Pages

Saturday, May 05, 2007

ഒരു ചക്ക കടത്ത്‌ (ബാല്യകാലസ്മരണകള്‍ - ഏഴ്‌ )

ഒരു വേനലവധിക്കാലം.പറമ്പില്‍ ചക്കയും മാങ്ങയും വിളയുന്ന കാലം.ഞങ്ങള്‍ താമസിക്കുന്ന പറമ്പിന്‌ പുറമെ വേറെ രണ്ട്‌ പറമ്പുകള്‍ കൂടി ഞങ്ങള്‍ക്കുണ്ടായിരുന്നു. അവ രണ്ടും രണ്ട്‌ ദിശയില്‍ അല്‍പം അകലെയായിരുന്നു.അവയില്‍ വലിയപറമ്പിനെ അത്തിക്കോടെന്നും ചെറുതിനെ മാന്ത്രികച്ചോല എന്നും വിളിച്ചിരുന്നു. വേനലവധിക്കാലത്ത്‌ എനിക്കും അനിയനുമുള്ള പ്രധാന പണി ആഴ്ചയിലൊരിക്കല്‍ ഈ പറമ്പുകളില്‍ പോയി അവിടെയുള്ള സസ്യ- വൃക്ഷലതാദികളുടെ സുഖവിവരങ്ങള്‍ ബാപ്പയെ അറിയിക്കുക എന്നതായിരുന്നു.ഞങ്ങള്‍ക്കിഷ്ടപ്പെട്ട പണി ആയതുകൊണ്ടല്ല, ബാപ്പയുടെ ഓര്‍ഡര്‍ ആയിരുന്നു ഈ പണിയുടെ പിന്നിലെ രഹസ്യം.ഒറ്റപ്പെട്ട പറമ്പായതിനാല്‍ അത്തിക്കോട്‌ പോകാന്‍ ഞങ്ങള്‍ക്ക്‌ പേടിയാണ്‌.അതിനാല്‍ അമ്മാവന്റെയും മൂത്താപ്പമാരുടെയും മക്കളെ പലതും പറഞ്ഞ്‌ ഒപ്പം കൂട്ടും - മാങ്ങയുണ്ടാകും , പറങ്കിമാങ്ങയുണ്ടാകും , തെച്ചിക്കായയുണ്ടാകും കാഞ്ഞിരക്കുരുവുണ്ടാകും തുടങ്ങീ 'വമ്പന്‍' ഓഫറുകളില്‍ കുരുങ്ങി അവര്‍ ഞങ്ങളുടെ കൂടെ കൂടും.മിക്കവാറും ഏറ്റവും മിനിമം ഓഫറായ തെച്ചിക്കായയും തിന്ന് തിരിച്ച്‌ പോരും. അങ്ങിനെ ഇരിക്കെ ഒരു ദിവസം ബാപ്പയുടെ മാര്‍ച്ചിംഗ്‌ ഓര്‍ഡര്‍ കിട്ടി - അത്തിക്കോട്‌ പോയി ചക്ക , മാങ്ങ , തേങ്ങ എന്നിവയുടെ സെന്‍സസ്‌ എടുത്ത്‌ വരണം. മൂത്ത ചക്കയോ വാഴക്കുലയോ ഉണ്ടെങ്കില്‍ വെട്ടിക്കൊണ്ട്‌വരികയും വേണം. ( മൂപ്പ്‌ നോക്കാന്‍ അറിയാത്ത ഞങ്ങള്‍ രണ്ട്‌ മൂപ്പന്മാര്‍ കഥകഴിച്ച വാഴക്കുലകളുടെ എണ്ണം ഉമ്മാക്കേ അറിയൂ ) ഹൈക്കമാണ്ട്‌ ഓര്‍ഡര്‍ പ്രകാരം ഞങ്ങള്‍ രണ്ട്‌ പേരും അത്തിക്കോട്ടേക്ക്‌ പുറപ്പെട്ടു.