Pages

Showing posts with label പുസ്തകപരിചയം. Show all posts
Showing posts with label പുസ്തകപരിചയം. Show all posts

Tuesday, July 21, 2026

നൂറുൽ മുനീർ പൂർണ്ണാനന്ദ

ചുരുങ്ങിയ കാലം കൊണ്ട് മലയാളികൾക്കിടയിൽ ശ്രദ്ധേയനായ ഒരു എഴുത്ത്കാരനാണ് നിസാർ ഇൽത്തുമിഷ്. ഏതോ ഒരു കൃതിയിലെ (പേര് ഓർക്കുന്നില്ല) എന്തോ ഒരു വിവാദ പരാമർശമാണ് എൻ്റെ നാട്ടിൽ നിന്നും അര മണിക്കൂർ മാത്രം ദൂരത്തിൽ താമസിക്കുന്ന ഈ എഴുത്തുകാരൻ്റെ പുസ്തകങ്ങളിലേക്ക് എൻ്റെ ശ്രദ്ധ തിരിച്ചത്. അതിനാൽ തന്നെ മാർക്കറ്റിൽ ലഭ്യമായ അദ്ദേഹത്തിൻ്റെ നാല് പുസ്തകങ്ങൾ ഞാൻ ഒരുമിച്ച് വാങ്ങി.

കോഴിക്കോട് ജില്ലയിലെ ഒരു കുഗ്രാമത്തിൽ നിന്നുള്ള മുനീർ എന്ന മുസ്ലിമായ ഒരു വ്യക്തി കാശിയിലെത്തി പൂർണ്ണാനന്ദ എന്ന സന്യാസിയായി മാറുന്നതാണ് നൂറുൽ മുനീറുൽ പൂർണ്ണാനന്ദ എന്ന നോവലിൻ്റെ ഇതിവൃത്തം. പേര് കേൾക്കുമ്പോൾ തന്നെ ആരെയും ഒന്നമ്പരപ്പെടുത്തുന്ന പോലെയുള്ള പ്രവൃത്തികളാണ് പൂർണ്ണാനന്ദ കാശിയിൽ ചെയ്യുന്നത്. ഹിന്ദുമത വിശ്വാസ പ്രകാരം മോക്ഷം പ്രതീക്ഷിച്ച് കാശിയിലെത്തിച്ച് ചിതയിൽ വെച്ച മൃതശരീരങ്ങളുടെ ചെവിയിൽ ശഹാദത്ത് കലിമ യും മറ്റൊരവസരത്തിൽ ആയത്തുൽ കുർസി എന്ന ഖുർആനിലെ സൂക്തവും ഉരുവിടുന്ന ഒരു സന്യാസിയെ സങ്കല്പിക്കാൻ പോലും പറ്റാത്ത ഒരു കാലത്താണ് നിസാർ ഈ കഥ പറയുന്നത് എന്നത് ഏറെ അത്ഭുതകരമാണ്.

മുനീറിൻ്റെ കുട്ടിക്കാലത്തെ വിവരണങ്ങളാണ് എനിക്ക് ഇതിൽ ഏറെ ഹൃദ്യമായി തോന്നിയ ഭാഗം. 1970 - 80 കളിൽ ജനിച്ച മിക്ക കുട്ടികളും കടന്നുപോയ ഒരു ബാല്യകാലം ഇതിൽ വളരെ ഹൃദ്യമായ രീതിയിൽ എഴുതി വെച്ചിരിക്കുന്നു. അത് വായിക്കുന്ന നാല്പതു കഴിഞ്ഞ ഏതൊരാൾക്കും ആ ഓർമ്മകൾ മനസ്സിൽ തിങ്ങി നിറയും. പുതിയ ജനറേഷൻ ഇതൊന്നും അനുഭവിക്കാത്തതിനാൽ അത് അത്ര രുചികരമായി തോന്നും എന്ന് എനിക്ക് അഭിപ്രായമില്ല.

പട്ടിണിയും പ്രണയവും പകയും എല്ലാം ഈ നോവലിൻ്റെ വിവിധ ഭാഗങ്ങളിൽ കടന്നു വരുന്നുണ്ട്. കഥാനായകൻ മുനീറിൻ്റെ ബാല്യകാല സുഹൃത്ത് അബ്‌ദുവുമായുള്ള ചങ്ങാത്തത്തിൻ്റെ ആഴം അവരുടെ വേർപിരിയലിൻ്റെ നിമിഷങ്ങൾ വായിക്കുമ്പോൾ വായനക്കാരന് ശരിക്കും അനുഭവപ്പെടും. പേ ബാധിച്ച് അബ്‌ദു മരിക്കാൻ കിടക്കുന്ന നിമിഷം ഹൃദയഭേദകമായി തന്നെ നോവലിസ്റ്റ് അവതരിപ്പിക്കുന്നു.

ഇന്ത്യയിലെ വിവിധ മത വിഭാഗങ്ങളുടെ ഒട്ടുമിക്ക തീർത്ഥാടന കേന്ദ്രങ്ങളിലും ആത്മശാന്തി തേടി മുനീർ എത്തുന്നുണ്ട്. നോവലിലെ പരാമർശ വിഷയം എന്തുമാകട്ടെ, ഗൃഹാതുരത്വമുണർത്തുന്ന ബാല്യകാലവും നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഗ്രാമീണ നന്മകളും സുഹൃത് ബന്ധത്തിന്റെ അഗാധമായ ആഴവുമെല്ലാം നിറഞ്ഞ് നിൽക്കുന്ന നൂറുൽ മുനീറുൽ പൂർണ്ണാനന്ദ എന്ന കൃതി മികച്ച ഒരു വായനാനുഭവം നല്‍കുമെന്ന് തന്നെയാണ് എൻ്റെ അഭിപ്രായം.

പുസ്തകം : നൂറുൽ മുനീറുൽ പൂർണ്ണാനന്ദ
രചയിതാവ് : നിസാർ ഇൽത്തുമിഷ്
പബ്ലിഷർ : മാൻകൈൻഡ് ലിറ്ററേച്ചർ
പേജ് : 192
വില : Rs 325


Saturday, June 13, 2026

നനയുവാൻ ഞാൻ കടലാകുന്നു

വർഷങ്ങൾക്ക് മുമ്പ് ദീപാ നിശാന്തിൻ്റെ നനഞ്ഞു തീർത്ത മഴകൾ വായിച്ചപ്പോൾ അനുഭവിച്ച ഒരു ഭൂതകാല കുളിരുണ്ട്. എല്ലാവരുടെ ജീവിതത്തിലും സംഭവിക്കുന്ന കുഞ്ഞു കുഞ്ഞു കാര്യങ്ങളാണ് സ്വന്തം അനുഭവങ്ങളായി ദീപ ഊ പുസ്തകത്തിലൂടെ പറഞ്ഞു തരുന്നത്. പ്രസ്തുത ഓർമ്മക്കുറിപ്പിന് ശേഷം ഞാൻ വായിച്ച, ഓർമ്മകളുടെ മറ്റൊരു പുസ്തകമാണ് നനയുവാൻ ഞാൻ കടലാകുന്നു എന്ന കൃതി. മലയാളത്തിലെ പുതിയ എഴുത്തുകാരി നിമ്‌ന വിജയിൻ്റെ ഈ പുസ്തകവും ഏറ്റവും പ്രിയപ്പെട്ട നമ്മുടെ പല ഓർമ്മകളും നമ്മെ അയവിറപ്പിക്കും.

നിമ്നയുടെ ബെസ്റ്റ് സെല്ലറായ എത്രയും പ്രിയപ്പെട്ട എന്നോടും തുടർന്ന് വന്ന എത്രയും പ്രിയപ്പെട്ട നിന്നോടും കയ്യിലുണ്ടെങ്കിലും വായിക്കാൻ ഞാൻ ആദ്യം തെരഞ്ഞെടുത്തത്  നിമ്നയുടെ ആദ്യ കൃതിയായ നനയുവാൻ ഞാൻ കടലാകുന്നു എന്ന പുസ്തകമായിരുന്നു. പുസ്തകത്തിലൂടെ കടന്ന് പോകുമ്പോൾ നിങ്ങൾക്ക് നിങ്ങളെയും നിങ്ങളുടെ പ്രിയപ്പെട്ടവരെയും കണ്ടുമുട്ടാൻ കഴിയുമെന്ന ഉറപ്പാണ് രചയിതാവ് വായനക്കാരന് നൽകുന്നത്. അത് വളരെ ശരിയാണെന്നാണ് എൻ്റെ അനുഭവം.ഞാൻ നേരത്തെ എഴുതി വെച്ച ചില അനുഭവങ്ങൾ ആളും സ്ഥലവും സ്വൽപം ഘടനയും മാറി നിമ്നയുടെ ജീവിതത്തിലും സംഭവിച്ചു എന്നത് അത്‌ഭുതകരമായി തോന്നി.

സാഹിത്യ പാരമ്പര്യമോ മലയാള സാഹിത്യത്തിലെ ഏതെങ്കിലും രംഗത്ത് തലതൊട്ടപ്പന്മാരോ ഇല്ലാത്ത ഒരു എഴുത്തുകാരിക്ക് പ്രഥമ പുസ്തകത്തിലൂടെ തന്നെ ഇത്രയുമധികം സ്വീകാര്യത ലഭിച്ചത് എഴുത്തിൻ്റെ ശൈലി കൊണ്ട് തന്നെയായിരിക്കും. സാമൂഹ്യ മാധ്യമങ്ങളിൽ അഭിരമിക്കുന്ന യുവ തലമുറയിൽ നിന്ന് തന്നെ പ്രിൻ്റ് മീഡിയ രംഗത്തെ ഈ താരോദയം നമ്മുടെ പല കണക്ക് കൂട്ടലുകളും തെറ്റിക്കുന്നു. യൂസ്‌ലെസ്സ് എന്ന് മുദ്ര കുത്തിയ യുവത യഥാർത്ഥത്തിൽ യൂസ്ഡ്ലെസ്സ് ആയിരുന്നെന്ന് നിമ്ന നമ്മെ പഠിപ്പിക്കുന്നു.

മൂന്നാം ക്ലാസിൽ പഠിക്കുന്ന കാലത്ത് സ്‌കൂളിലെ ഒരദ്ധ്യാപകൻ യു പി ക്ലാസിലെ കുട്ടികളുടെ രചനകൾ സമാഹരിച്ച് ഒരു പുസ്തകം തയ്യാറാക്കിയതും എൽ പി ക്ലാസിൽ ആയതിനാൽ തൻ്റെ രചന അതിൽ ഉൾക്കൊള്ളിക്കാൻ സാധിക്കാത്തതിലെ സങ്കടവും നിമ്ന ഈ പുസ്തകത്തിൽ പങ്ക് വയ്ക്കുന്നുണ്ട്.  സ്വന്തമായി ഒരു പുസ്തകം പ്രസിദ്ധീകരിക്കുക എന്ന ലക്ഷ്യത്തിന്, ആ കുഞ്ഞു മനസ്സിൽ വിത്തിട്ടത് പ്രസ്തുത അദ്ധ്യാപകനാണ്. മലയാള സാഹിത്യത്തിന് നല്ലൊരു എഴുത്ത്കാരിയെ സംഭാവന ചെയ്ത ആ അദ്ധ്യാപകന് അഭിനന്ദനങ്ങൾ. ഒറ്റയിരുപ്പിന് വായിച്ച് തീർത്തില്ലെങ്കിലും വായിക്കാൻ പ്രചോദനം നൽകിക്കൊണ്ടിരിക്കുന്ന ഒരു പുസ്തകമാണ് നനയുവാൻ ഞാൻ കടലാകുന്നു.

പുസ്തകം: നനയുവാൻ ഞാൻ കടലാകുന്നു
രചയിതാവ്: നിമ്‌ന വിജയ്
പ്രസാധകർ: മാൻ കൈൻഡ് പബ്ലിക്കേഷൻസ്
പേജ് : 168
വില: 299 രൂപ

Saturday, May 23, 2026

മഞ്ഞ്‌

ശ്രീ എം.ടി വാസുദേവൻ നായർ മരിച്ച ദിവസമാണ് എൻ്റെ മൂന്നാമത്തെ പുസ്തകമായ 'പാഠം ഒന്ന് ഉപ്പാങ്ങ'യുടെ (പുസ്തകത്തെ കുറിച്ചറിയാൻ പേരിൽ ക്ലിക്ക് ചെയ്യുക) പ്രകാശനം ശ്രീ.പി.കെ പാറക്കടവ് എന്റെ നാട്ടിൽ വെച്ച് നടത്തിയത്. എം.ടിയുടെ മരണ വാർത്തയുടെ വിശദമായ കുറിപ്പുകളിൽ അദ്ദേഹം എഴുതിയ മഞ്ഞ് എന്ന നോവലിനെപ്പറ്റി പല തവണ പരാമർശിച്ചത് ഞാൻ ശ്രദ്ധിച്ചിരുന്നു. വായന ഹരമായിരുന്ന കൗമാര കാലത്ത് ഈ നോവലിലൂടെയും ഞാൻ കടന്നു പോയിരിക്കും എന്നായിരുന്നു എൻ്റെ ധാരണ. എങ്കിലും മഞ്ഞ് സ്വന്തമാക്കി ഒന്ന് കൂടി വായിക്കണം എന്ന് എനിക്ക് തോന്നി. അങ്ങനെ ഡി.സി. ബുക്‌സിൻ്റെ പുസ്തകച്ചന്തയിൽ നിന്ന് ഞാൻ മഞ്ഞ് വാങ്ങി.

എം.ടി.യുടെ നോവലും കഥകളും മിക്കവയും വള്ളുവനാടൻ പശ്ചാത്തലമുള്ളവയാണ്. നിളയോടൊപ്പം മലയാളക്കര കൂട്ടികെട്ടിയ പേരാണ് എം.ടി വാസുദേവൻ നായർ. എന്നാൽ അതിൽ നിന്ന് തികച്ചും വിഭിന്നമായി ഇന്നത്തെ ഉത്തരാഖണ്ഡിലെ  നൈനിറ്റാളിലാണ് കഥ നടക്കുന്നത്. ഇത് എഴുതാൻ വേണ്ടി മാത്രം എം.ടി നൈനിറ്റാളിൽ പോയി താമസിച്ചു എന്നാണ് പത്രങ്ങളിലൂടെ വായിച്ചറിഞ്ഞത്.

പുസ്തകം വായിച്ച് തുടങ്ങിയപ്പോൾ കഥയും കഥാപാത്രങ്ങളും ഒന്നും എനിക്ക് ഒരു മുൻപരിചയവും തോന്നിയില്ല. ഒരു ബോർഡിംഗ് സ്കൂളിലെ അദ്ധ്യാപികയായ വിമല ദേവി എന്ന ടീച്ചറുടെ കഥയാണ് മഞ്ഞ്. വളരെ കുറച്ച് സംഭാഷണങ്ങളും കുറഞ്ഞ കഥാപാത്രങ്ങളുമുള്ള ഒരു നോവൽ.

