Pages

Monday, February 26, 2024

ടി.വി. ചന്ദ്രൻ്റെ കൂടെ ...

അപ്രതീക്ഷിതമായത് സംഭവിക്കുമ്പോഴാണ് ജീവിതത്തിന്റെ മധുരവും ചിലപ്പോൾ കയ്പ്പും അനുഭവപ്പെടുന്നത്. മധുരം നിറഞ്ഞ അനുഭവങ്ങളാണെങ്കിൽ അത് നമ്മെ ഒരു തരം എക്സൈറ്റ്മെൻ്റിലേക്കും നയിക്കും. ഇത്തരം നിരവധി മുഹൂർത്തങ്ങളിലൂടെ ഞാൻ കടന്നു പോയിട്ടുണ്ട്. അത്തരം ഒരു അനുഭവമാണ് ഒരാഴ്ച മുമ്പ് ഫാറൂഖ് കോളേജിലെ യൂസഫ് സാഗർ ഓഡിറ്റോറിയത്തിൽ ഉണ്ടായത്.

ഏതാനും മാസങ്ങൾക്ക് മുമ്പാണ് സംസ്ഥാന ഗവൺമെൻ്റിൻ്റെ സിനിമാ രംഗത്തെ പരമോന്നത പുരസ്കാരമായ ജെ.സി.ഡാനിയേൽ അവാർഡ്, പ്രമുഖ സംവിധായകനും ദേശീയ അവാർഡ് ജേതാവുമായ ശ്രീ.ടി.വി. ചന്ദ്രന് ലഭിച്ചത്. എൻ്റെ കലാലയ ജീവിത കാലത്ത്, സിനിമാ അവാർഡുകൾ പ്രഖ്യാപിക്കുമ്പോൾ സ്ഥിരം കേൾക്കാറുള്ള രണ്ട് പേരുകളിൽ ഒന്നായിരുന്നു ടി.വി. ചന്ദ്രൻ. 1994-ൽ പൊന്തൻമാട എന്ന സിനിമയിലൂടെ മമ്മൂട്ടിക്ക് രണ്ടാമത്തെ ദേശീയ അവാർഡും ടി.വി. ചന്ദ്രന് മികച്ച സംവിധായകനുള്ള ആദ്യത്തെ ദേശീയ അവാർഡും പത്രങ്ങളിൽ നിറഞ്ഞു നിന്നത് ഇന്നും മനസ്സിലുണ്ട്.

പക്ഷെ, ഞാൻ ഡിഗ്രിക്ക് പഠിച്ച ഫാറൂഖ് കോളേജിലെ പൂർവ്വ വിദ്യാർത്ഥിയാണ് ടി.വി. ചന്ദ്രനെന്നും എൻ്റെ പിതാവിൻ്റെ മൂത്ത ജ്യേഷ്ഠൻ പ്രൊഫ. ടി. അബ്ദുല്ലയുടെ അരുമ ശിഷ്യരിൽ ഒരാളാണ് അദ്ദേഹമെന്നും എനിക്കജ്ഞാതമായിരുന്നു. മൂത്താപ്പയുടെ പേരിലുള്ള ട്രസ്റ്റ് ഏർപ്പെടുത്തിയ ഔട്ട്സ്റ്റാൻ്റിംഗ് അലുംനി അവാർഡിന് ടി.വി.ചന്ദ്രൻ തെരഞ്ഞെടുക്കപ്പെട്ടപ്പോഴാണ് ഈ വിവരങ്ങൾ അറിയാൻ കഴിഞ്ഞത്. 'സമാദരം' എന്ന പേരിൽ ഫാറൂഖ് കോളേജിൽ സംഘടിപ്പിച്ച അവാർഡ്ദാന പരിപാടിയിൽ ഞാനും പങ്കെടുത്തു.

ചടങ്ങിന് ശേഷം സൗഹൃദ സംഭാഷണങ്ങൾക്കായി പലരും ടി.വി ചന്ദ്രൻ്റെ അടുത്തെത്തി. എല്ലാവരോടും സംസാരിക്കാനും ഒപ്പം നിന്ന് ഫോട്ടോ എടുക്കാനും അദ്ദേഹം സമയം കണ്ടെത്തി. "ഓത്തു പള്ളി" എന്ന എൻ്റെ നോവലിന്റെ കോപ്പിയുമായി ചെന്ന ഞാനും അൽപ സമയം ആ പ്രതിഭയുടെ തണലിൽ നിന്നു. സന്തോഷത്തോടെ അദ്ദേഹം പുസ്തകത്തിൻ്റെ കോപ്പി ഏറ്റുവാങ്ങി.

'


സിനിമ ഞാൻ കാണാറില്ലെങ്കിലും സിനിമാ രംഗത്തുള്ളവരുമായി എങ്ങനെയെങ്കിലും ഒരു ബന്ധം സ്ഥാപിക്കാൻ പലപ്പോഴും സാധിച്ചിട്ടുണ്ട്. നടൻ വിവേക് ഒബ്രോയിയുടെ കൂടെ ഇരിക്കാനും നടി രേവതിയുടെ കൂടെ സ്റ്റേജ് പങ്കിടാനും സംവിധായകൻ അൻവർ റഷീദിനോട് കുശലം പറയാനും നടൻ രാജൻ പി ദേവിൽ നിന്ന് സമ്മാനം ഏറ്റുവാങ്ങാനും മൊയ്തിൻ്റെ കാഞ്ചനമാലയുടെ കൂടെ നിൽക്കാനും എല്ലാം സിനിമാ പ്രേമിയല്ലാത്ത എനിക്ക് അവസരം ലഭിച്ചു. പ്രസ്തുത അനുഭവങ്ങളിലേക്ക് ഇപ്പോൾ ഒരദ്ധ്യായം കൂടിയായി.



Thursday, February 22, 2024

നിഷാത് ബാഗിലൂടെ... (വിൻ്റർ ഇൻ കാശ്മീർ - 14)

Part 13 :  ഹസ്രത്ത് ബാൽ പള്ളിയിൽ

ഹസ്രത്ത് ബാൽ പള്ളി എത്തുന്നതിൻ്റെ ഏതാനും വാരകൾക്ക് മുമ്പായി ഞാനും സത്യൻ മാഷും ഒരു ഗേറ്റ് നോട്ട് ചെയ്ത് വച്ചിരുന്നു. NIT ശ്രീനഗറിൻ്റെ ഗേറ്റ് ആയിരുന്നു അത്. അപ്രതീക്ഷിതമായി കണ്ടതാണെങ്കിലും, എഞ്ചിനീയറിംഗ് കോളേജിൽ ജോലി ചെയ്യുന്നവർ എന്ന നിലയിൽ NIT ഒന്ന് സന്ദർശിക്കാൻ ഞങ്ങൾക്ക് തോന്നി. ടൂർ മാനേജർമാരോട് വിവരം പറഞ്ഞപ്പോൾ അവരതിന് സമ്മതിക്കുകയും ചെയ്തു. അങ്ങനെ പള്ളിയിൽ നിന്നും ഇറങ്ങിയ ശേഷം ഞങ്ങൾ NIT ലക്ഷ്യമാക്കി നടന്നു. മുമ്പെ ഗമിക്കും ഗോ തൻ പിമ്പേ ഗമിക്കും ഗോക്കളെല്ലാം എന്ന് പറഞ്ഞ പോലെ കുറെ പേർ ഞങ്ങളെ അനുഗമിച്ചു.

സമയം ഉച്ചക്ക് പന്ത്രണ്ടര കഴിഞ്ഞിട്ടും ഗേറ്റിൽ സാമാന്യം നല്ല തിരക്കുണ്ടായിരുന്നു.  ഗേറ്റിലെ സെക്യൂരിറ്റിയോട് കാര്യം പറഞ്ഞപ്പോൾ അദ്ദേഹം മറ്റൊരാളെ കാണാൻ പറഞ്ഞു. സന്ദർശനത്തിന് മുൻകൂർ അനുവാദം വാങ്ങാത്തതിനാൽ അകത്തേക്ക് പോകാൻ പറ്റില്ല എന്ന് അദ്ദേഹം അറിയിച്ചു. ഗേറ്റിന് മുന്നിൽ നിന്ന് ഫോട്ടോ എടുക്കാൻ അനുവാദം തന്നതനുസരിച്ച് ഏതാനും ഫോട്ടോകൾ പകർത്തി ഞങ്ങൾ തിരിച്ച് നടന്നു.

ഏതാനും അടികൾ മുന്നോട്ട് വച്ചപ്പോഴാണ് റോഡ് സൈഡിൽ മധ്യവയസ്സ് കഴിഞ്ഞ ഒരു സ്ത്രീയെ കണ്ടത്. അവരുടെ മുന്നിൽ രണ്ട് പ്ലാസ്റ്റിക് ടബ്ബുകളിലായി പിടക്കുന്ന മത്സ്യങ്ങളും ഉണ്ടായിരുന്നു. ഞാൻ അവരുടെ അടുത്തേക്ക് ചെന്ന് പാത്രത്തിൽ നിന്നും ഒരു മത്സ്യത്തെ എടുത്തു.

