Pages

Tuesday, September 29, 2026

സിനമൺ തെരുവ്

വീട്ടിൽ നിന്ന് തൊട്ടടുത്ത പഞ്ചായത്തിലെ സ്‌കൂളിലേക്കും , വർഷത്തിലൊരിക്കൽ, ബാല്യകാലം പട്ടം കണക്കെ പറന്നു കളിച്ച സ്വന്തം ജന്മഗ്രാമത്തിലേക്കും മാത്രം യാത്ര ചെയ്തിരുന്ന ഒരു പിതാവിൻ്റെ പുത്രനാണ് ഞാൻ. യാത്ര ഇഷ്‌ടമില്ലെങ്കിലും, അറബി അദ്ധ്യാപിക ആയതിനാൽ ഇടക്കിടക്ക് പോസ്റ്റ് പോയി മലപ്പുറം ജില്ല ഏകദേശം മുഴുവനും യാത്ര ചെയ്യേണ്ടി വന്ന ഒരു മാതാവിൻ്റെ മകനും കൂടിയാണ് ഞാൻ. അതു കൊണ്ടായിരിക്കും യാത്ര എനിക്കിഷ്ടപ്പെട്ട ഹോബികളിൽ ഒന്നായത് എന്ന് ഇന്നാണ് എനിക്ക് ബോധോദയം വന്നത്.

യാത്ര ചെയ്യുക മാത്രമല്ല അതിലെ രസകരമായ അനുഭവങ്ങൾ കോർത്തിണക്കി യാത്രാ കഥകൾ എഴുതുന്നതും എൻ്റെ ഒരു ഹോബിയാണ്. എൻ്റെ യാത്രകൾ മിക്കതും കുടുംബത്തോടൊപ്പമോ അല്ലെങ്കിൽ സുഹൃത്തുക്കളോടൊപ്പമോ ആയതിനാൽ അനുഭവങ്ങളുടെ ഒരു ഭണ്ഡാരം കൂടി എന്നെ ഏല്പിച്ചാണ് ഓരോ യാത്രയും അവസാനിക്കുന്നത്. പ്രസ്തുത അനുഭവങ്ങൾ തന്നെയാണ് അടുത്ത യാത്രക്ക് ബാക്ക് പാക്ക് തയ്യാറാക്കാനുള്ള പ്രചോദനവും.

അനാവശ്യമായ ഹൈപ്പ് നൽകുന്നതിനാൽ യാത്രാ വ്ലോഗുകൾ ഞാൻ അധികം കാണാറില്ല.യാത്രാ വിവരണം വായിക്കാനും എനിക്ക് വലിയ  താല്പര്യമില്ല. എന്നാൽ യാത്രാനുഭവങ്ങൾ കയ്യിൽ കിട്ടിയാൽ അത് പൂർത്തിയാക്കാതെ മിക്കവാറും താഴെ വയ്ക്കാറുമില്ല. അത്തരത്തിൽ വായന പൂർത്തിയാക്കിയ ഒരു പുസ്തകമാണ് മൻസൂർ അഹമ്മദിൻ്റെ സിനമൺ തെരുവ്. മൻസൂറിന് ഇഷ്ടപ്പെട്ട യാത്രാ വൈറസുകളുടെ കേന്ദ്രങ്ങളിലൊന്നായ അങ്ങാടിപ്പുറം മുതൽ ആലുവ വരെയും തിരിച്ചുമുള്ള യാത്രയിലാണ് ഞാൻ സിനമൺ തെരുവിൽ കയറിയത്.

വെളുത്ത പുറങ്ങളിലൂടെ അക്ഷരങ്ങൾ വളഞ്ഞു പുളഞ്ഞു നീങ്ങുമ്പോൾ, മനസ്സ് ആ വഴിയിലൂടെ ഒരിക്കൽ കൂടി ദേശാടനം നടത്തും. മറവിയിലേക്ക് പൊടിഞ്ഞു വീഴാനിടയുള്ള വിശദാംശങ്ങളെ ഇതിലൂടെ എന്നേക്കുമായി കൊത്തിവെക്കുന്നു എന്നാണ് യാത്രയുടെ എഴുത്തിനെപ്പറ്റി മൻസൂർ അഹമ്മദ് പറയുന്നത്. ജയ്പൂരിലെ കാഴ്ചകൾ കണ്ട് രണ്ട് വർഷങ്ങൾക്ക് ശേഷം അതിനെപ്പറ്റി എഴുതിയപ്പോൾ ഞാനിത് ശരിക്കും അനുഭവിക്കുക തന്നെ ചെയ്തു.