അന്ന് ഞങ്ങളുടെ ഓഫറില്‍ അമ്മാവന്റെയും മൂത്താപ്പമാരുടെയും മക്കളാരും തന്നെ വീണില്ല.അതിനാല്‍ ഞങ്ങള്‍ രണ്ട്‌പേരായി തന്നെ അത്തിക്കോട്ടെത്തി. തേങ്ങയുടെയും മാങ്ങയുടെയും കണക്കെടുപ്പ്‌ കഴിഞ്ഞ്‌ ഞങ്ങള്‍ വരിക്കപ്ലാവിന്റെ അടുത്തെത്തി.അതാ നില്‍ക്കുന്നു , കാഴ്ചയില്‍ മുഴുത്ത ഒരു വമ്പന്‍ ചക്ക.കാഴ്ചയില്‍ വലിയവനായതിനാല്‍ മൂപ്പെത്തിയിരിക്കും എന്ന ധാരണയില്‍ ഞങ്ങള്‍ അവന്റെ ഞെട്ടിക്ക്‌ കല്ലുകൊണ്ടിടിച്ച്‌ ഇടിച്ച്‌ അവനെ താഴെ ഇട്ടു. താഴെ വീണ ചക്കയില്‍ നിന്നും വെള്ള നിറത്തിലുള്ള 'ചോര' ഇറ്റുവീണു കൊണ്ടിരുന്നു.ഇനി ഇവനെ വീട്ടിലെത്തിക്കണമല്ലോ ? മൂത്തവനായ ഞാന്‍ ചക്ക പൊക്കാന്‍ ശ്രമിച്ചു. തറനിരപ്പില്‍ നിന്നും അല്‍പം പൊങ്ങിയപ്പോഴേക്കും ചക്കമുള്ള്‌ കൊണ്ട്‌ കൈ വേദനിച്ചതിനാല്‍ ഞാന്‍ ചക്ക താഴെ ഇട്ടു.അടുത്തതായി അനിയനും ഒരു ശ്രമം നടത്തി സമ്പൂര്‍ണ്ണ പരാജയം സമ്മതിച്ചു. നിലത്തിട്ട ചക്കയെ , ഒരു കിലോീമീറ്ററോളം അകലെയുള്ള വീട്ടില്‍ ഇനി എങ്ങനെ എത്തിക്കും എന്നാലോചിച്ച്‌ ഞങ്ങള്‍ക്ക്‌ കരച്ചില്‍ വന്നു.ചക്ക അവിടെതന്നെ ഉപേക്ഷിച്ചുപോയാല്‍ ആ വിവരം എങ്ങനെയെങ്കിലും ബാപ്പ അറിഞ്ഞാല്‍ കിട്ടുന്ന അടിയോര്‍ത്ത്‌ ഞങ്ങള്‍ ചിന്താമഗ്നരായി ഇരുന്നു. പെട്ടെന്ന് എന്റെ തലയില്‍ ബള്‍ബ്‌ മിന്നി.ഞാന്‍ അനിയനോട്‌ പറഞ്ഞു. "നിന്റെ തുണി അഴിക്ക്‌....