Pages

Thursday, October 28, 2010

അങ്ങനെ അതും കിട്ടി!

ഗ്യാസ് ഏജന്‍സികളുടെ ’നരനായാട്ട്‘ നേരിട്ട് അനുഭവിച്ചിരുന്നില്ലെങ്കിലും പുതിയ വീട് ആയതിന് ശേഷം അത് ലഭിക്കാനുള്ള പ്രയാസങ്ങള്‍ ഓരോ കടമ്പകളായി മുന്നില്‍ പ്രത്യക്ഷപ്പെട്ടു കൊണ്ടിരുന്നു.നമുക്കിഷ്ടപ്പെട്ട കോര്‍പ്പറേഷനെ (ഇന്ത്യന്‍ ഓയില്‍ അല്ലെങ്കില്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയം) തെരഞ്ഞെടുക്കാന്‍ അധികാരമില്ല എന്നും അടുത്തുള്ള ഏജന്‍സി ഏതാണോ അതില്‍ നിന്ന് തന്നെ കണക്ഷന്‍ എടുക്കണം എന്നുള്ള ‘പുതിയ’ വിവരം ലഭിച്ചത് ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ സെയിത്സ് മാനേജറില്‍ നിന്നായിരുന്നു.

ഏതായാലും ആ വഴി അടഞ്ഞപ്പോഴാണ് മുമ്പ് വയനാടില്‍ താമസിക്കുമ്പോള്‍ അപേക്ഷിച്ചിരുന്ന ഒരു കടലാസ് കയ്യില്‍ ഉള്ളത് ഓര്‍മ്മിച്ചത്.പതിവ് പോലെ എന്നെ എല്ല്ലാ കാര്യത്തിലും സഹായിക്കാറുള്ള പവിത്രേട്ടന്‍ അതിന്റെ പിന്നാലെ കൂടി.അത് ലഭ്യമാക്കാനുള്ള എല്ലാ സംഗതികളും ചെയ്തപ്പോഴാണ് കസ്റ്റമര്‍ കെയര്‍ എന്ന സ്ഥാപനത്തില്‍ ബന്ധപ്പെടാന്‍ തോന്നിയത്.അവരുടെ നിര്‍ദ്ദേശപ്രകാരം അടുത്തുള്ള ഏജന്‍സിയില്‍ ഒരു പുതിയ അപേക്ഷ സമര്‍പ്പിച്ചു.ഒരു വര്‍ഷത്തെ കാത്തിരിപ്പ് വേണ്ടി വരും എന്ന് ഏജന്‍സി ഉടമ പറഞ്ഞപ്പോള്‍ ഞാന്‍ ഉള്ളീല്‍ ചിരിച്ചു.

പുതിയതും പഴയതുമായ പേപ്പറുമായി ഞാന്‍ വീണ്ടും കസ്റ്റമര്‍ കെയറിനെ സമീപിച്ചു.ഒരാഴ്ചക്കുള്ളില്‍ , കണക്ഷന്‍ റിലീസ് ചെയ്യാന്‍ ഓഡര്‍ സമ്പാദിക്കുകയും ചെയ്തു.അതുപ്രകാരം ഏജന്‍സിയില്‍ ചെന്നപ്പോള്‍ അവര്‍ ചില ചെറു ന്യായങ്ങള്‍ നിരത്തിയെങ്കിലും ഗത്യന്തരമില്ലാതെ കണക്ഷന്‍ അനുവദിച്ചു.അപ്പോഴാണ് അടക്കേണ്ട സംഖ്യയുടെ വലിപ്പം എന്റെ ശ്രദ്ധയില്‍ പെട്ടത്.ഐറ്റം തിരിച്ച് ആവശ്യപ്പെട്ടപ്പോള്‍ അതില്‍ സ്റ്റൌവിന്റെ കാശും ഉള്ളതായി ബോധ്യപ്പെട്ടു.സ്റ്റൌ എനിക്ക് ആവശ്യമില്ല എന്ന് ഞാനും പറഞ്ഞു.എങ്കില്‍ നിങ്ങളുടെ വീട്ടില്‍ വന്ന് പരിശോധിക്കേണ്ടി വരും എന്ന് അവരും അറിയിച്ചു.

ഇവിടേയും പവിത്രേട്ടന്‍ ചില നിര്‍ദ്ദേശങ്ങള്‍ തന്നിരുന്നതിനാല്‍ കുഴിയില്‍ വീഴാതെ രക്ഷപ്പെട്ടു.രണ്ടാഴ്ചക്കുള്ളീല്‍ ചെക്കിംഗ് നടാത്തും എന്ന് പറഞ്ഞവര്‍ 19 ദിവസമായിട്ടും വരാതായപ്പോള്‍ ഞാന്‍ സൈറ്റില്‍ തപ്പി നോക്കി.അവിടെയും മാക്സിമം 15 ദിവസമായിരുന്നു പറഞ്ഞിരുന്നത്.പക്ഷേ കസ്റ്റമര്‍ കെയറില്‍ വിളിച്ചപ്പോള്‍ അവര്‍ 30 ദിവസത്തിനുള്ളീല്‍ ചെക്കിംഗ് നടത്തും എന്നറിയിച്ചു.അപ്പോഴാണ് വെറുതെ ഏജന്‍സിയില്‍ ഒന്നു കൂടി വിളിച്ചത്.20 ദിവ്സത്തിനുള്ളീല്‍ നടത്തിയില്ലെങ്കില്‍ തിരിച്ചു വിളിക്കാന്‍ അവര്‍ പറഞ്ഞു.

പിറ്റേന്ന് വിളിക്കാന്‍ നില്‍ക്കുമ്പോള്‍ എന്റെ ഫോണ്‍ റിംഗ് ചെയ്തു.വീട്ടിലേക്കുള്ള വഴി അന്വേഷിച്ചുകൊണ്ട് ഗ്യാസ് ഏജന്‍സിയില്‍ നിന്നായിരുന്നു ആ വിളി.അല്പ സമയത്തിനകം രണ്ട് പേര്‍ വന്ന് അടുക്കളയില്‍ കയറി എന്തൊക്കെയോ പരിശോധിച്ചു എന്ന് വരുത്തി സ്ഥലം വിട്ടു.രണ്ട് ദിവസം ക്ഴിഞ്ഞ് ഏജന്‍സിയില്‍ നേരിട്ടെത്തി കണക്ഷന്‍ വാങ്ങാന്‍ പറഞ്ഞു. ആ ദിവസം ചെന്നപ്പോള്‍ കിട്ടിയത് ഒരു ടോക്കണ്‍.വീണ്ടും ഒരാഴ്ച്ചക്കുള്ളീല്‍ വിളിക്കും, അപ്പോള്‍ ഗ്യാസ് സിലിണ്ടര്‍ കൊണ്ടുപോകാം എന്ന് അറിയിച്ചു.

അങ്ങനെ ആ ഒരാഴ്ച തീരാന്‍ ഒരു ദിവസം ബാക്കിയുള്ളപ്പോള്‍ എനിക്ക് സിലിണ്ടര്‍ അനുവദിച്ചതായി ഫോണ്‍ വന്നു.ഇന്ന് അത് സ്വീകരിച്ചതോടെ എന്റെ മറ്റൊരു കാത്തിരിപ്പിന് കൂടി വിരാമമായി.

പാഠം:‘ഏമാന്മാരെ‘ ചോദ്യം ചെയ്യുകയോ മറികടക്കുകയോ ചെയ്യുമ്പോള്‍ അല്പം ശ്രദ്ധിക്കുക,അവര്‍ നിങ്ങളെ മാക്സിമം കറക്കാന്‍ ശ്രമിക്കും,വിടമാട്ട് !

