Pages

Monday, March 30, 2020

കൊറോണക്കാല കല

                കൊറോണക്കാലത്ത് ലോക്ക് ഡൌണ്‍ ആയി എന്തു ചെയ്യും എന്നറിയാതെ മൊബൈലും ടിവിയും ഉറ്ക്കവും ഒക്കെയായി തള്ളി നീക്കിയിട്ടും  സമയം ബാക്കി വരുന്ന നിരവധി ആള്‍ക്കാരുണ്ട്. ബട്ട് , എനിക്ക് ഇതുവരെ അങ്ങനെ ഒരു പ്രയാസം നേരിട്ടിട്ടില്ല എന്ന് മാത്രമല്ല സാധാരണ ചെയ്തിരുന്ന പലതും ചെയ്യാന്‍ പറ്റാതായോ എന്നൊരു സംശയവും ഉണ്ട്. ഈ 21 ദിവസക്കാലത്ത് പച്ചക്കരി കൃഷി ചെയ്തു കൂടെ എന്ന് മുഖ്യമന്ത്രി ചോദിക്കുന്നതിന് മുമ്പെ തന്നെ അത് തുടങ്ങിയിരുന്നു. അതിനിടയില്‍ അപ്രതീക്ഷിതമായി കണ്ടെത്തിയ (ഇത്രയും കാലം ഞാന്‍ എവിടെയും കണ്ടിട്ടില്ല) ഒരു കൃഷി രീതി പരിചയപ്പെടുത്തട്ടെ.
              
                  കുറെ കാലമായി ഒരു ചാക്ക് ചിരട്ട വിറകുപുരയില്‍ കിടക്കുന്നുണ്ടായിരുന്നു .പുകയില്ലാ അടുപ്പില്‍ ചിരട്ട കത്തിക്കുന്നത് നല്ലതല്ല എന്നതിനാല്‍ (ഭാര്യ പറഞ്ഞതാണ്) കിട്ടിയ വിലക്ക് കഴിഞ്ഞ വര്‍ഷം അഞ്ചാറ് ചാക്ക് വിറ്റ് ഒഴിവാക്കിയിരുന്നു. ഇത്തവണയും അതേ ആള്‍ ചാക്കുമായി വന്നപ്പോള്‍ ഇത് മറ്റ് രീതിയില്‍ ഉപയോഗപ്പെടുത്തുന്നത് എങ്ങനെ എന്നൊരു ചിന്ത മനസ്സില്‍ വന്നു. അധികം താമസിയാതെ എന്റെ മനസ്സില്‍ ഒരു ലഡു പൊട്ടി. പച്ചക്കറി വിത്ത് നടാനുള്ള സീഡ് ട്രേ ആയി ഉപയോഗിക്കാം എന്നൊരു ഐഡിയ. 

                അങ്ങനെ 21ദിവസ ജൈവ കൃഷിക്കായി 21 കണ്ണന്‍ ചിരട്ട തന്നെ തെരഞ്ഞെടുത്തു.അതു വേണ്ട ഒരു 30 എണ്ണം കിടക്കട്ടെ എന്ന് മനസ്സില്‍ നിന്ന് വിളി വന്നതിനാല്‍ അപ്പോള്‍ തന്നെ എണ്ണം കൂട്ടി.എല്ലാത്തിന്റെയും ഒരു കണ്ണ് നിഷ്കരുണം കുത്തിപൊട്ടിച്ച് മണ്ണ് നിറച്ചു. അപ്പോഴാണ് രണ്ട് അപ്പ്രന്റീസുകളുടെയും വരവ്. തലേ ദിവസം സൂഡോമൊണാസ് ലായനിയില്‍ ഇട്ട് വച്ചിരുന്ന വിത്തുകള്‍ അവര്‍ രണ്ട് പേരും കൂടി ചിരട്ടയില്‍ നട്ടു. ഉണ്ടമുളക്, കക്കിരി, വഴുതന, കുറ്റിബീന്‍സ്, പയറ്‌ എന്നിവയാണ്  ചിരട്ടയില്‍ നട്ടത്. 

               ചിരട്ടയില്‍ വിത്തിട്ടപ്പോഴാണ് അതിനെ നിരത്തി വയ്ക്കാനുള ബുദ്ധിമുട്ട് മനസ്സിലാക്കിയത്. പൂച്ചയും മറ്റും തട്ടി മറിക്കുമോ എന്ന പേടിയും...അങ്ങനെ ആലോചിച്ചപ്പോഴാണ് മെഡുല ഒബ്ലാങ്കട്ടയില്‍ ഒരു മിന്നല്‍...വെര്‍ട്ടിക്കല്‍ ഗാര്‍ഡനായി കയറില്‍ തൂ‍ക്കിയിടാം. പക്ഷെ കൊറോണ കാലത്ത് കയറ് എവിടുന്നാ? അടുത്ത നിമിഷം അതിനും പരിഹാരമായി.

                    എന്റെ കുട്ടിക്കാലത്ത് വാഴയുടെ പോളകള്‍ ഉമ്മ കയറാക്കുന്നത് കണ്ടിരുന്നു.‘ബായച്ചപ്പ കയറ്‌‘ എന്നായിരുന്നു ഞങ്ങളതിനെ പറഞ്ഞിരുന്നത്. അങ്ങനെ മുറ്റത്തെ വാഴയുടെ ഉണങ്ങിയ പോളകള്‍ ശേഖരിച്ച് ഒരു മണിക്കൂര്‍ നേരം വെത്തിലിട്ട് വച്ചു.പിന്നെ വീതി കുറച്ച് ചീന്തിയെടുത്തു. ശക്തിയായി വലിച്ച് ഉറപ്പ് പരീക്ഷിച്ചു.ഇനി ചിരട്ട അതില്‍ നിര്‍ത്താന്‍ എന്തു മാര്‍ഗ്ഗം എന്നാലോചിച്ചു.

                  മക്കളുടെ ഒഴിവാക്കിയ വളകള്‍ കെട്ടി ബെയ്സാക്കി വച്ചു. രണ്ട് വള കെട്ടിയപ്പോഴേക്കും അതത്ര എളുപ്പമല്ല എന്ന് തിരിച്ചറിഞ്ഞു. അതോടെ അടുത്ത വഴി തേടി.നാല് നാരെടുത്ത് നിശ്ചിത അകലത്തില്‍ ഒരുമിച്ച് കൂട്ടികെട്ടി ചിരട്ട അതില്‍ വച്ചു നോക്കി.യുറേക്കാ.... ഭാരം അഥവാ ഗ്രാവിറ്റി കാരണം ചിരട്ട സുന്ദരമായി സീറ്റിംഗായി. 

              കൊറോണ കാലമായതിനാല്‍ ഒറ്റയും തെറ്റയുമായി അയല്‍ക്കാര്‍ കാണാന്‍ വരുന്നു – ഫുള്‍ പ്രകൃതി ജന്യ വസ്തുക്കളാല്‍ നിര്‍മ്മിതമായ ചിരട്ടയിലെ പച്ചക്കറിത്തോട്ടം കാണാന്‍. മൂത്ത മകള്‍  ലുലുവിന്റെ ആശയങ്ങള്‍ക്കനുസരിച്ച്  ഇനി ഇതിനെ ഒന്ന് മോടി പിടിപ്പിക്കണം.   