അച്ഛനും അമ്മയും സഹോദരിയും സഹോദരനും ഉണ്ടായിട്ടും അവരിൽ നിന്നകന്ന് ഏകാന്തത ആസ്വദിച്ച് ജീവിക്കുന്നതിൽ ടീച്ചർ സംതൃപ്‌തി കണ്ടെത്തുന്നു. കിടപ്പിലായ അച്ഛനറിയാതെയുള്ള അമ്മയുടെ പര പുരുഷ ബന്ധവും സഹോദരൻ്റെ മദ്യപാനവും മറ്റും കാരണം കുടുംബവുമായുള്ള സഹവാസത്തെ ടീച്ചർ വെറുത്തു.

അസംതൃപ്തിയുടെ ശൈത്യകാലമാണ് വിമലാദേവി ടീച്ചറുടെ മനസ്സിലൂടെ കടന്നു പോകുന്നത്. എന്നെങ്കിലും അവിടെ ഒരു വസന്തകാലം വിരിയുമെന്ന പ്രതീക്ഷയിൽ ടീച്ചർ കാത്തിരിക്കുന്നതാണ് ഈ നോവൽ എന്ന് പുസ്തകവായന പൂർത്തിയാകുമ്പോൾ വായനക്കാരന് മനസ്സിലാകും.

പുസ്തകം: മഞ്ഞ്‌
രചയിതാവ്: എം.ടി വാസുദേവൻ നായർ 
പ്രസാധകർ: ഡി.സി ബുക്സ്
പേജ് : 80
വില: 120 രൂപ

Monday, February 16, 2026

കമ്പിളിക്കണ്ടത്തിലെ കൽഭരണികൾ

ന്യൂഇയർ ഫ്രണ്ട് എന്ന ഒരു പരിപാടി സ്കൂളുകളിലും ഓഫീസുകളിലും എല്ലാം ഇപ്പോൾ സർവ്വ സാധാരണമാണ്. പുതു വർഷത്തോടനുബന്ധിച്ച് നമ്മുടെ സുഹൃത്തുക്കൾക്കിടയിൽ നിന്ന് ഓരോരുത്തരും നറുക്കെടുത്ത് അവർക്ക് കിട്ടുന്ന ആൾക്ക് എന്തെങ്കിലും ഒരു സമ്മാനം കൈമാറുന്നതാണ് പരിപാടി. പുതുവർഷത്തിൻ്റെ ആദ്യ നാളുകളിൽ തന്നെ ഒരു സമ്മാനം ലഭിക്കുന്നത് ആ വർഷത്തിൽ പ്രതീക്ഷയോടെ മുന്നേറാൻ പ്രചോദനം നൽകും എന്നതായിരിക്കാം ഇത്തരം ഒരു പരിപാടിക്ക് പിന്നിലെ ഉദ്ദേശ്യം.

2026 ൽ ഞങ്ങളുടെ ഡിപ്പാർട്ട്മെൻ്റിൽ എനിക്ക്  ന്യൂയർ ഫ്രണ്ടായി കിട്ടിയത് അസിസ്റ്റൻ്റ് പ്രൊഫസറായ മുനീറ ടീച്ചറെയാണ്. പുതുതായി വന്ന ടീച്ചർ ആയതിനാൽ എനിക്കവരെപ്പറ്റി വലിയ ധാരണയില്ലായിരുന്നു. അതിനാൽ ഒരു കോമൺ പ്രാക്ടീസ് എന്ന നിലയിൽ  വീട്ടിൽ അതിഥി സൽക്കാരത്തിന് ഉപയോഗിക്കാവുന്ന ഒരു ഗ്ലാസ് സെറ്റ് ഞാൻ അവർക്ക് സമ്മാനമായി നൽകി.

എന്നെ ന്യൂയർ ഫ്രണ്ടായി കിട്ടിയത് വിനോദൻ മാഷിനായിരുന്നു.എൻ്റെ എഴുത്തിനെയും വായനയെയും പറ്റി മുൻധാരണയുള്ളതിനാൽ വിനോദൻ മാഷ് എനിക്ക് തന്നത് "കമ്പിളിക്കണ്ടത്തിലെ കൽഭരണികൾ" എന്ന പുസ്തകമായിരുന്നു. 2025 ഏപ്രിലിൽ ഇറങ്ങിയ പുസ്തകത്തിൻ്റെ 41-ാം പതിപ്പാണ് എനിക്ക് കിട്ടിയത് എന്നത് തന്നെ വായനക്കാർ ആ പുസ്തകത്തെ എത്രത്തോളം നെഞ്ചേറ്റി എന്നതിൻ്റെ തെളിവാണ്.

കമ്പിളിക്കണ്ടത്തിൽ നിന്ന് തുടങ്ങി പാരീസ് വരെ എത്തുന്ന തൻ്റെ കുട്ടിക്കാലം മുതൽ ഇന്ന് വരെയുള്ള അനുഭവങ്ങളാണ് ബാബു അബ്രഹാം ഈ പുസ്തകത്തിൽ കുറിച്ച് വയ്ക്കുന്നത്. പക്ഷേ, ഈ രേഖപ്പെടുത്തലിൽ വായനക്കാരുടെ ഹൃദയത്തിൽ കയറുന്നത് മൂന്ന് പെൺകുട്ടികളെയും ഒരു ആൺകുട്ടിയെയും ജീവിത പരീക്ഷണങ്ങൾ എങ്ങനെ നേരിടണം എന്ന് പ്രായോഗികമാക്കി കാണിച്ചു കൊടുത്ത മേരി എന്ന അമ്മയാണ്.

"എന്നെയോ എന്റെ മക്കളെയോ സംബന്ധിച്ച് ഒരു തീരുമാനമെടുക്കാന്‍ ഞാന്‍ നിങ്ങളെ ഏല്‍പ്പിച്ചിട്ടില്ല. അതുകൊണ്ടുതന്നെ മേലില്‍ എന്റെ കാര്യങ്ങള്‍ അന്വേഷിച്ച് ഒറ്റയെണ്ണം ഈ വഴിക്കു വന്നുപോകരുത്. അറത്തുകളയും ഞാന്‍''. നാട്ടിലെ പ്രമാണിമാരെന്ന് നടിക്കുന്നവരോട് ഇതുപോലെ അറുത്ത് മുറിച്ച് പറയാൻ ഒരു സ്ത്രീക്ക് സാധിച്ചെങ്കിൽ അവരുടെ  ധൈര്യവും വീര്യവും നിർണ്ണയാതീതമാണ്. 

ഒരായുസ്സിൽ നേരിടേണ്ട മുഴുവൻ പ്രതിസന്ധികളെയും സധൈര്യം നേരിട്ട് മക്കൾക്ക് അവർ നേടിക്കൊടുത്തത് യഥാർത്ഥ ജീവിതമായിരുന്നു .തന്റെ കുഞ്ഞുമകള്‍ക്ക് നേരെ മോഷണാരോപണം വന്നപ്പോള്‍ ആ പിഞ്ചുകൈ പാറയിൽ വെച്ച് കൊയ്ത്തരിവാളിൻ്റെ മടകൊണ്ട് തള്ളവിരലിനിട്ട് അടിച്ച ആ അമ്മ, സത്യത്തിൻ്റെ മൂല്യം മക്കൾക്ക് ബോധ്യപ്പെടുത്തി കൊടുക്കുകയായിരുന്നു.

വിശപ്പിൻ്റെ കാഠിന്യം ഈ പുസ്തകം വായിക്കുന്ന ഓരോരുത്തർക്കും ശരിക്കും മനസ്സിലാകും.നന്നായി പണിയെടുത്താൽ മാറുന്നതാണ് ദാരിദ്ര്യമെന്ന      അമ്മയുടെ വാക്കുകളെ ആ മകൻ പിന്‍തുടർന്നു . പ്രതിസന്ധികൾ ഓരോന്നും നേരിടുമ്പോൾ അയാളെ നയിച്ച ഉള്‍വാഞ്ഛകളെ വായനക്കാർ മനസ്സിലാക്കി തന്നെ പഠിക്കേണ്ടതുണ്ട്. ആഞ്ഞുകൊത്തുന്ന അനുഭവങ്ങളുടെ പുസ്തകം എന്ന് ഈ കൃതിയെപ്പറ്റി പറയുന്നത് അക്ഷരം പ്രതി ശരിയാണ് എന്നാണ് എൻ്റെ വായനാനുഭവം. മക്കളെ കൂടി ഈ പുസ്തകം വായിപ്പിക്കാന്‍ ഓരോ രക്ഷിതാവും മുൻകൈ എടുക്കുകയും വേണം.

പുസ്തകം: കമ്പിളിക്കണ്ടത്തിലെ കൽഭരണികൾ
രചയിതാവ്: ബാബു അബ്രഹാം
പ്രസാധകർ: മാതൃഭൂമി ബുക്സ്
പേജ് : 207
വില: 300 രൂപ

Wednesday, December 24, 2025

When Breath Becomes Air

വർഷത്തിൽ അറുപത് പുസ്തകങ്ങൾ എങ്കിലും വായിക്കുക; അതിൽ പത്ത് ശതമാനം ഇംഗ്ലീഷ് പുസ്തകമായിരിക്കുക എന്ന ഒരു തീരുമാനം എൻ്റെ ഒരു ഗമണ്ടൻ തീരുമാനം തന്നെയായിരുന്നു. അത് നടപ്പിലാക്കാൻ പറ്റും എന്ന് ഞാൻ കഴിഞ്ഞ വർഷം തെളിയിച്ചു. ഈ വർഷവും ലക്ഷ്യത്തിലേക്ക് എത്താൻ ഇനി രണ്ട് പുസ്തകദൂരം മാത്രം.

എൻ്റെ സ്വന്തം ഹോം ലൈബ്രറിയിലുള്ള ഇംഗ്ലീഷ് പുസ്തകങ്ങൾ തൊണ്ണൂറ്റി ഒൻപതു ശതമാനവും മക്കൾ വാങ്ങിയതാണ്. എങ്ങനെയാണ് അതിൻ്റെ തെരഞ്ഞെടുപ്പ് എന്ന് അറിയില്ല എങ്കിലും വായിച്ചാൽ ഒരു ഒന്നൊന്നര ഫീലിംഗ് കിട്ടുന്നവയാണ് ഈ പുസ്തകങ്ങൾ എന്ന് ഞാൻ അനുഭവിച്ചറിയുന്നു. പ്രസ്തുത വായനയിൽ വന്ന ഒരു പുസ്തകമാണ് ഡോ. പോൾ കലാനിധിയുടെ “When Breath Becomes Air” (പ്രാണൻ വായുവിലലിയുമ്പോൾ എന്ന പേരിൽ ഇതിൻ്റെ മലയാള പരിഭാഷ ലഭ്യമാണ്).

ചില മരണങ്ങൾ ഒരു തരം ശൂന്യതാ ബോധം സൃഷ്ടിക്കുമ്പോൾ മറ്റു ചില മരണങ്ങൾ സമാധാനം കൊണ്ടുവന്ന് നിറക്കും. അച്ഛനോ, അമ്മയോ, സഹോദരങ്ങളോ, ഭർത്താവോ, മകനോ, ബന്ധുക്കളോ, സുഹൃത്തോ ആരുമാകട്ടെ മരണ സമയത്ത് ചേർന്ന് നിന്ന് യാത്രയാക്കാന്‍ അരികിലൊരാൾ ഉണ്ടായിരിക്കുക എന്നതാണ് ഈ ജീവിതം കൊണ്ട് നാം നേടിയെടുക്കേണ്ട ഏറ്റവും മികച്ച സമ്പാദ്യം.
"മരണമെത്തുന്ന നേരത്തു നീയെന്റെ
അരികിൽ ഇത്തിരി നേരം ഇരിക്കണേ" എന്ന ഗാനം മലയാളിക്ക് അത്രമേൽ പ്രിയപ്പെട്ടത് ആയതും അതു കൊണ്ടായിരിക്കാം. 

മേൽ സൂചിപ്പിച്ച പോലെയുള്ള ഒരു ജീവിതം കൈമുതലായുണ്ടായിരുന്ന,  സ്വന്തം പ്രൊഫഷനിൽ വിജയങ്ങൾ കൊയ്ത് ഉന്നതിയിലേക്ക് അതിവേഗം മുന്നേറിക്കൊണ്ടിരുന്ന ഒരു ന്യൂറോ സർജനായിരുന്നു പോൾ കലാനിധി. നിനച്ചിരിക്കാതെ അർബുദമെന്ന ഭീകര രോഗത്തിന് ഡോക്ടറും അടിമപ്പെട്ടു.
മരണം മുന്നിൽ കണ്ടു കൊണ്ട് ഡോക്ടറായ പോൾ കലാനിധി എഴുതിയതാണ്  When Breath Becomes Air എന്ന പുസ്തകം. ഒരു കാലത്ത് സാഹിത്യത്തെ പ്രണയിച്ച ഡോക്ടർ ജീവിതത്തെയും, മരണത്തിനുള്ള കാത്തിരിപ്പിനേയും വളരെ മനോഹരമായി കടലാസിലേക്ക് പകർത്തിയപ്പോൾ അത് ലോകമെമ്പാടുമുള്ള വായനക്കാർ ഹൃദയത്തിൽ സ്വീകരിച്ചു.

ഒരേ സമയം ഡോക്ടറും രോഗിയും ആവുന്നത് എത്ര തീവ്രമായ പരീക്ഷണമാണെന്ന് ഈ പുസ്തകത്തിൽ അദ്ദേഹം വിവരിക്കുന്നു. മരണം വിളിപ്പുറത്ത് എത്തി നിൽക്കുമ്പോഴും ഐ.വി.എഫ് ലൂടെ ഒരു കുഞ്ഞിന് ജന്മം നൽകാനും എട്ട് മാസത്തോളം കുഞ്ഞിനൊപ്പം ജീവിക്കാനും അദ്ദേഹത്തിന്റെ മനസ്ഥൈര്യം ഒന്ന് കൊണ്ട് മാത്രം സാധിച്ച നേട്ടമാണ്. മറ്റ് അവയവങ്ങളിലേക്ക് കൂടി പടർന്ന് പിടിച്ച ശ്വാസകോശാർബുദം ( Metastatic Lung Cancer) ആണ് തൻ്റേതെന്ന് പോൾ തിരിച്ചറിയുന്നതും  മരണം വരെയുള്ള സംഭവ വികാസങ്ങൾ പ്രതിപാദിക്കുന്നതും ഒരു കാര്യം വ്യക്തമാക്കുന്നു - രോഗങ്ങൾ ആർക്കും വരാം; നമ്മൾ അതിനെ എങ്ങനെ പോസിറ്റീവായി സ്വീകരിക്കുന്നു എന്നതാണ് പ്രധാനം. ഭാര്യ ലൂസി കലാനിധിയുടെ കുറിപ്പോടെയാണ് പുസ്തകം അവസാനിക്കുന്നത്. 

മെഡിക്കൽ‍ പദങ്ങളും പ്രക്രിയകളും വിശദീകരണമില്ലാതെ പ്രതിപാദിക്കുന്നത് വായനയുടെ ഒഴുക്കിനെ ബാധിക്കും എന്നതൊഴിച്ചാൽ  When Breath Becomes Air മികച്ച ഒരു വായനാനുഭവമാണ്.

