Pages

Saturday, November 30, 2013

ഞാൻ രാഷ്ട്രപതിയെ തൊട്ടു!!!.(ദേശീയ അവാർഡ് ദാനം-4)


    രാഷ്ട്രപതി ഭവനിലേക്ക്…..(ദേശീയ അവാർഡ് ദാനം-3)

           അൽഹംദുലില്ലാഹ്……ദൈവത്തിന് സ്തുതി..ദർബാർ ഹാളിന്റെ വലതു ഭാഗത്ത് കൂടെ 72 കാരിയായ എന്റെ ഉമ്മ ഹാളിലേക്ക് പ്രവേശിക്കുന്നത് ഞാൻ കൺ കുളിർക്കെ കണ്ടു. പിന്നാലെ 9 വയസ്സുകാരി ലുഅയും എത്തി. മൂന്നാമതായി അമ്മായിയമ്മയും എത്തിച്ചേർന്നു.12 വയസ്സിന് താഴെയുള്ളവർക്ക് രാഷ്ട്രപതി ഭവനിലേക്ക് പ്രവേശനം ഇല്ല എന്ന് നേരത്ത് അറിയിച്ചിരുന്നതിനാൽ നാല് വയസ്സുകാരിയായ ചെറിയമോൾ ലൂനയെ ഞാൻ പ്രതീക്ഷിച്ചില്ല.അമ്മയിയപ്പൻ അവളേയും കൊണ്ട് പുറത്ത് നിന്നു.അല്ലാഹുവിന്റെ അപാരമായ അനുഗ്രഹം എന്നെ പല സ്ഥലങ്ങളിലും സ്പർശിക്കുന്നത് ഞാൻ അറിഞ്ഞു, അതിനാൽ ദൈവത്തെ വീണ്ടും വീണ്ടും സ്തുതിച്ചു.അങ്ങനെ എന്റെ പ്രവർത്തനങ്ങൾക്ക് എന്നും പിന്തുണയും സഹായവും നൽകിയ കുടുംബത്തിലെ ഏകദേശം എല്ലാവരും ഈ അസുലഭ മുഹൂർത്തത്തിന് സാക്ഷിയാകാൻ എത്തി,

     കുടുംബത്തിലെ  എല്ലാവരും ഇരുന്നിരുന്നത് വലത് ഭാഗത്തായതിനാൽ അവർ ക്യാമറക്കണ്ണിൽ പെടില്ല എന്ന് ഉറപ്പായിരുന്നു.അപ്പോഴാണ് അടുത്ത അത്ഭുതം സംഭവിച്ചത് – ഉമ്മയെ ആരോ എണീപ്പിച്ച് ഞാൻ ഇരിക്കുന്ന സൈഡിലെ രണ്ടാം നിരയിൽ ജബ്ബാർ സാർക്ക് തൊട്ടു മുമ്പിലായി ഇരുത്തി. വീണ്ടും സീറ്റുകൾ അവിടെ ഒഴിഞ്ഞ് കിടന്നതിനാൽ ഉമ്മ എണീറ്റ് നിന്ന് മറ്റുള്ളവരെയും വിളിക്കാൻ തുടങ്ങി.ഉമ്മ ഉറക്കെ വിളിക്കുമോ എന്ന ആശങ്ക എന്റെ മനസ്സിൽ പടരുന്നതിന് മുമ്പ് ഷാജഹാൻ സാർ ഉമ്മയെ ഇരുത്തി.എല്ലാവരും ഉമ്മയുടെ അടുത്തേക്ക് ഇരിക്കുകയും ചെയ്തു,ഇപ്പോൾ ക്യാമറയിൽ പതിയും എന്ന് എനിക്കുറപ്പായി.

     സമയം പതിനൊന്നരയേ ആയിരുന്നുള്ളൂ.അതിനാൽ തന്നെ കഴിഞ്ഞ വർഷത്തെ പോലെ രാഷ്ട്രപതി വരുന്നതിന് മുമ്പ് ഒരു റിഹേഴ്സൽ കൂടി  ഞാൻ പ്രതീക്ഷിച്ചു പക്ഷേ അതുണ്ടായില്ല.കുന്തം പിടിച്ച ചുവന്ന വസ്ത്രധാരികളായ കുറേ പേർ ഹാളിന്റെ വിവിധ ഭാഗങ്ങലിൽ നിലയുറപ്പിച്ചു.പതിനൊന്നേ മുക്കാലോടെ കേന്ദ്ര യുവജനകാര്യവകുപ്പ് മന്ത്രി ശ്രീ.ജിതേന്ദ്രകുമാർ സിങ് ഹാളിൽ എത്തി.മുൻ‌നിരയിലെ ജേതാക്കൾക്ക് മാത്രം ഹസ്തദാനം നൽകി പോകുകയായിരുന്ന മന്ത്രിയെ ആരോ പിന്നോട്ട് നയിച്ചു.ആ വരവിൽ , അവസാന സീറ്റിൽ ഇരുന്ന എനിക്കും ഒരു ഷേൿഹാന്റ് കിട്ടി.


    12 മണിയൊടെ എല്ലാ വായകളും നിശബ്ദമായി.സദസ്സിൽ ശ്വാസം വിടുന്ന ശബ്ദം പോലും കേൾക്കാതായി,പെട്ടെന്ന് ബാന്റ് ടീമിന്റെ ഭാഗത്ത് നിന്നും കുഴലൂത്ത് ഉയർന്നു.സദസ്സ്യർ ഒന്നടങ്കം എഴുന്നേറ്റ് നിന്നു.മുന്നിൽ അടിവച്ചടിവച്ച് വരുന്ന സുരക്ഷ ഉദ്യോഗസ്ഥർക്ക് പിന്നിലായി ഇന്ത്യൻ പ്രെസിഡെന്റ് ശ്രീ. പ്രണബ് മുഖർജി എന്ന കുറിയ മനുഷ്യൻ കടന്ന് വന്നു. തൊട്ടു പിന്നിലായി വീണ്ടും രണ്ട്  സുരക്ഷ ഉദ്യോഗസ്ഥർ. സദസ്സിന് അഭിമുഖമായി അല്പം മാത്രം ഉയരത്തിലുള്ള തറയിൽ വച്ച  സിംഹാസനം പോലെയുള്ള കസേരക്കടുത്ത് കയറി നിന്ന അദ്ദേഹം സദസ്സിന് നേരെ തിരിഞ്ഞ് നിന്നു. ഉടൻ ബാന്റ്വാദ്യക്കാർ ദേശീയഗാനം വായിച്ചു.       രാഷ്ട്രപതി സ്വന്തം സീറ്റിൽ ഉപവിഷ്ടനായി.എൻ.എസ്.എസ് കേന്ദ്ര സെക്രട്ടറി രാഷ്ട്രപതിയുടെ മുന്നിലെത്തി പരിപാടി ആരംഭിക്കാനുള്ള അനുവാദം ചോദിച്ചു. രാഷ്ട്രപതിയുടെ അനുവാദത്തോടെ ചടങ്ങ് ആരംഭിച്ചു.ഞങ്ങളുടെ തൊട്ടു പിന്നിൽ നിന്നിരുന്ന പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ സ്ഫുടമായ ഹിന്ദിയിൽ അവാർഡ് ജേതാക്കളുടെ പേരുകൾ വായിക്കാൻ തുടങ്ങി.

