Pages

Showing posts with label N S S. Show all posts
Showing posts with label N S S. Show all posts

Wednesday, December 31, 2025

ഡിസംബറും ഞാനും

ഡിസംബർ എന്നാൽ കുളിരിൻ്റെ മാസം എന്നായിരുന്നു കുട്ടിക്കാലത്ത് മനസ്സിൽ കയറ്റി വച്ചത്. കലാലയ ജീവിത കാലത്ത് അത് ആശംസാ കാർഡുകൾ അയക്കുന്നതിൻ്റെയും കൈപറ്റുന്നതിൻ്റെയും മാസമായി മാറി. ജോലി ലഭിച്ചു നാഷനൽ സർവ്വീസ് സ്കീം പ്രോഗ്രാം ഓഫീസറായതോടെ അത് NSS ക്യാമ്പുകളുടെ കാലമായി.

ഞാൻ ആദ്യമായി ഒരു NSS ദശദിന ക്യാമ്പിൽ പങ്കെടുക്കുന്നത് 1988 ഡിസംബറിലാണ്. തിരൂരങ്ങാടി പി.എസ്.എം. ഒ കോളേജിൽ പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് വളണ്ടിയർ ആയിട്ടായിരുന്നു അന്ന് പങ്കെടുത്തത്. കോട്ടക്കലിനടുത്ത് സ്വാഗതമാട് എന്ന സ്ഥലത്തായിരുന്നു എൻ്റെ ആ പ്രഥമ ക്യാമ്പ്. പിന്നീട് ഡിഗ്രിക്ക് ഫാറൂഖ് കോളേജിൽ പഠിക്കുമ്പോൾ 1991 ൽ ഒരു ദശദിന ക്യാമ്പിൽ കൂടി പങ്കെടുത്തു. കോഴിക്കോട് എം.എം. ഹൈസ്കൂളിൽ ആയിരുന്നു പ്രസ്തുത ക്യാമ്പ്.   ക്രിസ്മസ് അവധിക്കാലം മുഴുവൻ നീളുന്ന പത്ത് ദിവസത്തെ ക്യാമ്പുകൾ ആയിരുന്നു ഇവ രണ്ടും.

കാലം കടന്നു പോയി. എൻ.എസ്.എസുമായി എൻ്റെ ബന്ധം ഏറെക്കുറെ അറ്റു പോയി. കോളേജിൽ ജോലി കിട്ടിയതോടെ എൻ്റെ ഉള്ളിലെ പഴയ വളണ്ടിയർ വീണ്ടും ഉണർന്നെണീറ്റു. അങ്ങനെ 2009 ൽ കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജിൻ്റെ പാവണ്ടൂർ ക്യാമ്പിലെ ഒരു സന്ദർശകനായി വീണ്ടും ഞാൻ ക്യാമ്പിൻ്റെ രസം അറിഞ്ഞു.  അടുത്ത വർഷം പ്രോഗ്രാം ഓഫീസറായി നിയമനം ലഭിക്കാനും അത് കാരണമായി.അപ്പോഴേക്കും ക്യാമ്പ് സപ്തദിനത്തിലേക്ക് ചുരുങ്ങിയിരുന്നു. 

2010 തലയാട് എ.എൽ.പി സ്കൂളിൽ നടന്ന കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജിൻ്റെ സപ്തദിന ക്യാമ്പാണ് പ്രോഗാം ഓഫീസറായുള്ള എൻ്റെ പ്രഥമ ക്യാമ്പ്. ഹൃദയം പറിച്ചെടുത്തായിരുന്നു അന്ന് എല്ലാവരും ആ നാട്ടിൽ നിന്നും തിരിച്ചു പോന്നത്. 2011-ൽ കൂമ്പാറ എൽ.പി സ്കൂളിലും 2012 ൽ തലക്കുളത്തൂർ ഹൈസ്കൂളിലും 2013 ൽ കുതിരവട്ടം എൽ.പി സ്കൂളിലും എൻ്റെ നേതൃത്വത്തിൽ എൻ.എസ്. എസ് സപ്തദിന ക്യാമ്പുകൾ നടന്നു. ശേഷം ഞാൻ പ്രോഗാം ഓഫീസർ സ്ഥാനം ഒഴിഞ്ഞു.

2015 ൽ വയനാട് ഗവ. എഞ്ചിനീയറിംഗ് കോളേജിലേക്ക് സ്ഥലം മാറ്റം കിട്ടി എത്തിയപ്പോഴും എൻ.എസ്.എസ് പ്രോഗ്രാം ഓഫീസറായി എനിക്ക് നിയമനം കിട്ടി. ആ വർഷം ഡിസംബറിൽ കോളേജിൽ വെച്ചും 2016 ലും 2017 ലും മാനന്തവാടി ഗവ. യു.പി സ്കൂളിൽ വെച്ചും സപ്തദിന ക്യാമ്പ് സംഘടിപ്പിച്ചു.

ഏഴ് ക്യാമ്പുകൾക്ക് നേതൃത്വം നൽകിയ ശേഷം ഞാൻ പ്രോഗ്രാം ഓഫീസർ പദവിയിൽ നിന്നും എന്നന്നേക്കുമായി പടിയിറങ്ങി. എങ്കിലും പിന്നീടുള്ള വർഷങ്ങളിൽ എല്ലാം എൻ്റെ ക്രിസ്മസ് അവധികൾ പല ക്യാമ്പുകളിലുമായി വിഭജിക്കപ്പെട്ടു. ഡിസംബർ സമാഗതമാകുന്നത് തന്നെ മനസ്സിന് സന്തോഷം പകരുന്ന ഒരു സംഗതിയായി മാറി. 

ഈ വർഷവും എൻ്റെ കോളേജിൻ്റെ ക്യാമ്പിൽ എത്തിച്ചേരാൻ എനിക്ക് അവസരം കിട്ടി.ഞാൻ അറിയാത്തതും എന്നെ അറിയാത്തതുമായ ഒരു ക്യാമ്പിൽ ഒരു സർപ്രൈസ് വിസിറ്റ് നടത്തണം എന്നാണ് അടുത്ത ആഗ്രഹം.

Wednesday, July 19, 2023

ഉമ്മൻചാണ്ടി സാറും ഞാനും

അന്തരിച്ച മുൻ മുഖ്യമന്ത്രി ശ്രീ.ഉമ്മൻചാണ്ടി സാറിന്റെ താഴെ കാണുന്ന ഫോട്ടോയിലെ ആ ഷാൾ ഇന്നും എന്റെ കയ്യിൽ ഒരോർമ്മപ്പുസ്തകമായി നിലനിൽക്കുന്നു. 2012 ഡിസംബർ 15 ന് NSS സംസ്ഥാന അവാർഡ് അദ്ദേഹത്തിൽ നിന്നും ഏറ്റുവാങ്ങിയ ശേഷം സദസ്സിലിരിക്കുന്ന ഭാര്യയുടെയും മക്കളുടെയും അടുത്ത് വന്നിരിക്കുകയായിരുന്നു ഞാൻ. ചടങ്ങ് കഴിഞ്ഞ് തിരിച്ചു പോകുന്ന മുഖ്യമന്ത്രിയെ ശരിക്കും കാണാൻ കുടുംബത്തെ ഞാൻ വരിയുടെ അറ്റത്തെ സീറ്റിലേക്ക് മാറ്റിയിരുത്തി. അതു വഴി വന്ന മുഖ്യമന്ത്രി എന്റെ മക്കളെ കണ്ട് ഒരു നിമിഷം നിന്നു. ശേഷം തന്റെ കഴുത്തിലുണ്ടായിരുന്ന ഷാൾ എടുത്ത് രണ്ടാമത്തെ മോൾ ലുഅയെ അണിയിച്ച് ഒരു ഷേക്ക് ഹാൻഡും നൽകി. അന്നത്തെ ആറു വയസ്സുകാരി ഇന്നും ആ അസുലഭ നിമിഷം ഓർമ്മയിൽ സൂക്ഷിക്കുന്നു. ശ്രീ.ഉമ്മൻ ചാണ്ടി സാറിന് കുട്ടികളോടുണ്ടായിരുന്ന സ്നേഹം ആ കർമ്മത്തിലൂടെ പ്രകടമായി.

2012 മെയ് 24 മുതൽ 26 വരെ NSS ടെക്നിക്കൽ സെല്ലിന്റെയും സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെയും സംയുക്താഭിമുഖ്യത്തിൽ കോഴിക്കോട് ജെ.ഡി.റ്റി. ഇസ്ലാം പോളിടെക്നിക്കിൽ സംഘടിപ്പിച്ച യുവജ്യോതി ക്യാമ്പിന്റെ പ്രോഗ്രാം കമ്മിറ്റി കൺവീനർ ആയിരുന്നു ഞാൻ. മുഖ്യമന്ത്രിയടക്കം വിവിധ മന്ത്രിമാരെ പങ്കെടുപ്പിക്കുക എന്നത് ഒരു പ്രോഗ്രാമിന്റെ വാർത്താ മൂല്യത്തിന് അത്യന്താപേക്ഷിതമാണ്. ആ നിലക്ക് അന്നത്തെ മുഖ്യമന്ത്രി ശ്രീ.ഉമ്മൻചാണ്ടി സാറിനും ഒരു ക്ഷണക്കത്തയച്ചു. അന്നത്തെ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയായിരുന്ന ഡോ.എം.കെ.മുനീർ പരിപാടിയിൽ പങ്കെടുക്കാം എന്ന് ഏൽക്കുകയും ചെയ്തു.

ജനുവരി 25 - ന് മുഖ്യമന്ത്രി കോഴിക്കോട് വഴി ഏതോ ഒരു പ്രോഗ്രാമിന് കടന്നു പോകുന്നുണ്ട് എന്ന് ക്യാമ്പ് ഡയരക്ടറായ ടെക്നിക്കൽ സെൽ NSS പ്രോഗ്രാം കോർഡിനേറ്റർ ശ്രീ. അബ്ദുൽ ജബ്ബാർ സാറിന് വിവരം കിട്ടി. പ്രോഗ്രാം കമ്മിറ്റി കൺവീനർ ആയ എന്നോട് മുഖ്യമന്ത്രിയെ ഒന്ന് ക്ഷണിച്ച് നോക്കാൻ പറഞ്ഞു. കിട്ടിയാൽ ഊട്ടി പോയാൽ ചട്ടി എന്ന തിയറി പ്രകാരം ഞാൻ ഫോണിലൂടെ ബന്ധപ്പെട്ടു.സമയം കിട്ടിയാൽ വരാം എന്ന് മറുപടിയും കിട്ടി.

ഞങ്ങളുടെ പ്രോഗ്രാം ഷെഡ്യൂൾ പ്രകാരം തുടർന്നു. മുഖ്യമന്ത്രിയെ ക്ഷണിച്ച വിവരം അതിനിടക്ക് മറന്ന് പോയി.അന്ന് വൈകിട്ട് CI റാങ്കിലുള്ള ഒരു പോലീസുദ്യോഗസ്ഥൻ എന്റെ പേര് പറഞ്ഞ് ക്യാമ്പിൽ അന്വേഷണത്തിനെത്തി. മുഖ്യമന്ത്രി വരുന്നുണ്ടെന്നും അദ്ദേഹത്തിന് നൽകാൻ ഉദ്ദേശിക്കുന്ന സാധനങ്ങൾ (പലഹാരങ്ങൾ) ചെക്ക് ചെയ്യണമെന്നും പറഞ്ഞു. വിവരം അറിഞ്ഞതോടെ ക്യാമ്പ് പെട്ടെന്ന് ഉത്സവ ലഹരിയിലായി.എനിക്കും എന്തെന്നില്ലാത്ത ഒരു അഭിമാനം തോന്നി.

അന്ന് രാത്രി സാക്ഷാൽ മുഖ്യമന്ത്രി ശ്രീ.ഉമ്മൻചാണ്ടി സാർ ഞങ്ങളുടെ ക്യാമ്പിലെത്തി കുട്ടികളെ അഭിസംബോധന ചെയ്തു.

ഒരു രാഷ്ട്രീയ കക്ഷിയോടും എനിക്ക് പ്രത്യേക താൽപര്യമില്ല. പക്ഷേ, ജനസമ്പർക്കം എന്ന പ്രോഗ്രാമിലൂടെ ജനകീയനായ ഒരു മുഖ്യമന്ത്രിയെ ഞാൻ നേരിട്ടനുഭവിച്ച രണ്ട് നിമിഷങ്ങളായിരുന്നു മേൽ പറഞ്ഞ രണ്ട് സംഭവങ്ങൾ. ജനങ്ങളുടെ പ്രിയപ്പെട്ട ഉമ്മൻചാണ്ടി സാറിന് ആദരാഞ്ജലികൾ .

Tuesday, July 18, 2023

ഉമ്മൻചാണ്ടി വിട പറയുമ്പോൾ

2012 ഡിസംബർ 15. ചെങ്ങന്നൂർ IHRD എഞ്ചിനീയറിംഗ് കോളേജിലെ തിങ്ങിനിറഞ്ഞ സദസ്സിൽ എന്റെ ഭാര്യയും മൂന്ന് മക്കളും ക്ഷമയോടെ കാത്തിരുന്നു. സദസ്സിന്റെ മറ്റൊരു ഭാഗത്ത് കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജിലെ ഊർജ്ജ്വസ്വലരായ എന്റെ ഏതാനും NSS വളണ്ടിയർമാരും . ഒരു ചരിത്ര മുഹൂർത്തത്തിന് സാക്ഷികളാവാനായിരുന്നു അവരെല്ലാം കോഴിക്കോട് നിന്ന് ആലപ്പുഴയിൽ എത്തിയത്.

നാഷണൽ സർവ്വീസ്  സ്കീം കേരള ഘടകത്തിന്റെ ബെസ്റ്റ് യൂണിറ്റ്, ബെസ്റ്റ് പ്രോഗ്രാം ഓഫീസർ , ബെസ്റ്റ് വളണ്ടിയർ തുടങ്ങീ മൂന്ന് അവാർഡുകളും ചരിത്രത്തിലാദ്യമായി ഒരു ഗവ. എഞ്ചിനീയറിംഗ് കോളേജ് ഏറ്റുവാങ്ങുന്ന സമ്മോഹന നിമിഷം ! സംസ്ഥാന വിദ്യാഭ്യാസ മന്ത്രിമാർ വിതരണം ചെയ്തിരുന്ന പ്രസ്തുത  അവാർഡുകൾ ചരിത്രത്തിലാദ്യമായി മുഖ്യമന്ത്രി വിതരണം ചെയ്യാൻ പോകുന്നു.

പ്രതീക്ഷിച്ച പോലെ അന്നത്തെ മുഖ്യമന്ത്രി ശ്രീ. ഉമ്മൻചാണ്ടി വേദിയിലെത്തി. സദസ്സ് ഹർഷാരവത്തോടെ അദ്ദേഹത്തെ വരവേറ്റു. ഹ്രസ്വമായ പ്രസംഗത്തിൽ വിദ്യാർത്ഥികൾ സാമൂഹ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടേണ്ടതിന്റെ ആവശ്യകത അദ്ദേഹം പറഞ്ഞു. ശേഷം ആ ചരിത്ര നിമിഷത്തിന് വേദിയൊരുങ്ങി. ബെസ്റ്റ് യൂണിറ്റിനുള്ള അവാർഡ് ഞാനും പ്രിൻസിപ്പാൾ പ്രൊഫ. വിദ്യാസാഗർ സാറും കൂടി ഏറ്റുവാങ്ങി. ശേഷം കേരളത്തിലെ ബെസ്റ്റ് പ്രോഗ്രാം ഓഫീസർക്കുള്ള അവാർഡ് ഞാനും ബെസ്റ്റ് വളണ്ടിയർക്കുള്ള അവാർഡ് അപർണ്ണയും ഏറ്റുവാങ്ങി.

പിന്നീട് രണ്ട് തവണ ഈ അവാർഡ് എന്നെത്തേടി എത്തിയെങ്കിലും അതത് കാലത്തെ വിദ്യാഭ്യാസ മന്ത്രിമാരിൽ നിന്നാണ് ഏറ്റുവാങ്ങിയത്. നാഷണൽ സർവ്വീസ് സ്കീമിന് അർഹമായ പരിഗണന നൽകിക്കൊണ്ട് ശ്രീ. പ്രണബ് മുഖർജി, NSS ദേശീയ അവാർഡ് ദാനം രാഷ്ട്രപതി ഭവനിനുള്ളിൽ ആക്കിയപോലെ കേരളത്തിലും  ഒരു തുടക്കം കുറിച്ച മുൻ മുഖ്യമന്ത്രിക്ക് ആദരാഞ്ജലികൾ.

Saturday, March 11, 2023

സൌഹൃദം പൂക്കുന്ന വഴികൾ - 21

എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ എന്ന നിലയിൽ ഞാൻ വർക്ക് ചെയ്ത കോളേജുകളിലെയും മറ്റു കോളേജുകളിലെയും ആയി വലിയൊരു ശിഷ്യ സമ്പത്ത് എനിക്കുണ്ട്.കേരളത്തിൽ എവിടെ എത്തിയാലും ആ പരിസരത്ത് ഇവരിൽ ആരെങ്കിലും ഉണ്ടെങ്കിൽ ഒന്ന് വിളിച്ച് അറിയിച്ച് കണ്ടുമുട്ടാൻ ശ്രമിക്കുക എന്നത് എനിക്ക് ഒരു ഹരമാണ്.ശിഷ്യരെ മാത്രമല്ല ആ സമയത്ത് ഓർമ്മയിൽ വരുന്ന സഹപ്രവർത്തകരെയും സഹപാഠികളെയും കൂട്ടുകാരെയും എല്ലാം ഇങ്ങനെ കണ്ടുമുട്ടാൻ ഞാൻ ഒരു ശ്രമം നടത്താറുണ്ട്.

ഈ വർഷത്തെ വൈഗ അഗ്രി ഹാക്കത്തോണിന്റെ ജൂറി പാനൽ മെമ്പർമാർക്ക് താമസ സൗകര്യം ഒരുക്കിയിരുന്നത് കോവളത്തെ "അപ്ന പഞ്ചാബി ധാബ " എന്ന ഹോട്ടലിലായിരുന്നു. രാത്രി എട്ടര മണിയോടെയാണ് ഞാൻ തമ്പാനൂരിൽ ബസ്സിറങ്ങിയത്. ഹോട്ടലിലേക്ക് വിളിച്ചപ്പോൾ ഒരു ഹിന്ദിവാല തന്നെയായിരുന്നു ഫോൺ എടുത്തത്. വിഴിഞ്ഞം ബസ്സിന് കയറിയാൽ കോവളം ജംഗ്ഷനിൽ ഇറങ്ങാമെന്നും ജംഗ്ഷനിലെ സിഗ്നലിന് തൊട്ടടുത്താണ് ഹോട്ടൽ എന്നും അറിഞ്ഞപ്പോൾ സമാധാനമായി. കാരണം കോവളം ബീച്ച് ഭാഗത്തേക്കാണെങ്കിൽ ആ നേരത്ത് ബസ് കിട്ടില്ല എന്ന് വിവരം ലഭിച്ചിരുന്നു. രാത്രി ഒമ്പതരയോടെ തന്നെ  ബുദ്ധിമുട്ടൊന്നും കൂടാതെ ഞാൻ റൂമിലെത്തി.

