Pages

Wednesday, July 31, 2019

കോളനി കുടുംബ സംഗമം

               കുടുംബ സംഗമത്തിന്റെ ചില നല്ല പാഠങ്ങള്‍ ഒമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ ഇവിടെ കുറിച്ചിരുന്നു. ഫേസ്‌ബുക്കിലോ മറ്റോ ആയിരുന്നെങ്കില്‍ അതിന്റെ പൊടി പോലും കാണാന്‍ കിട്ടില്ലായിരുന്നു. ഇന്ന് ഇത് ഓര്‍മ്മിക്കാന്‍ കാരണം ഒരു കുടുംബ സംഗമം തന്നെ.

               ഞങ്ങള്‍ ഒരു കോളനിയായാണ് താമസം. അതായത് എന്റെ വല്യുമ്മയുടെ 4 പെണ്മക്കളും 3 ആണ്മക്കളും അടങ്ങുന്ന കോളനി. കളിക്കാന്‍ വിശാലമായ പറമ്പുകള്‍ ഉണ്ടായിരുന്നതിനാല്‍ കളികളാല്‍ സ‌മൃദ്ധമായ ബാല്യകാലം നല്‍കിയ കോളനി (ആ കളികളില്‍ പലതും ഇവിടെ പരിചയപ്പെടുത്തിക്കൊണ്ടിരിക്കുന്നു). കളികളുടെ കൂടെ കലാഭിരുചിയും കൂടി പ്രോത്സാഹിപ്പിക്കണം എന്ന എന്റെ ബാപ്പയുടെ ആശയപ്രകാരം എല്ലാ ശനിയാഴ്ച രാത്രിയും സാഹിത്യസമാജങ്ങള്‍ ചേര്‍ന്നിരുന്ന കോളനി. നമ്പിയേട്ടനും കോരുവേട്ടനും രാമന്‍ കുട്ട്യേട്ടനും അയല്‍‌വാസികളായി ഉണ്ടായിരുന്ന കോളനി.

                 എന്റെ തലമുറ മാതാപിതാക്കളായതോടെ പലരും പലവഴിയായി. ബാപ്പയുടെ ഉപദേശ പ്രകാരം തന്നെ, വേറെ സ്ഥലത്ത് വസ്തു ഉണ്ടായിരുന്നിട്ടും ഈ കോളനിയില്‍ തന്നെ ഞാന്‍ വീട് വച്ചു. ദൈവത്തിന് സ്തുതി , അതിന്റെ ധാരാളം സദ്‌ഗുണങ്ങള്‍ ഇന്ന് എന്റെ മക്കളും അനുഭവിച്ചു കൊണ്ടിരിക്കുന്നു. വല്യുമ്മയും മൂന്ന് ആണ്മക്കളും (എന്റെ അമ്മാവന്മാര്‍) ഒരാളൊഴികെയുള്ള മറ്റു ആണ്‍ മരുമക്കളും ഇന്ന് ജീവിച്ചിരിപ്പില്ല.

                ആ വല്യുമ്മയുടെ മക്കളും പേരമക്കളും അവരുടെ മക്കളും പേരമക്കളും അടങ്ങുന്ന വിശാലമായ ഒരു കുടുംബത്തിന്റെ നാലാമത് സംഗമം ആയിരുന്നു ഇന്ന് നടന്നത്. പതിവില്‍ നിന്ന് വിപരീതമായി വല്ല്യുമ്മയുടെ സഹോദരീ സഹോദരന്മാരുടെ മക്കളെക്കൂടി ഇത്തവണ സംഗമത്തില്‍ ഉള്‍പ്പെടുത്തി. ഒപ്പം പഴയ അയല്‍‌വാസികളുടെ മക്കളും നിലവിലുള്ള അയല്‍‌വാസികളും കൂടിയായപ്പോള്‍ ഞങ്ങള്‍ക്കത് കുട്ടിക്കാലത്തേക്കുള്ള ഒരു തിരിച്ച് പോക്ക് കൂടിയായി.

                വല്യുമ്മയുടെ അനിയന്റെ പേരക്കുട്ടിയായ സിവില്‍ സര്‍വീസ് പരീക്ഷാ വിജയി ഫറാഷിനെ ആദരിച്ചു കൊണ്ടായിരുന്നു പരിപാടിയുടെ ഉത്ഘാടനം. തുടര്‍ന്ന് കുടുംബത്തിലെ ഉന്നത വിജയികളെയും അവാര്‍ഡ് ജേതാക്കളെയും ആദരിച്ചു.  കുട്ടികളുടെ കലാപരിപാടികളും വിവിധ ഏജ് ഗ്രൂപ്പിലുള്ളവര്‍ക്കുള്ള ഗെയിമുകളും കൂടി ചേര്‍ന്നപ്പോള്‍ പരിപാടികള്‍ക്ക് ഹരമേറി. സമാപന പരിപാടിയായി ടര്‍ഫില്‍ പെണ്‍കുട്ടികളുടെ പെനാല്‍ട്ടി ഷൂട്‌ഔട്ടും ജൂനിയര്‍ പെണ്‍കുട്ടികളും സബ്‌ജൂനിയര്‍ ആണ്‍കുട്ടികളും തമ്മിലുള്ള ഫുട്ബാള്‍ മത്സരവും വെറ്റെറന്‍ ഫുട്ബാളും കൂടിയായപ്പോള്‍ ഈ സംഗമം അവിസ്മരണീയമായി.
 വാല്‍: കുടുംബ സംഗമങ്ങള്‍ എത്ര വര്‍ഷം കൂടുമ്പോഴാണ് നടക്കുക എന്നാണ് ഇന്ന് സന്ധ്യാ സമയത്ത് ഈ സംഗമത്തില്‍ പങ്കെടുത്ത മിക്ക വീടുകളിലെയും ന്യൂ‌ജെനുകളുടെ ചോദ്യം !!

Monday, July 29, 2019

പുസ്തകം എന്ന വെളിച്ചം

                നാഷണല്‍ സര്‍വീസ് സ്കീം എന്ന പ്രസ്ഥാനം എന്റെ ജീവിതത്തിന്റെ ഭാഗമായ അന്നു മുതല്‍, അതുമായി ബന്ധപ്പെട്ട നിരവധി പേര് വീട്ടില്‍ വരാറുണ്ടായിരുന്നു. ഔദ്യോഗിക ചുമതലകളൊന്നും ഇല്ലാത്ത ഇക്കാലത്തും അത് അനുസ്യൂതം തുടരുന്നു.വീട്ടുകാരും ഇത്തരം അതിഥികളെ സല്‍ക്കരിക്കുന്നതില്‍ എന്നും മുന്‍‌പന്തിയില്‍ തന്നെയായിരുന്നു.