പുസ്തകം: When Breath Becomes Air
രചയിതാവ്: Paul Kalanidhi
പബ്ലിഷർ: Penguin Random House
പേജ് : 228
വില: Rs 599

Sunday, November 30, 2025

Eleven Minutes

പൗലോ കൊയ്‌ലോ എന്ന് കേൾക്കുമ്പോഴേക്കും 'ആൽക്കെമിസ്റ്റ്' എന്ന് അറിയാതെ നമ്മുടെ നാവിൻ തുമ്പിൽ വരും.പലരുടെയും വായനാനുഭവം കേട്ട് ഞാൻ വായന തുടങ്ങിയ ഒരു പുസ്തകമായിരുന്നു 'ആൽക്കെമിസ്റ്റ്'. പക്ഷേ, ഇപ്പോഴും അത് മുഴുവനായി വായിച്ചിട്ടില്ല എന്നതാണ് സത്യം. അതെ സമയം പൗലോ കൊയ്‌ലോ എഴുതി എന്ന കാരണത്താൽ മാത്രം കയ്യിൽ കിട്ടിയപ്പോൾ ഞാൻ വായിക്കാൻ തെരഞ്ഞെടുത്ത ഒരു കൃതിയാണ് Eleven Minutes.

ബ്രസീലിലെ ഒരു നാടന്‍ പെണ്‍കുട്ടിയുടെ കഥയാണ് Eleven Minutes ലെ പ്രതിപാദ്യ വിഷയം. ആദ്യ പ്രണയം കാമുകൻ 'വിളവെടുപ്പ്' നടത്തിയ ശേഷം ഉപേക്ഷിച്ചപ്പോൾ തകർന്നു പോയ മരിയ എന്ന പെൺകുട്ടി കൗമാരത്തിൽ എത്തിയപ്പോൾ, ഇനി ഒരു ആത്മാര്‍ത്ഥ പ്രണയത്തില്‍ ഒരിക്കലും വീഴുകയില്ലെന്ന് ശപഥമെടുത്തു. അത്രയും സ്വപ്നങ്ങളായിരുന്നു അവൾ ആ പ്രണയത്തിലൂടെ നെയ്തു കൂട്ടിയിരുന്നത്.മനസ്സിനെ എപ്പോഴും പീഡിപ്പിക്കുന്ന ഒന്നാണ് പ്രണയം എന്ന് അനുഭവത്തിലൂടെ മരിയ ധരിച്ചു വശായി.

പതിനഞ്ചാം വയസില്‍ സ്വയംഭോഗത്തിലൂടെ രതിമൂര്‍ച്ഛ അനുഭവിക്കുന്ന മരിയയിൽ തുടങ്ങുന്ന നോവല്‍ തുടര്‍ന്നുള്ള ഭാഗങ്ങളില്‍  ലൈംഗികതയെക്കുറിച്ച് പ്രത്യേകിച്ച് സ്ത്രീലൈംഗികതയെക്കുറിച്ച് വിശദമായി തന്നെ പ്രതിപാദിക്കുന്നുണ്ട്. ഒരു (സദാചാര) വായനക്കാരൻ്റെ ലൈംഗിക അറിവുകളുടെ സകല അതിർ വരമ്പുകളും ഈ കൃതി ലംഘിക്കുന്നുണ്ട് എന്നാണ് എൻ്റെ വായനാനുഭവം.

ഭാഗ്യം തേടി മരിയ ബ്രസീലിൽ നിന്നും സ്വിറ്റ്സർലണ്ടിലേക്ക് പോകുന്നു. പക്ഷേ, അവളുടെ ശപഥങ്ങളെയെല്ലാം മാറ്റിമറിക്കുന്നതായിരുന്നു ആ യാത്ര. ഒരു ദുഃസ്വപ്നത്തില്‍പോലും കാണുകയോ ആഗ്രഹിക്കുകയോ ചെയ്തിട്ടില്ലാത്ത വേശ്യാ ജീവിതമായിരുന്നു അവളെ അവിടെ കാത്തിരുന്നത്. രതിയുടെയും  ആനന്ദത്തിന്റെയും പ്രണയത്തിന്റെയും ഒരു വ്യത്യസ്ത ജീവിതമായിരുന്നു അത്. പ്രസ്തുത ജീവിതമാണ് ഈ കൃതിയിലൂടെ അനാവൃതമാകുന്നത്.

പ്രധാന കഥാപാത്രമായ മരിയയുടെ വാക്കുകള്‍ തന്നെ കടമെടുത്തു പറഞ്ഞാല്‍, എപ്പോഴും ലൈംഗികതയെക്കുറിച്ച് ചിന്തിക്കുന്നു എന്ന് ഓര്‍മ്മിപ്പിക്കുന്ന പുസ്തകമല്ല ഇത്. മറിച്ച് ലൈംഗികതയ്ക്ക് ഏറിയ സമയവും പ്രധാനമായ ഒരു പങ്ക് ജീവിതത്തിലുണ്ടെന്ന് വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്ന പുസ്തകമാണിത്.

പുസ്തകം: Elven Minutes
രചയിതാവ്: പൗലോ കൊയ്‌ലോ
പ്രസാധകർ : Harper Collins
പേജ്:275
വില: £ 7.99 (Apprxmt Rs 945)

Friday, August 08, 2025

1921 പോരാളികൾ വരച്ച ദേശ ഭൂപടങ്ങൾ

ഞാൻ പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് മമ്മുട്ടി നായകനായ 1921 എന്ന സിനിമ റിലീസായത്. അന്ന് എൻ്റെ സഹപാഠികളും മമ്മുട്ടി ആരാധകരുമായിരുന്ന സുനിലും നൗഫലും ഈ സിനിമ എത്ര തവണ കണ്ടു എന്ന് അവർക്ക് തന്നെ ഒരു നിശ്ചയവും ഇല്ലായിരുന്നു. ഞാനും ഒരു തവണ ഈ സിനിമ കണ്ടിട്ടുണ്ട്. എൻ്റെ നാടും പഠിച്ച് കൊണ്ടിരുന്ന നാടും 1921 ൻ്റെ സിരാ കേന്ദ്രങ്ങളിൽ പെട്ടതായതിനാൽ ആ സിനിമ കാണണം എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു.

മാപ്പിള ലഹള എന്നും മലബാർ ലഹള എന്നും എല്ലാം ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട, നിഷ്കളങ്കരായ ഒരു ജനതയുടെ ബ്രിട്ടീഷുകാർക്കെതിരെയുള്ള ഈ ധീര പോരാട്ടം കഴിഞ്ഞ് നൂറ് വർഷം പിന്നിട്ടപ്പോൾ പ്രസ്തുത സമരം സ്വാതന്ത്ര്യ സമര താളുകളിൽ നിന്ന് തന്നെ നീക്കം ചെയ്യാനുള്ള കരുനീക്കങ്ങളാണ് നടന്ന് കൊണ്ടിരിക്കുന്നത്. ഈ അവസരത്തിലാണ് മക്കൾക്ക് ഈ സമരത്തെപ്പറ്റി അറിവ് പകരണം എന്ന് ഞാൻ നിശ്ചയിച്ചുറപ്പിച്ചത്. അത് പ്രകാരം ഒഴിവും അവസരവും ഒത്ത് വരുമ്പോൾ മലബാർ കലാപത്തിൻ്റെ രണഭൂമികൾ മക്കളോടൊപ്പം സന്ദർശിച്ച് വരുന്നു.

തികച്ചും യാദൃശ്ചികമായിട്ടാണ് ഇതേ സമയത്ത് എൻ്റെ സഹപ്രവർത്തകനായ സുമേഷ് ഒരു പുസ്തകം എനിക്ക് വായിക്കാൻ തന്നത്. 1921 പോരാളികൾ വരച്ച ദേശ ഭൂപടങ്ങൾ എന്ന പ്രസ്തുത പുസ്തകം എൻ്റെ മലബാർ കലാപ അന്വേഷണാത്മക സന്ദർശനങ്ങൾക്ക് മുതൽ കൂട്ടാകും എന്ന് എനിക്ക് ഉറപ്പായിരുന്നു.

ഇത്രയധികം പോരാട്ടങ്ങളും കൂട്ടക്കുരുതികളും നടന്ന ഒരു സംഭവമായിരുന്നു മലബാർ കലാപം എന്ന് ഈ പുസ്തകത്തിലൂടെയാണ് ഞാൻ തിരിച്ചറിഞ്ഞത്. കൂട്ടക്കുരുതികൾക്കും പലായനങ്ങൾക്കും സാക്ഷ്യം വഹിച്ച ദേശങ്ങളുടെ നിലവിളികളും തേങ്ങലുകളും ഗ്രന്ഥകാരൻ അതേപടി ഇതിൽ പകർത്തി വച്ചിട്ടുണ്ട്. വായനക്കാരന് അത് ശരിക്കും അനുഭവിക്കാനും ആവും. എൻ്റെ നാട്ടിലെ സംഭവങ്ങൾ അധികമൊന്നും ഇല്ലെങ്കിലും അയൽ പ്രദേശങ്ങളിലെയും മലപ്പുറം, കോഴിക്കോട് , പാലക്കാട് ജില്ലകളിലെ വിവിധ പ്രദേശങ്ങളിലെയും അറിയപ്പെടാത്ത പോരാട്ടങ്ങളിലേക്ക് ഈ പുസ്തകം വെളിച്ചം വീശുന്നു. എൻ്റെ അറിവിൽ പെടാത്തതും ഞാൻ നേരത്തെ സൂചിപ്പിച്ച മലബാർ കലാപ ഭൂമി സന്ദർശനത്തിൽ ഉൾപ്പെടുത്തേണ്ടതുമായ സ്ഥലങ്ങളെക്കുറിച്ചും ഈ പുസ്തകം എന്നെ ഉത്ബോധിപ്പിച്ചു. 

മലബാർ കലാപത്തെപ്പറ്റിയും അതിൻ്റെ നായകരായ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെപ്പറ്റിയും ആലി മുസ്‌ലിയാരെപ്പറ്റിയും എല്ലാം പല പുസ്തകങ്ങളും ഞാൻ വായിച്ചിട്ടുണ്ട്. വായിക്കാനായി കുറെ എണ്ണം വാങ്ങി വച്ചിട്ടുമുണ്ട്. എന്നാൽ, വായിച്ച പുസ്തകങ്ങളിൽ ഒന്നും തന്നെ കാണാത്ത ദേശങ്ങളും പോരാളികളും ഈ പുസ്തകത്തിൽ അനാവരണം ചെയ്യപ്പെടുന്നു എന്നതാണ് ഇതിൻ്റെ പ്രത്യേകത. തീർച്ചയായും ചരിത്രാന്വേഷികൾക്ക് ഈ പുസ്തകം ഏറെ ഉപകാരപ്പെടും.

പുസ്തകം: 1921 പോരാളികൾ വരച്ച ദേശ
ഭൂപടങ്ങൾ
രചയിതാവ് : പി.സുരേന്ദ്രൻ
പ്രസാധകർ: ടെൽബ്രെയിൻ ബുക്സ്
പേജ് : 403
വില : Rs 599/-

Friday, June 13, 2025

ഈശ്വരാ വഴക്കില്ലല്ലോ

2025 മെയ് 30 രാത്രി. മണാലിയിലെ ഹോട്ടൽ കെനിൽ വർത്ത് ഇൻ്റർനാഷണലിൽ, ആ ദിവസത്തെ മണാലി കാഴ്ചകൾക്ക് ശേഷം ഞാനും കുടുംബവും വിശ്രമിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. അപ്പോഴാണ് ഒരു സിനിമ കാണാം എന്ന് എല്ലാവർക്കും ആഗ്രഹം മുളച്ചത്. സിനിമ കണ്ട് സമയം കളയാൻ എനിക്ക് മടിയാണ്.അംഗുലീ പരിമിതമായ എണ്ണം സിനിമകളേ ഞാനിതുവരെ കണ്ടിട്ടുള്ളൂ. നല്ല ചുമ കൂടി പിടിപെട്ടിരുന്നതിനാൽ ഞാൻ കിടക്കയിലേക്കും ബാക്കി എല്ലാവരും സിനിമയിലേക്കും ചരിഞ്ഞു.

".....ഉടുതുണിക്ക് മറുതുണിയില്ലാതെ ഞാൻ മുംബൈ തെരുവുകളിൽ തേരാപാരാ നടക്കുകയാണ്. കള്ളവണ്ടി കയറാനുള്ള കാശ് പോലും എൻ്റെ കയ്യിലില്ല...... "ഇത്രയും കരഞ്ഞു കൊണ്ടും "അത് കൊണ്ട് ഞാൻ ഒരു ടാക്സി വിളിച്ചു വരികയാണ്. ടാക്സി കൂലി നീ തന്നെ കൊടുക്കണം...." എന്ന ബാക്കി ഭാഗം സീരിയസായും പറയുന്ന ഡയലോഗ് കേട്ടാണ് ഞാൻ പെട്ടെന്നെണീറ്റത്. സലീം കുമാർ ആണ് മൊബൈൽ സ്ക്രീനിൽ നിന്ന് വിളിച്ചു പറഞ്ഞു കൊണ്ടിരുന്നത്. ഞാൻ കാണാത്ത "അച്ഛനുറങ്ങാത്ത വീടും" ഞാൻ കണ്ട  "ആദാമിൻ്റെ മകൻ അബുവും" മലയാളികൾക്ക് മുമ്പിൽ അവതരിപ്പിച്ച സലീം കുമാറിന് മാത്രമേ തേരട്ട ചുരുണ്ട് എണീക്കുന്ന ലാഘവത്തോടെ ഹാസ്യ - സീരിയസ്  ഡയലോഗുകൾ ഒരുമിച്ച് കൈകാര്യം ചെയ്യാൻ സാധിക്കൂ എന്ന എൻ്റെ ആത്മഗതം കൃത്യമായി.

യാത്ര കഴിഞ്ഞ് വീട്ടിലെത്തി രണ്ടു നാൾ കഴിഞ്ഞാണ് എൻ്റെ ലൈബ്രറിയിലെ മേശപ്പുറത്ത് സലീം കുമാറിന്റെ കാരിക്കേച്ചർ മുഖച്ചിത്രമായി 'ഈശ്വരാ വഴക്കില്ലല്ലോ' എന്നൊരു പുസ്തകം ഞാൻ കാണുന്നത്. എൻ്റെ ശേഖരത്തിൽ ഇല്ലാത്ത പുസ്തകം വായനക്കായി മകൾ എവിടെ നിന്നോ കൊണ്ടു വന്നതായിരുന്നു. മുമ്പ് ഇന്നസെൻ്റ് കഥകളും   മുകേഷ് കഥകളും   വായിച്ച് രസിച്ചിരുന്നതിനാൽ ഇതും ഞാൻ കയ്യിലെടുത്തു. ഒറ്റ ഇരുപ്പിന് തന്നെ വായിച്ചു തീർത്തു.

ആകെയുള്ള ഇരുപത്തി ഒന്ന് അധ്യായങ്ങൾ വായിച്ചു കഴിയുമ്പോൾ പറവൂരിനടുത്തുള്ള ചിറ്റാറ്റുകര എന്ന ഗ്രാമം വായനക്കാരൻ്റെ മനസ്സിൽ കൊത്തി വയ്ക്കപ്പെടും എന്ന് തീർച്ചയാണ്. അത്ര കണ്ട് ആ ഗ്രാമത്തിലെ അനുഭവങ്ങൾ സലീം കുമാർ ഈ പുസ്തകത്തിൽ പറയുന്നുണ്ട്. സിനിമാഭിനയം എന്ന ജീവിതാഭിലാഷം കൊണ്ടു നടന്നതും അതിനായി താണ്ടിയ കനൽ പാതകളും അതിന് പൂർണ്ണ പിന്തുണ നൽകിയ അമ്മയുടെ കരുതലും എല്ലാം നർമ്മത്തിൽ ചാലിച്ച് പറഞ്ഞ് പോകുമ്പോഴും ഹൃദയത്തിൽ ചെറിയ ഒരു നോവ് അനുഭവപ്പെടും. 

