Pages

Wednesday, November 30, 2016

ഒട്ടകപ്പടയും ആനപ്പടയും

ഗിഫ്റ്റഡ് ചില്‍ഡ്രന്‍ പദ്ധതിയുടെ രണ്ടാമത്തെ ക്ലാസ്സിലും കൂടി രക്ഷിതാക്കൾക്ക് കുട്ടികളുടെ കൂടെ പങ്കെടുക്കാൻ അവസരം നൽകിയിരുന്നു. അതിനാൽ ഞാനും ലുഅ മോളുടെ കൂടെ മലപ്പുറത്തേക്ക് പോയി. രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെ ക്ലാസ് ഉള്ളതിനാൽ അത്യാവശ്യം ചെയ്യാനുള്ള വർക്കുകൾ തീർക്കാൻ ലാപ്‌ടോപ്പും വായിക്കാനായി ഒരു പുസ്തകവും (സി.രാധാകൃഷ്ണന്റെ ഒറ്റയടിപ്പാതകൾ) കയ്യിൽ കരുതിയിരുന്നു.

മോളെ ക്ലാസ്സിൽ കയറ്റി മറ്റു നിരവധി  രക്ഷിതാക്കൾക്കൊപ്പം ഞാനും പുറത്തെ ബെഞ്ചിൽ ഇരുന്നു.തൊട്ടടുത്തിരുന്ന ആളെ പരിചയപ്പെട്ടപ്പോൾ അദ്ദേഹം എന്റെ ആദ്യത്തെ സർക്കാർ സർവീസായ മൃഗസംരക്ഷണ വകുപ്പിലെ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ആണെന്ന് പറഞ്ഞു. 1996ൽ ഉണ്ടായിരുന്ന പലരെയും പറ്റി സംസാരിക്കുന്നതിനിടക്ക് സാമാന്യം തടിയുള്ള ഒരാൾ  കുട്ടിയുമായി താമസിച്ച് വന്നു. വന്ന ആളെ എന്റെ തൊട്ടടുത്തിരിക്കുന്ന ആൾ എണീറ്റ് നിന്ന് ആദരിച്ചു! അയാളെ പരിചയമുണ്ടോ എന്ന ഒരു ചോദ്യവും എന്റെ നേരെ എറിഞ്ഞു.

കുട്ടിയെ ക്ലാസിൽ കയറ്റി ആഗതൻ വീണ്ടും ഞങ്ങളുടെ അടുത്തെത്തി.

“സാർ, ഇദ്ദേഹം മുമ്പ് നമ്മുടെ ഡിപാർട്ട്മെന്റിൽ ഉണ്ടായിരുന്നു...” എന്നെ കാണിച്ച് എന്റെ സഹ ഇരിയൻ ആഗതനോട് പറഞ്ഞു.

“ഏത് വർഷം?” അദ്ദേഹം ചോദിച്ചു.

“1996-98 കാലത്ത്...” 

“പേര്?”

“ആബിദ് തറവട്ടത്ത്”

“ഇല്ലല്ലോ...” എന്നെ ഒന്ന് ചുഴിഞ്ഞ് നോക്കി ആഗതൻ പറഞ്ഞു. പക്ഷെ അല്പം കഴിഞ്ഞ് അദ്ദേഹം അത് തിരുത്തി.  കൂടെ ഇരിക്കാൻ ഞാൻ അദ്ദേഹത്തെ ക്ഷണിച്ചു, ഓണാക്കിയ ലാപ്‌ടോപ് ഞാൻ മെല്ലെ മടക്കി. കുട്ടികളുടെ ക്ലാസ്സിൽ മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘട്ടനത്തെപ്പറ്റി പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് ഞങ്ങളുടെ സംസാരവും ആ വിഷയത്തിലേക്ക് തിരിഞ്ഞു. നാഷണൽ സർവീസ് സ്കീമിലൂടെ ചെയ്യാൻ ഉദ്ദേശിക്കുന്ന ചില ബോധവൽക്കരണ പരിപാടികളെക്കുറിച്ച് ഞാൻ സൂചിപ്പിച്ചു.

“അതിനെപ്പറ്റി ആധികാരികമായി പഠിച്ച വ്യക്തിയാണ് ഞാൻ...ഇത് ഒരു പേപ്പറായി എവിടെയും അവതരിപ്പിച്ചിട്ടില്ല  എന്ന് മാത്രം...” ആഗതൻ പറഞ്ഞു തുടങ്ങി.

“ബേസിക്കലി മാൻ ഈസ് ആൻ അനിമൽ...അപ്പോൾ പിന്നെ മാൻ-അനിമൽ കോൺഫ്ലിക്ട് എന്നത് പൊളിഞ്ഞില്ലേ? തർക്കമുണ്ടെങ്കിൽ തർക്കിക്കാം...” ഞാൻ ഒന്ന് മൂളുക മാത്രം ചെയ്തു.

“ഇന്ത്യയിൽ അശോക ചക്രവർത്തി യുദ്ധ മുന്നണിയിൽ ആനയെ ഉപയോഗിച്ചിരുന്നു.അതുവഴി ഹസ്തിശാസ്ത്രം എന്ന ഒരു പുസ്തകം തന്നെ എഴുതപ്പെട്ടു. ആനകൾ ഭയന്നാൽ അവ പിന്നോട്ട് ഓടും.അതായത് അവക്ക് പരിചയമുള്ള വഴിയിലേക്ക്. ഇതിന് നേരെ വിപരീതമായുള്ള ഒരു ജീവിയുണ്ട് ...ഒട്ടകം. ഇനി ഞാൻ പറയുന്ന കാര്യം ചരിത്രത്തിൽ എവിടെയും കാണപ്പെടില്ല....ചെങ്കിസ്ഖാൻ ജീവികളുടെ ഈ സ്വഭാവ വൈവിധ്യം മനസ്സിലാക്കിയ ചക്രവർത്തിയായിരുന്നു. ഇന്ത്യയിലെ ആനപ്പടയെ തോൽപ്പിക്കാൻ ചെങ്കിസ്ഖാൻ ഒട്ടകപ്പടയെ ഇറക്കി. യുദ്ധ മുന്നണിയിൽ പേടിച്ചരണ്ട ഒട്ടകങ്ങൾ ആനപ്പടക്ക് നേരെ ഓടിയടുത്തു. ഇതുകണ്ട് ആനകൾ പേടിച്ചപ്പോൾ അവ പിന്തിരിച്ച് സ്വന്തം ആൾക്കാരെത്തന്നെ ചവിട്ടി മെതിച്ചോടി. ചെങ്കിസ്ഖാൻ യുദ്ധം ജയിച്ചു. ആന ഇണക്കപ്പെട്ട വന്യ മൃഗമാണ്, ഒട്ടകം ഇണക്കപ്പെട്ട വളർത്തു മൃഗവും. അതാണ് വ്യത്യാസവും...” എനിക്ക് മറുത്തൊന്നും പറയാനില്ലായിരുന്നു.

