Pages

Monday, August 21, 2023

മനുഷ്യൻ

ചെമ്പ്രശ്ശേരി ക്ഷേത്രത്തിലെ പ്രധാന പൂജാരിയായിരുന്നു കൃഷ്ണൻ നമ്പൂതിരി. അതേ ഗ്രാമത്തിലെ പള്ളി ഇമാമായിരുന്നു മുഹമ്മദ് മുസ്ലിയാർ. പൂർവ്വ പിതാക്കളുടെ കാലം തൊട്ടേ രണ്ട് കുടുംബങ്ങൾ തമ്മിലും വളരെ അടുത്ത ബന്ധം കാത്ത് സൂക്ഷിച്ചിരുന്നു.നമ്പൂതിരിയുടെ വീട്ടിലെ വിശേഷാവസരങ്ങളിൽ മുസ്ലിയാർക്കും മുസ്ലിയാരുടെ വീട്ടിലെ വിശേഷാവസരങ്ങളിൽ നമ്പൂതിരിക്കും പ്രത്യേക പരിഗണനയും ആദരവും നൽകാൻ ഇരുകൂട്ടരും ശ്രദ്ധ പുലർത്തിയിരുന്നു. തലമുറകൾ മാറിയപ്പോഴും ബന്ധം തുടർന്ന് പോന്നു.

ആയിടക്കാണ് ഉത്തരേന്ത്യയിലെ ഏതോ പട്ടണത്തിൽ ഒരു വർഗ്ഗീയ കലാപം പൊട്ടിപ്പുറപ്പെട്ടത്. രണ്ട് മത വിഭാഗക്കാരുടെയും വസ്തു വകകൾ പരസ്പരം നശിപ്പിച്ചും തെരുവിൽ പരസ്പരം പോർവിളിച്ചും ആളപായം വരുത്തിയും അത് കെട്ടടങ്ങി. തോറ്റതാര് ജയിച്ചതാര് എന്ന ചോദ്യത്തിന് ഉത്തരം പറയാൻ ഇരു വിഭാഗക്കാരുടെ മനസ്സുകളും മത്സരിച്ചതിനാൽ കലാപത്തിന്റെ കനലുകൾ രാജ്യവ്യാപകമായി നീറിപ്പുകഞ്ഞു കൊണ്ടിരുന്നു. ചെമ്പ്രശ്ശേരി ഗ്രാമത്തിലും വിഷപ്പുക മെല്ലെ മെല്ലെ അരിച്ച് കയറി. ഇരു വിഭാഗക്കാർക്കിടയിൽ നിലനിന്നിരുന്ന സൗഹൃദത്തിൽ അത് ചെറിയ വിള്ളലുകളുണ്ടാക്കി. ക്ഷോഭായാത്രയും നബിദിന റാലിയും മത്സര ബുദ്ധിയോടെ സംഘടിപ്പിച്ചു കൊണ്ട് വിള്ളലുകളുടെ ആഴം വർദ്ധിപ്പിച്ചു.

അങ്ങനെയിരിക്കെ മുസ്‌ലിയാരുടെ മകളുടെ പ്രസവം അടുത്തു.ചില സങ്കീർണ്ണതകൾ ഉള്ളതിനാൽ രക്തം ആവശ്യം വരുമെന്നും ആളെ കണ്ടെത്തി തയ്യാറാക്കി വയ്ക്കണമെന്നും ഡോക്ടർ നിർദ്ദേശിച്ചു. അപൂർവ്വ രക്തമായ AB നെഗറ്റീവ് ആയിരുന്നു അവളുടേത്. ഗ്രാമത്തിൽ പ്രസ്തുത രക്തം ഉണ്ടായിരുന്നത് കൃഷ്ണൻ നമ്പൂതിരിയുടെ മകന് മാത്രമായിരുന്നു.കൃഷ്ണൻ നമ്പൂതിരിയെ കുടുംബ സമേതം തന്നെ മകളുടെ വിവാഹത്തിന് ക്ഷണിച്ചതും അവർ സന്തോഷത്തോടെ പങ്കെടുത്തതും മുസ്‌ലിയാർ ഓർമ്മിച്ചു.

'പക്ഷേ, ഇന്ന് നാടിന്റെ സാമൂഹ്യ കാലാവസ്ഥയിൽ മഴക്കാറു മൂടിയിരിക്കുന്നു. അതിനാൽ...?'മുസ്‌ലിയാർ തെല്ലൊന്ന് ആലോചിച്ചു.അവസാനം കൃഷ്ണൻ നമ്പൂതിരിയെക്കണ്ട് കാര്യം പറയാം എന്ന് തീരുമാനിച്ചു.വൈകിട്ട് മുസ്‌ലിയാർ നമ്പൂതിരിയുടെ ഇല്ലത്തെത്തി.

"ആരാദ്...മുഹമ്മദ് മുസ്‌ലിയാരോ... ഇങ്ങട്ട് വരിക... " കൃഷ്ണൻ നമ്പൂതിരി മുസ്‌ലിയാരെ വരവേറ്റു. മുസ്‌ലിയാർ അർദ്ധ ശങ്കയോടെ ഇല്ലത്തേക്ക് കയറിച്ചെന്നു.