Monday, October 25, 2010

"ഒരു പ്രിസൈഡിംഗ് ഓഫീസറുടെ തെരഞെടുപ്പ് അനുഭവങ്ങള്‍"

“അബൂബക്കര്‍ മുസ്ല്യാര്‍” ഒന്നാം പോളിംഗ് ഓഫീസര്‍ ആദ്യ വോട്ടറുടെ പേര് ഉച്ചത്തില്‍ വിളിച്ചതോടെ കോഴിക്കോട്‌ ജില്ലയിലെ ഉണ്ണികുളം പഞ്ചായത്തിലെ ചോയിമഠം വാര്‍ഡിലെ രണ്ടാം നമ്പര്‍ ബൂത്തിലെ വോട്ടിംഗ് ആരംഭിച്ചു.അപ്പോഴാണ് ഒരാള്‍ തോളില്‍ ഒരു ക്യാമറായും വേറെ ഒരാള്‍ ഒരു വീഡിയോ ക്യാമറയും മറ്റു ചിലര്‍ സ്വന്തം ക്യാമറകളും ഉപയോഗിച്ച് ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്നത് പ്രിസൈഡിംഗ് ഓഫീസറായ എന്റെ ശ്രദ്ധയില്‍ പെട്ടത്.ഞാന്‍ ആദ്യ വോട്ടറെ നോക്കി.’ങേ!കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ല്യാര്‍ !!!’.പെട്ടെന്ന് തന്നെ ആത്മസംയമനം വീണ്ടെടുത്ത് ഞാന്‍ ക്യാമറമാന്മാരോട്‌ ബൂത്തിന് വെളിയില്‍ നിന്ന് ഫോട്ടോ എടുക്കാന്‍ ആവശ്യപ്പെട്ടു.ഫ്ലാഷ് ലൈറ്റുകളില്‍ എന്റെ കഷണ്ടിയും സുന്ദരമായി തിളങ്ങിയെങ്കിലും പത്രത്തില്‍ വന്ന എ.പി യുടെ ഫോട്ടോക്കൊപ്പം എന്റെ പടം വന്നില്ല!

“സാര്‍...അയാള്‍ ഐ ഡി കാര്‍ഡ് കാണിച്ചില്ല.” ഫസ്റ്റ് പോളിംഗ് ഓഫീസറായ ലേഡിടീച്ചര്‍ എന്നോട് പറഞ്ഞു.ആളെ അവര്‍ക്ക് മനസ്സിലായില്ലെങ്കിലും ഞാന്‍ കേള്‍ക്കാത്ത പോലെ നിന്നു.അദ്ദേഹം വോട്ടും ചെയ്ത് പുറത്തിറങ്ങിയപ്പോള്‍ ക്യാമറാപരിവാരവും സ്ഥലം വിട്ടു.

പിന്നീട് പുറത്തേക്ക് നോക്കിയ ഞാന്‍ കണ്ടത് ജനസമുദ്രമായിരുന്നു.വോട്ട് ചെയ്യാന്‍ ഇത്ര ഉത്സാഹത്തോടെ കാത്തു നില്‍ക്കുന്ന സ്ത്രീകളെയും പുരുഷന്മാരേയും ഞാന്‍ ആദ്യമായിട്ടാണ് കാണുന്നത്.സ്ത്രീകളുടെ ക്യൂ പെരുമ്പാമ്പ് പോലെ വളഞ്ഞ്പുളഞ്ഞിരുന്നു.നേരത്തെ ഓഡര്‍ ചെയ്യപ്പെട്ട ചായ തണുത്ത് കോറും എന്നും വയറ്‌ വിശന്ന് കാറും എന്നും അപ്പഴേ തീരുമാനമായി.

പഞ്ചായത്തിലേക്കും ബ്ലോക്കിലേക്കും ജില്ലയിലേക്കും വോട്ട് ചെയ്യേണ്ടതിനാലും മൂന്ന് ബാലറ്റുകളും മൂന്ന് പ്രാവശ്യമായി നല്‍കിയാല്‍ മതി എന്ന നിര്‍ദ്ദേശം ഉള്ളതിനാലും വോട്ടിംഗ് ഒച്ചുവേഗതയില്‍ ഇഴഞ്ഞു.പുറത്ത് കാത്തു നില്‍ക്കുന്നവര്‍ക്ക് അകത്ത് കയറാനുള്ള വെമ്പല്‍ കൂടി വരുന്നതിനനുസരിച്ച് അകത്തേക്ക് ജനതിരമാലകള്‍ കയറി അടിക്കാന്‍ തുടങ്ങി.ക്യൂ നിയന്ത്രിക്കാന്‍ ഏല്‍പ്പിക്കപ്പെട്ട സ്പെഷ്യല്‍ പോലീസ് എന്ന കുട്ടിപ്പോലീസിനെ പലപ്പോഴും എനിക്ക് മഷിയിട്ട് നോക്കേണ്ടി വന്നു.

അപ്പോഴാണ് ബൂത്തിന്റെ വാതിലില്‍ എത്തിയ ഒരു യുവതി പെട്ടെന്ന് ചരിയുന്നതും ‘പിടി പിടി’ എന്ന് ആരോ വിളിച്ച് പറയുന്നതും ഞാന്‍ കേട്ടത്.അവര്‍ക്ക് തൊട്ടുമുമ്പില്‍ നിന്നിരുന്ന സ്ത്രീ പിടിച്ചിട്ടും ഒതുങ്ങാത്തതിനാലും ക്യൂവില്‍ നില്‍ക്കുന്ന ഒരൊറ്റ പുരുഷ പ്രജയും സഹായിക്കാത്തതിനാലും ഞാന്‍ തന്നെ അവരെ താങ്ങി.വീഴുന്നത് സ്ത്രീ ആണെങ്കില്‍ അവളെ രക്ഷിക്കാന്‍ ഒരു കൈ സഹായം നല്‍കാന്‍ അവര്‍ക്ക് അല്പ നേരം ആലോചിക്കേണ്ടി വന്നത് എനിക്ക് വിചിത്രമായി തോന്നി.പെണ്‍പീഢനം എന്നോ മറ്റോ വാര്‍ത്ത വന്നാലോ എന്ന് പേടിച്ചാവാം ഈ പിന്മാറ്റം.

ആ സംഭവവും കഴിഞ്ഞാണ് ഒരു സ്ത്രീയേയും എടുത്ത് കൊണ്ട് ഒരാള്‍ കയറി വന്നത്.ബൂത്തിലെ ആദ്യ ഓപ്പണ്‍ വോട്ടിനുള്ള കളമൊരുങ്ങി.ആ സ്ത്രീയെ ഒരു മൂലയിലിരുത്തി അവരുടെ വിരലടയാളം ബാലറ്റ് പേപ്പറില്‍ പതിപ്പിച്ച് ചൂണ്ടു വിരലില്‍ മഷിയും പുരട്ടി.അങ്ങനെ ആദ്യത്തെ അവശവോട്ട് രേഖപ്പെടുത്തപ്പെട്ടു.പിന്നീട് ‘അവശനമാരുടേയും അവശികളുടേയും’ ഒരു ഘോഷയാത്രയായിരുന്നു!പലരുടേയും അവശത എന്നെയും എന്റെ കൂടെയുള്ള ഓഫീസര്‍മാരേയും ഏജന്റുമാരേയും ഞെട്ടിച്ചു കളഞ്ഞു.

അവശ ഘോഷയാത്രയില്‍ ഒരു തോര്‍ത്തുമുണ്ട് മാത്രമുടുത്ത് വന്ന ഒരു ചെറുപ്പക്കാരനും ഉണ്ടായിരുന്നു.അയാള്‍ കണ്ണ് ചിമ്മിക്കൊണ്ടേ ഇരുന്നു.അയാളുടെ കയ്യിലേയും നെഞ്ചിലേയും മസിലുകള്‍ ഉരുണ്ട് കൊണ്ടേ ഇരുന്നു.അദ്ദേഹത്തിന്റെ വായില്‍ വെറ്റില അരഞ്ഞുകൊണ്ടേ ഇരുന്നു.അദ്ദേഹത്തിന്റെ പേര് വിളിച്ചതും ഒരു ഏജന്റ് എണീറ്റു.

“അയാള്‍ക്ക് കണ്ണ്‌ കാണാം സാര്‍ ...” പ്രശ്നം തലപൊക്കിയത് അപ്രതീക്ഷിതമായിട്ടായിരുന്നു.

