലി മുത്തപ്പനും മീൻ ദൈവവും

കോട്ടയം ആസ്ഥാനമായ പരസ്പരം വായനക്കൂട്ടത്തിൽ ഞാൻ അംഗമായിട്ട് ഒരു വർഷം തികഞ്ഞിട്ടില്ല.ആഴ്ച തോറും നടക്കുന്ന ഓൺലൈൻ സാഹിത്യ സമ്മേളനങ്ങളിലൂടെ നമ്മുടെ പ്രതിഭ തേച്ച് മിനുക്കാനുള്ള ഒരവസരമായാണ് ഈ കൂട്ടത്തിലെ അംഗത്വം എനിക്ക് അനുഭവപ്പെട്ടത്.വായനക്കൂട്ടത്തിലെ അംഗങ്ങൾ രചിച്ച പുസ്തകങ്ങളുടെ ചർച്ചയും എല്ലാ മാസവും ചുരുങ്ങിയത് ഒന്നെങ്കിലും ഉണ്ടാകും.ചർച്ചയിൽ പങ്കെടുക്കുന്നവർക്ക് പുസ്തകം സൗജന്യമായി അയച്ചു തരും.ഈ വർഷം ഞാൻ പങ്കെടുക്കുന്ന മൂന്നാമത്തെ പുസ്തക ചർച്ച ഇക്കഴിഞ്ഞ ഡിസംബർ 18 നായിരുന്നു.ചർച്ചക്കായി ലഭിച്ച 'ഒറ്റാലി മുത്തപ്പനും മീൻ ദൈവവും' എന്ന പുസ്‌തമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

പതിമൂന്ന് കഥകളുടെ ഒരു സമാഹാരമാണ് 'ഒറ്റാലി മുത്തപ്പനും മീൻ ദൈവവും.' സ്വന്തം പരിസരങ്ങളിൽ നിന്ന് കഥാകൃത്ത് മുങ്ങിയെടുത്ത മുത്തുകളായിട്ടാണ് ഈ കഥകൾ എനിക്കനുഭവപ്പെട്ടത്. കഥകൾക്കുള്ളിൽ ഉപകഥകളായും കവിതകളായും പല കഥകളും വികാസം പ്രാപിക്കുന്നു. കുഞ്ഞു കുഞ്ഞു കാര്യങ്ങൾ വലിയ വലിയ കഥകളാക്കി, വായനക്കാരന് മടുപ്പുളവാക്കാത്ത വിധത്തിൽ പറയുന്നതിൽ കഥാകാരൻ വിജയിച്ചിരിക്കുന്നു.

'ചതിഫലം' എന്ന ഒന്നാം തരം കഥയിലൂടെയാണ് പുസ്തകാരംഭം. ഒരാനയുടെ പ്രസവവും അനുബന്ധ കാര്യങ്ങളും വിശദമായും സരസമായും അവതരിപ്പിച്ചത് ഇഷ്ടപ്പെട്ടു. കുട്ടിക്കാലത്ത് എന്റെ സമീപ ദേശത്ത് ഒരാന പ്രസവിച്ചത് കാണാൻ പോയതും ഈ കഥ വായിച്ചപ്പോൾ ഓർമ്മ വന്നു. 'വൃക്ഷത്തിന് പറയാനുള്ളത് ' എന്ന കഥ ഭാര്യാ ഭർതൃ ബന്ധത്തെ നന്നായി അവതരിപ്പിക്കുന്നു. 'കുട്ടേട്ടൻ ' എന്ന കഥയാണ് എനിക്ക് ഏറ്റവും ഇഷ്ടമായത്. എന്റെ ഹോസ്റ്റലിനടുത്ത് ചായക്കട നടത്തുന്ന കുട്ടേട്ടനെപ്പറ്റി ഒരു കഥ എഴുതണം എന്ന് മനസ്സിൽ കരുതിയിരിക്കുമ്പോഴാണ് അതേ പോലെയുള്ള ഒരു കുട്ടേട്ടന്റെ കഥ വായിച്ചത്. സമൂഹത്തിന്റെ അരിക് പറ്റി ജീവിക്കുന്നവരും ആപത്തിൽ തുണയാകും എന്ന് ഈ കഥ പഠിപ്പിക്കുന്നു.

