Pages

Saturday, March 30, 2019

ക്രിസ്മസ് കാരള്‍

             ഏകദേശം 14 വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്റെ പുസ്തക ശേഖരത്തില്‍ എത്തിയതാണ് ക്രിസ്മസ് കാരള്‍. വായന തുടങ്ങി അഞ്ചാമത്തെ വരിയില്‍ എബനേസര്‍ സ്ക്രൂജ് എന്ന പേര് കണ്ടപ്പോള്‍ എവിടെയോ ഒരു പരിചയം പോലെ ! പുസ്തകത്തിനകത്തേക്ക് ചെല്ലുന്തോറും എന്റെ മനസ്സിലുള്ള പിശുക്കന്‍ കഥാപാത്രമായ ആ സ്ക്രൂജ് തന്നെയാണ് ഈ സ്കൂജും എന്ന് തിരിച്ചറിഞ്ഞു. അതായത് ഒന്നുകില്‍ ഈ പുസ്തകം മുമ്പെപ്പോഴോ ഞാന്‍ വായിച്ചിട്ടുണ്ട്. അതല്ലെങ്കില്‍ സ്കൂള്‍ പഠനകാലത്ത് ഇംഗ്ലീഷ് ബി ആയി ഈ കഥ ഉണ്ടായിരുന്നോ എന്നൊരു സംശയം.

            എബനേസര്‍ സ്ക്രൂജ് എന്ന അറു പിശുക്കനായ ബിസിനസ്‌കാരന്‍ സ്നേഹത്തിന്റെ അര്‍ത്ഥം മനസ്സിലാക്കുന്ന കഥയാണ്  ക്രിസ്മസ് കാരള്‍. ക്രിസ്മസിന്റെ തലേ രാത്രിയില്‍, മരിച്ചുപോയ സഹപ്രവര്‍ത്തകന്‍ മേര്‍ളിയുടെ പ്രേതം  സ്ക്രൂജിന് മുന്നില്‍ പ്രത്യക്ഷപ്പെട്ട് കൊണ്ട് ഇനിയും പ്രത്യക്ഷപ്പെടാന്‍ പോകുന്ന മൂന്ന് പ്രേതങ്ങളെപ്പറ്റി മുന്നറിയിപ്പ് നല്‍കിക്കൊണ്ട് അപ്രത്യക്ഷമായി. അങ്ങനെ സ്ക്രൂജിന്റെ ഭൂതകാലം കാണിക്കുന്ന ഒന്നാമത്തെ ഭൂതം അയാളെ കുട്ടിക്കാലത്തേക്കും പഴയ സുഹൃത്തുക്കളുടെ അടുത്തും മറ്റും കൂട്ടിക്കൊണ്ടുപോകുന്നു.

            ഒന്നാം പ്രേതം അപ്രത്യക്ഷമായി അല്പം കഴിഞ്ഞ് രണ്ടാമത്തെ പ്രേതം പ്രത്യക്ഷപ്പെടുന്നു. നടന്നു കൊണ്ടിരിക്കുന്ന സംഭവങ്ങളിലൂടെ അഥവാ വര്‍ത്തമാന കാലത്തിലൂടെയായിരുന്നു ആ പ്രേതത്തിന്റെ സഞ്ചാരം. അതും അപ്രത്യക്ഷമായപ്പോള്‍ മൂന്നാമത്തെ പ്രേതം പ്രത്യക്ഷപ്പെടുന്നു. നടക്കാനിരിക്കുന്ന കാര്യങ്ങളാണ് ആ പ്രേതം സ്ക്രൂജിന് മുന്നില്‍ കാണിച്ചു കൊടുത്തത്. നിലവിലുള്ള ജീവിത രീതി മാറ്റിയില്ലെങ്കില്‍ തനിക്ക് മരണം പോലും സംഭവിക്കും എന്ന് പ്രേതം സ്ക്രൂജിനെ ബോധിപ്പിച്ചു.

           ഈ മൂന്ന് കാഴ്ചകളും സ്ക്രൂജിനെ പുതിയൊരു മനുഷ്യനാക്കി മാറ്റി. ക്രിസ്മസ് ദിനത്തില്‍ സ്ക്രൂജ് ഒരു പുതിയ മനുഷ്യനായി മാറി. ആദ്യമായി ജീവിതത്തിന്റെ സന്തോഷവും ആനന്ദവും അയാള്‍ ആസ്വദിച്ചു.ആളുകളുടെ സന്തോഷവും സന്തോഷകരമായ അനുഭവങ്ങളും, വര്‍ഷം മുഴുവന്‍ ക്രിസ്മസ് ആയിരുന്നെങ്കില്‍ എന്ന ചിന്തയില്‍ വരെ സ്ക്രൂജിനെ എത്തിക്കുന്നിടത്ത് കഥ അവസാനിക്കുന്നു.

           A Christmas Carol എന്ന ചാള്‍സ് ഡിക്കന്‍സിന്റെ പ്രമുഖ നോവലിന്റെ മലയാളം വിവര്‍ത്തനത്തിന്റെ പേര് ക്രിസ്മസ് കാരള്‍ എന്നാണെന്ന് ഈ പുസ്തകം കണ്ടപ്പോഴാണ് ഞാന്‍ മനസ്സിലാക്കിയത്. ഡി.സി ബുക്സ് പബ്ലിഷ് ചെയ്തതായതിനാല്‍ അങ്ങനെത്തന്നെയായിരിക്കും പേര് എന്ന് കരുതുന്നു. പുസ്തകത്തിന്റെ ബൈന്‍ഡിംഗ് വളരെ പരിതാപകരമായതിനാല്‍ പേജുകളായി കയ്യില്‍ പോരുന്നു എന്നത് വായനക്കാരനെ സംബന്ധിച്ച് ബുദ്ധിമുട്ടുണ്ടാക്കുന്നു.

കൃതി : ക്രിസ്മസ് കാരള്‍
രചയിതാവ് : ചാള്‍സ് ഡിക്കന്‍സ്
പുനരാഖ്യാനം: കോശി തലയ്ക്കല്‍
പ്രസാധകര്‍ :ഡി.സി ബുക്സ്
പേജ് :86
വില: 40 രൂപ

Wednesday, March 27, 2019

രക്ഷിതാക്കളുടെ ശ്രദ്ധക്ക്

               പ്ലസ് ടു പരീക്ഷകള്‍ക്ക് പിന്നാലെ എസ്.എസ്.എല്‍.സി പരീക്ഷയും നാളെ അവസാനിക്കുകയാണ്. മീനച്ചൂടും പരീക്ഷാ ചൂടും കുട്ടികളിലും രക്ഷിതാക്കളിലും നിരവധി ആശങ്കകള്‍ ഉണ്ടാക്കിയെങ്കിലും  എസ്.എസ്.എല്‍.സി പരീക്ഷയിലെ ഒരു വിഷയവും ഇതുവരെ ബുദ്ധിമുട്ടിച്ചില്ല എന്നാണ് പരീക്ഷ എഴുതിയ എന്റെ മോള്‍ പ്രതികരിച്ചത്.

