Pages

Friday, May 29, 2020

മൂവാണ്ടൻ മാവിൻ നെറുകയിൽ

       ഒട്ട് മാവിൽ ഉണ്ണിമാങ്ങ പിടിക്കാൻ തുടങ്ങിയ സമയത്ത് തന്നെ തൊട്ടടുത്തുള്ള മൂവാണ്ടൻ മാവിലും കണ്ണിമാങ്ങ പിടിച്ചിരുന്നു. കഴിഞ്ഞ വർഷത്തെ അത്രയും പൂക്കൾ ആദ്യഘട്ടത്തിൽ കണ്ടില്ലെങ്കിലും അപ്പഴും ഇപ്പഴും ഒക്കെയായി പെട്ടെന്ന് കാണുന്ന ഭാഗങ്ങളിൽ എല്ലാം പൂക്കുലകൾ നിറഞ്ഞിരുന്നു. അവ എല്ലാം കണ്ണിമാങ്ങയായി മാറുകയും ചെയ്തു. പക്ഷെ Survival of the fittest എന്ന പ്രകൃതി നിയമത്തിൽ അവയിൽ പലതും ഞെട്ടറ്റ് വീണു.

            കണ്ണിമാങ്ങ പ്രായം കഴിഞ്ഞവരും താഴേക്ക് വീഴാൻ തുടങ്ങിയതോടെ മനസ്സിൽ ഒരു ആശങ്ക നിറഞ്ഞു. നമുക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലെങ്കിലും നന്നായി വെള്ളമൊഴിച്ച് കൊടുക്കാൻ തുടങ്ങി. അതോടെ കണ്ണിമാങ്ങ വീഴ്ച്ചയും കുറഞ്ഞ് കുറഞ്ഞ് വന്നത് ഞാൻ നിരീക്ഷിച്ചു മനസ്സിലാക്കി. ശേഷം  രണ്ട് മാവുകൾക്കും വെള്ളം സുലഭമായി നൽകിത്തുടങ്ങി.

            മൂവാണ്ടൻ മാവിൽ കയ്യെത്തും ഉയരത്തിലും ഒട്ടുമാവിൽ കാലെത്തും ഉയരത്തിലും ആയിരുന്നു മാങ്ങകൾ ഉണ്ടായിരുന്നത്. ഒരു ഭാഗത്തെ മാങ്ങകൾ അത്യാവശ്യം മൂപ്പെത്തിയപ്പോഴേക്കും അതേ കൊമ്പിൽ ഉണ്ണിമാങ്ങകൾ വീണ്ടും വിരിഞ്ഞ് തുടങ്ങിയതും കണ്ടു. കഴിഞ്ഞ വർഷം മുതലാണ് ഈ സ്വഭാവ വ്യത്യാസം കണ്ടു തുടങ്ങിയത്. 

           മാങ്ങ വലുതായതോടെ ഞെട്ടറ്റ് വീഴലും നിന്നു. ഏപ്രിൽ 27 ന് മൂവാണ്ടൻ മാവിൻ നെറുകയിൽ ഒരണ്ണാൻ ചിലച്ചപ്പോൾ , ആദ്യത്തെ  പഴുത്ത മാങ്ങ താഴെ വീണു. പിന്നീട് രണ്ട് ദിവസം വീതം ഇടവിട്ട് നാല് തവണ മാങ്ങ പറിച്ചപ്പോഴാണ് മാങ്ങയുടെ എണ്ണത്തിൽ നിലവിലുള്ള റിക്കാർഡ് തകർത്തത് തിരിച്ചറിഞ്ഞത്. ഇത് വരെ നൂറ്റമ്പതോളം മാങ്ങ കിട്ടി. 
            പതിവ് പോലെ, ബന്ധുക്കളും  അയൽവാസികളും സുഹൃത്തുക്കളും ഒക്കെയായി ഈ വർഷവും  ഇരുപതോളം കുടുംബം ഞങ്ങളുടെ മാങ്ങയുടെ രുചി അറിഞ്ഞു. എല്ലാവരോടും ഒരു അണ്ടിയെങ്കിലും മുളപ്പിച്ച്  നട്ടു വളർത്താൻ അപേക്ഷിക്കുകയും ചെയ്തു. ഇനി അടുത്ത വൃശ്ചികം വരെ കാത്തിരിപ്പാണ് , മാവ് വീണ്ടും പൂക്കാൻ. മൂവാണ്ടൻ മാവിൻ നെറുകയിൽ ഒരണ്ണാൻ വീണ്ടും ചിലക്കാൻ.

Sunday, May 24, 2020

ഒട്ടുമാവിൽ നിന്നൊരു കൊട്ട മാങ്ങ

                 2014 എന്ന വർഷത്തിൻ്റെ പ്രത്യേകത പലർക്കും ഓർമ്മയുണ്ടാകാൻ സാധ്യതയില്ല . അതിന് ആരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. കാരണം ഓരോ വർഷവും നമുക്ക് പുതിയ പുതിയ അനുഭവങ്ങൾ സമ്മാനിക്കുമ്പോൾ പഴങ്കഥകൾ നാം മറക്കും. കൊറോണയോ പ്രളയമോ പോലെ അത്ര വലിയ പ്രശ്നങ്ങളോ സങ്കീർണ്ണതകളോ 2014 സമ്മാനിച്ചിട്ടില്ലാത്തതിനാൽ ഓർമ്മയിൽ നിലനിൽക്കാനും സാധ്യതയില്ല. ഏതായാലും 2014 ൻ്റെ പ്രത്യേകത മറ്റൊന്നുമല്ല, ഐക്യരാഷ്ട്ര സഭ അന്താരാഷ്ട്ര കുടുംബ കൃഷി വർഷമായി പ്രഖ്യാപിച്ച വർഷമായിരുന്നു അത്. വിഷരഹിത പച്ചക്കറി ഉൽപാദനത്തിന് സ്വന്തം വീട്ടിൽ അടുക്കളത്തോട്ടം ഉണ്ടാക്കിയും നാഷണൽ സർവ്വീസ് സ്കീമിലൂടെ കാമ്പസ് പച്ചക്കറിത്തോട്ടം എന്ന ആശയം നടപ്പിലാക്കിയും വന്നിരുന്ന എനിക്ക് ആ പ്രഖ്യാപനം ഏറെ ഹൃദ്യമായി. ഒപ്പം എൻ്റെ പ്രവർത്തനങ്ങൾക്കുള്ള അധിക ഊർജ്ജവും അതിലൂടെ കിട്ടി.

