Pages

Thursday, August 31, 2023

അബുവിന്റെ മോ(ഷ്)ട്ടിവേഷൻ - 1

എന്റെ സഹപാഠികളിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ടവനായിരുന്നു അബു.പ്രായം കൊണ്ട് എന്നെക്കാൾ സീനിയറായ അബു രണ്ടോ മൂന്നോ കൊല്ലം തോറ്റിട്ടാണ് എന്റെ സഹപാഠിയായത്.അബുവിനെപ്പോലെ വേറെ ചിലരും ഇങ്ങനെ തോറ്റ് തോറ്റ് ഇരിക്കുന്നവരുണ്ടായിരുന്നു.പക്ഷേ അബു എന്റെ പ്രിയപ്പെട്ടവനാകാൻ കാരണം അവൻ എന്നെ പഠിപ്പിച്ച ചില സൂത്രങ്ങളായിരുന്നു.അവയിലൊന്നിന്റെ പരീക്ഷണം അബുവുമായുള്ള എന്റെ  കൂട്ടുകെട്ട് എന്നന്നേക്കുമായി അവസാനിപ്പിക്കാനും കാരണമായി.

അക്കാലത്ത് സ്‌കൂളിൽ ഇന്നത്തെപ്പോലെ ഉച്ചഭക്ഷണം ഉണ്ടായിരുന്നില്ല. പക്ഷേ, അമേരിക്കയിൽ നിന്ന് വരുന്നത് എന്ന് പരക്കെ പറഞ്ഞ് നടന്നിരുന്ന ഗോതമ്പ് കൊണ്ടുണ്ടാക്കിയ ഉപ്പുമാവ് എല്ലാ കുട്ടികൾക്കും നൽകിയിരുന്നു. ഉച്ചസമയത്ത്, പ്രസ്തുത ഉപ്പ്മാവ് നെയ്യിട്ട് തൂമിക്കുന്ന ഗന്ധം ഉപ്പ്മാവ്പുരയിൽ നിന്നും ഉയരും. അത് മൂക്കിലടിക്കുമ്പോഴേക്കും വായിൽ വെള്ളമൂറാൻ തുടങ്ങും.പിന്നെ, ഉപ്പ്മാവിനുള്ള വരിയിൽ മുന്നിലെത്താൻ  തിക്കിത്തിരക്കും. എല്ലാവരുടെ കയ്യിലും ഉപ്പ്മാവ് വാങ്ങാൻ പാത്രം ഉണ്ടാകില്ല.ചിലരൊക്കെ മറ്റുള്ളവരുടെ പാത്രത്തിന്റെ അടപ്പ് കടം വാങ്ങി അതിലാണ് ഉപ്പുമാവ് വാങ്ങുക. അതും കിട്ടാത്തവർ ഉപ്പൂത്തിയുടെ ഇലകൾ പറിച്ച് ട്രൗസറിൽ നന്നായൊന്ന് തുടച്ച് അതിലാണ് ഉപ്പുമാവ് വാങ്ങിയിരുന്നത്.

ഉപ്പുമാവിന്റെ ഗോതമ്പ് സ്‌കൂളിൽ വരുന്നത് ആഴ്ചയിൽ ഒരിക്കലാണ്.ഫാർഗോ എന്ന കമ്പനിയുടെ ലോറിയിൽ എല്ലാ ശനിയാഴ്ചകളിലും ആയിരുന്നു ഗോതമ്പ് എത്തിയിരുന്നത്.ഉച്ചക്ക് ശേഷം എത്തുന്ന ലോറിയുടെ ഇരമ്പൽ ശബ്ദം വളരെ ദൂരെ നിന്നേ കാതിലെത്തുമായിരുന്നു.ഒരാഴ്ചത്തെ ഉപ്പ്മാവിനുള്ള ഗോതമ്പ് ഇറക്കിയ ശേഷം ആ ലോറി മറ്റേതോ സ്‌കൂളിലേക്ക് നീങ്ങും.

അന്നത്തെ കാലത്ത് ഗോതമ്പ് സൂക്ഷിക്കാൻ, സ്‌കൂളിൽ പ്രത്യേകിച്ച് ഒരു മുറി ഉണ്ടായിരുന്നില്ല.ഉപ്പുമാവ് തയ്യാറാക്കുന്ന പുരയുടെ തൊട്ടടുത്തുള്ള ക്ലാസ്സിൽ അട്ടിയിടുക എന്നതായിരുന്നു പതിവ്.ആ ക്ലാസ്സിൽ പിന്നീട് അധികം സ്ഥലം ബാക്കിയുണ്ടാകില്ല.അതിനാൽ സെക്കൻഡ് ലാംഗ്വേജ് ആയി പഠിക്കുന്നതും കുട്ടികൾ കുറവായതുമായ അറബി , ഉറുദു, സംസ്കൃതം തുടങ്ങിയ ക്‌ളാസ്സുകൾ നടത്താനായിരുന്നു ആ മുറി ഉപയോഗിച്ചിരുന്നത്.അത്തരം ഒരു ക്ലാസ്സിൽ വച്ചാണ് ഒരു അതിവിദഗ്ദ്ധ മോഷണത്തിന്റെ രീതി അബു എനിക്ക് കാണിച്ച് തന്നത്.

അബുവും ഞാനും സെക്കൻഡ് ലാംഗ്വേജ് ആയി എടുത്തത് അറബി ഭാഷ ആയിരുന്നു. ഉപ്പ്മാവ് തയ്യാറാക്കാനുള്ള ഗോതമ്പ് ചാക്കുകൾ അട്ടിയിട്ട ക്ളാസിലായിരുന്നു ഞങ്ങൾക്ക് അറബി പിരിയേഡിൽ ഇരിക്കേണ്ടിയിരുന്നത്.  ഏറ്റവും പിന്നിലെ ബെഞ്ചിൽ ചാക്ക് അട്ടിയിട്ടതിന്റെ തൊട്ടടുത്താണ് അബു സ്ഥിരം ഇരിക്കാറുള്ളത്. അറബിയുടെ ക്‌ളാസിൽ കയറുമ്പോഴെല്ലാം അവന്റെ കയ്യിൽ ഒരു വടിക്കഷ്ണവും ഉണ്ടാകും.

"എന്തിനാ നീ ഈ വടിക്കഷ്ണം കൊണ്ട് നടക്കുന്നത്?" ജിജ്ഞാസ കൂടിയ ഒരു ദിവസം ഞാനവനോട് ചോദിച്ചു.

"അത് ... ഇന്ന് നീ അറബി ക്ലാസ്സിൽ എന്റെ അടുത്തിരുന്നാൽ കാണിച്ച് തരാം..."

"എന്ത്?"

"സൈക്കിൾ വാടകയ്ക്ക് എടുക്കാനുള്ള കാശ് ഉണ്ടാക്കാനുള്ള വഴി..."

"ങേ!!" 

ഞാൻ ഞെട്ടി.വടി കൊണ്ട് കാശ് ഉണ്ടാക്കുന്ന വഴി അറിയാനുള്ള ആകാംക്ഷ കാരണം ഞാൻ അറബി പിരിയേഡ് ആകാൻ അക്ഷമയോടെ കാത്തിരുന്നു.

ഇന്റർവെൽ കഴിഞ്ഞ് ബെല്ലടിച്ചതും ഞാനും അബുവും ഒരുമിച്ച് ഉപ്പ്മാവ് ചാക്ക് അട്ടിയിട്ട റൂമിൽ എത്തി, അവസാന ബെഞ്ചിൽ ഇരുന്നു. ഞാൻ അബുവിന്റെ മുഖത്തേക്ക് നോക്കി.അല്പനേരം കാത്തിരിക്കാൻ അവൻ ആംഗ്യം കാണിച്ചു.ബാക്കി കുട്ടികൾ കൂടി എത്തിയതോടെ ബെഞ്ചുകൾ എല്ലാം നിറഞ്ഞു.ടീച്ചർ ക്ലാസ്സിൽ എത്തുകയും ചെയ്തു.

പുസ്തകം തുറന്ന് ടീച്ചർ പഠിപ്പിക്കാൻ തുടങ്ങിയതോടെ അബു എന്നെ തോണ്ടി.കയ്യിൽ കരുതിയിരുന്ന വടിക്കഷ്ണം എടുത്ത് അബു ഗോതമ്പ് ചാക്കിന്റെ മൂലയിൽ ഒരു കുത്ത് കുത്തി.വടിക്കഷ്ണം ഉണ്ടാക്കിയ ചെറിയ ദ്വാരത്തിലൂടെ പുറത്തേക്ക് ചാടിയ ഗോതമ്പ് നുറുക്കുകൾ കയ്യിൽ ശേഖരിച്ച് അബു നേരെ വായിലേക്കിട്ടു.കുറച്ച് എനിക്കും തന്നു.വേവിക്കാത്ത ഗോതമ്പ് നുറുക്കിന്റെ രുചി അന്നാണ് ആദ്യമായി ഞാനറിഞ്ഞത്.

"ഇതേ വിദ്യ നിന്റെ വീട്ടിലെ കുരുമുളക് ചാക്കിൽ പ്രയോഗിച്ചാൽ നിനക്കാവശ്യമായ കാശ് ഉണ്ടാക്കാം..." 

അബുവിന്റെ മോ(ഷ്)ട്ടിവേഷൻ ക്ലാസ് എനിക്ക് ഒരു പുതിയ അറിവ് പകർന്നു. അതൊന്ന് പരീക്ഷിച്ച് നോക്കാൻ തന്നെ ഞാൻ തീരുമാനിച്ചു.


(തുടരും....)


