Pages

Wednesday, February 28, 2018

ബീച്ച് അക്വേറിയം - കോഴിക്കോട്

              ഇരുട്ട് വ്യാപിച്ച സമയത്ത് സർക്കാർ അധീനതയിലുള്ള അക്വേറിയത്തിന്റെ ഗേറ്റിൽ ഒരു എമു തല ഉയർത്തി നിൽക്കുന്നതായിരുന്നു ആ കാഴ്ച.  ഉയർത്തിപ്പിടിച്ച ഒരാളുടെ കയ്യിൽ നിന്നും കടലമണികൾ കൊത്തി തിന്നുക്കൊണ്ടിരിക്കുകയായിരുന്നു ആ എമു. ഒപ്പം അദ്ദേഹം വഴിപോക്കരെയെല്ലാം അക്വേറിയം കാണാൻ ക്ഷണിക്കുകയും ചെയ്യുന്നുണ്ട്. 20 രൂപയോ മറ്റോ ആണ് പ്രവേശന തുക. 

               എമുവിന് തീറ്റ നൽകുന്നതിലപ്പുറം കുട്ടികൾക്ക് മന:ശാസ്ത്രപരമായി ഒരു പരിശീലനം നൽകുന്നതിനായി ഞാൻ അങ്ങോട്ട് തിരിഞ്ഞു. മക്കളോട് ടിക്കറ്റ് എടുത്ത് അകത്തുള്ള കാഴ്ചകൾ കണ്ട് വരാനായി പറഞ്ഞു.

              പ്രവേശന കവാടത്തിൽ തന്നെ ഒരു കൂറ്റൻ മത്സ്യം ചില്ലിൻ കൂടിൽ നീന്തിത്തുടിക്കുന്നുണ്ടായിരുന്നു. അകത്ത് ഞാൻ പ്രവേശിക്കാത്തതിനാൽ എന്തൊക്കെ തരം മത്സ്യങ്ങൾ ഉണ്ട് എന്നെനിക്കറിയില്ല. എങ്കിലും കുട്ടികൾക്ക് ആസ്വദിക്കാൻ ആവശ്യമായ നിറവും വലിപ്പവും ആകൃതിയും ഒക്കെയുള്ള നിരവധി മത്സ്യങ്ങൾ ഉണ്ടെന്ന് കുട്ടികൾ പുറത്തിറങ്ങാൻ വൈകിയതോടെ ഞാൻ മനസ്സിലാക്കി.
              മത്സ്യങ്ങളെക്കണ്ട് പുറത്തിറങ്ങിയ മക്കൾ കെട്ടിടത്തിന്റെ പുറക് വശത്തേക്ക് നീങ്ങി. അവിടെ പലതരം കോഴികളും വാത്തകളും മുയലുകളും ആമകളും മറ്റും കൂട്ടിലും കുളത്തിലുമായി കാഴ്ചവസ്തുക്കളായി. ഇത്രയും അധികം ജീവികൾ അത്രയും കുറഞ്ഞ സ്ഥലത്ത് തുച്ഛമായ പ്രവേശന ഫീസും കൊടുത്ത് കാണാനുണ്ട് എന്ന് ഞാൻ പോലും മനസ്സിലാക്കിയത് അന്നായിരുന്നു - ആ എമുവിനെ തീറ്റുന്ന ചേട്ടന് നന്ദി.

                 കുട്ടികൾ അകത്തെ കാഴ്ചകൾ കാണുമ്പോൾ ഞാൻ കുറച്ച് കടല വാങ്ങി എമുവിന് നൽകുകയായിരുന്നു.  കാഴ്ചകൾ കണ്ട് പുറത്തിറങ്ങിയ കുട്ടികളെയും ഞാൻ എന്റെ അടുത്തേക്ക് ക്ഷണിച്ചു. എമുവിന്റെ വലിപ്പവും അത് കയ്യിൽ കൊത്തുമ്പോൾ ഉണ്ടാകുന്ന വേദനയും കുട്ടികളെ അതിനോടടുക്കുന്നതിൽ നിന്നും പിന്തിരിപ്പിച്ചു. പങ്കെടുപ്പിച്ച് ഭയം അകറ്റുക എന്ന മന:ശാസ്ത്ര സമീപനം ആയിരുന്നു ഞാൻ ഇവിടെ ഉദ്ദേശിച്ചിരുന്നത്. അതുപ്രകാരം മൂത്തവർ രണ്ട് പേരും തീറ്റ നൽകാൻ മുന്നോട്ട് വന്നു. മൂന്നാമത്തെയാൾ അവളുടെ ഉമ്മയുടെ പിറകിൽ ഓടി ഒളിച്ചുകൊണ്ടിരുന്നു. എമുവിന്റെ ചുണ്ട് പരന്നതായതിനാൽ അത് കയ്യിൽ നിന്നും ഭക്ഷണം കൊത്തി എടുക്കുമ്പോൾ നമുക്ക് ഒരു വേദനയും അനുഭവപ്പെടില്ല എന്ന് കൂടി ഞാനും മക്കളും തിരിച്ചറിഞ്ഞു.
                നേരം ഏറെ ഇരുട്ടിക്കഴിഞ്ഞു. അപ്രതീക്ഷിതമായി കിട്ടിയ കാഴ്ചയും അറിവുകളും ചർച്ച ചെയ്ത്കൊണ്ട്, കാർ അരീക്കോട് ലക്ഷ്യമാക്കി യാത്ര ആരംഭിച്ചു.



Tuesday, February 27, 2018

കോഴിക്കോട് ബീച്ചിലൂടെ....

                     ഞാൻ ആദ്യമായി ബീച്ച് കണ്ടത് ആറിലോ ഏഴിലോ പഠിക്കുന്ന കാലത്താണ് എന്നാണെന്റെ ഓർമ്മ. എന്റെ മാതാപിതാക്കൾ ഞങ്ങളെ ആരെയും ബീച്ച് കാണിക്കാൻ കൊണ്ടു പോയതായി ഞാൻ ഓർക്കുന്നില്ല. എന്നാൽ എന്റെ മക്കൾ ആ കാര്യത്തിൽ എത്രയോ ഭാഗ്യവാന്മാരാണ്. പിച്ച വയ്ക്കാൻ തുടങ്ങിയ അന്നു മുതലേ അവർ പലപ്പോഴായി പല ബീച്ചുകളും കണ്ടിട്ടുണ്ട്.  ഏഷ്യയിലെ ഏറ്റവും നീളം കൂടിയ ബീച്ചായ ചെന്നൈയിലെ മറൈൻ ബീച്ച് , കേരളത്തിലെ പ്രധാന ബീച്ചുകളായ ശംഖുമുഖം , കോവളം , വിഴിഞ്ഞം , ആലപ്പുഴ, ചെറായി, ബേപ്പൂർ, കോഴിക്കോട്,കാപ്പാട്, പയ്യാമ്പലം എല്ലാം അവർ കണ്ട ലിസ്റ്റിൽ പെട്ടതാണ്. മക്കളെയും കൊണ്ട് പോയപ്പോഴാണ് ഇതിൽ പലതും എന്റെ ഭാര്യയും കണ്ടത്.
                    കോഴിക്കോട് ബീച്ച് ഇടക്കിടക്ക് സന്ദർശിക്കുന്നത് കുട്ടികൾക്ക് ഒരു ഹരമാണ്.കുടുംബ സമേതം കോഴിക്കോട്ടോ പരിസരത്തോ പോകുമ്പോൾ മിക്കവാറും ബീച്ചിൽ പോയി അല്പ നേരം കടലുമായി കിന്നരിച്ച് ഓരോ പ്ലേറ്റ് മുട്ടപ്പട്ടാണിക്കടലയും തട്ടിയാണ് ഞങ്ങൾ തിരിച്ചു പോരാറ്.
                 എം.എസ്.സി സൈക്കോളജിയുടെ രണ്ടാം വർഷ കോണ്ടാക്റ്റ് ക്ലാസിന് അന്ന് ഞങ്ങൾ പോയത്  മക്കളെയെല്ലാവരെയും കൂട്ടിയായിരുന്നു. ക്ലാസ് കഴിഞ്ഞപ്പോൾ മക്കൾക്ക് ബീച്ചിൽ പോകാൻ ആഗ്രഹം. അങ്ങനെ കാർ നേരെ ബീച്ചിലേക്ക് വിട്ടു. ഞായറാഴ്ച ആയതിനാൽ സാമാന്യം നല്ല തിരക്കുണ്ടായിരുന്നു. അല്പ നേരം കടൽ കാറ്റും കൊണ്ട് ഞങ്ങൾ ആ മണൽ പരപ്പിൽ ഇരുന്നു.
                  അല്പം കഴിഞ്ഞ് ഞങ്ങളുടെ തൊട്ടു മുമ്പിൽ വട്ടത്തിൽ ഒരു ആൾക്കൂട്ടം രൂപപ്പെടാൻ തുടങ്ങി.പിന്നാലെ ഒരു ചെണ്ടയുടെ ശബ്ദവും മുഷിഞ്ഞ വേഷം ധരിച്ച ഒരു പെൺകുട്ടിയും പ്രത്യക്ഷപ്പെട്ടു. പെൺകുട്ടി ആൾക്കൂട്ടത്തിന് മുമ്പിൽ എന്തൊക്കെയോ അഭ്യാസങ്ങൾ കാണിക്കുന്നുണ്ട്. അല്പം കഴിഞ്ഞ് ഒരു ചെറുപ്പക്കാരൻ കൂടി പ്രത്യക്ഷപ്പെട്ടു. അയാളും പലതരം ‘കുത്തിമറിയലുകൾ’ നടത്തുന്നുണ്ട്.
                  അല്പനേരത്തെ കാട്ടിക്കൂട്ടലുകൾക്ക് ശേഷം ആ ചെറുപ്പക്കാരൻ തന്റെ ഭാണ്ഠത്തിൽ നിന്ന് ശീല കൊണ്ട് പൊതിഞ്ഞ ഒരു വളയം എടുത്തു. പെട്രോൾ പോലെ എന്തോ ഒരു ദ്രാവകം വളയത്തിൽ ഒഴിച്ചു. പിന്നെ അതിന് തീ കൊളുത്തി.
                    കാണികൾ ആകാംക്ഷയോടെ നോക്കി നിൽക്കെ ആൾകൂട്ടത്തിൽ നിന്നും അയാൾ രണ്ടു പേരെ ക്ഷണിച്ച് വളയത്തിൽ കെട്ടിയ ഒരു കമ്പി രണ്ട് വശത്തേക്കും വലിച്ച് പിടിക്കാൻ ആവശ്യപ്പെട്ടു.കത്തുന്ന വളയത്തിന്റെ ചൂട് അവരെ അലോസരപ്പെടുത്തുണ്ടായിരുന്നു. ഇതിനിടയിൽ ആ യുവാവ് അല്പം പിന്നോട്ട് എങ്ങോട്ടോ നീങ്ങി.പിന്നെ ആൾക്കൂട്ടത്തിൽ നിന്നും എന്തൊക്കെയോ പറയുന്നത് കേട്ടു. അടുത്ത നിമിഷം....!