രംഗ ബോധമില്ലാത്ത കോമാളിയാണ് മരണം എന്ന് സാധാരണ പറയാറുണ്ട്. ഈ കൃതിയിലെ ഒരു പ്രധാന കഥാപാത്രമായിട്ടാണ് മരണത്തെ എനിക്കനുഭവപ്പെട്ടത്. പതിമൂന്ന് കഥകളിൽ പതിനൊന്നിലും ഏറ്റവും പ്രിയപ്പെട്ടവരെ തന്നെ മരിപ്പിക്കാൻ കഥാകൃത്ത് തയ്യാറാകുന്നത് വല്ലാത്തൊരു ധൈര്യം തന്നെ. 'മായശാപം ' എന്ന മൂന്നാമത്തെ കഥയിൽ റേഷൻ കടക്കാരൻ കോമക്കുറുപ്പിൽ ആരംഭിക്കുന്ന മരണ പരമ്പര 'മരണമൊരതിജീവനം' എന്ന കഥയിലെ ആശാന്റെ മരണത്തിൽ അവസാനിക്കുന്നതോടെ പുസ്തകവും അവസാനിക്കുന്നു. രണ്ട് കഥകളുടെ തലക്കെട്ടിലും മരണം കയറി വരുന്നുണ്ട്.

പുസ്തകം കയ്യിൽ കിട്ടിയ ഉടനെ ഞാൻ ഇൻഡക്സ് പേജായിരുന്നു തിരഞ്ഞത്. അത് ഈ പുസ്തകത്തിൽ ഇല്ലായിരുന്നു. മാത്രമല്ല, പ്രൂഫ് റീഡിംഗ് കൃത്യമായി നടത്തിയിട്ടില്ല എന്നും പുസ്തകം വിളിച്ചോതുന്നുണ്ട്. ചില തെറ്റുകൾ ഉദ്ദേശിച്ചതിന്റെ നേർ വിപരീതത്തിലേക്കാണ് നയിക്കുന്നത്. നീലിഫർ എന്ന കഥയിലെ പേജ് 28 ൽ 'വിശുദ്ധ ഖുറാനിൽ പറയുന്നത് നമ്മൾ മരിച്ചു ചെന്നാൽ നമ്മുടെ അവയവങ്ങൾ നമുക്കെതിരെ സാക്ഷി പറയരുതെന്നാണ് ' എന്നതിന് പകരം  'വിശുദ്ധ ഖുറാനിൽ പറയുന്നത് നമ്മൾ മരിച്ചു ചെന്നാൽ നമ്മുടെ അവയവങ്ങൾ നമുക്കെതിരെ സാക്ഷി പറയുമെന്നാണ് ' എന്നായിരുന്നു വേണ്ടത്. 

പിൻകവർ പേജിലെ ശ്രീ മാടമ്പ് കുഞ്ഞിക്കുട്ടന്റെ വാക്കുകൾ അവതാരികയിൽ നിന്നോ മറ്റോ എടുത്തതാണ് എന്ന് കരുതുന്നു. പക്ഷെ അങ്ങനെയൊന്ന് പുസ്തകത്തിനകത്ത് എവിടെയും കണ്ടില്ല.
എങ്കിലും നല്ലൊരു വായനാനുഭവം തരുന്ന പുസ്തകമാണ് ഒറ്റാലി മുത്തപ്പനും മീൻ ദൈവവും. 

പുസ്തകം : ഒറ്റാലി മുത്തപ്പനും മീൻ ദൈവവും
രചയിതാവ് : എസ്. തുളസീദാസ്
പ്രസാധകർ: സിജിലി പബ്ലിക്കേഷൻസ്
പേജ്: 166
വില : Rs 200

Wednesday, December 21, 2022

ആ കാവ്യനീതി പുലർന്നു

ഒടുവിൽ ഒരു കാവ്യനീതി പോലെ ലയണൽ മെസ്സി ആ സ്വർണ്ണക്കപ്പിൽ മുത്തം വച്ചു. നിലവിലുള്ള ചാമ്പ്യന്മാരായ ഫ്രാൻസിനെ മുട്ടുകുത്തിക്കുമ്പോൾ , കഴിഞ്ഞ ലോകകപ്പിൽ തങ്ങളെ നാട്ടിലേക്ക് വിമാനം കയറ്റിയ ടീമിനോടുള്ള പ്രതികാരം കൂടിയായി അത് മാറി. ഫൈനലിൽ കവാത്ത് മറക്കുന്നവൻ എന്ന ശാപത്തിൽ നിന്നും മെസ്സിക്ക് മോചനവുമായി .