വ്യക്തി ജീവിതത്തിലെയും സിനിമാ ജീവിതത്തിലെയും നിരവധി അനുഭവങ്ങൾ വളച്ചു കെട്ടില്ലാതെ പറയുന്ന സലീം കുമാർ ശൈലി എനിക്കേറെ ഇഷ്ടപ്പെട്ടു. രചയിതാവിൻ്റെ കുറിപ്പിൽ പറയുന്ന പോലെ ജനനമെന്ന സ്റ്റാർട്ടിംഗ് പോയിൻ്റിൽ നിന്നും മരണം എന്ന ഫിനിഷിംഗ് പോയിൻ്റിലേക്ക് നടത്തുന്ന ഒരു എസ്കർഷൻ ആണ് ഈ പുസ്തകം.

ഹാസ്യം ഇഷ്ടപ്പെടുന്നതിനാലാവാം ഒരു ഹാസ്യ നടൻ്റെ ജീവിതാനുഭവങ്ങൾ ഒറ്റ ഇരുപ്പിന് വായിച്ച് തീർക്കാൻ എന്നെ പ്രേരിപ്പിച്ചത്. പ്രതീക്ഷിച്ച പോലെ ഇത് മുഴുവൻ ഹാസ്യമല്ല. ചോര കിനിയുന്ന ചില അനുഭവങ്ങളും ഈ പുസ്തകത്തിലുണ്ട്. എങ്കിലും വായനക്കാരൻ്റെ ചുണ്ടിൽ അവസാനം വിരിയുന്നത് ഒരു പുഞ്ചിരി തന്നെയായിരിക്കും എന്നാണ് എന്റെ അനുഭവം.

പുസ്തകം: ഈശ്വരാ വഴക്കില്ലല്ലോ
രചയിതാവ്: സലീം കുമാർ
പ്രസാധകർ: മനോരമ ബുക്സ് 
Page: 179
വില: 270 രൂപ 

Friday, March 28, 2025

പാതിരാ സൂര്യൻ്റെ നാട്ടിൽ

ജീവിതത്തിൽ നിരവധി യാത്രകൾ ഞാൻ നടത്തിയിട്ടുണ്ട്.  2010 ന് ശേഷമുള്ള മിക്ക യാത്രകളെപ്പറ്റിയും ഇവിടെ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. ഒരു യാത്രാ വിവരണം വായിച്ച ശേഷം എഴുതിയതല്ല അവയൊന്നും. മറിച്ച് യാത്രയിൽ എനിക്കുണ്ടായ കുഞ്ഞു കുഞ്ഞു അനുഭവങ്ങളും മേമ്പൊടിയായി ചില പ്രയോഗങ്ങളും ചില ഊഹങ്ങളും  എല്ലാം നിറഞ്ഞതാണ് ആ വിവരണങ്ങൾ.

ദീർഘദൂര യാത്രകളിൽ ഏതാനും പുസ്തകങ്ങൾ കൂടി ഞാൻ കൂടെ കരുതാറുണ്ട്. യാത്രയുടെ വിരസത അസ്വസ്ഥമാക്കുന്ന ഘട്ടത്തിൽ പുസ്തകങ്ങൾ നല്ല കൂട്ടാണ്. അപ്രതീക്ഷിതമായി മൂന്നാം കാശ്മീർ യാത്രക്ക് അവസരം കിട്ടിയപ്പോൾ രണ്ട് പുസ്തകങ്ങളും ഞാൻ ബാഗിൽ കരുതി. യാദൃശ്ചികമായി അതിലൊന്ന് ഒരു യാത്രാ വിവരണം ആയിരുന്നു. സഞ്ചാര സാഹിത്യത്തിൻ്റെ കുലപതിയായ ശ്രീ. എസ്.കെ.പൊറ്റക്കാട് എഴുതിയ പാതിരാ സൂര്യൻ്റെ നാട്ടിൽ എന്ന പുസ്തകം.

പാതിരാ സൂര്യൻ്റെ നാടായി ഞാൻ പഠിച്ചതും മനസ്സിലാക്കിയതും നോർവെ ആണ്.പക്ഷെ, ഈ പുസ്തകത്തിൽ വിവരിക്കുന്നത് ഹെൽസിങ്കിയിലെ കാഴ്ചകളാണ്. ഹെൽസിങ്കി ഫിൻലൻ്റിൻ്റെ തലസ്ഥാനമാണ്. സംശയം തീർക്കാൻ ഗൂഗിൾ ചെയ്തപ്പോഴാണ് നോർവെക്ക് പുറമെ ഫിൻലാൻ്റ്, ഐസ്ലാൻ്റ്, അലാസ്ക , കാനഡ തുടങ്ങീ ആർട്ടിക് മേഖലയിലെ രാജ്യങ്ങളിലെല്ലാം പാതിരാ സൂര്യനെ കാണാറുണ്ട് എന്ന് മനസ്സിലായത്. അതിനാൽ ഇവയെല്ലാം പാതിരാ സൂര്യന്റെ നാടാണ് പോലും.

ലോക സമാധാന സമ്മേളനത്തിൽ പങ്കെടുക്കാനുള്ള ഇന്ത്യൻ സംഘത്തിലെ ഒരംഗമായാണ് ഗ്രന്ഥകർത്താവ് ഹെൽസിങ്കിയിൽ എത്തുന്നത്. ഫിൻലൻ്റിൻ്റെ ഉൾനാടുകളിൽ നടക്കുന്ന അനുബന്ധ യോഗങ്ങളിലേക്ക് പോകുമ്പോഴുള്ള കാഴ്ചകളും സ്വന്തം നിലയിൽ നാടു കാണാൻ പോയ അനുഭവങ്ങളും സ്ഥല ചരിത്രങ്ങളും കൊണ്ട് സമ്പന്നമാണ് ഈ പുസ്തകം. മുൻ ധാരണകളില്ലാതെ യാത്രാവിവരണങ്ങൾ എഴുതിയ എൻ്റെ ശൈലിയും ഇത് തന്നെയായതിനാൽ അവ എനിക്ക് വളരെ ഇഷ്ടപ്പെട്ടു. എന്നാൽ ഫിന്നിഷ് സാഹിത്യകാരന്മാരെപ്പറ്റിയുള്ള നെടുനീളൻ കുറിപ്പുകൾ വായനയുടെ രസച്ചരട് ഇടക്ക് വെച്ചൊന്ന് മുറിച്ച് കളയുന്നു എന്നാണ് എന്റെ അഭിപ്രായം. 

ഇന്ത്യക്കാരെ കാണാനും തൊടാനും ഫിൻലൻ്റുകാർ കാണിക്കുന്ന ഔൽസുക്യം വായിച്ചപ്പോൾ പണ്ട് മൈസൂരിൽ ടൂർ പോയി വെള്ളക്കാരെ കണ്ട് നോക്കി നിന്നത് ഓർമ്മ വന്നു. അതേപോലെ സൗന സ്നാനം എന്ന വിചിത്രകുളി രീതിയും ഒരു കുളിര് കോരിയിട്ടു. ദ്വിഭാഷിയായി പ്രവർത്തിച്ച കായൃ യും വായനക്കാരൻ്റെ മനസ്സിൽ സ്ഥാനം പിടിക്കും.

പുസ്തകം: പാതിരാ സൂര്യൻ്റെ നാട്ടിൽ
രചയിതാവ്: എസ്.കെ.പൊറ്റക്കാട്
പ്രസാധകർ: ഡിസി ബുക്സ്
പേജ്: 119
വില : Rs 110

Tuesday, February 18, 2025

Sapiens - A brief history of humankind

മനുഷ്യരറിയാൻ എന്ന പുസ്തകം വായന പൂർത്തിയാക്കി തിരിച്ച് കൊടുത്ത ദിവസമാണ് ഇതിനെക്കാളും മുന്തിയത് എന്ന കള്ളച്ചിരിയോടെ എൻ്റെ സഹപ്രവർത്തകനായ സുമേഷ് "സാപിയൻസ്" എനിക്ക് നേരെ നീട്ടിയത്. എന്തൊക്കെയോ വിവാദങ്ങൾ ഈ പുസ്തകത്തെപ്പറ്റി കേട്ടിരുന്നതിനാൽ അതൊന്ന് വായിക്കാം എന്ന് എനിക്കും തോന്നി. പിറ്റേ ദിവസം അതിൻ്റെ മലയാള പരിഭാഷയും കൂടി സുമേഷ് തന്നതിനാൽ വായന എനിക്ക് എളുപ്പമായി.

നൂറ്റാണ്ടുകൾക്ക് മുൻപുള്ള നിയാണ്ടർതാൽ വിഭാഗത്തിൽ പെട്ട മനുഷ്യരെ ഉൻമൂലനം ചെയ്ത് ഹോമോ സാപിയൻസ് എന്ന മനുഷ്യവിഭാഗം ഭൂമിയിൽ ആധിപത്യം സ്ഥാപിച്ചത് എങ്ങനെ എന്നതാണ് ഈ പുസ്തകത്തിലൂടെ അനാവരണം ചെയ്യപ്പെടുന്നത്.നിസ്സാരമായ ആൾക്കുരങ്ങുകളിൽ നിന്നും ലോകാധിപരിലേക്കുള്ള മനുഷ്യൻ്റെ വളർച്ചയുടെ ചരിത്രം എന്നാണ് ഈ പുസ്തകത്തെപ്പറ്റി ചിലരുടെ അഭിപ്രായം.

എഴുപതിനായിരം കൊല്ലങ്ങൾക്ക് മുന്‍പ് കഴുതയെയും കടുവയെയും കുരങ്ങനെയും പോലെ മറ്റൊരു ജീവി മാത്രമായിരുന്നു മനുഷ്യന്‍. അവൻ എങ്ങനെയാണ് ഇത്ര പെട്ടെന്ന് ലോകത്തെ നിയന്ത്രിക്കുന്ന വര്‍ഗമായത് എന്ന അന്വേഷണം പുസ്തകത്തിൻ്റെ ഗതി പല വഴികളിലൂടെയും തിരിച്ചുവിടുന്നു. സങ്കല്‍പ്പത്തില്‍ മാത്രമുള്ള കാര്യങ്ങള്‍ കൂട്ടായി വിശ്വസിക്കാന്‍ കഴിവുള്ള ഒരേ ഒരു മൃഗമായതുകൊണ്ടാണ് മനുഷ്യന് ഇത് സാധിച്ചതെന്ന് പുസ്തക രചയിതാവ് പറയുന്നു. ദൈവം, രാജ്യം, കറന്‍സി, മതം, നിയമം, തുടങ്ങീ ഇന്ന് ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളെല്ലാം മനുഷ്യന്‍റെ ഭാവനയില്‍ മാത്രമുള്ള കാര്യങ്ങളാണ് എന്നും ഗ്രന്ഥകർത്താവ് സമർത്ഥിക്കുന്നു.

മാനവ ചരിത്രത്തിലെ വഴിത്തിരിവായി കൃഷിയെ എല്ലാവരും വാഴ്ത്തുമ്പോള്‍  കൃഷിയായിരുന്നു ചരിത്രത്തിലെ ഏറ്റവും വലിയ അബദ്ധമെന്ന് ഗ്രന്ഥകർത്താവ് ഹരാരി പറയുന്നു. ഗോതമ്പിന്‍റെ കണ്ണില്‍ കൂടി മനുഷ്യനെ നോക്കിയാൽ മനുഷ്യന്‍ ഗോതമ്പ് ചെടിയെയല്ല, ഗോതമ്പ് മനുഷ്യനെയാണ് മെരുക്കിയത് എന്ന് അദ്ദേഹം സമർത്ഥിക്കുന്നത് ഇങ്ങനെയാണ്. ഭൂഗോളത്തില്‍ അപൂര്‍വം ചിലയിടങ്ങളില്‍ മാത്രം കണ്ടിരുന്ന ഗോതമ്പ് ചെടിയെ മനുഷ്യന്‍ ലോകം മുഴുവന്‍  എത്തിച്ചു. ഗോതമ്പ് പാടങ്ങൾക്കായി വൈവിധ്യമാര്‍ന്ന നിരവധി ചെടികളെ നശിപ്പിച്ചു. അതുവരെ പല ചെടികളില്‍ നിന്ന് കിട്ടിയിരുന്ന പോഷണ വൈവിധ്യം അതോടെ നിലച്ചു. കുറച്ച് നേരം മാത്രം ജോലി ചെയ്ത്, ഈ ചെടിയെ സംരക്ഷിക്കാനായി അതിനടുത്ത സ്ഥലത്ത് തന്നെ ജീവിതം മുഴുവന്‍ ജീവിച്ച് തീര്‍ത്തു. ഈ ചെടി കീടബാധയേറ്റോ വെള്ളം കയറിയോ വെള്ളം കിട്ടാതെയോ നശിച്ചപ്പോള്‍ പട്ടിണി കിടന്ന് മനുഷ്യനും നശിച്ചു. ചുരുക്കിപ്പറഞ്ഞാൽ,ഗോതമ്പിനെ ആശ്രയിക്കുന്ന  ജീവിയായി മനുഷ്യന്‍ മാറി.

ഇങ്ങനെ ലോകത്ത് സംഭവിച്ച പലതും മറ്റൊരു വീക്ഷണ കോണിലൂടെ അവതരിപ്പിച്ച് വായനക്കാരനെയും ആ രീതിയിൽ ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്ന പുസ്തകമാണ് സാപിയൻസ്. അതിൽ ദൈവത്തെ വരെ ചോദ്യം ചെയ്യുന്നു.Is there anything more dangerous than dissatisfied and irresponsible gods who don't know what they want ? എന്നാണ് ഹരാരിയുടെ ചോദ്യം.

ഇംഗ്ലീഷ് പതിപ്പിൻ്റെ നേർക്ക് നേരെയുള്ള മൊഴിമാറ്റമാണ് മലയാള പതിപ്പ് എന്നതിനാൽ രണ്ടും വായിക്കുന്നവർക്ക് ചിലപ്പോൾ ബോറടിക്കും. എന്നാൽ മലയാള പതിപ്പിലെ ചിത്രങ്ങളാണ് കൂടുതൽ തെളിവുള്ളത് എന്നത് എന്നെ അത്ഭുതപ്പെടുത്തുകയും ചെയ്യുന്നു.

Provocative എന്ന് ഒബാമയും Fascinating എന്ന് ബിൽ ഗേറ്റ്സും
Full of Shocking and wondrous stories എന്ന് Sunday Times ഉം വിശേഷിപ്പിച്ച ഈ പുസ്തക വായനയിലൂടെ ഞാൻ 2025 ലെ വായനാ വസന്തത്തിന് തുടക്കമിടുന്നു.