“ആനയെ തളക്കാൻ ഇലക്ട്രിക് വേലി കൊണ്ടൊന്നും കാര്യമില്ല.ജൈവവേലി ഉണ്ടാക്കിയാൽ മതി. ആന ഇറങ്ങുന്ന സ്ഥലത്ത് അഞ്ചടി വീതിയിൽ കാന്താരി മുളക്  ചെടി നടുക. കാന്താരിയുടെ മണം അടിച്ചാൽ ആന പിന്തിരിയും. മറ്റൊന്ന് ആന എപ്പോഴും സഞ്ചരിക്കുന്ന ഒരു വഴിയുണ്ട്.അതിന് ആനത്താര എന്ന് പറയും. ഈ വഴിയിൽ ഒരു കയർ കെട്ടുക. കയറിന്റെ മറ്റേ അറ്റം ഒരു തേനീച്ചക്കൂടുമായും ബന്ധിപ്പിക്കുക.ആന കയറിൽ തട്ടുമ്പോൾ തേനീച്ച ഇളകും. തേനീച്ചയുടെ മൂളൽ ആനക്ക് പിടിക്കില്ല...”

“ജനവാസ കേന്ദ്രത്തിൽ തേനീച്ച ഇളകിയാൽ അതും പ്രശ്നമല്ലേ?” ഞാൻ വെറുതെ ഒരു ചോദ്യം തിരിച്ചു കൊടുത്തു. ആഗതൻ ഒന്ന് ഉത്തരം മുട്ടി.ഉടൻ അടുത്ത ചോദ്യം എറിഞ്ഞു - 
“ആനകൾ കൂട്ടമായി വരുമ്പോൾ ആനത്താരയിലൂടെ സഞ്ചരിക്കുമായിരിക്കും. പക്ഷേ നാട്ടിലിറങ്ങുന്ന ഒറ്റയാൻ അങ്ങനെയല്ലല്ലോ? അത് ഏത് വഴി വരും എന്ന് പറയാൻ സാധിക്കുമോ...?”

“ങാ...അത് ശരിയാ....ഒറ്റയാന് കാന്താരി വേലി മാത്രമേ പറ്റൂ...” ആഗതൻ മുട്ടു മടക്കി. അധികം ചോദ്യങ്ങൾ വരുന്നതിന് മുമ്പെ അദ്ദേഹം സ്ഥലം വിട്ടു.

മേൽ പറഞ്ഞ കാര്യങ്ങൾ എത്രത്തോളം ശരിയാണെന്ന് എനിക്കറിയില്ല.  ചെങ്കിസ്ഖാനിന്റെ ഒട്ടകപ്പടയെപ്പറ്റി സെർച്ച് ചെയ്തിട്ടൊന്നും കിട്ടുന്നില്ല. പക്ഷെ എനിക്ക് കിട്ടിയ ആ വിവരങ്ങൾ പുതുമയുള്ളതായതിനാൽ മാത്രം അതിവിടെ പങ്ക് വയ്ക്കുന്നു.

Monday, November 28, 2016

വയനാട് സാഹസിക വിനോദ കേന്ദ്രം

കറലാട് തടാകം എന്ന് കേള്‍ക്കുമ്പോള്‍ എന്റെ മനസ്സില്‍ ഓടി എത്തിയിരുന്നത് പത്ത് വര്‍ഷം മുമ്പത്തെ ഒരു ചിത്രമാണ്. കല്പറ്റയിലെ ഒരു ബന്ധു വീട്ടില്‍ പോയി തിരിച്ചു പോരുന്ന സമയത്ത് അതോ അങ്ങോട്ട് പോകുന്ന സമയത്തോ എന്നോര്‍മ്മയില്ല വയനാട് ടൂറിസം ഭൂപടത്തില്‍ കണ്ട ആ സ്ഥലം ഒന്ന് കാണാന്‍ തീരുമാനിച്ചു. അന്ന് അവിടെ എങ്ങനെ എത്തിപ്പെട്ടു എന്ന് ഇന്നും എനിക്ക് ഒരു നിശ്ചയമില്ല. ഞാനും ഭാര്യയും മൂത്തമകള്‍ ലുലുവും ആ “വിനോദ സഞ്ചാര കേന്ദ്രം” തപ്പിപ്പിടിച്ചു !!

അവിടെ എത്തിയപ്പോള്‍ പായല്‍ മൂടി കിടക്കുന്ന ഒരു തടാകം കണ്ടു. സമീപത്ത് എന്നല്ല, വിളിച്ചു കൂവിയാല്‍ കേള്‍ക്കുന്ന സ്ഥലത്ത് പോലും ഒരു മനുഷ്യന്റെ അനക്കം കണ്ടില്ല !പായലില്‍ കുരുങ്ങിയ ഒരു ബോട്ട് ആണ് ടൂറിസം ഭൂപടത്തില്‍ പറയുന്ന ആ സ്ഥലം ഇതു തന്നെ എന്ന് തീര്‍ച്ചയാക്കാന്‍ എന്നെ സഹായിച്ചത്. ഇനി ഇത്തരം ഒരു വിഡ്ഢിത്തം ആര്‍ക്കും പറ്റരുതേ എന്ന് ആത്മാര്‍ത്ഥമായി അന്ന് പ്രാര്‍ത്ഥിച്ചിട്ടുണ്ടാകണം.കാരണം അതേ കറലാട് ആണ് ഇന്ന് വയനാട് സാഹസിക വിനോദ കേന്ദ്രമായി തല ഉയര്‍ത്തി നില്‍ക്കുന്നത്.