"ങാ... ഇങ്ങോട്ട് ഇരിക്ക്യാ...എന്താ .... മുഖത്ത് ഒരു വൈക്ലബ്യം ?" നമ്പൂതിരി ചോദിച്ചു.

"ഏയ്... ഒന്നും ല്ല...'' മുഖം തുടച്ച് കൊണ്ട് മുസ്‌ലിയാർ പറഞ്ഞു.

"അല്ല ...എന്താന്നാ ച്ച പറയാ... "

"നാട് ഓടുന്നത് എങ്ങന്യാ ന്ന് നമ്പൂരിച്ചന് അറിയാലോ .."

"ങാ... നമ്മള് തമ്മില്ള്ള ബന്ധത്തിന് അതൊരു തടസ്സവും ണ്ടാക്കില്ല.... മുഹമ്മദിന്റെ ഉപ്പാപ്പ ഹൈദ്രോസ് മുസ്ല്യാർ കുറിച്ച് തന്ന മരുന്നാ ഞാനിന്ന് ജീവിച്ചിരിക്കാൻ തന്നെ കാരണം..."

".. അത് എന്റെ ഉപ്പ പറഞ്ഞ് ഞാൻ കേട്ടിട്ട്ണ്ട്...ഇപ്പോ എനിക്കും അതു പോലൊരാവശ്യം ണ്ട്..."

"ങാ... എന്താ ന്നാ ച്ചാ പറയാ.."

"മോള് പ്രസവിക്കാറായി ... ചെല സങ്കീർണ്ണതകൾ ണ്ട് ന്ന് ഡോക്ടർ പറഞ്ഞു .... അപ്പോ AB നെഗറ്റീവ് രക്തം ആവശ്യം മന്നേക്കും... നമ്പൂരിച്ചന്റെ മോനാ നാട്ടില് ഗ്രൂപ്പ് രക്തമുള്ള ഒരേ ഒരാൾ ... "

"അത്രേള്ളോ...അത് നോമേറ്റു..." നമ്പൂതിരിയുടെ വാക്കുകൾ കേട്ട് മുസ്‌ലിയാരുടെ കണ്ണുകൾ നിറഞ്ഞു . സന്തോഷത്തോടെ അയാൾ വീട്ടിലേക്ക് മടങ്ങി.മോല്യാരുടെ വരവും കാത്ത് ഭാര്യ ബീപാത്തു കോലായിൽ തന്നെ നിൽപ്പുണ്ടായിരുന്നു.

"ഹാവൂ... മുഖം കണ്ടിട്ട് ശരിയായി ന്ന് തോന്ന് ണ്ട്..." നിറവയറുമായി നിൽക്കുന്ന മകളെ നോക്കി ബീപാത്തു പറഞ്ഞു.

"അസ്സലാമലൈക്കും... ബീപാത്തോ.... ഒരു ഗ്ലാസ് വെള്ളം ഇങ്ങട്ടെട്ക്ക് .... ഞാൻ പോയ കാര്യം ശരിയായി...'' മുസ്‌ലിയാർ ഒറ്റശ്വാസത്തിൽ പറഞ്ഞു.

" എവിടന്ന് കിട്ടി ?" വെള്ളവുമായി വന്ന ബീപാത്തു ചോദിച്ചു.

"നമ്മളെ നമ്പൂരിച്ചന്റെ മോൻ ഉണ്ണിയുടെ ... "

"ങേ !!" മോല്യാരുടെ മറുപടി കേട്ട് ബീപാത്തുവിന്റെ കയ്യിൽ നിന്നും ഗ്ലാസ് താഴെ വീണ് പൊട്ടിച്ചിതറി.

"അതെന്താടീ... നിനക്കൊരു ഞെട്ടൽ?"

" കാഫിറിന്റെ രക്തം സ്വീകരിക്കേ.... ?എന്റെ മോള് പിന്നെ ജീവിച്ചിട്ട് എന്താ കാര്യം?"

"എടീ...ചോരക്ക് ചോര തന്നെ വേണം...അത് തര്ണ മനുഷ്യനെ നീ വെറും കാഫിറാക്കരുത് ..." മോല്യാർക്ക് കലി കയറി.

"അതെ,ഉമ്മാ...രക്തത്തിന് മതമില്ല...തക്ക സമയത്ത് അത് തന്ന് സഹായിക്കുന്നവന്റെ  മതം നോക്കി അതിന്റെ പവിത്രതയെ കളങ്കപ്പെടുത്തരുത്... ഉണ്ണി നമ്പൂതിരിയുടെ രക്തം സ്വീകരിക്കാൻ മുഹമ്മദ് മുസ്‌ലിയാരുടെ മകളായ ആയിഷ തയ്യാറാണ്... തിരിച്ചാവശ്യം വന്നാൽ നൽകാനും ... അപ്പഴേ മനുഷ്യൻ മനുഷ്യനാവൂ...."

ഉപ്പയെയും ഉമ്മയെയും കൂട്ടിപ്പിടിച്ചു കൊണ്ടുള്ള മകളുടെ പ്രഖ്യാപനം കേട്ട് മുസ്‌ലിയാർ അഭിമാനം കൊണ്ടു.

1 comments:

Areekkodan | അരീക്കോടന്‍ said...

കാലം കാത്തുവച്ച നിധികൾ...

Post a Comment

നന്ദി....വീണ്ടും വരിക