Pages

Showing posts with label കാദർ. Show all posts
Showing posts with label കാദർ. Show all posts

Saturday, December 06, 2025

ദ എൻജോയ്മെൻ്റ് ....2

ദ എൻജോയ്മെൻ്റ് .... 1 (Click & Read)

"നമ്മൾ പറഞ്ഞു വന്നത്...?" ഫോൺ വന്നത് കാരണം മുറിഞ്ഞു പോയ സംഭാഷണം സത്താർ പുനരാരംഭിച്ചു.

"എൻജോയ്മെൻ്റ്..." ഞാൻ പറഞ്ഞു.

"ആ...ഇപ്പോ വിളിച്ചതും ഞാൻ പറഞ്ഞതും നീ കേട്ടില്ലേ? ഭരണ കക്ഷിക്കാരാണ് വിളിച്ചത്... അവരുടെ സ്ഥാനാർഥി ആകണം എന്ന് ... ർണിം..... ർണിം..." സത്താറിൻ്റെ ഫോൺ വീണ്ടും ബെല്ലടിച്ചു. നേരത്തെ പറഞ്ഞ അതേ കാര്യങ്ങൾ സത്താർ ആവർത്തിച്ചു. ഫോൺ കട്ട് ചെയ്ത് എന്നോട് എന്തോ പറയാൻ ഭാവിച്ചതും അടുത്ത കാൾ വന്നു. അത് സത്താർ തന്നെ കട്ട് ചെയ്തു.

"കണ്ടില്ലേ... ഇതാണ് എൻജോയ്മെൻ്റ് .. സംസ്ഥാന നേതാക്കളും ജില്ലാ നേതാക്കളും ഒക്കെയാണ് വിളിക്കുന്നത്... ഇത്രയും കാലം ആരും അറിയാത്ത സത്താർ ഇപ്പോ ആരായി?''

"ഉം…" ഞാൻ മൂളി.

"എല്ലാവരെയും ഒന്ന് മുൾമുനയിൽ നിർത്താൻ ഈ സത്താറിന് കഴിയോന്ന് നോക്കട്ടെ .."

"ഉം...ബെസ്റ്റ് എൻജോയ്മെന്റാ... ഇരുട്ടടി കിട്ടുന്നത് കരുതിക്കോ..." ഞാൻ മുന്നറിയിപ്പ് നൽകി.

"ഏയ് ....ഒരിക്കലുമില്ല..."

"നിൻ്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ..." ഞാൻ യാത്ര പറഞ്ഞിറങ്ങി.

സത്താർ സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചിട്ട് പത്ത് ദിവസം കഴിഞ്ഞു. പ്രാദേശിക നേതാക്കളും ജില്ലാ നേതാക്കളും അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും നിലവിലുള്ള തീരുമാനം സത്താർ മാറ്റിയില്ല.

"മാനുപ്പാ... നീ ഒരു വഴി പറഞ്ഞിരുന്നല്ലോ? അതെന്തായി?" ബൂത്ത് ലെവൽ കമ്മിറ്റി യോഗത്തിൽ ആരോ ചോദിച്ചു.

"നമ്മളെ സ്ഥാനാർത്ഥിയാക്കാൻ ഞാൻ കുറെ ശ്രമിച്ചു. "

"ജയിക്കുന്ന സീറ്റിൽ ആരെങ്കിലും തോൽക്കാൻ വേണ്ടി നിൽക്കുമോ?" ആരുടെയോ യാഥാർത്ഥ്യ ബോധം ഉണർന്നു.

"ഇനി ചെറ്യാപ്പുവിനെക്കൊണ്ട് പറയിപ്പിച്ച് നോക്കാം.." മാനുപ്പ നിർദ്ദേശിച്ചു

"എന്നാ അതും കൂടി ഒന്ന് ശ്രമിക്കാം.."

അങ്ങനെ ചെറ്യാപ്പു സത്താറിൻ്റെ വീട്ടിലെത്തി.

"ആഹാ... ആരാദ് ? ചെറ്യാപ്പുവോ...?" ചെറ്യാപ്പു വരുന്നത് കണ്ട സത്താർ ആശ്ചര്യപ്പെട്ടു.

"ആ... അന്നോട് ഒരു ഇംപോർട്ടൻ്റ് കാര്യം പറയാനാ ഞാൻ വന്നത്..." 

"ആ.... എന്ത് പൊട്ടൻ കാര്യവും പറഞ്ഞോളൂ.." 

"അതേയ്... ഇപ്രാവശ്യത്തെ തെരഞ്ഞെടുപ്പ് വളരെ നിർണ്ണായകമാണ് .." ചെറ്യാപ്പു സത്താറിനെ ഒരു മൂലയിലേക്ക് മാറ്റി പതുക്കെ പറഞ്ഞ് തുടങ്ങി.

"ആ...."

"എങ്ങനെയും ഭരണത്തിൽ എത്തുക എന്നത് ഒരു ജീവന്മരണ പോരാട്ടമാണ്.."

" ഉം"

"അപ്പോ ഈ വാർഡിലെ വോട്ടുകൾ സ്പ്ലിറ്റ് ആയിക്കൂടാ..."

"ങാ.."

"നീ സ്ഥാനാർത്ഥിയായി നിന്നാൽ ഞങ്ങൾക്ക് ക്ഷീണം തട്ടും.."

"ഹാ.."