Wednesday, March 25, 2020

കടലാസുതോണി

           ഈ വര്‍ഷത്തെ ആദ്യ വേനല്‍ മഴ ഇന്ന് ലഭിച്ചപ്പോള്‍ ഏറെ സന്തോഷിച്ചത് എന്റെ കുഞ്ഞുമോനായിരുന്നു. മുറ്റത്ത് കൂടി കുത്തിയൊഴുകിയ മഴവെള്ളത്തിലേക്ക് ഏറെ നേരം അവന്‍ നോക്കിയിരുന്നപ്പഴേ അവന്റെ കുഞ്ഞു മനസ്സില്‍ രൂപപ്പെടുന്ന ചിന്തകള്‍ ഞാന്‍ മനസ്സിലാക്കി.
            മഴ ഒന്ന് ശമിച്ചപ്പോള്‍ ഇന്നലെ വരെ കുത്തിയിരുന്ന് വരച്ചിരുന്ന പേപ്പറും കൊണ്ട് അവന്‍ ഓടിയെത്തി.
“അബ്ബാ....തോണിയുണ്ടാക്കിത്തരണം...”

              കൊണ്ട്‌വന്ന പേപ്പര്‍ കൊണ്ട് ഞാന്‍ ആറ് കുഞ്ഞു കടലാസു തോണികള്‍ ഉണ്ടാക്കിക്കൊടുത്തു. മഴ ഒന്നമര്‍ന്നപ്പോള്‍ അവന്‍ തോണികളുമായി വെള്ളത്തിലിറങ്ങി. ഓരോ തോണിയും വെള്ളത്തിലിട്ട് അവന്‍ അവയെ നോക്കി നില്‍ക്കുമ്പോള്‍ ഞാനും നാല്പത് വര്‍ഷങ്ങള്‍ക്ക് മുമ്പിലേക്ക് തോണി തുഴഞ്ഞ് പോയി.
           അന്ന് തോണിയുണ്ടാക്കാന്‍ ഇന്നത്തെപ്പോലെ എ4 പേപ്പറുകള്‍ സുലഭമായിരുന്നില്ല. മള്‍ട്ടികളര്‍ നോട്ടീസുകളും അന്നുണ്ടായിരുന്നില്ല. ആകെ ലഭിക്കുന്നത് വീട്ടില്‍ വരുത്തുന്ന മാതൃഭൂമി പത്രം മാത്രം. അതു കൊണ്ട് തോണി ഉണ്ടാക്കി കുത്തിയൊലിക്കുന്ന വെള്ളത്തില്‍ വയ്ക്കുമ്പോഴേക്കും ചായയില്‍ മുക്കിയ ബിസ്കറ്റ് പോലെ കുഴഞ്ഞ് പോകും.
           എന്റെ ഏക സഹോദരി എട്ടാം ക്ലാസ്സില്‍ എത്തിയപ്പോഴാണ് നോട്ടുപുസ്തകങ്ങള്‍ അവളുടെ സ്കൂള്‍ ജീവിതത്തിന്റെ ഭാഗമായത്.  അന്ന് മുതല്‍ നോട്ടുപുസ്തകങ്ങളുടെ നടുപ്പേജുകള്‍ തോണികള്‍ ഉണ്ടാക്കാന്‍ സംവരണം ചെയ്യപ്പെട്ടവയായി. പുസ്തകത്തിന്റെ മറ്റെവിടെന്നെങ്കിലും പേജ് പറിച്ചാല്‍ മറ്റൊന്ന് കൂടി സൌജന്യമായി കിട്ടിയിരുന്നു! അന്ന് മുതലാണ് കടലാസു തോണികള്‍ ചലിക്കുന്നത് കാണാന്‍ സാധിച്ചതും. വെള്ളത്തിന്റെ ഒഴുക്കിനനുസരിച്ച് നീങ്ങുന്ന തോണികള്‍ കൌതുകത്തോടെ നോക്കി നിന്ന ആ ബാല്യകാലം ഈ ഒരു പോസിലൂടെ എന്റെ മോന്‍ എന്റെ മനോമുകുരത്തില്‍ എത്തിക്കുന്നു.
             കടലാസ് തോണികളി കഴിഞ്ഞപ്പോള്‍ അവന്‍ ഒരു പ്രസ്ഥാവന കൂടി നടത്തി....
“ അബ്ബാ.... എന്റെ വീട്ടില്‍ മാത്രമേ പുഴയുള്ളൂ !!”.

ശരിയാണ് , അവന്റെ കളിക്കൂട്ടുകാര്‍ മൂന്ന് പേരുടെയും വീടുകളുടെ മുറ്റം ഇന്റര്‍ലോക്ക് ചെയ്തതിനാല്‍ ഇതുപോലെ വെള്ളം ഒഴുകുന്നുണ്ടായിരുന്നില്ല! പ്രകൃതി സംരക്ഷണാര്‍ത്ഥം മുറ്റം അതേപടി നിലനിര്‍ത്തിയ എനിക്കും ആ നിമിഷം ഏറെ അഭിമാനം തോന്നി.

Sunday, March 22, 2020

വനദിനത്തില്‍ ഒരു തൈ നടല്‍

              2020ലെ ലോകവന ദിനം കടന്നു വന്നത് ലോകം മുഴുവന്‍ കൊറോണയുടെ ഭീതിയില്‍ നില്‍ക്കുമ്പോഴാണ്. “വനങ്ങളും ജൈവ വൈവിധ്യവും“ എന്നതായിരുന്നു ഈ വര്‍ഷത്തെ മുഖ്യ പ്രമേയം.
              കൃത്യം മൂന്ന് ദിവസം മുമ്പായിരുന്നു എന്റെ രണ്ടാമത്തെയും മൂന്നാമത്തെയും മക്കളുടെ ജന്മദിനം. കഴിഞ്ഞ വര്‍ഷം രണ്ട് കദളി വാഴത്തൈകള്‍ വയ്ക്കലായിരുന്നു ജന്മദിന പരിപാടി. ഇത്തവണ വീണ്ടും വൃക്ഷത്തൈ തന്നെയാക്കി.
               വീട്ടിലെ വൃക്ഷ വൈവിധ്യം ( ഒപ്പം ജൈവ വൈവിധ്യവും) വര്‍ദ്ധിപ്പിക്കുക എന്ന സ്ഥിരം പരിപാടിയുടെ ഭാഗമായി ഇത്തവണ നട്ടത് മൂന്ന് വര്‍ഷം കൊണ്ട് കായ്ക്കും എന്ന് പറയപ്പെടുന്ന പ്ലാവിന്‍ തൈ ആണ്. എന്റെ മുറ്റത്ത് സ്ഥലം ഇല്ലാത്തതിനാലും മകന്റെ നാലാംജന്മദിനത്തില്‍ വച്ച ഒരു വിയറ്റ്നാം ഏര്‍ളി പ്ലാവിന്‍ തൈ ഇതേ പറമ്പില്‍ വളര്‍ന്ന് വരുന്നതിനാലും ചേച്ചിയുടെ പറമ്പിലാണ് ഇത്തവണ തൈ വച്ചത്. കൃഷിത്തോട്ടം ഗ്രൂപ് (KTG) എന്ന ഫേസ്ബുക്ക് കൂട്ടായ്മയുടെ മലപ്പുറം മീറ്റില്‍ നിന്നു കിട്ടിയതായിരുന്നു തൈ.
                മക്കള്‍ക്ക് പുറമെ കൃഷിയെ ഏറെ സ്നേഹിക്കുന്ന 78കാരിയായ എന്റെ പ്രിയപ്പെട്ട ഉമ്മയും തൈ നടാന്‍ ആവേശപൂര്‍വ്വം മുന്നില്‍ തന്നെ ഉണ്ടായിരുന്നു. ഇനി ഓരോ ദിവസവും ഞങ്ങള്‍ക്ക് ആവേശത്തിന്റേതും പ്രതീക്ഷയുടേതുമാണ്. തൈയില്‍ ആദ്യത്തെ പുതുനാമ്പ് വരുന്നതും ആദ്യത്തെ കായ പിടിക്കുന്നതും എല്ലാം മക്കളുടെ ജീവിതത്തിലും പ്രകൃതി സ്നേഹം ഊട്ടിയുറപ്പിക്കും എന്ന് തീര്‍ച്ച. 
                ലുഅ മോള്‍ക്ക് 16 വയസ്സും ലൂന മോള്‍ക്ക് 10 വയസ്സും തികഞ്ഞു. പതിവ് പോലെ ചിത്രങ്ങള്‍ എല്ലാം പകര്‍ത്തിയത് രണ്ട് പേരുടെയും മുമ്പെ ഭൂമിയില്‍ കാലുകുത്തിയ ലുലു മോളും. ഈ മാതൃക ഇഷ്ടമായെങ്കില്‍ പിന്തുടരാന്‍ അഭ്യര്‍ത്ഥിക്കുന്നു.