Sunday, August 27, 2023

ഓ(യ്യ)യോ റൂംസ് ... (റോയൽ രാജസ്ഥാൻ ഡേയ്‌സ് - 1)

(ആദ്യം ഇത് വായിക്കുക)

സെറായി റോഹില്ല സ്റ്റേഷനിൽ ഞങ്ങൾ എത്തുമ്പോൾ രാത്രി ഒമ്പത് മണിയായിരുന്നു. രാത്രി പത്തരക്കായിരുന്നു ഞങ്ങളുടെ ട്രെയിൻ.മറ്റേതോ സ്ഥലത്ത് നിന്ന് വന്ന് സെറായി റോഹില്ല വഴി രാജസ്ഥാനിലെ തന്നെ ജോധ്പൂരിലേക്കുള്ള ട്രെയിൻ ആണ് ഇതെന്നായിരുന്നു എന്റെ ധാരണ.ഒന്നാം നമ്പർ പ്ലാറ്റ് ഫോമിൽ തന്നെയാണ് ട്രെയിൻ വരുന്നത് എന്ന് എൻക്വയറി കൗണ്ടറിൽ നിന്നും ഞാൻ മനസ്സിലാക്കി.ഞങ്ങളെത്തുമ്പോൾ തന്നെ അവിടെ ഒരു ട്രെയിൻ കിടന്നിരുന്നതിനാൽ അത് പോയിട്ടേ ഞങ്ങളുടെ ട്രെയിൻ വരൂ എന്നും സമാധാനിച്ചു.

ഭക്ഷണം കഴിക്കാനിരുന്നാൽ സമയം വൈകും എന്നതിനാൽ ന്യൂ ഡൽഹിയിൽ നിന്ന് അത് പാർസലാക്കിയായിരുന്നു ഞങ്ങളുടെ വരവ്. ട്രെയിൻ വരാൻ ഇനിയും ധാരാളം സമയം ബാക്കിയുള്ളതിനാൽ ഞങ്ങൾ ഭക്ഷണം കഴിക്കാൻ തീരുമാനിച്ചു.പക്ഷെ എല്ലാവർക്കും ഇരിക്കാൻ പറ്റിയ ഒരു സ്ഥലം ആ ചെറിയ സ്റ്റേഷനിൽ കണ്ടില്ല.ഇരിക്കാനുള്ള ഒഴിഞ്ഞ സ്ഥലങ്ങളിൽ ആകട്ടെ , അലഞ്ഞുതിരിഞ്ഞു നടക്കുന്ന പട്ടികൾ  സ്ഥാനം പിടിച്ചിരുന്നു.അവസാനം, ഉള്ള സ്ഥലത്തിരുന്ന് ഭക്ഷണം കഴിക്കേണ്ടി വന്നു.വിശക്കുന്ന പട്ടികളും  അതിലേറെ കുട്ടികളും ഞങ്ങളെത്തന്നെ നോക്കി നിന്നതിനാൽ അത് വേഗം പൂർത്തിയാക്കി. ഒരു ഭക്ഷണ പൊതി നോക്കി നിന്ന കുട്ടികൾക്ക് നല്കാതിരിക്കാനായില്ല.

സമയം പത്ത് മണിയോടടുത്തിട്ടും ഒന്നാം നമ്പർ പ്ലാറ്റുഫോമിലെ വണ്ടിക്ക് അനക്കം സംഭവിച്ചിട്ടില്ലായിരുന്നു. ജയ്‌പൂരിൽ ഞങ്ങളെത്തുന്നത് പുലർച്ചെ മൂന്ന് മണിക്കായതിനാൽ വണ്ടിയിൽ കയറിയ ശേഷം ഉറങ്ങുക എന്നത് റിസ്കായിരുന്നു.നേരത്തെ ബുക്ക് ചെയ്ത ഹോട്ടലിൽ വിളിച്ചപ്പോൾ അവർ സദാ ഉണർന്നിരിക്കും എന്നും ട്രെയിൻ ഇറങ്ങിയ ശേഷം വിളിച്ചാൽ ഉടനെ പിക്ക് അപ്പ് ചെയ്യാൻ ആളെത്തും എന്നും അറിയിപ്പ് കിട്ടി. അപ്പോഴും നിലവിൽ പ്ലാറ്റ്‌ഫോമിൽ കിടക്കുന്ന വണ്ടി അനങ്ങാത്തത്തിന്റെ ഗുട്ടൻസ് എനിക്ക് പിടി കിട്ടിയില്ല.

സമയം പത്തേ കാൽ ആയി.സ്റ്റേഷനിൽ എത്തുന്ന പലരും ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിലെ വണ്ടിയെ പറ്റി അന്വേഷിക്കുന്നതും അതിൽ കയറുന്നതും കണ്ടപ്പോഴാണ് ഞാനും അതിന്റെ റൂട്ടും നമ്പറും ഒന്ന് കൂടി സൂക്ഷിച്ച് നോക്കിയത്.

'യാ കുദാ!!' ഞാൻ ഒന്ന് ഞെട്ടിപ്പോയി.ട്രെയിൻ ബോഗിയുടെ പുറത്ത് മധ്യത്തിലായി ട്രെയിൻ നമ്പറും റൂട്ടും സൂചിപ്പിക്കുന്ന സ്ഥലത്ത് സാധാരണ രണ്ട് നമ്പർ ആണ് കാണാറ്. അപ്പ് ആൻഡ് ഡൌൺ ആയി ഓടുന്ന ട്രെയിനുകൾക്കാണ് പെട്ടെന്ന് മനസ്സിലാവുന്ന ഈ നമ്പർ സിസ്റ്റം ഉണ്ടാകാറുള്ളത്.എന്നാൽ ഈ ട്രെയിനിന് രണ്ടിന് പകരം ആറ് നമ്പറുകൾ ഉണ്ടായിരുന്നു.അതിലൊന്ന് ഞാൻ ബുക്ക് ചെയ്ത അതേ ട്രെയിൻ നമ്പർ!!ഞാൻ വേഗം കുടുംബത്തിന്റെ അടുത്തേക്ക് ഓടി.

"എന്ത് പറ്റി? പ്ലാറ്റുഫോം മാറിയോ?"ഭാര്യ ചോദിച്ചു.

"ഇല്ല...."

"പിന്നെ?"

"വണ്ടി ഈ നിൽക്കുന്നത് തന്നെയാ...." 

സാധനങ്ങൾ നിറച്ച പെട്ടികളെയും ഉറങ്ങിത്തൂങ്ങിയ കുട്ടികളെയും വാരി എടുത്ത് പിന്നെ എസ് 5 കമ്പാർട്ട്മെന്റിന്റെ നേരെ ഒരു ഓട്ടമായിരുന്നു. അകത്ത് കയറിയ ശേഷമാണ് ശ്വാസം പോലും നേരെ മൂക്കിലൂടെ തന്നെ വിട്ടത്.കാരണം ട്രെയിൻ സ്റ്റാർട്ട് ചെയ്യാനുള്ള കൂകിവിളി അപ്പോഴേക്കും മുഴങ്ങിക്കഴിഞ്ഞിരുന്നു.

ഡൽഹിയിൽ നിന്നും 303 കിലോമീറ്റർ അകലെയാണ് ജയ്‌പൂർ.രാത്രി മൂന്ന് മണിക്കാണ് ഈ ട്രെയിൻ ജയ്‌പൂരിലെത്തുന്നത്.അസമയത്തായതിനാലും അവസാന സ്റ്റേഷൻ അല്ലാത്തതിനാലും ആരെങ്കിലും ഒരാൾ ഉറക്കമിളച്ചിരിക്കൽ നിർബന്ധമായിരുന്നു. പക്ഷെ, കുറെ നേരത്തേക്ക് ആർക്കും ഉറക്കം വന്നില്ല.രാത്രി ആയതിനാൽ പുറം കാഴ്ചകൾ കാണാൻ സാധിച്ചതുമില്ല.

ജയ്‌പൂരിൽ കാണാനുള്ളത് എന്തൊക്കെ എന്നതിനെപ്പറ്റിയും എനിക്ക് വലിയ ധാരണ ഉണ്ടായിരുന്നില്ല. എൻറെ വീടിന്റെ മാർബിൾ പണിക്ക് വന്നിരുന്ന അബ്ദുറഹ്‌മാന്റെ കസിൻ ആയ അബ്ദുൾജബ്ബാർ ജയ്‌പൂരിലെ ടാക്സി ഡ്രൈവറാണെന്നും എല്ലാ സ്ഥലവും അദ്ദേഹം കാണിച്ച് തരും എന്ന അബ്ദുറഹ്‌മാന്റെ വാക്കിലായിരുന്നു എന്റെ വിശ്വാസം.ഉറങ്ങിയും ഉറങ്ങാതെയും ഒരു വിധം പിടിച്ച് നിന്ന് ഞങ്ങൾ ജയ്‌പൂരിലെത്തി. 

ജയ്‌പൂർ, പിങ്ക് സിറ്റി എന്ന അപരനാമത്തിൽ  അറിയപ്പെടുന്നത് എന്തുകൊണ്ട് എന്ന് ഇത്രയും കാലം ഞാൻ മനസ്സിലാക്കിയിരുന്നില്ല.എന്നാൽ റെയിൽവേ സ്റ്റേഷന്റെ നിറം കണ്ടതും എനിക്ക് ഒരു ചെറിയ സൂചന കിട്ടി. സ്റ്റേഷനിൽ നിന്നും പുറത്തിറങ്ങിയപ്പോൾ എല്ലാ ബിൽഡിംഗിന്റെയും നിറം ഞങ്ങളെ ആശ്ചര്യപ്പെടുത്തി.എല്ലാം പിങ്ക് നിറത്തിലായിരുന്നു.