സിനമൺ തെരുവിൻ്റെ പ്രവേശന കവാടം മൊറോക്കോയിലാണ്. ലോക സഞ്ചാരികളുടെ തലതൊട്ടപ്പനായ ഇബ്നു ബത്തൂത്ത പാദുകം അഴിച്ചു വെച്ച് വിശ്രമിക്കുന്നിടത്ത് നിന്ന് മൻസൂർ സ്വന്തം കാലൊപ്പുകൾ ചാർത്താൻ ആരംഭിക്കുന്നു. "മഹാനായ യാത്രികാ , പതിമൂന്ന് നൂറ്റാണ്ട് മുമ്പ് നിങ്ങൾ വന്നെത്തിയ കോഴിക്കോട് നിന്ന് നിങ്ങളെ തേടിയെത്തിയതാണ് ഞാൻ. കുറ്റിച്ചിറയിലെ മിശ്കാൽ പള്ളിയുടെ മുറ്റത്ത് നിൽക്കുമ്പോൾ നിങ്ങളിവിടെ വന്നിട്ടുണ്ടല്ലോ എന്നോർത്ത് അത്‌ഭുതപ്പെട്ട കുട്ടി, ഏഴ് നൂറ്റാണ്ടുകൾക്കിപ്പുറവും കാലത്തിൻ്റെ നിശബ്ദ സാക്ഷിയായി ആ പള്ളി അവിടെയുണ്ടെന്ന് നിങ്ങളോട് മന്ത്രിക്കുന്നു" എന്ന് മൻസൂർ ഇബ്നു ബത്തൂത്തയോട് പറയുമ്പോൾ യാത്രയെഴുത്തിൻ്റെ ഹൃദയ ഹാരിത വായനക്കാരെ പിടിച്ചിരുത്തുന്നു.

സഞ്ചാരി കേവലം ഒരു യാത്രക്കാരനാകുമ്പോൾ ഓരോ യാത്രയും പൊട്ടിയ പടക്കം പോലെയാണ്. ഉപകാരമില്ലാത്ത ചില അവശിഷ്ടങ്ങൾ മാത്രമായിരിക്കും അതിൻ്റെ അന്തിമ ഫലം. തൻ്റെ അനുഭവങ്ങൾ അനുവാചകരിലേക്ക് പകരുന്ന രീതിയിൽ എഴുതണമെങ്കിൽ സഞ്ചാരി നല്ല ഒരു വായനക്കാരൻ കൂടിയാകണം. നോവലുകളും കഥകളും പശ്ചാത്തലമാക്കിയ സ്ഥലങ്ങളും അത് ജന്മം കൊണ്ട എഴുത്ത് മുറികളും കാണുമ്പോൾ പ്രസ്തുത രചന മനസ്സിൽ ഒരു ശില്പമായി മാറും. അതിനാൽ തന്നെ ഇഷ്ടപ്പെട്ട എഴുത്തുകാരുടെ സങ്കേതങ്ങൾ തേടിയുള്ള യാത്രകൾ സഞ്ചാരികൾക്ക് എന്നും പ്രിയങ്കരമാണ്. അവരുടെ കൃതികളിലെ വരികൾ നിവേദ്യമായി സമർപ്പിച്ചാണ് അവിടെ നിന്ന് തിരിച്ച് നടക്കാറുള്ളത് എന്ന് നോബൽ സമ്മാന ജേതാവായ നജീബ് മഹ്ഫൂസിൻ്റെ എഴുത്ത് മുറി കണ്ടിറങ്ങുന്ന മൻസൂർ പറയുമ്പോൾ വായനക്കാരനും അതംഗീകരിക്കുന്നു.

