Pages

Monday, June 22, 2015

ഇനി വയനാട്ടിലേക്ക്....

 സ്വീപർ  മുതൽ പ്രിൻസിപ്പാൾ വരെ നീളുന്ന ഓഫീസ് സ്റ്റാഫംഗങ്ങൾ...

വിവിധ ഡിപ്പാർട്ട്മെന്റ് മേധാവികളും അദ്ധ്യാപകരും അടങ്ങുന്ന ഫാക്കൾറ്റി അംഗങ്ങൾ....

കോളേജിലെ വിവിധ ലാബുകളിൽ ജോലി ചെയ്യുന്ന സ്ഥിരവും അസ്ഥിരവുമായ ടെക്നിക്കൽ സ്റ്റാഫംഗങ്ങൾ...

കോളേജിലെ മറ്റു അഡീഷനൽ വർക്കുകളിൽ സഹായിക്കുന്ന താൽക്കാലിക സ്ത്രീ ജീവനക്കാർ....

കാന്റീനിലെ അമ്മ മുതൽ വെസ്റ്റ്‌ഹിൽ ടൌണിൽ ഫോട്ടോസ്റ്റാറ്റ് കട നടത്തുന്ന ചേട്ടൻ വരെ പരിചിതരായ മുഖങ്ങൾ.......

എന്റെ സ്വന്തം എൻ.എസ്.എസ്. കുടുംബാംഗങ്ങൾ....

എല്ലാവരോടും യാത്ര പറഞ്ഞ് ഞാൻ കോളേജ് മുറ്റത്തേക്കിറങ്ങി.അവിടെ 2011-ലെ ലോക വനദിനത്തിൽ ഞാനും ശഫീഖ് സാറും കൂടി നട്ട സ്റ്റാർ ആപ്പിൾ മരം പൂത്ത് നിന്നിരുന്നു.


അതിന്റെ ചുവട്ടിൽ അല്പ നേരം നിന്ന് സ്നേഹത്തോടെ തലോടിയ ശേഷം 2012-ലെ എന്റെ ജന്മദിനത്തിൽ നട്ട വേപ്പ് മരത്തിനടുത്ത് ഞാനും എന്റെ പ്രിയ മക്കളും ഒത്ത് കൂടി.


ഞാൻ പ്രോഗ്രാം ഓഫീസറായ  ശേഷം നട്ട് ഇന്ന് കാമ്പസിനെ ഹരിതാഭമാക്കി നിർത്തുന്ന നിരവധി മരങ്ങൾക്ക് നേരെ കണ്ണോടിച്ച് , എന്റെ വേപ്പ് മരത്തിന് ഒരു സ്നേഹചുംബനം നൽകി ,പുതിയൊരു വേപ്പിൻ തൈ കൂടി നട്ട് ഞാൻ കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജിന്റെ ഗേറ്റ് കടന്ന് പുറത്തിറങ്ങി....


ഇനി വയനാട്ടിലേക്ക്.


Friday, June 19, 2015

ന്യൂട്ടന്റെ നാലാം ചലന നിയമം

വർഷങ്ങൾക്ക് ശേഷം ഞാനും എന്റെ പഴയ ക്ലാസ്മേറ്റ്സും കണ്ടുമുട്ടി.എല്ലാവരും 92ന് ശേഷം കടന്നുപോയ വിവിധ വഴികൾ പങ്ക് വച്ചു .ശേഷം വായിക്കുക....

ശ്രീ : ഷീ, നമ്മൾ രണ്ട് പേരും മാത്രമാണ് അന്ന് നിർത്തിയത്.

ഷീ: അതേ അതെ.പക്ഷേ മൂന്ന് കൊല്ലം പഠിച്ച ഫിസിക്സ് എന്താണെന്ന് മറന്നുപോയി

ശ്രീ :ഓ....അപ്പോൾ അക്കാര്യത്തിലും നീയും ഞാനും തുല്യമായി.ഇന്നലെ മോൻ ചോദിച്ചു,ന്യൂട്ടന്റെ നാലാം ചലന നിയമം എന്താണെന്ന്?

ഷീ:എന്നിട്ട് നീ എന്ത് പറഞ്ഞു?

ശ്രീ :പെട്ടെന്ന് എനിക്ക് ഉത്തരം കിട്ടിയില്ല...എങ്കിലും ഞാൻ പറഞ്ഞു.

