Pages

Showing posts with label കോളനിക്കഥകൾ. Show all posts
Showing posts with label കോളനിക്കഥകൾ. Show all posts

Sunday, May 01, 2022

മാങ്ങാത്തോല്

സുന്നത്ത് കല്യാണം വളരെ വലിയൊരു പരിപാടിയായി തന്നെയായിരുന്നു മുൻ കാലങ്ങളിൽ നടത്തിയിരുന്നത്. അടുത്ത ബന്ധുക്കളെയും കാരണവൻമാരെയും എല്ലാം ക്ഷണിച്ച് വരുത്തി വിഭവ സമൃദ്ധമായ ഭക്ഷണവും ഒരുക്കി ആയിരുന്നു സുന്നത്ത് കല്യാണം. കല്യാണം കഴിക്കപ്പെടുന്നവൻ വരാൻ പോകുന്ന സംഭവം അറിയാതെ ഇവർക്കിടയിലൂടെ ഓടിക്കളിക്കുന്നുണ്ടാകും.

എന്റെ ഓർമ്മയിലുള്ള സുന്നത്ത് കല്യാണം എളാമയുടെ മൂത്ത മകന്റെതാണ്. അന്നൊക്കെ  ജ്യേഷ്ഠാനുജന്മാരുടെ സമപ്രായക്കാരായ മക്കൾ, അല്ലെങ്കിൽ ഒരേ വീട്ടിലെ രണ്ട് മക്കൾ അതുമല്ലെങ്കിൽ അയൽവാസികളുടെ മക്കൾ ഇങ്ങനെ കൂട്ടമായിട്ടായിരുന്നു സുന്നത്ത് കല്യാണം നടത്തിയിരുന്നത്. ഒസ്സാനെ കിട്ടാൻ പ്രയാസമായതിനാലാവും ഇങ്ങനെ ചെയ്തിരുന്നത്. സ്കൂൾ പൂട്ടുന്ന വേനലവധിക്കാലത്താണ് സുന്നത്ത് കല്യാണം നടക്കാറ്.

എളാമയുടെ മകന്റെ കൂടെ തന്നെയായിരുന്നു തൊട്ടപ്പുറം താമസിക്കുന്ന അവരുടെ മൂത്താപ്പയുടെ മകന്റെ സുന്നത്ത് കല്യാണവും നിശ്ചയിച്ചിരുന്നത് . ഒസ്സാൻ ആദ്യം എത്തിയത് എളാമയുടെ വീട്ടിലായിരുന്നു. ആഗതർ എല്ലാം ഭക്ഷണം കഴിച്ച ശേഷം ഒസ്സാനും ചേലാകർമ്മം നടത്തപ്പെടുന്നവനും വേറെ രണ്ട് പേരും ( ചേലാകർമ്മം നടത്തപ്പെടുന്നവനെ പിടിച്ചു വയ്ക്കാനായിരിക്കാം) കൂടി ഒരു മുറിയിലേക്ക് കയറി വാതിലടച്ചു. അൽപം കഴിഞ്ഞ് ഉച്ചത്തിലുള്ള ഒരു കരച്ചിൽ , അടുത്ത സുന്നത്ത് കല്യാണം നടത്തപ്പെടണ്ടവനടക്കം ഞങ്ങൾ എല്ലാവരും കേട്ടു. അര മണിക്കൂറിന് ശേഷം ചേലാകർമ്മം ചെയ്യപ്പെട്ടവൻ ഒഴികെ എല്ലാവരും മുറിയിൽ നിന്ന് പുറത്തിറങ്ങി.

ഒസ്സാൻ ഉപകരണങ്ങളുമായി തൊട്ടടുത്ത വീട്ടിൽ എത്തി. അവിടെ എല്ലാവരും വാതിലിന്റെ പിന്നിലും കട്ടിലിനടിയിലും വീടിന്റെ മച്ചിലും എല്ലാം തിരച്ചിലിൽ ആണ്. ചേലാകർമ്മം നടത്തപ്പെടേണ്ടവനെ കാൺമാനില്ല ! നേരത്തെ കേട്ട കരച്ചിലിൽ നിന്ന് അതിന്റെ വേദന മനസ്സിലാക്കിയ അവൻ എവിടെയോ പോയി ഒളിച്ചിരിക്കുന്നു ! അവസാനം മൂന്ന് വീട് അപ്പുറത്ത് നിന്നോ മറ്റോ ആണ് ആളെ കണ്ടെത്തിയത്.

സുന്നത്ത് കല്യാണം കഴിഞ്ഞാൽ സന്ദർശകരായി നിരവധി പേർ വരും. വിവിധ തരം പലഹാരങ്ങളും പൈസയും എല്ലാം സമ്മാനമായി കിട്ടും.  ലിദുമോന് ആദ്യ സമ്മാനം കിട്ടിയത് എന്റെ ഉമ്മയിൽ നിന്നാണ് - ആയിരം രൂപ !!   സമ്മാനമായി നെയ്യും ബൂസ്റ്റും മറ്റും എല്ലാം വേറെയും കിട്ടിയിട്ടുണ്ട്. കാഷ് പ്രൈസ് ഇപ്പോൾ തന്നെ ആറായിരം രൂപ പിന്നിട്ടു.ഇത് കാണുമ്പോഴാണ് പെൺകുട്ടികൾക്കും ആൺകുട്ടിയാകാൻ കൊതി വരുന്നത്.

1980 ലാണ് എന്ന് തോന്നുന്നു എന്റെയും അനിയന്റെയും ചേലാകർമ്മം ഒരുമിച്ച് നടന്നത്. എനിക്ക് ആകെ കിട്ടിയത് 120 രൂപയോ മറ്റോ ആയിരുന്നു. പക്ഷേ സമ്മാനം കിട്ടിയ ഒരു സാധനം ഇന്നും ഓർമ്മയിലുണ്ട് - മാങ്ങാത്തോല് !! പഴുത്ത മാങ്ങ നീളത്തിൽ അരിഞ്ഞ് വെയിലത്തുണക്കി ഉണ്ടാക്കുന്ന ഒരു പലഹാരമായിരുന്നു മാങ്ങാത്തോല് .ഇന്ന് ആ സാധനം തന്നെ നാമാവശേഷമായി. എങ്കിലും ആ നാട്ടുരുചി നാവിൽ തങ്ങി നിൽക്കുന്നു.

Thursday, May 14, 2015

നാൽ‌വർ കോമൺസെൻസ്


വർഷങ്ങൾക്ക് മുമ്പൊരു വേനലവധിക്കാലം.ഞാൻ ട്രൌസർ പ്രായത്തിൽ നിന്നും ‘കാത്സറായി’ പ്രായത്തിലേക്ക് അഥവാ സൈക്കിൾചക്രം ഉരുട്ടലിൽ നിന്ന് സൈക്കിൾ ചവിട്ടലിലേക്ക് പ്രമോഷൻ ലഭിച്ച് നിൽക്കുന്ന പ്രായം.ഒന്നുകൂടി വ്യക്തമാക്കിപ്പറഞ്ഞാൽ സ്ലേറ്റിൽ നിന്ന് നോട്ട്ബുക്കിലേക്കുള്ള സ്ഥാനക്കയറ്റത്തിന്റെ പ്രായം.

വേനലവധിയിലെ പ്രധാന ഹോബികളിലൊന്നാണ് ചാലിയാറിലെ മീൻപിടുത്തം.ചൂണ്ടയിട്ട് മീൻ പിടിക്കാനുള്ള ലൈസൻസേ ഈ പ്രായത്തിൽ ലഭിക്കൂ. തോണിയും വലയും ഉപയോഗിക്കണമെങ്കിൽ  മൂക്കിന് താഴെ രോമം വരണമത്രെ.അപ്പോഴേ തോണിയും വലയും ഒരുമിച്ച് നിയന്ത്രിക്കാൻ കഴിയൂ എന്നാണ് പോലും ഐൻസ്റ്റീനിന്റെ ആപേക്ഷികസിദ്ധാന്തം പറയുന്നത്.തോണിയെ അപേക്ഷിച്ച് വലയും വലയെ അപേക്ഷിച്ച് തോണിയും തമ്മിൽ എന്തോ ഒരു അവിഹിത ബന്ധം ഉള്ളതിനാൽ ഐൻസ്റ്റീൻ വല്ല്യാപ്പയുടെ ഈ നിയമത്തെ ചോദ്യം ചെയ്യാൻ അന്ന് ഞങ്ങളാരും മുതിർന്നില്ല.

അങ്ങനെ മൂക്കിന് താഴെ കറുത്ത ചില പൊടികൾ രൂപപ്പെടാൻ തുടങ്ങിയപ്പോഴാണ് ആപേക്ഷികസിദ്ധാന്തത്തിന്റെ പരിധിയിൽ അതിക്രമിച്ചു കയറാൻ ഞങ്ങൾ തീരുമാനിച്ചത്. വലിയ അമ്മാവന് തോണിയും വലയും ഉണ്ടായിരുന്നതിനാൽ ‘ഓപ്പറേഷൻ മത്സ്യബന്ധ’ ഞങ്ങൾക്ക് സാങ്കേതികമായി എളുപ്പമായിരുന്നു.തോണി പുഴയിൽ തന്നെ കെട്ടിയിട്ട് , വല തൊട്ടടുത്ത് തന്നെ കമുക് കൊണ്ട് കെട്ടിയ ഒരു ക്രോസ്ബാറിൽ തൂക്കിയിട്ടായിരുന്നു അമ്മാവൻ മീൻപിടുത്തം കഴിഞ്ഞ് വീട്ടിലേക്ക് പോയിരുന്നത് എന്ന് ഞങ്ങൾ മനസ്സിലാക്കി വച്ചിരുന്നു.