ഹോട്ടൽ അമാൻ കെ പാലസ് ആയിരുന്നു ഓയോ റൂംസ് വഴി ഞാൻ ബുക്ക് ചെയ്തിരുന്ന ഹോട്ടൽ.ട്രെയിൻ ഇറങ്ങി, വിളിച്ച ഉടൻ തന്നെ ഞങ്ങളെ കൊണ്ടുപോകാൻ ആളും എത്തി.സ്റ്റേഷനിൽ നിന്നും നടക്കാനുള്ള ദൂരം മാത്രമേ ഉണ്ടായിരുന്നുള്ളൂ  'അമാൻ കെ പാലസിലേക്ക്'.

ചെക്ക് ഇൻ പെട്ടെന്ന് തന്നെ തീർത്ത് ഞങ്ങളെ റൂമിലേക്ക് കൊണ്ടുപോയി. ഹോട്ടലിന്റെ നാലാമത്തെ നിലയിൽ ആയിരുന്നു റൂം.കയറാനുള്ള ഗോവണിയാകട്ടെ കഷ്ടിച്ച് ഒരാൾക്ക് കടന്നു പോകാനുള്ളതും.പെട്ടി തൂക്കി ഗോവണി കയറുക എന്നത് നല്ല പ്രയാസം തന്നെയായിരുന്നു.എങ്കിലും റൂമിൽ എത്തിയാൽ പെട്ടെന്ന് ഉറങ്ങാമല്ലോ എന്ന ആശ കാരണം എല്ലാവരും വേഗം കയറി.

റൂം കണ്ടതും ഞാൻ വീണ്ടും ഞെട്ടി.അഞ്ച് ബെഡ് ഉണ്ടായിരുന്നെങ്കിലും എല്ലാം വൃത്തിഹീനമായിരുന്നു. തലയിണയിൽ കറുത്ത പായലുകൾ പോലെ എന്തോ പറ്റിപ്പിടിച്ചിരുന്നു.അത് മാറ്റാൻ ആവശ്യപ്പെട്ടപ്പോൾ പകരം ഇല്ല എന്ന മറുപടിയും.ബാത്ത്റൂമിൽ കയറിയപ്പോൾ റാംജിറാവ് സ്പീക്കിങ്ങിലെ ഡയലോഗാണ് ഓർമ്മ വന്നത്.കുറ്റിയും കൊളുത്തും ഇല്ലാത്തതിനാൽ കയറിയിരിക്കുന്നവൻ പാട്ടുപാടണം എന്ന അവസ്ഥ.റൂം ബോയിയെ വിളിക്കാൻ ബെല്ലടിച്ചാൽ തിരിഞ്ഞു നോക്കാൻ ഒരാള് പോലും ഇല്ലായിരുന്നു.അത്രയും മുകളിൽ ആയിരുന്നതിനാൽ താഴെ ഇറങ്ങി പരാതി പറയാനും നിർവ്വാഹമില്ലായിരുന്നു.

പകൽ പിറക്കാൻ ഏതാനും മണിക്കൂറുകൾ മാത്രമേ ഉള്ളൂ എന്നതിനാൽ, രാവിലെത്തന്നെ റൂം മാറാം എന്ന തീരുമാനത്തിൽ ഞങ്ങൾ കിടന്നു.ക്ഷീണം കാരണം പെട്ടെന്ന് തന്നെ ഉറങ്ങുകയും ചെയ്തു. 


Next - ബൈ ബൈ അമാൻ കെ പാലസ് 

Wednesday, August 23, 2023

ജുമാമസ്ജിദിൽ...

Part 5  - ഓഗസ്റ്റിലെ ഡൽഹി

1992 ലാണ് ഞാൻ ആദ്യമായി ഡൽഹി കണ്ടത്.ഡിഗ്രി കഴിഞ്ഞ് പി.ജി പ്രവേശന പരീക്ഷ എഴുതാനായി അലിഗർ മുസ്ലിം സർവ്വകലാശാലയിൽ പോയപ്പോഴാണ് ഡൽഹിയും കൂടി സന്ദർശിച്ചത്. ഇന്ത്യയിലെ ഏറ്റവും വലിയ മുസ്ലിം പള്ളി ഏത് എന്ന ചോദ്യത്തിന് ചൊല്ലിപ്പഠിച്ച ഉത്തരമായ ജുമാ മസ്ജിദ് ഡൽഹി സന്ദർശിക്കാൻ അന്നാണ് ആദ്യമായി അവസരം ലഭിച്ചത്. ആ സന്ദർശന സമയത്ത് തൊട്ടടുത്ത ചാന്ദ്‌നി ചൗക്കിലൂടെ നടക്കുമ്പോൾ ഒരു ഹിന്ദിവാല വന്ന് ഷർട്ടിന്റെ ഏറ്റവും മുകളിലെ ബട്ടൺ ഇടാത്തതിനെപ്പറ്റി ചോദ്യം ചെയ്തതും (മുസ്ലിം ആണെങ്കിൽ ആ ബട്ടൺ ഇടണമത്രേ!), ചുരുങ്ങിയ ചെലവിൽ ഏതോ ഒരു ലോഡ്ജിൽ താമസിച്ചതും, ഇന്ന് അൽഫാം എന്ന് വിളിക്കുന്ന ചുട്ട കോഴി കഴിച്ചതും ഒക്കെയാണ് എന്റെ ഓർമ്മയിൽ തങ്ങി നിൽക്കുന്നത്.

വർഷങ്ങൾക്ക് ശേഷം ചെറിയ അനിയന് എസ്.ബി.ഐ യിൽ ഏതോ പോസ്റ്റിലേക്ക് ഇന്റർവ്യൂവിനായി ലക്‌നോവിൽ കൊണ്ടു പോയപ്പോഴും ഞാൻ ഭാര്യയേയും മൂത്തമകളെയും കൂട്ടി ഡൽഹിയിൽ എത്തിയിരുന്നു.അന്നും ജുമാ മസ്‌ജിദിൽ കയറി നമസ്കാരം നിർവ്വഹിക്കാനും ചുട്ട കോഴി കഴിക്കാനും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഡൽഹിയിൽ കറങ്ങാൻ എത്തിയാൽ ജുമാമസ്ജിദിൽ കയറണം എന്നത് അന്ന് മുതൽ ഒരു ശീലമായി മാറി.

2013 ൽ എൻ.എസ്.എസ് ദേശീയ അവാർഡ് സ്വീകരിക്കാനായി കുടുംബ സമേതം ഡൽഹിയിൽ എത്തിയപ്പോഴും ജുമാ മസ്ജിദ് സന്ദർശിച്ചു.അന്ന് ഡൽഹി ആദ്യമായി കാണുന്ന എന്റെ ഉമ്മയും ഭാര്യയുടെ മാതാപിതാക്കളും കൂടെ ഉണ്ടായിരുന്നതിനാൽ വളരെയധികം സമയം തന്നെ ജുമാ മസ്ജിദിൽ ചെലവഴിച്ചു.

മുമ്പ് ജുമാ മസ്‌ജിദ്‌ സന്ദർശിച്ച സമയത്തെല്ലാം ചെങ്കോട്ടയുടെ ഭാഗത്തുള്ള കവാടത്തിലൂടെയായിരുന്നു ഞങ്ങൾ പ്രവേശിച്ചിരുന്നത്.ഇത്തവണ ദീപ്‌സിംഗ് ഞങ്ങളെ മറ്റൊരു വഴിയേ ആണ് കൊണ്ടുപോയത്.സ്വതവേ ഇടുങ്ങിയ ഗല്ലികളാണ് ജുമാ മസ്‌ജിദിന് ചുറ്റുമുള്ളത്.അതിനേക്കാളും ഇടുങ്ങിയ വഴിയിലൂടെ വണ്ടി സഞ്ചരിച്ചപ്പോൾ മനസ്സിൽ ഒരു ഭയം അങ്കുരിച്ചു. പക്ഷെ,ജുമാ മസ്‌ജിദിന്റെ പിന്നിൽ തിരക്ക് ഒട്ടും ഇല്ലാത്ത,കവാടത്തിന് മുമ്പിലായിരുന്നു ഞങ്ങൾ എത്തിയത്.ഇഷ്ടമുള്ള അത്രയും സമയം അവിടെ ചെലവഴിച്ച് ഇറങ്ങുമ്പോൾ വിളിച്ചാൽ മതി എന്നും പറഞ്ഞ് ദീപ്‌സിംഗ് വണ്ടിയുമായി എങ്ങോട്ടോ പോയി.

ഒരു നമസ്കാര പള്ളിയായി, മുഗൾ ചക്രവർത്തി ഷാജഹാൻ തന്റെ രാജ്യ തലസ്ഥാനമായ ഷാജഹാനാബാദിൽ 1656 ൽ  സ്ഥാപിച്ചതാണ് ഇന്ന് കാണുന്ന ജുമാ മസ്‌ജിദ്‌.ലോകത്തെ പ്രതിഫലിപ്പിക്കുന്നത് എന്നർത്ഥം വരുന്ന മസ്ജിദ്-ഇ-ജഹാൻ നുമാ എന്നാണ് പള്ളിയുടെ യഥാർത്ഥ പേര്. 25000 പേരെ ഒരേ സമയം പള്ളിയിൽ ഉൾക്കൊള്ളാൻ സാധിക്കും. 

