Pages

Monday, August 31, 2020

നോൺ വെജിറ്റേറിയൻ സാമ്പാർ

ഏതൊരു NSS ക്യാമ്പിലെയും പ്രസ്റ്റീജ്യസ് കമ്മറ്റി എന്ന് പറയുന്നത് ഫുഡ് കമ്മിറ്റിയാണ്. നാളിതുവരെയായി അടുക്കളയിൽ കയറാത്ത ആൺകുട്ടികളും പെൺകുട്ടികളും ഒരുക്കുന്ന ക്യാമ്പ്ഫുഡിൽ ഒരു ദൈവീക സ്പർശം ഉണ്ടാകാറുണ്ട് എന്നാണ് എൻ്റെ അനുഭവം. ഇത് വരെ നടത്തിയ ഒരു ക്യാമ്പിലും ഞാൻ പുറത്ത് നിന്നുള്ള ഒരു പാചകക്കാരനെ അടുക്കള ഏല്പിച്ചിരുന്നില്ല. ഒരു ക്യാമ്പിലെയും ഭക്ഷണം മോശമായ ചരിത്രവും ഇല്ല.

ഓണത്തോടനുബന്ധിച്ച് നടന്ന ഒരു ത്രിദിന ക്യാമ്പിലെ ഫുഡ് കമ്മറ്റി ഹെഡ് ശരീഫ് ആയിരുന്നു. പാചക വിദ്യയെക്കാളും വാചകവിദ്യ ശരീഫിന് നന്നായി വഴങ്ങും. കമ്മറ്റി അംഗങ്ങളായി കൂടെയുള്ളത് റിയാസും അനീസും ജുംനയും റാഹിലയും ആയിരുന്നു.രാവിലെ ഉപ്പ് മാവ് ഉണ്ടാക്കിയതിൻ്റെ ക്ഷീണം മാറുന്നതിന് മുമ്പെ സദ്യ ഒരുക്കുന്നതിൻ്റെ തിരക്കിലേക്ക് കമ്മറ്റി അംഗങ്ങൾ ആഴ്ന്നിറങ്ങി.

"നീ ഈ വെണ്ട അരിയുന്നത് സാമ്പാറിൽ ഇടാനോ അതോ അച്ചാറിടാനോ? " ജുംന വെണ്ട കുഞ്ഞ് കുഞ്ഞ് കഷ്ണങ്ങളായി അരിയുന്നത് കണ്ട ശരീഫ് ചോദിച്ചു.

"എടീ ... സാമ്പാറിനുള്ള വെണ്ട ഹൊറിസോണ്ടലായി വച്ച് വെർട്ടിക്കലായി കട്ടണം" സിവിൽ ബ്രാഞ്ച് കാരനായ അനീസ് പറഞ്ഞു.

"എങ്ങനെ കട്ട് ചെയ്താലും വേണ്ടില്ല , കഷ്ണത്തിന് രണ്ടിഞ്ചെങ്കിലും നീളം വേണം...‌ " അടുപ്പിനടുത്ത് നിന്നും ഒരു കറുത്ത മുഖം മൊഴിഞ്ഞു.

"അല്ലടാ ... എന്താ അവിടെ കൊച്ചിൻ റിഫൈനറീസിൻ്റെ പുകക്കുഴലിലേക്ക് നോക്കിയ പോലെ ഫുൾ പൊഹ മാത്രം?"

" ഹെഡ് എന്നും പറഞ്ഞ് വെണ്ട അരിയുന്നിടത്ത് പഞ്ചാരക്ക് നിൽക്കാതെ ഇതൊന്ന് കത്തിക്കാൻ നോക്ക്... ഊതി ഊതി ശ്വാസകോശം കാലിയായി " റിയാസ് ശരീഫിനോട് പറഞ്ഞു.

"റാഹിലാ ... നീ ഫോണെടുത്ത് നിന്റെ ഉമ്മാനെ ഒന്ന് വിളിച്ച് നോക്ക്..." ശരീഫ് റാഹിലയോടായി പറഞ്ഞു.

"വെണ്ട മുറിക്കുന്നത് അനക്കറിയാം.. അതിന് ഉമ്മയെ ഒന്നും വിളിക്കണ്ട..."

"വെണ്ട മുറിക്കുന്നത് ചോദിക്കാനല്ല.. സാമ്പാറിൽ പുളി ഇടുന്നത് എപ്പഴാന്ന് ചോദിക്കാനാ..."