ഷീ:എങ്കിൽ പറ,ഇനി എന്നോടും മക്കൾ ചോദിച്ചാൽ പറഞ്ഞു കൊടുക്കാലോ

ശ്രീ :പ്രകാശവേഗതയിൽ ചലിക്കുന്ന ഏതൊരു വസ്തുവിന്റേയും പ്രവേഗം 3 ലക്ഷം കി.മീ പെർ സെക്കന്റ് ആയിരിക്കും!

ഷീ:ഓ...ഇത്രയേ ഉള്ളോ?

ശ്രീ :92ൽ അത്രയെ ഉണ്ടായിരുന്നുള്ളൂ !!


(ഏഴ് കൊല്ലം ഫിസിക്സ് പഠിച്ചിട്ടും എല്ലാ ചലനനിയമങ്ങളുടേയും പേറ്റന്റ് ന്യൂട്ടൺ ചുളുവിൽ അടിച്ചുമാറ്റുന്നു എന്ന് MSc ക്കാരുടെ ആത്മഗതം.)

Wednesday, June 17, 2015

സംഭവിക്കാതെ പോയത്....

വർഷങ്ങൾക്ക് ശേഷം ഞാനും എന്റെ പഴയ ക്ലാസ്മേറ്റ്സും കണ്ടുമുട്ടി.ശേഷം വായിക്കുക....

എക്സ് : ആബിദേ നീ കുറേ അവാർഡൊക്കെ വാങ്ങി വല്ല്യ ആളായി എന്നതൊക്കെ സന്തോഷമുള്ള കാര്യങ്ങൾ.ഇതിനിടക്ക് കയ്പേറിയ അനുഭവങ്ങളും ഉണ്ടാകുമല്ലോ?ഓർമ്മയിലുള്ള ഒന്ന് പങ്ക് വയ്ക്കൂ.

ഞാൻ: തീർച്ചയായും , ഒരു പാട് കയ്പേറിയ അനുഭവങ്ങളും ഉണ്ട്.ഈ അടുത്ത് അനുഭവിച്ച ഒന്ന് തന്നെ പറയാം...

എക്സ്:ഓർമ്മയിൽ പച്ചപിടിച്ച് നിൽക്കുന്നത്

ഞാൻ:ങാ....ഈ അടുത്ത് ഞാൻ ഒരു ക്ലാസ് എടുക്കാൻ പോയി...

എക്സ്:ആഹാ..ടീച്ചർമാരുടെ കഞ്ഞിയിലും പാറ്റ ഇടുന്നുണ്ടല്ലേ?

ഞാൻ:ഏയ്...ഇത് എൻ.എസ്.എസ് ക്ലാസ്സ്

എക്സ്:ഓ...അതിന് പറ്റിയത് നീ തന്നെയാ

ഞാൻ:ആ...അന്ന് ആ കോളേജിൽ ക്ലാസ് ഉള്ള ദിവസം.പ്രിൻസിപാൾ ലീവായതിനാൽ എച്.ഓ.ഡിക്കാണ് ചാർജ്ജ്....ഞാനതൊന്നും അറിയില്ല , അറിയേണ്ടതും ഇല്ല.

എക്സ്:അതെ, അപ്പം തിന്നാൽ മതി

ഞാൻ:ആ..ഞാൻ എത്തി പ്രിൻസിപ്പാളെ ഒന്ന് കാണാമെന്ന് കരുതി പ്രോഗ്രാം ഓഫീസറേയും കൂട്ടി ചെന്നു.അവർ തമിലുള്ള കോമ്പി ഞാൻ അറിയില്ലല്ലൊ...

എക്സ്:അപ്പോ കഥ സൂപ്പർ ആകും

ഞാൻ:ആ...എൻ.എസ്.എസ് ക്ലാസ് എടുക്കാൻ പോയ എന്നോട് അദ്ദേഹത്തിന്റെ ചോദ്യം..ഏത് വരെ പഠിച്ചൂന്ന് ?

എക്സ്:ങേ, അതെന്തൊരു പ്രിൻസിപ്പാളാ...നിന്നെപ്പറ്റി ഒരു വിവരവും ഇല്ലാത്തയാൾ

ഞാൻ:ഞാൻ പറഞ്ഞു എം.എസ്.സി ഫിസിക്സ് ആണെന്ന്.ഉടനെ അടുത്ത ചോദ്യം?എങ്കിൽ “‘ജോർഡാൻ’സ് ലെമ്മ” എന്നാലെന്താ?