അസർ നമസ്കാരത്തിന്റെ സമയത്തോടടുപ്പിച്ചാണ് ഞങ്ങൾ പള്ളിയിൽ എത്തിയത്. ജാതി മത ലിംഗ വർണ്ണ ഭേദമന്യേ നിരവധി സന്ദർശകർ അപ്പോൾ പള്ളിയിൽ ഉണ്ടായിരുന്നു.പള്ളിയുടെ നടുമുറ്റത്ത് പതിച്ച കല്ലുകൾ വെയില് കാരണം ചുട്ട കല്ലുകളായി മാറിയിരുന്നു.നിലത്ത് കാല് വയ്ക്കാൻ പോലും പ്രയാസമായിരുന്നു.തറയുടെ ചൂട് കാരണം ലിദു മോനെ എടുത്തുകൊണ്ട് നടക്കേണ്ടി വന്നു.

ഇടത് ഭാഗത്തെ തണലുള്ള ഒരു സ്ഥലത്ത് ഞങ്ങൾ ചെന്നിരുന്നു.അൽപ സമയം കഴിഞ്ഞതും ശ്രവണ മധുരമായ ഈണത്തിൽ പള്ളിയിൽ നിന്നും ബാങ്ക് മുഴങ്ങി.കുത്തബ് മിനാറിലെ പള്ളിയിൽ വച്ച് ളുഹറും അസറും നമസ്കാരം നിർവ്വഹിച്ചിരുന്നതിനാൽ ഞങ്ങൾ അവിടെ തന്നെ ഇരുന്നു.പക്ഷെ അൽപ സമയത്തിനകം തന്നെ ചിലർ വന്ന് എല്ലാവരെയും ഒഴിപ്പിക്കാൻ തുടങ്ങി.നമസ്‌കാര സമയം ആയതുകൊണ്ടായിരുന്നു ആ ഒഴിപ്പിക്കൽ. പള്ളിയുടെ മുൻഭാഗത്തെ  ഹൗളിൽ നിന്ന് വുളു എടുത്ത് ഞങ്ങളും രണ്ട് റകഅത്ത് തഹിയ്യത്ത് നമസ്കരിച്ചു.

ജുമാ മസ്‌ജിദ്‌ എല്ലാ ദിവസവും രാവിലെ 7 മണി മുതൽ 12 മണി വരെയും ഉച്ചയ്ക്ക് 1:30 മുതൽ വൈകിട്ട് 6 മണി  വരെയും തുറന്നിരിക്കും. പ്രവേശനത്തിന് ഒരു ഫീസും നൽകേണ്ടതില്ല.നമസ്കാര ശേഷം ഞങ്ങൾ പള്ളിയിൽ നിന്നും പുറത്തിറങ്ങി. ചാന്ദിനി ചൗക്കിലൂടെ നടക്കാൻ സമയം ഇല്ലാത്തതിനാൽ പുറത്തിറങ്ങിയ ഉടനെ ഞാൻ ദീപ് സിംഗിനെ വിളിച്ചു.നിമിഷങ്ങൾക്കകം അദ്ദേഹം എത്തി.സുരക്ഷിതമായി ഞങ്ങളെ താമസ സ്ഥലത്ത് തിരിച്ച് എത്തിച്ചു. 

അന്ന് രാത്രി ജയ്‌പൂരിലേക്ക് യാത്ര തിരിക്കാനായിരുന്നു ഞാൻ പ്ലാൻ ചെയ്തിരുന്നത്.ന്യൂ ഡൽഹിയിൽ നിന്ന് നാല് കിലോമീറ്റർ അകലെയുള്ള   സെറായി റോഹില്ല സ്റ്റേഷനിൽ നിന്നായിരുന്നു ഞങ്ങളുടെ ട്രെയിൻ. ഭക്ഷണം കഴിച്ച് ദീപ്‌സിംഗിന്റെ ഈക്കോ വാനിൽ തന്നെ ഞങ്ങൾ സെറായി റോഹില്ല സ്റ്റേഷനിൽ എത്തി.ദീപ് സിംഗിന് നല്ലൊരു ടിപ്പ് നൽകി യാത്രയാക്കുമ്പോൾ അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. പഞ്ചാബിൽ എപ്പോഴെങ്കിലും വരുന്നുണ്ടെങ്കിൽ സൗജന്യ താമസം തരാം എന്ന് വാഗ്‌ദാനം ചെയ്ത് ആ നല്ല പഞ്ചാബി ഇരുട്ടിൽ മറഞ്ഞു.ഞങ്ങൾ സ്റ്റേഷനകത്തേക്കും നീങ്ങി.


Part 7 - ഓ(യ്യ)യോ റൂംസ്


Monday, August 21, 2023

മനുഷ്യൻ

ചെമ്പ്രശ്ശേരി ഗ്രാമത്തിലെ പ്രധാന ക്ഷേത്രത്തിലെ പൂജാരിയായിരുന്നു കൃഷ്ണൻ നമ്പൂതിരി. അതേ ഗ്രാമത്തിലെ പള്ളിയിലെ ഇമാമായിരുന്നു മുഹമ്മദ് മുസ്‌ലിയാർ. പൂർവ്വ പിതാക്കളുടെ കാലം തൊട്ടേ രണ്ട് കുടുംബങ്ങൾ തമ്മിലും വളരെ അടുത്ത ബന്ധം കാത്ത് സൂക്ഷിച്ചിരുന്നു. നമ്പൂതിരിയുടെ വീട്ടിലെ വിശേഷാവസരങ്ങളിൽ മുസ്‌ലിയാർക്കും മുസ്‌ലിയാരുടെ വീട്ടിലെ വിശേഷാവസരങ്ങളിൽ നമ്പൂതിരിക്കും പ്രത്യേക പരിഗണനയും ആദരവും നൽകാൻ ഇരു കൂട്ടരും ശ്രദ്ധ പുലർത്തിയിരുന്നു. തലമുറകൾ മാറിയപ്പോഴും ഈ ബന്ധം തുടർന്ന് പോന്നു.

ആയിടക്കാണ് ഉത്തരേന്ത്യയിലെ ഏതോ പട്ടണത്തിൽ ഒരു വർഗ്ഗീയ കലാപം പൊട്ടിപ്പുറപ്പെട്ടത്. രണ്ട് മത വിഭാഗക്കാരുടെയും വസ്തു വകകൾ പരസ്പരം നശിപ്പിച്ചും തെരുവിൽ പരസ്പരം പോർവിളിച്ചും ആളപായം വരുത്തിയും അത് കെട്ടടങ്ങി. തോറ്റതാര് ജയിച്ചതാര് എന്ന ചോദ്യത്തിന് ഉത്തരം പറയാൻ ഇരു വിഭാഗക്കാരുടെ മനസ്സുകളും മത്സരിച്ചതിനാൽ കലാപത്തിന്റെ കനലുകൾ രാജ്യവ്യാപകമായി നീറിപ്പുകഞ്ഞു കൊണ്ടിരുന്നു. ചെമ്പ്രശ്ശേരി ഗ്രാമത്തിലും ആ വിഷപ്പുക മെല്ലെ മെല്ലെ അരിച്ച് കയറി. ഇരു വിഭാഗക്കാർക്കിടയിൽ നിലനിന്നിരുന്ന സൗഹൃദത്തിൽ അത് ചെറിയ വിള്ളലുകളുണ്ടാക്കി. ക്ഷോഭായാത്രയും നബിദിന റാലിയും മത്സര ബുദ്ധിയോടെ സംഘടിപ്പിച്ചു കൊണ്ട് ആ വിള്ളലുകളുടെ ആഴം വർദ്ധിപ്പിച്ചു.

അങ്ങനെയിരിക്കെ മുസ്‌ലിയാരുടെ മകളുടെ പ്രസവം അടുത്തു. ചില സങ്കീർണ്ണതകൾ ഉള്ളതിനാൽ രക്തം ആവശ്യം വരുമെന്നും ആളെ കണ്ടെത്തി തയ്യാറാക്കി വയ്ക്കണമെന്നും ഡോക്ടർ നിർദ്ദേശിച്ചു. അപൂർവ്വ രക്തമായ AB നെഗറ്റീവ് ആയിരുന്നു അവളുടേത്. ആ ഗ്രാമത്തിൽ പ്രസ്തുത രക്തം ഉണ്ടായിരുന്നത് കൃഷ്ണൻ നമ്പൂതിരിയുടെ മകന് മാത്രമായിരുന്നു.കൃഷ്ണൻ നമ്പൂതിരിയെ കുടുംബ സമേതം തന്നെ മകളുടെ വിവാഹത്തിന് ക്ഷണിച്ചതും അവർ സന്തോഷത്തോടെ പങ്കെടുത്തതും മുസ്‌ലിയാർ ഓർമ്മിച്ചു.

'പക്ഷേ, ഇന്ന് നാടിന്റെ സാമൂഹ്യ കാലാവസ്ഥയിൽ മഴക്കാറു മൂടിയിരിക്കുന്നു. അതിനാൽ ...?' മുസ്‌ലിയാർ തെല്ലൊന്ന് ആലോചിച്ചു. അവസാനം കൃഷ്ണൻ നമ്പൂതിരിയെക്കണ്ട് കാര്യം പറയാം എന്ന് തീരുമാനിച്ചു. വൈകിട്ട് മുസ്‌ലിയാർ നമ്പൂതിരിയുടെ ഇല്ലത്തെത്തി.

"ആരാദ് ... മുഹമ്മദ് മുസ്‌ലിയാരോ... ഇങ്ങട്ട് വരിക... " കൃഷ്ണൻ നമ്പൂതിരി മുസ്‌ലിയാരെ വരവേറ്റു. മുസ്‌ലിയാർ അർദ്ധ ശങ്കയോടെ ഇല്ലത്തേക്ക് കയറിച്ചെന്നു.