കല്പറ്റയില്‍ നിന്നും പടിഞ്ഞാറത്തറ വഴി മാനന്തവാടി പോകുന്ന റൂട്ടിലാണ് കറലാട്. പടിഞ്ഞാറത്തറ എത്തുന്നതിന് മുമ്പ് കാവും‌മന്ദം എന്ന സ്ഥലം കഴിഞ്ഞ് കാവും‌മന്ദം H S എന്ന ഒരു സ്റ്റോപ്പുണ്ട്.അവിടെ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് പോകുന്ന ഇടുങ്ങിയ റോഡിന് 2 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാല്‍ ഈ വിനോദ കേന്ദ്രത്തില്‍ എത്താം (അതുകൊണ്ടാണ് 10 കൊല്ലം മുമ്പ് എങ്ങനെ ഞാന്‍ ഇവിടെ എത്തിപ്പെട്ടു എന്ന് സംശയിച്ചത്)

ടൂറിസം ഡിപ്പാര്‍ട്ട്മെന്റും എന്‍.എസ്.എസ് ടെക്നിക്കല്‍ സെല്ലും സംയുക്തമായി നടപ്പാക്കുന്ന ‘ഗ്രീന്‍ കാര്‍പറ്റ്’ എന്ന പദ്ധതിയുടെ ഭാഗമായുള്ള ഒരു പ്രവര്‍ത്തനത്തിനാണ് എന്‍.എസ്.എസ് വളന്റിയര്‍മാരെയും കൊണ്ട് ഞാന്‍ കഴിഞ്ഞ ദിവസം ഇവിടെ എത്തിയത്. പ്രവൃത്തിക്ക് ശേഷം അവിടെയുള്ള സൌകര്യങ്ങള്‍ ഒന്ന് ചുറ്റി കാണാന്‍ ഡിപാര്‍ട്ട്മെന്റ് സ്റ്റാഫ് എന്നെ ക്ഷണിച്ചു.

സഞ്ചാരികള്‍ക്ക് താമസിക്കാന്‍ 10 ടെന്റുകളും അല്പം മഡ് ഹൌസുകളും തയ്യാറാക്കി വരുന്നു.ഒന്നോ രണ്ടോ മാസങ്ങള്‍ക്കുള്ളില്‍ തുറക്കുമായിരിക്കും. ഒരു ഗ്രൂപിന് ഒന്നിച്ച് വന്ന് ടെന്റുകളില്‍ താമസിക്കാനും കോണ്‍ഫറന്‍സ് നടത്താനും സാധിക്കും.വിശാലമായ ഒരു കോണ്‍ഫറന്‍സ്ഹാള്‍ തയ്യാറായിട്ടുണ്ട്. ഒപ്പം നിരവധി സാഹസിക വിനോദങ്ങളും ലഭ്യമാണ്.

സാഹസിക വിനോദത്തില്‍ ഏറ്റവും ആവേശകരമായത് ഒരു പക്ഷേ ഹൃദയം നിലക്കുന്ന സിപ് ലൈന്‍ ആണ്. 40 അടി താഴ്ചയുള്ള കറലാട് തടാകത്തിന് മുകളിലൂടെ 240മീറ്ററോളം ദൂരം കയറില്‍ തൂങ്ങിയുള്ള ഒരു യാത്ര!
ഗ്രാവിറ്റി ഉപയോഗപ്പെടുത്തിയുള്ള ഈ യാത്ര വെറും 18 സെക്കന്റ് കൊണ്ട് അവസാനിക്കും എങ്കിലും അതിന്റെ മുന്നൊരുക്കം ചങ്കിടിപ്പ് സെക്കന്റില്‍ 180ല്‍ എത്തിക്കും! 290 രൂപ കൊടുത്ത് ഈ യാത്ര ആസ്വദിക്കാം.സന്നദ്ധ പ്രവര്‍ത്തനത്തിനുള്ള നന്ദി സൂചകമായി എനിക്കും നാല് കുട്ടികള്‍ക്കും സൌജന്യമായി ഇത് ആസ്വദിക്കാനുള്ള അവസരം ലഭിച്ചു!
കയറില്‍ ബന്ധിച്ച് അരയില്‍ ഉറപ്പിച്ച് ഹെല്‍മറ്റും ഗ്ലൌസും ധരിച്ച് രണ്ട് തെങ്ങിന്റെ ഉയരത്തിലുള്ള ഒരു പ്ലാറ്റ്ഫോമില്‍ കയറി ഒന്നാമനായി ഞാന്‍ നിന്നു. എനിക്കുള്ള നിര്‍ദ്ദേശങ്ങള്‍ തന്നു കൊണ്ട് അല്പാല്പമായി പിന്നോട്ട് നീങ്ങാന്‍ ഓപറേറ്റര്‍ ആവശ്യപ്പെട്ടു.താഴെ ഒരു പൊട്ടുപോലെ മനുഷ്യത്തലകള്‍ നീങ്ങുന്നത് കാണുന്നുണ്ട്....ഫും!!ഞാന്‍ അതാ തടാകത്തിന്റെ മുകളിലേക്ക് അതിവേഗം കുതിക്കുന്നു!!
എനിക്ക് പിന്നാലെ നറുക്കെടുപ്പിലൂടെ അവസരം ലഭിച്ച 3 പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയും സിപ് ലൈനിലൂടെ തടാകം കടന്നു!
230 രൂപ കൊടുത്ത് ആസ്വദിക്കാവുന്ന 2 പേര്‍ ചേര്‍ന്നുള്ള കയാക്കിംങ്ങിനും ഞങ്ങളില്‍ 8 പേര്‍ക്ക് സൌജന്യ അവസരം കിട്ടി!20 മിനുട്ട് ആണ് ഇതിന്റെ സമയം. റോക്ക് ക്ലൈമ്പിംഗ്, പൈന്റ് ബാള്‍ തുടങ്ങിയ പ്രോഗ്രാമുകളും ഇപ്പോള്‍ ഉണ്ട്.കൂടുതല്‍ ഐറ്റങ്ങള്‍ ഉടന്‍ നിലവില്‍ വരും എന്ന് ടൂറിസം അധികാരികള്‍ അറിയിച്ചു.
 
കുട്ടികള്‍ക്ക് ആസ്വദിക്കാന്‍ പ്രത്യേകിച്ച് ഒന്നും ഇല്ല എന്നതാണ് ഒരു പോരായ്മ.ചില്‍ഡ്രന്‍സ് പാര്‍ക്കിന് സ്ഥലം കണ്ടെത്തിയിട്ടുണ്ട് എന്ന് പറയുന്നു. സ്വന്തമായി വാഹനം ഇല്ലെങ്കില്‍ ഇവിടെ എത്തിപ്പെടാന്‍ ബുദ്ധിമുട്ടാണ് എന്നതും സ്വന്തം വാഹനം കൊണ്ടുപോയാല്‍ തന്നെ സ്വകാര്യ വ്യക്തികളുടെ പേ ആന്റ് പാര്‍ക്കിംഗ് സൌകര്യം ഉപയോഗപ്പെടുത്തേണ്ടി വരും എന്നതും നിലവിലുള്ള പ്രശ്നങ്ങളാണ്. പ്രവേശന ഫീസ് ഇപ്പോള്‍ മുതിര്‍ന്നവര്‍ക്ക് 20 രൂപയും കുട്ടികള്‍ക്ക് 10 രൂപയുമാണ്.

