Pages

Friday, December 31, 2021

ഹാപ്പി ന്യൂ ഇയർ

സ്‌കൂളിലേക്ക് വരുന്ന ബാബു മാസ്റ്ററെ ദൂരെ നിന്നേ കണ്ട പ്യൂൺ ബീരാനിക്ക കണ്ണിന് മുകളിൽ കൈ വച്ച് ഒന്ന് കൂടി ഉറപ്പ് വരുത്തി.ശേഷം ആകാശത്തേക്ക് നോക്കി. ഇല്ല,വെള്ളക്കാക്ക മലർന്ന് പറക്കുന്നില്ല.വീണ്ടും ബാബു മാസ്റ്ററെ നോക്കി. ബീരാനിക്കയുടെ അടുത്തെത്തിയപ്പോൾ ബാബു മാസ്റ്റർ ചോദിച്ചു.

"ബീരാനിക്ക.... എന്താ ഒരു സംശയം....? ബാബു മാസ്റ്റർ തന്നെയാ..."

"ഏയ്...ഒന്നും ല്ല മാഷേ ...." 

"ന്നാലും .... ആദ്യം എന്നെയും പിന്നെ ആകാശത്തേക്കും നോക്കിയത് എന്തോ ഉറപ്പിച്ചാണല്ലോ ..."

"അത്.... അത്...." ബീരാനിക്ക തലയിൽ ചൊറിയാൻ തുടങ്ങി.

"നിങ്ങള് ധൈര്യായിട്ട് ചോദിച്ചോളിൻ ബീരാനിക്ക.... എന്താ മോളെ പ്രസവം വല്ലതും....?"

"ഏയ്...ആറ് മാസം കൂടുമ്പം പ്രസവിക്കല് പൂച്ചകളാ മാഷേ ..."

"ഉം..."

"കല്യാണം കഴിക്കാത്തതോണ്ടാ മാഷിന് അതിനെപ്പറ്റി അറിയാത്തത്..."

"ആ... പിന്നെ എന്താ ഇങ്ങനെ നോക്കാൻ കാരണം ന്ന് പറ....."

"അതോ.... മാഷ് ഇന്നലെ താലൂക്കാശുപത്രീക്ക് കേറുന്നത് കണ്ട്...."

"ആ.... പോയിരുന്നു....അതിനെന്താ?"

"വാക്സിൻ വയ്ക്കാനല്ലേ പോയത്?"

"അതെ.."

"അപ്പൊ ....ഇത്രേം കാലം വാക്സിന് എതിര് പറഞ്ഞത്....?"

"ആ .... അത് ശരിയാ..... പക്ഷെ ഒരു പേടി വന്നാൽ എന്ത് ചെയ്യാനാ ... "

"ഓ... മിമിക്രി ഇറങ്ങിയപ്പം പേടിച്ച് അല്ലെ?"

"മിമിക്രി അല്ല, ഒമിക്രോൺ... പക്ഷെ, എനിക്കല്ല പേടി..."

"പിന്നെ??"

"ഒപ്പമുള്ള 22 പേർക്ക് ....ദേ, നമ്മുടെ സ്‌കൂളിലെ ബീരാനിക്ക അടക്കമുള്ളവർക്ക്..."

"അതിന് ഞങ്ങളെല്ലാം വാക്സിൻ എടുത്തതാണല്ലോ..."

"ങാ...അത് തന്നെയാ പ്രശനം.... വാക്സിൻ എടുത്തവർക്ക് വാക്സിൻ എടുക്കാത്ത എന്നിലൂടെ അസുഖം പകരുമോ എന്ന് പേടി... ഇത്രയും കാലത്തിനിടക്ക് അസുഖം വന്നത് ആർക്കാ ? "

"അത്...ശരിയാ...എനിക്കും വന്നു...."

"ങാ....അപ്പൊ ഞാൻ വാക്സിൻ എടുത്താൽ 22 പേരുടെ പേടിയും ടെൻഷനും ആശങ്കയും ഒക്കെ മാറുമെങ്കിൽ അതങ്ങ് മാറട്ടെ ന്ന്.... എന്നിട്ട് പുതുവർഷത്തിൽ എല്ലാർക്കും പുതിയൊരു അവതാരത്തിനായി കാത്തിരിക്കാം .... ഹാപ്പി ന്യൂ ഇയർ..."

കാച്ചിലും കാന്താരിയും

ഇനി ഒരിക്കലും തിരിച്ചു വരാത്ത കുട്ടിക്കാലത്തെപ്പറ്റി ഒരു നിമിഷമെങ്കിലും ആലോചിച്ച് നെടുവീർപ്പിടാത്ത, നാല്പത് കഴിഞ്ഞവർ ഉണ്ടാകാൻ സാധ്യതയില്ല. അന്നത്തെ സ്‌കൂളും കളിക്കൂട്ടുകാരും ഭക്ഷണവും എന്തിന് രോഗം പോലും ഒരു ദിവസത്തേക്ക് തിരിച്ചു കിട്ടിയിരുന്നെങ്കിൽ എന്ന് ഒന്നാഗ്രഹിക്കാത്തവർ ആരും ഉണ്ടാകില്ല. തിരിച്ചു വരാത്ത ആ കാലം തിരികെ എത്തിക്കാനുള്ള ശ്രമമാണ് ഇന്നത്തെ പല പൂർവ്വ വിദ്യാർത്ഥീ  സംഗമങ്ങൾക്കും പിന്നിലുള്ള രഹസ്യം.

പനി പിടിച്ചാൽ 'ഉമ്മ ഉണ്ടാക്കിത്തന്നിരുന്ന കുറിയരിക്കഞ്ഞിയും പപ്പടം ചുട്ടതും ഒരിക്കൽ കൂടി രുചിക്കണമെന്ന് തോന്നിയാൽ,ഇന്ന് പല വീടുകളിലും സാധ്യമല്ല. അടുക്കളയുടെ പരിഷ്കരണം അത്രക്കും പുരോഗമിച്ചു പോയി.രാവിലെയോ വൈകുന്നേരമോ ലഭിച്ചിരുന്ന കപ്പ  പുഴുങ്ങിയത് ഇന്ന് ഫൈവ്സ്റ്റാർ ഹോട്ടലുകളിലെ വിഭവമായി.ഇത്തരം ചിന്തകൾ മനസ്സിനെ വല്ലാതെ മഥിച്ചപ്പോൾ ഞാൻ ഒരു തൂമ്പയെടുത്ത് മുറ്റത്തേക്കിറങ്ങി.