" ഇസ് ക നാം ക്യാ ഹെ ? "

അവർ എന്തോ ഒരു പേര് പറഞ്ഞെങ്കിലും എനിക്ക് മനസ്സിലായില്ല.

"യെ ദാൽ സെ?" 

"ഹാം ജി"

"ഹാജി എന്ന് വിളിക്കാൻ അയാൾ ഹജ്ജൊന്നും ചെയ്തിട്ടില്ല" കുശുമ്പനായ ആരോ വിളിച്ച് പറഞ്ഞു.

"ഹാം ജി" ആ സ്ത്രീ വീണ്ടും പറഞ്ഞു.

"ഓ ഇത് ഞമ്മളെ ഹാജ്യാര് പറഞ്ഞ പോലെ മുണ്ട്യാ ഹാജി വിളിയാണ് ..." കൊണ്ടോട്ടിക്കൂട്ടത്തിലെ ആരോ സീതിഹാജിയെ ഓർമ്മിപ്പിച്ചു. മത്സ്യം ലൈവായി ഫ്രൈയാക്കി കൊടുക്കുന്നുണ്ടോ എന്ന് ഞാൻ ഒന്ന് കണ്ണോടിച്ച് നോക്കി. ഈ സ്ത്രീയല്ലാതെ മറ്റാരും മത്സൃക്കച്ചവടം ചെയ്യുന്നില്ലായിരുന്നു. കയ്യിലെടുത്ത മീൻ  ടബ്ബിലേക്ക് തന്നെ തിരിച്ചിട്ട് ഞങ്ങൾ ബസ്സിലേക്ക് നടന്നു.

വിശപ്പിൻ്റെ വിളി വീണ്ടും ആരംഭിച്ചതിനാൽ ഭക്ഷണ ശേഷം മുഗൾ ഗാർഡനിലേക്ക് പ്രവേശിക്കാം എന്ന് ഐക്യകണ്ഠേന തീരുമാനമായി. ഗാർഡൻ ഗേറ്റിന് സമീപം ദാൽ ലേക്കിൻ്റെ തീരത്തായി നിരവധി ഖാന ഖാനകൾ ഉള്ളതായി നിഖിൽ പറഞ്ഞു. എല്ലാവരും കയറിയ ഒന്നിലേക്ക് ഞാനും കയറി ബിരിയാണി ഓർഡർ ചെയ്തു. ഒപ്പമിരുന്ന  റിട്ടയേഡ് ഫുഡ് കമ്മീഷണർമാരായ ഏലിയാമ്മ ചേച്ചിയും ബദറുന്നീസത്തയും അത് തന്നെ ഓർഡർ ചെയ്തു. മുന്നിൽ കൊണ്ട് വച്ച സാധനത്തിൻ്റെ നിറം കണ്ട് രണ്ട് പേരും ഞെട്ടി. ഗതികെട്ടാൽ പുലി പുല്ലും തിന്നും എന്നതിനാൽ എൻ്റെ പ്ലേറ്റ് പെട്ടെന്ന് കാലിയായി. ഏലിയാമ്മ ചേച്ചി നാലഞ്ച് സ്പൂൺ മാത്രം കഴിച്ച് നിർത്തി. 

ഭക്ഷണം കഴിച്ച് ഞാൻ തൊട്ടടുത്ത പള്ളിയിലേക്ക് നീങ്ങി. നമസ്കാരം കഴിഞ്ഞ് തിരിച്ച് വന്നപ്പോൾ എൻ്റെ സംഘത്തിലെ ആരെയും കണ്ടില്ല. ഗാർഡൻ ഗേറ്റിൽ ഉണ്ടാകും എന്ന് കരുതി ഞാൻ അങ്ങോട്ട് നീങ്ങി. അവിടെയും ആരെയും കണ്ടില്ല. എൻ്റെ കയ്യിലുള്ള ഫോണിൽ പ്രീപെയ്ഡ് സിം ആയതിനാൽ വിളിക്കാനും നിർവ്വാഹമില്ല. ഞാൻ തിരിച്ച് നേരത്തെ ബിരിയാണി കഴിച്ച ഹോട്ടലിലെത്തി എൻ്റെ നിസ്സഹായത അറിയിച്ചു. അവൻ്റെ ഫോണും താൽക്കാലികമായി ഔട്ട് ഓഫ് ഓർഡർ ! എങ്കിലും ഒരു കസ്റ്റമർ എന്ന നിലയിൽ മറ്റാരുടെയോ ഫോണിൽ നിന്ന് ടൂർ മാനേജർ ഹാബീലിനെ അവൻ കണക്ട് ചെയ്തു തന്നു.

മുഗൾ ഗാർഡൻ എന്ന പേര് കേൾക്കുമ്പോൾ വലിയൊരു പൂന്തോട്ടമാണ് മനസ്സിൽ വിരിയുന്നത്.  നിഷാത് ബാഗ്, ഷാലിമാർ ബാഗ്, ചഷ്മെ ഷാഹി, അചബൽ ബാഗ്, പരിമഹൽ എന്നിങ്ങനെ മുഗളന്മാർ നിർമ്മിച്ച നിരവധി മുഗൾ ഗാർഡനുകൾ ശ്രീനഗറിലുണ്ട്. കഴിഞ്ഞ തവണ വന്നപ്പോൾ തിരക്ക് കാരണം ഇതിൽ ഒന്നിൽ പോലും കയറാൻ സാധിച്ചിരുന്നില്ല. ആയതിനാൽ വളരെ പ്രതീക്ഷയോടെയാണ് ഞാൻ നിഷാത് ബാഗ് എന്ന മുഗൾ ഗാർഡൻ്റെ മുന്നിലെത്തിയത്. മുതിർന്നവർക്ക് 24 രൂപയും കുട്ടികൾക്ക് 12 രൂപയുമാണ് നിഷാത് ബാഗിലേക്കുള്ള പ്രവേശന ഫീസ്. ടിക്കറ്റുമായി ഗേറ്റിൽ ഹബീൽ കാത്ത് നിന്നിരുന്നതിനാൽ ഞാൻ നേരെ അകത്തേയ്ക്ക് കയറി.

വിവിധ തട്ടുകളായിട്ടാണ് നിഷാത് ഗാർഡൻ്റെ നിർമ്മാണം. യഥാർത്ഥത്തിൽ ഒരു കുന്നിന് മുകളിൽ നിർമ്മിച്ച ഗാർഡൻ കുന്ന് കയറുന്ന പ്രയാസം അറിയാതെ സന്ദർശനം നടത്താവുന്ന രൂപത്തിലാണ് ഇതിൻ്റെ നിർമ്മിതി. മഞ്ഞ് കാലമായതിനാൽ ഗാർഡനിലെ പുൽ പരവതാനി മുഴുവൻ ഉണങ്ങിക്കരിഞ്ഞിരുന്നു, അങ്ങിങ്ങായി വിരിഞ്ഞ് നിൽക്കുന്ന പൂക്കളും മരങ്ങളും കൂടി സൃഷ്ടിക്കുന്ന ക്യാൻവാസ് ആരെയും ഒരു  ഫോട്ടോ എടുക്കാൻ നിർബന്ധിപ്പിക്കും. കാശ്മീരി യുവതയുടെ അനിയന്ത്രിത കോപത്തിൻ്റെ നേർക്കാഴ്ച ഇവിടെയും ഞാൻ ദർശിച്ചു. ഒരു സംഘം യുവാക്കൾ  വേലിത്തറി ഊരിയെടുത്ത് ഒരാളെ ഓടിച്ചിട്ട്  കല്ലെറിയുന്നതും കണ്ടപ്പോൾ മനസ്സ് നൊന്തു. അടിയും ഏറും ഏൽക്കാതിരിക്കാൻ എത്രയും പെട്ടെന്ന് അവിടന്ന് ഞാൻ മാറി നടന്നു.