അക്കാലത്ത് നാട്ടിൽ തന്നെ ഉല്പാദിപ്പിച്ചിരുന്ന രണ്ട് ബീഡികളായിരുന്നു ഉദയാബീഡിയും ജയാബീഡിയും. എന്തോ ഒരു സാധനം ചുരുട്ടി റോസ് നൂൽ കൊണ്ട് ഒരു കെട്ടും ഇട്ടാൽ ബീഡി ആകും എന്ന ‘കോമൺസെൻസ്’ ഞങ്ങൾക്കുണ്ടായിരുന്നു.അമ്മാവന്റെ ചുണ്ടിൽ പലപ്പോഴും കാണുന്ന ബീഡിയുടെ കമ്പനി അറിയില്ലെങ്കിലും മൂക്കിലൂടെ വരുന്ന പുകയുടെ ചുരുളുകൾ അന്തരീക്ഷത്തിൽ ചിത്രം വരയ്ക്കുന്നത് ഞങ്ങൾ കൌതുകത്തോടെ ശ്രദ്ധിച്ചിരുന്നു. ചാലിയാറിൽ മീൻപിടിക്കുന്ന വലക്കാരുടെയെല്ലാം ചുണ്ടിൽ എരിയുന്ന ഉദയാ / ജയാ ബീഡികൾ മീൻ പിടിക്കാൻ ബീഡി വലിക്കണം എന്ന മറ്റൊരു ‘കോമൺസെൻസും’ ഞങ്ങളിലുണ്ടാക്കി.

ഇനി ഈ ‘ഞങ്ങൾ’ എന്ന ചരിത്രപുരുഷന്മാരെക്കൂടി പരിചയപ്പെടുത്താം.ഡൽഹി സുൽത്താന്മാരിൽ പേര് കേൾപ്പിച്ച ബുദ്ധിമാനായവിഡ്ഡി എന്നറിയപ്പെട്ട മുഹമ്മദ് ബിൻ തുഗ്ലക്കിന്റെ പി‌ൻ‌ഗാമിയോ മുൻ‌ഗാമിയോ ആയിരുന്ന ഫിറോസ് ഷാ തുഗ്ലക്കിന്റെ സ്മരണാർത്ഥം അമ്മാവൻ കൃത്യമായി പേരിട്ട ഫിറോസ് ആയിരുന്നു ഒരാൾ.ഡൽഹി സുൽത്താന്മാർക്ക് എന്നും പേടി സ്വപ്നമായിരുന്ന രജപുത്ര രാജാക്കന്മാരുടെ ധീരനായ നേതാവ് പൃഥിരാജ് ചൌഹാനിന്റെ മച്ചുനൻ ദിലീപ് ചൌഹാനിന്റെ ഓർമ്മകൾ പേറുന്ന ദിലീപ് ആയിരുന്നു രണ്ടാമൻ.ഞങ്ങളെ എല്ലാവരേയും അമ്മാവന്മാരേ എന്ന് വിളിക്കേണ്ട അടുത്ത തലമുറയുടെ തലവനും എന്നാൽ ജന്മം കൊണ്ട് ഞങ്ങളുടെ അതേ പ്രായത്തിൽ വരുന്നതുമായ റയീസ് ആയിരുന്നു മൂന്നാമൻ.പിന്നെ ലോകം കിടുകിടാ വിറപ്പിച്ച നെപ്പോളിയൻ ബോണപ്പാർട്ടിന്റെ കഥ കടുകിട തെറ്റാതെ മനോഹരമായി വായിക്കാൻ കഴിവുള്ള ഞാനും !

അങ്ങനെ ഒരു വ്യാഴാഴ്ച വൈകിട്ട്  ‘ഓപ്പറേഷൻ മത്സ്യബന്ധ’ നടത്താൻ ഞങ്ങൾ തീരുമാനിച്ചു.കാരണം രണ്ടാണ്.തോണിയുള്ള അമ്മാവൻ വ്യാഴാഴ്ച മീൻ പിടിക്കാൻ പോകാറില്ല. അപ്പോൾ തോണിയും വലയും ഫ്രീ ആയിരിക്കും എന്നതാണ് ഒരു കാരണം. വെള്ളിയാഴ്ച സ്കൂൾ അവധി ആയതിനാൽ , വ്യാഴാഴ്ച സന്ധ്യ കഴിഞ്ഞ് അല്പം വൈകിയാലും എനിക്കും റയീസിനും മാത്രം ബാധകമായ മാതാപിതാക്കളുടെ ശകാരത്തിന്റെ ‘ക്വഥനാങ്കം’ അല്പം കുറക്കാം എന്നതാണ് രണ്ടാം കാരണം.

അങ്ങനെ വൈകിട്ട് അഞ്ചരയോടെ ഞങ്ങൾ നാൽ‌വർ സംഘം തോണിയുടെ അടുത്തെത്തി.സന്ധ്യയായാൽ വലവിരിച്ച് മീൻപിടിക്കുന്നത് റിസ്ക് ആകും എന്നതിനാൽ വീശുവല എടുക്കാൻ ഞങ്ങളുടെ ‘നാൽ‌വർ കോമൺസെൻസ്’ ഉപദേശിച്ചു. മീൻ കൂടുതൽ ലഭിക്കാൻ ഓപ്പറേഷൻ നടത്തേണ്ടത് വെള്ളം കൂടുതലുള്ള സ്ഥലത്ത് ആകണം എന്നതിനാൽ ഞങ്ങളുടെ കടവിന്റെ മുകൾ ഭാഗത്തേക്ക് തോണി വിടാൻ തീരുമാനമായി.എന്നാൽ അമ്മാവൻ ഉപയോഗിക്കുന്ന ഒരേ ഒരു പങ്കായം മാത്രമേ സമീപത്തെ കുറ്റിക്കാട്ടിൽ നിന്നും ലഭിച്ചുള്ളൂ. അതിനാൽ കൂട്ടത്തിൽ മൂത്തവനായ ഫിറോസിനെ അമരം ഏൽ‌പ്പിച്ച് , ആലിക്കുട്ട്യാക്കയുടെ പറമ്പിന്റെ വേലിയിൽ നിന്ന് മൂന്ന് കമുകിൻ തറികൾ വലിച്ചൂരി.വീശുവലയും തോണിയിലിട്ട് ഞങ്ങൾ ആ ചരിത്രദൌത്യത്തിനായി പുറപ്പെട്ടു.

കരയിലൂടെ നടന്നാൽ അരമണിക്കൂർ സമയമെടുക്കുന്ന കോലോത്തുംകടവിലേക്ക് ഒഴുക്കിനെതിരെ തോണി തുഴഞ്ഞ് (അല്ല കുത്തി ) എത്തിക്കാൻ ഞങ്ങൾക്ക് ഒരു മണിക്കൂറിലേറെ സമയമെടുത്തു.നേരം ഇരുട്ടിത്തുടങ്ങിയതിനാൽ ഓപ്പറേഷൻ വേഗം തുടങ്ങാനായി ഞങ്ങൾ തോണി കരയോട് അടുപ്പിച്ചു നിർത്തി.വേലിത്തറിയിൽ ഒന്ന് കരയിൽ ആഴ്ത്തി തോണി അതിലേക്ക് ബന്ധിപ്പിച്ചു. വീശാനായി വലയെടുത്തപ്പോഴാണ് ഞെട്ടിപ്പിക്കുന്ന ഒരു സത്യം ഞങ്ങൾ തിരിച്ചറിഞ്ഞത് – വീശുവല എറിയാൻ ആർക്കും അറിയില്ല! അങ്ങനെ ‘നാൽ‌വർ കോമൺസെൻസ്’ വീണ്ടും ആക്ടീവായി.അതു പ്രകാരം പ്രായത്തിൽ മുന്നിൽ നിൽക്കുന്ന ഫിറോസ് വല എറിയണം.വല കൈ വിട്ട് പോകാതിരിക്കാൻ പ്രായത്തിൽ പിന്നിൽ നിൽക്കുന്ന റയീസ് വലയുടെ മറ്റേ അറ്റത്തെ കയറ് പിടിക്കണം. പ്രായത്തിൽ നടുവിൽ നിൽക്കുന്ന ഞാനും ദിലീപും തോണിയുടെ രണ്ടത്തും ഇരുന്ന് തോണി സ്റ്റഡി ആയി നിർത്തണം.

അങ്ങനെ ഞാനും ദിലീപും തോണി സ്റ്റഡി ആക്കി നിർത്തി.റയീസ് വലയുടെ അറ്റത്തെ കയറ് പിടിച്ചു.ഫിറോസ് വൺ റ്റൂ ത്രീ എണ്ണി വല ആഞ്ഞെറിഞ്ഞു. “ശൂ” എന്ന ശബ്ദത്തോടെ വല വായുവിൽ പൊങ്ങിയതും തോണി ഒന്നാടിയുലഞ്ഞു.
”ഉമ്മേ...!“ വെള്ളത്തിൽ വല വീഴുന്ന ശബ്ദത്തിന് പകരം റയീസിന്റെ കരച്ചിലാണ് അന്തരീക്ഷത്തിൽ ഉയർന്നത്. അന്തരീക്ഷത്തിൽ ഉയർന്ന് താഴ്ന്ന് വീണ വലക്കകത്ത് റയീസ്!!