ടെലിവിഷൻ നമ്മുടെ നാട്ടിൽ വന്ന് തുടങ്ങിയ 1990 മുതൽ ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ ഞാൻ കാണാറുണ്ട്. പക്ഷെ ഇതുവരെ ഇത്രയും ആകാംക്ഷ നിറഞ്ഞ, ഞെരമ്പുകൾ വലിഞ്ഞ് മുറുകിയ , ആവേശം പരകോടിയിലെത്തിയ ഒരു മത്സരം കണ്ടിട്ടില്ല.  ഫൈനൽ വരെ ടീമിനെ തോളിലേറ്റിയ എംബാപ്പെയെ ഒന്ന് ക്ലോസപ്പിൽ കാണാൻ പോലും കിട്ടാതെ എൺപതാം മിനുട്ട് വരെ രണ്ട് ഗോളിന് പിന്നിൽ നിന്ന ഫ്രാൻസ് പെട്ടെന്ന് തന്നെ കീഴടങ്ങും എന്നായിരുന്നു മത്സരം വീക്ഷിച്ച എല്ലാവരുടെയും ധാരണ. 

പക്ഷേ, കാലിൽ കൊരുത്ത പന്തിനെ വലയിൽ കയറ്റാതെ വിടാൻ ഒരുക്കമില്ലാത്ത എംബാപ്പെ വിശ്വരൂപം പ്രാപിച്ചത് കിരീടം കൈയിൽ നിന്നും വഴുതുന്നു എന്ന് തിരിച്ചറിഞ്ഞപ്പോഴാണ്. ഓരോ അടിക്കും തിരിച്ചടി നൽകി ഇരു ടീമുകളും ഒപ്പത്തിനൊപ്പം മുന്നേറിയപ്പോൾ പലപ്പോഴും ശ്വാസം പോലും നിലച്ചു പോയി. മെസ്സിയുടെ അടിക്ക് എംബാെപ്പയുടെ തട എന്ന രീതിയിൽ കളി പുരോഗമിച്ചപ്പോൾ രണ്ട് മണിക്കൂർ നേരത്തേക്ക് ലോകം മുഴുവൻ ആ കുഞ്ഞ് പന്തിന്റെ ഗതികൾ നിരീക്ഷിച്ചിരുന്നു പോയി.

വിശ്വകിരീടത്തിന് പുറമെ ഗോൾഡൻ ബോളിനും ഗോൾഡൻ ബൂട്ടിനും കൂടി ഈ ഫൈനൽ പോരാട്ടം നിർണ്ണായകമായിരുന്നു.തോൽവിയോടെ തുടങ്ങി അവസാനം വിശ്വവിജയികളാക്കി അർജന്റീനയെ മാറ്റിമറിച്ച ലയണൽ ആന്ദ്രെ മെസ്സി എന്ന മിശിഹാ ഏറ്റവും മികച്ച കളിക്കാരനുള്ള ഗോൾഡൻ ബാൾ ഏറ്റുവാങ്ങിയപ്പോൾ അത് അർഹതക്കുള്ള അംഗീകാരമായി.ക്ലബ്ബ് ഫുട്ബാളിൽ ഒരേ ടീമിനായി കളിക്കുന്ന മെസ്സിയും എംബാപ്പയും ഇഞ്ചോടിഞ്ച് പോരാടിയപ്പോൾ ടോപ് സ്കോറർക്കുള്ള ഗോൾഡൻ ബൂട്ട് എംബാപ്പെയും കരസ്ഥമാക്കിയതോടെ ഫൈനൽ മത്സരം കണ്ട എല്ലാവർക്കും ആശ്വാസവുമായി.


 ഫുട്ബാളിലെ ഏതാണ്ട് എല്ലാ റിക്കാർഡുകളും പങ്കിട്ടെടുക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോക്കും ലയണൽ മെസ്സിക്കും ഫിഫ വേൾഡ് കപ്പ് കയ്യിലേന്താൻ ഒരു അവസരം ലഭിച്ചിരുന്നില്ല.ഈ ലോകകപ്പോടെ ഈ രണ്ട് ഇതിഹാസങ്ങളും ലോകകപ്പ് മത്സരങ്ങളോട് വിട പറഞ്ഞു. ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ആ സ്വപ്നം സഫലീകരിക്കാൻ സാധിച്ചില്ല.പക്ഷെ, കഠിനപ്രയത്നത്തിന്റെ  പര്യായമായ മെസ്സി, ഒരു കുഞ്ഞിനെ എന്നപോലെ ആ ട്രോഫിയിൽ തലോടുമ്പോൾ ലോകത്തെ എല്ലാ സോക്കർ പ്രേമികളും ഉറക്കെ പറയുന്നു..." യൂ ഡിസർവ് ഇറ്റ് മെസ്സി , യൂ ആർ ദ ലജന്റ് ഓഫ് സോക്കർ വേൾഡ് " .