മെയ് മാസം മുതൽ പെയ്യാൻ തുടങ്ങിയ മഴയിൽ നാമ്പ് പൊട്ടി, ഫണം വിടർത്തി നിൽക്കുന്ന സർപ്പം കണക്കെ, ഉയർന്ന് നിൽക്കുന്ന വള്ളികളുള്ള കാച്ചിൽ (ഞങ്ങൾ കാവുത്ത് എന്ന് വിളിക്കും) ആയിരുന്നു എൻറെ ലക്‌ഷ്യം.നവംബർ വരെ എല്ലാ മാസവും ഞാൻ അതിനെ വെട്ടി ഇട്ടിരുന്നു.എത്ര വെട്ടിയിട്ടാലും 'തോൽക്കാൻ എനിക്ക് മനസ്സില്ല' എന്ന് വിളിച്ചോതിക്കൊണ്ട് നാലഞ്ച് ദിവസം കൊണ്ട് അവൻ വീണ്ടും ഫണം വിടർത്തും.പക്ഷെ ഇത്തവണ അവന്റെ പൊടി പോലും കണ്ടില്ല.വള്ളി നിന്നിരുന്ന സ്ഥലത്ത് കണ്ട ചെറിയ മൺകൂനയിൽ ഞാൻ തൂമ്പ കൊണ്ട് ഒന്ന് വെട്ടി.ചെറിയൊരു കഷ്ണം അടർന്ന് തെറിച്ച്, രക്തം ഒലിക്കുന്ന പോലെ കണ്ടു.നന്നായി ഒന്ന് കിളച്ചതോടെ അടിയടക്കം അത് പുറത്ത് വന്നു.

വൈകിട്ട് കട്ടൻ ചായക്കൊപ്പം കാച്ചിൽ പുഴുങ്ങിയതും മുറ്റത്ത് തന്നെ നിന്നുള്ള കാന്താരി മുളക് അരച്ച ചമ്മന്തിയും റെഡിയാക്കാൻ ഞാൻ ഭാര്യയോട് പറഞ്ഞു (വായിൽ വെള്ളമൂറുന്നുണ്ടല്ലേ ?).ഇന്നത്തെ മക്കൾ കഴിക്കുന്ന മന്തിയും പുഴുങ്ങിയ കോഴിക്കും പകരം അന്ന് ഞങ്ങൾ കഴിച്ചിരുന്ന ചമ്മന്തിയും പുഴുങ്ങിയ കിഴങ്ങും ഞാൻ ആസ്വദിച്ച് കഴിച്ചു. കാന്താരി നാവിൽ തട്ടിയ നിമിഷം ആ എരിവ് രക്തത്തിലൂടെ ശരീരത്തിൽ പാഞ്ഞു കയറുന്നത് ശരിക്കും അറിഞ്ഞു.ശരീരത്തിലെ സകല ദ്വാരങ്ങളും തുറന്ന് വിയർപ്പ് കണങ്ങൾ പൊടിഞ്ഞപ്പോൾ മേമ്പൊടിയായി ചെന്ന കട്ടൻ ചായയുടെ മധുരം വാക്കുകൾക്കതീതമാണ്. 

ഞാൻ തന്നെ നട്ട ചേമ്പും കാച്ചിലും കപ്പയും നനക്കിഴങ്ങും എല്ലാം കൂടി പുഴുങ്ങി പഴയ കൂട്ടുകാരെ എല്ലാം വിളിച്ച് ആ നല്ല കാലത്തേക്ക് ഒന്ന് തിരിച്ചു പോകാൻ പുതുവർഷവും കുംഭ മാസവും പ്രതീക്ഷിച്ചിരിക്കുകയാണ് ഇപ്പോൾ. 

Thursday, December 30, 2021

ബിരിയാണി

2021 ലാണ് ഞാൻ നിരവധി സാഹിത്യ മത്സരങ്ങളിൽ പങ്കെടുക്കാൻ തുടങ്ങിയത്. ഞാൻ എഴുതിയ പുസ്തകവും പ്രസിദ്ധീകരിക്കപ്പെടാത്ത നോവലും കഥകളും എല്ലാം കേരളത്തിലങ്ങോളമിങ്ങോളമുള്ള വിവിധ സാഹിത്യ അവാർഡുകൾക്കും മത്സരങ്ങൾക്കും അയക്കുകയുണ്ടായി. ഇതിൽ "ദുരിത കാലത്തെ പച്ചത്തുരുത്തുകൾ " എന്ന ശീർഷകത്തിൽ കോട്ടയം ജില്ലയിലെ ചെമ്പ് എന്ന സ്ഥലത്തെ കാട്ടിക്കുന്ന് പബ്ലിക് ലൈബ്രറി നടത്തിയ ചെറുകഥാ രചനാ മത്സരത്തിൽ ഞാൻ എഴുതിയ "സല്യൂട്ട് " നും മികച്ച രചനക്കുള്ള അംഗീകാരം ലഭിച്ചു. സമ്മാനമായി ലഭിച്ചത് സർട്ടിഫിക്കറ്റും സന്തോഷ് ഏച്ചിക്കാനം എഴുതിയ "ബിരിയാണി" യും ആയിരുന്നു.

ഏഴ് കഥകളുടെ ഒരു സമാഹാരമാണ് 'ബിരിയാണി'. കവർ ചിത്രം കണ്ടാൽ സസ്യഭുക്കുകൾ ഈ ബുക്കിനെ വെറുക്കും. പക്ഷെ ഉള്ളടക്കം എല്ലാവരുടെയും കണ്ണുകൾ നനയിക്കും. ആദ്യ കഥയായ ബിരിയാണി തന്നെയാണ് പുസ്തകത്തിന്റെ തലക്കെട്ട്. ഭക്ഷണം പാഴാക്കുന്നതിന് ഒരു സങ്കോചവും ഇല്ലാത്ത ആർഭാട വിവാഹങ്ങളുടെയും പാർട്ടികളുടെയും കഥ പറഞ്ഞു തീരുമ്പോൾ ഗോപാൽ യാദവ് ഒരു നീറലായി വായനക്കാരന്റെ മനസ്സിൽ ഉണ്ടാകും. 