റയീസ് വലക്കയറ്‌ പിടിച്ചതിലുള്ള പിഴവ് കാരണമാണ് ഇങ്ങനെ സംഭവിച്ചത് എന്ന് ഫിറോസ് പറഞ്ഞപ്പോൾ ഞങ്ങൾ രണ്ട് പേരും അതിനെ പിന്താങ്ങി.എങ്കിൽ അടുത്തതായി എന്നോട് വലക്കയറ് പിടിക്കാൻ റയീസ് പറഞ്ഞു.കൊതുക് വലയും ചിലന്തി വലയും മാത്രം നേരിട്ട് ടച്ച് ചെയ്ത് പരിചയമുള്ള എനിക്ക് ഈ വെല്ലുവിളി ഏറ്റെടുക്കാൻ ധൈര്യം വന്നില്ല.വീണ്ടും ഒറ്റക്ക് വല വീശാൻ ഫിറോസിനും ധൈര്യം ഇല്ലാത്തതിനാൽ ഇനി എല്ലാവരും കൂടി വല എറിയാൻ തീരുമാനിച്ചു.

 “വൺ... റ്റൂ ....ത്രീ...ശൂ” നാല് പേരും കൂടി പിടിച്ച് വല ഒറ്റയേറ്‌ !
“ബ്ലും” വല കൃത്യമായി വെള്ളത്തിൽ വീണു.വലക്കയറ് തോണിയിൽ എവിടെയോ കൊളുത്തിയതിനാൽ ഞങ്ങൾക്ക് പിടുത്തം കിട്ടി!ഇനി അല്പ നേരം കാത്തിരിക്കണം.അപ്പോഴാണ് ഫിറോസ് തോണിയുടെ അമരത്ത് നിന്നും കിട്ടിയ ഉദയാബീഡിക്കെട്ടിൽ നിന്നും ഒന്നെടുത്ത് തീ കൊളുത്തിയത്.ബീഡി മണം അടിച്ചതോടെ എനിക്കും റയീസിനും ഓക്കാനം വന്നു.ദിലീപ് , കാക്ക വിടുന്ന പൊക നോക്കി രസിച്ചിരുന്നു.

അല്പം കഴിഞ്ഞ് ഞങ്ങൾ നാല് പേരും കൂടി വല വലിച്ചു.വലക്ക് അസാധാരണമായ കനം അനുഭവപ്പെട്ടപ്പോൾ ഞങ്ങളുടെ ആദ്യത്തെ ‘ഓപ്പറേഷൻ മത്സ്യബന്ധ’ ചരിത്രമാകാൻ പോകുന്നതിന്റെ മന്ദഹാസം ഇരുട്ടിലും ഞങ്ങൾ പരസ്പരം ദർശിച്ചു.പെട്ടെന്ന് വലക്കകത്ത് കുടുങ്ങിയ സാധനം വലയോടൊപ്പം വെള്ളത്തിന്റെ മുകളിലേക്ക് പൊങ്ങി വന്നു.

“ആരെടാ....മഗ്‌രിബിന്റെ നേരത്ത് കുളിക്കടവിൽ  വല എറിയുന്നത് ?” വലയിൽ നിന്നും പരിചയമുള്ള ശബ്ദം കേട്ട് ഞങ്ങൾ ഞെട്ടിപ്പോയി – വ്യാഴാഴ്ചകളിൽ മീൻ പിടിക്കാൻ പോകാത്ത അമ്മാവൻ അതാ സ്വന്തം വലക്കകത്ത്!

വല വിട്ട് ഞാനും ദിലീപും കരയിലൂടെ ഓടി.റയീസ് നേരെ കണ്ട ഇടവഴിയിലൂടെ അവന്റെ വീട്ടിലേക്കും വച്ച് പിടിച്ചു.ഫിറോസ് വെള്ളത്തിൽ ചാടി മുങ്ങാംകുഴിയിട്ട് നേരെ ഞങ്ങളുടെ കടവിൽ പൊങ്ങി.ഇരുട്ടിൽ അമ്മാവന് ആരെയും പെട്ടെന്ന് മനസ്സിലാവാത്തതിനാൽ ഒരു വലിയ ആപത്തിൽ നിന്നും അന്ന് ഞങ്ങൾ രക്ഷപ്പെട്ടു.


Wednesday, January 01, 2014

ഗോപാലേട്ടൻ എന്ന സൽമാൻ

         പുതുവർഷം സമാഗതമാകുമ്പോൾ പലർക്കും പലതും ഓർമ്മ വരും. ചിലർക്ക് ചെയ്യാതെ പോയ കാര്യങ്ങൾ ആണെങ്കിൽ മറ്റു ചിലർക്ക് ചെയ്യാൻ പറ്റാതെപോയ കാര്യങ്ങൾ ആയിരിക്കും.ചിലർക്ക് ജീവിതത്തിലെ അനർഘനിമിഷങ്ങൾ ആണ് ഓർമ്മ വരുന്നതെങ്കിൽ  ചിലർക്ക് കയ്പ്പേറിയ നിമിഷങ്ങൾ ആയിരിക്കും.ഓർമ്മയിൽ എത്തുന്നത്.ന്യൂ ഇയർ വരുമ്പോൾ എന്റെ മനസ്സിൽ ഓടി എത്തുന്നത് എന്റെ കുട്ടിക്കാലത്ത് സൽമാൻ ഗോപാലേട്ടനായ പ്രശസ്തമായ ആ സംഭവമാണ്.

      കുട്ടികളായ ഞങ്ങളിൽ പലരും സൈക്കിൾ ചവിട്ടാൻ പഠിക്കുന്നത് വേനലവധിക്കാലത്താണ്. ഒരു വിധം ബാലൻസ് ഒപ്പിച്ചു കഴിഞ്ഞാൽ പിന്നെ, പല തരത്തിലും സ്വരൂപിച്ച് കിട്ടുന്ന 50 പൈസയുമായി കോരുകുട്ട്യേട്ടന്റെ സൈക്കിൾ കടയിൽ എത്തും.അരവണ്ടി , മുക്കാൽ വണ്ടി , ഫുൾ വണ്ടി എന്നിങ്ങനെയുള്ളതിൽ , വീണാൽ നിലത്ത് കാല് കുത്താൻ കഴിയുന്ന ഒരു സൈക്കിൾ തെരഞ്ഞെടുക്കും.സൈക്കിളെടുത്ത് തൊട്ടടുത്ത കൈപ്പക്കുളം പാടത്തെത്തി സുന്ദരമായി വട്ടത്തിൽ ചവിട്ടും.അതിനിടയിൽ കാശ് തികയാത്ത കുറേ ദരിദ്ര നാരായണന്മാർ ഒരു റൌണ്ട് അടിക്കാൻ സൈക്കിളിനായി കെഞ്ചും.പലപ്പോഴും ഞാൻ ആ വിഭാഗത്തിൽ വരുന്നതിനാൽ ചോദിക്കുന്നവർക്കൊക്കെ ഞാൻ സൈക്കിൾ നൽകും.

          സൈക്കിൾ ബാലൻസിൽ അഗ്രഗണ്യനായാൽ  അടുത്ത പാഠം  ഓവർലോഡ് വയ്ക്കാൻ പഠിക്കുക എന്നതാണ്. സൈക്കിളിന്റെ പിന്നിൽ ഒരാളെ കയറ്റുന്നതാണ് ഓവർലോഡ്  എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഗമയിൽ സൈക്കിൾ ചവിട്ടി വരുമ്പോൾ ഒരുത്തൻ കൈകാട്ടി ഒരു ലിഫ്റ്റ് ചോദിച്ചിട്ട് അത് നൽകാൻ സാധിച്ചില്ലെങ്കിൽ പിറ്റേന്ന് തന്നെ അത് സ്കൂളിൽ പാട്ടാകും എന്നതിനാൽ ഈ അഭ്യാസവും എല്ലാവരും വേഗം സ്വായത്തമാക്കാൻ ശ്രമിക്കും.സൈക്കിൾ സവാരി പഠിക്കാതെ ഓസിന് മൂട്ടിൽ മാത്രം കയറുന്ന വിരുതന്മാരും അക്കാലത്തുണ്ടായിരുന്നു.

           ഓവർലോഡ് വയ്ക്കുന്നത് ഒരാളെയാണെങ്കിൽ, ചവിട്ടുന്ന ആൾ ചെറിയ മതിലിലോ മറ്റോ താങ്ങി നിന്ന് മറ്റെയാളെ  കയറ്റി ഇരുത്തി സാവധാനം മുന്നോട്ട് നീങ്ങുന്ന ഒരു രീതിയാണ് ഒന്ന്.ഓടുന്ന സൈക്കിളിൽ ചാടിക്കയറി ഇരിക്കുന്നതാണ് രണ്ടാമത്തെ രീതി.രണ്ടാമത്തെ രീതിയിൽ, കയറുന്നവനും ചവിട്ടുന്നവനും ഒരേ പോലെ എക്സ്പെർട്ട് അല്ലെങ്കിൽ ബാലൻസ് തെറ്റാനും കെട്ടിമറിഞ്ഞ് വീഴാനും മാത്രമേ സാധ്യതയുള്ളൂ.എങ്കിലും മിക്കപേരും രണ്ടാം രീതി ആണ് അവലംബിക്കാറ്.