പിറ്റേ ദിവസം പകൽ വെളിച്ചത്തിൽ ഈ ജംഗ്ഷനും പരിസരവും കണ്ടപ്പോൾ എനിക്കൊരു മുൻപരിചയം തോന്നി. വയനാട് ഗവ. എഞ്ചിനീയറിംഗ് കോളേജിൽ എന്റെ NSS യൂണിറ്റ് വളണ്ടിയർ സെക്രട്ടറി ആയിരുന്ന ചിത്ര 2016 ൽ എനിക്ക് താമസമൊരുക്കിത്തന്ന  'കോവളത്തെ എന്റെ വീട് ' ഇവിടെയായിരുന്നു.

തൊട്ടടുത്ത ദിവസം ഞാൻ ചിത്രയെ വിളിച്ചു. അപ്രതീക്ഷിതമായ വിളിയിൽ ആകാംക്ഷഭരിതയായ ചിത്രയോട് ഞാൻ കോവളത്ത് താമസിക്കുന്ന വിവരം പറഞ്ഞു. വിഴിഞ്ഞത്തുള്ള അവളുടെ വീട്ടിലേക്ക് ക്ഷണിച്ചെങ്കിലും ജഡ്ജിംഗ് ഷെഡ്യൂളിനിടക്ക് എത്തിപ്പെടാൻ സാധിക്കില്ല എന്ന് ഞാൻ അറിയിച്ചു. താമസത്തിന് പ്രശ്നമില്ലെന്നും ഞങ്ങൾ പത്ത് പതിനാറ് പേരുണ്ടെന്നും കൂടി ഞാൻ പറഞ്ഞു.എങ്കിൽ ഹോട്ടലിൽ വന്ന് എന്നെ കാണാമെന്ന് മറുപടി കിട്ടി.

അന്ന് വൈകിട്ട് അഞ്ചര മണിയോടെ ചിത്ര ഹോട്ടലിലെത്തി.ജന്മനാ കയ്യില്ലാത്ത അവളുടെ കയ്യിൽ ഒരു നിറ കവറും കൂടി ഉണ്ടായിരുന്നു. അതെന്റെ നേരെ നീട്ടിയപ്പോൾ ഞാൻ ഒന്ന് ശങ്കിച്ചു പോയി.

"ഇതെന്താ...?" ഞാൻ ചോദിച്ചു.

" ഞാനും അനിയത്തിയും കൂടി തയ്യാറാക്കിയ ഇലയടയാണ്..." ചിത്ര പറഞ്ഞു.

"അയ്യോ !! ഇതെന്തിനാ ഇത്രയും അധികം?"

"പത്ത് പതിനാറ് പേരുണ്ടെന്നല്ലേ സാറ് പറഞ്ഞത് ... എല്ലാവർക്കും ഓരോന്ന് വീതം എടുക്കാം..''

"മൈ ഗോഡ്..." 

ചൂടുള്ള ഇലയടകൾ അടങ്ങിയ  കവർ ഏറ്റുവാങ്ങി അവിടെ തന്നെ ഇരുന്ന് ഞങ്ങൾ ദീർഘനേരം സംസാരിച്ചു. ഞാനെഴുതിയ രണ്ട് പുസ്തകങ്ങളും ചിത്രക്കും സമ്മാനിച്ചു.

അടുത്ത ജഡ്ജ്മെന്റിന്റെ സമയം അടുത്തതിനാൽ കോളേജിലേക്ക് പോകാനായി മറ്റ് ജൂറി അംഗങ്ങൾ ഇറങ്ങി വന്നു. അവർക്കെല്ലാം ചിത്ര തന്നെ ഇലയട വിതരണം ചെയ്തു. ഹാക്കത്തോൺ കോർഡിനേറ്റർ അബ്ദുൽ ജബ്ബാർ സാറിന്റെ അനുവാദത്തോടെ ചിത്രയെയും ഞങ്ങളുടെ വണ്ടിയിൽ കയറ്റി അവൾക്ക് അത് കാണാനുള്ള അവസരവും ഒരുക്കി.


രാത്രി പത്ത് മണി കഴിഞ്ഞാണ് അന്നത്തെ പ്രോഗ്രാം അവസാനിച്ചത്. തിരിച്ച് ഞങ്ങളുടെ വണ്ടിയിൽ തന്നെ ചിത്രയെ കോവളത്തെത്തിച്ചു. നേരത്തെ പറഞ്ഞതനുസരിച്ച് അനിയൻ എത്തി അവളെ കൊണ്ടുപോയി. 


വിധിയുടെ മുമ്പിൽ തളരാത്ത ജീവിതങ്ങൾക്ക് അൽപമെങ്കിലും കരുത്ത് പകരാൻ ഇങ്ങനെയൊക്കെയേ ഒരു പക്ഷേ സാധിക്കൂ. ചിത്രക്കും ഈ കണ്ടുമുട്ടൽ ഒരു പോസിറ്റീവ് എനർജി നൽകിയതായി ഞാൻ മനസ്സിലാക്കുന്നു. സൗഹൃദങ്ങൾക്ക് കൈമാറാൻ സാധിക്കുന്ന ഏറ്റവും മികച്ച സമ്മാനവും ഈ പോസിറ്റീവ് എനർജി തന്നെ.

Saturday, November 19, 2022

രാഷ്ട്രപതി ഭവനിലേക്കുള്ള പാത.

2009 ജൂണിലാണ് വയനാട് നിന്ന് ഞാൻ ജി ഇ സി കോഴിക്കോടിലേക്ക് ട്രാൻസ്ഫറായി വന്നത്. ആ വർഷത്തെ NSS സപ്തദിന ക്യാമ്പിന്റെ കൂടിയാലോചനാ മീറ്റിംഗിൽ സ്റ്റാഫ് പ്രതിനിധിയായിട്ടായിരുന്നു പുതിയ കോളേജിൽ NSS യൂണിറ്റിലെ എന്റെ അരങ്ങേറ്റം. അന്നത്തെ മീറ്റിംഗ് എട്ട് നിലയിൽ പൊട്ടിയെങ്കിലും മറ്റൊരു ക്യാമ്പ് സൈറ്റ് രണ്ട് ദിവസത്തിനകം റെഡിയാക്കി വളണ്ടിയർ സെക്രട്ടറിമാർ മികവ് തെളിയിച്ചതോടെയാണ് എനിക്ക് ഈ യൂണിറ്റിനോട് മതിപ്പ് തോന്നിയത്. പാവണ്ടൂരിൽ നടന്ന പ്രസ്തുത ക്യാമ്പിൽ പങ്കടുത്തപ്പോഴാണ് എന്റെ വളണ്ടിയർ കാലത്തെ NSS ഉം 'പുതിയ ' NSS ഉം തമ്മിലുള്ള 'വ്യത്യാസങ്ങൾ ' മനസ്സിലായത്. 

ആദ്യ ദിവസം തന്നെ ക്യാമ്പിലെ  കുട്ടികളുടെ പേര് മുഴുവൻ ഹൃദിസ്ഥമാക്കിക്കൊണ്ടായിരുന്നു ഇവിടെ ഞാൻ ഹരിശ്രീ കുറിച്ചത്. പ്രോഗ്രാം ഓഫീസർ പോലും അടിയറവ് പറഞ്ഞ സ്ഥാനത്ത്  ജയിക്കാൻ കഴിഞ്ഞത് എനിക്ക് വലിയ പ്രചോദനമായി. എന്നാൽ നാലാം ദിവസം വീണ്ടും ക്യാമ്പിൽ എത്തിയപ്പോഴാണ് പുതിയ കുറെ മുഖങ്ങളെ ക്യാമ്പിൽ കണ്ടത്; പഴയ മുഖങ്ങൾ ക്യാമ്പ് വിട്ടു പോവുകയും ചെയ്തിരുന്നു. യൂണിറ്റിനെ നേർപാതയിൽ നയിക്കാനുള്ള ഒരു ചിന്തയുടെ തുടക്കം അവിടെ നിന്നാരംഭിച്ചു.

തിരുവനന്തപുരത്ത് വച്ച് നടന്ന ആ വർഷത്തെ ടെക്നിക്കൽ സെൽ NSS സംസ്ഥാന അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കാൻ എന്നോട് പറഞ്ഞെങ്കിലും പോകാൻ സാധിച്ചില്ല . ചടങ്ങിൽ പങ്കെടുത്ത് തിരിച്ച് വന്ന വളണ്ടിയർമാർ അവരുടെ അനുഭവം എന്നോട് പങ്ക് വച്ചു. അവാർഡ് ലഭിച്ച യൂണിറ്റുകൾ ചെയ്ത പ്രവർത്തനങ്ങളെക്കാളും മികച്ച പലതും നമ്മുടെ യൂണിറ്റ് ചെയ്തിരുന്നു പോലും. അതിന്റെ തെളിവ് ഞാനാവശ്യപ്പെട്ടപ്പോൾ അവർ കൈ മലർത്തി. യൂണിറ്റിനെ മൊത്തം മാറ്റി മറിച്ച ഡോക്യുമെന്റേഷൻ എന്ന പ്രക്രിയയുടെ തുടക്കം അവിടെ മുതൽ ആരംഭിച്ചു. പ്രവർത്തനങ്ങൾക്കൊപ്പം അതിന്റെ കൃത്യമായ റിപ്പോർട്ടും ഫോട്ടോയും  പത്രക്കുറിപ്പും ഹാജർ നിലയും എല്ലാം സൂക്ഷിക്കാൻ തുടങ്ങിയത് അന്ന് മുതലായിരുന്നു.

2010 ൽ നിലവിലുള്ള പ്രോഗ്രാം ഓഫീസർക്ക് സ്ഥലം മാറ്റം കിട്ടിയതോടെയാണ് ആ ചുമതല ഞാൻ സന്തോഷപൂർവ്വം ഏറ്റ് വാങ്ങിയത്. സാമൂഹ്യ സേവന സന്നദ്ധരായ ഒരു കൂട്ടം നല്ല മക്കൾക്ക് വഴി കാട്ടിയാവുക എന്നതോടൊപ്പം യൂണിറ്റിനെ സംസ്ഥാന - ദേശീയ തലങ്ങളിലേക്കുയർത്തുക എന്ന ലക്ഷ്യവും അന്ന് ഞാൻ മനസ്സിൽ കുറിച്ചു. 

യൂണിറ്റ് നടത്തുന്ന ഓരോ പരിപാടിയും ഒരു കോഴിക്കോടൻ ടച്ചിലൂടെ വ്യത്യസ്തമാക്കുക, റിപ്പോർട്ടുകൾ കൃത്യമായി തയ്യാറാക്കി സൂക്ഷിക്കുന്നതോടൊപ്പം തന്നെ സംസ്ഥാന സെല്ലിനെ യഥാസമയം അറിയിക്കുക, ദൃശ്യ ശ്രാവ്യ അച്ചടി സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ എഞ്ചിനീയറിംഗ് വിദ്യാർത്ഥികളുടെ സാമൂഹ്യ സേവനങ്ങൾ പുറം ലോകത്തെയും അറിയിക്കുക തുടങ്ങിയവയായിരുന്നു പുതുതായി നടപ്പിൽ വരുത്തിയ കാതലായ മാറ്റങ്ങൾ. 

സപ്തദിന ക്യാമ്പിൽ ഏഴ് ദിവസവും പങ്കെടുക്കുന്നവർ മാത്രം ക്യാമ്പിന് വന്നാൽ മതി എന്ന നിർദ്ദേശം നൽകിയപ്പോൾ ക്യാമ്പിന് ആളുണ്ടാവില്ല എന്ന മറുപടിയായിരുന്നു എനിക്ക് ലഭിച്ചത്. പക്ഷേ യൂണിറ്റ് പ്രവർത്തനനിരതമായതോടെ എന്റെ നേതൃത്വത്തിലുള്ള ആദ്യ സപ്തദിന ക്യാമ്പായ തലയാട്ടിലേക്ക് വന്നത് അറുപത്തി എട്ട് പേരായിരുന്നു. ക്യാമ്പിന്റെ  അംഗബലം അമ്പതായി നിജപ്പെടുത്തിയ സ്ഥാനത്താണ് ഏഴ് ദിവസവും സന്നദ്ധ പ്രവർത്തനത്തിന് തയ്യാറായി അറുപത്തിയെട്ട് പേരെത്തിയത്. ആ ക്യാമ്പിൽ പങ്കെടുത്ത എല്ലാവരുടെയും മനസ്സിൽ ക്യാമ്പിലെ ഓരോ നിമിഷങ്ങളും ഇന്നും പച്ച പിടിച്ച് നിൽക്കുന്നു. ജി.ഇ.സി. കോഴിക്കോടിന്റെ NSS ചരിത്രം അവിടം മുതൽ മാറി മറിയാൻ തുടങ്ങി.

വളണ്ടിയർമാരുടെയും അധ്യാപകരുടെയും പിന്തുണയോടെ സ്വപ്ന പദ്ധതിയായി പടുത്തുയർത്തിയ സഹവാസിക്കൊരു വീട്, വൺഡേ വൺ റുപ്പീ പ്രോഗ്രാമിലൂടെ ശേഖരിച്ച ഫണ്ടുപയോഗിച്ച് ഒരു കിഡ്നി രോഗിയുടെ ഒരു വർഷത്തെ ഡയാലിസിസ് സ്പോൺസറിംഗ് , സംസ്ഥാന സർക്കാർ ഏറ്റെടുത്ത ജൈവ മാലിന്യ സംസ്കരണ പദ്ധതിയായ പൈപ്പ് കമ്പോസ്റ്റിംഗ് , കാമ്പസിനെ മുഴുവൻ ഹരിതാഭമാക്കിയ മൈ ബർത്ത് ഡേ ആൻ എർത്ത് ഡേ , ലഹരിക്കെതിരെ ഉദ്ബോധനം നടത്തുന്ന ' ഒരു മദ്യ സിനിമ ' എന്ന ഷോർട്ട് ഫിലിം തുടങ്ങിയവയിലൂടെ വളരെ പെട്ടെന്ന് തന്നെ ജി.ഇ.സി.കെ എൻ.എസ്.എസ് യൂണിറ്റ് സംസ്ഥാന ശ്രദ്ധയിൽപ്പെട്ടു. അതോടെ അവാർഡുകളുടെയും അംഗീകാരങ്ങളുടെയും മലവെള്ളപ്പാച്ചിലും ആരംഭിച്ചു.

മുൻ വളണ്ടിയർ സെക്രട്ടറി യാസിർ വി.പി ക്ക് മികച്ച വളണ്ടിയർ പുരസ്കാരം ലഭിച്ചതിലൂടെയായിരുന്നു തുടക്കം. അതേ വർഷം തന്നെ വളണ്ടിയർ സെക്രട്ടറി അപർണ്ണക്ക് പ്രീ റിപബ്ലിക്ക് ഡേ പരേഡ് ക്യാമ്പിലേക്ക് സെലക്ഷനും ലഭിച്ചു. പോണ്ടിച്ചേരി നാഷണൽ ഇന്റഗ്രേഷൻ ക്യാമ്പിൽ കേരള ടീം ആയി പ്രോഗ്രാം ഓഫീസർക്കും പത്ത് വളണ്ടിയർമാർക്കും  പങ്കെടുക്കാൻ അവസരം ലഭിച്ചതായിരുന്നു അടുത്ത അംഗീകാരം.

തൊട്ടടുത്ത വർഷം ടെക്നിക്കൽ സെല്ലിന് കീഴിലെ ബെസ്റ്റ് യൂണിറ്റ്, ബെസ്റ്റ് പ്രോഗ്രാം ഓഫീസർ (ആബിദ് തറവട്ടത്ത് ), ബെസ്റ്റ് വളണ്ടിയർ (അപർണ പി ), ടോപ് സ്കോറർ (ആയിഷ റിസാന) തുടങ്ങി അവാർഡുകളും നേടി. ആ വർഷത്തെ സംസ്ഥാന ഗവൺമെന്റ് എൻ.എസ്.എസ് അവാർഡുകൾ പ്രഖ്യാപിച്ചപ്പോഴും ബെസ്റ്റ് യൂണിറ്റ്,  ബെസ്റ്റ് പ്രോഗ്രാം ഓഫീസർ (ആബിദ് തറവട്ടത്ത്), ബെസ്റ്റ് വളണ്ടിയർ (അപർണ പി ) അവാർഡുകൾ ചരിത്രത്തിലാദ്യമായി ഒരു ഗവ.എഞ്ചിനീയറിംഗ് കോളേജ് കരസ്ഥമാക്കി. കാലാവസ്ഥാ വ്യതിയാന വകുപ്പിന്റെ സംസ്ഥാനത്തെ ബെസ്റ്റ് ഭൂമിത്ര സേനാ ക്ലബ്ബ് അവാർഡും , ബെസ്റ്റ് ഫാക്കൾറ്റി ഇൻ ചാർജ്ജ് (ആബിദ് തറവട്ടത്ത്)അവാർഡും , സാമൂഹ്യ സുരക്ഷാ മിഷന്റെ അവാർഡും , തെർമോ പെൻപോൾ സന്നദ്ധ രക്തദാന അവാർഡും കൂടി ലഭിച്ചതോടെ വളണ്ടിയർമാർ ആവേശത്തിന്റെ എവറസ്റ്റിൽ എത്തി.

2012 ലെ അവാർഡ് മഴ തോർന്നതിന് പിന്നാലെ നാഷണൽ യൂത്ത് ഫെസ്റ്റിവലിലും നാഷണൽ അഡ്വഞ്ചർ ക്യാമ്പിലും GEC യുടെ മക്കൾ കേരളത്തെ പ്രതിനിധാനം ചെയ്തു. ഇന്ത്യയിലാദ്യമായി ഒരു NSS സെല്ലിന്റെ മുഴുവൻ പ്രവർത്തനങ്ങളും വെബ് സൈറ്റ് മുഖേനയാക്കിയത് കേരള ടെക്നിക്കൽ സെൽ NSS ആയിരുന്നു. അതിന് കാർമ്മികത്വം വഹിച്ച വളണ്ടിയർ അഫ്നാസിന് ചൈനയിൽ സന്ദർശനം നടത്തിയ ഇന്ത്യൻ യൂത്ത് ഡെലിഗേറ്റ്സ് ലും അവസരം ലഭിച്ചു.