                2014 ലെ 364-ാം ദിവസം ഞാൻ കുടുംബ സമേതം തന്നെ ആ വർഷത്തിന് ഒരു യാത്രയയപ്പ് ഒരുക്കി. കൃഷി ഭവനിൽ നിന്നും സൗജന്യമായി ലഭിച്ച ഒരു ഒട്ടുമാവിൻ തൈ (ഐറ്റം ഏതെന്ന് അന്നും ഇന്നും തിരിഞ്ഞിക്കില്ല) മുറ്റത്ത് നട്ടു പിടിപ്പിച്ചായിരുന്നു ഞങ്ങൾ ആ വിടവാങ്ങൽ ചടങ്ങ് നടത്തിയത്. മൂന്നോ നാലോ വർഷങ്ങൾ കൊണ്ട് കായ്ക്കുമെന്നായിരുന്നു പ്രതീക്ഷ. മാങ്ങ ഏറെ ഉപയോഗപ്പെടുത്തുന്ന പരിശുദ്ധ റംസാൻ മാസം  നാല് വർഷങ്ങൾക്ക് ശേഷം മെയ് മാസത്തിൽ ആഗതമാകും എന്നും അന്ന് ഈ മാവിൽ നിന്ന് മാങ്ങ പറിക്കാമെന്നും ഞാൻ മക്കളോട് പറഞ്ഞു.

                 ആദ്യ വർഷം മാവിൻ്റെ സ്ഥിതി വളരെ ശോചനീയമായിരുന്നു. വേരുകൾക്ക് അതിർവരമ്പിടുന്ന കവറിൽ നിന്നും അതിരുകളില്ലാത്ത ഭൂമിയിൽ വേരൂന്നിയതിൻ്റെ ഒരു ലക്ഷണവും അവൾ കാണിച്ചില്ല. തൊട്ടടുത്ത വർഷം മുറ്റത്ത് ചെറിയൊരു തടം കെട്ടിയപ്പോൾ മാവിനെ അതിനുള്ളിലാക്കി. പക്ഷേ, മാവിൻ്റെ ഒട്ടിച്ച ഭാഗം മണ്ണിനടിയിൽ പോകും എന്ന കാരണത്താൽ മുരടിൽ മണ്ണിടാൻ പറ്റിയില്ല. പകരം ചുറ്റും മണ്ണിട്ട് മുരട് കുഴിയാക്കി നിർത്തി. വെള്ളം ഒഴിക്കുമ്പോൾ അതിനെ തടഞ്ഞ് നിർത്താൻ ഇത് സഹായകമായി. അതോടെ മാവ് ഉയരാനും തുടങ്ങി.

             എൻ്റെ പ്രതീക്ഷകൾക്ക് ചിറക് മുളപ്പിച്ചു കൊണ്ട് 2018-ലെ മഞ്ഞുകാലത്ത് അവൾ പുഷ്പിണിയായി. വളരെ കുറച്ച് പൂക്കൾ മാത്രമേ മഞ്ഞിൽ വിരിഞ്ഞുള്ളു. അതിൽ തന്നെ കണ്ണിമാങ്ങയായത് അംഗുലീ പരിമിതവും. അവ മുഴുവൻ വലുതാവുന്നതിന് മുമ്പേ ഭൂമിയെ ചുംബിക്കുകയും കൂടി ചെയ്തതോടെ ആ വർഷത്തെ റംസാനിലെ മാങ്ങ മുറ്റത്തെ മൂവാണ്ടനിൽ നിന്ന് തന്നെയാക്കി.

            2019ലെ വൃശ്ചികം പുലർന്നപ്പോഴേക്കും മുറ്റത്തെ ഒട്ടുമാവും മൂവാണ്ടൻ മാവും കായികമായി ഏറെ പുഷ്ടിപ്പെട്ടിരുന്നു. പക്ഷെ , പ്രളയവും തുടർന്നുള്ള കാലാവസ്ഥാ വ്യതിയാനങ്ങളും ആവാം, മാവ് രണ്ടും പൂത്തില്ല. പക്ഷെ ധനുമാസക്കുളിരിൽ രണ്ട് മാവുകളും പൂത്തുലഞ്ഞപ്പോൾ എൻ്റെ മനസ്സിലും കുളിര് പൂത്തു. പൂക്കൾ ഉണ്ണിയായും ഉണ്ണി കണ്ണിയായും കണ്ണി വണ്ണിയാവുന്നതും ഞാനും കുടുംബവും പ്രതീക്ഷയോടെ നിരീക്ഷിച്ചു. മാങ്ങ വലുതായി വന്നപ്പോൾ അതിന് താഴെ കൂടി പോകുന്ന പൂച്ചയുടെ തലയിൽ വരെ തട്ടും എന്ന അവസ്ഥയായി. അതിനെ സംരക്ഷിക്കേണ്ടത് മേൽ പറഞ്ഞ ജന്തുക്കൾക്ക് പുറമേ നാലാം വയസ്സിൻ്റെ നട്ടപ്പിരാന്ത് കാണിക്കുന്ന എൻ്റെ മകനിൽ നിന്നും അയൽപക്കത്തെ വേറെ രണ്ട് നാല് വയസ്സ്കാരിൽ നിന്നും!! അങ്ങനെ ആ കാലവും കഴിഞ്ഞതോടെ മുപ്പതോളം മാങ്ങകൾ ബാക്കിയായി. അവ വലുതാകുന്തോറും മാവിൻ്റെ ചില്ല മഴവില്ല് പോലെ വളയാനും തുടങ്ങി. അവസാനം ഒരു മാങ്ങ മണ്ണിൽ കിടന്ന് വളരാനും തുടങ്ങി.