വേൾഡ് കപ്പിന്റെ ആരവം തൽക്കാലം നിലക്കുമ്പോൾ ഒരു കാര്യം വ്യക്തമാവുന്നു.ഇന്ന് മെസ്സിയുടെ പേരിലുള്ള സകല റിക്കാർഡുകളും താമസിയാതെ എംബാപ്പെ സ്വന്തം പേരിലാക്കും. പത്തൊമ്പതാം വയസ്സിൽ റഷ്യയിൽ തുടങ്ങിയ ആ പട്ടാഭിഷേകം ഖത്തറിലും തുടർന്നു.ഇനി മെക്സിക്കോയിലും തുടരും, ഇൻഷാ അല്ലാഹ്.

Monday, December 19, 2022

ഇഡ്‌ലി ഹബ്ബ്

 "ഒരു ഡബിൾ താറാവ് വൺ സൈഡ് "

ടേബിളിൽ നിന്നും കുശിനിയിലേക്കുള്ള ഓർഡർ കേട്ട് ഞാൻ ഞെട്ടി. ഇഡ്‌ലി ഹബ്ബിൽ സദാ കേൾക്കുന്ന ഓർഡറിൽ ഒന്നാണിത്. 

'ഇഡ്‌ലി ഹബ്ബ് , അതെന്തൂട്ട് സാധനം?' എന്നായിരിക്കും നിങ്ങളുടെ ചിന്ത. വൈകിട്ട് ആറ് മണിക്ക് ശേഷം മാത്രം ആളുകൾ ക്യൂ നിന്നും ഇരുന്നും നടന്നും ഒക്കെ ഇഡ്‌ലിയും വടയും ഓംലറ്റും എല്ലാം വയറ് നിറയെ തട്ടുന്ന ഒരു സാദാ തട്ടുകടയുടെ പേരാണ് ഇഡ്‌ലി ഹബ്ബ്.മണ്ണാർക്കാട് - ചെർപ്പുളശ്ശേരി റൂട്ടിൽ ശ്രീകൃഷ്ണപുരത്താണ് ഈ തട്ടുകട(ഇപ്പോൾ പേര് മാറ്റി 'കാളിദാസന്റെ തട്ടുകട' എന്നാക്കി).

ആവി പറക്കുന്ന ഇഡ്‌ലിയും അതിന് കൂട്ടായി എത്തുന്ന ഉഴുന്ന് വടയും അല്ലെങ്കിൽ പരിപ്പ് വടയും ആണ് ഇഡ്‌ലി ഹബ്ബിലെ മെയിൻ ഡിഷ്.സ്റ്റീൽ  പ്ളേറ്റിൽ ചെറിയ ഒരു വാഴയിലക്കഷ്ണത്തിൽ വച്ച് തരുന്ന ഇഡ്‌ലിയുടെ നാലതിരുകളിലും അണിനിരക്കുന്ന ഐറ്റംസ് കൂടി ആകുമ്പോൾ ഇഡ്‌ലി ഗ്ളും ഗ്ളും ശബ്ദമുണ്ടാക്കി നേരെ ആമാശയത്തിലെത്തിക്കൊണ്ടേ ഇരിക്കും. സാമ്പാർ,ചട്ട്ണി,ചമ്മന്തി എന്നിവയ്ക്ക് പുറമെ തരുന്ന ഒരു പൊടി കൂടി ചേരുമ്പോഴാണ്, ഇഡ്‌ലി പോയ വഴി അറിയാതെ ആമാശയത്തിൽ ചേക്കേറുന്നത്.മല്ലി, മുളക്, ഉഴുന്ന്,അരി  എന്നിവയുടെ പൊടിയും ഉപ്പും ചേർത്ത ഒരു കൂട്ടാണ് ഈ പൊടി. വെളിച്ചെണ്ണയിൽ ചാലിച്ചാണ് ഇത് കൂട്ടേണ്ടത്.ഇല്ലെങ്കിൽ അണ്ണാക്കിൽ കയറി ചുമച്ച് പണ്ടാരം അടങ്ങും എന്ന് തീർച്ച.

