Pages

Monday, March 18, 2019

മുറ്റത്തെ കദളിവാഴകള്‍

             ശിവരാത്രിയുടെ പകല്‍ അത് ആഘോഷിക്കുന്നവര്‍ക്ക് ഉറങ്ങാനുള്ളതാണ്. സര്‍ക്കാര്‍ അവധി നല്‍കിയതിനാല്‍ ഞാന്‍ എന്റെ കാര്‍ഷിക പരീക്ഷണങ്ങളില്‍  ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. പെട്ടെന്നാണ് നാട്ടുകാരനും  സഹപ്രവര്‍ത്തകനും ആയ അബൂബക്കര്‍ മാഷ്  ബൈക്കുമായി പ്രത്യക്ഷപ്പെട്ടത്. ബൈക്കിന്റെ പിന്‍ഭാഗത്ത് ഒരു ചാക്കില്‍ രണ്ട് വാഴക്കന്നുകളും കെട്ടി വച്ചിരുന്നു.

“ ആ....എന്‍ എസ് എസ് ഒന്നും ഇല്ലാത്തതോണ്ട് വീട്ടില്‍ തന്നെയുണ്ടല്ലേ?”

“ആ...ഇവിടേം ചെറിയ ഒരു അടുക്കളത്തോട്ടം ഉണ്ടാക്കി നോക്കുന്നു....”

“ആ...ഇന്ന് ശിവരാത്രിയാ....ശിവന് ഇഷ്ടപ്പെട്ട കദളി വാഴയുടെ രണ്ട് തൈകള്‍ ഇതാ...ഇന്ന് വച്ചാല്‍ അടുത്ത ശിവരാത്രിക്ക് കുല വെട്ടാം....”

“ങേ! ശിവന് ഇഷ്ടപ്പെട്ട പഴവും ഉണ്ടോ?” ഞാന്‍ സംശയം പ്രകടിപ്പിച്ചു.

“ഇന്ന് പണിക്കാരെ കിട്ടിയപ്പോള്‍ പിരിച്ചതാ...നിങ്ങള്‍ മുമ്പ് ഒരു സംസാരത്തില്‍ വാഴക്കന്ന് വേണം എന്ന് പറഞ്ഞിരുന്നു...പിന്നെ ഒന്നും ആലോചിച്ചില്ല....ബൈക്കിന്റെ പിന്നില്‍ കെട്ടി ഇങ്ങ് പോന്നു...സൌകര്യപ്രദമായ സ്ഥലത്ത് വച്ചോളൂ....എനിക്ക് തിരക്കുണ്ട് , പോട്ടെ....” വണ്ടി സ്റ്റാര്‍ട്ടാക്കി മാഷ് പോകുകയും ചെയ്തു.

മാര്‍ച്ച് മാസത്തിന് എന്റെ കുടുംബത്തില്‍ വലിയൊരു പ്രത്യേകതയുണ്ട്. എന്റെ രണ്ടാമത്തെയും  മൂന്നാമത്തെയും മക്കള്‍ ജനിച്ചത് മാര്‍ച്ചിലെ പതിനെട്ടാം ദിവസമാണ്. ഭൂമിക്ക് തണലേകിക്കൊണ്ടാണ് ഞങ്ങള്‍ എല്ലാ വര്‍ഷവും ഈ ദിവസം ഓര്‍മ്മിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഈ ദിവസം മക്കള്‍ക്ക് രണ്ട് പേര്‍ക്കും വൃക്ഷത്തൈകള്‍ കൈമാറുന്നത് കാണാന്‍ വിവിധ ജില്ലകളില്‍ നിന്നുള്ള എന്‍ എസ് എസ് വളണ്ടിയര്‍മാരും ഉണ്ടായിരുന്നു.

ഈ വര്‍ഷത്തെ ജന്മദിനത്തൈ അബൂബ്ബക്കര്‍ മാഷ് തന്ന വാഴയാകട്ടെ എന്ന് പെട്ടെന്ന് മനസ്സില്‍ തോന്നി. മക്കള്‍ രണ്ടു പേരും കൂടി ചേര്‍ന്ന് ആ രണ്ട് തൈകള്‍ നട്ടു. പരീക്ഷാ പഠനത്തിനായി വീട്ടില്‍ വന്ന ലുഅ മോളുടെ ക്ലാസ് മേറ്റ്സ് സാക്ഷികളായി. മൂത്ത മോൾ ലുലു അത് ക്യാമറയില്‍ പകര്‍ത്തി.

              ലുഅ മോള്‍ക്ക് 15 വയസ്സും ലൂന മോള്‍ക്ക് 9 വയസ്സും തികഞ്ഞു. രണ്ട് പേരുടെയും മുന്‍ ജന്മദിനങ്ങളില്‍ നട്ട മരങ്ങള്‍ മുറ്റത്ത് പടര്‍ന്ന് പന്തലിച്ച് കൊണ്ടിരിക്കുന്നു.

6 comments:

Areekkodan | അരീക്കോടന്‍ said...

ഈ വര്‍ഷത്തെ ജന്മദിനത്തൈ അബൂബ്ബക്കര്‍ മാഷ് തന്ന വാഴയാകട്ടെ എന്ന് പെട്ടെന്ന് മനസ്സില്‍ തോന്നി.

© Mubi said...

ജന്മദിവസം വാഴ നട്ട് ആഘോഷിച്ച മക്കൾക്ക് ആശംസോൾസ് :)

Muralee Mukundan , ബിലാത്തിപട്ടണം said...

രണ്ടു മക്കൾക്കും
വാഴ നാട്ട് ജന്മ ദിന വാഴ്ത്തുകൾ ...!

Areekkodan | അരീക്കോടന്‍ said...

മുബിക്കും മുരളിയേട്ടനും നന്ദി.

Geetha said...

രണ്ടു കുട്ടികൾക്കും പിറന്നാൾ ആശംസകൾ .
വാഴ നട്ടു കൊണ്ട് വ്യത്യസ്തമായ പിറന്നാൾ ആഘോഷം.

Areekkodan | അരീക്കോടന്‍ said...

ഗീതാജി...ഞങ്ങള്‍ വൃക്ഷത്തൈ നട്ടാണ് എല്ലാ വര്‍ഷവും പിറന്നാള്‍ ദിനം വ്യത്യസ്തമാക്കുന്നത്.

Post a Comment

നന്ദി....വീണ്ടും വരിക