പുസ്തകം: Sapiens - A brief history of humankind
രചയിതാവ്: യുവാൽ നോവാ ഹരാരി
പ്രസാധകർ: Vintage books
Page: 498  (മലയാള പതിപ്പ് - 552)
വില: 10 പൗണ്ട് = Rs 1080

Thursday, November 28, 2024

ഒട്ടകങ്ങളുടെ വീട്

ഒരു നിശ്ചിത എണ്ണം പുസ്തകങ്ങൾ വായിക്കണം എന്ന തീരുമാനം ഞാനെടുത്തിട്ട് ഏതാനും വർഷങ്ങളായി. നഷ്ടപ്പെട്ട് പോയ വായനാ സംസ്കാരത്തെ തിരികെപ്പിടിക്കുകയും ഒപ്പം എൻ്റെ സ്വന്തം എഴുത്തിനെ പരിപോഷിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു ഈ തീരുമാനത്തിന് പിന്നിലെ  പ്രധാന കാരണം. ഓരോ വർഷവും എണ്ണം കൂട്ടിക്കൂട്ടി വരുന്നതിനാൽ വായന ഇപ്പോൾ ഒരു ഹോബിയായി മാറിയിരിക്കുകയാണ്.

2024 ൽ ഞാൻ വായിക്കാൻ ലക്ഷ്യമിട്ടത് മുപ്പത്തിയാറ് പുസ്തകങ്ങൾ ആയിരുന്നു. ആ ലക്ഷ്യം എന്നോ മറികടന്നു. അതിനിടക്കാണ് പരസ്പരം വായനക്കൂട്ടത്തിൻ്റെ ഒരു പുസ്തക ചർച്ച ഒത്തു വന്നത്. സൗജന്യമായി പുസ്തകം ലഭിക്കുന്നതോടൊപ്പം വായനാ ലിസ്റ്റിൽ ഒരു പുസ്തകം കൂടി ഇടം പിടിക്കും എന്നതിനാൽ ഞാനും ചർച്ചയിൽ പങ്കെടുക്കാൻ തീരുമാനിച്ചു. അങ്ങനെയാണ് "ഒട്ടകങ്ങളുടെ വീട്" എൻ്റെ കയ്യിൽ എത്തുന്നത്.

പതിനാല് കഥകളുടെ സമാഹാരമാണ് "ഒട്ടകങ്ങളുടെ വീട്". പുസ്തകത്തിൻ്റെ പേര് തന്നെയാണ് പ്രഥമ കഥയുടെ തലക്കെട്ടും. രാജസ്ഥാൻ മരുഭൂമികളിലെ ഒരു പാവം ഒട്ടകക്കാരൻ്റെ ദൈന്യത നിറഞ്ഞ ജീവിതമാണ് കഥാ തന്തു. "വേനൽ മഴ" എന്ന കഥ ഒറ്റയ്ക്ക് ജീവിക്കുന്ന ഒരമ്മയുടെ അനുഭവങ്ങളാണ് പറയുന്നത്. മൂന്നാമത്തെയും നാലാമത്തെയും കഥകളും ഒരു ദുരന്ത പര്യവസാനിയായിട്ട് ആണ് എനിക്ക് അനുഭവപ്പെട്ടത്.

ഞാനിതുവരെ കേട്ടിട്ടില്ലാത്ത "ഫാസികോത്തി" എന്ന കഥാ തലക്കെട്ട് കണ്ടപ്പോൾ അതെന്താണെന്നറിയാൻ ആകാംക്ഷയായിരുന്നു. കഥ ആകാംക്ഷ നിറച്ച് തന്നെ മുന്നേറുന്നുമുണ്ട്. തൂക്കിക്കൊല്ലുന്ന ദിവസത്തെ പ്രഭാത ഭക്ഷണം കൊണ്ടു വന്നപ്പോൾ "അത് ഒരു വിശപ്പിൻ്റെ മുന്നിൽ വെച്ചു കൊടുക്കൂ "എന്ന് പറയുന്ന ശ്രീധരേട്ടൻ ശരിക്കും ഒരു പോരാളി തന്നെ എന്ന് പറയാതിരിക്കാൻ വയ്യ. കഴുമരത്തിനാണ് ഫാസികോത്തി എന്ന് പറയുന്നത് എന്ന് കഥയുടെ അവസാനം ചേർത്തപ്പോഴാണ് ഞാനറിഞ്ഞത്. തൊട്ടടുത്ത കഥയും ഒരു ജയിൽവാസത്തിൻ്റെതാണ്.

"വടക്കോട്ടുള്ള വണ്ടി " എന്ന കഥയും നാം കണ്ടുമുട്ടുന്ന പല തെരുവ് ജീവിതങ്ങളിലെ പിന്നാമ്പുറക്കഥയാണ്. "ഇരുട്ടും മുമ്പെ" എന്ന കഥ ഉരുൾ ദുരന്തം നടന്ന ചൂരൽമലയെ വീണ്ടും ഓർമ്മിപ്പിച്ചു. "മടങ്ങിവന്ന കത്തുകൾ" സമാനമായ ഒരു അനുഭവം ഉള്ളത് കാരണം ശ്വാസമടക്കിപ്പിടിച്ചാണ് ഞാൻ വായിച്ച് തീർത്തത്.

ഈ സമാഹാരത്തിലെ പതിനാല് കഥകളിൽ സിംഹഭാഗവും ദുഃഖ സാന്ദ്രമായിട്ടാണ് എനിക്ക് അനുഭവപ്പെട്ടത്. അവതാരികയിൽ എവിടെയോ പറയുന്ന പോലെ മിക്ക കഥകളും വ്യഥകളാണ് ഒപ്പിയെടുക്കുന്നത്. ശുഭപര്യവസാന സന്ദർഭങ്ങൾ വിരളമാണ്. എന്നിരുന്നാലും വ്യത്യസ്ത കഥാ മുഹൂർത്തങ്ങളുടെയും കഥാ പാത്രങ്ങളുടെയും ഒരു കലവറയാണ് ഈ കൊച്ചു കഥാ സമാഹാരം.

പുസ്തകം: ഒട്ടകങ്ങളുടെ വീട്
രചയിതാവ്: ബാലു പൂക്കാട്
പ്രസാധനം: ഫോളിയേജ് പബ്ലിക്കേഷൻസ്

വില: 140 രൂപ

പേജ് : 88

Friday, November 01, 2024

മനുഷ്യരറിയാൻ

എന്റെ ബാഗിൽ സ്ഥിരം കാണുന്ന രണ്ട് സാധനങ്ങളാണ് പുസ്തകവും തുണി സഞ്ചിയും.എൻ്റെ സഹപ്രവർത്തകനും നാട്ടുകാരനുമായ സുമേഷും ബാഗിൽ പുസ്തകം കൊണ്ടു നടക്കാറുണ്ട്. ഞാൻ കട്ടികുറഞ്ഞവ കൊണ്ടു നടക്കുമ്പോൾ സുമേഷ്, ഘനഗംഭീര വിഷയങ്ങൾ ഉൾക്കൊള്ളുന്നതും അത്യാവശ്യഘട്ടത്തിൽ തലയിണ ആക്കാവുന്നതുമായ പുസ്തകങ്ങളാണ് ബാഗിൽ വയ്ക്കാറുള്ളത്.

പതിവ് പോലെ കോളേജിൽ നിന്ന് മടങ്ങുന്ന ഒരു ദിവസം "സാപിയൻസ്" എന്ന പുസ്തകത്തെപ്പറ്റി എന്തോ പറഞ്ഞപ്പോഴാണ് സുമേഷ് ബാഗ് തുറന്ന് ഒരു പുസ്തകം എൻ്റെ നേരെ നീട്ടിയത്. താല്പര്യമുണ്ടെങ്കിൽ വായിക്കാം എന്നും പലതിനെയും ചോദ്യം ചെയ്യുന്ന പുസ്തകമാണെന്നും പറഞ്ഞപ്പോഴാണ് ഞാൻ പുസ്തക രചയിതാവിൻ്റെ പേര് ശ്രദ്ധിച്ചത് - മൈത്രേയൻ! ചിന്തോദ്ദീപകമായ കലഹങ്ങളിൽ അഥവാ സംവാദങ്ങളിൽ പലപ്പോഴും ഉയർന്ന് കേൾക്കുന്ന പേരായതിനാൽ ഞാൻ പുസ്തകം സ്വീകരിച്ചു.

സമൂഹത്തിൽ വേരുറച്ചു പോയ പല ധാരണകളെയും കിളച്ച് മറിച്ചിടുന്ന കുറിപ്പുകളും ലേഖനങ്ങളും ആണ് പുസ്തകത്തിൻ്റെ ഉള്ളടക്കം. ചില ചിന്തകൾ വൃഥാവാക്കുകളായിട്ട് തോന്നുന്നു. മതവും രാഷ്ട്രീയവും സാമൂഹ്യ പരിഷ്കർത്താക്കളും എല്ലാം തൂലിക എന്ന പടവാളിൻ്റെ മൂർച്ച ഈ പുസ്തകത്തിലൂടെ ശരിക്കും അറിയുന്നുണ്ട്. ആദി ശങ്കരനും ശ്രീ നാരായണ ഗുരുവും ഗാന്ധിയുമാണ് കൂടുതൽ വെട്ട് ഏൽക്കുന്നവരായി എനിക്ക് അനുഭവപ്പെട്ടത്.

'സ്വാർത്ഥരായ രാഷ്ട്രീയക്കാർ' എന്ന ലേഖനത്തിൽ മഹാത്മാഗാന്ധിയെ നിശിതമായി തന്നെ വിമർശിക്കുന്നുണ്ട്. 

"ഗാന്ധിയെപ്പോലുള്ള കുടുംബം പോറ്റാത്ത സ്വന്തം പ്രസിദ്ധി മാത്രം നോക്കുന്ന പ്രതിച്ഛായകൾ മാത്രം ഉന്നംവച്ചു കഴിയുന്ന സാമൂഹ്യ പ്രവർത്തകർ ഉണ്ടാകാതിരിക്കേണ്ടയാവശ്യവും ജനാധിപത്യ സംവിധാനത്തിൻ്റെ വിജയത്തിനനിവാര്യമാണ്.
.... താൻ നേതൃത്വം കൊടുത്ത സമരം വിജയിച്ചിട്ട് അധികാരത്തിൽ കയറാതെ തനിക്കിതൊന്നും വേണ്ട എന്ന നിലയിൽ തുടരുന്നത് മഹത്വമൊന്നുമല്ല. അധികാരത്തിലേറിയാൽ യഥാർത്ഥത്തിൽ സാദ്ധ്യമായ, കഠിനതീരുമാനങ്ങളെടുക്കുവാൻ ബാദ്ധ്യത ഉണ്ടാകുമെന്ന് അറിയുന്നത് കൊണ്ടാണ് മഹാന്മാർ ഊളിയിട്ട് കളയുന്നത്. " 

എന്നാൽ ഗാന്ധിയെ ഏറെക്കുറെ പിന്തുടർന്ന നെൽസൺ മണ്ടേലയെ നല്ല മാതൃകയായി രചയിതാവ് ഉയർത്തി കാണിക്കുന്നു.

ഇടത് പക്ഷ സഹയാത്രികനായ ശ്രീ മൈത്രേയൻ കമ്യൂണിസത്തെയും പുസ്തകത്തിൽ പലയിടത്തും കുത്തി നോവിക്കുന്നുണ്ട്. 'സ്വത്തുൽപാദനം ഏക രക്ഷാമാർഗ്ഗം' എന്ന ലേഖനത്തിൽ പറയുന്നത് ഇങ്ങനെയാണ്.

"നീതിയല്ല, സൗകര്യങ്ങളല്ല, സമാധാനമല്ല, സ്വാതന്ത്ര്യമല്ല, ജീവിതമല്ല പ്രധാനം അധികാരമാണ് പ്രധാനം എന്ന കമ്യൂണിസ്റ്റ് അസംബന്ധമാണ് അധികാരമെന്ന അമൂർത്തതയുടെ പിന്നാലെ പായാൻ പ്രേരിപ്പിച്ച് നമ്മെപ്പോലുള്ള ജനതകളെ തീർത്തും വഴി തെറ്റിച്ചു കളഞ്ഞത്. നാം ആദ്യം സ്വത്ത് ഉത്പാദിപ്പിക്കുകയാണ് വേണ്ടത്. അല്ലാതെ ഇല്ലാത്ത സ്വത്ത് പങ്ക് വയ്ക്കാനല്ല, സാധ്യമല്ലാത്ത നീതിയെപ്പറ്റി എങ്ങുമില്ലാത്ത സമത്വത്തെപ്പറ്റി ഇത്രയധികം ബോധ്യമുള്ള മറ്റൊരു ജനത ലോകത്ത് നമ്മെപ്പോലെ ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഈ കമ്യൂണിസ്റ്റ് ആശയ പ്രേതബാധയിൽ നിന്നും നാം മോചിതരായേ മതിയാവൂ."

മറ്റൊരിടത്ത് മാർക്സിൻ്റെ ചിന്തകളെ വീണ്ടും കൂടഞ്ഞെറിയുന്നത് ഇങ്ങനെ വായിക്കാം.
"ആധുനിക ശാസ്ത്ര ദൃഷ്ടി കൊണ്ട് പരിണാമ പരമായ അടിസ്ഥാനത്തിൽ മനുഷ്യ സമൂഹങ്ങളെ മനസ്സിലാക്കുമ്പോൾ മാർക്സിൻ്റെ ഈ സങ്കല്പനങ്ങൾ കാളവണ്ടി യുഗത്തിലാണ് കഴിയുന്നതെന്ന് കാണാം. മാർക്സിസത്തിൽ ഇല്ലാത്തത് ചരിത്രവും ശാസ്ത്രവുമാണ്. കാളവണ്ടികൾ ഒരു കാലത്ത് ഉപയോഗപ്രദമായിരുന്നത് പോലെ മാർക്സിസത്തിനെയും കാണണം. പുത്തനറിവുകളുടെ വെളിച്ചത്തിൽ പുതിയ വാഹനങ്ങൾ നാം കണ്ടെത്തിയത് പോലെ ഇതിൻ്റെ ഉപയോഗവും കുറഞ്ഞുവെന്നും മനസ്സിലാക്കണം. ഇത്രത്തോളം ന്യൂനീകരിച്ചും മനുഷ്യ കേന്ദ്രീകരിച്ചും ജീവിതത്തെ അവതരിപ്പിച്ച മറ്റൊരു സിദ്ധാന്തവും മാർക്സിസത്തെപ്പോലെ മനുഷ്യചരിത്രത്തിൽ ഉണ്ടായിട്ടില്ല."

അൽപാൽപമായിട്ടാണെങ്കിലും അവസാനം വരെ വായിക്കാൻ ഈ തുറന്നെഴുത്ത് വായനക്കാരനെ പ്രേരിപ്പിക്കും എന്ന് തീർച്ച.

വായനക്ക് ശേഷം പുസ്തകം തിരിച്ചേൽപിച്ചപ്പോൾ സുമേഷ് അടുത്ത പുസ്തകം തന്നു - സാപിയൻസ് ! നവംബർ ഒന്നിന് അതിൻ്റെ വായനക്ക് തുടക്കമിടുന്നു.