എക്സ്:ങേ, ഇതെന്താപ്പാ?

ഞാൻ:ആ…ചോദ്യം കേട്ടപ്പഴേ മനസ്സിലായി , ആൾ മാത്‌സ് കാരനാണെന്ന്

എക്സ്:എന്നാലും??

ഞാൻ:എനിക്കുണ്ടൊ പി.ജിക്ക് പഠിച്ച അന്നത്തെ ഈ ‘അമ്മ’യെ ഓർമ്മ….ഞാൻ ബ ബ ആയി.അന്ന് എനിക്കവിടെ ക്ലാസ് എടുക്കാൻ പറ്റിയില്ല എന്ന് ചുരുക്കം.

എക്സ്:അയ്യോ കഷ്ടം…ആ പ്രിൻസിപ്പാളെ ഒരു പാഠം പഠിപ്പിക്കണം…ഏതായിരുന്നു കോളേജ്?

ഞാൻ: * % # @ എഞ്ചിനീയറിംഗ് കോളേജ്

എക്സ്:ങേ…! പ്രിൻസിപ്പാളെ പേര് അറിയോ?

ഞാൻ:ഹംസ എന്നോ മറ്റോ അവർ പറയുന്നത് കേട്ടു

എക്സ്:ങേ!!!അതെന്റെ ബാപ്പയായിരുന്നെടാ….


( റിട്ടയർമെന്റിന് ശേഷം വീട്ടിലിരുന്നാൽ മതി എന്ന് ബാപ്പമാരോട് പറയേണ്ട കാലമായിരിക്കുന്നു)

Saturday, June 13, 2015

വീണ്ടും ഒരു കൂടുമാറ്റം

2009 ജൂൺ മുതൽ 2015 ജൂൺ വരെ - ആറ് വർഷം !! അതെങ്ങനെ പറന്ന് പോയി എന്നറിയില്ല.കാരണം കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജിൽ എന്നും എനിക്ക് ചെയ്യാനായി പലതും ഉണ്ടായിരുന്നു , എൻ.എസ്.എസ് എന്ന ഊർജ്ജസ്വലമായ ഒരു പ്ലാറ്റ്ഫോം ഉള്ളതിനാൽ.ഇക്കഴിഞ്ഞ വ്യാഴാഴ്ച പുതിയ ആൾ എത്തിച്ചേർന്നതോടെ ഈ കോളേജിലെ എന്റെ സേവനം അവസാനിച്ചു. ഇനി വീണ്ടും പഴയ തട്ടകമായ വയനാട്  മാനന്തവാടിയിലെ ഗവ. എഞ്ചിനീയറിംഗ് കോളേജിലേക്ക്.

സർക്കാർ സർവീസിൽ കയറിയാൽ പിന്നെ പല ഘട്ടങ്ങളിലായി നടക്കുന്ന ചില കലാപരിപാടികളാണ് സ്ഥലം മാറ്റം , സ്ഥാനക്കയറ്റം , വിരാമം എന്നിവ.ഇതിൽ മിക്കപ്പോഴും ഇരട്ടകളായി വരുന്നതാണ്  സ്ഥാനക്കയറ്റത്തോടൊപ്പമുള്ള സ്ഥലം മാറ്റം.അത് പലർക്കും സന്തോഷം നൽകും.എന്നാൽ കയറ്റമില്ലാത്ത മാറ്റി പ്രതിഷ്ഠ പലർക്കും രുചിക്കില്ല.പക്ഷേ, എന്നെ സംബന്ധിച്ചിടത്തോളം രണ്ട് വർഷം മുമ്പേ പ്രതീക്ഷിച്ചു കൊണ്ടിരിക്കുന്ന ഒരു കാര്യമായതിനാൽ കുടുംബത്തെ വിട്ടു നിൽക്കേണ്ടി വരുന്നു എന്നതൊഴിച്ചാൽ മറ്റ് അരുചി ഒന്നും തോന്നുന്നില്ല.