"അതോണ്ട്.."

"??"

"നീ പിൻമാറണം ...... ആ ഫ്ലക്സ് ബോർഡ് അഴിച്ച് മാറ്റണം ....."

"ഓ.കെ. ചെറ്യാപ്പോ... നീ പറഞ്ഞാൽ പിന്നെ എതിരില്ല. പക്ഷേ, സ്സ് ... വുസ്.... സ് ... സു... സ്..." സത്താർ ചെറ്യാപ്പുവിൻ്റെ കാതിൽ മന്ത്രിച്ചു.

"അതൊക്കെ ഞാൻ ഏറ്റു.... ഇന്നാ ... " ചെറ്യാപ്പു ട്രൗസറിൻ്റെ പോക്കറ്റിൽ നിന്ന് ഒരു പൊതിക്കെട്ടെടുത്ത് സത്താറിൻ്റെ കയ്യിൽ കൊടുത്തു. ചെറ്യാപ്പു സന്തോഷത്തോടെ മടങ്ങി. സത്താർ ഒരു കള്ളച്ചിരിയോടെ വീട്ടിനകത്തേക്ക് കയറി.

* * * * * *

"സത്താറേ ... എന്തായി, നീ നോമിനേഷൻ കൊടുത്തോ?" പിറ്റേന്ന് ഞാൻ സത്താറിനെ വിളിച്ചു.

"ഹും... ഇനക്ക് പിരാന്തുണ്ടോ അത് കൊടുക്കാൻ.... ജയിച്ചാൽ ആകെ കിട്ടാൻ പോണത് മാസം ഏഴായിരം ഉലുവ....അതിന് വാർഡിലെ കക്കൂസുകൾ വരെ കഴുകേണ്ടി വരും…"

"എന്നിട്ട് എന്താക്കി ?"

"ഞാൻ നോമിനേഷൻ കൊടുത്തില്ല.."

"അപ്പോ ഇത്രയും ദിവസം ആ ചെക്കന്മാർക്ക് കൊടുത്ത ഭക്ഷണത്തിന്റെയും മറ്റും  ചെലവ് ?"

"അതല്ലേ ഇതിലെ ഏറ്റവും വലിയ എൻജോയ്മെൻ്റ്..... ഒക്കെ ലാഭത്തിൽ കലാശിച്ചു .... ചെലവ് കഴിച്ച് ബാക്കി കൊണ്ട് നമ്മളെ ചെക്കന്മാർക്ക് ഒരു ടൂറും റെഡിയാക്കി. അവർ ആ ഫ്ലെക്സ് അഴിച്ച് വണ്ടിക്ക് മുന്നിൽ കെട്ടി ഇന്ന് രാവിലെ ബാംഗ്ലൂർക്ക് ടൂർ പോയി.."

"യാ കുദാ... " ഞാൻ തലയിൽ കൈ വെച്ചു.

"ആബിദേ...ജീവിതം എൻജോയ്മെൻ്റ്നാണ് .... എൻജോയി ... പിന്നിം എൻജോയി ...... ഇപ്പോ അവരും ഹാപ്പി.... ഞാനും ഹാപ്പി...... എൻ്റെ ചങ്ക്  ചെക്കൻമാരും ഹാപ്പി... ഇനി അടുത്ത എലെക്ഷൻ വരുമ്പോഴല്ലേ? അത് അപ്പോൾ നോക്കാം..." 

അപ്പോഴാണ് സത്താറിൻ്റെ എൻജോയ്മെൻ്റിൻ്റെ രഹസ്യം  എനിക്ക് പിടികിട്ടിയത്.

Thursday, December 04, 2025

ദ എൻജോയ്മെൻ്റ് ....1

'എട്ടാം വാർഡിലേക്ക് അബ്ദുൾ സത്താറിന് (ചെറ്യമാൻ) സ്വാഗതം' എന്ന ഫ്ലക്സ് കണ്ടാണ് അന്ന് നാടുണർന്നത്. 

'ങേ! ചെറ്യമാനോ?' സ്ഥാനാർത്ഥി കുപ്പായം തുന്നി നില്ക്കുന്നവരും തുന്നാൻ പോകുന്നവരും എല്ലാം ഒരു ഞെട്ടൽ രേഖപ്പെടുത്തി. കാരണം നാട്ടിലെല്ലാവർക്കും പ്രിയപ്പെട്ടവനാണ് ചെറ്യമാൻ. അവൻ മത്സരിച്ചാൽ ആര് എതിര് നിന്നാലും ജയിക്കാൻ പോകുന്നില്ല എന്നത് പകൽ വെളിച്ചം പോലെ വ്യക്തമാണ്.

'ഇതിപ്പോ മറ്റവന്മാരുടെ പരിപാടിയാ...' നാട്ടിലെ പ്രധാന കക്ഷികൾ പരസ്പരം പഴിചാരാൻ തുടങ്ങി.

'എന്നാലും ആരായിരിക്കും ഈ ഫ്ലക്സ് കെട്ടിയത്?' എല്ലാ കക്ഷികളും അവനവൻ്റെ ഓഫീസിൽ ഇരുന്ന് തല പുകയ്ക്കാൻ തുടങ്ങി.