          അഞ്ച് വര്‍ഷം കോഴിക്കോട് ജില്ലയുടെ കോര്‍ഡിനേറ്റര്‍ സ്ഥാനം വഹിച്ചിരുന്നതിനാല്‍ ആ ജില്ലയില്‍ നിന്ന് തന്നെയാണ് സന്ദര്‍ശകര്‍ കൂടുതലും. എന്റെ മുന്‍ വളണ്ടിയര്‍മാരും മറ്റു കോളേജിലെ വളണ്ടിയര്‍മാരും ഒക്കെയായി ഈ സൌഹൃദ സന്ദര്‍ശനങ്ങള്‍ എനിക്കും എപ്പോഴും ഊര്‍ജ്ജം പകരുന്നവയാണ്.

            ഇക്കഴിഞ്ഞ ദിവസം സന്ധ്യ കഴിഞ്ഞ് ഒരു കാര്‍ എന്റെ വീട്ടുമുന്നില്‍ എത്തി. കോഴിക്കോട് ജെ.ഡി.റ്റി ഇസ്ലാം പോളി‌ടെക്നിക്കിലെ മുന്‍ സെക്രട്ടറിമാരായ സുല്‍ഫീക്കറും സഗീറും ആയിരുന്നു കാറില്‍.മുമ്പ് പലതവണ വീട്ടില്‍ വന്നവരുമാണ്.ഒരല്പം സമയം കിട്ടിയപ്പോള്‍ എന്റെ അടുത്ത് കയറി പഴയ ഓര്‍മ്മകള്‍ അയവിറക്കാനും പുതിയ പ്രൊജക്ടുകളെപ്പറ്റി സംസാരിക്കാനും ആയിരുന്നു അവര്‍ വന്നത്. അര മണിക്കൂര്‍ ഗ്യാപിന് വന്നവര്‍ തിരിച്ചിറങ്ങുമ്പോള്‍ ഒന്നര മണിക്കൂറോളം പിന്നിട്ടിരുന്നു.

              ഇറങ്ങുന്നതിന്റെ മുമ്പ് വീട്ടില്‍ ഒരുക്കിയ എന്റെ ഹോം ലൈബ്രറി കാണാന്‍ ഞാന്‍ രണ്ട് പേരെയും ക്ഷണിച്ചു. എന്റെ ലൈബ്രറിയില്‍ കയറി അതിന്റെ ആമ്പിയന്‍സും കൌതുകവും ഒക്കെ അല്പ നേരം ആസ്വദിച്ച ശേഷം ഇപ്പോള്‍ വരാം എന്ന് പറഞ്ഞ് സുല്‍ഫി പുറത്തിറങ്ങി.

             കാറില്‍ വച്ചിരുന്ന ബാഗില്‍ നിന്നും, എം.ടി യുടെ വാനപ്രസ്ഥം എന്ന പുസ്തകം എടുത്താണ് സുല്‍ഫി തിരിച്ചെത്തിയത്.
“ ഈ പുസ്തകം എന്റെ വകയായി സാറിന്റെ ലൈബ്രറിയില്‍ ഇരിക്കട്ടെ. ഇനി വരുന്നവരോട് പുസ്തകം കൊണ്ടുവരാനും ഞാന്‍ പറയാം...” മൂത്ത മകള്‍ ലുലുവിന് പുസ്തകം കൈമാറിക്കൊണ്ട് സുല്‍ഫി പറഞ്ഞു.
            ഒരുപകാരത്തിനും കൊള്ളാത്ത മെമന്റോകള്‍ക്ക് പകരം തലമുറകള്‍ക്ക് വെളിച്ചമയേക്കാവുന്ന പ്രചോദനമായേക്കാവുന്ന ഒരു കുഞ്ഞ് പുസ്തകം ആകട്ടെ നമ്മുടെ ആദരവിന്റെ അടയാളങ്ങള്‍.

വാല്‍: തൃശൂര്‍ എം.പി തന്റെ സ്വീകരണ യോഗത്തില്‍ പൊന്നാടയും മെമെന്റോയും വേണ്ട എന്നും പകരം പുസ്തകം മതി എന്നും തീരുമാനിച്ചു. ഒരു മാസത്തിനകം പതിനയ്യായിരത്തോളം പുസ്തകങ്ങള്‍ കിട്ടി. അതുപയോഗിച്ച് ഒരു ഗ്രാമീണ ഗ്രന്ഥശാലയും സ്ഥാപിച്ചു.

Wednesday, July 24, 2019

നടന്നു തീരാത്ത വഴികള്‍

         ഗിഫ്റ്റഡ് ചില്‍ഡ്രെന്‍ എന്ന പദ്ധതിയിലൂടെ ചില പരിശീലനങ്ങള്‍ ലഭിച്ചുകൊണ്ടിരുന്ന എന്റെ രണ്ടാമത്തെ മകള്‍ ലുഅക്ക്, 2017ലെ വായനോല്‍സവത്തിന്റെ ഭാഗമായി ലഭിച്ച പുസ്തകമാണ് നടന്നു തീരാത്ത വഴികള്‍. സുമംഗല എന്ന എഴുത്തുകാരിയെ ഞാന്‍ മുമ്പ് കേട്ടിട്ടില്ലെങ്കിലും ഈ പുസ്തകം എന്റെ കയ്യില്‍ എത്തിയ വഴി ആലോചിച്ചപ്പോള്‍ നിലവാരം പുലര്‍ത്തും എന്ന് പ്രതീക്ഷിച്ചു. കേരള സാഹിത്യ അക്കാദമിയുടെ അവാര്‍ഡ് ലഭിച്ച കൃതി എന്ന മുഖച്ചട്ടയിലെ എഴുത്ത് കൂടി കണ്ടപ്പോള്‍ സുമംഗല എന്ന കഥാകാരിയെ ഇതുവരെ അറിയാതെ പോയ ഞാന്‍ തല കുനിച്ചു.