“നീ നിന്റെ ആ ശീട്ടൊക്കെ സാറെ കാണിക്ക് ...” ഈ ‘അവശനെ’ ബൂത്തിലെത്തിച്ച വയസ്സന്‍ പറഞ്ഞു.

ദേഹത്തെ മുഴുവന്‍ മസിലുകളും ഉരുണ്ട് കളിക്കുന്ന രൂപത്തില്‍ അയാള്‍ എന്റെ നേരെ വന്നപ്പോള്‍ ഞാന്‍ ഒന്ന് ഞെട്ടി.വെറ്റിലചവച്ചുകൊണ്ട് തന്നെ അയാള്‍ തന്റെ അടിവസ്ത്രത്തിന്റെ പോക്കറ്റില്‍ നിന്നും പേഴ്സ് എടുത്ത് എന്നോട് പറഞ്ഞു.
“ഞാന്‍ കുടിക്കുന്ന മരുന്നുകള്‍ കണ്ടാല്‍ നിങ്ങള്‍ ഞെട്ടിപ്പോകും...ഇതാ ഒന്ന്...” ഒരു കുറിപ്പ് അയാള്‍ എന്റെ നേരെ നീട്ടി.ഞാനത് വായിച്ചു - ‘അരി 3കിലോ , പഞ്ചസാര 500 ‘ !!!!

“അയാളുടെ പണി എന്താ എന്ന് ചോദിക്കൂ സാര്‍..” നേരത്തെ എണീറ്റ ഏജന്റ് പറഞ്ഞു.

“ങാ, അതവിടെ വച്ചേക്ക്...ഇങ്ങോട്ട് വരൂ...ഇതൊന്ന് വായിക്കൂ ...” സാമാന്യം നല്ല വലിപ്പത്തില്‍ എഴുതിയ ഒരു എഴുത്ത് ഞാന്‍ അയാളെ കാണിച്ചു.

“അതൊന്നും എനിക്ക് കാണുന്നില്ല...” അങ്ങോട്ട് നോക്കാതെ അയാള്‍ പറഞ്ഞപ്പോള്‍ വസ്ത്രത്തില്‍ വെറ്റില വീഴാതിരിക്കാന്‍ ഞാല്‍ അല്പം മാറി നിന്നു.ശേഷം ഒരു ബാലറ്റ് പേപ്പര്‍ എടുത്ത് കാണിച്ച് അതിലെ ചിഹ്നവും ചോദിച്ചു.

“ഇതൊന്നും എനിക്ക് കാണില്ല...നിങ്ങള്‍ വിചാരിക്കുന്ന പോലെയല്ല.ഞാന്‍ തെങ്ങില്‍ നിന്നും വീണ് മസില്‍ പിടിച്ചു പോയതാ ഇങ്ങനെ..” ഞാന്‍ കാണിച്ച ബാലറ്റ് പേപ്പറിലേക്ക് നോക്കാതെ അയാള്‍ വീണ്ടും പറഞ്ഞപ്പോള്‍ ഇനിയും പരീക്ഷണം നടത്തുന്നത് കുഴപ്പങ്ങള്‍ക്ക് കാരണമായേക്കാം എന്ന് മനസ്സ് മന്ത്രിച്ചു.ഞാന്‍ അയാള്‍ക്ക് ഓപ്പണ്‍ വോട്ട് അനുവദിക്കുകയും ചെയ്തു.മസില്‍ പിടുത്ത‌വും കാഴ്ചയും തമ്മിലുള്ള അവിശുദ്ധബന്ധം ഞാന്‍ ആദ്യമായി മനസ്സിലാക്കി.

രാവിലത്തെ ചായ ഇന്ത്യന്‍ റെയില്‍‌വേയുടെ ട്രെയിനുകള്‍ കണക്കെ മണിക്കൂറോളം വൈകിയതിനാല്‍ ചോറ്‌ കൃത്യസമയത്ത് തന്നെ അകത്താക്കാന്‍ പരിപാടിയിട്ടു.മഞ്ഞനിറത്തിലുള്ള ചോറ്‌ മുമ്പിലെത്തിയപ്പോഴാണ് തലേ ദിവസവും ആ നിറത്തില്‍ ചോറ്‌ കിട്ടിയത് ഞാന്‍ ഓര്‍ത്തത്.ബീഫ് കറിയും ഒഴിച്ച് കഴിക്കാന്‍ ശ്രമിച്ചെങ്കിലും പഴയ ഫാര്‍ഗൊ ലോറി പോകുന്ന പോലെയായിരുന്നു എന്റെ വയറ്റിലേക്കുള്ള ഫില്ലിംഗും എന്റെ ബൂത്തിലെ പോളിംഗും.

കൃത്യം നാല് മണിക്ക് പുരുഷന്മാരുടെ ക്യൂ തീര്‍ന്നു.അപ്പോഴാണ് സ്ത്രീകളുടെ ക്യൂവും വാലറ്റത്ത് എത്തിയത് ഞാന്‍ കണ്ടത്.പോളിംഗ് കൃത്യസമയത്ത് തന്നെ തീര്‍ക്കാമെന്ന തിരിച്ചറിവ് മനസ്സില്‍ സന്തോഷം കോറിയിട്ടു.പക്ഷേ ആ സമയത്ത് വന്ന ഒരു പുരുഷന്റെ പേര് വായിച്ചതും ഏജന്റ്റുമാര്‍ ആ വോട്ട് രേഖപ്പെടുത്തപ്പെട്ടതായി അവകാശപ്പെട്ടു.ഞാന്‍ ഒന്നും കേള്‍ക്കാത്ത മട്ടില്‍ അവസാന പണികളുടെ തിരക്കിലാണെന്ന വ്യാജേന ഇരുന്നു.

“ഓ അപ്പോള്‍ എന്റെ വോട്ട് മറ്റവന്‍ ചെയ്തു പോയി...” എന്നും പറഞ്ഞ് ഒരു പ്രതിഷേധവും ഇല്ലാതെ അയാളും ഒന്നും മറുത്ത് പറയാതെ ബൂത്ത് ഏജന്റുമാരും വിട്ട്കളഞ്ഞപ്പോള്‍ അവസാന നിമിഷം വന്നേക്കാമായിരുന്ന ടെന്റേഡ് വോട്ട് എന്ന പൊല്ലാപ്പില്‍ നിന്നും രക്ഷപ്പെട്ട ഞാന്‍ ദീര്‍ഘശ്വാസം വിട്ടു.

അങ്ങനെ കൃത്യം അഞ്ചുമണിക്ക് മറ്റു പ്രശ്നങ്ങള്‍ ഒന്നും ഇല്ലാതെ 728-ആം ബാലറ്റും പെട്ടിയില്‍ വീണതോടെ കാന്തപുരം ജി.എം.എല്‍.പി.സ്കൂളിലെ രണ്ടാം നമ്പര്‍ ബൂത്തിലെ വോട്ടെടുപ്പ് സമാധാനപരമായി അവസാനിച്ചു.ദൈവത്തിന് സ്തുതി.