സന്തോഷ് കാസർഗോഡുകാരനായതിനാലാവും നായിക്കാപ്പ്, മനുഷ്യാലയങ്ങൾ, ആട്ടം എന്നീ കഥകളും കാസർകോടൻ പശ്ചാത്തലത്തിലുള്ളവയാണ്. തെയ്യത്തിന്റെ ചരിത്രം പറയുന്ന ആട്ടം ഒരു കഥയെന്നതിലുപരി ആ കലാരൂപത്തെ അടുത്തറിയാൻ സാധിക്കുന്നത് കൂടിയാണ്. uvwxyz എന്ന കഥയും മനസ്സിനെ പൊളളിക്കും. എന്നാൽ മരപ്രഭു, ലിഫ്റ്റ് എന്നീ കഥകൾ ഈ പുസ്തകത്തിന് ചേരുന്നതായി തോന്നിയില്ല. അനുബന്ധമായി ചേർത്ത ഒരു പഠനക്കുറിപ്പും സാധാരണ വായനക്കാരന് ദഹിക്കാൻ സാധ്യതയില്ല.

എനി ഹൗ , ബിരിയാണി ഞാൻ ആസ്വദിച്ച് കഴിച്ചു , സോറി വായിച്ചു.

പുസ്തകം : ബിരിയാണി
രചയിതാവ് : സന്തോഷ് ഏച്ചിക്കാനം
പ്രസാധനം: ഡി സി ബുക്സ്
പേജ്: 104
വില: 125 രൂപ.


Wednesday, December 29, 2021

ബേപ്പൂർ വാട്ടർഫെസ്റ്റ് 2021

കോഴിക്കോടും പരിസരത്തും നടക്കുന്ന ഫെസ്റ്റുകളിൽ കുടുംബ സമേതം പങ്കെടുക്കുക എന്നത് ഒരു കാലത്ത് ഒരു ഹരമായിരുന്നു. സ്വന്തമായി വാഹനം ഇല്ലാതിരുന്ന അക്കാലത്ത് രണ്ട് മക്കളെയും (മൂത്തവർ രണ്ട് പേർ) എടുത്ത് എങ്ങനെ അവിടെയൊക്കെ എത്തി എന്നത് ഓർമ്മയിലില്ല. പുതിയ ഫെസ്റ്റുകൾ പലതും പഴയപോലെ പൊലിമ ഇല്ലാത്തതിനാലും എല്ലാവരുടെയും സമയവുമായി ഒത്ത് പോകാത്തതിനാലും ഞങ്ങൾ എത്തിപ്പെടുന്നത് വളരെ കുറവായിരുന്നു.

അതിനിടക്കാണ് ബേപ്പൂർ വാട്ടർ ഫെസ്റ്റ് 2021 എന്ന പരസ്യം പത്രത്തിൽ കണ്ടത്. ഒന്ന് പോയി നോക്കാൻ മനസ്സ് പറഞ്ഞെങ്കിലും റേഡിയോ മാംഗോ ജോക്കികളുടെ വാക്ചാതുരി ആണ് എന്നെ വീഴ്ത്തിയത്. മറ്റൊരാവശ്യത്തിന് കുടുംബ സമേതം കോഴിക്കോട്ടെത്തിയ ഞാൻ ബാക്കി സമയം വാട്ടർ ഫെസ്റ്റിൽ ചെലവഴിക്കാം എന്ന് തീരുമാനിച്ചു.

ബേപ്പൂർ തുറമുഖത്ത് നങ്കൂരമിട്ട തീരദേശ സേനയുടെ ഒരു ചെറിയ യുദ്ധക്കപ്പലും അതിലെ കാഴ്ചകളും ആയിരുന്നു ഞങ്ങൾ ആദ്യം കണ്ടത്. സൗജന്യമായി കപ്പലിൽ കയറാനുള്ള അവസരമായതിനാൽ പലരും ഇത് ഉപയോഗപ്പെടുത്തി. മറ്റ് ആകർഷണീയത ഒന്നും തന്നെ അതിൽ ഉള്ളതായി എനിക്ക് തോന്നിയില്ല.

കയാക്കിംഗ് മത്സരങ്ങളും വിവിധതരം ഡെമോകളും ആണ് ഫെസ്റ്റിന്റെ പ്രധാന ഇനങ്ങൾ. പക്ഷെ അവ പലതും സമയബന്ധിതമായതിനാൽ കാണാൻ സാധിക്കില്ല. എന്തൊക്കെയോ പേരിൽ അവിടെ നടന്ന് കൊണ്ടിരിക്കുന്ന മറ്റ് പല ഇനങ്ങളും ആരും ശ്രദ്ധിക്കുന്നതായും കണ്ടില്ല.

ദുബായിൽ നടക്കുന്ന അന്താരാഷ്ട്ര പട്ടം പറത്തൽ മത്സരങ്ങളോട് കിടപിടിക്കുന്നതും ഇതുവരെ കാണാത്ത തരം പട്ടങ്ങൾ ഉള്ളതുമായ ഒരു കൈറ്റ് ഫെസ്റ്റും ഇതോടൊപ്പം നടക്കുന്നതായി RJ ഹരിതയുടെ വാക് വൈഭവത്തിലൂടെ അറിഞ്ഞെങ്കിലും അത് നേരിട്ട് കണ്ടപ്പോൾ ആകർഷണം  തോന്നിയില്ല. എന്തൊക്കെയോ ചില രൂപങ്ങൾ നൂലിൽ കോർത്ത് ആകാശത്ത് പറത്തുന്നു എന്നതിലുപരി മറ്റൊരു പ്രത്യേകതയും എനിക്ക് അനുഭവപ്പെട്ടില്ല.