            അഞ്ചു കഥകളുടെ ഒരു സമാഹാരമാണ് ഈ പുസ്തകം. ബാലസാഹിത്യ ഗണത്തില്‍ പെടുന്ന പുസ്തകമാണിതെന്ന് ആദ്യം മനസ്സിലായില്ല. അതുകൊണ്ട് തന്നെ അഞ്ച് കഥയുടെയും പുരോഗതിയിലുള്ള മെല്ലെപ്പോക്ക് അരോചകമായി തോന്നി.അത്യാവശ്യം വലിയ സൈസില്‍ പ്രിന്റു ചെയ്തതിനാല്‍ പേജുകള്‍ പെട്ടെന്ന് മുന്നോട്ട് നീക്കാന്‍ പ്രയാസം തോന്നിയില്ല. പക്ഷെ അഞ്ചു കഥകളിലും കഥയില്ലായ്മ മുഴച്ച് നില്‍ക്കുന്നത് അനുഭവിച്ചു.

            സുമംഗല എന്ന തൂലികാനാമത്തില്‍ എഴുതുന്ന മറ്റാരോ ആണ് ഈ പുസ്തകത്തിന്റെ രചയിതാവ്.ഒരു ബാലസാഹിത്യം എന്ന നിലയില്‍ ഈ പുസ്തകം കുട്ടികള്‍ക്ക് ഒട്ടും ആകര്‍ഷണീയം അല്ല. മുതിര്‍ന്നവര്‍ ഇത് വായിച്ചാല്‍ ദ്വേഷ്യം വര്‍ദ്ധിച്ചേക്കാം.അതുകൊണ്ട് അവര്‍ക്കും ഒട്ടും ഭൂഷണമല്ല. കാശ് കൊടുത്ത് വാങ്ങിയവര്‍ തല്‍ക്കാലം ആ നൊമ്പരങ്ങള്‍ എല്ലാം അടക്കി വയ്ക്കുക.

പുസ്തകം : നടന്നു തീരാത്ത വഴികള്‍
രചയിതാവ് : സുമംഗല
പ്രസാധകർ : അസന്റ് പബ്ലിഷേഴ്സ് , കോട്ടയം
പേജ് : 136
വില : 110 രൂപ

സല്യൂട്ട് ഫസല്‍

           ദിവസങ്ങൾക്ക് മുമ്പ് ഞാൻ വാട്സ് ആപ്പിൽ ഒരു ഫോട്ടോ ഇട്ടു. വീട്ടു മുറ്റത്ത് നിന്നും പറിച്ചെടുത്ത സപ്പോട്ട , ചാമ്പക്ക , കോവക്ക, പച്ചമുളക് തുടങ്ങിയവ തീർത്ത വർണ്ണ വൈവിധ്യം ഒരു കൌതുകമായി തോന്നിയതിനാൽ ആ ഫോട്ടോ മറ്റു പല ഗ്രൂപ്പുകളിലും ഷെയർ ചെയ്തു. അന്ന് വൈകിട്ട്, ആറാം ക്ലാസ് വരെ എന്റെ കൂടെ പഠിച്ച ഇപ്പോൾ ഇംഗ്ലണ്ടിൽ ജോലി നോക്കുന്ന ഡോക്റ്റർ കൂടിയായ ഫസലുൽ‌റഹ്മാൻ  അവന്റെ ജോലി സ്ഥലത്ത് നിന്നും ഫോണില്‍ എന്നെ വിളിച്ചു. തുടര്‍ന്ന് അര മണിക്കൂറിലധികം ഞങ്ങള്‍ സംസാരിച്ചു. അതിന്റെ സംഗ്രഹം ഒന്ന് ഷെയര്‍ ചെയ്യണമെന്ന് തോന്നി.

            കുട്ടിക്കാലത്ത് താമസിച്ചിരുന്ന ചെറുതെങ്കിലും സുന്ദരമായ ഒരു വീടിന്റെ ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മ്മകള്‍ അയവിറക്കിക്കൊണ്ടാണ് ഫസല്‍ സംസാരം തുടങ്ങിയത്. അതിന്റെ ചുറ്റുമുണ്ടായിരുന്ന വിവിധ മരങ്ങളും വള്ളികളും കുറ്റിച്ചെടികളും പലതും പേരറിയാത്തവയായിരുന്നു. പക്ഷേ അവക്കിടയിലൂടെ നടന്നു നീങ്ങുമ്പോള്‍ മരങ്ങള്‍ പൊഴിക്കുന്ന ഇലകളുടെ തലോടലും തൊട്ടാവാടികളുടെ നോവിക്കലും വള്ളിച്ചെടികളുടെ കാലില്‍ ചുറ്റലും അനര്‍ഘമായ ഒരനുഭവമായിരുന്നു സമ്മാനിച്ചിരുന്നത്.

              ഇന്ന് പ്രസ്തുത വീടില്ല.ഫസലിന്റെ സഹോദരന്‍  പുതുതായി പണിത വീടിന് പരിസരത്ത് ഇത്തരം മരങ്ങളും ചെടികളും ഇല്ല. വീടിന് ചുറ്റും ഇന്റര്‍ലോക്ക് പോലുള്ളവയുടെ സാന്നിദ്ധ്യം എല്ലാ തരം ചെടികളെയും അകറ്റി. കോണ്‍ക്രീറ്റ് കാടുകള്‍ നാടിനെ കീഴടക്കിയതിനാല്‍ പരിസരങ്ങളിലും പഴയ കാഴ്ച ഉണര്‍ത്തുന്ന ഒന്നും തന്നെയില്ല.കുടുംബ സമേതം നാട്ടില്‍ വരുമ്പോള്‍ തന്റെ കുട്ടിക്കാലത്തേക്ക് ഒന്നു കൂടി തിരിഞ്ഞ് നടക്കാനും തന്റെ മക്കള്‍ക്ക് ആ അനുഭവങ്ങള്‍ അനുഭവഭേദ്യമാക്കാനും ഇന്ന് തരമില്ല.