                ബഹുമാനപ്പെട്ട എക്സൈസ് കമ്മീഷണര്‍ ശ്രീ.റിഷിരാജ് സിംഗ് ഐ.പി.എസ് സാമൂഹ്യ മാധ്യമങ്ങളിലൂടെ ഒരു അഭ്യര്‍ത്ഥന നടത്തിയത് നമ്മില്‍ പലരും കണ്ടു. ലഹരിയുടെ കഴുകക്കണ്ണുകള്‍ നമ്മുടെ കുട്ടികളുടെ മേലെ വട്ടമിട്ടു പറക്കുന്നതിനാല്‍ പരീക്ഷ കഴിഞ്ഞ ഉടനെ രക്ഷിതാക്കള്‍ കുട്ടികളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകണം എന്നതായിരുന്നു ആ സന്ദേശത്തിന്റെ രത്‌നച്ചുരുക്കം.

                നാളെ കേരളത്തിലെ മിക്ക സ്കൂളുകളിലും നടന്നേക്കാവുന്ന ഒരു ആഭാസത്തിലേക്ക് കൂടി രക്ഷിതാക്കളുടെ ശ്രദ്ധ ക്ഷണിക്കുകയാണ്. പരീക്ഷ കഴിഞ്ഞാലുള്ള ആഘോഷമാണത്. പുസ്തകങ്ങള്‍ വലിച്ചു കീറി കാറ്റില്‍ പറത്തിയും കളര്‍ പൊടികള്‍ പരസ്പരം വാരി എറിഞ്ഞും മഷി കുടഞ്ഞും വസ്ത്രത്തില്‍ പേര് എഴുതിയും മറ്റും ഉള്ള പുതു തലമുറയുടെ ആഘോഷങ്ങള്‍ വല്ലാതെ അതിരു കവിയുന്നുണ്ട്. ഇന്ന് ഉച്ചക്ക് ശേഷം, കോഴിക്കോട് പട്ടണത്തില്‍ കണ്ട പല പെണ്‍കുട്ടികളും പണ്ട് അരീക്കോട് ചന്തയില്‍ കണ്ടിരുന്ന കോഴിക്കുഞ്ഞുങ്ങളെ പോലെ നിറം മുക്കിയ നിലയിലായിരുന്നു ! മാധ്യമങ്ങള്‍ ഇതിന് നല്‍കുന്ന പബ്ലിസിറ്റിയും കുട്ടികള്‍ക്ക് പ്രോത്സാഹനം നല്‍കുന്നു.

                കളര്‍ പൊടിയും മഷിയും പരസ്പരം വാരി എറിയുമ്പോള്‍ അത് കണ്ണിലോ  ചെവിയിലോ പതിച്ചാല്‍ പൂര്‍ണ്ണമായോ ഭാഗികമായോ അന്ധതയും ബധിരതയും ബാധിക്കാന്‍ സാധ്യതയുണ്ട് എന്ന് ഈ ആഘോഷത്തിനിടയില്‍ പലരും ശ്രദ്ധിക്കാറില്ല.അത് ഒരു പക്ഷേ ഉടനെ സംഭവിക്കാം. അല്ലെങ്കില്‍ കാലക്രമേണ സംഭവിക്കാം. നമ്മുടെ മക്കള്‍ക്ക് അങ്ങനെ സംഭവിക്കാതിരിക്കാനും നമ്മുടെ മക്കള്‍ കാരണം മറ്റുള്ളവര്‍ക്ക് അങ്ങനെ സംഭവിക്കാതിരിക്കാനും, രക്ഷിതാക്കള്‍ മക്കളെ പറഞ്ഞ് മനസ്സിലാക്കിയേ മതിയാവൂ.വേണമെങ്കില്‍ നാളെ കുട്ടികളുടെ ബാഗുകള്‍ ഒന്ന് പരിശോധിക്കുന്നതും നല്ലതായിരിക്കും.

                മിക്ക കുട്ടികളുടെയും യൂനിഫോമുകള്‍,  ഒന്നുകില്‍ യൂനിഫോം തന്നെ ആയോ അല്ലെങ്കില്‍ വീട്ടില്‍ ഉപയോഗിക്കാന്‍ പറ്റുന്ന വസ്ത്രമായോ ഇനിയും ഉപയോഗിക്കാന്‍ പറ്റുന്നതായിരിക്കും . കളര്‍പൊടി വിതറലും മഷി കുടയലും ഓട്ടോഗ്രാഫ് എഴുത്തും എല്ലാം അവയെ ഉപയോഗ ശൂന്യമാക്കും. നമ്മുടെ ചുറ്റും തന്നെ ഒരൊറ്റ ജോഡി യൂനിഫോം കൊണ്ട് ഒപ്പിച്ച് പോകുന്ന നിരവധി കുടുംബങ്ങള്‍ ഉണ്ട്. അഭിമാനം കാരണം യൂനിഫോം ചോദിച്ച് വാങ്ങാന്‍ അവര്‍ വരുന്നില്ല എന്നേയുള്ളൂ. വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ ടെക്സ്റ്റ് ബുക്കുകള്‍ നാം ആവശ്യമുള്ളവര്‍ക്ക് കൈമാറിയിരുന്നു. യൂനിഫോമും അതേ പോലെ കൈമാറാവുന്ന നല്ല ഒരു സാധനമാണ് എന്ന് എല്ലാ രക്ഷിതാക്കളും കുട്ടികളെ മനസ്സിലാക്കാന്‍ താല്പര്യപ്പെടുന്നു.

               ഒരു കാരണവശാലും നാളെ, മക്കള്‍ക്ക് സ്കൂട്ടറോ ബൈക്കോ നല്‍കരുത്. പത്ത് വര്‍ഷത്തെ പഠന ഭാരത്തിന്റെ കെട്ടു പൊട്ടിക്കുന്നത് ഒരു പക്ഷെ കുടുംബത്തെ മുഴുവന്‍ കെട്ടിപ്പൂട്ടുന്ന നിലയിലേക്കായിരിക്കും. നമ്മുടെ മക്കളെ സുരക്ഷിതരാക്കാം, ഒപ്പം മറ്റുള്ളവരുടെ മക്കളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തുകയും ചെയ്യാം.

Friday, March 22, 2019

മരം നടൂ ... ജലം സംരക്ഷിക്കൂ.

