എഞ്ചിനീയറിംഗ് അഡ്മിഷന്റെ ഡ്യൂട്ടിയിൽ വർഷങ്ങളായി ഉണ്ടെങ്കിലും ഒരു സ്പോട്ട് അഡ്മിഷന്റെ രസം അറിഞ്ഞത് പാലക്കാട് എഞ്ചിനീയറിംഗ് കോളേജിൽ എത്തിയപ്പോഴാണ്. എൻ.എസ് .എസ് വേദികളിൽ നിന്നും പടിയിറങ്ങിയ ശേഷം ആൾക്കൂട്ടത്തെ അഭിസംബോധന ചെയ്യാൻ അവസരം കിട്ടിയിരുന്നത് ഓൺലൈനിൽ മാത്രമായിരുന്നു. ആ കുറവും ഈ സ്പോട്ട് അഡ്മിഷൻ പരിഹരിച്ചു.അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് ഷൈൻ സാർ മൈക്ക് എന്റെ നേരെ നീട്ടി 'ആമയും മുയലും' കഥ പറയാൻ ആവശ്യപ്പെട്ടപ്പോൾ ഒരു മടിയും കൂടാതെ അത് ഏറ്റെടുക്കാൻ എന്നെ സഹായിച്ചത് എൻ.എസ് .എസ് വേദികളിലെ എന്റെ മുൻ പരിചയം തന്നെയാണ്.
സ്പോട്ട് അഡ്മിഷൻ രജിസ്ട്രേഷന് വേണ്ടി കാത്ത് നിൽക്കുന്ന കുട്ടികൾക്കും രക്ഷിതാക്കൾക്കും മുമ്പിലായിരുന്നു ശ്രീകൃഷ്ണപുരം കോളേജിലെ എന്റെ കന്നി അരങ്ങേറ്റം. അവരോട് കഥ പറഞ്ഞില്ലെങ്കിലും കാര്യം പറയാൻ എനിക്ക് ഒട്ടും ആലോചിക്കേണ്ടി വന്നില്ല.കാരണം മാസങ്ങളായി യൂ ട്യൂബ് ചാനലിലൂടെ ഞാൻ ചെയ്ത് കൊണ്ടിരിക്കുന്ന കാര്യം എന്റെ പ്രേക്ഷകർക്ക് മുമ്പിൽ ലൈവായി അവതരിപ്പിക്കാൻ മാത്രമേ ഉണ്ടായിരുന്നുള്ളു.അത് ഭംഗിയായി അവതരിപ്പിച്ചു എന്നാണെന്റെ വിശ്വാസം.കാരണം ഞാൻ പറഞ്ഞ കാര്യങ്ങളെ അടിസ്ഥാനമാക്കി പല രക്ഷിതാക്കളും സംശയങ്ങൾ ചോദിച്ചു.
യൂ ട്യൂബ് ചാനലിലൂടെ മാത്രം കണ്ട് ഏറെ സുപരിചിതമായ എന്നെ നേരിൽ കണ്ടതിന്റെ സന്തോഷം പങ്കിടാനും നേരിട്ട് സംസാരിക്കാനും നന്ദി പറയാനും വീഡിയോകളെപ്പറ്റിയുള്ള നല്ല വാക്കുകൾ പറയാനും കുറവുകൾ പറഞ്ഞ് തന്ന് സഹായിക്കാനുമെല്ലാം കുട്ടികളും രക്ഷിതാക്കളും മത്സരിച്ചപ്പോഴാണ് നാളിതുവരെ ചെയ്തുവന്ന കർമ്മത്തിന്റെ മഹത്വം ഞാൻ പോലും തിരിച്ചറിഞ്ഞത്.പലരും വാക്കുകൾ കിട്ടാതെ വിഷമിക്കുന്നതും ഞാൻ കണ്ടു.
ഉച്ചക്ക് ഒരു മണിയോടെ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ നിന്ന് രണ്ടര മണിയോടെ അലോട്ട്മെന്റ് തുടങ്ങി. സഹപ്രവർത്തകനും കമ്പ്യൂട്ടർ പ്രോഗ്രാമറുമായ പ്രേം കുമാർ സർ ആദ്യത്തെ ആളെ വിളിച്ചു അഡ്മിഷൻ ആരംഭിച്ചു.എന്റെ കയ്യിലെ പേപ്പറിൽ എനിക്ക് മനസ്സിലാകുന്ന കോഡിംഗിൽ ഞാനത് മാർക്ക് ചെയ്തു.വൈകുന്നേരം ആറ് മണിയായപ്പോഴേക്കും ഏതാനും പേര് മാത്രമേ ബാക്കി ഉണ്ടായിരുന്നുള്ളു.അത് തന്നെ കമ്പ്യൂട്ടർ സയൻസ്,ഇൻഫർമേഷൻ ടെക്‌നോളജി,ഇലക്ട്രോണിക്സ് എന്നീ ബ്രാഞ്ചുകൾക്ക് വേണ്ടിയുള്ളവർ മാത്രവും.
എൻറെ കയ്യിലെ പേപ്പറിലെ വെട്ടും കുത്തും വരയും എഴുത്തും കണ്ട് പലരും പല ഉപമകളും പറഞ്ഞു. അക്കൗണ്ട്സ് ഓഫീസറടക്കമുള്ള ഓഫീസ് ടീം, കള്ളികൾ വരച്ചും വെട്ടിയും മറ്റും ചെയ്ത അതേ സാധനമായിരുന്നു ഞാൻ വെറും ടാലി മാർക്കും ടോക്കൺ നമ്പറും വച്ച് ചെയ്തത്.അവസാന കണക്കെടുപ്പിൽ ഒഴിവ് വന്ന സീറ്റുകളുടെ എണ്ണം, എന്റെ മുന്നിലെ കുത്തിവരച്ച കടലാസിൽ നോക്കി ഞാൻ കൃത്യമായി പറഞ്ഞപ്പോൾ എല്ലാവരും അത്ഭുതം കൂറി.
രാത്രി ഒമ്പത് മണി വരെ കാത്തിരുന്ന്, മറ്റു കോളേജിലേക്ക് പോയ കുട്ടികൾ കാരണം വന്നേക്കാവുന്ന ഒഴിവ് വരെ നികത്തിയാണ് ഞങ്ങൾ അഡ്മിഷൻ ക്ളോസ് ചെയ്തത്.ഹാജരായ 188 പേരിൽ 93 പേർക്കും അപ്പോഴേക്കും പ്രവേശനം ലഭിച്ചിരുന്നു.
1 comments:
അവസാന കണക്കെടുപ്പിൽ ഒഴിവ് വന്ന സീറ്റുകളുടെ എണ്ണം, എന്റെ മുന്നിലെ കുത്തിവരച്ച കടലാസിൽ നോക്കി ഞാൻ കൃത്യമായി പറഞ്ഞപ്പോൾ എല്ലാവരും അത്ഭുതം കൂറി.
Post a Comment
നന്ദി....വീണ്ടും വരിക