            ഇതിന് ഫസല്‍ കണ്ട പരിഹാര മാര്‍ഗ്ഗമാണ് എന്നെ ഏറെ സന്തോഷിപ്പിച്ചത്. ഒരേക്കറോളം സ്ഥലം വാങ്ങി ഇട്ടിരിക്കുകയാണ് അവനിപ്പോള്‍. അവിടെ  പണ്ടത്തെ മരങ്ങളും (അന്നത് താനെ മുളച്ച് വരുന്നവയായിരുന്നു) നാടന്‍ മാവുകളും പന്നലും തൊട്ടാവാടിയും ഒക്കെ നിറഞ്ഞ് നില്‍ക്കണം എന്നൊരാഗ്രഹം. അങ്ങനെ സസ്യ നിബിഡമായ ഹരിത സമ്പൂര്‍ണ്ണമായ ഒരു പറമ്പിലൂടെ ജീവിതത്തിന്റെ അവസാന ദശകങ്ങളില്‍ എങ്കിലും വീണ്ടും ഒന്ന് നടക്കണം.ഈ ലക്ഷ്യ സാക്ഷാല്‍ക്കാരത്തിനായി എന്റെ തൈ നടല്‍- ജൈവ കൃഷി പരീക്ഷണങ്ങള്‍ക്ക് അവന്റെ ഈ പറമ്പ് ഉപയോഗിക്കാനുള്ള പരിപൂര്‍ണ്ണ സമ്മതം കൂടി അവന്‍ നല്‍കി.

            പ്രിയ സുഹൃത്തുക്കളെ, ജീവിതത്തിലെ ചില നഷ്ടങ്ങള്‍ നമ്മെ വല്ലാതെ വേട്ടയാടും. പക്ഷെ പ്രകൃതി നഷ്ടപ്പെട്ടതില്‍ വേട്ടയാടപ്പെടുന്ന മനസ്സ് സല്യൂട്ട് അര്‍ഹിക്കുന്നു. സല്യൂട്ട് ഫസല്‍.

Tuesday, July 16, 2019

സിങ്ങ്

            സെയിൽ സിങ്ങ് എന്നൊരു രാഷ്ട്രപതി എന്റെ മനസ്സിൽ ഇന്നും ഉണ്ട്. തലപ്പാവ് വച്ച  ശുഭ്ര വസ്ത്രം ധരിച്ച താടി വച്ച ഒരാൾ.അന്ന് വിവിധ ക്വിസ് മത്സരങ്ങൾക്ക് പങ്കെടുക്കാറുള്ളത് കൊണ്ടായിരിക്കണം ഇന്നും ഈ നാമം മനസ്സിൽ നിലനിൽക്കുന്നത്. പക്ഷേ അന്നേ മനസ്സിൽ ഒരു ചോദ്യം ഉണ്ടായിരുന്നു - ഇയാളുടെ പേരിന്റെ വാലും നമ്മുടെ നാട്ടിൻ പുറത്തെ കളിയും എങ്ങനെ ഒന്നായി എന്ന് ? ഹൈസ്കൂൾ ക്ലാസിലെവിടെയോ പഞ്ചാബിനെപ്പറ്റി പഠിച്ചപ്പോഴാണ്, സിക്ക് മതാനുയായികളുടെ പേരിന്റെ കൂടെ പിറപ്പാണ് ഈ സിങ്ങ് എന്ന് മനസ്സിലായത്. ഞാൻ ഇവിടെ പരിചയപ്പെടുത്തുന്നത് സിങ്ങ് എന്ന കളിയെപ്പറ്റിയാണ്.
              രണ്ട് ടീം ആയാണ് സിങ്ങ് കളിക്കുക. ഒരു ടീമിൽ മിനിമം അഞ്ച് പേരെങ്കിലും വേണം. അവരിൽ ഒരാൾ ഒരു മരത്തിലോ മറ്റെന്തെങ്കിലും അനങ്ങാത്ത വസ്തുവിലോ തൊട്ടു നിൽക്കും. ഇയാളെ ‘കുറ്റി’ എന്ന് വിളിക്കും. ബാക്കിയുള്ളവർ ഒരു ചങ്ങലപോലെ കൈ പിടിക്കും. അഞ്ച് പേരുണ്ടെങ്കിൽ അത്യാവശ്യം നീളമുള്ള ഒരു ചങ്ങല ആയിരിക്കും അത്. എതിർ ടീമിലെ മുഴുവൻ ആൾക്കാരും ഈ ചങ്ങലയുടെ അറ്റത്തുള്ള ആൾക്ക് തൊടാൻ കിട്ടാത്ത വിധത്തിൽ മുന്നിൽ നിരന്ന് നിൽക്കും. അവരുടെ പിന്നിലായി, ഓടിപ്പോയി തൊടേണ്ട ഒരു ലക്ഷ്യസ്ഥാനം നേരത്തെ പറഞ്ഞ് ഉറപ്പിച്ചിട്ടുണ്ടാവും.
              ചങ്ങല ആയി നിൽക്കുന്ന ടീം ഒരു തിരമാല കണക്കെ വീശി വരും. മുന്നിൽ നിൽക്കുന്നവർ അവരുടെ സ്പർശനം ഏൽക്കാതെ ഒഴിഞ്ഞുമാറണം. ആരെങ്കിലും തൊട്ടാൽ അവർ കളിയിൽ നിന്ന് പുറത്തായി. ഇങ്ങനെ വീശി വരുമ്പോൾ മുന്നിലുള്ള മാർഗ്ഗം തുറന്ന് കിട്ടിയാൽ ചങ്ങലയുടെ അറ്റത്തുള്ള ആൾ കൈ വിട്ട് ലക്ഷ്യസ്ഥാനത്തേക്ക് ഓടും. ഓടുന്നവനെ തൊടാൻ എതിർ ടീമുകാരും ഓടും. ആരും തൊടാതെ ലക്ഷ്യസ്ഥാനം തൊട്ടാൽ ടീമിന് ഒരു പോയിന്റ് കിട്ടും.ഓടിയവന് തിരിച്ച് ചങ്ങലയിൽ തന്നെ ചേരാം. ഓട്ടത്തിനിടയിൽ ആരെങ്കിലും അവനെ തൊട്ടാൽ കളിയിൽ നിന്ന് പുറത്താകും.
              ചങ്ങലയിൽ നിന്നും വിട്ടു പോകുന്ന ആരെയും തൊട്ടാൽ അയാൾ പുറത്താകും. വലിയ ചങ്ങലയാണെങ്കിൽ വീശി വരുന്നതിനിടക്ക് ചിലപ്പോൾ മധ്യത്തിൽ വച്ച് കൈ വിട്ടു പോകും. അവരെ മുഴുവൻ പുറത്താക്കാൻ എതിർ ടീമിലെ അംഗങ്ങൾക്ക് ഒന്ന് തൊട്ടാൽ മതി.എതിർ ടീം തൊടുന്നതിന് മുമ്പ് ചങ്ങലയിലേക്ക് തന്നെ ഓടിച്ചെന്ന് കണ്ണി ചേരാം. ‘കുറ്റി’ അടക്കമാണ് വിട്ടു പോരുന്നതെങ്കിൽ ഒരാളെ തൊട്ടാൽ തന്നെ എല്ലാവരും പുറത്താകും. ലക്ഷ്യസ്ഥാനത്തേക്ക് ഓടാനായി ഒരാൾ ചങ്ങല വിട്ടാൽ പിന്നെ അയാൾക്ക് ലക്ഷ്യസ്ഥാനം തൊടാതെ ചങ്ങലയിൽ കണ്ണി ചേരാനും പറ്റില്ല.‘കുറ്റി’ ലക്ഷ്യസ്ഥാനത്ത് എത്തിയാൽ ടീമിന് 10 പോയിന്റ് ബോണസ് കിട്ടും.
              ഇങ്ങനെ എല്ലാവരും പുറത്താകുന്നത് വരെയോ ഒരു ടീമിന് നിശ്ചിത പോയിന്റ് ആകുന്നത് വരെയോ കളി തുടരും. സൂത്രവും ലക്ഷ്യബോധവും സംഘബോധവും ഒരുമിച്ച് പ്രവർത്തിച്ചാലേ കളി ജയിക്കൂ എന്ന് സാരം. വീട്ടിലും സ്കൂളിലും ആൺ പെൺ വ്യത്യാസമില്ലാതെ സിങ്ങ് കളിച്ചിരുന്നു.
              കുട്ടിക്കാലത്ത് ഈ കളി കളിക്കുമ്പോൾ, എന്റെ ടീമിന്റെ ‘കുറ്റി’യായ, എന്റെ ചേച്ചിയുടെ പ്രായമുള്ള പ്രസന്ന എന്റെ ചെവിയിൽ മന്ത്രിച്ചു - “അവസരം കിട്ടുമ്പോൾ ഓടിക്കോളണം”. ‘അവസരം’ എന്നതിന്റെ അർത്ഥം അന്ന് അറിയാതിരുന്നതിനാൽ ആരോ ‘അവസരം’ കൊണ്ടു തരും എന്ന ധാരണയിൽ ഞാൻ ചങ്ങല വിട്ട് ഓടിയതേ ഇല്ല!!             