മെയിൻ ഡിഷ് കഴിയുമ്പോഴേക്കും 'ഫ്രണ്ട് ഓഫീസിൽ' നിന്നുള്ള   ഓംലെറ്റിന്റെയും ബുൾസൈയുടെയും ഗന്ധം മൂക്ക് തുളച്ച് കയറും. ഇഡ്‌ലിക്ക് അകമ്പടിയായി ഇതിലേതെങ്കിലും ഒന്ന് ചെന്നാലേ ഇഡ്‌ലി ഹബ്ബിലെ നളപാചക രുചി മുഴുവനാകൂ.രണ്ട് താറാവ് മുട്ട ഒരു സൈഡ് വേവിച്ചെടുക്കുന്ന ഓംലറ്റാണ്  "ഒരു ഡബിൾ താറാവ് വൺ സൈഡ് " .ഇതേപോലെ 'സിംഗിൾ ചിക്കൻ വൺ സൈഡ്' ,'സിംഗിൾ താറാവ് ഒനിയൻ ഫ്രീ' എന്നിങ്ങനെ വിവിധ ഓർഡറുകൾ വിളിച്ച് പറയുന്നത് കേൾക്കാം.ഓർഡർ ചെയ്യുന്നത് തന്നെയാണോ വരുന്നത് എന്ന് തിന്നുന്നവനേ അറിയൂ.


ഊർജ്‌ജസ്വലരായ രണ്ട് ചെറുപ്പക്കാരാണ് ഇഡ്‌ലി ഹബ്ബ് നടത്തുന്നത്.വൈകിട്ട് അഞ്ചുമണിക്ക് ശേഷമാണ് ഇഡ്‌ലി ഹബ്ബ് തുറക്കുന്നത്.വലിയൊരു കടയല്ല,ഒരു സാദാ തട്ടുകടയാണ് എന്നത് ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നു.
പ്രിയപ്പെട്ട സഹപ്രവർത്തകർ ഷൈൻ സാർ, റഹീം മാഷ് , ജയപാലൻ മാഷ് തുടങ്ങിയരോടൊപ്പമാണ് ഞാൻ ഇഡ്‌ലി ഹബ്ബിൽ പോയിരുന്നത്.  കടയിലെ തിരക്ക് കാരണം മെല്ലെ മെല്ലെ ഞങ്ങൾ അവിടന്ന് പിൻവലിഞ്ഞ് പുതിയൊരു താവളം കണ്ടെത്തി.കടയുടെ പേര് മാറ്റിയതോ അതല്ല രുചി പോയതോ എന്നറിയില്ല ഇഡ്‌ലി ഹബ്ബിൽ ഇപ്പോൾ പഴയ തിരക്കുണ്ടാവാറില്ല.   

Wednesday, December 14, 2022

ഫീനിക്സ് പക്ഷികൾ

ടെലിവിഷനും ഇന്റർനെറ്റും ഇല്ലാത്ത കാലത്ത് സ്പോർട്സ്റ്റാർ എന്ന മാഗസിനിലൂടെ അറിഞ്ഞ (എന്റെ അനുഭവം) മറഡോണയെന്ന ഫുട്ബാൾ മാന്ത്രികനിലൂടെയായിരുന്നു അർജന്റീന എന്ന രാജ്യം മലപ്പുറത്ത് പേരെടുത്തത്.അതുകൊണ്ട് തന്നെയായിരിക്കാം മലപ്പുറത്ത് അന്നും ഇന്നും സോക്കർ ആരാധകർ കൂടുതലുള്ള രാജ്യമായി അർജന്റീന തുടരുന്നത്.പക്ഷെ മറഡോണ കളം വിട്ടതോടെ അർജന്റീന എന്റെ മനസ്സിൽ നിന്നും കൂടൊഴിഞ്ഞു.ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ അതേ അർജന്റീനയിൽ നിന്നുള്ള ലയണൽ മെസ്സി എന്ന സിംഹമാണ് ഫുട്ബാളിലെ സകല സിംഹാസനത്തിലും കയറി നിൽക്കുന്നത്.അർജന്റീനയും ബാഴ്‌സലോണയും എന്റെ ഇഷ്ട ടീമല്ലെങ്കിലും മെസ്സി മാജിക്കിൽ ഞാനും ആകൃഷ്ടനായി.

" ഫുട്ബാൾ മൈതാനത്ത്, കഴുകന്റെ കണ്ണും പുള്ളിപ്പുലിയുടെ വേഗതയും കുറുക്കന്റെ കൌശലവും സിംഹത്തിന്റെ ഗാംഭീര്യവും സമന്വയിപ്പിച്ച് ചിത്രശലഭം പോലെ പാറിക്കളിക്കുന്ന  ഒരു പാവം പയ്യൻ എന്ന് ഒറ്റ വാചകത്തിൽ മെസ്സിയെ പരിചയപ്പെടുത്താം " 