2013-ൽ സംസ്ഥാന ഗവൺമെന്റിന്റെ ബെസ്റ്റ് യൂണിറ്റ് , ബെസ്റ്റ് പ്രോഗ്രാം ഓഫീസർ (ആബിദ് തറവട്ടത്ത് ) അവാർഡുകൾ തുടർച്ചയായി രണ്ടാം തവണയും നേടിയപ്പോൾ അത് കേരള NSS ചരിത്രത്തിലാദ്യത്തെ തുടർ നേട്ടമായി. തുല്യതയില്ലാത്ത പ്രവർത്തനങ്ങളിലൂടെ ദേശീയ ശ്രദ്ധ പിടിച്ചു പറ്റിയ യൂണിറ്റിനെത്തേടി ഇന്ത്യാ മഹാരാജ്യത്തിലെ മികച്ച NSS യൂണിറ്റിനും പ്രോഗ്രാം ഓഫീസർ (ആബിദ് തറവട്ടത്ത്) ക്കുമുള്ള  ഇന്ദിരാ ഗാന്ധി NSS ദേശീയ അവാർഡ് കൂടി എത്തിയതോടെ 2010 ൽ പ്രോഗ്രാം ഓഫീസർ സ്ഥാനം ഏറ്റെടുക്കുമ്പോൾ ഞാൻ കുറിച്ച ലക്ഷ്യം സാക്ഷാൽക്കരിച്ചു. രാഷ്ട്രപതി പ്രണബ് മുഖർജിയിൽ നിന്നും ആ അവാർഡ് ഏറ്റ് വാങ്ങുമ്പോൾ ഒരു ചരിത്രം കൂടി അവിടെ വിരചിതമായി. NSS ദേശീയ അവാർഡ് നേടുന്ന ഇന്ത്യയിലെ ആദ്യത്തെ ഗവ.എഞ്ചിനീയറിംഗ് കോളേജ് എന്ന ബഹുമതി ജി.ഇ.സി. കോഴിക്കോടിന് സ്വന്തമായി.

യൂണിറ്റിലെ വളണ്ടിയറായിരുന്ന അനുഷ 2014 ലെ റിപബ്ലിക് ദിന പരേഡിൽ കൂടി പങ്കെടുത്തതോടെ ദേശീയ തലത്തിൽ NSS വളണ്ടിയർമാർക്ക് പങ്കെടുക്കാവുന്ന എല്ലാ ക്യാമ്പുകളിലും പങ്കെടുത്ത കേരളത്തിലെ ഏക NSS യൂണിറ്റായും ജി.ഇ.സി. കോഴിക്കോട് മാറി. യാസിർ വി.പി ക്ക് ശേഷം അപർണ്ണ, അനീഷ് അഹമ്മദ്, ഹിഷാം, അനുഷ എന്നിവരിലൂടെ തുടർച്ചയായി അഞ്ച് തവണ ടെക്നിക്കൽ സെല്ലിന്റെ ബെസ്റ്റ് വളണ്ടിയർ അവാർഡ് നേടിയ മറ്റൊരു യൂണിറ്റും കേരളത്തിൽ ഇല്ല. ഇതിനിടെ ലക്ഷ്മി എസ് , ടോപ് സ്കോറർ അവാർഡ് വീണ്ടും ജി.ഇ.സി.കെ യിൽ എത്തിച്ചു.  സംസ്ഥാന സർക്കാറിന്റെ ബെസ്റ്റ് വളണ്ടിയർ അവാർഡും അനുഷയിലൂടെ വീണ്ടും ജി.ഇ.സി.കെ കരസ്ഥമാക്കി.

ഒരു ദശാബ്ദം കഴിഞ്ഞിട്ടും ഈ റിക്കാർഡുകൾ ഒന്നും തകർക്കപ്പെട്ടിട്ടില്ല എന്നത് ഒരു സത്യം വിളിച്ചോതുന്നു - ജി ഇ സി കോഴിക്കോടിലെ NSS ന് തുല്യം ജി ഇ സി കോഴിക്കോട് NSS മാത്രം.

Excellence is doing ordinary things extraordinarily  Well. 



Monday, March 28, 2022

നടുപ്പതിയിൽ - 2

 ശഫീഖിന്റ വിളിയിൽ പന്തികേടില്ലായിരുന്നു. എന്റെ ചിന്തയിലായിരുന്നു പന്തികേട് എന്ന് എനിക്ക് ഉടനെ ബോദ്ധ്യപ്പെട്ടു.

"എന്താ ?" ഞാൻ ശഫീഖിനോട് ചോദിച്ചു.

"ദേ... ഗേറ്റ്മാൻ കൂട്ടിൽ കയറുന്നു.." ലെവൽ ക്രോസിന്റെ സമീപത്തെ കാബിനിലേക്ക് ചൂണ്ടി ശഫീഖ് പറഞ്ഞു. അടച്ച ഗേറ്റ് തുറക്കാനും തുറന്ന ഗേറ്റ് അടക്കാനു അല്ലാതെ ആ കാബിനകത്ത് ആരും കയറില്ല എന്ന കോമൺ സെൻസ് ആയിരുന്നു ശെഫീഖിന്റെത്. അത് ശരിയായിരുന്നു. ലെവൽ ക്രോസ് ബാർ മെല്ലെ പൊങ്ങി. ശഫീഖ് ബൈക്ക് സ്റ്റാർട്ടാക്കി.

ഇരുട്ടിലൂടെ അൽപം കൂടി മുന്നോട്ട് പോയതും നിയോൺ ബൾബുകളാൽ പ്രകാശപൂരിതമായ ഒരു സ്ഥലത്തെത്തി.

"ഇതെന്താ... ഇവിടെ ഇത്രയും വെളിച്ചം?" ഞാൻ ശഫീഖിനോട് ചോദിച്ചു.

"ഇതാണ് സാർ എം.സി.എൽ "

"എന്ന് വച്ചാൽ?"

" മലബാർ സിമന്റ്സ് ലിമിറ്റഡ് "

"ഓ... കേരള സർക്കാരിന്റെ സ്വന്തം സിമന്റ്..."

ബൈക്ക് വീണ്ടും മുന്നോട്ട് നീങ്ങി. ഞങ്ങൾ ശരിക്കും കാടിന്റെ ഇരുട്ടിൽ പ്രവേശിച്ചു. നടുപ്പതിയിൽ എന്നെ നടുക്കാൻ പതുങ്ങിയിരിക്കുന്ന കാട്ടാനയെ കാണാതിരിക്കാൻ ഞാൻ മുന്നോട്ട് മാത്രം നോക്കി. രണ്ട് മൂന്ന് വളവും തിരിവും കഴിഞ്ഞതോടെ വീണ്ടും വെളിച്ചത്തിന്റെ പൊട്ട് കാണാറായി. വെളിച്ചപ്പൊട്ടുകൾ കൂടിക്കൂടി വന്നതോടെ ഞങ്ങൾ ആദിവാസി ഊരിലെത്തി എന്ന് ഞാൻ മനസ്സിലാക്കി. ഒരു ഇരുനില കെട്ടിടത്തിന്റെ മുന്നിൽ ഞങ്ങളുടെ യാത്ര അവസാനിച്ചു.

ഊരിലെ കമ്മ്യൂണിറ്റി ഹാളായിരുന്നു ആ ഇരുനില കെട്ടിടം. പണി തീർന്നെങ്കിലും എന്തോ കാരണത്താൽ ഉത്ഘാടനം നടക്കാതെ, വാനര വികൃതിക്ക് വിട്ടു കൊടുത്ത കെട്ടിടം വൃത്തിയാക്കലും വയറിംഗ് പ്ലംബിംഗ് ജോലികൾ പൂർത്തീകരിക്കലും ആയിരുന്നു ക്യാമ്പിന്റെ ലക്ഷ്യം.

ഞാൻ ക്യാമ്പിലെത്തുമ്പോൾ വളണ്ടിയർമാർക്കുള്ള ഒരു ക്ലാസ് നടന്നു കൊണ്ടിരിക്കുകയായിരുന്നു. ആ ക്ലാസ് കഴിഞ്ഞ ശേഷം ഞാനും അൽപ സമയം കുട്ടികളെ അഭിസംബോധന ചെയ്തു. ക്ലാസ് കഴിഞ്ഞ് ഭക്ഷണവും കഴിച്ച ശേഷം ഞാൻ പുറത്തിറങ്ങി.

വാളയാർ ചെക്ക് പോസ്റ്റും കടന്ന് വരുന്ന തണുത്ത കാറ്റ് എന്റെ ശരീരത്തെ തണുപ്പിച്ച് കൊണ്ടിരുന്നു. സ്വിച്ച്  ഓൺ ചെയ്ത ഫാൻ പോലെ ഇടവേള ഇല്ലാതെ കാറ്റ് വീശുന്നുണ്ടായിരുന്നു. ഈ കൊടും ചൂടിൽ പാലക്കാട്ട് ഞാൻ പ്രതീക്ഷിച്ചതിലും വിപരീതമായ ഒരു അനുഭവമാണ് എനിക്കുണ്ടായത്. മാത്രമല്ല, അന്ന് രാത്രി ഒരു ജനലും തുറക്കാത്ത റൂമിൽ ഫാനില്ലാതെ ഞങ്ങൾ മൂന്ന് അദ്ധ്യാപകർ സുന്ദരമായി ഉറങ്ങുകയും ചെയ്തു.

കോളേജ് ഉള്ളതിനാൽ പിറ്റേന്ന് കാലത്ത് തന്നെ ഞാൻ ക്യാമ്പ് വിട്ടു. പിന്നീടാണ് നടുപ്പതി എന്ന ആ ഊരിനെപ്പറ്റിയുള്ള വലിയൊരു വാർത്ത എന്റെ ശ്രദ്ധയിൽ പെട്ടത്. 

നാട്ടിലെ ഉത്സവങ്ങളെ എന്നും ജനപ്രിയമാക്കുന്നത് നെറ്റിപ്പട്ടം കെട്ടിയ ആനകളാണ്. ഈ നാട്ടാനകൾ ചരിയുമ്പോൾ അവയെ ദഹിപ്പിക്കുന്നത് നടുപ്പതിയിൽ ആയിരുന്നത്രേ. നിരവധി ആനപ്രേമികളുടെ കണ്ണിലുണ്ണിയായിരുന്ന , നടൻ ജയറാമിന്റെ പെരുമ്പാവൂർ കണ്ണനടക്കം നിരവധി കരിവീരന്മാർ കരിയായിത്തീർന്ന മണ്ണായിരുന്നു പോലും നടുപ്പതി.

Friday, March 25, 2022

നടുപ്പതിയിൽ - 1

" ഇത്തവണത്തെ ഞങ്ങളുടെ വാർഷിക സപ്തദിന ക്യാമ്പ് നടത്താൻ ഉദ്ദേശിക്കുന്നത് വാളയാർ കാട്ടിനകത്തെ  നടുപ്പതി എന്ന ആദിവാസി ഊരിലാണ്. സാർ ആ ക്യാമ്പിൽ പങ്കെടുക്കണം " .പാലക്കാട് ഗവ. പോളിടെക്നിക്കിലെ എൻ .എസ്.എസ് വളണ്ടിയർമാർക്ക് നാഷണൽ സർവീസ് സ്‌കീമിന്റെ പ്രവർത്തനങ്ങളെപ്പറ്റിയും സഹവാസ ക്യാമ്പിനെപ്പറ്റിയും വിശദമായ ക്ലാസെടുത്ത് മടങ്ങുമ്പോൾ പ്രോഗ്രാം ഓഫീസർ രാജീവ് സാർ എന്നോട് പറഞ്ഞു.

കാട് സന്ദർശനം എനിക്ക് എന്നും പ്രിയപ്പെട്ടതാണ്. അതിൻറെ കൂടെ എന്നെ ഞാനാക്കിയ എൻ .എസ്.എസ് കൂടി ഉണ്ടെങ്കിൽ പിന്നെ മുൻ പിൻ ആലോചന ഉണ്ടാകാറില്ല.എൻറെ സ്വന്തം എൻ.എസ്.എസ് മക്കളെയും കൊണ്ട് കല്ലുമുക്കിലെയും  തോൽപെട്ടിയിലെയും നിലമ്പൂരിലെയും സൈലന്റ് വാലിയിലെയും നെല്ലിയാമ്പതിയിലെയും കാടുകളിൽ താമസിച്ച അനുഭവം കൂടി  ഉള്ളതിനാൽ രാജീവ് സാറിൻറെ ക്ഷണം എന്നെ പുളകിതനാക്കി. ബട്ട്,ക്യാമ്പ് നടക്കുന്നത് കോളേജ് വർക്കിംഗ് ഡെയ്‌സിൽ ആയതിനാൽ യെസ് മൂളാൻ ഞാൻ ഒന്ന് മടിച്ചു നിന്നു.

"സാർ ഉണ്ടാവണം ..." 

ഒരു കൊടുങ്കാറ്റ് കണക്കെയുള്ള ശബ്ദം പുറപ്പെട്ടത് നാലഞ്ച് വളണ്ടിയർമാരിൽ നിന്നായിരുന്നു. ആ സ്നേഹത്തിന് മുന്നിൽ ഞാൻ കൈകൂപ്പി സമ്മതിച്ചു.അന്ന്, തിരിച്ച് കോളേജ് എത്തുന്നത് വരെ എന്റെ ചിന്ത "നടുപ്പതി ക്യാമ്പിൽ എങ്ങനെ എത്തും?" എന്നത് മാത്രമായിരുന്നു. 

അങ്ങനെ മാർച്ച് 16 ബുധനാഴ്ച, ക്ലാസ് കഴിഞ്ഞ ശേഷം നാലര മണിക്ക് ഞാൻ കോളേജിൽ നിന്നും ബസ് മാർഗ്ഗം യാത്ര തിരിച്ചു.രണ്ട് ബസ്സുകളിലായി നീണ്ട രണ്ട് മണിക്കൂർ യാത്ര കഴിഞ്ഞ് വൈകിട്ട് ആറേ മുക്കാലിന് വാളയാറിനടുത്ത ചന്ദ്രാപുരം ബസ് സ്റ്റോപ്പിൽ ഞാനിറങ്ങുമ്പോൾ സൂര്യ വെളിച്ചം നിലച്ചിരുന്നു.

പാലക്കാട് കോയമ്പത്തൂർ ഹൈവേയിൽ വിജനമായ ഒരു സ്ഥലത്താണ് കണ്ടക്ടർ എന്നെ ഇറക്കിയത്. സ്റ്റോപ്പിൽ നിന്ന് രാജീവ് സാറെ വിളിച്ചെങ്കിലും അദ്ദേഹം പരിധിക്ക് പുറത്തായിരുന്നു. ഈ സാദ്ധ്യത മുൻകൂട്ടി കണ്ട് ക്യാമ്പിലെ മറ്റു ചിലരുടെ നമ്പർ കൂടി കരുതിയിരുന്നതിനാൽ ടെൻഷൻ അടിക്കേണ്ടി വന്നില്ല.

രാജീവ് സാർ പറഞ്ഞ പ്രകാരമാണെങ്കിൽ, ഇനിയുള്ള രണ്ട് കിലോമീറ്റർ ദൂരം യാത്ര ചെയ്യേണ്ടത് കാട്ടിനകത്ത് കൂടിയാണ്.ഇരുട്ട് വ്യാപിക്കാനും തുടങ്ങിയിട്ടുണ്ട്.വാളയാറിലെ റെയിൽവേ ട്രാക്കിൽ ട്രെയിൻ തട്ടി ചരിഞ്ഞ ആനകളെപ്പറ്റി ഞാൻ പല തവണ വായിച്ചിട്ടുണ്ട്.എൻറെ നേരെ പിന്നിലെ കുറ്റിക്കാട്ടിലൂടെ  അന്നേരം ഒരു ട്രെയിൻ കടന്നുപോയപ്പോഴാണ് പ്രസ്തുത ട്രാക്ക് ഇത്ര അടുത്താണ് എന്നത് തിരിച്ചറിഞ്ഞത്.എന്നെ പിക്ക് ചെയ്ത് കൊണ്ടുപോകാൻ വരുന്നത് ഒരു ബൈക്കാണെന്നും കൂടി അറിഞ്ഞതോടെ ഹൃദയം പെരുമ്പറ കൊട്ടി.

അര മണിക്കൂർ നേരത്തെ കാത്തിരിപ്പിന് ശേഷം ഒരു ബൈക്ക് എന്റെ മുമ്പിൽ വന്ന് നിർത്തി.വളണ്ടിയർ സെക്രട്ടറി ഷഫീഖ് ആയിരുന്നു അത്. ഷെഫീക്കിന്റെ ബൈക്കിന് പിന്നിൽ കയറി ഞാൻ നടുപ്പതിയിലേക്ക് തിരിച്ചു. മെയിൻ റോഡിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് അൽപം മുന്നോട്ട് പോയതും ഷഫീക്ക് പറഞ്ഞു -

" സാർ, ഇതാണ് ഇവിടത്തെ പ്രധാന പ്രശ്നം" 

ആനയെ തേടുന്ന കണ്ണുകളുമായി ബൈക്കിലിരിക്കുന്ന ഞാൻ ഒന്ന് ഞെട്ടി. പക്ഷെ മുന്നിൽ കണ്ടത് അടച്ചിട്ട ലെവൽ ക്രോസ്സ് ആണ്. ഒരു തവണ അടച്ചാൽ പിന്നെ തുറക്കാൻ ഇരുപത് മിനുട്ടോളം കാത്ത് നിൽക്കണം പോലും. ദിവസവും അറുപതോളം ട്രെയിനുകൾ കടന്നു പോകുന്നുണ്ട്. 

ഞാൻ അപ്പോൾ എത്തി നിൽക്കുന്നത് കാട്ടിനകത്തോ പുറത്തോ എന്ന് എനിക്ക് മനസ്സിലായില്ല..ലെവൽ ക്രോസിന് അപ്പുറത്തും ഇപ്പുറത്തും ഓരോ ലോറികൾ കൂടി ഉണ്ടായിരുന്നതിനാൽ ഉൾഭയം മുളച്ചില്ല. ബൈക്ക് ഓഫാക്കി ഞാനും ഷഫീക്കും ഇറങ്ങി.തിരിഞ്ഞ് നിന്ന് എന്തോ സംസാരിക്കാൻ തുടങ്ങിയതും ഷഫീക്ക് വിളിച്ച് പറഞ്ഞു ...

"സാറേ , വണ്ടിയിൽ കയറ്... !!"

 (തുടരും....)

Tuesday, November 02, 2021

നെല്ലിയാമ്പതി - 2

രണ്ട് വർഷം മുമ്പ് രൂപീകരിച്ച ഞങ്ങളുടെ പത്താം ക്ലാസ് കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു നെല്ലിയാമ്പതിയിലേക്കുള്ള എൻറെ രണ്ടാമത് യാത്ര.നാട്ടിൽ നിന്നുള്ള ദൂരവും മറ്റും നേരത്തെ പരിചയം ഉള്ളതിനാൽ പുലർച്ചെ നാല് മണിക്ക് തന്നെ ഞങ്ങൾ പുറപ്പെട്ടു. അരുണന്റെ തങ്കോദയത്തിൽ നെല്ലിയാമ്പതി മലനിരകളിലെ മഞ്ഞ് വഴിമാറുന്ന കാഴ്ച്ച ആസ്വദിക്കാനും തിരക്കേറുന്നതിന് മുമ്പേ മലമുകളിൽ എത്താനും ആയിരുന്നു ഇത്രയും നേരത്തെ പുറപ്പെട്ടത്.

