Pages

Showing posts with label ബാപ്പ. Show all posts
Showing posts with label ബാപ്പ. Show all posts

Monday, July 08, 2024

സുല്ലമിൻ്റെ സ്വന്തം എഴുത്ത്കാർ

മൂന്ന് സ്കൂളുകളിലായിട്ടാണ് ഞാൻ എൻ്റെ പത്താം ക്ലാസ് വരെയുള്ള പഠനം പൂർത്തിയാക്കിയത്. മൂത്താപ്പയും മൂത്തുമ്മയും അദ്ധ്യാപകരായി സേവനമനുഷ്ഠിച്ച അരീക്കോട് ജി.എം.യു.പി സ്കൂളിൽ ഒന്ന് മുതൽ ആറ് വരെയും രണ്ട് അമ്മാവന്മാരും സേവനമനുഷ്ഠിച്ച സുല്ലമുസ്സലാം ഓറിയൻ്റൽ ഹൈസ്കൂളിൽ ഏഴാം ക്ലാസും പൂർത്തിയാക്കിയ ശേഷം, മൂത്താപ്പയുടെ മൂത്ത മകൻ സേവനമനുഷ്ഠിച്ചിരുന്ന മൂർക്കനാട് സുബുലുസ്സലാം ഹൈസ്കൂളിൽ എട്ട് മുതൽ പത്ത് വരെയും പഠിച്ചു. എന്റെ ജ്യേഷ്ടത്തിക്കും അനിയന്മാർക്കും ഇത്തരം ഒരു ഭാഗ്യം ലഭിച്ചിരുന്നില്ല.    

ഞാൻ മലയാളത്തിൽ മോശമായത് കൊണ്ടോ അതല്ല ഉഷാറായത് കൊണ്ടോ എന്നറിയില്ല, മലയാളം ഒരു വിഷയമായി തന്നെ എന്നെ പഠിപ്പിക്കണം എന്ന എൻ്റെ പ്രിയപ്പെട്ട പിതാവിൻ്റെ നിർബന്ധം കാരണമാണ് മലയാളം ഒട്ടും പഠിപ്പിക്കാത്ത ഓറിയൻ്റൽ ഹൈസ്കൂളിൽ നിന്നും എന്നെ മറ്റൊരു സ്കൂളിലേക്ക് മാറ്റിച്ചേർത്തത് എന്ന് പിന്നീട് ഞാൻ മനസ്സിലാക്കി. ആ മാറ്റം വിവിധ ജാതി-മത വിഭാഗത്തിൽ പെട്ട കുട്ടികളുമായി ഇടപഴകാനും എൻ്റെ സംസാര ഭാഷ ശുദ്ധീകരിക്കാനും സഹായിച്ചു. സർവ്വോപരി എൻ്റെ പിതാവ് ഒരു പക്ഷേ സ്വപ്നം കണ്ടിരുന്ന എൻ്റെ രചനാ വൈഭവം നന്നായി പരിപോഷിപ്പിക്കാനും ആ മാറ്റം സഹായകമായി. ദിനപത്രങ്ങളിൽ നിരവധി മിഡിൽ പീസുകളും സാമൂഹ്യ മാധ്യമങ്ങളിൽ അനേകം കഥകളും യാത്രാ വിവരണങ്ങളും മറ്റ് കുറിപ്പുകളും പ്രസിദ്ധീകരിക്കാൻ എനിക്ക് അടിത്തറ ഇട്ട് തന്നതും ആ സ്കൂളിലെ പഠനവും അനുഭവങ്ങളും തന്നെയാണ് എന്നാണ് എന്റെ വിശ്വാസം. പിതാവിൻ്റെ കാലശേഷമാണെങ്കിലും രണ്ട് പുസ്തകങ്ങൾ മലയാള സാഹിത്യലോകത്തിന് സംഭാവന ചെയ്ത് കൊണ്ട് എൻ്റെ പിതാവിൻ്റെ അഭിലാഷം സഫലീകരിക്കാൻ സാധിച്ചതിൽ ഇപ്പോൾ സന്തോഷം തോന്നുന്നു.

ഞാൻ ഏഴാം ക്ലാസ് മാത്രം പഠിച്ച സുല്ലമുസ്സലാം ഓറിയൻ്റൽ ഹൈസ്കൂളിൽ ഒമ്പതാം ക്ലാസിലാണ് എൻ്റെ മൂന്നാമത്തെ മകൾ ലൂന ഇപ്പോൾ പഠിക്കുന്നത്. ഞാൻ പഠിച്ചിരുന്ന കാലത്തിൽ നിന്നും എത്രയോ മുന്നോട്ട് പോയതിനാൽ ഇപ്പോൾ അവിടെ മലയാളം അഡീഷനൽ വിഷയമായി  പഠിപ്പിക്കുന്നുണ്ട്. മാത്രമല്ല കുട്ടികളുടെ വിവിധ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി വിദ്യാരംഗം ക്ലബും ലിറ്റററി ക്ലബ്ബും വായനക്കൂട്ടവും എല്ലാം ഉണ്ട്. താല്പര്യമുള്ള നിരവധി കുട്ടികളും ഉണ്ടെന്ന് അവയുടെ പ്രവർത്തന ചരിത്രങ്ങൾ വിളിച്ചോതുന്നു.

ഈ വർഷത്തെ വായനാ പക്ഷാചരണത്തോടനുബന്ധിച്ച് ഈ ക്ലബുകളുടെ സംയുക്താഭിമുഖ്യത്തിൽ "സുല്ലമിൻ്റെ സ്വന്തം എഴുത്ത്കാർ" എന്ന വേറിട്ട ഒരു പരിപാടി കൂടി സ്കൂളിൽ സംഘടിപ്പിക്കപ്പെട്ടു. കുട്ടികളുടെ രക്ഷിതാക്കളിലെ എഴുത്ത്കാരെ ആദരിക്കുകയും അവരുമായി കുട്ടികൾക്ക് സാഹിത്യ സംവാദത്തിന് അവസരം നൽകുകയും ചെയ്യുന്നതായിരുന്നു പ്രസ്തുത പരിപാടി.

സാഹിത്യത്തിലേക്ക് സജീവമായി തിരിഞ്ഞ ശേഷം നാലഞ്ച് പുരസ്കാരങ്ങൾ ലഭിച്ചെങ്കിലും എൻ്റെ നാട്ടിൽ വച്ച് സാഹിത്യ രംഗത്തെ നേട്ടത്തിന് എനിക്ക് ഒരു ആദരവ് ലഭിക്കുന്നത് ആദ്യമായിട്ടായിരുന്നു. കുട്ടികളുമായി സംവദിക്കാനും അവരുടെ സംശയങ്ങൾക്ക് മറുപടി നൽകാനും സാധിച്ചതിൽ വളരെ സന്തോഷം തോന്നി. 

ഇത്തരം ഒരാശയം മുന്നോട്ട് വച്ച കോർഡിനേറ്റർ ജസ്ന ടീച്ചർക്കും സഹപ്രവർത്തകർക്കും പിന്നണി പ്രവർത്തകർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ഇനിയും ഇത്തരം പരിപാടികൾ സംഘടിപ്പിച്ച് കുട്ടികളുടെ അഭിരുചികൾ പരിപോഷിപ്പിക്കാൻ സാധിക്കട്ടെ എന്നാശംസിക്കുന്നു.

Thursday, June 20, 2024

ഓർമ്മകളുടെ സുഗന്ധം

സ്കൂളിൽ പഠിക്കുന്ന കാലത്ത് വേനലവധി ആകാൻ എല്ലാ കുട്ടികളെയും പോലെ ഞാനും ആഗ്രഹിച്ചിരുന്നു. രണ്ട് മാസം കളിച്ച് തിമർക്കുന്നതിന് പുറമെ ഞങ്ങൾക്ക് മറ്റൊരു സന്തോഷവും വേനലവധികൾ തന്നിരുന്നു. ബാപ്പയുടെ നാടായ പേരാമ്പ്രയിലേക്ക് വർഷത്തിൽ ഒരിക്കലുള്ള ബാപ്പയുടെ യാത്ര വേനലവധിക്കാലത്താണ് നടത്താറ്. ബാപ്പയുടെ കൂടെ ഉമ്മയും മക്കളായ ഞങ്ങളും പോകും. രണ്ട് ബസ്സുകൾ മാറിക്കയറണം എന്നതും കോഴിക്കോട് എന്ന അന്നത്തെ കാലത്തെ മഹാനഗരം കാണാമെന്നതും ഒക്കെ ആ യാത്രയുടെ ത്രില്ലിംഗ് എക്പിരിയൻസുകളാണ്. 

യാത്ര പോകാനുള്ള ദിവസം ബാപ്പ നേരത്തെ തന്നെ തീരുമാനിച്ച് പ്രഖ്യാപ്പിക്കുന്നതിനാൽ കളിക്കൂട്ടുകാർക്കിടയിൽ "നാട്ടിൽ പോവുന്ന" വിവരം പറഞ്ഞ് അവരെ കൊതിപ്പിക്കുന്നതും ഒരു രസമായിരുന്നു. ഞങ്ങളെപ്പോലെ പോകാൻ അവർക്കൊന്നും "നാടി"ല്ലാത്തത് എന്ത് കൊണ്ട് എന്ന് കുഞ്ഞു മനസ്സിൽ അന്ന് ചോദ്യങ്ങളും ഉയർന്നിരുന്നു.

നാട്ടിൽ പോയാൽ മൂത്താപ്പയുടെ വീട്ടിലാണ് ബാപ്പയുടെയും ഞങ്ങളുടെയും താമസം. അക്കാലത്ത് എനിക്ക് നെയ്ചോറും ബിരിയാണിയും ഒന്നും ഇഷ്ടമില്ലായിരുന്നു. ഇന്ന് കാണുന്ന ബിരിയാണിയുടെ സഹോദരീ സഹോദരന്മാർ ഒന്ന് പോലും അന്ന് ഭൂജാതരായിരുന്നുമില്ല.  അരി അമ്മിയിൽ ഇട്ടരച്ച് മൂത്തുമ്മ ഉണ്ടാക്കുന്ന ടയർ പത്തിരിയും നാടൻ കോഴിക്കറിയും ആണ് അതിഥി സൽക്കാരത്തിലെ പ്രധാന വിഭവം. 

എൻ്റെ സമപ്രായക്കാരനായ മൂത്താപ്പയുടെ മകൻ മജീദുമായിട്ടായിരുന്നു ഞങ്ങളുടെ പ്രധാന കൂട്ട്. തലയിണയിൽ കയറി ഇരുന്ന് തിണ്ണയിലൂടെ ( ഞാൻ ആദ്യമായി തിണ്ണ കണ്ടത് അവിടെയാണ് ) യുള്ള ബസ് ഓടിച്ച് കളി, രാവിലെ പറമ്പിൽ പോയുള്ള വെളിയിട വിസർജനം, വിവിധ മാവുകളിൽ കയറിയുള്ള മാങ്ങാ പറി അല്ലെങ്കിൽ എറിഞ്ഞ് വീഴ്ത്തൽ, എല്ലാ ബന്ധുക്കളുടെയും വീട് സന്ദർശനം തുടങ്ങി നിരവധി കാര്യങ്ങൾ മൂന്ന് ദിവസത്തെ വാസത്തിനിടയിൽ മജീദിൻ്റെ നേതൃത്വത്തിൽ ഞങ്ങൾ ചെയ്ത് തീർക്കാറുണ്ട്. 

മൂത്താപ്പയുടെ മൂത്ത മകൻ മുഹമ്മദ് കാക്കയുടെ ശേഖരത്തിലെ പുസ്തകങ്ങൾ വായിക്കാനും അന്ന് സമയം കണ്ടെത്തിയിരുന്നു. ബഷീർ കൃതികൾ മിക്കവയും ആദ്യമായി വായിച്ചത് അവിടെ നിന്നാണ്. മൂത്താപ്പയുടെ മറ്റൊരു മകനായ അബ്ദുള്ള കാക്ക തൻ്റെ പെട്ടിക്കടയിലെ മിഠായിയും മറ്റും തരുമായിരുന്നു. വിവിധ ഭരണികളിൽ വച്ച മിഠായികൾ എല്ലാം കൂടി കൊണ്ടു പോകാൻ സൗകര്യത്തിന് ഒരു തക്കാളി പെട്ടിയിൽ അടുക്കി വച്ചത് കൊണ്ടാണ് ഈ കടയ്ക്ക് പെട്ടിക്കട എന്ന് പറയുന്നത് എന്നായിരുന്നു എൻ്റെ ധാരണ.ബഷീർ കഥകളിലെ കഥാ പാത്രങ്ങളായ പാത്തുമ്മയും സുഹറയും റാബിയയും ആയിരുന്നു മൂത്താപ്പയുടെ മറ്റ് മക്കൾ.

ബന്ധു വീടുകളിൽ ഏറ്റവും അടുത്തുള്ളതാണ് കടുവന കുന്നത്ത് വീട്. എലിപ്പാറക്കൽ  അമ്മായിയുടെ മകൻ അബ്ദുള്ളക്കുട്ടി കാക്ക (അവുള കുട്ടി എന്നാണ് വിളിക്കുക)യാണ് അവിടെ താമസം. അബ്ദുള്ള കുട്ടി കാക്കാക്ക് മൂന്ന് പെൺമക്കൾ ആയതിനാൽ ആ വീട്ടിൽ പോകാൻ ഞങ്ങൾക്ക് അത്ര താല്പര്യം ഉണ്ടായിരുന്നില്ല. പക്ഷേ, വീടിൻ്റെ തൊട്ടടുത്ത് തന്നെ ഒരു സ്രാമ്പിയും (ചെറിയ നമസ്കാരപ്പള്ളി) അതിനൊരു കുളവും ഉണ്ടായിരുന്നു. 

പ്രസ്തുത കുളത്തിൽ നീന്തിക്കളിക്കാൻ വീട്ടിൽ നിന്ന് അനുവാദം കിട്ടില്ല എന്നതിനാൽ കടുവന കുന്നത്ത് വീട്ടിൽ പോകുന്നു എന്ന വ്യാജേനയാണ് മജീദിൻ്റെ നേതൃത്വത്തിൽ കുളത്തിലേക്ക് പോകാറുണ്ടായിരുന്നത്. ആവോളം നീന്തി കുളം ആകെ കലക്കി മറിക്കുമ്പോൾ മൂന്ന് പറമ്പ് മുകളിൽ താമസിക്കുന്ന മറ്റൊരു വീട്ടുകാരനിൽ നിന്ന് (സ്രാമ്പി പരിപാലകൻ അദ്ദേഹമായിരുന്നു എന്ന് തോന്നുന്നു) ഒരു ഘോരശബ്ദം ഉയരും. അതോടെ കുളിയും കളിയും നിർത്തി തല തുവർത്തി സ്രാമ്പിയിൽ കയറി ളുഹർ നമസ്കാരവും നിർവ്വഹിച്ച് ഒരു ചടങ്ങിന് അബ്ദുള്ളക്കുട്ടി കാക്കയെ സന്ദർശിച്ച ശേഷം വീട്ടിലേക്ക് തിരിച്ച് പോരും.

ഇക്കഴിഞ്ഞ ജൂൺ രണ്ടിന് കടുവന കുന്നത്തെ പേരക്കുട്ടികളിൽ ഒരാളുടെ കല്യാണമായിരുന്നു. സ്രാമ്പിയും കുളവും എല്ലാം ഇപ്പഴും ഉണ്ടെന്നറിഞ്ഞതോടെ കല്യാണത്തിന് നിർബന്ധമായും പോകണം എന്ന ചിന്ത എൻ്റെ മനസ്സിൽ ഉടലെടുത്തു. മാത്രമല്ല,പണ്ട് നടന്ന് പോയിരുന്ന  പാടവരമ്പത്ത് കൂടെയുള്ള  വഴി ഉണ്ടെങ്കിൽ അതിലൂടെ തന്നെ നടന്ന് പോകണം എന്നും തീരുമാനിച്ചു. മജീദിനെ വിളിച്ചപ്പോൾ പഴയ വഴി ഉണ്ടെന്നും വരമ്പ് വീതി കൂട്ടി നടവഴി ആക്കിയിട്ടുണ്ടെന്നും അറിഞ്ഞു. 

മജീദിൻ്റെ വീട്ടുമുറ്റത്ത് കാർ നിർത്തി മക്കളെയും കൊണ്ട് മജീദിൻ്റെ കൂടെ ഞാൻ വീണ്ടും ആ വഴിയിലൂടെ നടന്നു. ഓർമ്മകളുടെ സുഗന്ധം എൻ്റെ മനസ്സിലേക്ക് ഇരച്ചു കയറിക്കൊണ്ടിരുന്നു. കല്യാണ വീട്ടിലേക്ക് കയറും മുമ്പ് തന്നെ സ്രാമ്പിയും കുളവും സന്ദർശിച്ച് ആ പഴയ കഥകൾ എൻ്റെ മോന് പറഞ്ഞു കൊടുത്തു. അവൻ്റെ മൂക്കിൽ അപ്പോൾ, കല്യാണപ്പന്തലിലെ മന്തിയുടെ മണമായിരുന്നു അടിച്ചു കയറിയിരുന്നത്.