               അത്യാവശ്യത്തിലധികം മൂപ്പെത്തി എന്ന് മാങ്ങയുടെ നിറം മാറ്റം വിളിച്ചോതിയതും വേനൽമഴ സറപറ പെയ്യാൻ തുടങ്ങിയതും ഒരുമിച്ചായിരുന്നു. അങ്ങനെ ആദ്യ ബാച്ചിനെ മരത്തിൽ നിന്നും കൊട്ടയിലാക്കി. ആറ് മാങ്ങകൾ വെറുതെ ഒന്ന് തൂക്കി നോക്കി - 2 കിലോ ! മൂന്നാം ദിനം മാങ്ങ പഴുക്കുകയും ചെയ്തു. ഫലമാംസ നിബിഡമായ മാങ്ങയുടെ രുചി വിവരണാതീതം. ആറ്റ് നോറ്റ് നനച്ച് വളർത്തിയ മാവിലെ മാങ്ങകൾ ഈ വർഷത്തെ റംസാൻ വ്രതങ്ങൾ അവസാനിപ്പിക്കുന്ന സമയത്ത് ഞങ്ങളുടെ ആമാശയങ്ങൾക്ക് ആശ്വാസമേകി. കുടുംബ കൃഷി വർഷത്തിൽ വച്ച മാവിൽ നിന്ന് അതിമധുരം വിതറുന്ന മാങ്ങ തന്നെ കിട്ടിയതിൽ കുടുംബം ഒന്നടങ്കം സന്തോഷം കൊള്ളുന്നു.... ദൈവത്തിന് സ്തുതി.

Saturday, May 23, 2020

കൊറോണക്കാലത്തെ പെരുന്നാൾ

        48 വർഷമായി ഈ ഭൂമിയിൽ ജീവിതം ആരംഭിച്ചിട്ട്. ദൈവാനുഗ്രഹത്താൽ ഓർമ്മ വച്ച നാൾ മുതൽ എല്ലാ പെരുന്നാളും ആഘോഷിച്ചിട്ടുമുണ്ട്. പക്ഷെ, നാളത്തെ ചെറിയ പെരുന്നാൾ - അത് ഒരായുസ്സിൽ അപൂർവമായി സംഭവിക്കുന്ന ഒന്നാണ്. വെള്ളിയാഴ്ചകളിലെ ജുമുഅ ഇല്ലാതെ, പള്ളിയിലെ കൂട്ട നമസ്കാരങ്ങൾ ഇല്ലാതെ പുണ്യങ്ങളുടെ പൂക്കാലമായ റംസാൻ മാസം കടന്നു പോയി. ശവ്വാലമ്പിളി വാനിൽ വിരിഞ്ഞപ്പോഴും കൊറോണ ഭൂമിയിൽ താണ്ഡവം തുടരുകയാണ്. ആയതിനാൽ പെരുന്നാൾ നമസ്കാരവും വീട്ടിൽ വച്ച് നിർവഹിക്കുന്ന എൻ്റെ ജീവിതത്തിലെ ആദ്യത്തെ പെരുന്നാൾ.

          എങ്കിലും ഞാൻ ദൈവത്തോട് നന്ദി പറയുന്നു - അൽഹംദുലില്ലാഹ്. കോവിഡ് ബാധിച്ച് ജീവിതത്തിൻ്റെയും മരണത്തിൻ്റെയും ഇടയിൽ നിൽക്കുന്ന നിരവധി മനുഷ്യരിൽ ദൈവം എന്നെ ഉൾപ്പെടുത്തിയില്ല. ജോലി നഷ്ടപ്പെട്ട് അരക്ഷിതാവസ്ഥയിലായി കുടുംബത്തോടൊപ്പം, കിലോമീറ്ററുകളോളം നടന്ന് നാട്ടിലേക്ക് എത്താൻ ശ്രമിക്കുന്ന നിസ്സഹായരായ ആൾക്കാരിലും ദൈവം എന്നെ കൂട്ടിയില്ല. നാട്ടിലെത്തിയിട്ടും ഈ വിശേഷ ദിനത്തിൽ സ്വന്തം ബന്ധുക്കളെ ഒരു നോക്ക് കാണാൻ പറ്റാതെ വിവിധ ക്വാറൻ്റയിൻ കേന്ദ്രങ്ങളിൽ കഴിയുന്നവരുടെ കൂട്ടത്തിലും ദൈവം എന്നെ ചേർത്തില്ല.

          ആഘോഷങ്ങൾ മുടങ്ങി എങ്കിലും ജീവിതം മുടങ്ങിയില്ല. ഈ ദിവസങ്ങളും കടന്ന് പോകും. ആഘോഷങ്ങൾക്ക് അർദ്ധവിരാമമേ ഇടുന്നുള്ളു. നാളെയുടെ പുലരി പ്രതീക്ഷകൾ നിറച്ചാണ് എന്നും കടന്ന് വരുന്നത്. ആ പ്രതീക്ഷകൾ തന്നെയാണ് ജീവിതത്തെ സന്തോഷത്തോടെ മുന്നോട്ട് നയിക്കുന്നതും.

           കോവിഡിൻ്റെ ആദ്യ നാളുകളിലാണ് ഹിന്ദു സഹോദരന്മാരുടെ വിഷു എത്തിയത്. അവരത് ആഘോഷിച്ചില്ല. പിന്നാലെ ക്രിസ്ത്യൻ സഹോദരരുടെ ഈസ്റ്റർ വന്നു. അവരും ആഘോഷങ്ങളിൽ നിന്ന് വിട്ടുനിന്നു. ഇപ്പോൾ മുസ്ലിം സഹോദരന്മാരുടെ പെരുന്നാളും എത്തി. അവരും ആഘോഷം ഒഴിവാക്കി. പ്രകൃതിയുടെ ഒരു കാവ്യനീതി സമൂഹത്തിൽ പുലരുന്ന അപൂർവമായ ഈ കാഴ്ച കൂടി മനുഷ്യൻ്റെ കണ്ണ് തുറപ്പിക്കട്ടെ..

എല്ലാവർക്കും ഈദാശംസകൾ നേരുന്നു.

പ്രഥമ മാസീവ് ഓപ്പൺ ഓൺലൈൻ കോഴ്സ്

              ലോക് ഡൗൺ കാലത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്താൻ നിരവധി മാർഗ്ഗങ്ങൾ മുന്നിലുണ്ടായിട്ടും വെറുതെ സമയം കളഞ്ഞവർ നിരവധിയാണ്. പലരും പലതും ചെയ്തതിൻ്റെ വിജയഗാഥകൾ, ഇപ്പോൾ അത്തരക്കാരുടെ മനസ്സിൽ ചെറിയ ചെറിയ പോറലുകൾ ഏല്പിക്കുന്നുണ്ട്.