മുഗൾ ഭരണ കാലത്തെ പല തരം നിർമ്മിതികളും മുഗൾ ഗാർഡനുകളിലുണ്ട്. അതുകൊണ്ട് തന്നെയായിരിക്കാം UNESCO യുടെ ലോക പൈതൃക പട്ടികയിൽ മുഗൾ ഗാർഡനും ഇടം പിടിച്ചത്. നിഷാത് ബാഗിലും കാലപ്പഴക്കം ചെന്ന നിരവധി കെട്ടിടങ്ങൾ കാണാം. എൻ്റെ സുഹൃത്തുക്കളെ തേടി നടന്ന് നടന്ന് ഞാൻ ഗാർഡൻ്റെ അങ്ങേ അറ്റത്ത് എത്തി.  ഇലപൊഴിച്ച് നിൽക്കുന്ന  മേപ്പിൾ മരങ്ങൾ, തറയിൽ കുന്ന് കൂടിക്കിടക്കുന്ന മേപ്പിൾ ഇലകൾ, പിന്നിൽ പതിനേഴാം നൂറ്റാണ്ടിൽ പണി കഴിപ്പിച്ച കോട്ട മതിലുകളും അന്ത:പുരങ്ങളും. കൗമാര കാലത്ത് ന്യൂ ഇയർ കാർഡുകൾക്കിടയിൽ ഞാൻ തിരയാറുള്ള ആ ചിത്രം ഇപ്പോൾ എൻ്റെ മുമ്പിൽ യഥാർത്ഥ രൂപത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നു !! പ്രകൃതിയുടെ ഉണങ്ങിയ ഭാവവും മനസ്സിന് കുളിർമ്മ നൽകും എന്ന യാഥാർത്ഥ്യം അപ്പോൾ എനിക്ക് ബോധ്യമായി.

ഓവർകോട്ട് അഴിച്ച്, ഞാനാഗ്രഹിച്ച ആ ഫ്രെയിമിൽ എന്നെയും ഉൾപ്പെടുത്തിക്കൊണ്ട് നിരവധി ഫോട്ടോകളും വീഡിയോകളും സത്യൻ മാഷ് ക്യാമറയിൽ പകർത്തി. സമീപത്ത് ഒരു കാശ്മീരി കഹ് വക്കാരനെ കണ്ടപ്പോൾ എനിക്കും സത്യൻ മാഷക്കും ഒന്നടിച്ചാൽ കൊള്ളാമെന്നായി. ഞങ്ങൾ അയാളുടെ സമീപമെത്തിയപ്പോൾ കോട്ട് ഇടാൻ അയാൾ സ്നേഹപൂർവ്വം ഉപദേശിച്ചു. തണുപ്പടിച്ച് നെഞ്ചിൽ കഫം കെട്ടാനുള്ള സാദ്ധ്യത കൂടുതലാണ് എന്ന് അദ്ദേഹം പറഞ്ഞു. കഹ് വ അത്ര രുചി തോന്നിയില്ലെങ്കിലും അൽപ നേരത്തെ സല്ലാപത്തിൽ നിന്ന്, ജാവേദ് അക്തർ എന്ന ആ നീണ്ട മനുഷ്യൻ്റെ പെരുമാറ്റം അതീവ ഹൃദ്യമായി തോന്നി.

അൽപ സമയത്തിനകം തന്നെ ഞങ്ങൾ നിഷാത് ബാഗിൽ നിന്ന് പുറത്തിറങ്ങി.


Part 15 : ദാൽ തടാകത്തിലെ ശിക്കാരകൾ

Wednesday, February 14, 2024

ഹസ്രത്ത് ബാൽ പള്ളിയിൽ.. (വിൻ്റർ ഇൻ കാശ്മീർ - 13)

 Part 12 : ഐ ലവ് ഗുൽമാർഗ്ഗ്

കാശ്മീരിലെ കാഴ്ചകളുടെ അവസാന ദിനത്തിലേക്ക് പുലർച്ചെ തന്നെ ഞാൻ ഉണർന്നെണീറ്റു. സമീപത്തുള്ള പള്ളികളിൽ നിന്നെല്ലാം സുബഹ് ബാങ്ക് വിളി കേൾക്കുന്നുണ്ട്. അതിലൊന്ന് മാത്രം ഒരു പ്രത്യേക താളത്തിലായിരുന്നു. അതിനെ പിന്തുടർന്ന് ചെന്ന് ആ ശബ്ദത്തിൻ്റെ ഉടമയെ നേരിട്ട് കാണാൻ മനസ്സിൽ വെറുതെ ഒരാഗ്രഹം തോന്നി. ഇന്നും മോണിംഗ് വാക്കിന് പോകാനുള്ളതിനാലും മുൻ കാശ്മീർ സന്ദർശനത്തിൽ ഇഷ്ഫാഖ് നൽകിയ മുന്നറിയിപ്പ് കാരണവും  പ്രസ്തുത ആഗ്രഹം അപ്പോൾ തന്നെ കുഴിച്ചു മൂടി. മോണിംഗ് വാക്കിന് ഇറങ്ങുന്നതിന് മുമ്പ് അന്തരീക്ഷ ഊഷ്മാവ് അറിയാനായി വെറുതെ ഗൂഗിളമ്മായിയെ ഉണർത്തി - യാ കുദാ ! ഇന്ന് മൈനസ് മൂന്ന് ഡിഗ്രി !! 

ഡിഗ്രി മൈനസിലാണെങ്കിലും ഞാനും സത്യൻ മാഷും പോസിറ്റീവ് മൂഡിലായിരുന്നു. ഇന്നലെ നടന്നതിലും അൽപം കൂടി വേഗത്തിൽ ഞങ്ങൾ നടന്നു. ഇന്നലെ എന്നെ വിട്ടുപോയ കണ്ണട വഴിയിൽ എവിടെയെങ്കിലും എന്നെ കാത്തിരിക്കുന്നുണ്ടോ എന്ന് നോക്കാനും ഞാൻ മറന്നില്ല. ഘാട്ട് നമ്പർ 10 ഉം കഴിഞ്ഞ് അല്പം കൂടി ഞങ്ങൾ മുന്നോട്ട് പോയി. തോക്കും ഏന്തി പട്ടാളക്കാർ നിരനിരയായി നിൽക്കുന്ന ഒരു സ്ഥലത്താണ് ഞങ്ങൾ എത്തിപ്പെട്ടത്. ഏതോ ഒരു റജിമെൻ്റിൻ്റെ കാര്യാലയം എന്ന് എഴുതി വച്ചിട്ടുണ്ട്. അവിടെ വച്ച് ഞങ്ങൾ തിരിച്ച് പോന്നു. ഓരോ പട്ടാളക്കാരൻ്റെയും തോക്കിന്റെ ദിശ നോക്കിയും വർത്തമാനം പറഞ്ഞുമായിരുന്നു ഞങ്ങളുടെ നടത്തം.

'നില്ക്കവിടെ ...!!' പെട്ടെന്ന് ഒരു പട്ടാളക്കാരൻ്റെ ശബ്ദം കേട്ടതായി തോന്നി ഞങ്ങൾ ഞെട്ടി.

"നാട്ടിലെവിടെയാ?" അടുത്ത ചോദ്യം കേട്ടപ്പോൾ സമാധാനമായി.

"കോഴിക്കോട് " 

"ആഹാ... കോഴിക്കോട്ട് എവിടെ ? ഞാനും കോഴിക്കോട്ട് കാരനാ..."

"വെള്ളിമാട് കുന്ന്..."

നാദാപുരം സ്വദേശി നികേഷ് ആണെന്നും രണ്ടര വർഷമായി ശ്രീനഗറിലാണെന്നും ശേഷം നാട്ടു വിശേഷങ്ങളും കാശ്മീർ വിശേഷങ്ങളും എല്ലാം അദ്ദേഹം പങ്ക് വച്ചു. സമയം കൂടുതൽ ഇല്ലാത്തതിനാൽ ഞങ്ങൾ ഘാട്ട് നമ്പർ രണ്ടിലേക്ക് വേഗം നടന്നു. അവിടെ കാത്ത് നിന്നിരുന്ന ബസ്സിൽ കയറി ഹസ്രത്ത് ബാൽ മോസ്കിലേക്ക് യാത്ര ആരംഭിച്ചു.

എൻ്റെ ഡിഗ്രി പഠനം കഴിഞ്ഞ് തൊട്ടടുത്ത വർഷമാണ് ഞാൻ ഹസ്രത്ത് ബാൽ പള്ളിയെപ്പറ്റി ആദ്യമായി കേട്ടത്. ഭീകരർ (അന്ന് അതെന്താണെന്ന് പോലും അറിയില്ലായിരുന്നു) ഒളിച്ചിരിക്കുന്നത് കാരണം ഇന്ത്യൻ സൈന്യം പള്ളി വളഞ്ഞ ഒരു റിപ്പോർട്ടായിരുന്നു അന്ന് വായിച്ചിരുന്നത്. പിന്നീട് കാശ്മീരിൽ നിന്നുള്ള വാർത്തകളിൽ പലപ്പോഴും ഹസ്രത്ത് ബാൽ നിറഞ്ഞു നിന്നു. 2022 ൽ കാശ്മീരിൽ എത്തിയപ്പോൾ ഈ പള്ളി കാണാം എന്ന് പ്രതീക്ഷിച്ചു. പക്ഷെ, യാസീൻ മലിക് കേസ് സുപ്രീം കോടതി പരിഗണിക്കുന്ന ദിവസമായിരുന്നു  അന്ന് ഞങ്ങൾ ശ്രീനഗറിൽ എത്തിയിരുന്നത്. മുൻകരുതൽ എന്ന നിലയിൽ അന്ന് പള്ളിയിലേക്കുള്ള റോഡുകൾ അടച്ചതിനാൽ ഞങ്ങൾക്കങ്ങോട്ട് പോകാൻ സാധിച്ചില്ല.