പുസ്തകങ്ങളിൽ വായിച്ച ചരിത്രം കാഴ്ചയായി മാറുമ്പോൾ, മനുഷ്യൻ സഞ്ചരിക്കുന്നത് സ്ഥലങ്ങൾക്കിടയിലൂടെ മാത്രമല്ല കാലങ്ങൾക്കിടയിലൂടെയുമാണെന്ന തിരിച്ചറിവ് ബാക്കിയാകുന്നു.യാത്ര എന്നത് മുന്നോട്ടുള്ള സഞ്ചാരം മാത്രമല്ല പിന്നിട്ട വഴികളിലേക്കുള്ള തിരിഞ്ഞുനോട്ടം കൂടിയാണ്. നരച്ച നഗരത്തിൻ്റെ കഥ പറയുമ്പോൾ എത്ര സുന്ദരമായാണ് മൻസൂർ യാത്രയെ നിർവ്വചിച്ചിരിക്കുന്നത്.

ദൂരങ്ങൾ അടയാളപ്പെടുത്തിയ ശിലകളെക്കാൾ, സ്ഥലങ്ങൾ മാത്രം അടയാളപ്പെടുത്തിയ ദിശാസൂചികളാണ് എന്നെ പ്രലോഭിപ്പിക്കാറുള്ളത്. അല്ലെങ്കിലും ദൂരങ്ങൾ എന്നത് യാത്രികരുടെ ചിന്തകളിൽ കടന്നുവരേണ്ട ഒന്നല്ല. ഒരിക്കൽ അവിടെയെല്ലാമെത്തും എന്ന കരാറിൽ എപ്പോഴോ സ്വന്തം ഒപ്പുവെച്ചിട്ടുണ്ട്. ഒരു സഞ്ചാരിയുടെ മനോഗതം എന്തായിരിക്കണം എന്ന് ഈ വരികളിലൂടെ മൻസൂർ പറയുന്നു.

യാത്രയിലെ എല്ലാ അനുഭവങ്ങളും സന്തോഷകരമാകണമെന്നില്ല.അൽമാറ്റി എയർപോർട്ടിലെ പരിശോധനക്കിടെ ഉദ്യോഗസ്ഥർ തൻ്റെ ബാഗിൽ നിന്ന്, സമ്മാനമായി കിട്ടിയ ജാം കുപ്പി എടുത്തു മാറ്റിയപ്പോൾ ഹൃദയം പിടഞ്ഞതായി മൻസൂർ പറയുന്നു. ഓർമ്മകളുടെ രുചിയെ ആണല്ലോ അവർ മായ്ച്ചു കളഞ്ഞത് എന്ന ആത്മഗതം വായനക്കാരൻ്റെ ഹൃദയത്തെയും വേദനിപ്പിക്കുന്നു.

"യാത്രയെ ഇത്രയും ആനന്ദകരമാക്കുന്നതിൽ കഥകളും കഥാപാത്രങ്ങളും കാലവും അതു സംഭവിക്കുന്ന ഭൂമികയും ചെലുത്തുന്ന സ്വാധീനം അപാരമാണ്. അതുകൊണ്ടു തന്നെ പുസ്തകങ്ങളിലൂടെ ദേശങ്ങളുടെ പുരാവൃത്തത്തിലേക്ക് നുഴഞ്ഞു കയറുന്ന ഒരു സഞ്ചാരി എപ്പോഴും എൻ്റെയുള്ളിലുണ്ട്". മൻസൂർ പറഞ്ഞത് അക്ഷരാർത്ഥത്തിൽ ശരിയാണെന്ന് സിനമൺ തെരുവിൻ്റെ അവസാനത്തിൽ എത്തുമ്പോൾ നാം ശരിക്കും തിരിച്ചറിയും.

യാത്ര ഇഷ്‌ടപ്പെടുന്നവർക്ക് സിനമൺ തെരുവും ഇഷ്‌ടപ്പെടും, തീർച്ച.