Friday, November 25, 2016

സ്വാമിയും കൂട്ടുകാരും

                  ആർ.കെ നാരായൺ എന്ന ഇന്ത്യൻ ഇംഗ്ലീഷ് സാഹിത്യകാരനെ അനശ്വരനാക്കിയത് “മാൽഗുഡി ഡെയ്സ്” എന്ന കഥാസമാഹാരമാണ്. മാൽഗുഡി എന്ന ഇല്ലാത്ത ഒരു നാട്ടിൽ നടക്കുന്ന കൊച്ചു കൊച്ചു സംഭവങ്ങൾ ആണ് ഇതിലെ പ്രദിപാദ്യ വിഷയം എന്ന് കേട്ടതിനാൽ ഒന്ന് വായിക്കണം എന്ന് മനസ്സിലുറപ്പിച്ചു. അങ്ങനെയിരിക്കെ അപ്രതീക്ഷിതമായാണ് എന്റെ ഇപ്പോഴത്തെ റൂം മേറ്റും കോളേജിലെ അദ്ധ്യാപകനുമായ ശ്രീ. അലി അക്ബർ എനിക്ക് ഒരു പുസ്തകം വായിക്കാൻ തന്നത്.

                    ആർ.കെ നാരായൺ എഴുതിയ “സ്വാമിയും കൂട്ടുകാരും“ ആയിരുന്നു  ആ പുസ്തകം. ഇതു തന്നെയാണ് “മാൽഗുഡി ഡെയ്സ്” എന്ന് അലി അക്ബർ സാർ പറഞ്ഞതിനാൽ തേടിയ പുലി കാറിന് കൈ കാട്ടി എന്ന പോലെ ഞാൻ അത് വായനാ ആർത്തിയോടെ വാങ്ങി. 

                    മാൽഗുഡിയിലെ  സ്വാമി എന്ന പത്തുവയസ്സുകാരന്റെ ജീവിതവും സുഹൃത്തുക്കളുമൊത്തുള്ള കുസൃതികളും കുട്ടിക്കളികളും മറ്റും മറ്റും ആണ് ഈ പുസ്തകത്തിലെ വിഷയങ്ങൾ. കണക്കിൽ വളരെ പിന്നിലായ സ്വാമിക്ക് അച്ഛൻ ഒരു ഹോം വർക്ക് നൽകുന്നതും ആ കണക്കിൽ നിന്നും വിട്ട് അതിനപ്പുറത്തേക്ക് ചിന്തിച്ച് സ്വാമി എത്തുന്ന നിഗമനങ്ങളും അതേ പോലെ യൂറോപ്പിന്റെ മാപ്പിനെ പറ്റിയുള്ള സ്വാമിയുടെ ചിന്തകളും വളരെ രസകരമായി തോന്നി.

               സ്വാമിയുടെ കൂട്ടുകാരനായ മണിയുടെ വീമ്പുകൾ കേട്ടാൽ ഒരു പയ്യൻ തന്നെയാണോ ഇത് പറയുന്നത് എന്ന് സംശയിച്ചു പോകും - 
“....ആദ്യം ഞാൻ മുനിസിപ്പൽ വിളക്ക് കല്ലെറിഞ്ഞ് പൊട്ടിക്കും.കബീർ സ്ട്രീറ്റിലെ ഇരുട്ട് എത്ര കനത്തതാണെന്ന് നിനക്കറിയാമോ?ഞാൻ ഗദയുമായി കാത്തിരിക്കും.അവൻ ആ ഭാഗത്തേക്ക് പതുങ്ങി വരുമ്പോൾ എല്ലു തകർത്ത് തറയിലെ പൊടിമണ്ണിൽ തളർന്ന് കിടക്കും....” ഇങ്ങനെ ഒരു ചിന്ത ഒരു പയ്യന്റെ മനസ്സിൽ നിന്ന് ഉണ്ടാകണമെങ്കിൽ അത് എത്ര വിഷലിപ്തമാണെന്ന് ഒരു വേള നാം ചിന്തിക്കണം.

              ഇത് “മാൽഗുഡി ഡെയ്സ്” അല്ല എന്ന് എനിക്ക് മനസ്സിലായി. പക്ഷെ തെക്കെ ഇന്ത്യയിൽ സരയൂ നദീ തീരത്ത് “മാൽഗുഡി“ എന്നൊരു സ്ഥലം ഉള്ളതായി ഈ പുസ്തകം വായിക്കുന്നവനും തോന്നും. അത്രക്കും മനോഹരമായാണ് ആ നാടിനെ ആർ.കെ സൃഷ്ടിച്ചിരിക്കുന്നത്.

              മേൽ സൂചിപ്പിച്ച പോലെ സ്വാമി എന്ന പത്ത് വയസ്സുകാരനും അവന്റെ കൂട്ടുകാരും സമപ്രായക്കാരും  ചെയ്യുന്ന നിരവധി ക്രൂര കൃത്യങ്ങൾ പുസ്തകത്തിൽ പറയുന്നുണ്ട്. പക്ഷെ ഈ പ്രായത്തിൽ ചെയ്യാൻ പറ്റുന്നവ തന്നെയാണോ അവ എന്ന സന്ദേഹം ഇന്നത്തെ കാലത്ത് ഇത് വായിക്കുമ്പോൾ ഉയരും എന്ന് തീർച്ച. എങ്കിലും മുഷിപ്പില്ലാതെ വായിക്കാൻ പറ്റിയ പുസ്തകമാണ് “സ്വാമിയും കൂട്ടുകാരും“ എന്നതിൽ സംശയമില്ല.

രചയിതാവ് : ആർ.കെ.നാരായൺ
വില                : 28 രൂപ (അന്ത കാലത്ത്)
പ്രസിദ്ധീകരിച്ചത് : നാഷണൽ ബുക്ക് ട്രസ്റ്റ്, ഇന്ത്യ


Tuesday, November 22, 2016

ഗിഫ്റ്റഡ് ചില്‍ഡ്രന്‍

            മക്കളാല്‍ “സമ്മാനിതരാകുന്ന“ത് ഏതൊരു രക്ഷിതാവിനും ഏറെ സന്തോഷം നല്‍കുന്ന കാര്യമാണ്. മക്കളുടെ പേരില്‍ അറിയപ്പെടുന്നതും ഒരു രക്ഷിതാവിനെ സംബന്ധിച്ചിടത്തോളം അഭിമാനാര്‍ഹം തന്നെ. ഞാന്‍ ഇങ്ങനെ അറിയപ്പെട്ട ഒരു സന്ദര്‍ഭവും എന്റെ ഭാര്യ അറിയാതെ താരമായ സന്ദര്‍ഭവും ബൂലോകത്ത് ഞാന്‍ പങ്കു വച്ചിരുന്നു.