ദാൽ ലേക്ക് ഘാട്ട് നമ്പർ രണ്ടിൻ്റെ പരിസരത്ത് നിന്ന് എട്ടോ ഒമ്പതോ കിലോമീറ്റർ അകലെ ദാൽ തടാകത്തിൻ്റെ തീരത്ത് തന്നെയാണ്  ഹസ്രത്ത് ബാൽ മോസ്ക് സ്ഥിതി ചെയ്യുന്നത്. പ്രവാചകൻ മുഹമ്മദ് നബി (സ) യുടെ മുടി സൂക്ഷിച്ച പള്ളി എന്ന നിലയിലാണ് പലരും ഇവിടം സന്ദർശിക്കുന്നത്. രാവിലെ എട്ടര മണിയോടെ തന്നെ ഞങ്ങൾ പള്ളി പരിസരത്ത് എത്തി. പള്ളി മതിൽക്കെട്ടിന് പുറത്ത് തെരുവിൽ കൂട്ടമായിരുന്ന് തീറ്റ ഭക്ഷിക്കുന്ന പ്രാവുകൾ മനോഹരമായ ഒരു കാഴ്ചയായിരുന്നു. പ്രാവുകൾക്കിടയിലൂടെ നടക്കുമ്പോൾ അവ ചിറകടിച്ച് ഉയരുന്നതും തീറ്റ നൽകുമ്പോൾ കൂട്ടമായി പറന്ന് വരുന്നതും ക്യാമറയിൽ പകർത്താൻ എല്ലാവരും മത്സരിച്ചു.

പള്ളിയിൽ കയറുന്നതിന് മുമ്പായി പ്രാതൽ കഴിക്കാൻ തൊട്ടടുത്ത ഹസ്രത്ത് ബാൽ മാർക്കറ്റിലേക്ക് ഞങ്ങളിറങ്ങി. അവിടെ ഒരു കടയിൽ വിൽക്കാൻ വച്ച പൂരികൾ കണ്ട ഹഖ്, പന്തം കണ്ട പെരുച്ചാഴിയെപ്പോലെ നിന്നു പോയി. അത്രയും വലിയ പൂരി എങ്ങനെ തിന്നും എന്നായിരുന്നു ഹഖിൻ്റെ സംശയം. തത്സമയം കടയിൽ വന്ന ഒരു സ്ത്രീ എന്തോ പറഞ്ഞതും കടക്കാരൻ ഒരു പൂരി എടുത്ത് വലിച്ചു കീറി. ശേഷം ത്രാസിലിട്ട് തൂക്കി പൊതിഞ്ഞ് കൊടുത്തു.

ബ്രേക്ക് ഫാസ്റ്റ് ഫുഡ് ആയി ഒരു കിലോ പൂരി കഴിക്കാം എന്നായിരുന്നു ഹഖിൻ്റെ കണക്ക് കൂട്ടൽ. പക്ഷേ, ഞങ്ങൾ കയറിയ കടയിൽ ചോള ബട്ടൂര മാത്രമേ ഉണ്ടായിരുന്നുള്ളൂ. ചന്ന അണ്ട എന്ന മുട്ടക്കടലക്കറി സൂപ്പറാണെന്ന് നിഖിൽ പറഞ്ഞിരുന്നു. ചൂടുള്ള പൂരിയും പ്രസ്തുത കറിയും സ്വാദോടെ ഞങ്ങൾ കഴിച്ചു. ഹസ്രത്ത് ബാൽ മാർക്കറ്റിലെ കാഴ്ചകൾ ആസ്വദിച്ച് വീണ്ടും ഞങ്ങൾ മോസ്കിലെത്തി.


പള്ളിയുടെ വുളുഖാന (അംഗശുദ്ധി വരുത്തുന്ന  സ്ഥലം) തന്നെ വിശാലമായ ഒരു നമസ്കാര സ്ഥലം കൂടിയാണ്. കാശ്മീരിലെ എല്ലാ പള്ളികളിയിലെയും പോലെ ഇവിടെയും ചൂടുവെള്ളത്തിനും തണുത്ത വെള്ളത്തിനും പ്രത്യേകം പ്രത്യേകം ടാപ്പുകളുണ്ട്. ഈ ബിൽഡിംഗിൻ്റെ മറ്റൊരു ഭാഗത്ത് സ്ത്രീകൾക്കും നമസ്കാരം നിർവ്വഹിക്കാനുള്ള സൗകര്യമുണ്ട്. പക്ഷെ, മെയിൻ പളളിക്കകത്തേക്ക് സ്ത്രീകൾക്ക് പ്രവേശനമില്ല. അംഗശുദ്ധി വരുത്തി ഞാൻ പള്ളിക്കകത്തേക്ക് പ്രവേശിച്ച് രണ്ട് റക് അത്ത്  തഹിയ്യത്ത് നമസ്കരിച്ചു.

ഏതാനും ചെറുപ്പക്കാർ അൽപം മാറി ഇരുന്ന് എന്തൊക്കെയോ ഉരുവിടുന്നുണ്ടായിരുന്നു. ഞാൻ അവരുടെ അടുത്തേക്ക് ചെന്നു. മിഹ്റാബിൻ്റെ (പ്രസംഗ പീഠം) തൊട്ടുമുകളിലായി കാണുന്ന കിളിവാതിൽ പോലെയുള്ള അലമാരക്കകത്താണ് കേശം സൂക്ഷിച്ച് വച്ചിരിക്കുന്നത് എന്നും വർഷത്തിൽ ആറ് തവണ  പൊതുജനങ്ങൾക്ക് ദർശനത്തിന് വയ്ക്കാറുണ്ടെന്നും അവരിൽ നിന്നറിഞ്ഞു. ഏതൊക്കെ ദിവസങ്ങളിലാണ് അതെന്ന ചോദ്യത്തിന് പ്രവേശന കവാടത്തിലെ ബോർഡ് നോക്കാനായിരുന്നു നിർദ്ദേശം.

നബി (സ) യുടെ ജന്മദിനമായ മിലാദ് ശരീഫ്,മിഅ്റാജ് ദിനം, നബിക്ക് ശേഷം വന്ന നാല് ഖലീഫമാരുടെ ജന്മദിനം എന്നിവയാണ് ആ ആറ് അവസരങ്ങൾ. പള്ളിയുടെ മെയിൻ ഹാളിനകത്ത് ഫോട്ടോ എടുക്കാൻ നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും സൈഡിലേക്ക് മാറി നിന്ന് ഫോട്ടോ എടുക്കുന്നതിൽ തടസ്സമില്ല. അംഗശുദ്ധി വരുത്തി അമുസ്ലിംകൾക്കും പള്ളിയിൽ പ്രവേശിക്കാം. പള്ളിക്കകത്തെ ശാന്ത സുഗന്ധപൂരിത അന്തരീക്ഷം മനസ്സിന് ഒരു നവോൻമേഷം നൽകി.


പള്ളിയുടെ പിൻഭാഗത്ത് മേപ്പിൾ മരങ്ങൾ നിറഞ്ഞ ഒരുദ്യാനവും അതിനപ്പുറം ദാൽ തടാകവുമാണ്. നിരവധി പേർ അവിടെ വിശ്രമിക്കാൻ എത്തിയിരുന്നു. പള്ളിയുടെ മുൻ ഭാഗത്തും  വിശാലമായ ഒരു ഉദ്യാനമുണ്ട്. ആണുങ്ങളും പെണ്ണുങ്ങളും ഉദ്യാനത്തിലൂടെ പ്രഭാതസവാരി നടത്തുന്നുണ്ട്. കൂടുതൽ ഒന്നും കാണാനില്ലെങ്കിലും, ഹസ്രത്ത് ബാൽ പള്ളിയുടെ വെണ്ണക്കല്ലിൽ തീർത്ത കുംഭ ഗോപുരങ്ങളെ വലം വച്ച് പറക്കുന്ന പ്രാവുകളെ നോക്കി ഇരുന്നാൽ തന്നെ സമയം പോകുന്നതറിയില്ല.


Part 14 : നിഷാത് ബാഗിലൂടെ ...