                   ആ യുവാവ് വളയത്തിന് നേരെ ഓടി വരുന്നു. എല്ലാവരും ശ്വാസമടക്കിപ്പിടിച്ച് നോക്കി നിൽക്കെ എവിടെയും തൊടാതെ ആ യുവാവ് കത്തുന്ന വളയത്തിനുള്ളിലൂടെ ഡൈവ് ചെയ്ത് മറുപുറത്ത് എത്തി. ആദ്യ തവണ ചെയ്തത് ഭാഗ്യം കൊണ്ടല്ല എന്ന് തെളിയിക്കാൻ വീണ്ടും രണ്ട് പ്രാവശ്യം കൂടി അയാൾ ആ അഭ്യാസം കാണിച്ചു. എന്നാൽ കണ്ട് നിന്നവർ ആരും ഒരു കയ്യടി പോലും നൽകിയില്ല. ഈ പ്രകടനത്തിന് ശേഷം അയാളുടെ പിരിവ് പാത്രത്തിൽ വീണ കാശും അധികം ഉണ്ടാകില്ല എന്ന് ഞാൻ അനുമാനിക്കുന്നു.കിട്ടിയ കാശും പെട്ടിയിലാക്കി ആ നാടോടി സർക്കസ് കുടുംബം അടുത്ത ആൾക്കൂട്ടത്തിനടുത്തേക്ക് നീങ്ങി.
                    ജീവിതം രണ്ടറ്റം മുട്ടിക്കാൻ ഒരു കുടുംബം പെടുന്ന പെടാപാടും അവർക്ക് കിട്ടുന്ന പ്രതിഫലവും ഞാൻ എന്റെ കുട്ടികൾക്ക് വിശദീകരിച്ച് കൊടുത്തു. തങ്ങൾക്ക് കിട്ടിയ വലിയ വലിയ അനുഗ്രഹങ്ങളെപ്പറ്റി അവർ തിരിച്ചറിഞ്ഞു.
                   സൂര്യൻ പടിഞ്ഞാറൻ ചക്രവാളത്തിൽ ചെഞ്ചായം പൂശുന്ന ജോലി ഏകദേശം പൂർത്തിയാക്കിയിരുന്നു. അല്പം കൂടി നേരം തിരമാലകളോട് സല്ലപിച്ച് ചായയും പട്ടാണിയും കഴിച്ച് കാർ പാർക്ക് ചെയ്ത സ്ഥലത്തേക്ക് ഞങ്ങൾ നടന്നു. പെട്ടെന്നാണ് ആ കാഴ്ച എന്റെ ശ്രദ്ധയിൽ പെട്ടത്.

(തുടരും...)

Sunday, February 25, 2018

ദ ബട്ടര്‍ഫ്ലൈ എഫക്ട്

“ബ്രസീലില്‍ ഒരു ചിത്രശലഭം ചിറക് അനക്കിയാല്‍ അത് ടെക്സാസില്‍ ഒരു ചുഴലിക്കാറ്റ് അഴിച്ച് വിടുമോ ?”- ആ ചോദ്യമാണ് എന്നെ ഈ പുസ്തകം ഒറ്റ ഇരുപ്പിന് 2 മണിക്കൂര്‍ കൊണ്ട് വായിച്ച് തീര്‍ക്കാന്‍ പ്രേരിപ്പിച്ചത്. കോഴിക്കോട് നിന്നും എറണാകുളത്തേക്കുള്ള ട്രെയിൻ യാത്രയിൽ ആയിരുന്നു ഈ മാരത്തോൺ വായന.

വരയൂ എന്നും മഞ്ജു എന്നും പേരായ രണ്ട് ചിത്രശലഭങ്ങളുടെ കഥയാണ് ഈ പുസ്തകത്തിന്റെ ഒന്നാം ഭാഗം. ലക്ഷ്യമില്ലാതെ നീങ്ങുന്ന കൂട്ടത്തിൽ ചേരുന്ന മനുഷ്യന് ഒരു പാഠമാണ് വരയുവിന്റെ ജീവിതം. ഒരു തൂണിൽ കയറാൻ ശ്രമിക്കുന്ന പുഴുക്കളിൽ വരയുവും കൂട്ടുകാരി മഞ്ജുവും ചേരുന്നു.ഇടക്ക് വച്ച് ബുദ്ധിയുദിക്കുന്നതിനാൽ വൃഥാഉദ്യമം അവസാനിപ്പിച്ച് തിരിച്ച് പോന്നെങ്കിലും വരയുവിന് അപ്പോഴും തൂണിന്റെ മുകളറ്റം കാണാൻ അടങ്ങാത്ത ആഗ്രഹം നിലനിൽക്കുന്നു. മഞ്ജുവിനെ ഉപേക്ഷിച്ച് അവൻ വീണ്ടും തൂണിൽ കയറാൻ പോകുകയും മഞ്ജു ഒരു കൊക്കൂൺ രൂപപ്പെടുത്തി ചിത്രശലഭമായി രൂപാന്തരം പ്രാപിച്ച് പറന്ന് ചെന്ന് വരയുവിനെ തിരിച്ചെത്തിച്ച് അവനെയും ചിത്രശലഭമാക്കി മാറ്റുകയും ചെയ്യുന്നിടത്ത് പ്രധാന കഥ അവസാനിക്കുന്നു.

ഈ പുസ്തകത്തിന്റെ സബ് ടൈറ്റ്‌ൽ ‘എനിക്കും ഒരു ചിത്രശലഭം ആകണമെങ്കിലോ?’ എന്നാണ്. ‘ചിത്രശലഭങ്ങൾക്ക് മാസങ്ങളോ വർഷങ്ങളോ ഇല്ല.നിമിഷങ്ങളേയുള്ളൂ.എങ്കിലും വേണ്ടത്ര സമയം അവയ്ക്കുണ്ട്.അവരുടെ ദൌത്യം പൂർത്തീകരിക്കുന്നു , പോകുന്നു‘ എന്ന് മഹാകവി ടാഗോർ പറഞ്ഞത് നാം ഓരോരുത്തരും ചിന്തിക്കേണ്ടതാണ്.

“പറക്കണമെന്ന ആഗ്രഹം
നിന്നിൽ അതിശക്തമാകുമ്പോൾ
പുഴുവായിരുന്നാൽ പോരെന്ന വിചാരം
നിന്നിൽ അതിതീവ്രമാകും
അങ്ങനെ അതു സംഭവിക്കും”
തവിട്ടുമുനി എന്ന ശലഭം മഞ്ജുവിന് നൽകുന്ന ഈ അറിവ് മനുഷ്യനിലും പ്രയോഗിക്കാവുന്നതാണ്.

“ചിത്രശലഭം! അതാണ് നീ ആയിത്തീരേണ്ടത്
ചിത്രശലഭത്തിന് ചിറകുകളുണ്ട്, പറക്കും
ഭൂമിയെ സ്വർഗ്ഗവുമായി നെയ്ത് ചേർക്കും
അതിന്റെ ഭക്ഷണം പൂക്കളിലെ അമൃതാണ്
മാത്രമല്ല
സ്നേഹത്തിന്റെ വിത്തുകൾ ഒരു പൂവിൽ നിന്ന്
മറ്റൊരു പൂവിലേക്ക് കടത്തിക്കൊണ്ട് ചെല്ലും
ചിത്രശലഭങ്ങളില്ലെങ്കിൽ പൂക്കളുണ്ടാവില്ല”
അതെ, മനുഷ്യൻ ചിത്രശലഭത്തിൽ നിന്നും പഠിക്കണം.