"മീത്തലെ കാത്തു തൂങ്ങിച്ചത്ത കശുമാവിലാണ് ഫ്ലക്സ് കെട്ടിയത്. പകൽ സമയത്ത് പോലും അവിടെ എത്തുമ്പോൾ എല്ലാവരും വേഗത കൂട്ടി നടക്കാറാണ് പതിവ്. അവിടെ രാത്രി ഈ ഫ്ലക്സ് കെട്ടിയവനെ എന്തായാലും സമ്മതിക്കണം..." മീറ്റിംഗിൽ ആരോ പറഞ്ഞു.

"പാത്തുവോ ? ഏത് പാത്തു?" കമ്മിറ്റിയിലെ ഒരു ന്യൂജെൻ ചോദിച്ചു.

"പാത്തുവല്ല... കാത്തു...നീയൊക്കെ ജനിക്കുന്നതിനും പത്ത് പതിനഞ്ച് വർഷം മുമ്പ് നടന്ന സംഭവമാ. ഈ പഞ്ചായത്തിലെ ആദ്യത്തെ തൂങ്ങി മരണം ...." കൂട്ടത്തിലെ കാരണവർ വിശദീകരിച്ചു.

"ആഹാ.. അപ്പോ പഞ്ചായത്ത് ചരിത്രത്തിൽ തങ്കലിപികളിൽ എഴുതപ്പെട്ട പേരാണ് കാത്തു അല്ലേ?" 

"ഫൂ!! തങ്കലിപി... കാത്തു ആരായിരുന്നു എന്ന് നിനക്കറിയാത്തത് കൊണ്ടാ... ആ... അതു വിട്... ചർച്ച വഴിമാറും.."

"ഇനി ഒരൊറ്റ വഴിയേ ഉള്ളൂ ..." ഇത്തവണ സീറ്റ് കിട്ടാത്ത മാനുപ്പ പറഞ്ഞു. എല്ലാവരും അയാളുടെ വായിലേക്ക് നോക്കി.

"പറയൂ... എന്താണാ വഴി?" എല്ലാവർക്കും അറിയാൻ ആകാംക്ഷയായി.

"അതിൻ്റെ വരും വരായ്കളെപ്പറ്റി ഞാനൊന്ന് ആലോചിക്കട്ടെ ... എന്നിട്ട് പറയാം...." തൻ്റെ നേരെ തിരിഞ്ഞ എല്ലാ കണ്ണുകളിലേക്കും നോക്കിക്കൊണ്ട് മാനുപ്പ പറഞ്ഞു.

* * * *

ഇതേ സമയം സത്താറിൻ്റെ വീട്ടിൽ ചെറുപ്പക്കാരുടെ ഒരു സമ്മേളനം തന്നെ നടക്കുകയാണ്. സത്താർ മത്സരിക്കുന്നു എന്നറിഞ്ഞ് വന്നവരാണവർ. രാവിലെ തന്നെ നാല് കിലോ പഞ്ചസാരയും രണ്ട് കിലോ ചെറുനാരങ്ങയും അലിഞ്ഞ് ചേർന്ന് പല വായിലൂടെയും ചോർന്ന് പോയി. ഉച്ചയ്ക്കും ഇവരാരും വിട്ടു പോകാൻ സാധ്യത ഇല്ല എന്ന് സത്താറിന് മനസ്സിലായി. കഴിഞ്ഞ തവണത്തെപ്പോലെ വോട്ട് എണ്ണുമ്പോൾ അവരുടെ സ്ഥാനാർത്ഥിയും പ്ലേറ്റ് എണ്ണുമ്പോൾ നമ്മുടെ സ്ഥാനാർത്ഥിയും ജയിക്കുന്ന വിചിത്ര സ്വഭാവം ഉണ്ടാകരുത് എന്ന് സത്താർ തീരുമാനിച്ചിരുന്നു. അതിനാൽ നെയ്ചോറിലേക്കുള്ള കറിയിൽ പീസ് കുറഞ്ഞാലും വേണ്ടില്ല, വെള്ളം കൂടണം എന്ന പ്രത്യേക നിർദ്ദേശം സത്താർ കുശ്നിക്കാരന് നൽകിയിരുന്നു. 

ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ട വിവരം മൂന്നാം ദിവസം വാട്സാപ്പ് ഗ്രൂപ്പിലൂടെയാണ് ഞാനറിഞ്ഞത്. അപ്പോൾ തന്നെ സത്താറിനെ സന്ദർശിച്ച് വിവരങ്ങൾ അറിയാം എന്ന് കരുതി ഞാൻ അവൻ്റെ വീട്ടിലേക്ക് പുറപ്പെട്ടു.  സത്താറിൻ്റെ കൂടെയുള്ള യൂത്തന്മാർ നെയ്ച്ചോർ തട്ടിക്കൊണ്ടിരിക്കുമ്പോഴാണ് ഞാൻ അവിടെ എത്തിയത്. സത്താർ എന്നെ ഹൃദ്യമായി സ്വാഗതം ചെയ്തു.

"നല്ല സമയത്താ നീ എത്തിയത്..." എൻ്റെ കൈ പിടിച്ചു കുലുക്കിക്കൊണ്ട് സത്താർ പറഞ്ഞു. മുറ്റത്തും അരമതിലിലും കോലായിലും എല്ലാം ഇരുന്ന് ഭക്ഷണം കഴിക്കുന്നവരുടെ മുഖത്തായിരുന്നു എൻ്റെ കണ്ണ്.

