Pages

Tuesday, September 25, 2007

പാളിപ്പോയ ഒരു സൈക്കിള്‍ കച്ചവടം.

എന്റെ ഇത്താത്തയുടെ മകന്‍ ഇഫാസ്‌ അഞ്ചാം ക്ലാസ്സിലാണ്‌ പഠിക്കുന്നത്‌.ഏതൊരു അഞ്ചാം ക്ലാസ്സ്‌ ആണ്‍കുട്ടിയുടെയും പോലെ അവനും ഒരു ഹെര്‍ക്കുലിസ്‌ ബ്രാവോ ബ്രാന്‍ഡ്‌ സൈക്കിളിന്റെ ഉടമയായിരുന്നു.വാങ്ങിയകാലത്ത്‌ പുതുപുത്തന്‍ ആയിരുന്നെങ്കിലും ഇപ്പോള്‍ അത്‌ ഓള്‍ഡ്‌ ഫാഷനായി മാറിയതിലവന്‌ അല്‍പം കുണ്ഠിതമുണ്ട്‌.ഹെര്‍ക്കുലിസാണെങ്കില്‍ അവനോട്‌ ചോദിക്കാതെ(!!) പുതിയ മോഡലായ അള്‍ട്ടിമ പുറത്തിറക്കി എന്ന് മാത്രമല്ല അവന്റെ പരിചയക്കാരനായ സവാദിന്‌ തന്നെ അതിലൊന്ന് വില്‍ക്കുകയും ചെയ്തപ്പോള്‍ ഇഫാസിന്റെ ഉള്ളില്‍ രോഷവും അമര്‍ഷവും നുരഞ്ഞ്‌ പൊങ്ങി. സവാദും ഇഫാസും വ്യത്യസ്ത സ്കൂളുകളിലാണ്‌ പഠിക്കുന്നത്‌.എട്ടിലോ ഒമ്പതിലോ എത്തേണ്ട സവാദ്‌ ഇപ്പോഴും അഞ്ചാം ക്ലാസ്സില്‍ ഇരിക്കുന്നതിന്റെ ഗുട്ടന്‍സ്‌ അവന്റെ 916 പരിശുദ്ധമായ മണ്ടത്തല തന്നെയാണ്‌.സൂത്രങ്ങള്‍ ഒപ്പിക്കാനും അവന്‍ ഈ മണ്ടരിത്തല നന്നായി ഉപയോഗിച്ചിരുന്നു.ഒരേ നാട്ടുകാരായതിനാലും ഒരേ കമ്പനിയുടെ വിവിധ "ബ്രാന്‍ഡ്‌ അമ്പാസഡര്‍"മാരായതിനാലും സവാദും ഇഫാസും പരിചയത്തിലായി. സവാദിന്റെ അള്‍ട്ടിമയെ മനസാ നെഞ്ചേറ്റി നടക്കുന്ന ഒരു ദിവസം ഉച്ചക്ക്‌ ഇഫാസിന്റെ വീട്ടില്‍ സവാദ്‌ സൈക്കിളുമായെത്തി.ശേഷം ഇഫാസിനോട്‌ ചോദിച്ചു. "നിന്റെ സൈക്കിള്‍ ഏതാ?" "ഹെര്‍ക്കുലിസ്‌ ബ്രാവോ..." "ങ്‌ ഹേ!!! ബ്രാവോയോ....അപ്പോള്‍ നീ അതറിഞ്ഞില്ലേ...?" "എന്ത്‌?" ഇഫാസ്‌ ചോദിച്ചു. "ബ്രാവോ സൈകിളില്‍ റ്റാത്ര ചെയ്യുമ്പോള്‍ ഒരു കുട്ടി വീണുമരിച്ചു!!!വിവരമറിഞ്ഞ ഹെര്‍ക്കുലിസ്‌ കമ്പനിക്കാര്‍ ബ്രാവോ സൈകിളുകളെല്ലാം കത്തിച്ചു."സവാദ്‌ ഒരു തകര്‍പ്പന്‍ നുണ കാച്ചി. "ങ്‌ ഹേ!! അങ്ങിനെയോ...?" ഇഫാസും ഒന്ന് ഞെട്ടി. "പിന്നെ....ഞാനിപ്പോള്‍ വന്നത്‌....എന്റെ ഈ അള്‍ട്ടിമ ഞാന്‍ അടുത്താഴ്ച വില്‍ക്കും..നിന്റെ ബ്രാവോയും അഞ്ഞൂറ്‌ രൂപയും തന്നാല്‍ ഇത്‌ നിനക്ക്‌ തരാം...എന്താ വേണോ...?" സവാദ്‌ രഹസ്യമായി ചോദിച്ചു. ബ്രാവോയെപ്പറ്റി സവാദ്‌ പറഞ്ഞതും അള്‍റ്റിമ കൈക്കലാക്കാനുള്ള മോഹവും കൂടിച്ചേര്‍ന്നപ്പോള്‍ ഇഫാസിന്‌ സവാദ്‌ പറഞ്ഞത്‌ നല്ല ആശയമായി തോന്നി.അവന്‍ പറഞ്ഞു. "ങാ....