Friday, June 30, 2023

ബാപ്പ കൂടെ ഇല്ലാത്ത വലിയ പെരുന്നാളുകൾ

മാസത്തിലൊരിക്കൽ എന്ന പതിവ് തെറ്റിക്കാതെ ബാപ്പയുടെ അന്ത്യ വിശ്രമ സ്ഥാനത്ത് ഇന്നും ഞാൻ പോയി.കൂട്ടിന് എന്റെ കുഞ്ഞു മകനെയും കൊണ്ടുപോയിരുന്നു. ബാപ്പ കൂടെ ഇല്ലാത്ത പതിനഞ്ചാമത്തെ വലിയ പെരുന്നാൾ ആയിരുന്നു ഇന്നലെ. ബാപ്പ മരിച്ചിട്ട് ഇന്ന് പതിനഞ്ച് വർഷം പൂർത്തിയായി. പിതാവിനെപ്പറ്റി മൂന്ന് വർഷം മുമ്പ് എഴുതിയ ഒരു കുറിപ്പ് ഇവിടെ വായിക്കാം.

2020 ൽ ബാപ്പയെക്കുറിച്ചുള്ള ഒരു ഓർമ്മക്കുറിപ്പ് ഞാൻ ഫേസ്‌ബുക്കിലും പങ്ക് വച്ചിരുന്നു.ബാപ്പയുടെ ശിഷ്യന്മാരിൽ നിരവധിപേർ ആ കുറിപ്പ് വായിച്ച് ഞങ്ങളറിയാത്ത ഞങ്ങളുടെ ബാപ്പയുടെ സേവനങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു.

ബാപ്പ അരീക്കോട് ഗവ.ഹൈസ്‌കൂളിൽ പഠിപ്പിക്കുന്ന കാലത്ത് ഞാൻ പ്രൈമറി സ്‌കൂളിലെ വിദ്യാർത്ഥിയായിരുന്നു.അതായത് 1970 കളുടെ രണ്ടാം പകുതി മുതൽ 1980 കളുടെ ആദ്യ പകുതി വരെ.അദ്ധ്യാപകർക്ക് പോലും അന്ന് മൂവ്വായിരം രൂപയിൽ താഴെയായിരുന്നു ശമ്പളം എന്നാണ് എന്റെ ഓർമ്മ. പട്ടിണിയും പരിവട്ടവും നിറഞ്ഞാടിയ അക്കാലത്ത്, ഒരു കുട്ടിയ്ക്ക് ദിവസവും ഉച്ചയൂണ് സ്‌കൂളിന് തൊട്ടടുത്ത ഹോട്ടലിൽ ഏർപ്പാടാക്കിയിരുന്നതായി അന്നത്തെ ഒരു വിദ്യാർത്ഥി അനുസ്മരിച്ചപ്പോഴാണ് ഞങ്ങൾ അതറിയുന്നത്. പ്രസ്തുത വിദ്യാർത്ഥി ഇന്ന് അറിയപ്പെടുന്ന ഒരു ധനികനായതിനാൽ പേര് വെളിപ്പെടുത്തുന്നില്ല എന്നും പറഞ്ഞു.

കുഴിമണ്ണ ഗവ.ഹൈസ്‌കൂളിൽ പഠിപ്പിക്കുന്ന കാലത്താണെന്ന് തോന്നുന്നു, പുവർ ബോയ്‌സ് ഫണ്ട് എന്നൊരു ആശയം വീട്ടിൽ വരുന്ന പല സഹാദ്ധ്യാപകരോടും ബാപ്പ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്.അത് എന്താണ് എന്ന് ചോദിക്കാനുള്ള കോമൺസെൻസ് അന്ന് എനിക്കുണ്ടായിരുന്നില്ല.ഇല്ലായ്മയുടെ വേദനകളിൽ നിന്നും ആശങ്കകളിൽ നിന്നും അൽപ നേരത്തേക്കെങ്കിലും ഒരാശ്വാസം ലഭിക്കാൻ വീട്ടുകാർ സ്‌കൂളിലേക്ക് പറഞ്ഞ് വിടുന്ന കുഞ്ഞു മക്കൾക്ക് ഒരു നേരത്തെ ഭക്ഷണം നൽകാനുള്ള കൂട്ടായ ഒരു പരിശ്രമമായിരുന്നു അതെന്ന്  ശിഷ്യന്മാരുടെ ഈ പ്രതികരണങ്ങളിലൂടെ ഇന്ന് ഞാൻ തിരിച്ചറിയുന്നു.

നിശബ്ദ സേവനത്തിലൂടെ അനേക ഹൃദയങ്ങളിൽ കുടിയേറി ആ ഹൃദയങ്ങളെയും അതേ വഴിയിൽ നയിച്ച എന്റെ പ്രിയപ്പെട്ട ബാപ്പയ്ക്ക് സർവ്വലോകരക്ഷിതാവ് അർഹമായ പ്രതിഫലം നൽകുമാറാകട്ടെ,ആമീൻ.

Tuesday, June 30, 2020

പിതൃസ്മരണ

ജീവിതത്തിൽ എനിക്ക് റോൾ മോഡലായ എൻ്റെ പ്രിയ പിതാവ് ഇഹലോകവാസം വെടിഞ്ഞിട്ട് ഒരു വ്യാഴവട്ടം പൂർത്തിയായി. ഏതാനും മാസങ്ങൾക്ക് മുമ്പ് എൻ്റെ നാട്ടുകാരനും സഹപ്രവർത്തകനുമായ കൃഷ്ണൻ മാഷ് എന്നോട് പറഞ്ഞ ഒരു അനുഭവം ഞാനിവിടെ സ്മരിക്കട്ടെ...

"നിങ്ങളുടെ ആ ഭാഗത്ത് നിന്നും നിങ്ങളുടെ വിഭാഗക്കാരനായ ഒരധ്യാപകൻ ഉണ്ടായിരുന്നു ഞങ്ങളുടെ സ്കൂളിൽ .... പേര് ഞാനോർക്കുന്നില്ല. "

കൃഷ്ണൻ മാഷ് പറയുന്നത് മറ്റാരെപ്പറ്റിയോ ആണെന്ന് കരുതി ഞാൻ ആലോചനയിൽ മുഴുകി.

"സാമൂഹ്യപാഠം എടുത്തിരുന്ന ആ മാഷക്ക് ചെവി കേൾക്കൽ അൽപം കുറവായിരുന്നു."

ആ സ്കൂളിൽ ഈ അടയാളം ചേരുന്ന ഏക വ്യക്തി എൻ്റെ പിതാവ് മാത്രമായിരുന്നു. അതിനാൽ ബാക്കി കുടി കേൾക്കാൻ ഞാൻ കാതോർത്തു.

"ങാ... എന്നിട്ട് ?"

"അന്ന് എനിക്കൊന്നും പുസ്തകം വാങ്ങാൻ കഴിവില്ലായിരുന്നു. എൻ്റെ കൂട്ടുകാരൻ്റെ സ്ഥിതി അതിലും കഷ്ടമായിരുന്നു. അഞ്ച് ദിവസവും ധരിക്കാനായി ആകെ ഒരു ട്രൗസറും ബനിയനും മാത്രമായിരുന്നു അവനുണ്ടായിരുന്നത്.''

"ഓഹ്...  വല്ലാത്തൊരു കാലം തന്നെ ...''

" എന്നിട്ട്, ഞാൻ സൂചിപ്പിച്ച ഈ മാഷ് ഒരു ദിവസം അവനെയും കൂട്ടി അരീക്കോട് അങ്ങാടിയിൽ പോയി ... അവന് പുതിയൊരു മുണ്ടും കുപ്പായവും വാങ്ങിക്കൊടുത്തു. അന്ന് അവൻ്റെ മുഖത്തെ സന്തോഷം .... വാക്കുകൾ കൊണ്ട് വിവരിക്കാൻ പറ്റില്ല... "

നിമിഷ നേരത്തേക്ക് ഞാൻ , പിതാവ് കൂടെയുണ്ടായിരുന്ന എൻ്റെ ബാല്യകാലത്തേക്ക് പോയി. കൃഷ്ണൻ മാഷ് പിന്നെയും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. എല്ലാം കഴിഞ്ഞപ്പോൾ ഞാൻ പറഞ്ഞു.

"മാഷേ... അബ്ദുറഹ്മാൻ കുട്ടി മാസ്റ്റർ എന്ന നിങ്ങളുടെ ആ അധ്യാപകൻ എൻ്റെ പിതാവായിരുന്നു."

ബാപ്പ ഞങ്ങളെ നിരവധി നല്ല സ്വഭാവങ്ങൾ കുട്ടിക്കാലത്ത് തന്നെ പരിശീലിപ്പിച്ചിരുന്നു. ചെറിയവരോട് സ്നേഹം കാണിക്കേണ്ടത് എങ്ങനെ എന്നും മുതിർന്നവരോട് പെരുമാറേണ്ടത് എങ്ങനെ എന്നും ബാപ്പ പഠിപ്പിച്ച് തന്നു. കുട്ടികൾക്കായി ഒരു പൊതി കൽക്കണ്ടം ബാപ്പ എന്നും വാങ്ങി സൂക്ഷിക്കുമായിരുന്നു. പക്ഷികൾക്കും മൃഗങ്ങൾക്കും കുടിക്കാനായി മുറ്റത്ത് വെള്ളം വയ്ക്കുന്ന രീതി ബാപ്പ എത്രയോ മുമ്പ് തന്നെ ഞങ്ങളെ പഠിപ്പിച്ചിരുന്നു. മുറ്റവും പരിസരവും പൊതുവഴിയും അടിച്ചുവാരിയിരുന്നത് ബാപ്പയായിരുന്നു. ഞങ്ങളോടും അത് ചെയ്യാൻ കൽപിച്ചിരുന്നു. ഇന്ന് ഞാൻ ചെയ്യുന്ന മിക്ക സാമൂഹ്യ പ്രവർത്തനങ്ങളുടെയു പ്രചോദനവും ഊർജ്ജകേന്ദ്രവും എൻ്റെ പ്രിയ പിതാവ് തന്നെയായിരുന്നു.

ദൈവം അർഹമായ പ്രതിഫലം നൽകട്ടെ.. ആമീൻ.

Wednesday, July 31, 2019

കോളനി കുടുംബ സംഗമം

               കുടുംബ സംഗമത്തിന്റെ ചില നല്ല പാഠങ്ങള്‍ ഒമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ ഇവിടെ കുറിച്ചിരുന്നു. ഫേസ്‌ബുക്കിലോ മറ്റോ ആയിരുന്നെങ്കില്‍ അതിന്റെ പൊടി പോലും കാണാന്‍ കിട്ടില്ലായിരുന്നു. ഇന്ന് ഇത് ഓര്‍മ്മിക്കാന്‍ കാരണം ഒരു കുടുംബ സംഗമം തന്നെ.

               ഞങ്ങള്‍ ഒരു കോളനിയായാണ് താമസം. അതായത് എന്റെ വല്യുമ്മയുടെ 4 പെണ്മക്കളും 3 ആണ്മക്കളും അടങ്ങുന്ന കോളനി. കളിക്കാന്‍ വിശാലമായ പറമ്പുകള്‍ ഉണ്ടായിരുന്നതിനാല്‍ കളികളാല്‍ സ‌മൃദ്ധമായ ബാല്യകാലം നല്‍കിയ കോളനി (ആ കളികളില്‍ പലതും ഇവിടെ പരിചയപ്പെടുത്തിക്കൊണ്ടിരിക്കുന്നു). കളികളുടെ കൂടെ കലാഭിരുചിയും കൂടി പ്രോത്സാഹിപ്പിക്കണം എന്ന എന്റെ ബാപ്പയുടെ ആശയപ്രകാരം എല്ലാ ശനിയാഴ്ച രാത്രിയും സാഹിത്യസമാജങ്ങള്‍ ചേര്‍ന്നിരുന്ന കോളനി. നമ്പിയേട്ടനും കോരുവേട്ടനും രാമന്‍ കുട്ട്യേട്ടനും അയല്‍‌വാസികളായി ഉണ്ടായിരുന്ന കോളനി.

                 എന്റെ തലമുറ മാതാപിതാക്കളായതോടെ പലരും പലവഴിയായി. ബാപ്പയുടെ ഉപദേശ പ്രകാരം തന്നെ, വേറെ സ്ഥലത്ത് വസ്തു ഉണ്ടായിരുന്നിട്ടും ഈ കോളനിയില്‍ തന്നെ ഞാന്‍ വീട് വച്ചു. ദൈവത്തിന് സ്തുതി , അതിന്റെ ധാരാളം സദ്‌ഗുണങ്ങള്‍ ഇന്ന് എന്റെ മക്കളും അനുഭവിച്ചു കൊണ്ടിരിക്കുന്നു. വല്യുമ്മയും മൂന്ന് ആണ്മക്കളും (എന്റെ അമ്മാവന്മാര്‍) ഒരാളൊഴികെയുള്ള മറ്റു ആണ്‍ മരുമക്കളും ഇന്ന് ജീവിച്ചിരിപ്പില്ല.

                ആ വല്യുമ്മയുടെ മക്കളും പേരമക്കളും അവരുടെ മക്കളും പേരമക്കളും അടങ്ങുന്ന വിശാലമായ ഒരു കുടുംബത്തിന്റെ നാലാമത് സംഗമം ആയിരുന്നു ഇന്ന് നടന്നത്. പതിവില്‍ നിന്ന് വിപരീതമായി വല്ല്യുമ്മയുടെ സഹോദരീ സഹോദരന്മാരുടെ മക്കളെക്കൂടി ഇത്തവണ സംഗമത്തില്‍ ഉള്‍പ്പെടുത്തി. ഒപ്പം പഴയ അയല്‍‌വാസികളുടെ മക്കളും നിലവിലുള്ള അയല്‍‌വാസികളും കൂടിയായപ്പോള്‍ ഞങ്ങള്‍ക്കത് കുട്ടിക്കാലത്തേക്കുള്ള ഒരു തിരിച്ച് പോക്ക് കൂടിയായി.

                വല്യുമ്മയുടെ അനിയന്റെ പേരക്കുട്ടിയായ സിവില്‍ സര്‍വീസ് പരീക്ഷാ വിജയി ഫറാഷിനെ ആദരിച്ചു കൊണ്ടായിരുന്നു പരിപാടിയുടെ ഉത്ഘാടനം. തുടര്‍ന്ന് കുടുംബത്തിലെ ഉന്നത വിജയികളെയും അവാര്‍ഡ് ജേതാക്കളെയും ആദരിച്ചു.  കുട്ടികളുടെ കലാപരിപാടികളും വിവിധ ഏജ് ഗ്രൂപ്പിലുള്ളവര്‍ക്കുള്ള ഗെയിമുകളും കൂടി ചേര്‍ന്നപ്പോള്‍ പരിപാടികള്‍ക്ക് ഹരമേറി. സമാപന പരിപാടിയായി ടര്‍ഫില്‍ പെണ്‍കുട്ടികളുടെ പെനാല്‍ട്ടി ഷൂട്‌ഔട്ടും ജൂനിയര്‍ പെണ്‍കുട്ടികളും സബ്‌ജൂനിയര്‍ ആണ്‍കുട്ടികളും തമ്മിലുള്ള ഫുട്ബാള്‍ മത്സരവും വെറ്റെറന്‍ ഫുട്ബാളും കൂടിയായപ്പോള്‍ ഈ സംഗമം അവിസ്മരണീയമായി.
 വാല്‍: കുടുംബ സംഗമങ്ങള്‍ എത്ര വര്‍ഷം കൂടുമ്പോഴാണ് നടക്കുക എന്നാണ് ഇന്ന് സന്ധ്യാ സമയത്ത് ഈ സംഗമത്തില്‍ പങ്കെടുത്ത മിക്ക വീടുകളിലെയും ന്യൂ‌ജെനുകളുടെ ചോദ്യം !!

Tuesday, June 04, 2019

അവസാനത്തെ മാങ്ങ വീഴുമ്പോള്‍...