          അങ്ങനെ ആ വർഷത്തെ കൃസ്തുമസ് അവധിയിലാണ് ഒരു മഹാസംഭവം നടന്നത്.വീട്ടിൽ സ്വന്തം സൈക്കിൾ ഉള്ളതിനാൽ സൈക്കിൾ സവാരിയിൽ അഗ്രഗണ്യനായ എന്റെ മൂത്തുമ്മയുടെ മകൻ സൽമാനും ഞങ്ങളുടെ അയൽ‌വാസി ഹരിദാസനും  സൈക്കിളിൽ ഓവർലോഡും വച്ച് നല്ല സ്പീഡിൽ ഇറക്കം വിട്ട് വന്ന് കൊണ്ടിരിക്കുന്നു.ആ ഇറക്കത്തിന്റെ അവസാനം രണ്ട് മൂന്ന് പോലീസുകാർ റോഡിൽ നിൽക്കുന്നു!(ഇന്ന് ഹെൽമെറ്റ് , സീറ്റ്ബെൽറ്റ് എന്നിങ്ങനെയുള്ള കേസുകളുടെ അന്നത്തെ വെർഷൻ ഓവുപാലത്തിൽ ഇരിക്കൽ , സൈക്കിളിൽ ഓവർലോഡ് വയ്ക്കൽ തുടങ്ങിയവയായിരുന്നു).പോലീസിനെ കണ്ടതും പിന്നിലിരുന്ന സൽമാൻ ചാടാൻ ശ്രമിച്ചു.പക്ഷേ സൈക്കിളിന്റെ സ്പീഡ് കാരണം അത് നടന്നില്ല.ഹരിദാസനാകട്ടെ സൈക്കിൾ ഒന്ന് നിർത്താൻ സകല ശക്തിയും ഉപയോഗിച്ച് ബ്രേക്ക് പിടിച്ചെങ്കിലും നേരെ പോയി നിന്നത് കൃത്യം പോലീസിന്റെ മുമ്പിൽ തന്നെ!

“ഇറങ്ങേടാ” പോലീസിന്റെ ശബ്ദം കേട്ടതും സൽമാൻ അറിയാതെ സൈക്കിളിൽ നിന്നും വീണു. ഹരിദാസൻ വിറച്ച് വിറച്ച് സൈക്കിൾ സൈഡാക്കി.

“എവിടുന്നാ വരുന്നത് ?” പോലീസിന്റെ അടുത്ത ചോദ്യം

“കോലോത്ത്ന്ന്.” (ഞങ്ങൾ സൈക്ക്ലിംഗ് പഠിക്കാൻ പോകുന്ന മറ്റൊരു സ്ഥലമാണ് കോലൊത്ത്.)

“ആഹാ.കോലോത്തും കൊട്ടാരത്തീന്നോ.നീ എന്താ മനുഷ്യനെ കളിയാക്കാ?” ഹരിദാസന്റെ ചെവി പിടിച്ച് തിരുമ്മിക്കൊണ്ട് പോലീസുകാരൻ ചോദിച്ചു.

‘അപ്പോൾ സത്യം പറഞ്ഞാൽ ചെവിക്ക് തിരുമ്മൽ കിട്ടും’ – മൂടും തട്ടി എണീക്കുന്നതിനിടയിൽ സൽമാന്റെ മനസ്സ് മന്ത്രിച്ചു.

“എന്താടാ നിന്റെ പേര്?”  സൽമാന്റെ നേരെ തിരിഞ്ഞ് പോലീസ് ചോദിച്ചു.

“ഗോപാലേട്ടൻ!!!“ ഇടം വലം നോക്കാതെ സൽമാൻ പറഞ്ഞു.

“ങേ!!“ പോലീസുകാരൻ ഞെട്ടി.സൽമാൻ കൂസലൊന്നുമില്ലാതെ നിന്നു.

“അപ്പോൾ നീ ഏത് ഏട്ടനാ?” ഹരിദാസന്റെ നേരെ തിരിഞ്ഞ് പോലീസ് ചോദിച്ചു.

“അദ്വാക്ക” ഹരിദാസനും പേര് മാറ്റി പറഞ്ഞു.

“അല്ല ഹരിദാസാ.നീ എന്നാ അദ്വാക്കയായത്?” ഹരിദാസന്റെ മറുപടി കേട്ട് സൽമാൻ ചോദിച്ചു.

“സൽമാൻ ഗോപാലേട്ടനായ അന്ന് മുതൽ ഹരിദാസൻ അദ്വാക്കയുമായി !!!“ ഹരിദാസൻ മറുപടി പറഞ്ഞു.

“കേറെടാ രണ്ടും ജീപ്പിൽ.ഓവർലോഡ് വച്ചതും പോരാ.പേരും മാറ്റി പറഞ്ഞ് പോലീസിനെ പറ്റിക്കാൻ നോക്കുന്നോനടക്ക് സ്റ്റേഷനിലേക്ക്.” പോലീസിന്റെ ആജ്ഞ കേട്ട് ഒരു ഞെട്ടലോടെ രണ്ട് പേരും ജീപ്പിൽ കയറി

സ്റ്റേഷനിൽ പോയി തിരിച്ചെത്തിയ ഹരിദാസനും സൽമാനും ഞങ്ങൾക്ക് തന്ന പുതുവത്സര സന്ദേശം ഇതായിരുന്നു – “ഡിസമ്പർ മാസത്തിൽ ഓവർലോഡ് പാടില്ല !!“

Monday, June 23, 2008

ഓര്‍മ്മയിലെ കോര്‍മ !!

പയ്യന്‍സായിരുന്ന ഞാനും അനിയനും ഇത്തിരി മുതിര്‍ന്ന കാലം.പാത്രം കഴുകുക,വെള്ളം കോരുക,തെങ്ങ്‌-കമുക്‌ തൈകള്‍ നനക്കുക തുടങ്ങീ പിള്ളേര്‍ പണികള്‍ക്ക്‌ പുറമേ പറമ്പില്‍ പോകുക,അങ്ങാടിയില്‍ നിന്നും സാധനങ്ങള്‍ വാങ്ങിക്കൊണ്ടുവരിക,റേഷന്‍ പീടികയില്‍ പോകുക തുടങ്ങീ ജോലികള്‍ കൂടി ചെയ്യേണ്ട പോസ്റ്റിലേക്ക്‌ ഞങ്ങള്‍ക്ക്‌ രണ്ട് പേർക്കും ഒരുമിച്ച്‌ പ്രമോഷന്‍ കിട്ടി.

ഒരു ദിവസം ഉമ്മ ഞങ്ങളെ രണ്ട്‌ പേരെയും വിളിച്ച്‌ കൊണ്ട്‌ പറഞ്ഞു.

"ആബോ.....അരി കയ്‌ഞ്ഞ്‌....ജ്ജും അഫിം (അനിയന്റെ പേര്‌ - അഫീഫ്‌) കൂടി ബീരാന്‍ക്കാന്റെ പീട്യേ പോയ്‌ അരി മാങ്ങി ബാ..."

"ഏതര്യാ...?"

"കുറുവ"

"ങേ..!" ഞങ്ങള്‍ രണ്ട് പേരും ഞെട്ടി.ലോകത്ത്‌ അന്നേ വരെ ഞങ്ങള്‍ കേട്ടിട്ടുള്ള അരികള്‍ ചാക്കിലിട്ട്‌ വയ്ക്കുന്ന ചാക്കരിയും വേറെ എവിടെയോ ഇട്ട്‌ വയ്ക്കുന്ന പച്ചരിയും മാത്രമായിരുന്നു...ഇപ്പോ ഇതാ കുറുമാന്‍ ന്നോ മറ്റോ പേരുള്ള പുതിയൊരു അരി !!!പതിനൊന്ന് മക്കളുള്ള മൂത്തുമ്മാക്ക് ഇനി ഒരു ആൺകുട്ടി ഉണ്ടാകാണെങ്കിൽ പറഞ്ഞ്  കൊടുക്കാൻ പറ്റിയ പേര്.

"ആ....എത്ര മാണം?"

"ഒരഞ്ച്‌ കിലോ മാങ്ങിക്കോ...രണ്ടാള്‌ം കൂടി ഏറ്റി കൊണ്ടന്നാ മതി..."

ഇന്നത്തെപ്പോലെ ഓട്ടോറിക്ഷകള്‍ വഴിമുടക്കാത്ത കാലമായിരുന്നതിനാല്‍ ഉമ്മ പറഞ്ഞപോലെ , സഞ്ചിയുമായി ഞങ്ങള്‍ അങ്ങാടിയിലേക്ക്‌ നടന്നു.