"ആബിദേ... അത് നോക്കണ്ട... ഇതൊക്കെ ഒരു എൻജോയ്മെൻ്റ് ആണ്. വെറും എൻജോയ്മെൻ്റ്" എൻ്റെ നോട്ടം ശ്രദ്ധിച്ച സത്താർ പറഞ്ഞു.

"നാട്ടാർക്ക് മുഴുവൻ ഭക്ഷണം കൊടുക്കുന്നത് നല്ലത് തന്നെ.... പക്ഷെ, അതിൽ എൻജോയ്മെൻ്റ് എങ്ങനാ?" മനസ്സിലാകാത്തതിനാൽ ഞാൻ ചോദിച്ചു.

"അനക്കറിയോ ഇപ്പോ എൻ്റെ വയസ്സ് 54... ഇനി ഒരു തെരഞ്ഞെടുപ്പ് വരുമ്പഴേക്കും വയസ്സ് 59 ... അന്ന് ഈ വാർഡ് വനിതാ സംവരണം ആകും..... അതും കഴിഞ്ഞുള്ള തെരഞ്ഞെടുപ്പ് വരുമ്പോൾ എൻ്റെ വയസ്സ് 64..... അന്ന് ഈ വാർഡ് പട്ടികജാതി സംവരണം ആകും ..... പിന്നെ വരുന്ന തെരഞ്ഞെടുപ്പിൽ എൻ്റെ വയസ്സ് 69 ... അന്ന് തെരഞ്ഞെടുപ്പ് നടക്കും... പക്ഷേ,സത്താർ ജീവിച്ചിരിക്കോ ഇല്ലേ എന്നറിയില്ല.." വീട്ടിനകത്തേക്ക് നടക്കുന്നതിനിടയിൽ സത്താർ പറഞ്ഞു.

"ങാ..... അതൊക്കെ ശരി... അപ്പോളും ഈ എൻജോയ്മെൻ്റ് എനിക്ക് മനസ്സിലാകുന്നില്ല ..." 

" ആ... അത് പറയാം... ർണിം... ർണിം..." സത്താറിൻ്റെ ഫോൺ ബെല്ലടിച്ചു.എന്നോട് പറഞ്ഞ അതേ സംഗതികൾ അവൻ ഫോണിലൂടെയും പറയുന്നത് ഞാൻ കേട്ടു.

(തുടരും....)

Wednesday, April 02, 2025

മൂത്രശങ്ക

"കാദറേ... എടാ കാദറേ..." തൂറ്റല് പിടിച്ച ചന്തി പോലെ, ആരുടെയോ നിലക്കാത്ത വിളി കേട്ടാണ് കാദർ ഉറക്കമുണർന്നത്.

"എടീ...ആരാ അവിടന്ന് അങ്ങനെ മുക്ര ഇടുന്നത്? കാദറിൻറെ ചെവിക്ക് ഒരു കുഴപ്പോം ഇല്ലാന്ന് ഒന്ന് പറഞ്ഞക്ക്..." കാദർ ഭാര്യയോട് നിർദ്ദേശിച്ചു.

"കാദറേ... എടാ... കാദറേ..." വിളി വീണ്ടും തുടർന്നു.

"ഞാൻ തന്നെയാ കാദർ...ഏത് പോത്തിനാ ഇന്നെ കാണാനിത്ര തിടുക്കം?" അഴിഞ്ഞ മുണ്ട് ഒരു വിധം കുത്തി,  കിടക്കയിൽ നിന്നുമെണീറ്റ് വന്ന കാദർ ചോദിച്ചു.

"ഞാൻ തന്നെ ..." വാതിൽ തുറന്നപ്പോൾ കണ്ട ആളെക്കണ്ട് കാദർ ഒന്ന് പരുങ്ങി.

"വാപ്പച്ചി!! എന്താ രാവിലെത്തന്നെ?ഇന്നും ആസ്പത്രീക്ക് പോകണോ?" ഭാര്യാ പിതാവിനെ കണ്ട കാദർ സൗമ്യനായി.

"ങാ...പോകണം..."

"യാ കുദാ... ഇന്നും എറണാകുളത്ത് പോകണം ന്നോ...??" ഇന്നലെ എറണാകുളത്ത് പോയതിന്റെ ദുരിതം ഓർത്തപ്പോൾ കാദർ ഒന്ന് ഞെട്ടി.

"ഉം ഉം...ഇവടെ മുക്കത്ത് വരെ പോയാ മതി... ഞാൻ ബുക്ക് ചെയ്തിട്ടുണ്ട്..." വാപ്പച്ചി പറഞ്ഞു.

"അതെന്തേ... ? കൊതുക് കടിച്ച് തണർത്തതിന് വരെ ഇന്നലെ ഇങ്ങള് മരുന്ന് എഴുതിച്ച്ണല്ലോ..?" വീണ്ടും ഡോക്ടറെ കാണാൻ പോകുന്നതിന്റെ ആവശ്യം മനസ്സിലാകാത്തതിനാൽ കാദർ ചോദിച്ചു.

"അത്...എനിക്കല്ലേ?"

"ആ...ഇങ്ങക്കല്ലാതെ പിന്നെ ആർക്കാ ഇന്നും ഡോക്ടറെ കാണാൻ പോകുന്നത്?"

"പറയാം...നീ വേഗം റെഡിയാക്...." വാപ്പച്ചി പറഞ്ഞപ്പോൾ കാദർ ഭാര്യയുടെ നേരെ ഒന്ന് നോക്കി.അവൾ ഉടൻ തല താഴ്ത്തി.