"ങാ... ഇങ്ങോട്ട് ഇരിക്ക്യാ...എന്താ .... മുഖത്ത് ഒരു വൈക്ലബ്യം ?" നമ്പൂതിരി ചോദിച്ചു.

"ഏയ്... ഒന്നും ല്ല...'' മുഖം തുടച്ച് കൊണ്ട് മുസ്‌ലിയാർ പറഞ്ഞു.

"അല്ല ...എന്താന്നാ ച്ച പറയാ... "

"നാട് ഓടുന്നത് എങ്ങന്യാ ന്ന് നമ്പൂരിച്ചന് അറിയാലോ .."

"ങാ... നമ്മള് തമ്മില്ള്ള ബന്ധത്തിന് അതൊരു തടസ്സവും ണ്ടാക്കില്ല.... മുഹമ്മദിന്റെ ഉപ്പാപ്പ ഹൈദ്രോസ് മുസ്ല്യാർ കുറിച്ച് തന്ന മരുന്നാ ഞാനിന്ന് ജീവിച്ചിരിക്കാൻ തന്നെ കാരണം..."

"ആ.. അത് എന്റെ ഉപ്പ പറഞ്ഞ് ഞാൻ കേട്ടിട്ട്ണ്ട്...ഇപ്പോ എനിക്കും അതു പോലൊരാവശ്യം ണ്ട്..."

"ങാ... എന്താ ന്നാ ച്ചാ പറയാ.."

"മോള് പ്രസവിക്കാറായി ... ചെല സങ്കീർണ്ണതകൾ ണ്ട് ന്ന് ഡോക്ടർ പറഞ്ഞു .... അപ്പോ AB നെഗറ്റീവ് രക്തം ആവശ്യം മന്നേക്കും... നമ്പൂരിച്ചന്റെ മോനാ ഈ നാട്ടില് ആ ഗ്രൂപ്പ് രക്തമുള്ള ഒരേ ഒരാൾ ... "

" അത് നാമേറ്റിരിക്കുന്നു..." നമ്പൂതിരിയുടെ വാക്കുകൾ കേട്ട് മുസ്‌ലിയാരുടെ കണ്ണുകൾ നിറഞ്ഞു . സന്തോഷത്തോടെ അയാൾ വീട്ടിലേക്ക് മടങ്ങി.

മോല്യാരുടെ വരവും കാത്ത് ഭാര്യ ബീപാത്തു കോലായിൽ തന്നെ നിൽപ്പുണ്ടായിരുന്നു.

"ഹാവൂ... മുഖം കണ്ടിട്ട് ശരിയായി ന്ന് തോന്ന് ണ്ട്..." നിറവയറുമായി നിൽക്കുന്ന മകളെ നോക്കി ബീപാത്തു പറഞ്ഞു.

"അസ്സലാമലൈക്കും... ബീപാത്തോ.... ഒരു ഗ്ലാസ് വെള്ളം ഇങ്ങട്ടെട്ക്ക് .... ഞാൻ പോയ കാര്യം ശരിയായി...'' മുസ്‌ലിയാർ ഒറ്റശ്വാസത്തിൽ പറഞ്ഞു.

" എവിടന്ന് കിട്ടി ?" വെള്ളവുമായി വന്ന ബീപാത്തു ചോദിച്ചു.

"നമ്മളെ നമ്പൂരിച്ചന്റെ മോൻ ഉണ്ണിയുടെ ... "

"ങേ !!" മോല്യാരുടെ മറുപടി കേട്ട് ബീപാത്തുവിന്റെ കയ്യിൽ നിന്നും ഗ്ലാസ് താഴെ വീണ് പൊട്ടിച്ചിതറി.

"അതെന്താടീ...?"

"ആ കാഫിറിന്റെ രക്തം സ്വീകരിക്കേ.... ?എന്റെ മോള് പിന്നെ ജീവിച്ചിട്ട് എന്താ കാര്യം?"

"എടീ... ചോരക്ക് ചോര തന്നെ വേണം... അത് തര്ണ മനുഷ്യനെ വെറും കാഫിറാക്കരുത് ... " മോല്യാർക്ക് കലി കയറി.

"അതെ.. ഉമ്മാ... രക്തത്തിന് മതമില്ല... തക്ക സമയത്ത് അത് തന്ന് സഹായിക്കുന്നവന്റെ മതം നോക്കി അതിന്റെ പവിത്രതയെ കളങ്കപ്പെടുത്തരുത്... ഉണ്ണി നമ്പൂതിരിയുടെ രക്തം സ്വീകരിക്കാൻ മുഹമ്മദ് മുസ്‌ലിയാരുടെ മകളായ ആയിഷ തയ്യാറാണ്... തിരിച്ചാവശ്യം വന്നാൽ നൽകാനും ... അപ്പഴേ മനുഷ്യൻ മനുഷ്യനാവൂ...."

ഉപ്പയെയും ഉമ്മയെയും കൂട്ടിപ്പിടിച്ചു കൊണ്ടുള്ള മകളുടെ പ്രഖ്യാപനം കേട്ട് മുസ്‌ലിയാർ അഭിമാനം കൊണ്ടു.

Saturday, August 19, 2023

പ്രതിഷേധം

"വളരെ ഗുരുതരമായ ഒരു പിഴവാണ് സംഭവിച്ചിരിക്കുന്നത്.മാലിന്യപ്പുക ശ്വസിച്ച് വൃദ്ധരും കുട്ടികളും അടക്കമുള്ളവർ ഇപ്പോഴും ചുമച്ച് കൊണ്ടേയിരിക്കുന്നു.ഗർഭിണികൾ വളരെ കഷ്ടപ്പെടുന്നത് പലയിടത്തും ഞാൻ നേരിട്ട് കണ്ടതാണ്..." പാർട്ടി മീറ്റിങ്ങിൽ നേതാവ് ഘോര ഘോരം പ്രസംഗിച്ചു തള്ളുകയാണ്.

'ങേ!! ഇങ്ങനെ കാണാൻ മാത്രം അധികം ഗർഭിണികൾ വാർഡിൽ ഉണ്ടോ?' നേതാവിന്റെ പ്രസംഗം കേട്ട് പലരും പരസ്പരം നോക്കി.

"കരാറുകാരും ഭരണപക്ഷവും തമ്മിലുള്ള അവിശുദ്ധ ബന്ധമാണ് ഇത് തെളിയിക്കുന്നത് ..."

'ങേ!!അതാണോ ഗർഭിണികൾ കൂടാൻ കാരണം?' പലരുടെയും മുഖത്ത് ഒരു അമ്പരപ്പ് പ്രകടമായി.

"ആയതിനാൽ  അവസരം നാം നന്നായി ഉപയോഗപ്പെടുത്തണം. മലിനീകരണത്തിനെതിരെ സന്ധിയില്ലാ സമരം തന്നെ ഇവിടെ പ്രഖ്യാപിക്കുകയാണ്.ഇനിയും പുകയും മാലിന്യവും സഹിക്കാൻ നമ്മൾ തയ്യാറല്ല എന്ന് ഭരണകൂടത്തെ അറിയിക്കണം.ഒരൊറ്റ സമരം കൊണ്ട് അതവസാനിക്കില്ല.തുടർച്ചയായി വിവിധ തരം സമര മാർഗ്ഗങ്ങൾ നാം പ്രയോഗിക്കേണ്ടി വരും"

'ഒരു പുക ഉണ്ടാക്കിയ പുകില്' കേട്ടിരിക്കുന്നവർ വീണ്ടും ആത്മഗതം ചെയ്തു.

"നേതാവ് പറഞ്ഞതിൽ കാര്യമില്ലാതില്ല.കരാറുകാരും ഭരണപക്ഷ നേതാക്കളും തമ്മിൽ അവിഹിത ഇടപാടുകൾ ഉണ്ടെന്നതിൽ സംശയമില്ല.അനിയന്ത്രിതമായ മലിനീകരണത്തിന് കടിഞ്ഞാണിട്ടേ പറ്റൂ.ആൾ ബലം കുറവാണെങ്കിലും നമ്മുടെ പാർട്ടി ഇതിൽ ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കണം. മാലിന്യപ്പുക ഇനിയും ഉയരാതിരിക്കാൻ നാം ജനങ്ങളെ ബോധവൽക്കരിക്കണം" നേതാവിനെ പിന്താങ്ങിക്കൊണ്ട് കൂട്ടത്തിലൊരാൾ പറഞ്ഞു.

" യോഗത്തിൽ വച്ച് തന്നെ നമുക്കൊരു കർമ്മ പദ്ധതി തയ്യാറാക്കണം.നാം സ്വീകരിക്കേണ്ട വിവിധ സമര മാർഗ്ഗങ്ങൾ എന്തൊക്കെ എന്ന് ഇപ്പോൾ തന്നെ ചർച്ച ചെയ്ത് തീരുമാനിക്കാം..."നേതാവ് ഉണർത്തി.

"മാലിന്യപ്പുകയുടെ ദൂഷ്യവശങ്ങളെപ്പറ്റി യുവാക്കളാണ് കൂടുതൽ ബോധവാന്മാരാകേണ്ടത്...അവരെ സമരമാർഗ്ഗത്തിലേക്ക് ആകർഷിച്ച്  അണി നിരത്തണം.അതിനായി നൂറ് ബൈക്കുകളുടെ ഒരു ബൈക്ക് റാലി നിർബന്ധമാണ്." ആരോ അഭിപ്രായം പറഞ്ഞു.