Tuesday, February 06, 2024

ഐ ലവ് ഗുൽമാർഗ്ഗ് (വിൻ്റർ ഇൻ കാശ്മീർ - 12)

 Part 11 : മഞ്ഞിൽ വിരിഞ്ഞ പൂക്കൾ

മഞ്ഞ് തീർന്നതോ അതല്ല പാറയിൽ തങ്ങിയതോ എന്നറിയില്ല, സ്ലെഡ്ജ് നിന്നു. ഞാൻ പതുക്കെ അതിൽ നിന്ന് എണീറ്റു. ഇരു കാലുകളുടെയും തുടഭാഗത്ത് നിന്ന് ഒരു വേദന  അനുഭവപ്പെടുന്നുണ്ട്. ബൂട്ടിനുള്ളിലെ വിരലുകളിൽ നിന്നും എന്തൊക്കെയോ അസ്വസ്ഥതകൾ ഉടലെടുക്കുന്നുണ്ട്. മുന്നോട്ട് നടക്കാൻ ശ്രമിച്ചപ്പോൾ കാല് എൻ്റെ കൂടെ പോരാൻ സമ്മതിക്കുന്നില്ല എന്ന് മനസ്സിലായി.

" കൈസാ ഹേ സാബ് ?"  സ്ലെഡ്ജ് ഉടമ എന്റെ അടുത്തേക്ക് വന്നു ചോദിച്ചു.

"ഒലക്കേട മൂട് " 

"ക്യാ...?"

"ഒലക്കേട മൂട് ന്ന്." ഞാൻ ഒന്ന് കൂടി കനപ്പിച്ച് പറഞ്ഞു.

" മസാ ഹേ ന ?"

" മസാ....തേങ്ങാക്കൊലയാ....."

"ആപ് ബാക്കി ലോഗോം സെ ഭീ ബതാവോ...."

"സരൂർ..." 

എല്ലാവരും ഇപ്പോ തിക്കിത്തിരക്കി ഓടി എത്തും എന്നായിരുന്നു അവൻ്റെ പ്രതീക്ഷ. എൻ്റെ അഭിപ്രായം ഞാൻ അവൻ്റെ ചെവിയിൽ ഒന്ന് കൂടി കേൾപ്പിച്ചു കൊടുത്തു. ഒരു ഇളിഭ്യച്ചിരിയോടെ അവൻ സ്ലെഡ്ജ് വലിച്ച് മുന്നോട്ട് നീങ്ങി.

"ബദറുത്താ.... ഒന്ന് കയറി നോക്കുന്നോ?" ഞാൻ ബദറുത്തായോട് ചോദിച്ചു.

"നോ..." 

" ഒറ്റക്ക് കയറണ്ട ... അവനെ കൂടി ഇരുത്തി ഒന്ന് റൈഡ് ചെയ്ത് നോക്കൂ ...''

"ഇൻ ദിസ് ഏജ്?"

"വയസ്സോ... അറുപതിലെത്തിയ യുവതിക്കോ ?" 

" ഒ.കെ.... ദെൻ കാൻ ട്രൈ"

അങ്ങനെ മുന്നിൽ ഉടമയും പിന്നിൽ ബദറുത്തയും ഇരുന്ന് മഞ്ഞിലൂടെ ഊർന്നിറങ്ങി. ജീവിതത്തിലാദ്യമായി സ്ലെഡ്ജിൽ സഞ്ചരിച്ചതിൻ്റെ ആത്മവിശ്വാസം ബദറുത്തയുടെ മുഖത്ത് പൂനിലാവ് പരത്തി.

ഞാനും സത്യൻ മാഷും മഞ്ഞു മലയിലേക്ക് ഒന്ന് കയറി നോക്കാൻ തീരുമാനിച്ചു. കാണുന്ന പോലെ അതത്ര എളുപ്പമല്ലെന്ന് പെട്ടെന്ന് തന്നെ മനസ്സിലായി. നാലഞ്ച് സ്റ്റെപ്പ് വച്ചപ്പഴേക്കും എൻ്റെ കാൽ തെന്നി. പെട്ടെന്ന് ഇരുന്നതിനാൽ വീണില്ല. എത്തിയ അത്രയും മുകളിൽ നിന്ന് മഞ്ഞിൽ പതിഞ്ഞിരുന്ന് ഞാൻ സ്ലൈഡ് ചെയ്തു. പുഴവക്കത്തെ എൽ.പി. സ്കൂളിൽ പഠിച്ചിരുന്ന കാലത്ത് ട്രൗസറിട്ട് മണലിൽ ഇരുന്ന് ഊർന്നിറങ്ങിയ കാലം പെട്ടെന്ന് ഓർമ്മയിൽ മിന്നി മറഞ്ഞു. അത്രയും ദൂരം മഞ്ഞിൽ ഇരുന്ന് നിരങ്ങിയിട്ടും പാൻ്റിൽ ഒരു നനവ് പോലും അനുഭവപ്പെടാതിരുന്നത് എന്നെ അത്ഭുതപ്പെടുത്തി.

കയ്യിലണിഞ്ഞ ഗ്ലൗസ് ഊരി ഞാൻ അല്പം മഞ്ഞ് വാരി നോക്കി. ആദ്യം വലിയ തണുപ്പൊന്നും തോന്നിയില്ല. ഒരു ആവേശത്തിൽ ഞാൻ വീണ്ടും വീണ്ടും മഞ്ഞ് വാരി മുകളിലേക്കെറിഞ്ഞ് കൊണ്ടിരുന്നു. പെട്ടെന്ന് എനിക്ക് കൈ മരവിക്കുന്നതായി തോന്നി.അൽപം അകലെയായി മഞ്ഞിൽ ആരോ കത്തിച്ച അല്പം വിറകു കൊള്ളികൾ പുകഞ്ഞ് കൊണ്ടിരിക്കുന്നുണ്ടായിരുന്നു. ഞാൻ വേഗം അങ്ങോട്ടോടി.കൈ രണ്ടും തീയ്ക്ക് മുകളിൽ കാണിച്ച് നന്നായി തിരുമ്മി. കൈ പൂർവ്വ സ്ഥിതിയിലായതോടെ ഞാൻ വീണ്ടും മഞ്ഞിലേക്ക് നീങ്ങി.

"സാർ... ചായ് ചാഹ്തെ ..." സ്നേഹപൂർണ്ണമായ ഒരു വിളി കേട്ട് ഞാൻ തിരിഞ്ഞു നോക്കി.

 മെലിഞ്ഞുണങ്ങിയ ഒരാൾ പുകക്കറയുള്ള പല്ലും കാട്ടി ചിരിച്ച് നിൽക്കുന്നു. അയാളുടെ  ഒരു കയ്യിൽ ഫ്ലാസ്കും മറ്റേ കയ്യിൽ ഒരു സഞ്ചിയും ഉണ്ട്. സഞ്ചി പിടിച്ച കയ്യിലെ വിരലുകൾക്കിടയിൽ ഒരു സിഗരറ്റും പുകയുന്നുണ്ട്. ആ കൊടും തണുപ്പിൽ ഒരു ചായ വളരെ ആവശ്യമായിരുന്നതിനാൽ ഞാൻ സത്യൻ മാഷെ നോക്കി.

"കിത് ന ഹേ?" 

"തീസ് റുപയേ...."

"എക് ചായ് കൊ തീസ്?" 

"ഹാം സാബ്... ബഹുത് ദൂർ സെ ആതാ ഹെ.... ഇസ് ഡണ്ട മേം ..."

"ഇസ് മേം ക്യാ ഹെ ?" കയ്യിലെ സഞ്ചിയിൽ തിന്നാനുള്ള വല്ലതും ആണെന്ന ധാരണയിൽ ഞാൻ ചോദിച്ചു.

"യെ ... ചായ് പീനെ കെ ബാദ് കപ് ഡാൽനെ കെലിയേ..."

"ഫിർ ഇസ്തെമാൽ കർനെ കോ?" വീണ്ടും ഉപയോഗിക്കുന്നുണ്ടോ എന്നറിയാൻ ഞാൻ ചോദിച്ചു.

"നഹീം സാബ്... ടുകഡാ ടുകഡാ കർതെ ഹെ... ആപ് ദേഖൊ....യഹാം വഹാം ഡാലൊ മത്... " അയാൾ സഞ്ചി തുറന്ന് കാണിച്ചു.

"ആപ് ക നാം..?" 

"മുഹമ്മദ് റംസാൻ ..... " 

പുറമേക്ക് ഒരു വൃത്തിയും തോന്നാത്ത ഒരു മനുഷ്യൻ അയാൾ ഉണ്ടാക്കുന്ന വേസ്റ്റ് നിർമ്മാർജ്ജനം ചെയ്യാൻ കാണിക്കുന്ന ശുശ്കാന്തിക്ക് മുന്നിൽ, വൃത്തിയിൽ മുമ്പിൽ നിൽക്കുന്ന മലയാളിയായ ഞാൻ തലകുനിച്ചു. അയാൾ പറഞ്ഞതിലും കൂടുതൽ വില കൊടുത്ത് ചായ വാങ്ങിക്കുടിച്ച് ഞങ്ങൾ റംസാനോടുള്ള ആദരവ് പ്രകടിപ്പിച്ചു.