 2013 ൽ തുടർച്ചയായി നാലാം തവണയും ഫിഫ ബാലൺ ഡി ഓർ (FIFA Ballon d'Or) പുരസ്കാരത്തിനായി ലയണൽ മെസ്സി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ഞാൻ എൻറെ ബ്ലോഗിൽ കുറിച്ച വരികളാണിത് (പൂർണ്ണമായും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക) വീണ്ടും നാല് തവണ കൂടി ബാലൺ ഡി ഓർ നേടി സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാള്‍ഡൊയെയും ബഹുദൂരം പിന്നിലാക്കി മെസ്സി സോക്കർ ലോകത്തെ സിംഘമായി ഗർജ്ജനം തുടർന്നു.പക്ഷേ, വർഷങ്ങൾ കാത്തിരുന്നിട്ടും ഒരു അന്താരാഷ്‌ട്ര ഫുട്ബാൾ കിരീടം സ്വന്തം നാട്ടിലെത്തിക്കാൻ മെസ്സിക്ക് സാധിക്കാത്തത് ഈ നേട്ടങ്ങൾക്കിടയിലും വിമർശനങ്ങളുടെ കൂരമ്പുകൾ ഏറ്റുവാങ്ങാൻ ഇടയാക്കി. 

2021 ജൂലൈ 10ന് നിലവിലുള്ള ചാമ്പ്യന്മാരായ സാക്ഷാൽ ബ്രസീലിനെ അവരുടെ നാട്ടിൽ വച്ച് മലർത്തിയടിച്ച് കോപ്പ അമേരിക്ക കപ്പ് എന്ന ആദ്യ അന്താരാഷ്‌ട്ര ഫുട്ബാൾ കിരീടം ലയണൽ മെസ്സി ഉയർത്തിയപ്പോൾ ഞാൻ ബ്ലോഗിലിട്ട കുറിപ്പ് അവസാനിക്കുന്നത് ഇങ്ങനെയായിരുന്നു.
"ഫുട്ബാൾ ആരാധകരുടെ കണ്ണ് ഇനി ഖത്തറിലേക്കാണ്. കോപ്പയിലെ വിജയം ചായക്കോപ്പയിലെ കൊടുങ്കാറ്റ് ആയിരുന്നില്ല എന്ന് 2022 ലോക കപ്പിൽ മെസ്സിക്കും കൂട്ടർക്കും തെളിയിക്കേണ്ടതുണ്ട്. പേരുദോഷം കഴുകിക്കളഞ്ഞ ടീമിന്റെ പടയോട്ടത്തിന്റെ തുടക്കമാകുമോ കോപ്പയിലെ ബ്രസീലിനെതിരെയുള്ള വിജയം ? കാത്തിരുന്ന് കാണാം".(പൂർണ്ണമായും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക)

ആരാധകരുടെ മനസ്സിൽ വാനോളം പ്രതീക്ഷകൾ ഉയർത്തി ഖത്തറിൽ ഇറങ്ങിയ ആദ്യ മത്സരത്തിൽ തന്നെ, എല്ലാവരും എഴുതിത്തള്ളിയ സൗദി അറേബ്യക്ക് മുന്നിൽ ഫുട്ബാളിലെ രാജകുമാരൻ ശിരസ്സ് നമിച്ചപ്പോൾ ലോകം മുഴുവൻ ഞെട്ടി.ഈ ലോകകപ്പിൽ എന്റെ ഫേവറിറ്റ് ടീം ഇംഗ്ലണ്ട് ആയിരുന്നെങ്കിലും (ക്വാർട്ടറിൽ ഫ്രാൻസിനോട് തോറ്റു മടങ്ങി) സഹപ്രവർത്തകൻ റഹീമിന്റെ ദുഃഖം കണ്ട ഞാൻ പറഞ്ഞു - "1990ൽ നിലവിലുള്ള ചാമ്പ്യൻമാർ എന്ന പരിവേശത്തോടെ ഇറ്റലിയിൽ ആദ്യ കളിക്കിറങ്ങിയ അർജന്റീന കാമറൂണിനോട് തോറ്റു കൊണ്ടാണ് തുടങ്ങിയത്.പക്ഷെ അന്ന് കളി അവസാനിപ്പിച്ചത് ഫൈനലിൽ ആയിരുന്നു.ഈ വർഷവും നമുക്ക് അങ്ങനെ പ്രതീക്ഷിക്കാം."

ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ മെക്സിക്കോയെയും മൂന്നാം മത്സരത്തിൽ പോളണ്ടിനെയും തകർത്ത് പ്രീക്വാർട്ടറിൽ കയറിയ അർജന്റീന, ആസ്‌ട്രേലിയയെ കെട്ടുകെട്ടിച്ച് ക്വാർട്ടറിലേക്ക് മുന്നേറി.ക്വാർട്ടറിൽ നെഡർലാന്റിനെ പെനാൽട്ടി ഷൂട്ട് ഔട്ടിൽ മുട്ടുകുത്തിച്ച് സെമിയിൽ കയറി.ചിര വൈരികളായ ബ്രസീലിനെ നിലം പരിശാക്കി എത്തിയ ക്രൊയേഷ്യ ആയിരുന്നു സെമിയിൽ എതിരാളി.2018 റഷ്യൻ ലോകകപ്പിൽ തങ്ങളെ 3 - 0 ന് നാണം കെടുത്തിയ ക്രൊയേഷ്യയെ അതേ സ്‌കോറിൽ പുറത്താക്കുമ്പോൾ മെസ്സി എന്ന മാന്ത്രികന്റെ മുഖത്ത് കളിക്കിടയിൽ ആദ്യമായി നിലാവുദിക്കുന്നത് എല്ലാവരും ദർശിച്ചു.ഒരു ഫീനിക്സ് പക്ഷിയെ പോലെ അയാൾ മൈതാനത്ത് ചിറകടിച്ചുയർന്നു.

ഇനി കപ്പിനും ചുണ്ടിനും ഇടയിൽ നിലവിലുള്ള ചാമ്പ്യന്മാരായ ഫ്രാൻസ്  മാത്രം.റിക്കാർഡുകൾ കുന്നു കൂട്ടിയ ഭൂമിയിലെ ഒരേ ഒരു ഫുട്ബാൾ രാജാവ് കിരീടം വയ്ക്കുമോ അതല്ല ഉടയ്ക്കുമോ എന്ന് കണ്ടറിയാം.

                                                          ഫോട്ടോ കടപ്പാട് : ഗൂഗിള്‍



Monday, December 05, 2022

ഒരു അന്താരാഷ്‌ട്ര അരങ്ങേറ്റം

പുതുവർഷത്തിന്റെ വരവാണ് പലർക്കും പല പ്രതീക്ഷകളും സമ്മാനിക്കുന്നത്.പുതുവർഷം കടന്നു വരുമ്പോൾ 'ഈ വർഷം നിനക്കും കുടുംബത്തിനും ഐശ്വര്യ സമ്പൂർണ്ണമാകട്ടെ' എന്ന് മലയാളത്തിലും മംഗ്‌ളീഷിലും ഇതിന്റെ തന്നെ ഇംഗ്‌ളീഷിലും സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ ആശംസിക്കുമ്പോൾ പലപ്പോഴും ഒരു പാഴ് ആശംസയായി തള്ളാറാണ് പതിവ്.പക്ഷെ ആത്മാർത്ഥമായി നമ്മെ സ്നേഹിക്കുന്നവരുടെ കരുതലും പ്രാർത്ഥനയും ഫലിക്കാറുണ്ട് എന്നാണ് എൻറെ അനുഭവം.

കാലമേറെയായി ഒരു ഡോക്ടറേറ്റ് ബിരുദം(പി.എച്ച്.ഡി) എടുക്കുന്നതിനെപ്പറ്റി ഞാൻ ആലോചിക്കുന്നു. രണ്ടാഴ്ച മുമ്പ് സഹ പ്രവർത്തകനായ സത്യനാഥിൽ നിന്നും യാദൃശ്ചികമായി കേൾക്കാനിടയായ ഒരു വർത്തമാനം എന്നിൽ ആ മോഹം ഒരിക്കൽ കൂടി ഉണർത്തി.മൂന്ന് തവണ പി.എച്ച്.ഡിക്ക് രെജിസ്ട്രേഷൻ നടത്തുകയും വർക്കുകൾ ബഹുദൂരം മുന്നോട്ട് പോവുകയും ചെയ്തിട്ടും പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്ന അനുഭവം സത്യനാഥ് പറഞ്ഞപ്പോൾ എന്റെ ഉള്ളിൽ അതൊരു ദീപം കൊളുത്തി.അങ്ങനെ പുതുവർഷത്തിൽ പി.എച്ച്.ഡിക്ക് രെജിസ്റ്റർ ചെയ്യാൻ ഞങ്ങൾ രണ്ടാളും ഒരു തീരുമാനത്തിലെത്തി. പരിസ്ഥിതി സംബന്ധമായ ഒരു തീം തന്നെ ആയിരിക്കട്ടെ ഗവേഷണ വിഷയം എന്നും ചെറിയൊരു ധാരണയിലെത്തി.