നമുക്ക്‌ ചക്ക അതില്‍ പൊതിഞ്ഞ്‌ രണ്ട്‌ പേരും രണ്ടറ്റം പിടിച്ച്‌ കൊണ്ടുപോകാം...." "നല്ല ഐഡിയ...പക്ഷേ ചക്ക ഇക്കാക്കയുടെ തുണിയില്‍ പൊതിഞ്ഞാല്‍ മതി...;' "അവസാനമായി നീ കുത്തിയപ്പോളാ ചക്ക വീണത്‌...അതുകൊണ്ട്‌ നിന്റെ തുണിയില്‍ പൊതിയണം..." ഞാനും വിട്ടില്ല "ഇക്കാക്ക എടുക്കും എന്ന് കരുതിയാ ഞാന്‍ ചക്ക ഇട്ടത്‌....അതുകൊണ്ട്‌ ഇക്കാക്കയുടെ തുണിയില്‍ തന്നെ പൊതിയണം..." അവനും വിട്ടില്ല. "ഛെ...ഛെ...ഇക്കാക്കയുടെ തുണി അഴിച്ചാല്‍ ...?? ഈ ഷഡ്ഡിയും ഇട്ട്‌ ചക്കയും കൊണ്ട്‌ ഇക്കാക്ക അങ്ങാടിയിലൂടെ പോകേണ്ടി വരില്ലേ? നീ ചെറുതായതിനാല്‍ നിനക്ക്‌ ഷഡ്ഡിയിട്ട്‌ റോട്ടിലൂടെ നടക്കാം....നിന്റെ പുതിയ ഷഡ്ഡി എല്ലാവരും കാണുകയും ചെയ്യും..." ഞാന്‍ ഒരു നമ്പറിറക്കി. "പക്ഷേ....ഞാന്‍ പഴയ ഷഡ്ഡിയാ ഇട്ടിരിക്കുന്നത്‌....ഇക്കാക്കയുടെ സൂത്രം എന്റെ അടുത്ത്‌ വേണ്ടാ....ഇക്കാക്ക ഷഡ്ഡി ഇട്ടിട്ടില്ല എന്ന് എനിക്കറിയാം...!!!അതുകൊണ്ട്‌ ഇപ്രാവശ്യം ചക്ക എന്റെ തുണിയില്‍ തന്നെ പൊതിയാം...അടുത്ത പ്രാവശ്യം ഇക്കാക്കയുടെ തുണിയില്‍ തന്നെ പൊതിയണം..." "ആ...സമ്മതിച്ചു " ഞാന്‍ ആശ്വാസത്തോടെ നെടുവീര്‍പ്പിട്ടു. ശേഷം അവന്റെ തുണി അഴിച്ച്‌ നിലത്ത്‌ വിരിച്ച്‌ ചക്ക അതിലേക്ക്‌ ഉരുട്ടിക്കയറ്റി.ഒരറ്റം അവനും മറ്റേ അറ്റം ഞാനും ചുരുട്ടിപ്പിടിച്ചു.അങ്ങിനെ ചക്കയും കൊണ്ട്‌ ഞങ്ങള്‍ വീട്ടിലേക്ക്‌ തിരിച്ചു.വഴിയില്‍ പലരും ഞങ്ങളെ കൗതുകത്തോടെ നോക്കുന്നത്‌ ഞങ്ങള്‍ അറിഞ്ഞതേ ഇല്ല.വീട്ടിലെത്തിയപ്പോഴേക്കും ചക്കയുടെ പശയും ചക്കമുള്ളും കൊണ്ട്‌ തുണി അകാലചരമം പ്രാപിച്ചിരുന്നു.