"ഹുറേ ..." എല്ലാവരും കയ്യടിച്ച് അഭിപ്രായത്തെ പിന്താങ്ങി.

 "യുവാക്കളെ ആകർഷിക്കണം എന്നതൊക്കെ ശരി തന്നെ .പക്ഷെ പഴയ സമര രീതികൾ നാം മറന്നു കൂടാ...അതിനാൽ മാലിന്യപ്പുകക്കെതിരെ ഒരു ഇരുനൂറ് പന്തങ്ങൾ എങ്കിലും കത്തിച്ചുള്ള ഗംഭീര പ്രകടനം നാം നടത്തണം.." മുതിർന്ന ഒരംഗവും അഭിപ്രായം രേഖപ്പെടുത്തി.

"വാഹ്..." വീണ്ടും എല്ലാവരും കയ്യടിച്ച് പിന്താങ്ങി.

"സമരത്തിന്റെ വാർത്താ പ്രാധാന്യം കൂടി നാം കണക്കിലെടുത്തേ തീരൂ...അതിന് ഇപ്പോഴത്തെ ഒരു രീതി, കോലം കത്തിക്കലാണ്.ഇപ്പോഴും ഒരു ഉളുപ്പുമില്ലാതെ തുടർന്നുകൊണ്ടിരിക്കുന്ന മലിനീകരണത്തിനെതിരെ ശക്തമായി പ്രതിഷേധിച്ച്കൊണ്ട് അഞ്ചിടത്തെങ്കിലും കോലം കത്തിക്കണം എന്നാണ് എൻറെ അഭിപ്രായം.." മറ്റൊരാൾ കൂടി അഭിപ്രായം പറഞ്ഞു.അതും എല്ലാവരും കയ്യടിച്ച് പിന്താങ്ങി.

അങ്ങനെ മാലിന്യപ്പുകക്കെതിരെ ബൈക്ക് റാലിയും പന്തം കൊളുത്തി പ്രകടനവും കോലം കത്തിക്കലും എല്ലാം അരങ്ങേറി.പൊതുജനം അപ്പോഴും കഴുതയെപ്പോലെ നോക്കി നിന്നു.

 

 

Thursday, August 17, 2023

കുട്ടിക്കര്‍ഷകൻ

ഒരു ചിങ്ങപ്പുലരി കൂടി ഭൂമിയിൽ പുലർന്നു കഴിഞ്ഞു . മലയാളിയുടെ ഗൃഹാതുരത്വ സ്മരണകൾ പലതും തികട്ടി വരുന്ന ഒരു മാസമാണ് ചിങ്ങ മാസം.കാർഷിക സംബന്ധമായ വിവിധ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും കർഷകരെ ആദരിക്കുകയും ചെയ്തുകൊണ്ട് കർഷക ദിനമായി കൂടി ചിങ്ങം ഒന്ന് ആചരിക്കാൻ തുടങ്ങിയതോടെയാണ് ഈ ദിനം എന്റെ ശ്രദ്ധയിൽ പതിയാൻ തുടങ്ങിയത്.

ഈ വർഷത്തെ ചിങ്ങം ഒന്ന് എന്റെ കുടുംബത്തിൽ മറ്റൊരു സന്തോഷം കൂടി കൊണ്ട് വന്നിരിക്കുന്നു. വീട്ടിലെ ആവശ്യങ്ങൾക്കായി ഞാൻ നടത്തുന്ന കൃഷിയിൽ ഒരു സഹായിയായി എപ്പോഴും കൂടെ ഉണ്ടാകുന്ന ചെറിയ മകൻ രണ്ടാം ക്ലാസ്സുകാരനായ ലിദു മോൻ അരീക്കോട് കൃഷി ഭവന്റെ വക 'കുട്ടിക്കർഷകൻ' വിഭാഗത്തിൽ സമ്മാനം നേടി.

വർഷങ്ങൾക്ക് മുമ്പ് എന്റെ ഉമ്മയ്ക്ക് ലഭിച്ച മികച്ച സീനിയർ സിറ്റിസൺ കർഷക അവാർഡും 2019 ൽ രണ്ടാമത്തെ മോള്‍ ലുഅക്ക് ലഭിച്ച കൃഷിത്തോട്ടം ഗ്രൂപ് (KTG) എന്ന ഫേസ്ബുക്ക് കൂട്ടായ്മയുടെ ‘കുട്ടിക്കര്‍ഷക’ അവാര്‍ഡും 2020 ൽ യൂത്ത് കോൺഗ്രസ്സ് അരീക്കോട് പഞ്ചായത്ത് സംഘടിപ്പിച്ച വിഷരഹിത അടുക്കളത്തോട്ട മത്സരത്തിൽ എനിക്ക് ലഭിച്ച ഓവറോൾ ചാമ്പ്യൻഷിപ്പിനും ശേഷം കുടുംബത്തിലേക്ക് വരുന്ന നാലാമത്തെ കാർഷിക അംഗീകാരമാണ് ഇന്ന് ലിദു മോന് ലഭിച്ചത്.

അരീക്കോട് ജിം ഓഡിറ്റോറിയത്തിൽ നടന്ന വർണ്ണാഭമായ ചടങ്ങിൽ വച്ച് ലിദു മോനും എന്റെ ഉമ്മയും കൂടി അരീക്കോട് പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.ടി അബ്ദു ഹാജിയിൽ നിന്ന് ഉപഹാരങ്ങൾ സ്വീകരിച്ചു.



Tuesday, August 15, 2023

ഓഗസ്റ്റിലെ ഡൽഹി

കുത്തബ് മിനാറിൽ നിന്ന് പുറത്തിറങ്ങുമ്പോഴും സൂര്യൻ മുകളിൽ കത്തിക്കാളുകയായിരുന്നു. നേരത്തെ പറഞ്ഞപോലെ ഗേറ്റിന് പുറത്തെത്തിയ ഉടനേ ഞാൻ ഡ്രൈവർ ദീപ് സിംഗിനെ വിളിച്ചു.

"ദീപ് ജി... ഹം ബാഹർ നികല...." 

"അച്ച സാബ്... മേം അഭീ ആയേഗ .."

പല ഓട്ടോ വാലകളും ടാക്സി വാലകളും ഞങ്ങളെ വട്ടമിട്ട് കൂടിയെങ്കിലും ഞാനവർക്ക് മുഖം നൽകിയതേയില്ല. അൽപ സമയത്തിനകം തന്നെ ദീപ് സിംഗ് എത്തുകയും ചെയ്തു. ഞങ്ങളെല്ലാവരും വണ്ടിയിൽ കയറി.

" അബ് കഹാം ജാനാ ഹേ...?" ഇനി എവിടേക്ക് എന്ന് ഡ്രൈവർ ചോദിച്ചപ്പോഴാണ് സമയം ഇനിയും നീണ്ട് നിവർന്ന് കിടക്കുന്നത് കണ്ടത്.

"ജുമാ മസ്ജിദ് ജാന ഹെ..."

"ഹാം ... വഹ് സരൂരി ഹെ... " അതെന്തായാലും കാണിക്കും എന്ന് ഞങ്ങളുടെ വേഷത്തിൽ നിന്ന് തന്നെ അദ്ദേഹം തീരുമാനിച്ചു കഴിഞ്ഞിരുന്നു.

"ലേകിൻ ഫിർ ഭീ ഹമേം സ്യാദ സമയ് ഹെ....." സമയം ബാക്കിയുള്ള കാര്യം ദീപ് സിംഗും ഉണർത്തി.

"തോ ഇന്ത്യാ ഗേറ്റ് ചലോ ..."

"അച്ചാ... ബാദ് ...? "

"ബാദ് ...? " ഇന്ത്യാ ഗേറ്റ് ൽ അത്യാവശ്യം സമയം ചെലവഴിക്കാം എന്ന് കരുതിയ എനിക്ക് ആ ചോദ്യം ഇഷ്ടപ്പെട്ടില്ല.

"സെൻട്രൽ വിസ്ത ക കാം ചൽ രഹാ ഹെ... ഇസ് ലിയെ ഇന്ത്യാ ഗേറ്റ് തക് ജാന നഹീം സകേഗ .... ദൂർ സെ ദേഖേഗ ...." പോകുന്ന വഴിയിൽ എല്ലാം കണ്ട സെൻട്രൽ വിസ്തയുടെ പണി ഇന്ത്യാ ഗേറ്റിലേക്കുള്ള ഞങ്ങളുടെ വഴി തടഞ്ഞു.അതു കൊണ്ടായിരുന്നു ദീപ് സിംഗിന്റെ ആ "ബാദ്" ചോദ്യം.

"ആസ് പാസ് ഭീ നഹീം ജാന സകേഗ?" എന്തെങ്കിലും വഴിയുണ്ടെങ്കിൽ ദീപ് സിംഗ് അടുത്തെത്തിക്കും എന്നതിനാൽ ഞാൻ ചോദിച്ചു.

"നഹീം സാർ.... മേം ദിഖായേഗ"

ന്യൂഡൽഹിയിലെ റൈയ്സിന ഹിൽസിന് സമീപമുള്ള ഭരണ സിരാ കേന്ദ്രത്തിന്റെ പുനർ നിർമ്മാണ പ്രവർത്തനങ്ങൾക്കാണ് സെൻട്രൽ വിസ്ത പ്രൊജക്ട് എന്ന് പറയുന്നത്.പല റോഡുകളും ബ്ലോക്ക് ചെയ്തും ഗതാഗതം വഴി തിരിച്ചു വിട്ടും വലിയ കുരുക്കുകൾ സൃഷ്ടിക്കാതെയായിരുന്നു വർക്ക് പോയ്ക്കൊണ്ടിരുന്നത്.പക്ഷെ, പാർലമെന്റ് മന്ദിരവും ഇന്ത്യാ ഗേറ്റും പരിസരവും എല്ലാം സഞ്ചാരികൾക്ക് അന്യമായി.