എങ്കിലും ജനങ്ങൾ എന്തൊക്കെയോ പ്രതീക്ഷിച്ച് ഒഴുകി എത്തുന്നുണ്ടായിരുന്നു. പക്ഷെ തിരിച്ച് പോവുന്ന പലരുടെയും മുഖം നിരാശ നിറഞ്ഞതായിരുന്നു. നിരാശ മാറ്റാനായി ഞങ്ങൾ ജങ്കാർ സർവ്വീസ് വഴി ചാലിയത്തെത്തി അവിടെ അൽപനേരം ചെലവഴിച്ചു. തിരിച്ച് ബീച്ചിലെത്തി "ബേപ്പൂർ സുൽത്താന്റെ " മണൽ ശില്പവും കണ്ട ശേഷം ഞങ്ങൾ സ്ഥലം വിട്ടു.

ഇതുവരെ കണ്ട ഫെസ്റ്റുകളിൽ ഏറ്റവും നിറം കെട്ടത് എന്ന സ്ഥാനം ഇതോടെ ബേപ്പൂർ വാട്ടർഫെസ്റ്റ് 2021 നേടി എടുത്തു.

Tuesday, December 28, 2021

വാവൂർ കുന്ന് (എന്റെ അരീക്കോട്)

മനസ്സിന്റെ കോണിൽ വരച്ചിട്ട ചില ചിത്രങ്ങൾക്ക് ചിറക് മുളക്കാൻ ചിലപ്പോൾ നിമിഷങ്ങൾ മാത്രം മതിയാകും. ആ നിമിഷം നമ്മൾ അനുഭവിക്കുന്ന മാനസികോല്ലാസം അനുഭവിച്ചറിയുക തന്നെ വേണം. ദിവസങ്ങൾക്ക് മുമ്പ് സുഹൃത്തുക്കൾക്കൊപ്പം ഞാനെത്തിപ്പെട്ടത് അത്തരം ഒരു സ്ഥലത്താണ്. എന്റെ നാട്ടിൽ നിന്നും വെറും അഞ്ച് കിലോ മീറ്റർ മാത്രം ദൂരത്തുള്ള ഒരു കുന്ന് . വാവൂര് എന്ന സ്ഥലത്തായതിനാൽ ഞാനതിനെ വാവൂര് കുന്ന് എന്ന് വിളിക്കുന്നു.

അരീക്കോട് - എടവണ്ണപ്പാറ റൂട്ടിൽ, ടൂറിസം ഭൂപടത്തിൽ ഇടം നേടിക്കൊണ്ടിരിക്കുന്ന മുറിഞ്ഞമാട് എന്ന സ്ഥലത്തിന്റെ തൊട്ടടുത്ത് തന്നെയാണ് വാവൂര് കുന്ന്. 

ശരിക്കും പറഞ്ഞാൽ ഒരു മൊട്ടക്കുന്ന് ആണ് വാവൂര് കുന്ന്. തറനിരപ്പിൽ നിന്ന് അല്പം ഉയർന്ന് നില്ക്കുന്ന ചെങ്കല്ലുകൾ നിറഞ്ഞ ഒരു പ്രദേശം. അതിനിടയിൽ ചരൽ നിറഞ്ഞ ഒരു ഫുട്ബാൾ മൈതാനം. ശരിക്കും ആ കല്ലുകൾക്കിടയിൽ ഇങ്ങനെ ഒഴിഞ്ഞ ഒരു മൈതാനം എങ്ങനെ ഉണ്ടായി എന്നത് ഒരു അത്ഭുതം തന്നെയാണ്.

 എന്റെ വീടിന്റെ തൊട്ടടുത്തുള്ള എം.എസ്.പി ക്യാമ്പിലും ഇതു പോലൊരു ഗ്രൗണ്ട് ഉണ്ടായിരുന്നു. ഗ്രൗണ്ടിന്റെ ചുറ്റും അവിടവിടെ ഉയർന്ന് നിൽക്കുന്ന ചെങ്കല്ല് കളും. വൈകുന്നേരങ്ങളിൽ അവിടെ ചെന്നിരുന്ന് കാറ്റ് കൊള്ളുന്നത് പലർക്കും ഒരു ഹോബിയായിരുന്നു. ഇന്ന് ആ സ്ഥലം മുഴുവൻ റാപിഡ് ആക്ഷൻ ഫോഴ്സിന്റെ നിയന്ത്രണത്തിലായതിനാൽ പൊതുജനങ്ങൾക്ക് പ്രവേശനം ഇല്ല.

വാവൂര് കുന്നിന്റെ ഇപ്പോഴത്തെ ആകർഷണീയത വളർന്ന് നിൽക്കുന്ന പുല്ലുകളാണ്. മുട്ടോളം ഉയരത്തിലുള്ള പുല്ലുകൾ വകഞ്ഞ് മാറ്റി മാത്രമേ അതിലൂടെ നടക്കാൻ പറ്റൂ. പുല്ലുകൾക്കടിയിൽ ഒളിഞ്ഞിരിക്കുന്ന പാറയിൽ തട്ടി ഒരു പക്ഷേ അടി തെറ്റി വീണേക്കാം. ചെറിയ പോറലുകൾ മാത്രമേ സംഭവിക്കാനും സാധ്യതയുള്ളൂ. 

സൂര്യാസ്തമയവും തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന മുറിഞ്ഞ മാടിന്റെ കാഴ്ചയും ഈ കുന്നിൻ മുകളിൽ നിന്നാസ്വദിക്കാം, രണ്ടും കണ്ണിന് കുളിരേകും.

ഒരു സ്വകാര്യ പ്ലോട്ടിൽ അവസാനിക്കുന്ന റോഡ് വഴി വാഹനം കയറ്റി പിന്നെ ആരുടെയൊക്കെയോ പറമ്പും കടന്നാണ് ഞങ്ങൾ ഈ കുന്നിൻ മുകളിൽ എത്തിയത്. നടന്ന് കയറാനുള്ള വഴി മറ്റേതോ ഭാഗത്ത് കൂടെയുണ്ടെന്ന് പറയുന്നു. കുന്നിൻ മുകളിലെ ആൾപെരുമാറ്റം അത് ശരിവയ്ക്കുന്നു. ഇരുട്ട് വ്യാപിക്കാൻ തുടങ്ങിയതോടെ ഞങ്ങൾ മെല്ലെ തിരിച്ചിറങ്ങി.

