Pages

Showing posts with label സാങ്കേതികം. Show all posts
Showing posts with label സാങ്കേതികം. Show all posts

Saturday, August 15, 2015

കാലത്തിന്റെ വികൃതി

            ഡോ.എ.പി.ജെ.അബ്ദുല്‍കലാം കേരള സാങ്കേതിക സര്‍വ്വകലാശാല നിലവില്‍ വന്ന ശേഷമുള്ള ആദ്യത്തെ എഞ്ചിനീയറിംഗ് ബിരുദ പ്രവേശന നടപടികള്‍ ഏകദേശം അവസാന ഘട്ടത്തില്‍ എത്തിയിരിക്കുകയാണ്. ഇതുവരെ തുടര്‍ന്നു പോന്ന സാമ്പ്രദായിക പഠന രീതികളില്‍ നിന്ന് വ്യത്യസ്തമായി നിരവധി മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുന്നതാണ് സാങ്കേതിക സര്‍വ്വകലാശാലയുടെ സിലബസും രീതികളും.അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ഈ മാറ്റങ്ങള്‍ എത്രകണ്ട് ഉള്‍കൊള്ളും എന്നത് ഒരു ചോദ്യചിഹ്നമായി തുടരുന്നു.

           എനിക്ക് ഏറ്റവും സന്തോഷം നല്‍കുന്ന ഒരു ഘടകം സാങ്കേതിക സര്‍വ്വകലാശാലയുടെ സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അത് ഇത്രയേയുള്ളൂ – എട്ട് സെമസ്റ്ററും പഠിച്ച് , എടുത്താല്‍ പൊങ്ങാത്ത മാര്‍ക്കും വാങ്ങി ,നിശ്ചയിക്കപ്പെട്ട 180 ക്രെഡിറ്റും നേടി “ലല്ലലം പാടി വന്നാലും” അവന് ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ലഭിക്കില്ല! അത് ലഭിക്കണമെങ്കില്‍ ഓരോ വിദ്യാര്‍ത്ഥിയും 100 ആക്റ്റിവിറ്റി പോയിന്റ് കൂടി സമ്പാദിച്ച് അഡീഷണല്‍ 2 ക്രെഡിറ്റ് കൂടി നേടണം.എന്ന് വച്ചാല്‍ ‘പഠനം പഠനം” എന്ന് മാത്രം ചിന്തിച്ച് നടന്നാല്‍ പോര – എന്‍.എസ്.എസ്സ്‌ലോ, കലാ-കായിക രംഗത്തോ ,യൂണിയന്‍ രംഗത്തോ ,സംരഭകത്വ രംഗത്തോ പ്രവര്‍ത്തിച്ചിട്ടു വേണം ഈ 100 പോയിന്റ് നേടാന്‍ !

            കുട്ടികളെ ഇത്തരം ആക്ടിവിറ്റികളില്‍ പങ്കെടുപ്പിക്കാന്‍ ടൈംടേബിളില്‍ തന്നെ ആഴ്ചയില്‍ രണ്ട് പിരീഡ് അനുവദിക്കണമെന്ന് സാങ്കേതിക സര്‍വ്വകലാശാല നിര്‍ദ്ദേശിക്കുന്നു.എന്ന് വച്ചാല്‍ എഞ്ചിനീയറിംഗ് കോളേജിലെ എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍മാര്‍ക്കും ക്ലാസ് എടുക്കാനുള്ള അവസരം ലഭിക്കുന്നു.അതിലൂടെ എല്ലാ കുട്ടികള്‍ക്കും എന്‍.എസ്.എസ് എന്താണെന്ന് മനസ്സിലാക്കാനും താല്പര്യമുള്ളവര്‍ക്ക് അതില്‍ അംഗമാവാനും അതിലുപരി കാമ്പസിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അറിയുന്ന ഒരാളായി എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ക്ക് മാറാനും അവസരം ലഭിക്കുന്നു.

           എന്റെ കോളെജിലെ അഞ്ച് ഒന്നാം വര്‍ഷ ക്ലാസ്സുകളിലും ഇക്കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ഞാന്‍ ക്ലാസ് എടുത്തു. എഞ്ചിനീയറിംഗിന് പഠിക്കാനായി അഡീഷണല്‍ മാത്‌സ് എടുത്ത് ദയനീയമായി പരാചയപ്പെട്ട എനിക്ക് അതേ എഞ്ചിനീയറിംഗ് കോളേജില്‍ ടൈംടേബിളിന്റെ ഭാഗമായി ക്ലാസ് എടുക്കാന്‍ അവസരം ലഭിച്ചത് ഒരു പക്ഷേ കാലത്തിന്റെ വികൃതി ആയിരിക്കാം.