ഈ തീരുമാനം എടുത്ത് രണ്ട് ദിവസം കഴിഞ്ഞാണ് മധുരൈ കാമരാജ് യൂണിവേഴ്‌സിറ്റിയിലെ കമ്മ്യൂണിക്കേഷൻ വിഭാഗത്തിലെ ഡോ.എസ്.നാഗരത്നത്തിന്റെ ഒരു ക്ഷണം എന്നെത്തേടി എത്തിയത്.Eco Vision Indica എന്ന എക്സ്പെർട്ട് ഗ്രൂപ്പിലൂടെ വിവിധ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ നടത്തുന്ന അദ്ദേഹം ഓൺലൈനിൽ സംഘടിപ്പിച്ച നാലഞ്ച് പരിപാടികളിൽ ഞാനും പങ്കെടുത്തിരുന്നു. Future of Eco Literacy: The Role of Emergent Eco Centric Media എന്ന ടോപ്പിക്കിൽ മധുരൈ കാമരാജ് യൂണിവേഴ്‌സിറ്റി സംഘടിപ്പിക്കുന്ന Online International Communication Conferenceൽ പങ്കെടുക്കാനുള്ള ഒരു ക്ഷണം ആയിരുന്നു അത്.

നാളിതുവരെ ഇത്തരം കോൺഫറൻസുകളിൽ പങ്കെടുക്കുകയോ പേപ്പർ അവതരിപ്പിക്കുകയോ ചെയ്യാത്ത എൻറെ ഉള്ളിൽ ഒരു പേപ്പർ അവതരിപ്പിക്കാനുള്ള മോഹം ഉദിച്ചു.ആദ്യത്തെ അവതരണം തന്നെ അന്താരാഷ്ട്ര വേദിയിൽ ആണെന്നുള്ളതിനാൽ ഞാൻ അതിന്റെ വിവിധ തലങ്ങൾ ഗൂഗിൾ/യൂട്യൂബ് വഴി മനസ്സിലാക്കി.കൂടാതെ റിസർച്ച് ഗൈഡായി പ്രവർത്തിക്കുന്ന പ്രീഡിഗ്രി സുഹൃത്ത് ഡോ.മുഹമ്മദ് സഫറുള്ളയെ വിളിച്ച് കാര്യങ്ങൾ കൂടുതൽ മനസ്സിലാക്കുകയും ചെയ്തു.എനിക്കും സാധിക്കും എന്ന് വിശ്വാസം വന്നതിനാൽ എനിക്ക് ഇഷ്ടപ്പെട്ട ഒരു ടോപ്പിക്കും അവരുടെ ലിസ്റ്റിൽ നിന്ന് ഞാൻ തെരഞ്ഞെടുത്തു.ഈയിടെ കൊളാവിപ്പാലം  (Click & Read) സന്ദർശിച്ചപ്പോൾ എനിക്ക് ലഭിച്ച ചില അറിവുകളെ അടിസ്ഥാനമാക്കി Local Wisdom Based Environmental Education എന്ന വിഷയമായിരുന്നു ഞാൻ തെരഞ്ഞെടുത്തത്.പേപ്പറിന്റെ abstractഉം ഏഴ് സ്ലൈഡുകളിൽ ഒതുങ്ങുന്ന ഒരു പ്രെസെന്റേഷനും സമർപ്പിച്ച് ഞാൻ കാത്തിരുന്നു.

ഡിസംബർ 3,4 തീയ്യതികളിലെ കോൺഫറൻസിലേക്ക് എൻറെ പേപ്പറും തെരഞ്ഞെടുത്തു എന്ന മെയിൽ എനിക്ക് ലഭിച്ചത് ഡിസമ്പർ രണ്ടിന് വൈകിട്ടാണ്.

അങ്ങനെ, UNESCO ന്യൂഡൽഹി ക്ലസ്റ്റർ ഓഫീസർ ഇൻ ചാർജ്ജ് ഹെസ്‌കേൽ ഡിലാമിനി അടക്കമുള്ള ഇന്ത്യയിലെയും വിദേശത്തെയും നിരവധി പേർ പങ്കെടുത്ത അന്താരാഷ്ട്ര കോൺഫറൻസിലൂടെ ഞാനും ഈ രംഗത്ത് ഹരിശ്രീ കുറിച്ചു.ആണ്ടറുതി അടുത്ത സമയത്ത് വരുന്ന ഇത്തരം സന്തോഷങ്ങൾ കൂടിയാണ് വരും വർഷങ്ങളെ പ്രതീക്ഷാ നിർഭരമാക്കുന്നത്.