Team PSMO വീണ്ടും ഊട്ടിയിൽ - 3
കോതഗിരിയെപ്പറ്റി ഞാൻ ആദ്യമായി കേൾക്കുന്നത് എൻ്റെ മൂത്തുമ്മയുടെ മകനും സഞ്ചാരിയുമായിരുന്ന അബ്ദ്വാക്കയിൽ നിന്നാണ്. അപകടത്തിൽ ഒരു കാല് നഷ്‌ടപ്പെട്ട് ഏറെക്കാലം വിശ്രമത്തിലായിരുന്ന അബ്ദ്വാക്കയെ ഒരു ദിവസം രാവിലെ ഞാൻ ബസ് സ്റ്റാൻഡിൽ വെച്ച് കണ്ടുമുട്ടി. ഒറ്റ നോട്ടത്തിൽ തന്നെ എങ്ങോട്ടോ യാത്ര പോകുകയാണ് എന്ന് എനിക്ക് മനസ്സിലായി. എങ്ങോട്ടാണ് പോകുന്നത് എന്ന എൻ്റെ ചോദ്യത്തിന് കിട്ടിയ ഉത്തരമായിരുന്നു കോതഗിരി. കോയമ്പത്തൂരിലേക്ക് ബസ് കയറി അവിടെ നിന്ന് കോതഗിരിയിലേക്ക് പോകാനായിരുന്നു പൊയ്ക്കാൽ വെച്ച അദ്ദേഹത്തിൻ്റെ ഉദ്ദേശ്യം. അന്ന് ഞാനും മനസ്സിൽ കരുതിയതാണ് കോതഗിരി കാണണം എന്നത്.
ഊട്ടി പട്ടണം പിന്നിട്ട് വളവും കയറ്റവും നിറഞ്ഞ റോഡിലേക്ക് ഞങ്ങൾ പ്രവേശിച്ചു. ഡൊഡ്ഡബേട്ട പീക്ക് പ്രസ്തുത റൂട്ടിലാണെന്നും വേണമെങ്കിൽ കാണാമെന്നും സുനിൽ പറഞ്ഞു. ഡിഗ്രി ടൂറിലാണോ അതല്ല സുഹൃത്ത് കൃഷ്‌ണകുമാറിൻ്റെ ക്ഷണപ്രകാരം ഊട്ടിയിൽ എത്തിയപ്പോഴാണോ എന്ന് തീർച്ചയില്ല പ്രസ്തുത പീക്കിൽ ഞങ്ങൾ എത്തിയിരുന്നു. എന്തായിരുന്നു അന്ന് കണ്ടത് എന്നത് ഇപ്പോൾ വ്യക്തമായി ഓർമ്മയിലില്ല.തമിഴ്നാട്ടിലെ ഏറ്റവും ഉയർന്ന കൊടുമുടിയാണ് ഡൊഡ്ഡബേട്ട പീക്ക്. ആർക്കും താല്പര്യമില്ലാത്തതിനാൽ അവിടെയും ഞങ്ങൾ സ്‌കിപ് ചെയ്തു.
ഇരു ഭാഗങ്ങളിലും വൃക്ഷങ്ങൾ ഇട തിങ്ങിയ റോഡിലൂടെയാണ് കോതഗിരിയിലേക്കുള്ള യാത്ര. ഊട്ടി സന്ദർശകരിൽ അധികമാർക്കും കോതഗിരിയെപ്പറ്റി അറിയാത്തതിനാൽ ഞങ്ങൾ പോകുന്ന റോഡ് ഏറെക്കുറെ വിജനമായിരുന്നു. മുകൾ ഭാഗത്ത് നിന്ന് എപ്പോ വേണമെങ്കിലും ഒരു കാട്ടുപോത്തോ മറ്റെന്തെങ്കിലും മൃഗമോ വണ്ടിയുടെ മുന്നിലേക്ക് എടുത്ത് ചാടും എന്ന് ഞാൻ പ്രതീക്ഷിച്ചു. പക്ഷേ അങ്ങനെയൊന്നും സംഭവിച്ചില്ല.
