Pages

Thursday, March 21, 2019

റിംഗ് കളി

              പ്രായത്തിൽ എന്നെക്കാളും മൂന്ന് വയസ്സ് കൂടുതലുള്ള എന്റെ താത്തയും അവളുടെ സഖിമാരും കളിച്ചിരുന്ന ഒരു കളിയായാണ് റിംഗ് കളി എന്റെ മനസ്സിൽ ഉള്ളത്. സിങ്ങ് എന്നൊരു കളി ഉള്ളതിനാൽ അതിനോട് പ്രാസമൊപ്പിച്ച് ഇട്ട പേരായിരിക്കും റിങ്ങ് എന്നായിരുന്നു അന്ന് കരുതിയത്. ഒരു വളയം എറിഞ്ഞുള്ള ഈ കളിയിൽ ഉപയോഗിക്കുന്ന ആ വളയത്തിന് ഇംഗ്ലീഷിൽ പറയുന്ന പേരാണ് റിംഗ് എന്നത് അന്നത്തെ കൊച്ചു മനസ്സിൽ കയറിയില്ല.

              പെൺ‌കുട്ടികളാണ് സാധാരണ റിംഗ് കളിക്കുന്നത്. അഞ്ചാറ് ഇഞ്ച് വട്ടത്തിലുള്ള റബ്ബർ നിർമ്മിതമായ ഒരു വളയമാണ് കളിയിലെ താരം. ഒരു നിശ്ചിത അകലത്തിൽ രണ്ട് പേർ നിന്ന് റിംഗ് അങ്ങോട്ടും ഇങ്ങോട്ടും എറിഞ്ഞ് കൊടുക്കും. പറന്ന് വരുന്ന റിംഗ് കൈപിടിയിൽ ഒതുക്കലാണ് മറുഭാഗത്തുള്ളവളുടെ ഡ്യൂട്ടി. പിടിച്ചാൽ തിരിച്ചും എറിഞ്ഞ് കൊടുക്കാം. പിടിച്ചില്ലെങ്കിൽ അവൾ ഔട്ട് , അടുത്ത ആൾക്ക് കളത്തിലിറങ്ങാം.

             കളിയിൽ എൿസ്പെർട്ട് ആയാൽ റിംഗ് ഒറ്റ കൈ കൊണ്ട് പറന്ന് പിടിക്കാൻ വരെ സാധിക്കും.  കൈവിരലുകൾ കൂമ്പിച്ച് നിർത്തി പറന്ന് വരുന്ന റിംഗിനെ വള പോലെ കയ്യിലേക്ക് ഊർന്നിറക്കുന്നവരും ഉണ്ട്. ഇരു കൈ കൊണ്ടും ആയാസപ്പെട്ട് പിടിക്കുന്നവരും ഉണ്ട്. എങ്ങനെയായാലും കളി അറിയുന്നവർക്കേ അത് ഇഷ്ടപ്പെടൂ. മിക്കവാറും എല്ലാ പെൺകുട്ടികൾക്കും സ്വന്തമായി ഒരു റിംഗും അക്കാലത്ത് ഉണ്ടായിരുന്നു.

            റിംഗ് പിടിക്കാൻ ഒട്ടും സാമർത്ഥ്യമില്ലാത്തതിനാൽ ഞാൻ പെട്ടെന്ന് ഔട്ടാവുക പതിവായിരുന്നു. അതും മിക്കവാറും റിംഗ് മൂക്കിലിടിച്ചോ തലയിലിടിച്ചോ ഒക്കെ ആയിരിക്കും ഔട്ടാവുക.എന്റെ മൂക്ക് പരന്നതിലും തല മൊട്ടയായതിലും ഒരു പക്ഷെ ഈ റിംഗ് കളിക്ക് പങ്കുണ്ടായിരിക്കാൻ സാധ്യതയുണ്ട് !അത്യാവശ്യം ഭാരമുള്ള റിംഗ് ആയതിനാൽ ദേഹത്ത് കൊണ്ടാൽ നല്ല വേദനയും ഉണ്ടായിരുന്നു.

            വൈകുന്നേരങ്ങളിൽ വീട്ടുമുറ്റത്തും, സ്കൂളിൽ ഒഴിവ് സമയത്തും പെൺകുട്ടികൾ റിംഗ് കളിച്ചിരുന്നു. വലിയ സ്ത്രീകളും ഈ കളിയിൽ ഏർപ്പെടാറുണ്ട്. ഞങ്ങളുടെ കോളനിയിൽ ആണും പെണ്ണും എല്ലാ കളിയും ഒരുമിച്ച് കളിച്ചിരുന്നതിനാൽ റിംഗ് കളിയും അതിന്റെ ഭാഗമായിരുന്നു.

           ഇന്ന് റബ്ബർ കൊണ്ടുള്ള റിംഗ് എവിടെയും കാണാറില്ല. പ്ലാസ്റ്റിക് കൊണ്ട് നിർമ്മിച്ച ഡിസ്ക് പോലുള്ള ഒരു സാധനം പരസ്പരം എറിയുന്നതും അത് വായുവിൽ ഒരു പ്രത്യേക രീതിയിൽ ചലിക്കുന്നതും പാർക്കിലും ബീച്ചിലും എല്ലാം കാണാറുണ്ട്.അതിന് പക്ഷെ പണ്ടത്തെ റിംഗ് കളിയുടെ സൌന്ദര്യമോ രസമോ ഇല്ല. എന്നെങ്കിലും നാട്ടിൻ പുറങ്ങളിൽ ഈ കളി തിരിച്ചെത്തും എന്ന് പ്രതീക്ഷിക്കുന്നു. 

6 comments:

Areekkodan | അരീക്കോടന്‍ said...

ഒരു തനി നാടൻ കളി കുടി...

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

പണ്ട് സ്‌കൂളിലൊക്കെ ഈ കളിയുണ്ടായിരുന്നല്ലോ എന്ന് ഇപ്പോഴാണ് ഓർമ്മവരുന്നത്.സ്കൂളിൽ അതിൻ്റെ മത്സരവും നടന്നിരുന്നു..ഓർമ്മകൾ പിറകോട്ട് പോയി...ഈ വായനയിൽ..നന്ദി..

Areekkodan | അരീക്കോടന്‍ said...

മുഹമ്മദ്‌ക്ക...അതെ, പെണ്‍കുട്ടികള്‍ക്ക് ഇതൊരു മത്സര ഇനമായിരുന്നു.വായനക്കും അഭിപ്രായത്തിനും നന്ദി.

© Mubi said...

ഹഹഹ.. ഓർമ്മയുണ്ടേയ് :) ഞാൻ കളിച്ചതും വീണുരുണ്ട സ്കൂൾ മുറ്റവും !

Muralee Mukundan , ബിലാത്തിപട്ടണം said...

ഞങ്ങൾ ആമ്പിള്ളേരും ഇക്കളി കൊറേ കളിച്ചിട്ടുള്ളതാ ...!

Areekkodan | അരീക്കോടന്‍ said...

മുബീ... ഈ കളിയിലും വീണോ...? സമ്മതിച്ചു.

മുരളിയേട്ടാ... ങ്ങള് അന്നേ പുലിയാണ്

Post a Comment

നന്ദി....വീണ്ടും വരിക