പോകുന്ന വഴിയില്‍, വീട്ടില്‍ നിന്നും അല്‍പം ദൂരം മാത്രം അകലെയാണ്‌ വിജയ ടാക്കീസ്‌ (സെക്കന്റ്‌ ഷോക്ക്‌ ഡയലോഗുകള്‍ കേട്ട്‌ സുഖമായി ഉറങ്ങാം).അതിന്റെ നേരെ എതിര്‍ഭാഗത്തുള്ള ഹോട്ടലില്‍, ടാക്കീസില്‍ ഓടിക്കൊണ്ടിരിക്കുന്ന സിനിമയിലെ രംഗങ്ങള്‍ അടങ്ങുന്ന ഫോട്ടോകള്‍ തൂക്കിയിട്ടുണ്ടാകും.സിനിമ കാണാന്‍ അനുവാദമില്ലാത്തതിനാല്‍ ഞാനും അനിയനും ഫോട്ടോയില്‍ നോക്കി അതിന്റെ തൊട്ടു പിന്നില്‍ ഇട്ട ചില്ലലമാരിയിലെ പഴം പൊരിയും നോക്കും(വെറുതെ ഒരു കാഴ്ച സുഖത്തിന്‌ !)

ടാക്കീസ്‌ കഴിഞ്ഞ്‌ വാഴയില്‍ പള്ളിയുടെ മുന്നിലൂടെ നടന്ന് YMB എന്ന വായനശാലക്ക്‌ അടുത്തുള്ള ബേക്കറിയിലെ കുപ്പി ഭരണികള്‍ക്കുള്ളില്‍ മനോഹരമായി അടുക്കി വച്ച മസാലബിസ്കറ്റുകളിലേക്ക്‌ ഒരു നോട്ടമെറിഞ്ഞ്‌ വായിലൂറിയ വെള്ളമിറക്കി ഞങ്ങള്‍ രണ്ട്‌ പേരും, ന്യൂബസാറില്‍ സ്ഥിതിചെയ്യുന്ന ബീരാന്‍ക്കയുടെ കടയിലെത്തി.

കടയിലേക്ക്‌ കയറിയ ഞങ്ങള്‍ പരസ്പരം ചോദ്യ ഭാവേന ഒന്ന് നോക്കി.ഉമ്മ പറഞ്ഞ അരിയുടെ പേര്‌ ഞങ്ങള്‍ രണ്ട്‌ പേരും സുന്ദരമായി മറന്നിരുന്നു. വീട്ടിലേക്ക്‌ തിരിച്ചുപോയി , പേര്‌ ചോദിച്ചു വരാന്‍ ഒത്തിരി ദൂരം നടക്കേണ്ടതിനാല്‍ അതിന്‌ മുതിര്‍ന്നില്ല.അപ്പോള്‍, കുഞ്ചുക്കുറുപ്പ്‌ പത്രം വായിച്ച പോലെ അനിയന്‍ പറഞ്ഞു.

"കൊ....കൊ..."

"ങാ....കിട്ടിപ്പോയ്‌...കോര്‍മ..." ഞാന്‍ വിജയീഭാവത്തില്‍ നെഞ്ച്‌വിരിച്ച്‌ വിളിച്ചു പറഞ്ഞു ( "എന്റെ അപാരമായ ഓര്‍മ്മശക്തി കാരണം നിനക്ക്‌ വീട്ടില്‍ പോയി വീണ്ടും വരേണ്ട ഗതികേട്‌ വന്നില്ല " എന്ന് അന്ന് ഞാന്‍ അനിയനോട്‌ പറഞ്ഞിരുന്നോ ഇല്ലയോ എന്ന് ജുഡീഷ്യല്‍ അന്വേഷണത്തിന്‌ വിട്ടിരിക്കുന്നു)

"കോര്‍മ ണ്ടോ?" ഞാന്‍ കടക്കാരനോട്‌ ചോദിച്ചു (എന്നെ നന്നായറിയുന്ന ബീരാന്‍ക്ക ചോദ്യം കേട്ട്‌ എന്നെ ഒന്നുഴിഞ്ഞ്‌ നോക്കിയോ?).

"ആ ഇണ്ട്.....എത്ര മാണം?"

"അഞ്ച്‌ കിലോ"

സാധനങ്ങൾ തൂക്കിത്തരുന്ന ആൾ തൂക്കിയ സാധനം ഞങ്ങള്‍ കാണിച്ച സഞ്ചിയിലേക്ക്‌ ചെരിഞ്ഞു.സാധനത്തിന്റെ കാശും കൊടുത്ത്‌ സഞ്ചി കെട്ടി അനിയന്റെ തലയില്‍ വച്ച്‌ കൊടുത്ത്‌ ഞങ്ങള്‍ വീട്ടിലേക്ക്‌ മടങ്ങി (പേര് ഞാന്‍ ഓര്‍മ്മിച്ചതിന്‌ അവന്‌ ഫൈന്‍ !!).

വീട്ടിനടുത്തെത്തിയപ്പോള്‍ ഞാന്‍ സഞ്ചി വാങ്ങി എന്റെ തലയില്‍ വച്ചു.വീട്ടിലെത്തിയ ഉടനെ ഉമ്മയെ വിളിച്ച്‌ ഞാന്‍ ഉറക്കെ പറഞ്ഞു.

"ഇമ്മ പറ്‌ഞ്ഞെ അരിന്റെ പേര്‌ ഞങ്ങള്‌ മറന്ന്.....പിന്നെ ഞാനല്ലേ പോയത്‌....അതോണ്ട്‌ സാധനം കിട്ടി....ഇതാ...." ഉമ്മ സഞ്ചി വാങ്ങി കെട്ടഴിക്കാന്‍ തുടങ്ങി.

"ആ...ജ്ജ്‌ അല്ലെങ്ക്‌ലും.....ങേ!!!" ഉമ്മ ഞെട്ടിത്തെറിച്ചു.

"എത്താ മ്മ...?" ഞാനും അനിയനും സഞ്ചിയിലേക്ക്‌ എത്തി നോക്കി ചോദിച്ചു.

"ഇതെത്താ ങള്‌ മാങ്ങി കൊണ്ടന്നത്‌ ?"

"അത്‌....ഓന്‍ പറഞ്ഞി 'കോര്‍മ' ന്ന്..." കിട്ടിയ അവസരം മുതലെടുത്ത്‌ അനിയന്‍ എന്റെ നേരെ കയറി.

"ആ.....ഓന്‍ കോയി കൊക്ക്‌ണ മാതിരി കൊ... കൊ...ന്ന് പറഞ്ഞപ്പം ഇച്ച്‌ കോര്‍മ ന്ന് ഓര്‍മ ബെന്ന്..."

"എടാ ......,, കോര്‍മ ന്ന് പറഞ്ഞാ പയ്ക്കളും പോത്തേളും ക്കെ തിന്ന്‌ണ സാധനാ.....ഞാമ്പറഞ്ഞെ കുറുവ ന്നാ.....ബേം പോയി മാറ്റി കൊണ്ടരി രണ്ടാളും....."

അപ്പോഴാണ്‌ ഞാന്‍ സഞ്ചിയിലേക്ക്‌ സൂക്ഷ്മമായി നോക്കിയത്‌.അരിയുമായി യാതൊരു ബന്ധവുമില്ലാത്ത കറുത്ത തവിട്‌ പോലെ എന്തോ ഒരു സാധനം - കോര്‍മ എന്റെ ഓര്‍മ്മയെ വെല്ലുവിളിച്ച്‌ പല്ലിളിക്കുമ്പോള്‍ അനിയന്‍ അടുത്ത്‌ തന്നെ നിന്ന് ചിരിക്കുന്നുണ്ടായിരുന്നു.

Tuesday, April 15, 2008

വിഷു പിറ്റേന്നത്തെ മാങ്ങാപൊള്ളല്‍ !!!

ഞങ്ങള്‍ ഒരു കോളനിയായാണ്‌ താമസം.രണ്ട്‌ അമ്മാവന്മാരും അവരുടെ മക്കളും ഉമ്മയുടെ മൂന്ന്‌ ജ്യേഷ്ഠത്തിമാരും അവരുടെ മക്കളും പേരമക്കളും എല്ലാം അടങ്ങുന്ന ഒരു കോളനി.അയല്‍വാസികളായി രാമന്‍ കുട്ട്യേട്ടനും മക്കളും കോരുവേട്ടനും മക്കളും , പിന്നെ തട്ടാന്‍ നമ്പിയേട്ടനും മക്കളും.

വൈകുന്നേരങ്ങളും അവധി ദിനങ്ങളും വേനലവധികാലവും പലതരം കളികളിലൂടെ കടന്നുപോയ്‌ കൊണ്ടിരുന്നു.ടിവി പ്രചാരത്തിലാകാത്ത കാലമായതിനാല്‍ ഒഴിവ്‌ സമയം മുഴുവന്‍ കളികളിലും കുസൃതികളിലും തന്നെ ചെലവഴിച്ചു.

അങ്ങനെ ഇരിക്കെ ഒരു വേനലവധികാലം കൂടി വന്നെത്തി.എളാമയുടെ പറമ്പില്‍ പടര്‍ന്നുപന്തലിച്ചു നില്‍ക്കുന്ന പഞ്ചാരമാവില്‍ നിറയെ മാങ്ങകളുണ്ടായി.ചെറിയൊരു കാറ്റടിച്ചാല്‍ മാങ്ങകള്‍ ചടപട വീഴും.മാങ്ങക്കായി കാത്തുനില്‍ക്കുന്ന കുട്ടികളായ ഞങ്ങള്‍ ശബ്ദം കേട്ട ദിശയിലേക്കോടും..മാങ്ങ കിട്ടിയവന്‍ വിജയശ്രീ ഭാവത്തില്‍ എല്ലാവരെയും മാങ്ങ ഒന്ന്‌ മണപ്പിക്കും.