Wednesday, March 18, 2020

എന്റെ മാമാട്ടിക്കുട്ടിയമ്മക്ക്...

രാപ്പാടിതൻ ....
പാട്ടിൻ കല്ലോലിനിക്ക് , സിദ്ധാർത്ഥൻ എന്ന ഞാൻ -

               ഒരു നല്ല കോട്ടയംകാരനോട് കെട്ട്യോളാ‍ണ് എന്റെ മാലാഖ എന്ന് ദൈവം സാക്ഷിയായി തീരുമാനമാക്കിയത് മാർച്ച് രണ്ടാം വ്യാഴത്തിലോ അതോ ജൂണിലോ ? എന്നായാലും ഈ പുലിവാൽ കല്യാണം, ഒരു അഡാർ ലൌവിൽ തുടങ്ങി ഒരു യമണ്ടൻ പ്രേമകഥയായി ഒന്നൊന്നര പ്രണയ കഥയും ആയത് ബൂലോകത്തും ഭൂലോകത്തും വൈറസ് പോലെ പടർത്തിയ പ്രതി പൂവൻ കോഴി തന്നെ.

            Old is Gold എന്നാണല്ലോ ? ഓർമ്മയുണ്ടോ.... ആ പഴയ കളിക്കൂട്ടുകാരെ ?സൂത്രക്കാരൻ അള്ളു രാമേന്ദ്രൻ ഇവിടെ ഈ നഗരത്തിൽ തന്നെയുണ്ട്. പൊറിഞ്ചു മറിയം ജോസും അമ്പിളിയും വകതിരിവ് വന്ന ഗ്രാമവാസീസ് ആയി മാറിപ്പോയി. തൊട്ടപ്പന്റെ തമാശയും ഗാന ഗന്ധർവ്വന്റെ ഗസലും ഓർമ്മയിൽ ഒരു ശിശിരമായി ഇപ്പോഴും തുടരുന്നില്ലേ? അന്നത്തെ പത്താം ക്ലാസിലെ പ്രണയം നീ ഓർക്കുന്നോ ? ആ Love Action Drama എത്ര മനോഹരമായിരുന്നു അല്ലേ ? പ്രണയ മീനുകളുടെ കടൽ താണ്ടി ഒരു ഞായറാഴ്ച നീയും ഞാനും വിജയ് സൂപ്പറും പൌർണ്ണമിയും ആയത് ചില കൊസ്രാക്കൊള്ളികൾ കുട്ടിമാമയോട് പറഞ്ഞത് ചില ന്യൂജെൻ നാട്ടു വിശേഷങ്ങൾ മാത്രമായി തീർന്നു.

             സത്യം പറഞ്ഞാ വിശ്വസിക്കുമോ ? തണ്ണീർ മത്തൻ ദിനങ്ങൾ കഴിഞ്ഞ് തങ്കഭസ്മക്കുറിയിട്ട മണവാട്ടിയായി ആദ്യരാത്രിയിലേക്ക് പ്രവേശിക്കുമ്പോൾ നിനക്ക് ഭയം ഉണ്ടായിരുന്നില്ലേ? ആ കുമ്പളങ്ങി നൈറ്റ്സ് ശുഭരാത്രിയായി തീർന്നു അല്ലേ? എന്നോട് പറ I Love You എന്ന് അന്ന് കണവൻ പറഞ്ഞത് ഇന്ന് An International Local Story ആണ്.

             ഈ ഇരുപത്തിഒന്നാം നൂറ്റാണ്ടിലും ജെല്ലിക്കെട്ട് തുടരുന്നത് വല്ലാത്തൊരു വികൃതി തന്നെയാണല്ലേ ? തൃശൂർ പൂരം കാണുന്ന പോലെയാ ജനംമാമാങ്കം ആസ്വദിക്കുന്നത്. നിങ്ങൾ ക്യാമറാ നിരീക്ഷണത്തിലാണ് എന്നതിനാൽ ഒരു കരീബിയൻ ഉഡായിപ്പും  അവിടെ നടക്കില്ല എന്ന് സമാധാനിക്കാം.

            പിന്നെ ഒരു വട്ടമേശ സമ്മേളനം വിളിച്ച് പറയേണ്ട കടത്തനാടൻ കഥ ഒരു ദേശ വിശേഷമായി ഉണ്ട്. നല്ല വിശേഷം തന്നെയാണ്. ഇട്ടിമാണി മെയ്ഡ് ഇൻ ചൈനയിൽ നിന്ന് ഒരു കലിപ്പ് രോഗം പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. 41 ദിവസമായി തുടങ്ങീട്ട്. പലരും പവനായി ശവമായി.

            കാലം പറഞ്ഞത് പലതും യവനികക്ക് പിന്നിലൊളിച്ചു. അന്നത്തെ ത്രീ ഇഡിയറ്റ്സ് ഉണ്ടായിരുന്നല്ലോ ? ജാക്ക് ഡാനിയേൽ , മുഹബ്ബത്തിൻ കുഞ്ഞബ്ദുള്ള , പട്ടാഭിരാമൻ - മൂവരും എടക്കാട് ബറ്റാലിയൻ 06 ൽ കയറി. പിന്നെ മേരാ നാം ഷാജി എന്ന് പറഞ്ഞ് നടന്നിരുന്ന അവൻ ഇപ്പോൾ ആൻഡ്രോയിഡ് കുഞ്ഞപ്പനാ.

           നാട്ടിൽ നീർമാതളം പൂത്തകാലം കഴിഞ്ഞ് മൂന്നാം പ്രളയവും കഴിഞ്ഞല്ലേ? ലോനപ്പന്റെ മാമോദീസക്ക് നീ പോയിരുന്നോ? മാർക്കോണി മത്തായിയും ജിമ്മി ഈ വീടിന്റെ ഐശ്വര്യ  യും വരാംന്ന് പറഞ്ഞിരുന്നല്ലോ?