ഉമ്മയോട്‌ ചോദിക്കട്ടെ..." "ശരി....നീ ഉമ്മയോട്‌ ചോദിക്ക്‌.....ഇപ്പോള്‍ ഞാനിത്‌ നിന്റെ വീട്ടില്‍ നിര്‍ത്തട്ടെ....എന്റെ വീട്ടില്‍ നിര്‍ത്തിയിടാനുള്ള സ്ഥലമില്ല...." സവാദ്‌ പറഞ്ഞു. "ശരി...ശരി.."വൈകുന്നേരം കയ്യില്‍ ഒരു പോപിന്‍സ്‌ മിഠായി പാക്കറ്റുമായിട്ടാണ്‌ സവാദ്‌ വന്നത്‌.ഇഫാസ്‌ വീട്ടില്‍ ഇല്ലായിരുന്നു.ഇഫാസിന്റെ കുഞ്ഞനിയന്‍ അമല്‍ പുറത്ത്‌ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. "ഇഫാസ്‌ ഉണ്ടോ..?" സവാദ്‌ ചോദിച്ചു. "ഇല്ല" അമല്‍ പറഞ്ഞു. "നിന്റെ പേരെന്താ..?" "അമല്‍" "ആ....അമല്‍ ഇങ്ങോട്ട്‌ വാ...ഇന്നാ ഇതുപിടിച്ചോ..." സവാദ്‌ പോപിന്‍സെടുത്ത്‌ അമലിന്‌ നേരെ നീട്ടി. "ഇഫാസ്‌ കാക്കയോട്‌വാദ്‌ കാക്ക വന്നിരുന്നു എന്ന്‌ പറയണം ട്ടോ.." ഇതും പറഞ്ഞ്‌ സവാദ്‌ നേരെ ഇഫാസിന്റെ ഉമ്മയെ (എന്റെ ഇത്താത്ത) അന്വേഷിച്ച്‌ വീട്ടിലേക്ക്‌ കയറി. "സവാദ്‌ കാക്ക സിന്ദാബാദ്‌....സവാദ്‌ കാക്ക സിന്ദാബാദ്‌...."മിഠായി ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്‌ ജയ്‌ വിളിയുമായി അമല്‍ അകത്തേക്കോടി.അമലിന്റെ ജയ്‌ വിളി കേട്ട്‌ ഉമ്മ പുറത്തേക്ക്‌ വന്നു.ഉമ്മയെ കണ്ടപാടേ സവാദ്‌ പറഞ്ഞു. "ഇഫാസിന്‌ എന്റെ സൈക്കിള്‍ വേണമെന്ന് പറഞ്ഞിരുന്നു!500 രൂപക്ക്‌ ഞാനത്‌ അവന്‌ വിറ്റു!!പൈസ നിങ്ങളോട്‌ വാങ്ങാന്‍ പറഞ്ഞു!!!" "ങേ!!ഇഫാസ്‌ എന്നോടൊന്നും പറഞ്ഞില്ലല്ലോ?അവനെന്തിനാ രണ്ട്‌ സൈക്കിള്‍?" "ഇല്ലല്ല...അവന്റെ സൈക്കിള്‍ എന്നോട്‌ എടുക്കാനും പറഞ്ഞു....എന്റെ സൈക്കിള്‍ പുറത്ത്‌ നിര്‍ത്തിയിട്ടുണ്ട്‌...അവന്റെ സൈക്കിള്‍ അകത്താണെന്ന് അവന്‍ പറഞ്ഞിരുന്നു..." സവാദ്‌ സമര്‍ത്ഥമായി തട്ടിവിട്ടു.സവാദ്‌ പറഞ്ഞുതീരുന്നതിന്‌ മുമ്പ്‌ പുറത്തെവിടെയോ പോയിരുന്ന ഇഫാസ്‌ തിരിച്ചെത്തി.ഇഫാസിനെ ഗേറ്റില്‍ കണ്ട സവാദ്‌ പരുങ്ങി. "ഇത്താത്താ....എനിക്കൊരു പള്ളവേദന.....ഞാനിപ്പം വരാ...." ഇതും പറഞ്ഞുകൊണ്ട്‌ സവാദ്‌ പുറത്തേക്ക്‌ ചാടി ഇഫാസ്‌ കാണാതെ വീടിന്റെ പിന്നിലൂടെ ഓടി രക്ഷപ്പെട്ടു.അന്ന് അമലിന്‌ കൈക്കൂലിയായി നല്‍കിയ പോപിന്‍സ്‌ മിഠായി പാക്കിനെക്കുറിച്ചും നഷ്ടപ്പെട്ട ഹെര്‍ക്കുലിസ്‌ അള്‍റ്റിമ സൈക്കിളിനെക്കുരിച്ചും ആലോചിച്ചോ ആലോചിക്കാതെയോ സവാദ്‌ ഇപ്പോള്‍ മറ്റേതോ നാട്ടില്‍ കഴിയുന്നു.