ഞാൻ എന്റെ കുടുംബത്തോടൊപ്പം നിന്ന് എങ്ങനെ ആസ്വദിച്ചോ അതേ പോലെ ആസ്വദിക്കാൻ എന്നെ മാറ്റി ഇവിടെ എത്തുന്ന ആൾക്കും ആഗ്രഹമുണ്ടാകും.സ്വാധീനവും ശിപാർശയും ഉപയോഗിച്ച് ഒരു പരിധി വരെ സ്വയം സംരക്ഷിക്കാൻ സാധ്യമായിരുന്നു.എന്നാൽ ഇവ എന്റെ സ്വന്തം നയത്തിന് കടക വിരുദ്ധമായതിനാൽ ഞാൻ ആ വഴി സ്വീകരിച്ചില്ല.ഈ കുഞ്ഞു കേരളത്തിൽ അങ്ങോട്ടും ഇങ്ങോട്ടും മാറ്റുന്നത് ഒഴിവാക്കാൻ ഒരാളുടെയും കാല് പിടിക്കാൻ ഞാൻ തയ്യാറുമല്ല.


സ്വന്തമായി ഒരു കമ്പ്യൂട്ടറും മേൽനോട്ടം നൽകാനായി ഒരു കമ്പ്യൂട്ടർ ലാബും ഇഷ്ടം പോലെ സമയവും ഉണ്ടാകും എന്നതിനാൽ എന്റെ പഴയകാല ബ്ലോഗ് സാമ്രാജ്യത്തിലേക്കുള്ള ഒരു തിരിച്ചു പോക്ക് കൂടിയാണ് ഈ സ്ഥലം മാറ്റം.ബ്ലോഗ് വായനയുടെ വസന്ത കാലത്തിലേക്കും ബ്ലോഗ് എഴുത്തിന്റെ സുവർണ്ണ കാലഘട്ടത്തിലേക്കും ഒരു തിരിച്ചു പോക്ക് – ഈ വരുന്ന ആഗസ്ത് മാസത്തിൽ ബ്ലോഗിംഗിന്റെ പത്താം വർഷത്തിലേക്ക് കടക്കുമ്പോൾ അതിനുള്ള മുന്നൊരുക്കമായി ഈ സ്ഥലം മാറ്റം മാറട്ടെ എന്നാശിക്കുന്നു.

Monday, June 08, 2015

മുപ്പത്തിയേഴാം വയസ്സിൽ ഫുൾ എ+ !!

കാലം മാറി , കഥ മാറി.പൊതുപരീക്ഷയിൽ റാങ്ക് വാങ്ങിയിരുന്ന കാലം പോയി അങ്ങാടിയിൽ നിന്നും ടാങ്ക് വാങ്ങുന്ന കാലം നിലവിൽ വന്നു.റാങ്ക് വാങ്ങുന്നവനെ കാണാൻ ആർക്കും റങ്ക് ഇല്ലാതായി.പത്രങ്ങളുടെ മുൻപേജിൽ പോസ്റ്റ്കാർഡ് വലിപ്പത്തിൽ ഫോട്ടോ വന്നിരുന്നത്, ഉൾപേജിൽ സ്റ്റാമ്പ് സൈസ് ആയി മാറി.അഞ്ചോ ആറോ പേരുടെ മാത്രം ഫോട്ടോ കാണേണ്ടി  വന്നിരുന്ന പൊതുജനത്തിന് , അരപ്പേജിൽ കുത്തിനിറച്ച പടങ്ങളിൽ നിന്ന് സ്വന്തം മക്കളുടെ ഫോട്ടോ പോലും കണ്ടെത്താൻ പ്രയാസപ്പെടുന്ന കാലം എത്തി.കവലകളിലും മരക്കൊമ്പുകളിലും എല്ലാം ഫുൾ എ+ മുഖങ്ങൾ ഗൗരവം വിടാതെ നിറഞ്ഞു നിന്നു.വിജയശതമാനം എവറസ്റ്റിന്റെ അത്രയും ഉയരത്തിൽ എത്തിയെങ്കിലും ഓഹരി വിപണി പോലെ ചാഞ്ചാടിക്കൊണ്ടിരുന്നു(ഭാഗ്യം കൊണ്ട് ജയിച്ചെന്ന് കേട്ട് പായസം വച്ചവർക്ക് കലം മറിക്കേണ്ടിയും വന്നില്ല, കുടിച്ചവർക്ക് അത് ചർദ്ദിക്കേണ്ടിയും വന്നില്ല!).