പുസ്തകം: മനുഷ്യരറിയാൻ
രചയിതാവ്:  മൈത്രേയൻ
പബ്ലിഷേഴ്സ്: സൂചിക ബുക്സ്
പേജ്: 320
വില: 320 രൂപ

Monday, October 07, 2024

ഗുൽ മുഹമ്മദ്

തികച്ചും യാദൃശ്ചികമായിട്ടാണ് ശ്രീ. ടി. പത്മനാഭൻ്റെ നാലു കഥാ സമാഹാരങ്ങൾ അടങ്ങിയ ഒരു പുസ്തകം എൻ്റെ പുസ്തക ശേഖരത്തിൽ എത്തിയത്. ആരോ ഓർഡർ നൽകി പിൻമാറിയപ്പോൾ പുസ്തകം പ്രത്യേക ഡിസ്കൗണ്ട് റേറ്റിൽ എത്തിപ്പെട്ടത് എൻ്റെ കയ്യിലായിരുന്നു. കഥയുടെ കുലപതി എന്നറിയപ്പെടുന്ന ശ്രീ. ടി. പത്മനാഭൻ്റെ ഒരു കൃതി ഞാൻ വായനക്ക് എടുക്കുന്നതും ആദ്യമായിട്ടായിരുന്നു. ഗുൽ മുഹമ്മദ് എന്ന കഥാ സമാഹാരമാണ് ഞാൻ വായിച്ചത്.

ഗുൽ മുഹമ്മദ് എന്ന പന്ത്രണ്ട് വയസ്സുകാരൻ്റെ കഥയാണ് പ്രഥമ അദ്ധ്യായം. രണ്ടാനമ്മയുടെ പീഡനം കാരണം വീട് വിട്ടിറങ്ങി അറിയാത്ത ഒരു ദേശത്തെ യതീംഖാനയിൽ എത്തിയ ഗുൽ മുഹമ്മദിനെ അഛൻ തേടി വരുന്നതാണ് കഥാ തന്തു. പക്ഷെ, പീഡന പർവ്വത്തിലേക്ക് തിരിച്ചു പോകാൻ ആഗ്രഹിക്കാത്ത ഗുൽമുഹമ്മദ് കടലിലേക്ക് നടന്ന് നീങ്ങി. ഈ കഥയുടെ പിന്നിലുള്ള സംഭവം പിന്നീട് അദ്ദേഹം പങ്കുവച്ചതും ഞാൻ വായിച്ചിരുന്നു. 

ഗുൽമുഹമ്മദ് എന്ന പേരു പോലെ കഥാ പാത്രങ്ങളുടെ പേരിലുള്ള മറ്റ് നിരവധി കഥകളും ഈ സമാഹാരത്തിലുണ്ട്. അശ്വതി, മോളു, ചിത്തരഞ്ജിനി തുടങ്ങിയവ ചില ഉദാഹരണങ്ങൾ മാത്രം. പന്ത്രണ്ട് കഥകളാണ് ഈ സമാഹാരത്തിലുള്ളത്.

ടി. പത്മനാഭന്റെ കഥകളെപ്പറ്റി ഞാൻ വായിച്ചത് ഇപ്രകാരമാണ് - ജീവിതത്തിൻ്റെ നാനാമുഖങ്ങൾ നമുക്കു മുന്നിൽ ഇതുപോലെ വരച്ചുകാട്ടിയ മറ്റൊരാളും മലയാള സാഹിത്യത്തിൽ ഇല്ല. വായനക്കാരനെകൊണ്ട് കഥയുടെ ബാക്കിഭാഗത്തെ കുറിച്ച് അഗാധമായി ആലോചിക്കുവാനുള്ള പ്രേരണ തന്റെ കഥയിലൂടെ അദ്ദേഹം  നൽകുന്നു.ഒരു വായനക്കാരന് ഒരെഴുത്തുകാരൻ നൽകുന്ന ഏറ്റവും മികച്ച സമ്മാനങ്ങളിൽ ഒന്നാണത്. പക്ഷെ, ഈ സമാഹാരത്തിൽ ഗുൽമുഹമ്മദ് എന്നതൊഴികെയുള്ള ഒരു കഥയും  അത്ര ആകർഷകമായി എനിക്ക് തോന്നിയില്ല. പല കഥകളുടെയും തലക്കെട്ടും അനാകർഷകമാണ്.

എന്റെ വായനാനുഭവം ആയിരിക്കില്ല മറ്റൊരാളുടെ വായനാനുഭവം എന്നതിനാൽ ഇത് ഒരു അവസാന വാക്കല്ല. ചുരുങ്ങിയത് ഗുൽമുഹമ്മദ് എന്ന കഥ എങ്കിലും എല്ലാവരും വായിച്ചിരിക്കണം. ഇനിയും അദ്ദേഹത്തിന്റെ കഥകൾ വായിക്കാൻ അത് പ്രേരണ നൽകും എന്ന് തീർച്ചയാണ്.ഞാനും അദ്ദേഹത്തിന്റെ മറ്റു കൃതികൾ കൂടി വായിക്കണം എന്ന് കരുതുന്നു. 

പുസ്തകം: ഗുൽ മുഹമ്മദ്
രചയിതാവ്:  ടി. പത്മനാഭൻ
പബ്ലിഷേഴ്സ്: ഡി.സി ബുക്സ്
പേജ്: 60
വില: 75 രൂപ


Thursday, August 29, 2024

പാഠം ഒന്ന് ഉപ്പാങ്ങ

കുട്ടിക്കാല സ്മരണകൾ അയവിറക്കുന്ന കഥകൾ എഴുതാനും വായിക്കാനും എനിക്ക് ഏറെ താൽപര്യമാണ്. ബ്ലോഗെഴുത്തിൻ്റെ ആദ്യ വർഷങ്ങളിൽ, മനസ്സിൽ മായാതെ സൂക്ഷിച്ച ഏതാനും സ്മരണകൾ ഞാൻ ഇവിടെ പോസ്റ്റ് ചെയ്തിരുന്നു. ആ പോസ്റ്റുകളിൽ നിന്നാണ് സ്കൂൾ ഓർമ്മകളെപ്പറ്റി എഴുതാനും വായിക്കാനും പ്രചോദനം കിട്ടിയത്. കേരളത്തിലെ, വിവിധ മേഖലകളിൽ പ്രഗത്ഭരായവരുടെ സ്കൂൾ കാലം അയവിറക്കുന്ന മാതൃഭൂമി ബുക്സിൻ്റെ സ്കൂൾ മുറ്റം എന്ന പുസ്തകം ഞാൻ വാങ്ങി വായിച്ചതും ഈ താല്പര്യം കാരണമായിരുന്നു.

പ്രമുഖർ അല്ലെങ്കിലും ഒരേ കാലഘട്ടത്തിൽ ഒരേ സ്കൂളിൽ പഠിച്ച പതിനാല് പേരുടെ സ്കൂൾ ഓർമ്മകൾ കഥാ രൂപത്തിൽ അവതരിപ്പിക്കുന്ന പുസ്തകമാണ് "പാഠം ഒന്ന് ഉപ്പാങ്ങ". പുസ്തകത്തിൻ്റെ തലക്കെട്ട് തന്നെ ആരെയും കുട്ടിക്കാലത്തേക്ക് കൂട്ടിക്കൊണ്ടു പോകും എന്ന് തീർച്ചയാണ്. മലപ്പുറം ജില്ലയിലെ ഊർങ്ങാട്ടിരി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന സുബുലുസ്സലാം ഹൈസ്കൂളിലെ 1987 ബാച്ചിലെ ഞാനടക്കമുള്ള പതിനാല് പേരുടെ ഓർമ്മകളാണ് കഥാരൂപത്തിൽ ഈ പുസ്തകത്തിലൂടെ ഇതൾ വിരിയുന്നത്. 

ചരിത്രം നമ്മെ ഭൂതത്തിലേക്കും വർത്തമാനത്തിലേക്കും ഭാവിയിലേക്കും എല്ലാം എത്തിക്കുന്നു. ആ ചരിത്രം ഒരു കാലഘട്ടത്തെ നർമ്മത്തിലൂടെ അടയാളപ്പെടുത്തുന്നു എന്ന് വന്നാൽ അത് മനോഹരമായിരിക്കും അല്ലേ? ആ മനോഹാരിത ഈ പുസ്തകത്തിനുണ്ട്. ഞാൻ എവിടേയും ഇത് വരെ വായിച്ചിട്ടില്ലാത്ത പുത്തൻ കാര്യങ്ങളുടെ അകമാണീ ചരിത്ര പുത്തകം. നർമ്മമാണ് ജീവിതത്തിൻ്റെ ലാഭം എന്ന് പറഞ്ഞത് ഭഗവാൻ കൃഷ്ണനാണ്. ഇതിൻ്റെ ഓരോ താളുകളിലും ആ ലാഭം വേണ്ടുവോളമുണ്ട്. അതിൽ കൃഷ്ണൻ്റെ കുസൃതികളും വികൃതികളും കള്ളത്തരങ്ങളുമുണ്ട്. സാധാരണ അവനവൻ എഴുതുന്ന കഥകളിൽ അവൻ തന്നെയാണ് എപ്പോഴും നായകൻ. എന്നാൽ ഇതിലെ ഭൂരിഭാഗം കഥാപാത്രങ്ങളും വില്ലന്മാരോ , മടിയൻമ്മാരോ , പൊട്ടൻന്മാരോ കള്ളൻന്മാരോ ആണ് എന്നതും വായനാ രസം നൽകുന്നു. എഴുത്ത് കാരനായ ശ്രീ. എം.എ സുഹൈൽ പുസ്തകത്തിൻ്റെ അവതാരികയിൽ  പറയുന്നത് അക്ഷരാർത്ഥത്തിൽ ശരിയാണെന്ന് ഓരോ കഥകളും വായിക്കുമ്പോൾ മനസ്സിലാകും.

ക്ലാസ് പരീക്ഷയിൽ നിന്നും രക്ഷപ്പെടാൻ ഉസ്മാൻ നടത്തിയ ഒളിച്ചോട്ടവും ലോകത്തിൽ ഇന്നേ വരെ ആരും എഴുതാത്ത ഇമ്പോസിഷൻ എഴുതിയ ജോമണിയും ആരോ എറിഞ്ഞുകൊന്ന  കോഴിക്ക് വേണ്ടി തല മൊട്ടയടിക്കേണ്ടി വന്ന മുനീറും കുരങ്ങനെ കാണാൻ പോയി കാണാതായ നൂർജഹാനും എല്ലാം ഇക്കാലത്തും ആരെയും കുടുകുടാ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യും. ഓർമ്മകൾ അയവിറക്കി സഹകരിച്ച എല്ലാ സുഹൃത്തുക്കൾക്കും ഹൃദയം നിറഞ്ഞ നന്ദി.

പുസ്തകം: പാഠം ഒന്ന് ഉപ്പാങ്ങ
എഡിറ്റർ: ആബിദ് തറവട്ടത്ത്
പ്രസാധനം: പെൻഡുലം ബുക്സ്
പേജ് : 60
വില : 160 രൂപ 


Wednesday, July 31, 2024

വരൂ, ഈ ചിറകിലൊളിക്കൂ.

ഏതാനും വർഷങ്ങൾക്ക് മുമ്പുള്ള ഒരു റംസാൻ കാലം. എൻ്റെ ഒരു സുഹൃത്ത് വാട്സാപ്പിൽ എനിക്ക് ഒരു കുറിപ്പ് അയച്ച് തന്നു. സാമാന്യം നീളമുള്ള ഒരു കുറിപ്പായിരുന്നു അത്. റമദാൻ മഴ എന്നോ മറ്റോ ആണ് കുറിപ്പിൻ്റെ പേര്. റംസാൻ കാലമായതിനാൽ വെറുതെ ആരും ഫോർവേർഡ് മെസേജുകൾ വിടില്ല എന്ന് വിശ്വാസമുള്ളതിനാൽ ഞാൻ ആ കുറിപ്പ് വായിച്ചു. കുറിപ്പിൻ്റെ ഉള്ളടക്കവും ഗുണപാഠവും ആഖ്യാന ശൈലിയും എല്ലാം എനിക്ക് ഏറെ ഇഷ്ടമായി.

അടുത്ത ദിവസവും പ്രസ്തുത സുഹൃത്ത് ഒരു മെസേജ് കൂടി അയച്ചു. പേര് വീണ്ടും റമദാൻ മഴ ആയതിനാൽ തലേ ദിവസത്തെ അതേ കുറിപ്പ് വീണ്ടും ഫോർവേഡ് ചെയ്തതാണ് എന്ന് കരുതി ഞാൻ മൈൻഡ് ചെയ്തില്ല. അടുത്ത ദിവസം പിന്നെയും റമദാൻ മഴ വന്നതോടെ ഇതൊരു തോരാ മഴയാണെന്നും ഓരോ ദിവസവും വ്യത്യസ്ത കുറിപ്പുകൾ ആണെന്നും എനിക്ക് മനസ്സിലായി. തലേ ദിവസം വന്ന കുറിപ്പും അന്നത്തെ കുറിപ്പും വായിച്ചതോടെ ഞാൻ റമദാൻ മഴക്കു വേണ്ടി കാത്തിരിക്കാൻ തുടങ്ങി.പിന്നീട് എല്ലാ വർഷവും റമദാൻ മഴ പെയ്തതോടെ ഓരോ വായനയും ഹൃദ്യമായി. പി.എം.എ ഗഫൂർ ആയിരുന്നു ഈ റമദാൻ മഴ എന്ന പ്രഭാഷണ പരമ്പരയുടെ ഉപജ്ഞാതാവ്.

ചെറിയ കഥകളും സംഭവങ്ങളും പറഞ്ഞ് വലിയൊരു കാര്യത്തെപ്പറ്റി ചിന്തിക്കാനും പ്രവർത്തിക്കാനും ഉതകുന്ന പ്രഭാഷണങ്ങളും അവയുടെ കുറിപ്പും ആയിരുന്നു റമദാൻ മഴയായി പെയ്തു കൊണ്ടിരുന്നത്. ജാതി-മത-ഭേദമന്യേ എല്ലാവരും അത് വായിക്കുന്നു എന്നതിന് തെളിവായിരുന്നു പല പൊതു ഗ്രൂപ്പുകളിലും അവ കാണപ്പെട്ടത്. സമൂഹത്തിൻ്റെയും വ്യക്തികളുടെയും ബന്ധങ്ങളും സൗഹൃദങ്ങളും കെട്ടുറപ്പുള്ളതാക്കാൻ ഉതകുന്ന, അതീവ ലളിത ശൈലിയുള്ള ആഖ്യാന രീതി കൂടിയായതിനാൽ അത് ഏത് പ്രായക്കാർക്കും  വായനാസുഖവും നൽകും.

ഇത്തരം ഇരുപത്തി എട്ട് കുറിപ്പുകളുടെ ഒരു സമാഹാരമാണ് വരൂ, ഈ ചിറകിലൊളിക്കൂ എന്ന ചെറിയ കൃതി. കുട്ടികളും മുതിർന്നവരും വായിച്ച് മനസ്സിലാക്കേണ്ടതും പ്രവൃത്തിപഥത്തിൽ കൊണ്ടു വരേണ്ടതുമായ നിരവധി വിഷയങ്ങളാണ് കൃതിയുടെ ഉള്ളടക്കം. ആമുഖത്തിൽ പറഞ്ഞ പോലെ ഇതിലെ ഒരു വാക്ക് പോലും നിങ്ങളെ ഭാരപ്പെടുത്തില്ല ഹൃദയത്തിൻ്റെ അരികത്ത് വന്ന് ചില സ്വകാര്യങ്ങൾ പറയുകയാണ്..