"അതും അനക്കറിയാം ... പതിനൊന്നര മണിയാകുമ്പളാ ഉമ്മ പുളി ഇടാറ്..."

"അൻ്റെ ഇമ്മാതിരി അറിവുകളാ രാവിലത്തെ ഉപ്പ് മാവ് വൈകുന്നേരത്തെ "ഗുൽഗുള " ആക്കാൻ കാരണം. - "

"അത് പിന്നെ ഒരു ചെമ്പ് വെള്ളത്തിലേക്ക് എത്ര ഉപ്പിടണം എന്ന് ചോദിക്കാൻ നീ പറഞ്ഞു... ഒന്നര പാക്കറ്റ് എന്നാ ഉമ്മ പറഞ്ഞത് ... ഞാനത് ഒന്നാക്കി കുറച്ചു ... എന്നിട്ടും.."

" ആ .... ഒന്നര പാക്കറ്റ് ഇട്ടിരുന്നെങ്കി എല്ലാര്ടിം മെഡുല്ല ഒബ്ലാങ്കട്ട ഇന്ന് കലങ്ങിനി..."

"അല്ലെങ്കിലും ചെമ്പിൻ്റെ വലിപ്പം പറയാതെ ഓൺലൈനിൽ പാചകം നടത്തിയാൽ ഇതൊക്കെ സാധാരണയാ.. " റാഹിലയും വിട്ടില്ല.

" അയ്യോ.. ഒര് കാര്യം മറന്നു ... " ബോധോദയം വന്ന പോലെ ജുംന പറഞ്ഞു.

"സാമ്പാറിൽ സാമ്പാർ പൊടി ഇടാനല്ലേ... അത് നീ മറക്കും എന്നത് കൊണ്ട് ഞാനാദ്യമേ വെള്ളത്തിൽ കലക്കി വച്ചിരുന്നു" ശരീഫ് പറഞ്ഞു.

"അല്ല ... ഉപ്പ് ... ഉപ്പ് ഇനി ഒട്ടും ഇല്ല .... "

"അയ്യോ... ആറ്റ് നോറ്റുണ്ടാക്കിയ സാമ്പാർ ഉപ്പില്ലാത്ത കഞ്ഞി പോലെ... " അനീസ് പരിതപിച്ചു.

"ഈ ഉപ്പ് മാവെടുത്ത് സാമ്പാറിൽ കലക്കിയാലോ?'' റിയാസ് ചോദിച്ചു.

"ഐഡിയ ഈസ് ഗുഡ്... നിൻ്റെ തല പുക കൊണ്ടത് മതി ... ഇങ്ങ് പോര്... അല്ലെങ്കി ഇനിയും പലതും ഞങ്ങൾ കേൾക്കണ്ടി വരും.. " ശരീഫ് റിയാസിനെ ഒന്ന് തോണ്ടി.

കമ്മറ്റി അംഗങ്ങൾ എല്ലാരും ഒത്തുകൂടി ഒരു പരിഹാരം തേടി. അവസാനം ശരീഫ് തന്നെ ഒരു പരിഹാരവുമായി എത്തി. അൽപസമയത്തിനകം തന്നെ സാമ്പാർ റെഡിയായി. ഊണും സാമ്പാറും, രാവിലത്തെ ഉപ്പ് കൂടിയ ഉപ്പ്മാവിൻ്റെ പേരുദോഷം മായ്ച്ചു കളഞ്ഞു.

രാത്രി ഡെയിലി  ഇവാല്വേഷൻ സമയത്ത്, സാമ്പാറിൽ ഉപ്പിട്ട കഥ ശരീഫ് അവതരിപ്പിച്ചു.

"പിറ്റേന്ന് ക്യാമ്പ് അവസാനിക്കുന്നതിനാൽ അടുക്കളയിൽ കണ്ട ഒരു പാക്കറ്റ് ഉണക്കചെമ്മീൻ പൊടി വേസ്റ്റാകും എന്ന് ഞാൻ മനസ്സിലാക്കി. ഒരു സാധനവും വേസ്റ്റാക്കരുത് എന്നാ നമ്മുടെ പ്രിയപ്പെട്ട പ്രോഗ്രാം ഓഫീസർ പഠിപ്പിച്ചത്. സാമ്പാറിലെ ഉപ്പിൻ്റെ കമ്മി നികത്താൻ ആ ഒരു പാക്കറ്റ് മതി താനും. പിന്നെ ഒന്നും ആലോചിച്ചില്ല... സാമ്പാറിലേക്ക് ചെമ്മീൻ പൊടിയങ്ങ് തട്ടി "

വെജിറ്റേറിയൻസും നോൺ വെജിറ്റേറിയൻസും ഒക്കെ ഉണ്ടായിരുന്ന ക്യാമ്പിലെ ആ സാമ്പാർ അങ്ങനെ ലോകത്തിലെ തന്നെ ആദ്യ നോൺ വെജിറ്റേറിയൻ സാമ്പാറായി.

