Pages

Monday, October 12, 2026

നൂറ് സിംഹാസനങ്ങൾ

നൂറ് സിംഹാസനങ്ങൾ എന്ന പുസ്തകത്തെപ്പറ്റി ഞാൻ എവിടെയൊക്കെയോ കേട്ടിരുന്നു. ബട്ട്, എന്തു കൊണ്ടോ വായിക്കണം എന്നൊരാഗ്രഹം ഉണ്ടായില്ല. കാരണം പുസ്തകത്തിൻ്റെ തലക്കെട്ട് തന്നെ. അല്ലെങ്കിലും ചില പുസ്തകങ്ങളുടെ തലക്കെട്ടുകൾ എന്നെ പുസ്തകത്തിൽ നിന്നും അകറ്റാറുണ്ട്. ഫിർ ഭീ, മഥേരൻ യാത്ര കഴിഞ്ഞ് മടങ്ങുമ്പോൾ, സഹയാത്രികൻ്റെ കയ്യിൽ പ്രസ്തുത പുസ്തകവും എൻ്റെ കയ്യിൽ ഒന്നര മണിക്കൂർ സമയവും ഒത്തുവന്നു. ആ ഒറ്റ ഇരുപ്പിന് നൂറ് സിംഹാസനങ്ങൾ എന്നെയും ഞാൻ അതിനെയും കീഴടക്കി.

നായാടി വിഭാഗത്തിൽ പെട്ട ഒരാൾ ഐ.എ.എസ് ഉദ്യോഗസ്ഥനാകുന്നതും സർവ്വീസിൽ അയാൾ ജാതിയുടെ പേരിൽ നേരിടുന്ന നിരന്തര പീഢനങ്ങളും ആണ് നോവലിൻ്റെ പ്രമേയം. എരിതീയിൽ എണ്ണ ഒഴിക്കാനെന്ന പോലെ മാനസിക രോഗിയായ അയാളുടെ അമ്മയുടെ ചെയ്തികൾ അയാളെ  എല്ലാവർക്കും മുമ്പിൽ നാണം കെടുത്തുന്നു. എന്നിട്ടും ആ അമ്മയെ മകൻ സ്നേഹം കൊണ്ട് മൂടുന്നത് കാണുമ്പോൾ വായനക്കാരൻ്റെ ഹൃദയം ഒരു നിമിഷം നിശ്ചലമാകും.

കുപ്പായമിടുന്നതും കസേരയിൽ ഇരിക്കുന്നതും നായാടികൾക്ക് യോജിച്ചതല്ല. പകൽ വെളിച്ചത്തിൽ അവർ പുറത്തിറങ്ങാറും ഇല്ല. രാത്രിയിൽ ഏതെങ്കിലും കുപ്പത്തൊട്ടിക്കടുത്ത്  ഭക്ഷണത്തിനായി തെരുവ് പട്ടിയുമായി കലപില കൂടും. ചത്ത പെരുച്ചാഴിയെയും മറ്റും ഭക്ഷണമാക്കും. ഇങ്ങനെയുള്ള ഒരു നായാടിയുടെ ജീവിതം വായിക്കുന്ന ഏതൊരാളും അത്തരം ഒരു ജീവിതം ഉണ്ടാകരുതേ എന്ന് പ്രാർത്ഥിച്ച് പോകും. ഇതിനെയെല്ലാം അതിജീവിച്ച് ഒരു ജോലി നേടിയാലും സമൂഹം അവനെ അംഗീകരിക്കില്ല. ആ കഥയാണ് നൂറ് സിംഹാസനങ്ങൾ പറയുന്നത്.