Sunday, December 26, 2021

മാങ്ങ ഇഞ്ചി

 ഇഞ്ചി കടിച്ച കുരങ്ങനെപ്പോലെ എന്ന് ധാരാളം കേട്ടിട്ടുണ്ടെങ്കിലും ലോകത്ത് ഇന്നേ വരെ ഏതെങ്കിലും കുരങ്ങൻ ഇഞ്ചി കടിച്ചിട്ടുണ്ടോ എന്നെനിക്കറിയില്ല. പക്ഷെ ഇഞ്ചി കടിച്ച മനുഷ്യന്റെ മുഖഭാവം നിരവധി കാണുകയും അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. അക്കാലത്ത് തന്നെ അനുഭവിച്ചറിഞ്ഞ ഒരു സ്വാദ് ആയിരുന്നു മാങ്ങാ ഇഞ്ചിയുടേത്. 

മാങ്ങയില്ലാ കാലത്ത് മാങ്ങയുടെ മണം കിട്ടുന്നത് തന്നെ ആസ്വാദ്യകരമാണ്. ആ വാസനാ വിരുന്നായിരുന്നു മാങ്ങ ഇഞ്ചി നൽകിയിരുന്നത്. ഇഞ്ചിയുടെ രൂക്ഷ രുചി ഇല്ലാത്തതിനാൽ ഒന്ന് കടിച്ച് നോക്കാൻ തോന്നിയാലും പ്രശ്നമില്ലായിരുന്നു. കുട്ടിക്കാലത്ത് പറമ്പിൽ ധാരാളം ഉണ്ടായിരുന്ന മാങ്ങ ഇഞ്ചി പിന്നീടെപ്പഴോ അപ്രത്യക്ഷമായി.

ഒരു വർഷം മുമ്പ് യാദൃശ്ചികമായാണ് ഒരു മാങ്ങ ഇഞ്ചിത്തൈ എന്റെ മുന്നിൽ പെട്ടത്. മഞ്ഞളിന്റെ ഇലയുടെ അതേ ആകൃതി ആയതിനാൽ മഞ്ഞളാകും എന്ന് കരുതി ഞാൻ ഒഴിവാക്കിയതായിരുന്നു. അപ്പഴാണ് അതിന്റെ കിഴങ്ങ് എന്റെ ശ്രദ്ധയിൽ പെട്ടത്. മഞ്ഞ നിറമില്ലാത്തതിനാൽ അത് കൂവ യുടെ തൈ ആണെന്ന് ധരിച്ചു (അതിനെ ആരും ഗൗനിക്കാറില്ല). കിഴങ്ങ് വെറുതെ ഒന്ന് ചുരണ്ടി നോക്കി മൂക്കിനടുത്ത് വച്ചപ്പഴല്ലേ കുട്ടിക്കാലത്ത് നഷ്ടമായ സാധനമാണ് കൺമുന്നിൽ ഇരിക്കുന്നത് എന്നത് മനസ്സിലായത്. വലിയ സ്വപ്നങ്ങൾ നെയ്തെടുത്ത് അതിനെ ഞാൻ ചെറിയൊരു ചട്ടിയിൽ വച്ചു.പക്ഷെ, സ്വപ്നങ്ങൾ ബാക്കിയാക്കി അവൻ ഉണങ്ങിപ്പോയി.

ഏതാനും മാസങ്ങൾക്ക് ശേഷം, മാങ്ങ ഇഞ്ചിയുടെ ഇലയുടെ ആകൃതിയിലുള്ള ഒരു ചെടി മുറ്റത്ത് വളരുന്നത് എന്റെ ശ്രദ്ധയിൽപ്പെട്ടു. അത് മഞ്ഞളോ കൂവയോ മാങ്ങ ഇഞ്ചിയോ എന്നറിയാൻ പറിച്ച് നോക്കുക തന്നെ വേണം. പറിച്ച് വീണ്ടും നട്ടാൽ പിന്നെ പിടിച്ച് കിട്ടാൻ വളരെ പ്രയാസവും. ആ വിഷമസന്ധിയിൽ ദൈവം എനിക്കൊരു അവസരം നൽകി (ഈ അവസരത്തിന് പണ്ട് പറഞ്ഞിരുന്ന പേരാണ് വരം). ചെടിയുടെ വേര് ഭാഗത്ത് നിന്നും ഒരു ചെറിയൊരു കിഴങ്ങ് മണ്ണിന് പുറത്തേക്ക് തള്ളി നിൽക്കുന്നു. ഞാൻ കൈ കൊണ്ട് അതിൽ ഒന്ന് ചുരണ്ടി. പിന്നെ ആ കൈ മൂക്കിന്റെ നേരെ കൊണ്ടു പോയി - ഹായ് മാങ്ങയുടെ മണം! 

വേഗം എന്റെ കുഞ്ഞിത്തൂമ്പയെടുത്ത് ചുറ്റുമുള്ള മണ്ണൊന്നിളക്കി അൽപം ചാണകപ്പൊടിയും ഇട്ട് മൂടിക്കൊടുത്തു. പിന്നെ അതിന്റെ വളർച്ച നോക്കി നോക്കി നിന്നു. അവസാനത്തെ പച്ച ഇലയും ഉണങ്ങിയപ്പോൾ ഇന്നലെ ഞാനത് കിളച്ചെടുത്തു. 

മാങ്ങ ഇഞ്ചി അതാണ് ഇതാണ് മറ്റതാണ് എന്നൊക്കെ നിരവധി വീരവാദങ്ങളും അപവാദങ്ങളും നെറ്റിൽ കാണാം. അതൊക്കെ നിങ്ങൾ വായിച്ചു കൊള്ളുക. പക്ഷെ, തൊലി കളഞ്ഞ് ചമ്മന്തി അരക്കുകയോ .കുനു കുനാ ന്ന് അരിഞ്ഞ് അച്ചാറിടുകയോ ചെയ്താലുള്ള ടേസ്റ്റ് ഉണ്ടല്ലോ .... അത് നാവിൻ തുമ്പത്ത് അറിയുക തന്നെ വേണം.