Wednesday, October 20, 2010

ഒരു പ്രിസൈഡിംഗ് ഓഫീസറുടെ അനുഭവങ്ങള്‍

“കേരളത്തില്‍ പഞ്ചായത്തീരാജ് ഫലപ്രദമായും ഗുണപ്രദമായും ഉപകാരപ്രദമായും സര്‍വ്വോപരി ...പ്രദമായും നടപ്പിലാക്കാന്‍ താങ്കളുടെ മഹത്തായ സേവനം ഒരു പ്രിസൈഡിംഗ് ഓഫീസര്‍ എന്ന നിലയില്‍ വീണ്ടും ആവശ്യമായി വന്നിരിക്കുന്നു.കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ വയനാടന്‍ കാടുകളില്‍ താങ്കള്‍ കാഴ്ചവച്ച സ്തുത്യര്‍ഹമായ സേവനം കൂടി കണക്കിലെടുത്താല്‍ കോഴിക്കോട്‌ ജില്ലയിലെ ബാലുശേരി ബ്ലോക്കിലെ ഉണ്ണികുളം പഞ്ചായത്തിലെ ചോയിമഠം വാര്‍ഡിലെ കാന്തപുരം എന്ന ഓണം കയറും മൂലയിലേക്ക് ഇതിലും നല്ല ഒരു പ്രിസൈഡിംഗ് ഓഫീസറെ ലഭിക്കില്ല എന്ന ഉത്തമബോധ്യത്താല്‍ താങ്കളെ പ്രസ്തുത ബൂത്തില്‍ ഇതിനാല്‍ പ്രതിഷ്ടിക്കുന്നു.” കളക്ടറുടെ ഉത്തരവ് കൈപറ്റി വായിച്ചുനോക്കിയ എനിക്ക് മനസ്സിലായത് ഇത്രയാണ്.അതേ ഉത്തരവിന്റെ അടിഭാഗത്ത് പണ്ട് സിഗരറ്റ് പാക്കറ്റില്‍ “പുകവലി ആരോഗ്യത്തിന് ഹാനികരം’ എന്ന് എഴുതിയ പോലെ ഒരു വരി കൂടി ഉണ്ടായിരുന്നു.അത് ഇങ്ങനേയും മനസ്സിലാക്കി - “ആയതിനാല്‍ 20/10/2010ന് ഉള്ളിയേരി കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന പ്രിസൈഡിംഗ് ഓഫീസര്‍ - ഫസ്റ്റ് പോളിംഗ് ഓഫീസര്‍ മഹാസംഗമത്തില്‍ ഈ വാറണ്ടുമായി ഹാജരാകേണ്ടതാണ്”.

അങ്ങനെ പ്രസ്തുത ദിവസം ഞാന്‍ ഉള്ളി മണക്കാത്ത ഉള്ളിയേരിയില്‍ ബസ്സിറങ്ങി.തൊട്ടടുത്ത് കണ്ട ഒരാളോട് മാന്യമായി കമ്മ്യൂണിറ്റി ഹാള്‍ എവിടെയാണെന്ന് ചോദിച്ചു.അയാള്‍ അതിലും മാന്യമായി തൊട്ടടുത്ത കടക്കാരനോട്‌ ചോദിക്കാന്‍ പറഞ്ഞു.ഞാന്‍ അടക്ക എടുക്കുന്ന ആ കടയിലേക്ക് നോക്കി.സ്വന്തം ‘അടക്ക‘ കാണുന്ന രൂപത്തില്‍ കടത്തിണ്ണയില്‍ ഒരു പ്രായമായ ആള്‍ ഇരിക്കുന്നു.അയാള്‍ക്ക് ചെവി കേട്ടില്ലെങ്കിലോ എന്ന് കരുതി ഞാന്‍ കടക്കാരന്റെ നേരെ നോക്കി ചോദിച്ചു.

“കമ്മ്യൂണിറ്റി ഹാള്‍ എവിടെയാ ചേട്ടാ ?”

“കമ്മ്യൂണിസ്റ്റ് ഹാള്‍ ദേ താമരശ്ശേരി റൂട്ടില്‍....” ഉത്തരം വന്നത് കടത്തിണ്ണയില്‍ നിന്നായിരുന്നു.

“ചേട്ടാ...കമ്മ്യൂണിസ്റ്റ് ഹാള്‍ അല്ല...കമ്മ്യൂണിറ്റി ഹാള്‍“

“അതെന്നാടൊ പറഞ്ഞെ...കമ്മ്യൂണിസ്റ്റ് ഹാള്‍” മറുപടിയുടെ കര്‍ക്കശം എന്നെ കശക്കുന്നതിന് മുമ്പ് ഞാന്‍ സ്ഥലം കാലിയാക്കി.അല്പം ദൂരെ നിന്ന മറ്റൊരാളോട്‌ ചോദിച്ച് സ്ഥലം മനസ്സിലാക്കി.

* * * * *

പരിശീലനം തുടങ്ങി.ഏതോ ഒരു പഞ്ചായത്തിന്റെ സെക്രട്ടറി ആണ് പരിശീലകന്‍.അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ സ്ലൈഡ് രൂപത്തിലാക്കി നെസ്റ്റ് നെസ്റ്റ് അടിച്ച് അദ്ദേഹം എതിര്‍ഭാഗത്തിരിക്കുന്ന ഞങ്ങളിലേക്ക് ഗോളുകള്‍ അടിച്ചുകൊണ്ടേ ഇരുന്നു.അങ്ങനെ കയ്യില്‍ മഷി പുരട്ടേണ്ട കാര്യത്തിലെത്തി.

“ആരും മഷി പുരട്ടാന്‍ വോട്ടറുടെ വിരല്‍ പിടിക്കാന്‍ പാടില്ല.” അദ്ദേഹം പറഞ്ഞപ്പോള്‍ യുവപ്രിസൈഡിംഗ് ഓഫീസര്‍മാരും ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാരും അണ്ടിപോയ കുരങ്ങനെ പോലെ ആയി.ആ ഞെട്ടലില്‍ നിന്നും മുക്തമാകാന്‍ ഒരാള്‍ ചോദിച്ചു.

“ഏത് വിരലിലാണ് അപ്പോള്‍ മഷി പുരട്ടേണ്ടത് ?”

“ഇടത് കയ്യിന്റെ ഫോര്‍ഫിങറില്‍...” ഇടത്കയ്യുടെ നടുവിരല്‍ ഉയര്‍ത്തിക്കൊണ്ട് പരിശീലകന്‍ പറഞ്ഞു.

“ചൂണ്ടുവിരലില്‍ അല്ലേ?”

“അതേ ഫോര്‍ഫിംഗറില്‍ തന്നെ..” നടുവിരല്‍ ഉയര്‍ത്തിക്കൊണ്ട് പരിശീലകന്‍ വീണ്ടും പറഞ്ഞു.

പറയുന്നതും കാണിക്കുന്നതും തമ്മില്‍ മാച് ചെയ്യാത്തതിനാല്‍ സദസ്സില്‍ കുശുകുശു ഉയര്‍ന്നു.പരിശീലകന് കാര്യം മനസ്സിലാകാത്തതിനാല്‍ സ്റ്റേജിലിരിക്കുന്ന സഹപരിശീലകനോട് ചോദിച്ചു.അദ്ദേഹം കൈപുസ്തകം പരതി പറഞ്ഞു.
“ചൂണ്ടു വിരലിലാണ് മഷി പുരട്ടേണ്ടത് “.അപ്പോഴും രണ്ട് പേര്‍ക്കും സദസ്സിന്റെ സംശയത്തിന്റെ ഉറവിടം മനസ്സിലായില്ല.

* * * * *

“മാഷേ...ഇത് എങ്ങനെയാ തുറക്കുക ?” ഒരു കിളിശബ്ദം ബാലറ്റ്ബോക്സിനടുത്ത് നിന്ന് എന്റെ നേരെ വന്നു.

“ദേ...മുന്‍ഭാഗത്ത് ഒരു ദ്വാരമില്ലേ ? അതിലൂടെ ഒരു വിരല്‍ മാത്രം ഉള്ളിലേക്കിടുക..” ഞാന്‍ ആദ്യ സ്റ്റെപ് പറഞ്ഞു.

“എന്നിട്ട് ?”

“വിരലില്‍ ഒരു ചെറിയ മുനമ്പ് തട്ടും...അതിനെ ശക്തിയില്‍ വലിക്കുക...”

“അപ്പോ ഏത് വിരലാ ഇടേണ്ടത് ?”

“നടുവിരലാണ് സൌകര്യം.മറ്റു വിരലൊന്നും എത്തില്ല...”

ചിരിച്ചുകൊണ്ട് ഞാന്‍ പറഞ്ഞപ്പോള്‍ ടീച്ചറുടെ മുഖം നാണത്താല്‍ താഴ്ന്നു.മറ്റാരും എന്റെ ‘ക്ലാസ്സ്‘ ശ്രദ്ധിച്ചില്ല എന്ന് ചുറ്റുംനോക്കി ഉറപ്പ് വരുത്തി ഞാന്‍ അടുത്തപെട്ടിയുടെ അടുത്തേക്ക് നീങ്ങി.