                 ജലത്തിന്റെ അമൂല്യതയെപ്പറ്റി എല്ലാവരും നിരവധി തവണ കേട്ടിരിക്കും. എന്നാൽ കേട്ടതിനനുസരിച്ച് പ്രയോഗവൽക്കരിക്കുന്നവർ ഇന്ത്യയിൽ എന്നല്ല ലോകത്ത് തന്നെ തുലോം വിരളമാണ്. അതിന് പ്രധാന കാരണം ജലത്തിന്റെ സൌജന്യ ലഭ്യത തന്നെയാണ്. ഭൂമിയുടെ വിവിധ ഭാഗങ്ങളിലെ ശുദ്ധജലത്തിന്റെ ദൌർലഭ്യവും മറ്റു ചിലയിടങ്ങളിലെ അമിതോപയോഗവും പാഴാക്കലും എല്ലാം കണ്ടു കൊണ്ടായിരിക്കണം എല്ലാ വർഷവും മാർച്ച് 22ന് ലോക ജലദിനമായി ആചരിക്കാൻ ആരംഭിച്ചത്.

                  നിരവധി കാര്യങ്ങൾ പറഞ്ഞുകൊണ്ട് നമുക്ക് ജലസംരക്ഷണ പ്രവർത്തനത്തിൽ വൃഥാ ഏർപ്പെടാം. എന്നാൽ അല്പമെങ്കിലും ചില കാര്യങ്ങൾ ചെയ്തുകൊണ്ടും നമുക്ക് ഈ അമൂല്യ വസ്തുവിനെ സംരക്ഷിക്കാം. അതിൽ ഏറ്റവും എളുപ്പം ചെയ്യാൻ പറ്റുന്നത് മരം നടൽ തന്നെയാണ്. മരം വളരാൻ വെള്ളം വലിച്ചെടുക്കുമ്പോൾ ജലം സംരക്ഷിക്കപ്പെടുമോ എന്ന ചോദ്യം പ്രസക്തമാണ്. ആ ചോദ്യത്തിനുള്ള ഉത്തരമാകട്ടെ ഈ ജലദിനത്തിന്റെ സന്ദേശവും പുത്തനറിവും.

                ഒരു മരം വളർന്നു വലുതാകുമ്പോൾ അതിന്റെ വേരുകൾ മണ്ണിലേക്ക് ആഴ്ന്നിറങ്ങിക്കൊണ്ടിരിക്കുന്നു. ഈ വേരുപടലങ്ങൾ മണ്ണിന്റെ മുറുക്കം കുറക്കാൻ കാരണമാകുന്നു. ഇത് വെള്ളം മണ്ണിലേക്ക് അരിച്ചിറങ്ങാൻ ഏറെ സഹായിക്കുന്നു.അങ്ങനെ ഭൂഗർഭ ജലവിതാനം ഉയർത്താൻ സഹായിക്കുന്നു.  വേപ്പു മരവും വാളൻപുളി മരവും ആണ് ഈ ആവശ്യത്തിനായി നടാൻ ഏറ്റവും അനുയോജ്യം. ഈ മരങ്ങൾ ലഭ്യമല്ലെങ്കിൽ വേര് ആഴ്ന്നിറങ്ങുന്ന മറ്റേതെങ്കിലും മരം നടാവുന്നതാണ്.

                പ്രകൃതിയിലെ ജലചംക്രമണം (Water Cycle) സംരക്ഷിക്കപ്പെടാനും മരങ്ങൾ അനിവാര്യമാണ്. മരങ്ങളുടെ ഇലയിലൂടെ ബാഷ്പീകരിച്ച് പോകുന്ന വെള്ളത്തുള്ളികൾ അന്തരീക്ഷത്തിലെത്തി മേഘമായി മാറി അനുയോജ്യമായ സാഹചര്യങ്ങളിൽ മഴയും മഞ്ഞുമായി ഭൂമിയിലേക്ക് തന്നെ പതിക്കുന്നു.ഇതും ഭൂഗർഭജല പരിപോഷണത്തിന് ഉപകാരപ്പെടുന്നു. ജലചംക്രമണം ജലത്തെ ശുദ്ധീകരിക്കാൻ കൂടി ഉപയോഗപ്പെടുന്നു.

               മരം മണ്ണൊലിപ്പിനെ ഫലപ്രദമായി തടയും എന്ന് നമുക്കറിയാം. മരം വളർന്ന് കഴിഞ്ഞാൽ അത് മനുഷ്യന് മാത്രമല്ല, ഭൂമിയിലെ നിരവധി ജന്തുക്കൾക്ക് ഉപകാരപ്പെടുന്നതായി മാറുന്നു. ഇസ്ലാം മത വിശ്വാസ പ്രകാരം മരം നടൽ ‘സ്വദഖത്തും ജാരിയ’ ആണ്. അതായത് ഒരാളുടെ മരണ ശേഷവും അയാൾക്ക് പ്രതിഫലം ലഭിച്ച് കൊണ്ടിരിക്കുന്ന ഒരു പ്രവർത്തനം.

               കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജിൽ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ആയിരിക്കെ 2011 മാർച്ച് 22 ന് കോളേജ് കാമ്പസിൽ ഒരു സ്റ്റാറാപ്പിൾ തൈ നട്ടുകൊണ്ട് ‘ജന്മദിനം ഒരു ഭൌമദിനം’ എന്ന കാമ്പയിനും ഉത്ഘാടനം ചെയ്തുകൊണ്ടായിരുന്നു ഞാൻ ഈ ദിനാചരണം ആരംഭിച്ചത്. ‘ജന്മദിനം ഒരു ഭൌമദിനം’ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലെ നിരവധി വിദ്യാർത്ഥികൾ ഏറ്റെടുത്ത് മുന്നോട്ട് പോകുന്നു. അന്ന് കാമ്പസിൽ നട്ട മരം ഇന്ന് ഇത്രയും ആയി.

                ജല സംരക്ഷണത്തിന്റെ കാവലാളായി മാറാൻ നമുക്ക് നമ്മുടെ വീട്ടിൽ നിന്ന് തന്നെ ആരംഭം കുറിക്കാം.ടാപ്പുകൾ മുറുക്കി അടക്കാം , ലീക്ക് ചെയ്യുന്ന ടാപ്പുകൾ മാറ്റി സ്ഥാപിക്കുകയും ആവാം. കുളിക്കാനുള്ള വെള്ളം ബക്കറ്റിൽ ശേഖരിച്ച് ജലോപയോഗത്തിന് ഒരു നിയന്ത്രണം കൊണ്ട് വരാം. ഒന്ന് ശ്രമിക്കൂ, സാധിക്കും.

#ലോക ജലദിനം 

Thursday, March 21, 2019

അമ്മ

“...കീറിപ്പറിഞ്ഞ വസ്ത്രങ്ങളും അടിയേറ്റു ചോരയൊലിക്കുന്ന മുഖവുമായി വീട്ടിൽ തിരിച്ചെത്തി. അങ്ങാടിയിൽ തോറ്റതിനു പകരമെന്നോണം ഭാര്യയെയും മക്കളെയും മതിവരുവോളം തല്ലി. ചിലർ കുടിച്ചു വെളിവില്ലാതെ വോഡ്കയിൽ മുങ്ങി തെരുവോരങ്ങളിൽ തന്നെ മയങ്ങിക്കിടന്നു....” ഒരു കാലത്തെ റഷ്യയിലെ സാധരണക്കാരുടെ ജീവിതം ഈ വരികളിൽ നിറഞ്ഞ് നിൽക്കുന്നുണ്ട്.