ചായ കുടിച്ച ആവേശത്തിൽ ഞങ്ങൾ വീണ്ടും ഐസിലേക്ക് നീങ്ങി. തണുത്തുറഞ്ഞ ഹിമാലയ സാനുക്കളിൽ തപസ്സിരിക്കെ ചിലർക്ക് ബോധോദയമുണ്ടായ ചരിത്രം കേട്ടത് കൊണ്ടാണോ എന്നറിയില്ല, പടർന്ന് പന്തലിച്ച് നിൽക്കുന്ന ഒരു മരം കണ്ടപ്പോൾ അൽപനേരം ധ്യാനത്തിലിരിക്കാൻ സത്യൻ മാഷിന് ഒരാഗ്രഹമുദിച്ചു. മാഷ് ആ മരത്തിൻ്റെ തണലിൽ പോയി ഇരുന്നു.മൂട് നനഞ്ഞ് തണുക്കാൻ തുടങ്ങിയപ്പോൾ മഞ്ഞിന് എന്നും തണുപ്പ് തന്നെയാണെന്ന ബോധോദയം ഉണ്ടായി എഴുന്നേറ്റ് പോന്നു. 

എല്ലാം കണ്ടും ആസ്വദിച്ചും കഴിഞ്ഞ് താഴെ ഞങ്ങൾ തിരിച്ചെത്തുമ്പോൾ സമയം വൈകിട്ട് അഞ്ചര മണിയായിരുന്നു. ഇഷ്ഫാഖിൻ്റെ വീട്ടിൽ ഒരിക്കൽ കൂടി പോവുക എന്ന എൻ്റെ ആഗ്രഹം നടക്കില്ല എന്ന് ബോധ്യമായതിനാൽ ഞാൻ ഇഷ്ഫാഖിനെ വിളിച്ചു. ടാംഗ് മാർഗ്ഗിൽ കാത്ത് നിന്ന അവൻ എനിക്കായി കരുതിയ ആപ്പിൾ തൈയും സ്ട്രോബറി തൈകളും കൈമാറി. ഇനി കേരളത്തിൽ വച്ച് കാണാം എന്ന പ്രതീക്ഷയോടെ ഞങ്ങൾ ഇഷ്ഫാഖിനോടും ഗുൽമാർഗ്ഗിനോടും വിടപറഞ്ഞു. അപ്പോഴും എൻ്റെ മനസ്സ് മന്ത്രിച്ചു - ഐ ലവ് ഗുൽമാർഗ്ഗ് !


Part 13: ഹസ്രത്ത് ബാൽ പള്ളിയിൽ


Sunday, February 04, 2024

കുളളൻ നാണിയുടെ ചികിത്സ

എന്റെ ജീവിതത്തിൽ 1984 എന്ന വർഷം രണ്ട് സംഭവങ്ങളാൽ ഞാൻ എന്നും ഓർമ്മിക്കും.അതിലൊന്ന്, ഇന്ത്യയുടെ ഏറ്റവും പ്രിയങ്കരിയായ പ്രധാനമന്ത്രി ആയിരുന്ന ഇന്ദിര പ്രിയദർശിനിയുടെ രക്തസാക്ഷിത്വമാണ്. അപ്രതീക്ഷിതമായ ആ ഞെട്ടലിന് അഞ്ചാറ് മാസം മുമ്പേ തന്നെ ഞാൻ ഞെട്ടിത്തരിച്ചുപോയ ഒരു സംഭവം കൂടി നടന്നിരുന്നു. വിവിധ ഋതുക്കളിൽ ചാലിയാറിന്റെ ഭാവമാറ്റങ്ങൾ അടുത്ത് നിന്നറിഞ്ഞ ഒതായിയിലെ ഒരു പിതാവ്, അദ്ദേഹത്തിന്റെ പ്രിയപ്പെട്ട മകനെ മൂർക്കനാട് സുബുലുസ്സലാം ഹൈസ്കൂളിൽ ചേർത്തതായിരുന്നു പ്രസ്തുത സംഭവം.തോണിയിൽ ചാലിയാർ പുഴ കടന്ന് എടവണ്ണയിലേക്ക് പോകാൻ ഒട്ടും പേടി ഇല്ലെങ്കിലും, എവിടെയോ അല്പം ഭയം ഉണ്ട് എന്ന് ബാപ്പക്കും മകനും ശങ്ക തോന്നിയതിന്റെ അനന്തര ഫലമായിരുന്നു പ്രസ്തുത തീരുമാനം.

എന്റെ നാടായ ഒതായിയിൽ നിന്ന് മൂർക്കനാട്ടിലേക്ക് കാൽ നട മാത്രമായിരുന്നു അന്ന് ശരണം.എന്നെ സമയത്തിന് സ്കൂളിൽ പറഞ്ഞയക്കാനായി, കോഴി കൂവുന്നതിന് മുമ്പെ തന്നെ ഉമ്മ ഉണരും. സുബഹ് നമസ്കാരം നിർവ്വഹിച്ച് എനിക്കുള്ള പ്രഭാത ഭക്ഷണവും  തയ്യാറാക്കിയ ശേഷം, ഉമ്മ എന്നെ ഉണർത്തും.പ്രാഥമിക കർമ്മങ്ങൾക്ക് ശേഷം പ്രാതൽ പെട്ടെന്ന് കഴിച്ച്  പുസ്തകകെട്ടുമായി ഞാൻ സ്‌കൂളിലേക്ക് നടത്തം തുടങ്ങും.

രാവിലെയും വൈകിട്ടുമായി പതിനാറ്  കിലോമീറ്ററോളം ദിവസേന നടക്കാനുണ്ടായിരുന്നു. എന്റെ സീനിയർ വിദ്യാർത്ഥികളായ കുള്ളൻ നാണി, ഗോപാലൻ, സമദ് എന്നിവർ  ആയിരുന്നു അന്ന് നടത്തത്തിന്റെ  ഉസ്താദുമാർ. സമദിന്റെ അനിയൻ മജീദ്,ട്രൗസർ പ്രതാപൻ, ഹരി, റസാഖ്, ലത്തീഫ് തുടങ്ങിയവരായിരുന്നു എന്റെ കൂട്ടുകാർ.

വേഗത്തിൽ നടക്കുക എന്നതിന് പുറമെ,കാലടികൾ തമ്മിലുള്ള ദൂരവും കൂടി ക്രമീകരിച്ചാലേ സ്‌കൂളിൽ കൃത്യ സമയത്ത് എത്താൻ സാധിക്കൂ.        കുള്ളൻ നാണിയും സമദും ഓരോ കാലടി വെക്കുന്നത് തന്നെ ഒരു മീറ്ററിന് തുല്യമായിരുന്നു. ഞങ്ങൾ ‘പുത്തൻ  കുട്ടികൾക്ക്’ ആ നടത്തം സാദ്ധ്യമായിരുന്നില്ല.ഹലാക്കിലെ ആ നടത്തം പഠിക്കാൻ ഞങ്ങൾ പിന്നെയും മാസങ്ങളോളം എടുത്തു.

നടത്തത്തിന്റെ ആദ്യ ദിവസങ്ങളിൽ, വീട്ടിൽ തിരിച്ചെത്തുന്നതോടെ കാലിന്റെ തുടയിൽ നിന്ന് ഒരു വേദന പുളഞ്ഞ് കയറുമായിരുന്നു. അതിനാൽ തന്നെ അന്നത്തെ വായന മുടങ്ങിക്കിട്ടും.ഇതൊരു 'പതിവായപ്പോൾ' ഉപ്പയോട് വിവരം പറഞ്ഞ്  ഉമ്മ ഒരു തൈലം വാങ്ങി വച്ചു. വേദന വരുന്ന ദിവസം ഉമ്മ അത് പുരട്ടി തരും. ക്രമേണ ആ നടത്തം ശീലമായതോടെ വേദന ഇല്ലാതായി.

ദിവസങ്ങൾ അങ്ങനെ സുന്ദരമായി കടന്നുപോയി.നടന്ന് പോകുന്ന വഴികളെല്ലാം എല്ലാവർക്കും സുപരിചിതമായി. ആളൊഴിഞ്ഞ പറമ്പേതെന്നും മാങ്ങ,ചക്ക,പുളി എന്നിത്യാദി സാധനങ്ങൾ ഏതൊക്കെ പറമ്പിലാണ് ഉള്ളതെന്നും അങ്ങോട്ട് കയറേണ്ടത് ഏത് വഴിയിലൂടെയാണെന്നും എല്ലാം ഞങ്ങൾ ഹൃദിസ്ഥമാക്കി. അങ്ങനെ, ഒരു ദിവസം ഒരു പറമ്പിലേക്ക് വേലിക്ക് മുകളിലൂടെ വലിഞ്ഞു കയറുമ്പോഴാണ് ഞങ്ങളുടെ കൂട്ടത്തിൽ "ഒരുത്തൻ" അടിവസ്ത്രം ഇടാത്തത് കുള്ളൻ നാണിയുടെ  ശ്രദ്ധയിൽ പെട്ടത്.