            ഇന്നലെ എന്റെ രണ്ടാമത്തെ മകള്‍ ലുഅ മോള്‍ ആയിരുന്നു എന്നെ അഭിമാന താരമാക്കിയത്. മലപ്പുറം ജില്ലയിലെ നാല് വിദ്യഭ്യാസ ജില്ലകളില്‍ നിന്നായി 80 കുട്ടികളെ, ജില്ലാ വിദ്യാഭ്യാസ ഉപ ഡയരക്ടറുടെ നേതൃത്വത്തില്‍ നടത്തുന്ന ഗിഫ്റ്റഡ് ചില്‍ഡ്രന്‍ എന്ന പദ്ധതിയിലേക്ക് തെരഞ്ഞെടുത്തിരുന്നു. ജില്ലയില്‍ നിന്നും ടോപ് മാര്‍ക്കോടെ യു.എസ്.എസ് സ്കോളര്‍ഷിപ് പരീക്ഷ പാസായവര്‍ക്കാണ് ഈ പദ്ധതിയിലേക്ക് പ്രവേശനം എന്ന് വണ്ടൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ നിന്നുള്ള 20 പേരില്‍ ഒരാളായി എന്റെ മോള്‍ പങ്കെടുത്തപ്പോഴാണ് ഞാന്‍ അറിഞ്ഞത്. ശരിക്കും ഒരു രക്ഷിതാവ് ‘ഗിഫ്റ്റഡ്’ ആയ സന്ദര്‍ഭമായി എനിക്കത് അനുഭവപ്പെട്ടു.

            പല തരത്തിലുള്ള “എന്‌റിച്‌മെന്റ്” പ്രോഗ്രാമുകളാണ് ഈ പദ്ധതിയിലൂടെ നടപ്പാക്കുക എന്ന് ഡി.ഡി.ഇ ശ്രീ.പി.സഫറുള്ള അറിയിച്ചു.ഐ.എസ്.ആര്‍.ഒ പോലെയുള്ള ശാസ്ത്രകേന്ദ്രങ്ങളിലേക്കുള്ള യാത്ര, പ്രകൃതി പഠന ക്യാമ്പ്, ദ്വിദിന ക്യാമ്പ്, ദശദിന ക്യാമ്പ് തുടങ്ങീ നിരവധി പരിപടികള്‍ കഴിഞ്ഞ വര്‍ഷം നടത്തിയതായി വിശദീകരിക്കപ്പെട്ടു. നാഷണല്‍ ടാലന്റ് സെര്‍ച് പരീക്ഷ മുതല്‍ സിവില്‍ സര്‍വീസ് പരീക്ഷ വരെയുള്ള മത്സര പരീക്ഷകള്‍ക്കുള്ള തയ്യാറെടുപ്പിന് കൂടി ഈ പദ്ധതി ലക്ഷ്യമിടുന്നു. ഏതൊരു രക്ഷിതാവും തന്റെ മക്കളുടെ നല്ല ഭാവി കാംക്ഷിക്കുന്നതിനാല്‍ തികച്ചും സൌജന്യമായ ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ താല്പര്യപ്പെടും എന്ന് തീര്‍ച്ച.

            ഇന്നലെ ഇതിന്റെ മലപ്പുറം ജില്ലാതല ഉത്ഘാടനം കളക്ടറേറ്റില്‍ വച്ചു നടന്നു. അവിടെയും ഡി.ഡി.ഇ എന്റെ പേര് പ്രത്യേകം പരാമര്‍ശിച്ചത് തന്നെ എന്റെ ആത്മാഭിമാനം വാനോളം ഉയര്‍ത്തി.നാഷണല്‍ സര്‍വീസ് സ്കീമിന്റെ ഇന്ത്യയിലെ പരമോന്നത പുരസ്കാരമായ ഇന്ദിരാഗാന്ധി എന്‍.എസ്.എസ് നാഷണല്‍ അവാര്‍ഡ് രാഷ്ട്രപതിയില്‍ നിന്നും സ്വീകരിച്ചതിന്റെ മൂന്നാം വാര്‍ഷികത്തിന്റെ പിറ്റേ ദിവസമാണ് ഇക്കാര്യം ഡി.ഡി.ഇ സൂചിപ്പിച്ചത്. അവിടെ സമ്മേളിച്ച മുഴുവന്‍ രക്ഷിതാക്കള്‍ക്ക് മുമ്പിലും ഞാന്‍ പെട്ടെന്ന് ഹീറൊ ആയപ്പോള്‍ ഗിഫ്റ്റഡ് ചില്‍ഡ്രന്‍  പദ്ധതിയിലൂടെ ഗിഫ്റ്റഡ് പാരന്റ് ആയി  മാറിയ ആദ്യ വ്യക്തിയായി ഞാന്‍ മാറി!

              ഇന്നലെ തന്നെ ഈ മക്കള്‍ക്ക് , ബഹുമാനപ്പെട്ട മലപ്പുറം ജില്ലാ കളക്ടര്‍ ഷൈനമോള്‍ ഐ.എ.എസുമായി സംവദിക്കാനും അവസരം ലഭിച്ചു എന്നത് ഇതില്‍ പങ്കെടുക്കുന്ന ഓരോ കുട്ടിക്കും പ്രചോദനം നല്‍കുന്നതാണ് എന്നതില്‍ തര്‍ക്കമില്ല.

             മുടങ്ങാതെ മുന്നോട്ട് പോയാല്‍ 80ല്‍ കുറഞ്ഞത് 8 പേര്‍ എങ്കിലും സിവില്‍ സര്‍വീസില്‍ കയറിപ്പറ്റും എന്നാണ് എന്റെ പ്രതീക്ഷ.ദൈവം അനുഗ്രഹിക്കട്ടെ. 

മാലിന്യം നമ്മുടെ കരവിരുതിൽ...