             Bill Myers എഴുതിയ ഒരു പുസ്തകമാണ് "When the last leaf falls".  മകള്‍ കാന്‍സര്‍ രോഗത്തിനടിമപ്പെടുമ്പോള്‍ ഒരു പിതാവിന്റെ മനോഗതികള്‍ ആണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം എന്നാണ് ഞാന്‍ മനസ്സിലാക്കിയത് (പുസ്തകം ഞാന്‍ വായിച്ചിട്ടില്ല). മുറ്റത്തെ മൂവാണ്ടന്‍ മാവ് ആണ് ആ പുസ്തകത്തെ പെട്ടെന്ന് എന്റെ മനസ്സിലേക്ക് വീണ്ടും എത്തിച്ചത്.
               ഈ വര്‍ഷത്തെ മാങ്ങാക്കാലത്തിന് തിരശ്ശീലയിട്ടുകൊണ്ട് മുറ്റത്തെ മൂവാണ്ടന്‍ മാവിലെ അവസാനത്തെ മാങ്ങയും ഭൂമിയെ ചുംബിച്ചു. 2016ല്‍ അവസാനത്തെ മാങ്ങ വീണപ്പോഴും ഞാന്‍ ഒരു പോസ്റ്റ് ഇവിടെ ഇട്ടിരുന്നു. നിപ പനിയുടെ പേടി കാരണം മാങ്ങ ഒരു ഭീകര പഴമായി മാറിയ കഴിഞ്ഞ വര്‍ഷം അവസാനം വീണ മാങ്ങക്ക് അവിടെത്തന്നെ കുഴിമാടം ഒരുക്കിയതിനാല്‍ അത് ബൂലോകം അറിയാതെ പോയി!

                 പ്രളയത്തിന് ശേഷം കാലാവസ്ഥയില്‍ വന്ന മാറ്റങ്ങള്‍ കാരണമായിരുന്നോ എന്നറിയില്ല വൃശ്ചികത്തില്‍ പൂക്കേണ്ട മാവുകള്‍ ഒന്നും തന്നെ കാര്യമായി പൂത്തില്ല. ഇക്കൊല്ലത്തെ നോമ്പിന് മുറ്റത്ത് നിന്ന് മാങ്ങ പറിക്കാന്‍ അവസരം ഇല്ലാതാകുമോ എന്ന് ആശങ്ക പരക്കുന്നതിനിടയിലാണ് ഫെബ്രുവരി മാസത്തില്‍ മാവ് പൂത്തുലഞ്ഞത്. 90 ശതമാനം പൂക്കളും കണ്ണിമാങ്ങയായതോടെ റംസാനില്‍ നോമ്പ് തുറക്കുന്ന സമയത്ത് മറ്റൊരു പഴവും വേണ്ടി വരില്ല എന്ന് തീരുമാനിച്ചു. പക്ഷേ മാങ്ങ വലുതാകും തോറും വീഴാനും തുടങ്ങിയത് വീണ്ടും ആശങ്ക പരത്തി.
               മാവിന് നനച്ചു കൊടുത്താല്‍ കണ്ണിമാങ്ങ വീഴ്ചക്ക് ശമനം ഉണ്ടാകും എന്ന് കേട്ടോ വായിച്ചോ അതോ മനനം ചെയ്തോ കിട്ടിയ അറിവില്‍ നിന്ന് എന്നും വൈകിട്ട് മാവിന്  വെള്ളം നല്‍കി.രാവിലത്തെ നടത്തത്തിനിടയില്‍, വീണുകിടക്കുന്ന കണ്ണിമാങ്ങ മുഴുവന്‍ പെറുക്കി ഭരണിയിലാക്കി ഉപ്പിലും ഇട്ടു.അടുത്ത ഒരു വര്‍ഷത്തേക്ക് അച്ചാറിനുള്ളത് ദേ ഇപ്പോള്‍ റെഡി.
             എന്റെ കണക്ക് കൂട്ടലുകള്‍ തെറ്റിയില്ല. വൈകാതെ മാങ്ങ വീഴ്ച നിന്നു. ഏപ്രില്‍ മാസം അവസാന ദിനത്തില്‍ ആദ്യത്തെ പഴുത്ത മാങ്ങ വീണു.മെയ് ആറിന് റംസാന്‍ തുടങ്ങിയ ദിവസം രാവിലെ മാവിന്‍ ചുവട്ടില്‍ നിന്നും കിട്ടിയത് മൂന്ന് പഴുത്ത മാങ്ങ - അന്ന് നോമ്പ് തുറക്ക് ദൈവം തന്ന സമ്മാനം. പിന്നെ എല്ലാ ദിവസവും മാങ്ങ കിട്ടിക്കൊണ്ടിരുന്നു. ആദ്യത്തെ ഒരാഴ്ച അണ്ണാനോ വവ്വാലോ മാങ്ങ കടിക്കാന്‍ എത്താത്തത് എന്നില്‍ ചെറിയ ഒരു ആശങ്ക ഉണ്ടാക്കി.

            എല്ലാ വര്‍ഷത്തെയും പോലെ ഈ വര്‍ഷവും മാങ്ങയുടെ മറ്റവകാശികള്‍ക്ക് കൂടി അത് എത്തിക്കണം എന്നതിനാല്‍ മെയ് 14ന് ആദ്യത്തെ മാങ്ങാ പറിക്കല്‍ കര്‍മ്മം നടത്തി.
            പറിച്ച മാങ്ങ ഏകദേശം മുഴുവന്‍ തന്നെ മറ്റു വീടുകളില്‍ എത്തി അവരുടെ നോമ്പുതുറയില്‍ ചേര്‍ന്നു.
             കൂടുതല്‍ വീടുകളിലേക്ക് നല്‍കാനായും ഞങ്ങളുടെ ആവശ്യത്തിനായും മെയ് 18ന് അടുത്ത പറിക്കലും നടത്തി. വവ്വാലിനും അണ്ണാനും തിന്നാന്‍ അപ്പോഴും നിരവധി മാങ്ങകള്‍ ബാക്കി ഉണ്ടായിരുന്നു.
              മെയ് 23ന് ഒരു ഉത്സവം തന്നെയായിരുന്നു നടത്തിയത്. അയല്പക്കത്തും ബന്ധുക്കളിലും ഇനിയും ഈ വര്‍ഷം മൂവാണ്ടന്‍ മാങ്ങ തിന്നാത്തവര്‍ ഉണ്ടാകരുത് എന്ന വാശി അന്ന് ലൂനമോളുടെ പഴക്കൂട നിറഞ്ഞു കവിയാന്‍ കാരണമായി.
             അണ്ണാനും കാക്കയും മാങ്ങ വെറും ടേസ്റ്റ് നോക്കി ഉപേക്ഷിക്കാന്‍ തുടങ്ങിയതോടെ ഒരു തവണ കൂടി മാങ്ങ പറിച്ചു വയ്ക്കാന്‍ തീരുമാനിച്ചു.
അങ്ങനെ മെയ് 28ന് അവസാനത്തെ മാങ്ങ പറിക്കലും നടത്തി.
            നാല് തവണയും കൂടി 125 മാങ്ങ ഞാന്‍ പറിച്ചു. എകദേശം അത്ര തന്നെ അണ്ണാന്‍ തിന്നും വവ്വാല്‍ കടിച്ചും കാറ്റില്‍ ഞെട്ടറ്റും നിലം പൊത്തി. മാനത്ത് ശവ്വാലമ്പിളി ദൃശ്യമാകുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പ് അവസാന മാങ്ങയും വീണതോടെ ഈ റംസാന്‍ നോമ്പ് മുഴുവന്‍ എന്റെ മൂവാണ്ടന്‍ മാവു തന്നെ ഞങ്ങള്‍ക്കുള്ള മാമ്പഴം തന്നു - അല്‍ഹംദുലില്ല , ദൈവത്തിന് സ്തുതി.
മുറ്റത്തൊരു മാവ് നട്ടാല്‍ നോമ്പ് കാലത്ത് നിങ്ങള്‍ക്കും അതില്‍ നിന്ന് ഭക്ഷിക്കാം.

Tuesday, April 30, 2019

പുസ്തകലോകത്തേക്ക്... (അവധിക്കാലം-6)

              ഒരു വർഷത്തെ പാഠ്യപുസ്തക ലോകത്തിൽ നിന്നും കര കയറുന്ന സമയമാണ് പലർക്കും വേനലവധിക്കാലം. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം വായനയുടെ പുതിയൊരു ലോകത്തിലേക്കുള്ള കാൽ‌വയ്പ്പായിരുന്നു വേനലവധിക്കാലങ്ങൾ. വീട്ടിൽ ബാപ്പ ഒരുക്കിയ പുസ്തകങ്ങളുടെ ലോകത്തേക്ക് സ്വസ്ഥമായി ഇറങ്ങിത്തിരിക്കാൻ പറ്റുന്ന കാലം. മതവും ശാസ്ത്രവും കഥയും കുഞ്ഞ് കുഞ്ഞ് നോവലുകളും അടങ്ങിയ വായനയുടെ ഈ വസന്തത്തിലേക്ക് ചേക്കേറാൻ ഞങ്ങൾക്ക് ഏറെ ഇഷ്ടമായിരുന്നു. കാരണം, വായിച്ച കാര്യങ്ങളിൽ നിന്ന് ചോദ്യമില്ല , മുഷിപ്പ് തോന്നുമ്പോൾ നിർത്താം , ആ ഭാഗം ഉപേക്ഷിച്ച് മറ്റു ഭാഗത്തേക്ക് നീങ്ങാം തുടങ്ങീ നിരവധി ആനുകൂല്യങ്ങൾ ഉള്ള വായനയായിരുന്നു അത്.

             വീട്ടിലെ ലൈബ്രറി ഞങ്ങളുടെ വായനക്ക് തികയില്ല എന്നതു കൊണ്ടോ അതല്ല ഞങ്ങളുടെ പ്രായത്തിനും ഇഷ്ടത്തിനും അനുസരിച്ചുള്ള പുസ്തകങ്ങൾ കുറവായതിനാ‍ലാണോ എന്നറിയില്ല അവധിക്കാലം തുടങ്ങി രണ്ടാമത്തെയോ മൂന്നാമത്തെയോ ദിവസം തന്നെ ബാപ്പ ഞങ്ങളെ അദ്ദേഹം പഠിപ്പിച്ചിരുന്ന അരീക്കോട് ഗവ. ഹൈസ്കൂളിലേക്ക് പറഞ്ഞയക്കും. അവിടെ ലൈബ്രറിയിൽ നിന്നും ആവശ്യമായ പുസ്തകങ്ങൾ എടുക്കാനാണ് രണ്ട് രണ്ടര കിലോമീറ്റർ നടന്നുള്ള പൊരിവെയിലത്തെ ഈ യാത്ര. അങ്ങനെയുള്ള ഒരു യാത്രയിലെ കശുവണ്ടിക്കാലത്താണ് ബാര്‍ട്ടര്‍ സമ്പ്രദായം നടപ്പിലാക്കുന്നത് ഞാന്‍ ആദ്യമായി  കണ്ടത്.

          ഒരിക്കല്‍ വെയിലേറ്റ് തളര്‍ന്ന് ഒരു മരത്തിന്റെ തണലില്‍ ഞാനും അനിയനും അല്പനേരം ഇരുന്നു. മണ്ണില്‍ ചമ്രം പടിഞ്ഞ് മരത്തില്‍ ചാരി ഇരിക്കാന്‍ വല്ലാത്തൊരു സുഖം തന്നെയായിരുന്നു. ഏറ്റവും പുതിയ കുപ്പായമായിരുന്നു അന്ന് ധരിച്ചിരുന്നത്. തിരിച്ച് വീട്ടില്‍ എത്തിയപ്പോള്‍ കുപ്പായത്തിന്റെ പുറത്ത് ഒത്ത നടുവിലായി നല്ലൊരു വട്ടത്തില്‍ കറ പിടിച്ചിരുന്നു. അന്ന് ഞാന്‍ ചാരിയിരുന്നത് ഒരു റബ്ബര്‍ മരത്തിലായിരുന്നു. വളരെക്കാലം കറ പിടിച്ച ആ കുപ്പായം ധരിച്ച് തന്നെ ഞാന്‍ സ്കൂളില്‍ പോയി.

               വേനലവധിക്കാലം കുട്ടികളുടെ സര്‍വ്വതോന്മുഖമായ വളര്‍ച്ചക്കും വികാസത്തിനും ഉപകരിക്കുന്ന വിധത്തില്‍ ഉപയോഗപ്പെടുത്താന്‍ എന്റെ പ്രിയ പിതാവ് എന്തൊക്കെ ചെയ്തിരുന്നോ അതൊക്കെ എന്റെ മക്കള്‍ക്കും നല്‍കാന്‍ ഞാന്‍ ഏറെ ശ്രദ്ധിക്കുന്നുണ്ട്. അന്നത്തെപ്പോലെ മറ്റു സ്കൂള്‍ ലൈബ്രറി ഉപയോഗിക്കാന്‍ സാധിക്കില്ല എന്നതിനാലും കുട്ടികള്‍ റിസ്ക് എടുക്കാന്‍ തയ്യാറാകാത്തതിനാലും ഞാന്‍ ഒരു ഹോം ലൈബ്രറി തന്നെ സ്ഥാപിച്ചു. ഈ വേനലവധിയുടെ തുടക്കത്തില്‍ തന്നെ കുടുംബ സമേതം ഡി.സി.ബുക്സില്‍ പോയി കുട്ടികളുടെ ഇഷ്ടപ്രകാരമുള്ള കുറെ പുസ്തകങ്ങളും വാങ്ങി. അതും മുമ്പ് വാങ്ങിയ പുസ്തകങ്ങളും വായിച്ച് മൂത്തവര്‍ രണ്ടു പേരും അവധി ഉപയോഗപ്പെടുത്തുമ്പോള്‍ ഇളയവര്‍ രണ്ട് പേരും അത് കണ്ട് വളര്‍ന്ന് വരുന്നു. സന്ദര്‍ശകരായി വരുന്ന പലര്‍ക്കും വീട്ടിലെ ഈ ലൈബ്രറി ഒരു പ്രചോദനവും ആയിക്കൊണ്ടിരിക്കുന്നു.

(തുടരും...)

Saturday, February 23, 2019

ബാപ്പയുടെ മകൻ

             അരീക്കോട് പാലം ഉത്ഘാടനം ചെയ്യപ്പെടുന്നതിന് മുമ്പ് കോഴിക്കോട്ടേക്ക് പോയിരുന്നത് കൊണ്ടോട്ടി വഴി മാത്രമായിരുന്നു (ഇന്ന് കോഴിക്കോട്ടേക്ക് ആരും പോകാത്ത വഴിയും അതു തന്നെ!). വേനലവധിക്കാലത്ത് ബാപ്പയുടെ നാടായ നൊച്ചാട്ടേക്ക് ഞങ്ങൾ പോയിരുന്നത് അതു വഴിയായിരുന്നു. ഈ  യാത്രയില്‍ കോഴിക്കോട് കഴിഞ്ഞാല്‍ ഇന്നും മനസ്സില്‍ തങ്ങി നില്‍ക്കുന്ന ഒരു സ്ഥലപ്പേരാണ് അത്തോളി.ഇടുങ്ങിയ റോഡ് എത്തുമ്പോള്‍ മനസ്സിലാക്കാം അത്തോളി എത്തി എന്ന്. എന്റെ കുട്ടിക്കാലത്തെ മന്ത്രിമാരില്‍ പ്രധാനിയായിരുന്ന (മഞ്ചേരിയുടെ എം.എല്‍.എ യും) സി.എച്.മുഹമ്മദ് കോയയുടെ ജന്മനാട് കൂടിയായിരുന്നു അത്തോളി. എന്റെ പിതാവിന്റെ അദ്ധ്യാപക ജീവിതം ആരംഭിക്കുന്നതും അത്തോളിയില്‍ നിന്നാണെന്ന് മുമ്പെന്നോ ബാപ്പ പങ്കു വച്ചതായി  ഞാന്‍ ഓര്‍ക്കുന്നു.

             പല നാടുകളുടെയും മുഖഛായ മാറിയപോലെ അത്തോളിയും മാറി. പക്ഷെ റോഡ് ഇന്നും ഇടുങ്ങിയത് തന്നെ. അതിനാൽ അത്തോളി എത്തുന്നത് പെട്ടെന്ന് അറിയാൻ ഇന്നും സാധിക്കും. റോഡ് വക്കിൽ തന്നെയുള്ള ഹൈസ്കൂളിന്റെ ഗേറ്റിന് മുമ്പിൽ തന്നെയാണ് ബസ്‌സ്റ്റോപ്പും. ബാപ്പയുടെ അദ്ധ്യാപകാരങ്ങേറ്റം നടന്ന സ്കൂൾ പലതവണ ബസ്സിലിരുന്ന് കണ്ടിരുന്നു. ബാപ്പ ജീവിച്ചിരുന്ന സമയത്തും പിന്നീടും ഈ സ്കൂളിനെപ്പറ്റി അധികം കാര്യങ്ങൾ പറയാത്തതിനാൽ അവിടെ സന്ദർശിക്കാൻ ഇന്നുവരെ തോന്നിയതേ ഇല്ല.

          ദിവസങ്ങൾക്ക് മുമ്പ് എന്റെ സഹപ്രവർത്തകയും അത്തോളി ഹൈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനിയുമായ സൽമ ടീച്ചർ ഒരു ചെറിയ ആവശ്യവുമായി എന്നെ സമീപിച്ചു.സ്കൂളിലെ സയൻസ് - ഐ ടി ക്ലബുകളിലെ അംഗങ്ങൾക്ക് വേണ്ടി ഒരു മോട്ടിവേഷൻ ക്ലാസ് എടുക്കണം.പൂർവ്വ വിദ്യാർത്ഥീ സംഘടനകൾക്കാണ് ഇത്തരം സംഗതികൾ അറേഞ്ച് ചെയ്യാനുള്ള ചുമതല നൽകിയിരിക്കുന്നത്.