* * * * *

“ഇതെന്താ മാഷെ , കുപ്പായത്തിലാകെ...”

പുതിയ കുപ്പായത്തില്‍ പെട്ടിയില്‍ നിന്നും ഗ്രീസ് പുരണ്ടത് അപ്പോഴാണ് ഞാന്‍ ശ്രദ്ധിച്ചത്.

“അത് ആ പെട്ടിയില്‍ കസര്‍ത്ത് കാണിച്ചതാ..”

“പെട്ടി കെട്ടിപിടിക്കുന്നതെന്തിനാ...വീട്ടില്‍ കെട്ടിയോളില്ലേ ?”എതോ ഒരുത്തന്റെ ചോദ്യത്തിന്റെ ഉത്തരം നാവിന്‍ തുമ്പില്‍ വന്നെങ്കിലും ഉള്ളിയേരി ആയതിനാല്‍ ഞാന്‍ ക്ഷമിച്ചു.

“ഏതായാലും ഇത് ഇന്ന് ആയത് മാഷക്കും ഞങ്ങള്‍ക്കും നന്നായി...പോളിംഗ് ദിനത്തില്‍ ഈ അവസ്ഥയില്‍ വോട്ടര്‍മാരുടെ മുമ്പില്‍ നില്‍ക്കുന്ന അവസ്ഥ ഇനി ഉണ്ടാകില്ലല്ലോ”

ഇനി കാന്തപുരത്ത് നടക്കാനിരിക്കുന്ന സംഭവങ്ങള്‍ എന്തൊക്കെയാണാവോ എന്ന ചിന്തയിലാണ്ട് പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയതിന്റെ കൂലിയായി 250 രൂപയും വാങ്ങി ഞാന്‍ ഉള്ളിയേരിയില്‍ നിന്നും തിരിച്ചുകയറി.ബാക്കി 23-ആം തീയതി കാന്തപുരം സ്കൂളില്‍ നിന്നും ലൈവ് ആയി.

സഹയാത്രികരോട്‌ സംസാരിക്കൂ.....

യാത്ര ഒരു അനുഭവമാണ്.ദിവസേന യാത്ര ചെയ്യുന്നവര്‍ക്ക് സഹയാത്രക്കാരായി നിരവധി പേര്‍ ഉണ്ടാകും.പ്രത്യേകിച്ചും ട്രെയിന്‍ യാത്ര ഹൃദ്യമാകുന്നതും ആസ്വാദ്യകരമാകുന്നതും ഈ കൂട്ടുകെട്ടിലൂടെയാണ്.സഹയാത്രികന്റെ സന്തോഷത്തിലും ദു:ഖത്തിലും പങ്ക് ചേരാനുള്ള അവസരങ്ങള്‍ ഇന്ന് പലര്‍ക്കും ലഭിക്കുന്നു.യാത്ര അവരെ തമിലടുപ്പിക്കുന്ന ഒരു ഘടകമായി വര്‍ത്തിക്കുന്നു.

എന്നാല്‍ സ്വന്തം സഹയാത്രികനെ പരിചയപ്പെടാന്‍ മടിക്കുന്നവരായ ആള്‍ക്കാരും നമ്മിലുണ്ട്.അതിലെന്തു കാര്യം അല്ലെങ്കില്‍ ഒരു നിമിഷ സൌഹൃദം എന്തിന് എന്ന് ചിന്തിക്കുന്നവരാകും മിക്കപേരും.എങ്കില്‍ അവര്‍ക്കായി എന്റെ ഒരു ബന്ധുവിന്റെ അനുഭവം ഇവിടെ പങ്കുവയ്ക്കട്ടെ.

എന്റെ ഭാര്യയുടെ ബന്ധുവിന്റെ മകന് തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജില്‍ അഡ്‌മിഷന്‍ കിട്ടി ജോയിന്‍ ചെയ്യാന്‍ പോകുന്ന ദിവസം.ഇതുവരെ മലപ്പുറം ജില്ലക്ക് പുറത്ത് ഒറ്റക്ക് പോയിട്ടില്ലാത്ത ഉമ്മയും മകനും അന്ന് ആദ്യമായി തിരുവനന്തപുരത്തേക്ക് വണ്ടി കയറി.

എത്തിപ്പെടാന്‍ പോകുന്ന മഹാനഗരത്തെപറ്റിയും ആ നാട്ടില്‍ എവിടെയോ കിടക്കുന്ന കോളേജിനെക്കുറിച്ചും ഈ മലപ്പുറത്ത് ആരോട്‌ ചോദിക്കാന്‍ എന്ന് അറിയാത്തതിനാല്‍ അവര്‍ ആരോടും അന്വേഷിച്ചതേയില്ല.യാത്രയിലുടനീളം അവിടെ എത്തിയാലുള്ള സംഗതികളെപറ്റി ആയിരുന്നു ഉമ്മയുടേയും മകന്റേയും ചിന്ത.എങ്കിലും തിരുവനന്തപുരത്ത് തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിനെപറ്റി അറിയാത്ത ആരും ഉണ്ടാകില്ല എന്ന ശുഭാപ്തിവിശ്വാസം അവരെ മുന്നോട്ട് നയിച്ചു.

യാത്രക്കിടയില്‍ അവര്‍ തൊട്ടടുത്തിരുന്ന ഒരു മാന്യദേഹത്തോട്‌ വെറുതെ തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിനെപറ്റി ചോദിച്ചു.

“തിരുവനന്തപുരത്ത് ഏത് എഞ്ചിനീയറിംഗ് കോളേജാ ?”

“ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് “ അല്പമൊന്നു് അന്ധാളിച്ചെങ്കിലും മറുപടി ഉടന്‍ എത്തി.

“അതെ , ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് തന്നെ തിരുവനന്തപുരത്ത് രണ്ടെണ്ണം ഉണ്ട്” അയാള്‍ പറഞ്ഞു.

“യാ റബ്ബേ...എന്നാല്‍ നോക്കട്ടെ” ഇതും പറഞ്ഞ് അവര്‍ അഡ്‌മിഷന്‍ മെമ്മോ എടുത്ത് നോക്കി.

“കോളേജ് ഓഫ് എഞ്ചിനീയറിംഗ് ടെക്നോളജി,തിരുവനന്തപുരം...”

“ഓ,സി.ഇ.ടി.പുതിയ അഡ്‌മിഷന്‍ എടുക്കാനാണോ?”

“ങാ...അതെ...”

“ഏത് ബ്രാഞ്ച്?”

“ഇലക്ടോണിക്സ് അന്ദ് കമ്മ്യൂണിക്കേഷന്‍”

“വെരിഗുഡ്...ഞാന്‍ അതേ ഡിപ്പാര്‍ട്ട്മെന്റിലെ സാറാണ്.എന്റെ കൂടെ വന്നാല്‍ മതി.”

“ഹാവൂ, സമാധാനമായി.കോളേജും സ്ഥലവും അറിയാതെ എന്ത് ചെയ്യും എന്ന് ആലോച്ചിക്കുകയായിരുന്നു ഞങ്ങള്‍.ഒരുപാട് നന്ദിയുണ്ട് ”

സഹയാത്രികനോട്‌ വെറുതെ ഒരു വാക്ക് ചോദിച്ചതിന്റെ ഉപകാരം എത്ര ഭീമം എന്ന് ഇനി നിങ്ങള്‍ തന്നെ ആലോചിച്ച് നോക്കൂ.

Monday, October 18, 2010

അബ്ദുക്കയുടെ ഗ്രാമസ്വരാജ്

സ്ഥലം അച്ചുവേട്ടന്റെ ചായമക്കാനി. നാട്ടുപ്രമുഖരായ സംശയം അബ്ദുക്കയും നിവാരണം തോമസൂട്ടിയും പിന്നെ കുറേ കാണികളും മക്കാനിയിലുണ്ട്.

അബ്ദുക്ക: അല്ല തോമസൂട്ടി, ഈ കാമസ്വരാജ് ന്ന ഒരു പുത്തന്‍ സാതനം ണ്ടല്ലോ? അതെന്താ സാതനം ?