ദോശക്കും വടക്കും പേരുകേട്ട പാലക്കാട്ട് വച്ച് കഴിക്കുന്ന പ്രാതൽ അത് തന്നെയാകട്ടെ എന്ന് ഞങ്ങൾ എല്ലാവരും ഐക്യകണ്ഠേന തീരുമാനിച്ചു.കാരണം ഞായറാഴ്ച ആയതിനാൽ മിക്ക ഹോട്ടലുകളും അവധിയിലായിരുന്നു. അവിടെയും ഇവിടെയും തുറന്ന് വച്ചിരിക്കുന്ന നാടൻ മക്കാനികളിലെ ചില്ലു കൂട്ടിലിരുന്ന് ഞങ്ങളെ നോക്കി ചിരിക്കുന്നത് ഇഡ്‌ലിയും വടയും മാത്രവും. പിട്ടു പീടികയിൽ  നിന്നും ഇടത്തോട്ടുള്ള റോഡിലേക്ക് കയറുന്നത് വരെ പ്രതീക്ഷ ഞങ്ങളെ നയിച്ചു. അവസാനം വഴി വക്കിൽ കണ്ട ഒരു "വീട്ടലി'ൽ (വീട് + ഹോട്ടൽ) കയറി ദോശയും ഇഡ്‌ലിയും വടയും എല്ലാം കൂടി തട്ടിയപ്പോഴാണ് ആമാശയത്തിന് സമാധാനം കിട്ടിയത്.

പാലക്കാടൻ ഗ്രാമങ്ങളുടെ ഭംഗി, വയലുകളിൽ തല ഉയർത്തി നിൽക്കുന്ന നെൽച്ചെടികളും അവക്കിടയിൽ അവിടവിടെ  നെഞ്ച് വിടർത്തി നിൽക്കുന്ന കരിമ്പനകളും അതിനിടയിലൂടെ വളഞ്ഞ് പുളഞ്ഞ് കിടക്കുന്ന നടവഴികളും ആണ്.റോഡിന്റെ ഇരുഭാഗത്തും സ്വർണ്ണ നിറത്തിൽ വിളഞ്ഞ് നിൽക്കുന്ന നെൽപ്പാടങ്ങൾ മനോഹരമായ കാഴ്ച തന്നെയാണ്.ഒന്നിറങ്ങി നെൽക്കതിർ മണം വീശുന്ന കാറ്റേറ്റ് നടക്കാൻ ആശ തോന്നിയെങ്കിലും സംഗതി നടന്നില്ല.പോകുന്ന വഴിയേ കണ്ട പോത്തുണ്ടി ഡാമിനും തൽക്കാലം റ്റാറ്റാ പറഞ്ഞു വിട്ടു.അല്പം കൂടി മുന്നിലേക്ക് നീങ്ങിയപ്പോൾ ചെക്ക് പോസ്റ്റിൽ വണ്ടി നിർത്തി .മല കയറുന്ന എല്ലാവരുടെയും പേരും ഊരും അവിടെ രേഖപ്പെടുത്തി.മൂന്ന് മണിക്കകം തിരിച്ചിറങ്ങണം എന്ന വാണിംഗിന്  "ഉം" എന്ന് മൂളിക്കൊടുത്തു.

പോത്തുണ്ടിയില്‍ നിന്നും നെല്ലിയാമ്പതി വരെ 22 കിലോമീറ്റര്‍  ദൂരമുണ്ട്. വളഞ്ഞുപുളഞ്ഞ് മുകളിലേക്ക് പോകുന്ന വഴിയിൽ പത്ത് ഹെയർപിൻ വളവുകൾ ഉണ്ട് എന്ന് പറയപ്പെടുന്നു (പുറംകാഴ്ചകൾ ആസ്വദിക്കുന്നതിനിടക്ക് ഞാനത് അറിഞ്ഞതേയില്ല) . റോഡ് വളരെ ഇടുങ്ങിയതുമാണ്. മൺസൂൺ കാല യാത്രയിൽ നിരവധി വെള്ളച്ചാട്ടങ്ങൾ വഴിയിൽ കാണാം.കല്ലും മണ്ണും ഏത് സമയത്തും ഉരുണ്ട് വരാം എന്നതിനാൽ മഴക്കാലത്ത് വെള്ളച്ചാട്ടത്തിൽ ഇറങ്ങിയുള്ള കുളി അത്ര നല്ലതല്ല.

സമുദ്ര നിരപ്പില്‍ നിന്ന് 500 മുതല്‍ 1500 മീറ്റര്‍ വരെ ഉയരത്തിലാണ് നെല്ലിയാമ്പതി മലനിരകൾ സ്ഥിതി ചെയ്യുന്നത്. താഴ്‌വാരത്തെ കാഴ്ചകള്‍ കാണാന്‍ സാധിക്കുന്ന പല വ്യൂ പോയിന്റുകളും ഇടക്കിടക്ക് ഉണ്ട്. പാലക്കാട് ജില്ലയുടെ വ്യത്യസ്തമായ കാഴ്ചകള്‍ ഇവിടെ നിന്നെല്ലാം ആസ്വദിക്കാം. നേരത്തെ എത്തിയതിനാൽ ഞങ്ങൾക്ക് ആവശ്യത്തിന് സമയം ലഭിച്ചു. അതിനാൽ തന്നെ ഞങ്ങൾ അവയെല്ലാം ആസ്വദിച്ച് തന്നെ മല കയറി. 

സ്വകാര്യ സംരംഭകരുടെ ഹോട്ടലുകളും റിസോര്‍ട്ടുകളും  നെല്ലിയാമ്പതിയിൽ  ധാരാളമുണ്ട്. പലകപ്പാണ്ടി എസ്റ്റേറ്റില്‍ എത്തുന്നതു വരെ ഇരുവശത്തുമുള്ള ചില കൃഷിത്തോട്ടങ്ങളിലും  താമസസൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പലകപ്പാണ്ടി എസ്റ്റേറ്റില്‍ ബ്രിട്ടീഷുകാരുടെ കാലത്തു പണിത ഒരു ബംഗ്ലാവുണ്ട്. അതും ഇപ്പോൾ ഒരു സ്വകാര്യ റിസോര്‍ട്ടാണ്. താഴെ, കൈകാട്ടിയില്‍ ഒരു കമ്മ്യൂണിറ്റി ഹാള്‍ ഉണ്ട്. ദീര്‍ഘദൂര നടത്തത്തിന്  താല്‍പ്പര്യമുള്ളവര്‍ക്ക് ഇവിടം മുതൽ നെല്ലിയാമ്പതി വരെ നടന്ന് കയറാം.

(തുടരും...)  

Wednesday, June 30, 2021

ക്ളാസുകളിലെ വൈവർണ്യം

നാഷണൽ സർവ്വീസ് സ്‌കീം പ്രോഗ്രാം ഓഫീസർ സ്ഥാനത്ത് നിന്നും മാറിയിട്ട് മൂന്ന് വർഷങ്ങൾ കഴിഞ്ഞു. എൻ.എസ് .എസുമായി ചേർന്ന് നിന്ന എട്ട് വർഷക്കാലം ക്ലാസ്സുകളും ക്യാമ്പുകളും കൊണ്ട് തിരക്കേറിയതായിരുന്നു എങ്കിൽ കഴിഞ്ഞ മൂന്ന് വർഷങ്ങൾ അതിൽ നിന്നും ഏറെ വ്യത്യസ്തമായിരുന്നു.എന്റെ കോളേജിലെ യൂണിറ്റിനുള്ള സെഷനുകൾ ഒഴിവാക്കിയാൽ എപ്പോഴെങ്കിലും ചില ഓറിയെന്റേഷൻ ക്ളാസുകൾ മാത്രമായി എൻ.എസ് .എസുമായുള്ള ബന്ധം ചുരുങ്ങി.മറ്റു ചില ഗ്രൂപ്പുകളുമായി ചേർന്നുള്ള  സാമൂഹ്യ പ്രവർത്തനങ്ങളിലും എന്റേതായ ചില വർക്കുകളിലും വ്യാപൃതനായിരുന്നതിനാൽ എനിക്ക് വെറുതെ ഇരിക്കേണ്ടി വന്നില്ല.

ബട്ട്, 2021 ജൂൺ മാസം വളരെ വ്യത്യസ്തമായിരുന്നു. മീറ്റിങ്ങുകൾ എല്ലാം ഓൺലൈൻ ആയപ്പോൾ ആരെയും എവിടെയും പ്രോഗ്രാമിന് ക്ഷണിക്കാം എന്ന സൗകര്യം വളരെയധികം പേര് പ്രയോജനപ്പെടുത്തി. സൗജന്യമായിട്ടാണെങ്കിലും, വീട്ടിലിരുന്ന് വ്യത്യസ്ത തരം കുട്ടികൾക്ക് ക്ലാസ് എടുക്കാനുള്ള അവസരം ട്രെയിനർമാർക്കും ലഭിച്ചു. എട്ട് സെഷനുകൾ കൈകാര്യം ചെയ്യാൻ അവസരം ലഭിച്ച ഞാൻ ഇതിൽ വളരെ സന്തുഷ്ടനാണ്. കാരണം എട്ടിൽ ഏഴിലും എനിക്ക് ചെയ്യേണ്ടിയിരുന്നത് വ്യത്യസ്ത വിഷയങ്ങളായിരുന്നു.

ജൂൺ 5 ന് പരിസ്ഥിതി ദിനത്തോടനുബന്ധിച്ചായിരുന്നു ആദ്യ ക്ലാസ് . കോഴിക്കോട് ഗവ.പോളിടെക്‌നിക്ക് കോളേജിലെ എൻ.എസ്.എസ് യൂണിറ്റിന്റെ പരിസ്ഥിതി ദിനാഘോഷത്തിൽ, എല്ലാവർക്കും ചെയ്യാവുന്ന  എന്റെ ചില പ്രവർത്തനങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തി.

അതേ ദിവസം തന്നെ കാലടി ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് & ടെക്നൊളജിക്ക് കീഴിൽ  "Everything You Need to Know about KEAM 2021" എന്ന വിഷയത്തിൽ മെഡിക്കൽ/ എഞ്ചിനീയറിംഗ് എൻട്രൻസ് പരീക്ഷ എഴുതുന്ന കുട്ടികൾക്കായി ഈ വിഷയത്തിലെ എന്റെ ആദ്യത്തെ സെഷൻ നടത്തി.കൃത്യം ഒരാഴ്ച കഴിഞ്ഞ് ജൂൺ 12 ന് അതേ കോളേജിന്റെ കീഴിൽ തന്നെ KEAM 2021 Application & Allotment Process" എന്ന ശീർഷകത്തിൽ ലൈവ് സംശയനിവാരണ സെഷനും കൈകാര്യം ചെയ്തു.


ജൂൺ 13 ന് ലഭിച്ച അവസരം തികച്ചും അപ്രതീക്ഷിതമായിരുന്നു. FR Life Skills Pvt Ltd ആഴ്ച തോറും നടത്തുന്ന Sunday Boost എന്ന പ്രോഗ്രാമിലെ Explore the Experienced സെഷൻ ആയിരുന്നു അന്ന് . എന്റെ മുൻ എൻ.എസ്.എസ് വളണ്ടിയർ നാദിർ ഹോസ്റ്റ് ചെയ്ത ആ പരിപാടിയിലൂടെ എനിക്ക് തികച്ചും അപരിചിതമായ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള  ഒരു ബഹുസ്വര സംഘത്തോട് എന്റെ ജീവിതാനുഭവങ്ങൾ പങ്കുവയ്ക്കാനായി. ഒരു മുൻധാരണയും ഇല്ലാതെ ചെയ്ത ഈ സെഷൻ എനിക്കും വളരെയധികം പോസിറ്റീവ് എനർജി നൽകി .


കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജിലെ എന്റെ രണ്ടാം ഊഴത്തിൽ എൻ.എസ്.എസ് ന്റെ ചാർജ്ജ് ലഭിച്ചില്ലെങ്കിലും ഈ മൂന്ന് വർഷങ്ങളിൽ നടന്ന സപ്തദിന ക്യാമ്പുകളിലും ത്രിദിന ക്യാമ്പുകളിലും ഒരു സെഷൻ സ്ഥിരം ലഭിക്കാറുണ്ട്. നിലവിലുള്ള സെക്രട്ടറിമാരുടെ കീഴിലെ അവസാന ത്രിദിന ക്യാമ്പായ "വൈവർണ്ണ്യ"ത്തിലും അത് തുടർന്നു.എന്റെ ആദ്യ പുസ്തകത്തിന്റെ പേരായ "അമ്മാവന്റെ കൂളിംഗ് എഫക്ട്" എന്നായിരുന്നു സെക്ഷന്റെ പേര്. ജൂൺ 19 ന് നടന്ന പ്രസ്തുത സെഷൻ എൻ.എസ്.എസ് അനുഭവങ്ങളിലൂടെയുള്ള ഒരു നോൺ സ്റ്റോപ്പ് യാത്രയായിരുന്നു.

എൻ.എസ്.എസ് ലെ മുൻകാല വളണ്ടിയർമാരും പ്രോഗ്രാം ഓഫീസർമാരും അടങ്ങുന്ന NSS Passion Followers എന്ന സംഘടനയുടെ തിരുവനന്തപുരം ജില്ലാ ഘടകം സംഘടിപ്പിച്ച രക്തദാന ബോധവൽക്കരണ വാരാചരണത്തിന്റെ സമാപന പരിപാടിയിലായിരുന്നു അടുത്ത അവസരം. ജൂൺ 21 ന് നടന്ന പ്രസ്തുത സെഷനിൽ സ്ത്രീകളിലെ രക്തദാന ബോധവൽക്കരണത്തിന്റെ ആവശ്യകതയായിരുന്നു എന്റെ സംസാര വിഷയം.

എൻ.എസ്.എസ് ന്റെ ചാർജ്ജ് ലഭിച്ചില്ലെങ്കിലും AICTE നിർദ്ദേശ പ്രകാരം ഏക് ഭാരത് ശ്രെഷ്ട് ഭാരത് എന്ന EBSB Club കോളേജിൽ രൂപീകരിച്ചപ്പോൾ അതിന്റെ പ്രഥമ നോഡൽ ഓഫീസറായി ഞാൻ നിയമിതനായി. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളുടെ സംസ്കാരം-ഭാഷ-വേഷം തുടങ്ങിയവ അടുത്തറിഞ്ഞ് ദേശീയോദ്ഗ്രഥനം സാധ്യമാക്കുക എന്നതാണ് ക്ലബ്ബിന്റെ മുഖ്യ ലക്‌ഷ്യം. ക്ലബ്ബിലെ പുതിയ അംഗങ്ങൾക്ക് ക്ലബ്ബിനെ പരിചയപ്പെടുത്താനും വിവിധ പ്രവർത്തനങ്ങൾ വിശദീകരിക്കാനും വേണ്ടി ഒരു ഓറിയെന്റേഷൻ സെഷൻ ജൂൺ 22 ന് നടത്തി. 
ഈ മാസത്തെ ക്ലാസ്സുകൾ തീർന്നു എന്ന് കരുതിയപ്പോഴാണ് എന്റെ പരിചയക്കാരനായ കോഴിക്കോട് ജെ.ഡി.ടി ഇസ്‌ലാം പോളിടെക്‌നിക്ക് കോളേജിലെ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ കുട്ടികൾക്ക് വേണ്ടി ഒരു ഓറിയെന്റേഷൻ ക്ലാസ് ആവശ്യപ്പെട്ടത്. എന്റെ ഇഷ്ടപ്പെട്ട വിഷയമായതിനാൽ ഞാനത് ഉടനടി സമ്മതിച്ചു. പിന്നീടാണ് ജൂൺ 26 അന്താരാഷ്‌ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചുള്ള ബോധവൽക്കരണ സെഷനായി അത് നടത്താൻ അദ്ദേഹം ആവശ്യപ്പെട്ടത്. ഈ രംഗത്ത് വർഷങ്ങൾക്ക് മുമ്പ് ഒരു ത്രിദിന പരിശീലന ക്യാംപിൽ പങ്കെടുത്ത അനുഭവം ഉള്ളതിനാൽ ലഹരി വിരുദ്ധ ബോധവൽക്കരണവും എൻ.എസ്.എസ് വളണ്ടിയർമാർക്ക് അതിലുള്ള പങ്കും വിശദീകരിക്കുന്ന ക്ലാസ് ആക്കി അത് മാറ്റി. 
"നോ" എന്ന പദം എന്റെ നിഘണ്ടുവിൽ പലപ്പോഴും കാണാറില്ല. വിഷയം ഏത് തന്നെ ആയാലും അത് സുഗമമായി കൈകാര്യം ചെയ്യാൻ എന്നെ പ്രാപ്തനാക്കുന്ന ദൈവത്തിന് സ്തുതി. എന്നിൽ വിശ്വാസമർപ്പിച്ച് എനിക്കവസരം നൽകുന്ന പ്രിയ സുഹൃത്തുക്കൾക്ക് ഹൃദയം നിറഞ്ഞ നന്ദിയും.

Monday, June 14, 2021

രക്തദാനം - വേറിട്ട ഒരനുഭവം

കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജിലെ  നാഷണൽ സർവീസ് സ്‌കീം യൂണിറ്റിന്റെ 2012 ലെ സപ്തദിന ക്യാമ്പ് എലത്തുരിനടുത്ത് നടുത്തുരുത്തിയിൽ ആയിരുന്നു. സാധാരണ ക്യാമ്പ് പ്രവർത്തനങ്ങളിൽ നിന്ന് വിഭിന്നമായി ഒരു രക്തദാന ക്യാമ്പ് കൂടി ഞങ്ങൾ പ്രധാന പരിപാടിയിൽ ഉൾപ്പെടുത്തിയിരുന്നു. എന്തായിരുന്നു അതിന്റെ പിന്നിലെ പ്രചോദനം എന്ന് ഇന്ന് ഓർമ്മയില്ല.

കോളേജിൽ നടക്കുന്ന രക്തദാന ക്യാമ്പ് പോലെ പെൺകുട്ടികളടക്കം നിരവധി പേർ രക്തം ദാനം ചെയ്തു. കോളേജിൽ എല്ലാ കുട്ടികളും ഉണ്ടാകുമ്പോൾ ഇവിടെ എൻ.എസ്.എസ് വളണ്ടിയർമാരും ആ നാട്ടിലെ ഏതാനും ആൾക്കാരും മാത്രമായി എന്ന് മാത്രം. രക്തം ദാനം ചെയ്യുന്നവരുടെ അടുത്ത് ചെന്ന് കുശലം ചോദിക്കുന്നത് ക്യാമ്പുകളിൽ ഞാൻ ചെയ്തിരുന്ന ഒരു വേറിട്ട വഴിയായിരുന്നു. ആദ്യമായിട്ട് രക്തം ദാനം ചെയ്യുന്നവർക്ക് ഒരു മനോബലം അതിലൂടെ ലഭിക്കും. ഞാൻ അല്ലെങ്കിൽ അതിന് വേണ്ടി നിയോഗിക്കപ്പെട്ട മറ്റു വളണ്ടിയർമാർ അത് ഭംഗിയായി നിർവ്വഹിക്കും.ഇത് കാരണം ബെഡിൽ കിടക്കുന്ന സമയത്തിന്റെ ദൈർഘ്യം ദാതാവ് പലപ്പോഴും അറിയാറേ ഇല്ല.

പഠനത്തിലും സാമൂഹ്യ സേവനത്തിലും ഒരുപോലെ മികവ് പുലർത്തിയിരുന്ന നോർത്ത് പറവൂർ സ്വദേശി  ലക്ഷ്മിയും ആ ക്യാമ്പിൽ വളണ്ടിയർ ആയി പങ്കെടുത്തിരുന്നു .അങ്ങനെ അന്ന് ഞാൻ രക്തം ദാനം ചെയ്തു കൊണ്ടിരുന്ന ലക്ഷ്മിയുടെ അടുത്തെത്തി വെറുതെ ചോദിച്ചു.