Saturday, September 22, 2007

മോല്യാരുടെ ദൗത്യ നിര്‍വ്വഹണം.

അര്‍മാന്‍ മോല്യാര്‍ വീണ്ടും മോലികാക്കയുടെ വീട്‌ ലക്ഷ്യമാക്കി കുതിച്ചു.'റബ്ബേ.....ഇത്‌പ്പം സഫ-മര്‍വ്വക്ക്‌ എടക്ക്ള്ള പാച്ചില്‌* മാതിരി ആയല്ലോ.......പാഞ്ഞാലും മാണ്ടില്ല.....പൂക്കോയന്റെ റൂഹ്‌ന്‌* നിക്കപ്പൊറ്‌തി* കിട്ടണങ്കി അബൂന്റെ കല്ല്യാണം നല്ല നെലക്ക്‌ നടത്തണം....ഓന്‍ ഒര്‌ പെങ്കുട്ടിന്റപ്പം നാട്‌ ബ്‌ട്ട്‌ന്ന്‌ മന്‌സന്മാര്‍ അറ്‌ഞ്ഞാ കുടുമ്മത്തിന്റെ* മാനത്ത്‌ന്റൊപ്പം ന്റെ ആകാശും പൊള്‌ഞ്ഞ്‌ ബ്‌കും.....റബ്ബേ ജ്ജ്‌ കാക്ക്‌....' നടത്തത്തിനിടയില്‍ അര്‍മാന്‍ മോല്യാര്‍ ചിന്തിച്ചുകൊണ്ടിരുന്നു.ചിന്തയില്‍ മുഴുകിക്കൊണ്ട്‌ തന്നെ അര്‍മാന്‍ മോല്യാര്‍ മോലികാക്കയുടെ വീട്ടിലെത്തി. "മോലി എത്ത്യോ?" മോല്യാര്‍ വിളിച്ചു ചോദിച്ചു. "ആ....ഉസ്താദോ...? ബാപ്പ ബന്ന്‌ക്ക്‌ണ്‌..." മുറ്റത്തിന്റെ അറ്റത്ത്‌ നിന്നുള്ള മറുപടി കേട്ട്‌ അര്‍മാന്‍ മോല്യാര്‍ അങ്ങോട്ട്‌ നോക്കി. "ങേ...!! സൈനബ!!!" ' അപ്പോ ഇബളല്ലേ അബൂന്റൊപ്പം നാട്‌ ബ്‌ട്ട്‌ന്ന്‌ കേട്ടെ?' മോല്യാര്‍ക്ക്‌ ആശയക്കുഴപ്പമായി.അപ്പോഴേക്കും അകത്ത്‌ നിന്ന് മോലികാക്കയും വന്നു. "ആരാത്‌...?അര്‍മാന്‍ മോല്യാരോ...? ബെരിന്‍...ബെരിന്‍...."മോലികാക്ക മോല്യാരെ സ്വാഗതം ചെയ്തു. "അസ്സലാമലൈക്കും" "വലൈകുമ്മുസ്സലാം" "ഞമ്മള്‌ കൊറേ പ്രാശ്യം* ബടെ ബെന്നീനി*.....അന്നൊന്നും അന്നെ കണ്ട്‌ല.....ആ ബീരങ്ങളൊക്കെ അന്റെ കെട്ട്യോള്‌ അന്നോട്‌ പറഞ്ഞ്‌ലേ..?' മുന്നില്‍കണ്ട കസേരയില്‍ ഇരുന്നുകൊണ്ട്‌ അര്‍മാന്‍ മോല്യാര്‍ ചോദിച്ചു. "ആ....ഓള്‌ പറഞ്ഞീനി..." "ഇന്നും ഞാന്‌ ബെടെ ബെന്നീനി....ബെടന്ന് പോയ്‌ ഇതാപ്പം ബടെ എത്തും ബെരെ ഇച്ചാകെ പിരാന്ത്‌ പുട്ച്ച മാതിരി ആയ്‌നി....പ്പം ഇച്ച്‌ സമാതാനായി...."മോല്യാര്‍ പറഞ്ഞു. "ങ്‌ഹേ...പിരാന്ത്‌ പുട്ച്ച്യേ...എത്തെയ്നും കാര്യം?" മോലികാക്ക ചോദിച്ചു. "അന്റെ മോള്‌ കൊറേ കാലായല്ലോ ഓത്തള്ളീക്ക്‌ ബെന്ന്ട്ട്‌..." "ആ...അത്‌....ഓള്‌ ബയസ്‌* അറീചപ്പം പിന്നെ ഓളെ ബ്‌ടണ്ടാന്ന് ബിചാരിച്ച്‌...." "അത്‌ സരി.....പച്ചേങ്കില്‌ ഞമ്മള്‌ കേട്ടത്‌ ബേറെ ബര്‍ത്താനാ...." "എത്തെയ്നും?" "ഓള്‌ ഓത്തള്ളീ ബന്ന്ട്ട്‌ രണ്ട്‌ മാസം കയ്ഞ്ഞ്ന്നും ഓള്‌ ഒര്‌ത്തന്റെ...." മോല്യാര്‍ ഒന്ന് നിര്‍ത്തി. "ഒര്‌ത്തന്റെ...???" മോലികാക്കാക്കും ആകാംക്ഷയായി. "അല്ല....അത്‌പ്പം ചെലപ്പം*...." മോല്യാര്‍ എന്ത്‌ പറയണം എന്നറിയാതെ പരുങ്ങി. "ങളൊന്ന് തെളിച്ചി പറി മോല്യാരെ..." "സൈനബ ബെന്ന്ട്ട്‌പ്പം എത്ര ദീസായി..?" അര്‍മാന്‍ മോല്യാര്‍ ഒരു ചോദ്യമെറിഞ്ഞു. "സൈനബ ബെന്ന്ട്ടോ...?യൗടന്ന് ബെന്ന്ട്ട്‌?' "ആ...അത്‌..." 