"സാർ .... ദായേം ഓർ ദേഖൊ ... " തിങ്ങി നിരങ്ങി മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കുന്നതിനിടയിൽ വലത്തോട്ട് ചൂണ്ടിക്കൊണ്ട് ദീപ് സിംഗ് പറഞ്ഞു.

"ഹായ്... ഇന്ത്യാ ഗേറ്റ്...!!"

 പൊടിപടലങ്ങൾക്കിടയിലൂടെ മങ്ങിയ കാഴ്ചയായിട്ടും തല ഉയർത്തി നിൽക്കുന്ന ആ സ്മാരകം കണ്ട ലിദുട്ടൻ വിളിച്ച് പറഞ്ഞു. അവന്റെ യു.കെ.ജി. പാഠപുസ്തകത്തിൽ ഇന്ത്യാ ഗേറ്റ് പഠിക്കാൻ ഉണ്ടായിരുന്നു.

"ഫോട്ടോ മാർന നഹീം സകേഗ " ഞാൻ പറഞ്ഞു.

"ഹാം... മുഷ്കിൽ ഹെ..."

" ക്യാ ...ഹം... രാജ്ഘട്ട് ചലേ സകേഗ ? "

" ഹാം ... ചലേഗ .." 

ഏതൊക്കെയോ ഊട് വഴികളിലൂടെ നാലഞ്ച് കിലോമീറ്ററുകൾ കൂടി സഞ്ചരിച്ചപ്പഴേക്കും തോക്കേന്തിയ ഏതാനും പട്ടാളക്കാരെ കണ്ടു. ഞങ്ങൾ രാജ്ഘട്ടിന്റെ ഗേറ്റിലായിരുന്നു അപ്പോൾ. അടച്ചിട്ട ഗേറ്റും തോക്കേന്തിയ സൈനികരും എന്തോ ഒരു ലക്ഷണക്കേടായി തോന്നി.

" ഖോല നഹീം ?" ദീപ് സിംഗ് ഒരു പട്ടാളക്കാരനോട് കാരണം തിരക്കി. അവരെന്തൊക്കെയോ വിവരങ്ങൾ കൈമാറി. പന്ത്രഹ് ആഗസ്റ്റ് എന്ന് പറഞ്ഞതിൽ നിന്നും സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി അടച്ചിട്ടതാണ് എന്ന് മനസ്സിലായി.

"ഔർ ക്യാ ക്യാ ബന്ത് കിയ? " ഞാൻ ദീപ് സിംഗിനോട് ചോദിച്ചു.

"ലാൽ കില ഭീ...'' ചെങ്കോട്ട ഞങ്ങളുടെ പ്ലാനിൽ ഇല്ലാത്തതിനാൽ അതൊരു നഷ്ടമായി തോന്നിയില്ല.

"തോ... സീധാ ജമാ മസ്ജിദ് ... " ഞാൻ ഓർഡർ നൽകി.

" ഠീക് സാർ.."
വണ്ടി തിരിച്ച് ജുമാ മസ്ജിദ് ലക്ഷ്യമാക്കി നീങ്ങി.


Part 6 - ജുമാമസ്ജിദിൽ

Sunday, August 13, 2023

മത്തിമുക്ക്

നാട്ടിൻപുറത്തെ കഥകൾ പറഞ്ഞ് മലയാള സാഹിത്യത്തിലെ സുൽത്താനായി മാറിയ ആളാണ് ശ്രീ.വൈക്കം മുഹമ്മദ് ബഷീർ.പച്ചയായ മനുഷ്യരും അവരുടെ ജീവിത ചുറ്റുപാടുകളും പറയുമ്പോൾ മനസ്സിലേക്ക് കഥയും കഥയുടെ പശ്ചാത്തലവും കഥാപാത്രങ്ങളും എല്ലാം കുടിയേറുന്നു.ഒരു പക്ഷേ,കഥാകൃത്ത് ഭാവനയിൽ സൃഷ്ടിക്കുന്ന ആ ലോകം, നമ്മുടെ തൊട്ടടുത്ത് എവിടെയോ ഉണ്ടെന്ന് പോലും വിശ്വസിച്ച് പോകും.

നാട്ടിൻപുറവും അവിടത്തെ ജനങ്ങളും കഥാപാത്രമാക്കി രചനകൾ നടത്തുന്നതിനാലാവാം, 'മത്തിമുക്ക്' എന്ന പുസ്തകത്തിന്റെ പുറം ചട്ട എന്നെ ആദ്യകാഴ്ചയിൽ തന്നെ ആകർഷിച്ചത്.ആദ്യ കഥയായ ലോട്ടറി ടിക്കറ്റും 22 മഹാന്മാരും വായിച്ചപ്പോൾ അടുത്തതും വായിക്കാൻ പ്രേരണ ലഭിക്കുകയും ചെയ്തു.അത് തന്നെയാണ് ഒരു പുസ്തകത്തിന്റെ വിജയവും.ഒന്ന് വായിച്ചാൽ അടുത്തത് എന്ന രീതിയിൽ വായനക്കാരനെ കൈ പിടിച്ച് കൊണ്ടുപോകണം. ഷബീർ ചെറുകാട് എന്ന കഥാകൃത്ത് ഇതിൽ ഏറെക്കുറെ വിജയിച്ചിട്ടുണ്ട് എന്നാണ് എന്റെ അഭിപ്രായം.

ഇരുപത് നർമ്മകഥകളുടെ ഒരു സംഗ്രഹമാണ് 'മത്തിമുക്ക്'.സാധാരണ നാട്ടിൻപുറത്തെ നിരവധി കഥാപാത്രങ്ങൾ പല കഥകളിലായി മിന്നിമറയുന്നുണ്ട്. പക്ഷെ എല്ലാ കഥകളും മത്തിമുക്കിലേതാണെന്ന് പറയാനും സാധ്യമല്ല.റിഥം കിട്ടാനായി കഥാപാത്രങ്ങളുടെ പേരും ജോലിയും തമ്മിൽ ബന്ധിപ്പിച്ചപ്പോൾ കഥയുടെ കാമ്പ് തന്നെ ചോർന്നുപോയി എന്നാണ് എനിക്ക് അനുഭവപ്പെടുന്നത്. കഥകൾക്ക് ഇല്ലസ്ട്രേഷൻ കൂടി ഉണ്ടായിരുന്നെങ്കിൽ ഗംഭീരമാകുമായിരുന്നു. എന്നിരുന്നാലും രസകരമായി വായിച്ച് പോകാവുന്ന ഒരു പുസ്തകമാണ് 'മത്തിമുക്ക്'.കഥാകൃത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.

പുസ്തകം : മത്തിമുക്ക് 
രചയിതാവ് : ഷബീർ ചെറുകാട് 
പ്രസാധകർ : പേരക്ക ബുക്സ് 
പേജ് : 88 
വില: 120 രൂപ 

Friday, August 11, 2023

അമ്പത്തി മൂന്നിന്റെ വമ്പത്തരങ്ങൾ

എനിക്കും വീട്ടുകാർക്കും വിശേഷപ്പെട്ട ദിവസങ്ങളിൽ ഒരു വൃക്ഷത്തൈ വയ്ക്കുന്ന പതിവിനെപ്പറ്റി ഞാൻ പല തവണ ഇവിടെ പോസ്റ്റ് ഇട്ടിരുന്നു. എന്റെയും മൂത്ത മകൾ ലുലുവിന്റെയും ജന്മദിനങ്ങൾ കടന്ന് വരുന്ന ആഗസ്റ്റ് മാസത്തിൽ രണ്ട് തൈ വയ്ക്കുന്നതാണ് സാധാരണ പതിവ്. എന്റെ അമ്പത്തിമൂന്നാം ജന്മദിനവും ലുലു മോളുടെ ഇരുപത്തിയഞ്ചാം ജന്മദിനവും പ്രമാണിച്ച് ഇത്തവണ എഴുപത്തി എട്ട് തൈകൾ വയ്ക്കാം  എന്ന തീരുമാനത്തിൽ എത്തിയത് പൊടുന്നനെയായിരുന്നു.

തൈകൾ നട്ട് വളർത്തി സൗജന്യമായി വിതരണം ചെയ്യുന്ന പരിപാടി നേരത്തെ ഉള്ളതിനാൽ പലരും അഭിമുഖീകരിക്കുന്ന തൈ കിട്ടാത്ത പ്രശ്നം എനിക്കുണ്ടായില്ല. പക്ഷെ, ഇത്രയും തൈകൾ നടാനുള്ള സ്ഥലവും മനുഷ്യാധ്വാനവും ആയിരുന്നു തടസ്സം നിന്നത്. അവിടെയും ഞാനൊരു പോംവഴി കണ്ടെത്തി. നട്ട് വളർത്തും എന്ന് ഉറപ്പുള്ളവർക്ക് മാത്രം കോളേജ് സ്റ്റാഫ് ക്ലബിലൂടെ അത്രയും തൈകൾ വിതരണം ചെയ്തു 

ഏതാനും തൈകൾ ഞാനും സഹപ്രവർത്തകൻ ശ്രീ. ജയപാലനും സിവിൽ എഞ്ചിനീയറിംഗ് വിഭാഗം മേധാവി പ്രൊഫ.ഷിബുവും ചേർന്ന്, ഞങ്ങൾ താമസിക്കുന്ന ഹോസ്റ്റൽ പരിസരത്തും നട്ടതോടെ ഞാനുദ്ദേശിച്ച പോലെ തന്നെ കാര്യങ്ങൾ ഭംഗിയായി സമാപിച്ചു. സഹകരിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി. 