Friday, September 19, 2014

ഹൈടെക് ടൈലർ !

കുറേ വർഷങ്ങൾക്ക് ശേഷമാണ് പാന്റും ഷർട്ടും തയ്ക്കാൻ ഒരു ടൈലറെ സമീപിച്ചത്.രണ്ട് മാസം മുമ്പ് ചെറിയ പെരുന്നാളിന് ധരിക്കാൻ വേണ്ടി ഒരു ഷർട്ട് തയ്ക്കാൻ നാട്ടിലെ രണ്ട് ടൈലർമാരെ സമീപിച്ചപ്പോൾ ഉണ്ടായ അനുഭവം കാരണവും പിന്നെ ചില ‘തെറ്റിദ്ധാരണകൾ’ കാരണവും ഇത്തവണ തയ്ക്കാൻ നൽകിയത് കോഴിക്കോട് ടൌണിൽ ആയിരുന്നു.

ഒരു മുൻ പരിചയവുമില്ലാത്ത എന്നെ കണ്ട കട ഉടമ വലിയ വായിൽ ഒരു ‘ഹായ്’ അടിച്ചു.എവിടെയെങ്കിലും പരിചയമുള്ളതാകും എന്ന് കരുതി ഞാൻ ‘വാ വട്ടം’ കുറച്ചില്ല.എന്റെ കയ്യിലെ തുണി മേടിച്ച് അദ്ദേഹം നേരെ എന്റെ മൊബൈൽ നമ്പർ ചോദിച്ചു – ടെക്നോളജി യുഗത്തിൽ പേരിന്റെ സ്ഥാനം മൊബൈൽ കയ്യടക്കിയോ എന്ന് സംശയിച്ചെങ്കിലും ഞാൻ നമ്പർ പറഞ്ഞുകൊടുത്തു.അദ്ദേഹം അത് നേരെ ഒരു കമ്പ്യൂട്ടറിൽ കയറ്റി.പിന്നെ എന്റെ നേരെ തിരിഞ്ഞ് അല്പം കനത്തിൽ പറഞ്ഞു – “ഇവിടെ നിന്ന് ഇതുവരെ ഒന്നും തയ്പ്പിച്ചിട്ടില്ല അല്ലേ?”

എന്റെ ഓർമ്മയിലുള്ള അവ്സാന തയ്ക്കൽ അവിടെ നിന്ന് തന്നെയായിരുന്നതിനാൽ ഞാൻ പറഞ്ഞു – “തയ്പ്പിച്ചിട്ടുണ്ട്“

“ഒരു മൂന്ന് വർഷം മുമ്പായിരിക്കും അത്....” ടൈലർ പറഞ്ഞു.

“ അതേ...നാലഞ്ചാറേഴ് വർഷങ്ങൾക്ക് മുമ്പ്...”

പിന്നെ അദ്ദേഹം എന്റെ ഓരോ അളവുകൾ എടുക്കാൻ തുടങ്ങി.പണ്ടത്തെപ്പോലെ റസീറ്റ് ബുക്കിൽ എഴുതുന്നതിന് പകരം അളവുകൾ നേരെ കമ്പ്യൂട്ടറിൽ അടിച്ചുകയറ്റി. ഷർട്ടിന്റേയും പാന്റിന്റേയും അളവുകൾ കഴിഞ്ഞ് അദ്ദേഹം എവിടെയോ ക്ലിക്ക് ചെയ്തു. പ്രിന്ററിൽ റസീറ്റ് പ്രിന്റ് ചെയ്തു.


പെട്ടെന്ന് എന്റെ കീശയിൽ സൈലന്റ്റ് ആയിക്കിടന്ന മൊബൈൽ ഒന്ന് കുലുങ്ങി – ഒരു മെസേജ് വന്നതാണ്.മെസേജ് ഉടനെ വായിക്കുന്ന സ്വഭാവക്കാരനായതിനാൽ ഞാൻ അത് വായിച്ചിട്ട് ആകാം ‘എന്ന് കിട്ടും’ എന്ന് ചോദിക്കാൻ എന്ന് കരുതി. പക്ഷേ അത് ചോദിക്കുന്നതിന്റെ മുമ്പേ വന്ന ഉത്തരമായിരുന്നു ആ മെസേജ്.ഓർഡർ നമ്പറും ഡെലിവറി ഡേറ്റും വച്ചുള്ള സന്ദേശം കണ്ടപ്പോൾ ടെക്നോളജിയുടെ സാധ്യതകളും ഉപയോഗങ്ങളും എന്നെ അത്ഭുതപ്പെടുത്തി – തയ്യൽക്കട വരെ ഹൈടെക് !!!