കൌമാരപ്രായക്കാർക്ക് വേണ്ടി തീം സെന്റേഡ് ഇന്ററാക്ഷൻ (TCI) അധിഷ്ഠിതമായി രൂപകല്പന ചെയ്ത ശലഭ സാക്ഷരതാ യജ്ഞത്തിന്റെ ആശയാവിഷ്കാരമാണ് ദ ബട്ടര്‍ഫ്ലൈ എഫക്ട്. 2018ലെ റിപബ്ലിക് ദിനത്തിൽ ആരംഭിച്ച് 2020ലെ കേരളപ്പിറവി ദിനത്തിൽ ഏകദേശം 1000 ദിവസങ്ങളിലൂടെ പൂർണ്ണമാകുന്ന യജ്ഞത്തിൽ 100 വിദ്യാലയങ്ങളിൽ നിന്നും 2000 കൌമാരക്കാരിലൂടെ നവസമൂഹരചന എന്ന ബൃഹത്തായ ആശയത്തിന് ഇതിലൂടെ രൂപം തെളിയും.

“ശരിയാണ് മരിക്കണം
അപ്പോഴാണ് നീ ജനിക്കുന്നത്” - എത്ര അർത്ഥവത്തായ തിരിച്ചറിവ്‌.

പ്രസാധകര്‍  : റിപ്പിള്‍സ് ഫോറം ഫോര്‍ ക്രിയേറ്റീവ് ഇന്റെര്‍വേന്‍ഷന്‍സ്,കോട്ടയം
രചയിതാവ് : ഡോ.സി. തോമസ് എബ്രഹാം
പേജ് : 120
വില: Rs. 130/-

Tuesday, February 20, 2018

ദേശീയ ഗെയിംസ് അനുഭവങ്ങൾ - 13

ദേശീയ ഗെയിംസ് അനുഭവങ്ങൾ - 12

             കുറെയധികം പേപ്പറുകളില്‍ ഒപ്പിടാനുള്ളതിനാല്‍ വെയിലും കൊണ്ട് ബോണറ്റില്‍ വച്ച്  ഒപ്പിടുവിക്കേണ്ട എന്ന് കരുതി പോലീസുകാര്‍ എന്നെ ജീപ്പില്‍ കയറ്റുകയായിരുന്നു. ദേശീയ ഗെയിംസിന്റെ സംഘാടനത്തിലുള്ള അഴിമതിക്കഥകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞ് നിന്നതിനാലും ഞങ്ങളുടെ കോളേജില്‍ നിന്ന് ഗെയിംസ് നടത്തിപ്പില്‍ പങ്കെടുത്ത ഏക ഉദ്യോഗസ്ഥന്‍ ഞാന്‍ ആയതിനാലും കണ്ട് നിന്നവര്‍ എല്ലാം കൂടി കൂട്ടി വായിച്ചപ്പോള്‍ ഞാന്‍  “അറസ്റ്റ്ല്‍” ആയി. അറിഞ്ഞവര്‍ ഓടി എത്തുമ്പോഴേക്കും ഞാന്‍ ഒപ്പിട്ട് കഴിഞ്ഞിരുന്നു. കാമ്പസില്‍ പടര്‍ന്ന വാര്‍ത്തയറിയാതെ ഞാന്‍ ജീപ്പില്‍ നിന്ന് ഇറങ്ങുകയും ചെയ്തു. ഓടി വന്നവര്‍ കാണുന്നത് പോലീസ് ജീപ്പില്‍ നിന്നും ഇറങ്ങുന്ന എന്നെയാണ് !!

“സാര്‍....എന്തെങ്കിലും പറ്റിയോ?” ആരോ ചോദിച്ചു. ചോദ്യത്തിന്റെ പൊരുള്‍ അറിയാത്തതിനാല്‍ ഞാന്‍ മറുപടി പറഞ്ഞില്ല. പക്ഷെ കാമ്പസില്‍ പലരും ഒരു സംശയത്തോടെ നോക്കുന്നത് കണ്ട് കാര്യം അന്വേഷിച്ചപ്പോഴാണ് ഞാന്‍ “അറസ്റ്റിലായ” വിവരം ഞാന്‍ തന്നെ അറിഞ്ഞത്!

ദിവസങ്ങള്‍ വീണ്ടും കടന്നു പോയി. ഒരു ദിവസം കോളെജില്‍ നിന്നും മടങ്ങി വീട്ടില്‍ എത്തുന്നതിന് തൊട്ടുമുമ്പ് എനിക്ക് ഒരു ഫോണ്‍കാള്‍ വന്നു.
“ഹലോ....ആബിദ് അല്ലെ? ഇത് ദൂരദര്‍ശനില്‍ നിന്നാ....!”

ദൂരദര്‍ശന്‍ എന്ന് പറയുന്നത് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ടെലിവിഷന്‍ കേന്ദ്രത്തിനാണ് എന്നാണ് ഞാന്‍ മനസ്സിലാക്കിയത്. ‘ദൂരദര്‍ശനില്‍ നിന്നും എന്നെ വിളിക്കാന്‍ മാത്രം ഞാന്‍ എന്ത് ചെയ്തു ?അതല്ല ഞാന്‍ കേട്ടത് മറ്റെന്തോ ആണോ?’ എന്ന ചിന്ത കാരണം ഞാന്‍ ചോദിച്ചു - “എവിടെ നിന്ന്?”

പക്ഷെ മറുപടി കിട്ടുന്നതിന് മുമ്പ് ഫോണ്‍ കട്ടായി. പിന്നെ വിളി വന്നത് രണ്ട് ദിവസം കഴിഞ്ഞാണ്. എന്തോ ഒരു റസീപ്റ്റ് അയക്കുന്നതായും അതില്‍ റവന്യൂ സ്റ്റാമ്പ് പതിച്ച് ഒപ്പിട്ട് തിരിച്ചയക്കണമെന്നും അവര്‍ അറിയിച്ചു. പല തരത്തിലുള്ള ഉടായിപ്പുകള്‍ നടക്കുന്ന കാലമായതിനാലും എന്നെപ്പോലെ വെന്യൂ മാനേജര്‍മാരായിരുന്ന എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍മാര്‍ക്ക് ആര്‍ക്കെങ്കിലും ഇങ്ങനെ വല്ല ഫോണ്‍ കാളും വന്നിട്ടുണ്ടോ എന്നറിയാനും വേണ്ടി ഞാന്‍ എറണാകുളത്തെ വെന്യൂ മാനേജര്‍ ആയ നിസാം സാറെ വിളിച്ചു. ദാരിദ്ര്യം പിടിച്ച ഗെയിംസ് കമ്മിറ്റി യൂനിഫോം പോലും ഇതുവരെ അവര്‍ക്ക് നല്‍കിയിട്ടില്ല എന്നും മേല്‍ പറഞ്ഞ പോലെ ഒരു പേപ്പറിലും അഡ്വാന്‍സ് ഒപ്പിട്ട് നല്‍കരുതെന്നും നിസാം സാര്‍ എനിക്ക് വിവരം തന്നു.

ദിവസങ്ങള്‍ക്കകം തന്നെ എന്റെ വീട്ടഡ്രസ്സില്‍ ദൂരദര്‍ശനില്‍ നിന്നും ഒരു കവര്‍ വന്നു. അപ്പോഴാണ് വിളിച്ചത് അവര്‍ തന്നെ എന്ന് എനിക്കുറപ്പായത്. കവറിനകത്ത്  6000 രൂപ കിട്ടിബോധിച്ചു എന്ന് ഒപ്പിട്ട് തിരിച്ചയക്കാനുള്ള ചെക്ക് നമ്പറ് രേഖപ്പെടുത്തിയ ഒരു പേപ്പറായിരുന്നു. ഇതില്‍ ഒരു തട്ടിപ്പും പ്രത്യക്ഷത്തില്‍ തോന്നാത്തതിനാല്‍ ഒപ്പിട്ട് ഞാന്‍ തിരിച്ചയച്ചു. ദിവസങ്ങള്‍ക്കകം എനിക്ക് 6000 രൂപയുടെ ചെക്ക് കിട്ടി ! ഗെയിംസില്‍ സേവനമനുഷ്ടിച്ചതിന്റെ ആദ്യ പ്രതിഫലം.
പക്ഷെ ദൂരദര്‍ശനും ഇതും തമ്മിലുള്ള ബന്ധം എനിക്ക് മനസ്സിലായില്ല. പിന്നീടാണ് അറിഞ്ഞത്, എന്റെ വേദിയിലെ സ്കോര്‍ അറിയാന്‍ അവര്‍ വിളിച്ചപ്പോഴെല്ലാം കൃത്യമായി അറിയിച്ചതിന്റെ ഹോണറേറിയമാണ് ആ കിട്ടിയിരിക്കുന്നത് എന്ന് !!ഒരു നല്ല ശ്രോതാവായതിന്റെ രണ്ടാമത്തെ അനുഭവം (ആദ്യ അനുഭവം ഇതാ ഇവിടെ ക്ലിക്കുക). ഈ ഗെയിംസില്‍ പങ്കെടുക്കാന്‍ എനിക്ക് ഏറ്റവും കൂടുതല്‍ പിന്തുണ തന്ന ഭാര്യക്ക് ഞാന്‍ ആ ചെക്ക് നല്‍കി. ഒരു മാസം കഴിഞ്ഞ് ഏകദേശം ആറായിരം രൂപ തന്നെ വെന്യൂ മാനേജര്‍ സേവനത്തിനും ഹോണറേറിയം ലഭിച്ചു.