Wednesday, August 09, 2023

ആറാം തമ്പുരാൻ

2022 നവംബർ 17 ന് അരീക്കോട് സുല്ലമുസ്സലാം ഹയർ സെക്കണ്ടറി സ്‌കൂൾ പ്രിൻസിപ്പാൾ കെ.ടി.മുനീബ് മാസ്റ്റർ  ഒരു പോസ്റ്റർ പങ്കു വച്ചു.2022ൽ ഈ സ്‌കൂളിൽ നിന്നും 68 കുട്ടികളെ USS സ്‌കോളർഷിപ്പ് വിജയികളാക്കി കേരളത്തിൽ ഒന്നാമതായതിന്റെ വിജയാഘോഷമായ 'ഇമ്മിണി ബല്യ ഒന്ന്' എന്ന പരിപാടിയിലേക്ക് ഉള്ള ക്ഷണമായിരുന്നു അത്.ഒരു പ്രചോദനത്തിനായി 2023 ൽ USS സ്‌കോളർഷിപ്പ് പരീക്ഷ എഴുതാൻ തെരഞ്ഞെടുക്കപ്പെട്ട കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും കൂടി ഈ പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നു.എന്റെ മൂന്നാമത്തെ മകൾ ലൂനയും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു.

"അടുത്ത വർഷം സെഞ്ച്വറി അടിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ,ആമീൻ.അടുത്തതിൽ, ഇന്നത്തെപ്പോലെ സൗകര്യങ്ങളോ മോട്ടിവേഷനുകളോ ഇല്ലാത്ത കാലത്ത് (1970-1990) USS നേടിയ മുൻതലമുറക്കാരെയും ആദരിക്കണം " എന്ന് ഞാൻ തിരിച്ചും വെറുതെ ഒരു മെസേജിട്ടു.

USS സ്‌കോളർഷിപ്പ് ഞങ്ങൾക്ക് ഒരു കുടുംബ സ്വത്ത് തന്നെയായിരുന്നു. 2016 മെയ് 18 നായിരുന്നു എന്റെ കുടുംബത്തിലെ അഞ്ചാമത്തെ USS സ്‌കോളർഷിപ്പ് വിജയിയായി ലുഅ മോൾ മാറിയത്.ഞാനും ജ്യേഷ്ഠത്തിയും രണ്ട് അനുജന്മാരും 1980 കളിൽ തന്നെ ഈ കസേരയിൽ കയറി ഇരുന്നവരായിരുന്നു.അതിനാൽ ലൂന മോൾക്കും ഇത് നേടിയേ തീരൂ എന്ന വാശി അന്ന് അവളുടെ മനസ്സിൽ കുടി കയറി.

'ഇമ്മിണി ബല്യ ഒന്ന്' കഴിഞ്ഞ് എട്ടു മാസം പിന്നിട്ടപ്പോൾ എന്റെ കുടുംബത്തിൽ സന്തോഷം വീണ്ടും പാഞ്ഞെത്തി. ദൈവത്തിന് സ്തുതി, ലുഅ മോൾക്ക് ശേഷം എന്റെ വീട്ടിൽ ഇന്ന് വീണ്ടും ഒരു USS സ്‌കോളർഷിപ്പ് വിജയത്തിന്റെ  ഹർഷാരവങ്ങൾ മുഴങ്ങി.മൂന്നാമത്തെ മകൾ ലൂന 68 മാർക്ക് നേടിക്കൊണ്ട് ഈ വർഷത്തെ USS  സ്‌കോളർഷിപ്പ് പരീക്ഷാ വിജയികളുടെ കൂട്ടത്തിൽ ഉൾപ്പെട്ട വിവരം സസന്തോഷം അറിയിക്കുന്നു.മോളെ പരിശീലിപ്പിച്ച അദ്ധ്യാപകർക്കും നിരന്തരം മോട്ടിവേഷൻ നൽകിയ എന്റെ ഭാര്യക്കും  ഈ വിജയത്തിന്റെ മുഴുവൻ ക്രെഡിറ്റും സമർപ്പിക്കുന്നു.



Monday, August 07, 2023

ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട്

നാലഞ്ച് ദിവസങ്ങൾക്ക് മുമ്പ് ഞാനൊരു ഫോട്ടോ എന്റെ സഹധർമ്മിണിയെ കാണിച്ചു.

"ഏതാ ഈ വയസ്സൻ  ?" അവളുടെ ചോദ്യം. 

"അത്... ഞാനാ...'' 

"കൂടെയുള്ളതോ?"

" ശത്രുഘ്നൻ "

"എന്ത്?"

"ശത്രു... ശത്രു ഇല്ലേ .... മിത്രത്തിന്റെ ഓപ്പോസിറ്റ് ... "

"ങാ...''

"ആ... അതിന്റെ കൂടെ ഒരു ഘ്നൻ കൂട്ടിയാ മതി... "

"ആ.... ആരാദ്?"

" സാഹിത്യകാരനാ... പണ്ട് പണ്ട് ... ഞാനൊക്കെ മാതൃഭൂമിയിൽ എഴുതിയിരുന്ന കാലത്ത്...."

"എന്ത് ...? നിങ്ങൾ മാതൃഭൂമിയിൽ എഴുതിയിരുന്ന കാലത്തോ....??"

"അതായത് മാതൃഭൂമി പത്രം വീട്ടിൽ വരും... വൈകുന്നേരം നമ്മളത് എടുത്ത് അതിൽ മാതൃഭൂമി ന്നോ ആഴ്ചപതിപ്പ് എന്നോ ഒക്കെ വെറുതെ എഴുതും.."

"ഓ.. ആ എഴുത്ത്... എന്നിട്ട്..."

"അന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ അവസാന പേജിൽ ബാലപംക്തി ഉണ്ടായിരുന്നു...."

"എന്ത് പാത്തി ....?"

"പാത്തി അല്ല ടീ.... ബാലപംക്തി ... ബലൂണിലെ ബാ...ല...പിന്നെ പം ആന്റ് ക്തി ... അതൊക്കെ അറിയണങ്കി .. "

" .....മലയാളം എം.എ പാസ്സാകണം എന്നല്ലേ പറയാൻ പോകുന്നത്?"

"ആ.. അതെങ്ങനെ പിടി കിട്ടി.."

"ഞാൻ നിങ്ങളെ കെട്ടീട്ട് പത്തിരുപത്തഞ്ച് വർഷായില്ലേ ... ആ ബാക്കി പറയൂ.... "

" ആ ബാലപംക്തിയിലേക്ക് ഞാനൊക്കെ സൃഷ്ടികൾ അയക്കും ...."

"ആ... അങ്ങനെ അവിടത്തെ കൊട്ട നിറയും..."

"ഏത് കൊട്ട..?"

"എഡിറ്റേഴ്സ് ചവറ്റു കൊട്ട .. ആ ... ബാക്കി പറ."

"ആ... അതൊക്കെ കൊട്ടയിലേക്കിട്ടിരുന്ന ആളാണ് ഈ ശത്രുഘ്നൻ ..."

" പേര് പോലെ തന്നെ മുളയിലേ ഒരു സാഹിത്യകാരനെ നുള്ളിക്കളഞ്ഞ ശത്രു... എന്നിട്ട് ആ വയസ്സന്റെ കൂടെ നിന്ന് ഒരു ഫോട്ടോയും... നാണമില്ലേ നിങ്ങൾക്ക്..."

"എന്തിന് നാണിക്കണം ... നിനക്ക് മഞ്ജു വാര്യറെ ഇഷ്ടമില്ലേ ...?"

"ഓ... ഇഷ്ടമാണ് ... "

" ദിലീപ് ...?"

"അതും ഫേവറിറ്റാണ് .. അയാളും ഇയാളും തമ്മിൽ "

"ആ... ഈ പുഴയും കടന്ന് എന്ന ദിലീപ് - മഞ്ജു വാര്യർ സിനിമ ഇല്ലേ...?"

"ആ..."

"പിന്നെ മമ്മൂട്ടി - ശോഭന ജോഡിയുടെ കളിയൂഞ്ഞാല് .... കുഞ്ചാക്കോ ബോബൻ - ശാലിനി ജോഡിയുടെ നിറം ...."

"ആ... ഇതെന്താ നിങ്ങള് എന്നെ PSC പരീക്ഷക്ക് പഠിപ്പിക്കാ .... "

" അല്ലെടീ... ആ സൂപ്പർ ഹിറ്റ് സിനിമകളുടെയൊക്കെ തിരക്കഥ എഴുതിയ മഹാന്റെ കൂടെയാ ഓത്തുപള്ളി എഴുതിയ ഞാൻ ....." ഷർട്ടിന്റെ കോളർ ഒന്ന് ശരിയാക്കി ഞാൻ ഗമയിൽ പറഞ്ഞു.

"ങാ... ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട് എന്ന് കേട്ടത് ഇപ്പോൾ കാണുകയും ചെയ്തു ..."

ഇതും പറഞ്ഞ് അവൾ അടുക്കളയിലേക്ക് കയറി. മക്കളാരും കേട്ടില്ല എന്നുറപ്പ് വരുത്തി ഞാൻ പൂമുഖത്തേക്കും നീങ്ങി.