Pages

Friday, August 21, 2020

യുമ

ലോക്ക് ഡൗൺ തുടങ്ങി രണ്ട് മാസം കഴിഞ്ഞപ്പോഴാണ് ഒരു കെട്ട് പുസ്തകം അട്ടിമറിഞ്ഞ് എൻ്റെ കട്ടിലിൽ വീണത്. 2019 അവസാനത്തിൽ കോഴിക്കോട് നടന്ന ഒരു പുസ്തകമേളയിൽ നിന്ന് വാങ്ങിയവയായിരുന്നു അവ. മുഴുവൻ വായിച്ചിട്ടേ അലമാരിയിലേക്ക് കയറ്റൂ എന്ന തീരുമാനം കാരണം ബെഡ് റൂമിലെ ഷോക്കേസിൽ ലോക്ക്ഡ് ആയി പോയതായിരുന്നു ഈ പുസ്തകങ്ങൾ. എന്നാൽ കൂട്ടത്തിൽ പെടാത്ത ഒരു പുസ്തകം അൽപം മാറി  ക്വാറൻ്റയിനിൽ കിടക്കുന്നത് ശ്രദ്ധയിലേക്ക് പെട്ടെന്ന് ഇടിച്ച് കയറി. പുസ്തകത്തിൻ്റെ അപരിചിതമായ പേരും രചയിതാവിൻ്റെ സുന്ദരി ഫോട്ടോയും മാത്രമായിരുന്നില്ല അതിന് കാരണം. കഥാകൃത്ത് എൻ്റെ നാട്ടുകാരി തന്നെയാണെന്നതാണ്.

പതിനഞ്ച് കഥകളുടെ സമാഹാരമായ ഈ പുസ്തകത്തിലെ ആദ്യ കഥയാണ് യുമ.  " പപ്പാ ... പപ്പ ശരിക്കും ആനിനെ സ്നേഹിച്ചിരുന്നോ?" എന്ന ചോദ്യത്തോടെയുള്ള ആ തുടക്കം തന്നെ വായനക്കാരനെ കഥയിലേക്ക് പിടിച്ച് വലിക്കും. ലണ്ടനിൽ നിന്നും ഡാർജിലിംഗിൽ തിരിച്ചെത്തുന്ന ഒരു സായിപ്പിൻ്റെ കൗമാരക്കാലത്തേക്കുള്ള യാത്രയാണ് കഥയുടെ ഇതിവൃത്തം.

മൂന്നാമത്തെ കഥയായ 'അർവയെ തേടിയ ജനാലകൾ ' വായനക്കാരനിൽ വല്ലാത്തൊരു ആവേശമോ ആകാംക്ഷയോ എന്നറിയില്ല എന്തോ ഒരു അനുഭൂതി കോരി ഇടും. കോളേജിൽ ഒപ്പം പാടിയിരുന്ന വിദേശി സുഹൃത്തിനെ മിഡിൽ ഈസ്റ്റിലേക്കുള്ള യാത്രയിൽ കാണാൻ ആഗ്രഹിക്കുന്നതും നടക്കാതെ പോയ സ്വപ്നം അവസാന ദിവസത്തെ കപ്പൽ യാത്രയിൽ അപ്രതീക്ഷിതമായി പുലരുന്നതും കഥാകാരിയുടെ നെഞ്ചിടിപ്പായി വായനക്കാരന് അനുഭവപ്പെടും.

പതിനഞ്ച് കഥകളിലും സ്ത്രീ സാന്നിദ്ധ്യം ശ്രദ്ധേയമാണ് . മിക്ക കഥകളും സ്ത്രീയെപ്പറ്റി തന്നെയാണ്. അതിലേറെ ആകർഷണീയവും എടുത്ത് പറയേണ്ടതുമായ കാര്യം  കഥ ചുരുളഴിക്കുന്ന രചയിതാവിൻ്റെ കഴിവാണ്. യാത്ര പോകുന്ന സ്ഥലങ്ങളെ ബന്ധപ്പെടുത്തി അവിടത്തെ ഒരു പഴയ സംഭവം പൊടി തട്ടി കഥയാക്കി മാറ്റി എടുക്കുന്ന ആ രചനാശൈലി വളരെ ഹൃദ്യമായി തോന്നി. ഇതേ കഥാകാരിയുടെ "പ്രവാചകൻ്റെ കണ്ണുകൾ " എന്ന പുസ്തകവും സ്വന്താനുഭവങ്ങളുടെ ഒരു ഉള്ള് തുറക്കലായിരുന്നു. എല്ലാ കഥകളും ഇഷ്ടമായില്ലെങ്കിലും ഒരു പിടി നല്ല കഥകളുടെ സമാഹാരം തന്നെയാണ് യുമ.

പുസ്തകം : യുമ 
രചയിതാവ് : നിഗാർ ബീഗം 
പ്രസാധകർ : ഹരിതം  ബുക്‌സ് 
പേജ് : 98
വില : 100 രൂപ

5 comments:

Areekkodan | അരീക്കോടന്‍ said...

യാത്ര പോകുന്ന സ്ഥലങ്ങളെ ബന്ധപ്പെടുത്തി അവിടത്തെ ഒരു പഴയ സംഭവം പൊടി തട്ടി കഥയാക്കി മാറ്റി എടുക്കുന്ന ആ രചനാശൈലി വളരെ ഹൃദ്യമായി തോന്നി.

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

യുമ.. വ്യത്യസ്തമായ ആകാക്ഷയുളവാക്കുന്ന പേര്..പരിചയപ്പെടുത്തലും നന്നായി.

Areekkodan | അരീക്കോടന്‍ said...

മുഹമ്മദ്ക്കാ...അതെ, അപരിചിത്വം കൊണ്ട് ശ്രദ്ധേയമായ പേര്

Muralee Mukundan , ബിലാത്തിപട്ടണം said...

നല്ല പരിചയപ്പെടുത്തൽ

Areekkodan | അരീക്കോടന്‍ said...

മുരളിയേട്ടാ...നന്ദി

Post a Comment

നന്ദി....വീണ്ടും വരിക