അങ്ങനെയിരിക്കെയാണ് മുപ്പത്തിയേഴിന്റെ മൊഞ്ചിൽ നിൽക്കുന്ന ലുബ്നത്താത്തയുടെ മോൾക്കും എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ+ ലഭിക്കുന്നത്.ഫുൾ എ+ കിട്ടിയത് മോൾക്കാണെങ്കിലും കുടുംബത്തിൽ താരമായത് മോളുടെ ഉമ്മ ലുബ്നത്താത്ത തന്നെ.അഭിനന്ദനപ്രവാഹത്തിൽ ലുബ്നത്താത്ത പൊങ്ങുതടി കണക്കെ ഒഴുകിനടന്നു.നാട്ടിലെ സാംസ്കാരിക സംഘടനകൾ മൽസരിച്ച് ഫുൾ എ+ കാരെ ആദരിക്കാൻ തുടങ്ങി.ഒരു വേള ഒരു സ്ഥലത്ത് ഉമ്മയും മറ്റൊരു സ്ഥലത്ത് മോളും പോകേണ്ടി വരുമോ എന്ന് പോലും ആശങ്കപ്പെട്ടു.നാട്ടിലെ മെമെന്റോ നിർമ്മാതാക്കൾക്ക് ചാകരക്കാലമായി.

അത്തരം ഒരു സ്വീകരണ ചടങ്ങിൽ അങ്ങനെ ലുബ്നത്താത്തയും മകളും പങ്കെടുത്തുകൊണ്ടിരിക്കുകയായിരുന്നു. ഫുൾ എ+ നേടിയ കുട്ടികളുടെ പേരുകൾ അനൗൺസർ വായിച്ചു കൊണ്ടിരുന്നു.

"ലുബ്ന കെ.പി" അനൗൺസറുടെ പെട്ടെന്ന് വായിച്ചപ്പോൾ ലുബ്നത്താത്ത ഒന്ന് ഞെട്ടി.

"ലുബ്ന കെ.പി" അനൗൺസര് ഒന്ന് കൂടി തറപ്പിച്ച് വായിച്ചു !

എന്താണ് സംഭവിക്കുന്നത് എന്നറിയാതെ ലുബ്നത്താത്ത ഇരുന്നപ്പോൾ മെമെന്റോയിൽ സ്വന്തം ഫോട്ടോ കണ്ട മകൾ ചാടി എണീറ്റ് ചെന്ന് മെമെന്റോ സ്വീകരിച്ചു.മകളുടെ ഫോട്ടോക്ക് അടിയിൽ ഉമ്മയുടെ പേര് തെറ്റായി ചേർത്തതായിരുന്നു!!

പരിപാടി കഴിഞ്ഞിറങ്ങുമ്പോൾ പിന്നിൽ നിന്നും ഒരാളുടെ കമന്റ്  - " മുപ്പത്തിയേഴാം വയസ്സിൽ ഫുൾ എ+ വാങ്ങിയ ആൾ അതാ പോകുന്നു "

Thursday, June 04, 2015

700 കോടി സ്വപ്നങ്ങൾ,ഒരൊറ്റ ഗ്രഹം,ഉപഭോഗം കരുതലോടെ


ഈ വർഷത്തെ ലോകപരിസ്ഥിതി ദിനത്തിന്റെ മുദ്രാവാക്യമായി ഐക്യരാഷ്ട്ര സഭാ പരിസ്ഥിതി പദ്ധതി വിഭാഗം (യു.എൻ.ഇ.പി) മുന്നോട്ട് വച്ചതാണ് 700 കോടി സ്വപ്നങ്ങൾ,ഒരൊറ്റ ഗ്രഹം,ഉപഭോഗം കരുതലോടെ എന്നത്.ഇന്ന് ഈ വിഷയത്തെപറ്റി ചിന്തിക്കുന്നതിനപ്പുറം നാം അത് പ്രയോഗവൽക്കരിക്കുന്നതിലേക്ക് ശ്രദ്ധ നൽകേണ്ടിയിരിക്കുന്നു.