"നീ കോണകം കെട്ടാറില്ല അല്ലേ?" നാണി അവനോട് ചോദിച്ചു.

"ഇന്ന് ഇട്ടിട്ടില്ല..."

"പെൺകുട്ടികളുടെ ഇടയിൽ വച്ച് നിന്റെ തുണി ആരെങ്കിലും പിടിച്ചു വലിച്ചാൽ എന്തായിരിക്കും അവസ്ഥ?" നാണിയുടെ ചോദ്യം കേട്ട് എന്റെ കൂട്ടുകാരെല്ലാം ചിരിച്ചു. നാണി സൂചിപ്പിച്ച അത്തരം ഒരു അത്യാഹിതത്തെപ്പറ്റി 'അവൻ' അതുവരെ ചിന്തിച്ചിരുന്നേ ഇല്ല.

"അത്...അത്...അലക്കിയിട്ടത് ഉണങ്ങിയിരുന്നില്ല.. അതോണ്ടാ ഇന്ന് ഇടാഞ്ഞത്... "  തൽക്കാലം ഒരു കള്ളം പറഞ്ഞ് അന്ന് 'അവൻ' രക്ഷപ്പെട്ടു.

കോണകം കെട്ടാൻ മടി ആയിരുന്ന 'അവൻ' ആ പതിവ് തുടർന്നു.പിന്നീട് എപ്പോഴും വേലിക്ക് മുകളിലൂടെ കയറുമ്പോൾ, നാണി കാണുന്നുണ്ടോ എന്ന് നോക്കിയ ശേഷം മാത്രം 'അവൻ' കയറി. പക്ഷെ ഇടക്ക് എപ്പഴോ അത് 'അവന്റെ' ശ്രദ്ധയിൽ നിന്ന് വിട്ടു പോവുകയും ചെയ്തു. 'അവൻ' സ്ഥിരമായി കോണകം കെട്ടാതെയാണ് സ്‌കൂളിൽ വരുന്നത് എന്ന് ഇതിനിടയിൽ നാണി എങ്ങനെയോ മനസ്സിലാക്കി. 'അവൻറെ' ഈ സ്വഭാവം മാറ്റാൻ നാണി തന്നെ ഒരു "മരുന്നും" മനസ്സിൽ തയ്യാറാക്കി.പിറ്റേ ദിവസം തന്നെ ആ “മരുന്ന്” പ്രയോഗിക്കാൻ നാണി തീർച്ചപ്പെടുത്തി.

ഞങ്ങൾ നടന്നു പോകുന്ന വഴിയിലുള്ള, തച്ചണ്ണ ചാലി എന്ന സ്ഥലത്ത് വഴിയരികിൽ കാട്ടുതൂവ എന്ന ചെടി കൂട്ടമായി വളർന്നു നിൽക്കുന്നത് നാണി കണ്ടു വച്ചിരുന്നു. തൂവയുടെ ഇല നിറയെ വെള്ള നിറത്തിലുള്ള രോമം ഉണ്ടായിരിക്കും. ഇത് ദേഹത്ത് തട്ടിയാൽ ചൊറിയും.തൂവ കാണുമ്പോൾ തന്നെ അത് ശരീരത്തിൽ സ്പർശിക്കാതിരിക്കാൻ ഞങ്ങളിൽ പലരും മാറി നടക്കുകയോ ഒതുങ്ങി നടക്കുകയോ ആണ് പതിവ്.

അന്നും നടന്ന് നടന്ന് ഞങ്ങൾ തൂവക്കാടിനടുത്ത്  എത്തി.നാണി തന്റെ നടത്തത്തിൻറെ വേഗത അൽപം കുറച്ച് മെല്ലെ കൂട്ടത്തിൽ നിന്ന് പിന്നിലേക്ക് വലിഞ്ഞു. ശേഷം ആരും കാണാതെ തൂവയുടെ അഞ്ചാറ് ഇലകൾ ഞെട്ടിയിൽ പിടിച്ച് പറിച്ചെടുത്തു. ഞൊടിയിടയിൽ തന്നെ നാണി ജെട്ടി ഇടാത്ത കൂട്ടുകാരന്റെ അടുത്തെത്തി. മടക്കി കുത്തിയ അവന്റെ തുണി പെട്ടെന്ന് പൊക്കി തൂവ ഇലകൊണ്ട് ഒറ്റ തേപ്പ് തേച്ചു!

അപ്രതീക്ഷിത നീക്കത്തിൽ സംഭവിച്ചത് എന്തെന്ന് ആർക്കും മനസ്സിലായില്ല. തൂവ പ്രയോഗം കിട്ടിയവൻ അടുത്തുള്ള പെട്ടി പീടികയുടെ പിന്നിലേക്ക് ഓടി. 'അവൻ' തുണി അഴിച്ച് ചൊറിയാനും മാന്താനും തുടങ്ങിയപ്പോഴാണ് എല്ലാവർക്കും കാര്യം പിടികിട്ടിയത്. കുള്ളൻ നാണിയുടെ ആ ചികിത്സക്ക് ശേഷം ഇന്നേ വരെ ‘അവൻ’ അണ്ടർവെയർ ഇടാതെ പുറത്തിറങ്ങിയിട്ടില്ല എന്ന് അനുഭവം സാക്ഷി.

Thursday, February 01, 2024

മഞ്ഞിൽ വിരിഞ്ഞ പൂക്കൾ (വിൻ്റർ ഇൻ കാശ്മീർ - 11)

 Part 10: മഞ്ഞ് താഴ് വരയിലേക്ക് 

കേബിൾ കാറിൽ നിന്ന് താഴോട്ടു നോക്കുമ്പോൾ ചിലർക്ക് ധൈര്യം ചോർന്ന് പോകും. ഇടക്കിടക്കുള്ള ടവറിലേക്ക് എത്തുമ്പോൾ ഒരു പിടിച്ചു കുലുക്കലും അനുഭവപ്പെടും. ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നത് ഹരിയാനയിൽ നിന്നുള്ള ഒരു ഫാമിലി ആയിരുന്നു. 

"ചക്കർ ലഗ്ത ഹേ..." എൻ്റെ അടുത്തിരുന്ന കുട്ടി അമ്മയോട് പറഞ്ഞു. തല കറങ്ങുന്നതായി പറഞ്ഞിട്ടും അമ്മ മറുപടി ഒന്നും പറഞ്ഞില്ല.

"ആംഖേം ബന്ദ് കർ ബൈഠോ... അഭീ ഊപർ പഹുംജേഗ ..." ഞാൻ കുട്ടിയോട് പറഞ്ഞു. കേബിൾ കാറിൽ യാത്ര ചെയ്യുമ്പോൾ ചിലർക്ക് ഇത്തരം ബുദ്ധിമുട്ടുകൾ അനുഭവപ്പെടും. കണ്ണടച്ച് ഇരുന്നാൽ അത് പോകുകയും ചെയ്യും. 

സ്തൂപികാഗ്ര വൃക്ഷങ്ങളുടെ തലപ്പിന് മുകളിലൂടെ ആയിരുന്നു കേബിൾ കാർ പോയിക്കൊണ്ടിരുന്നത്. ഇലകളുള്ള മരങ്ങൾ എല്ലാം തന്നെ കോൺ ഷേപ്പിലായിരുന്നു. അല്ലാത്തവ എല്ലാം ഇല പൊഴിക്കുകയും ചെയ്തിരുന്നു. ദൈവത്തിൻ്റെ ഈ സൃഷ്ടി വൈഭവം കാരണം മരത്തിൽ വീഴുന്ന മഞ്ഞെല്ലാം അതിൽ തങ്ങാതെ മണ്ണിൽ പതിക്കുന്നു. മരം ഒടിഞ്ഞ് വീഴാതെ രക്ഷപ്പെടുകയും ചെയ്യുന്നു. പക്ഷെ, മരങ്ങൾക്ക് സമീപം കണ്ട കുടിലുകളുടെ മുകളിലെല്ലാം മഞ്ഞ് തങ്ങി നിൽക്കുന്നുണ്ട്. ഈ കുടിലുകൾക്കുള്ളിൽ എങ്ങനെയാണാവോ ഇവർ ധൈര്യത്തോടെ അന്തിയുറങ്ങുന്നത്? ആലോചിച്ച്  ആലോചിച്ച് ഞങ്ങൾ കൊങ്ങ്ദൂരിയിൽ എത്തി.