            പിന്നെ അനിയൻ‌കുഞ്ഞ് തന്നാലായത് എന്ത് പറയുന്നു ? അവന്റെ ഫാൻസിഡ്രെസ് ഫൈനൽ‌സ് കഴിഞ്ഞോ? മൂത്തോൻ ഡ്രൈവിംഗ് ലൈസൻസ് എടുത്തോ?പൂവള്ളിയും കുഞ്ഞാടും ഒക്കെ ഇപ്പോഴുമുണ്ടോ?നിന്റെ കോട്ടയം കുഞ്ഞച്ചനോട് ഈ ഒടിയന്റെ അന്വേഷണം പറയണം ട്ടോ.

            സ്വപ്നരാജ്യത്തിൽ ഒരു നക്ഷത്രമുള്ള ആകാശം നോക്കി ഉയരങ്ങൾ കിനാവ് കണ്ട് മൌനാക്ഷരങ്ങൾ തുന്നുമ്പോൾ പണ്ട് വലിയ പെരുന്നാളിന് കുഞ്ഞിരാമന്റെ കുപ്പായമിട്ട് ചിൽഡ്രൻസ് പാർക്കിൽ പോയതും ഓർമ്മകളുണ്ടായിരിക്കണം.

            എന്റെ കൈയ്യക്ഷരം ഹൃദ്യം ആയോ ?

                                         
സസ്നേഹം
സുഡാനി ഫ്രം നൈജീരിയ
മുത്താരം കുന്ന് പി.ഒ

Tuesday, March 17, 2020

ഭാഗ്യരേഖ

                “മനുഷ്യഭൗതികലോകത്തിൽനിന്ന് ആ കടലാസുകപ്പൽ പതിയേ മോചിതമാകാൻ തുടങ്ങി. ഓളങ്ങൾ കരുതലോടെ ചുമലിലേറ്റിയ കൗതുകം ആടിയുലഞ്ഞു നീങ്ങി. ഒരു നദിയും ഒരു നീരുറവയും ഇന്നോളം കണ്ടിട്ടില്ലാത്ത യാനരൂപം. ലോട്ടറി ടിക്കറ്റിന്റെയും സെല്ലോടേപ്പിന്റെയും പ്ലാസ്റ്റിക് മയം കപ്പലിന് ഒരു സ്വയംജീവിതം കഷ്ടിച്ചു നല്കി. ഭാഗ്യനിർഭാഗ്യങ്ങളുടെ ലോട്ടറിക്കപ്പൽ. അതിനെ ആനയിക്കുന്ന കാറ്റും ഓളവും. കടലാസുകപ്പൽ നദിയുടെ ആത്മകഥയെഴുതിക്കൊണ്ട് മുന്നേറി…“

           പെട്ടെന്ന് ഒന്നും മനസ്സിലായില്ല അല്ലേ? ശ്രീ. ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് എഴുതിയ ‘ഭാഗ്യരേഖ’ എന്ന പുസ്തകത്തിൽ ഏകദേശം മധ്യഭാഗത്ത് എത്തുമ്പോൾ ഉള്ള വരികളാണിത്. 

            ഒരു ലോട്ടറി ടിക്കറ്റ് മനസ്സില്ലാ മനസ്സോടെ വാങ്ങി, അത് ഒഴിവാക്കാൻ നോക്കുംതോറും തന്നിലേക്ക് തന്നെ തിരിച്ചു വരുന്നത് വരാനിരിക്കുന്ന എന്തിനെയോ സൂചിപ്പിക്കുന്നു. പക്ഷേ ഭാഗ്യം എന്നതിലുപരി അത് മറ്റൊന്നായി പരിണമിക്കുമ്പോഴും കണ്ണിൽ നിന്ന്  സന്തോശാഷ്രു പൊഴിയുന്നു. തുടക്കം ആവേശഭരിതമാണെങ്കിലും ഇടക്ക് മേൽവരികൾ പോലെ  തത്വചിന്താ പരമായി പോകുന്നോ എന്നൊരു തോന്നൽ അനുഭവപ്പെടുന്നു. വായിച്ച് തുടങ്ങിയപ്പോൾ, കുട്ടിക്കാലത്ത് വായിച്ച ഏതോ ഒരു ഷൂവിന്റെ കഥ ഓർമ്മയിലൂടെ മിന്നിമറഞ്ഞു.

              ഉപേക്ഷിക്കുന്തോറും നിരന്തരം തിരിച്ചെത്തുകയും പുതിയപുതിയ കഥകളെയും മനുഷ്യരെയും സംഭവങ്ങളെയും ഒപ്പം കൊണ്ടുവരികയും ജീവിതത്തിന് ഭാഗ്യനിർഭാഗ്യങ്ങളുടെ അതീന്ദ്രിയസ്പർശം നൽകുകയും ചെയ്യുന്ന ഒരു ലോട്ടറിയിലൂടെ മനുഷ്യജീവിതത്തിന്റെ നിഗൂഢതയും സങ്കീർണതയും ഇഴപിരിച്ചെടുക്കുന്ന രചന. അതിസാധാരണമായ ജീവിതസന്ദർഭങ്ങളും കഥാപാത്രങ്ങളും അസാധാരണമായ അനുഭവമാകുന്ന എഴുത്തിന്റെ വിസ്മയം. പുസ്തകത്തിന്റെ പിൻപുറക്കുറിപ്പ് അക്ഷരാർത്ഥത്തിൽ സത്യമായി പുലരുന്നത് പുസ്തകം മുഴുവൻ വായിക്കുമ്പോൾ ബോധ്യമാകും.

             രചയിതാവ്  ശിഹാബുദ്ദീൻ പൊയ്ത്തുംകടവും ചിത്രങ്ങൾ വരച്ച മുഖ്‌താർ ഉദരം‌പൊയിലും പഴയകാല ബ്ലോഗർമാർ ആയിരുന്നു എന്നതും ഏറെ സന്തോഷം തരുന്നു. ഒരു പക്ഷെ പുസ്തകമേളയിൽ നിന്ന് ഈ പുസ്തകം തെരഞ്ഞെടുക്കാൻ എന്നെ പ്രേരിപ്പിച്ചതും ആ ബന്ധം ആയിരിക്കാം.

(പുസ്തകം വാങ്ങി നാല് മാസത്തിന് ശേഷമാണ് വായിക്കാനെടുത്തത്....പത്തോളം പേജുകൾ പ്രിന്റ് ചെയ്യാതെ ബ്ലാങ്ക് ആയിരുന്നു...വായനയുടെ ഒഴുക്കിനെ അത്  തടസ്സപ്പെടുത്തി)

പുസ്തകം : ഭാഗ്യരേഖ
രചയിതാവ് : ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് 
പ്രസാധകർ : മാതൃഭൂമി ബുക്സ്
പേജ് : 79
വില : 100 രൂപ

Sunday, March 15, 2020

ബംഗ്ലാവ് കുന്നിലെ സ്കൈ വാക്ക്

               തേക്കുകൾക്ക് പ്രശസ്തമായ നിലമ്പൂരിൽ അധികമാരും അറിയാത്ത ഒരു ബംഗ്ലാവുണ്ട്. പഴമയുടെ പ്രൌഢിയോടെ പട്ടണത്തിന്റെ ഹൃദയത്തിൽ തന്നെ സ്ഥിതി ചെയ്യുന്ന ഒരു ബ്രിട്ടീഷ് ബംഗ്ലാവ്. ഇന്ന് വനം വകുപ്പിന്റെ അധീനതയിൽ ആയതിനാലാവാം പലരും അതിനെപ്പറ്റി അറിയാതെ പോയത്. കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജിൽ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ആയിരിക്കെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു പ്രകൃതി പഠന ക്യാമ്പിന് എത്തിയപ്പോഴാണ് മലപ്പുറം ജില്ലക്കാരനായ ഞാൻ ഈ ബംഗ്ലാവ് ആദ്യമായി കണ്ടത്.