        പ്ലസ് വണ്ണിന് താഴെയുള്ള കുട്ടികൾക്ക് ക്ലാസെടുത്തുള്ള പരിചയം വളരെ കുറവായതിനാൽ ചെറിയൊരു ആശങ്കയോടെയാണ് ഞാൻ അത് ഏറ്റെടുത്തത്. കുട്ടികൾക്ക് ശാസ്ത്രജ്ഞരെ പരിചയപ്പെടുത്തുന്ന ‘ഷാഹിനയുടെ സ്കൂൾ’ എന്ന പുസ്തകം വായിച്ച പരിചയത്തിൽ നിന്നും ഞാൻ ചില കാര്യങ്ങൾ മനസ്സിലാക്കിയിരുന്നു. സയൻസിന് ദൈനംദിന ജീവിതവുമായിട്ടുള്ള ബന്ധത്തിലൂന്നി അല്പം നർമ്മത്തോടെ അവതരിപ്പിച്ചാൽ കുട്ടികളെ പിടിച്ചിരുത്താൻ സാധിക്കും എന്നതായിരുന്നു അതിൽ പ്രധാനം.

           അങ്ങനെ തികച്ചും യാദൃശ്ചികമായി, ബാപ്പ അരങ്ങേറ്റം നടത്തിയ  അതേ സ്കൂളില്‍,  അത്തോളിയുമായി യാതൊരു ബന്ധവും ഇല്ലാത്ത ഞാനും ഈ രംഗത്ത് അരങ്ങേറ്റം നടത്തി. ഉച്ചക്ക് ശേഷമായിട്ടും ഒന്നര മണിക്കൂറോളം കുട്ടികളെ ഉണർത്തിയിരുത്താൻ സാധിച്ചു. ക്ലാസിന് ശേഷം, കുട്ടികൾക്കും അദ്ധ്യാപകർക്കും ഉണ്ടായ സംശയങ്ങൾക്ക് മറുപടിയും നൽകി. വർഷങ്ങളായി എൻ.എസ്.എസ് മോട്ടിവേഷൻ ക്ലാസ്സുകൾ എടുക്കുന്ന എനിക്കും ഈ വ്യത്യസ്തത ഇഷ്ടപ്പെട്ടു.
അവസരം ഒരുക്കി തന്ന സൽമ ടീച്ചർക്കും, സ്കൂളധികൃതർക്കും, സാകൂതം ശ്രദ്ധിച്ച പ്രിയപ്പെട്ട മക്കൾക്കും ഹൃദയം നിറഞ്ഞ നന്ദി.

Thursday, April 05, 2018

ജന്മദിനത്തിൽ തൈ ഒന്നു നട്ടാൽ - 1

                 വിശേഷ ദിവസങ്ങളിൽ മുറ്റത്ത് എന്തെങ്കിലും ഒരു വൃക്ഷത്തൈ നടുന്നത് വർഷങ്ങളായി ഞാൻ തുടരുന്നതും മറ്റുള്ളവരോട് അപേക്ഷിക്കുന്നതും ആയ ഒരു കുഞ്ഞു പ്രവർത്തനമാണ്. എല്ലാവരും പ്രാവർത്തികമാക്കിയാൽ ശുദ്ധവായു ശ്വസിക്കുന്നതോടൊപ്പം നാലോ അഞ്ചോ വർഷം കഴിയുമ്പോൾ നല്ല പഴങ്ങളും തിന്നാം. ഇക്കഴിഞ്ഞ മാസവും രണ്ട് മക്കളുടെയും ജന്മ ദിനത്തിൽ നടാനായി രണ്ട് തൈകൾ  അവർക്ക് നൽകി.

                 മധ്യ വേനലവധിയായി. എന്റെ ബാപ്പ ജീവിച്ചിരുന്ന കാലത്ത് അവധിക്കാലം എന്നത് ഞങ്ങൾക്ക് പഴക്കാലം കൂടിയായിരുന്നു. ബാപ്പ നട്ട പല മരങ്ങളിലും കായ പിടിക്കാൻ തുടങ്ങുന്ന കാലം ആണ് ഞങ്ങളുടെ സ്കൂൾ പൂട്ടുന്ന കാലമായി ഞങ്ങൾ മനസ്സിലാക്കിയിരുന്നത്. ഇന്ന് എന്റെ മക്കളും ഒരു പക്ഷെ അങ്ങനെയാകും കരുതുന്നത്.

                 ഈ മധ്യ വേനലവധിക്കാലം എന്റെ വീട്ടു മുറ്റം ഫല സ‌മൃദ്ധം കൂടിയാണ്. കാലങ്ങളായി മുരടിച്ച് നിന്നിരുന്നതും പല തവണ വച്ചിട്ടും പിടിക്കാൻ മടിച്ചതുമായ ചാമ്പ മരം ഇത്തവണ ആദ്യമായി പൂവിട്ടു. ഇപ്പോൾ അതിൽ കായയും പിടിച്ചു. എന്റെ മക്കൾ ആദ്യമായി സ്വന്തം വീട്ടിൽ നിന്നുള്ള ചാമ്പക്കയുടെ രുചി അനുഭവിച്ചു.അവർ നനക്കുന്നത് കൂടി ആയതിനാൽ രുചി കൂടുതലായി തോന്നും.
               ചാമ്പ മരത്തിന്റെ തൊട്ട അയൽ‌വാസിയായി നാലഞ്ച് വർഷമായി ഒരു സപ്പോട്ട മരവും ഉണ്ട്. സ്കൂളിൽ പഠിക്കുന്ന കാലത്തേ മൂത്താപ്പയുടെ വീട്ടിലുണ്ടായിരുന്ന വലിയൊരു സപ്പോട്ട മരം കുട്ടികളായ ഞങ്ങളെ കൊതിപ്പിച്ചിരുന്നു. പക്ഷെ എന്റെ ഈ തൈ ബഡ് ചെയതതായതിനാൽ അധികം ഉയരമില്ല.രണ്ടാം ക്ലാസുകാരി ലൂനമോൾക്ക് പോലും കയ്യെത്തും ഉയരത്തിൽ സപ്പോട്ട മരത്തിലും കായ പിടിച്ചു. സ്നേഹപരിചരണത്തിനനുസരിച്ചുള്ള വലുപ്പം കായയിൽ കാണുന്നുണ്ട്.
                    മുറ്റത്തെ മൂവാണ്ടൻ മാവിനെപ്പറ്റി ഞാൻ പല തവണ ഇവിടെ പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ തവണ പൂവ് കുറഞ്ഞതിന് പലിശ അടക്കം തന്നാണ് ഇത്തവണ അവൾ പുഷ്പിണിയാകുന്നത്. ഒന്നും രണ്ടും അല്ല അഞ്ച് ഘട്ടങ്ങളായി പൂത്തുലഞ്ഞ്, വിവിധ വലിപ്പത്തിലുള്ള മാങ്ങകളുമായി സന്ദർശകരെ മുഴുവൻ ഒരു നിമിഷം നോക്കാൻ പ്രേരിപ്പിക്കുന്നു. അച്ചാറിടാനുള്ള കണ്ണിമാങ്ങയും കറിയിലിടാനുള്ള പുളിമാങ്ങയും ചെത്തി തിന്നാനുള്ള പഴുത്ത മാങ്ങയും ഒരേ സമയം ഒരൊറ്റ മാവിൽ നിന്ന് നേരിട്ട് കൈകൊണ്ട് പറിക്കുന്നു!
             വീട്ടിൽ തന്നെ മുളപ്പിച്ച തൈ, അരിനെല്ലിക്കയാണെന്ന് തെറ്റിദ്ധരിച്ച് ഏതോ ഒരു വിശേഷ ദിവസത്തിൽ വച്ചു. കഴിഞ്ഞ മൂന്ന് വർഷങ്ങളായി നല്ല ഇരുമ്പൻ പുളിയാണ് അവൾ തരുന്നത്. ഉപ്പു തിരുമ്മി തിന്നാനും കറിയിലിടാനും അച്ചാറിടാനും ജ്യൂസടിക്കാനും  ആവശ്യമുള്ളവർ എല്ലാം അതിൽ നിന്ന് പറിച്ചു കൊണ്ടു പോകുന്നു.
                  ഇനിയുമുണ്ട് വീട്ടുമുറ്റത്തെ ഫലങ്ങളെപ്പറ്റി പറയാൻ. ഇപ്പോൾ പൂവിട്ടുകൊണ്ടിരിക്കുന്നതും കാ പിടിക്കുന്നതും മറ്റും മറ്റും...അടുത്തതിൽ പറയാം.

ജന്മദിനത്തിൽ തൈ ഒന്നു നട്ടാൽ - 2 

Monday, January 29, 2018

ഹോം ലൈബ്രറി

              എന്റെ ബാപ്പയും ഉമ്മയും ഹൈസ്കൂൾ  അദ്ധ്യാപകരായിരുന്നതിനാൽ ഞങ്ങളുടെ കുട്ടിക്കാലം മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായിരുന്നു. പഠിക്കാൻ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം പരന്ന വായനക്കും ഞങ്ങളെ ശീലിപ്പിച്ചിരുന്നു. വീട്ടിൽ സ്വന്തമായി ഒരു ലൈബ്രറി ഉണ്ടായിരുന്നത് ഞങ്ങളുടെ വീട്ടിൽ മാത്രമായിരുന്നു. എന്റെ മൂത്താപ്പമാരും മൂത്തുമ്മമാരും അമ്മാവന്മാരും എല്ലാം അദ്ധ്യാപകരായിട്ടും അവിടെയൊന്നും കാണാത്തതായിരുന്നു ഈ ഹോം ലൈബ്രറി.

             മതവുമായി ബന്ധപ്പെട്ട പുസ്തകങ്ങൾക്കൊപ്പം തന്നെ ശാസ്ത്ര സംബന്ധിയായ നിരവധി പുസ്തകങ്ങളും ഞങ്ങളുടെ ലൈബ്രറിയിൽ ഉണ്ടായിരുന്നു. വിജ്ഞാനകോശങ്ങളും ചരിത്രപുസ്തകങ്ങളും എല്ലാം ഉണ്ടായിരുന്നു. പുസ്തകം വാങ്ങിക്കൊണ്ടു വരുന്നത് ബാപ്പ തന്നെയായിരിക്കും.അത് പൊതിയേണ്ടതും നമ്പറിട്ട് രെജിസ്റ്ററിൽ ചേർക്കേണ്ടതും എന്റെ ഡ്യൂട്ടി ആണ്.തുണിത്തരങ്ങൾ വാങ്ങുമ്പോൾ അത് ഇട്ടുതരുന്ന കടലാസ് കവർ , പഴയ കലണ്ടറുകൾ, മോഡേൺ ബ്രഡ്ഡിന്റെ കവർ, വാരാന്തപതിപ്പുകൾ,ആഴ്ചപതിപ്പിന്റെ പുറം ചട്ട തുടങ്ങിയവയായിരുന്നു പുസ്തകം പൊതിയാൻ ഉപയോഗിച്ചിരുന്ന വസ്തുക്കൾ.

                2008 ജൂണിൽ എന്റെ പ്രിയപ്പെട്ട പിതാവ് മരിക്കുമ്പോൾ ആ ലൈബ്രറിയിൽ അറുനൂറിലധികം പുസ്തകങ്ങൾ ഉണ്ടായിരുന്നു. ഇന്നും അവയിൽ ഭൂരിഭാഗവും തറവാട്ടിലുണ്ട്. ഈ അനുഭവത്തിന്റെ വെളിച്ചത്തിൽ പുതിയതായി വീട് എടുക്കുമ്പോൾ എന്റെ മനസ്സിൽ ആദ്യം വന്ന രണ്ട് ആശയങ്ങൾ ഇവയായിരുന്നു - ഫർണ്ണീച്ചർ മുക്തമായ ഒരു നമസ്കാരമുറിയും കുട്ടികളുടെ വായന കം ലൈബ്രറി റൂമും വീട്ടിൽ ഉണ്ടായിരിക്കണം.

                   ലക്ഷങ്ങൾ ചെലവാക്കി നിർമ്മിക്കുന്ന പല വീടുകൾക്കും ഈ രണ്ട് റൂമുകളും കാണാറില്ല. ഒരു ബെഡ് റൂമിനോളം വലിപ്പമുള്ള എന്റെ നമസ്കാരമുറി എന്നെയും കുടുംബത്തെയും എന്നും ദൈവത്തോട് അടുപ്പിക്കുന്നു. തറവാട്ടിൽ അങ്ങനെ ഒരു മുറി ഇല്ലായിരുന്നു.അതുകാരണം അനുഭവപ്പെട്ട ബുദ്ധിമുട്ടാണ് എനിക്ക് വെളിച്ചം നൽകിയത് (തറവാട് പൊളിച്ച് അനിയൻ പുതിയ വീട് വച്ചു താമസം തുടങ്ങി. എന്റെ കാഴ്ചപ്പാട് അല്ല അവന്റേത് എന്നതിനാൽ ഈ രണ്ട് റൂമുകളും അവിടെ ഇല്ല).

              പലരും സ്ലോപ് ആക്കി വാർത്ത് ഉപയോഗശൂന്യമാക്കുന്ന കാർപോർച്ചിന്റെ മുകൾ ഭാഗത്ത് (ഫസ്റ്റ് ലാന്റിങിൽ - സിവിൽ എഞ്ചിനീയറിംഗിൽ അതിന് പ്രത്യേക പേര് ഉണ്ട്) ആണ് എന്റെ ലൈബ്രറി റൂം. വീട്ടിൽ താമസം തുടങ്ങിയിട്ട് ഏഴ് വർഷം കഴിഞ്ഞെങ്കിലും പല കാരണങ്ങളാൽ ഈ മുറി ഒന്ന് രൂപപ്പെടുത്തിയെടുക്കാൻ എനിക്ക് സാധിച്ചിരുന്നില്ല.  എന്റെ മനസ്സിലെ ലൈബ്രറിയുടെ ചിത്രം ആശാരിമാരും പെയിന്റർമാരും ഇൻഡസ്ട്രിയൽ പണിക്കാരും ഇലക്ട്രീഷ്യന്മാരും കൂടി ഇപ്പോൾ മുഴുവനാക്കി തന്നു.
                  അകത്ത് ചെറിയ ഒരു കോണി വഴി മുകളിൽ സംവിധാനിച്ച (മുമ്പ് ഉണ്ടായിരുന്ന റാക്ക് - ഇന്ന് വീടിന്റെ സൌന്ദര്യം ഇല്ലാതാക്കും എന്ന് പറഞ്ഞ് ഒഴിവാക്കുന്നത്) അലമാരകളിലെ പുസ്തകം എടുക്കാം. കുട്ടികൾക്ക് പേടി കൂടാതെ ഉയരത്തിൽ കയറി ഇരിക്കുകയും ചെയ്യാം.
ഈ ഫോട്ടോ എടുത്തത് നഫ്സൽ കാവനൂർ 
                 
                    താഴെ മൂന്ന് മക്കൾക്കും വായിക്കാനുള്ള സൌകര്യവും അവരുടെ പുസ്തകങ്ങളും ബാഗുകളും മറ്റു പഠന സാമഗ്രികളും സൂക്ഷിക്കാനുള്ള ഇടവും ഉണ്ടാക്കിക്കൊടുത്തു. ഒപ്പം ഇന്റെർനെറ്റ് കണക്ഷനോട് കൂടിയ കമ്പ്യൂട്ടർ സംവിധാനവും ഒരുക്കി. ചെറിയ അലങ്കാര വസ്തുക്കൾ അടുക്കി വച്ച് മോടി കൂട്ടാൻ കുഞ്ഞു റാക്കുകളും പിടിപ്പിച്ചു. അലമാര ഉണ്ടാക്കുമ്പോഴുണ്ടായ വേസ്റ്റ് കഷ്ണങ്ങളിൽ നിന്ന്, ഇരിക്കാനുള്ള മൂന്ന് സ്റ്റൂളുകളും ഒരു വേസ്റ്റ് ബാസ്ക്കറ്റും കൂടി ഉണ്ടാക്കി.
                                      
                ഫോട്ടോയിൽ കാണുന്നത് മുൻ മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഉപഡയരക്ടറും ഇപ്പോൾ കേരള സംസ്ഥാന പൊതുവിദ്യാഭ്യാസ QIP ഡെപ്യൂട്ടി ഡയരക്ടറും ആയ എന്റെ സുഹൃത്ത് പി സഫറുല്ല മാസ്റ്റർ എന്റെ ലൈബ്രറി സന്ദർശിക്കുന്നതാണ്. ഇപ്പോൾ പലരും ഹോം ലൈബ്രറിയുടെ മാതൃക കാണാൻ വീട്ടിൽ വരുമ്പോൾ ഞങ്ങൾ സന്തോഷിക്കുന്നു - വായനയെ തിരികെക്കൊണ്ടു വരാൻ ഒരു കൈ സഹായം ചെയ്യാൻ സാധിക്കുന്നതിൽ.