മാക്സിം ഗോർക്കിയുടെ അമ്മ എന്നായിരുന്നു എൽ.എസ്.എസ് പരീക്ഷക്ക് പഠിക്കുന്ന അന്നേ മനസ്സിൽ കുറിച്ചിട്ടിരുന്നത്. ഹരിദാസന്റെ അമ്മ എന്ന് പറയുന്ന പോലെയാണ് അത് പഠിച്ച് വച്ചതെങ്കിലും മാക്സിം ഗോർക്കി എഴുതിയ ഒരു പുസ്തകത്തിന്റെ പേരാണ് ‘അമ്മ’ എന്ന് അനുഭവം എപ്പോഴോ മനസ്സിലാക്കിത്തന്നു.

ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച വിശ്വസാഹിത്യമാല സീരീസിൽ ഞാൻ വായിച്ച രണ്ടാമത്തെ പുസ്തകമാണ് അമ്മ. ആദ്യം വായിച്ച റോബിൻ‌ഹുഡ് ഒട്ടും വായനാസുഖം തരാത്തതിനാൽ ഈ പുസ്തകത്തെയും ഞാൻ സമീപിച്ചത് അതേ മനസ്സോടെയായിരുന്നു. പക്ഷേ പുസ്തകത്തിന്റെ പ്രദിപാദ്യ വിഷയമായ തൊഴിലാളി വിപ്ലവം അവരുടെ മനസ്സിൽ എങ്ങനെ മാറ്റങ്ങൾ സൃഷ്ടിച്ചോ അതേ പോലെ വായനക്കാരനിലും ഉദ്വേഗം ജനിപ്പിക്കാൻ ഈ പുസ്തകത്തിന് സാധിക്കുന്നുണ്ട്.

പാവേൽ എന്ന വിപ്ലവ നേതാവും അയാളുടെ പ്രവർത്തനത്തിൽ ആകൃഷ്ടയായി അഭിമാനത്തോടെ മരണം വരിക്കുന്ന അദ്ദേഹത്തിന്റെ അമ്മയും ആണ് പുസ്തകത്തിലെ മുഖ്യ കഥാപാത്രങ്ങൾ. ഒരു കൂട്ടം യുവാക്കൾ തൊഴിലാളികളുടെ രക്ഷക്ക് വേണ്ടി അധികാരികളോട് പോരാടുന്നതും പ്രസംഗിക്കുന്നതും വായിച്ചപ്പോൾ അത് മുന്നിൽ നടക്കുന്ന പോലെ തോന്നിപ്പോയി. ശരിക്കും വാക്കുകൾ  വിപ്ലവം സൃഷ്ടിക്കുന്നത് ഞാൻ അനുഭവിച്ചറിഞ്ഞു. ലഘുലേഖയിലൂടെയും പുസ്തകങ്ങളിലൂടെയും കമ്യൂണിസം പടർന്നത് ‘അമ്മ’യിലൂടെ മനസ്സിലായി.

“....അമ്മ വായിക്കാൻ പഠിക്കണം.കാരണം ഓരോ അക്ഷരവും ഒരു മഴത്തുള്ളി പോലെയാണ്.ഓരോ തുള്ളിയും ഒരു വിത്തിനെ നനക്കുന്നത് പോലെ ഓരോ അക്ഷരവും മനസ്സിനെ സ്വന്ത്രമാകാൻ സഹായിക്കുന്നു...” അക്ഷരജ്ഞാനം എത്ര മഹത്തരമെന്ന് മനോഹരമായി ആ വരികൾ പറഞ്ഞ് തരുന്നു.

“ഒരു വിപ്ലവകാരിക്ക് പ്രണയവും ദാമ്പത്യവും ഒന്നും വിധിച്ചിട്ടുള്ളതല്ല. അമ്മേ , അതയാളുടെ വിപ്ലവത്തിൽ വെള്ളം ചേർക്കും....” വായിക്കുമ്പോൾ നാം തന്നെ അറിയാതെ ഒരു വിപ്ലവകാരനായിപ്പോകുന്ന വരികൾ.

യൂറോപ്പിലെ തൊഴിലാളി വർഗ്ഗത്തിന് ഊർജ്ജം പകര്‍ന്ന ഈ കൃതി, ഒക്ടോബര്‍ വിപ്ലവത്തിനും ആക്കം കൂട്ടി എന്ന് പിന്‍‌കുറിപ്പ് പറയുന്നു. ഇന്നത്തെ വായനക്കാരന് പോലും ഇതില്‍ നിന്ന് ഊര്‍ജ്ജം ലഭിക്കുമ്പോള്‍ അന്ന് ഈ കൃതി എത്രയധികം സ്വാധീനിച്ചിരിക്കും എന്ന് ഊഹിക്കാന്‍ പറ്റുന്നില്ല.


പുസ്തകം :അമ്മ
രചയിതാവ്: മാക്സിം ഗോർക്കി
പേജ് : 119
വില: 70 രൂപ
പബ്ലിഷേഴ്സ്:ഡി സി ബുക്സ്.

റിംഗ് കളി

              പ്രായത്തിൽ എന്നെക്കാളും മൂന്ന് വയസ്സ് കൂടുതലുള്ള എന്റെ താത്തയും അവളുടെ സഖിമാരും കളിച്ചിരുന്ന ഒരു കളിയായാണ് റിംഗ് കളി എന്റെ മനസ്സിൽ ഉള്ളത്. സിങ്ങ് എന്നൊരു കളി ഉള്ളതിനാൽ അതിനോട് പ്രാസമൊപ്പിച്ച് ഇട്ട പേരായിരിക്കും റിങ്ങ് എന്നായിരുന്നു അന്ന് കരുതിയത്. ഒരു വളയം എറിഞ്ഞുള്ള ഈ കളിയിൽ ഉപയോഗിക്കുന്ന ആ വളയത്തിന് ഇംഗ്ലീഷിൽ പറയുന്ന പേരാണ് റിംഗ് എന്നത് അന്നത്തെ കൊച്ചു മനസ്സിൽ കയറിയില്ല.