ഗെയിംസില്‍ സേവനമനുഷ്ടിച്ചതിന്റെ ഔദ്യോഗിക രേഖ ഏതെങ്കിലും കാലത്ത് കാണിക്കാനുള്ളത് അതിന്റെ സർട്ടിഫിക്കറ്റ് തന്നെയാണ്. പക്ഷെ മാസങ്ങള്‍ കഴിഞ്ഞിട്ടും എനിക്കത് കിട്ടിയില്ല. കോഴിക്കോട് നിന്നും സ്ഥലം മാറി ഞാന്‍ വയനാട്ടില്‍ എത്തി. ദേശീയ ഗെയിംസും അതിന്റെ സര്‍ട്ടിഫിക്കറ്റും എന്റെ മറവിയുടെ കോണിലേക്ക് നീങ്ങിത്തുടങ്ങുമ്പോഴാണ് 2017 ഫെബ്രുവരിയില്‍ ഒരു വലിയ കവര്‍ എന്നെത്തേടി എത്തിയത്. കവര്‍ പൊട്ടിച്ച ഞാന്‍ ദൈവത്തെ വീണ്ടും വീണ്ടും സ്തുതിച്ചു - എന്റെ ദേശീയ ഗെയിംസ് സംഘാടന പങ്കാളിത്ത സര്‍ട്ടിഫിക്കറ്റ് !!

അങ്ങനെ സംഭവ ബഹുലമായ ഒരു അനുഭവ പരമ്പരക്ക് കൂടി വിരാമമായി.

(അവസാനിച്ചു)

Saturday, February 17, 2018

ദേശീയ ഗെയിംസ് അനുഭവങ്ങള്‍ - 12


              പിറ്റേന്ന് രാവിലെത്തന്നെ ഞാൻ ഗെയിംസ് അഡ്മിനിസ്റ്റ്രേഷൻ വിഭാഗം ഓഫീസ് സ്ഥിതി ചെയ്യുന്ന ഇൻഡോർ സ്റ്റേഡിയത്തിൽ എത്തി. ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന വോളിബോൾ മത്സരങ്ങളുടെ വെന്യൂ മാനേജർ ആയ ജോസഫ് സാർ വെടിയേറ്റ എന്തിനെയോ പോലെ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നുണ്ട്. നാല് വെന്യൂ മാനേജർമാരുടെ ലീഡർ ആയി അദ്ദേഹത്തെയാണ് എല്ലാവരും കൂടി തെരഞ്ഞെടുത്തിരുന്നത് - കാരണം ഞാൻ ഒഴികെ മറ്റ് മൂന്ന് പേരും ഫിസിക്കൽ എഡുക്കേഷൻ കോളേജിൽ നിന്നുള്ളവരും ജോസഫ് സാർ അവരുടെ ഡിപ്പാർട്ട്മെന്റ് ഹെഡും ആയിരുന്നു.

 “ആബിദ് .... ഇന്നലെ ബീച്ചിൽ എന്താ പ്രശ്നമുണ്ടായത് ?” ജോസഫ് സാർ ചോദിച്ചു.

“കുട്ടികൾ ഒരു ഫ്ലാഷ് മോബ് അവതരിപ്പിക്കാൻ അനുവാദം ചോദിച്ചു...ഞാൻ എ.സി.പി മൊയ്തീൻ സാറിന്റെ സമ്മതത്തോടെ അനുവാദം നൽകി...പരിപാടി കഴിഞ്ഞതും കലക്ടർ സ്റ്റാഫ് ആണെന്ന് പറഞ്ഞ് കുറച്ചു പേർ എന്നെ വിരട്ടി...കുട്ടികൾ അവരുടെ കാറ് തടഞ്ഞു....”  ശാന്തനായി ഞാൻ പറഞ്ഞു.

“ങാ...അങ്ങനെ ഒരു പരിപാടി നടത്താൻ പാടില്ലായിരുന്നു...മുകളിൽ അവർ ഇരിപ്പുണ്ട്...പോയി നേരിൽ കണ്ട് ക്ഷമാപണം നടത്തിക്കോളൂ...”

ബീച്ച് വോളീ മത്സരങ്ങൾ കഴിഞ്ഞെങ്കിലും, ഞങ്ങൾക്കാർക്കും റിലീവിംഗ് ഓർഡറും സർട്ടിഫിക്കറ്റുകളും വാഗ്ദാനം ചെയ്ത ബത്തയും കിട്ടിയിരുന്നില്ല. ഞാൻ കാരണം അത് മുടങ്ങാതിരിക്കാൻ വേണ്ടി ജോസഫ് സാർ പറഞ്ഞതനുസരിച്ച്  മനസ്സില്ലാ മനസ്സോടെ ഞാൻ മുകളിലേക്ക് പോയി. പക്ഷെ അവരെ ആരെയും അവിടെ കണ്ടില്ല. അവർക്ക് വേണ്ടി കാത്തിരിക്കാൻ സമയമില്ലാത്തതിനാൽ ജോസഫ് സാറോട് പറയാതെ ഞാൻ വീട്ടിലേക്ക് തിരിച്ചു.

വീട്ടിലെത്തും മുമ്പ്  വിവരങ്ങൾ അറിയാൻ ജോസഫ് സാർ എന്നെ വിളിച്ചു. ഞാൻ കാര്യങ്ങൾ പറഞ്ഞെങ്കിലും നിർബന്ധമായും ക്ഷമാപണം നടത്തണം എന്ന് അദ്ദേഹം അറിയിച്ചു. ആ നിർബന്ധത്തിന്റെ പിന്നിൽ എന്തൊക്കെയോ ഉണ്ട് എന്നതിനാൽ ഒരു കാരണവശാലും ക്ഷമാപണം നടത്തില്ല എന്ന് ഞാനും തീരുമാനിച്ചു. 

എന്റെ വെന്യൂവിലെ മത്സരങ്ങൾ അവസാനിച്ചതിനാൽ ഫെബ്രുവരി ഏഴിന് റിലീവിംഗ് ഓർഡർ വാങ്ങാനായി കോഴിക്കോട്ടേക്ക് തിരിക്കാനിരിക്കെ ജോസഫ് സാറിന്റെ  വിളി വീണ്ടും വന്നു..
“ഗെയിംസ് വെന്യൂ മാനേജർമാർക്കുള്ള യൂണിഫോം കിറ്റ് എത്തിയിട്ടുണ്ട് , ഇന്നു തന്നെ കൈപറ്റണം !!”

മത്സരങ്ങൾ കഴിഞ്ഞ് ജേതാക്കൾ സ്വന്തം സംസ്ഥാനങ്ങളിൽ സ്വീകരണങ്ങൾ ഏറ്റു വാങ്ങുമ്പോഴാണ്  വെന്യൂ മാനേജർമാർ സ്റ്റേഡിയത്തിൽ പ്രവേശിക്കുമ്പോൾ ധരിക്കേണ്ട യൂണിഫോം കിറ്റ് വരുന്നത് ! ഓറഞ്ച് നിറത്തിലുള്ള മൂന്ന് ടീ ഷർട്ടുകളും ഒരു ടർക്കിയും ആയിരുന്നു കിറ്റിൽ ഉണ്ടായിരുന്നത്. നേരത്തെ എടുത്ത മഞ്ഞ ടീ ഷർട്ട് തിരിച്ച് തരണോ എന്ന് ചോദിച്ചപ്പോൾ അതിന്റെ ആവശ്യം ഇല്ല എന്ന് പറഞ്ഞു. അല്പം കഴിഞ്ഞ് കുട്ടികളിൽ ഒരാൾ ഒരു കിറ്റ് വളണ്ടിയർ യൂണിഫോം കൂടി എനിക്ക് തന്നു.  അങ്ങനെ എന്റെ അലമാരിയിൽ നാഷണൽ ഗെയിംസ് ഓർമ്മകൾ ഇന്നും നിറഞ്ഞ് നിൽക്കുന്നു !!

കായിക വകുപ്പ് മന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും ഒപ്പിട്ട സർട്ടിഫിക്കറ്റ് തരും എന്നായിരുന്നു ഗെയിംസിന്റെ മുമ്പ് നൽകിയ വാഗ്ദാനം. എന്നാൽ രണ്ട് പേരുടെയും ഫാസിമെയിൽ ഒപ്പുകൾ രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റുകളാണ് കിട്ടിയത്. അതിലെവിടെയും എന്റെ സർട്ടിഫിക്കറ്റ് കാണാഞ്ഞതിനാൽ ടീ ഷർട്ട് വന്ന പോലെ ഒരത്ഭുതം ഞാൻ പ്രതീക്ഷിച്ചു !

