Pages

Friday, August 29, 2014

ഒരു പത്രസമ്മേളനം

സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് എന്ന എന്റെ മാതൃഡിപ്പാർട്ട്മെന്റിൽ നടന്നു വരുന്ന മികവ് ഉയർത്തൽ പരിപാടിയുടെ (Technical Education Quality Improvement Programme) ഭാഗമായി ‘എഞ്ചിനീയറിംഗ് മേഖലയിലെ പുത്തൻ പ്രവണതകൾ’ ( Emerging trends in Engineering) എന്ന വിഷയത്തിൽ എന്റെ കോളേജിൽ വച്ച് രണ്ട് ദിവസത്തെ ഒരു ദേശീയ സദസ്സ് (National Conference) സംഘടിപ്പിച്ചിട്ടുണ്ട്.കുറേ ദിവസങ്ങളായി നാഷണൽ കോൺഫറൻസ് എന്ന് കോളേജിൽ വച്ച് ഞാൻ കേൾക്കുന്നുണ്ടെങ്കിലും അത് കാശ്മീരിലെ പാർട്ടിയെപ്പറ്റിയാണ് പറയുന്നത് എന്ന് കരുതി ഞാൻ അത് ശ്രദ്ധിച്ചിരുന്നേ ഇല്ല – പൊന്നുരുക്കുന്നിടത്ത് കൊതുക് മൂളേണ്ടതില്ലല്ലോ.

രണ്ട് ദിവസം മുമ്പ് കെമിക്കൽ എഞ്ചിനീയറിംഗ് ഡിപ്പാർട്ട്മെന്റിന്റെ തലൈവി ഇതേ കോൺഫറൻസിന്റെ പ്രചാരണത്തിനായി ഒരു പത്രസമ്മേളനം വിളിക്കുന്നതായും അതിൽ പങ്കെടുക്കുന്ന ഒരാളായി എന്നെ തെരഞ്ഞെടുത്തതായും അറിയിച്ചു. പ്രിൻസിപ്പാളും കോൺഫ്രൻസ് കൺ‌വീനറും അനുബന്ധ ഗമണ്ടൻ പ്രൊഫസർമാരും ഉള്ള കൂട്ടത്തിൽ ഒന്ന് പോകുക എന്നതായിരിക്കും എന്റെ കർത്തവ്യം എന്ന് സ്വാഭാവികമായും ഞാൻ ധരിച്ചു.പത്രങ്ങളിൽ നിരവധി തവണ പേരും പടവും അച്ചടിച്ചു വന്നതിനാലും ദൃശ്യ-ശ്രാവ്യ-അച്ചടി മാ‍ധ്യമങ്ങളിലെ നിരവധി പേരുമായി ചങ്ങാത്തം ഉള്ളതിനാലും (യാദൃശ്ചികമായി ഉണ്ടായതാണ് ഈ ചങ്ങാത്തങ്ങൾ എല്ലാം) ആണ് എന്നെ ഈ പരിപാടിയിൽ ഇട്ടത് എന്ന് ഞാൻ പിന്നീട് മനസ്സിലാക്കി.

ഇന്നലെ കോഴിക്കോട് മാനാഞ്ചിറ പ്രെസ്ക്ലബ്ബിൽ ആയിരുന്നു ആ പത്രസമ്മേളനം. പ്രിൻസിപ്പാൾക്ക് മറ്റു ചില നിർബന്ധ കാര്യങ്ങൾ അറ്റന്റ് ചെയ്യാൻ ഉള്ളതുകൊണ്ട് മറ്റൊരാളെ ചുമതലപ്പെടുത്തി. അങ്ങനെ മൂന്ന് പ്രൊഫസർമാരും ഞാനും പത്രസമ്മേളനത്തിനായി പുറപ്പെട്ടു.മുമ്പ് വയനാട് ബ്ലോഗ്  ശില്പശാല നടത്തിപ്പുമായി ബന്ധപ്പെട്ട് മാനന്തവാടിയിൽ ഒരു പത്രസമ്മേളനത്തിൽ പങ്കെടുത്ത ഒരു ഓർമ്മ എന്റെ മനസ്സിൽ ഉണ്ടായിരുന്നു..അന്ന് പത്രക്കാരുടെ നിരവധി ചോദ്യങ്ങൾ വന്നിരുന്നതും അതിന് മറുപടി പറഞ്ഞതും ഓർമ്മയിൽ നിൽക്കുന്നതിനാൽ ഇന്ന് നടക്കാൻ പോകുന്ന  പത്രസമ്മേളനത്തിലും ഞാൻ അത് പ്രതീക്ഷിച്ചു.എന്റെ കൂടെ മൂന്ന് ഗമണ്ടൻ പ്രഫസർമാർ ഉള്ളതിനാൽ മറുപടി അവർ നൽകും എന്ന ധൈര്യം കാരണം അതുവരെ അറിയാത്ത ആ നാഷണൽ കോൺഫറൻസിനെപ്പറ്റി ഞാൻ അധികമൊന്നും പഠിച്ചില്ല.പക്ഷേ പത്രക്കാർക്ക് വിതരണം ചെയ്യുന്ന കുറിപ്പ് ജീപ്പിൽ വച്ച് ഒന്നോടിച്ച് വായിച്ചു.

പ്രെസ്സ്ക്ലബ്ബിനകത്ത് നിരന്നിരിക്കുന്ന പത്ര-ദൃശ്യ മാധ്യമ റിപ്പോർട്ടർമാരുടെ മുമ്പിലെത്തിയപ്പോൾ തലൈവി കുലൈവി ആയി !
‘സാറിന്റെ ശബ്ദമാണ് ഏറ്റവും നല്ലത് , അതിനാൽ സാറ് പറഞ്ഞാൽ മതി‘ - എന്റെ നേരെ നോക്കി അവർ പറഞ്ഞു.ഇനി പത്രക്കാരുടെ മുമ്പിൽ വച്ച് ഒരു വാക്‌‌കസർത്ത് വേണ്ട എന്നതിനാലും നാല് വർഷത്തെ എൻ.എസ്.എസ് അനുഭവം തന്ന ധൈര്യവും സമന്വയിപ്പിച്ച് അതുവരെ അറിയാത്ത ആ ‘കലാപരിപാടി’യെക്കുറിച്ച് ഞാൻ പത്രക്കാർക്ക് മുമ്പിൽ പ്രസ്താവന നടത്തി! എല്ലാ മാധ്യമസുഹൃത്തുക്കളേയും പരിപാടിയിലേക്ക് സ്വാഗതവും ചെയ്ത ശേഷം സംശയ ദുരീകരണത്തിനായി പുലിക്ക് മുമ്പിൽ കുടുങ്ങിയ ശിക്കാരി ശംഭുവിനെപ്പോലെ ഇരുന്നു കൊടുത്തു! പത്രക്കാർക്കിടയിൽ ഒരു എഞ്ചിനീയർ ഇല്ലാതിരുന്നതിനാൽ ഞാൻ രക്ഷപ്പെട്ടു – ആരും ഒന്നും ചോദിച്ചില്ല !

വാൽ: പത്രസമ്മേളനം അവസാനിപ്പിച്ച് സ്റ്റേജിൽ നിന്നിറങ്ങി നടന്ന് നീങ്ങുമ്പോൾ ഒരു റിപ്പോർട്ടർ മറ്റൊരാളോട് പറയുന്നത് കേട്ടു – “ ഇതാണ് ആബിദ് തറവട്ടത്ത് , എഞ്ചിനീയറിഗ് കോളേജിലെ എൻ.എസ്.എസ് കോർഡിനേറ്റർ “ .എനിക്ക് പരിചയമില്ലാത്ത ആ റിപ്പോർട്ടർ എന്നെ തിരിച്ചറിഞ്ഞതിൽ വളരെ സന്തോഷം തോന്നി. 


Tuesday, August 19, 2014

കാണാതായ ലങ്കോട്ടി !

“എന്നാലും എന്റെ ഭഗവാനെ..!‘ യോഗം കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയ ദാമോദരൻ മാസ്റ്റർ വടക്കോട്ട് കെട്ടിയ അഴയിലേക്ക് വീണ്ടും നോക്കിക്കൊണ്ട് ആത്മഗതം ചെയ്തു.

“എന്താ..?എന്തുപറ്റി?” ഉമ്മറത്ത് കാത്ത് നിന്ന മാസ്റ്ററുടെ ഭാര്യ ഓമനാമ്മ ചോദിച്ചു.

“ഏയ്.ഞാനൊന്നും പറഞ്ഞില്ല വെറുതെ ഒരു ശ്വാസം വിട്ടതാ” ദാമോദരൻ മാസ്റ്റർ രക്ഷപ്പെടാൻ നോക്കി

“ആഹാ.അപ്പോ ശ്വാസകോശം സംസാരിക്കാനും തുടങ്ങിയോ?” ഓമനാമ്മയും വിട്ടില്ല.

“അതല്ലെടീഎന്റെ വി.ഐ.പി.”

“ഓ വീണ്ടും.!!!മീറ്റിംഗിലും ഈ വി.ഐ.പി ആയിരുന്നോ ചർച്ച?”

“എടീ 95 രൂപ കൊടുത്ത് മേടിച്ച പുത്തൻ വി.ഐ.പി ഫ്രെഞ്ചി ലങ്കോട്ടി ഇത്ര പെട്ടെന്ന് കാണാതായതിലെ ദുരൂഹത.”

“ആ ദുരൂഹത വെളിച്ചത്തുകൊണ്ട് വരാൻ ഒരു സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടേക്ക്.യൂണിയന്റെ വലിയ ആളല്ലേ

“വേണമെങ്കിൽ അതും ആവാം

“അല്ല മനുഷ്യാഅത് പോയാലും വേറെ കുറേ എണ്ണം ഇല്ലേ ആ അലമാരക്കുള്ളിൽ

“അതൊന്നും 95 രൂപയുടെ ഈ പുത്തൻ വി.ഐ.പി ആവില്ലല്ലോ?”

“അല്ലാപുതിയതാണെന്ന് വച്ച് ഉടുത്തത് അഴിച്ചിട്ട് ഒരു പ്രദർശനം നടത്താനൊന്നും പോകുന്നില്ലല്ലോപിന്നെ ഇട്ടിരിക്കുന്നത് വി.ഐ.പി ആണോ വി.വി.ഐ.പി ആണോ എന്ന് ആരറിയാനാ?...“

“എന്താഎന്താ ദാമോ അവിടെ ഒരു ബഹളം?” മാസ്റ്ററുടെ പ്രായമായ അമ്മ, ശബ്ദം കേട്ട് പുറത്തേക്ക് വന്ന് ചോദിച്ചു.

“ഒന്നുമില്ലമ്മേഎന്റെ പുതിയ വി.ഐ.പി ലങ്കോട്ടി കാണാതായി

“ങേ!!!കാലം പോയൊരു കോലം.ലങ്കോട്ടിയിലും വി.ഐ.പി ??”

“അമ്മ കണ്ടിരുന്നോ?”

“ആ വടക്കേ അഴയിൽ ഇന്നലെ കണ്ടിരുന്നല്ലോ
“അത് ഇന്നലെയല്ല..ഒന്നര മാസം മുമ്പാ അമ്മേ

“എന്നിട്ടാണോ പുതിയത് എന്ന് പറയുന്നത്പോയി വേറെ വല്ല പണിയും നോക്ക്..ദാമോ”

***********************************************
മാസങ്ങൾക്ക് ശേഷം ഒരു ദിവസം.

“എത്ര ദിവസമായി മനുഷ്യാ .ഇതൊന്ന് നന്നാക്കിത്തരാൻ പറഞ്ഞിട്ട്?”