"എത്ര തവണ രക്തം ദാനം ചെയ്തിട്ടുണ്ട് ?"

"ആദ്യമായിട്ടാ സാർ " അഭിമാനത്തോടെയുള്ള മറുപടി.

"വീട്ടിൽ വിവരം അറിയിച്ചിരുന്നോ ?"

"ഇല്ല സാർ ..."

"ങേ... ഇത്രയും വലിയൊരു സുകൃതം ജീവിതത്തിൽ ആദ്യമായി ചെയ്യുമ്പോൾ വീട്ടുകാരോട് അല്ലേ ആദ്യം പറയേണ്ടത് ?"

"അതെ സാർ ...പക്ഷെ വീട്ടിൽ അറിയിച്ചാൽ സമ്മതം കിട്ടില്ല ... ദാനം ചെയ്ത ശേഷം അറിയിച്ചാൽ മുടക്കം പറയില്ലല്ലോ..."

മിക്ക പെൺകുട്ടികളുടെയും അവസ്ഥ ഇതാണ്. രക്തം ദാനം ചെയ്യാൻ താല്പര്യമുണ്ടെങ്കിലും വീട്ടുകാർ സമ്മതം നൽകാത്തതിനാൽ ദാനം ചെയ്യാൻ സാധിക്കുന്നില്ല. അതിനാൽ സ്ത്രീകളിലെ രക്തദാനം പ്രോത്സാഹിപ്പിക്കാൻ വീട്ടുകാരെ ബോധവൽക്കരണം നടത്തുന്ന പരിപാടി കൂടി ഉണ്ടാകണം. ഏറ്റവും കൂടുതൽ രക്തത്തിന്റെ ആവശ്യം വരുന്നതും സ്ത്രീകൾക്ക് തന്നെ ആയതിനാൽ ഇത് ഏറെ ഗുണം ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു .

Monday, May 31, 2021

രണ്ട് ക്ലാസ്സുകൾ

             കോവിഡ് രണ്ടാം തരംഗം നാട്ടിലാകെ താണ്ഡവമാടുമ്പോൾ വീട്ടിൽ അടച്ചു പൂട്ടിയിരിക്കുകയല്ലാതെ മറ്റു നിർവ്വാഹമൊന്നുമോ ഇല്ലായിരുന്നു. മലപ്പുറം ജില്ലയിൽ മൂന്നാഴ്ചയോളം മുപ്പൂട്ട് ( എല്ലാം ചുരുക്കിപ്പറയുന്ന മലപ്പുറത്ത് ട്രിപ്പിൾ ലോക്‌ഡൗൺ ഇങ്ങനെ ചുരുക്കി പറയും) ആയതിനാൽ വീട്ടിലെ അടുക്കളത്തോട്ടം പരിപാലനത്തിലും ബ്ലോഗ്-വ്‌ളോഗ് തയ്യാറാക്കലിലും ആയിരുന്നു എന്റെ പ്രധാന ശ്രദ്ധ. അതിനിടയിൽ ആണ് തീർത്തും അപ്രതീക്ഷിതമായി രണ്ട് ക്ലാസ്സുകൾ കൈകാര്യം ചെയ്യേണ്ടി വന്നത്. 

          നാഷണൽ സർവീസ് സ്‌കീമിന്റെ എല്ലാ ഔദ്യോഗിക പദവികളിൽ നിന്നും പുറത്താക്കപ്പെട്ടെങ്കിലും, ഇന്നും  എന്റെ സിരകളിൽ ഒഴുകുന്ന രക്തത്തിന് ചൂടുണ്ടെങ്കിൽ നാഷണൽ സർവീസ് സ്‌കീം എന്ന് കേൾക്കുമ്പോൾ അതിന്റെ ഒഴുക്കിന് ഒരിക്കൽ കൂടി ചൂട് പിടിക്കും.ആ അവസ്ഥയിലാണ് ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിലെ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസറായ ഡോ. മിഥുൻ എന്നെ വിളിച്ചത്. കോഴിക്കോട് സർവകലാശാലക്ക് കീഴിൽ വരുന്ന തൃശൂർ ജില്ലയിലെ വിവിധ കോളേജുകളിലെ എൻ.എസ്.എസ് വളണ്ടിയർ സെക്രട്ടറിമാർക്ക് വേണ്ടി ഒരു ഓറിയെന്റേഷൻ ക്ലാസ് എടുക്കാനാവശ്യപ്പെട്ടു കൊണ്ടായിരുന്നു ആ വിളി.   

             മിഥുൻ സാറെ മുൻ പരിചയമില്ലെങ്കിലും ഞാനാ ക്ഷണം സ്വീകരിച്ചു. കാരണം അദ്ദേഹം എന്നെ കണ്ടെത്തിയ രീതിയിലെ കൗതുകം തന്നെ. കേരളത്തിൽ എത്രയോ പ്രഗത്ഭരായ പ്രോഗ്രാം ഓഫീസർമാർ ഉണ്ടായിട്ടും അദ്ദേഹം പോയത് നേരെ എം.എച്.ആർ.ഡി വെബ്സൈറ്റിലേക്കാണ്.അവിടെ നിന്ന് അദ്ദേഹത്തിന് കിട്ടിയത് എന്നെയും എന്റെ സതീർഥ്യനായിരുന്ന കോതമംഗലം എം.എ എഞ്ചിനീയറിംഗ് കോളേജിലെ പ്രോഗ്രാം ഓഫീസറായ ഡോ. ജയ് എം പോൾ സാറെയും ആയിരുന്നു (ഞങ്ങൾ രണ്ട് പേരും ദേശീയ അവാർഡ് ജേതാക്കൾ ആയതിനാലാണ് എം.എച്.ആർ.ഡി വെബ്സൈറ്റിൽ വന്നത് ).

               ക്ലാസ് ആരംഭിച്ചത് എനിക്കോർമ്മയുണ്ട്. പിന്നെ ഞാൻ പറഞ്ഞുകൊണ്ടേ ഇരുന്നു. രണ്ട് മണിക്കൂർ ഓൺലൈനിൽ തീർന്നത് ഞാനും അറിഞ്ഞില്ല, കേട്ടിരുന്ന മക്കളും അറിഞ്ഞില്ല.സെഷൻ കഴിഞ്ഞ് മീറ്റിൽ നിന്നും എല്ലാവരും ഇറങ്ങിയ ശേഷം മിഥുൻ സാർ എന്നെ ഫോണിൽ വിളിച്ച് അദ്ദേഹത്തിന്റെ സന്തോഷം പ്രകടിപ്പിച്ചപ്പോൾ എനിക്ക് വീണ്ടും അഭിമാനം തോന്നി.കാരണം തൃശൂർ ജില്ലക്കാരിയും യൂണിവേഴ്സിറ്റി റിസോഴ്‌സ് പേഴ്‌സണും ദേശീയ അവാർഡ് ജേതാവുമായ മുൻ പ്രോഗ്രാം ഓഫീസർ ഡോ. സോണിയെയും ഡോ. ജയ് എം പോൾ സാറേയും  മിഥുൻ സാർ ബന്ധപ്പെട്ടപ്പോൾ അവരുടെ വിജയഗാഥക്ക് പിന്നിലുള്ള കൈ എന്റേതാണെന്ന് അറിയിച്ചിരുന്നു പോലും. യാതൊരു മുൻ പരിചയവും ഇല്ലാതെ എന്നെ തെരഞ്ഞെടുത്ത  ശേഷമാണ് ഈ വിവരങ്ങൾ എല്ലാം കിട്ടിയത് എന്നും ശരിക്കും ഇതൊരു സർപ്രൈസ് സെലക്ഷൻ ആയിരുന്നു എന്നും അറിഞ്ഞപ്പോൾ എനിക്കും ഏറെ സന്തോഷമായി.

             രണ്ടാമത്തെ ക്ലാസ് കോഴിക്കോട് , മലപ്പുറം  ജില്ലകളിലെ പന്ത്രണ്ടോളം എൻ.എസ്.എസ് വളണ്ടിയർമാർക്കായിരുന്നു. വിവിധ എൻ.എസ്.എസ് യൂണിറ്റുകൾക്കായി ഓറിയന്റെഷൻ ക്ലാസ് എടുക്കാൻ ഒരു ടീമിനെ സജ്ജമാക്കുക എന്ന ആശയത്തോടെ കോഴിക്കോട് AWH പോളിടെക്ക്നിക്കിലെ അദ്ധ്യാപകനും ട്രെയിനറുമായ സുനിൽ എം.എസ് രൂപം കൊടുത്ത 'പെൻസിൽ ബോക്സ്' എന്ന പരിപാടിയുടെ ഭാഗമായിട്ടായിരുന്നു ഈ ക്ലാസ്. രാവിലെ കൃത്യം ഏഴരക്ക് തുടങ്ങിയ പ്രോഗ്രാമിന്റെ ഒഴുക്ക് മന്ദഗതിയിലാകുമ്പോഴേക്കും സമയം ഒമ്പതര കഴിഞ്ഞിരുന്നു. കുട്ടികളുടെയും പങ്കെടുത്ത പ്രോഗ്രാം ഓഫീസർമാരുടെയും ഫീഡ്ബാക്ക് ആവേശം നിറഞ്ഞതായിരുന്നു. 

               മഹാമാരി തളച്ചിടുമ്പോൾ  ഇത്തരം ചില തുരുത്തുകൾ നൽകുന്ന സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ് . അതിന് നിമിത്തമായ എല്ലാ സുമനസ്കർക്കും ഹൃദയം നിറഞ്ഞ നന്ദി.


Friday, September 04, 2020

പ്രണാമം പ്രണബ് ദാ

രാഷ്ട്രീയ നേതാക്കളുടെ മരണത്തിൽ അല്പമെങ്കിലും മനസിനെ വേദനിപ്പിച്ച മരണം രാജീവ് ഗാന്ധിയുടെ വധമായിരുന്നു. ചെറുപ്പക്കാരനായ ഒരു പ്രധാനമന്ത്രിയുടെ ദാരുണ അന്ത്യം എന്ന നിലക്കായിരുന്നു അത് മനസ്സിനെ വേദനിപ്പിച്ചത്. എന്നാൽ രണ്ട് ദിവസങ്ങൾക്ക് മുമ്പുണ്ടായ പ്രണബ്‌ജി യുടെ വിയോഗം എന്റെ കുടുംബത്തിൽ തന്നെ ഒരു നോവ് പടർത്തി. " ഉമ്മാ , നിങ്ങളുടെ പ്രസിഡണ്ട് മരിച്ചു " എന്നായിരുന്നു എന്റെ ഭാര്യാ സഹോദരി പുത്രൻ ഉമ്മയോട് പറഞ്ഞത്. വാട്സാപ്പിൽ സന്ദേശം കണ്ട ഉടനെ എന്റെ മോളും എന്റെ അടുത്തേക്ക് തിരക്കിട്ട്  വന്നു വിവരം തന്നു.

2013 ൽ രാജ്യത്തെ മികച്ച എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർക്കുള്ള പുരസ്കാരം അന്നത്തെ പ്രസിഡണ്ട്  പ്രണബ്‌ മുഖർജിയിൽ നിന്ന് രാഷ്ട്രപതി ഭവനിൽ വച്ച് ഞാൻ ഏറ്റുവാങ്ങുമ്പോൾ എന്റെ കുടുംബം ആ ചടങ്ങ് വീക്ഷിക്കാൻ അവിടെ ഉണ്ടായിരുന്നു എന്നതായിരുന്നു ഈ പ്രതികരണങ്ങളുടെയും വേദനയുടെയും പ്രഥമ കാരണം. 

ഒരു രാഷ്ട്രപതിയെ രാഷ്ട്രപതി ഭവനിൽ വച്ച് കാണാനും അദ്ദേഹത്തിന്റെ ചായ സൽക്കാരത്തിൽ പങ്കെടുക്കാനും ഭാഗ്യം ലഭിക്കുക എന്നത് ഒരു സാധാരണ കുടുംബത്തിന് സ്വപ്നം മാത്രമാണ് . അതിന്റെ സാക്ഷാല്ക്കാരത്തിന് കാരണമായത്  പ്രണബ്‌ജി യുടെ രണ്ട് പ്രധാന തീരുമാനങ്ങളാണ് .

1 . രാജ്യത്തെ മറ്റു പരമോന്നത അവാര്ഡുകളായ ഭാരത രത്ന , പദ്‌മ അവാര്ഡുകളെപ്പോലെ എൻ.എസ്.എസ് ദേശീയ അവാർഡും രാഷ്ട്രപതി ഭവനിലെ ദർബാർ ഹാളിൽ വച്ച് നൽകാനുള്ള തീരുമാനം.

2 . ഇന്ത്യയിലെ ഏതൊരാൾക്കും രാഷ്ട്രപതി ഭവൻ സന്ദർശിക്കാനും അതിന്റെ ശില്പ ഭംഗിയും ചരിത്രവും അറിയാനും വേണ്ടി രാഷ്ട്രപതി ഭവൻ പൊതുജനങ്ങൾക്ക് തുറന്ന് കൊടുത്ത തീരുമാനം.

ഈ രണ്ട് തീരുമാനങ്ങളും ഇല്ലായിരുന്നെങ്കിൽ ജീവിതത്തിലെ ആ അസുലഭ നിമിഷം ഓർമ്മയിൽ അധിക കാലം നിൽക്കാൻ സാധ്യതയില്ല.മാത്രമല്ല കുടുംബ സമേതം ആ ചടങ്ങ് കാണാൻ കേരളത്തിൽ നിന്നും ഡൽഹി വരെ പോകാനും മുതിരുകയില്ല. ഈ അർത്‌ഥത്തിൽ  പ്രണബ്‌ജിയോട് ഇന്ത്യയിലെ നിരവധി ജനങ്ങൾ കടപ്പെട്ടിരിക്കുന്നു. അങ്ങനെയുള്ള ഒരാൾ നിര്യാതനാകുമ്പോൾ സ്വാഭാവികമായും കുടുംബത്തിലെ ഒരു നഷ്ടമായി തന്നെ അത് അനുഭവപ്പെടും. 

നെഹ്‌റു യുവക് കേന്ദ്രയും തിരുവനന്തപുരത്തെ ആകാശപ്പറവകൾ എന്ന എൻ.ജി.ഓ യും സംയുക്തമായി സംഘടിപ്പിച്ച നെതര്ലാന്റിലെ ഇന്ത്യൻ അംബാസഡരടക്കം പങ്കെടുത്ത ഓൺലൈൻ അനുശോചന യോഗത്തിൽ പങ്കെടുത്ത് സംസാരിക്കാനും ഈ പുരസ്‌കാര ലഭ്യത കാരണം എനിക്ക് അവസരം ലഭിച്ചു. സാധാരണ അനുശോചന യോഗങ്ങൾക്കതീതമായി ഒരു രാജ്യത്തിന്റെ പ്രസിഡന്റിന്റെ വിയോഗത്തിലുള്ള അനുശോചന യോഗത്തിൽ പങ്കെടുക്കാൻ സാധിക്കുന്നതും അപൂർവ്വ അവസരമാണ്. ഇതിനെല്ലാം അവസരമൊരുക്കിയ എൻ.എസ് .എസ് നും അന്ന് നേതൃത്വം നൽകിയ ഡോ. അബ്ദുൽ ജബ്ബാർ അഹമദ് സാറിനും ആകാശപ്പറവകൾക്കും  ഹൃദയം നിറഞ്ഞ നന്ദി. പ്രണാമം പ്രണബ് ദാ 

Monday, August 31, 2020

നോൺ വെജിറ്റേറിയൻ സാമ്പാർ

ഏതൊരു NSS ക്യാമ്പിലെയും പ്രസ്റ്റീജ്യസ് കമ്മറ്റി എന്ന് പറയുന്നത് ഫുഡ് കമ്മിറ്റിയാണ്. നാളിതുവരെയായി അടുക്കളയിൽ കയറാത്ത ആൺകുട്ടികളും പെൺകുട്ടികളും ഒരുക്കുന്ന ക്യാമ്പ്ഫുഡിൽ ഒരു ദൈവീക സ്പർശം ഉണ്ടാകാറുണ്ട് എന്നാണ് എൻ്റെ അനുഭവം. ഇത് വരെ നടത്തിയ ഒരു ക്യാമ്പിലും ഞാൻ പുറത്ത് നിന്നുള്ള ഒരു പാചകക്കാരനെ അടുക്കള ഏല്പിച്ചിരുന്നില്ല. ഒരു ക്യാമ്പിലെയും ഭക്ഷണം മോശമായ ചരിത്രവും ഇല്ല.

ഓണത്തോടനുബന്ധിച്ച് നടന്ന ഒരു ത്രിദിന ക്യാമ്പിലെ ഫുഡ് കമ്മറ്റി ഹെഡ് ശരീഫ് ആയിരുന്നു. പാചക വിദ്യയെക്കാളും വാചകവിദ്യ ശരീഫിന് നന്നായി വഴങ്ങും. കമ്മറ്റി അംഗങ്ങളായി കൂടെയുള്ളത് റിയാസും അനീസും ജുംനയും റാഹിലയും ആയിരുന്നു.രാവിലെ ഉപ്പ് മാവ് ഉണ്ടാക്കിയതിൻ്റെ ക്ഷീണം മാറുന്നതിന് മുമ്പെ സദ്യ ഒരുക്കുന്നതിൻ്റെ തിരക്കിലേക്ക് കമ്മറ്റി അംഗങ്ങൾ ആഴ്ന്നിറങ്ങി.

"നീ ഈ വെണ്ട അരിയുന്നത് സാമ്പാറിൽ ഇടാനോ അതോ അച്ചാറിടാനോ? " ജുംന വെണ്ട കുഞ്ഞ് കുഞ്ഞ് കഷ്ണങ്ങളായി അരിയുന്നത് കണ്ട ശരീഫ് ചോദിച്ചു.

"എടീ ... സാമ്പാറിനുള്ള വെണ്ട ഹൊറിസോണ്ടലായി വച്ച് വെർട്ടിക്കലായി കട്ടണം" സിവിൽ ബ്രാഞ്ച് കാരനായ അനീസ് പറഞ്ഞു.

"എങ്ങനെ കട്ട് ചെയ്താലും വേണ്ടില്ല , കഷ്ണത്തിന് രണ്ടിഞ്ചെങ്കിലും നീളം വേണം...‌ " അടുപ്പിനടുത്ത് നിന്നും ഒരു കറുത്ത മുഖം മൊഴിഞ്ഞു.

"അല്ലടാ ... എന്താ അവിടെ കൊച്ചിൻ റിഫൈനറീസിൻ്റെ പുകക്കുഴലിലേക്ക് നോക്കിയ പോലെ ഫുൾ പൊഹ മാത്രം?"

" ഹെഡ് എന്നും പറഞ്ഞ് വെണ്ട അരിയുന്നിടത്ത് പഞ്ചാരക്ക് നിൽക്കാതെ ഇതൊന്ന് കത്തിക്കാൻ നോക്ക്... ഊതി ഊതി ശ്വാസകോശം കാലിയായി " റിയാസ് ശരീഫിനോട് പറഞ്ഞു.