              2016 ഒക്ടോബർ 14. നാഷണൽ സർവീസ് സ്കീം ടെക്നിക്കൽ സെല്ലിലെ പ്രോഗ്രാം ഓഫീസർമാരുടെ ത്രിദിന വാർഷിക സംഗമം എറണാകുളം പുത്തങ്കുരിശിലുള്ള മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നടക്കുകയാണ്. ഉത്ഘാടന സമ്മേളനത്തിലെ മുഖ്യാതിഥി എ.പി.ജെ അബ്ദുൽ കലാം കേരള സാങ്കേതിക സർവ്വകലാശാലയുടെ ബഹുമാനപ്പെട്ട പ്രോ വൈസ് ചാൻസലർ ഡോ.എം.അബ്ദുറഹ്മാൻ ആയിരുന്നു. ആ വേദിയിൽ ആശംസ നേരാനുള്ള ഒരവസരം, നാഷണൽ സർവീസ് സ്കീം ടെക്നിക്കൽ സെല്ലിന്റെ സംസ്ഥാന ഉപദേശക സമിതി അംഗം എന്ന നിലക്ക് എനിക്കും ലഭിച്ചു.
                വേദിയിൽ ഇരിക്കുന്ന ഓരോരുത്തരെയായി സ്വാഗത പ്രാസംഗികൻ അത്യാവശ്യം നന്നായി തന്നെ പരിചയപ്പെടുത്തിക്കൊണ്ട് വേദിയിലേക്ക് സ്വാഗതം ചെയ്തു. ഒപ്പം ഓരോ പെൺ‌കുട്ടികൾ വന്ന് ഒരു പൂക്കൊട്ട സ്വാഗതം ചെയ്യപ്പെടുന്നവർക്ക് നൽകി (സാധാരണ ബൊക്കയാണ് നൽകാറ്). എനിക്കും അത്തരം ഒരു പൂക്കൊട്ട കിട്ടി.കടലാസ് കൊണ്ടുണ്ടാക്കിയ കുറെ പൂക്കൾ വച്ച ഒരു കുട്ട എന്ന നിലക്ക് എനിക്ക്  ഒറ്റ നോട്ടത്തിൽ അത് വലുതായി ഇഷ്ടപ്പെട്ടില്ല. ഞാൻ അത് കസേരക്കടിയിൽ വച്ചു.

              അല്പം കഴിഞ്ഞപ്പോൾ പ്രോ വൈസ് ചാൻസലർ അദ്ദേഹത്തിന് കിട്ടിയ കുട്ട തിരിച്ചും മറിച്ചും നോക്കുന്നത് ഞാൻ ശ്രദ്ധിച്ചു. അപ്പോഴാണ് കുട്ടയുണ്ടാക്കിയ വസ്തുവിൽ എന്റെ കണ്ണ് പതിഞ്ഞത്. മാഗസിനിലെയും ആഴ്ചപ്പതിപ്പിലെയും പേജുകളും പത്രക്കഷ്ണങ്ങളും ഉപയോഗിച്ചായിരുന്നു മനോഹരമായ ആ കുട്ട ഉണ്ടാക്കിയിരുന്നത്. ഓരോ കുട്ടക്കും നല്ല ഫിനിഷിംഗും ഉണ്ടായിരുന്നു .
            ചടങ്ങ് കഴിഞ്ഞ് സ്റ്റേജിൽ നിന്നിറങ്ങിയ ഞാൻ എനിക്ക് കിട്ടിയ കുട്ട കസേരക്കടിയിൽ നിന്നും എടുത്തു.തൃശൂർ എഞ്ചിനീയറിംഗ് കോളേജിൽ പഠിക്കുന്ന സുഹൈൽ ഹംസ അവന് കിട്ടിയ പൂക്കൊട്ടയും എനിക്ക് തന്നു. അതും സ്വീകരിച്ച്  ഞാൻ എന്റെ ബാഗിൽ ശ്രദ്ധയോടെ വച്ചു.
             രണ്ട് വർഷങ്ങൾക്ക് മുമ്പ് ഞാൻ പ്രോഗ്രാം ഓഫീസർ സ്ഥാനം ഒഴിഞ്ഞപ്പോൾ കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജിലെ എന്റെ വളണ്ടിയർ അമലും അവന്റെ സഹോദരനും കൂടി ഉണ്ടാക്കി എനിക്ക് സമ്മാനിച്ച  പേപ്പർ ഫ്ലവർ വേസും ഈ പൂക്കൊട്ടകളും ഇന്ന് എന്റെ മേശപ്പുറം അലങ്കരിക്കുന്നു. മാലിന്യം സ്വന്തം കരവിരുതിലൂടെ അലങ്കാരമാക്കി മാറ്റാം എന്ന സന്ദേശം നൽകാൻ.  ആർക്കെങ്കിലും അത് പ്രചോദനം നൽകും എന്നും ഞാൻ പ്രതീക്ഷിക്കുന്നു.Sunday, November 20, 2016

1000 രൂപയുടെ ആത്മഗതം

നല്ലവണ്ണം ചെവിയോര്‍ത്തു നോക്ക്യേ...
1000 രൂപയുടെ ആത്മഗതം
‘ഇന്നു ഞാന്‍, നാളെ നീ’

Wednesday, November 16, 2016

പാമ്പും കടിച്ചു !!!!!

“ദേ...ഇന്നെങ്കിലും ഇറച്ചിയോ മീനോ കിട്ട്വാ നോക്ക്...ഇത് ഒരു നോട്ട് കേസും പറഞ്ഞ്....നിങ്ങൾക്ക് വേണ്ടെങ്കി ഞങ്ങൾക്ക് വേണം....” മോദിജിയുടെ മുഖം ജപ്പാനിലെ ബുള്ളറ്റ് ട്രെയിനിൽ തിളങ്ങിയപ്പോൾ എന്റെ കഷണ്ടി ഭാര്യയുടെ വാക്കുകൾക്ക് മുന്നിൽ വിയർത്തു.

“കാർഡ് ഉപയോഗിച്ച് ഷോപ്പിംഗ് നടത്താനാ കേന്ദ്ര നിർദ്ദേശം...ഇന്നാട്ടിലെ മീൻ മാർക്കറ്റിലും കോഴിപ്പീടികയിലും ഈ ‘സുയിപ്പിംഗ്‘ യന്ത്രം ഇല്ല എന്ന് അവരുണ്ടോ അറിയുന്നു....”