Sunday, December 31, 2017

പുതുവര്‍ഷം വരുമ്പോള്‍...

              പുതുവര്‍ഷം വരുമ്പോള്‍ എന്റെ ഓര്‍മ്മയില്‍ നിറയുന്നത് പോസ്റ്റ്മാന്‍ ബാലേട്ടനാണ്. ഏകദേശം ഡിസംബര്‍ 15 മുതല്‍ ജനുവരി 5 വരെ അവധി ദിനങ്ങളിലൊഴികെ എല്ലാ ദിവസവും ബാലേട്ടന്‍ ഞങ്ങളുടെ കുന്ന് കയറി എത്തും - എനിക്കുള്ള ഗ്രീറ്റിംഗ് കാര്‍ഡുകളും കത്തുകളും തരാന്‍. ചില ദിവസങ്ങളില്‍ അഞ്ചും ആറും ഒക്കെ ഉരുപ്പടികള്‍ ഉണ്ടാകും. പത്ത് മണിയായാല്‍ ബാലേട്ടന്റെ വരവിനുള്ള ആ കാത്തിരിപ്പിന് ഒരു പ്രത്യേക സുഖം തന്നെയായിരുന്നു.

               ഈ സീസണില്‍ ലഭിക്കുന്ന തപാല്‍ ഉരുപ്പടികളില്‍ മിക്കവയും ആശംസാ കാര്‍ഡുകള്‍ ആയിരിക്കും. പ്രീഡിഗ്രിക്കും ഡിഗ്രിക്കും പി.ജിക്കും ഒപ്പം പഠിച്ചവരുടെതായിരുന്നു അതില്‍ കൂടുതലും. അറിയാത്ത ചിലര്‍ അയച്ചവയും ഉണ്ടാകാറുണ്ട്. ആണ്‍‌കുട്ടികള്‍ അയക്കുന്ന കാര്‍ഡുകള്‍ പലതും ‘ലോക്കല്‍’ ആയിരിക്കും. 15 പൈസക്ക് കിട്ടിയിരുന്ന പോസ്റ്റ്കാര്‍ഡില്‍ ചിത്രം വരച്ച് അയച്ചവരും അയക്കുന്നവരും ഉണ്ടായിരുന്നു.

                ഗ്രീറ്റിംഗ് കാര്‍ഡിനെപ്പറ്റി ആലോചിക്കുമ്പോള്‍ എനിക്ക് നഷ്ടമായ ഒരു കാര്‍ഡിനെ ഓര്‍ത്ത് ഞാന്‍ ഇന്നും ദു:ഖിക്കാറുണ്ട്. ഞാന്‍ രണ്ടിലോ മൂന്നിലോ പഠിക്കുന്ന കാലത്ത് എന്റെ പിതാവിന് ആരോ അയച്ച കാര്‍ഡ് ആയിരുന്നു അത്. ഒരു പുഴയിലൂടെ വഞ്ചി തുഴയുന്ന ഒരാളുടെ ചിത്രമായിരുന്നു അതില്‍. ബാപ്പ എനിക്ക് തന്ന ആ കാര്‍ഡ് ഞാന്‍ ക്ലാസ്സില്‍ കൊണ്ടുപോയി. ഗ്രീറ്റിംഗ് കാര്‍ഡ് എന്നാല്‍ എന്ത് എന്നുപോലും അറിയാത്ത, ക്ലാസ്സിലെ കുട്ടികള്‍ക്ക് അത് കാണിക്കുന്നതിന് മുമ്പെ അധ്യാപകന്റെ ശ്രദ്ധയില്‍ പെട്ടു. അദ്ദേഹം ആ കാര്‍ഡ് വാങ്ങി. അത് എന്നെന്നേക്കുമായി എന്റെ കയ്യില്‍ നിന്നും പോയി.  പില്‍‌കാലത്ത് കാര്‍ഡ് വാങ്ങുമ്പോഴെല്ലാം ഞാന്‍ ഇത്തരം സീനറി തെരഞ്ഞെടുക്കാന്‍ ഒരു കാരണവും അതായിരിക്കാം.

                 മറ്റൊരു കാര്‍ഡ് ഓര്‍മ്മ പ്രീഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് എന്റെ പേരില്‍ ബോയ്സ് ഹോസ്റ്റലിലേക്ക് വന്ന ഒരു കാര്‍ഡ് ആണ്. " Love All , Trust Few , Follow One " എന്ന സന്ദേശമെഴുതി മൂന്ന് അരയന്നങ്ങള്‍ നീന്തിത്തുടിക്കുന്ന ചിത്രമുള്ള ഒരു കാര്‍ഡ്. അത് അയച്ചതാകട്ടെ അതേ കാലത്ത് ഞങ്ങളുടെ ക്ലാസ്സുകളില്‍ പഠിച്ചിരുന്ന ഗേള്‍‌സ് ഹോസ്റ്റലിലെ ഒരു കൂട്ടം പെണ്‍കുട്ടികളും. എന്റെ പേരില്‍ ആണ് വന്നതെങ്കിലും ഉള്ളടക്കം ഞങ്ങളെ എല്ലാവരെയും ഉദ്ദേശിച്ചായിരുന്നു. മേല്‍‌വിലാസം എഴുതിയ ഹാന്റ്‌റൈറ്റിംഗ് അടക്കം അന്ന് ചിലരുടെ “പ്രത്യേക ഗവേഷണത്തിന്” കാരണമായി.

                  കാര്‍ഡ് വാങ്ങാന്‍ ബാപ്പ പ്രത്യേകം പോക്കറ്റ് മണി അനുവദിക്കാത്തതിനാല്‍ വില കൂടിയ കാര്‍ഡുകള്‍ വാങ്ങാന്‍ അന്ന് എനിക്ക് നിര്‍വ്വാഹമില്ലായിരുന്നു. അതിനാല്‍ തന്നെ ചാര്‍ട്ട് പേപ്പര്‍ വാങ്ങി അതില്‍ ചിത്രം വരച്ച് (അത്യാവശ്യം നന്നായി വരക്കാന്‍ അറിയാമായിരുന്നു) ആശംസാ സന്ദേശം അയക്കുന്ന പതിവും എനിക്കുണ്ടായിരുന്നു. പി.ജി ക്ക് തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജില്‍ പഠിക്കുന്ന സമയത്ത് എന്റെ സീനിയര്‍ ആയിരുന്ന പെരുമ്പാവൂരുകാരന്‍ ബാബു അന്ന് (1996 ലോ 97ലോ) അവന് ഞാന്‍ അയച്ച ചില കാര്‍ഡുകള്‍ ഈ അടുത്ത് വാട്ട്സാപ്പിലൂടെ എനിക്ക് തിരികെ അയച്ചു തന്നു !! എനിക്ക് അന്ന് കിട്ടിയ മിക്ക കാര്‍ഡുകളും ഞാനും സൂക്ഷിച്ചിരുന്നു. പിന്നീടത് മക്കള്‍ കൈക്കലാക്കി.

                  ഇന്ന് ആശംസാകാര്‍ഡുകള്‍ ഒന്നും എനിക്കോ എന്റെ മക്കള്‍ക്കോ കിട്ടാറില്ല. എല്ലാവര്‍ക്കും വാട്ട്സാപ്പ് വഴി നിരവധി സന്ദേശങ്ങള്‍ ലഭിക്കുന്നു. അവ തുറന്ന് നോക്കുകപോലും ചെയ്യാതെ ഡെലീറ്റ് ചെയ്യപ്പെടുന്നു. കാലയവനികക്കുള്ളില്‍ മറഞ്ഞുപോയ ആശംസാകാര്‍ഡുകളെ സ്മരിച്ചുകൊണ്ട് ഞാന്‍ പുതുവര്‍ഷത്തിലേക്ക് പ്രവേശിക്കുന്നു.

                  ബൂലോകര്‍ക്കെല്ലാം പുതുവത്സരാശംസകള്‍ നേരുന്നു.

Monday, December 25, 2017

ഒരു എള്ളുണ്ട പ്രണയം - 1

                ഞാൻ കുട്ടിയായിരുന്ന കാലത്ത് രണ്ട് മാസത്തിലോ അതോ വർഷത്തില്‍ ഒരിക്കലോ എന്നോർമ്മയില്ല , ഉമ്മയും ഉപ്പയും കോഴിക്കോട് പോകും. വെറുതെ കറങ്ങാൻ പോകുന്നതല്ല. മറിച്ച്, കണ്‍സ്യൂമർ ഫെഡിന്റെ ത്രിവേണി സ്റ്റോറിൽ നിന്നും നിലവാരമുള്ള നിത്യോപയോഗ സാധനങ്ങൾ വാങ്ങാനും , കട്‌പീസ് എന്ന് ഉമ്മ പറഞ്ഞ് മാത്രം ഞാന്‍ കേട്ടിട്ടുള്ള തുണിത്തരങ്ങൾ വാങ്ങാനും ഒക്കെയായിരുന്നു ആ പോക്ക്. അന്ന് അരീക്കോട് നിന്നും കോഴിക്കോട്ടേക്ക് 40 കിലോമീറ്റർ ദൂരമുണ്ടായിരുന്നത് ഇന്ന് ഭൂമി കറങ്ങി കറങ്ങി 35 കിലോമീറ്റർ ആയി കുറഞ്ഞു ! ഇത് ഇനിയും കുറയാൻ സാധ്യതയുണ്ട് എന്ന് ഞാൻ പറയുമ്പോൾ നിങ്ങൾ ഗൌനിക്കില്ല.പക്ഷെ അതാണ് യാഥാർത്ഥ്യം!! എന്റെ കുഞ്ഞുമോന്‍ പിതാവാകുമ്പോഴേക്കും അത് സംഭവിച്ചിരിക്കും !!!

              അങ്ങനെ ഷോപ്പിംഗ് കഴിഞ്ഞ് ഉമ്മയും ഉപ്പയും വീട്ടിൽ തിരിച്ച് എത്തുമ്പോൾ കുട്ടികളായ ഞങ്ങൾ ചുറ്റും കൂടും. പല പല കാര്യങ്ങള്‍ക്കായിരുന്നു ഞങ്ങളുടെ ആ കാത്തിരിപ്പ്.
           ഒന്ന് - കോഴിക്കോട് പോയി വരുമ്പോള്‍ മാത്രം ലഭിക്കാറുള്ള പല നിറത്തിലുള്ള ബസ് ടിക്കറ്റുകള്‍ ശേഖരിക്കാന്‍! മലപ്പുറത്തെ ബസ്സില്‍ കയറിയാല്‍ അന്നും ഇന്നും ടിക്കറ്റ് കിട്ടാറില്ല!!കുട്ടിക്കാലത്ത് തീപ്പെട്ടി ചിത്രങ്ങളും,വളപ്പൊട്ടുകളും, മിഠായിക്കടലാസും,സിനിമാ നോട്ടീസും  ശേഖരിക്കുന്നത് ഒരു ഹോബിയായിരുന്നു. ഒപ്പം ബസ് ടിക്കറ്റുകളും.പിന്നെയും എന്തൊക്കെയോ ഉണ്ട് , ഓര്‍മ്മ വരുമ്പോള്‍ പറയാം.
          രണ്ട് - ഈ ഷോപ്പിംഗില്‍, നിത്യോപയോഗ സാധനങ്ങളില്‍  സാധാരണയായി അരിയും വിവിധ പയര്‍ വര്‍ഗ്ഗങ്ങളും സര്‍ഫും  സോപ്പുകളും വാങ്ങാറുണ്ടായിരുന്നു. സോപ്പുകള്‍ എല്ലാം തന്നെ ചെറിയൊരു കാര്‍ഡ്ബോര്‍ഡ് പെട്ടിയിലായിരുന്നു ഉണ്ടാകാറ് (ഇന്ന് മിക്കവയും കടലാസ് കവചത്തില്‍ ആണ്). ഈ സോപ്പ് പെട്ടികളും സിനിമാ തിയേറ്ററിനടുത്തെ പെട്ടിക്കടക്ക് മുമ്പില്‍ നിന്ന് കിട്ടുന്ന സോഡാ മൂടികളും ശേഖരിച്ച് അത് കൊണ്ട് ‘ബസ്’ ഉണ്ടാക്കുന്ന മെക്കാനിക്കുകള്‍ ആയിരുന്നു ഞാനും അനിയനും! റിമോട്ട് കാറും ചക്രമുള്ള മറ്റ് വാഹനങ്ങളും ഒന്നും തന്നെ അന്ന് ഞങ്ങള്‍ക്ക് ലഭ്യമല്ലായിരുന്നു. അതിനാല്‍ ഇത്തരം സ്വയം നിര്‍മ്മിത വാഹനങ്ങളില്‍ ഞങ്ങള്‍ സംതൃപ്തരായി.
          മൂന്ന് - തുണിത്തരങ്ങളില്‍ പലതിലും പല തരത്തിലുള്ള സ്റ്റിക്കറുകള്‍ ഉണ്ടായിരിക്കും. ചിലപ്പോള്‍ അതിന്റെ കമ്പനിയുടെ പേരായിരിക്കും , അല്ലെങ്കില്‍ ആ കടയുടെ പേരായിരിക്കും അതുമല്ലെങ്കില്‍ മറ്റെന്തെങ്കിലും ആയിരിക്കും. എന്തായിരുന്നു അവ എന്ന് ഇപ്പോള്‍ ഓര്‍മ്മയില്ല. അത് മത്സരിച്ച് പറിച്ചെടുത്ത് ഞങ്ങളുടെ അലമാരയുടെ വാതിലിനുള്ളില്‍ ഒട്ടിച്ച് സായൂജ്യമടയലായിരുന്നു മറ്റൊരു ഹോബി! ഇന്നത്തെപ്പോലെ നെയിം സ്ലിപ്പുകള്‍ സ്റ്റിക്കര്‍ ആയി അന്ന് കിട്ടാറില്ലായിരുന്നു.
         നാല് - ഇന്നത്തെ കുട്ടികൾക്ക് മാതാപിതാക്കള്‍ ഐസ്ക്രീമും ചോൿളേറ്റും എല്ലാം കൊണ്ട് കൊടുക്കുന്ന പോലെ ഞങ്ങൾക്ക് ഉപ്പയും ഉമ്മയും കോഴിക്കോട്ട് നിന്നും കൊണ്ട് വന്നിരുന്നത് ഒരു ചെറുനാരങ്ങയോളം വലിപ്പമുള്ള എള്ളുണ്ടകൾ ആയിരുന്നു. അന്ന് നാട്ടിൽ എവിടെയും കിട്ടാത്ത സാധനമായതിനാൽ വളരെ പ്രയാസപ്പെട്ട് കടിച്ച് പൊട്ടിച്ച് അത് തിന്നുമ്പോഴുള്ള രുചി ഒന്ന് വേറെത്തന്നെയായിരുന്നു.

             കാലം ഏറെ പിന്നിട്ടു. ഇന്ന് ഞാന്‍ നാല് കുട്ടികളുടെ ബാപ്പയായി. എന്റെ ബാപ്പ എന്നെ വിട്ടു പിരിഞ്ഞിട്ട് പത്ത് കൊല്ലം ആവാറായി.ഉമ്മ റിട്ടയര്‍ ചെയ്ത് അടുക്കളത്തോട്ടം പരിപാലിച്ച് കഴിഞ്ഞ് കൂടുന്നു. അപ്പോഴാണ് പെട്ടെന്ന് എന്റെ ഉള്ളില്‍ ഒരു എള്ളുണ്ട പ്രണയം പൊട്ടിയത്.ഈ പ്രണയത്തിന് ഭാര്യയോടോ കുട്ടികളോടോ ഉമ്മയോടോ ബന്ധുമിത്രാദികളോടോ ആരോടും ഉപദേശവും സമ്മതവും ചോദിക്കേണ്ട എന്നതിനാല്‍ ഞാന്‍ നേരെ ബേക്കറിയില്‍ പോയി ഒരു പാക്കറ്റ് എള്ളുണ്ട വാങ്ങി. വീട്ടിലെത്തി ഭാര്യക്കും മക്കള്‍ക്കും വിതരണം ചെയ്തു. ഞാനും ഭാര്യയും ഓരോന്ന് വീതം മുഴുവന്‍ തിന്നുകയും ചെയ്തു. ബാപ്പ കൊണ്ടു വന്നിരുന്ന എള്ളുണ്ടയെക്കാളും ചെറുതും മൃദുവും ആയിരുന്നിട്ട് പോലും മക്കള്‍ക്ക് ഒന്ന് മുഴുവന്‍ തിന്നാന്‍ സാധിച്ചില്ല !