           കഴിഞ്ഞ പത്ത് വർഷമായി, വിഷ രഹിത പച്ചക്കറി ഉൽപാദനത്തിന് എന്നെക്കൊണ്ട് സാധിക്കുന്ന വിധത്തിൽ എല്ലാ പ്രോത്സാഹനങ്ങളും ചെയ്ത് വരുന്നുണ്ട്. വീട്ടിലും സ്വന്തമായി അടുക്കത്തോട്ടം എല്ലാ വർഷവും ഉണ്ടാക്കാറുണ്ട്. ലോക്ക് ഡൗൺ കാരണം ധാരാളം സമയം കിട്ടിയതിനാൽ ഉള്ള സ്ഥലത്ത് മാക്സിമം ചെടികൾ വയ്ക്കാനും ഇതോടനുബന്ധിച്ചുള്ള നിരവധി മത്സരങ്ങളിൽ പങ്കെടുക്കാനും ഇത്തവണ സാധിച്ചു. മത്സരങ്ങളിൽ ചിലത് ഫലം വന്നു, ചിലത് തുടരുന്നു.

             കൃഷി മത്സരങ്ങളിൽ പങ്കെടുത്തതിലൂടെയും അതിന് മുമ്പെ തുടങ്ങിയ കൃഷി പ്രവർത്തനങ്ങളിലൂടെയും ലോക്ക് ഡൗൺ കാലത്ത് വീട്ടിലേക്കാവശ്യമായ പച്ചക്കറികൾ മിക്കതും മുറ്റത്ത് നിന്ന് തന്നെ കിട്ടി . പയറും വഴുതനയും മത്സരിച്ച് കായ്ച്ചപ്പോൾ ചീര എതിരാളിയില്ലാതെ വളർന്നു. തക്കാളിയും വെണ്ടയും അത്യാവശ്യത്തിന് കിട്ടി.അൽപമെങ്കിലും,   ഞാനിന്നേ വരെ നടാതിരുന്ന മഞ്ഞളും മാങ്ങഇഞ്ചിയും വളർന്ന് വരുന്നു.

             ഇതിനിടയിലാണ് കേരള കാർഷിക സർവകലാശാല "രോഗ-കീട നിയന്ത്രണം, ജൈവ-ജീവാണു മാർഗ്ഗങ്ങളിലൂടെ" എന്ന വിഷയത്തിൽ ഒരു മാസത്തെ മാസീവ് ഓപ്പൺ ഓൺ ലൈൻ കോഴ്സ് (MOOC) ആരംഭിക്കുന്ന വിവരം അറിഞ്ഞതും അതിൽ ജോയിൻ ചെയ്തതും. ഒന്നിടവിട്ട ദിവസങ്ങളിലായി പത്ത് സെഷനുകൾ ഉണ്ടായിരുന്നു. വീഡിയോ ക്ലാസുകൾ അറ്റൻഡ് ചെയ്ത ശേഷം അതിൻ്റെ ക്ലാസ്സ് നോട്ടും ഞാൻ അതാത് ദിവസം തന്നെ ഡൗൺലോഡ് ചെയ്ത് വച്ചു. ക്ലാസ് പൂർത്തിയായപ്പോൾ നിരവധി പേർ നോട്സ് ആവശ്യപ്പെട്ടുകൊണ്ട് ചർച്ചാ വേദിയിൽ വന്നു. മെയിലിലും വാട്സാപ്പിലും ബന്ധപ്പെട്ടവർക്കെല്ലാം നോട്സ് അയച്ചുകൊടുത്തതിലൂടെ സമൂഹത്തിൻ്റെ വിവിധ തുറകളിൽപ്പെട്ടവരുമായി ഒരു ബന്ധം സ്ഥാപിക്കാനും ഈ കോഴ്സ് ഉപകരിച്ചു.

            ഇന്ന് പ്രസ്തുത കോഴ്സിൻ്റെ ഓൺലൈൻ പരീക്ഷയും കഴിഞ്ഞു. 25-ൽ 22 മാർക്കോടെ അതും പാസായ വിവരം സന്തോഷപൂർവം അറിയിക്കുന്നു. 

Sunday, May 17, 2020

കഥകളതിസാന്ത്വനാനന്തരം - 2

കഥകളതിസാന്ത്വനാനന്തരം - 1

മോഡൽ ചോദ്യം നോക്കാനായി അത് ഡൗൺലോഡ് ചെയ്ത മകളുടെ പ്രതികരണം ഉടൻ വന്നു.
"ഇത് കറുപ്പിക്കുന്ന ചോദ്യമല്ലല്ലേ ഉപ്പച്ചി... "

"വെറുപ്പിക്കുന്ന ചോദ്യം എന്തിനാ മോളോ ....."

"കറുപ്പിക്കുന്ന ചോദ്യം ... എന്ന് വച്ചാൽ A B C D എന്ന് മാർക്ക് ചെയ്യുന്നത് ... അതല്ലേ ന്യൂ ജൻ രീതി. ഇത് നിങ്ങൾ തന്നെ എഴുതിക്കോ.. ഞാനില്ല''
അവളും പിൻ വാങ്ങിയതോടെ നാലാമത്തെ 3000വും വീണിതല്ലോ കിടക്കുന്നു ധരണിയിൽ...

"എടിയേ... മോഡൽ ചോദ്യം വന്നിട്ടുണ്ട് .. " ഞാൻ ഭാര്യയോട് പറഞ്ഞു.

"മോഡൽ ചോദ്യമോ? എന്തിൻ്റെ?" ഞാൻ പ്രതീക്ഷിച്ച ചോദ്യം തന്നെ അവളിൽ നിന്ന് കിട്ടി.

" അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൻ്റെ .." എനിക്ക് കലികയറി.

"ഓ ... അത് നിങ്ങൾക്ക് തന്നെയാ നല്ലത്... വിഡ്ഢിവേഷം കെട്ടാൻ നിങ്ങളാ സൂപ്പർ."

"കഥകളി .... കഥകളി തി .... കഥകളതിസാന്ത്വനം..... വായനാ മത്സരത്തിൻ്റെ  ചോദ്യങ്ങളാടീ വന്നത് "

" നിങ്ങളാദ്യം ആ വായനാ മത്സരത്തിൻ്റെ പേര് വായിക്കാൻ പഠിക്ക് മനുഷ്യാ.. "

"ആ... ഞാനൊരു ചോദ്യം വായിക്കാം... "

"ങാ... കേൾക്കാം... വോള്യം കുറച്ച് കുട്ടി വിട്ടോളൂ."