'ങേ!! കഴിഞ്ഞ ഒരു മാസം ഞാനും ഓളും വെവ്വേറെ മുറീലാണല്ലോ കെടക്കുന്നത്... വയസ്സാണെങ്കി പത്തയിമ്പത് കഴിഞ്ഞും ചെയ്ത്... ' ആത്മഗതം ചെയ്തു കൊണ്ട് കാദർ ഭാര്യയെ ഒന്ന് കൂടി നോക്കി.അവൾ അപ്പോൾ കാലിന്റെ പെരുവിരൽ കൊണ്ട് നിലത്ത് വട്ടം വരയ്ക്കാൻ തുടങ്ങിയിരുന്നു.

"എന്നിട്ടെന്താ... നീ വരുന്നില്ലെടീ...?" കാദർ ഭാര്യയോട് ചോദിച്ചു.

"ഞാൻ വരണ്ടാ ന്നാ വാപ്പച്ചി പറഞ്ഞത്..."

'ങേ! ടെക്‌നോളജി അത്രയ്ക്കും എത്തിയോ? ഭാര്യയുടെ ഗർഭം അറിയാൻ ഭർത്താവിനെ പരിശോധിക്കുകയോ?' കാദറിന് ഒന്നും മനസ്സിലായില്ല.

"അല്ല വാപ്പച്ചീ..ശരിക്കും എന്താ പ്രശനം?" രണ്ടും കൽപ്പിച്ച് കാദർ ഭാര്യാപിതാവിനോട് ചോദിച്ചു.

"അത്...ഞാൻ മെഡിക്കൽ കോളേജിലെ നല്ല ഒരു ഡോക്ടറെ ബുക്ക് ചെയ്തിട്ടുണ്ട്..."

"ഇന്നലെ പത്തിരുനൂറ് കിലോമീറ്റർ ഓടിച്ച് പോയിട്ട് കണ്ടത് പിന്നെ പാരലൽ കോളേജിലെ ഡോക്ടറെ ആയിന്യോ?" കാദർ ചോദിച്ചു.

"അതും ഉഷാറ് ഡോക്ടർ ..ആ പോക്ക് കൊണ്ടല്ലേ ഇതിപ്പോളെങ്കിലും അറിഞ്ഞത്..." വാപ്പച്ചി പറഞ്ഞു.

"അതിനി രണ്ടാഴ്ച കഴിഞ്ഞ് ഇനിയും അവിടെ പോകുമ്പോ കാണിച്ചാൽ പോരേ... ഇന്ന് തന്നെ വേറെ ഒരു ഡോക്ടറെ കാണിച്ച് എന്തിനാ അഞ്ഞൂറ് അയാൾക്കും ആയിരം മരുന്ന് ഷോപ്പിലും കൊട്ക്ക്ണത്?" കാദറിന് ഒന്നും മനസ്സിലായില്ല.

"അത്...എന്നെയല്ലേ കാണിച്ചത്?" 

"നിങ്ങളെയല്ലാതെ ഇനി ആരെ കാണിക്കുന്നതാ ഈ പറയുന്നത്?ഓൾക്കും ഇൻക്കും വയസ്സ് കൊറേ ആയി... ഇങ്ങള് ഇഞ്ഞും ബല്യാപ്പ ആകണ കാലം ഒക്കെ കഴിഞ്ഞു പോയി..." ഒരു  ചിരിയോടെ കാദർ പറഞ്ഞു.

"ഇന്ന് അന്നെയാ കാണിക്കാൻ പോകണത്.."

"ങേ!!! എന്നെയോ??" കാദർ ഞെട്ടിത്തരിച്ച് പോയി.

"ആ.. അന്നെത്തന്നെ.." പുറത്ത് നിന്നിരുന്ന ഭാര്യാ സഹോദരീ ഭർത്താവ് ആയ കുഞ്ഞാണി ആണ് മറുപടി പറഞ്ഞത്.

"അതെന്തിനാ വാപ്പച്ചീ?" സംഗതി മനസ്സിലാകാതെ കാദർ ചോദിച്ചു.

"അത്...ഇന്നലെ വീട്ടിൽ തിരിച്ചെത്തിയ ഉടനെ ഞങ്ങൾ എടുത്ത തീരുമാനമാ..."  കുഞ്ഞാണി പറഞ്ഞു.

"എന്തിനാ ന്നും കൂടി പറയ് കുഞ്ഞാണ്യ.." കാദർ കുഞ്ഞാണിയുടെ അടുത്തെത്തി ചോദിച്ചു.

"അത്...ഇന്നലെ അങ്ങോട്ടുള്ള യാത്രയിൽ എത്ര തവണയാ നീ മൂത്രമൊഴിക്കാൻ കാർ നിർത്തിച്ചത്?" കുഞ്ഞാണി പറഞ്ഞു.

"അതേ മാതിരി ഒരസുഖം ഞമ്മളെ പാറക്കലെ കൈസാത്താന്റെ അയമുവിന് ണ്ടായീനി..." വാപ്പച്ചി പറഞ്ഞു.

"അയമു അതാരോടും മുണ്ടീല...ഓൻ അങ്ങനങ്ങട്ട് മരിച്ച്.." കുഞ്ഞാണി വാപ്പച്ചിയെ പിന്താങ്ങി.