'കുലുമാലായോ റബ്ബേ...' അര്‍മാന്‍ മോല്യാര്‍ ആകെ പരുങ്ങി. "മോല്യാര്‍ എത്ത പറ്യണെ?" "ആ...ഓള്‌ ഓത്തള്ളീ ബന്ന്ട്ട്‌ എത്രെ ദീസായീന്ന്...?" അര്‍മാന്‍ മോല്യാര്‍ ഒരു വിധം തടിയൂരി. "ആ....അത്‌പ്പം രണ്ട്‌ മാസായീന്നാ തോന്ന്‌ണേ....അല്ല സൈനൂ..?" "ആ....ഞമ്മള്‌ ആ ബീരം ഇന്നാ അറ്‌ഞ്ഞെ....പിന്നെ ബേറൊര്‌ ബിസയം* അന്നോട്‌ പറ്യാന്‌ണ്ട്‌..." "ആ...അതെത്താ ബിസേസം?" "ഓള്‌ ബയസ്‌ അറീച്ചി ന്നല്ലേ പറഞ്ഞെ....അപ്പം ഞി ബേം കട്ടിച്ചണ്ടേ?" "ആ....അത്‌ മാണം*" മോലികാക്ക സമ്മതം മൂളി. "ഓക്ക്‌ പറ്റ്യ ഒര്‌ത്തന്‌ണ്ട്‌....ഞമ്മളെ നാട്ട്‌ലെന്നെ....അന്‌ക്കും അറ്യായിര്‌ക്കും...:" "ആരാത്‌?" "ഓന്‌ ന്നോട്‌ നേര്‌ട്ട്‌ പറഞ്ഞതാ.....അന്റെ മോളെ ഓന്‌ പെരുത്ത്‌ ഇസ്ടാന്ന്....അതോണ്ട്‌ ജ്ജ്‌ കയ്ച്ച്‌ലായി..." "ആ....അതാരാന്ന് ബെച്ച ഒന്ന് ബേം പറി മോല്യാരെ...." "അത്‌.... ഞമ്മളെ മര്‌ച്ച്‌ പോയ പൂക്കോയന്റെ മോന്‌ അബു....കല്ലയില്‌ള്ള ഓന്റെ ഒര്‌ മൂത്താപ്പാന്റെ അട്‌ത്ത്‌ ഞമ്മള്‌ പോയി ബീരം ഒക്കെ പറഞ്ഞ്‌ണ്‌......അനക്കാണെങ്കി സ്രീതനം കൊട്‌ക്കാതെ കയ്ച്ച്‌ലാവാം....എത്ത അനക്ക്‌ ഓനെ പുട്ച്ച്യോ?" "ആ...കദീസൂനോടും കൂടി ഒന്ന് ചോയ്ച്ചട്ടെ...." "അത്‌ മാണോ..? ജ്ജ്‌ അങ്ങട്ട്‌ തീര്‌മാന്‌ച്ചാ പോരെ?" "ആ...ഇച്ച്‌ എത്‌ര്‍പ്പൊന്നും ല്ല..." "പച്ചേങ്കില്‌ ഒര്‌ പ്രസനം..."മോല്യാര്‍ മോലികാക്കയുടെ നേരെ തന്നെ നോക്കി. "എത്താ പ്രസനം..? മോലികാക്ക ആകാംക്ഷയോടെ ചോദിച്ചു. "അത്‌ ...ഞമ്മള്‌ ഇതൊക്കെ സര്യാക്കി ബെന്നപ്പോത്ത്‌ന്‌*...." " ബെന്നപ്പോത്ത്‌ന്‌??" "അബു യൗടക്കോ പോയി....ഇന്ന് ഓന്റെ കുടീ പോയപ്പളാ ഞമ്മള്‌ ബീരം അറ്‌ഞ്ഞത്‌....അപ്പം അന്റെ മോള്‍ക്ക്‌ ഓനെ മാണെങ്കി ഓന്‍ യൗട്യാന്ന് തെര്യണം...." മോല്യാര്‍ പറഞ്ഞു നിര്‍ത്തി. "ന്ന ഞമ്മക്ക്‌ നാളെതെന്നെ തെരച്ചില്‌ തൊടങ്ങാ..." മോലികാക്ക നിര്‍ദ്ദേശിച്ചു. "ആ....ഞമ്മളും റെഡി....ന്നാല്‌ ഞമ്മള്‌ എറങ്ങട്ടെ...." മോല്യാര്‍ എണീറ്റു. "ചോറ്‌ന്ന്ട്ട്‌ പോയാ പോരെ?" "അതൊക്കെ ഞമ്മക്ക്‌ ഞും ത്‌ന്നാലോ....പറഞ്ഞ മാതിരി ഞമ്മക്ക്‌ നാളെ തെന്നെ തൊടങ്ങണം....ബെരട്ടെ....അസ്സലമലൈക്കും..." ദൗത്യം നിര്‍വ്വഹിച്ച അര്‍മാന്‍ മോല്യാര്‍ ഇറങ്ങി. "വലൈകുമുസ്സലം.." അര്‍മാന്‍ മോല്യാര്‍ നടന്നു നീങ്ങുന്നതും നോക്കി മോലികാക്ക ഉമ്മറത്ത്‌ തന്നെ നിന്നു. (തുടരും....) ****************************** പാച്ചില്‌ = ഓട്ടം റൂഹ്‌ = ആത്മാവ്‌ നിക്കപ്പൊറ്‌തി = സമാധാനം കുടുമ്മം = കുടുംബം പ്രാശ്യം = പ്രാവശ്യം ബെന്നീനി = വന്നിരുന്നു ബയസ്‌ = വയസ്സ്‌ ചെലപ്പം = ചിലപ്പോള് ‍ബിസയം = വിഷയം മാണം = വേണം ബെന്നപ്പോത്ത്‌ന്‌ = വന്നപ്പോഴേക്കും