" കാരൂരിൻ്റെ കഥകൾ യാഥാർത്ഥ്യത്തിൻ്റെ പ്രകാശനമാണ് ....ജീവിതമെന്ന കടുത്ത വേനലിൻ്റെ ചിത്രകമാണ്. "

" എന്ത് ? എന്താക്കെ... "

" മുഴുവൻ വായിക്കട്ടെ.''

" ആ... "

"അരഞ്ഞാണം എന്ന കഥയിലെ റിക്ഷാക്കാരൻ വേലുവിൻ്റെ ജീവിതം ഈ കഥ എഴുതപ്പെട്ട കാലത്തിൻ്റെ തീക്ഷ്ണ വേദനകളെ എത്രത്തോളം പ്രതിഫലിപ്പിക്കുന്നു?"

"ചോദ്യം കഴിഞ്ഞോ ?"

"ആ ചോദ്യം കഴിഞ്ഞു ... "

"അതേയ്... ഈ മത്സരത്തിൽ പങ്കെടുക്കുന്നതിലും നല്ലത് പി ജി മലയാളത്തിന് രജിസ്റ്റർ ചെയ്യുന്നതാ.. ഒരു പി ജി കൂടി കയ്യിലാവും"

"എടീ.. അപ്പോ നീയും !! " അടുത്ത 3000 വും ഗോപി.

യുദ്ധക്കളത്തിൽ ഒറ്റക്കായാലും അവസാനം വരെ പൊരുതുന്നവനാണ് വില്ലാളി വീരൻ ചന്തു എന്ന ഡയലോഗ് (ആരും കേട്ടിട്ടുണ്ടാവില്ല ) മനസ്സിൽ വന്നതിനാൽ ഞാൻ പൊരുതാൻ തന്നെ തീരുമാനിച്ചു.

ഏപ്രിൽ 25ന് മത്സരദിനത്തിൽ ചോദ്യങ്ങളുടെ നീണ്ട നിര എത്തി. വെള്ളപ്പേപ്പറിൽ വിസ്തരിച്ച് ഉത്തരമെഴുതേണ്ട 20 ചോദ്യങ്ങൾ !! ഒന്നാമത്തെ ചോദ്യം ഞാൻ വായിച്ചു നോക്കി.

" ഇംഗ്ലീഷ് നോവലിസ്റ്റായ ഗ്രഹാം ഗ്രീൻ പറഞ്ഞിട്ടുണ്ട് - രചന ഒരു ചികിത്സയാണ്, അതൊരു രോഗശമന മാർഗ്ഗവുമാണ്. ബഷീറിൻ്റെ നീലവെളിച്ചത്തിൽ കടന്ന് വരുന്ന വിഭ്രാത്മക ദൃശ്യങ്ങളും വ്യാഖ്യാന ലളിതമല്ലാത്ത പദസംഘാതങ്ങളും മേൽ കൊടുത്ത പരാമർശത്തിൻ്റെ വെളിച്ചത്തിൽ വിശദീകരിക്കുക "

ചോദ്യങ്ങൾ എല്ലാം വായിച്ച് എനിക്ക് തോന്നിയ ഉത്തരങ്ങൾ എഴുതിയ ശേഷം സൈറ്റിലേക്ക് കയറ്റി വിട്ടു. അനന്തരം ഭാര്യ പറഞ്ഞ പോലെ  മലയാളത്തിന് രജിസ്റ്റർ ചെയ്യാൻ നേരെ അക്ഷയ സെൻ്ററിലേക്ക് പോയി. കഥകളതിസാന്ത്വനത്തിൻ്റെ 18000 രൂപ മനസ്സിൽ നിന്ന് മണ്ണിലും രജിസ്ട്രേഷൻ്റെ 1000 രൂപ കയ്യിൽ നിന്ന് യൂനിവേഴ്സിറ്റി അക്കൗണ്ടിലും പതിച്ചതോടെ സാന്ത്വനം പരിപൂർണ്ണമായി.

Thursday, May 14, 2020

കഥകളതിസാന്ത്വനാനന്തരം - 1

          അക്ഷര സ്നേഹികൾക്കായി കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ കഥകളതിസാന്ത്വനം എന്ന പേരിൽ ഒരു ഓൺലൈൻ വായനാ മത്സരം (ഈ പേര് വായിക്കാൻ തന്നെ ഞാൻ അല്പം ബുദ്ധിമുട്ടി) സംഘടിപ്പിക്കുന്നതിൻ്റെ അറിയിപ്പ് ,നാട്ടിലെ പ്രധാന ലൈബ്രറിയായ YMA യുടെ തലൈവരിൽ നിന്നും ഒരു സുപ്രഭാതത്തിൽ എനിക്ക് ലഭിച്ചു. 16 വയസ്സ് വരെയുള്ളവർ, 17 മുതൽ 50 വയസ്സ് വരെയുള്ളവർ , 51 വയസ്സിന് മുകളിലുള്ളവർ എന്നിങ്ങനെ മൂന്ന് ഗ്രൂപ്പുകളിലായിട്ടായിരുന്നു മത്സരം. ഓരോ ഗ്രൂപ്പിലും അഞ്ച് വിജയികൾക്ക് 3000 രൂപ വീതം സമ്മാനം എന്ന് കൂടി കണ്ടതോടെ ഈ കഥകളിയിൽ പങ്കെടുക്കണം എന്ന് ഞാൻ തീരുമാനിച്ചു. വീട്ടിലെ മൂന്ന് പേർ ആദ്യ വിഭാഗത്തിലും മൂന്ന് പേർ രണ്ടാം വിഭാഗത്തിലും വരുന്നതിനാൽ 6 x 3000 = 18000 രൂപ ഒരു വായനയിലൂടെ കിട്ടാണെങ്കിൽ ലോക്ക് ഡൗൺ മെറി ആൻ്റ് ഖുഷി ആക്കാമെന്ന് മനസ്സ് മന്ത്രിച്ചു. കുടുംബത്തിലെ ഏറ്റവും ചെറിയ അംഗത്തിന് ABCD അല്ലാതെ മറ്റൊന്നും വായിക്കാനറിയാത്തതിനാൽ ഒരു 3000 അടുത്ത നിമിഷം തന്നെ ആവിയായി.