ലോക ജനസംഖ്യ 700 കോടി കവിഞ്ഞിരിക്കുന്നു.ഇത് മനുഷ്യൻ എന്ന ഒറ്റ വർഗ്ഗത്തിന്റെ മാത്രം കണക്കാണ്.ഭൂമിയിൽ ഇതിലും എത്രയോ കോടി മറ്റു ജീവജാലങ്ങൾ കൂടിയുണ്ട് എന്നത് ഇന്നും മനുഷ്യൻ ‘അറിഞ്ഞിട്ടില്ല’.ഇപ്പോൾ ഉള്ളതും ഓരോ സെക്കന്റിലും പെറ്റു പെരുകിക്കൊണ്ടിരിക്കുന്നതുമായ മനുഷ്യനടക്കമുള്ള ജീവജാലങ്ങൾക്ക് മനുഷ്യന്റെ അറിവിൽ പെട്ടിടത്തോളം ഒരേ ഒരു ഗ്രഹമേ വാസയോഗ്യമായിട്ടുള്ളൂ.അത് ഭൂമിയാണ്.

പക്ഷേ.....ബുദ്ധിരാക്ഷസനായ മനുഷ്യൻ , മറ്റു ഒരു ജീവിക്കും ദൈവം നൽകാത്ത ചിന്താശേഷിയുള്ള മനുഷ്യൻ , വിവേകമുള്ള മനുഷ്യൻ ഈ ഭൂമിയിൽ വസിക്കുന്നത് ഭൂമി എന്റെ തറവാട് എന്ന രൂപത്തിൽ ആണ് എന്ന് പറയാൻ ഖേദമുണ്ട്.പൊതുഗതാഗത സൌകര്യങ്ങൾ എത്ര തന്നെ മെച്ചപ്പെട്ടാലും സ്വന്തം വാഹനത്തിലേ ഇന്നും പലർക്കും യാത്ര ചെയ്യാൻ ‘സൌകര്യ’മുള്ളൂ. മോട്ടോർ വാഹനങ്ങൾക്ക് പകരം സൈക്കിൾ പോലെയുള്ള വാഹനങ്ങൾ ഉപയോഗിച്ചാണ് ഈ സൌകര്യം ഉപയോഗപ്പെടുത്തൽ എങ്കിൽ അവരാണ് ആൺകുട്ടികൾ . ദൽഹിയിൽ നിന്നുള്ള ഈ വാർത്ത അല്പമെങ്കിലും ആശ്വാസം പകരുന്നു.ഫോസിൽ ഇന്ധനങ്ങളുടെ ഇന്നത്തെ രീതിയിലുള്ള ഉപഭോഗം തുടർന്നാൽ, എന്റെ വാർദ്ധക്യകാലത്ത് തന്നെ “പെട്രോൾ വില ലിറ്ററിന് പതിനായിരം രൂപ കടന്നു" എന്ന വാർത്ത വായിക്കാൻ സാധിച്ചേക്കും.

ഇനി ഭക്ഷണത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കൂ...ലോകത്തിന്റെ ചില ഭാഗങ്ങളിൽ മനുഷ്യക്കോലങ്ങൾ ഒരു നേരത്തെ ഭക്ഷണത്തിനായി കാക്കകളോടും പട്ടികളോടും പൊരുതുമ്പോൾ അതേ ലോകത്തിന്റെ മറ്റൊരു ഭാഗത്ത് ഭക്ഷണം പാഴാക്കിക്കളയുന്നു.എന്തൊരു വിരോധാഭാസമാണ് ഈ വാർത്ത.നമ്മുടെ ഭക്ഷണക്രമത്തെക്കുറിച്ചും കഴിക്കാവുന്ന അളവിനെപറ്റിയും നാം വ്യക്തമായി ധാരണയുണ്ടാക്കണം.ഇല്ലെങ്കിൽ പ്രതിശീർഷ ആഹാര ഉപഭോഗം കൂടും.തീർച്ചയായും അത് പട്ടിണിയിലേക്കും നയിക്കും.

അതിനാൽ ഈ  വർഷത്തെ ലോകപരിസ്ഥിതി ദിനത്തിൽ നമുക്ക് ഒന്ന് ആഴത്തിൽ ചിന്തിക്കാം.നമ്മുടെ ഈ ഗ്രഹത്തെ പറ്റി, അതിന്റെ  ഭാവിയെക്കുറിച്ച് ഒരല്പ നേരം നമുക്ക് ആലോചിക്കാം.അതനുസരിച്ച് കരുതലോടെ ഉപയോഗിക്കാം.