           പക്ഷെ ഒരു എള്ളുണ്ട പ്രണയം എന്റെയുള്ളില്‍ പെട്ടെന്ന് പൊട്ടിവിരിയാന്‍ ഒരു കാരണം ഉണ്ടായിരുന്നു. ഈ എള്ളുണ്ടകള്‍ കൂടി മുഴുവനാക്കിയിട്ട് ഞാന്‍ ആ സംഭവം പറയാം....അതു വരെ സബൂറാകിന്‍.

Friday, April 14, 2017

എന്റെ വിഷു അനുഭവം

ദു:ഖ വെള്ളിയും വെള്ളിയാഴ്ചയും എല്ലാ വര്‍ഷവും ഒരുമിക്കാറുണ്ട് !! പക്ഷെ വിഷു അതിലേക്ക് എത്തിച്ചേരുന്നത് എന്റെ ശ്രദ്ധയില്‍ ആദ്യമായാണ് വരുന്നത്. ഇന്നലെ യേശു കൃഷ്ണന്‍ എന്ന് മോളുടെ നാക്ക് പിഴ്ച്ചപ്പോള്‍ കേട്ടത് എനിക്ക് ഏറെ ഹൃദ്യമായി തോന്നുകയും ചെയ്തു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇഹലോകവാസം വെടിഞ്ഞ എന്റെ പ്രിയ പിതാവിന്റെ ഒരു കര്‍മ്മം ഈ ദിനത്തില്‍ ഞാന്‍ ഓര്‍മ്മിക്കുന്നു.

വര്‍ഷങ്ങളായി ഞങ്ങളുടെ വീട്ടില്‍ പറമ്പിലെ പണികള്‍ എടുക്കുന്നത് ഗോപാലേട്ടന്‍ ആയിരുന്നു. കുഞ്ഞന്‍ കാക്ക  മരിച്ചതോടെയാണ് ഗോപാലേട്ടന്‍ ആ സ്ഥാനം ഏറ്റെടുത്തത്. ഇപ്പോഴും ഒരു സഹായിയെയും കൂട്ടി ഗോപാലേട്ടന്‍ ആ കാര്യങ്ങള്‍ ഭംഗിയായി നിര്‍വ്വഹിക്കുന്നു.

വിഷുപ്പുലരിയില്‍ അല്ലെങ്കില്‍ തലേ ദിവസം ബാപ്പയുടെ അടുത്ത് ചെറിയ ഒരു പൊതി ഉണ്ടാകും. ഗോപാലേട്ടനുള്ള വിഷുക്കോടി ആണ് അതിനുള്ളില്‍ ഉണ്ടാകുക. ബാപ്പക്ക് ആരോഗ്യമുള്ള കാലത്ത് ബാപ്പ തന്നെയായിരുന്നു അത് വാങ്ങിയിരുന്നത്. പിന്നീട് വിഷുവിന് ഒരാഴ്ച മുമ്പെ ഞങ്ങളോട് ആരോടെങ്കിലും വാങ്ങിപ്പിക്കും.വിഷു ദിനത്തില്‍ ഉപ്പാക്ക് ഒരു വാഴക്കുലയോ പച്ചക്കറികളോ പായസമോ കൊണ്ട് ഗോപാലേട്ടന്‍ എത്തും. ഗോപാലേട്ടനുള്ള ഓണക്കോടി ബാപ്പയും നല്‍കും.

 ബാപ്പ മരിച്ചതിന്റെ തൊട്ടടുത്ത വര്‍ഷത്തില്‍ ഉമ്മ ആ പതിവ് തെറ്റിക്കാതെ തുടര്‍ന്നു.അന്ന് ഗോപാലേട്ടന്റെ കണ്ണുകള്‍ നിറഞ്ഞത് ഇന്ന് ഓര്‍ക്കുമ്പോള്‍ എന്റെ കണ്ണും നിറയുന്നു. പിന്നീട് എല്ലാ വര്‍ഷവും മുടങ്ങാതെ ആ ചടങ്ങ് ഉമ്മ തുടര്‍ന്നു വരുന്നു. ഇന്ന് രാവിലെയും എന്റെ കുഞ്ഞുമോനും അനിയന്റെ മോനും ഉമ്മയും ചേര്‍ന്ന് ഗോപാലേട്ടനുള്ള ആ സമ്മാനം കൈമാറി.
വിഷു ഞങ്ങള്‍ ആഘോഷിക്കാറില്ല.പക്ഷെ അവരുടെ സന്തോഷത്തില്‍ പങ്കുചേരാറുണ്ട്. വിഷു ആശംസകള്‍ നേരാറുണ്ട്. കുട്ടികളുടെ വാരികയായ ബാലഭൂമി കഴിഞ്ഞ വര്‍ഷം സംഘടിപ്പിച്ച ‘വിഷുക്കണി ഒരുക്കല്‍ ‘ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയത് ഇതുവരെ യഥാര്‍ത്ഥ വിഷുക്കണി ഒരുക്കിയിട്ടില്ലാത്ത എന്റെ രണ്ടാമത്തെ മോള്‍ ആതിഫ ജും‌ല ആയിരുന്നു.

ഹിന്ദു,മുസ്‌ലിം,കൃസ്ത്യന്‍ എന്ന വേര്‍തിരിവില്ലാതെ  കേരളത്തിലെങ്കിലും ജീവിക്കാന്‍ സാധിക്കാന്‍ എല്ലാ മതവിശ്വാസികളും പരസ്പരം ബഹുമാനിക്കട്ടെ.

ശ്രീ വൈലോപ്പിള്ളിയുടെ വരികള്‍ കൂടി കുറിക്കട്ടെ.
“ഏത് ധൂസര സങ്കല്പങ്ങളില്‍
വളര്‍ന്നാലും
ഏതു യന്ത്രവല്‍കൃത ലോകത്തില്‍
പുലര്‍ന്നാലും
മനസ്സിലുണ്ടാകട്ടെ
ഗ്രാമത്തിന്‍ വിശുദ്ധിയും
മണവും മമതയും
ഇത്തിരി കൊന്നപ്പൂവും....”

എല്ലാവര്‍ക്കും വിഷു ആശംസകള്‍ നേരുന്നു.
(ഒരു പഴയ വിഷു ഓര്‍മ്മ ഇവിടെ)


Thursday, July 07, 2016

അവസാനത്തെ മാങ്ങയും...

അങ്ങനെ ഇക്കൊല്ലത്തെ മാമ്പഴക്കാലത്തിനും അവസാനമായി. അവസാനത്തെ മാങ്ങയും മുറ്റത്തെ മൂവാണ്ടന്‍ മാവില്‍ നിന്നും നിലം പതിച്ചപ്പോള്‍, മുറ്റത്തെ മാവില്‍ നിന്നും ആദ്യത്തെ മാങ്ങ വീണപ്പോഴുള വൈലൊപ്പിളി സാറിന്റെ കവിതയാണ് ഓര്‍മ്മയില്‍ വന്നത്.
“അങ്കണത്തൈമാവില്‍ നി-
ന്നാദ്യത്തെപ്പഴം വീഴ്കെ...
മ്മതന്‍ നേത്രത്തില്‍ നി-
ന്നുതിര്‍ന്നു ചുടു കണ്ണീര്‍....”

ഇത്തവണത്തെ മാമ്പഴക്കാലത്തിന് എന്റെ ജീവിതത്തില്‍ അത്രയും പ്രാധാന്യം ഉണ്ടായിരുന്നു. എനിക്കും മക്കള്‍ക്കും എത്തിപ്പിടിക്കാന്‍ അത്രയും ഉയരത്തില്‍ മാത്രം വളര്‍ന്നുകൊണ്ട്, എന്റെ ബാപ്പ നട്ടുവളര്‍ത്തിയ എന്റെ മുറ്റത്തെആ മൂവാണ്ടന്‍ മാവ്‌ ഇത്തവണ 200ല്‍ അധികം മാങ്ങ ഞങ്ങള്‍ക്ക് നല്‍കി. ഞങ്ങളുടെ കോളനിയില്‍ താമസിക്കുന്ന മുഴുവന്‍ കുടുംബങ്ങള്‍ക്കും, അയല്‍വാസികള്‍ക്കും, പ്രസവിച്ച് കിടക്കുന്ന എന്റെ ഭാര്യയെ കാണാന്‍ വന്നവര്‍ക്കും, ഞാന്‍ മാങ്ങ പറിക്കുന്ന സമയത്ത് അതുവഴി വന്നവര്‍ക്കും, മക്കളുടെ സുഹൃത്തുക്കള്‍ക്കും, എന്റെ സുഹൃത്തുക്കള്‍ക്കും, അയല്‍ക്കൂട്ടം അംഗങ്ങള്‍ക്കും എല്ലാം ഇത്തവണ മൂവാണ്ടന്‍ മാങ്ങയുടെ രുചി അറിയാന്‍ സാധിച്ചു. അയല്‍ക്കൂട്ടത്തിലെ ഒരു വീട്ടില്‍ നിന്നും ഞങ്ങളുടെ മൂവാണ്ടന്‍ ഗള്‍ഫിലും എത്തി എന്നും മാങ്ങയുടെ മധുരം പ്രത്യേകം എടുത്ത് പറഞ്ഞു എന്നും അവര്‍ അറിയിച്ചു. അണ്ണാനും കാക്കക്കും മറ്റു ജന്തുക്കള്‍ക്കും കഴിക്കാനും ഇത്തവണ ധാരാളം മാങ്ങ കിട്ടി.ഒരു മാങ്ങ പോലും പുഴു കാരണം നഷ്ടപ്പെട്ടതായി ആരും പറഞ്ഞില്ല – എല്ലാം ദൈവാനുഗ്രഹം, അല്‍ഹംദുലില്ലാഹ്.ബാപ്പക്ക് സര്‍വ്വശക്തനായ ദൈവം അതിന്റെ പ്രതിഫലം നല്‍കട്ടെ , ആമീന്‍.

മൂവാണ്ടന്‍ മാങ്ങയുടെ രുചിയും പുഴു ഇല്ല എന്ന ഗുണവും എല്ലാവരും തിരിച്ചറിഞ്ഞതോടെ മാവിന്റെ തൈക്കും ഡിമാന്റ് ആയി. ഇത്തവണ മാങ്ങ നല്‍കുമ്പോഴെല്ലാം അതിന്റെ അണ്ടി മുളപ്പിച്ച് നടാനും ഞാന്‍ ഉപദേശിച്ചിരുന്നു.വീട്ടില്‍ പലതരം മാങ്ങകള്‍ എത്തുന്നതിനാല്‍ ഈ അണ്ടി വേര്‍തിരിച്ച് അറിയാനും അറിഞ്ഞാല്‍ തന്നെ അത് കുഴിച്ചിടാനും എല്ലാവര്‍ക്കും സാധിക്കണം എന്നില്ല.അതിന് പോംവഴിയായാണ് ഞങ്ങളുടെ അയല്‍ക്കൂട്ടം ബാലസഭ ഇത്തവണത്തെ ലോകപരിസ്ത്ഥിതി ദിനാചരണം, അവര്‍ സ്വയം നട്ട് മുളപ്പിച്ച മൂവാണ്ടന്‍ മാവിന്‍ തൈ വിതരണം ചെയ്തുകൊണ്ട്  വേറിട്ടതാക്കിയത്. 

ആ പ്രവര്‍ത്തനത്തിന്റെ ഫോളോ അപ് വര്‍ക്കുകളും ചെയ്തുകൊണ്ട് ബാലസഭ കുട്ടികളിലും മുതിര്‍ന്നവരിലും ഒരു പോലെ പരിസ്ഥിതി അവബോധം സൃഷ്ടിക്കുന്നു.


Monday, July 04, 2016

അബ്ദുല്ലാക്കയുടെ മെസ്സ്


         ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഞാന്‍ ആദ്യമായി കോളേജിന് സമീപത്തുള്ള അബ്ദുല്ലാക്കയുടെ മെസ്സില്‍ നോമ്പ് തുറക്കാന്‍ എത്തിയത്.മുന്നില്‍ നിരന്ന വിഭവങ്ങള്‍ കണ്ട് ഞാന്‍ അന്തം വിട്ടു പോയി - പഴം പൊരി, മുട്ടപ്പത്തല്‍, ഉള്ളിവട എന്നിവ വെവ്വേറെ പ്ലേറ്റുകളില്‍ ഇഷ്ടം പോലെ !ബാക്കി വയ്ക്കാന്‍ പാടില്ല എന്ന് കൂടെയുള്ളവര്‍ ഉപദേശിച്ചതിനാല്‍ പ്ലേറ്റ് കാലിയാകാന്‍ അധികം താമസം വേണ്ടി വന്നില്ല.

         സമീപത്തെ പള്ളിയില്‍ നിന്നും  നമസ്കാരം കഴിഞ്ഞ് വന്നപ്പോള്‍ മെസ്സില്‍ ഭക്ഷണം വിളമ്പുന്ന അബ്ദുല്ലാക്കയുടെ മകളുടെ ചോദ്യം
“പത്തിരി വേണോ പുട്ട് വേണോ ?ചൂട് പുട്ട് എടുക്കാം....”

         എന്റെ തീരുമാനം കാത്ത് നില്‍ക്കാതെ അവര്‍ തന്നെ ആവി പറക്കുന്ന പുട്ടും ചിക്കന്‍ കറിയും ബീഫ് വരട്ടിയതും മുന്നില്‍ കൊണ്ട് വച്ചു.ആഞ്ഞ് വീശുന്ന കാറ്റും തോരാതെ പെയ്യുന്ന മഴയും കുളിര്‍ കോരിയിടുമ്പോള്‍ കിട്ടിയ ആ ഭക്ഷണം എന്റെ സ്വന്തം വീട്ടില്‍ നിന്ന് എന്ന പോലെ ഞാന്‍ നന്നായി ആസ്വദിച്ചു.അതിന്റെ കൂടെ കപ്പയും ചേമ്പും പുഴുങ്ങിയത് കൂടി ലഭിച്ചപ്പോള്‍ എന്റെ വന്ദ്യപിതാവ് ജീവിച്ചിരിപ്പുണ്ടായിരുന്ന കാലത്തെ നോമ്പുകാലം മനസ്സില്‍ ഓടിയെത്തി.ബാപ്പാക്ക് നോമ്പ് തുറക്കുമ്പോള്‍ എന്തെങ്കിലും പുഴുക്ക് നിര്‍ബന്ധമായിരുന്നു.

          തറാവീഹ് നമസ്കാരത്തിന് ശേഷം പിറ്റേന്ന് പുലര്‍ച്ചെ അത്താഴത്തിനുള്ളത് വാങ്ങാനായി ചെന്നപ്പോള്‍ അതാ വീണ്ടും ആവി പറക്കുന്ന കുത്തരി കഞ്ഞി മേശപ്പുറത്ത്! വീട്ടിലായിരിക്കുമ്പോള്‍ കഞ്ഞി നിര്‍ബന്ധമായ എനിക്ക് ആ തണുപ്പില്‍ കഞ്ഞി കണ്ടതോടെ സകലനിയന്ത്രണവും പോയി.കഞ്ഞിയിലേക്ക് കിട്ടിയ സൈഡ് ഡിഷ് അതിലേറെ ഹൃദ്യമായി. തുടരന്‍ മഴയില്‍ ഉണ്ടായ നീരൊഴുക്കിലൂടെ തൊട്ടടുത്ത പുഴയില്‍ നിന്നും കയറി വരുന്ന മത്സ്യങ്ങളെ അബ്ദുല്ലാക്കയും മക്കളും കൂടി പിടിച്ച് അപ്പപ്പോള്‍ തന്നെ മെസ്സിലെത്തിച്ച് പൊരിച്ചെടുത്തതായിരുന്നു സൈഡ് ഡിഷ്. കഞ്ഞിയോടൊപ്പം ഓരോ മീനും വായിലൂടെ അകത്താകുമ്പോള്‍  ഞാന്‍ വീണ്ടും, എന്റെ കുട്ടിക്കാലത്ത് മദ്രസയില്‍ പോകുമ്പോള്‍ റോഡിനരികിലെ ചാലിലൂടെ ഒഴുകുന്ന തെളിനീര്‍ വെള്ളവും അതിലൂടെ ഞങ്ങളുടെ കോളനിയില്‍ അന്ന് ഉണ്ടായിരുന്ന പാറക്കുളത്തില്‍ എത്തുന്ന മത്സ്യങ്ങളും മനസ്സില്‍ കണ്ടു.

           ഈ റംസാനും വിട പറയുകയായി.അവസാനത്തെ പത്തിലെ ഏതാനും ദിവസങ്ങള്‍ മാത്രം മാനന്തവാടിയില്‍ തങ്ങിയ എനിക്ക് അബ്ദുല്ലാക്കയുടെ മെസ്സ് ഹൃദ്യമായ അനുഭവമായി. കവി കുറ്റിപ്പുറം കേശവന്‍ നായര്‍ പാടിയത് എത്ര സത്യം!
 “നാട്യപ്രധാനം നഗരം ദരിദ്രം നാട്ടിന്‍പുറം നന്മകളാല്‍ സ‌മൃദ്ധം..”