Friday, December 24, 2021

മരുപ്പച്ച

അസ്സലാമു അലൈക്കും,

എത്രയും പ്രിയത്തിൽ എന്റെ സുബൈർക്ക വായിച്ചറിയാൻ ആയിശു എഴുത്ത്. എന്തെന്നാൽ എനിക്കും കുഞ്ഞുമോനും ഉമ്മക്കും ഇവിടെ സുഖം തന്നെ. നിങ്ങൾക്കും അതുപോലെ തന്നെയെന്ന് കരുതുന്നു. വിശേഷങ്ങൾ ഒരു പാട്ണ്ട് പറയാൻ.

ഉമ്മയെ പിന്നിം ലാക്കട്ടറെ കാണിച്ച്.പഞ്ചാര ഇപ്പളും കൂടുതല് തന്നെയാന്നാ മൂപ്പര് പറഞ്ഞത്. കൊറെയൊക്കെ ഞാൻ ശർദ്ദിക്കും. പിന്നെ എത്ര കാലാന്ന് വിചാരിച്ചിട്ടാ പഞ്ചാര ഇട്ട ചായന്റെ വെള്ളും ഉമ്മാന്റെ ജീവന്റെ ജീവനായ കുത്തരി കഞ്ഞിയും ഒക്കെ ഇങ്ങനെ കൊടുക്കാതിരിക്കാ സുബൈർക്ക?ഇമ്മാക്കും ണ്ടാവൂല ബയസ് കാലത്ത് അതൊക്കെ കുടിച്ചാൻ പൂതി.അതോണ്ട് എല്ലാം തവക്കൽത്തു അലല്ലാഹ്.

പിന്നെ ഞമ്മളെ പൊന്നാര കുഞ്ഞോൻ.ഓനിപ്പം മൂന്നാം ബയസ്സിന്റെ മൂച്ചിപ്പിരാന്താ... എന്തൊക്കെ വിക്രസുകളാ ഓൻ കാട്ട്ണത് ന്നോ... നോക്കി അങ്ങനെ നിക്കാൻ നല്ല രസാ... ഇങ്ങളൊന്ന് കാണണം. ഇമ്മ പറയിം ,ഇങ്ങളും കുഞ്ഞി കുട്ട്യായപ്പം ഇങ്ങനെ തന്നെ യ് നീ ന്ന്. പിന്നെ ങ്ങളെ ചേല് തെന്യാണല്ലോ മോനും കിട്ട്യത്.അപ്പം പിന്നെ അങ്ങനെത്തെന്നെ ആക്വല്ലോ...

ബല്യതാത്തക്ക് ഇങ്ങള് കൊട്ത്തയച്ച പൈസ ഞാൻ ഓലെ കുടീല് കൊണ്ടെ കൊട്ത്ത്ട്ട്ണ്ട്. താത്ത ഇങ്ങക്ക് സലാം പറഞ്ഞിട്ട്ണ്ട്. താത്താന്റെ കാല്മെലെ മുറി അത്ര പെട്ടെന്ന് ചേതാവും ന്ന് ച്ച് തോന്ന്ണ് ല്ല.റബ്ബറുൽ ആലമീനായ തമ്പുരാൻ കാക്കട്ടെ... ഓളെ ങ്ങള് ഇഞ്ഞും നല്ലോം നോക്കണം ട്ടോ.. ഇങ്ങളല്ലാതെ ബേറെ ആരാ ഓൾക്ക് ള്ളത് സുബൈർക്കാ?

പിന്നെ ഒരു സ്വകാര്യം. ങ്ങളെ കത്ത് കിട്ടുമ്പം, ഓലാരും കാണാതെ ഞാന് അയ്മല് കൊറെ ഉമ്മ കൊട്ക്കും. ഇപ്പം കിട്ട്യ കത്ത്മ്മല് ഉമ്മ കൊട്ത്തപ്പം അയിന് ഒരാടിന്റെ ചൂര് മണക്കാ.ശരിക്കും സുബൈർക്കാ, ഒരാടിന്റെ മണം തെന്നെ.ഞമ്മളെ കുഞ്ഞോനെ പെറ്റ അന്ന്, ഇങ്ങളെ മസ്റയില്ണ്ടായ ആടും കുട്ടി ഇപ്പം ബല്തായിലേ? അസ്കർ ന്നല്ലേ അയിന് ഇങ്ങള് പേര് ഇട്ടീന്യേത്? ഇങ്ങള് ഇപ്പം കടക്ക്ണതും അയിന്റെപ്പം തെന്യാ?ഇച്ച് മണം നല്ല ഇഷ്ട്ടായി ട്ടോ.

ഇപ്പോഴും തന്റെ പെട്ടിയിൽ ഒരു നിധി പോലെ സൂക്ഷിച്ച് വച്ച, പ്രവാസത്തിന്റെ മൂന്നാം വർഷത്തിൽ ഭാര്യ ആയിഷു തനിക്കെഴുതിയ കത്ത്, ഫാത്തിമ കാണാതെ സുബൈർ ഒരിക്കൽ കൂടി വായിച്ചു.ആയിഷു അവസാനമായി എഴുതിയ കത്ത് മുഴുവൻ വായിക്കാൻ, കണ്ണിൽ പൊടിഞ്ഞ് വന്ന ജലകണങ്ങൾ സമ്മതിച്ചില്ല. കത്തിലേക്ക് കണ്ണീര് ഉറ്റി വീഴാതിരിക്കാൻ വേണ്ടി സുബൈർ പെട്ടെന്ന് തന്നെ കണ്ണ് തുടച്ചു.