              പെൺ‌കുട്ടികളാണ് സാധാരണ റിംഗ് കളിക്കുന്നത്. അഞ്ചാറ് ഇഞ്ച് വട്ടത്തിലുള്ള റബ്ബർ നിർമ്മിതമായ ഒരു വളയമാണ് കളിയിലെ താരം. ഒരു നിശ്ചിത അകലത്തിൽ രണ്ട് പേർ നിന്ന് റിംഗ് അങ്ങോട്ടും ഇങ്ങോട്ടും എറിഞ്ഞ് കൊടുക്കും. പറന്ന് വരുന്ന റിംഗ് കൈപിടിയിൽ ഒതുക്കലാണ് മറുഭാഗത്തുള്ളവളുടെ ഡ്യൂട്ടി. പിടിച്ചാൽ തിരിച്ചും എറിഞ്ഞ് കൊടുക്കാം. പിടിച്ചില്ലെങ്കിൽ അവൾ ഔട്ട് , അടുത്ത ആൾക്ക് കളത്തിലിറങ്ങാം.

             കളിയിൽ എൿസ്പെർട്ട് ആയാൽ റിംഗ് ഒറ്റ കൈ കൊണ്ട് പറന്ന് പിടിക്കാൻ വരെ സാധിക്കും.  കൈവിരലുകൾ കൂമ്പിച്ച് നിർത്തി പറന്ന് വരുന്ന റിംഗിനെ വള പോലെ കയ്യിലേക്ക് ഊർന്നിറക്കുന്നവരും ഉണ്ട്. ഇരു കൈ കൊണ്ടും ആയാസപ്പെട്ട് പിടിക്കുന്നവരും ഉണ്ട്. എങ്ങനെയായാലും കളി അറിയുന്നവർക്കേ അത് ഇഷ്ടപ്പെടൂ. മിക്കവാറും എല്ലാ പെൺകുട്ടികൾക്കും സ്വന്തമായി ഒരു റിംഗും അക്കാലത്ത് ഉണ്ടായിരുന്നു.

            റിംഗ് പിടിക്കാൻ ഒട്ടും സാമർത്ഥ്യമില്ലാത്തതിനാൽ ഞാൻ പെട്ടെന്ന് ഔട്ടാവുക പതിവായിരുന്നു. അതും മിക്കവാറും റിംഗ് മൂക്കിലിടിച്ചോ തലയിലിടിച്ചോ ഒക്കെ ആയിരിക്കും ഔട്ടാവുക.എന്റെ മൂക്ക് പരന്നതിലും തല മൊട്ടയായതിലും ഒരു പക്ഷെ ഈ റിംഗ് കളിക്ക് പങ്കുണ്ടായിരിക്കാൻ സാധ്യതയുണ്ട് !അത്യാവശ്യം ഭാരമുള്ള റിംഗ് ആയതിനാൽ ദേഹത്ത് കൊണ്ടാൽ നല്ല വേദനയും ഉണ്ടായിരുന്നു.

            വൈകുന്നേരങ്ങളിൽ വീട്ടുമുറ്റത്തും, സ്കൂളിൽ ഒഴിവ് സമയത്തും പെൺകുട്ടികൾ റിംഗ് കളിച്ചിരുന്നു. വലിയ സ്ത്രീകളും ഈ കളിയിൽ ഏർപ്പെടാറുണ്ട്. ഞങ്ങളുടെ കോളനിയിൽ ആണും പെണ്ണും എല്ലാ കളിയും ഒരുമിച്ച് കളിച്ചിരുന്നതിനാൽ റിംഗ് കളിയും അതിന്റെ ഭാഗമായിരുന്നു.

           ഇന്ന് റബ്ബർ കൊണ്ടുള്ള റിംഗ് എവിടെയും കാണാറില്ല. പ്ലാസ്റ്റിക് കൊണ്ട് നിർമ്മിച്ച ഡിസ്ക് പോലുള്ള ഒരു സാധനം പരസ്പരം എറിയുന്നതും അത് വായുവിൽ ഒരു പ്രത്യേക രീതിയിൽ ചലിക്കുന്നതും പാർക്കിലും ബീച്ചിലും എല്ലാം കാണാറുണ്ട്.അതിന് പക്ഷെ പണ്ടത്തെ റിംഗ് കളിയുടെ സൌന്ദര്യമോ രസമോ ഇല്ല. എന്നെങ്കിലും നാട്ടിൻ പുറങ്ങളിൽ ഈ കളി തിരിച്ചെത്തും എന്ന് പ്രതീക്ഷിക്കുന്നു. 

Monday, March 18, 2019

മുറ്റത്തെ കദളിവാഴകള്‍

             ശിവരാത്രിയുടെ പകല്‍ അത് ആഘോഷിക്കുന്നവര്‍ക്ക് ഉറങ്ങാനുള്ളതാണ്. സര്‍ക്കാര്‍ അവധി നല്‍കിയതിനാല്‍ ഞാന്‍ എന്റെ കാര്‍ഷിക പരീക്ഷണങ്ങളില്‍  ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. പെട്ടെന്നാണ് നാട്ടുകാരനും  സഹപ്രവര്‍ത്തകനും ആയ അബൂബക്കര്‍ മാഷ്  ബൈക്കുമായി പ്രത്യക്ഷപ്പെട്ടത്. ബൈക്കിന്റെ പിന്‍ഭാഗത്ത് ഒരു ചാക്കില്‍ രണ്ട് വാഴക്കന്നുകളും കെട്ടി വച്ചിരുന്നു.

“ ആ....എന്‍ എസ് എസ് ഒന്നും ഇല്ലാത്തതോണ്ട് വീട്ടില്‍ തന്നെയുണ്ടല്ലേ?”

“ആ...ഇവിടേം ചെറിയ ഒരു അടുക്കളത്തോട്ടം ഉണ്ടാക്കി നോക്കുന്നു....”

“ആ...ഇന്ന് ശിവരാത്രിയാ....ശിവന് ഇഷ്ടപ്പെട്ട കദളി വാഴയുടെ രണ്ട് തൈകള്‍ ഇതാ...ഇന്ന് വച്ചാല്‍ അടുത്ത ശിവരാത്രിക്ക് കുല വെട്ടാം....”

“ങേ! ശിവന് ഇഷ്ടപ്പെട്ട പഴവും ഉണ്ടോ?” ഞാന്‍ സംശയം പ്രകടിപ്പിച്ചു.

“ഇന്ന് പണിക്കാരെ കിട്ടിയപ്പോള്‍ പിരിച്ചതാ...നിങ്ങള്‍ മുമ്പ് ഒരു സംസാരത്തില്‍ വാഴക്കന്ന് വേണം എന്ന് പറഞ്ഞിരുന്നു...പിന്നെ ഒന്നും ആലോചിച്ചില്ല....ബൈക്കിന്റെ പിന്നില്‍ കെട്ടി ഇങ്ങ് പോന്നു...സൌകര്യപ്രദമായ സ്ഥലത്ത് വച്ചോളൂ....എനിക്ക് തിരക്കുണ്ട് , പോട്ടെ....” വണ്ടി സ്റ്റാര്‍ട്ടാക്കി മാഷ് പോകുകയും ചെയ്തു.