            നിലമ്പൂർ ചന്തക്കുന്ന് ബസ് സ്റ്റാന്റിലേക്ക് പ്രവേശിക്കുന്ന റോഡിന്റെ നേരെ എതിര്‍വശത്തെ റോഡിലൂടെ അല്പം മുന്നോട്ട് നടന്നാൽ ബംഗ്ലാവ് കുന്നിലെത്താം. കാടിന്റെ സൌന്ദര്യം ആസ്വദിക്കാനും മറ്റാരും കാണാതെ കൌമാരത്തിന്റെ ചാപല്യങ്ങൾ തീർക്കാനും ഒരിടം എന്ന നിലക്ക് കോളേജ് കുമാരീ കുമാരന്മാർ ആയിരുന്നു ഈ സ്ഥലം നന്നായി ഉപയോഗപ്പെടുത്തിയിരുന്നത്. എന്നാൽ ഇത്തവണ പോയപ്പോൾ ആളൊന്നിന് 40 രൂപ പ്രവേശന ഫീ ഏർപ്പെടുത്തിയത് കണ്ടു. വാഹനത്തിന് 25 രൂപ വേറെയും. തിങ്കളാഴ്ച അവധിയാണ്.

               ഇടതൂര്‍ന്ന് വളരുന്ന മഹാഗണി മരങ്ങളാണ് ബംഗ്ലാവ് കുന്നിലെ മരങ്ങളില്‍ പ്രധാന ഇനം. 1928ല്‍ ബ്രിട്ടീഷുകാരാണ് ഈ ബംഗ്ലാവ് പണിതത്.ഈട്ടിയും തേക്കും ഉപയോഗിച്ചാണ് ബംഗ്ലാവിന്റെ പ്രധാന ഭാഗങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. മാനന്തവാടി ഡി.എഫ്.ഒ ബംഗ്ലാവ് പോലെ വിശാലമായ റൂമുകള്‍ ഇവിടെയും കണ്ടു.വനം വകുപ്പിന്റെ കീഴിലാണെങ്കിലും പരിപാലനം കുറവാണ് എന്ന് ബംഗ്ലാവിന്റെ പല ഭാഗങ്ങളും വിളിച്ചോതുന്നു. ഭാര്‍ഗവീ നിലയം എന്ന സിനിമ ഇവിടെയാണ് ചിത്രീകരിച്ചത് എന്ന് പറയപ്പെടുന്നു.ഇന്ന് ഏതാണ്ട് അതേ അവസ്ഥയില്‍ തന്നെയാണ് ഈ ബംഗ്ലാവ്.  
                      നരിമട എന്ന ഒരു പാറമട അധികമാരും കാണാതെ മരങ്ങള്‍ക്കപ്പുറത്ത് ഒളിച്ചിരിപ്പുണ്ട്. ഇന്ന് അതില്‍ കുറുനരിയാണ് താമസം എന്ന് മാത്രം.മടക്കകത്തേക്ക് കയറുന്നത് ആരോഗ്യത്തിന് നല്ലതല്ല എന്ന് പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു. 
               അടുത്തകാലത്ത് നിര്‍മ്മിച്ച “സ്കൈ വാക്ക്” എന്ന ആകാശ നടപ്പാതയാണ്  മറ്റൊരാകര്‍ഷണം.കിളികളുടെ ശബ്ദം ആസ്വദിച്ച് ശുദ്ധമായ ഓക്സിജനും ശ്വസിച്ച് ഇതിലൂടെ നടന്നാല്‍ തന്നെ ശരീരത്തിന് ഒരുണ്ണര്‍വ്വ് കിട്ടും. വൃക്ഷത്തലപ്പുകളോട് കിന്നാരം പറഞ്ഞ് വളഞ്ഞ് പുളഞ്ഞ് പോകുന്ന ആ ഇരുമ്പ് പാതയുടെ നിര്‍മ്മാണത്തില്‍ വിനോദ് കുട്ടത്ത് എന്ന നമ്മുടെ ബൂലോക സുഹൃത്തിന്റെ കരസ്പര്‍ശം കൂടിയുണ്ട് എന്നത് അഭിമാനാര്‍ഹമാണ്.
                അപ്പോള്‍, ഇനി നിലമ്പൂര്‍ കാണാന്‍ വരുന്നവര്‍ തേക്ക് മ്യൂസിയവും കനോലി പ്ലോട്ടും ആഢ്യന്‍പാറ വെള്ളച്ചാട്ടവും നെടുങ്കയവും കാണുന്നതിനൊപ്പം ഈ ബംഗ്ലാവ് കൂടി കാണാന്‍ ശ്രമിക്കുമല്ലോ ? 

Friday, March 13, 2020

കാദറിന്റെ ചീഞ്ചട്ടി

 (മുന്നറിയിപ്പ് : ഈ കഥയിൽ നിങ്ങൾ ചുവന്ന അക്ഷരങ്ങൾ കാണുന്നുണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ തികച്ചും സൌജന്യമായി നിങ്ങൾക്ക് ഒരു കഥ കൂടി വായിക്കാവുന്നതാണ്.എല്ലാവർക്കും അത് കാണണം എന്നില്ല എന്ന് ഒന്ന് കൂടി ഓർമ്മിപ്പിക്കുന്നു)

             പത്താം ക്ലാസ് റിസൾട്ട് വന്നപ്പോൾ, 1970കളിലെ ഇന്ത്യാ - വെസ്റ്റിൻഡീസ് ക്രിക്കറ്റ് കളിയിലെ ഇന്ത്യൻ സ്കോർ ബോർഡ് പോലെയായിരുന്നു കാദറിന്റെ മാർക്ക് ലിസ്റ്റ്. കടല പൊതിയാൻ പോലും എടുക്കാത്ത ആ മാർക്ക് ലിസ്റ്റും കൊണ്ട് നടന്നാൽ ശരിയാവില്ല എന്ന ബോധോദയം കാരണം അറബിയുടെ ഡ്രൈവർ ആയി ഒരു കൈ നോക്കാം എന്ന് കാദർ തീരുമാനിച്ചു. ശരീരം എന്നും പത്ത് എ ക്ലാസിലാണെങ്കിലും മനസ്സ് അന്നും അറേബ്യയിലായിരുന്നതിനാൽ കാദർ, പാസ്പോർട്ട് നേരത്തെ തന്നെ എടുത്ത് വച്ചിരുന്നു. മെഡിക്കൽ സർട്ടിഫിക്കറ്റ് ലഭിക്കാൻ കണ്ണ്‌ പരിശോധന നിർബന്ധമായതിനാൽ കാദർ കോഴിക്കോട്ടേക്ക് ബസ് കയറി.
       
