Pages

Saturday, May 23, 2020

കൊറോണക്കാലത്തെ പെരുന്നാൾ

        48 വർഷമായി ഈ ഭൂമിയിൽ ജീവിതം ആരംഭിച്ചിട്ട്. ദൈവാനുഗ്രഹത്താൽ ഓർമ്മ വച്ച നാൾ മുതൽ എല്ലാ പെരുന്നാളും ആഘോഷിച്ചിട്ടുമുണ്ട്. പക്ഷെ, നാളത്തെ ചെറിയ പെരുന്നാൾ - അത് ഒരായുസ്സിൽ അപൂർവമായി സംഭവിക്കുന്ന ഒന്നാണ്. വെള്ളിയാഴ്ചകളിലെ ജുമുഅ ഇല്ലാതെ, പള്ളിയിലെ കൂട്ട നമസ്കാരങ്ങൾ ഇല്ലാതെ പുണ്യങ്ങളുടെ പൂക്കാലമായ റംസാൻ മാസം കടന്നു പോയി. ശവ്വാലമ്പിളി വാനിൽ വിരിഞ്ഞപ്പോഴും കൊറോണ ഭൂമിയിൽ താണ്ഡവം തുടരുകയാണ്. ആയതിനാൽ പെരുന്നാൾ നമസ്കാരവും വീട്ടിൽ വച്ച് നിർവഹിക്കുന്ന എൻ്റെ ജീവിതത്തിലെ ആദ്യത്തെ പെരുന്നാൾ.

          എങ്കിലും ഞാൻ ദൈവത്തോട് നന്ദി പറയുന്നു - അൽഹംദുലില്ലാഹ്. കോവിഡ് ബാധിച്ച് ജീവിതത്തിൻ്റെയും മരണത്തിൻ്റെയും ഇടയിൽ നിൽക്കുന്ന നിരവധി മനുഷ്യരിൽ ദൈവം എന്നെ ഉൾപ്പെടുത്തിയില്ല. ജോലി നഷ്ടപ്പെട്ട് അരക്ഷിതാവസ്ഥയിലായി കുടുംബത്തോടൊപ്പം, കിലോമീറ്ററുകളോളം നടന്ന് നാട്ടിലേക്ക് എത്താൻ ശ്രമിക്കുന്ന നിസ്സഹായരായ ആൾക്കാരിലും ദൈവം എന്നെ കൂട്ടിയില്ല. നാട്ടിലെത്തിയിട്ടും ഈ വിശേഷ ദിനത്തിൽ സ്വന്തം ബന്ധുക്കളെ ഒരു നോക്ക് കാണാൻ പറ്റാതെ വിവിധ ക്വാറൻ്റയിൻ കേന്ദ്രങ്ങളിൽ കഴിയുന്നവരുടെ കൂട്ടത്തിലും ദൈവം എന്നെ ചേർത്തില്ല.

          ആഘോഷങ്ങൾ മുടങ്ങി എങ്കിലും ജീവിതം മുടങ്ങിയില്ല. ഈ ദിവസങ്ങളും കടന്ന് പോകും. ആഘോഷങ്ങൾക്ക് അർദ്ധവിരാമമേ ഇടുന്നുള്ളു. നാളെയുടെ പുലരി പ്രതീക്ഷകൾ നിറച്ചാണ് എന്നും കടന്ന് വരുന്നത്. ആ പ്രതീക്ഷകൾ തന്നെയാണ് ജീവിതത്തെ സന്തോഷത്തോടെ മുന്നോട്ട് നയിക്കുന്നതും.

           കോവിഡിൻ്റെ ആദ്യ നാളുകളിലാണ് ഹിന്ദു സഹോദരന്മാരുടെ വിഷു എത്തിയത്. അവരത് ആഘോഷിച്ചില്ല. പിന്നാലെ ക്രിസ്ത്യൻ സഹോദരരുടെ ഈസ്റ്റർ വന്നു. അവരും ആഘോഷങ്ങളിൽ നിന്ന് വിട്ടുനിന്നു. ഇപ്പോൾ മുസ്ലിം സഹോദരന്മാരുടെ പെരുന്നാളും എത്തി. അവരും ആഘോഷം ഒഴിവാക്കി. പ്രകൃതിയുടെ ഒരു കാവ്യനീതി സമൂഹത്തിൽ പുലരുന്ന അപൂർവമായ ഈ കാഴ്ച കൂടി മനുഷ്യൻ്റെ കണ്ണ് തുറപ്പിക്കട്ടെ..

എല്ലാവർക്കും ഈദാശംസകൾ നേരുന്നു.

5 comments:

Areekkodan | അരീക്കോടന്‍ said...

ഈദാശംസകൾ

Cv Thankappan said...

ഈദാശംസകൾ മാഷേ

Geetha said...

പോസ്റ്റ് ഇന്നാ മാഷേ കണ്ടത് . എന്നാലും ആശംസകൾ നേരുന്നു . കൊറോണ കാരണം net ഒന്നും clear അല്ല . പിന്നെ ഇവിടിരിക്കുമ്പോൾ സദാ സമയോം നാട്ടിലെ വാർത്തകളിൽ കാതുകൂർപ്പിച്ചു ഇരിക്കും . ടി വി തന്നെ ശരണം . എല്ലാം മാറി നല്ലൊരു ദിനം എത്തും ന്നു പ്രതീക്ഷിക്കാം .

Muralee Mukundan , ബിലാത്തിപട്ടണം said...

പിന്നിട്ട ഈദാശംസകൾ...

Areekkodan | അരീക്കോടന്‍ said...

എല്ലാവർക്കും നന്ദി.

Post a Comment

നന്ദി....വീണ്ടും വരിക