Saturday, April 23, 2016

ബാപ്പയുടെ മൂവാണ്ടന്‍ മാവുകള്‍...

        വെറുതെ ചില കൌതുകങ്ങള്‍ മരിച്ചുപോയ എന്റെ ബാപ്പയില്‍ നിന്നും എനിക്ക് പാരമ്പര്യമായി കിട്ടിയിട്ടുണ്ട്. വീടിനടുത്തുള്ള മറ്റെല്ലാ പറമ്പിലും കോമാങ്ങയും പഞ്ചാര മാങ്ങയും മറ്റു നാടന്‍ മാവുകളും ആയിരുന്നു പ്രധാനമായും ഉണ്ടായിരുന്നത്.പക്ഷെ ഞങ്ങളുടെ പറമ്പില്‍ മാങ്ങയുണ്ടാകുന്ന എല്ലാ മാവുകളും ഒറ്റ കുടുംബത്തില്‍ നിന്ന് മാത്രം – മൂവാണ്ടന്‍ എന്ന് ബാപ്പ പറഞ്ഞ് തന്ന ആണ്ടില്‍ ഒരിക്കല്‍ മാത്രം കായ്ക്കുന്ന കുറുക്കന്‍ മാവ്. എന്നിട്ടും ബാപ്പ പിന്നെയും അതിന്റെ അണ്ടി മുളപ്പിക്കുകയും പറമ്പില്‍ കുഴിച്ചിടുകയും ചെയ്തു. അങ്ങനെ എന്റെ പുതിയ വീടിനുള്ള സ്ഥലത്തും ബാപ്പ മരിക്കുന്നതിന് മുമ്പ് ഒരു മൂവാണ്ടന്‍ തൈ നട്ടു. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഞങ്ങള്‍ക്ക് അതില്‍ നിന്നും മാങ്ങകള്‍ കിട്ടിക്കൊണ്ടിരിക്കുന്നു.


        ഈ വര്‍ഷം മൂവാണ്ടന്‍ എന്ന പേര് അന്വര്‍ത്ഥമാക്കിക്കൊണ്ട് ഈ മാവ് പൂത്തത് മൂന്ന് തവണയാണ് – അഥവാ മൂന്ന് ഘട്ടങ്ങളിലായാണ്. നാട്ടിലെ എല്ലാ മാവുകളും പൂക്കുന്ന കാലത്ത് ഞങ്ങളുടെ മാവും പൂത്തു.കണ്ണിമാങ്ങയും പിടിച്ചു.ഏകദേശം ഒന്നര മാസം കഴിഞ്ഞ് വീണ്ടും അതാ മാവ് നിറയെ പൂവ്. അതും കണ്ണിമാങ്ങകളായി മാറി. ആദ്യ ഘട്ടത്തിലെ മാങ്ങകള്‍ മൂത്ത് പഴുത്ത് ഈ വര്‍ഷത്തെ ആദ്യത്തെ മാങ്ങകളായി ഞങ്ങളുടെ വയറ്റിലെത്തി. രണ്ടാം ഘട്ടത്തിലെ മാങ്ങകള്‍  മൂപ്പെത്തിത്തുടങ്ങുമ്പോളതാ രണ്ട് മൂന്ന് കുല പൂക്കള്‍ വീണ്ടും! അവയും ഇപ്പോള്‍ കണ്ണിമാങ്ങകളായി വരുന്നു.

       തലയില്‍ തട്ടുന്ന രൂപത്തില്‍ വീട്ടുമുറ്റത്ത് കുലകളായി തൂങ്ങി നില്‍ക്കുന്ന മാങ്ങകള്‍ കണ്ട് വീട്ടില്‍ വരുന്ന എല്ലാവര്‍ക്കും രണ്ട് ചോദ്യങ്ങള്‍ ചോദിക്കാനുണ്ട് – ഒന്നാമത്തേത് ഒട്ടുമാവ് ആണോ ? രണ്ടാമത്തേത് ഇവിടെ കുട്ടികള്‍ ഒന്നും ഇല്ലേ? എന്റെ ഉത്തരം ഇത്രമാത്രം - കുട്ടികള്‍ മാങ്ങയെ തല്ലില്ല, തലോടും. മാവിന്റെ ചുവട്ടില്‍ കളിക്കും, കളിയാക്കില്ല. മാവിന് വെള്ളം ഒഴിക്കും, പഴിക്കില്ല. അതുകൊണ്ട് ഓരോ വര്‍ഷവും മാങ്ങയുടെ എണ്ണം കൂടിക്കൂടി വരുന്നു.

       രണ്ടാം ഘട്ടത്തിലെ മാങ്ങകള്‍ മൂപ്പെത്തിയപ്പോഴാണ് ഈ വര്‍ഷം എനിക്ക് അവയെ ഒന്ന് ശ്രദ്ധിക്കാന്‍ സാധിച്ചത്.ഈ വര്‍ഷത്തെ ആദ്യത്തെ മാങ്ങാപറിക്കല്‍ കഴിഞ്ഞാഴ്ച എന്റെ ചെറിയ മകള്‍ ലൂന ഉത്ഘാടനം ചെയ്തു.

      ആദ്യ വിളവെടുപ്പിലെ മാങ്ങകള്‍ അയല്‍‌വാസികള്‍ക്കിടയില്‍ വിതരണം ചെയ്തു. ഇന്ന് രണ്ടാം ഘട്ട മാങ്ങാപറിക്കല്‍ നടത്തി.രണ്ടാമത്തെ മോള്‍ ലുഅയുടെ സുഹൃത്തുക്കളായി എത്തിയ കുട്ടികള്‍ അവര്‍ക്കുള്ള മാങ്ങ പറിച്ച് രണ്ടാം ഘട്ട മാങ്ങാപറിക്കല്‍ ഉത്ഘാടനം നിര്‍വ്വഹിച്ചു. മാങ്ങ പഴുപ്പിച്ച് തിന്ന ശേഷം അതിന്റെ അണ്ടി മുളപ്പിച്ച് തൈ നടണം എന്ന ഉപദേശത്തോടെ അവരെയും യാത്രയാക്കി.

       ഒരു കൌതുകത്തിന് ബാപ്പ നട്ട ആ മാവില്‍ നിന്നും എത്രയോ വീടുകളില്‍ മാങ്ങ എത്തി, ഇപ്പോഴും എത്തിക്കൊണ്ടിരിക്കുന്നു. കാക്കയും അണ്ണാനും എന്നും മാങ്ങകള്‍ തിന്നുകൊണ്ടിരിക്കുന്നു. ബാപ്പ തുടങ്ങി വച്ച ആ കൌതുകത്തിന്റെ ബാക്കിഭാഗം ഞാന്‍ ഏറ്റെടുത്തു. എന്റെ ചില പിരാന്തുകള്‍ അടുത്ത ദിവസം....


Tuesday, July 14, 2015

“ഉപ്പച്ചീ , കുട്ടികളുടെ നോമ്പ് തുറ സൂപ്പറായിട്ടോ….”

             നാടെങ്ങും ഇഫ്താര്‍ സംഗമങ്ങള്‍ പൊടിപൊടിക്കുകയാണ്.പത്രത്തില്‍ കൂടുതല്‍ ഊളിയിടാത്തതുകൊണ്ടാണോ എന്നറിയില്ല രാഷ്ട്രീയ ഇഫ്താറുകളുടെ വിശേഷങ്ങള്‍ അധികം കണ്ടില്ല.പൊതുതെരഞ്ഞെടുപ്പിന് മുമ്പ് ഇനി ഒരു ഇഫ്താര്‍ സംഗമം നടത്താന്‍ സാധ്യമല്ല എന്ന് നേതാക്കള്‍ ചിന്തിക്കുന്നില്ലേ ആവോ?

            ഞാനും ഒരു ചെറിയ നോമ്പുതുറ സല്‍ക്കാരം നടത്തി. മറ്റുള്ളവരോട് , പേരെടുത്ത് പറയാവുന്ന ആരും ആ സംഗമത്തില്‍ ഇല്ലായിരുന്നു.പക്ഷേ മനസ്സിന് സംതൃപ്തി നല്‍കാന്‍ ആ സംഗമം ഏറെ സഹായിച്ചു.

          എന്റെ ബാപ്പ ജീവിച്ചിരുന്ന കാലത്തേ വിവിധങ്ങളായ ജോലികള്‍ക്ക് വീട്ടില്‍ വന്നിരുന്ന ആളാണ് അബ്ദ്വാക്ക.അരീക്കോടടുത്ത് തെരട്ടമ്മല്‍ സ്വദേശി.മുമ്പ് ഒരു കുറിപ്പില്‍ ‘തേന്‍‌കാരന്‍ അബ്ദ്വാക്ക‘ എന്ന് ഞാന്‍ അദ്ദേഹത്തെ പരിചയപ്പെടുത്തിയിരുന്നു.കാരണം എനിക്ക് ഓര്‍മ്മ വച്ച നാള്‍ മുതല്‍ ഞങ്ങള്‍ക്ക് തേന്‍ ആവശ്യമാകുമ്പോള്‍ ആവശ്യം ഉന്നയിക്കുന്നത് അദ്ദേഹത്തോടാണ്.ഇന്നും സ്വന്തമായി തേനീച്ച വളര്‍ത്തുന്നുണ്ട്.പറമ്പ് കൊത്താനും, കയ്യാല കെട്ടാനും, മരം മുറിക്കാനും എന്ന് വേണ്ട പണി ഏതായാലും അബ്ദ്വാക്ക റെഡി എന്നതാണ് മൂപ്പരുടെ പ്രത്യേകത. തന്നെക്കൊണ്ട് പറ്റാത്ത പണിയാണെങ്കില്‍ അതിന് പറ്റിയ ആളെയും കൊണ്ടായിരിക്കും പറഞ്ഞ ദിവസം അബ്ദ്വാക്ക വരുന്നത്.ഇന്നത്തെ കാലത്ത് എല്ലാം മാളുകളില്‍ കിട്ടും എന്ന സൌകര്യം ഓരോ കുടുംബത്തിനും എത്രത്തോളം അനുഗ്രഹമാണോ അതേ പോലെ സേവനങ്ങള്‍ ലഭിക്കാന്‍ ഞങ്ങള്‍ക്ക് എന്നും അബ്ദ്വാക്ക ഒരു അത്താണിയാണ്.ആ അബ്ദ്വാക്ക അല്ലാതെ മറ്റാരെ ആദ്യം ഞാന്‍ എന്റെ ഇഫ്താറിലേക്ക് ക്ഷണിക്കും ? അങ്ങനെ എന്റെ ക്ഷണം സ്വീകരിച്ച് ഞങ്ങളുടെ അബ്ദ്വാക്ക ഈ സല്‍ക്കാരത്തില്‍ പങ്കെടുത്തു.

            ഒന്നാം ക്ലാസ് മുതല്‍ ആറാം ക്ലാസ് വരെ ഞാന്‍ പഠിച്ചത് അരീക്കോട് ജി.എം.യു.പി സ്കൂളില്‍ ആയിരുന്നു. ഖസാക്കിന്റെഇതിഹാസം മലയാളിക്ക് സമ്മാനിച്ച ശ്രീ.ഒ.വി.വിജയന്‍ മലയാളാക്ഷരങ്ങള്‍ ആദ്യമായി നുകര്‍ന്ന അതേ സ്കൂള്‍ ! അന്ന് ശ്രീ.ഒ.വി.വിജയന്റെ സഹപാഠിയായിരുന്ന ശ്രീ.എന്‍.വി.അഹമ്മെദ്കുട്ടി മാസ്റ്റര്‍ ആയിരുന്നു എന്റെ കണക്കദ്ധ്യാപകന്‍.

           അക്കാലത്ത് അരീക്കോട് ആഴ്ചചന്ത സജീവമായിരുന്നു.ഇന്നും ശനിയാഴ്ചകളില്‍ അത് നടക്കുന്നുണ്ടെങ്കിലും കാണാന്‍ ചന്തമില്ല.ചന്തയുടെ ഓരം പറ്റി പല കുടുംബങ്ങളും താമസിച്ചിരുന്നു.ചെറിയ ചെറിയ കച്ചവടങ്ങള്‍ നടത്താനും ചന്തയിലേക്ക് വരുന്ന സാധനങ്ങള്‍ തലച്ചുമടായി എത്തിക്കാനും വാഹനത്തില്‍ കൊണ്ടുവരുന്നവ ഇറക്കാനും അങ്ങനെ പലവിധ ജോലികളുമായി അവര്‍ ജീവിതം പുലര്‍ത്തി.അവരില്‍ ഒരാളായിരുന്നു വലിയൊരു കുടുംബത്തിന്റെ നാഥനായ ആടുകാരന്‍ അലവ്യാക്ക.അലവ്യാക്കയുടെ ഏറ്റവും മൂത്തമകന്‍ അന്തരിച്ച ഹനീഫാക്കയാണ് ഞാന്‍ അറിയുന്ന ആദ്യ ഇലക്ട്രീഷ്യന്‍.എന്റെ തറവാട്ടിലെ ഇലക്ട്രിക്ക് വര്‍ക്കുകള്‍ ചെയ്തത് അദ്ദേഹമായിരുന്നു.അലവ്യാക്കയുടെ മക്കളില്‍ പിന്നില്‍ നിന്നും രണ്ടാമത്തേത് ആയിരുന്നു ജാബിര്‍.

            ജാബിറും ഞാനും ഒന്ന് മുതല്‍ ആറ് വരെ ഒരേ ക്ലാസ്സില്‍ ആയിരുന്നു പഠിച്ചിരുന്നത്.പഠിക്കാന്‍ അത്ര മിടുക്കന്‍ ഒന്നുമായിരുന്നില്ല ജാബിര്‍.അതിനാല്‍ തന്നെ പത്താം ക്ലാസ് പൂര്‍ത്തിയാക്കിയിട്ടുണ്ടോ എന്ന് സംശയമാണ്.ഇന്ന് അരീക്കോട് പട്ടണത്തില്‍ ഓടുന്ന എണ്ണൂറോളം ഓട്ടോറിക്ഷകളില്‍ ഒന്ന് ജാബിറിന്റേതാണ്.എന്റെ ഏറ്റവും ചെറിയ മോള്‍ യു.കെ.ജിക്കാരി ലൂന സ്കൂളിലേക്ക് പോകുന്നത് ജാബിറിന്റെ ഓട്ടോയിലാണ്.ഞാന്‍ ആയിട്ട് ഏല്‍പ്പിച്ചതല്ല.സ്കൂളില്‍ നിന്നും ഏര്‍പ്പെടുത്തിയതാണ്.എന്റെ മോളെ സുരക്ഷിതമായി സ്കൂളില്‍ കൊണ്ടുപോയി തിരിച്ചെത്തിക്കുന്ന എന്റെ സഹപാഠിയായ ജാബിര്‍ ആയിരുന്നു എന്റെ ഇഫ്താറിലെ രണ്ടാം അതിഥി.

               മരിച്ചുപോയ എന്റെ ബാപ്പക്ക് കുട്ടികളെ എന്നും വളരെ ഇഷ്ടമായിരുന്നു.ഒരു കോളനിയായി താമസിക്കുന്ന ഞങ്ങളുടെ കുടുംബത്തിലെ കുട്ടികള്‍ക്കായി ബാപ്പ എല്ലാ ശനിയാഴ്ചകളിലും ഞങ്ങളുടെ വീട്ടില്‍ സാഹിത്യസമാജം സംഘടിപ്പിച്ചിരുന്നു.ഞങ്ങള്‍ പലരും ഈ സാഹിത്യസമാജങ്ങളിലൂടെ സദസ്സിനെ അഭിമുഖീകരിക്കാന്‍ നേരത്തെ പരിശീലനം ലഭിച്ചവരായിരുന്നു.വീട്ടില്‍ വരുന്ന കുട്ടികള്‍ക്ക് നല്‍കാനായി ബാപ്പ ഒരു പാത്രത്തില്‍ കല്‍ക്കണ്ടവും മറ്റൊരു പാത്രത്തില്‍ ഈത്തപഴവും മൂന്നമതൊരു പാത്രത്തില്‍ കൊപ്രക്കഷ്ണങ്ങളും എന്നും കരുതുമായിരുന്നു.അതിനാല്‍  ബാപ്പയുടെ ആ നല്ല പ്രവര്‍ത്തനങ്ങള്‍ അയവിറക്കി ഈ ഇഫ്താര്‍ സംഗമത്തിലേക്ക് കുടുംബത്തിലും അയല്പക്കത്തും ഉള്ള മുഴുവന്‍ കുട്ടികളെയും ഞാന്‍ ക്ഷണിച്ചു. ഡിഗ്രി ഫൈനല്‍ ഇയര്‍ മുതല്‍ എല്‍.കെ.ജി വരെ പഠിക്കുന്ന എന്റേതടക്കം 28 കുട്ടികള്‍ ഈ സല്‍ക്കാരത്തില്‍ പങ്കു കൊണ്ടു.