“ഗുഡ് മോണിംഗ് സർ...വെൽകം റ്റു വാസൻ ഐ ക്ലിനിക്ക്...” വാതിലിനടുത്ത് നിന്ന സ്ത്രീ മൊഴിഞ്ഞു.

“ആ നല്ല വാസനയുണ്ട്...ക്ലീനാക്കിക്കോളൂ...” മൂക്ക് പൊത്തിക്കൊണ്ട് കാദറും പറഞ്ഞു.

“മെ ഐ ഹെല്പ് യൂ സർ...?” വേറൊരു പെൺകുട്ടി വന്ന് മന്ദസ്മിതം തൂകി.

“ഏയ്...അത്ര പ്രയാസം ഒന്നുമില്ല...കണ്ണ് പരിശോധിക്കാൻ വന്നതാ...”

“ഓകെ സാർ...യൂ ഗൊ സ്ട്രൈറ്റ് , ടേൺ ലെഫ്റ്റ് ,ഫസ്റ്റ് ഡോർ റൈറ്റ്...”

“നീ പറഞ്ഞ് തരുന്നതിലും നല്ലത് പറയാതിരിക്കുന്നതാ....” ഇംഗ്ലീഷ് ദഹിക്കാത്ത കാദർ പറഞ്ഞു. അടയാളങ്ങൾ നോക്കി റൂം കണ്ടെത്തി കാ‍ദർ അകത്ത് പ്രവേശിച്ചു. ഡോക്ടറെന്ന് തോന്നിക്കുന്ന ഒരാളും ഒരു പെൺകുട്ടിയും ആയിരുന്നു റൂമിനകത്തുണ്ടായിരുന്നത്.

പെൺകുട്ടി കാദറിനോട് മുന്നിലെ കസേരയിൽ ഇരിക്കാൻ പറഞ്ഞു. ഗ്ലാസില്ലാത്ത ഒരു കണ്ണട ഫ്രെയിം ആ പെൺകുട്ടി കാദറിന്റെ മുഖത്ത് ഫിറ്റ് ചെയ്തു. നേരെ മുമ്പിൽ ചുമരിൽ തൂക്കിയിട്ടിരിക്കുന്ന ചാർട്ടിലെ ഒന്നാമത്തെ വരി വായിക്കാൻ ആവശ്യപ്പെട്ടു.

“അ....ആ....ഇ....ഈ......ഉ......ഊ......” ആദ്യാക്ഷരം ‘അ‘ ആണെന്ന് കണ്ടതോടെ കാദർ  കണ്ണടച്ച് തന്നെ ആ ലൈൻ ഫിനിഷാക്കി.

“ഇതിലേതാ ‘ഉ‘ ?” പെൺകുട്ടിയുടെ ചോദ്യം കാദറിനെ കുലുക്കിയില്ല.

“ഒരു വയസ്സൻ കുത്തി ഇരിക്കുന്ന പോലെയുള്ളത്....” കാദറിന്റെ ഉത്തരം അടുത്ത ചോദ്യത്തിൽ നിന്നും അവരെ പെട്ടെന്ന് വിലക്കി.

വലത്തെ കണ്ണിന് മുമ്പിൽ ഒരു മറ ഇട്ട് ഇടത്തെ കണ്ണിന് മുമ്പിൽ ഒരു ചില്ലിട്ട് അടുത്ത വരി വായിക്കാൻ പെൺകുട്ടി ആവശ്യപ്പെട്ടു.

“ഇത് കൊറ്ച്ച് കട്ടിയാ സിസ്റ്ററേ...” കാദർ നിസ്സഹായത അറിയിച്ചു.

സിസ്റ്റർ രണ്ട് ഫ്രെയിമിലും ഓരോ ഗ്ലാസിട്ട് ചാർട്ടിൽ കാണുന്നത് വായിക്കാൻ പറഞ്ഞു.

“ഇത് വായിക്കല്ലല്ലോ...ചിത്രം എന്താന്ന് പറയല്ലേ വേണ്ടത്?” കാദറിന്റെ ചോദ്യം കേട്ട് സിസ്റ്റർ തിരിഞ്ഞു നോക്കി.

“ഒന്നാമത്തെത് ചീഞ്ചട്ടി....”

“എന്ത് ???” സിസ്റ്റർ ഞെട്ടിപ്പോയി.

“ചീഞ്ചട്ടി എന്നാൽ മീൻ പൊരിക്കാനുള്ള ചട്ടി....പിടിക്കാൻ രണ്ട് കയ്യും തള്ളി നിൽക്കുന്ന വയറും കണ്ടില്ലേ...അടുക്കളേൽ എപ്പളെങ്കിലും ഒക്കെ കയറിയാലേ അതൊക്കെ പരിചയം ണ്ടാവൂ സിസ്റ്ററേ...” കാദർ പറഞ്ഞു.

“നല്ല വിവരമാണല്ലോ... ആ അക്ഷരമാണ് ഋ...” സിസ്റ്റർ ചിരിച്ചു കൊണ്ട് പറഞ്ഞു.

“ബ്‌ർ ന്നോ ? ഇന്റെ മലയാളം മാഷ് ഇങ്ങനെയൊരക്ഷരം പഠിപ്പിച്ചിട്ടില്ല....പഠിപ്പിക്കാത്ത അക്ഷരം ചോയ്ച്ചാൽ എങ്ങന്യാ വായിക്കാ....നിങ്ങളാ ജനല് തൊറക്കി...പൊറത്തെ ബോർഡ് മുഴുവൻ ഞാൻ വായിച്ച് തരാ...” കാദർ സിസ്റ്ററെ വെല്ലുവിളിച്ചു.

“ആ വായിച്ചോളൂ...” ജനൽ തുറന്നിട്ട് സിസ്റ്റർ പറഞ്ഞു.

“നേരെ കാണുന്നത് കേരളാ സ്റ്റേറ്റ് ബീവറെജസ് കോർപ്പറേഷൻ.....ശരിയല്ലേ?” ആദ്യത്തെ ബോർഡ് വായിച്ചു കൊടുത്ത് ചിരിച്ചുകൊണ്ട് കാദർ ചോദിച്ചു.

“ആ...ശരിയാ...” സിസ്റ്ററും സമ്മതിച്ചു.

“ആ ബസ്സിന്റെ ബോർഡിൽ എഴുതിയത് കോഴിക്കോട്.....തെറ്റിയില്ലല്ലോ?” റോഡിലൂടെ പോകുന്ന ബസ് കാണിച്ച് കാദർ വീണ്ടും ചോദിച്ചു.

“അതും ശരിയാ....”

“ആ കടയുടെ പേര്....സുറുമ ഫാൻസി...ശരിയാണോ സിസ്റ്റർ ?”

“അതും കറക്റ്റാ...”

“അപ്പം മനസ്സിലായില്ലേ...കാദറിന് കണ്ണ് കാണാഞ്ഞിട്ടല്ലാ...ഔട്ട് ഓഫ് സിലബസ് ചോദിച്ചതോണ്ടാ വായിക്കാൻ പറ്റാഞ്ഞത് ന്ന്...”

“എല്ലാം മനസ്സിലായേ...” ഷീട്ടെഴുതി കാദറിന് നൽകി ഡോക്റ്ററെ കാണിക്കാൻ ആംഗ്യം കാട്ടിക്കൊണ്ട് സിസ്റ്റർ പറഞ്ഞു.

“എന്നാലും നീ എസ്.എസ്.എൽ.സി. വരെ എത്തിയത് എങ്ങനെയാണെന്നാ ഞാൻ ആലോചിക്കുന്നത്...” കാഴ്ച പരിശോധനാ സർട്ടിഫിക്കറ്റിൽ ഒപ്പ് ചാർത്തി നൽകുമ്പോൾ ഡോക്ടറുടെ സംശയം അതായിരുന്നു.

Tuesday, March 10, 2020

റോസാപ്പിള്‍ എന്ന പനിനീർ ചാമ്പ

              തറവാട് മുറ്റത്ത് തല ഉയർത്തി നിന്നിരുന്ന ഒരു മരവും അതിന്റെ അത്യുന്നതങ്ങളിൽ വിരാജിച്ചിരുന്ന മഞ്ഞ നിറത്തിലുള്ള ഒരു കിട്ടാക്കനിയും ഇന്നും ഓർമ്മയിലെ മായാത്ത ചിത്രമാണ്. പ്രകൃതിയുടെ വികൃതിയിൽ എങ്ങനെയോ മണ്ണടിഞ്ഞ ആ മരത്തിന്റെ വേരിൽ നിന്ന് പൊട്ടിമുളച്ച അതിന്റെ പിൻ‌ഗാമി, എന്റെ കാറിന്റെ വഴി തടസ്സപ്പെടുത്തിയെങ്കിലും അടുത്ത പിൻ‌ഗാമി ഉണ്ടാകുന്നത് വരെ അതിൽ കോടാലി വയ്ക്കാൻ ഞാൻ സമ്മതിച്ചില്ല. മുറ്റത്ത് നിന്ന് അല്പം മാറി അതേ മരത്തിന്റെ പുതിയ തൈ മുളച്ച് പൊങ്ങിയതോടെ വഴി തടഞ്ഞവനെ വെട്ടി വീഴ്ത്തി. പിന്നാലെ തറവാടും പൊളിച്ചുമാറ്റി പുതുക്കിപ്പണിതു.
ഇതാണ് ആ മരത്തിന്റെ ഇന്നത്തെ പിൻ‌‌മുറക്കാരൻ.

            ഞങ്ങൾക്ക് കിട്ടാക്കനിയായിരുന്നെങ്കിലും പക്ഷികൾക്ക് ആ പഴം കിട്ടിയിരുന്നു. വവ്വാലുകൾക്കായിരുന്നു അവ ഏറെ ഇഷ്ടം. പക്ഷികളുടെയും വവ്വാലിന്റെയും കൊക്കിൽ നിന്ന് രക്ഷപ്പെടുന്ന അപൂർവ്വങ്ങളിൽ അപൂർവ്വമായ പഴം നിലത്ത് വീണുടയാതിരുന്നാൽ കുട്ടികളായ ഞങ്ങൾക്കും കിട്ടുമായിരുന്നു. 
            ഒരു കുലയില്‍ തന്നെ നിരവധി പൂക്കള്‍ ഉണ്ടാകും ഈ മരത്തില്‍. പൂമൊട്ടും പൂവും തമ്മില്‍ അജഗജാന്തരം ഉണ്ട്. ഈ മൊട്ടില്‍ നിന്ന് വിരിഞ്ഞ പൂവ് തന്നെയാണോ എന്ന് സംശയം തോന്നിയേക്കാം. ഇളം ക്രീം നിറത്തിലുള്ള പൂവ് കാണാന്‍ നല്ല ചന്തമുണ്ടാകും. കുട്ടിക്കാലത്ത് കയ്യെത്തും ദൂരത്തുള്ള പൂക്കളും ഞങ്ങള്‍ പറിച്ച് തിന്നിരുന്നു !
പൂമൊട്ട്
പൂവ്
                എന്റെ മക്കള്‍ ഇതുവരെ ഇതിന്റെ പഴുത്ത കായ കാണുകയോ രുചിക്കുകയോ ചെയ്തിരുന്നില്ല.ഇത്തവണ നന്നായി പൂത്തതിനാല്‍ കായ കിട്ടും എന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇതിന് തൊട്ടടുത്ത മരം പരിശോധിക്കുന്നതിനിടയിലാണ് മഞ്ഞ നിറത്തിൽ പഴുത്ത് പാകമായ രണ്ടെണ്ണം വവ്വാലിന്റെ കണ്ണില്‍ പെടാതെ എന്റെ കണ്ണില്‍ പെട്ടത്.
              ഞങ്ങളിതിനെ വിളിച്ചു വരുന്ന പേര് റോസാപ്പിള്‍ എന്നാണ്.കായുടെ ആകര്‍ഷകമായ വാസന ആയിരിക്കാം പേരിന്റെ പിന്നിലെ രഹസ്യം. രുചിയും പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒന്നാണ്.  ഒരു കൌതുകത്തിനായി എന്റെ പത്താം ക്ലാസ് വാട്‌സാപ് ഗ്രൂപ്പിലും കൃഷിയുമായി ബന്ധപ്പെട്ട രണ്ട് ഫേസ്ബുക്ക് ഗ്രൂപ്പിലും ഇതിന്റെ പേര് ചോദിച്ചുകൊണ്ട് ഞാന്‍ പോസ്റ്റിട്ടു. തൊണ്ണൂറ് ശതമാനം ആള്‍ക്കാരും പറഞ്ഞത് പനിനീര്‍ ചാമ്പ എന്നായിരുന്നു. കൂടാതെ മധുരനെല്ലിക്ക, കല്‍ക്കണ്ടിക്കായ, ശീമ ചാമ്പ, ‍‍‍‍പനിനീർ കായ, പനിനീർ പഴം, മലയൻ ആപ്പിൾ ചാമ്പ, സ്വർണ്ണ ചാമ്പ,മൈസൂർ ചാമ്പ, ആറ്റു ചാമ്പ, പഞ്ചാരക്കായ്, പഞ്ചാരനെല്ലി, റോസാ പഴം, ആന ചാമ്പക്ക എന്നിങ്ങനെയും പേരുണ്ടെന്ന് പലരും പറഞ്ഞു.
              ഞാനിതുവരെ കേട്ടതില്‍ പപ്പായക്കായിരുന്നു പര്യായപദം കൂ‍ടുതല്‍. ഇപ്പോള്‍ എനിക്ക് തോന്നുന്നു റോസാപ്പിളിനാണ് ഏറ്റവും കൂടുതല്‍ പര്യായപദമുള്ളത് എന്ന്. ഇനി ബൂലോകര്‍ക്കും ഇതിന്റെ പേര് പറയാം. വിത്തെടുത്ത് മുളപ്പിക്കാന്‍ വച്ചിട്ടുണ്ട്. വീട്ടിലെ അടുത്ത ജന്മദിനത്തിലോ വിവാഹ വാര്‍ഷിക ദിനത്തിലോ സമ്മാനമായി തൈ ആര്‍ക്കെങ്കിലും നല്‍കാം.