പഞ്ചാരമാങ്ങയുടെ ഞെട്ടില്‍ നിന്നൊലിക്കുന്ന നീരിനെ ഞങ്ങള്‍ 'ചൊണ' എന്ന്‌ വിളിക്കും.മാങ്ങ ഞെട്ടോടെ അറുക്കുമ്പോള്‍ ചൊണ കണ്ണില്‍ വീണാല്‍ കണ്ണ്‌ പൊട്ടും എന്ന്‌ അന്ന്‌ കേട്ടിരുന്നു.ശരിയോ തെറ്റോ എന്നറിയില്ല.ചൊണ ശരീരത്തിലായാല്‍ ഒരു തരം പൊള്ളലും നീറ്റലും ഉണ്ടാകും.അന്ന്‌ ഞങ്ങളില്‍ മിക്കവരുടെയും മൂക്കിലോ ചുണ്ടിനടുത്തോ ഇത്തരം പൊള്ളലുകള്‍ സര്‍വ്വസാധാരണമായിരുന്നു.

പഞ്ചാരമാവ്‌ നില്‍ക്കുന്ന പറമ്പിന്റെ തൊട്ടപ്പുറത്തായിരുന്നു രാമന്‍ കുട്ട്യേട്ടന്റെ വീട്‌.ഒരു മതിലായിരുന്നു രണ്ട്‌ പറമ്പുകളേയും വേര്‍തിരിച്ച്‌ നിര്‍ത്തിയിരുന്നത്‌.(കുട്ടികളായ ഞങ്ങള്‍ക്ക്‌ ഈ മതിലിനപ്പുറം പോകാന്‍ ഇന്ത്യാ രാജ്യത്ത്‌ സ്വാതന്ത്ര്യമുണ്ടായിരുന്നില്ല!!!!)

വിഷുവായാല്‍ രാമന്‍ കുട്ട്യേട്ടന്റെ വീട്ടില്‍ പടക്കങ്ങള്‍ പൊട്ടാന്‍ തുടങ്ങും.സാധാരണ പടക്കങ്ങളും മാലപടക്കങ്ങളും ഒന്നോ രണ്ടോ ഓലപടക്കങ്ങളും എന്നതായിരുന്നു പടക്കം പൊട്ടിക്കലിലെ പതിവുചര്യ.ഗുണ്ടും ബോംബും ബാണവും ഒന്നും പ്രചാരത്തിലില്ലായിരുന്നു.പൂത്തിരിയും മത്താപ്പും കണ്ടതായി ഓര്‍ക്കുന്നുമില്ല.

പൊട്ടിയ പടക്കത്തിനുള്ളില്‍ ബാക്കി നില്‍ക്കുന്ന തരികള്‍ ശേഖരിച്ച്‌ കത്തിച്ചാല്‍ ഒരു പൂത്തിരി എഫക്ട്‌ കിട്ടും എന്ന് കോരുവേട്ടന്റെ മകന്‍ സജി ഞങ്ങള്‍ക്ക്‌ ഡെമോണ്‍സ്റ്റ്രേറ്റ്‌ ചെയ്ത്‌ കാണിച്ചുതന്നു.പടക്കം വാങ്ങി പൊട്ടിച്ചാല്‍ മാതാപിതാക്കളില്‍ നിന്നും ചീത്തകേള്‍ക്കും എന്നതിനാല്‍ പൊട്ടിയ പടക്കങ്ങള്‍ ശേഖരിച്ച്‌ കത്തിക്കലായിരുന്നു വിഷുക്കാലത്തെ ഞങ്ങളുടെ പ്രധാന കലാപരിപാടി.

പതിവുപോലെ ആ വര്‍ഷത്തെ വിഷുദിനത്തിലും രാമന്‍ കുട്ട്യേട്ടന്റെ വീട്ടില്‍ ധാരാളം പടക്കങ്ങള്‍ പൊട്ടി.പൊട്ടിച്ച പടക്കങ്ങളുടെ അവശിഷ്ടങ്ങള്‍ പിറ്റേ ദിവസം അടിച്ചുവാരി മതിലിനടുത്തുള്ള തെങ്ങിന്‍കുഴിയില്‍ നിക്ഷേപിച്ചിരുന്നു.അന്ന് മാങ്ങ പെറുക്കാന്‍ പോയ മൂത്തുമ്മയുടെ മകന്‍ സല്‍മാനും അമ്മാവന്റെ മകന്‍ ഫിറോസും നേരെ മാവിനപ്പുറമുള്ള മതിലില്‍ കയറി രാമന്‍ കുട്ട്യേട്ടന്റെ തൊടിയിലേക്ക്‌ എത്തി നോക്കി.

"ഹായ്‌.....നിറയെ പടക്കങ്ങള്‍" - അവരുടെ മുഖത്ത്‌ സന്തോഷപൂത്തിരി കത്തി.

രാമന്‍ കുട്ട്യേട്ടന്റെ വീട്ടുകാരും കോളനിയിലെ വീട്ടുകാരും കാണുന്നില്ല എന്ന് ഉറപ്പ്‌വരുത്തി അവര്‍ മതില്‍ ചാടി തെങ്ങിന്‍കുഴിയിലെത്തി.വളരെ പെട്ടെന്ന് തന്നെ പടക്കാവശിഷ്ടങ്ങള്‍ ശേഖരിച്ച്‌ ട്രൗസറിന്റെ പോക്കറ്റില്‍ താഴ്ത്തി തിരിച്ചുകയറി.ശേഷം സല്‍മാന്‍ ഫിറോസിനോട്‌ പറഞ്ഞു.

"ഞാനിത്‌ തൊലിച്ച്‌ മരുന്നെടുക്കാം...നീ പോയി തീപ്പെട്ടി കൊണ്ടുവാ..."

മനസ്സില്ലാമനസ്സോടെ ഫിറോസ്‌ വീട്ടില്‍ പോയി , വല്ല്യുമ്മ കാണാതെ തീപ്പെട്ടി കൈക്കലാക്കി തിരിച്ചെത്തി.സല്‍മാന്‍ പടക്കങ്ങള്‍ പൊളിച്ച്‌ മണല്‍തരി പോലുള്ള മരുന്ന് ഒരു കടലാസിലേക്ക്‌ തട്ടിക്കൊണ്ടിരുന്നു.മുഴുവന്‍ പടക്കങ്ങളും പൊളിച്ചുകഴിഞ്ഞ്‌ സല്‍മാന്‍ പറഞ്ഞു.

"ഇനി കത്തിക്കാം....തീപ്പെട്ടി ഉരക്ക്‌...."
ഫിറോസ്‌ തീപ്പെട്ടി ഉരച്ചതും ഒരു കാറ്റ്‌ വന്ന് അത്‌ അണച്ചതും ഒപ്പമായിരുന്നു.

"കാറ്റിനെതിരെ കുനിഞ്ഞിരുന്ന് കത്തിക്ക്‌....കടലാസ്‌ ഞാന്‍ പിടിക്കാം...." സല്‍മാന്‍ നിര്‍ദ്ദേശം കൊടുത്തു.

ഫിറോസ്‌ കടലാസിനടുത്ത്‌ കുനിഞ്ഞിരുന്നു.സല്‍മാന്‍ കടലാസ്‌ കാറ്റില്‍ പറക്കാതെ അമര്‍ത്തിപ്പിടിച്ചു.തീപ്പെട്ടി ഉരസിയതും അത്‌ കത്തി.ഫിറോസ്‌ ഒന്ന് കൂടി കുനിഞ്ഞ്‌ കടലാസിനടിയിലേക്ക്‌ കത്തുന്ന തീപ്പെട്ടിക്കൊള്ളി വച്ചു. "ഫൂ....." മരുന്നിന്‌ പിടിച്ച തീ ശീല്‍ക്കാര ശബ്ദത്തോടേ ഉയര്‍ന്നു.ഫിറോസിന്റെയും സല്‍മാന്റെയും മുഖത്ത്‌ ചൂട്‌ ശക്തിയായടിച്ചു.സംഭവിച്ചതെന്തന്നറിയാതെ കരുവാളിച്ച മുഖവുമായി രണ്ടുപേരും എണീറ്റോടി ആരും കാണാതെ അമ്മാവന്റെ വീടിന്റെ മാളികപ്പുറത്ത്‌ കയറിയിരുന്നു.

അല്‍പം കഴിഞ്ഞ്‌ ചായകുടിക്കാന്‍ അമ്മായി രണ്ടുപേരെയും വിളിച്ചു.മുഖത്തിന്റെ സ്ഥിതി അറിയാതെ നീറുന്ന മുഖവുമായി രണ്ടുപേരും ഇറങ്ങിവന്നു.ഫിറോസിന്റെ മുഖം കണ്ടപാടെ അമ്മായി ചോദിച്ചു.
"എന്താടാ മൊഖത്ത്‌ പറ്റ്യേത്‌ ?"

"അതോ...അത്‌....ഞങ്ങള്‍ രണ്ടാളും മാങ്ങ ബ്‌ക്‌ണ്ടോന്ന്* മോള്‌ക്ക്‌* നോക്ക്യങ്ങനെ ന്‌ക്കുമ്പം ഒര്‌ കോമ്പല* മാങ്ങ പടോന്ന് ന്റെ മോത്ത്‌*ക്കങ്ങട്ട്‌ ബീണ്‌ ഓന്റെ മോത്ത്‌ക്കങ്ങട്ട്‌ തെറ്‌ച്ചി.അയിന്റെ ചൊണ പൊള്ള്യേതാ മോത്ത്‌.അല്ലാതെ പടക്കത്തിന്റെ മര്‌ന്ന് കത്തിച്ചതൊന്നും അല്ല....ലേ സലൂ..." 
സല്‍മാനെ നോക്കി ഫിറോസ്‌ പറഞ്ഞപ്പോള്‍ അമ്മായി വാവിട്ട്‌ ചിരിച്ചുപോയി.