              ഒപ്പം എന്റെ ഉമ്മയും അനിയനും കുടുംബവും കൂടിയായപ്പോള്‍ ഈ സംഗമം എനിക്കും ഭാര്യക്കും കുട്ടികള്‍ക്കും ഏറെ സന്തോഷമേകി.ഇപ്പോള്‍ എന്നും യു.കെ.ജിക്കാരി ലൂന മോള്‍ ഇടക്കിടെ പറയും – “ഉപ്പച്ചീ , കുട്ടികളുടെ നോമ്പ് തുറ സൂപ്പറായിട്ടോ.”

Wednesday, January 28, 2015

ഹർത്താൽ ദിനത്തിലെ കാഴ്ച

അന്തരിച്ച  എന്റെ വന്ദ്യ പിതാവ്  കാണിച്ച് തന്നത് പ്രകാരം   എന്റെ വീട്ടുമുറ്റത്ത് പക്ഷികൾക്കും മൃഗങ്ങൾക്കും ദാഹം അകറ്റാനായി ഒരു ബക്കറ്റിൽ വെള്ളം നിറച്ച് വയ്ക്കാറുണ്ട്.എന്നും രാവിലേയും വൈകിട്ടും നിരവധി പക്ഷികളും അലഞ്ഞ് നടക്കുന്ന മൃഗങ്ങളും അതിൽ നിന്നും വെള്ളം കുടിക്കാറുണ്ട്.      

ഇന്നലെ ഹർത്താൽ ദിനത്തിൽ വീട്ടിലിരിക്കുമ്പോഴാണ് ഞാൻ മറ്റൊരു കാര്യം മനസ്സിലാക്കിയത്. രാവിലേയും വൈകിട്ടും എത്തുന്നതിനെക്കാൾ അത്രയോ അധികം കാക്കകൾ ഉച്ചക്ക് കൂട്ടമായി എത്തി അവനവന് ആവശ്യമുള്ള വെള്ളം കുടിച്ച് പറന്നു പോകുന്നു.അഞ്ച് മിനുട്ടോളം ഞാൻ ആ രംഗങ്ങൾ വീക്ഷിച്ചപ്പോൾ ഒരുത്തനും വെള്ളം വൃത്തികേടാക്കുകയോ പാഴാക്കുകയോ ചെയ്യുന്നില്ല എന്ന് മനസ്സിലായി(മനുഷ്യന് കുടിവെള്ളം ഇതേ പോലെ വച്ചുകൊടുത്താൽ ഒരു ഗ്ലാസ്സ് കുടിക്കും , രണ്ട് ഗ്ലാസ് വെള്ളമെടുത്ത് മുഖം കഴുകുകയും ചെയ്യും). 

കാക്കകളുടെ വെള്ളം കുടി രംഗങ്ങൾ ഒന്ന് ശ്രദ്ധിക്കൂ...


   

മിണ്ടാപ്രാണികളായ ഈ ജീവികൾക്ക് ദാഹം അകറ്റാനുള്ള ഈ കൊച്ചു സൌകര്യം നിങ്ങൾക്കും നിങ്ങളുടെ മുറ്റത്ത് ചെയ്യാവുന്നതാണ്.

Tuesday, September 09, 2014

ഓണം ബോണസ്സ്

പഴയതും പുതിയതുമായ കൂട്ടുകാരെ (ബൂലോകർ ഒഴികെ) എല്ലാം ഒന്ന് നേരിട്ട് വിളിച്ച് ഓണാശംസകൾ അറിയിക്കാം എന്നതായിരുന്നു പതിവ് പോലെ ഈ തിരുവോണത്തിനും എന്റെ തീരുമാനം. അല്ലെങ്കിലും എല്ലാവരും ചെയ്യുന്ന പോലെ ഒരു മെയിൽ അയച്ചാൽ അല്ലെങ്കിൽ ഒരു എസ്.എം.എസ് അയച്ചാൽ അല്ലെങ്കിൽ ഫേസ്ബുക്കിൽ ഒരു സന്ദേശമിട്ടാൽ (ഞാനും അത് ചെയ്തു – എന്റെ ഒരു പോസ്റ്റിന്റെ ലിങ്കിന്റെ കൂടെ സൌജന്യമായി!) അതിന്റെ ആത്മാർത്ഥത എത്രത്തോളം ഉണ്ടാകും എന്നതിൽ എനിക്ക് എപ്പോഴും ശങ്ക ഉണ്ടാകാറുണ്ട്.സമയം ഇല്ലെങ്കിലും ചുമ്മാ ഒരു ആശംസ എന്ന രീതിയിലും  സ്വീകരിക്കുന്ന ഒരു മാർഗ്ഗമായിട്ടാണ്  ഞാൻ മേല്പറഞ്ഞവയെ കാണുന്നത്.

ഏതായാലും വിളി തുടങ്ങിക്കഴിഞ്ഞപ്പോഴാണ് ഇത് അത്ര എളുപ്പമല്ല എന്ന് എനിക്ക് മനസ്സിലായത്.മുന്നോട്ട് വച്ച കാൽ പിന്നോട്ടില്ലെ എന്നതിനാൽ ഞാൻ വിളി തുടർന്നു.പലരുടേയും സങ്കടങ്ങളും ജീവിതത്തിരക്കുകളും മറ്റും എല്ലാം ഈ വിളികൾ വഴി ഞാൻ മനസ്സിലാക്കി.മേല്പറഞ്ഞ മാർഗ്ഗങ്ങളിൽ കൂടി ഒരു ആശംസ നേർന്നിരുന്നുവെങ്കിൽ എനിക്ക് ഇതൊന്നും മനസ്സിലാക്കാൻ പറ്റില്ലാ‍യിരുന്നു എന്ന തിരിച്ചറിവ് എന്നെ അസ്വസ്ഥനാക്കി.

ഈ വിളികൾക്കിടയിൽ തന്നെ എന്റെ പ്രിയപ്പെട്ട ബാപ്പ ജീവിച്ചിരുന്നപ്പോൾ നടത്തിയിരുന്ന ഒരു കർമ്മം നിർവ്വഹിക്കുകയും ചെയ്തു – എത്രയോ വർഷങ്ങളായി ഞങ്ങളുടെയും അയൽ‌വാസികളുടേയും പറമ്പിൽ വിവിധതരം പണി എടുക്കുന്ന ഗോപാലേട്ടനുള്ള ഓണക്കോടി വിതരണമായിരുന്നു അത്. ബാപ്പ മരിച്ച് ആറു വർഷം കഴിഞ്ഞിട്ടും ഉമ്മ ആ പതിവ്‌ തുടരുന്നു. എന്റെ കുഞ്ഞുമോൾ ലൂന എന്ന അബിയ്യ ഫാത്തിമ ഗോപാലേട്ടന് ഓണക്കോടി കൈമാറി.

ഞാൻ വിളി തുടരുന്നതിനിടയിലാണ് ഞങ്ങൾ ‘ചെറുവാടി വല്ല്യാപ്പ’ എന്ന് വിളിക്കുന്ന ഒരാൾ പതിവ് സന്ദർശനത്തിന് എത്തിയത്. ഞാൻ അദ്ദേഹത്തോട് കയറിയിരിക്കാൻ ആംഗ്യം കാട്ടി.അദ്ദേഹം അത് അനുസരിച്ചു.

“ആരെയാ മോൻ ഇപ്പോൾ വിളിച്ചത് ? പരിചയക്കാരെയാണോ” എന്റെ ഫോൺ വിളി കഴിഞ്ഞപ്പോൾ ആ ദേഹം ചോദിച്ചു

“അതെ25 വർഷം മുമ്പ് പരിചയപ്പെട്ട ഒരു സുഹൃത്തിനെ.” ഞാൻ മറുപടി കൊടുത്തു.

“യാഅല്ലാഹ്.” അദ്ദേഹത്തിന്റെ അത്ഭുതം ഒരു നെടുവീർപ്പായി.

“എന്റെ പഴയ സുഹൃത്തുക്കളിൽ പലരേയും ഞാൻ ഇന്ന് വിളിച്ചു ..”

“അതെഅത് വളരെ നല്ലതാ.എല്ലാവരേയും ഓർമ്മിക്കുന്നുണ്ടല്ലോ.മോന്റെ ബാപ്പയും അതുപോലെയായിരുന്നു.” പിന്നീട് ബാപ്പയെ കുറിച്ച് ഒരുപാട് നല്ല കാര്യങ്ങൾ അദ്ദേഹം അയവിറക്കി , ബാപ്പാക്ക് വേണ്ടി ഇരുന്ന ഇരിപ്പിൽ തന്നെ ദീർഘമായി പ്രാർത്ഥിക്കുകയും ചെയ്തു.അഗതികളുടേയും അക്രമത്തിനിരയായവരുടേയും പ്രാർത്ഥന ദൈവം സ്വീകരിക്കും എന്ന് ഞാൻ കേട്ടിട്ടുണ്ട്.അതിനാൽ ഈ പ്രാർത്ഥന എനിക്ക് കിട്ടിയ ഓണം ബോണസ്സായി.




Saturday, September 06, 2014

ഓണം - മലയാളിക്ക് നഷ്ടമായ പലതിൽ ചിലത്

ഉപ്പച്ചീ….. ഓണം പ്രമാണിച്ച് ന്ന് സ്കൂളിൽ പൂക്കള മത്സരമുണ്ട്. “ കോളേജിൽ നിന്നും തിരിച്ചെത്തിയ ഉടനെ സന്തോഷത്തോടെ മോൾ എന്നോട് പറഞ്ഞു.

“ഓ വളരെ നന്നായി. നല്ല പൂക്കളം ഇടണം. സമ്മാനം കിട്ടിയാലും ഇല്ലെങ്കിലും മത്സരത്തിൽ പങ്കെടുക്കണം “ ഞാൻ പറഞ്ഞു.

“പക്ഷേ.”

“ആ എന്താ?”

“പൂവ് എവിടുന്നാ കിട്ടാ?”

“അത് പറമ്പിൽ നിന്ന് ശേഖരിക്കണം.ഒന്ന് ചുറ്റിനടന്നാൽ തുമ്പപ്പൂവും കാക്കാപൂവും അരിപ്പൂവും എല്ലാം കിട്ടും.”

“അയ്യേ.!!!ആ പൂക്കൾ ഒന്നും പറ്റില്ല ഉപ്പച്ചീ

“ങേ!!!അതെന്താ?”

“അവയൊക്കെ കുഞ്ഞുപൂക്കളാ.ഒരു പൂക്കളം ഇടണമെങ്കിൽ എത്രയെണ്ണം വേണ്ടി വരും.പിന്നെ അവക്കൊന്നും ഒരു കാച്ചിംഗ് കളറും ഇല്ല

“ഓഹോ.അപ്പോ നാട്ടു പൂക്കൾ പറ്റില്ല എന്ന് അല്ലേ?”

“ജമന്തി,മല്ലിക,വാടാർമല്ലി,അരളി,റോസ് അങ്ങനെ നല്ല കളർ ഉള്ളവ വേണം ഉപ്പച്ചീ

“ശരി ശരി.”
**************************************

മൂർക്കനാട് സുബുലുസ്സലാം ഹൈസ്കൂളിൽ പഠിക്കുന്ന കാലത്ത് ക്ലാസ്സിൽ ഓണപ്പൂക്കളങ്ങൾ ഒരുക്കുന്നത് ഇന്നും എന്റെ മനസ്സിൽ പച്ചപിടിച്ച് നിൽക്കുന്നു. ബാപ്പ വിവിധ സ്ഥലങ്ങളിൽ നിന്ന് കൊണ്ടു വന്ന ചെമ്പരത്തിയും വെള്ളചെമ്പരത്തിയും വെള്ള ഒടിച്ചുകുത്തിയും അശോകത്തെച്ചിയും   സ‌മൃദ്ധമായി പൂത്ത് നിൽക്കുന്നുണ്ടാകും. ബാപ്പയുടെ സമ്മതത്തോടെ അതിൽ നിന്നും കുറേ എണ്ണം പറിക്കും.വീടിന് ചുറ്റും നട്ട് പിടിപ്പി‌ച്ച വിവിധ വർണ്ണങ്ങളിലുള്ള ഇലകളുള്ള ചെടികളിൽ നിന്ന് കുറേ ഇലകളും പറിക്കും. കൂട്ടുകാരുടെ കൂടെ എല്ലാ പറമ്പിലും കറങ്ങി നടന്ന് കാക്കാപൂവും തുമ്പപ്പൂവും ശേഖരിക്കും. ക്ലാസ്സിൽ ഏറ്റവും കൂടുതൽ പൂക്കളും ഇലയും കൊണ്ടുവരുന്നത് മിക്കവാറും ഞാൻ ആയിരിക്കും.പിന്നെ എല്ലാവരും കൊണ്ടു വന്ന മറ്റു പൂക്കളും ഇലകളും ഉപയോഗിച്ച് പൂക്കളമൊരുക്കും.അത് ചെയ്തിരുന്നത് പെൺകുട്ടികൾ ആയിരുന്നു.പക്ഷേ പൂക്കളത്തിന്റെ ഡിസൈൻ ഒന്നും ഓർമ്മയിൽ ഇല്ല.

ഇന്ന് ഓണപ്പൂക്കളം ഒരുക്കാൻ  പൂക്കൾ ശേഖരിക്കാൻ കുട്ടികൾ പറമ്പിലേക്ക് ഇറങ്ങുകയല്ല ചെയ്യുന്നത്. പകരം അഛനമ്മമാരെ അങ്ങാടിയിലേക്ക് അയക്കുകയാണ് ചെയ്യുന്നത്. വിവിധ വർണ്ണത്തിലുള്ള ‘ചൊടിയുള്ള’ അന്യസംസ്ഥാനപൂക്കൾ മാർക്കറ്റിൽ സുലഭമാകുമ്പോൾ കല്ലിലും മുള്ളിലും ചളിയിലും ചവിട്ടി നാട്ടുപൂക്കൾ ശേഖരിക്കാൻ ആർക്കാണ് താല്പര്യം?മൊബൈൽ ഫോണിൽ ഇന്റെർനെറ്റ് സംവിധാനത്തിലൂടെ നിരവധി ഓണപ്പാട്ടുകൾ കേൾക്കാൻ കഴിയുമ്പോൾ ആർക്ക് വേണം “പൂവേ പൊലി പൂവേ” പാട്ടുകൾ ?വാട്സ് അപ്പിൽ സൌജന്യമായി ആശംസകൾ കുത്തി വിടാൻ സാധിക്കുമ്പോൾ എന്തിന് അവരുടെ വീട്ടിൽ പോയി നമ്മുടെ സമയവും അവരുടെ സമയവും പാഴാക്കണം?

പുതിയ തലമുറക്ക് ഇതെല്ലാം ശരിയായി തോന്നിയിരിക്കാം.പക്ഷേ ഇവിടെ നഷ്ടമായത് ഓണത്തിന്റെ തനിമയാണ്. പാടത്തും പറമ്പിലും ചുറ്റിക്കറങ്ങി പൂ ശേഖരിക്കുമ്പോൾ ആ നാടിനെപ്പറ്റിയും അവിടത്തെ ജൈവ വൈവിധ്യത്തെപ്പറ്റിയും പൂക്കൾ വളരുന്ന പ്രദേശത്തിന്റെ പ്രത്യേകതകളെപ്പറ്റിയും മണ്ണിന്റെ ഗന്ധവും അവനറിയാതെ അവനിലേക്ക് കൂടിക്കയറുന്നുണ്ടായിരുന്നു. വിവിധ നാട്ടാചാരങ്ങളെപ്പറ്റിയും നാട്ടറിവുകളും അവന് വിവരം കിട്ടുന്നുണ്ടായിരുന്നു.പൂവിന്റെ ഗന്ധവും പൂമ്പാറ്റകളുടെ സൌന്ദര്യവും തിരിച്ചറിയുന്നുണ്ടായിരുന്നു.അയല്പക്ക ബന്ധങ്ങളും കുടുംബ ബന്ധങ്ങളും സുഹൃത്ബന്ധങ്ങളും ദൃഢപ്പെടുത്തുണ്ടായിരുന്നു.
  
ഇന്നലെ എന്റെ സാദാ ക്യാമറയിൽ എന്റെ സ്വന്തം പുരയിടത്തിൽ നിന്ന് പകർത്തിയത്

           വീണ്ടും ഒരു പൊന്നോണം മുന്നിൽ എത്തുമ്പോൾ മേല്പറഞ്ഞ നഷ്ടക്കണക്കുകളിൽ എത്ര എണ്ണം നമ്മുടെ മക്കൾക്കായി നികത്തിക്കൊടുക്കാൻ നമുക്ക് സാധിച്ചു എന്ന ഒരു കണക്കെടുപ്പ് കൂടി നടത്താൻ ശ്രമിക്കുക – എല്ലാ ബൂലോകർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ.