Pages

Sunday, November 17, 2013

കണ്മുന്നിലെ ജോഗ്…..(അരസിക്കര 6)മസാ ചിർമുറി എന്നാൽ തിന്നാനുള്ള എന്തോ സാധനമാണെന്ന് അവിടെ തിങ്ങിക്കൂടിയ ആൾക്കൂട്ടത്തിൽ നിന്നും മനസ്സിലായി. മഞ്ഞും മഴയും , ഞങ്ങളുടെ ഉള്ളിലും ചിർമുറി തിന്നാനുള്ള ആഗ്രഹം ജനിപ്പിച്ചു. പത്രം കോണായി മടക്കി അതിൽ വാങ്ങി മാറിനിന്ന് കഴിക്കുന്നത് കണ്ടപ്പോൾ തന്നെ ഞങ്ങളുടെ വായിലും വെള്ളമൂറി. അങ്ങനെ ഞങ്ങളും ചിർമുറി വാങ്ങി.

വളരെ എളുപ്പം തയ്യാറാക്കാൻ പറ്റുന്ന രുചികരമായ ഒരു സലാഡാണ് മസാ ചിർമുറി. മലരും പലതരം പച്ചക്കറികളുമാണ് ഇതിന്റെ പ്രധാന ഘടകങ്ങൾ. നാലോ അഞ്ചോ പിടി മലരിൽ അല്പം വെളിച്ചെണ്ണ ചേർക്കുക. ശേഷം ഒരു സ്പൂൺ മുളക് പൊടി ചേർത്ത് നന്നായി ഇളക്കുക.ഇനി ഇതിലേക്കുള്ള വിവിധ മസാലകൾ ചേർക്കണം.

സവാള,കാബേജ്,കാരറ്റ്,മല്ലിയില എന്നിവ നന്നായി കഴുകിയതിന് ശേഷം ചെറുതായി അരിഞ്ഞതാണ് (കൊത്തിനുറുക്കി അരിഞ്ഞത് എന്ന് വേണമെങ്കിൽ പറയാം) മസാലയായി ചേർക്കുന്നത്.പിന്നെ നാം സാധാരണ കാണുന്ന മിക്സ്ചറിൽ ഉള്ള പരിപ്പ് മാത്രമോ അല്ലെങ്കിൽ അല്പം മിക്സ്ചറോ ചേർക്കുക.ഇതെല്ലാം കൂടി ഇളക്കിച്ചേർത്താൽ മസാ ചിർമുറിയായി.ഒരാൾക്ക് കഴിക്കാവുന്ന രണ്ട് പിടി മസാ ചിർമുറിക്ക് വില പത്ത് രൂപ മാത്രം(നവരാത്രി പൂജാക്കാലത്ത് മലര് വാങ്ങി വെട്ടിൽ വച്ച് മസാ ചിർമുറി തയ്യാറാക്കി.എല്ലാവരും ആർത്തിയോടെ വാരിത്തിന്നുകയും ചെയ്തു)മസാ ചിർമുറിയും ആസ്വദിച്ച് കഴിഞ്ഞപ്പോൾ വെറുതെ ഒന്ന് വെള്ളച്ചാട്ടത്തിന്റെ നേരത്തെ പോയ ഭാഗത്തേക്ക് തന്നെ പോകാൻ തോന്നി.ഇവിടെ വ്യക്തമായി കണ്ട സ്ഥിതിക്ക് അവിടേയും കോട നീങ്ങിയിരിക്കാൻ സാധ്യതയുണ്ട് എന്ന് വെറുതെ ഒരു തോന്നൽ. അങ്ങനെ വണ്ടിയിൽ കയറി വീണ്ടും പഴയ സ്ഥലത്തേക്ക് തിരിച്ചു.ഗേറ്റിൽ വാഹനപാർക്കിംഗ് ഫീ ആവശ്യപ്പെട്ടെങ്കിലും നേരത്തെ അടച്ച റസീറ്റ് കാണിച്ചപ്പോൾ സുന്ദരമായി അവർ കടത്തിവിട്ടു.

ദൈവത്തിന് സ്തുതി.വീണ്ടും വീണ്ടും സ്തുതി.ആകാശത്ത് നിന്നും താഴേക്ക് പതിക്കുന്ന നാലോ അഞ്ചോ ഭീകരമായ വെള്ളച്ചാട്ടങ്ങൾ ഞങ്ങൾക്ക് മുന്നിൽ രാക്ഷസനൃത്തം ചവിട്ടി.വശ്യമനോഹരമായ കാഴ്ച കണ്ട് ഞങ്ങൾ സ്വയം മറന്ന് നിന്നുപോയി. വീണ്ടും വരാൻ തോന്നിയിരുന്നില്ല എങ്കിൽ ഇന്ത്യയിലെ ഇത്രയും നയനാനന്ദകരമായ ഒരു കാഴ്ച ഞങ്ങൾക്ക് നഷ്ടമാകുമായിരുന്നു എന്ന് മാത്രമല്ല ജോഗ് വെള്ളച്ചാട്ടത്തെക്കുറിച്ചുള്ള എന്റെയും മക്കളുടേയും ഓർമ്മകൾ എന്നും കോടമൂടിയ പോലെയാകുമായിരുന്നു.

അല്പസമയത്തിനകം തന്നെ കോട വീണ്ടും വ്യാപിച്ചു.ഇരുട്ടും വ്യാപിക്കാൻ തുടങ്ങിയതിനാൽ ഞങ്ങൾ തിരിച്ചുപോകാൻ തീരുമാനിച്ചു. തിരിച്ചുപോക്കിൽ ജോഗ് വെള്ളച്ചാട്ടത്തെ പുഷ്ടിപ്പെടുത്തുന്ന അണക്കെട്ട് സന്ദർശിക്കാൻ പോയെങ്കിലും തൊട്ടു താഴെയുള്ള ബണ്ടിന്റെ അടുത്ത് വരെയേ പോകാൻ സാധിച്ചുള്ളൂ.കവിഞ്ഞൊഴുകുന്ന ബണ്ടും ഭീതി വിതക്കുന്ന കാഴ്ചയായിരുന്നെങ്കിലും വന്യതയുടെ മനോഹാരിത ഞങ്ങൾ ആസ്വദിച്ചു.തിരിച്ച് തലഗുപ്പ എത്തി രാത്രി വണ്ടിയിൽ അരസിക്കരക്ക് തന്നെ മടങ്ങി.


(തുടരും.) 

3 comments:

ajith said...

ഫോട്ടോകള്‍ പോരട്ടെ!

Rajeev Daniel said...

ഞങ്ങൾ പോയപ്പോൾ വെള്ളം വളരെ കുറവായിരുന്നു. പ്രതീക്ഷക്കൊത്തുയർന്നില്ല.

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

മസാള ചിർമുറി കഴിച്ച പ്രതിതി.. വിവരണങ്ങൾ നന്നായി.. ചിത്രം കൂടി വരട്ടെ

Post a Comment

നന്ദി....വീണ്ടും വരിക