Monday, July 15, 2019

പ്ലാസ്റ്റിക് മാലിന്യം - ഒരനുഭവം

         2018ലെ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഞാന്‍ ഇവിടെ കുറിച്ച  പോസ്റ്റിലെ ഒരു പാരഗ്രാഫ് ഇങ്ങനെയായിരുന്നു.
          “ലോകത്ത് ഓരോ മിനുട്ടിലും 10 ലക്ഷം പ്ലാസ്റ്റിക് കുടിവെള്ള ബോട്ടിലുകൾ വിറ്റുകൊണ്ടിരിക്കുന്നു എന്ന് പറഞ്ഞാൽ നാം ചുമ്മാ വായിച്ച് തള്ളും. അതിന്റെ പകുതിയെങ്കിലും അനാഥമായി ഭൂമിയിലേക്ക് വലിച്ചെറിയപ്പെടും എന്ന് ഞാൻ പറഞ്ഞാൽ നിങ്ങളത് വിശ്വസിക്കും.കാരണം അതാണ് നമ്മുടെ ശീലം. ഓരോ വർഷവും അഞ്ച് ട്രില്ല്യൺ പ്ലാസ്റ്റിക് കാരിബാഗുകളും നാം ഉപയോഗിക്കുന്നുണ്ട്. ഒരു ട്രില്ല്യൺ എന്നാൽ 1,000,000,000,000,000,000 ആണ്. ഇതിന്റെ പകുതിയോളവും ഭൂമിയിലേക്ക് വലിച്ചെറിയപ്പെടുന്നു. 300 മില്ല്യൺ (1 മില്ല്യൺ = 10 ലക്ഷം) ടൺ പ്ലാസ്റ്റിക് മാലിന്യം ആണ് വർഷം തോറും ഇങ്ങനെ പുറം തള്ളുന്നത്. എന്ന് വച്ചാൽ ലോക ജനസംഖ്യയുടെ അതേ ഭാരം !!“
(പോസ്റ്റ് മുഴുവന്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക)
            കഴിഞ്ഞ വര്‍ഷം ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ആതിഥേയ രാഷ്ട്രമായ ഇന്ത്യയില്‍ ഒരു അവബോധം സൃഷ്ടിക്കാന്‍ വേണ്ടിയായിരുന്നു പല മാധ്യമങ്ങളിലൂടെയും പലരും ചേര്‍ന്ന് ഈ കണക്ക് നിരത്തിയത്. എന്നിട്ടും നമ്മുടെ പരിസ്ഥിതി ബോധം എവിടെ എത്തി എന്നതിന്റെ ഒരു നേര്‍ അനുഭവം ഇക്കഴിഞ്ഞ ദിവസം എനിക്കുണ്ടായി.
             വിദ്യാഭ്യാസം കൊണ്ട് ലക്ഷ്യമിടുന്നത് ഒരു മനുഷ്യന്റെ സര്‍വ്വതോന്മുഖമായ സംസ്കരണമാണ്.വിദ്യഭ്യാസത്തിന്റെ കാര്യത്തില്‍ ലോകരാഷ്ട്രങ്ങളോട് തന്നെ കിടപിടിക്കുന്ന നിലയിലാണ് കേരളത്തിന്റെ സ്ഥാനം. കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തില്‍ ഏറെ പൊന്തൂവലുകള്‍ ഉള്ള ഒരു നാടാണ് എന്റെ ഗ്രാമമായ അരീക്കോട്. പക്ഷെ എന്റെ നാട്ടിലെ പലരുടെയും വിദ്യാഭ്യാസ യോഗ്യതയും സംസ്കാരവും തമ്മില്‍ അജഗജാന്തരം ഉണ്ട് എന്ന് ആ അനുഭവം തെളിയിച്ചു.
              ഈയിടെ ആരംഭിച്ച ഹൈപര്‍ മാര്‍ക്കറ്റില്‍ നിന്നാണ് നാട്ടുകാരില്‍ മിക്കവരും ഇപ്പോള്‍ നിത്യോപയോഗ സാധനങ്ങള്‍ വാങ്ങുന്നത്. അവയില്‍ 99 ശതമാനവും പ്ലാസ്റ്റിക് കവറില്‍ ആണ് ലഭിക്കുന്നത്. ഇവ എല്ലാം കൂടി വേറെ രണ്ടോ മൂന്നോ പ്ലാസ്റ്റിക് കാരിബാഗുകളില്‍ കൂടി ഇട്ടാണ് പലരും വീട്ടിലേക്ക് കൊണ്ടു പോകുന്നത്..ഫലമോ? അരീക്കോട്ടെ മിക്ക ഇടവഴികളും ഈ കടയുടെ കവര്‍ കൊണ്ട് മലിനമാണിപ്പോള്‍.
              രണ്ട് ദിവസം മുമ്പ് ഞാനും ഇവിടെ നിന്ന് ചില സാധനങ്ങള്‍ വാങ്ങി. കാഷ്യര്‍ എനിക്ക് മുഖപരിചയം ഇല്ലാത്ത ഒരാളായിരുന്നു. പക്ഷെ എന്നെ കണ്ട അദ്ദേഹം സാധനങ്ങള്‍ പാക്ക് ചെയ്ത് കൊടുക്കുന്ന പയ്യനെ നോക്കി പറഞ്ഞു -
“ കവര്‍ വേണ്ട “.
അത്ഭുതത്തോടെ നോക്കി നിന്ന എന്റെ മുഖത്ത് നോക്കി അയാള്‍ തുടര്‍ന്നു...
” ഈ കടയില്‍ കവര്‍ വേണ്ട എന്ന് പറയുന്ന, എനിക്കറിയുന്ന ഒരേ ഒരു കസ്റ്റമര്‍ ആണ് നിങ്ങള്‍ “ !!
             വ്യക്തിപരമായി എനിക്ക് അഭിമാനം തോന്നിയെങ്കിലും ഞാന്‍ ലജ്ജിച്ച് തലതാഴ്ത്തി. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതകളുള്ള  ആയിരത്തിലധികം പേര്‍ ദിനേന ഈ ഹൈപര്‍ മാര്‍ക്കറ്റില്‍ ഷോപ്പിംഗ് നടത്തുന്നുണ്ട്. ഇത്രയും ബോധവല്‍ക്കരണങ്ങള്‍ക്ക് ശേഷവും, പ്രവൃത്തിയില്‍ ഒരു മാറ്റവും വരുത്താത്ത അവരുടെ വിദ്യാഭ്യാസം അവരില്‍ ഉണ്ടാക്കിയ സംസ്കാരം എന്താണ്? മാറ്റം എന്താണ് ? കടലാസില്‍ ഒതുങ്ങുന്ന ബിരുദവും ബിരുദാനന്തര ബിരുദവും ആ കടലാസിന്റെ വിലയെപ്പോലും മാനഭംഗപ്പെടുത്തുന്നില്ലേ?