"റാഹിലാ ... നീ ഫോണെടുത്ത് നിന്റെ ഉമ്മാനെ ഒന്ന് വിളിച്ച് നോക്ക്..." ശരീഫ് റാഹിലയോടായി പറഞ്ഞു.

"വെണ്ട മുറിക്കുന്നത് അനക്കറിയാം.. അതിന് ഉമ്മയെ ഒന്നും വിളിക്കണ്ട..."

"വെണ്ട മുറിക്കുന്നത് ചോദിക്കാനല്ല.. സാമ്പാറിൽ പുളി ഇടുന്നത് എപ്പഴാന്ന് ചോദിക്കാനാ..."

"അതും അനക്കറിയാം ... പതിനൊന്നര മണിയാകുമ്പളാ ഉമ്മ പുളി ഇടാറ്..."

"അൻ്റെ ഇമ്മാതിരി അറിവുകളാ രാവിലത്തെ ഉപ്പ് മാവ് വൈകുന്നേരത്തെ "ഗുൽഗുള " ആക്കാൻ കാരണം. - "

"അത് പിന്നെ ഒരു ചെമ്പ് വെള്ളത്തിലേക്ക് എത്ര ഉപ്പിടണം എന്ന് ചോദിക്കാൻ നീ പറഞ്ഞു... ഒന്നര പാക്കറ്റ് എന്നാ ഉമ്മ പറഞ്ഞത് ... ഞാനത് ഒന്നാക്കി കുറച്ചു ... എന്നിട്ടും.."

" ആ .... ഒന്നര പാക്കറ്റ് ഇട്ടിരുന്നെങ്കി എല്ലാര്ടിം മെഡുല്ല ഒബ്ലാങ്കട്ട ഇന്ന് കലങ്ങിനി..."

"അല്ലെങ്കിലും ചെമ്പിൻ്റെ വലിപ്പം പറയാതെ ഓൺലൈനിൽ പാചകം നടത്തിയാൽ ഇതൊക്കെ സാധാരണയാ.. " റാഹിലയും വിട്ടില്ല.

" അയ്യോ.. ഒര് കാര്യം മറന്നു ... " ബോധോദയം വന്ന പോലെ ജുംന പറഞ്ഞു.

"സാമ്പാറിൽ സാമ്പാർ പൊടി ഇടാനല്ലേ... അത് നീ മറക്കും എന്നത് കൊണ്ട് ഞാനാദ്യമേ വെള്ളത്തിൽ കലക്കി വച്ചിരുന്നു" ശരീഫ് പറഞ്ഞു.

"അല്ല ... ഉപ്പ് ... ഉപ്പ് ഇനി ഒട്ടും ഇല്ല .... "

"അയ്യോ... ആറ്റ് നോറ്റുണ്ടാക്കിയ സാമ്പാർ ഉപ്പില്ലാത്ത കഞ്ഞി പോലെ... " അനീസ് പരിതപിച്ചു.

"ഈ ഉപ്പ് മാവെടുത്ത് സാമ്പാറിൽ കലക്കിയാലോ?'' റിയാസ് ചോദിച്ചു.

"ഐഡിയ ഈസ് ഗുഡ്... നിൻ്റെ തല പുക കൊണ്ടത് മതി ... ഇങ്ങ് പോര്... അല്ലെങ്കി ഇനിയും പലതും ഞങ്ങൾ കേൾക്കണ്ടി വരും.. " ശരീഫ് റിയാസിനെ ഒന്ന് തോണ്ടി.

കമ്മറ്റി അംഗങ്ങൾ എല്ലാരും ഒത്തുകൂടി ഒരു പരിഹാരം തേടി. അവസാനം ശരീഫ് തന്നെ ഒരു പരിഹാരവുമായി എത്തി. അൽപസമയത്തിനകം തന്നെ സാമ്പാർ റെഡിയായി. ഊണും സാമ്പാറും, രാവിലത്തെ ഉപ്പ് കൂടിയ ഉപ്പ്മാവിൻ്റെ പേരുദോഷം മായ്ച്ചു കളഞ്ഞു.

രാത്രി ഡെയിലി  ഇവാല്വേഷൻ സമയത്ത്, സാമ്പാറിൽ ഉപ്പിട്ട കഥ ശരീഫ് അവതരിപ്പിച്ചു.

"പിറ്റേന്ന് ക്യാമ്പ് അവസാനിക്കുന്നതിനാൽ അടുക്കളയിൽ കണ്ട ഒരു പാക്കറ്റ് ഉണക്കചെമ്മീൻ പൊടി വേസ്റ്റാകും എന്ന് ഞാൻ മനസ്സിലാക്കി. ഒരു സാധനവും വേസ്റ്റാക്കരുത് എന്നാ നമ്മുടെ പ്രിയപ്പെട്ട പ്രോഗ്രാം ഓഫീസർ പഠിപ്പിച്ചത്. സാമ്പാറിലെ ഉപ്പിൻ്റെ കമ്മി നികത്താൻ ആ ഒരു പാക്കറ്റ് മതി താനും. പിന്നെ ഒന്നും ആലോചിച്ചില്ല... സാമ്പാറിലേക്ക് ചെമ്മീൻ പൊടിയങ്ങ് തട്ടി "

വെജിറ്റേറിയൻസും നോൺ വെജിറ്റേറിയൻസും ഒക്കെ ഉണ്ടായിരുന്ന ക്യാമ്പിലെ ആ സാമ്പാർ അങ്ങനെ ലോകത്തിലെ തന്നെ ആദ്യ നോൺ വെജിറ്റേറിയൻ സാമ്പാറായി.

Monday, December 09, 2019

സൌഹൃദം പൂക്കുന്ന വഴികൾ - 7

             നാഷണൽ സർവീസ് സ്കീം എനിക്ക് നൽകിയ സൌഹൃദങ്ങളുടെ ആഴവും പരപ്പും ഇപ്പോഴും എനിക്ക് നിർണ്ണയിക്കാൻ സാധിച്ചിട്ടില്ല. അങ്ങനെയുള്ള പല ബന്ധങ്ങളും സ്ഥിരമായി നിലനിർത്തുന്നത് കൊണ്ടാവാം ഒരു സ്ഥലത്ത് ചെന്ന് പെട്ടുപോകുമെന്ന് എനിക്ക് ഒരു പേടിയേ ഇല്ല.  നാഷണൽ സർവീസ് സ്കീമിനെപ്പോലെ സമാന്തര കലാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് സമൂഹ്യ സേവനാവസരം നൽകാനുദ്ദേശിച്ച് ആരംഭിച്ച സോഷ്യൽ സർവീസ് സ്കീമിന്റെ പ്രോഗ്രാം ഓഫീസർമാർക്കുള്ള പരിശീലന പരിപാടിയിൽ ഒരു ക്ലാസ് എടുക്കാൻ പെരുംമ്പാവൂരിനടുത്ത് വെങ്ങോലയിലെ സ‌മൃദ്ധി ഗ്രാമത്തിൽ എത്തിയതായിരുന്നു ഞാൻ.

               പിറ്റെ ദിവസം മോൾക്ക്, കാലടി ആദിശങ്കര എഞ്ചിനീയറിംഗ് കോളേജിൽ TIFR ന്റെ പി.ജി പ്രവേശന പരീക്ഷ ഉള്ളതിനാൽ സുഹൃത്ത് നിസാം സാറിന്റെ കാക്കനാടുള്ള വീട്ടിലേക്കാണ് ഞാൻ മടങ്ങിയത്. അന്നവിടെ തങ്ങി എന്ന് മാത്രമല്ല തൊട്ടടുത്ത് തന്നെ താമസിക്കുന്ന ഡിഗ്രി സഹപാഠി ഖൈസിനെ വിവരമറിയിക്കുകയും ചെയ്തു. പിറ്റെ ദിവസം പ്രാതൽ തയ്യാറാക്കി , എന്നെയും തേടി ഖൈസ് നിസാം സാറെ വീട്ടിലെത്തി. അങ്ങനെ ഞാൻ ഖൈസിന്റെ പുതിയ വീട്ടിലെത്തി. ഡിഗ്രിക്ക് പഠിക്കുന്ന അന്ന് മുതലേയുള്ള അവന്റെ ഉമ്മയുമായുള്ള സൌഹൃദം പുതുക്കി. എന്റെ വീട്ടിലെ എല്ലാവരുടെയും പുതിയ വിവരങ്ങൾ ഉമ്മ അന്വേഷിച്ചറിയുകയും ചെയ്തു.
               വൈകിട്ട് അഞ്ച് മണിക്കേ എനിക്ക് കാലടിയിൽ എത്തേണ്ടതുണ്ടായിരുന്നുള്ളൂ. അപ്പോഴാണ് പാലാരിവട്ടത്ത് താമസിക്കുന്ന ഞങ്ങളുടെ രണ്ട് പേരുടെയും ക്ലാസ്‌മേറ്റ് ശ്രീജയെ പറ്റി ഖൈസ് പറഞ്ഞത്. എങ്കിൽ അവളെയും സന്ദർശിച്ച ശേഷം കാലടിയിലേക്ക് തിരിക്കാം എന്ന് ഞാൻ തീരുമാനിച്ചു. ശ്രീജയെ സന്ദർശിച്ച് തിരിച്ച് വന്ന് ഊണ് കഴിഞ്ഞ ശേഷം പോയാൽ മതിയെന്ന് ഖൈസ് പറഞ്ഞതനുസരിച്ച് ഞാൻ പ്ലാൻ മാറ്റി.

            ശ്രീജയുടെ പാലാരിവട്ടത്തെ വീടിനകത്ത് പ്രവേശിക്കുന്നത് വരെ മൂന്ന് വർഷം മുമ്പ് കണ്ട ഒരു മുഖമായിരുന്നു മനസ്സിൽ നിറഞ്ഞ് നിന്നിരുന്നത്. 1992ൽ ഡിഗ്രി കഴ്ഞ്ഞിറങ്ങുമ്പോഴുള്ള ശ്രീജയുടെ ചിത്രമേ ഖൈസിന്റെ മനസ്സിലുണ്ടായിരുന്നുള്ളൂ.ശ്രീജയെ കണ്ട ഞാനും ഖൈസും ശരിക്കും ഞെട്ടി. മാസങ്ങളായി ബോൺ ടി.ബി എന്ന അസുഖം ബാധിച്ച് ശരീരം ഏറെ ശോഷിച്ച നിലയിൽ ഒരു വാക്കറിൽ താങ്ങി വന്ന ഷീജ തന്നെ അക്കാര്യം ചോദിക്കുകയും ചെയ്തു.

             ഒരു മണിക്കൂറോളം അവിടെ ചെലവഴിച്ച് പുറത്തിറങ്ങുമ്പോൾ ഞങ്ങൾ എത്തിയ സമയം വളരെ നല്ലതാണെന്ന് തോന്നി. കാരണം പ്രത്യേകിച്ച് ആരും സ്വന്തമെന്ന് പറയാനില്ലാത്ത ആ വലിയ പട്ടണത്തിൽ , എന്തെങ്കിലും എമെർജൻസി വന്നാൽ വിളിക്കാനും ഒരു കൈ സഹായം നൽകാനും ശ്രീജയുടെ കുടുംബത്തിന് ഒരാളുണ്ട് എന്ന് ബോധ്യപ്പെടുത്താൻ ഈ സന്ദർശനം സഹായകമായി എന്ന് അവളുടെ ഭർത്താവിന്റെ സംസാരത്തിൽ നിന്ന് മനസ്സിലായി. പണം എത്രയുണ്ടായാലും ആത്മാർത്ഥ സൌഹൃദങ്ങൾ നൽകുന്ന ആശ്വാസം അതൊന്ന് വേറെത്തന്നെ.

Tuesday, December 03, 2019

സന്തോഷ നിമിഷങ്ങൾ

            എനിക്ക് നാഷണൽ സർവീസ് സ്കീമിന്റെ ബാലപാഠങ്ങൾ ഓതി തന്നത് വകയിൽ എന്റെ  ഇക്കാക്കയായി തന്നെ വരുന്ന യൂസഫലി സാർ ആയിരുന്നു. അദ്ദേഹമായിരുന്നു എന്റെ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ. തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിൽ പ്രീഡിഗ്രിക്ക് പഠിച്ചിരുന്ന 87-89 കാലഘട്ടത്തിലായിരുന്നു അത്. പ്രീഡിഗ്രി രണ്ടാം വർഷ്ത്തിൽ എത്തിയപ്പോഴാണ് ആദ്യമായി ദശദിന ക്യാമ്പിൽ പങ്കെടുത്തത്. കോട്ടക്കലിനടുത്ത് സ്വാഗതമാട് ആയിരുന്നു ക്യാമ്പ്. ഉറങ്ങുന്നവർക്ക് താടിയും മീശയും വരക്കുകയും മറ്റും ചെയ്യുന്ന ചില ‘ഭീകര പ്രവർത്തനങ്ങളും’ ചില കലാപരിപാടികളും ഒരു റോഡ് വെട്ടിയതും ഒക്കെയാണ് ക്യാമ്പിനെപ്പറ്റി എന്റെ ഓർമ്മ.പിന്നീട് ഡോക്ടർമാരായി മാറിയ റിഷികേഷും സഫറുള്ളയും ആയിരുന്നു എന്റെ ക്ലാസിൽ നിന്നും ആ ക്യാമ്പിൽ പങ്കെടുത്തവർ.

                പ്രീഡിഗ്രി പാസായി ഫിസിക്സ് ഡിഗ്രിക്ക് ഞാൻ ഫാറൂഖ് കോളേജിൽ ചേർന്നു. അവിടെയും എൻ.എസ്.എസ് ൽ ഞാൻ അംഗമായി. എന്റെ മുൻ അനുഭവങ്ങളും ബാപ്പയുടെ പ്രേരണയും ഒക്കെ ആയിരിക്കാം അതിന് കാരണം. നിർഭാഗ്യവശാൽ എന്റെ ക്ലാസിൽ നിന്ന് ആരും തന്നെ എൻ.എസ്.എസ് ൽ ചേർന്നില്ല. ഇവിടെയും രണ്ടാം വർഷത്തിലോ അതോ മൂന്നാം വർഷത്തിലോ എന്നറിയില്ല, കോഴിക്കോട് കുറ്റിച്ചിറ എം.എം.ഹൈസ്കൂളിൽ നടന്ന ദശദിന ക്യാമ്പിൽ പങ്കെടുത്തു. എന്റെ ഗ്രൂപ്പിൽ നിന്നും മെസ്സിലേക്കുള്ള അംഗമായി തെരഞ്ഞെടുത്ത ദിവസം ചപ്പാത്തി വളരെ ഈസിയായി പലകയിൽ ഇട്ട് വട്ടം കറക്കി പരത്തി അന്ന് മാൻ ഓഫ് ദ് ഡെ ആയത് എന്റെ ഓർമ്മയിലുണ്ട്. വീട്ടിൽ പത്തിരിയും ചപ്പാത്തിയും പരത്തിയിരുന്ന എനിക്ക് അത് ഒട്ടും പ്രയാസമായി തോന്നിയിരുന്നില്ല എന്നതാണ് സത്യം.

               ഇക്കഴിഞ്ഞ ദിവസം ഞാൻ ആ രണ്ട് ഓർമ്മകളിലേക്കും ഒന്ന് കൂടി തിരിച്ചു പോയി. ഞാൻ വളണ്ടിയർ ആയി സേവനമനുഷ്ടിച്ച അതേ ഫാറൂഖ് കോളേജിലെ പുതിയ എൻ.എസ്.എസ് വളണ്ടിയർമാർക്ക് നാഷണൽ സർവീസ് സ്കീമിനെ പരിചയപ്പെടുത്തി അവരുടെ പ്രവർത്തനങ്ങൾക്ക് അടിത്തറ നൽകുക എന്ന കർമ്മം ഇത്തവണ ഏൽപ്പിച്ചത് എന്നെയായിരുന്നു. മുമ്പ് ഒരു തവണ ഫാറൂഖ് കോളേജിന്റെ സപ്തദിന ക്യാമ്പിലും മറ്റൊരു തവണ എൻ.എസ്.എസ് ന്റെ തന്നെ ഒരു പ്രോഗ്രാമിലും പങ്കെടുത്തിരുന്നു എങ്കിലും ഓറിയെന്റേഷൻ എന്ന അടിസ്ഥാന ശില ഇടാൻ എത്തിയത് ആദ്യമായിട്ടായിരുന്നു. സേവനമനുഷ്ടിച്ച യൂനിറ്റിലെ പുതു തലമുറക്കായി സേവനപാഠങ്ങൾ ചൊല്ലിക്കൊടുക്കുക എന്നത് മനസ്സിന് വലിയ സന്തോഷം തന്നു.
             2013ൽ നാഷണൽ സർവീസ് സ്കീമിന്റെ ഇന്ത്യയിലെ ഏറ്റവും ഉയർന്ന പുരസ്കാരമായ ഇന്ദിരാഗാന്ധി എൻ.എസ്.എസ് നാഷണൽ അവാർഡ് കിട്ടിയ ശേഷം മേൽ പറഞ്ഞ രണ്ട് കോളേജിലെയും എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാർക്ക് ഞാൻ എഴുത്ത് അയച്ചിരുന്നു - എനിക്ക് നാഷണൽ സർവീസ് സ്കീമിന്റെ ബാലപാഠങ്ങൾ ഓതി തന്ന കോളേജുകളിലെ കുട്ടികളുമായി സംവദിക്കാനുള്ള ഒരവസരം ചോദിച്ചുകൊണ്ട്. ആറ് വർഷം കഴിഞ്ഞ് എന്റെ അനിയന്റെ ഭാര്യ ഫാറൂഖ് കോളേജിൽ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ആയി വന്നപ്പോൾ എങ്കിലും ആ അവസരം ലഭിച്ചതിൽ വളരെ സന്തോഷം. എന്റെ പിൻ‌ഗാമികളായ വളണ്ടിയർമാർ ക്ലാസ് വളരെയധികം ആസ്വദിച്ചു എന്ന് അവരുടെ മുഖം വിളിച്ചോതുന്നത് കണ്ടു കൊണ്ടാണ് ക്ലാസ് കഴിഞ്ഞ് രാജാ ഗേറ്റിലൂടെ കാമ്പസിൽ നിന്നും പുറത്ത് കടന്നത്.
               ഈ അസുലഭ അവസരം ഒരുക്കിത്തന്ന ദൈവത്തിന് സ്തുതി.