കഴിഞ്ഞ വർഷം മഞ്ഞിൻ്റെ ഒരു കണിക കാണാൻ മൂന്നും നാലും കുന്നുകൾ കയറി ഇറങ്ങിയെങ്കിലും നിരാശയായിരുന്നു ഫലം. എന്നാൽ ഇത്തവണ കേബിൾ കാറിൽ വന്നിറങ്ങുന്നത് തന്നെ മഞ്ഞിലേക്കാണ്. അന്ന് ഡെയ്സിപ്പൂക്കൾ വിരിഞ്ഞ് നിന്നിരുന്ന കുന്ന് മുഴുവൻ ഇന്ന് മഞ്ഞ് പൂക്കൾ വിരിഞ്ഞു നിൽക്കുന്ന കാഴ്ചയാണ് കാണുന്നത്. 

                                      2022 മെയ്
                                 2023 ഡിസംബർ

സ്കീയിംഗ്, സ്കേറ്റിംഗ്, സ്ലൈഡിംഗ്, സ്ലെഡ്ജിംഗ് തുടങ്ങീ മഞ്ഞിലെ വിവിധതരം ആക്ടിവിറ്റികൾക്ക് പേരുകേട്ട സ്ഥലമാണ് ഗുൽമാർഗ്ഗ്. മഞ്ഞ് മലകളുടെ മാടിവിളി ഞങ്ങളുടെ കാലുകളുടെ വേഗത കൂട്ടി. ഏറ്റവും അടുത്തുള്ളതും വിശാലമായതുമായ കുന്നിനെ ലക്ഷ്യമാക്കി ഞങ്ങൾ നടന്നു. അല്പ സമയത്തിനകം തന്നെ ഞങ്ങൾ ആ തൂവെള്ളക്കുന്നിലെത്തി.

മഞ്ഞിൽ പല തരം ആക്റ്റിവിറ്റികളുമായി എല്ലാവരും ആർമാദിച്ചു. അതിനിടെ സത്യൻ മാഷ് ആരെയോ കൈ പിടിച്ച് നടത്തിക്കുന്നത് ഞാൻ കണ്ടു. ഇംഗ്ലീഷിൽ എന്തൊക്കെയോ പറയുന്ന അവരെ ഞാൻ ഒന്ന് കൂടി ശ്രദ്ധിച്ചു.

"അള്ളാ... ഇത് നമ്മളെ ബദറുത്ത അല്ലേ?" 

"യെസ് ... " ബദറുത്ത മൂളി.

"അങ്ങോട്ട് കയറാൻ കഴിയുമോ?" സർക്കാർ സർവ്വീസിൽ നിന്ന് വിരമിച്ചിട്ട് നാലഞ്ച് വർഷം കൂടി കഴിഞ്ഞതിനാൽ സത്യൻ മാഷ് ബദറുത്തയോട് ചോദിച്ചു.

"ഐ ഹാവ് മെയ്ഡ് മൈ മൈൻഡ് .." പിന്നെയും ഇംഗ്ലീഷ് ഒഴുകാൻ തുടങ്ങി.

"പേടിക്കേണ്ട... തല മരവിച്ചപ്പോൾ ഇംഗ്ലീഷ് മാത്രം നിർഗ്ഗളിക്കുന്നതാ...കുറച്ച് കഴിഞ്ഞാൽ ശരിയാകും." ഞാൻ സത്യൻ മാഷെ സമാധാനപ്പെടുത്തി.

കഴിഞ്ഞ വർഷം സോനാമാർഗ്ഗ് സീറോ പോയിൻ്റിൽ കുറെ സമയം മഞ്ഞിൽ ചെലവഴിച്ചിരുന്നെങ്കിലും സ്കീയിംഗോ സ്കേറ്റിംഗോ ഒന്നും ചെയ്തിരുന്നില്ല. ഇവിടെ ഏതെങ്കിലും ഒന്നിൽ കയറണം എന്ന് കരുതിയിരിക്കുമ്പഴാണ് തോണി പോലെയുള്ള ഒരു സാധനവുമായി ഒരാൾ എൻ്റെ അടുത്തെത്തിയത്.

"ചാഹ്തെ ഹൊ സർ?" എന്നെ നോക്കി അയാൾ ചോദിച്ചു.

'ഇതു പോലെയൊന്ന് എൻ്റെ ടെറസിൻ്റെ മുകളിൽ വെറുതെ കിടക്കുന്നുണ്ട് ' ഞാൻ ആത്മഗതം ചെയ്തു. അപ്പഴാണ് അതേ പോലെയുള്ള ഒരു മരക്കഷ്ണത്തിൽ കയറി ഇരുന്ന് രണ്ട് പേർ മഞ്ഞിലൂടെ ഊർന്നു വരുന്നത് ഞാൻ കണ്ടത്.

"സിർഫ് ദൊ സൗ പച്ചാസ് റുപയെ..." ആഗതൻ എന്നെ നോക്കി പറഞ്ഞു.

'ഇയാളിത് ഈ സാധനത്തിൻ്റെ വിലയാണോ പറയുന്നത് അതോ അതിൽ കയറി ഇരിക്കാനുള്ള തുകയോ?' ഞാനാകെ കൺഫ്യൂഷനിലായി. 

"എക് സൗ റുപയെ ..." നൂറ് രൂപക്ക് പോരുന്നെങ്കിൽ പോരട്ടെ എന്ന് കരുതി ഞാൻ പറഞ്ഞു. അയാൾ എന്നോട് കയറി ഇരിക്കാൻ പറഞ്ഞു !

പെട്ടു പോയതിനാൽ ഞാൻ പറയുന്നിടത്ത് നിന്ന് തുടങ്ങണം എന്നും താഴെ വരെ പോകണം എന്നും ഞാൻ കണ്ടീഷൻ വച്ചു. അതിനും അയാൾ സമ്മതിച്ചു! താഴെ നിന്ന് എന്നെ മുകളിലേക്ക് തിരിച്ച് എത്തിക്കണം എന്നും ഞാൻ നിബന്ധന വച്ചു. അതും ആ പഹയൻ സമ്മതിച്ചു!! ഞാൻ പറയുന്ന ഹിന്ദി അവന് മനസ്സിലാവുന്നില്ലേ എന്നൊരു സംശയം തോന്നിയതിനാൽ എല്ലാം ഒരിക്കൽ കൂടി പറഞ്ഞുറപ്പിച്ചു. അങ്ങനെ സ്ലെഡ്ജ് എന്ന് പറയപ്പെടുന്ന ആ മരപ്പെട്ടിക്ക് മുകളിൽ ആദ്യം അയാളും തൊട്ടുപിന്നിൽ ഞാനും കയറിയിരുന്നു.സത്യൻ മാഷ് ക്യാമറ റെഡിയാക്കിപ്പിടിച്ചു.

"വൺ... റ്റു .... ത്രീ..." സ്ലെഡ്ജ് എന്നെയും കൊണ്ട് മഞ്ഞിലൂടെ ഊർന്ന് പോകാൻ തുടങ്ങി. നിയന്ത്രിക്കാൻ മുന്നിൽ ആളുണ്ടായതിനാൽ ഒരു കുഴപ്പവും തോന്നിയില്ല. കരാർ പ്രകാരം അതേ സ്ലെഡ്ജിൽ ഇരുത്തി അവൻ എന്നെ മഞ്ഞ് മലയിലേക്ക് തന്നെ വലിച്ച് കയറ്റി.

"ആപ് ഖുദ് ജാവൊ..'' 

സ്ലെഡ്ജ് എനിക്ക് വിട്ട് തന്ന് കൊണ്ട് ഒറ്റക്ക് ഒന്ന് പോയി നോക്കാൻ !ആദ്യം ഒന്ന് മടിച്ചെങ്കിലും അവസരം കിട്ടിയ നിലക്ക് ഒന്ന് ശ്രമിക്കാം എന്ന് എനിക്ക് തോന്നി. സ്റ്റിയറിംഗ്, ബ്രേക്ക്, ബെല്ല് ഇത്യാദി ഒന്നും ഇല്ലാത്തതിനാൽ നിയന്ത്രണം വിട്ടാലും ആളുകൾ മുന്നിൽ പെട്ടാലും കാല് എങ്ങനെ വയ്ക്കണം എന്ന് അവൻ പറഞ്ഞു തന്നു. ഞാൻ സ്ലെഡ്ജിൽ വീണ്ടും കയറി ഇരുന്നു.

"എക്... ദോ... തീൻ ..."

 കട്ടപ്പാടത്ത് കൂടി ചേര പായുന്ന പോലെ സ്ലെഡ്ജ് ഏതിലൂടെയൊക്കെയോ നിരങ്ങി നീങ്ങി.


Part 12: ഐ ലവ് ഗുൽമാർഗ്ഗ്