"ഓ... അതാണോ കാര്യം...." കാദറിന്റെ ചുണ്ടിൽ ഒരു ചിരി പടർന്നു.

"ആ...അത് ഇപ്പൊ അറിഞ്ഞത് കൊണ്ട് രക്ഷപ്പെട്ടു.." വാപ്പച്ചി എന്തോ വലിയ ഒരു കാര്യം കണ്ടെത്തിയ രൂപത്തിൽ പറഞ്ഞു.

"അതെന്നെ...നീ പതിമൂന്ന് പ്രാവശ്യാ മൂത്രിക്കാൻ എറങ്ങിയത്.." കുഞ്ഞാണി പറഞ്ഞു.

"തിരിച്ച് പോരുമ്പം നീ ഉറങ്ങിയത് കൊണ്ട് അങ്ങനെ ഉണ്ടായില്ല.." വാപ്പച്ചി പറഞ്ഞു.

"ആ...ശരി തന്നെ...കുഞ്ഞാണ്യ...ഒന്നിങ്ങട്ട് ബാ.." കാദർ കുഞ്ഞാണിയെ വിളിച്ച് അല്പം ദൂരേയ്ക്ക് നീങ്ങി. വാപ്പച്ചി അകത്തേക്കും പോയി.

"അത്...ഇരുന്നൂറ് കിലോമീറ്റർ യാത്ര ചെയ്തിട്ട് ഞാൻ പതിമൂന്ന് പ്രാവശ്യല്ലേ മൂത്രമൊഴിക്കാൻ നിർത്താൻ പറഞ്ഞത്?"

"അത്രയാണ് ഞാൻ എണ്ണിയത്.." 

"ആ..ഒരഞ്ച് കൊല്ലം മുമ്പായീനി ഈ പോക്ക് എങ്കില് ഒരു മുപ്പത് പ്രാവശ്യം ഞാൻ മൂത്രമൊഴിക്കാൻ എറങ്ങീനി..."

"അള്ളോ ന്റെ റബ്ബേ... ഇപ്പം കൊറഞ്ഞ് ന്നാ പറയണത്..." കുഞ്ഞാണി ആശ്ചര്യത്തോടെ ചോദിച്ചു.

"ആ... നേർ പകുതിയിലേറെ കുറഞ്ക്ക്ണ് ... അതേയ്... ഞാൻ ആ എറങ്ങിയതിൽ രണ്ട് പ്രാവശ്യാ ശരിക്കും മൂത്രമൊഴിക്കാൻ നിർത്തിച്ചത് .. "

"ങേ!! അപ്പോ ബാക്കിയൊക്കെ?"

"അതാ പോത്തേ പറയണത്... ഓരോ പതിനഞ്ച് മിനുട്ട് കഴിയുമ്പളും എനിക്കൊന്ന് പുക വലിയ്ക്കണം... അത് പറഞ്ഞാ വാപ്പച്ചിക്കും വലിയ്ക്കണ്ടി വരും..."

"ങാ.." കുഞ്ഞാണി മൂളിക്കേട്ടു.

"അപ്പൊ പിന്നെ...മൂത്രിക്കാൻ ഉണ്ട് ന്ന് പറഞ്ഞ് ഇറങ്ങല്ലാതെ വേറെ ഒരു വഴിയും ഇല്ലാത്തോണ്ടാ... അയമു മരിച്ചത് അങ്ങനാണെങ്കി കാദർനും അതാ ഇഷ്ടം..." കാദർ പറഞ്ഞു നിർത്തി.

"വാപ്പച്ച്യേ... വാപ്പ...ച്ച്യേ... വിട്ടോളിം ബേം കുടീയ്ക്ക്..." കാദറിന്റെ പോക്ക് കണ്ട് കുഞ്ഞാണി അകത്തേയ്ക്ക് വിളിച്ച് പറഞ്ഞു.പന്തികേട് തോന്നിയ വാപ്പച്ചി അടുക്കള വാതിലിലൂടെ പെട്ടെന്ന് സ്ഥലം കാലിയാക്കി.


Tuesday, April 21, 2020

ഒരു പെണ്ണ് കാണൽ കഥ.

പത്താം ക്ലാസിൽ ഒന്നാം തരം തോൽവി നൂറ് ശതമാനം ഉറപ്പിച്ചതിനാൽ, കാലേകൂട്ടി തന്നെ കാദർ തൻറെ പാസ്പോർട്ട് റെഡിയാക്കി വച്ചിരുന്നു. മലബാറിലെ സാധാരണ മുസ്ലിം കുടുംബത്തിലെ പതിവ് ആചാരപ്രകാരം, പത്താം ക്ലാസ് തോറ്റാൽ അടുത്തത് ഗൾഫിലേക്കുള്ള പറക്കലായിരുന്നു. കാദറും ഈ ആചാരം തെറ്റിച്ചില്ല. അങ്ങനെ മൂന്ന് വർഷത്തെ പ്രവാസത്തിന് ശേഷം നാട്ടിലെത്തിയപ്പോഴേക്കും, വയസ്സ് കല്യാണപ്രായത്തിൻറെ ബൗണ്ടറി കടന്നത് കാദറും വീട്ടുകാരും തിരിച്ചറിഞ്ഞു. ഗൾഫിൽ നിന്ന് വന്ന, കല്യാണം കഴിക്കാത്ത പയ്യൻമാരുടെ വീടിന് ചുറ്റും ബ്രോക്കർമാർ വട്ടമിട്ട് പറക്കുന്ന കാലമായതിനാൽ വിമാനമിറങ്ങിയതിന്റെ രണ്ടാം ദിവസം തന്നെ കാദറിന് പെണ്ണ് കാണാൻ പോകേണ്ടിയും വന്നു.