‘ഇനി ഒറ്റ വഴിയേ ഉള്ളൂ...നാളെ രാവിലെത്തന്നെ കോളേജിലേക്ക് പോവുക...അവിടെ ആൾക്കൂട്ടത്തിൽ അലിഞ്ഞ് ചേരുമ്പോൾ ഇത്തരം ചിന്തകൾ ഒന്നും ഉണ്ടാകില്ല’ ഞാൻ ആത്മഗതം ചെയ്തു. “രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും ആപ്പിൾ ജ്യൂസ്” എന്ന് പറഞ്ഞപോലെ അല്പ സമയം കഴിഞ്ഞതും കോളേജിൽ നിന്ന് വിളി എത്തി -

“സാറിനോട് നാളെ രാവിലെ പത്ത് മണിക്ക് അസിസ്റ്റന്റ് പോലീസ് സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകാൻ പറഞ്ഞിരിക്കുന്നു...കോളേജിലെ മറ്റേ പ്രശ്നത്തിൽ മൊഴി നൽകാൻ...” ഇടി വെട്ടേറ്റവന്റെ തലയിൽ തേങ്ങ വീണു.

  ഭാര്യക്ക് അത്യാവശ്യ ചെലവിനായി 100 രൂപയും കൊടുത്ത് പിറ്റേന്ന് രാവിലെ തന്നെ ഞാൻ ബസ് കയറി.കൃത്യസമയത്ത് സ്റ്റേഷനിൽ എത്തിയെങ്കിലും, ബത്തേരിയിൽ ഒരു കാട്ടാന ഇറങ്ങിയതിനാൽ പോലീസ് സൂപ്രണ്ടിന് സ്ഥലം വിടേണ്ടി വന്നു.മറ്റാരോ അല്പം ചില കാര്യങ്ങൾ ചോദിച്ച് വിട്ടയക്കുകയും ചെയ്തു.

ഉച്ചയോടെ കോളേജിൽ എത്തി വേഗം ഭക്ഷണം കഴിക്കാൻ കയറി. നോട്ട് പ്രശ്നം ഉള്ളതിനാൽ ഇന്ന് ആദ്യമായി കടം പറയാം എന്ന് മനസ്സിൽ കരുതിയിരിക്കുമ്പോൾ കടയുടമ അടുത്തെത്തി.

“സാറെ...ഇത് വല്ലാത്തൊരു പരിപാടിയായിപ്പോയി...സാധനം വാങ്ങാൻ ചില്ലറയില്ല...കാശ് കൊടുക്കാതെ സാധനം കിട്ടുകയുമില്ല...അതിനാൽ ഈ പോളിസി സ്വീകരിച്ചു...” ഒരു ബോർഡ് നീട്ടിക്കാണിച്ച് അദ്ദേഹം പറഞ്ഞു.

“ഇന്ന് രൊക്കം നാളെ കടം” ബോർഡ് ഞാൻ വായിച്ചു. കുട്ടിക്കാലത്ത്  ‘ഗ്രിമ്മിന്റെ കഥകൾ’ എന്ന പുസ്തകത്തിൽ വായിച്ചത് ഓർമ്മയിൽ തികട്ടിയെത്തി. കയ്യിലുണ്ടായിരുന്ന നോട്ടുകളും ചില്ലറയും ഒക്കെ കൂടി അദ്ദേഹത്തിന് നൽകി ഞാൻ കൈ കഴുകാൻ നീങ്ങി.എത്ര ശ്രമിച്ചിട്ടും വെള്ളം വരാത്തതിനാൽ ഞാൻ അക്ഷമനായി - “ചേട്ടാ...വെള്ളം ഇല്ലേ?”

“അതറിഞ്ഞില്ലേ...കോളേജിലേക്ക് വെള്ളമടിക്കുന്നതിന് സമീപം ആരോ വേസ്റ്റ് കൊണ്ടുപോയി തട്ടിയിരിക്കുന്നു...അതിനാൽ പമ്പിംഗ് ഇല്ല...വെള്ളവും ഇല്ല”

“യാ കുദാ...” ഇടി വെട്ടേറ്റവന്റെ തലയിൽ തേങ്ങ വീണതിന് പുറമെ തലക്കൊരടിയും കിട്ടി.

“അപ്പോൾ കോളേജിലും വെള്ളമുണ്ടാകില്ല എന്ന് അല്ലേ?” ഞാൻ സംശയം പ്രകടിപ്പിച്ചു.

“കോളേജിൽ വെള്ളം മാത്രമല്ല, കുറച്ച് ദിവസത്തേക്ക് വെളിച്ചവും ഉണ്ടാകില്ല...”

“ങേ!!!അതെന്താ?”

“ഹൈ ടെൻഷൻ കേബിൾ ജെ.സി.ബി മാന്തിയപ്പോൾ പൊട്ടിപ്പോയി...”

ഇടി വെട്ടേറ്റവന്റെ തലയിൽ തേങ്ങ വീണു , തലക്കൊരടിയും കിട്ടി.ദേ, കാലിൽ പാമ്പും കടിച്ചു !!!!!
Tuesday, November 15, 2016

മധുരപ്പതിനേഴ്

വിവാഹ വാർഷിക ദിനത്തിൽ ഒരു പോസ്റ്റ് ഇട്ടില്ലെങ്കിൽ ഉറക്കം വരാതായിട്ട് രണ്ട് വർഷമായി. അതുകൊണ്ടാണ് ഈ വാർഷിക ദിനം അവസാനിക്കാൻ മിനുട്ടുകൾ മാത്രം ബാക്കിയുള്ളപ്പോൾ ഈ കുത്തിക്കുറിക്കൽ.

2013ലെ എന്റെ വിവാഹ വാർഷികം ഷാജഹാനും മുംതാസും ഉറങ്ങുന്ന മണ്ണിലായിരുന്നു എന്ന് 2014ൽ ഇവിടെ ഞാൻ സൂചിപ്പിച്ചിരുന്നു. 2015ൽ എന്റെ വീട്ടിൽ തന്നെയായിരുന്നു ആ സുദിനം. എന്നാൽ ഇത്തവണ ആരും കൊതിക്കാത്ത ഒരു സ്ഥലത്തും!

“നാളെ എനിക്ക് നേരത്തെ പോകണം” ഇന്നലെ ഞാൻ ഭാര്യയോട്  പറഞ്ഞു.

“എത്ര മണിക്ക് ?”

“ഏഴ് മണിയുടെ ബസ്സിന്”

“അപ്പോൾ എത്ര മണിക്ക് ഇവിടെ നിന്നിറങ്ങണം?”

“6.50ന്”

“അപ്പോൾ ചായ എത്ര മണിക്ക് വേണം?”

“6.45ന്”

“അപ്പോൾ എത്ര മണിക്ക് എണീക്കണം?”

“5.30ന്”

“അപ്പോൾ ഞാൻ എത്ര മണിക്ക് എണീക്കണം?”