മാര്‍ച്ച് മാസത്തിന് എന്റെ കുടുംബത്തില്‍ വലിയൊരു പ്രത്യേകതയുണ്ട്. എന്റെ രണ്ടാമത്തെയും  മൂന്നാമത്തെയും മക്കള്‍ ജനിച്ചത് മാര്‍ച്ചിലെ പതിനെട്ടാം ദിവസമാണ്. ഭൂമിക്ക് തണലേകിക്കൊണ്ടാണ് ഞങ്ങള്‍ എല്ലാ വര്‍ഷവും ഈ ദിവസം ഓര്‍മ്മിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഈ ദിവസം മക്കള്‍ക്ക് രണ്ട് പേര്‍ക്കും വൃക്ഷത്തൈകള്‍ കൈമാറുന്നത് കാണാന്‍ വിവിധ ജില്ലകളില്‍ നിന്നുള്ള എന്‍ എസ് എസ് വളണ്ടിയര്‍മാരും ഉണ്ടായിരുന്നു.

ഈ വര്‍ഷത്തെ ജന്മദിനത്തൈ അബൂബ്ബക്കര്‍ മാഷ് തന്ന വാഴയാകട്ടെ എന്ന് പെട്ടെന്ന് മനസ്സില്‍ തോന്നി. മക്കള്‍ രണ്ടു പേരും കൂടി ചേര്‍ന്ന് ആ രണ്ട് തൈകള്‍ നട്ടു. പരീക്ഷാ പഠനത്തിനായി വീട്ടില്‍ വന്ന ലുഅ മോളുടെ ക്ലാസ് മേറ്റ്സ് സാക്ഷികളായി. മൂത്ത മോൾ ലുലു അത് ക്യാമറയില്‍ പകര്‍ത്തി.

              ലുഅ മോള്‍ക്ക് 15 വയസ്സും ലൂന മോള്‍ക്ക് 9 വയസ്സും തികഞ്ഞു. രണ്ട് പേരുടെയും മുന്‍ ജന്മദിനങ്ങളില്‍ നട്ട മരങ്ങള്‍ മുറ്റത്ത് പടര്‍ന്ന് പന്തലിച്ച് കൊണ്ടിരിക്കുന്നു.

Wednesday, March 13, 2019

എസ്.എസ്.എൽ.സി കാലം

               മാലപ്പടക്കം പോലെ പന്ത്രണ്ട് പേപ്പറുകൾ ഒരാഴ്ച കൊണ്ട് എഴുത്തിത്തീർത്ത എസ്.എസ്.എൽ.സി കാലം മാറി. ഇപ്പോൾ പത്ത് പേപ്പറായി ചുരുങ്ങി (പത്ത് കൊല്ലം പഠിച്ചതിന്റെ സിമ്പോളിക് ആണോ ആവോ?). പതിനഞ്ച് ദിവസം നീളുന്ന ഇപ്പോഴത്തെ പരീക്ഷ കുട്ടികളെക്കാളും കൂടുതൽ ആധിയും ടെൻഷനും ഉണ്ടാക്കുന്നത് രക്ഷിതാക്കളിലാണ്. A+ ൽ കുറഞ്ഞ റിസൽട്ടും കൊണ്ട് മക്കൾ വന്നാൽ മാനം പോകുന്നത് കുട്ടിയുടെതോ അധ്യാപകന്റെതോ അല്ല, രക്ഷിതാക്കളുടെതാണ് എന്ന് ആരോ പറഞ്ഞ് വച്ചിരിക്കുന്നു !

            ഇന്ന് എന്റെ രണ്ടാമത്തെ മോളും എസ്.എസ്.എൽ.സി പരീക്ഷ എഴുതുകയാണ്. പതിവിൽ കവിഞ്ഞ ഒരു പരിഗണനയും ഈ പരീക്ഷക്ക് ഉള്ളതായി വാക്കു കൊണ്ടോ പ്രവൃത്തി കൊണ്ടോ  ഞാൻ അവളെ ബോധിപ്പിച്ചിട്ടില്ല. മൂത്തവളെപ്പോലെ  ഫുൾ എ പ്ലസ് കിട്ടും എന്ന് തന്നെയാണ് എന്റെയും അദ്ധ്യാപകരുടെയും പ്രതീക്ഷ. കഴിഞ്ഞ ദിവസങ്ങളിൽ ഞാൻ കുടുംബ സമേതം എവിടെയൊക്കെ പോയോ അവിടെയൊക്കെ എസ്.എസ്.എൽ.സി കാരിയും ഞങ്ങളുടെ കൂടെയുണ്ടായിരുന്നു.

            ദൃശ്യ-ശ്രാവ്യ-പ്രിന്റ് മീഡിയകളിലും സോഷ്യൽ മീഡിയയിലും നിരന്തരം വരുന്ന അറിയിപ്പുകളും മുന്നറിയിപ്പുകളും എല്ലാം കൂടി ഒരു ഭീകര ജന്തുവിനെ നേരിടാൻ പോകുന്ന രൂപത്തിലാക്കിയോ  എസ്.എസ്.എൽ.സി പരീക്ഷയെ എന്ന് ഞാൻ സംശയിക്കുന്നു. പല വാട്സ് ആപ് ഗ്രൂപ്പിലും മാതാപിതാക്കളുടെ ചർച്ച കാണുമ്പോൾ ഇവർ ഈ പറയുന്നത് ഈ പരീക്ഷയെപ്പറ്റി തന്നെയാണോ എന്ന് പോലും തോന്നിപ്പോകുന്നു.

            തോൽ‌വി നേരിടാനോ അഭിമുഖീകരിക്കാനോ കഴിവില്ലാത്ത ഒരു സമൂഹത്തെ സൃഷ്ടിച്ച നാം തന്നെയാണ് ഇതിനെല്ലാം ഉത്തരവാദി. അമേരിക്കൻ പ്രെസിഡണ്ടായിരുന്ന അബ്രഹാം ലിങ്കന്റെ ‘ഒരച്ഛൻ അധ്യാപകന് അയച്ച കത്തുകൾ’ എന്ന പുസ്തകത്തിലെ വരികൾ നാം എല്ലാവരും പകർത്തുക. അദ്ദേഹം പറയുന്നു , “ നിങ്ങൾ അവനെ പഠിപ്പിക്കുക , തോൽ‌വി അഭിമുഖീകരിക്കാൻ , വിജയങ്ങൾ ആസ്വദിക്കാനും”

          എല്ലാ പരീക്ഷാർത്ഥികൾക്കും വിജയാശംസകൾ.


https://abidiba.blogspot.com/2015/03/blog-post.html

Friday, March 08, 2019

അന്താരാഷ്ട്ര വനിതാദിനം

             ഇന്ന് അന്താരാഷ്ട്ര വനിതാദിനം. പലരും പല വിധത്തില്‍ ആചരിക്കുന്ന ഒരു ദിനം. പക്ഷെ,  രണ്ട് വര്‍ഷമായി എനിക്ക് വനിതാ ദിനം എന്ന് കേള്‍ക്കുമ്പോള്‍ തലക്കുള്ളിലൂടെ ഒരു ആമ്പുലന്‍സ് പായാന്‍ തുടങ്ങും !