      അവാർഡ് ആദ്യം ഏറ്റുവാങ്ങിയത് ഏറ്റവും മികച്ച യൂണിവേഴ്സിറ്റിയായി തെരഞ്ഞെടുക്കപ്പെട്ട മംഗലാപുരം യൂണിവേഴ്സിറ്റിയായിരുന്നു.വൈസ് ചാൻസലർക്കും പ്രോഗ്രാം കോർഡിനേറ്റർക്കും രാഷ്ട്രപതി തന്നെ ഹസ്തദാനം നൽകി.ശേഷം സംയുക്ത ജേതാക്കളായ കേരള ഹയർസെക്കണ്ടറി ഡയരക്ടറേറ്റിന് വേണ്ടി ഹയർസെക്കണ്ടറി ഡയരക്ടർ കേശവേന്ദ്രയും പ്രോഗ്രാം കോർഡിനേറ്റർ സുബൈർക്കുട്ടിയും അവാർഡ് ഏറ്റുവാങ്ങി. പിന്നീട് മികച്ച അപ്കമിങ് യൂണിവേഴ്സിറ്റിയായി ഉത്തരാഖണ്ഠിലെ കുമാവൂൺ യൂണിവേഴ്സിറ്റിയും ശേഷം കോട്ടയം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി അടക്കം ഏഴ് പ്രോഗ്രാം കോർഡിനേറ്റർമാർക്ക് പ്രശംസാപത്രവും നൽകി.അവരിൽ കൈ നീട്ടിയവർക്കെല്ലാം രാഷ്ട്രപതി ഹസ്തദാനം നൽകിയത് ഞാൻ ശ്രദ്ധിച്ചു.

      പിന്നീട് മികച്ച യൂനിറ്റുകലുളുടെയും പ്രോഗ്രാം ഓഫീസർമാരുടേയും അവസരമായി.അതിൽ നാലാമതായി കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജിന്റേയും പ്രിൻസിപ്പാൾ പ്രൊഫ്.കെ.വിദ്യാസാഗറിന്റേയും പ്രോഗ്രാം ഓഫീസർ ആബിദ് തറവട്ടത്തിന്റേയും പേര് ദർബാർ ഹാളിൽ മുഴങ്ങിയതോടെ ഞങ്ങൾ നടുത്തളത്തിലെ ചെറിയപരവതാനിയിൽ ചെന്ന് നിന്ന് രാഷ്ട്രപതിയെ അഭിവാദ്യം ചെയ്തു.ശേഷം രാഷ്ട്രപതിയുടെ നേരെ നടന്ന് ചെന്നു.

“കൺഗ്രാചുലേഷൻസ്” രാഷ്ട്രപതി പറഞ്ഞു.


“താങ്ക് യൂ സർ” ഞാൻ തിരിച്ചും പറഞ്ഞു.

   സുരക്ഷഭടൻ താലത്തിൽ വച്ച് കൊണ്ട്‌വന്ന ട്രോഫി എടുത്ത് രാഷ്ട്രപതി പ്രിൻസിപ്പാൾക്ക് കൈമാറി.ഫോട്ടോക്ക് ജസ്റ്റ് ഫോക്കസ് ചെയ്ത് അദ്ദേഹം മാറിനിന്നു.ശേഷം എനിക്കുള്ള സർട്ടിഫിക്കറ്റും മെഡലും രാഷ്ട്രപതിയിൽ നിന്നും ഞാൻ സ്വീകരിച്ചു.ഫോട്ടോക്ക് ഞാനും രാഷ്ട്രപതിയും നിമിഷനേരത്തേക്ക് പോസ് ചെയ്തു.പോരുന്നതിന് മുമ്പ് ഞാൻ നീട്ടിയ കൈ പിടിച്ച് കുലുക്കാനും രാഷ്ട്രപതി വിമുഖത കാട്ടിയില്ല.അങ്ങനെ ബഷീർ കൃതിയിൽ എവിടെയോ വായിച്ചപോലെ ഞാൻ രാഷ്ട്രപതിയെ തൊട്ടു!!!       എന്റെ ശേഷം ആറ് പ്രോഗ്രാം ഓഫീസർമാരും അത്രയും പ്രിൻസിപ്പൾമാരും പിന്നീട് ഷിജിൻ വർഗ്ഗീസ് എന്ന പത്തനംതിട്ടക്കാരനടക്കം 30 വളണ്ടിയർമാരും അവാർഡുകൾ ഏറ്റുവാങ്ങി.അരമണിക്കൂറിനകം മുഴുവൻ പരിപാടിയും അവസാനിച്ചു.വീണ്ടും ബാന്റ് വാദ്യക്കാർ ദേശീയഗാനം വായിച്ചു. ശേഷം ഹാളിന് പുറത്ത് തലേദിവസം പറഞ്ഞിരുന്ന സ്ഥലത്ത് വളണ്ടിയർമാർ ഒഴികെയുള്ളവരുടെ കൂടെ രാഷ്ട്രപതി ഇരുന്ന് ഗ്രൂപ് ഫോട്ടോയും എടുത്തു. വളണ്ടിയർമാരുടെ കൂടെ മാത്രമായി മറ്റൊരു ഗ്രൂപ് ഫോട്ടോയും എടുത്ത ശേഷം രാഷ്ട്രപതി സ്ഥലം വിട്ടു.