തോമസൂട്ടി: കാമസ്വരാജോ അതോ കാമരാജോ ?

അബ്ദുക്ക: ഈ സെലക്ഷന്‍ നടക്കാന്‍ പോകുന്ന സാതനം…

തോമസൂട്ടി: സെലക്ഷന്‍ അല്ല...എലക്ഷന്‍..…അത് കാമസ്വരാജ് അല്ല...ഗ്രാമസ്വരാജ്

അബ്ദുക്ക: ആ... അതന്നെ സാതനം

തോമസൂട്ടി:അത്... നമ്മുടെ രാഷ്ട്രപിതാവില്ലേ ഗാന്ധിജി…അദ്ദേഹം ഒരു സ്വപ്നം കണ്ടത്രേ…വലിയൊരു സ്വപ്നം.

അബ്ദുക്ക: ങേ ബല്യ സ്വപ്നമോ? സ്വപ്നത്ത്‌നുംണ്ടോ ബല്പം ???

തോമസൂട്ടി:ആ...കിനാവില്ലേ കിനാവ്…അതെന്നെ

അബ്ദുക്ക:ഓ, ഗള്‍ഫ്‌ല് പോയ മോനെ അയിക്കാരം കിനാവ് കണ്ടത്.

തോമസൂട്ടി:ഛെ…അതല്ല

അബ്ദുക്ക: ന്നാല് പിന്നെ അമ്മായിമ്മന്റെ മോന്തായമായിരിക്കും കണ്ടത്…

തോമസൂട്ടി:അതുമല്ല….ആ കിനാവായിരുന്നു ഗ്രാമസ്വരാജ്

അബ്ദുക്ക: ഓ..അപ്പോ കാന്ധിജിന്റെ കിനാവാണല്ലേ ഗ്രാമസ്വരാജ് ?

ശേഷം അബ്ദുക്ക മുണ്ടൂകന്റെ നേരെ തിരിഞ്ഞു.

അബ്ദുക്ക:ഈ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ന്ന് ബെച്ചാല് ന്താ മുണ്ടൂകാ?

മുണ്ടൂകന്‍: സ്വതന്ത്രന്‍ എന്നാല്‍ സ്വ തന്തയില്ലാത്തവന്‍….അതായത് ഒരു പാര്‍ട്ടി മേല്‍ വിലാസവും ഇല്ലാത്തവന്‍.

അബ്ദുക്ക:അപ്പം മേല്‍‌വിലാസം ഇല്ലാത്തോര്‍ എന്നാല്‍ ബെലാണല്ലേ?

മുണ്ടൂകന്‍:അതേ അതേ

തോമസൂട്ടി:വിഢിത്തം വിളമ്പാതെടാ മണ്ടൂകാ…സ്വതന്ത്രര് എന്ന് വച്ചാല് സ്വ തന്ത്രമുള്ളവര്…അതായത് ഇടക്കിടെ അവര് സ്വ തന്ത്രരും സ്വതന്ത്രരും ആയിക്കൊണ്ടിരിക്കും

അബ്ദുക്ക:ന്റെ തങ്ങളുപ്പാപ്പേ..ഞമ്മള് ഒടിയന് ന്ന് പറ്യണെ ജാത്യാണല്ലോ ത്.

അല്പസമയത്തിനകം പരിവാര സമേതം ഒരു സ്ത്രീ അവിടെ പ്രത്യക്ഷപ്പെട്ടു.

ആഗത: ഞാന്‍ ഈ വാര്‍ഡിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണ്…എന്റെ പേര് സാറാഅമ്മാളുമ്മ … നിങ്ങളുടെ വിലയേറിയ വോട്ട് ‘വാനിറ്റി ബാഗ്’ അടയാളത്തില്‍ കുത്തി എന്നെ വിജയിപ്പിക്കണം

‘ഓ…ഇത് ആ ഒടിയന്‍ ജാതി തെന്നെ…പേരും അടയാളും ഞമ്മള് ഇതുവരെ കേട്ടിട്ടില്ലാത്ത എന്തോ സാതനം’ അബ്ദുക്ക ആത്മഗതം ചെയ്തു.

അബ്ദുക്ക: അന്റെ അടയാളം ന്താ ന്നാ പറഞ്ഞെ ?

സ്ഥാനാര്‍ത്ഥി: (പൂച്ച രോമം കൊണ്ട് ആവരണം ചെയ്ത ബാഗ് കാണിച്ചുകൊണ്ട്) ഇതാ ഇത് തന്നെ…

അബ്ദുക്ക: (ഞെട്ടി മാറിക്കൊണ്ട്) ങേ!! പൂച്ചരോമ സഞ്ചി…അതിന്റെ ഇംക്ലീസ് ആണല്ലേ ജ്ജ് ആദ്യം പറഞ്ഞെ? നാലാള്‍ക്ക് മന്സ്‌ലാണെ കോലത്ത്‌ല് പറഞ്ഞൂടെ ന്നാ അനക്ക്.ഒര് ഇംക്ലീസ് മദാമ ബെന്ന്‌ക്ക്‌ണ് ഞ്മ്മളെ ചാണകക്കുണ്ട് വാര്‍ഡ്ക്ക്..ഫൂ....!ഇതാണോ കാന്തിജി കണ്ട ബിസേസപ്പെട്ട കിനാവ് ?

കൂടുതല്‍ കേള്‍ക്കാന്‍ നില്‍ക്കാതെ സ്ഥാനാര്‍ത്ഥിയും അകമ്പടിക്കാരും ഉടന്‍ സ്ഥലം വിട്ടു.

Saturday, October 16, 2010

വിലയേറിയ സമ്മതിദാനാവകാശം

കേരളം ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പിന് കൂടി സാക്ഷ്യം വഹിക്കാന്‍ പോകുന്നു.വരുന്ന 23, 25 തീയതികളിലായി വിവിധ ജില്ലകളില്‍ പോളിംഗ് നടക്കും.പതിവ് പോലെ ഇത്തവണയും ഞാന്‍ ഒരു പ്രിസൈഡിംഗ് ഓഫീസര്‍ ആണ്.

ഇടത് വലത് മുന്നണികളെ കൂടാതെ കേന്ദ്രത്തില്‍ വളരെ മുമ്പെ പറഞ്ഞു നടന്നിരുന്ന മൂന്നാം മുന്നണി എന്ന ഒരു സങ്കല്പം ജനപക്ഷ മുന്നണി എന്നോ ജനകീയ വികസന മുന്നണി എന്നോ ജനപക്ഷ വികസന മുന്നണി എന്നോ മറ്റേതോ പേരിലോ ഒക്കെയായി മത്സരരംഗത്ത് ഉണ്ട് എന്നതാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പിന്റെ പ്രത്യേകത.മാത്രമല്ല ബി.ജെ.പി,പി.ഡി.പി,എസ്.ഡി.പി.ഐ തുടങ്ങീ കുറേ പീ-പാര്‍ട്ടികളും രംഗത്തുണ്ട്.

യഥാര്‍ത്ഥത്തില്‍ നാം വോട്ട് ചെയ്യേണ്ടത് ആര്‍ക്കാണ്?അന്ധമായ രാഷ്ട്രീയ വിധേയത്വം പ്രകടിപ്പിച്ചുകൊണ്ട് സ്വന്തം മുന്നണിയുടെ സ്ഥാനാര്‍ത്ഥിക്കോ അതല്ല നല്ല പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച എതിര്‍പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കോ അതുമല്ല മൂന്നമത് ഒരു പാര്‍ട്ടിക്കൊ? ഇവിടെയാണ് വോട്ടര്‍മാരായ നാം ഓരോരുത്തരും നമ്മുടെ വോട്ടിന്റെ വില മനസ്സിലാക്കേണ്ടതും മനസ്സിലാക്കിപ്പിക്കേണ്ടതും.അഞ്ചു വര്‍ഷം സമയം ലഭിച്ചിട്ടും ഇതു വരെ ഒന്നും ചെയ്യാതെ ഇപ്പോള്‍ ഉത്ഘാടനരാമന്മാര്‍ ആകുന്നതും വാ തൊരാതെ പ്രസംഗിക്കുന്നതും കണ്ട് കെണിയില്‍ വീഴേണ്ട.അടുത്ത അഞ്ച് വര്‍ഷവും ഇവര്‍ക്ക് പ്രത്യേകിച്ച് ഒരു മാറ്റവും വരാന്‍ പോകുന്നില്ല.