Saturday, July 06, 2019

ചാലിയാര്‍ സാക്ഷി

             എന്റെ പ്രിയഗ്രാമത്തിന്റെ ഗൃഹാതുരത്വമുണര്‍ത്തുന്ന പല ചിത്രങ്ങളും എന്റെ മനസ്സില്‍ മായാതെ കിടക്കുന്നുണ്ട്. അതില്‍ ചിലതാണ് ശനിയാഴ്ച ചന്ത , ചക്കം തൊടിക ഗ്രൌണ്ടിലെ ഫുട്ബാള്‍ ടൂര്‍ണമെന്റ് , വൈ.എം.എ ക്ക് മുമ്പിലെ പഴയ ബസ് സ്റ്റാന്റ്, വിജയ ടാക്കീസ് , പഴയ പോസ്റ്റ് ഓഫീസ് , ക്യാമ്പ് കുന്നിലെ പഴയ വാട്ടര്‍ ടാങ്ക്, എന്റെ വീടിനടുത്തുണ്ടായിരുന്ന കള്ള്-ചാരായ ഷാപ്പുകള്‍, പഴയ പഞ്ചായത്ത് കെട്ടിടം തുടങ്ങിയവ. ഇവ എല്ലാം ഇന്ന് ഓര്‍മ്മകള്‍ മാത്രമാണ്.

          മേല്പറഞ്ഞവയെപ്പറ്റിയും നാടിന്റെ മറ്റു ചില പ്രത്യേകതകളെപ്പറ്റിയും ഇവിടെ കുറിച്ചിടണം എന്ന് അതിയായ മോഹമുണ്ട്. ഒരു നാടിന്റെ ചരിത്രം അടുത്ത തലമുറക്ക് അല്പമെങ്കിലും കൈമാറാന്‍ അതേ ഇന്ന് വഴിയുള്ളൂ. ഈ ചിന്തയും മനസ്സില്‍ പേറി നടക്കു‌മ്പോഴാണ് എന്റെ നാട്ടുകാരനായ മലിക് നാലകത്ത് ഫേസ്‌ബുക്കില്‍ ‘ഓര്‍മ്മ പെയ്യുന്ന ജാലകം” എന്ന ഒരു തുടരന്‍ കുറിപ്പ് എഴുതുന്നത് ശ്രദ്ധയില്‍ പെട്ടത്.അവ വായിക്കുമ്പോള്‍ പഴയ ചിത്രങ്ങള്‍ മനസ്സിലൂടെ ന്യൂസ് റീല്‍ ആയി ഓടിത്തുടങ്ങുന്നതും ഞാന്‍ അറിയാതെ ഒരു കുട്ടിയായി മാറുന്നതും അനുഭവിച്ചറിഞ്ഞു. ഫേസ്‌ബുക്കില്‍ കുറിപ്പിനോടൊപ്പം പഴയ കുറച്ച് ഫോട്ടോകള്‍ കൂടി ഉണ്ടായിരുന്നെങ്കില്‍ എന്ന് ആശിച്ചു പോവുകയും ചെയ്തു.

                ഈ കുറിപ്പുകള്‍ ‘ചാലിയാര്‍ സാക്ഷി’ എന്ന പേരില്‍ ഒരു പുസ്തകമായി വരുന്നു എന്നറിഞ്ഞപ്പോള്‍ ഏറെ സന്തോഷം തോന്നി. കാരണം, നാടിന്റെ ചരിത്രവും വര്‍ത്തമാനവും ഒരു പരിധി വരെ ഇന്നത്തെ തലമുറക്ക് പരിചയപ്പെടുത്താനും സമൂഹ്യ മാധ്യമങ്ങളില്‍ നിന്ന് അകലം പാലിക്കുന്ന, എന്നാല്‍ പ്രിന്റ് മീഡിയയോട് അടുപ്പം കാണിക്കുന്ന പഴയ തലമുറക്ക് അയവിറക്കാനും പുസ്തകം വഴി സാധിക്കും. പുസ്തകം വായിച്ചു കഴിഞ്ഞപ്പോള്‍ എന്റെ മനസ്സ് നിറഞ്ഞു , പഴയ ചിത്രങ്ങള്‍ മനസ്സിന്റെ അടിത്തട്ടില്‍ നിന്നും പൊടി തട്ടി എടുക്കാന്‍ സാധിച്ചതില്‍.