Thursday, May 15, 2014

ഒരു ലക്ഷം (നോട്ട് ഔട്ട്)

ജൂൺ പിറക്കാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ ഇന്ന് ഞാൻ എന്റെ ബ്ലോഗിൽ ദർശിച്ച ഒരു സംഗതി പറയാതിരിക്കാൻ വയ്യ. 2006ൽ ബൂലോകത്ത് കാല് കുത്തിയ ഞാൻ 2009 ജൂണിൽ ആണ് സന്ദർശകരുടെ കണക്കെടുപ്പിനായി ഒരാളെ  അവിടെ നിയമിച്ചത്. ഇന്ന് അദ്ദേഹം തന്ന കണക്ക് പ്രകാരം മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലൂടെ അഞ്ചു വർഷം കൊണ്ട് ഒരു ലക്ഷത്തിലധികം പേർ കടന്നു പോയി !!!അതേ ഒരുലക്ഷത്തി അമ്പത് പേജ് വ്യൂസ്....!!


ഈ നാഴികക്കല്ല് പിന്നിടാൻ എന്നെ അകമഴിഞ്ഞ് സഹായിച്ച എല്ലാ പ്രിയ ബൂലോകർക്കും സുഹൃത്തുക്കൾക്കും ഹ്ര്‌ദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. തുടർന്നും ഈ സഹകരണം പ്രതീക്ഷിക്കുന്നു.

Sunday, July 15, 2012

പരിഹാരം ഉണ്ടോ?

                  ബ്ലോഗ് തുടങ്ങുന്ന കാലം മുതല്‍ ഈ അടുത്തകാലം വരെ മിക്കവരുടേയും ബ്ലോഗ് അഡ്രസ് ബ്ലോഗ്സ്പോട്ട്.കോം എന്നായിരുന്നു.ഈ അടുത്ത കാലത്ത് അത് ബ്ലോഗ്സ്പോട്ട്.ഇന്‍ ആയി മാറിയതോടെ അതിന്റേതായ പൊല്ലാപ്പുകളും തുടങ്ങി.

                 രാത്രിയായാല്‍ എന്റെ നെറ്റ് കണക്ഷന്‍ പിന്നെ ലൂസ് കണക്ഷന്‍ ആണ്.സൈറ്റ് അഡ്രസ് ടൈപ്പി ക്ലിക്ക് ചെയ്യുമ്പോഴേക്കും മോഡത്തിലെ ലിങ്ക് എല്‍.ഇ.ഡി കെട്ടുപോകും. അപ്പോള്‍ ഡാറ്റ എല്‍.ഇ.ഡിയും അവന്റെ കൂടെ പോകും.അതോടെ കണക്ഷന്‍ അതിന്റെ പാട്ടിനും പോകും.എന്നിട്ട് എന്റെ മുമ്പിലേക്ക് വലിയൊരു ഉപന്യാസം ഇട്ടു തരും.അതിന്റെ അടിയില്‍ “ട്രൈ അഗൈന്‍” എന്ന സാരോപദേശവും ഉണ്ടാകും.ഞാന്‍ ട്രൈ ചെയ്തുകൊണ്ടേ ഇരിക്കും, പണ്ട് സര്‍ഫിന്റെ പരസ്യത്തില്‍ പറഞ്ഞത് തിരഞ്ഞു കൊണ്ടേ ഇരിക്കും എന്നായിരുന്നു.ഇന്ന് എന്റെ ബ്രൌസര്‍ ‘കണക്ടിംഗ്’‘ എന്ന് കാണിച്ചുകൊണ്ട് തിരിഞ്ഞു കൊണ്ടേ ഇരിക്കുന്നു!

                 അപ്പോഴാണ് ഞാന്‍ അതിന്റെ അഡ്രസ് നോക്കിയത്.അവിടെ ഇന്‍ വേണ്ടിടത്ത് കോം കിടക്കുന്നു!അത് റെഡിയാക്കി വരുമ്പോഴേക്കും ലിങ്കും ഡാറ്റയും അവരുടെ വഴിക്ക്  പോയിട്ടുണ്ടാകും.ചില സമയത്ത് കോം വര്‍ക്ക് ചെയ്യുകയും ചെയ്യും (ഇതെന്താ വെള്ളരിക്ക പട്ടണമോ എന്ന് അപ്പോള്‍ തോന്നിപ്പോകും)ബൂലോകത്താര്‍ക്കെങ്കിലും ഇതിന് ഒരു മരുന്ന് നിര്‍ദ്ദേശിക്കാനുണ്ടോ?ഇന്നും കോമും തമ്മിലുള്ള ഈ കോമാളിക്കളിക്ക് എന്തെങ്കിലും പരിഹാരം ഉണ്ടോ?