                മത്സര വായനക്ക് ലിസ്റ്റ് ചെയ്ത പുസ്തകങ്ങളിൽ ബാലഭൂമിയും ബാലരമയും ഇല്ലാത്തതിനാൽ ഒന്നാം ഗ്രൂപ്പിലെ രണ്ടാമത്തവളും വാക്കൗട്ട് നടത്തി. ഒരു 3000 കൂടി ഗ്യാസാകുന്നത് ഞാനറിഞ്ഞു. പ്രസ്തുത ഗ്രൂപ്പിൽ എൻ്റെ ഫാമിലിയിൽ നിന്നുള്ള ഏക മത്സരാർത്ഥിയായി രണ്ടാമത്തെ മകൾ രജിസ്റ്റർ ചെയ്തു.

           17 വയസ്സ് മുതലുള്ളവരുടെ ഗ്രൂപ്പിൽ ഞാനും ഭാര്യയും മൂത്ത മകളും ഉൾപ്പെടും. വായനാപുസ്തകങ്ങളുടെ ലിസ്റ്റ് വായിച്ചപ്പോൾ മൂത്ത മോളും റ്റാറ്റ പറഞ്ഞു - ഒരു 3000 കൂടി സ്വാഹ.
ഇനി ഭാര്യയുടെ പ്രതികരണം എന്താണാവോ? അവൾക്ക് പഠിക്കാൻ വേണ്ടി അവളുടെ അതേ ക്ലാസിൽ അതേ കോഴ്സിന് പഠിച്ച ലോകത്തെ ഒരേ ഒരു ഭർത്താവ് (എന്ന് ഞാൻ അവകാശപ്പെടുന്നു) ആയ ഞാൻ മത്സര വിവരം അവളെ അറിയിച്ചു.

"യെസ്'... ഞാനുമുണ്ട് !! " ഭാര്യയുടെ മറുപടി കേട്ട് ഞാൻ ഞെട്ടിപ്പോയി.

" വായിക്കാനുള്ള പുസ്തകങ്ങൾ ഏതൊക്കെയാണെന്നറിയോ?''
ഇന്നേ വരെ ഒരു നോവൽ പോലും വായിക്കാത്ത അവൾ ഇത് മാതൃഭൂമി വായനയാണെന്ന് തെറ്റിദ്ധരിച്ചതാകും എന്ന് കരുതി ഞാൻ ചോദിച്ചു.

" പുസ്തകങ്ങളോ ?" അവളുടെ ചോദ്യം എൻ്റെ ഊഹത്തിൻ്റെ മർമ്മത്തിൽ തന്നെ!

"ആ... അങ്ങനെയും ഉണ്ട്. "

"സാരം ല്ല... രജിസ്റ്റർ ചെയ്തോളു - "

"ങേ! " അവളുടെ ചങ്കുറപ്പിന് മുന്നിൽ ഞാൻ വീണ്ടും ഞെട്ടി.

"നീ ഈ കഥകളൊക്കെ വായിക്കോ?" PSC പരീക്ഷക്ക് വേണ്ടി വായിക്കാൻ രണ്ട് മാസമായി മേശപ്പുറത്ത് എടുത്ത് വച്ച പുസ്തകം അവളോട് ചോദിക്കുന്നതായി എനിക്ക് തോന്നി.

"നിങ്ങൾ വായിക്കുമ്പോൾ ഉറക്കെ വായിച്ചാൽ മതി. ഞാൻ കേൾക്കാം..''

"അമ്പടി ഗള്ളീ... ഐഡിയ ഈസ് ഗുഡ്... ഞാൻ വായിച്ചിട്ട് Applied psychology യിൽ നീ PG ബിരുദം എടുത്ത പോലെ ഇതും .... ആവട്ടെ. ... 3000 + 3000 കിട്ടാനുള്ളതല്ലേ... സമ്മതിച്ചു."

             അങ്ങനെ ഞാനും ഭാര്യയും മത്സരത്തിനായി പേര് രജിസ്റ്റർ ചെയ്തു. കുടുംബ സമേതം രജിസ്റ്റർ ചെയ്ത വിവരം ലൈബ്രറി തലൈവരെ അഭിമാന പൂർവ്വം അറിയിക്കുകയും ചെയ്തു. ഈ 'കഥകളി ' യുടെ ചരിത്രത്തിൽ ഒരു പക്ഷേ ആദ്യത്തെ താണെങ്കിലോ?

            പിറ്റേ ദിവസം തന്നെ കഥകളുടെ pdf പതിപ്പുകൾ ലഭ്യമായത് ഞാൻ ഡൗൺലോഡ് ചെയ്തു വച്ചു. ഒരാഴ്ച കഴിഞ്ഞപ്പോൾ തലൈവർ മോഡൽ ചോദ്യങ്ങൾ അയച്ച് തന്നപ്പോഴാണ് കഥകൾ ഫോൺ മെമ്മറിയിൽ ഉറങ്ങുന്ന വിവരം എൻ്റെ മെമ്മറിയിൽ ഉണർന്നത്.


കഥകളതിസാന്ത്വനാനന്തരം - 2

Tuesday, May 12, 2020

???

"ർണിം... ർണിം ..." മൊബൈൽ ബെല്ലടിക്കുന്നത് കേട്ട് ബാലൻ ഉറക്കത്തിൽ നിന്ന് എണീറ്റു. സമയം പത്ത് മണി കഴിഞ്ഞിരിക്കുന്നു.
' അല്ലെങ്കിലും ക്വാറൻ്റയിൻ കാലം എന്ന് പറയുന്നത് ഒന്നിനും ഒരു വ്യവസ്ഥയും ഇല്ലാത്ത കാലമാണ്. തോന്നുന്നത്  വരെ ഉറങ്ങാം... പക്ഷേ കിട്ടുന്നതേ തിന്നാൻ പറ്റൂ... പുറത്ത് പോകാൻ ഒരു നിവൃത്തിയുമില്ല. എന്നാണാവോ ഈ പൊല്ലാപ്പൊന്ന് തീരുക .ആകെയുള്ള ലീവിൻ്റെ മുക്കാലും വീട്ടിൽ തന്നെ കഴിച്ചു കൂട്ടേണ്ടി വരുമല്ലോ ഈശ്വരാ " ബാലൻ്റെ മനസ്സിലുടെ പലതും പാഞ്ഞു.

"ർണിം.. ർണിം .. " മൊബൈൽ വീണ്ടും ശബ്ദിച്ചു.
.
"ഹലോ''

"ഹലോ "

" ആ... ബാലനല്ലേ?'

"അതേ ...ഇതാരാ?"