പെണ്ണ് കാണാൻ പോകാൻ പേടി ഇല്ലെങ്കിലും ഉള്ളിലെന്തോ ഒരു ആന്തൽ ഉള്ളതിനാൽ സമപ്രായക്കാരനായ, സ്വന്തം അമ്മാവൻറെ മകനെയും കൂടെ കൂട്ടാൻ കാദർ തീരുമാനിച്ചു. പെണ്ണ് കാണൽ എന്ന ചടങ്ങ് അവനും ഒരു എക്സ്പീരിയൻസ് ആകുമല്ലോ എന്ന കാദറിൻൻറെ ടോം സൊയർ ട്രിക്കിൽ അവൻ വീണു.

അങ്ങനെ കാദറും ഖാദറും (അതായിരുന്നു അമ്മാവൻറെ മകൻറെ പേര്) കുളിച്ചൊരുങ്ങി ബ്രോക്കർ പോക്കർ പറഞ്ഞ വീടിന് സമീപത്തെത്തി.

"
നീ മുന്നിൽ നടക്ക്'' കാദർ ഖാദറിനോട് പറഞ്ഞു.

"
പെണ്ണ് കെട്ടുന്നത് നീയാ.. നീ നടക്ക് ..."

"
അത് തന്ന്യാ ഞാനും പറഞ്ഞത്. ഇന്നത്തെ വി.ഐ.പി ഞാനാ... നീ കണ്ടിട്ടില്ലേ മന്ത്രിൻറെ മുന്നിൽ പോലിസ് വണ്ടി എസ്കോർട്ട് പോണത്. അത് പോലെ നീ മുന്നിൽ ഞാൻ പിന്നിൽ.. നടക്ക് … നടക്ക് ..."

"
എടാ പൊട്ടാ... എസ്കോർട്ട് ന്ന് പറഞ്ഞാ തന്നെ പിന്നിലാ.."

"
ആ അങ്ങനാണെങ്കി ഞമ്മക്ക് രണ്ടാൾക്കും ഒപ്പം നടക്കാം ..‌" ജാള്യത മാറ്റാൻ കാദർ പറഞ്ഞു.

"
അസ്സലാമലെക്കും" കോലായിലിരുന്ന വൃദ്ധൻറെ നേരെ കാദർ സലാം പറഞ്ഞു.

"
വലൈക്കു മുസ്സലാം.. ആരാ...?"

'
ങേ!! സ്വന്തം വീട്ടിൽ ഒരാൾ പെണ്ണ് കാണാൻ വരുന്നത് അറിയാത്ത ഈ കിഴവൻ ആരാണാവോ?' കാദർ ആത്മഗതം ചെയ്തു.

"
ഞാൻ കാദർ...ഇവൻ ഖാദർ " കാദർ സ്വയം പരിചയപ്പെടുത്തി.

"
ഓ... കാദറാനി"

"
കാദറാലി അല്ല ... കാദർ & ഖാദർ‌"

"
ആ…. അയ്‌ക്കോട്ടെ …. എന്താ വേണ്ടത്?"

"
ഞങ്ങള്... ഞങ്ങള്.. പെണ്ണന്വേഷിച്ച് .." കാദർ ഖാദറിനെ നോക്കി അല്പം നാണത്തോടെ  പറഞ്ഞൊപ്പിച്ചു.

"
ഓ... മടയിൽ കയറി തെരയാൻ വന്നതാ ല്ലേ... പോക്കരേ...പോക്കരേ... " വൃദ്ധൻ നീട്ടി വിളിച്ചപ്പോൾ ബ്രോക്കർ പോക്കർ ഇറങ്ങി വന്നു.

"
അയ്യടാ.." വീട് മാറിപ്പോയത് അപ്പോഴാണ് കാദർ തിരിച്ചറിഞ്ഞത്.

"
ഇന്നലെ ഞാൻ കൃത്യായി പറഞ്ഞതല്ലേ... പിന്നെന്തിനാ ഇങ്ങട്ട് കേറി ബന്നത്?"

"
ഈ വഴിം ഇങ്ങള് കൃത്യായി പറഞ്ഞ് തന്നതല്ലേ ... ടെൻഷനിൽ അങ്ങട്ടുമിങ്ങട്ടും മാറിപ്പോയി"

"
ആ... കൊയപ്പം ല്ല... അതാ... ആ രണ്ടാമത്തെ വീട്ടിൽ ഒരു കുട്ടിയുണ്ട് ... ഇവിടം വരെ വന്ന സ്ഥിതിക്ക് കണ്ട് പോകാം..ഒരു പക്ഷേ ഒത്താൽ...?"

"
ങാ.. ഒത്താലൊരു പോത്ത്, പോയാലൊരു ഓത്ത് " കാദർ പറഞ്ഞു.

"
അതെന്നെ" ഒന്നും മനസ്സിലായില്ലെങ്കിലും ഖാദർ കാദറിനെ പിന്താങ്ങി.