Monday, March 02, 2020

നൂറ്റും കോല്‍

            എന്റെ കുട്ടിക്കാലത്തെ പല കളികളും ഇന്ന് ഭൂലോകത്ത് നിന്ന് തന്നെ തുടച്ചു മാറ്റപ്പെടുകയോ അല്ലെങ്കിൽ നാമാവശേഷമാകുകയോ ചെയ്തിട്ടുണ്ട്. അന്നത്തെ മിക്ക കളികൾക്കും പിന്നിൽ വ്യക്തിത്വ വികസനത്തിന്റെ ഒരു ലക്ഷ്യം കൂടിയുണ്ടായിരുന്നു എന്ന് ഇന്ന് തിരിഞ്ഞു നോക്കുമ്പോഴാണ് മനസ്സിലാകുന്നത്. ഞങ്ങളുടെ പലരുടെയും സ്വഭാവ രൂപീകരണത്തിൽ ആ കളികൾ പങ്ക് വഹിച്ചിട്ടുണ്ടാകും എന്നത് സത്യമാണ്.
           നൂറ്റും കോല്‍ എന്ന ഒരു കളി ഏകാഗ്രത വളർത്താനായിരുന്നു എന്ന് ഇപ്പോൾ ഞാൻ മനസ്സിലാക്കുന്നു. അഞ്ചിഞ്ച് നീളമുള്ള പത്ത് ഈർക്കിൽ കഷ്ണങ്ങളും അവയെക്കാള്‍ നീളം കൂടിയ ഒരു ഈര്‍ക്കിലുമാണ് ഈ കളിക്ക് വേണ്ടത്. ഓരോ ചെറിയ ഈർക്കിലിനും പത്തും വലിയ ഈർക്കിലിന് നൂറുമാണ് മൂല്യം. വലിയ ഈർക്കിൽ നേടി എടുക്കുക എന്നതാണ് കളിയുടെ വിജയ നിദാനം എന്നതിനാൽ കളിയുടെ പേര് നൂറ്റും കോല്‍ എന്നായി (എന്ന് ഞാൻ അനുമാനിക്കുന്നു ) !
           വലിയ ഈർക്കിൽ തറയിൽ വയ്ക്കും. ശേഷം പത്ത് ചെറിയ ഈർക്കിലും ഒരുമിച്ച് പിടിച്ച് അതിലേക്ക് ഇടുകയോ എറിയുകയോ ചെയ്യും. വലിയ ഈർക്കിലിന്റെ മുകളിൽ ഒരു ഈർക്കിലെങ്കിലും തങ്ങി നിന്നാൽ കളി തുടരാം. വലിയ ഈർക്കിലിൽ നിന്നും പുറത്ത് വീണ സ്വതന്ത്രമായ ഒരു ഈർക്കിൽ എടുത്ത് ബാക്കിയുള്ള ഒമ്പതും തോണ്ടി എടുക്കണം. വലിയ ഈർക്കിലിന്മേലല്ലാതെ പുറത്ത് സ്വതന്ത്രമായി കിടക്കുന്ന ഈർക്കിലുകൾ എല്ലാം നേരിട്ട് എടുക്കാം. എന്നാൽ ഒന്ന് മറ്റൊന്നിന് മുകളിലാണെങ്കിൽ അടിയിലേത് അനങ്ങാതെ മുകളിത്തേത് തട്ടി മാറ്റണം. തട്ടി മാറ്റുന്നത് മറ്റൊരു ഈർക്കിലിന്റെ മുകളിൽ വീഴാനും പാടില്ല. അതായത് ഒരു സമയത്ത് ഒരു ഈർക്കിൽ മാത്രമേ അനങ്ങാൻ പാടുള്ളൂ.
           ഒരു ഈർക്കിൽ എടുക്കാൻ വേണ്ടി ഒരുമ്പെട്ട് അതിൽ തൊട്ടാൽ പിന്നെ അതെടുക്കാതെ കളി തുടരാൻ പറ്റില്ല. ഈർക്കിൽ ഇളകിയാലും കളി തുടരാൻ പറ്റില്ല.മുഴുവൻ ഈർക്കിലുമെടുക്കുന്ന ആൾക്ക് അവസാനം ശേഷിക്കുന്ന വലിയ ഈർക്കിലും എടുക്കാം. അങ്ങനെ 200 പോയിന്റ് ലഭിക്കുന്നു.അടുത്ത ആൾ ഇതേ പോലെ കളി ആവർത്തിക്കുന്നു.ഏറ്റവും കൂടുതൽ പോയിന്റ് കിട്ടുന്ന ആൾ വിജയിയാകുന്നു.മാക്സിമം പോയിന്റ് ആദ്യമേ നിശ്ചയിച്ചുകൊണ്ട് (അഞ്ഞൂറ് വരെ ,ആയിരം വരെ എന്നിങ്ങനെ)കളിക്കുന്നവരും ഉണ്ട്.
           മറ്റു കളികൾക്കായി പുറത്തിറങ്ങാൻ പറ്റാത്ത മഴക്കാലത്താണ് കൂടുതലും ഞങ്ങൾ ഈ കളി കളിച്ചിരുന്നത്. ഈർക്കിലിന് പകരം അന്ന് സുലഭമായി കിട്ടിയിരുന്നത് ഐസും കോൽ (ഐസിന്റെ അറ്റത്തെ വണ്ണം കുറഞ്ഞ സ്റ്റിക്ക്)ആയിരുന്നു.സ്കൂൾ പരിസരത്ത് നിന്നോ സ്കൂൾ വിട്ടു വരുമ്പോൾ റോട്ടിൽ നിന്നോ അവ ശേഖരിക്കും.നൂറ്റും കോൽ ആയി ഈർക്കിൽ തന്നെ ഉപയോഗിക്കും. കൃഷ്ണകിരീടം എന്ന ചെടിയുടെ ഇലയുടെ തണ്ടുകളും ഈർക്കിലിക്ക് പകരം ഉപയോഗിച്ചിരുന്നു.അവ ഉരുണ്ടതായതിനാൽ നൂറ്റും കോലിന്റെ പുറത്ത് അധികം എണ്ണം ബാക്കി ഉണ്ടാകില്ല എന്ന സൌകര്യവും ഉണ്ട്.
           ഈർക്കിൽ ശേഖരിക്കാനും നന്നാക്കാനും ഇന്നത്തെ കുട്ടികൾ മുതിരാത്തത് കൊണ്ടാകാം, ഇപ്പോൾ ഈ കളിക്കുപയോഗിക്കാൻ പാകത്തിൽ റെഡിമെയ്ഡ് സ്റ്റിക്കുകൾ ലഭ്യമാണ്.ഗൾഫിൽ നിന്ന് വരുന്നവരാണ് ഇത് കൊണ്ട് വരുന്നത് എന്ന് തോന്നുന്നു. ഈർക്കിലും കാശ് കൊടുത്ത് വാങ്ങാൻ തുടങ്ങിയതിൽ പിന്നെ ഈ കളി നാടൻ കളികളിൽ നിന്നും പറന്നകലാൻ തുടങ്ങി.പുതിയ കുട്ടികൾ കളിക്കുന്നത് നൂറ്റും കോൽ തന്നെയാണോ എന്നോ എങ്ങനെയാണെന്നോ ഒന്നും ഇന്നെനിക്കറിയില്ല.
(കുട്ടിക്കാലത്തെ പലകളികളും ഇവിടെ ക്ലിക്കിയാൽ വായിക്കാം)