12 comments:

Areekkodan | അരീക്കോടന്‍ said...

പ്രിയരേ,
മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങൾ ബൂലോകത്ത് 14 വര്ഷം തികക്കുകയാണ് . ഈ അവസരത്തിൽ എന്റെ 1400 മത് പോസ്റ്റ് സമർപ്പിക്കുന്നു.

Ameen Nallur said...

ക്യാമ്പ് ഓര്‍മ്മകള്‍ ❤️

Unknown said...

Ithu vayichappo ariyathey onnu aa campilottu ethiyappoley, vallatha oru manasukham, chemmin podi maathramalla ittirunathu sambarinu kashanangal thayayum vellam mukalillum aayi ninnappo athile vellam oyichu kalnju kanji vellam koode add cheythirunnu🤣🤣
Ennittu,enik nalla orma indu sir annu randu pravishyam sambarinte taste kondu chorh kayichathu😉😉, pinnedu angottu ente food coommiti il ellam njn ee trick thanneya cheythirunathu😃😃😃😁, ithellam vayikumbo pettannu nammude campilottu ethiyathu poley..🥰🥰 vaatha oru manasukam,orupad ormakal sammanicha sir inanu njangal nanni parayendathu ningale poley njn isttapetta oru sir ente life il verey illa love u lott🥰🥰

Unknown said...

ക്യാമ്പിലെത്തിയപോലെ... NSS ഉം ക്യാമ്പും ഒക്കെ എന്നും ഏറ്റവും പ്രിയപ്പെട്ട ഓർമ്മകൾ 😍😍

Areekkodan | അരീക്കോടന്‍ said...

ശരീഫ്.... നീ ഫുഡ് കമ്മിറ്റിയിൽ ആകുമ്പോൾ എല്ലാം എൻ്റെ മനസ്സിൽ ഈ സാമ്പാറും തിളക്കാൻ തുടങ്ങും. രസകരമായ ഓർമ്മകൾ സമ്മാനിച്ചതിനും അ സ്റ്റേഹത്തിനും ഒരു പാട് നന്ദി മനസ്സിൽ കാത്ത് വയ്ക്കുന്നു -

Areekkodan | അരീക്കോടന്‍ said...

അമീൻ ... അതെ, ഇങ്ങനെ എത്ര എത്ര കുഞ്ഞ് കുഞ്ഞ് രസങ്ങൾ

Areekkodan | അരീക്കോടന്‍ said...

അതെ, ഇപ്പോൾ ഇതൊക്കെ ഓർക്കുമ്പോൾ വല്ലാത്തൊരു സുഖം

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ആയിരത്തഞ്ഞൂറാമത്തെ ഈ പോസ്റ്റിന് നോൺ വെജിറ്റേറിയൻ സാമ്പാറിന്റെയല്ല രുചിയല്ല, അസ്സൽ അടപ്രഥമന്റെ മധുരമാണല്ലോ.. ആശംസകൾ

വീകെ. said...

അങ്ങനെയാണ് ചെമ്മീൻ സാമ്പാറു് ഉണ്ടായതല്ലെ..!
തല കാറ്റ് കൊള്ളിക്കണ്ടാ ട്ടോ... !!

Areekkodan | അരീക്കോടന്‍ said...

മുഹമ്മദ്ക്കാ... നന്ദി. 1500 അല്ല 1400 ആണ്.

Areekkodan | അരീക്കോടന്‍ said...

ഈ തല അങ്ങനെ പല കാറ്റും കൊണ്ടതാ വീ കെ ജി ...

Muralee Mukundan , ബിലാത്തിപട്ടണം said...

സാൾട്ട് മാങ്കോ ട്രീ ചെമ്മീൻ സാമ്പാർ ...!

Post a Comment

നന്ദി....വീണ്ടും വരിക