Monday, November 04, 2019

സൌഹൃദം പൂക്കുന്ന വഴികള്‍ - 6

                     2018 മാർച്ച് മാസത്തിലാണ് ഉന്നത് ഭാരത് അഭിയാൻ (UBA) എന്ന ഒരു പദ്ധതിയുടെ പ്രൊജക്ട് കൺസൽട്ടന്റായി വയനാട് പുൽപ്പള്ളി സ്വദേശി ശീതൾ മേരി ജോസ് എന്റെ കോളേജിൽ താൽക്കാലിക നിയമനം നേടുന്നത്. നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫീസർ എന്ന നിലയിൽ നിരവധി സാമൂഹ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന എനിക്ക് UBA യുടെ പ്രവർത്തനത്തിലും മോശമല്ലാത്ത ഒരു റോൾ ലഭിച്ചു. UBAയുടെ ഫണ്ട് ഉപയോഗിച്ച് NSS സഹകരണത്തോടെ നടത്തുന്ന പരിപാടികളുടെ റിപ്പോർട്ടുകൾ തയ്യാറാക്കുക എന്ന ജോലിയായിരുന്നു ശീതളിന്റെ പ്രധാന കർത്തവ്യം. അതിനാൽ തന്നെ എന്റെ തൊട്ടടുത്ത സീറ്റും അവൾക്ക് കിട്ടി.
                 ഏപ്രിൽ - മെയ് അവധിയായതിനാൽ ഞാൻ പിന്നെ ജൂണിലാണ് കോളേജിൽ പോയത്.സ്ഥലം മാറ്റം കിട്ടിയതോടെ ജൂൺ ആദ്യവാരത്തിൽ തന്നെ ഞാൻ വയനാട് വിട്ടു. വെറും ഒരു മാസത്തെ പരിചയം മാത്രമേ ഉള്ളൂവെങ്കിലും ആ വേർപിരിയൽ ശീതളിനും എനിക്കും ഏറെ പ്രയാസകരമായി തോന്നി. ഇടക്കെപ്പോഴുമെങ്കിലുള്ള ഫോൺ വിളിയിൽ പിന്നീടും ആ സൌഹൃദം നിലനിന്നു പോയി. എങ്കിലും അവളുടെ കല്യാണം ആയപ്പോൾ കോളേജിൽ നിന്നും ക്ഷണിക്കപ്പെട്ട ഒരു കയ്യിൽ എണ്ണാവുന്നവരിൽ ഒന്നാമൻ ഞാൻ തന്നെയായി. അങ്ങനെ ഇക്കഴിഞ്ഞ ശനിയാഴ്ച വരന്റെ നാടായ കണ്ണൂർ, ചൊവ്വയിൽ ആ മംഗള കർമ്മം നടന്നു.
               1998ൽ MScക്ക് തളിപ്പറമ്പ് പഠിക്കുന്ന കാലത്ത് കണ്ണൂർ പരിചയമുണ്ടായിരുന്നെങ്കിലും, കാലം ആ ഓർമ്മകൾ മിക്കവാറും തേച്ചുമാച്ചിരുന്നു. അതിനാൽ തന്നെ സ്ഥലത്തെപ്പറ്റിയും മറ്റും ഒരു ധാരണയുണ്ടാക്കാൻ 1994ൽ PGDCAക്ക് ഒരുമിച്ച് പഠിച്ച കണ്ണൂർകാരി ബിന്ദു മാധവന് ഒരു വാട്സാപ് സന്ദേശം നൽകി. അവൾ ചൊവ്വയിലാണ് ജോലി ചെയ്യുന്നത് എന്ന് ധരിച്ചാണ് സന്ദേശം നൽകിയത്.വഴി കൃത്യമായി പറഞ്ഞ് തന്നതിനൊപ്പം ബിന്ദു അവളുടെ വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തു. 12 മണി മുതൽ 4 മണി വരെ അവൾക്ക് PSC എക്സാം ഡ്യൂട്ടി ഉണ്ടെന്നും കൂടി പറഞ്ഞതോടെ 25 വർഷത്തിന് ശേഷമുള്ള ആ കൂടിക്കാഴ്ച നടക്കില്ല എന്ന്  തീരുമാനമായി.
              പക്ഷെ , ദൈവഹിതം മറ്റൊന്നായിരുന്നു. ഞാൻ വണ്ടി കയറി അല്പം കഴിഞ്ഞ് ബിന്ദു വീണ്ടും എന്നെ വിളിച്ചു. അവളുടെ ഡ്യൂട്ടി മറ്റാർക്കോ നൽകി എന്നും, കല്യാണവുമായി ബന്ധപ്പെട്ട് എന്റെ പരിപാടികൾ കഴിയുമ്പോൾ വിളിക്കണം എന്നും ഓഡിറ്റോറിയത്തിൽ വന്ന് എന്നെ കൂട്ടിക്കൊണ്ടു പോകാമെന്നും പറഞ്ഞപ്പോൾ 25 വർഷത്തെ ഗ്യാപ് 25 സെക്കന്റ് കൊണ്ട് ഇല്ലാതായി.
            കല്യാണ ചെക്കനെയും പെണ്ണിനെയും കണ്ട് ഭക്ഷണവും കഴിച്ച് കഴിഞ്ഞപ്പോഴേക്കും സമയം രണ്ട് മണിയോട് അടുത്തിരുന്നു. ഇതിനിടയിൽ തന്നെ ബിന്ദു എന്നെ വിളിക്ക്കുകയും ചെയ്തിരുന്നു. അവൾ ആവശ്യപ്പെട്ട പോലെ ഓഡിറ്റോറിയത്തിൽ നിന്നും ഇറങ്ങുന്നതിന്റെ മുമ്പ് ഞാൻ അവൾക്ക് ഫോൺ ചെയ്തു. കോരിച്ചൊരിയുന്ന പേമാരിയിൽ ബിന്ദു പെട്ടെന്ന് വരും എന്ന് ഞാൻ പ്രതീക്ഷിച്ചില്ല. ബട്ട് , പേമാരിയെയും വെള്ളക്കെട്ടിനെയും ബ്ലോക്കിനെയും മറികടന്ന് 10 മിനുട്ടിനുള്ളിൽ കാറുമായി ബിന്ദു എത്തി. ഞാനും ഹാഷിറും കാറിൽ കയറി ചൊവ്വ ലക്ഷ്യമാക്കി യാത്ര ആരംഭിച്ചു. യാത്രയിലുടനീളം പഴയ സുഹൃത്തുക്കളും എന്റെ കണ്ണൂർ കലാലയ ദിനങ്ങളും മറ്റും മറ്റും സംസാര വിഷയമായി.
            ആറ് കിലോമീറ്ററോളാം യാത്ര ചെയ്ത് കാറ് ഒരു വലിയ വീടിന് മുന്നിൽ നിർത്തി. പല സുഹൃത്തുക്കളുടെയും വീട്ടിൽ പോയിട്ടുണ്ടെങ്കിലും ഇങ്ങനെ ഒന്ന് എന്റെ ഓർമ്മയിൽ വരുന്നില്ല. ചെടികളും മരങ്ങളും പുൽതകിടിയും കൊണ്ട് ഹരിതാഭമായ ഒരു വീട്. അതിവിശാലമായ പൂമുഖത്തെ അലങ്കരിക്കുന്നത് വെർട്ടിക്കൽ റോസ് ഗാർഡനും ഓർക്കിഡ് ചെടികളും മറ്റ് അലങ്കാര ചെടികളും. മാഗസിനുകളിൽ കണ്ട് മാത്രം പരിചയമുള്ള ഒരു വീട് ഞാൻ നേരിട്ട് അനുഭവിക്കുന്ന പോലെ.
           നല്ലൊരു ആപ്പിൾ ജ്യൂസും നട്‌സും തന്ന് ബിന്ദു ആതിഥേയത്വവും അവിസ്മരണീയമാക്കി. വീട്ടിലെ മുഴുവൻ റൂമുകളും കാണിച്ച് തരാനും ബിന്ദു മടി കാണിച്ചില്ല. എനിക്ക് നമസ്കരിക്കണം എന്ന് പറഞ്ഞപ്പോൾ മാസ്റ്റർ ബെഡ്‌റൂമിൽ തന്നെ പായ വിരിച്ച് തന്നത് മനസ്സിൽ എന്നും മായാതെ നിലനിൽക്കും. ഏകദേശം ഒരു മണിക്കൂർ ഞങ്ങൾ അവിടെ ചെലവഴിച്ചു.
            ഒരു കാലത്ത് ചെടികൾ എനിക്കൊരു വീൿനെസ്സ് ആയിരുന്നു. എവിടെപ്പോയാലും എന്റെ വീട്ടിലില്ലാത്ത ചെടി കണ്ടാൽ അതിന്റെ കൊമ്പോ തൈയോ വിത്തോ ചോദിച്ച് വാങ്ങലും അത് നട്ട് വളർത്തിയുണ്ടാക്കലും ഒരു ഹോബി തന്നെയായിരുന്നു. ഇന്നും എന്റെ മുറ്റത്തെ ചെടികൾ പലതും പല സുഹൃത്തുക്കളെയും ഓർമ്മിക്കാൻ കൂടി ഉതകുന്നതാണ്. ഡിഗ്രിക്ക് കൂടെ പഠിച്ചിരുന്ന മഞ്ചേരിക്കാരൻ രജീഷിന്റെയും പി.ജി ക്ക് കൂടെ പഠിച്ചിരുന്ന തളിപ്പറമ്പുകാരി സബിതയുടെയും വീട്ടിൽ നിന്ന് പതിനഞ്ച് കൊല്ലങ്ങൾക്ക് മുമ്പ് കൊണ്ടുവന്ന ചെടികൾ ഇന്നും എന്റെ വീടിനെ അലങ്കരിക്കുന്നു. ബിന്ദുവിനോടും ഞാൻ ഈ ഇഷ്ടം തുറന്ന് പറഞ്ഞപ്പോൾ ഒരു തോട്ടം ഉണ്ടാക്കാനുള്ള അത്രയും നിമിഷങ്ങൾക്കകം മുന്നിലെത്തി !
               മടക്കയാത്രയും ട്രെയിനിലാണ് ഞങ്ങൾ ഉദ്ദേശിച്ചിരുന്നത്. വീണ്ടും ഞങ്ങളെ സ്റ്റേഷനിൽ എത്തിക്കാൻ ബിന്ദു കാറെടുത്തു. സമയം പിന്നെയും ധാരാളം ഉള്ളതിനാൽ ബിന്ദുവിന്റെ ഹസ്ബന്റ് നടത്തുന്ന പാരലൽ കോളേജ് സന്ദർശിക്കാൻ അവൾ ക്ഷണിച്ചു. അനിയേട്ടൻ ഉണ്ടെങ്കിൽ കാണാമെന്നും കൂടി പറഞ്ഞപ്പോൾ ആ ക്ഷണവും ഞങ്ങൾ സ്വീകരിച്ചു.
              കണ്ണൂർ പഴയ ബസ് സ്റ്റാന്റിനോട് ചേർന്നുള്ള കോളേജ് ഓഫ് കൊമേഴ്സ് എന്ന സ്ഥാപനത്തിന് മുന്നിൽ ബിന്ദു കാർ നിർത്തി. അകത്ത് പ്രവേശിച്ചതു മുതൽ എന്റെ അമ്പരപ്പ് ആരംഭിച്ചു. ഒരു പാരലൽ കോളേജ് ഇത്രയും വലിയ സെറ്റപ്പിൽ. ചെറിയൊരു ട്യൂഷൻ സെന്ററായി ആരംഭിച്ച് ഇന്ന് 5000 ത്തിലധികം കുട്ടികൾ പഠിക്കുന്ന വലിയൊരു സ്ഥാപനമായി വളർന്നതിന്റെ പിന്നിലുള്ളത് അർപ്പണ ബോധവും കഠിനാധ്വാനവും മാത്രം. ചെയർമാൻ കൂടിയായ ബിന്ദുവിന്റെ അനിയേട്ടൻ ഒരു ഘനഗംഭീരൻ ആയിരിക്കും എന്ന് സ്വാഭാവികമായും ഞാൻ പ്രതീക്ഷിച്ചു. തൊട്ടടുത്ത് നിർമ്മിക്കുന്ന പുതിയ നാലുനില കെട്ടിടം കണ്ട് മടങ്ങുമ്പോൾ അനിയേട്ടൻ അവിടെ എത്തി.
കടപ്പാട് : ഗൂഗിൾ
               പരിചയപ്പെട്ട് അടുത്ത നിമിഷം തന്നെ ഞാൻ ആ നല്ല മനസ്സിന്റെ ആരാധകനായി.അതിഥികളായ ഞങ്ങളോടും സ്ഥാപനത്തിലെ മറ്റു സ്റ്റാഫിനോടും പുതിയ കെട്ടിടത്തിന്റെ പണിക്കാരോടും എല്ലാം വളരെ നർമ്മത്തോടെയുള്ള സംഭാഷണം അദ്ദേഹത്തിന്റെ ഉയരം എന്റെ മനസ്സിൽ വീണ്ടും വീണ്ടും വർദ്ധിപ്പിച്ചു കൊണ്ടിരുന്നു. ചെയർമാന്റെ കാബിനകത്തെ ട്രോഫികൾ സ്ഥാപനത്തിന്റെ പേരും പ്രശസ്തിയും വിളിച്ചോതി. തമാശയായിട്ടാണേങ്കിലും (!) ഉയർച്ചയെല്ലാം  ബിന്ദുവിന്റെ വരവോടെയാണെന്ന് പറയാനും അനിയേട്ടൻ കാണിച്ച മനസ്സ് അഭിനന്ദനം അർഹിക്കുന്നു.
              ചായ സൽക്കാരം കൂടി കഴിഞ്ഞ് അഞ്ചുമണിയുടെ ട്രെയിൻ പിടിക്കാൻ ധൃതിയിൽ ഇറങ്ങുമ്പോഴാണ് ഹാഷിർ എന്തോ തിരയുന്നത് കണ്ടത്.അവന്റെ  ചെരിപ്പ്  ആരോ മാറി ഇട്ട് പോയിരിക്കുന്നു. ഓഫീസിൽ നിന്നും അപ്പോൾ ഇറങ്ങിപ്പോയ ഏതാനും സ്റ്റാഫുകളെ വിളിച്ച് അനിയേട്ടൻ തന്നെ, കാലിലെ ഷൂ പരിശോധിക്കാൻ ആവശ്യപ്പെട്ടു. ഒപ്പം സ്റ്റാഫിൽ ഒരാളെ തൊട്ടടുത്ത ചെരിപ്പ് കടയിലേക്ക് പറഞ്ഞ് വിട്ട് കുറച്ചെണ്ണം അർജന്റ് ആയി ഡിസ്‌പ്ലേ ചെയ്യാനും. തൽക്കാലം ഇടാനായി നല്ലൊരു ചെരിപ്പ് ഹാഷിറിന് വാങ്ങിക്കൊടുത്ത് സ്വന്തം വണ്ടിയിൽ ഞങ്ങളെ കയറ്റുമ്പോൾ സമയം 4.50 ആയിരുന്നു.
             ടിക്കറ്റ് എടുത്തിട്ടില്ലാത്തതിനാൽ സ്റ്റേഷനിൽ എത്താനും ടിക്കറ്റ് എടുക്കാനും കൂടിയുള്ള സമയം ഇല്ലായിരുന്നു. അതിനും പരിഹാരം ഉടനടിയുണ്ടായി.ട്രെയിനിന് പോകുന്ന കോളേജിലെ ഏതോ സ്റ്റാഫിനെ വിളിച്ച് അവർ ടിക്കറ്റ് എടുക്കുമ്പോൾ രണ്ട് കോഴിക്കോട് ടിക്കറ്റ് കൂടി എടുക്കാൻ ഏർപ്പാടാക്കി. അവരുടെ ട്രെയിൻ പോകുന്നതിന് മുമ്പ് ഞങ്ങൾ എത്തുമോ എന്നതായി അടുത്ത പ്രശ്നം. സ്റ്റേഷനിൽ എത്തിയതും ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ നിൽക്കുന്ന പ്രസ്തുത സ്റ്റാഫിനേയും തേടി ബിന്ദു ഇറങ്ങി ഓടി.ആൾക്കൂട്ടത്തിനിടയിൽ നിന്ന് അയാളെ കണ്ടെത്തി ടിക്കറ്റ് ഞങ്ങൾക്ക് കൈമാറുമ്പോൾ ഞാൻ വീണ്ടും ആ നല്ല മനസ്സുകളെ നമിച്ചു. സൌഹൃദം വളരെ വളരെ ഹൃദ്യമായ ഒരനുഭവം തന്ന ഒരു ദിവസം കൂടി എന്റെ ജീവിതത്തിലൂടെ കടന്നുപോയി.
                സോഷ്യൽ മീഡിയ സജീവമാകുന്നതിന്റെ മുമ്പുള്ള സൌഹൃദത്തിന്റെ ആഴവും ആത്മാർത്ഥതയും ആണ് അന്ന് ഞാൻ നേരിട്ടനുഭവിച്ചത് എന്ന് ഞാൻ വിശ്വസിക്കുന്നു. ഇത്തരം സൌഹൃദങ്ങൾ ഇനിയും പൂത്തുലയട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

Monday, September 23, 2019

ഒരു പൊന്‍‌തൂവല്‍ കൂടി....

           ജീവിതത്തില്‍ എപ്പോള്‍ എന്തൊക്കെ സംഭവിക്കുമെന്ന് ദൈവത്തിന് മാത്രമറിയാം. എന്റെ പിതാവ് എന്നെ നാഷണല്‍ സര്‍വീസ് സ്കീമില്‍ ചേരാന്‍ പ്രേരിപ്പിച്ചതും ദൈവ നിശ്ചയമായിരുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു. 1987ല്‍ പ്രീഡിഗ്രി വിദ്യാര്‍ത്ഥിയായിരിക്കെ തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജില്‍ തുടങ്ങി ഡിഗ്രിക്ക് ഫാറൂഖ് കോളേജിലും ചേര്‍ന്ന് പൂര്‍ത്തിയാക്കിയ എന്‍.എസ്.എസ് വളണ്ടിയര്‍കാലം. പിന്നെ 18 വര്‍ഷത്തെ ഇടവേളക്ക് ശേഷം എന്‍.എസ്.എസ് മായി ബന്ധപ്പെടുന്നത്, ഒരിക്കലും പ്രതീക്ഷിക്കാത്ത പ്രോഗ്രാം ഓഫീസര്‍ എന്ന പദവിയിലൂടെ. അതും കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജ് എന്ന ഒരു പ്രൊഫഷണല്‍ സ്ഥാപനത്തിലൂടെ.

              നാലു വര്‍ഷത്തെ പ്രോഗ്രാം ഓഫീസര്‍ പദവിക്കിടയില്‍ നടത്തിയ അശ്വമേധം ഇപ്പോള്‍ തിരിഞ്ഞു നോക്കുമ്പോള്‍ അവിശ്വസനീയമായി തോന്നുന്നു. നാല്‌ വര്‍ഷം കൊണ്ട് കോഴിക്കോടിന്റെ ഷോക്കേസില്‍ കയറിയത് ഇന്ദിരാഗാന്ധി ദേശീയ അവാര്‍ഡ് അടക്കം ഇരുപത്തഞ്ചോളം പുരസ്കാരങ്ങള്‍ ആയിരുന്നു. 2015-ല്‍ വയനാട് ഗവ. എഞ്ചിനീയറിംഗ് കോളേജിലേക്ക് ട്രാന്‍സ്ഫറായി വീണ്ടും എത്തുമ്പോള്‍ കാത്തിരുന്നത്, മുമ്പ് കേണപേക്ഷിച്ചിട്ടും തരാതിരുന്ന അതേ പ്രോഗ്രാം ഓഫീസര്‍ പദവി. സംസ്ഥാന അവാര്‍ഡുകള്‍ അടക്കം പത്തോളം പുരസ്കാരങ്ങള്‍ വയനാടിന്റെ ഷോക്കേസിലും കയറ്റി 2018-ല്‍ വീണ്ടും കോഴിക്കോട്ടെത്തി.