Saturday, September 15, 2007

ആന്തിയൂര്‍ കുന്നിലെ കാഴ്ചകള്

‍എന്റെ ഡിഗ്രി പഠനം ഫാറൂഖ്‌ കൊളേജില്‍ ആയിരുന്നതിനാല്‍ കോഴിക്കോട്‌ - പാലക്കാട്‌ ദേശീയപാതയില്‍ കൊണ്ടോട്ടിക്കും പുളിക്കലിനും ഇടയിലുള്ള ഒരു സ്ഥലമാണ്‌ കൊട്ടപ്പുറം എന്ന് എനിക്ക്‌ നല്ല വിവരമുണ്ടായിരുന്നു(ഞാനേതാ മോന്‍ അല്ലേ?).എന്നാല്‍ എന്റെ നല്ലപാതിക്ക്‌ സാമാന്യം നല്ല വലിയ പേരുള്ള Last Grade Servant എന്ന സര്‍ക്കാര്‍ ജോലിയിലേക്കുള്ള എഴുത്തുപരീക്ഷക്ക്‌ P S C അനുവദിച്ച സെന്റര്‍ - G H S S കൊട്ടപ്പുറം , ആന്തിയൂര്‍കുന്ന് - ഇത്രയും പ്രകൃതി രമണീയമായിരിക്കും എന്ന് ഞാന്‍ സ്വപ്നേപി നിനച്ചില്ല.എല്ലായിടത്തും എന്റെ സന്തതസഹചാരിയായി ഉണ്ടാകാറുള്ള ഡിജിറ്റല്‍ക്യാമറയും എന്റെ രണ്ട്‌ പ്രിയമക്കളെയും കൂടെ കൂട്ടാത്തതില്‍ എനിക്ക്‌ വളരെയധികം നിരാശ തോന്നി. മഴയൊഴിഞ്ഞ ഒരു സുന്ദര നിമിഷത്തില്‍ ഞാനും ഭാര്യയും ആന്തിയൂര്‍ കുന്നില്‍ വലതുകാല്‍ വച്ചിറങ്ങി.സ്കൂളിന്റെ ഗേറ്റ്‌ കണ്ടപ്പോള്‍ ഇതുവരെ ടെസ്റ്റുകള്‍ എഴുതാന്‍ പോയതില്‍ വച്ച്‌ ( ഏകദേശം അമ്പത്‌) ഏറ്റവും മോശം സ്കൂള്‍ എന്ന തോന്നല്‍ ഉണ്ടായി.പക്ഷേ എവിടെ നിന്നോ ഒരു കളകളാരവം എന്റെ ചെവിയില്‍ അലച്ചുകൊണ്ടിരുന്നു.സ്കൂള്‍ ഗേറ്റ്‌ കടന്ന ഉടനെ അമ്പത്‌ മീറ്റര്‍ അകലെ ഒരു വെള്ളിരേഖപോലെ താഴേക്ക്‌ കുത്തിയൊഴുകുന്ന തെളിനീര്‌!! അല്‍പം കൂടി മുന്നോട്ട്‌ നടന്നപ്പോള്‍ എന്റെ കാലിന്‌ തൊട്ട്‌ താഴെയുള്ള ചാലില്‍ കൂടിയാണ്‌ ഈ വെള്ളം ഒഴുകിപ്പോകുന്നത്‌ എന്ന് കണ്ടു. സ്കൂള്‍ കെട്ടിടത്തിനടുത്ത്‌ ബദാം,ഉങ്ങ്‌,ചീനി തുടങ്ങീ നാലഞ്ച്‌ തണല്‍മരങ്ങള്‍ മാത്രമേയുള്ളൂ.പക്ഷേ സ്കൂള്‍ മുറ്റത്തിന്റെ മധ്യഭാഗത്തുകൂടെ ഉരുളന്‍ കല്ലുകളോട്‌ കിന്നാരം തൂകി, മന്ദസ്മിതം പൊഴിച്ചുകൊണ്ട്‌ കുണുങ്ങി കുണുങ്ങി ഒഴുകുന്ന അരുവി ഏതൊരു പ്രകൃതിസ്നേഹിയെയും ഹഠാദാകര്‍ഷിക്കും.അരുവിക്ക്‌ തൊട്ടടുത്ത്‌ ഒരു ആല്‍മരത്തിന്‌ ചുറ്റുതറ കെട്ടി സംരക്ഷിച്ചിരിക്കുന്നു.മറ്റനേകം പേരുടെ കൂടെ അരുവിയിലേക്ക്‌ നോക്കിക്കൊണ്ട്‌ അതിന്റെ മനോഹാരിത ആസ്വദിച്ചുകൊണ്ട്‌ ഞാനും കുറേ നേരം ആ തറയില്‍ ഇരുന്നു. അല്‍പം കഴിഞ്ഞ്‌ ഒരു വിമാനത്തിന്റെ ശബ്ദം കേട്ടു.പണ്ട്‌ ഭൗതികശാസ്ത്രത്തില്‍ വരച്ച Velocity - Time Graph പോകുന്നപോലെ അനന്തവിഹായസ്സിനെ കീറിമുറിച്ച്‌ ഉയര്‍ന്ന് പൊങ്ങുന്ന ഒരു വിമാനം.മേഘങ്ങള്‍ക്കിടയില്‍ ഒളിച്ചും വീണ്ടും തെളിഞ്ഞും വീണ്ടും മറഞ്ഞും പോകുമ്പോള്‍ മക്കളെ കൊണ്ടുവരാത്തതില്‍ വീണ്ടും നിരാശ തോന്നി.എന്റെ കുട്ടിക്കാലത്ത്‌ വഴിതെറ്റിവരുന്ന (?) അപൂര്‍വ്വം വിമാനങ്ങളേ കാണാറുണ്ടായിരുന്നുള്ളൂ.