കല്യാണം കഴിഞ്ഞ് കഷ്ടിച്ച് ഒരു മാസം മാത്രമേ ആയിഷുവിന്റെ കൂടെ താമസിക്കാൻ വിധി ഉണ്ടായിരുന്നുള്ളു. അപ്പഴേക്കും കാലങ്ങളായി ആഗ്രഹിച്ചിരുന്ന ഗൾഫിലേക്കുള്ള വിസ ശരിയായി. പ്രായമായ ഉമ്മയും രോഗിയായ മൂത്ത പെങ്ങളും പിന്നെ ആയിഷുവും അടങ്ങിയ കുടുംബത്തെ പോറ്റാൻ ഗൾഫ് മാത്രമായിരുന്നു ഏക ആശ്രയം. മരുഭൂമിയിലെ കത്തുന്ന വെയിലിൽ മസ്റയിലെ ആടുകളെ മേച്ച് നടക്കുമ്പോഴും, മനസ്സ് നാട്ടിലെ കൂരയിൽ തന്നെ മേയുകയായിരുന്നു. പെങ്ങളുടെ അസുഖം ഭേദമാകില്ല എന്ന സത്യം തനിക്ക് മാത്രമറിയാം. ആവുന്നിടത്തോളം ചികിത്സ നൽകുക എന്നത് മാത്രമേ വഴിയുള്ളു.തുച്ഛമായ ശമ്പളത്തിൽ നിന്നും പിന്നെ ആടിനെ വാങ്ങാൻ വരുന്ന ഏതെങ്കിലും അറബികൾ സന്തോഷ സൂചകമായി നൽകുന്നതിൽ നിന്നും കിട്ടുന്നത് കൊണ്ട് വേണം നാല് വയറുകൾ നിറയാനും ജീവിതം മുന്നോട്ട് പോകാനും. സുബൈറിന്റെ മനസ്സിലൂടെ കഴിഞ്ഞ കാല കഥകൾ മിന്നി മറഞ്ഞു.

സൂപ്പർ മാർക്കറ്റിൽ സെയിൽസ്മാൻ ജോലി എന്നായിരുന്നു വിസ തന്ന ഏജൻറ് പറഞ്ഞിരുന്നത്.പെട്ടിയും തൂക്കി റിയാദ് വിമാനത്താവളത്തിൽ നിന്ന് പുറത്ത് കടന്നപ്പോൾ സ്വീകരിക്കാനെത്തിയ കറുത്ത് തടിച്ച ശരീരപ്രകൃതിയുള്ള മനുഷ്യനെ കണ്ടപ്പോൾ മനസ് വളരെയധികം സന്തോഷിക്കുകയും ചെയ്തു. പക്ഷേ, അറബിയുടെ വണ്ടി കണ്ടതോടെ സന്തോഷം പെട്ടെന്ന് തന്നെ ഇല്ലാതായി.

അറബിയുടെ വണ്ടിയിൽ കയറിയതും ജീവിതത്തിൽ ഇതുവരെ ഉണ്ടായിട്ടില്ലാത്ത വിധത്തിൽ വല്ലാത്തൊരു ഓക്കാനം വന്നു.മൃഗങ്ങളുടെ മൂത്രത്തിന്റെയും മലത്തിന്റെയും ചീഞ്ഞ പുല്ലിന്റെയും ഗന്ധം കൂടിക്കുഴഞ്ഞ് എന്തോ ഒരു വാട വണ്ടിക്കകത്ത് കെട്ടി നിന്നു.അടുത്തിരിക്കുന്ന അറബിയുടെ വസ്ത്രത്തിൽ നിന്നാണോ അതല്ല വണ്ടിക്കകത്ത് നിന്നാണോ വാട ഉയരുന്നത് എന്ന് തിരിച്ചറിയാൻ പറ്റുന്നതിന് മുമ്പ് ആദ്യത്തെ കവിൾ ചർദ്ദിൽ വണ്ടിക്കകത്ത് വീണു.മുതലാളി മുഖം കറുപ്പിച്ച് അറബിയിൽ എന്തൊക്കെയോ പറഞ്ഞെങ്കിലും മൂക്ക് പൊത്തിപ്പിടിച്ച് കേട്ടിരിക്കാനേ അപ്പോൾ സാധിച്ചുള്ളൂ. ഒന്നും ഉരിയാടാത്തത് കാരണം മുഖത്ത് ഒരടി കൂടി കിട്ടിയതോടെ വായിൽ കെട്ടിവച്ചിരുന്ന അടുത്ത കവിൾ ചർദ്ദിലും കൂടി വണ്ടിക്കകത്ത് തെറിച്ച് വീണു.

ലക്ഷ്യസ്ഥാനത്തെത്തി വണ്ടി മുഴുവൻ കഴുകി വൃത്തിയാക്കിച്ച ശേഷമാണ് അറബി തനിക്കുള്ള പണിസ്ഥലം പോലും കാണിച്ച് തന്നത്.കുറെ ആടുകളെ സംരക്ഷിച്ച് നിർത്തിയിരുന്ന ഇടുങ്ങിയ ഒരു കെട്ടിടത്തിനകത്തേക്കാണ് അന്ന് എത്തിയത്. "നജീബിൻ്റെ ആടു ജീവിതം'' വായിച്ചറിഞ്ഞപ്പോഴുണ്ടായ നടുക്കം ഇനി ജീവിതത്തിൽ നേരിട്ട് അനുഭവിച്ചറിയാൻ പോകുകയാണെന്ന് ഒരുൾക്കിടിലത്തോടെ അന്ന് മനസ്സിലാക്കി.

 " അപ്പാ..." കുഞ്ഞുമോന്റെ, ഉറക്കത്തിലെ വിളി കേട്ടാണ് സുബൈർ ചിന്തയിൽ നിന്നുണർന്നത്

അഞ്ച് വർഷത്തെ പ്രവാസ ജീവിതത്തിന് ശേഷം ആദ്യമായി കിട്ടിയ ലീവിൽ നാട്ടിലേക്ക് തിരിച്ചു വന്നതായിരുന്നു. മകനെ നേരിട്ട് കാണുന്നത് ആദ്യമായിട്ടായിരുന്നു. പ്രവാസത്തിനിടെ ഉമ്മയും പ്രിയപ്പെട്ട ഭാര്യ ആയിഷുവും ലോകത്തോട് വിട പറഞ്ഞു. കുഞ്ഞുമോന് ഒരുമ്മയുണ്ടാകട്ടെ എന്ന് കരുതിയാണ്, നാട്ടിൽ വന്ന് ഏതാനും ദിവസങ്ങൾക്കകം തന്നെ ഫാത്തിമയെ വിവാഹം കഴിച്ച് കൊണ്ടു വന്നത്. പെറ്റമ്മയുടെ നാലയലത്ത് പോലും പോറ്റമ്മ എത്തില്ല എന്ന യാഥാർത്ഥ്യം ഒരു മാസം കൊണ്ട് തന്നെ നേരിട്ട് ബോധ്യമായി. ഇനി താൻ ഗൾഫിലേക്ക് തിരിച്ചു പോയാൽ എന്റെ കുഞ്ഞുമോനെ ആരാ നോക്കുക? സുബൈറിന് അതാലോചിക്കാൻ പോലും പേടിയായി.