               നാട്ടില്‍ ആരും ഒരു പക്ഷേ ഗൌനിക്കുക പോലും ചെയ്യാത്ത, മാനസിക പ്രശ്നം ബാധിച്ചവരായിരുന്ന അബു , അക്ബര്‍,ദാവൂദ് തുടങ്ങിയവര്‍ മുതല്‍ നാടിന്റെ പെരുമ ലോകം മുഴുവന്‍ പരത്തിയ വിവിധ പ്രമാണികള്‍ വരെ ഈ പുസ്തകത്താളില്‍ വരി വരിയായി നില്‍ക്കുന്നുണ്ട്. കുട്ടിക്കാലത്ത് സ്കൂളില്‍ പോകുമ്പോള്‍ കണ്ടിരുന്ന പല മുഖങ്ങളും പല താളുകളിലൂടെയും ബോധത്തിലേക്ക് ഊര്‍ന്നിറങ്ങി വരുന്നുണ്ട്. പഴയ പല കെട്ടിടങ്ങളും മനസ്സിന്റെ കോണില്‍ നിന്ന് കണ്‍‌മുന്നില്‍ വന്ന് ചിത്രം വരക്കുന്നുണ്ട്. ഇതുവരെ കേള്‍ക്കുകയും അറിയുകയും ചെയ്യാത്ത പഴയ ചരിത്രങ്ങളും ഇതില്‍ ചിറക് വിടര്‍ത്തുന്നുണ്ട്. അങ്ങനെ അരീക്കോടിനെ അറിയുന്നവര്‍ക്കും അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കും അറിവിന്റെ ഒരു സദ്യ തന്നെയാണ് ‘ചാലിയാര്‍ സാക്ഷി’.

           രണ്ടോ മൂന്നോ അധ്യായങ്ങളില്‍ മരിച്ചു എന്നതിന് കാലക്കടലിനക്കരക്ക് യാത്രയായി എന്ന് സൂചിപ്പിക്കുന്നുണ്ട്. ആദ്യത്തെ തവണ വായിക്കുമ്പോള്‍ രസകരമായി തോന്നുമെങ്കിലും ആവര്‍ത്തനം അരോചകമായി അനുഭവപ്പെടുന്നുണ്ട്. അരീക്കോടിന്റെ ഓര്‍മ്മകള്‍ ഇനിയും (ഞാന്‍ മേല്‍ സൂചിപ്പിച്ചവയില്‍ ചിലത് മാത്രമേ പുസ്തകത്തില്‍ പ്രതിപാദിച്ചിട്ടുള്ളൂ) പലതും പൊടി തട്ടിയെടുക്കാനുണ്ട്. അവ മലിക് തന്നെയോ അല്ലെങ്കില്‍ അരീക്കോട് നിന്നുള്ള മറ്റാരെങ്കിലുമോ മറ്റൊരു ഓര്‍മ്മപ്പെയ്ത്തിലൂടെ അനാവരണം ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു.

പുസ്തകം : ചാലിയാര്‍ സാക്ഷി
രചയിതാവ് : മലിക് നാലകത്ത്
പ്രസാധകർ : ഒലീവ് ബുക്സ്
പേജ് : 194
വില : 250 രൂപ

പഴനി മുരുക സന്നിധിയില്‍...

             രാമശ്ശേരി ഇഡലിക്ക് പിന്നാലെ ഉദുമല്‍‌പേട്ടിലെ കാറ്റും കൂടി കയറിയപ്പോൾ വയറിനുള്ളിൽ ചില ഭൂകമ്പങ്ങൾ ആരംഭിച്ചു. പഴനി അടുക്കുംതോറുമുള്ള മഞ്ഞളിന്റെ ഗന്ധം ആ പ്രകമ്പനങ്ങൾക്ക് ശക്തി കൂട്ടി. ദൂരെ ഒരു കുന്നിന് മുകളിൽ പഴനി ക്ഷേത്രവും വീതി കുറഞ്ഞ കോണി പോലെ ഒരു പാതയും ദൃശ്യമായി. കുട്ടിക്കാലത്ത് കണ്ട ഒരു നൃത്തത്തിന്റെ പാട്ട് ചെവിയിൽ വന്നലക്കുന്നതായി തോന്നി.

              പഴനിമലക്കോവിലിലെ പാല്‍ക്കാവടി
              ബാലസുബ്രഹ്മണ്യന്റെ പീലിക്കാവടി
             ആമാശയത്തിന്റെ ആവശ്യം പച്ചരിച്ചോറും എരിപൊരി സാമ്പാറും കൂടി തല്ലിക്കെടുത്തി. പിന്നാലെ,  പ്രധാന റോഡിൽ നിന്നും ക്ഷേത്ര വഴിയിലേക്കുള്ള ഇടുങ്ങിയ റോഡിലൂടെ ഞങ്ങൾ നടന്നു. അത് മറ്റൊരു റോഡിൽ ചെന്നു കയറി. കുതിരവണ്ടികളും, പൂക്കാരികളും, കിളി ജ്യോത്സ്യക്കാരും,പേരക്ക വില്പനക്കാരും,മാല വില്പനക്കാരും,പിന്നെ കുറെ  മഞ്ഞ മൊട്ടത്തലകളും - അങ്ങനെ പഴനിയിലെ കാഴ്ചകള്‍ വൈവിധ്യങ്ങളുടേതായിരുന്നു.