"
ങേ... അതെന്താ ആ പറഞ്ഞത്?" പോക്കറിന് കാര്യം മനസ്സിലായില്ല

"
അത് മലയാളത്തിലെ ഒരു കടംകഥയാ.. പത്താം ക്ലാസ് പാസായവർക്കേ അത് തലേല് കേറൊള്ളു. വാ പോകാ...''

കാദർമാരും ബ്രോക്കർ പോക്കരും പെണ്ണിൻറെ വീട്ടുമുറ്റത്തെത്തി. പോക്കറിനെ കൂടെ കണ്ടതുകൊണ്ട് ഗൃഹനാഥന് ആഗതരുടെ ഉദ്ദേശ്യം വേഗം മനസ്സിലായി. മൂന്ന് പേരെയും അയാൾ സ്വീകരിച്ചിരുത്തി.

"
മാളോ ... ഇപ്പം കൊണ്ടോയ ആ ചായങ്ങട്ട് എട്ത്താ..." ഗൃഹനാഥൻ അകത്തേക്ക് വിളിച്ച് പറഞ്ഞു.

"
ങേ! " ഞെട്ടിക്കൊണ്ട് കാദർ പോക്കരിൻറെ മുഖത്തേക്ക് നോക്കി.

"
അതേയ്... ഇവിടെ ഹോമിയോ ഗുളിക തിന്ന്ണ മാതിരിയാ കാണാൻ വരവ്... ഒന്ന് വീതം രണ്ട് മണിക്കൂർ ഇടവിട്ട്.. '' പോക്കർ കാദറിന്റെ ചെവിയിൽ പറഞ്ഞ് കഴിയും മുമ്പ് നല്ല തടിയും വണ്ണവുമുള്ള ഒരു സ്ത്രീ ചായയുമായി വന്നു.

"
ഞാനിപ്പം വരാ ... ചായ അവടെ കൊട്..." പോക്കരിനെ ചൂണ്ടിക്കൊണ്ട്  കാദർ പറഞ്ഞു.ശേഷം മെല്ലെ പുറത്തിറങ്ങി ധൃതിയിൽ നടന്ന്, അല്പം ദൂരെ ചെന്ന് മറഞ്ഞ് നിന്നു.

ചായ കുടിച്ച് അൽപ നേരം കാത്തിരുന്നിട്ടും കാദർ മടങ്ങി വരാത്തതിനാൽ പോക്കർ ഖാദറിനെ തോണ്ടി എണീക്കാം എന്നാംഗ്യം കാട്ടി.വിവരം പറയാം എന്നറിയിച്ച് കൊണ്ട് രണ്ട് പേരും ഇറങ്ങി. ഖാദറിനോട് തൻറെ ബ്രോക്കർ ചരിത്രങ്ങൾ വിവരിച്ചു കൊണ്ട്  മടങ്ങി വരുന്ന പോക്കറിൻറെ മുന്നിലേക്ക് കാദർ പെട്ടെന്ന് എടുത്തു ചാടി .അന്തം വിട്ട് നിന്ന പോക്കറിൻറെ മുഖത്ത് "ടപേ്" എന്ന് ഒരടി പൊട്ടി.

"
മേലാൽ ഇപ്പണി ആരോടും ചെയ്യര്ത്.." കാദർ പറഞ്ഞു.

"
എന്ത്? ബ്രോക്കർ പണിയോ?" മുഖം തടവിക്കൊണ്ട് പോക്കർ ചോദിച്ചു.

"
അല്ല .. “

“പിന്നെ?"

“പെണ്ണ് കെട്ട്ണത് ഞാനാ... എൻറെ വല്യാപ്പയല്ല.. "

"
ആ.. അതിന്?''

'
അയിന് ൻറെ ബയസും ഓളെ ബയസും കൂട്ടിക്കിയിച്ചാ ഇനിക്ക് പത്താം  ക്ലാസ്സിൽ കണക്കില് കിട്ട്യ മാർക്കേ കിട്ടാൻ പാടുള്ളൂ. .. “

"ങും… " മുഖം തടവിക്കൊണ്ട് തന്നെ പോക്കർ മൂളി

“ഇന്നെ ഒക്കത്ത് ബെക്ക്ണ പെണ്ണും ഇനിക്ക് ഒക്കത്ത് ബെക്കാൻ പറ്റണ പെണ്ണും ഞമ്മക്ക് മാണ്ടാ.. ബാ... മതി, ഇമ്മാതിരി പെണ്ണ് കാണൽ... കല്യാണം ഞ്ഞി അട്ത്തെ ബെരവ്നാക്കാം...''

“അപ്പോ , ഇന്നലെ നമ്മള് സംസാരിച്ചത് കാണണ്ടേ ?"

"ഒരടിം കൂടി വേണെങ്കി അങ്ങട്ട് നടക്ക്, അല്ലെങ്കി ഇങ്ങട്ട് നടക്ക്..."

കാദർ കാണിച്ച വഴിയേ പോക്കരും നടന്നു. കാദറിന് പെണ്ണന്വേഷിക്കാൻ പിന്നെ പോക്കർ പോയതേയില്ല.


(NB: രണ്ടാം വരവിന് അപ്രതീക്ഷിതമായി കണ്ട പെൺകുട്ടിയെ കല്യാണം കഴിച്ച് കാദർ ഇപ്പോൾ സുഖമായി ജീവിക്കുന്നു)