എന്നാല്‍ ഇപ്പോള്‍ അത്‌ സാധാരണ കാഴ്ചയാണെങ്കിലും ആന്തിയൂര്‍കുന്നില്‍ നിന്നുള്ള ഈ കാഴ്ച എനിക്ക്‌ ഏറെ ഇഷ്ടപ്പെട്ടു. ഏകദേശം 250 മീറ്ററോളം നീളത്തില്‍ കുത്തി ഒഴുകുന്ന അരുവി ഗ്രൗണ്ടിന്റെ ഒരു മൂലയിലൂടെ മറയുന്നത്‌ ഞാന്‍ കണ്ടു.ആ ഭാഗത്തേക്ക്‌ വെറുതേ നീങ്ങിയ ഞാന്‍ എത്തിയത്‌ വീണ്ടും ഒരു അല്‍ഭുതകാഴ്ചയിലേക്കായിരുന്നു.തൊട്ടടുത്ത കുന്നില്‍ ചെറിയ നാലഞ്ച്‌ കെട്ടിടങ്ങള്‍....കെട്ടിടങ്ങളുടെ ഒരറ്റത്ത്‌ ചിറക്‌ വിടര്‍ത്തി ഒരു വിമാനം! എന്റെ തല കറങ്ങുന്നതോ അതോ വിമാനം നീങ്ങിത്തുടങ്ങിയതോ...? പ്രശ്നം എന്റെ തലയുടേതല്ല, വിമാനം അതാ റണ്‍വേയിലൂടെ കുതിച്ചു പാഞ്ഞ്‌ നേരത്തെ പറഞ്ഞപോലെ 45 ഡിഗ്രിയില്‍ ആകാശത്തേക്ക്‌ പൊങ്ങുന്നു...മക്കളെ കൊണ്ടുവരാത്തതില്‍ വീണ്ടും ഞാന്‍ ഖേദിച്ചുപോയ സന്ദര്‍ഭം.ഞാന്‍ അവിടെ ചിലവഴിച്ച 2 മണിക്കൂര്‍ സമയത്തിനുള്ളില്‍ 6 വിമാനം വിഹായസ്സിലുയരുന്നത്‌ ഞാന്‍ കണ്ടു.കരിപ്പൂര്‍ വിമാനത്താവളം ഇത്രയും തിരക്കേറിയതോ എന്ന സംശയവും എനിക്കുണ്ടായി. അല്‍പസമയത്തിനകം വിമാനത്താവളം അപ്രത്യക്ഷമായി!!കോടമഞ്ഞ്‌ മൂടിയപോലെ ശക്തമായ ഒരു മഴ പെയ്യാന്‍ തുടങ്ങി.അരുവിയുടെ കളകളാരവവും മഴയുടെ ചന്നം പിന്നവും ലോകത്തിലെ ഒരു സിംഫണി നിര്‍മ്മാതാവിനും ഒരു സംഗീതസംവിധായകനും ഇതുവരെ തരാനാകാത്ത ഒരു മ്യൂസിക്കല്‍ ഇല്ല്യൂഷന്‍ പ്രദാനം ചെയ്തു.എന്റെ കണ്ണുകള്‍ക്കും കാതുകള്‍ക്കും വിരുന്നൊരുക്കാന്‍ വേണ്ടി മാത്രം ദൈവം അയച്ചപോലെ രണ്ടോ മൂന്നോ മിനുട്ടിന്‌ ശേഷം ആ മഴ പെട്ടെന്ന് നിന്നു. അരുവിയിലെ ഒട്ടും വഴുതലില്ലാത്ത ചെങ്കല്ലിലൂടെ ഒഴുക്കിനെതിരെ , താഴെനിന്നും രണ്ട്‌ കുസൃതികള്‍ നടന്നുവരുന്നു.ഇടക്കിടെ ഒഴുക്കില്‍ ബാലന്‍സ്‌ തെറ്റി ട്രൗസര്‍ നനഞ്ഞിട്ടും U K G യില്‍ പഠിക്കുന്നതായി തോന്നിക്കുന്ന പയ്യന്‍ പിന്മാറുന്നില്ല.പ്രകൃതിയുടെ വരദാനം ആസ്വദിക്കുന്ന അവന്റെ ബാല്യം യൗവനത്തിന്‌ വഴി മാറുമ്പോള്‍ ഈ അരുവിയും വഴിമാറി ഒഴുകുമോ അതല്ല മനുഷ്യകയ്യേറ്റത്തില്‍ അസ്തമിക്കുമോ എന്നൊരു ചിന്ത മനസ്സില്‍ തികട്ടി വന്നു. പരീക്ഷ കഴിഞ്ഞ്‌ ആന്തിയൂര്‍ കുന്ന് തിരിച്ചിറങ്ങുമ്പോള്‍ ഈ മനോഹരതീരത്ത്‌ എന്നെ എത്തിച്ചതിന്‌ P S C യോട്‌ വളരെയധികം നന്ദി തോന്നി , ഒപ്പം ഒരു വ്യാമോഹവും മനസ്സില്‍ കുടിയേറി.ഈ സ്കൂളില്‍ ജോലി ലഭിക്കുകയാണെങ്കില്‍ കുടുംബസഹിതം ഒരു മഴക്കാലത്ത്‌ ആന്തിയൂര്‍കുന്നിന്റെ പ്രകൃതി രമണീയത മനം മറന്ന് വീണ്ടും ആസ്വദിക്കാമായിരുന്നു എന്ന മോഹം.തലതിരിഞ്ഞ നമ്മുടെ ടൂറിസം നയങ്ങള്‍ അതിനുമുമ്പ്‌ ഈ പ്രകൃതി രമണീയതയെ വിഴുങ്ങാതിരിക്കട്ടെ.(ഇതു വായിച്ച്‌ ആരും ഇപ്പോള്‍ തന്നെ ടാസ്കി പിടിച്ച്‌ അങ്ങോട്ട്‌ ഓടണ്ട എന്ന മുന്‍കൂര്‍ ജാമ്യത്തോടെ...)