എന്റെ അഭിപ്രായത്തില്‍ ,മുന്നണി ഏത് ആണെങ്കിലും ഭരണനൈപുണ്യമുള്ളവര്‍ അധികാരത്തില്‍ എത്തണം.എന്നാലേ മികച്ച ഫലം ആ ടീമിന്റെ ഭരണത്തിലൂടെ ലഭ്യമാകൂ.നാടിന്റെ വികസനമാകണം പാര്‍ട്ടിയുടെ വികസനത്തിനെക്കാളും മുഖ്യം.മാത്രമല്ല തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടി എന്ന ഒരു ചിന്തയോ മറ്റു വിഭാഗീയതകളോ എവിടേയും പ്രകടിപ്പിക്കാന്‍ പാടില്ല.“തെരഞ്ഞെടുപ്പ് ജയം “ ഈ മത്സരത്തിന്റെ അനിവാര്യ ഫലം മാത്രമാണെന്ന് ഓര്‍മ്മിക്കുക.അതായത് ജയവും പരാജയവും ഒരു മത്സര്‍ത്തിന്റെ രണ്ടു ഭാഗങ്ങളാണ്.ഒരാള്‍ ജയിക്കുമ്പോള്‍ മറ്റൊരാള്‍ തോല്‍ക്കും എന്നത് തീര്‍ച്ച.

തെരഞ്ഞെടുക്കപെട്ടവരെ തിരിച്ചു വിളിക്കാന്‍ നമ്മുടേ ജനാധിപത്യം അനുവദിക്കുന്നില്ല.അതിനാല്‍ തെരഞ്ഞെടുത്ത് അയക്കുന്നതിന്റെ മുമ്പ് തന്നെ ഓരോ സ്ഥാനാര്‍ത്ഥിയെക്കുറിച്ചും വ്യക്തമായ ധാരണ ഉണ്ടാക്കിയതിന് ശേഷം മാത്രം നിങ്ങളുടെ വിലയേറിയ സമ്മതിദാനാവകാശം വിനിയോഗിക്കുക.

Saturday, October 09, 2010

ഒരു ഗള്‍ഫുകാരന്റെ വിലാപം.

ദിവസങ്ങള്‍ക്ക് മുമ്പ് വോട്ടേഴ്സ് ഐഡന്റിറ്റി കാര്‍ഡിന്റെ കോപി അറ്റെസ്റ്റ് ചെയ്യാനായി അനിയന്റെ ഒരു സുഹൃത്ത് എന്റെ അടുത്ത് വന്നു. യഥാര്‍ത്ഥത്തില്‍ പേര് കേട്ടിട്ട് എന്നെ തിരിച്ചറിയാതെയാണ് അവന്‍ എന്റെ വീട്ടില്‍ എത്തിയത്. എത്തിയപ്പോള്‍ അറിയുന്ന ആളാണല്ലോ എന്ന ആശ്വാസം അവന്റെ മുഖത്ത് ഞാന്‍ ദര്‍ശിച്ചു.പ്രത്യേകിച്ചും ശനിയാഴ്ച്ച രാത്രി ആയതിനാല്‍ പിറ്റേന്ന് അറ്റെസ്റ്റ് ചെയ്യാന്‍ ഒരു ഗസറ്റഡ് ഓഫീസറേയും കിട്ടാത്ത അവ്സ്ഥയില്‍ നിന്നുള്ള മോചനവും അവന്‍ പങ്കുവച്ചു.

ഗള്‍ഫില്‍ ജോലി ചെയ്യുന്ന അവനോട് ഞാന്‍ അവന്റെ ഗള്‍ഫിലെ കാര്യങ്ങള്‍ വെറുതെ ചോദിച്ചു.ഏഴോ എട്ടോ കൊല്ലമാണ് അവന്‍ ഗള്‍ഫില്‍ ജോലി ചെയ്തത് എന്ന് പറഞ്ഞതായാണ് എന്റെ ഓര്‍മ.പക്ഷേ ഇനി ഗള്‍ഫിലേക്ക് പോകാന്‍ താല്പര്യമില്ല.നാട്ടില്‍ നല്ല ഫുട്ബാള്‍ കളിക്കാരനായിരുന്ന കാലത്താണ് അവന്‍ ഗള്‍ഫിലേക്ക് പോയത്.ഇനി പന്തു തട്ടാന്‍ ഒരു ബാല്യം അവനില്‍ കാണുന്നുമില്ല.അപ്പോള്‍ ഇനി എന്തു ജോലി എന്ന് ഞാന്‍ ആരാഞ്ഞു.

ഗള്‍ഫിനേക്കാളും മെച്ചം ഇപ്പോള്‍ ഇവിടെയാണ്.എന്ത് പണിക്കും നാനൂറ് രൂപയല്ലേ ദിവസ‌ക്കൂലി.പിന്നെ എന്തിന് വെറുതേ ഗള്‍ഫില്‍ പോകണം എന്നായിരുന്നു അവന്റെ മറുചോദ്യം.അത് ഞാനും സമ്മതിച്ചു.പക്ഷേ പ്രത്യേകിച്ച് ഒരു തൊഴിലിലും പ്രാവീണ്യം ഇല്ലാത്ത അവന്‍ എന്തു തൊഴില്‍ എടുക്കും എന്നായിരുന്നു എന്റെ സംശയം.അതിനുള്ള അവന്റെ മറുപടി ആയിരുന്നു ആ വോട്ടേഴ്സ് ഐഡന്റിറ്റി കാര്‍ഡിന്റെ കൂടെ അവന്‍ കൊണ്ടു വന്ന മറ്റൊരു ഫോം.

അരീക്കോട് ബസ്‌സ്റ്റാന്റില്‍ പോര്‍ട്ടറായി ജോലി ചെയ്യുന്ന പിതാവ് വിരമിക്കുന്ന ഒഴിവിലേക്ക് മകന് കയറാനുള്ള അപേക്ഷ.ബസ്‌സ്റ്റാന്റിലെ പോര്‍ട്ടര്‍ പണി കിട്ടാനും ഇത്ര വലിയ കടമ്പകളൊ എന്ന എന്റെ സംശയം അവിടെ നിര്‍ത്തി അവന്‍ നാട്ടിലെ തന്നെ ഫുട്ബാള്‍ കോച്ച് ഗള്‍ഫില്‍ എത്തിയ വിവരം എന്നോട് പറഞ്ഞു.

ഒരു വീട്ടിലാണ് ഈ സുഹൃത്തിന് ജോലി.അറബി കുവൈത്തിലാണ്.വല്ലപ്പോഴും വരുമ്പോള്‍ മാത്രം എന്തെങ്കിലും പണി ഉണ്ടാകും.പക്ഷേ അവന്‍ അവിടെ നിന്നും പോരണം എന്ന് പറയുന്നു.കാരണം മറ്റൊന്നുമല്ല.വീട്ടുജോലിയില്‍ ചിലപ്പോള്‍ അവര്‍ കക്കൂസ് കഴുകാനും പറഞ്ഞേക്കും.അപ്പോള്‍ അത് ചെയ്യേണ്ടിയും വരും.ഇത് സഹിക്കാന്‍ ഈ പുതിയ ഗള്‍ഫുകാരന് സാധിക്കുന്നില്ല.