     ശേഷം വിഭവസ‌മൃദ്ധമായ ഒരു ചായസൽക്കാരം അരങ്ങേറി.ഹാളിൽ തടിച്ചു കൂടിയ എല്ലാവർക്കും ഇഷ്ടം പോലെ കഴിക്കാനുള്ള വിഭവങ്ങൾ അടങ്ങിയ സൽക്കാരം.അതിൽ ഒരു ഐറ്റം രാഷ്ട്രപതിയുടെ പ്രിയപത്നി തയ്യാറാക്കുന്നതാണ് എന്ന പ്രത്യേകതയും ഈ സൽക്കാരത്തിനുണ്ട്.മതിയവോളം കഴിച്ച ശേഷം അല്പം റൂമിലേക്കും എടുത്ത് (അതുകൊണ്ട് നിങ്ങൾക്കിവിടെ കാണാനായി) ഞങ്ങൾ ദർബാർ ഹാളിനോട് വിടപറഞ്ഞു.രാഷ്ട്രപതിഭവന്റെ മുറ്റത്ത് നിന്നുള്ള ഫോട്ടോ സെഷനുകൾക്ക് ശേഷം എല്ലാവരും തിരിച്ച് ബസ്സിൽ കയറി ഹോസ്റ്റലിലേക്ക് തന്നെ മടങ്ങിയതോടെ ആ ചരിത്രമുഹൂർത്തം അവസാനിച്ചു.(അവസാനിച്ചു.)

8 comments:

Areekkodan | അരീക്കോടന്‍ said...

.അതിൽ നാലാമതായി കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജിന്റേയും പ്രിൻസിപ്പാൾ പ്രൊഫ്.കെ.വിദ്യാസാഗറിന്റേയും പ്രോഗ്രാം ഓഫീസർ ആബിദ് തറവട്ടത്തിന്റേയും പേര് ദർബാർ ഹാളിൽ മുഴങ്ങിയതോടെ ഞങ്ങൾ നടുത്തളത്തിലെ ചെറിയപരവതാനിയിൽ ചെന്ന് നിന്ന് രാഷ്ട്രപതിയെ അഭിവാദ്യം ചെയ്തു.ശേഷം രാഷ്ട്രപതിയുടെ നേരെ നടന്ന് ചെന്നു.

ajith said...

കഴിഞ്ഞ അദ്ധ്യായത്തില്‍ അവിശ്വസനീയമായ കാഴ്ച്ച എന്ന് പറഞ്ഞപ്പോള്‍ പ്രിയപ്പെട്ടവരെ സദസ്സില്‍ കണ്ടത് തന്നെയായിരിക്കും എന്ന് ഉദ്ദേശിച്ചിരുന്നു. അത് ശരിയായി. അവാര്‍ഡ് വാങ്ങിയ നിമിഷങ്ങളുടെ വിവരണം അസ്സലായിട്ടുണ്ട്. അനുമോദനങ്ങള്‍

Arun B said...

ഭയങ്കര ഭയങ്കര ഭയഭയങ്കര അഭിനന്ദനം :)

Faizal Kondotty said...

Congrats..! So proud of u !

Irfan Uzhunnan said...

Well done my dear brother ...

റോസാപ്പൂക്കള്‍ said...

അഭിനന്ദനങ്ങള്‍. താങ്കളുടെ അഭിമാനത്തില്‍ പങ്കു ചേരുന്നു

majeed alloor said...

പത്രത്തില്‍ വായിച്ചറിഞ്ഞിരുന്നു..
അഭിമാനമുഹൂര്‍ത്തം ..!
അഭിനന്ദനങ്ങള്‍ ..

TPShukooR said...

Congratulations

Post a Comment

നന്ദി....വീണ്ടും വരിക