12 comments:

അരീക്കോടന്‍ said...

"പക്ഷേ....ഞാന്‍ പഴയ ഷഡ്ഡിയാ ഇട്ടിരിക്കുന്നത്‌....ഇക്കാക്കയുടെ സൂത്രം എന്റെ അടുത്ത്‌ വേണ്ടാ....ഇക്കാക്ക ഷഡ്ഡി ഇട്ടിട്ടില്ല എന്ന് എനിക്കറിയാം...!!!അതുകൊണ്ട്‌ ഇപ്രാവശ്യം ചക്ക എന്റെ തുണിയില്‍ തന്നെ പൊതിയാം...അടുത്ത പ്രാവശ്യം ഇക്കാക്കയുടെ തുണിയില്‍ തന്നെ പൊതിയണം..."
- എന്റെ ബാല്യകാലസ്മരണകള്‍

വല്യമ്മായി said...

ചെറുതെങ്കിലും ഒരുപാട് കാലം പിറകിലേക്ക് കൊണ്ടു പോയ മനോഹരമായ വിവരണം.

തറവാടി said...

ആബിദേ , ഇതു വായിച്ച് കുറെ ചിരിച്ചു.

ഞങ്ങള്‍ താമസം തറവാട്ടില്‍ നിന്നും മാറിയതിനുശേഷം , പറമ്പിലെ വെള്ളം നനയും മറ്റും ഞാനായിരുന്നു ചെയ്തിരുന്നത്.

പലതും ഓര്‍മ്മവന്നു :)

ചേച്ചിയമ്മ said...

:-)

ak47urs said...

മാഷേ..അനുജന്‍ അങ്ങനെ വിട്ടു കാണോ??
രാജാവ് നഗ്ന നാ‍ണേ.....

സഞ്ചാരി said...

കുഞ്ഞു മനസ്സിലെ കുഞ്ഞു വേല.
നന്നായിട്ടുണ്ട്.

കരീം മാഷ്‌ said...

രസായി,
ചക്കമുള്ളും,ചക്കച്ചുളയും,ചക്കവെളഞ്ഞിയും,ചക്കമടലും, ചക്കച്ചവുണിയും ചക്കക്കുരുവും ഓര്‍മ്മ വന്നു.
ചുള മുഴുവന്‍ തിന്നിട്ടും കൊതിയടങ്ങാത്തപ്പോള്‍ നെടിയ ചവുണി നോക്കി പറിച്ചു തിന്നിരുന്ന കുട്ടിക്കാലമോര്‍മ്മ വന്നു.

ബീരാന്‍ കുട്ടി said...

അരീക്കോടന്‍ മാഷെ,
കൈവിട്ട്‌ പോയ ബാല്യകാലത്തിന്റെ എരിയുന്ന ഓര്‍മ്മകള്‍. എത്രയോ കാലം പിന്നിലേക്കായിരുന്നു യാത്ര. ചക്കക്കുരു വറുത്ത്‌ തിന്ന് വിശപടക്കിയ കാലം. ഇപ്പോള്‍ ബാക്കിയായത്‌ ബാലന്‍സ്‌ഷിറ്റിലെ ഒരക്കം മാത്രം. തീരെ വിലയില്ലാത്ത, എന്നാല്‍ ഏറ്റവും വിലയുള്ള ഒരക്കം.
നാടന്‍ വിഭവങ്ങള്‍ നന്നായി. അഭിനന്തനങ്ങള്‍.

ഏറനാടന്‍ said...

അരീക്കോടാ ചക്കച്ചുളയുടെ ശിഷ്‌ടവും ചുളഞ്ഞിയും നോക്കിവന്നതാ.. അപ്പോഴാ കണ്ടത്‌ അകാലചരമം പ്രാപിച്ച മാഷുടെ മുണ്ട്‌ മിണ്ടാതെ കിടക്കുന്നത്‌! ഹഹഹ രസിച്ചുവായിച്ച്‌..

അപ്പു said...

അരീക്കോടാ.... ആ തെച്ചിപ്പഴത്തിന്റെ കാര്യം പറഞ്ഞത്‌ .... !!!! നല്ല പോസ്റ്റ്‌.

അരീക്കോടന്‍ said...

വല്ല്യമ്മായിയും തറവാടിയും ഒരുമിച്ച്‌ ചക്ക തിന്നാന്‍ വന്നതില്‍ സന്തോഷം.....
ചേചിയമ്മ , സഞ്ചാരീ , അപ്പൂ....നന്ദി
കരീം മാഷ്‌, ബീരാന്‍....ആ കാലം എന്തു രസായിരുന്നു അല്ലേ?
ak47 - ???
ഏറനാടാ....ബാക്കി അരീക്കോട്ടുണ്ട്‌...വരുന്നോ ? വെറുതെ ചോദിച്ചതാട്ടോ.....

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്::

നാണമില്ലാത്ത ഇക്കാക്കയോടാരാ പ്ലാവിന്റെ മോളിലു വലിഞ്ഞു കേറാന്‍ പറഞ്ഞത്?

Post a Comment

നന്ദി....വീണ്ടും വരിക