എന്റെ പ്രതീക്ഷകളെ അസ്ഥാനത്താക്കി, മാസങ്ങൾ കഴിഞ്ഞിട്ടും സർട്ടിഫിക്കറ്റ് വന്നില്ല. പിന്നീട് രണ്ട് തവണ തിരു:പുരത്തെ ഗെയിംസ് വില്ലേജിൽ പോയി അന്വേഷിച്ചെങ്കിലും പ്രത്യേകിച്ച് ഫലം ഒന്നും ഉണ്ടായില്ല. എന്റെ സർട്ടിഫിക്കറ്റിന്റെ കഥ ഏകദേശം തീരുമാനമായതിനാൽ ഒരു അറ്റന്റൻസ് സർട്ടിഫിക്കറ്റെങ്കിലും നൽകാൻ ഞാൻ അപേക്ഷിച്ചു. അത് പ്രകാരം എനിക്ക് ഒരു ഡ്യൂട്ടി സർട്ടിഫിക്കറ്റ് കിട്ടി.

ഫെബ്രുവരിയും കടന്ന് മാർച്ചിലെത്തിയിട്ടും കാശ് വിതരണത്തിന്റെയും  ഒരനക്കവും കാണാത്തതിനാൽ പലരും വിളിക്കാൻ തുടങ്ങി. ആയിടക്കാണ് എന്റെ കോളേജ് മുറ്റത്ത് ഒരു പോലീസ് ജീപ്പ് വന്നതും സബ് ഇൻസ്പെക്ടർ മുറ്റത്തുണ്ടായിരുന്ന കുട്ടികളോട് എന്നെ അന്വേഷിച്ചതും. നേരത്തെ ഫോൺ ചെയ്ത് അറിയിച്ചിരുന്നതിനാൽ ഞാൻ നേരെ ജീപ്പിനടുത്തേക്ക് നീങ്ങി. ഗെയിംസുമായി ബന്ധപ്പെട്ട ചില പേപ്പറുകളിൽ ഒപ്പിടാനായിരുന്നു ആ സന്ദർശനം. അല്പ സമയത്തെ സംസാരത്തിന് ശേഷം ഒപ്പിടാനായി ഞാൻ ജീപ്പിനകത്തേക്ക് കയറിയിരുന്നു.

“ആബിദ് സാറെ പോലീസ് അറസ്റ്റ് ചെയ്തു...!!!”  നിമിഷങ്ങൾക്കുള്ളിൽ വാർത്ത ക്യാമ്പസിൽ പരക്കാൻ തുടങ്ങി.


ദേശീയ ഗെയിംസ് അനുഭവങ്ങൾ - 13

Tuesday, February 13, 2018

ദേശീയ ഗെയിംസ് അനുഭവങ്ങള്‍ - 11

ദേശീയ ഗെയിംസ് അനുഭവങ്ങള്‍ - 10

ഗെയിംസ് അധികൃതരും കാണികളും അഭിനന്ദനങ്ങള്‍ കൊണ്ട് പൊതിയുമ്പോള്‍ ഗ്യാലറിയില്‍ ഒരു എതിര്‍ ചലനം നടക്കുന്നുണ്ടായിരുന്നു. സമ്മാനദാനവും ഫോട്ടോ എടുക്കലും കഴിഞ്ഞ് എല്ലാവരും സ്ഥലം വിട്ടു തുടങ്ങി. ഞങ്ങളും ദേശീയ ഗെയിംസ് വേദിയില്‍ നിന്നുള്ള അവസാന നിമിഷങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിക്കൊണ്ടിരുന്നു. പെട്ടെന്ന് നാലഞ്ച് പേരടങ്ങുന്ന ഒരു സംഘം എന്റെ നേരെ വന്നു.

“ ഫെസിലിറ്റേഷന്‍ മാനേജര്‍ ആണല്ലേ?” തറപ്പിച്ചു നോക്കിക്കൊണ്ട് അവരിലൊരാള്‍ ചോദിച്ചു.

“അതെ...” ഞാന്‍ പുഞ്ചിരിയോടെ പറഞ്ഞു.

“എഞ്ചിനീയറിംഗ് കോളേജില്‍ അല്ലേ ജോലി..? ഗെയിംസ് കഴിഞ്ഞാലും ജോലി വേണം എന്നുണ്ടോ?”

ചോദ്യം മറ്റൊരു ദിശയിലേക്ക് മാറിയപ്പോള്‍ എന്തോ പന്തികേട് സംഭവിച്ചതായി എനിക്ക് മനസ്സിലായി.

“ഗ്രൌണ്ടിനകത്തേക്ക് കയറാന്‍ വളണ്ടിയര്‍മാര്‍ക്ക് ആരാ അനുവാദം നല്‍കിയത്?”

“അത്...ഞാന്‍ കമ്മീഷണര്‍ സാറോട് ചോദിച്ച് അനുവാദം കിട്ടിയ ശേഷം അനുവദിച്ചതാണ്....”

“ഗെയിംസിന്റെ പരിപാടികളില്‍ ഇത്തരം ഒരു ഫ്ലാഷ് മോബ് എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ?”

“ഇല്ല....പക്ഷെ എല്ലാവരും നന്നായി ആസ്വദിക്കുകയും പ്രശംസിക്കുകയും ചെയ്തല്ലൊ? നിങ്ങളാരാ ഇതൊക്കെ ചോദിക്കാന്‍ ” ഐ.ഡി കാര്‍ഡ് ആരുടെ കഴുത്തിലും കാണാത്തതിനാല്‍ ഞാന്‍ ചോദിച്ചു.

“ഞങ്ങള്‍ കളക്ടറുടെ ഓഫീസില്‍ നിന്നുള്ളവരാണ്...ഷെഡ്യൂളില്‍ ഇല്ലാത്ത ഒരു പരിപാടി ഗെയിംസ് വേദിയില്‍ നടത്തി നീ ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയിരിക്കുന്നു.പരിണിത ഫലങ്ങള്‍ എന്തെന്ന് ഗെയിംസ് കഴിയുമ്പോഴേക്കും മനസ്സിലാകും....”

ഞാനും എന്റെ അടുത്തുണ്ടായിരുന്ന ചില വളണ്ടിയര്‍മാരും ഞെട്ടിപ്പോയി. പോലീസ് കമ്മീഷണറുടെ വാക്കാല്‍ പെര്‍മിഷനോടെ എല്ലാവര്‍ക്കും ആസ്വാദ്യകരമായ രീതിയില്‍ ഒരു ഫ്ലാഷ്മോബ് അവതരിപ്പിച്ചതിലുള്ള ഗുരുതരമായ അച്ചടക്ക ലംഘനം ഞങ്ങള്‍ക്കാര്‍ക്കും മനസ്സിലായില്ല.

“...ഞാന്‍ എന്ത് തെറ്റാ ചെയ്തത്? വാ കമ്മീഷണറോട് ചോദിക്കാം...” ഞാന്‍ അവരെ പോലീസ് കമ്മീഷണറുടെ അടുത്തേക്ക് ക്ഷണിച്ചു.

“അതൊന്നും ഞങ്ങള്‍ക്ക് കേള്‍ക്കേണ്ട. ഔദ്യോഗിക പരിപാടിക്കിടയില്‍ നിന്റെ കലാപരിപാടി നടത്താന്‍ നിനക്കെന്ത് അധികാരം?”

എന്റെ ഒരു മറുപടിയും അവര്‍ക്ക് തൃപ്തികരമായില്ല. എന്തോ ഗൂഢലക്ഷ്യം അവര്‍ക്കുള്ളതു പോലെ അവര്‍ എന്നെ കുറ്റവാളിയാക്കി. അതോടെ കുട്ടികള്‍ ഓരോരുത്തരായി എന്റെ ചുറ്റും കൂ‍ടാനും ബഹളം വയ്ക്കാനും ആരംഭിച്ചു.പിന്നീടുള്ള ചോദ്യങ്ങള്‍ക്കെല്ലാം മറുപടി കുട്ടികള്‍ തന്നെ നല്‍കി. ഗത്യന്തരമില്ലാതെ, വീണ്ടും കാണാം എന്ന തുറിച്ചു നോട്ടത്തിലൂടെ അവര്‍ ഗ്യാലറിക്ക് പുറത്തേക്കിറങ്ങി.കൂകി വിളിച്ചുകൊണ്ട് കുട്ടികളും അവരുടെ പിന്നാലെ കൂടി. അവര്‍ കാറില്‍ കയറിയതും കുട്ടികള്‍ കാറിന് ചുറ്റും അണിനിരന്നു.

“ഞങ്ങളുടെ സാറിനെ അപമാനിച്ചവരെ ഞങ്ങള്‍ വെറുതെ വിടില്ല...മാപ്പ് പറഞ്ഞിട്ടു പോയാല്‍ മതി...” കുട്ടികള്‍ ശബ്ദമുയര്‍ത്തി.

ഗവ. ഉദ്യോഗസ്ഥരെ തടഞ്ഞാലുള്ള ഭവിഷ്യത്തുകള്‍ മനസ്സിലാക്കാത്ത അവരുടെ പ്രവൃത്തി കണ്ട ഞാന്‍ ഉടനെ അവിടെ എത്തി രംഗം ശാന്തമാക്കന്‍ ശ്രമിച്ചെങ്കിലും തെറ്റ് ചെയ്തവര്‍ മാപ്പ് പറയാതെ വിടില്ല എന്നവര്‍ കട്ടായം പറഞ്ഞു. ഗെയിംസ് വിജയകരമായി പൂര്‍ത്തിയാക്കി അവസാനം കലം ഉടക്കരുത് എന്ന് ഞാന്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ കുട്ടികള്‍ കാറിന് മുന്നില്‍ നിന്നും വഴിമാറി.