മകൻ ഉന്നത ഉദ്യോഗസ്ഥനായത് അറിയാത്ത അമ്മ അവൻ്റെ വസ്ത്രത്തിൽ പിടിച്ച്  "നായാടിക്ക് എതുക്കൂടെ തമ്പ്രാൻ കളസം? വേണ്ടാണ്ടേ ഊരി ഇട്ടുടുടേ ..." എന്ന് പറയുമ്പോൾ ഒരു ദളിതൻ്റെ ഹൃദയ വേദനയാണ് വായനക്കാരൻ അനുഭവിക്കുന്നത്. "നീ തമ്പ്രാൻ കശേരയിലെ ഇരിപ്പിയാടീ... അയ്യോ .... അയ്യോ" എന്ന് മാറിലടിച്ച് നിലവിളിക്കുന്ന ആ അമ്മ ഈ കസേരകളെ എത്രകണ്ട് ഭയക്കുന്നു എന്ന് വായനക്കാരന് കൃത്യമായി മനസ്സിലാകും.

കുപ്പയിൽ നിന്നും കിട്ടിയത് എന്തെങ്കിലും ഭക്ഷിക്കുന്ന മാനസിക രോഗിയായ അമ്മ തൻ്റെ അരുമ മകനെയും മാലിന്യം തീറ്റിച്ചപ്പോഴാണ് അയാൾക്ക് അമ്മയോട് അല്പമെങ്കിലും  നീരസം തോന്നുന്നത്.അമ്മയെ സംരക്ഷിക്കുന്നതിൻ്റെ പേരിൽ ഭാര്യ ഉപേക്ഷിക്കാൻ തുനിഞ്ഞിട്ടും അയാൾ സ്വന്തം അമ്മയുടെ പക്ഷത്ത് നില്ക്കുമ്പോൾ ആ സ്നേഹത്തിൻ്റെ ആഴം അളക്കാൻ ഒരു ഉപകരണത്തിനും സാധിക്കില്ല എന്ന് വ്യക്തമാകുന്നു. 

അമ്മയെ കൂട്ടിപ്പിടിച്ചുകൊണ്ട് , തൻ്റെ സമുദായത്തിൻ്റെ ദുഃസ്ഥിതി മാറ്റൽ അത്ര എളുപ്പമുള്ള കാര്യമല്ല എന്ന് അവസാനം അയാൾ തിരിച്ചറിയുന്നു. "ഈ ഭിക്ഷക്കാരിത്തള്ളയെ കുഴിച്ചിട്ട്, ഇവളുടെ ഹൃദയം അതിൻ്റെ എല്ലാ വിശപ്പുകളും ശമിച്ച് ദ്രവിച്ച് മണ്ണായി മാറണമെങ്കിൽ എനിക്കിനിയും നൂറ് സിംഹാസനങ്ങൾ വേണം" എന്ന നോവലിൻ്റെ അവസാന വരികൾ ആ നിരാശാബോധം വ്യക്തമാക്കുന്നതോടൊപ്പം മുന്നോട്ടുള്ള കുതിപ്പിൻ്റെ ഒരു സൂചനയും നൽകുന്നു.

തകഴിയുടെ തോട്ടിയുടെ മകൻ എന്ന നോവലിൽ, തൻ്റെ മകനെങ്കിലും തോട്ടിയാകാതിരിക്കാൻ അവനെ മികച്ച സ്‌കൂളിൽ ചേർക്കുകയും അവനെ ആലിംഗനം പോലും ചെയ്യാതിരിക്കുകയും ചെയ്യുന്നുണ്ട്. ഇവിടെയും നായാടിയായ ഐ എ എസ് കാരൻ തൻ്റെ മകനെങ്കിലും ഒരു നായാടിയായി അറിയപ്പെടാതിരിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നു. ഈ ഒരു സാമ്യത മാത്രമാണ് "ചെറിയൊരു പ്രശ്നമായി" എനിക്ക് തോന്നിയത്.


പുസ്തകം: നൂറ് സിംഹാസനങ്ങൾ
രചയിതാവ് : ജയമോഹൻ 
പ്രസാധനം: ലോഗോസ് ബുക്‌സ്
പേജ് : 74
വില: 70 രൂപ


0 comments:

Post a Comment

നന്ദി....വീണ്ടും വരിക