           നാഷണല്‍ സര്‍വീസ് സ്കീം പ്രോഗ്രാം ഓഫീസറായി വയനാട് എഞ്ചിനീയറിംഗ് കോളേജില്‍ നിരവധി വ്യത്യസ്തമാര്‍ന്ന പ്രോഗ്രാമുകള്‍ നടത്തിക്കൊണ്ടിരിക്കുന്ന കാലം. അതിനിടയിലാണ് അന്താരാഷ്ട്ര വനിതാദിനം കടന്നു വരുന്നത്. വളണ്ടിയര്‍മാരുമായി ആലോചിച്ച് ഞാന്‍ ഒരു പരിപാടി തയ്യാറാക്കി. മറ്റൊന്നുമല്ല , പെണ്‍‌കുട്ടികള്‍ക്ക് മാത്രമായി ഒരു രക്തദാന ക്യാമ്പ്.ആവശ്യത്തിന് കുട്ടികളെ കിട്ടുമോ എന്ന് ആശങ്ക ഉണ്ടായിരുന്നെങ്കിലും പരിപാടിയുമായി മുന്നോട്ട് പോയി.

            ആയിടെ വായിച്ച ഒരു ആര്‍ട്ടിക്കിളില്‍ നിന്നും കിട്ടിയ “ഷീറോസ്” (She+Heroes) എന്ന പേര് ക്യാമ്പിന് നല്‍കി. ആസിഡ് ആക്രമണത്തിനിരയായ സ്ത്രീകളുടെ ഒരു എന്‍.ജി.ഒ ആണ് ഷീറോസ്. മലയാളത്തില്‍ വീരാംഗനകള്‍ എന്ന് വേണമെങ്കില്‍ തര്‍ജ്ജമ ചെയ്യാം. Every Donor is a Hero എന്ന രക്തദാനത്തിന്റെ മുദ്രാവാക്യം ആയിരുന്നു ക്യാമ്പിന് ഷീറോസ് എന്ന് പേരിടാന്‍ പ്രചോദനം.

            ക്യാമ്പ് വളരെ ഭംഗിയായി മുന്നേറി. നാല്പതിലധികം പെണ്‍കുട്ടികള്‍ രക്തം ദാനം ചെയ്തു. കഠിനമായ ജോലികള്‍ ചെയ്യരുത് എന്നും ക്ലാസില്‍ കയറിയില്ലെങ്കിലും ഡ്യൂട്ടി ലീവ് അനുവദിച്ച് തരുമെന്നും എല്ലാം രക്തം ദാനം ചെയ്ത കുട്ടികളെ തെര്യപ്പെടുത്തി.  രക്തം ദാനം ചെയ്ത് വിശ്രമിച്ചു കൊണ്ടിരുന്ന ഒരു കുട്ടിയുടെ അവസ്ഥ ഇതിനിടക്ക് അല്പം മോശമായി. അവിടെ വച്ച് തന്നെ താല്‍ക്കാലിക സംവിധാനം ഒരുക്കി ഡ്രിപ് നല്‍കി. വീണ്ടും ചിലര്‍ കൂടി അപലക്ഷണങ്ങള്‍ കാണിക്കാന്‍ തുടങ്ങിയതോടെ ഞാന്‍ പ്രതിരോധത്തിലായി.

             അതിനിടെ ഒരു പെണ്‍‌കുട്ടി ലാബില്‍ തല കറങ്ങി വീണതായി വാര്‍ത്ത പരന്നു. അന്വേഷിച്ചപ്പോള്‍ രക്തം ദാനം ചെയ്ത കുട്ടിയാണ്. ഉടനെ കുട്ടിയെയും കൊണ്ട് ഒരു സ്റ്റാഫിന്റെ കാറ് മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് പാഞ്ഞു. അല്പം കഴിഞ്ഞ് മറ്റൊരു ക്ലാസിലും ഒരു കുട്ടി വീണു. അവളെയും ഉടന്‍ ആശുപത്രിയിലേക്ക് നീക്കി. നേരത്തെ ഡ്രിപ് നല്‍കിക്കൊണ്ടിരുന്നവളുടെ കണ്ടീഷനും മെച്ചപ്പെടാത്തതിനാല്‍ മൂന്നാമത്തെ വണ്ടിയും ആശുപത്രിയിലേക്ക് കുതിച്ചു.

           രക്തദാനം കഴിഞ്ഞ് എല്ലാവരെയും പിരിച്ചു വിട്ട ശേഷം ഞാനും ആശുപത്രിയിലെത്തി. അല്പ സമയം കഴിഞ്ഞ് ഒരു പെണ്‍കുട്ടിയെക്കൂടി കൊണ്ടു വന്നപ്പോള്‍ കാഷ്വാലിറ്റിയിലുള്ളവരുടെ സംസാരം ഞാന്‍ കേട്ടു - രക്തദാനം നടത്തിയതാ, കുറെ എണ്ണത്തിന് അങ്ങോട്ട് ഡ്രിപ്പും നല്‍കേണ്ടി വന്നു. അന്ന് വൈകിട്ട് ഏഴുമണി കഴിഞ്ഞാണ് അവസാനത്തെ ആളെയും ഡിസ്ചാര്‍ജ്ജ് ചെയ്ത് കോളേജ് ഹോസ്റ്റലില്‍ എത്തിച്ചത്.

          ഇന്ന് ഒരു ക്യാമ്പ് നടത്തണ്ടെ എന്ന് ചോദിച്ച് ആഴ്ചകള്‍ക്ക് മുമ്പ് ഒരു വിളി വന്നിരുന്നു. അന്നത്തെ അനുഭവത്തില്‍ നിന്നും ഞാന്‍ ഒരു പാഠം പഠിച്ചിരുന്നതിനാല്‍ സുല്ലിട്ട് പിന്മാറി. വനിതാ ദിനത്തില്‍ രക്തദാനം അത്ര നല്ല ആശയമല്ല എന്ന പാഠം പഠിപ്പിച്ച എല്ലാവര്‍ക്കും വനിതാ ദിനാശംസകള്‍.

Wednesday, March 06, 2019

അവാര്‍ഡ് ഹാട്രിക് !!