“അത് നിനക്ക് വിട്ടു” ഞാൻ പറഞ്ഞു.

“അല്ലാ...എന്തിനാ ഇത്ര നേരത്തെ ചുരം കയറുന്നത്?”

“നാളെ പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ ഉത്തരവ് വന്നിരിക്കുന്നു....”

“ങേ!!!എന്തിന്” അതുവരെ തമാശ കാണിച്ച് നിന്നവൾ പെട്ടെന്ന് വിവർണ്ണയായി.

“അത്...ഇന്ന് നിന്റെ ജന്മദിനമാണല്ലോ.....നാളെ നമ്മുടെ വിവാഹ വാർഷികദിനവും...”

“അതും ഇതും തമ്മിൽ എന്താ ബന്ധം?”

“രണ്ടും ഒരു പെണ്ണ് കേസ്...നീയൊരു പെണ്ണ്....നാളെ ഞാൻ പോലീസ് സ്റ്റേഷനിൽ ഹാജരാകുന്നതും ഒരു പെണ്ണ് കേസിൽ മൊഴി നൽകാൻ...”

**********************
പാവം ഭാര്യ തെറ്റിദ്ധരിച്ചില്ല .കോളേജിലെ ഒരു വിദ്യാർത്ഥിനിയുടെ   കേസിൽ മൊഴി നൽകാൻ പോലീസ് സ്റ്റേഷനിൽ കയറാനായിരുന്നു, എന്റെ പെണ്ണുമായി ബന്ധം സ്ഥാപിച്ച ഈ ദിനത്തിൽ എന്റെ വിധി.ഒരു ഒപ്പ് കാരണം മുമ്പ്  കോടതി കയറിയ അനുഭവം ഞാൻ ഒരു നിമിഷം ഓർത്തുപോയി. പക്ഷെ മല പോലെ വന്നു, എലി പോലെ പോയി എന്ന രൂപത്തിൽ ഏതാനും ചോദ്യങ്ങൾ ചോദിച്ച് എന്നെയും സഹപ്രവർത്തകരെയും വിട്ടയച്ചു.

Thursday, November 10, 2016

ചില ‘നോട്ടോട്ട’ കാഴ്ചകള്‍

ഒന്ന്

“മത്തായീ....നീ എങ്ങോട്ടാ ഇത്ര നേരത്തെ ?“

“ക്യൂ നില്‍ക്കാനാ...”

“അതിന് ബീവറേജസ് ഷോപ്പ് ഇത്ര നേരത്തെ തുറക്കോ?”

“നീ ഏത് കോത്താഴത്ത്‌കാരനാ...?ഇന്ന് ഇന്ത്യന്‍ ജനത ഒരു ലോകറെക്കാര്‍ഡ് സൃഷ്ടിക്കാന്‍ പോകുന്നു...കാഷ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ളവര്‍ ബാങ്കിന് മുന്നില്‍ ക്യൂ നിന്ന്!!ഞാനും അതില്‍ പങ്കാളിയാവുന്നു...”

രണ്ട്

ബാങ്ക് കാഷ്യര്‍ : പാന്‍ കാര്‍ഡുണ്ടോ ?

കസ്റ്റമര്‍ : ഏയ്...ഞാന്‍ അത് ഉപയോഗിക്കാറെയില്ല ! അത് നിരോധിച്ചത് ഏതായാലും നന്നായി !!

ബാങ്ക് കാഷ്യര്‍ : ഈ അക്കൌണ്ടില്‍ കെ.വൈ.സി വെരിഫൈ ചെയ്തിട്ടില്ല.

കസ്റ്റമര്‍ : അത് ഞാന്‍ തന്നെയാ, എന്റെ പേര് കെ.വൈ.ചാത്തന്‍, കൂട്ടുകാര്‍ സ്നേഹപൂര്‍വ്വം കെ.വൈ.സി എന്ന് വിളിച്ച് എന്നും വെരിഫൈ ചെയ്യാറുണ്ട് !!

മൂന്ന്

ലോട്ടറിക്കാരന്‍ : ഇന്നത്തെ ഇരുപത് ലക്ഷം....ഇന്നത്തെ ഇരുപത് ലക്ഷം...

കസ്റ്റമര്‍ : നാലായിരം രൂപ മാറ്റാനാ സുഹൃത്തെ രാവിലെ മുതല്‍ ഈ നില്പ്....അപ്പോ ഇരുപത് ലക്ഷം മാറണെങ്കി ഈ ആയുസ് തികയില്ല ദാസാ...

നാല്

ബാങ്കില്‍ നാല് മണിക്കൂര്‍ ക്യൂ നിന്ന് കുറെ ആയിരം അടച്ച ശേഷം മിക്സിയും ഗ്രൈന്ററും നന്നാക്കാനായി ഞാന്‍ കടയില്‍ കൊടുത്തു. രണ്ട് ദിവസം കഴിഞ്ഞേ കിട്ടൂ എന്ന ധാരണയിലും കയ്യില്‍ കാശ് ഇല്ലാത്തതിനാലും ഞാന്‍ സ്ഥലം വിടാന്‍ നില്‍ക്കുമ്പോള്‍ ‘അഞ്ചു മിനുട്ട്, ദേ ഇപ്പോ ശരിയാക്കിത്തരാ....’ എന്ന മറുപടി.

പിന്നെ ഒന്നും ആലോചിച്ചില്ല, കണ്ട് പരിചയം മാത്രമുള്ള കടയുടമയുമായി സൌഹൃദ സംഭാഷണത്തിലായി. ഒരു  10-15 മിനുട്ട് കഴിഞ്ഞതും എല്ലാം ശരിയാക്കി കൂലിയായി 200 രൂപയും പറഞ്ഞു.

“അഞ്ഞൂറ് രൂപ എടുക്കുമെങ്കി ഇപ്പോ തരാ....”ഞാന്‍ പറഞ്ഞു

“വേണ്ട ....നിങ്ങള്‍ നാളെത്തന്നാ മതി...!!!”

അങ്ങനെ മോദിജിയുടെ പരിഷ്കരണം എനിക്ക് ചില കഷ്ടങ്ങള്‍ ഉണ്ടാക്കിയെങ്കിലും, വീട്ടുപകരണങ്ങള്‍ താല്‍ക്കാലിക സൌജന്യത്തില്‍ നന്നാക്കി വീട്ടുകാരിക്ക് ഒത്ത കൂട്ടുകാരന്‍ ആവാന്‍ സാധിച്ചതില്‍ ഏറെ സന്തോഷം.