പുസ്തകം: വരൂ, ഈ ചിറകിലൊളിക്കൂ
രചയിതാവ്: പി.എം.എ ഗഫൂർ
പ്രസാധകർ: ഐ.പി.എച്ച് കോഴിക്കോട്
പേജ്: 64
വില: Rs 90

Friday, July 05, 2024

മുച്ചീട്ടു കളിക്കാരന്റെ മകൾ

എന്റെ കുട്ടിക്കാലത്ത് വീട്ടിൽ പൂമ്പാറ്റ,ചംപക്,മലർവാടി തുടങ്ങിയ ബാലപ്രസിദ്ധീകരണങ്ങൾ വരുത്താറുണ്ടായിരുന്നു.മലർവാടിയിൽ അന്ന് ചിത്രകഥാ രൂപത്തിൽ വന്ന 'മുച്ചീട്ടു കളിക്കാരന്റെ മകൾ' ആയിരുന്നു ഞാൻ വായിച്ച ശ്രീ വൈക്കം മുഹമ്മദ് ബഷീറിന്റെ ആദ്യ നോവൽ എന്നാണ് എന്റെ ഓർമ്മ.സ്വയം നീങ്ങുന്ന വാഴക്കുലയും നോക്കി നദിക്കരയിൽ നിൽക്കുന്ന മണ്ടൻ മുത്തപ്പയുടെയും ചന്തയിൽ ചീട്ട് നിരത്തുന്ന ഒറ്റക്കണ്ണൻ പോക്കറിന്റെയും അന്നത്തെ ചിത്രങ്ങൾ ഇപ്പോഴും എന്റെ മനസ്സിലുണ്ട്. "പോടാ കൈതേ" എന്ന ഒറ്റക്കണ്ണൻ പോക്കറിന്റെ വിളി അന്ന് വായിക്കുമ്പോൾ ഒരു പ്രത്യേക രസം തന്നെയായിരുന്നു.

എല്ലാ വർഷവും വേനലവധിക്കാലത്ത് നൊച്ചാട്ടുള്ള മൂത്താപ്പയുടെ വീട്ടിൽ വിരുന്ന് പോകാറുണ്ടായിരുന്നു. ഹൈസ്‌കൂൾ ക്ലാസ്സിലെത്തിയ കാലത്ത് ഇങ്ങനെ വിരുന്ന് പോയ ഒരു ദിവസം അവിടെ നിന്നാണ് വീണ്ടും 'മുച്ചീട്ടു കളിക്കാരന്റെ മകൾ' എന്റെ കയ്യിൽ കിട്ടിയത്. അന്നത് വീണ്ടും വായിച്ചു. ഡിഗ്രി പഠനം കഴിഞ്ഞ് മാസങ്ങളോളം അവധി ആഘോഷിച്ച കാലത്ത് നാട്ടിലെ ലൈബ്രറിയിൽ അംഗത്വമെടുത്തപ്പോഴും ഈ പുസ്തകം  എന്റെ കൈകളിലെത്തി.ഇപ്പോൾ എൻ്റെ സ്വന്തം ഹോം ലൈബ്രറിയിലും 'മുച്ചീട്ടു കളിക്കാരന്റെ മകൾ' എത്തിയതോടെ ഒരിക്കൽ കൂടി വായിച്ച് പഴയ വായനാ ഓർമ്മകളിലൂടെയും ഒരു സഞ്ചാരം നടത്തി.

മുച്ചീട്ടു കളിക്കാരന്റെ മകൾ സൈനബയും പോക്കറ്റടിക്കാരൻ മുത്തപ്പയും പ്രണയത്തിലാണ്. മകളെ മുത്തപ്പക്ക് വിവാഹം ചെയ്തു കൊടുക്കാൻ മുച്ചീട്ടു കളിക്കാരൻ ഒറ്റക്കണ്ണൻ പോക്കറിന് സമ്മതവുമല്ല. അവസാനം സൈനബ പറഞ്ഞുകൊടുത്ത ട്രിക്കിലൂടെ മുച്ചീട്ടു കളിക്കാരനെ കളിയിൽ തോൽപ്പിച്ച് മുത്തപ്പ സൈനബയെ സ്വന്തമാക്കുന്നതാണ് നോവലിന്റെ ഇതിവൃത്തം.

വളരെ സാധാരണമായ ഒരു കഥയാണെങ്കിലും നാട്ടിൻപുറവും അവിടത്തെ ജനങ്ങളും അവരുടെ ജീവിത രീതിയും കൃത്യമായി വരച്ചു കാണിക്കുന്ന രൂപത്തിലുള്ള കഥാഖ്യാനമാണ് ഈ കൊച്ചു നോവലിനെ ജനപ്രിയമാക്കുന്നത്.ഞാൻ നേരത്തെ സൂചിപ്പിച്ച "പോടാ കൈതേ" പോലെയുള്ള ചില ഡയലോഗുകൾ ഇന്നും ചുണ്ടിൽ പുഞ്ചിരി വിടർത്തുന്നു.ചെറിയ കുട്ടികൾക്ക് പോലും മനസ്സിലാവുന്ന രീതിയിലുള്ള ഈ രചനാവൈഭവം തന്നെയാണ് വൈക്കം മുഹമ്മദ് ബഷീറിനെ മലയാളത്തിന്റെ സുൽത്താനാക്കിയത്.

പുസ്തകം : മുച്ചീട്ടു കളിക്കാരന്റെ മകൾ
രചയിതാവ്: വൈക്കം മുഹമ്മദ് ബഷീർ
പ്രസാധകർ : ഡി.സി.ബുക്സ്
പേജ്: 44
വില: 50 രൂപ

Sunday, June 09, 2024

നിൻ്റെ ഓർമ്മയ്ക്ക്

എൻ്റെ മൂന്നാമത്തെ പുസ്തകത്തിൻ്റെ പ്രസാധനവുമായി ബന്ധപ്പെട്ടാണ് ഞാൻ കോഴിക്കോട് പെൻഡുലം ബുക്സ് എം.ഡി. ജസീൽ നാലകത്തുമായി പരിചയപ്പെടുന്നത്. നേരിൽ കണ്ട് മുട്ടിയ ദിവസത്തെ സംസാരത്തിൽ തന്നെ ഞാൻ എൻ്റെ പുസ്തകക്കമ്പത്തെക്കുറിച്ചും ഹോം ലൈബ്രറിയെക്കുറിച്ചും സൂചിപ്പിക്കുകയും ഓഫറിൽ പുസ്തകങ്ങൾ നൽകുമ്പോൾ അറിയിക്കണം എന്ന് പറഞ്ഞു വയ്ക്കുകയും ചെയ്തു.

പുസ്തക പ്രസാധനം നടന്നില്ലെങ്കിലും എൻ്റെ പുസ്തക പ്രേമം ജസീൽ മനസ്സിലിട്ടു. മെയ് അവസാന വാരം, ഡി. സി ബുക്സ് പ്രസിദ്ധീകരിച്ച ആറ് പുസ്തകങ്ങളുടെ ഫോട്ടോ എനിക്കയച്ച് തന്ന് അവ നാൽപത് ശതമാനം കുറവിൽ നൽകുന്നതായി അറിയിച്ചു. ഓർഡർ ചെയ്ത ആൾ ഒഴിഞ്ഞതാണെന്നും പുസ്തകങ്ങൾ എല്ലാം പുതിയതാണെന്നും ആവശ്യമുണ്ടെങ്കിൽ വൈകുന്നേരത്തോടെ തന്നെ അറിയിക്കണമെന്നും  ജസീൽ പറഞ്ഞു. 

പ്രസ്തുത പുസ്തകങ്ങളിൽ ശ്രീ.എം.ടി. വാസുദേവൻ നായരുടെ "നിൻ്റെ ഓർമ്മയ്ക്ക് " എന്ന പുസ്തകം മാത്രമായിരുന്നു എനിക്ക് പരിചയമില്ലാത്തത്. എങ്കിലും എൻ്റെ ശേഖരത്തിലുള്ള ഒരു പുസ്തകം മാത്രം ഒഴിവാക്കി ബാക്കി അഞ്ചെണ്ണം അയക്കാൻ ഞാൻ പറഞ്ഞു. കാശ് ഉടനെ ചോദിച്ചെങ്കിലും മറ്റൊരനുഭവം ഉള്ളതിനാൽ പുസ്തകങ്ങൾ വീട്ടിലെത്തിയ ശേഷം അയക്കാം എന്നറിയിച്ചു. അവ എത്തിയ ഉടനെ ഒന്ന് ഓടിച്ച് മറിച്ച ശേഷം  മുഴുവൻ പുസ്തകത്തിൻ്റെയും വില ഞാൻ അടച്ചു.

ഈ മാസത്തെ വായനക്കായി ഞാൻ തെരഞ്ഞെടുത്ത പുസ്തകങ്ങളിൽ ഒന്ന് "നിൻ്റെ ഓർമ്മയ്ക്ക് " ആയിരുന്നു. ആദ്യ കഥയായ 'ഒരു പിറന്നാളിൻ്റെ ഓർമ്മയ്ക്ക്' ' എന്ന കഥ വായിച്ചപ്പോൾ തന്നെ മനസ്സൊന്ന് പിടഞ്ഞു. സർക്കസ് കൂടാരത്തിലെ കലാകാരികളുടെ കഥ  പറയുന്ന 'വളർത്തുമൃഗങ്ങൾ' വായിച്ചതോടെ വീണ്ടും ഒരു നീറ്റൽ അനുഭവപ്പെട്ടു. ടൈറ്റിൽ കഥയായ "നിൻ്റെ ഓർമ്മയ്ക്ക് " സ്വന്തം ജീവിതത്തിൽ നിന്ന് ചീന്തിയ ഒരു ഏടായതിനാൽ മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തി. "മരണത്തിൻ്റെ കൈത്തെറ്റ് " എന്ന കഥയും അവസാന പേജിലെത്തിയപ്പോൾ വേദനാജനകമായി. നിഗൂഢതകൾ നിറഞ്ഞ "കോട്ടയുടെ നിഴൽ" എന്ന കഥയിലും സിതാറിൻ്റെ ഈണത്തെക്കാൾ നൊമ്പരത്തിൻ്റെ കാറ്റാണ് ഉയരുന്നത്. അവസാന കഥയായ "ഓപ്പോൾ" മനസ്സിനെ പിടിച്ചു കുലുക്കുക തന്നെ ചെയ്തു.(എന്നെ അൽപനേരം ബാല്യകാലത്തേക്ക് നയിച്ച ഒരു കഥ കൂടിയാണ് ഓപ്പോൾ അത് പിന്നീട് പറയാം).

ഒറ്റ ഇരുപ്പിന് വായിച്ചാൽ ഒരു പക്ഷേ മാനസികാസ്വാസ്ഥ്യം തന്നെ നേരിട്ടേക്കാവുന്ന വിധത്തിലുള്ള ആറ് കഥകൾ അടങ്ങുന്ന ഈ പുസ്തകം എല്ലാവരും വായിക്കണം എന്നാണ് എൻ്റെ എളിയ അഭിപ്രായം.


പുസ്തകം : നിൻ്റെ ഓർമ്മയ്ക്ക്

രചയിതാവ്: എം.ടി. വാസുദേവൻ നായർ

പ്രസാധകർ : ഡി.സി.ബുക്സ്

പേജ്: 94

വില: 120 രൂപ

Friday, May 17, 2024

ശബ്ദങ്ങൾ

 ശ്രീ വൈക്കം മുഹമ്മദ് ബഷീറിന്റെ മിക്ക കൃതികളും എൻ്റെ സ്കൂൾ കാലഘട്ടത്തിൽ തന്നെ ഞാൻ വായിച്ചിരുന്നു. കഥാപാത്രങ്ങൾ എല്ലാം തന്നെ ചിര പരിചിതങ്ങൾ ആയതിനാൽ ഏത് കൃതിയിലാണ് അവ എന്നൊന്നും അന്ന് നോട്ട് ചെയ്തിരുന്നില്ല. പിന്നീട് വീണ്ടും പല തവണ വായിച്ചപ്പോഴാണ് ഓരോ കഥാപാത്രവും ഏതൊക്കെ നോവലിലേതാണെന്ന് ഓർമ്മയിൽ തങ്ങി നിൽക്കാൻ തുടങ്ങിയത്. അപ്പോഴും ശബ്ദങ്ങൾ എന്ന പുസ്തകത്തിലെ ഒരു കഥാപാത്രം പോലും എൻ്റെ മനസ്സിലേക്ക് വന്നതേ ഇല്ല. ഇക്കഴിഞ്ഞ ദിവസം പ്രസ്തുത പുസ്തകം കയ്യിൽ കിട്ടിയപ്പോൾ ഞാൻ അത് വായിച്ചു നോക്കി. മുമ്പ് വായിച്ചതായി എനിക്ക് ഒരു പരിചയവും തോന്നിയില്ല.

ശബ്ദങ്ങൾ വായിച്ചു കഴിഞ്ഞപ്പോൾ എൻ്റെ മനസ്സിൽ ഒരു പാട് ചിന്തകൾ മുളപൊട്ടി. ഇത് ഒരു ബഷീർ കൃതി തന്നെയാണോ എന്നായിരുന്നു ഓരോ പേജ് പിന്നിടുമ്പോഴും എൻ്റെ സംശയം. സാധാരണ ബഷീർ കൃതികളിലെ നർമ്മ രസം ഇതിൽ ഒട്ടും കണ്ടില്ല എന്നത് തന്നെയാണ് അതിന് പ്രധാന കാരണം. എന്നാൽ സ്ത്രീ ലാവണ്യത്തിൻ്റെ അംഗ വർണ്ണന കണ്ടപ്പോൾ അത് ബഷീറിന് മാത്രമേ സാധിക്കൂ എന്നും ഉറപ്പായി. എന്നാലും ഒരു കഥാപാത്രത്തിനും പേരില്ലാത്ത ഒരു കഥ ബഷീർ എഴുതും എന്ന് വിശ്വസിക്കാനും പ്രയാസം തോന്നി. കഥാവസാനം വരെ ഒരു തരം ഭ്രാന്തൻ സംഭാഷണം മാത്രമുള്ള ഒരു കൃതി ബഷീറിൻ്റെ തൂലികയിൽ നിന്ന് ഉണ്ടാകും എന്ന് ബഷീറിൻ്റെ മറ്റ് കൃതികൾ വായിച്ച ആർക്കും ഊഹിക്കാൻ പോലും സാധിക്കില്ല. കാശ് കൊടുത്ത് വാങ്ങിയ ബഷീർ കൃതികളിൽ  ഇതൊരു നഷ്ടം തന്നെയെന്ന് അവസാന പേജിൽ എത്തിയപ്പോൾ എനിക്ക് തീർച്ചയായി.