****************************
ബ്‌ക്‌ണ്ടോന്ന് = വീഴുന്നോന്ന്
മോള്‌ക്ക്‌ = മുകളിലേക്ക്‌
കോമ്പല = കുല
മോത്ത്‌ = മുഖത്ത്‌

Wednesday, October 03, 2007

കൂണ്‍ ശേഖരണം

ഇടവപ്പാതി കനക്കുമ്പോഴോ അതോ തുലാവര്‍ഷം ആരംഭിക്കുമ്പോഴാ എന്നറിയില്ല . കൂനിടി (കൂണ്‍ ഇടി) എന്ന ഒരു മൃദുവായ ഇടി വെട്ടുമ്പോളാണ്‌ കൂണുകള്‍ അഥവാ കുമിളുകള്‍ പൊട്ടിമുളക്കുന്നത്‌ എന്നതായിരുന്നു കുട്ടികളായ ഞങ്ങളുടെ ധാരണ.അതിനാല്‍ ഇടി വെട്ടുമ്പോളെല്ലാം അത്‌ കൂനിടിയോ അതോ മറ്റ്‌ വല്ല ഇടിയോ എന്ന് മുതിര്‍ന്നവരോട്‌ ഞങ്ങളന്വേഷിക്കും. കൂനിടിയാണെങ്കില്‍ മഴ തോരുന്ന തക്കത്തില്‍ പറമ്പിലും മറ്റും പോയി പരതിനോക്കും.കൂനിടി വെട്ടിയാല്‍ മാത്രമേ കൂണ്‍ മുളക്കൂ എന്ന ഒരു അബദ്ധധാരണയും അന്ന് ഞങ്ങളില്‍ പ്രചരിച്ചു. 

കൂണില്‍ തന്നെ തിന്നാന്‍ കൊള്ളുന്നവയും കൊള്ളാത്തവയും ഉണ്ട്‌.തിന്നാന്‍ കൊള്ളാത്തവയെ ഞങ്ങള്‍ പിരാന്തന്‍ കൂണ്‍ എന്ന് വിളിക്കും.കുട്ടികളായ ഞങ്ങള്‍ക്ക്‌ അവയെ രണ്ടും തിരിച്ചറിയാന്‍ വലിയ പ്രയാസമായിരുന്നു.കൂണിന്റെ തൊപ്പിക്ക്‌ തൊട്ടു താഴെ ഒരു മോതിരം പോലെ വളയം ഉള്ളത്‌ തിന്നാന്‍ പറ്റുന്നവയും അല്ലാത്തവ തിന്നാന്‍ പറ്റാത്തവയും എന്ന ഒരു സാമാന്യ നിഗമനമുണ്ട്‌. 

അങ്ങനെയിരിക്കെ ഒരു ദിവസം തലേന്നത്തെ കോരിച്ചൊരിയുന്ന മഴയുടെ തുടര്‍ച്ചയെന്നോണം കൂണിടി വെട്ടി.മഴക്ക്‌ ഒരു താല്‍കാലിക വിരാമം വന്നതിനാല്‍ കുട്ടികളെല്ലാവരും കളിക്ക്‌ കോപ്പു കൂട്ടുകയായിരുന്നു . ഞാനും കളിക്കാനായി വീട്ടില്‍ നിന്ന് പുറത്തിറങ്ങി. 

അപ്പോഴാണ് വഴിയില്‍ അവിടെയുമിവിടെയുമുണ്ടായ ചെറിയ വിള്ളലുകള്‍ എന്റെ ശ്രദ്ധയില്‍പ്പെട്ടത്.
'അതാ ഒരു വിള്ളലിനകത്തു നിന്ന് ഒരു കൂണ്‍തൊപ്പി പുറത്ത്ചാടാന്‍ വെമ്പുന്നു'.
എനിക്ക്‌ സംഗതി പിടി കിട്ടി.ഈ വിള്ളലെല്ലാം കൂണ്‍ പൊട്ടുന്നതിന്റെ ലക്ഷണങ്ങളാണ്‌.എന്റെ ഉള്ളം സന്തോഷം കൊണ്ട്‌ നിറഞ്ഞു. 

വീട്ടിൽ നിന്ന് ഒരു വലിയ പാത്രവും കൂൺ കിളക്കാനായി തൊടിയിൽ നിന്ന് നീളമുള്ള ഒരു കമ്പുമെടുത്ത്‌ ഞാന്‍ കൂണ്‍ ശേഖരണത്തിനിറങ്ങി.ആദ്യം കണ്ട കൂണിനെ കൈകൊണ്ട്‌ വലിച്ചു.തണ്ട്‌ പൊട്ടി അതിന്റെ മുകള്‍ ഭാഗം എന്റെ കയ്യിലും അടിഭാഗം ഭൂമിയിലുമായി നിന്നു.ബാക്കിയായ ഭാഗം കൂടി ലഭിക്കാനായി ഞാന്‍ വടി കൊണ്ട്‌ കുഴിക്കാന്‍ തുടങ്ങി.മുഴുവന്‍ കിട്ടാനായി ഞാന്‍ മാക്സിമം വിസ്താരത്തില്‍ ഒരു കുഴിയുണ്ടാക്കി.ഒരു ചെറിയ കഷ്ണം കൂടി ലഭിച്ചതല്ലാതെ കൂടുതല്‍ നേട്ടങ്ങളൊന്നും ഉണ്ടായില്ല. 

അടുത്ത വിള്ളലിനടുത്തെത്തി ഞാന്‍ വീണ്ടും മാന്താന്‍ തുടങ്ങി.പത്ത്‌ പതിനഞ്ച്‌ സെന്റിമീറ്റര്‍ ആഴമുള്ള കുഴിയായിട്ടും എനിക്കൊന്നും കിട്ടാത്തതിനാല്‍ ആ ശ്രമം ഉപേക്ഷിച്ച്‌ അടുത്ത വിള്ളലിനടുത്തെത്തി.അവിടെയും മാന്തി മാന്തി അത്യാവശ്യം നല്ലൊരു ഗട്ടറുണ്ടാക്കി.ഇങ്ങിനെ വഴിയില്‍ കണ്ട വിള്ളലെല്ലാം ഗട്ടറുകളാക്കി മാറ്റിയെങ്കിലും എനിക്ക് കൂടുതല്‍ കൂണ്‍ ഒന്നും തന്നെ കിട്ടിയില്ല.വിവരം ഞാന്‍ എന്റെ  ഉമ്മയെ ധരിപ്പിക്കുകയും ചെയ്തു. 

വൈകുന്നേരം അതു വഴി വന്ന മൂത്താപ്പയുടെ മകന്‍ അബ്ദുറഹീം , വഴി നിറയെ കുഴി കണ്ട്‌ ചോദിച്ചു - 
" ഇതെന്താ വഴി നിറയെ കുഴികള്‍? രാവിലെ ഉണ്ടായിരുന്നില്ലല്ലോ..." 

"അത്‌...ആബി കൂണിന്‌ വേണ്ടി കുഴിച്ചതാ..." എന്റെ ഉമ്മ റഹീമിനോട് പറഞ്ഞു.

"അയ്യോ....അതെല്ലാം രാവിലെതന്നെ ഞാന്‍ പറിച്ചിരുന്നു.ഒരു പിരാന്തന്‍ കൂണ്‍ മാത്രം പറിക്കാതെ ഞാന്‍ ബാക്കി വച്ചിരുന്നു ...!!" 

അപ്പോഴാണ്‌ എനിക്ക്‌ കിട്ടിയ ഒരു കൂണിന്റെ രഹസ്യവും മറ്റ്‌ കൂണുകള്‍ കിട്ടാഞ്ഞതിന്റെ പരസ്യവും ഞാനറിഞ്ഞത്‌.

Saturday, May 05, 2007

ഒരു ചക്ക കടത്ത്‌ (ബാല്യകാലസ്മരണകള്‍ - ഏഴ്‌ )

                ഒരു വേനലവധിക്കാലം.പറമ്പില്‍ ചക്കയും മാങ്ങയും വിളയുന്ന കാലം.ഞങ്ങള്‍ താമസിക്കുന്ന പറമ്പിന്‌ പുറമെ വേറെ രണ്ട്‌ പറമ്പുകള്‍ കൂടി ഞങ്ങള്‍ക്കുണ്ടായിരുന്നു. അവ രണ്ടും രണ്ട്‌ ദിശയില്‍ അല്‍പം അകലെയായിരുന്നു.അവയില്‍ വലിയപറമ്പിനെ അത്തിക്കോടെന്നും ചെറുതിനെ മാന്ത്രികച്ചോല എന്നും വിളിച്ചിരുന്നു.