പുസ്തകം : സിനമൺ തെരുവ്
പ്രസാധനം: മാതൃഭൂമി ബുക്‌സ്
പേജ് : 135
വില: 210 രൂപ
രചയിതാവ് :  മൻസൂർ അഹമ്മദ്


Saturday, September 26, 2026

ഒരപ്രതീക്ഷിത ബ്ലോഗ് സംഗമം

2006 മുതൽ ആണ് ഞാൻ ബ്ലോഗിൽ കുറിപ്പുകൾ ഇടാൻ ആരംഭിച്ചത്. അന്ന് മലയാളത്തിൽ ബ്ലോഗ് എഴുതുന്നവർ കൂടുതലും ഗൾഫുകാരായിരുന്നു. കൂടുതൽ ഒഴിവ് സമയം ലഭിക്കുന്നത് കൊണ്ടാണോ അതല്ല കഥകളും സംഭവങ്ങളും കൂടുതൽ പറയാൻ ഉള്ളത് കൊണ്ടാണോ ഈ ഗൾഫ് ആധിപത്യം ഉണ്ടായത് എന്ന് നിശ്ചയമില്ല. ഇന്ന് അവരിൽ മിക്കപേരും ബ്ലോഗിംഗ് രംഗത്ത് ഇല്ല എന്നതാണ് ദുഃഖസത്യം.

അന്നത്തെ പരിചയക്കാരിൽ ഏറ്റവും പ്രിയപ്പെട്ട ഒരു ബ്ലോഗറായിരുന്നു മൻസൂർ ചെറുവാടി എന്ന മൻസൂർ അഹമ്മദ്. സെൻ്റർ കോർട്ട് എന്ന ബ്ലോഗിലൂടെ മൻസൂർ പങ്ക് വെച്ചിരുന്ന മിക്ക വിഭവങ്ങളും ഞാൻ സ്വാദോടെ രുചിച്ചിടുണ്ട്. അതിൻ്റെ രുചി കൂടിക്കൂടി വന്നപ്പോൾ ആ ബന്ധവും ദൃഢമായി. ഒരു തവണ എൻ്റെ ക്ഷണപ്രകാരം മൻസൂർ എൻ്റെ വീട്ടിൽ വരികയും ചെയ്തു. 

ബ്ലോഗെഴുത്ത് നിർത്തി പലരും ഫേസ്‌ബുക്കിൽ സജീവമായി. മൻസൂറും സെൻ്റർ കോർട്ടിൽ നിന്നും വിടവാങ്ങി. മനോഹരമായ യാത്രാ കുറിപ്പുകളുമായി ഫേസ് ബുക്കിൽ മൻസൂറിനെ ഞാൻ വീണ്ടും കണ്ടുമുട്ടി. എൻ്റെ നാട്ടിലെ മുറിഞ്ഞമാട് (Click & Read) മുതൽ ലോക സഞ്ചാരി ഇബ്നു ബത്തൂത്ത അന്ത്യവിശ്രമം കൊള്ളുന്ന മൊറോക്കോയിലെ കസ്ബ വരെ മൻസൂറിൻ്റെ എഫ് ബി പോസ്റ്റുകളിലൂടെ ഞാൻ വായിച്ചു. അതിൻ്റെ തുടർച്ചയായി വന്ന കാലൊപ്പുകൾ  (Click & Read) എന്ന കൃതിയും ഞാൻ വായിച്ചു.

അങ്ങനെ ഇരിക്കെയാണ് മൻസൂറിൻ്റെ ലോക സഞ്ചാരങ്ങളുടെ കഥ പറയുന്ന സിനമൺ തെരുവ് എന്ന പുസ്തകത്തിൻ്റെ പ്രകാശനത്തിന് എനിക്ക് ക്ഷണം കിട്ടിയത്.പുസ്തക പ്രകാശനത്തിൻ്റെ രണ്ട് ദിവസം മുമ്പ് മാതൃഭൂമി ബുക്‌സിൽ നിന്ന് പതിനഞ്ചോളം പുസ്തകങ്ങൾ വാങ്ങിയപ്പോൾ ഈ പുസ്തകം ഓർമ്മയിൽ വന്നില്ല എന്ന് മൻസൂറിൻ്റെ ഒരു എഫ് ബി പോസ്റ്റിൽ ഞാൻ  സങ്കടം പറഞ്ഞിരുന്നു. പ്രകാശന ദിവസം ഞാൻ കോഴിക്കോട് ഉള്ളതിനാൽ ചടങ്ങിൽ പങ്കെടുക്കാൻ പിന്നെ മറ്റൊന്നും ആലോചിക്കേണ്ടി വന്നില്ല.  പ്രകാശനച്ചടങ്ങ് വ്യക്തിപരമായി എനിക്ക് ഇത്രയധികം സന്തോഷം തരും എന്ന്  സ്വപ്നത്തിൽ പോലും ഞാൻ നിനച്ചിരുന്നില്ല.