സുഖമായി ഉറങ്ങുന്ന കുഞ്ഞുമോന്റെ മുഖത്തേക്ക് സുബൈർ ഒരിക്കൽ കൂടി നോക്കി. ഫാത്തിമ കാണാതെ അവന്റെ കവിളിലും നെറ്റിയിലും തെരുതെരെ ഉമ്മ വച്ചു. ഇന്ന് അവന്റെ ജന്മദിനം ആയിരുന്നു എന്നത് തനിക്ക് മാത്രമറിയാവുന്ന സത്യമായിരുന്നു. സാഹചര്യങ്ങളുടെ സമ്മർദ്ദം കാരണം ഒരു കളിപ്പാട്ടം വാങ്ങി നൽകാൻ പോലും സാധിക്കാത്തതിൽ സുബൈറിന്റെ പിതൃമനം നൊന്തു.

"നാളെ പോകേണ്ട ആള് ഇവിടെ ഇങ്ങനെ കുത്തിരിക്കാ... ലൈറ്റ് അണച്ച് വേഗം വാ..."

ഫാത്തിമയുടെ ശബ്ദം ചിന്തകൾക്ക് വീണ്ടും കടിഞ്ഞാണിട്ടു. രാത്രിയിലെ അവളുടെ ക്ഷണം  സുബൈറിന് തള്ളിക്കളയാനായില്ല. കുഞ്ഞുമോനെ തനിച്ച് കിടത്തി ഫാത്തിമയുടെ പിന്നാലെ സുബൈർ തൊട്ടടുത്ത മുറിയിലേക്ക് നീങ്ങി. പൊന്നുമകനെ മതിയാവോളം കെട്ടിപ്പിടിച്ചുറങ്ങേണ്ട അവസാന രാത്രിയും ഫാത്തിമ തട്ടി എടുത്തു.

പിറ്റേന്ന് കാലത്ത് തന്നെ സുബൈർ എണീറ്റു.പ്രാഥമിക കർമ്മങ്ങളും കുളിയും കഴിഞ്ഞ് പോകാനുള്ള വസ്ത്രങ്ങൾ മാറി. ഫ്ലൈറ്റ് ടിക്കറ്റ് കുപ്പായത്തിന്റെ കീശയിൽ തന്നെ കരുതി വച്ചു. കുഞ്ഞുമോൻ ഉറക്കമുണരാൻ ഇനിയും വൈകും.പുതുവസ്ത്രം ധരിച്ച തന്നെ കണ്ടാൽ അവന് സങ്കടവും വരും.എങ്കിലും കവിളിൽ ഒരു ചുംബനം കൂടി നൽകാൻ കുഞ്ഞുമോൻ കിടന്നുറങ്ങുന്ന മുറിയിലേക്ക് സുബൈർ മെല്ലെ നടന്നു.  

"ങേ!! മോൻ ഇന്ന് നേരത്തെ എണീറ്റോ ?" ഇന്നത്തെ യാത്രക്കായി, തലേ ദിവസം കയറിട്ട് വരിഞ്ഞ് മുറുക്കി കെട്ടി വച്ച പെട്ടിക്ക് മുകളിൽ കയറി ഇരിക്കുന്ന മകനെ നോക്കി സുബൈർ ചോദിച്ചു.

"ഉം " അവനൊന്ന് മൂളുക മാത്രം ചെയ്തു.

"അപ്പാ ഇനി വരുമ്പം, മോന് എന്താ കൊണ്ടുവരേണ്ടത് ?" മോനെ ആശ്വസിപ്പിക്കാനായി സുബൈർ ചോദിച്ചു.

" ഒന്നും മാണ്ട "

"ഒന്നും വേണ്ടാന്നോ ??" മോന്റെ മറുപടി കേട്ട് സുബൈർ ഞെട്ടി.

"എനിക്ക് എന്റെ അപ്പയെ മാത്രം മതി"  

കുഞ്ഞുമോന്റെ നിഷ്കളങ്കമായ മറുപടിയിൽ സുബൈറിന്റെ മനസ്സ് പിടഞ്ഞു. ഓടിച്ചെന്ന് കുഞ്ഞുമോനെ വാരി എടുത്ത് കവിളിൽ തെരുതെരെ ഉമ്മ വച്ചു.

"ദേ ....നേരം വൈകും ട്ടോ....അവനെ താലോലിച്ചിരുന്നാൽ വിമാനം അതിന്റെ വഴിക്ക് പോകും..." ഫാത്തിമ നീരസത്തോടെ പറഞ്ഞു.

സുബൈർ ഫാത്തിമയെ ദ്വേഷ്യത്തോടെ ഒന്ന് നോക്കി;ശേഷം കുഞ്ഞുമോന്റെ മുഖത്തേക്കും.ഒരു നിമിഷം ആലോചിച്ച ശേഷം, തലേ ദിവസം മേശപ്പുറത്ത് നിന്ന് മാറ്റാതെ വച്ചിരുന്ന കത്തി എടുത്ത്, കുഞ്ഞുമോനിരുന്ന പെട്ടിയുടെ കെട്ടുകൾ അറുത്തു മാറ്റി. കീശയിൽ കിടന്ന ടിക്കറ്റ് എടുത്ത് തലങ്ങും വിലങ്ങും കീറി ആകാശത്തേക്കെറിഞ്ഞു. മനസ്സിൽ നിന്നുയർന്ന അരൂപിയായ ഒരു പക്ഷി അനന്തവിഹായസ്സിൽ പറന്നു പറന്ന് ഒരു മരുപ്പച്ചയിൽ മറയുന്നത് അശ്രുകണങ്ങളോടെ സുബൈർ നോക്കി നിന്നു. നിലത്ത് ചിതറി വീണ നിറമുള്ള ടിക്കറ്റ് കഷ്ണങ്ങൾ പെറുക്കി കൂട്ടുന്ന തിരക്കിലായിരുന്നു കുഞ്ഞുമോൻ അപ്പോൾ.