"ഞാൻ.... ഞാൻ നിൻ്റെ പഴയ ക്ലാസ്‌മറ്റ് കുട്ടൻ... "

" കുട്ടൻ... ഏത് കുട്ടൻ...?"

"എടാ ... നീ മറന്നോ? വടക്കേല കുട്ടൻ. -"

"വടക്കേല കുട്ടൻ.?? ഒരു ക്ലൂ താ ..."

"ഗൾഫിൽ പോയി വന്നപ്പോ നമ്മളെയൊക്കെ മറന്നോ?"

"ആ... പിടി കിട്ടുന്നില്ല" "

"എട്ടാം ക്ലാസിൽ നിനക്ക് വേണ്ടി ദേവസ്യ മാഷിൽ നിന് അടി വാങ്ങിയ കുട്ടനെ നീ മറന്നോടാ ?"

"ഓ... സോറി... സോറി... പെട്ടെന്ന് ഓർമ്മയിൽ വന്നില്ല..എന്തൊക്കെയുണ്ട് വിശേഷങ്ങൾ?"

"ലോക് ഡൗൺ അല്ലേ? എന്ത് വിശേഷം? വീട്ടിലിരുന്ന് ബോറടിച്ച് ചത്ത് ...പൊറത്തെറങ്ങ്യാ പോലീസ് വക വേറെ ...''

" ഞാൻ, വന്ന അന്ന് മുതൽ ഏകാന്തവാസത്തിലാ... ഏകാന്ത തടവിൻ്റെ ഭീകരത ഇപ്പഴല്ലേ അറിയുന്നത്? മൊബൈൽ ഉള്ളതാ ഒരാശ്വാസം. ഇതൊന്നും ഇല്ലാത്ത കാലത്തെ ഏകാന്ത തടവ്... ഹോ.. ആലോചിക്കാൻ പോലും വയ്യ... "

"ആട്ടെ... ഞാൻ വിളിച്ചത് നീ ഇന്ന് വരുന്നോ എന്ന് ചോദിക്കാനാ?"

"എവിടേക്ക്? ഞാൻ ക്വാറൻ്റയിനിൽ ആണെടാ ...."

"ക്വറൻറയിൻ... മണ്ണാങ്കട്ട... നീ വരുന്നെങ്കി വാ... നമ്മുടെ ബാബുവിൻ്റെ വീട്ടിൽ ... "

" വരണംന്ന് ണ്ട്...ബട്ട് ... അസുഖമില്ലെങ്കിലും, ഇപ്പോൾ ഞാൻ പുറത്തിറങ്ങിയാൽ അത് സമൂഹത്തിനോട് ചെയ്യുന്ന അപരാധമല്ലേ?"

"ദാ .. ഒരു പുണ്യാളൻ വന്നിരിക്കുന്നു... സമൂഹം എന്ത് പിണ്ണാക്കാ ഇത്രയും കാലം കൊണ്ട് നിനക്ക് തിരിച്ച് തന്നത്?"

"അത് ..അതിപ്പോ ?"

"അത് തന്നെ... നാട്ടുകാർക്ക് വീടുണ്ടാക്കാനും ചികിത്സക്കും കല്യാണത്തിനും ഒക്കെ അങ്ങോട്ട് കൊടുക്കല്ലാതെ.... ഇപ്പം നീ വന്നപ്പോ ആരെങ്കിലും തിരിഞ്ഞു നോക്യോ?"

"അത് ... നമുക്കൊരാവശ്യം വന്നിട്ടില്ല.....അതോണ്ടല്ലേ?"

"എടാ.. ഇപ്പം നിനക്ക് നിൻ്റെ നാട്ടാരെയും ചങ്ങായിമാരെയും ഒക്കെ കാണാൻ ആഗ്രഹം ല്ലേ.. ആരെങ്കിലും നിൻ്റട്ത്ത് വരാൻ ധൈര്യം കാണിച്ചോ? നീ പറഞ്ഞ സമൂഹം... തേങ്ങാക്കൊല ... എവിടെപ്പോയി?"

"അത് ..അത്..."

"അതെന്നയാ പറഞ്ഞത് ... നീ ആരും കാണാതെ വാ ... നമുക്ക് കൊറച്ച് നേരം ഒന്ന് കൂടാം... ഉഷാറാക്കാൻ മറ്റതും ഉണ്ട്.. വേഗം വാ ..."

"എടാ പോലീസ് സ്റ്റേഷനീന്ന് വിളിക്കും, എവിടെയാ ന്ന് ചോദിച്ച് ?"

" വീട്ടിൽ തന്നെയുണ്ട് എന്ന് പറഞ്ഞാ മതി.. നമ്മുടെ നാട്ടിൻ പുറത്ത് അവര് വീട്ടിൽ വന്ന് നോക്കുകയൊന്നും ഇല്ല.. ... വേഗം വാ.... "

" മൊബൈലിൽ ലൊക്കേഷൻ മനസ്സിലാക്കാം.... "

"ഫൂ.... എടാ പോത്തേ... നീ നാട് വിട്ടൊന്നും പോരുന്നില്ലല്ലോ ... ലൊക്കേഷൻ മാറാൻ... വരുന്നെങ്കി വേഗം വാ... സാധനം തീരും ... "

" കുട്ടാ... നീ പറഞ്ഞതൊക്കെ ശരിയാ... പക്ഷെ ഞാനില്ല..:

"അതെന്താടാ ?"

"ഞാൻ ഗൾഫിൽ പോയി അധ്വാനിച്ചത് കൊണ്ട് ഞാൻ മാത്രമല്ല വളർന്നത്... എൻ്റെ നാട്ടുകാർക്ക് വേണ്ടി ചെലവിട്ട ഓരോ നാണയത്തുട്ടും ഈ രാജ്യത്തിൻ്റെ സമ്പദ്ഘടനയെ മാറ്റി മറിച്ചിട്ടുണ്ട് ... "

"അതിന്?"

"സമൂഹം വല്ലതും തിരിച്ചു തന്നോ എന്ന് നീ ചോദിച്ചില്ലേ? അത് തന്നെ.. ആ മാറ്റം കാരണമാ നിന്നെപ്പോലുള്ള കുറെ പേർക്ക് നാട്ടിൽ തന്നെ ജീവിക്കാൻ സാധിക്കുന്നത് .. "

"അതെങ്ങനെ?'