Monday, September 10, 2007

അര്‍മാന്‍ മോല്യാരുടെ തെറ്റിദ്ധാരണ (18)

"മോലീ.....മോലീ....." ഉറക്കെ വിളിച്ചുകൊണ്ട്‌ അര്‍മാന്‍ മോല്യാര്‍ മോലികാക്കയുടെ വീട്ടിലെത്തി. "ഓല്‌ ബടെ ഇല്ല..." കദീശുതാത്ത എവിടുന്നോ വിളിച്ചുപറഞ്ഞു. "യൗടെ പോയതാ..?" "പീട്യേക്ക്‌..." 'ഇബനെ എന്ന് കാണാംബെന്നാലും ഇങ്ങന്യാ....സുബയിക്ക്‌ ബെന്നാലും മോന്തിക്ക്‌* ബെന്നാലും ഓന്‍ പെരേല്‌ണ്ടാവൂല....മുക്കിയ മന്തിരിനെക്കാളും ബെല്ല്യ തെരക്കാ.....' അര്‍മാന്‍ മോല്യാര്‍ ആത്മഗതം ചെയ്തു. "അന്റെ മോള്‌ സൈനബണ്ടോ ?" അര്‍മാന്‍ മോല്യാര്‍ വിളിച്ചു ചോദിച്ചു. "ഓളും ല്ല" "ങേ!!" അര്‍മാന്‍ മോല്യാര്‍ ഞെട്ടി.'അപ്പം ഞമ്മളെ തംസ്യം* സരിയാ....ഓളും അബും കൂടി ....' മോല്യാര്‍ ആലോചിച്ചു. "ഞാന്‍ അര്‍മാന്‍ മോല്യാരാ...ഓള്‌ രണ്ട്‌ മാസായി ഓത്തള്ളീ ബെന്ന്‌ട്ട്‌ന്ന് ഇന്നാ ഇച്ച്‌ ബീരം കിട്ട്യേത്‌..." അര്‍മാന്‍ മോല്യാര്‍ കദീശുതാത്തയുടെ ശബ്ദം കേട്ട ദിശയിലേക്ക്‌ തിരിഞ്ഞ്‌ വിളിച്ചു പറഞ്ഞു. "ആ....ഓള്‌ രണ്ട്‌ മാസം മുമ്പ്‌..." "ങേ!!" അര്‍മാന്‍ മോല്യാര്‍ വീണ്ടും ഞെട്ടി. കദീശുതാത്ത പറഞ്ഞത്‌ മുഴുവന്‍ കേള്‍ക്കുന്നതിന്‌ മുമ്പേ അര്‍മാന്‍ മോല്യാര്‍ തിരിച്ച്‌ നടന്നു. 'ഞി ബക്കം* അബൂന്റെ കുടീലെത്തണം...ഓനും ഔടെ ഇല്ലെങ്കി സംഗതി ആകെ കുലുമാലായി...ഛെ...ഒര്‌ ബാല്യേക്കാരനും ബാല്യേക്കാരത്തിം കല്യാണം കയ്ച്ചാതെ ഒപ്പം നടക്കാന്ന് ബെച്ചാ തെന്നെ മാനക്കേടാ...ന്നട്ട്‌ പ്പം നാടും ബ്‌ട്ട്‌ന്ന്‌ കേട്ടാ....അതും ഞമ്മളെ ഓത്തള്ളീല്‌ പട്‌ച്ചുമ്പം....ബേം കല്യാണം നടക്കട്ടെ ന്ന് ബിചാരിച്ചാ കലായീല്‌ ഞമ്മള്‌ തെന്നെ പോയി ബീരം കൊട്‌ത്തത്‌...' ഓരോന്നാലോചിച്ചുകൊണ്ട്‌ അര്‍മാന്‍ മോല്യാര്‍ അബുവിന്റെ വീട്‌ ലക്ഷ്യമാക്കി നടന്നു. "അബോ....മോനേ അബോ..." അബുവിന്റെ വീട്ടിലെത്തി അര്‍മാന്‍ മോല്യാര്‍ വിളിച്ചു.ഉത്തരമൊന്നും കിട്ടാത്തതിനാല്‍ അര്‍മാന്‍ മോല്യാര്‍ ഒന്നുകൂടി ഉച്ചത്തില്‍ വിളിച്ചു. "അബോ...ആ...ബോ..." "ആ....ആരാ..." അകത്ത്‌ നിന്നും ബീപാത്തുവിന്റെ താഴ്‌ന്ന ശബ്ദം കേട്ട്‌ അര്‍മാന്‍ മോല്യാര്‍ വീട്ടിലേക്ക്‌ കയറി. "ഞാനാ....അര്‍മാന്‍ മോല്യാര്‌....അബു ഇല്ലേ ബടെ?" "ഇല്ല.." "ങ്‌ ഹേ!!!!ഓന്‍ യൗട്‌ക്കാ പോയേ..?" "ഇച്ച്‌ ബീരംല്ല..." "ബീരംല്ലെന്നോ...?എന്നാ പോയേ..?" "കൊറേ ദീസായി*..." "ങേ!" അര്‍മാന്‍ മോല്യാരുടെ ഉള്ളിലൂടെ ഒരു കൊള്ളിയാന്‍ പാഞ്ഞു. "ഇന്നക്ക്‌ രണ്ട്‌ മാസായി ന്റെ അബു പോയ്ട്ട്‌......മുസീബത്തൊന്നും* ല്ലാതെ ദുന്‌യാവ്‌ല്‌ യൗടെങ്കിലും ണ്ടാവണേ ന്നാ പടച്ചോനോട്‌ ന്റെ തേട്ടം*....മജ്ജത്താവ്‌ണേയ്ന്റെ മുമ്പ്‌ ഓന്‌ മംഗലം കയ്ച്ച്‌ണതും കാണാന്‌ പടച്ചോന്‍ തൗഫീക്ക്‌* തെരട്ടെ.."ഗദ്ഗദത്തോടെ ബീപാത്തു പറഞ്ഞു. "ആ...അത്‌ പറ്യാനാ ഞാനും ബെന്നത്‌....ഓന്‌ ആ മോലിന്റെ മോള്‌ സൈനബാനോട്‌ ഇസ്ടാന്ന് പറഞ്ഞീന്യൊല്ലോ....ന്നാ അതെന്നെ നടത്തികൊട്‌ക്കാന്ന് ബെച്ച്‌ ഞമ്മള്‌ കല്ലായീല്‌ പോയി അന്റെ പുയ്യാപ്ല പൂക്കോയന്റെ ബാക്കിള്ളോലെ അന്വേസിച്ച്‌ പുട്‌ച്ചി ബീരം ഒക്കെ പറഞ്ഞ്‌...." "ന്നട്ട്‌...??" "ന്നട്ട്‌ ബടെ മോലിനോടും പറ്യാന്ന് ബിചാരിച്ച്‌ ബന്നപ്പളാ ഓനും സൈനബിം കൂടി നാട്‌ ബ്‌ട്ട്‌ന്ന് ഞമ്മളറിഞ്ഞത്‌ ...." "ങ്‌ ഹേ!! ഓനും സൈനബിം കൂടി നാട്‌ ബ്‌ടേ...റബ്ബുല്‍ ആലമീനായ തമ്പുരാനേ....ഞാനെത്താ ഈ കേക്ക്‌ണേ....?" ബീപാത്തു കരയാന്‍ തുടങ്ങി. "ആ..ഞമള്ളൊന്നും കൂടി മോലിന്റട്‌ത്ത്‌ പോയി നോക്കട്ടെ....ഓലെ പറ്റി എത്തെങ്കിലും ബീരം ഓന്‌ ണ്ടോന്ന്...ന്നട്ട്‌ ഞാന്‍ പിന്നെ ബെരാ..." അര്‍മാന്‍ മോല്യാര്‍ അവിടെ നിന്നും ഇറങ്ങി. (തുടരും ) **************************** മോന്തി = സന്ധ്യ തംസ്യം = സംശയം ബക്കം = വേഗം ദീസം = ദിവസം മുസീബത്ത്‌ = ആപത്ത്‌ തേട്ടം = പ്രാര്‍ത്ഥന തൗഫീക്ക്‌ = അവസരം