         കോളേജ് കാലഘട്ടം വരെ ഫുട്ബാള്‍ കളിക്കുന്നത് എന്റെ ഇഷ്ടപ്പെട്ട ഒരു വിനോദമായിരുന്നു. പിന്നീട് എന്‍.എസ്.എസ് ക്യാമ്പുകളില്‍ നേരം പോക്കിന് കുട്ടികളോടൊപ്പവും കളിക്കാറുണ്ടായിരുന്നു. ആധുനിക ഫുട്ബാളില്‍ ലയണല്‍ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും തമ്മിലുള്ള  റെക്കോര്‍ഡ് മത്സരവും ഞാന്‍ കൌതുകത്തോടെയാണ് എന്നും വീക്ഷിച്ചിരുന്നത്. മെസ്സിയും റൊണാള്‍ഡോയും കാല്‍‌പന്തു കളിയില്‍ ഹാട്രിക് അടിച്ചു കൂട്ടുന്നതും അത്ഭുതത്തോടെ വായിക്കാറുണ്ട്.

          ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഞാനും ഒരു ഹാട്രിക് അടിച്ചു ! എന്റെ ഇഷ്ട വിനോദമായ ഫുട്ബാളിലോ ഇപ്പോള്‍ ഒട്ടും കാണാത്ത ക്രിക്കറ്റിലോ അല്ല അത്. കഴിഞ്ഞ എട്ട് വര്‍ഷത്തോളമായി ഞാന്‍ ഒരു ഹരമായി നെഞ്ചേറ്റി നടക്കുന്ന നാഷണല്‍ സര്‍വീസ് സ്കീമിന്റെ അവാര്‍ഡ് നേട്ടത്തില്‍. അതെ ,സംസ്ഥാനത്തെ മികച്ച പ്രോഗ്രാം ഓഫീസര്‍ക്കുള്ള  നാഷണല്‍ സര്‍വീസ് സ്കീം സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് മൂന്നാം തവണയും എന്നെത്തേടി എത്തി - അല്‍ഹംദുലില്ലാഹ് (ദൈവത്തിന് സ്തുതി).
            2012-ല്‍ ആയിരുന്നു എനിക്ക് പ്രഥമ സംസ്ഥാന പുരസ്കാരം ലഭിച്ചത്. 2013ലും പുരസ്കാരം നേടിക്കൊണ്ട് തുടര്‍ച്ചയായി രണ്ട് തവണ സംസ്ഥാന പുരസ്കാരം നേടുന്ന ആദ്യത്തെ പ്രോഗ്രാം ഓഫീസറായി മാറി. അന്ന് രണ്ട് തവണയും കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജിന്റെ എന്‍.എസ്.എസ് യൂണിറ്റിനെ നയിച്ചതിനാണ് അവാര്‍ഡ് ലഭിച്ചതെങ്കില്‍ ഇത്തവണ വയനാട് ഗവ. എഞ്ചിനീയറിംഗ് കോളേജിന്റെ നായകന്‍ എന്ന നിലയിലാണ് അവാര്‍ഡ്.അതോടെ രണ്ട് വ്യത്യസ്ത കോളേജിന് വേണ്ടി സംസ്ഥാന അവാര്‍ഡ് നേടുന്ന ആദ്യത്തെ പ്രോഗ്രാം ഓഫീസറും ആയി. ഇതിനൊക്കെ പുറമെ മൂന്ന് തവണ സംസ്ഥാന പുരസ്കാരം ലഭിച്ച ഏക പ്രോഗ്രാം ഓഫീസര്‍ എന്ന റിക്കാര്‍ഡും എന്റെ പേരിലായി (ഈ റിക്കാര്‍ഡുകള്‍ ഒന്നും ഇവിടെയല്ലാതെ മറ്റൊരിടത്തും രേഖപ്പെടുത്തി വച്ചിട്ടില്ല !) .
             സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന മിക്ക പുരസ്കാരങ്ങളുടെയും അവാര്‍ഡ് തുക ആകര്‍ഷണീയമാണ്. അവാര്‍ഡ് ദാന ചടങ്ങും ഗംഭീരമായിരിക്കും. എന്നാല്‍ എന്‍.എസ്.എസ് പുരസ്കാരം നേടിയവര്‍ക്ക് മാത്രമേ ‘തുക’യുടെ വലിപ്പം അറിയൂ. സേവനത്തിനുള്ള അവാര്‍ഡ് ആയതിനാല്‍ കിട്ടുന്നത് സ്വീകരിക്കുക എന്നതാണ് നിലവിലുള്ള പോളിസി , നൊ കമ്പ്ലൈന്റ്. ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങുന്ന സിനിമാതാരങ്ങള്‍ക്കുള്ള സംസ്ഥാന അവാര്‍ഡും ദിവസങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിച്ചിരുന്നു.അവിടെ അവാര്‍ഡ് തുകയും ലക്ഷങ്ങളാണ്.

             2012ലെ പ്രഥമ അവാര്‍ഡ് ഞാന്‍ സ്വീകരിച്ചത് ചെങ്ങനൂരില്‍ അന്നത്തെ മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ ചാണ്ടിയില്‍ നിന്നായിരുന്നു. 2013ല്‍ ആലുവയില്‍ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ.പി.കെ അബ്ദുറബ്ബ് ആണ് പുരസ്കാരം തന്നത്. ഇത്തവണ തിരൂരില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ.കെ.ടി ജലീല്‍ ആണ് പുരസ്കാര വിതരണം നടത്തിയത്. ഞാന്‍ എന്‍.എസ്.എസ്‌ല്‍ വളണ്ടിയര്‍ ആയി പിച്ച വച്ചു തുടങ്ങിയ കാലത്ത് തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജില്‍ എന്റെ സീനിയര്‍ വിദ്യാര്‍ത്ഥി ആയിരുന്നു ശ്രീ.കെ.ടി ജലീല്‍ എന്നത് യാദൃശ്ചികം മാത്രം.
            സ്വരം നന്നാവുമ്പോള്‍ പാട്ട് നിര്‍ത്തണം എന്നാണല്ലോ? നിര്‍ബന്ധപൂര്‍വ്വം പാട്ട് നിര്‍ത്തിച്ചതിനാല്‍ നാലാം തവണയും  അവാര്‍ഡിന് അവകാശിയാകാന്‍ ഞാന്‍ കളത്തിലില്ല. എങ്കിലും കളത്തിന് പുറത്ത് എല്ലാവരെയും സഹായിക്കാന്‍ എന്റെ എന്‍.എസ്.എസ് മനസ്സ് സദാ സന്നദ്ധമായി നില്‍ക്കുന്നു. ഈ നേട്ടങ്ങള്‍ക്ക് എന്നെ അര്‍ഹനാക്കിയ എന്റെ പ്രിയപ്പെട്ട എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഗുരുനാഥന്മാര്‍ക്കും എന്നും പ്രോത്സാഹനം നല്‍കിയ സുഹൃത്തുക്കള്‍ക്കും ഹൃദയത്തില്‍ നിന്നുള്ള നന്ദി അറിയിക്കുന്നു. സ്തുതി ദൈവത്തിനും.