“ആഎന്തായിരുന്നു പ്രശ്നം?”

“തേങ്ങാക്കൊല” ഓമനാമ്മക്ക് ദ്വേഷ്യം വന്നു.

“ആ.അത് ഞാൻ അന്നേ പറഞ്ഞതാആ തേങ്ങ ഇട്ടതിന്റെ അടിയിൽ കൊണ്ടുപോയി വാഷിംഗ് മെഷീൻ വയ്ക്കണ്ട എന്ന്.ഇനി തേങ്ങാക്കൊലയെ ശപിച്ചിട്ട് കാര്യമില്ല.”

“ഓമാങ്ങാത്തൊലി

“ഉപ്പ് തിന്നവൻ വെള്ളം കുടിക്കും എന്ന് പറഞ്ഞ പോലെ ഭർത്താവിനോട് തേങ്ങാക്കൊല പറഞ്ഞവൾ മാങ്ങാത്തൊലിയും പറയും.അത് ദാമ്പത്യബന്ധത്തിന്റെ ഭരണഘടനയിൽ അനുശാസിച്ചതാ

“ദൈവമേ.ഇയാളെക്കൊണ്ട് തോറ്റു

“ഹും??”

“ഈ വാഷിംഗ് മെഷീനിൽ നിന്ന് വെള്ളം പുറത്ത് പോകാത്തതാ പ്രശ്നം

“ഓഅതായിരുന്നോ.നീ ആ സ്ക്രൂഡ്രൈവറിങ്ങെടുക്ക്.ഞാനൊന്ന് ശ്രമിച്ചുനോക്കട്ടെ

ദാമോദരൻ മാസ്റ്റർ വാഷിംഗ് മെഷീനിന്റെ പിൻഭാഗം തുറന്നു.
“ദൈവമേ, ഇതെന്താ കൊച്ചിൻ റിഫൈനറിയോ?” വയറുകളും പൈപ്പുകളും തലങ്ങും വിലങ്ങും പോകുന്നത് കണ്ട് മാസ്റ്റർ ആത്മഗതം ചെയ്തു.ഡ്രയർ ഔട്‌ലെറ്റും വാഷിംഗ് ഔട്‌ലെറ്റും ഒരുവിധം തപ്പിപ്പിടിച്ച് ഊരിയെടുക്കാൻ പറ്റുന്ന ഭാഗം എന്തെങ്കിലും ഉണ്ടോ എന്ന് നോക്കി.ടോപ് ഇട്ട് അടച്ച ഒരു പൈപ്പ് കണ്ടെങ്കിലും അത് തുറക്കാൻ ധൈര്യം വന്നില്ല.ഡ്രയറിനുള്ളിലൂടെ വടി ഇട്ട് കുത്തിയപ്പോൾ ചളിയിൽ കുത്തുന്നപോലെ തോന്നിയതിനാൽ മാസ്റ്റർ ഭാര്യയെ വിളിച്ചു.

“എടീഇതിനുള്ളിൽ നിറയെ ചെളിയാണെന്ന് തോന്നുന്നുനീ ഒന്ന് കയ്യിട്ട് നോക്കിയേ?”

“അതെന്താനിങ്ങൾക്ക് കയ്യിട്ട് നോക്കിക്കൂടേ.”

“തലക്കകത്ത് ചെളിയുള്ളവർക്കാ അത് വേഗം തിരിച്ചറിയാൻ സാധിക്കുക

“തലക്കകത്തെ ചെളി പകരുന്നതാണെന്ന് നിങ്ങളെ കെട്ടിയപ്പോഴാ മനസ്സിലായത്

“ങാനീ ഇങ്ങ് വാ.ഇവിടെ ഒരു ടോപ് കാണുന്നുണ്ട്.പിടിച്ച് വലിച്ച് നോക്കാം

ദാമോദരൻ മാസ്റ്ററും ഓമനാമ്മയും ആ ടോപ് ആഞ്ഞ്‌വലിച്ചു.‘ടപ്’ ശബ്ദത്തോടെ അത് തുറന്നു.ദാമോദരൻ മാസ്റ്റർ ചെളി നീക്കാനായി പൈപ്പിനുള്ളിലൂടെ അകത്തേക്ക് വിരലിട്ടു.നനഞ്ഞ് കുതിർന്ന് കിടക്കുന്ന എന്തിലോ വിരൽ തട്ടിയ ഉടനെ മാഷ് കൈ വലിച്ചു.

“എന്താഎന്തു പറ്റി?” ഓമനാമ്മ ചോദിച്ചു.

“പാമ്പാണെന്ന് തോന്നുന്നുഒരു വഴുവഴുപ്പ്

“മണ്ടത്തരം പറയാതെ മനുഷ്യാ

“എങ്കിൽ നീ കൈ ഇട്ട് നോക്ക്

“നിങ്ങൾ ധൈര്യമായിട്ട് കൈ ഇട്ടോളൂപാമ്പ് കടിക്കുമോ ഇല്ലേ എന്ന് ഞാൻ നോക്കാം

ദാമോദരൻ മാസ്റ്റർ ഭയം ഉള്ളിൽ ഒതുക്കി വീണ്ടും പൈപ്പിനുള്ളിലേക്ക് കയ്യിട്ടു.രണ്ട് വിരലുകൾക്കിടയിൽ എന്തോ തടഞ്ഞു.മാസ്റ്റർ ഒന്ന് കൂടി ആഞ്ഞ് വലിച്ചു.പൈപ്പിനുള്ളിൽ നിന്ന് അതല്പം പുറത്തേക്ക് നീങ്ങി.‘യുറേക്കായുറേക്കാ’ സന്തോഷം കൊണ്ട് ഉറക്കെവിളിച്ച് മാഷ് ഉത്സാഹത്തോടെ വീണ്ടും വലിച്ചു.പൈപ്പിനുള്ളിൽ ചുരുണ്ട് കൂടിയിരുന്ന ‘പാമ്പ്’ മുഴുവനായി പുറത്തെത്തി.വെള്ളത്തിൽ മുങ്ങിക്കിടന്ന കാരണം കറുത്തിരുണ്ട് പോയ ആ തുണിക്കഷ്ണം മാഷ് സാവധാനം നിവർത്തി.അതിലെ അവശേഷിച്ച പ്രിന്റിൽ മാഷിന്റെ കണ്ണുടക്കി – വി.ഐ.പി !!! പഴയ സെഞ്ച്വറികള്‍
            

Monday, August 18, 2014

ഒരു ശശിയും കുറേ ശശിമാരും...(എന്റെ ആദ്യ വിമാനയാത്ര-6)


“ഹലോശശിയല്ലേ..?ഞങ്ങൾ വിമാനത്താവളത്തിന് പുറത്തെത്തി.നിങ്ങൾ എവിടെയാ?” ഞങ്ങളുടെ സംഘത്തലവൻ പറഞ്ഞു.

“ *%$# @3$%...”

“എക്സിറ്റ് – 1 എന്ന ഗേറ്റിൽ “

“$%#@^ *&^%$“

“നിങ്ങൾ എവിടെയാണെന്ന് പറയൂ” നേരത്തെ പറഞ്ഞേൽ‌പ്പിച്ചിട്ടും വണ്ടി കാണാത്തതിനാൽ  തണുപ്പ് വിറപ്പിക്കുന്നതിനിടയിലും അദ്ദേഹത്തിന്റെ രക്തം ചൂടാകാൻ തുടങ്ങി.കാലാവസ്ഥയെപ്പറ്റി മുൻ‌കൂട്ടി ധാരണ ഉണ്ടായിരുന്നതിനാൽ ഞാൻ സ്വറ്റർ കരുതിയിരുന്നു.അത് ലഗേജിനുള്ളിൽ ഭദ്രമായി അടച്ച് പൂട്ടിയതിനാലും ‘ഏല്പിച്ച വണ്ടി’ താമസിയാതെ എത്തും എന്ന വിശ്വാസവും കാരണം അതെടുത്തില്ല.

“ഇനി കോഴിക്കോട്ടേക്ക് മാനേജറെ തന്നെ വിളിച്ചു നോക്കാം

“”സാർഅവൻ മലയാളിയാണോ?” ഞാൻ വെറുതെ ചോദിച്ചു.

“ശശി എന്നാ പേര്. മലയാളിയാണോ ആവോ..?”

“സാർ ആ ഫോൺ തന്നേഞാൻ സംസാരിച്ചു നോക്കട്ടെ.” ഹിന്ദി അത്യാവശ്യം ബോലാനറിയുന്ന ധൈര്യത്തിൽ ഞാൻ പറഞ്ഞു..എന്റെ ആവശ്യം പരിഗണിച്ച് അദ്ദേഹം വീണ്ടും ഡയൽ ചെയ്തു.

“ഹലോഒരു മിനുട്ട്.” സാർ ഫോൺ എനിക്ക് കൈമാറി.

“ഹലോ.ഹം കാലികറ്റ് സെ ആയെവാലെ ഹൈം.ആപ് കഹാം ഇന്തസാർ കർ രഹാ ഹേം? ഹം എക്സിറ്റ് ഏക് ക ബാഹർ ഖട ഹേം…(ഞങ്ങൾ കോഴിക്കോട് നിന്ന് വന്നവരാണ്നിങ്ങൾ എവിടെയാണ് കാത്ത് നിൽക്കുന്നത്ഞങ്ങൾ ഒന്നാം നമ്പറ് ഗേറ്റിന്റെ പുറത്ത് നിൽക്കുന്നുണ്ട്)”

“കോനെ തും.ഇസ് ടൻഢീ രാത് മേം കയീ സമയ് തക് മുജെ മുശ്കിൽ കർ രഹാ ഹോ.. (ഈ തണുത്ത രാത്രിയിൽ എന്നെ കുറേ നേരമായി ബുദ്ധിമുട്ടിച്ച് കൊണ്ടിരിക്കുന്ന നീ ആരാന്?)“

“ആപ് ശശി ഹേ ന? കെ.ആർ.എസ് ക ഡ്രൈവർ ശശി?”

“ക്യാ കെ.ആർ.എസ്..? കോൻ സസി..കാട്ട് കരോ തൂ സാലെ $%#&^ *&@#% &^%$* “ പഴയ ഷോലെയിലെ ഡയലോഗ് ഒഴുകാൻ തുടങ്ങിയപ്പോൾ ഞാൻ ഫോൺ കട്ട് ചെയ്തു. നേതാവ്  എന്റെ മുഖത്തേക്ക് നോക്കി
”ഇപ്പോൾ അവൻ മാത്രമല്ല.നാമെല്ലാവരും ശശിയായി.വേഗം വണ്ടി പിടിച്ചാൽ അല്പ സമയമെങ്കിലും ഉറങ്ങാം

സമയം രാത്രി 12 മണി കഴിഞ്ഞിരുന്നു.ഡൽഹിയിലെ തണുപ്പിൽ ഞങ്ങൾ എല്ലാവരും നിന്ന് വിറക്കാൻ തുടങ്ങി.ഇന്ത്യയുടെ എല്ലാ ഭാഗത്ത് നിന്നും ഒഴിവാക്കുന്ന അംബാസഡർ കാറുകളും മാരുതി ഓംനി വാനുകളും എത്തിച്ചേരുന്നത് നമ്മുടെ തലസ്ഥാന നഗരിയിൽ ആണെന്ന എന്റെ വിശ്വാസം ഊട്ടിയുറപ്പിച്ച് കൊണ്ട് ടാക്സികൾ ഞങ്ങൾക്ക് മുമ്പിലൂടെ കടന്ന് പൊയ്ക്കൊണ്ടിരുന്നു. ലഗേജുകളും വഹിച്ച് കൊണ്ടുള്ള ഞങ്ങളുടെ നില്പ് കണ്ട് ഒരു തടിയൻ ഞങ്ങളെ സമീപിച്ചു.

“നമസ്കാർ സാർ.കഹാം ജാനാ ഹേ?”

“പഹാട്ഗഞ്ച്

“തൂ സബ് ഇത്നീ ദൂർ?” ആ ചോദ്യം ഞങ്ങളിൽ ഹിന്ദി ധോട ധോട അറിയുന്നവരെയെല്ലാം ഞെട്ടിച്ചു.താമസത്തിനായി ഞങ്ങൾക്ക് റൂം ബുക്ക് ചെയ്തിരുന്നത് പഹാട്ഗഞ്ചിലെ ഹോട്ടൽ സൂര്യ ഇന്റെർനാഷണലിൽ ആയിരുന്നു.ഇനിയും കിലോമീറ്ററുകൾ താണ്ടിയാലേ അവിടെ എത്തൂ എന്നത് പോയ ഉറക്കത്തെ വീണ്ടും പമ്പ കടത്തി.

“സബ് ഏക് ഗാഡി മേം ചലേഗ ന” ആഗതൻ പറഞ്ഞു.

“മാലും ഹേലേകിൻ കിത്ന ഹോഗ..?”

“ആഠ് സൌ

“ചെഹ് സൌ മേം ചലേഗ” ഞാൻ പറഞ്ഞു

“ഇസ് ടംണ്ട രാത് മേം കോയി ന ആയേഗ സാബ്ചലൊ സാത് സൌ ദൊ..”

“ഹം ചെഹ് ലോഗ് ഏക് ഗാഡി മേം.ചെഹ് സൌ റുപയ ദേഗ.ഠീക്..?” ദൂരം എത്രയുണ്ടെന്നറിയില്ലെങ്കിലും ഞാൻ വെറുതെ പറഞ്ഞു നോക്കി.

“ചെഹ് തൊ ചെഹ്ചലോ.”

“സാമാൻ കൈസ ചലേഗ?” ഞാൻ സംശയം പ്രകടിപിച്ചു.

“ദോ ഗാഡി മേം കിസീ മേം രഖോ സാബ്


ആറ് പേരും അതിലേക്കുള്ള ലഗേജും ആ ശകടത്തിൽ ഞെരുങ്ങിക്കയറി.ഇരുട്ടിൽ തണുത്ത് വിറച്ചുറങ്ങിയ ഡൽഹിയുടെ രാജവീഥിയെ പ്രകമ്പനം കൊള്ളിച്ച് കൊണ്ട് രണ്ട് ഓംനി വാനുകൾ പഹാട്ഗഞ്ച് ലക്ഷ്യമാക്കി കുതിച്ചു.

(തുടരും...)

Sunday, August 17, 2014

മനസ്സിലെ വെളിച്ചം...

                റമളാൻ മാസത്തിലെ വെള്ളിയാഴ്ചകളിൽ ലീവെടുത്ത് നാട്ടിലെ പള്ളിയിൽ ജുമുഅക്ക് സംബന്ധിക്കുക എന്നത് ആയിരുന്നു എന്റെ പതിവ്‌.നാല് വെള്ളിയാഴ്ചയും ഇപ്രകാരം ലീവെടുത്ത് നാട്ടിൽ കൂടാനും ഇത്തവണ സാധിച്ചു.           

                  അതിൽ അവസാനത്തേതിന്റെ തൊട്ടുമുമ്പത്തെ വെള്ളിയാഴ്ചയാണ് പെരുന്നാളിന് ധരിക്കാനുള്ള ഷർട്ട് അടിക്കാൻ വേണ്ടി ഓസിയിൽ കിട്ടിയ ഷർട്ടിംഗുമായി ഞാൻ ഇറങ്ങിയത്. അന്ന് എന്തോ തിരക്കുകൾ കാരണം ഷേവ് ചെയ്യാൻ സാധിച്ചിരുന്നില്ല. അതിനാൽ വെളുത്ത കുറ്റിരോമങ്ങൾ എന്റെ ഇരുണ്ട മുഖത്തെ സാമാന്യം നന്നായി വെളുപ്പിച്ചിരുന്നു.വെള്ളിയാഴ്ചകളിൽ നാട്ടിൽ ആണെങ്കിൽ എന്റെ വേഷം മുണ്ടും ഷർട്ടും ആയിരുന്നതിനാൽ ആ പതിവും തെറ്റിച്ചില്ല.                  
                  ജുമുഅക്ക് ശേഷം പള്ളിയിൽ അല്പ നേരം കൂടി കഴിച്ചുകൂട്ടിയ ശേഷമാണ് ഞാൻ പരിചയക്കാരനായ ടൈലറുടെ അടുത്തെത്തിയത്.എന്റെ മുഖത്ത് നോക്കി പുഞ്ചിരിച്ച ശേഷം അദ്ദേഹം പറഞ്ഞു -  “പെരുന്നാളിന് വേണ്ടിയാണെങ്കിൽ കഴിയൂല !“ 
പരിചയക്കാരനായിട്ടും വെറുതെ ടെൻഷൻ പേറെണ്ട എന്ന് കരുതിയാണ് അദ്ദേഹം അത് വെട്ടിത്തുറന്ന് തന്നെ പറഞ്ഞത്.അതിനാൽ തന്നെ ഞാൻ സമയം കളയാതെ അവിടെ നിന്നും ഇറങ്ങി.        

                 ബസ്‌സ്റ്റോപ്പിന്റെ മുമ്പിലൂടെ നടന്നു നീങ്ങുമ്പോഴാണ് അവിടെ, എന്നെ മുപ്പത് വർഷം മുമ്പ് ഹൈസ്കൂളിൽ  പഠിപ്പിച്ചിരുന്ന രമണി ടീച്ചറെ കണ്ടത്.ഞാൻ ടീച്ചറുടെ അടുത്തേക്ക് നീങ്ങി.

 “ആഹാ....ആബിദോ?” 

           എന്നെ കണ്ട ഉടനെ ടീച്ചർ പേരെടുത്ത് പറഞ്ഞപ്പോൾ എനിക്ക് വളരെ സന്തോഷം തോന്നി (1987 എസ്.എസ്.സി ബാച്ചിൽ ആ സ്കൂളിലെ ടോപ്സ്കോറർ ആയിരുന്നു ഞാൻ).പിന്നെ കുറേ കാര്യങ്ങൾ ടീച്ചർ ചോദിച്ചറിഞ്ഞു.  ഇടക്ക് ടീച്ചറുടെ പരിചയക്കാരി എന്ന് തോന്നിപ്പിക്കുന്ന വിധത്തിൽ ഒരു മുസ്ലിം യുവതി വന്ന് ടീച്ചറുടെ കൈ പിടിച്ചു. അതിനാൽ തന്നെ ഞാൻ ബൈ പറയാൻ തീരുമാനിച്ചു.അതിന് മുമ്പെ എനിക്ക് ലഭിച്ച ദേശീയ അവാർഡിനെപ്പറ്റി ഞാൻ ടീച്ചറോട് പറഞ്ഞു. ഉടൻ പുതിയ ആഗത ചോദിച്ചു - 

“നിങ്ങളാണോ ആബിദ് തറവട്ടത്ത്.....എന്റെ സാറിന്റെ ജ്യേഷ്ടൻ !!!“ 

" അതേ” ഞാൻ പുഞ്ചിരിയോടെ പറഞ്ഞ് അവരെ പരിചയപ്പെട്ടു. ആഗത എന്റെ അനിയൻ അഫീഫ് തറവട്ടത്തിന്റെ (ഫറൂക്ക് ബി.എഡ് കോളേജ് അദ്ധ്യാപകൻ) ശിഷ്യ ആയിരുന്നു.         

“എന്നിട്ടാണോ നീ ഇങ്ങനെ നടക്കുന്നത്?” എന്റെ വേഷം കണ്ട രമണി ടീച്ചർ ചോദിച്ചു. 

ആ ചോദ്യത്തിന് മുന്നിൽ ഒരു പുഞ്ചിരിയോടെ നിന്ന എനിക്ക് അടുത്ത നിമിഷം തന്നെ ടീച്ചറുടെ ഹൃദ്യമായ ഒരു ഉപദേശം കൂടി ലഭിച്ചു 
“ ആബിദേ വേഷത്തിൽ അല്ല കാര്യം...മനസ്സിലെ വെളിച്ചത്തിലാണ്....അതെന്നും നിലനിർത്തുക....”    

പ്രിയപ്പെട്ടവരെ, എന്റെ പ്രിയപ്പെട്ട ടീച്ചർ എനിക്ക് നൽകിയ സന്ദേശം ഞാൻ എല്ലാവർക്കും വേണ്ടി ഒന്നു കൂടി ഉണർത്തുന്നു - വേഷത്തിൽ അല്ല കാര്യം...മനസ്സിലെ വെളിച്ചത്തിലാണ്.... അതെന്നും നിലനിർത്തുക....

ഒരു കറിവേപ്പില തൈ എങ്കിലും....തോരൻ വയ്ക്കാൻ വടക്കേ മുറ്റത്തെ വഴുതന..
രണ്ടാം തോരനായി , അയൽ‌വാസി സുൽഫിയുടെ പറമ്പിൽ ഞാൻ കൃഷിചെയ്യുന്ന പയർ.

ഉപ്പേരി വയ്ക്കാൻ ചെടിക്കിടയിലെ വെണ്ട.

അല്പം പുളി നൽകാൻ കിണറിനടുത്തുള്ള തക്കാളി.

കറി വയ്ക്കാൻ നല്ല സുന്ദരൻ ഇളവൻ..
 
എരിവ് പകരാൻ അസ്സൽ ചീരാപറങ്കിയും..

വീടിന് ചുറ്റും ലഭ്യമായ ഇത്തിരി സ്ഥലത്ത് എനിക്കും കുടുംബത്തിനും ഇത് കഴിയുമെങ്കിൽ എല്ലാവർക്കും  ഇതൊക്കെ സാധിക്കും ! ഇന്ന് ചിങ്ങം ഒന്ന്.മലയാളത്തിന്റെ പുതുവർഷപ്പുലരി !! കുടുംബകൃഷിയിലൂടെ നമുക്കും ഒരു പരീക്ഷണം നടത്താം , ചുരുങ്ങിയത് വീട്ടിലേക്കുള്ള കറിവേപ്പില എങ്കിലും സ്വന്തം വീട്ടിൽ നട്ടുവളർത്താൻ.


Saturday, August 16, 2014

സിദ്ധന്മാർ ഉണ്ടാകുന്നത്...

 സീൻ 1:      
              ലോകകപ്പ് ഫുട്ബാൾ മത്സരം നടക്കുന്ന കാലം.ആദ്യ റൌണ്ടിൽ ജർമ്മനിയും പോർചുഗലും തമ്മിൽ നേർക്കുനേർ.എന്തോ എനിക്ക് ഇഷ്ടപ്പെട്ട ടീം ജർമ്മനി ആയിരുന്നതിനാൽ അല്പം സംശയത്തോടെയാണെങ്കിലും ഞാൻ അവരെ സപ്പോർട്ട് ചെയ്തു. ലോകഫുട്ബാളർ ക്രിസ്ത്യാനോ റൊണോൽഡൊയുടെ പോർചുഗൽ ആണ് എതിരാളികൾ എന്നത് എന്നെ കുലുക്കിയതേ ഇല്ല.അന്ന് മത്സരം 4-0 എന്ന ക്രമത്തിൽ ജർമ്മനി ജയിച്ചു.ക്വാർട്ടറിൽ ഫ്രാൻസും സെമിയിൽ സാക്ഷാൽ ബ്രസീലും ജർമ്മനിക്ക് മുമ്പിൽ തലകുനിച്ചു. പിന്നീട് ഫൈനൽ മത്സരത്തിൽ ഒരു ഗോളിന് അർജന്റീനയെ തോല്പിച്ച് ജർമ്മനി ചാമ്പ്യന്മാരുമായി.                

സീൻ 2: 
              വിശുദ്ധറമളാന്റെ പരിസമാപ്തി കുറിക്കാൻ മണിക്കൂറുകൾ മാത്രം.പിറ്റേന്ന് പെരുന്നാളായതിനാൽ പലരും ഇറച്ചി (മാംസം) നേരത്തെ തന്നെ വാങ്ങി വച്ചിട്ടുണ്ട്.വൈകുന്നേരം എന്നോട് ഒരാൾ ചോദിച്ചു                      

"മാംസം വാങ്ങിയോ? "  

"ഇല്ല"      

"ങേ!!!അതെന്താ വാങ്ങാഞ്ഞത്? "  

"പെരുന്നാൾ ഉറപ്പിച്ച ശേഷം വാങ്ങാമെന്ന് കരുതി"        

"അസ്തമയത്തിന് ശേഷം പതിമൂന്ന് മിനുട്ട് ചന്ദ്രൻ ആകാശത്തുണ്ട്."              

"ശരിയാണ്, എന്നാലും....."          

അന്ന് ചന്ദ്രപ്പിറവി ദർശിക്കാത്തതിനാൽ പിറ്റേ ദിവസവും നോമ്പ് എടുക്കാനും രണ്ടാം ദിനം പെരുന്നാൾ ആഘോഷിക്കാനും കേരള മുസ്ലിം നേതാക്കൾ തീരുമാനിച്ചു.                      

സീൻ 3: 
              ഒരു ദിവസം അതിരാവിലെ എന്റെ കാളിംഗ് ബെൽ മുഴങ്ങി.വാതിൽ തുറന്നപ്പോൾ മുറ്റത്ത് രണ്ട് അപരിചിത മുഖങ്ങൾ.ഒരു വലിയ ആളും ഒരു കുട്ടിയും !      

“ആരാ?” ഞാൻ ചോദിച്ചു.              

“ ............... പറഞ്ഞിട്ടാണ് ഞങ്ങൾ വരുന്നത്....”          

“ങാ !എന്തായിരുന്നു വിഷയം?”        

“ഇതെന്റെ മകനാ....ഇപ്പോൾ പത്താം ക്ലാസ്സിൽ പഠിക്കുന്നു....”        

“ഓ.കെ.....എന്നിട്ട്?”     “

ഇവൻ എത്രാം ക്ലാസ്സ് വരെ പഠിക്കും എന്നറിയണമായിരുന്നു...”        

“അത് അവനോട് തന്നെ ചോദിച്ചാൽ പോരേ? എന്താ തീർത്തും അപരിചിതനായ എന്നോട് ചോദിക്കാൻ കാരണം?”      

“ഞാൻ ആദ്യമേ പറഞ്ഞില്ലേ? .............. പറഞ്ഞിട്ടാണ് ഞാൻ വരുന്നത് എന്ന്........"

"ങാ "

ലോക‌കപ്പിൽ ആർ ജയിക്കും എന്ന് നിങ്ങൾ കൃത്യമായി പറഞ്ഞു....”      

 “!!!“            

“പെരുന്നാൾ എന്നാകും എന്നും നിങ്ങൾ കൃത്യമായി ഗണിച്ചു....”    

“യാ കുദാ!!“        

“അതിനാൽ ഇക്കാര്യവും നിങ്ങൾ പറയും പോലെ നടക്കും!!!“  

ലോകത്ത് സിദ്ധന്മാരും ആൾദൈവങ്ങളും ഉണ്ടാകുന്നത് എങ്ങനെ എന്ന് എനിക്ക് അപ്പോൾ മനസ്സിലായി.

ഒരു പൈതൃകത്തിന് മുമ്പിൽ…..

         ആഗസ്ത് 15ന് കോഴിക്കോട് വെള്ളിമാട്കുന്ന് ചിൽഡ്രൻസ് ഹോമിൽ എന്റെ കോളേജ് എൻ.എസ്.എസ്. യൂണിറ്റ് സംഘടിപ്പിച്ച പരിപാടിയെക്കുറിച്ച് ഞാൻ ഇവിടെ പറഞ്ഞിരുന്നു.പരിപാടി കഴിയുന്നതിന് മുമ്പ് വളണ്ടിയർ സെക്രട്ടറി ജിൻസി എന്റെ അടുത്ത് വന്ന് പറഞ്ഞു – “സാർ, ഗാന്ധിജി കോഴിക്കോട് വന്നപ്പോൾ താമസിച്ചിരുന്ന ഒരു വീട് ഇവിടെ അടുത്തുണ്ട്.പോകുന്നതിന് മുമ്പ് നമുക്ക് അത് സന്ദർശിക്കാൻ പറ്റുമോ?”

         സ്വാതന്ത്ര്യദിനത്തിൽ തന്നെ അങ്ങനെ ഒരു സ്ഥലം കണ്ടെത്തിയതിൽ എനിക്ക് ഏറെ സന്തോഷം തോന്നി.അതിനാൽ തന്നെ അത് സന്ദർശിക്കണം എന്ന് അപ്പോൾ തന്നെ ഞാൻ തീരുമാനിച്ചു. “കൃത്യം സ്ഥലം എവിടെയാണെന്ന് അറിഞ്ഞ് വരൂ”

“ശരി സാർ

         വളണ്ടിയർ സെക്രട്ടറിമാർ രണ്ട് പേരും ഉടൻ സ്ഥലം വിട്ടു.പത്ത് മിനുട്ടിനകം തന്നെ ഓടിക്കിതച്ച് തിരിച്ചെത്തി പറഞ്ഞു.-“സാർ അത് ഈ കോമ്പൌണ്ടിൽ തന്നെയാണ്.ഇടിഞ്ഞു പൊളിഞ്ഞ് കിടക്കുകയാണ്.അതിനാൽ തന്നെ അകത്ത് കയറാൻ പറ്റില്ല.പുറത്ത് നിന്നും കാണാം.”

“ങാഎങ്കിൽ അങ്ങനെയാവട്ടെ.”

         ചിൽഡ്രൻസ് ഹോമിൽ പരിപാടികൾ കഴിഞ്ഞ് ഞങ്ങൾ എല്ലാവരും ആ ഗൃഹം കാണാൻ നീങ്ങി.വളന്റിയർ സെക്രട്ടറിമാർ പറഞ്ഞപോലെ പൊളിഞ്ഞു വീഴാറായ ഒരു വലിയ വീട്.ജനൽ ചില്ലുകൾ മിക്കവയും പൊട്ടി വീണിട്ടുണ്ട്.ഓടുകൾ മിക്കവയും പൊട്ടിപ്പൊളിഞ്ഞിട്ടുമുണ്ട്. സാസ്കാരിക പൈതൃകമായി സൂക്ഷിക്കേണ്ട ഒരു കെട്ടിടം സംരക്ഷണം ലഭിക്കാതെ നശിച്ച് പോയതിൽ ഞങ്ങൾക്ക് ദു:ഖം തോന്നി.         ആ കോമ്പൌണ്ടിൽ അത്തരം മൂന്ന് ഭവനങ്ങൾ കാലയവനികക്കുള്ളിലേക്ക് നീങ്ങിത്തുടങ്ങുന്നത് കണ്ടപ്പോൾ അധികാരികളുടെ അനാസ്ഥ ശരിക്കും മനസ്സിലായി.രണ്ട് വർഷം കൂടി കഴിഞ്ഞ് ചിൽഡ്രൻസ് ഹോം സന്ദർശിക്കുന്നവർ കേൾക്കുന്ന വർത്തമാനം ഇങ്ങനെയായിരീക്കും – “ഗാന്ധിജി കോഴിക്കോട് വന്നപ്പോൾ താമസിച്ചിരുന്ന ഒരു വീട് ഇവിടെ ഉണ്ടായിരുന്നു “

Friday, August 15, 2014

പ്രധാനമന്ത്രിയുടെ കത്ത് !

ഇന്ന് മൊബൈൽ ഫോൺ ഉള്ള മിക്കവാറും ഉദ്യോഗസ്ഥന്മാർക്കും രാവിലെത്തന്നെ ഒരു സ്വാതന്ത്ര്യദിനാശംസ ലഭിച്ചിട്ടുണ്ടാകും.അയച്ചത് പ്രധാനമന്ത്രി ശ്രീ.നരേന്ദ്രമോദി ആണെന്ന് മനസ്സിലാക്കുന്നു!    

വൈകുന്നേരം ഇ-മെയിൽ വിലാസമുള്ള മിക്കവർക്കും പ്രധാനമന്ത്രിയുടെ കത്തും ലഭിച്ചു!എനിക്ക് കിട്ടിയ കത്ത് താഴെ കാണിക്കുന്നു.


 

ഹൈടെക് പ്രധാനമന്ത്രിയുടെ ഈ സാങ്കേതിക വിദ്യാ ഉപയോഗത്തിന് അഭിനന്ദനം അറിയിക്കുന്നു.

സ്വാതന്ത്ര്യത്തിന്റെ വിലയറിഞ്ഞ നിമിഷങ്ങൾ

                സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ന് എന്റെ കോളേജിലെ എൻ.എസ്.എസ് യൂണിറ്റ്, കോഴിക്കോട് വെള്ളിമാട്കുന്നിൽ സാമൂഹ്യനീതിവകുപ്പിന്റെ കീഴിലുള്ള ചിൽഡ്രൻസ് ഹോം സന്ദർശിച്ചു.അഞ്ച് വയസ്സ് മുതൽ 17 വയസ്സ് വരെയുള്ള പെൺകുട്ടികളാണ് ഈ സ്ഥാപനത്തിലെ അന്തേവാസികൾ.          

            തങ്ങൾ അനുഭവിക്കുന്ന വിവിധതരം സ്വാതന്ത്ര്യത്തിന്റെ മധുരം എൻ.എസ്.എസ് വളണ്ടിയർമാർക്ക് അറിയിച്ചുകൊടുക്കുക എന്നതായിരുന്നു ഈ സന്ദർശനത്തിന്റെ മുഖ്യലക്ഷ്യം. കുഞ്ഞുമക്കളടക്കം നൂറ്റി അമ്പതോളം പേരാണ് ആ ചിൽഡ്രൻസ് ഹോമിലുള്ളത്. കുഞ്ഞുനാളിലേ അമ്മയുടേയും അച്ഛന്റേയും സ്നേഹലാളനകളിൽ നിന്നും അകറ്റപ്പെട്ട ആ പിഞ്ചുമക്കൾക്ക് അല്പനേരമെങ്കിലും ആനന്ദിക്കാൻ ഒരവസരം സൃഷ്ടിക്കാൻ ഞങ്ങൾക്ക് സാധിച്ചു എന്നതിൽ ഞാൻ ഏറെ സന്തോഷിക്കുന്നു.            

              പാവപ്പെട്ട മാതാപിതാക്കളുടെ മക്കൾ , അനാഥർ , വീട്ടുകാർ ഉപേക്ഷിച്ചു പോയവർ തുടങ്ങീ വിവിധ തരത്തില്പെട്ടവരാണ് ഈ ചിൽഡ്രൻസ് ഹോമിൽ താമസിക്കുന്നത് എന്ന് സൂപ്രണ്ടിൽ നിന്നും മനസ്സിലാക്കി.അവരിൽ ചിലരെയെങ്കിലും സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകാൻ അവധിക്കാലത്ത് ബന്ധുക്കൾ എത്തും.മറ്റു ചിലർക്ക് ആ മടക്കം ഒരു വിദൂര സ്വപ്നം മാത്രമാണ്. എന്നാൽ ഇവർക്കെല്ലാം നല്ല വിദ്യഭ്യാസം നൽകാൻ സാമൂഹ്യ നീതി വകുപ്പ് ശ്രമിക്കുന്നു എന്നത് പ്രശംസനീയമാണ്.കുട്ടികൾക്ക് ഏഴാം ക്ലാസ്സ് വരെ പഠിക്കാൻ ആ കോമ്പൌണ്ടിനകത്ത് തന്നെ ഒരു യു.പി സ്കൂളുണ്ട്.ഹൈസ്കൂൾ പഠനത്തിനായി തൊട്ടടുത്ത സ്കൂളുകളെ ആശ്രയിക്കുന്നു. നഴ്സിംഗിനും എഞ്ചിനീയറിംഗിനും ഡിഗ്രിക്കും മറ്റും പഠിക്കുന്ന കുട്ടികളും തൊട്ടടുത്ത് തന്നെയുള്ള ആഫ്‌റ്റർ കെയർ ഹോമിൽ ഉള്ളതായി സൂപ്രണ്ട് പറഞ്ഞറിഞ്ഞു.കൂടാതെ കരാട്ടെ പോലുള്ള മാർഷ്യൽ ആർട്സ് പരിശീലനവും തൊഴിൽ പരിശീലനവും നൽകുന്നുണ്ട്.          

                  സൂപ്രണ്ട് പറഞ്ഞ മറ്റൊരു സംഗതി എന്നെ ഏറെ കുഴക്കി.ഇത്രയും അന്തേവാസികൾക്ക് സാമൂഹ്യ നീതി വകുപ്പിൽ നിന്നും സഹായം ലഭിക്കുന്നുണ്ട് എങ്കിലും അതൊന്നും തികയാതെ വരുന്നു.നമ്മുടെ മക്കൾ ധരിക്കുന്ന പോലെ ഓണത്തിന് അല്ലെങ്കിൽ പെരുന്നാളിന് അല്ലെങ്കിൽ ക്രിസ്തുമസിന് ഒരു പുതിയ വസ്ത്രം ധരിക്കാൻ ഈ മക്കൾക്കും ഏറെ ആഗ്രഹം ഉണ്ടാകും. സാധാരണ ഗതിയിൽ അവ പലപ്പോഴും ഏതെങ്കിലും സ്ഥാപനമോ ക്ലബ്ബുകളോ സ്പോൺസർ ചെയ്യും.പക്ഷേ ഇത്തവണ ഇതുവരെ ഒരു സ്പോൺസറും മുന്നോട്ട് വന്നിട്ടില്ല.അതിനാൽ തന്നെ ഓണക്കോടി കിട്ടാതെ പോകുമോ എന്ന് ഈ കുട്ടികൾ ഭയപ്പെടുന്നു.നമ്മിൽ ചിലരെങ്കിലും സഹായിച്ചാൽ അവിടെയുള്ള പത്ത് വയസ്സ്ന് താഴെയുള്ള മക്കൾക്കെങ്കിലും നമ്മുടെ മക്കളെപ്പോലെ ഒരു പുത്തനുടുപ്പ് ധരിപ്പിക്കാൻ നമുക്ക് സാധിച്ചേക്കും.താല്പര്യമുള്ളവർ അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.        

                  കൂടാതെ വളരെ പഴകാത്ത വസ്ത്രങ്ങൾ , കമ്മലുകൾ, വള,മാല,കുട,ബാഗ് ,ചെരിപ്പ്,  എന്നിങ്ങനെ നമ്മുടെ മക്കൾ ഉപയോഗിക്കുന്ന വിവിധതരം വസ്തുക്കൾ അവർക്ക് നൽകിയാൽ അവർ സ്വീകരിക്കും എന്നും സൂപ്രണ്ട് പറഞ്ഞു.      

                  രണ്ട് മണിക്കൂർ ഈ കുട്ടികളോടൊത്ത് ആടിപ്പാടി ഉല്ലസിച്ചപ്പോൾ ഞങ്ങൾ ഓരോരുത്തരും ഞങ്ങളുടെ സ്വാതന്ത്ര്യത്തിന്റെ മൂല്യം മനസ്സിലാക്കി.തീർച്ചയായും നമുക്ക് ലഭിച്ച വിവിധതരം സൌഭാഗ്യങ്ങൾ തിരിച്ചറിയാൻ ഇത്തരം സന്ദർശനങ്ങൾ ഉപകരിക്കും.അത് കുടുംബസമേതമായാൽ നമ്മുടെ മക്കൾക്കും അവരുടെ സൌഭാഗ്യങ്ങൾ തിരിച്ചറിയാൻ സാധിക്കും.
(ജുവനൈൽ ജസ്റ്റിസ് ആക്റ്റ് പ്രകാരം ഇവരുടെ ഐഡന്റിറ്റി വെളിപ്പെടുത്താൻ പാടില്ല എന്നതിനാൽ പരിപാടികളുടെ ഫോട്ടോ എടുത്തിട്ടില്ല)

Thursday, August 14, 2014

സ്വാതന്ത്ര്യദിനത്തിന്റെ ചിന്തകൾ

                 സ്വാതന്ത്ര്യത്തിന്റെ അറുപത്തി‌എട്ടാമത് പൊൻപുലരി വീണ്ടും വന്നെത്തിക്കഴിഞ്ഞു. സ്വാതന്ത്ര്യത്തിന്റെ മഹത്വത്തെപറ്റിയും അതിനായി ജീവൻ ബലിയർപ്പിച്ച മഹാന്മാരെപ്പറ്റിയും നാം വീണ്ടും ചർച്ച ചെയ്തു തുടങ്ങി. ഈ ദിനം കഴിയുന്നതോടെ അവരെല്ലാം യവനികക്കുള്ളിലേക്ക് വീണ്ടും ഊളിയിടും.    

              യഥാർത്ഥത്തിൽ ബ്രിട്ടീഷ് സാമ്രാജ്യത്തത്തോട് ധീരമായി പൊരുതി മരിച്ച ഭാരതമക്കളിൽ നൂറോ അതിൽ താഴെയോ ആൾക്കാരുടെ പേരും ചരിത്രവും മാത്രമേ ഞാനടക്കമുള്ള ഇന്നത്തെ തലമുറക്ക് അറിയുകയുള്ളൂ എന്നത് വളരെ ദു:ഖകരമായ സത്യമാണ്. ഈ സമരത്തിൽ ധീരരക്തസാക്ഷിത്വം വരിച്ചവർ ലക്ഷങ്ങൾക്കപ്പുറം ഉണ്ടാകും എന്നാണ് 1857 മുതൽ 1947 വരെയുള്ള 90 വർഷത്തെ ചരിത്രം പരിശോധിച്ചാൽ മനസ്സിലാകുന്നത്.അതിന് മുമ്പും സ്വാതന്ത്ര്യത്തിന് ദാഹിച്ച ഒരു ജനത് ഉണ്ടായിരുന്നെങ്കിലും ഇന്ത്യ എന്ന ഒറ്റ രാജ്യമായി നിൽക്കാനായിരുന്നില്ല ആ സമരങ്ങൾ എന്നതിനാൽ സ്വാതന്ത്ര്യസമര ചരിത്രത്തിൽ ഇടം നൽകിയിട്ടില്ല.അറിയപ്പെടാത്ത എത്രയോ പേർ ഈ പോരാട്ടങ്ങളിൽ എല്ലാം ജീവൻ ത്യജിച്ചിട്ടുണ്ട്.          

                  1857ലെ ഒന്നാം സ്വാതന്ത്ര്യ സമരവും 1921ലെ മാപ്പിളലഹളയും 1947ലെ സ്വാന്ത്ര്യ ലബ്ധിയും എല്ലാം ഇന്നത്തെ തലമുറക്ക് ഒരു ചെവിയിലൂടെ കേട്ട് മറുചെവിയിലൂടെ പുറത്ത് വിടാനുള്ള എന്തോ ഒരു സാധനമായി മാത്രം മാറിയിരിക്കുന്നു.രാജ്യം ഇത്ര ഉത്സാഹത്തോടെ ഈ ദിനം കൊണ്ടാടുമ്പോഴും നാം ആ ധീര നായകരുടെ പേര് പറഞ്ഞുപോവുക മാത്രമാണ് ചെയ്യുന്നത്.അതിൽ തന്നെ വേറിട്ട് സഞ്ചരിച്ച ശ്രീ ഭഗത്‌സിങ്, സുഭാഷ് ചന്ദ്രബോസ്, മഹാത്മാ ഗാന്ധി എന്നിവരുടെ ചരിത്രങ്ങളാണ് നമുക്ക് കൂടുതൽ ലഭിക്കുന്നത്. അവർ സഞ്ചരിച്ച വഴിയുടെ അല്ലെങ്കിൽ സ്വീകരിച്ച മാർഗ്ഗത്തിന്റെ വ്യത്യസ്തയാണ് അവരേയും വ്യതിരിക്തരാക്കിയത്.

               സ്വാതന്ത്ര്യത്തിന്റെ വിലയെക്കുറിച്ച് ഇന്നത്തെ യുവത ഒട്ടും ബോധവാന്മാരല്ല.തങ്ങളുടെ ഓരോ തരം സ്വാതന്ത്ര്യങ്ങൾ ക്രമേണ നിർത്തലാക്കിയാൽ പാരതന്ത്ര്യത്തിന്റെ വേദനയും കഷ്ടപ്പാടുകളും അവന് മനസ്സിലാകും.ഇന്ന് എല്ലാം സുലഭമായ കാലഘട്ടത്തിൽ സ്വാതന്ത്ര്യത്തിന്റെ മൂല്യം അനുഭവിച്ചറിയാൻ നമുക്ക് സാധിക്കുന്നില്ല.അതിനാൽ തന്നെ മറ്റുള്ളവന്റെ സ്വാതന്ത്ര്യത്തെപ്പറ്റിയും നാം ബോധവാന്മാരല്ല.അതു തന്നെയാണ് ഈ ലോകത്ത് അസഹിഷ്ണുത വളർത്തുന്നതും.സ്വന്തം സ്വാതന്ത്ര്യത്തിന്റെ അതിർവരമ്പുകൾ തിരിച്ചറിയേണ്ടത് അവനവൻ തന്നെയാണ്.എന്നിട്ടേ മറ്റൊരുവന്റെ മേൽ മേക്കിട്ട് കയറൽ അനിവാര്യമെങ്കിൽ അത് ചെയ്യാൻ പാടുള്ളൂ.      

              അതിനാൽ പുസ്തകത്താളുകളിൽ ഒതുങ്ങുന്ന പഠനങ്ങൾക്ക് പുറമേ നമ്മുടെ സ്വാതന്ത്ര്യ ചരിത്രത്തിന്റെ കാണാമറയത്ത് നിൽക്കുന്ന ചരിത്രം കൂടി നാം ശേഖരിക്കണം. നമുക്ക് ചുറ്റും അത്തരം കഥകൾ പറഞ്ഞു തരാൻ ഒരു തലമുറ കൂടിയേ നിലവിൽ ബാക്കിയുള്ളൂ എന്നത് നമ്മുടെ പ്രവർത്തനത്തിന്റെ ആരംഭം കുറിക്കാനുള്ള സമയത്തിന്റെ കുറവ് ആലോചനയിൽ കൊണ്ടു വരേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കിത്തരുന്നു.

           സ്വാതന്ത്ര്യദിനാശംസകൾ.

Tuesday, August 12, 2014

പടിയിറക്കം

സ്വരം നന്നാവുമ്പോൾ പാട്ടു നിർത്തണം എന്നാണല്ലോ മലയാളത്തിലെ ചൊല്ല്‌.അതുകൊണ്ട് തന്നെ ഞാനും നിർത്തി – പാട്ടല്ല , എൻ.എസ്.എസ്.പ്രോഗ്രാം ഓഫീസർ എന്ന പദവിയുടെ അധികാരങ്ങൾ.

എന്നെ സംബന്ധിച്ചിടത്തോളം ഞാൻ ഇഷ്ടപ്പെട്ട് സ്വീകരിച്ച ഒരു പദവി ആയിരുന്നു ഇത്.അതിനാൽ തന്നെ അതിന്റെ കയ്പും മധുരവും ചവർപ്പും പുളിപ്പും എല്ലാം ഞാൻ ആസ്വദിച്ചു.വെസ്റ്റ്‌ഹില്ലിലെ, ഇപ്പോഴും അറിയപ്പെടാത്ത ഒരു സർക്കാർ കോളേജിന്റെ പേര് രാജ്യത്തെ പരമോന്നത പുരസ്കാരങ്ങൾ വിതരണം ചെയ്യുന്ന രാഷ്ട്രപതിഭവനിലെ ദർബാർ ഹാളിന്റെ അകത്തളങ്ങളിൽ മുഴങ്ങിക്കേൾപ്പിക്കാൻ സാധിച്ചത് ഞാൻ ഈ പദവിയെ ഇഷ്ടപ്പെട്ട് സ്വീകരിച്ചതുകൊണ്ടാണെന്നാണ് എന്റെ വിശ്വാസം.നാല് വർഷത്തിനിടക്ക് ഈ എൻ.എസ്.എസ് യൂണിറ്റ് നേടിയ പുരസ്കാരങ്ങൾ ഇവയൊക്കെയായിരുന്നു.

1  1. ബെസ്റ്റ് വളണ്ടിയർ അവാർഡ് 2010-11(ഡയരക്ടറേറ്റ് ലെവെൽ) – യാസിർ വി.പി
2  2. ബെസ്റ്റ് വളണ്ടിയർ അവാർഡ് 2011-12(ഡയരക്ടറേറ്റ് ലെവെൽ) – അപർണ്ണ.പി
3  3. ബെസ്റ്റ് വളണ്ടിയർ അവാർഡ് 2012-13(ഡയരക്ടറേറ്റ് ലെവെൽ) – അനീഷ് അഹമ്മെദ്
4  4. ബെസ്റ്റ് വളണ്ടിയർ അവാർഡ് 2013-14(ഡയരക്ടറേറ്റ് ലെവെൽ) – ഹിഷാം.സി.കെ
5  5. ടോപ്സ്കോറെർ അവാർഡ് 2011-12 (ഡയരക്ടറേറ്റ് ലെവെൽ)      – അയിഷ രിസാന സി.എ
6  6. ടോപ്സ്കോറെർ അവാർഡ് 2013-14 (ഡയരക്ടറേറ്റ് ലെവെൽ)      – ലക്ഷ്മി.എസ്
7  7. ബെസ്റ്റ് യൂണിറ്റ് അവാർഡ് 2011-12 (ഡയരക്ടറേറ്റ് ലെവെൽ)
8  8. ബെസ്റ്റ് പ്രോഗ്രാം ഓഫീസർ അവാർഡ് 2011-12 (ഡയരക്ടറേറ്റ് തലം) - ആബിദ് തറവട്ടത്ത്
9  9.  ബെസ്റ്റ് വളണ്ടിയർ സംസ്ഥാന  സർക്കാർ അവാർഡ് 2011-12      – അപർണ്ണ.പി
1 10.  ബെസ്റ്റ് യൂണിറ്റ് സംസ്ഥാന  സർക്കാർ അവാർഡ് 2011-12      
1 11. ബെസ്റ്റ് യൂണിറ്റ് സംസ്ഥാന  സർക്കാർ അവാർഡ് 2012-13      
1 12.  ബെസ്റ്റ് പ്രോഗ്രാം ഓഫീസർ  സംസ്ഥാന  സർക്കാർ അവാർഡ് 2011-12 - ആബിദ് തറവട്ടത്ത്
1 13.  ബെസ്റ്റ് പ്രോഗ്രാം ഓഫീസർ  സംസ്ഥാന  സർക്കാർ അവാർഡ് 2012-13 - ആബിദ് തറവട്ടത്ത്
   14.  ബെസ്റ്റ് യൂണിറ്റ് ദേശീയ അവാർഡ് 2012-13      
1 15. ബെസ്റ്റ് പ്രോഗ്രാം ഓഫീസർ  ദേശീയ അവാർഡ് 2012-13 - ആബിദ് തറവട്ടത്ത്
1 16.  കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ ബെസ്റ്റ് സപ്പോർട്ടെർ അവാർഡ് (ജില്ലാതലം)
1 17.ജില്ലാപഞ്ചായത്ത്  ‘സ്നേഹസ്പർശം‘ബെസ്റ്റ് സപ്പോർട്ടെർ അവാർഡ് (ജില്ലാതലം)
1 18. ബെസ്റ്റ് റെഡ്‌റിബ്ബൺ ക്ലബ്ബ് അവാർഡ് (ജില്ലാതലം)
1 19.ബെസ്റ്റ് ബ്ലഡ് ഡൊനേഷൻ മോട്ടിവേറ്റർ അവാർഡ് - ആബിദ് തറവട്ടത്ത്
2 20.ബെസ്റ്റ് ഭൂമിത്രസേന സംസ്ഥാന  സർക്കാർ അവാർഡ് 2013-14 
   21.സംസ്ഥാ‍ന യൂത്ത്‌ വെൽഫയർ ബോർഡ് അപ്പ്രീസിയേഷൻ അവാർഡ് 2013-14

ഈ ലിസ്റ്റ് അപൂർണ്ണമാണ്.എങ്കിലും ഞാൻ തൃപ്തനാണ്.എനിക്കാവുന്നത് ,എന്റെ പ്രിയപ്പെട്ട വിദ്യാർത്ഥീ സുഹൃത്തുക്കൾക്കും കോളേജിനും എനിക്കും നേടിത്തരാൻ സാധിച്ചതിലുള്ള ആത്മസംതൃപ്തി.പടി‌ഇറങ്ങിയ ഞാൻ ഇന്നും കുട്ടികൾക്കിടയിൽ ‘പ്രോഗ്രാം ഓഫീസർ-ബി’ ആയി തുടരുന്നതും അതുകൊണ്ട് തന്നെ.    

വാൽ:പുതിയ ഭാരവാഹികളുടെ (പ്രോഗ്രാം ഓഫീസർ & വളണ്ടിയർ സെക്രട്ടറിമാർ) ആരോഹണ ദിനമായ വാർഷിക സംഗമ ദിനത്തിൽ എന്റെ കൂടെ മറ്റ് കോളേജിൽ നിന്നും നാഷണൽ യൂത്ത്ഫെസ്റ്റിവലിൽ പങ്കെടുക്കാൻ ലുധിയാനയിലേക്ക് പോയ സുധിൻ(ദേവഗിരി കോളേജ്), അളകനന്ദ (പ്രോവിഡൻസ് കോളേജ്),ആൻസൺ മാത്യു(അമൽജ്യോതി എഞ്ചിനീയറിംഗ് കോളേജ്, കാഞിരപ്പള്ളി) എന്നിവർ യാദൃശ്ചികമായി എത്തിയപ്പോൾ ഈ കുടുംബത്തിന് എന്നോടുള്ള സ്നേഹം ഞാൻ തൊട്ടറിഞ്ഞു.


സമ്മതിച്ചു….പക്ഷേ

“ഹലോ.കീം ഹെല്പ്ലൈൻ അല്ലേ ?” കഴിഞ്ഞ രണ്ട് മാസമായി എനിക്ക് വരുന്ന ഫോൺകാളുകളിൽ മറുതലക്കൽ നിന്നുള്ള ചോദ്യം മിക്കവാറും ഇതായിരിക്കും.ഒപ്പം ‘ഹാവൂ കിട്ടിപ്പോയി’ എന്ന ആശ്വാസ നിശ്വാസവും.കേരള എഞ്ചിനീയറിംഗ്  അഗ്രികൾച്ചർ മെഡിക്കൽ (KEAM) എന്നാണ് ഈ കീമിന്റെ മുഴുവൻ രൂപം(ഇതെന്തൊരു പേര് എന്ന് എന്നോട് ചോദിക്കരുത്).അതുമായി ബന്ധപ്പെട്ട് വരുന്ന സംശയങ്ങളുടെ നിവാരണത്തിന് കേരളമൊട്ടുക്കുള്ള കേന്ദ്രങ്ങളാണ് കീം ഹെല്പ്‌ലൈൻ. അതുകൊണ്ട് തന്നെ തിരുവനന്തപുരത്ത് എന്ട്രൻസ് കമ്മീഷണറുടെ ഓഫീസിലെ ഹെല്പ്‌ലൈനിൽ വിളിച്ച് മടുത്ത പലരും പിന്നെ ഈ ജില്ലാകേന്ദ്രങ്ങളിലേക്കാണ് വിളിക്കാറ്‌. ഇതിന്റെ കോഴിക്കോട് ജില്ലയുടെ ചാർജ്ജായിരുന്നു പതിവ്പോലെ എനിക്ക് കിട്ടിയത്.അങ്ങനെ ഫോൺ അറ്റന്റ് ചെയ്യപ്പെടുമ്പോഴുള്ള ദീർഘശ്വാസമാണ് മേൽ സൂചിപ്പിച്ചത്.

ഇന്ന് അന്താരാഷ്ട്രയുവജനദിനത്തോടനുബന്ധിച്ച് കേരള യൂത്ത് വെൽഫയർബോർഡ് എൻ.എസ്.എസ് ടെക്നിക്കൽ സെല്ലുമായി ചേർന്ന് കോഴിക്കോട് നടത്തിയ സെമിനാറിൽ പങ്കെടുത്ത് രാത്രി വീട്ടിൽ തിരിച്ചെത്തിയതായിരുന്നു ഞാൻ.ലോക യുവത്വത്തിന്റെ 20 ശതമാനം മാനസിക വെല്ലുവിളി നേരിടുന്നതിനാൽ ‘മാനസികാരോഗ്യം – യുവാക്കളിൽ’ എന്നതായിരുന്നു ഈ വർഷത്തെ ദിനാചരണത്തിന്റെ വിഷയം.

സെമിനാറിലെ വിഷയവുമായി ബന്ധപ്പെട്ട ചിന്തയിലിരിക്കുമ്പോഴാണ് ഒരു ഫോൺ കാൾ വന്നത് - “ഹലോ.കീം ഹെല്പ്ലൈൻ അല്ലേ ?”

“അതേ

“സാർ, ഒരു സംശയം.സ്പോട്ട് അലോട്ട്മെന്റിൽ പങ്കെടുക്കാൻ എൻ.ഓ.സി കിട്ടാൻ ലിക്വിഡേറ്റഡ് ഡാമേജ് അടക്കണോ?” ഇതുവരെ ആരും ചോദിക്കാത്ത ഒരു ചോദ്യമായിരുന്നു അത്.അതിനാൽ തന്നെ നേരിട്ട് ഒരു മറുപടി പറയുക അസാധ്യ്‌വുമായിരുന്നു.അതിനാൽ ഞാൻ വെറുതെ ചോദിച്ചു – “മോൻ ഇപ്പോൾ എവിടെയാ പഠിക്കുന്നത് ?”

“മൂന്നാറിലാ

“മൂന്നാറിൽ നിന്ന് നീ എങോട്ട് മാ‍റാനാ?”

“ഇത് കുറേ ദൂരെയായതിനാൽ തൃശൂരിലോ കോഴിക്കോട്ടോ മാറാൻ

“അതെന്തിനാനിനക്ക് അവിടത്തെ പ്രകൃതി ആസ്വദിച്ചു കൂടേ? കുറച്ച് ദിവസങ്ങൾ കഴിഞ്ഞാൽ നീ അവിടം മതി എന്ന് പറയും

“സാർകുറച്ച് ഹോം സിക്ക്നസ് ഉണ്ട്.”

“ഇത്രയും വലുതായിട്ടോ?”

“അല്ല സാർ .വീട്ടിൽ നിന്നും വിട്ടു നിൽക്കേണ്ടി വന്നത് കുറച്ച് നേരത്തെ ആയോ എന്നൊരു തോന്നൽ

“അഞ്ചാം ക്ലാസ്സിൽ നിന്ന് ഹോസ്റ്റലിൽ നിൽക്കുന്ന കുട്ടികൾ ഉണ്ട്..നിനക്ക് 17 വയസ്സായില്ലേ?ഇനിയും ഉപ്പയേയും ഉമ്മയേയും എന്നും കാണണമെന്ന് പറയുന്നത് ശരിയല്ല..”

“സാർഅതല്ലരി സാർ” അവൻ ഉത്തരം മുട്ടി ഫോൺ വച്ചു.ഇതെല്ലാം കേട്ടു നിന്ന എന്റെ ഭാര്യ ചോദിച്ചു – “ആരാ ആ വിളിച്ചത്?”

“എനിക്കറിയില്ല

“അറിയാത്ത ആൾക്കാണോ ഇത്രയും നേരം ഉപദേശം നൽകിയത്..?”

“അതേഹോംസിക്ക്നെസ് എന്ന ഒരുതരം മാനസിക വെല്ലുവിളി നേരിടുന്ന ഒരു പയ്യനാണ് വിളിച്ചത്

“അതും എൻ‌ട്രൻസും തമ്മിൽ എന്താ ബന്ധം?ഇതിനും നിങ്ങൾ മറുപടി കൊടുക്കണോ?”

“എൻ‌ട്രൻസ് കൌൺസലിംഗ് എന്നാ പറയാറ്‌എന്ന് വച്ചാൽ സംശയം ഉന്നയിക്കുന്നവനെ കൌൺസൽ ചെയ്യാനും അറിയണം എന്ന്.”

“ഹും സമ്മതിച്ചു.പക്ഷേ പെൺകുട്ടികളോട് വേണ്ടട്ടോ..”

ഇന്ന് ഞാൻ കേട്ട 20 ശതമാനം പേർ പലതരത്തിൽ നേരിടുന്ന മാനസിക വെല്ലുവിളി സത്യമാണെന്ന് ഇതോടെ വ്യക്തമായി  .ചില്ലറക്ഷാമം

നാട്ടിൽ നിന്നും 12 രൂപ ബസ്ചാർജ്ജ് അകലത്തിലാണ് പോക്കരാക്കയുടെ ഭാര്യാ വീട്. രണ്ട് രൂപ ചില്ലറ ചോദിച്ച ബസ് കണ്ടക്ടറോട് ക്ഷുഭിതനായി പോക്കരാക്ക : അന്റട്ത്ത് ഒരു കാലത്തും ചില്ലറ ണ്ടാവൂലരായ്ച മുമ്പും ജ്ജ് രണ്ടുറുപ്യ ചോയ്ച്ച്. അങ്ങനെ ഇത് അഞ്ചാമത്തെ പ്രാവശ്യാ ജ്ജീ രണ്ടുറുപ്യ ചോയ്ച്ച്‌ണത് !!!

കണ്ടക്ടർ : എത്രാമത്തെ പ്രാവശ്യം ??

പോക്കരാക്ക : അഞ്ച്അഞ്ചാമത്തെ പ്രാവശ്യം !!


കണ്ടക്ടർ: അപ്പോ നിങ്ങളട്‌ത്തോ എന്റട്ത്തോ ഒരു കാലത്തും ചില്ലറ ഇല്ലാത്തത് കാക്കേ?

പോക്കരാക്ക : ????

Thursday, August 07, 2014

വീണ്ടും ചില സന്തോഷങ്ങൾ....

ഉറങ്ങാൻ കിടക്കുമ്പോൾ   “ ഒരു കഥ പറഞ്ഞു തരൂ “ എന്ന് രണ്ടാമത്തെ മകൾ എന്നും പറയാൻ തുടങ്ങിയപ്പോഴാണ് അവൾക്ക് ഒരു  ബാല പ്രസിദ്ധീകരണം വാങ്ങിക്കൊടുക്കാം എന്ന തീരുമാനത്തിലേക്ക് എത്തിച്ചത്..അതാകുമ്പോൾ അവളുടെ വായനാശീലവും വളർത്താം മൂത്തമകൾ ലുലുവിനും ഒരു ടൈം പാസ് ആകും. മാതൃഭൂമി ദിനപത്രവും തൊഴിൽ‌വാർത്തയും വീട്ടിൽ വരുത്തുന്നതിനാൽ ആ ഗ്രൂപ്പിന്റെ തന്നെ ബാലവാരികയായ ബാലഭൂമി തന്നെയാവട്ടെ എന്ന് കരുതി.ബാപ്പയുള്ള കാലത്തേ ഞങ്ങൾക്ക് വാങ്ങിത്തന്നിരുന്ന ‘മലർവാടി’ വീട്ടിൽ പോസ്റ്റൽ വഴിയും വരുത്തി.      

അങ്ങനെ ഇരിക്കുമ്പോഴാണ് ഇക്കഴിഞ്ഞ പാർലമെന്റ് ഇലക്ഷനോടനുബന്ധിച്ച് ബാലഭൂമിയും അതിലെ കഥാപാത്രങ്ങളെ വച്ച് ഒരു ഇലക്ഷൻ സംഘടിപ്പിച്ചത്.ചില ചിത്രങ്ങൾ നൽകി അതിനനുയോജ്യമായ ഒരു വനപത്രം തെരഞ്ഞെടുപ്പ് എന്ന വിഷയത്തിൽ തയ്യാറാക്കുകയായിരുന്നു മത്സരം.സമ്മാനമാകട്ടെ 10 പേർക്ക് ഡിജിറ്റൽ ക്യാമറയും. എന്റെ കയ്യിലുള്ള പഴയ ക്യാമറ പോരാ എന്ന് കുറേ കാലമായി പറയുന്ന ലുലു മോൾ ഒരു മത്സരത്തിലൂടെ ക്യാമറ ഒപ്പിക്കാമോ എന്ന് പരീക്ഷിക്കാൻ തീരുമാനിച്ചു.അങ്ങനെ താഴെ കാണുന്ന വനപത്രം അവൾ തയ്യാറാക്കി.
ഇലക്ഷൻ റിസൽട്ട് വന്നത് പോലെ തന്നെ  ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ആഴ്ചകൾക്ക് മുമ്പ് മത്സരത്തിന്റെ ഫലം വന്നു.വെള്ളിയാഴ്ച ബാലഭൂമി വാതിലിൽ വീഴുമ്പോൾ ഓടിച്ചെന്ന് എടുക്കുന്ന രണ്ടാമത്തെ മകൾ ലുഅ ആ റിസൾട്ടിലെ ആദ്യത്തെ പേര് വായിച്ചു - ആയിഷ നൌറ ടി.എ , ഫാത്തിമ മൻസിൽ, അരീക്കോട്,മലപ്പുറം


 

അൽഹംദുലില്ലാ.....അതേ...ഏതൊരു പിതാവിനും അഭിമാനിക്കാവുന്ന നിമിഷം.സമ്മാനം സ്കൂൾ അസംബ്ലിയിൽ വച്ച് വൈകാതെ വിതരണം ചെയ്യുമെന്ന് മാതൃഭൂമിയിൽ നിന്ന് അറിയിച്ചു.(പഠനത്തിരക്ക് കാരണം മൂന്ന് വർഷമായി മോൾ ബൂലോകത്ത് സജീവമല്ല)

Wednesday, August 06, 2014

ഏഴ് കഴിഞാൽ സി !!!

എന്റെ മൂന്നാമത്തെ മകൾ ലൂന എന്ന് വിളിക്കുന്ന അബിയ്യ ഫാത്തിമ ഈ വർഷം മുതൽ എൽ.കെ.ജി യിൽ പോയിത്തുടങ്ങി. എ മുതൽ ജെ വരെ ഇംഗ്ലീഷ് അക്ഷരങ്ങളും ഒന്ന് മുതൽ പത്ത് വരെ എണ്ണവും അവയുടെ എഴുത്തും പിന്നെ കുറേ പാട്ടുകളും ചിത്രം നിറം കൊടുക്കലും  ആണ് ഒന്നാം ടേമിലെ സിലബസ്. മോളും  അവളുടെ ഉമ്മയും തമ്മിലുള്ള ഒരു സംഭാഷണം

ലൂന മോൾ : ഉമ്മാ, ഏഴ് കഴിഞ്ഞാൽ എത്രയാ?

ഉമ്മ: എട്ട്

മോൾ: പൊട്ടത്തി.ഏഴ് കഴിഞ്ഞാൽ ‘സി’ യാ

ഉടനെ അപ്പുറത്തെ റൂമിൽ ഉണ്ടായിരുന്ന ഞാൻ തല പുകഞ്ഞു.ഇത് ന്യൂ ജനറേഷൻ കുട്ടികളാഎന്തെങ്കിലും കുസൃതി ഒപ്പിച്ചായിരിക്കും ഈ ചോദ്യം.റോമൻ അക്കമാലയിൽ എക്സും വിയും എല്ലും മറ്റും ഉപയോഗിക്കുന്നതിനാൽ എട്ടിന് അങ്ങനെ ഒരു സാധ്യത ഞാൻ ആരാഞ്ഞു.ഇനി സി എന്നാൽ കടൽ എന്നർത്ഥമുള്ളതിനാൽ ഓൾഡ് ജനറേഷനായ എന്റെ ചിന്ത “ഏഴാം കടലിനക്കരെ’“ എന്ന സിനിമയിലും എത്തി-അതും അല്ല.അപ്പോ പിന്നെ???

ഉമ്മ: അങ്ങനെ  ആരാ പറഞ്ഞത് മോളേ?

മോൾ: ടീച്ചർ തന്നെ.

ഉമ്മ: അത് നീ കേട്ടത് തെറ്റിയതായിരിക്കും

മോൾ: അല്ലടീച്ചർ എഴുതിത്തന്നിട്ടുണ്ട് !!

ഉമ്മ: എന്നാൽ കാണട്ടെ

ലൂന മോൾ ഓടിപ്പോയി അവളുടെ നോട്ടുപുസ്തകവുമായി തിരിച്ചു വന്നു.കഴിഞ്ഞ ദിവസം എഴുതാൻ കൊടുത്ത ഏഴ് മുഴുവനായി ഏഴുതിയിരിക്കുന്നു.ഇന്ന് ടീച്ചർ എഴുതാൻ കൊടുത്തത് അടുത്ത പേജിൽ അവൾ കാണിച്ചു തന്നു.അത് “സി” ആയിരുന്നു.കാണാൻ വന്ന എന്റ്റേയും ഭാര്യയുടേയും മുഖത്ത് നോക്കിക്കൊണ്ട് ലൂനമോൾ പറഞ്ഞു –

“ഇപ്പോൾ കണ്ടോ പൊട്ടന്മാരെ…… ഏഴ് കഴിഞ്ഞാൽ ‘സി’ “ !!!