ഞാന്‍ എന്റെ വീട്ടില്‍ വന്ന സുഹൃത്തിനോട്‌ പറഞ്ഞു.”എന്റെ ബാപ്പ ചെറുപ്പം മുതലേ ഞങ്ങള്‍ മക്കളെക്കൊണ്ട് കക്കൂസ് വൃത്തിയാക്കിക്കുമായിരുന്നു.അവനവന്‍ ഉപയോഗിക്കുന്ന കക്കൂസ് വൃത്തിയാക്കാന്‍ സാധിക്കുമെങ്കില്‍ മറ്റൊരു സ്ഥലത്ത് ജോലിയുടെ ഭാഗമായി അത് ചെയ്യാന്‍ നമുക്ക് ഒരു പ്രയാസവും നേരിടില്ല.പക്ഷേ സ്വന്തം വീട്ടില്‍ ഒരിക്കലെങ്കിലും കക്കൂസ് വൃത്തിയാക്കാത്തവന്‍ അത് ഒരു വൃത്തികെട്ട ജോലിയായി ഗണിക്കും ”

“അതേ, ഗള്‍ഫില്‍ ഞങ്ങളുടെ താമസ സ്ഥലത്തും ആഴ്ചയില്‍ ഓരോരുത്തരായി കക്കൂസ് വൃത്തിയാക്കുന്നു.അല്ലാത്തവന്‍ അത് ഉപയോഗിക്കേണ്ട എന്നാണ് എന്റെ കാഴ്ചപ്പാട്‌“ ആഗതന്റെ മറുപടി എനിക്ക് നന്നായി ഇഷ്ടപ്പെട്ടു.

ഇന്നത്തെ യുവതീ-യുവാക്കള്‍ സ്വന്തം വീട്ടിലെ ഇത്തരം ചില പണികള്‍ വരെ ചെയ്യാന്‍ മടി കാട്ടുന്നു.നാളെ മറ്റൊരു വീട്ടില്‍ അന്നത്തിന് വേണ്ടി ഈ പണി ചെയ്യേണ്ടി വരുമ്പോളാണ് അവന് യാഥര്‍ത്ഥ്യം മനസ്സിലാവുക.

Friday, October 01, 2010

മാപ് - കോഴിക്കോടിന്റെ ഒരു സ്വപ്നപദ്ധതി.

കോഴിക്കോട് നഗരത്തിലെ പ്രശസ്തമായ ഒരു കലാലയത്തിലെ എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ എന്ന നിലക്ക് കഴിഞ്ഞ ദിവസം എനിക്ക് കോഴിക്കോട്‌ ജില്ലാ കളക്ടറുമായി നേരിട്ട് സംസാരിക്കാനുള്ള അവസരം ലഭിക്കുകയുണ്ടായി.ഇന്ത്യയില്‍ ആദ്യമായി ഒരു ജില്ല പ്ലാസ്റ്റിക് മാലിന്യ വിമുക്തമാക്കുന്ന യജ്ഞത്തിന്റെ ആരംഭം കുറിക്കാനുള്ള യോഗത്തിന്റെ കൂടിയാലോചനക്കായിട്ടായിരുന്നു മറ്റു പല ഓഫീസര്‍മാരുടേയും പൊതുപ്രവര്‍ത്തകരുടേയും കൂടെ എനിക്കും, കളക്ടറുടെ ചേമ്പറില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കാനുള്ള അവസരം ലഭിച്ചത്.

MAP (Mass Awareness for Plastic waste free Kozhikkode) എന്ന സ്വപ്ന പദ്ധതിക്ക് ഗാന്ധിജയന്തി ദിനത്തില്‍ തുടക്കം കുറിക്കുകയാണ്.ഇതിന്റെ ഭാഗമായി നാളെ കോഴിക്കോട് ബീച്ചില്‍ ഒരു ലക്ഷം വിദ്യാര്‍ത്ഥികള്‍ സംഗമിക്കുന്ന ഒരു ബൃഹത്പരിപാടി വിഭാവനം ചെയ്തിട്ടുണ്ട്.സാംസ്കാരിക രംഗത്തെ പലരും ഈ പദ്ധതിയുമായി സഹകരിക്കുന്നുണ്ട്.നാളെ പദ്ധതിപ്രഖ്യാപനസംഗമത്തില്‍ തന്നെ ഭരത് സുരേഷ്‌ഗോപിയും മറ്റും പങ്കെടുക്കും എന്നറിയിച്ചിട്ടുണ്ട്.മുന്‍ രാഷ്ട്രപതി ശ്രീ.എ.പി.ജെ.അബ്ദുല്‍ കലാമും പരിപാടിയുടെ ഭാഗമായി മറ്റൊരു ദിവസം കോഴിക്കോട് എത്തുന്നുണ്ട്.

ഗാന്ധിജയന്തി ദിനത്തില്‍ തുടങ്ങി ഈ വരുന്ന റിപബ്ലിക് ദിനത്തില്‍ ലക്ഷ്യം നേടുന്ന വിധത്തിലാണ് ഇപ്പോള്‍ പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്.ബോധവല്‍ക്കരണം,കൂടുതല്‍ ഉപയോഗിക്കുന്ന രംഗങ്ങള്‍ കണ്ടെത്തി അവിടെ നിയന്ത്രണം ഏര്‍പ്പെടുത്തല്‍,പ്ലാസ്റ്റിക്കിന് പകരം സാധനം കണ്ടെത്തലും ഉപയോഗപ്പെടുത്തലും, നിയമം കൊണ്ട് തടയല്‍ , കളക്ഷന്‍ സെന്ററുകള്‍ സ്ഥാപിക്കല്‍ തുടങ്ങി അഞ്ച് ഘട്ടങ്ങളായാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.വിദ്യാര്‍ത്ഥി-അദ്ധ്യാപക സമൂഹത്തെ മുഴുവന്‍ ഫലപ്രദമായി ഇതിന് ഉപയോഗിക്കാനും ധാരണയുണ്ട്.

ഇന്ത്യയിലെ ആദ്യ പ്ലാസ്റ്റിക് മാലിന്യ വിമുക്ത ജില്ലയാകാന്‍ പോകുന്ന കോഴിക്കോടിന്റെ ഈ സ്വപ്നപദ്ധതിയില്‍ ഭാഗഭാക്കാകാന്‍ കഴിഞ്ഞ ഒരു മലപ്പുറംകാരനാണ് ഞാന്‍.പ്ലാസ്റ്റിക്ക് കാരിബാഗുകള്‍(കീസുകള്‍) പരമാവധി ഒഴിവാക്കാന്‍ ബിഗ്‌ഷോപ്പര്‍ കൊണ്ടുനടക്കുന്ന എനിക്ക് ഈ ആശയം നന്നായി തോന്നി.ഔദ്യോഗികമായി അതിന് ഒരു നേതൃത്വം നല്‍കി അതൊരു വലിയപരിപാടിയാക്കി മാറ്റാന്‍ സന്മനസ്സ് കാണിച്ച കോഴിക്കോട് ജില്ലാ കളക്ടറെ ഈ അവസരത്തില്‍ ഹൃദയംഗമമായി അഭിനന്ദിക്കുന്നു.

കോഴിക്കോട് ജില്ല എന്നല്ല കേരളം മുഴുവന്‍ പ്ലാസ്റ്റിക്ക് മാലിന്യ മുക്തമാക്കാന്‍ നമുക്കും നമ്മുടെ വീട്ടില്‍ നിന്നും തുടങ്ങാം.സാധനം വാങ്ങാന്‍ അങ്ങാടിയില്‍ പോകുമ്പോള്‍ ഇന്നു മുതല്‍ ദയവ് ചെയ്ത് ഒരു തുണി സഞ്ചിയോ ബിഗ്‌ഷോപ്പറോ അതുമല്ലെങ്കില്‍ നേരത്തെ നിങ്ങള്‍ വീട്ടിലെത്തിച്ച പ്ലാസ്റ്റിക് കാരിബാഗ് തന്നെയോ ഒപ്പം കരുതുക.ഭൂമിയെ മൂന്ന് പ്രാവശ്യം മൂടാനുള്ള പ്ലാസ്റ്റിക്ക് മാലിന്യം ഇപ്പോള്‍ ഭൂമിയിലുണ്ട് എന്ന ദുരന്തസത്യം മനസ്സിലാക്കി നാം ഉണര്‍ന്ന് പ്രവര്‍ത്തിക്കുക.