പെരുമ്പാവൂരുകാരന്‍ ബാബു

പഠനത്തില്‍ എന്റെ സീനിയറും വയസ്സില്‍ എന്റെ ജൂനിയറും ആയിരുന്നു എന്റെ P G ഹോസ്റ്റല്‍ മേറ്റായ പെരുമ്പാവൂരുകാരന്‍ ബാബു.കാടന്‍ ചിന്തകള്‍ക്ക്‌ നല്ല വളക്കൂറുള്ള മണ്ണായിരുന്നു ബാബുവിന്റെ തല!!!ഒരു ദിവസം ബാബു ചോദിച്ചു. " ഒരു വാതില്‍പൊളി തുറന്നിരിക്കുന്നു എന്ന് പറഞ്ഞാലെന്താ?"  

"ങേ!!!ഇത്ര ലളിതമായ സംഗതിയും തലയില്‍ കയറാതെയായോ ബാബൂ...?"ഞാന്‍ ഞെട്ടലോടെ ചോദിച്ചു.

  "അതല്ല ....ഒരു വാതില്‍ തുറന്നിരിക്കുന്നു എന്ന് പറഞ്ഞാല്‍ ഒരു വാതില്‍ അടച്ചിരിക്കുന്നു എന്നല്ലേ?"  

"ഓ....അങ്ങിനെ" ഞാന്‍ സമ്മതിച്ചു.  

"അപ്പോള്‍ രണ്ട്‌ വാതിലും തുറന്നിരിക്കുന്നു എന്ന് പറഞ്ഞാല്‍ രണ്ട്‌ വാതിലും അടച്ചിരിക്കുന്നു എന്നല്ലേ?"

  ബാബുവിന്റെ അടുത്ത ചോദ്യം കേട്ട ഞാന്‍ തലക്കടി കിട്ടിയ ഹരിശ്രീ അശോകനെപ്പോലെയായി.