ഞാൻ വായിച്ചതിൽ എനിക്ക് ഒട്ടും ഇഷ്ടപ്പെടാത്ത ഒരു കൃതിയാണ് ശബ്ദങ്ങൾ. പുസ്തകത്തിൻ്റെ പേര് അപശബ്ദങ്ങൾ എന്നായിരുന്നു നല്ലത് എന്ന് പോലും തോന്നി. വായിച്ചില്ലെങ്കിൽ ഒരു നഷ്ടവും തോന്നാത്ത ഒരു കൃതിയാണ് ശബ്ദങ്ങൾ.

പുസ്തകം : ശബ്ദങ്ങൾ
രചയിതാവ്: വൈക്കം മുഹമ്മദ് ബഷീർ
പ്രസാധകർ : ഡി.സി.ബുക്സ്
പേജ്: 79
വില: 99 രൂപ

Monday, May 06, 2024

ചന്ദന മരങ്ങൾ

മാധവിക്കുട്ടിയുടെ 'എന്റെ കഥ' അത് വായിക്കേണ്ട പ്രായത്തിൽ തന്നെ ഞാൻ വായിച്ചിട്ടുണ്ട് എന്നാണ് എന്റെ ഓർമ്മ. 'നീർമാതളം പൂത്തകാല'വും വായന കഴിഞ്ഞതാണ് എന്നാണ് എന്റെ ഓർമ്മ. മാധവിക്കുട്ടിയുടെ എഴുത്തിൽ പുരുഷൻ വായിക്കാനോ കേൾക്കാനോ അനുഭവിക്കാനോ ഇഷ്ടപ്പെടുന്ന സ്ത്രൈണതയുടെ ചില തുറന്നെഴുത്തുകൾ ഉണ്ടാകാറുണ്ട് എന്നതാണ് പലരെയും അവരുടെ കൃതികളിലേക്ക് അടുപ്പിക്കുന്നത് എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.

വർഷങ്ങൾക്ക് ശേഷം തികച്ചും അപ്രതീക്ഷിതമായി ഞാൻ വായനക്കെടുത്ത പുസ്തകമായിരുന്നു 'ചന്ദന മരങ്ങൾ'.നോവലിന്റെ ഉള്ളടക്കത്തെപ്പറ്റി മുൻ ബോധ്യം ഇല്ലായിരുന്നെങ്കിലും വായിച്ച ശേഷം ഇതും വിവാദമായ ഒരു കൃതിയായിരുന്നോ എന്നൊരു സംശയം എന്റെ ഉള്ളിലുണ്ടായി.അരീക്കോട് നിന്നും കോഴിക്കോട്ടേക്കുള്ള ബസ് യാത്രയിൽ, അമ്പത് മിനുട്ട് കൊണ്ട് ഞാൻ ഈ കൃതിയുടെ വായന പൂർത്തിയാക്കി.

കല്യാണിക്കുട്ടിയും ഷീലയും തമ്മിലുള്ള ലെസ്ബിയൻ  പ്രണയമാണ് നോവലിന്റെ ഇതിവൃത്തം. ഡോക്ടറും വിവാഹിതയും ആയ ശേഷവും കല്യാണിക്കുട്ടിക്ക് ഷീലയോട് തോന്നുന്ന പ്രണയവും അതിന് വേണ്ടി സ്വന്തം ദാമ്പത്യ ജീവിതത്തിലും ഷീലയുടെ ദാമ്പത്യ ജീവിതത്തിലും വിള്ളൽ വീഴ്ത്തുന്നതും വായനക്കാരനെ പുസ്തകത്തോടൊപ്പം തന്നെ കൊണ്ടുപോകും.

“ഞാൻ ലജ്ജയാലും അപമാനഭാരത്താലും എന്റെ കണ്ണുകളടച്ചു. എത്ര നേരം ഞാൻ ജീവച്ഛവമെന്ന പോൽ അവളുടെ ആക്രമണത്തിന് വഴങ്ങി അവിടെ കിടന്നു എന്ന് എനിക്ക് തന്നെ ഓർമ്മയില്ല. യുഗങ്ങളോളം ഞാനവളുടെ തുടിക്കുന്ന കൈകാലുകളുടെ അടിമയായിരുന്നു. അതിനു ശേഷം ഞാനവളുടെ പ്രേമഭാജനമായി മാറി“ ലെസ്ബിയൻ പ്രണയത്തിലെ കാമകേളി അതിരുവിടാതെ, എന്നാൽ സത്ത ചോരാതെയും ഇങ്ങനെ അവതരിപ്പിക്കാൻ മാധവിക്കുട്ടിക്ക് മാത്രമേ സാധിക്കൂ എന്നാണ് എനിക്ക് തോന്നുന്നത്.ആർട്ടിസ്റ്റ് നമ്പൂതിരിയുടെ വര കൂടിയായപ്പോൾ ആ രംഗം വായനക്കാരന്റെ മനസ്സിൽ പതിഞ്ഞു കഴിഞ്ഞു.

ലെസ്ബിയൻ പ്രണയത്തോടൊപ്പം തന്നെ ഭാര്യാ ഭര്‍ത്താക്കന്മാരുടെ ജീവിതത്തിലെ ചില സങ്കീര്‍ണതകള്‍ കൂടി ഇത് വായിക്കുമ്പോൾ വ്യക്തമാകും.സുധാകരൻ എന്ന സുമുഖനെ കാരണമില്ലാതെ ഒഴിവാക്കി ആസ്‌ത്രേലിയയിലേക്ക് പോകുന്ന ഡോ.കല്യാണിക്കുട്ടി പുനർ വിവാഹം കഴിച്ച് വിധവയായ ശേഷം വീണ്ടും, മറ്റൊരു സ്ത്രീയുടെ ഭർത്താവായ സുധാകരനെ ജീവിത പങ്കാളിയാക്കാൻ ശ്രമിക്കുന്നതും ഡോ.ഷീല അതിന് ഒത്താശ ചെയ്തു കൊടുക്കുന്നതും രണ്ട് പേരുടെയും ദാമ്പത്യ ജീവിതത്തിലെ ചില കരടുകളുടെ ഫലമായിട്ടായിരിക്കാം. അവസാനം ഒരു ചുംബനം കൊതിച്ച ഷീലയ്ക്ക് അത് കിട്ടാതെയാകുമ്പോഴും സുധാകരനില്ലാതെ കല്യാണിക്കുട്ടി ആസ്‌ത്രേലിയയിലേക്ക് തിരിച്ച് പോകുമ്പോഴും രണ്ട് വഞ്ചകർക്കും കിട്ടേണ്ടത് കിട്ടി എന്ന ആശ്വാസവും വായനക്കാർക്ക് കിട്ടും.

പുരുഷനും സ്ത്രീയും തമ്മിലുള്ളത് മാത്രമാണ് പ്രണയം എന്നും സ്വവർഗ്ഗലൈംഗികത ഹീനമാണെന്നും കരുതിയിരുന്ന ഒരു കാലത്ത് എഴുതിയ ഈ നോവൽ വായിക്കുമ്പോൾ അന്നത്തെ വായനക്കാരൻ എങ്ങനെയാണ് ഇതിനെ സ്വീകരിച്ചിരിക്കുക എന്നത് ഒരു സമസ്യ തന്നെയാണ്.ഒറ്റ ഇരുപ്പിന് ആർക്കും വായിച്ച് തീർക്കാവുന്ന ഒരു കൃതിയാണ് 'ചന്ദന മരങ്ങൾ'.

പുസ്തകം : ചന്ദന മരങ്ങൾ
രചയിതാവ്: മാധവിക്കുട്ടി
പ്രസാധകർ : ഡി.സി.ബുക്സ്
പേജ്: 62
വില: 60 രൂപ


Monday, April 29, 2024

എതിര്

 പുസ്തക ശേഖരണം എൻ്റെ ഒരു ഹോബിയാണ്. ഒരു കാലത്ത് പുസ്തക വായന ഹോബിയായിരുന്നതായിരിക്കാം ഈ പുതിയ ഹോബിക്ക് കാരണം. ഇങ്ങനെ ശേഖരിച്ച പുസ്തകങ്ങൾ എൻ്റെ വായനാ മേശയിൽ എത്താൻ പലപ്പോഴും ഏറെ താമസിക്കാറുണ്ട്. എന്നാൽ ഈ വർഷം അതിനും ഒരു അറുതി വരുത്താൻ ആഗ്രഹമുള്ളതിനാൽ ഓരോ മാസവും ഇത്ര പുസ്തകം വായിച്ചു തീർക്കണം എന്ന് സ്വയം തീരുമാനമെടുക്കുകയും ചെയ്തു.

എൻ്റെ സ്വഭാവ വിശേഷങ്ങൾ അറിയുന്നത് കൊണ്ടാണോ എന്ന് നിശ്ചയമില്ല, എൻ്റെ സ്വന്തം കോളേജിൻ്റെ എൻ. എസ്. എസ് സപ്തദിന ക്യാമ്പിൽ ഒരു മോട്ടിവേഷൻ ക്ലാസ് കൈകാര്യം ചെയ്ത എനിക്ക് മെമൻ്റോ ആയി കിട്ടിയത് ഒരു പുസ്തകമായിരുന്നു.

2023 ഡിസംബർ 4 ന് മിക്ക വാട്സാപ്പ് ഗ്രൂപ്പുകളിലും നിറഞ്ഞ് നിന്ന ഒരു സന്ദേശമുണ്ടായിരുന്നു.
"പതിനാലു വയസ്സുള്ളപ്പഴാണ് , വീടിനടുത്തുള്ള ഒരു ജൻമിയുടെ വീട്ടിൽ കഞ്ഞിക്ക് ചെന്നു. മണ്ണിൽ കുഴിച്ച് കഞ്ഞിയൊഴിച്ച് തന്നു. അവിടെ ഭയങ്കരനായ ഒരു പട്ടിയുണ്ടായിരുന്നു. എന്നോടൊപ്പം അവനോടും ചെന്ന് കുടിക്കാൻ പറഞ്ഞു വീട്ടുകാർ. കുഴിയുടെ അടുത്തേക്ക് കുരച്ചെത്തിയ പട്ടി കഞ്ഞി കുടിക്കാനുള്ള ആർത്തിയിൽ എന്നെ കടിച്ചു മാറ്റി. " 

സ്വാതന്ത്യം കിട്ടി പതിനഞ്ച് വർഷം പിന്നിട്ട ശേഷം പ്രബുദ്ധ കേരളത്തിൽ നടന്ന ഒരു സംഭവമാണിത്. ഇതിൻ്റെ തുടർച്ചയായി ഇത്തരം നിരവധി അനുഭവങ്ങൾ ആ സന്ദേശത്തിൽ പറയുന്നുണ്ട്. അവസാനം ഒരു കുറിപ്പും. ഇന്നലെ അന്തരിച്ച എം. കുഞ്ഞാമൻ്റെ 'എതിര് ' എന്ന കൃതിയിൽ നിന്ന്.

ഹൈസ്കൂൾ ക്ലാസിൽ ഏതിലോ മലയാളം ബി ആയി അംബേദ്കറുടെ ജീവചരിത്രം പഠിച്ചതാണ്  അപ്പോൾ പെട്ടെന്ന് എൻ്റെ ഓർമ്മയിൽ വന്നത്. അംബേദ്കർ ഈ ഉച്ചനീചത്വങ്ങൾക്കെതിരെ പോരാടി വിജയിച്ചെങ്കിലും ദളിത് സമൂഹത്തിലെ പലരും ഇന്നും ഇവ അനുഭവിക്കുന്നു എന്നറിയുമ്പോൾ മനസ്സ് നൊന്തു.

 ചെറോണയുടെയും അയ്യപ്പൻ്റെയും മകൻ്റെ ജീവിത സമരം എന്ന ടാഗ് ലൈനോടെയുള്ള പ്രസ്തുത പുസ്തകം വാങ്ങി വായിക്കണം എന്ന് എന്നെ ഉത്ബോധിപ്പിച്ചത് മേൽപറഞ്ഞ ആ വാട്സാപ്പ് സന്ദേശമായിരുന്നു.വീട്ടിലെത്തി, എൻ.എസ്.എസ് ക്യാമ്പിൽ നിന്ന് കിട്ടിയ പൊതി തുറന്നു നോക്കിയപ്പോൾ 'എതിര്' എന്ന കൃതിയായിരുന്നു അതിനകത്ത് . 

പുസ്തകത്തിലെ ആദ്യത്തെ അഞ്ചാറ് അദ്ധ്യായങ്ങൾ കുഞ്ഞാമൻ എന്ന് ദളിത് പ്രൊഫസർ ചെറുപ്പം മുതൽ അനുഭവിക്കുന്ന വിവേചനങ്ങളുടെയും ജാതീയതുടെയും നേർക്കാഴ്ചകളാണ്. യൂണി.സിറ്റി അദ്ധ്യാപകനായിരിക്കുമ്പോഴും ഈ ജാതിമേൽക്കോയ്മയിൽ നിസ്സഹായനായിപ്പോകുന്ന പ്രൊഫസർ ജോലി രാജിവച്ച് മറ്റൊരു സംസ്ഥാനത്ത് ജോലിക്ക് പോകേണ്ടി വരെ വരുന്നു എന്നത് ജാതിക്കോമരങ്ങളുടെ കലി തുള്ളലിൻ്റെ ശക്തി അറിയിക്കുന്നു. പുസ്തകം പകുതി പിന്നിടുമ്പോഴേക്കും തികച്ചും ദാർശനികമായ ചിന്തകളും കാഴ്ചപ്പാടുകളും പ്രതിപാദ്യ വിഷയമായി മാറുന്നത് വായനക്കാരൻ ഒരു പക്ഷെ അറിയില്ല. ഇടതുപക്ഷ സഹയാത്രികനായിരുന്ന കുഞ്ഞാമൻ ഈ പുസ്തകത്തിൻ്റെ അവസാനമെത്തുമ്പോഴേക്കും പറഞ്ഞു വയ്ക്കുന്നത് മൂല്യച്യുതി സംഭവിച്ച ഇടതുപക്ഷത്തിന് ഇനി തിരിച്ചു വരവില്ല എന്നാണ്. 

എന്നെക്കാൾ പ്രായം കൂടിയവരുടെ പേര് എഴുതുമ്പോൾ ഞാൻ ശ്രീ എന്ന പദം ഉപയോഗിക്കാറുണ്ട്. ആരെയും ബഹുമാനിക്കാത്ത, സ്വയം ബഹുമാനം ഇഷ്ടപ്പെടാത്ത കുഞ്ഞാമൻ്റെ പേരിന് മുന്നിൽ ഞാൻ ആ പദം പ്രയോഗിക്കാത്തത്, അദ്ദേഹത്തോടുള്ള അനാദരവ് ആകും എന്ന് കരുതിയാണ്.ഒറ്റ ഇരുപ്പിന് ഈ പുസ്തകം വായിച്ചു തീർക്കാൻ എനിക്ക് തോന്നിയില്ല. എങ്കിലും, ജീവിതത്തിൻ്റെ നിലയും വിലയും അറിയണമെങ്കിൽ ഇത്തരം കൃതികൾ വായിക്കണം എന്നാണ് എന്റെ അഭിപ്രായം.

പുസ്തകം : എതിര്
രചയിതാവ്: എം. കുഞ്ഞാമൻ
പ്രസാധകർ : ഡി.സി.ബുക്സ്
പേജ്: 160
വില: 220 രൂപ