             ക്ഷേത്രത്തിലെത്താൻ മൂന്ന് വഴികളുണ്ട്. നടന്നു കയറുന്നവർക്ക് അടിവാരത്തെ കവാടം വഴി പ്രവേശിക്കാം. ഏകദേശം എഴുന്നൂറ് പടികൾ കയറാനുണ്ട്. വെറുതെ ഒരു രസത്തിന് കയറിയാൽ തിരിച്ചിറങ്ങാൻ ഒരു രസവും ഉണ്ടാകില്ല എന്ന് സാരം.മലകയറാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് വിഞ്ച് എന്ന ഒരു മിനി ബസുണ്ട്. റെയിൽപാളം പോലെയുള്ള ഒരു പാതയിലൂടെ ഈ ബസ് ഓടും (സോറി ഇഴഞ്ഞ് നീങ്ങും). 36 പേർക്ക് കയറാം. കുട്ടികള്‍ക്ക് അഞ്ചും മുതിര്‍ന്നവര്‍ക്ക് പത്തുരൂപയുമാണ് ടിക്കറ്റ്.പത്ത് മിനുട്ട് കൊണ്ട് മുകളിലെത്താം.  വിഞ്ച് പറ്റാത്തവർക്ക് റോപ് കാറുണ്ട്. 15 രൂപയാണ് ചാർജ്ജ്. 3 മിനുട്ട് കൊണ്ട് മുകളിലെത്താം.പക്ഷെ ഇതിൽ രണ്ടിലും കയറാനുള്ള ക്യൂവിൽ രണ്ടോ മൂന്നോ മണിക്കൂർ നിൽക്കേണ്ടി വരും എന്ന് മാത്രം !

              മേല്പറഞ്ഞ മൂന്ന് വഴികളും ഞങ്ങൾക്ക് നടക്കില്ല എന്ന് പെട്ടെന്ന് തന്നെ തീരുമാനമായി. പഴനി എത്തിയ സ്ഥിതിക്ക് ഒരു കുതിരവണ്ടി സവാരി ചെയ്തില്ലെങ്കിൽ പിന്നെ ഓർമ്മിക്കാൻ ഒന്നും ഉണ്ടാകില്ല എന്നതിനാൽ പ്രധാന കവാടത്തിനടുത്തുള്ള ഒരു കുതിരപ്പയ്യനെ ഞങ്ങൾ സമീപിച്ചു. പഴനി മലക്ക് ചുറ്റുമുള്ള പത്ത് മിനുട്ട് യാത്രക്ക് 200 രൂപ അവൻ പറഞ്ഞു. ഞങ്ങൾ എല്ലാവർക്കും കൂടി മൂന്ന് ട്രിപ്പെങ്കിലും വേണം എന്നതിനാൽ 500 രൂപക്ക് കച്ചവടം ഉറപ്പിച്ചു.

            കാളി എന്നായിരുന്നു കുതിരപ്പയ്യന്റെ പേര്. അവന്റെ കുതിരയുടെ പേര് അമിട്ട് എന്നും. അഞ്ച് പേരെ വീതം കയറ്റി പളനി മല ചുറ്റുമ്പോൾ ഓരോ സ്ഥലവും അവൻ തമിഴിൽ പരിചയപ്പെടുത്തിത്തന്നു. അവസാനത്തെ നൂറ് മീറ്റർ പ്രത്യേക ശബ്ദമുണ്ടാക്കി അവൻ കുതിരയെ പ്രോത്സാഹിപ്പിച്ചപ്പോൾ കുതിര കുതിക്കാൻ തുടങ്ങി. ഒന്ന് കാലിടറിയാൽ.... ദേശീയ അവാർഡ് ഏറ്റുവാങ്ങുന്നതിന്റെ തലേദിവസം ഡെൽഹിയിൽ ഫടാഫട്ട് എന്ന മോട്ടോർ റിക്ഷ മറിഞ്ഞത് ഓർമ്മയിൽ മിന്നി.അപകടം കൂടാതെ സ്റ്റാർട്ടിംഗ് പോയിന്റിൽ തന്നെ തിരിച്ചെത്തിയപ്പോഴാണ് ശ്വാസം നേരെ വീണത്. നേരത്തെ പറഞ്ഞുറപ്പിച്ച കാശ് കൊടുത്ത് ‘റൊമ്പ താങ്ക്സ്’ പറഞ്ഞ് കാളിയെ ഞങ്ങൾ യാത്രയാക്കി.
             അല്പനേരം കൂടി മുരുക സന്നിധി കാഴ്ചകൾ കണ്ട് ഞങ്ങൾ നേരത്തെ ബുക്ക് ചെയ്തിരുന്ന റൂമിലേക്ക് തിരിച്ചു. 35 വർഷങ്ങൾക്ക് മുമ്പ് പാലക്കാട് നിന്നും പഴനിയിലേക്ക് താമസം മാറ്റിയ കൃഷ്ണേട്ടനും ഭാര്യയും നടത്തുന്ന രമ്യ മെസ്സ് എന്ന ഇരു നില വീട്ടിലായിരുന്നു താമസം ഒരുക്കിയത്. വീടിന്റെ രണ്ടാം നിലയിൽ രണ്ട് ബെഡ് ഉള്ള എട്ട് റൂമുകളാണുള്ളത്. നാല് പേർക്ക് സുഖമായി കിടക്കാം. ഭക്ഷണം ഓർഡർ അനുസരിച്ച് വീട്ടുകാരി തയ്യാറാക്കിതരും. പാചകത്തിനുള്ള സാധനങ്ങൾ കൊണ്ടുപോയാൽ പാചകത്തിനുള്ള സൌകര്യവും ഒരുക്കിത്തരും. 15 പേര്‍ക്കുള്ള രാത്രി ഭക്ഷണവും (എത്ര വേണമെങ്കിലും കഴിക്കാം!) മൂന്ന് റൂമിന്റെ വാടകയും അടക്കം 3500 രൂപ ആണ് ഞങ്ങൾക്ക് വന്ന ചെലവ്.
           വൈകിട്ട് സമയം ഉണ്ടായിരുന്നതിനാല്‍ ഞങ്ങള്‍, ലോഡ്ജിന് തൊട്ടടുത്തുള്ള ‘ചിന്ന മുരുക കോവില്‍” സന്ദര്‍ശിച്ചു. സമീപത്തെ പാറക്കെട്ടിലിരുന്ന് വൈകുന്നേരത്തെ കാറ്റും സായം സന്ധ്യയും ആസ്വദിക്കാന്‍ ഒരു പ്രത്യേക സുഖമായിരുന്നു. രാത്രി ആയതോടെ പളനിമല പ്രഭാപൂരിതവുമായി.

                അങ്ങകലെ കൊടൈ മലനിരകള്‍ ഞങ്ങളെ മാടിവിളിച്ചുകൊണ്ടിരുന്നു. പിറ്റേന്ന് കാലത്തേ തന്നെ ഞങ്ങള്‍ കോടൈക്കനാലിലേക്ക് തിരിച്ചു. വെല്‍കം ടു കൊടൈക്കനാല്‍....