നീലഗിരി മലനിരകളിലെ ഏറ്റവും പഴയതും ശാന്തവുമായ ഹിൽ സ്റ്റേഷനാണ് കോതഗിരി. കോത എന്ന ആദിവാസി വിഭാഗം താമസിക്കുന്ന കുന്ന് എന്നതിനാലാണ് കോതഗിരി എന്ന് പേര് വന്നത്. ഊട്ടിയിൽ നിന്ന് വരുമ്പോൾ മലക്ക് താഴേക്ക് ഇറങ്ങുന്നതായാണ് അനുഭവപ്പെടുക. കോയമ്പത്തൂർ ഭാഗത്ത് നിന്ന് വരുമ്പോൾ കോതഗിരി ശരിക്കും ഒരു ഗിരി തന്നയാണ്.
പൈൻ മരങ്ങളുടെയും തേയിലത്തോട്ടങ്ങളുടെയും വശ്യമനോഹാരിത ആസ്വദിച്ചു കൊണ്ട് ഒരു മണിയോടെ ഞങ്ങൾ കോതഗിരി ടൗണിലെത്തി. ജുമുഅയുടെ സമയമായതിനാൽ പള്ളിയിലേക്കാണ് നേരെ പോയത്. തമിഴിലെ ജുമുഅ ഖുതുബ പൂർണ്ണമായും മനസ്സിലായില്ല എങ്കിലും വളരെ ഹൃദ്യമായി അനുഭവപ്പെട്ടു. ജുമുഅ കഴിഞ്ഞ് പുറത്തിറങ്ങിയ ഉടൻ തിരിച്ച് നാട്ടിലേക്ക് പോവാൻ തീരുമാനിച്ചു. സുനിൽ അപ്പോഴും തൊട്ടടുത്ത് ഏതെങ്കിലും കാഴ്ചകൾ ഒളിഞ്ഞിരിപ്പുണ്ടോ എന്ന് ഗൂഗിളിൽ പരതി നോക്കി. പ്രത്യേകിച്ച് ഒന്നും ഉള്ളതായി കണ്ടില്ല.
ഊട്ടിയിലെത്തി ഭക്ഷണം കഴിച്ച ശേഷം ഞങ്ങൾ കേരളത്തിലേക്ക് തിരിച്ചു. ഫിംഗർ പോയിൻ്റിൽ നിന്ന് ഇടത്തോട്ട് മാറി മറ്റൊരു വഴിയിലൂടെ സഞ്ചരിച്ച ഞങ്ങൾ ഒരു ഗോൾഫ് കോഴ്‌സ് തുറന്ന് കിടക്കുന്നത് കണ്ടു. അകത്ത് കയറി ഫോട്ടോസും വീഡിയോകളും പിടിച്ച് കഴിഞ്ഞപ്പോൾ ഒരാൾ വന്ന് ശകാര വർഷം നടത്തി. തമിഴിലായതിനാൽ ഞങ്ങൾക്കൊന്നുമേ തിരിയാത്.
വഴിയിൽ നിന്ന് ടെൻണ്ടർ കാരറ്റും ഊട്ടി ബർക്കിയും പുളി മിഠായിയും മറ്റും വാങ്ങി ഞാൻ ബാഗിലാക്കി. രാത്രി ഒമ്പത് മണിയോടെ മഹ്റുഫിൻ്റെ വീട്ടിലും പതിനൊന്ന് മണിയോടെ എൻ്റെ നാട്ടിലും എത്തിയതോടെ ഈ യാത്രയും പൂർണ്ണമായി.
(അവസാനിച്ചു)



0 comments:
Post a Comment
നന്ദി....വീണ്ടും വരിക