എന്റെ വെന്യൂവിലെ മത്സരങ്ങള്‍ കഴിഞ്ഞതോടെ ആവശ്യപ്പെട്ടാല്‍ തിരിച്ചെത്തണം എന്ന നിര്‍ദ്ദേശത്തോടെ, വളണ്ടിയര്‍മാരെയെല്ലാം ഞാന്‍ പിരിച്ചു വിട്ടു . സമയം ഏറെ വൈകിയതിനാല്‍ അന്നും ഞാന്‍ സൈഫുവിന്റെ വീട്ടില്‍ തങ്ങി.

പിറ്റേന്ന് ഗെയിംസ് വില്ലേജില്‍ എന്നെ കാത്തിരുന്നത് .......


കാത്തിരിക്കൂ, പറയാം.

ദേശീയ ഗെയിംസ് അനുഭവങ്ങള്‍ - 12


Sunday, February 11, 2018

ദേശീയ ഗെയിംസ് അനുഭവങ്ങള്‍ - 10

ദേശീയ ഗെയിംസ് അനുഭവങ്ങള്‍ - 9

ബീച്ച് വോളിയില്‍ പെണ്‍കുട്ടികളുടെ ഫൈനല്‍ മത്സരത്തില്‍ ഏറ്റുമുട്ടിയത് കേരളവും ആന്ധ്രപ്രദേശും ആയിരുന്നു. സെമിയില്‍ കേരള ടീം 2 നെ പരാജയപ്പെടുത്തി ഫൈനലില്‍ എത്തിയ ആന്ധ്രയെ കേരള ടീം 1 കെട്ടു കെട്ടിച്ചുകൊണ്ട് സ്വര്‍ണ്ണമെഡല്‍ ജേതാക്കളായി. പുരുഷ ഫൈനല്‍ ആയിരുന്നു യഥാര്‍ത്ഥ ഫൈനല്‍. ആന്ധ്രപ്രദേശും അതിനെ വിഭജിച്ചുണ്ടാക്കിയ തെലങ്കാനയും തമ്മില്‍. ആന്ധ്രയുടെ ആജാനുബാഹുക്കളായ ഇരട്ട പോരാളികള്‍ക്ക് മുമ്പില്‍ തെലങ്കാന അടിയറ പറഞ്ഞു.

ജേതാക്കളായ ടീമിനെ ഗെയിംസിന്റെ വിവിധ ഉദ്യോഗസ്ഥരും വോളിബാള്‍ ഫെഡറേഷന്‍ ഭാരവാഹികളും ഹസ്തദാനം നല്‍കി അഭിനന്ദിച്ചു കൊണ്ടിരുന്നു. അവസരം കിട്ടിയപ്പോള്‍ ടീം ക്യാപ്റ്റനെ ഞാനും കൈ പിടിച്ച് കുലുക്കി.
 പെട്ടെന്നാണ് എന്റെ കൂടെയുള്ള ഒരു സംഘം വിചിത്രമായ ഒരു ആവശ്യം എന്റെ മുമ്പില്‍ അവതരിപ്പിച്ചത്. ഇന്നത്തോട് കൂടി നമ്മുടെ വളണ്ടിയര്‍  കൂട്ടുകെട്ട് പിരിഞ്ഞ് പോകുകയാണ്. അതിന് മുമ്പ് നമുക്കും കാണികള്‍ക്കും ആസ്വദിക്കാന്‍ നമ്മുടെ വക ഒരു ഫ്ലാഷ്‌മോബ് അവതരിപ്പിക്കാന്‍ സമ്മതം തരണം. രണ്ട് ദിവസമായി ഇവരില്‍ പലരും മാറിനിന്ന് ചില സ്റ്റെപ്പുകള്‍ വയ്ക്കുന്നതിന്റെ പിന്നിലെ രഹസ്യം അപ്പോഴാണ് എനിക്ക് പിടികിട്ടിയത്.

എന്റെ പയ്യന്മാരുടെ ആഗ്രഹം നടക്കട്ടെ എന്ന് ഞാനും തീരുമാനിച്ചു. ഞങ്ങളെ നിയന്ത്രിക്കുന്ന അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫ് പോലീസ് മൊയ്തീന്‍ കുട്ടി സാറെ ഞാന്‍ നേരിട്ട് കണ്ട് കുട്ടികളുടെ ആഗ്രഹം അറിയിച്ചു. ആര്‍ക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാക്കാത്തതും എന്നാല്‍ എല്ലാവര്‍ക്കും ആസ്വദിക്കാന്‍ പറ്റുന്നതുമായ ഈ പരിപാടിക്ക് അദ്ദേഹം അപ്പോള്‍ തന്നെ സമ്മതം നല്‍കി.

തീരുമാനം എന്റെ മക്കളെ അറിയിച്ചതും ഉച്ചഭാഷിണിയിലൂടെ ‘ലുങ്കി ഡാന്‍സ്’ ഒഴുകാന്‍ തുടങ്ങി.അതുവരെ കളി ഏരിയക്ക് പുറത്ത് നിന്നിരുന്ന മഞ്ഞ സംഘം ഗ്രൌണ്ടിലേക്ക് കയറി. പിന്നെ പത്ത് മിനുട്ട് നേരം കാണികള്‍ക്കും ഗെയിംസ് അധികൃതര്‍ക്കും മാധ്യമപടക്കും കണ്ണിനും ക്യാമറക്കും ആനന്ദം പകര്‍ന്ന ഒരു കലാപരിപാടി അരങ്ങേറി. ഒരു പക്ഷേ നാഷണല്‍ ഗെയിംസിന്റെ ചരിത്രത്തില്‍ തന്നെ മത്സരത്തിനിടക്ക് കാണികള്‍ക്കായി അവതരിപ്പിച്ച ആദ്യത്തെ പ്രോഗ്രാമും ഇതായിരിക്കും.
ഫ്ലാഷ് മോബ് കഴിഞ്ഞതോടെ പലരും അഭിനന്ദനങ്ങളുമായി എത്തി. ഗെയിംസ് വെന്യൂ മാനേജറും ഇന്ത്യന്‍ ബീച്ച് വോളി താരവുമായിരുന്ന പ്രദീപ് ജോണ്‍ കഴിഞ്ഞ അഞ്ച് ദിവസമായി കുട്ടികള്‍ കാഴ്ച വച്ച അര്‍പ്പണ മനോഭാവത്തെയും നിമിഷങ്ങള്‍ക്ക് മുമ്പ് അവതരിപ്പിച്ച കിടിലന്‍ പെര്‍ഫോമന്‍സിനെയും അഭിനന്ദിച്ചു.
അടുത്ത അഭിനന്ദനം വി.ഐ.പി ഗ്യാലറിയില്‍ നിന്നായിരുന്നു.ഹിന്ദി സിനിമാതാരം രാജ് ബബ്ബാറിന്റെ മുഖഛായയുള്ള ഒരാള്‍. പിന്നീടാണ് ഞാന്‍ അറിഞ്ഞത് മുന്‍ ഇന്ത്യന്‍ താരവും വോളിബാള്‍ ഫെഡെറേഷന്‍ ഓഫ് ഇന്ത്യയുടെ സെക്രട്ടറി ജനറലും ആയ രാജസ്ഥാന്‍ സ്വദേശി രാമാവതാര്‍ സിംഗ് ഝക്കര്‍ ആണ് അതെന്ന്. അദ്ദേഹവും എന്റെ മക്കളെ മുക്തകണ്ഠം പ്രശംസിച്ചു.

പക്ഷേ ഫ്ലാഷ്മോബിലൂടെ തോളിലെടുത്തിട്ടത് കരിമൂര്‍ഖനെയായിരുന്നു എന്ന് അര മണിക്കൂര്‍ കഴിഞ്ഞാണ് അറിഞ്ഞത് !!


ദേശീയ ഗെയിംസ് അനുഭവങ്ങള്‍ - 11

Friday, February 09, 2018

ദേശീയ ഗെയിംസ് അനുഭവങ്ങള്‍ - 9

ദേശീയ ഗെയിംസ് അനുഭവങ്ങള്‍ - 8

                   ഗെയിംസ് തുടങ്ങിയതു മുതല്‍ ഇത് എങ്ങനെ പൂര്‍ത്തിയാക്കും എന്നായിരുന്നു എന്റെ ചിന്ത. എന്റെ ഇനം ബീച്ച് വോളി ആയിരുന്നതിനാല്‍ മിക്ക ദിവസങ്ങളിലും രാവിലെയും വൈകിട്ടും മത്സരങ്ങള്‍ ഉണ്ടായിരുന്നു. മാനേജര്‍ എന്ന നിലക്ക് ഞാന്‍ രണ്ട് നേരത്തും എത്തണം. മറ്റു വളണ്ടിയര്‍മാര്‍ക്ക് സൌകര്യപ്രദമായ സമയം ഞാന്‍ തന്നെ അനുവദിച്ച് നല്‍കി.
               ബീച്ച് വോളി എന്താണെന്ന് എനിക്ക് ഒരു പിടിയും ഇല്ലായിരുന്നു. വെന്യൂ മാനേജര്‍ ആയതിനാല്‍ മത്സരത്തെപ്പറ്റി അറിയാന്‍ വേണ്ടി ഞാന്‍ ഗൂഗിളില്‍ പരതി. ബിക്നിയിട്ട സ്ത്രീകള്‍ കളിക്കുന്ന പടങ്ങളാണ് വന്നത് ! എന്നാല്‍ ഇതും പ്രതീക്ഷിച്ച് വന്നവരെയെല്ലാം നിരാശരായി.  സാധാരണ പോലെ ജഴ്സി അണിഞ്ഞ് ആയിരുന്നു എല്ലാ ടീമുകളും മത്സരത്തിനിറങ്ങിയത്. രണ്ട് പേര്‍ മാത്രമേ ഒരു ടീമില്‍ ഉണ്ടാകൂ എന്നതും പോയിന്റ് രീതിയും എന്നെ അത്ഭുതപ്പെടുത്തി. ഫെബ്രുവരി 1 നാണ് മത്സരം തുടങ്ങിയത്.
                 വൈകുന്നേരത്തെ മത്സരം കഴിയുമ്പോള്‍  ഏകദേശം രാത്രി 9 മണിയാകും. താമസ സൌകര്യം ഇല്ലാത്തതിനാല്‍ വളണ്ടിയര്‍മാര്‍ പലരും സ്റ്റേഡിയത്തിലും മറ്റും അന്തിയുറങ്ങി. വീട്ടില്‍ പോകാന്‍ സാധിക്കാത്തതിനാല്‍ ആദ്യ ദിവസം ഞാന്‍ അനിയന്‍ താമസിക്കുന്ന ഫാറൂക്ക് കോളേജിനടുത്തുള്ള ക്വാര്‍ട്ടേഴ്സിലേക്ക് പോയി.അവിടേക്ക് എത്താനും രാവിലെ അവിടെ നിന്ന് തിരിച്ച് പോകാനും അത്യാവശ്യം നല്ല ദൂരം നടക്കേണ്ടി വന്നു.
               അടുത്ത ദിവസം എന്റെ പ്രീഡിഗ്രി സുഹൃത്ത് സൈഫുദ്ദീന്റെ പാറോപ്പടിയിലുള്ള വീട്ടില്‍ താമസിച്ചു. മൂന്നാം ദിവസം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന നാട്ടുകാരനായ പോലീസുകാരന്‍ അദ്ദേഹത്തിന്റെ റൂമില്‍ ഇടം തന്നു. നഗര മധ്യത്തില്‍ നിന്ന് റൂമിലെത്താന്‍ ബൈക്കില്‍ പോലീസുകാരനടക്കം മൂന്ന് പേരെ കയറ്റേണ്ടി വന്നതും രണ്ട് മഞ്ഞ യൂണിഫോമുകള്‍ക്കിടയില്‍ അദ്ദേഹം പതുങ്ങി ഇരുന്നതും അദ്ദേഹത്തിന്റെ ഭക്ഷണം പങ്കുവച്ചതും എല്ലാം ഓര്‍മ്മയിലെ ചിത്രങ്ങളായി നിലനില്‍ക്കുന്നു.
              ദിവസം കഴിയുന്തോറും ഒപ്പമുള്ള വളണ്ടിയര്‍മാര്‍ വല്ലാത്തൊരു അടുപ്പം കാണിക്കാന്‍ തുടങ്ങി.മറ്റ് മൂന്ന് വേദികളിലെയും മാനേജര്‍മാര്‍ കോഴിക്കോട് ഫിസിക്കല്‍ എഡുക്കേഷന്‍ കോളേജിലെ അധ്യാപകരായിരുന്നു. കൂട്ടത്തെ നിയന്ത്രിച്ചോ കുട്ടികളെ കയ്യിലെടുത്തോ പരിചയമില്ലാത്തവര്‍ ആയതിനാല്‍ വളണ്ടിയര്‍മാര്‍ക്കും അവരുടെ കീഴിലുള്ള പട്ടാളച്ചിട്ടയിലുള്ള സേവനം ഇഷ്ടമായിരുന്നില്ല. എനിക്ക് എന്‍.എസ്.എസ് പരിചയം ഉള്ളതിനാല്‍ വളരെ ഭംഗിയായി കുട്ടികളെ കൈകാര്യം ചെയ്യാന്‍ സാധിച്ചിരുന്നു.
              ടീമുകള്‍ക്കും റഫറിമാര്‍ക്കും മാനേജര്‍മാര്‍ക്കും എല്ലാം വിവിധ നിറങ്ങളിലുള്ള ടീ ഷര്‍ട്ടുകള്‍ ഉണ്ടായിരുന്നു. വെന്യൂ മാനേജര്‍മാരായ ഞങ്ങള്‍ക്കും മഞ്ഞക്ക് പകരം മറ്റൊരു നിറത്തിലുള്ള ടീ ഷര്‍ട്ട് ആണ് കിട്ടേണ്ടിയിരുന്നത് എന്ന് മറ്റ് സ്ഥലങ്ങളിലെ പരിചയക്കാരില്‍ നിന്നും മനസ്സിലാക്കി. എങ്കിലും കിട്ടിയ സാധനം തന്നെ ധാരാളം എന്ന് ആശ്വസിച്ചു.
               ദിവസം കഴിയുന്തോറും കളിയും മുറുകി വന്നു. കേരള ടീം ഇറങ്ങുമ്പോള്‍ മനസ്സില്‍ വല്ലാത്തൊരു സന്തോഷം തന്നെയായിരുന്നു. നന്നായി കളിച്ച പുരുഷ ടീം സെമിയില്‍ പുറത്തായപ്പോള്‍ അതിയായ സങ്കടം തോന്നി.അന്ന് കേരള വോളിബോള്‍ അസോസിയേഷന്റെ സെക്രട്ടറി ശ്രീ നാലകത്ത് ബഷീര്‍ ഞങ്ങളെ അഭിനന്ദിക്കാനായി എത്തി. കൂടെ ഗെയിംസിന്റെ ഏതോ ഒരു പദവിയിലുള്ള ശ്രീനിവാസന്‍ എന്ന് പേരുള്ള താടി നരച്ച ഒരു ആജാനബാഹുവും.
               ബഷീര്‍ സാര്‍ അടുത്ത നാഷണല്‍ ചാമ്പ്യന്‍ഷിപ്പിനും വളണ്ടിയര്‍മാരായി നിങ്ങള്‍ തന്നെ വേണം എന്ന് പറഞ്ഞപ്പോള്‍ അത് ഞങ്ങള്‍ക്ക് ഓരോരുത്തര്‍ക്കുമുള്ള അംഗീകാരം കൂടിയായിരുന്നു. സാറെ പ്രസംഗം കഴിഞ്ഞ ഉടനെ വളണ്ടിയര്‍ കൂട്ടത്തിലുണ്ടായിരുന്ന പയ്യോളിക്കാരനായ സംസ്ഥാന യൂത്ത് അവാര്‍ഡ് ജേതാവ് വേദി ഏറ്റെടുത്തു.
“എനിക്ക് മറ്റൊരു സന്തോഷ വാര്‍ത്ത കൂടി അറിയിക്കാനുണ്ട്...” എല്ലാവരും കാതോര്‍ത്തു.
“നമ്മുടെ കൂടെയുള്ള രണ്ടാമത്തെ അതിഥി  ശ്രീനിവാസന്‍ സാര്‍ ....”
എല്ലാവരും അദ്ദേഹത്തെ നോക്കി.
“....അദ്ദേഹം, ഇന്ത്യയുടെ പേര് അന്താരാഷ്ട്ര സ്റ്റേഡിയങ്ങളില്‍ എന്നും ഉയര്‍ത്തിയ പി.ടി ഉഷയുടെ ഭര്‍ത്താവാണ്....!!” ഞങ്ങള്‍ എല്ലാവരും ഞെട്ടിപ്പോയി.
“ങേ..ഞാനോ?” ശ്രീനിവാസന്‍ സാറും ഞെട്ടി.
യഥാര്‍ത്ഥത്തില്‍ ആ ശ്രീനിവാസന്‍ വേറെ ആയിരുന്നു. പയ്യോളിക്കാരന് ആള് മാറിപ്പോയതായിരുന്നു !! സംഗതി മനസ്സിലായ ഉടന്‍ യൂത്ത് അവാര്‍ഡ് ജേതാവ് സ്കൂട്ടായി.
              നാലാം ദിവസം വീണ്ടും അനിയന്റെ ക്വാര്‍ട്ടേഴ്സില്‍ തങ്ങി. സന്മനസ്സുള്ള ഒരു ബൈക്കുകാരന്‍ രാത്രിയും ഒരു ഗുഡ്സ് ഓട്ടോക്കാരന്‍ രാവിലെയും സഹായിച്ചതിനാല്‍ അന്ന് അധികം നടക്കേണ്ടി വന്നില്ല. ഫെബ്രുവരി അഞ്ച്  ഫൈനല്‍ ദിവസം. അന്ന് അസാധാരണമായ ചില സംഭവങ്ങള്‍ ഉണ്ടായി.

ദേശീയ ഗെയിംസ് അനുഭവങ്ങള്‍ - 10

Sunday, February 04, 2018

ദേശീയ ഗെയിംസ് അനുഭവങ്ങൾ - 8

                  ദേശീയ ഗെയിംസ് കഴിഞ്ഞിട്ട് മൂന്ന് വര്‍ഷം പൂര്‍ത്തിയാകുന്നു. ഒരുപാട് അനുഭവങ്ങള്‍ നല്‍കിയ ആ ഗെയിംസ് ഓര്‍മ്മകളില്‍ ചിലത് ഇനിയും പറയാന്‍ ബാക്കി കിടക്കുന്നു. ഇതുവരെ പറഞ്ഞ കാര്യങ്ങള്‍ ഇവിടെ ( ദേശീയ ഗെയിംസ് അനുഭവങ്ങൾ - 7) യുണ്ട്.

               യൂണിഫോമുകള്‍ കരസ്ഥമാക്കാനായി അന്ന് സ്റ്റേഡിയത്തില്‍ എത്തുമ്പോള്‍ അവിടെ വളണ്ടിയര്‍മാരെക്കൊണ്ട് നിറഞ്ഞിരുന്നു.എല്ലാവര്‍ക്കും കൂടി യൂണിഫോം നല്‍കുക എന്നത് ഒരു ഭഗീരഥ പ്രയത്നം തന്നെയായിരുന്നു.  ഗെയിംസ് തുടങ്ങുന്ന ദിവസം ഇറങ്ങേണ്ട വളണ്ടിയര്‍മാര്‍ക്ക് ആദ്യം യൂണിഫോം നല്‍കുക എന്ന തീരുമാനത്തിലേക്ക് അവസാനം വെന്യൂ മാനേജര്‍മാര്‍ എത്തിച്ചേര്‍ന്നു. അത് പ്രകാരം വിതരണം ചെയ്യുകയും ചെയ്തു.

               രണ്ട് മഞ്ഞ ടീ ഷര്‍ട്ടുകളും (സൈസ് ഒത്ത് കിട്ടിയവര്‍ ഭാഗ്യവാന്മാര്‍) ഒരു ക്യാപും ഒരു പച്ച ടര്‍ക്കിയും കറുത്ത ഷോട്‌സും ഒരു ഓവര്‍കോട്ടും ഒരു ജോഡി ഷൂസും ആയിരുന്നു യൂണിഫോം കിറ്റില്‍ ഉണ്ടായിരുന്നത്. ടീ ഷര്‍ട്ടില്‍ ഒട്ടിച്ചു വച്ച “അമ്മു” എന്ന വേഴാമ്പല്‍ ഒന്നാമത്തെ അലക്കലില്‍ തന്നെ പറന്നു പോകും എന്ന് എന്റെ വളണ്ടിയര്‍മാര്‍ പറഞ്ഞു (അതുപോലെ തന്നെ സംഭവിച്ചു). ക്യാപ് കുഴപ്പമില്ല. ടര്‍ക്കിയും കിടു ആയിരുന്നു - താമസത്തിന് റൂം തരാത്തതിനാല്‍ കിട്ടിയ സ്ഥലത്ത് നിവര്‍ത്തി കിടക്കാനായിരിക്കും അത് തന്നത് ! അത് ഒന്ന് കൂടി കിട്ടിയാല്‍ നന്നായിരുന്നു എന്ന് എല്ലാവരും അഭിപ്രായപ്പെട്ടു. ഷോട്‌സ് കണ്ടപ്പോഴേ ഗ്രൂപ്പിലെ പെണ്‍കുട്ടികളോട് അതും ധരിച്ച് വരരുത് എന്ന് പറയേണ്ടി വന്നു ( അത്രയും നൈസ് ആയിരുന്നു അത്. പക്ഷെ ഞാന്‍ പ്രതീക്ഷിച്ച പോലെ ഗുണമേന്മ കുറഞ്ഞതല്ല എന്ന് ഇന്നും എന്റെ മക്കള്‍ അത് ഉപയോഗിക്കുന്നതില്‍ നിന്നും മനസ്സിലാക്കുന്നു). ലൊട്ടോ , പവര്‍ , നൈക്ക് തുടങ്ങീ കമ്പനികളുടെ ഷൂസ്  പ്രതീക്ഷിച്ചെങ്കിലും ഊരും പേരും ഇല്ലാത്ത മാന്തിയാല്‍ പൊളിയുന്ന ഷൂ ആയിരുന്നു കിട്ടിയത്. കടല്‍ തീരത്തായതിനാല്‍ ഞാന്‍ അത് ഫൈനല്‍ ദിവസം മാത്രമേ ധരിച്ചുള്ളൂ. പിന്നീട് ഞാനത് ഇത്താത്തയുടെ മകന് നല്‍കി ( അന്ന് ഏഴാം ക്ലാസുകാരനായിരുന്ന അവന്‍ ഇന്നും അത് ഉപയോഗിക്കുന്നു. അതായത് അതിന്റെ ക്വാളിറ്റിയും പ്രതീക്ഷിച്ച പോലെയായിരുന്നില്ല).
              ഓവര്‍കോട്ട് എന്തിനാണെന്ന് എനിക്ക് പ്രത്യേകിച്ച് മനസ്സിലാകാത്തതിനാല്‍ അത് ധരിക്കാന്‍ ഞാന്‍ ആരെയും നിര്‍ബന്ധിച്ചില്ല.പക്ഷെ ഗ്രൌണ്ടില്‍ വരുമ്പോള്‍ ടീ ഷര്‍ട്ട് നിര്‍ബന്ധമായും ധരിച്ചിരിക്കണം എന്ന് നിര്‍ദ്ദേശം നല്‍കി.
             ഗെയിംസിന്റെ ഉത്ഘാടനം തിരുവനന്തപുരത്ത് ആയിരുന്നു. കോഴിക്കോട് ആദ്യം തുടങ്ങിയത് ഫുട്‌ബാള്‍ ആയിരുന്നു എന്നാണ് എന്റെ ഓര്‍മ്മ. എന്റെ കീഴിലുള്ള ബീച്ച് വോളി പിന്നെയും ദിവസങ്ങള്‍ കഴിഞ്ഞാണ് തുടങ്ങിയത്. വേദിയില്‍ എവിടെ നോക്കിയാലും കാണാവുന്ന വിധത്തില്‍ മഞ്ഞക്കിളികളായി എന്റെ വളണ്ടിയര്‍മാര്‍ പല സ്ഥലത്തുമായി വിന്യസിക്കപ്പെട്ടു. മത്സരത്തിന്റെ ഇടവേളകളില്‍ ഗ്രൌണ്ട് നിരപ്പാക്കുന്നത് മുതല്‍ പുറത്ത് പാര്‍ക്കിംഗ് ക്രമീകരണം വരെ ഞങ്ങളുടെ കര്‍ത്തവ്യത്തില്‍ പെട്ടതായിരുന്നു.
                  നാലഞ്ചുപേരെ ഡോക്യുമെന്റേഷന്‍ ആവശ്യത്തിനായി സ്ഥിരം വേണം എന്ന് ആ കമ്മിറ്റി അറിയിച്ചതിനാല്‍ അവര്‍ക്കും കുറച്ച് പേരെ നല്‍കി. ഗെയിംസ് ദിവസങ്ങളില്‍ എടുത്ത കളര്‍ ഫോട്ടോസ്റ്റാറ്റിന്റെ കണക്കുകളും അവര്‍ക്ക് ടി.എ ഇനത്തില്‍ അപ്പപ്പോള്‍ നല്‍കുന്ന തുകകളും കേട്ടപ്പോള്‍ എന്റെ കണ്ണ് തള്ളിപ്പോയി.ഗെയിംസ് കഴിഞ്ഞ് പോകുമ്പോള്‍  ഒരു പ്രിന്റര്‍ വേണമെങ്കില്‍ തരാം എന്നും അവര്‍ അറിയിച്ചു! വില കൂടിയ മറ്റു സാധനങ്ങള്‍ എല്ലാം ഗെയിംസ് കമ്മിറ്റിയിലെ ഉന്നതര്‍ ബുക്ക് ചെയ്തു കഴിഞ്ഞിരുന്നു പോലും !! ഗെയിംസിന്റെ ഈ കറ എന്നിലേക്ക് പകര്‍ത്താന്‍ ഞാന്‍ സമ്മതിച്ചില്ല.

              മത്സരങ്ങള്‍ തുടങ്ങിയ ദിവസം തന്നെ ദൂരദര്‍ശന്‍ കേന്ദ്രത്തില്‍ നിന്ന് എനിക്ക് ഒരു ഫോണ്‍ വന്നു. അവര്‍ വിളിക്കുമ്പോള്‍ തത്സമയ സ്കോര്‍ അറിയിച്ചു കൊടുക്കണം എന്നായിരുന്നു ആവശ്യം. സ്കോര്‍ ബോര്‍ഡ് കൈകാര്യം ചെയ്യുന്ന വളണ്ടിയര്‍മാരെ ഞാന്‍ അതിന് ഏര്‍പ്പാടാക്കി നമ്പറും നല്‍കിയെങ്കിലും വിളി എന്നും എനിക്ക് തന്നെ വന്നുകൊണ്ടിരുന്നു .അത് എനിക്ക് ഒരു ലോട്ടറിയും നേടിത്തന്നു - അത് പിന്നീട് പറയാം.

ദേശീയ ഗെയിംസ് അനുഭവങ്ങൾ - 9