ബഹുമാന്യനായ മുൻ വിദ്യാഭ്യാസ മന്ത്രിയും എം.പി.യുമായ ശ്രീ. ഇ.ടി മുഹമ്മദ് ബഷീർ പുസ്തകം പ്രകാശനം ചെയ്തു (2013ൽ കുടുംബ സമേതം പാർലിമെന്റ് മന്ദിരം സന്ദർശിക്കാൻ എനിക്ക് അവസരം ലഭിച്ചത് അദ്ദേഹം അനുവദിച്ച സന്ദർശക പാസിലൂടെ ആയിരുന്നു എന്നത് സ്നേഹപൂർവ്വം സ്മരിക്കുന്നു). നിരവധി ജനപ്രിയ പുസ്തകങ്ങളുടെ രചയിതാവായ  ടി.എസ് ദീപ (ദീപാ നിശാന്ത് ) പുസ്തകം ഏറ്റുവാങ്ങി. സഞ്ചാര സാഹിത്യവുമായി ബന്ധപ്പെട്ട മറ്റ് നിരവധി പ്രമുഖരും സ്റ്റേജിൽ ഉണ്ടായിരുന്നു . ഈ പുസ്തക പ്രകാശന ചടങ്ങ് മൂന്ന് കാരണങ്ങളാൽ എനിക്ക് വളരെയേറെ ഇഷ്‌ടപ്പെട്ടു.

1. സ്റ്റേജിൽ ഇരുന്നവരാരും തന്നെ സദസ്സിനെ മുഷിപ്പിച്ചില്ല. ഓരോരുത്തരുടെയും നാവിൽ നിന്ന് സദസ്സിലേക്ക് വീണത് മുത്തു മണികൾ മാത്രമായിരുന്നു. അതും ഒന്നിനൊന്ന് വ്യത്യസ്തമായ പളുങ്ക് മണികൾ. വായിച്ചിരിക്കേണ്ട നിരവധി യാത്രാ ഗ്രന്ഥങ്ങളെപ്പറ്റിയും യാത്രകളെപ്പറ്റിയും  അറിവ് പകർന്ന ചെറു പ്രസംഗങ്ങൾ ആയിരുന്നു ഓരോരുത്തരുടേതും.

2. ബ്ലോഗ് എന്ന മാധ്യമത്തിൻ്റെ സുവർണ്ണകാലത്ത് പരസ്പരം പ്രോൽസാഹിപ്പിച്ചിരുന്ന നിരവധി പേർ ഈ ചടങ്ങിന് എത്തി. മൻസൂർ നേരിട്ട് ക്ഷണിച്ചവരും അറിഞ്ഞെത്തിയവരും കൂടിയായപ്പോൾ പഴയ ബ്ലോഗ് സംഗമങ്ങൾക്ക് ശേഷമുള്ള ഒരു മിനി സംഗമം തന്നെയായി അത് മാറി. ആ കാലത്തേക്ക് ഒന്ന് തിരിഞ്ഞ് നോക്കാൻ ഈ വേദി വളരെയധികം ഉപകരിച്ചു.

3. നനഞ്ഞു തീർത്ത മഴകൾ വായിച്ചത് മുതൽ ഞാൻ മനസ്സിൽ കരുതിയതാണ് ടി എസ്.ദീപയെ നേരിൽ പരിചയപ്പെടണം എന്നത് . അതും ഈ വേദിയിലൂടെ സാധ്യമായി (Click & Read)

പുസ്തകം വാങ്ങി മൂന്നാം ദിവസം നടത്തിയ ആലുവ യാത്രയിൽ സിനമൺ തെരുവ് ഞാൻ വായിച്ച് പൂർത്തിയാക്കി. പ്രസ്തുത വായനാനുഭവം മറ്റൊരു പോസ്റ്റിലൂടെ പങ്ക് വെയ്ക്കാം.