             വേനലവധിക്കാലത്ത്‌ എനിക്കും അനിയനുമുള്ള പ്രധാന പണി ആഴ്ചയിലൊരിക്കല്‍ ഈ പറമ്പുകളില്‍ പോയി അവിടെയുള്ള സസ്യ- വൃക്ഷലതാദികളുടെ സുഖവിവരങ്ങള്‍ ബാപ്പയെ അറിയിക്കുക എന്നതായിരുന്നു.ഞങ്ങള്‍ക്കിഷ്ടപ്പെട്ട പണി ആയതുകൊണ്ടല്ല, ബാപ്പയുടെ ഓര്‍ഡര്‍ ആയിരുന്നു ഈ പണിയുടെ പിന്നിലെ രഹസ്യം.

            ഒറ്റപ്പെട്ട പറമ്പായതിനാല്‍ അത്തിക്കോട്‌ പോകാന്‍ ഞങ്ങള്‍ക്ക്‌ പേടിയാണ്‌.അതിനാല്‍ അമ്മാവന്റെയും മൂത്താപ്പമാരുടെയും മക്കളെ പലതും പറഞ്ഞ്‌ ഒപ്പം കൂട്ടും - മാങ്ങയുണ്ടാകും , പറങ്കിമാങ്ങയുണ്ടാകും , തെച്ചിക്കായയുണ്ടാകും കാഞ്ഞിരക്കുരുവുണ്ടാകും തുടങ്ങീ 'വമ്പന്‍' ഓഫറുകളില്‍ കുരുങ്ങി അവര്‍ ഞങ്ങളുടെ കൂടെ കൂടും.മിക്കവാറും ഏറ്റവും മിനിമം ഓഫറായ തെച്ചിക്കായയും തിന്ന് തിരിച്ച്‌ പോരും.

          അങ്ങിനെ ഇരിക്കെ ഒരു ദിവസം ബാപ്പയുടെ മാര്‍ച്ചിംഗ്‌ ഓര്‍ഡര്‍ കിട്ടി - അത്തിക്കോട്‌ പോയി ചക്ക , മാങ്ങ , തേങ്ങ എന്നിവയുടെ സെന്‍സസ്‌ എടുത്ത്‌ വരണം. മൂത്ത ചക്കയോ വാഴക്കുലയോ ഉണ്ടെങ്കില്‍ വെട്ടിക്കൊണ്ട്‌ വരികയും വേണം ( മൂപ്പ്‌ നോക്കാന്‍ അറിയാത്ത ഞങ്ങള്‍ രണ്ട്‌ മൂപ്പന്മാര്‍ കഥകഴിച്ച വാഴക്കുലകളുടെ എണ്ണം ഉമ്മാക്കേ അറിയൂ ).

          ഹൈക്കമാണ്ട്‌ ഓര്‍ഡര്‍ പ്രകാരം ഞങ്ങള്‍ രണ്ട്‌ പേരും അത്തിക്കോട്ടേക്ക്‌ പുറപ്പെട്ടു.അന്ന് ഞങ്ങളുടെ ഓഫറില്‍ അമ്മാവന്റെയും മൂത്താപ്പമാരുടെയും മക്കളാരും തന്നെ വീണില്ല.അതിനാല്‍ ഞങ്ങള്‍ രണ്ട്‌പേരായി തന്നെ അത്തിക്കോട്ടെത്തി. തേങ്ങയുടെയും മാങ്ങയുടെയും കണക്കെടുപ്പ്‌ കഴിഞ്ഞ്‌ ഞങ്ങള്‍ വരിക്കപ്ലാവിന്റെ അടുത്തെത്തി.അതാ നില്‍ക്കുന്നു , കാഴ്ചയില്‍ മുഴുത്ത ഒരു വമ്പന്‍ ചക്ക.

           കാഴ്ചയില്‍ വലിയവനായതിനാല്‍ മൂപ്പെത്തിയിരിക്കും എന്ന ധാരണയില്‍ ഞങ്ങള്‍ അവന്റെ ഞെട്ടിക്ക്‌ കല്ലുകൊണ്ട് ഇടിച്ച്‌ ഇടിച്ച്‌ അവനെ താഴെ ഇട്ടു. താഴെ വീണ ചക്കയില്‍ നിന്നും വെള്ള നിറത്തിലുള്ള 'ചോര' ഇറ്റുവീണു കൊണ്ടിരുന്നു.ഇനി ഇവനെ വീട്ടിലെത്തിക്കണമല്ലോ ? 

             മൂത്തവനായ ഞാന്‍ ചക്ക പൊക്കാന്‍ ശ്രമിച്ചു. തറനിരപ്പില്‍ നിന്നും അല്‍പം പൊങ്ങിയപ്പോഴേക്കും ചക്കമുള്ള്‌ കൊണ്ട്‌ കൈ വേദനിച്ചതിനാല്‍ ഞാന്‍ ചക്ക താഴെ ഇട്ടു.അടുത്തതായി അനിയനും ഒരു ശ്രമം നടത്തി സമ്പൂര്‍ണ്ണ പരാജയം സമ്മതിച്ചു. നിലത്തിട്ട ചക്കയെ , ഒരു കിലോീമീറ്ററോളം അകലെയുള്ള വീട്ടില്‍ ഇനി എങ്ങനെ എത്തിക്കും എന്നാലോചിച്ച്‌ ഞങ്ങള്‍ക്ക്‌ കരച്ചില്‍ വന്നു.ചക്ക അവിടെതന്നെ ഉപേക്ഷിച്ചുപോയാല്‍ ആ വിവരം എങ്ങനെയെങ്കിലും ബാപ്പ അറിഞ്ഞാല്‍ കിട്ടുന്ന അടിയോര്‍ത്ത്‌ ഞങ്ങള്‍ ചിന്താമഗ്നരായി ഇരുന്നു. പെട്ടെന്ന് എന്റെ തലയില്‍ ബള്‍ബ്‌ മിന്നി.

            "നിന്റെ തുണി അഴിക്ക്‌....നമുക്ക്‌ ചക്ക അതില്‍ പൊതിഞ്ഞ്‌ രണ്ട്‌ പേരും രണ്ടറ്റം പിടിച്ച്‌ കൊണ്ടുപോകാം...." ഞാന്‍ അനിയനോട്‌ പറഞ്ഞു.

"നല്ല ഐഡിയ...പക്ഷേ ചക്ക ഇക്കാക്കയുടെ തുണിയില്‍ പൊതിഞ്ഞാല്‍ മതി...;'

"അവസാനമായി നീ കുത്തിയപ്പോളാ ചക്ക വീണത്‌...അതുകൊണ്ട്‌ നിന്റെ തുണിയില്‍ പൊതിയണം..." ഞാനും വിട്ടില്ല

"ഇക്കാക്ക എടുക്കും എന്ന് കരുതിയാ ഞാന്‍ ചക്ക ഇട്ടത്‌....അതുകൊണ്ട്‌ ഇക്കാക്കയുടെ തുണിയില്‍ തന്നെ പൊതിയണം..." അവനും വിട്ടില്ല.

"ഛെ...ഛെ...ഇക്കാക്കയുടെ തുണി അഴിച്ചാല്‍ ...?? ഈ ഷഡ്ഡിയും ഇട്ട്‌ ചക്കയും കൊണ്ട്‌ ഇക്കാക്ക അങ്ങാടിയിലൂടെ പോകേണ്ടി വരില്ലേ? നീ ചെറുതായതിനാല്‍ നിനക്ക്‌ ഷഡ്ഡിയിട്ട്‌ റോട്ടിലൂടെ നടക്കാം....നിന്റെ പുതിയ ഷഡ്ഡി എല്ലാവരും കാണുകയും ചെയ്യും..." ഞാന്‍ ഒരു നമ്പറിറക്കി.

"പക്ഷേ....ഞാന്‍ പഴയ ഷഡ്ഡിയാ ഇട്ടിരിക്കുന്നത്‌.... ഇക്കാക്കയുടെ സൂത്രം എന്റെ അടുത്ത്‌ വേണ്ടാ....ഇക്കാക്ക ഷഡ്ഡി ഇട്ടിട്ടില്ല എന്ന് എനിക്കറിയാം...!!!അതുകൊണ്ട്‌ ഇപ്രാവശ്യം ചക്ക എന്റെ തുണിയില്‍ തന്നെ പൊതിയാം...അടുത്ത പ്രാവശ്യം ഇക്കാക്കയുടെ തുണിയില്‍ തന്നെ പൊതിയണം..."

"ആ...സമ്മതിച്ചു " 

ഞാന്‍ ആശ്വാസത്തോടെ നെടുവീര്‍പ്പിട്ടു. ശേഷം അവന്റെ തുണി അഴിച്ച്‌ നിലത്ത്‌ വിരിച്ച്‌ ചക്ക അതിലേക്ക്‌ ഉരുട്ടിക്കയറ്റി.ഒരറ്റം അവനും മറ്റേ അറ്റം ഞാനും ചുരുട്ടിപ്പിടിച്ചു.അങ്ങിനെ ചക്കയും കൊണ്ട്‌ ഞങ്ങള്‍ വീട്ടിലേക്ക്‌ തിരിച്ചു.വഴിയില്‍ പലരും ഞങ്ങളെ കൗതുകത്തോടെ നോക്കുന്നത്‌ ഞങ്ങള്‍ അറിഞ്ഞതേ ഇല്ല.വീട്ടിലെത്തിയപ്പോഴേക്കും ചക്കയുടെ പശയും ചക്കമുള്ളും കൊണ്ട്‌ തുണി അകാലചരമം പ്രാപിച്ചിരുന്നു.