ആഗസ്ത് ആറും കുറേ ഓഫറുകളും….

ബി.എസ്.എൻ.എൽ വരിക്കാർക്ക് പലപ്പോഴും പലയിടത്തും സൌജന്യമായി ലഭിക്കുന്ന ‘പരിധിക്ക് പുറത്താണ്’ ‘ സേവനത്തെപ്പറ്റി പത്രങ്ങളിൽ വായിച്ചിരുന്നു.പക്ഷേ അത്തരം ഒരു സേവനം ഞാൻ വിളിക്കുന്ന മിക്ക ബി.എസ്.എൻ.എൽ വരിക്കാർക്കും ലഭിക്കാറില്ല.എനിക്ക് ലഭിക്കുന്ന ഒരു മഹത്തായ ബി.എസ്.എൻ.എൽ സേവനം ഇടക്കിടക്ക് ഇന്റെർനെറ്റ് ഡിസ്കണക്ട് ആകുക എന്നത് മാത്രമാണ്. (ഇടക്കിടക്ക് എന്നു വച്ചാൽ മാസത്തിലോ ആഴ്ചയിലോ ഒരിക്കൽ എന്നല്ല , ദിവസത്തിൽ 23 മണിക്കൂർ മാത്രം കട്ട് ).ഈ പോസ്റ്റ് ഇടാൻ തിടുക്കത്തിൽ സിസ്റ്റവും നെറ്റും ഓണാക്കി കാത്തിരിക്കാൻ തുടങ്ങിയിട്ട് മണിക്കൂറുകൾ കഴിഞ്ഞു..(ഇന്നിനി അവൻ വരും എന്ന് തോന്നുന്നില്ല).

ഇന്നലെ വരെ എന്റെ മൊബൈലിൽ ബി.എസ്.എൻ.എൽ റേഞ്ച് കാണിക്കുന്ന ചിഹ്നം (അതേ , ചെറുവിരൽ,മോതിരവിരൽ,നടുവിരൽ എന്നിവ നിൽക്കുന്ന പോലെയുള്ള ആ സാധനം തന്നെ) നീലക്കളറിൽ ആയിരുന്നു.ഇന്ന് രാവിലെ ഞാൻ കോളേജിൽ എത്തിയപ്പോൾ അതതാ നിറം മാറിയിരിക്കുന്നുചുവപ്പ് എന്ന് പറഞ്ഞാൽ പോര, ചോര എന്ന് പറയുമ്പോൾ മനസ്സിൽ വരുന്ന ചുവപ്പ് നിറം ! കണക്ഷന് എന്തെങ്കിലും സംഭവിച്ചതാണെന്ന് കരുതി ഞാൻ കാൾ ലോഗ് നോക്കി. കാൾ  ലോഗിൽ ഓരോരുത്തരുടേയും നേരെയുള്ള ഫോൺ അടയാളവും ചോര നിറം !! ഉടനെ ഒരു നമ്പർ കുത്തി നോക്കി കാൾ പോകുന്നുണ്ടോ ഇല്ലേ എന്ന് ഉറപ്പ് വരുത്തി.നിറം മാറി എന്നല്ലാതെ ആ അപായനിറം മറ്റൊരു അപായവും ഉണ്ടാക്കിയില്ല.

എന്റെ ലാവണമായ സി.സി.എഫ് ലാബിൽ കയറി ആദ്യ പരിപാടിയായ ഇ-മെയിൽ പരിശോധിച്ചു.എന്നത്തേയും പോലെ ഇൻബോക്സ് നിറഞ്ഞ് നിൽക്കുന്നുണ്ട്.അവയിൽ ചിലത് ചില ഓഫറുകൾ ആയിരുന്നു – ഒന്നാമത്തേത് Lumosity എന്ന സൈറ്റിൽ(?) നിന്ന് (ഫിസിക്സിലെ മാസ്റ്റർ ബിരുദം കാരണം ഞാൻ അത് ഇതിനു മുമ്പെല്ലാം വായിച്ചിരുന്നത് Luminosity എന്നായിരുന്നു).അവരുടെ വാർഷിക വരിക്കാരനായാൽ 35% ഇളവ് അനുവദിക്കും പോലും. ഈ 35 എന്ന സംഖ്യയും ഞാനും തമ്മിലുള്ള ‘അമേദ്യ ബന്ധം’ എന്താണെന്ന് എനിക്ക് മനസ്സിലായില്ല.അതിനാൽ അത് ഞാൻ ഡിലീറ്റ് ചെയ്തു.

രണ്ടാമത്തെ മെയിൽ WAYN (Where Are You Now) ൽ നിന്നായിരുന്നു. 2 ആഴ്ചയിലേക്ക് എനിക്ക് ഫ്രീ ആയിട്ട് വി.ഐ.പി അപ്ഗ്രേഡ് ആയിരുന്നു അവരുടെ വാഗ്ദാനം.ഇപ്പോൾ ഞാൻ പ്രത്യേകിച്ച് ഒന്നും നേടുകയോ നഷ്ടപ്പെടുത്തുകയോ ചെയ്യാത്ത സ്ഥിതിക്ക് എന്നെ വി.ഐ.പി ആക്കാൻ കണ്ട ഒരു സമയം...അതും ഞാൻ ഡിലീറ്റ് ആക്കി.ഇല്ലെങ്കിൽ ഗൂഗിളമ്മ  ഇനിയും കൊടി പൊക്കും!!!( WAYN  നിന്റെ മെയിൽ Vein ആയി)

അടുത്തത് നമ്മുടെ സാക്ഷാൽ ഫെഡെറൽ ബാങ്കിൽ നിന്ന്.പലതരം സേവനങ്ങളിലൂടെ ഉപഭോക്താവിനെ ധൃതരാഷ്ട്രാലിംഗനം നടത്തുന്ന നമ്മുടെ സ്വന്തം ആലുവ ബാങ്ക്. പലപ്പോഴും ലഭിക്കാറുള്ള പോലെ ഒരു വാഗ്ദാനവും ഇല്ലാത്ത ഒരു ലളിതമായ മെയിൽ മാത്രം - Wish you a happy Birthday !


അതേ , ഇന്ന് എന്റെ ജന്മദിനമായിരുന്നു ! അവരെല്ലാവരും കൂടി പറഞ്ഞപ്പോൾ എനിക്കും മനസ്സിലായി , വയസ്സ് 43 കഴിഞ്ഞു !!!.

Sunday, August 03, 2014

ഗൂഗിളമ്മ കൊടി പൊക്കിയാൽ...

 കുറേ ദിവസമായി ഗൂഗിൾ  ഒരു ചുവപ്പ് കൊടി കാണിക്കാൻ തുടങ്ങിയിട്ട്....മൂപ്പര് സൌജന്യമായി അനുവദിച്ച 15 ഏക്കർ എന്റെ കൃഷിയും പിന്നെ കുറേ കളയും കാരണം തീർന്നു പോയിരിക്കുന്നു.ആയതിനാൽ ഒന്നുകിൽ ഡി ഡി ടി (ഡിലീറ്റ്....വീണ്ടും ഡിലീറ്റ്....ദെൻ ട്രൈ ) ഉപയോഗിച്ച് കളകളെ നശിപ്പിക്കുക , അല്ലെങ്കിൽ വിശാലമായ ചതുപ്പ് നിലം മണ്ണിട്ട് നിരത്തിയത് മാസം വെറും ഒമ്പത് ഡോളർ എന്ന നിരക്കിൽ വാടക നൽകി വാങ്ങാം എന്നായിരുന്നു ആ കൊടിയുടെ പൊരുൾ....

ചുവപ്പും പച്ചയും കറുത്തതും നീലയും ഒക്കെ നിറത്തിലുള്ള നിരവധി കൊടി കണ്ട കേരളക്കാരന്റെ മുമ്പിൽ ഉണ്ടോ ഈ കൊടി വിലപോവുന്നു.ആഴ്ചയിൽ ഏഴ് ദിവസവും ലോട്ടറി പരസ്യം കേൾക്കുന്ന എന്റെ മനസ്സിൽ അത് മുഴങ്ങിക്കൊണ്ടേ ഇരുന്നു....നാളെ,നാളെ....നാളെക്കഴിഞ്ഞ് മറ്റന്നാൾ.അങ്ങനെ ഗൂഗിൾ കൊടി പൊക്കിപ്പിടിച്ചു കൊണ്ടേ ഇരുന്നു , ഞാൻ അത് തൂക്കി എറിഞ്ഞു കൊണ്ടേ ഇരുന്നു.     

ഇന്നലെ മെയിൽ ബോക്സ് തുറന്നപ്പോഴാണ് ഈ കൊടിയുടെ ദൂരവ്യാപക വിപത്തുകൾ ചിലത് പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്.ഒരു മെയിലിന് മറുപടി നൽകാൻ വേണ്ടി സംഗതി എല്ലാം ടൈപ് ചെയ്ത് കഴിഞ്ഞപ്പോഴാണ് ഗൂഗിൾ തന്റെ തനി സ്വഭാവം കാട്ടിയത്.....'നിന്റെ സംഭരണ ശേഷി തീർന്നിരിക്കുന്നു....ഇനി മെയിൽ അയക്കാനോ സ്വീകരിക്കാനോ സാധ്യമല്ല' എന്ന സന്ദേശം വീണ്ടും വീണ്ടും വീണ്ടും വന്നുകൊണ്ടേ ഇരുന്നു.

ആ മെയിൽ അയക്കൽ നിർബന്ധമായതിനാൽ ഗൂഗിളിനെ തൃപ്തിപ്പെടുത്താൻ ഞാൻ ചില മെയിലുകൾ നീക്കം ചെയ്തു...വീണ്ടും സംഭരണ ശേഷി 104% എത്തിയതായി സന്ദേശം വന്നു.മെയിലുകൾ മായ്ക്കൽ തുടർന്നെങ്കിലും ഗൂഗിൾ അമ്മ കനിഞ്ഞതേ ഇല്ല.അപ്പോഴാണ് കഴിഞ്ഞ മൂന്ന് മാസമായി ഗൂഗിൾ അമ്മ ഉയർത്തിപ്പിടിച്ച് നിന്ന കൊടിയുടെ കാര്യം എനിക്കോർമ്മ വന്നത് - ‘ഇത്രയും ദിവസം നിന്നോടല്ലായിരുന്നോ വിനീതമായി ഞാൻ പറഞ്ഞു കൊണ്ടിരുന്നത്.ഇതുവരെ ഒന്നും ചെയ്യാതെ ഇപ്പോൾ വാലിന് തീ പിടിച്ച കുരങ്ങനെപ്പോലെ ഓടേണ്ട വല്ല ആവശ്യവും ഉണ്ടായിരുന്നോ മോനേ ദിനേശാ‘ എന്നായിരുന്നു ഗൂഗിൾ അമ്മ അപ്പോൾ പറഞ്ഞു കൊണ്ടിരുന്നത്.ഏതായാലും ഒരു വിധം അമ്മയുടെ കയ്യും കാലും പിടിച്ച് കുറേ അശ്രീകരങ്ങളെ ഒഴിവാക്കി അമ്മയുടെ കോപം ശമിപ്പിച്ചപ്പോൾ മേൽ സന്ദേശം അയക്കാനായി.

     
അതിനാൽ , മക്കളേ ഗൂഗിളമ്മ കൊടി പൊക്കിയാൽ പത്തിയും മടക്കി  പറയുന്നത് പോലെ വേഗം ചെയ്യുക,അല്ലെങ്കിൽ ബിനാമി പേരിൽ ഒരു 15 ഏക്കർ കൂടി വാങ്ങി  കുറച്ച് കൃഷി അങ്ങോട്ട് മാറ്റുക.