"നിനക്കൊക്കെ പണി ഉണ്ടാകുന്നത് ഞങ്ങളെപ്പോലുള്ളവർ ചെയ്യുന്ന ഈ ചെറിയ സഹായം കൊണ്ടാ... "

"ഓ.. ഒരു സുവിശേഷകൻ വന്നിരിക്കുന്നു.... "

" മാത്രമല്ല.. ഇപ്പഴത്തെ അവസ്ഥയിൽ നാം സ്വയം സുരക്ഷ ഉറപ്പ് വരുത്തണം... കൂട്ടമായി താമസിക്കുന്ന നമ്മൾക്കിടയിൽ ഒരാളുടെ അശ്രദ്ധ മതിയെടാ എല്ലാം തരിപ്പണമാക്കാൻ ...''

" ഉം ....അതോണ്ട്?"

"അതോണ്ട് എത്രയും പെട്ടെന്ന് ഇപ്പോൾ നിങ്ങൾ കൂടി നിൽക്കുന്ന സ്ഥലത്ത് നിന്ന് പിരിഞ്ഞ്  പോകണം. പോലീസ് എന്നെ ഉടൻ വിളിക്കും.. സമൂഹത്തിൻ്റെ നന്മക്കായി എനിക്ക് നിങ്ങളെ ഒറ്റ് കൊടുക്കേണ്ടി വരും. - "

"കുയ്...കൂയ്... ഇന്ന് എത്രാം തീയ്യതിയാന്ന് കലണ്ടറിൽ  നോക്ക് ..?"

"ഏപ്രിൽ ഒന്ന് !"

"ഏപ്രിൽ ഫൂൾ...!!"

(ഈ കഥക്ക് അതിനാൽ തന്നെ തലക്കെട്ടില്ല. പകരം വാൽക്കെട്ട് ഇടുന്നു)

Sunday, May 03, 2020

ആറ് അൽബൻഡസോൾ ഗുളികകളുടെ പാവനസ്മരണക്ക്!

            ലോക്ക് ഡൗൺ പലവിധ പരിപാടികളുമായി മുന്നോട്ട് നീങ്ങുമ്പോഴാണ് കുഞ്ഞുമോന് രാത്രിച്ചൊറി പ്രത്യക്ഷപ്പെട്ടത്. രാത്രിയില് മാത്രം ഉണ്ടാകുന്ന ചൊറിക്കാണ് ഞങ്ങൾ രാത്രിച്ചൊറി എന്ന് പറയുന്നത്. ഞാൻ ഒരു ഫിസിഷ്യൻ അല്ലെങ്കിലും ഫിസിക്സ് പഠിച്ചവനാണ്. അതിനാൽ ചൊറിയുടെ ടൈമും ഇൻറൻസിറ്റിയും ഫ്രീക്വൻസിയും പൊസിഷനും എല്ലാം തിട്ടപ്പെടുത്തി ബയോളജിസ്റ്റായ ഭാര്യക്ക് കൈമാറിയതോടെ പ്രതികൾ കയ്യോടെ പിടിയിലായി..... നാലഞ്ച് കൃമികൾ !!

             കുട്ടിക്കാലത്ത് കൃമി ശല്യം ഇല്ലാതാക്കാൻ മാസത്തിലെ അവസാന ശനിയാഴ്ച രാത്രി, ഉമ്മ ആവണക്കെണ്ണ കുടിപ്പിച്ചിരുന്ന കദനകഥ ഭാര്യ കുട്ടികളെ കേൾപ്പിച്ചു. ആവണക്കെണ്ണ സേവക്ക് ശേഷമുള്ള തൃശൂർ പൂരം അനുഭവിച്ചറിയാനാണ് ശനിയാഴ്ച തെരഞ്ഞെടുത്തിരുന്നത്. ഈ കഥ കേൾക്കുമ്പോൾ ഞാനും എൻ്റെ കുട്ടിക്കാലത്ത് എത്തും. മുറ്റത്തെ പപ്പായ മരത്തിൽ നിന്നും പറിക്കുന്ന പഴുത്ത പപ്പായ അങ്ങനെ തന്നെ തിന്നതും അല്ലാത്തത് ഉപ്പേരി വച്ച് തിന്നതും  ഒക്കെ ഞാനും വീശും. ഒരാഴ്ച തിന്നിട്ടും ചൊറി തൽസ്ഥാനത്ത് തുടരുന്നതിനിടയിൽ എൻ്റെ കുഞ്ഞ,നിയൻ അന്ന് ഉമ്മയോട് ചോദിച്ചു -
"കർമൂസ കൃമികൾക്ക് നേരിട്ടങ്ങ് കൊടുത്താൽ പോരേ? നമ്മൾ തന്നെ തിന്നണോ?" എന്ന കഥയും മനസ്സിലോടും.

            ഇന്ന് പ്രശ്ന പരിഹാരം 20-20 സ്റ്റൈലിൽ ആയതിനാൽ ഭാര്യ പറഞ്ഞു.
"മോന് കൃമിശല്യം ഉണ്ട്. ആൽബൻഡ സോൾ ഗുളിക കഴിക്കണം. കുടുംബത്തിൽ ഒരാൾക്ക് വിരശല്യം ഉണ്ടായാൽ എല്ലാവരും ഗുളിക കഴിക്കണം " .

പണ്ട് മെഡിക്കൽ എൻട്രൻസ് എഴുതാൻ പോയതിൻ്റെ ഗുണമാണോ അതോ ഏതെങ്കിലും ഗ്രൂപ്പിൽ നിന്ന് കിട്ടിയ വിവരമാണോ എന്നറിയില്ല. ഞാൻ ആറ് ഗുളിക അന്ന് തന്നെ വാങ്ങി.

          അങ്ങനെ രണ്ട് ദിവസം മുമ്പ് ഞങ്ങൾ കുടുംബ സമേതം ആ ഗുളിക ഓരോന്ന് വീതം അകത്താക്കി.

" ഈ മഹാപ്രവർത്തനത്തിൻ്റെ പാവനസ്മരണക്കായി നാളെ നമുക്ക് കുടുംബസമേതം തന്നെ ഒരു പണിയുണ്ട്'' ഞാൻ പറഞ്ഞു.
ഇന്ന് ആ കൃത്യം നിർവ്വഹിച്ചു.
ഈ ആറ് പപ്പായത്തൈകൾ മുഴുവൻ കായ തരാൻ തുടങ്ങിയാൽ വിര വംശനാശ ഭീഷണി തന്നെ നേരിടും. കാത്തിരുന്ന് കാണാം.