                എന്‍.എസ്.എസ് അതിന്റെ അമ്പതാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ എന്നെ ദേശീയ തലം വരെ ഉയര്‍ത്തിയ ആ സംഘടനയെ ഞാന്‍ നെഞ്ചോട് ചേര്‍ക്കുന്നു.അതിലൂടെ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ജീവിതത്തിന്റെ അര്‍ത്ഥം മനസ്സിലാക്കിക്കൊടുക്കാന്‍ സാധിച്ചതില്‍ ഏറെ സന്തോഷവും അഭിമാനവും തോന്നുന്നു. എന്തിന്റെയൊക്കെയോ പേരില്‍ ഇന്ന് ഞാന്‍ എന്‍.എസ്.എസ് ല്‍ നിന്ന് പുറത്താണെങ്കിലും എന്‍.എസ്.എസ് എന്റെ മനസ്സില്‍ നിന്ന് പുറത്തായില്ല.

                 ഇപ്പോഴിതാ എന്‍.എസ്.എസ് പ്രവര്‍ത്തനത്തിലൂടെ വീണ്ടും ഒരംഗീകാരം തേടി എത്തിയിരിക്കുന്നു.എന്‍.എസ്.എസ് ദേശീയ അവാര്‍ഡ് ജേതാവ് എന്ന നിലക്ക് കേരള സര്‍ക്കാര്‍ സദ് സേവന രേഖ (Good Service Entry) നല്‍കി ആദരിച്ച വിവരം സസന്തോഷം പങ്ക് വയ്ക്കുന്നു (Page2- Sl No 3).

Saturday, August 17, 2019

അതിജീവനം -1

               മമ്പാട് മേപ്പാടം പുന്നക്കുന്നില്‍ നിന്ന് അന്ന് ഞങ്ങള്‍ മടങ്ങുമ്പോള്‍ സമയം രാത്രി ഏഴര മണി. വെറും എട്ട് മണിക്കൂര്‍ മുമ്പ് പരിചയപ്പെട്ട പുന്നക്കുന്ന് നിവാസി മാജിദും തിരുവനന്തപുരത്തുകാരന്‍ അമിതും പരസ്പരം കെട്ടിപ്പിടിച്ച് യാത്ര പറഞ്ഞപ്പോള്‍ ഞാന്‍ കാഴ്ചക്കാരനായി നോക്കി നിന്നുപോയി. ഹൃദയത്തിലെ വെളിച്ചം നാടാകെ പരന്നത്, ചുറ്റുവട്ടത്തെ വീടുകള്‍ മുഴുവന്‍ പ്രകാശപൂരിതമായപ്പോള്‍ ഞങ്ങള്‍ നേരില്‍ ദര്‍ശിച്ചു.

              മനസിന് ഏറെ സന്തോഷം കിട്ടിയ ദിവസങ്ങളിൽ ഒന്നായിരുന്നു അത്. അസുഖം കാരണം രണ്ടാഴ്ചയിലധികമായി വീട്ടില്‍ തന്നെ ആയിരുന്നതിനാല്‍, പ്രളയക്കെടുതിയില്‍ ബുദ്ധിമുട്ടുന്നവരെ മാനുഷികാദ്ധ്വാനം നല്‍കി  സഹായിക്കാന്‍ കഴിയാത്ത വിഷമത്തിലായിരുന്നു ഞാന്‍. എന്റെ എന്‍.എസ്.എസ് വളന്റിയര്‍മാര്‍ കോളേജില്‍ വച്ച്, ക്യാമ്പിലേക്കും വീടുകളിലേക്കുമുള്ള ഫിനോയില്‍ നിര്‍മ്മിച്ച് നല്‍കുന്ന ജോലി ഭംഗിയായി ചെയ്യുന്നതും മീഡിയ വഴി നോക്കി നില്‍ക്കാനേ സാധിച്ചിരുന്നുള്ളൂ. ആ സങ്കടം എല്ലാം തീര്‍ത്തത് അന്നായിരുന്നു.

         രണ്ടാഴ്ച കഴിഞ്ഞേ ഇനി വീട്ടിൽ ഒരു ബൾബ് കത്തൂ എന്നായിരുന്നു ഒന്നാം നില വരെ വെള്ളം കയറിയ  പുന്നക്കുന്നിലെ മിക്ക വീട്ടുകാരുടെയും ധാരണ.അവിടെക്കാണ് ദൈവദൂതന്മാരെപ്പോലെ പാലക്കാട് ഗവ. പോളിടെക്നിക്കിലെ പ്രസൂണ്‍ സാറിന്റെ നേതൃത്വത്തില്‍ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ അടങ്ങിയ സംഘം എത്തിയത്. വീടുകള്‍ കാണിച്ചുകൊടുക്കാനായി മേപ്പാടം നിവാസിയായ എന്റെ ഭാര്യാ പിതാവും കൂട്ടി യോജിപ്പിക്കുന്ന കണ്ണിയായി ഞാനും ചേര്‍ന്നതോടെ ടീമിന് കാര്യങ്ങള്‍ ഏറെ എളുപ്പമായി.

        രാവിലെ ആരംഭിച്ച വര്‍ക്ക് രാത്രി ഇരുട്ടിയപ്പോഴും അവസാനിച്ചിരുന്നില്ല. ഏഴ് വിദ്യാര്‍ഥികള്‍ രണ്ട് ടീമായി അഞ്ച് വീടുകളിലെ മുഴുവന്‍ സ്വിച് ബോര്‍ഡുകളും അഴിച്ച് തുടച്ച് വൃത്തിയാക്കി ഡ്രയര്‍ ഉപയോഗിച്ച് ഉണക്കി റീഫിറ്റ് ചെയ്ത് സുരക്ഷിതമായ വൈദ്യുത പ്രവാഹം ഉറപ്പാക്കി.പാവപ്പെട്ടവര്‍ എന്നോ പണക്കാരെന്നോ ഭേദമില്ലാതെയായിരുന്നു ഈ സേവനം. ശേഷം സമ്മാനമായി ഏഴ് വാട്ടിന്റെ മൂന്ന് LED ബൾബുകളും വീട്ടുകാര്‍ക്ക് നൽകി. സന്ധ്യക്ക് പ്രസ്തുത വീടുകള്‍ മുഴുവൻ  പ്രകാശപൂരിതമായപ്പോള്‍ ഞങ്ങളുടെ മനസ്സും നിറഞ്ഞു.

          NSS ടെക്നിക്കൽ സെല്ലിന്റെ ഈ ടീം നിലമ്പൂരും മമ്പാടുമായി അഞ്ച് ദിവസത്തോളം ക്യാമ്പ് ചെയ്ത് നൂറിലേറെ വീടുകളിലെ കേടുപാടൂകളാണ് തീര്‍ത്തത്. എല്ലാവര്‍ക്കും LED ബള്‍ബുകളും നല്‍കി. കൂട്ടായ പ്രവര്‍ത്തനത്തിലൂടെ അതിജീവനത്തിന്റെ പുതിയ പാഠങ്ങള്‍ കേരളം ലോകത്തിന് കാണിച്ചുകൊടുക്കുമ്പോള്‍,  ഏത് പ്രതിസന്ധിയെയും നേരിടാനുള്ള ആത്മധൈര്യം നമ്മിലും അറിയാതെ സംഭരിക്കപ്പെടുന്നു. ദുരന്തങ്ങള്‍ ഇനിയും അതിജീവിക്കാനുള്ള കഴിവ് ഈ ജനതക്ക് ഉണ്ടാകട്ടെ.

Monday, July 29, 2019

പുസ്തകം എന്ന വെളിച്ചം

                നാഷണല്‍ സര്‍വീസ് സ്കീം എന്ന പ്രസ്ഥാനം എന്റെ ജീവിതത്തിന്റെ ഭാഗമായ അന്നു മുതല്‍, അതുമായി ബന്ധപ്പെട്ട നിരവധി പേര് വീട്ടില്‍ വരാറുണ്ടായിരുന്നു. ഔദ്യോഗിക ചുമതലകളൊന്നും ഇല്ലാത്ത ഇക്കാലത്തും അത് അനുസ്യൂതം തുടരുന്നു.വീട്ടുകാരും ഇത്തരം അതിഥികളെ സല്‍ക്കരിക്കുന്നതില്‍ എന്നും മുന്‍‌പന്തിയില്‍ തന്നെയായിരുന്നു.

          അഞ്ച് വര്‍ഷം കോഴിക്കോട് ജില്ലയുടെ കോര്‍ഡിനേറ്റര്‍ സ്ഥാനം വഹിച്ചിരുന്നതിനാല്‍ ആ ജില്ലയില്‍ നിന്ന് തന്നെയാണ് സന്ദര്‍ശകര്‍ കൂടുതലും. എന്റെ മുന്‍ വളണ്ടിയര്‍മാരും മറ്റു കോളേജിലെ വളണ്ടിയര്‍മാരും ഒക്കെയായി ഈ സൌഹൃദ സന്ദര്‍ശനങ്ങള്‍ എനിക്കും എപ്പോഴും ഊര്‍ജ്ജം പകരുന്നവയാണ്.

            ഇക്കഴിഞ്ഞ ദിവസം സന്ധ്യ കഴിഞ്ഞ് ഒരു കാര്‍ എന്റെ വീട്ടുമുന്നില്‍ എത്തി. കോഴിക്കോട് ജെ.ഡി.റ്റി ഇസ്ലാം പോളി‌ടെക്നിക്കിലെ മുന്‍ സെക്രട്ടറിമാരായ സുല്‍ഫീക്കറും സഗീറും ആയിരുന്നു കാറില്‍.മുമ്പ് പലതവണ വീട്ടില്‍ വന്നവരുമാണ്.ഒരല്പം സമയം കിട്ടിയപ്പോള്‍ എന്റെ അടുത്ത് കയറി പഴയ ഓര്‍മ്മകള്‍ അയവിറക്കാനും പുതിയ പ്രൊജക്ടുകളെപ്പറ്റി സംസാരിക്കാനും ആയിരുന്നു അവര്‍ വന്നത്. അര മണിക്കൂര്‍ ഗ്യാപിന് വന്നവര്‍ തിരിച്ചിറങ്ങുമ്പോള്‍ ഒന്നര മണിക്കൂറോളം പിന്നിട്ടിരുന്നു.

              ഇറങ്ങുന്നതിന്റെ മുമ്പ് വീട്ടില്‍ ഒരുക്കിയ എന്റെ ഹോം ലൈബ്രറി കാണാന്‍ ഞാന്‍ രണ്ട് പേരെയും ക്ഷണിച്ചു. എന്റെ ലൈബ്രറിയില്‍ കയറി അതിന്റെ ആമ്പിയന്‍സും കൌതുകവും ഒക്കെ അല്പ നേരം ആസ്വദിച്ച ശേഷം ഇപ്പോള്‍ വരാം എന്ന് പറഞ്ഞ് സുല്‍ഫി പുറത്തിറങ്ങി.

             കാറില്‍ വച്ചിരുന്ന ബാഗില്‍ നിന്നും, എം.ടി യുടെ വാനപ്രസ്ഥം എന്ന പുസ്തകം എടുത്താണ് സുല്‍ഫി തിരിച്ചെത്തിയത്.
“ ഈ പുസ്തകം എന്റെ വകയായി സാറിന്റെ ലൈബ്രറിയില്‍ ഇരിക്കട്ടെ. ഇനി വരുന്നവരോട് പുസ്തകം കൊണ്ടുവരാനും ഞാന്‍ പറയാം...” മൂത്ത മകള്‍ ലുലുവിന് പുസ്തകം കൈമാറിക്കൊണ്ട് സുല്‍ഫി പറഞ്ഞു.
            ഒരുപകാരത്തിനും കൊള്ളാത്ത മെമന്റോകള്‍ക്ക് പകരം തലമുറകള്‍ക്ക് വെളിച്ചമയേക്കാവുന്ന പ്രചോദനമായേക്കാവുന്ന ഒരു കുഞ്ഞ് പുസ്തകം ആകട്ടെ നമ്മുടെ ആദരവിന്റെ അടയാളങ്ങള്‍.

വാല്‍: തൃശൂര്‍ എം.പി തന്റെ സ്വീകരണ യോഗത്തില്‍ പൊന്നാടയും മെമെന്റോയും വേണ്ട എന്നും പകരം പുസ്തകം മതി എന്നും തീരുമാനിച്ചു. ഒരു മാസത്തിനകം പതിനയ്യായിരത്തോളം പുസ്തകങ്ങള്‍ കിട്ടി. അതുപയോഗിച്ച് ഒരു ഗ്രാമീണ ഗ്രന്ഥശാലയും സ്ഥാപിച്ചു.

Friday, March 08, 2019

അന്താരാഷ്ട്ര വനിതാദിനം

             ഇന്ന് അന്താരാഷ്ട്ര വനിതാദിനം. പലരും പല വിധത്തില്‍ ആചരിക്കുന്ന ഒരു ദിനം. പക്ഷെ,  രണ്ട് വര്‍ഷമായി എനിക്ക് വനിതാ ദിനം എന്ന് കേള്‍ക്കുമ്പോള്‍ തലക്കുള്ളിലൂടെ ഒരു ആമ്പുലന്‍സ് പായാന്‍ തുടങ്ങും !

           നാഷണല്‍ സര്‍വീസ് സ്കീം പ്രോഗ്രാം ഓഫീസറായി വയനാട് എഞ്ചിനീയറിംഗ് കോളേജില്‍ നിരവധി വ്യത്യസ്തമാര്‍ന്ന പ്രോഗ്രാമുകള്‍ നടത്തിക്കൊണ്ടിരിക്കുന്ന കാലം. അതിനിടയിലാണ് അന്താരാഷ്ട്ര വനിതാദിനം കടന്നു വരുന്നത്. വളണ്ടിയര്‍മാരുമായി ആലോചിച്ച് ഞാന്‍ ഒരു പരിപാടി തയ്യാറാക്കി. മറ്റൊന്നുമല്ല , പെണ്‍‌കുട്ടികള്‍ക്ക് മാത്രമായി ഒരു രക്തദാന ക്യാമ്പ്.ആവശ്യത്തിന് കുട്ടികളെ കിട്ടുമോ എന്ന് ആശങ്ക ഉണ്ടായിരുന്നെങ്കിലും പരിപാടിയുമായി മുന്നോട്ട് പോയി.

            ആയിടെ വായിച്ച ഒരു ആര്‍ട്ടിക്കിളില്‍ നിന്നും കിട്ടിയ “ഷീറോസ്” (She+Heroes) എന്ന പേര് ക്യാമ്പിന് നല്‍കി. ആസിഡ് ആക്രമണത്തിനിരയായ സ്ത്രീകളുടെ ഒരു എന്‍.ജി.ഒ ആണ് ഷീറോസ്. മലയാളത്തില്‍ വീരാംഗനകള്‍ എന്ന് വേണമെങ്കില്‍ തര്‍ജ്ജമ ചെയ്യാം. Every Donor is a Hero എന്ന രക്തദാനത്തിന്റെ മുദ്രാവാക്യം ആയിരുന്നു ക്യാമ്പിന് ഷീറോസ് എന്ന് പേരിടാന്‍ പ്രചോദനം.

            ക്യാമ്പ് വളരെ ഭംഗിയായി മുന്നേറി. നാല്പതിലധികം പെണ്‍കുട്ടികള്‍ രക്തം ദാനം ചെയ്തു. കഠിനമായ ജോലികള്‍ ചെയ്യരുത് എന്നും ക്ലാസില്‍ കയറിയില്ലെങ്കിലും ഡ്യൂട്ടി ലീവ് അനുവദിച്ച് തരുമെന്നും എല്ലാം രക്തം ദാനം ചെയ്ത കുട്ടികളെ തെര്യപ്പെടുത്തി.  രക്തം ദാനം ചെയ്ത് വിശ്രമിച്ചു കൊണ്ടിരുന്ന ഒരു കുട്ടിയുടെ അവസ്ഥ ഇതിനിടക്ക് അല്പം മോശമായി. അവിടെ വച്ച് തന്നെ താല്‍ക്കാലിക സംവിധാനം ഒരുക്കി ഡ്രിപ് നല്‍കി. വീണ്ടും ചിലര്‍ കൂടി അപലക്ഷണങ്ങള്‍ കാണിക്കാന്‍ തുടങ്ങിയതോടെ ഞാന്‍ പ്രതിരോധത്തിലായി.

             അതിനിടെ ഒരു പെണ്‍‌കുട്ടി ലാബില്‍ തല കറങ്ങി വീണതായി വാര്‍ത്ത പരന്നു. അന്വേഷിച്ചപ്പോള്‍ രക്തം ദാനം ചെയ്ത കുട്ടിയാണ്. ഉടനെ കുട്ടിയെയും കൊണ്ട് ഒരു സ്റ്റാഫിന്റെ കാറ് മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് പാഞ്ഞു. അല്പം കഴിഞ്ഞ് മറ്റൊരു ക്ലാസിലും ഒരു കുട്ടി വീണു. അവളെയും ഉടന്‍ ആശുപത്രിയിലേക്ക് നീക്കി. നേരത്തെ ഡ്രിപ് നല്‍കിക്കൊണ്ടിരുന്നവളുടെ കണ്ടീഷനും മെച്ചപ്പെടാത്തതിനാല്‍ മൂന്നാമത്തെ വണ്ടിയും ആശുപത്രിയിലേക്ക് കുതിച്ചു.

           രക്തദാനം കഴിഞ്ഞ് എല്ലാവരെയും പിരിച്ചു വിട്ട ശേഷം ഞാനും ആശുപത്രിയിലെത്തി. അല്പ സമയം കഴിഞ്ഞ് ഒരു പെണ്‍കുട്ടിയെക്കൂടി കൊണ്ടു വന്നപ്പോള്‍ കാഷ്വാലിറ്റിയിലുള്ളവരുടെ സംസാരം ഞാന്‍ കേട്ടു - രക്തദാനം നടത്തിയതാ, കുറെ എണ്ണത്തിന് അങ്ങോട്ട് ഡ്രിപ്പും നല്‍കേണ്ടി വന്നു. അന്ന് വൈകിട്ട് ഏഴുമണി കഴിഞ്ഞാണ് അവസാനത്തെ ആളെയും ഡിസ്ചാര്‍ജ്ജ് ചെയ്ത് കോളേജ് ഹോസ്റ്റലില്‍ എത്തിച്ചത്.

          ഇന്ന് ഒരു ക്യാമ്പ് നടത്തണ്ടെ എന്ന് ചോദിച്ച് ആഴ്ചകള്‍ക്ക് മുമ്പ് ഒരു വിളി വന്നിരുന്നു. അന്നത്തെ അനുഭവത്തില്‍ നിന്നും ഞാന്‍ ഒരു പാഠം പഠിച്ചിരുന്നതിനാല്‍ സുല്ലിട്ട് പിന്മാറി. വനിതാ ദിനത്തില്‍ രക്തദാനം അത്ര നല്ല ആശയമല്ല എന്ന പാഠം പഠിപ്പിച്ച എല്ലാവര്‍ക്കും വനിതാ ദിനാശംസകള്‍.