Tuesday, September 22, 2026

ദീപാ നിശാന്തും ഞാനും

പുസ്തകങ്ങളോടുള്ള എൻ്റെ ഇഷ്ടം എന്നാണ് ആരംഭിച്ചത് എന്ന് ചോദിച്ചാൽ കൃത്യമായി ഒരു ഉത്തരം നൽകാൻ എനിക്കറിയില്ല. ചംപക് , പൂമ്പാറ്റ, മലർവാടി തുടങ്ങിയ ബാല പ്രസിദ്ധീകരണങ്ങൾ വീട്ടിൽ വരാറുണ്ടായിരുന്നു. ഒരു പക്ഷേ ആ വായനകളും വീട്ടിൽ ബാപ്പ സൃഷ്‌ടിച്ചെടുത്ത ലൈബ്രറിയും ആയിരിക്കാം പുസ്തകങ്ങളോടുള്ള എൻ്റെ ഇഷ്‌കിന് തുടക്കം കുറിച്ചത്. സ്‌കൂൾ അവധിക്കാലത്ത് ബാപ്പയുടെ സ്‌കൂളിലെ ലൈബ്രറിയിൽ നിന്നും പുസ്തകമെടുത്ത് വായിക്കാൻ തുടങ്ങിയതും വായനയുടെ കൂടുതൽ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലാൻ എന്നെ പ്രേരിപ്പിച്ചു. 

വായനക്കൊപ്പം എഴുത്തും വളർത്തണം എന്ന ഉദ്ദേശ്യത്തോടെ ബാപ്പ എൻ്റെ ഹൈസ്‌കൂൾ വിദ്യാഭ്യാസം മൂർക്കനാട് സുബുലുസ്സലാം ഹൈസ്‌കൂളിലേക്ക് മാറ്റി. രണ്ടാം ഭാഷ അറബി ആയിരുന്നെങ്കിലും അതിൻ്റെ പാർട്ട് 2 മലയാളം  ബി എന്ന പേരിൽ ഈ സ്‌കൂളിൽ പഠിപ്പിച്ചിരുന്നു (നാട്ടിലെ സുല്ലമുസ്സലാം ഓറിയൻ്റൽ ഹൈസ്കൂളിൽ ഇത് രണ്ടും അറബിയാണ്). വിവിധ ദേശങ്ങളിലും മതങ്ങളിലും പെട്ട സഹപാഠികളുമായി ഇടപഴകി സംസാര ഭാഷ നന്നാക്കാം എന്നും ഒരു പക്ഷേ പിതാവ് അന്ന് കരുതിയിരിക്കാം. ഏതായാലും എൻ്റെ എഴുത്തിന് ഹരിശ്രീ കുറിച്ചത് ആ കാലഘട്ടത്തിലാണ്.

സ്‌കൂൾ പഠനവും കലാലയ കാലഘട്ടവും കഴിഞ്ഞപ്പോഴാണ് വായന ശരിക്കും ഒരു ലഹരിയായത്. വായന ക്രമേണ എന്നെ എഴുത്തിലേക്കും നയിച്ചു. ചന്ദ്രിക, മാധ്യമം തുടങ്ങിയ പത്രങ്ങളിൽ ആക്ഷേപഹാസ്യം നിറഞ്ഞ മിഡ്ൽ പീസുകൾ എഴുതിക്കൊണ്ട് ഞാൻ അച്ചടി മാധ്യമങ്ങളിലും തുടക്കം കുറിച്ചു. പത്രങ്ങളിൽ നിന്ന് മിഡ്ൽ പീസ് പുറത്തായതോടെ ബ്ലോഗ് എന്ന നവമാധ്യമത്തിലേക്ക് ഞാൻ പ്രവേശിച്ചു. രണ്ടായിരത്തിലധികം പോസ്റ്റുകളോടെ "മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങൾ" ഇപ്പോഴും തുടരുന്നു.

ഇതിനിടയിൽ എവിടെയോ ഞാൻ എൻ്റെ വായന മറന്നു വെച്ചു. 2010 ൽ പുതിയ വീട് വെച്ചപ്പോൾ വീട്ടിൽ ഒരു ലൈബ്രറി കൂടി സെറ്റ് ചെയ്തു കൊണ്ട് ഞാൻ വായനയെ തിരിച്ച് പിടിക്കാൻ ശ്രമം തുടങ്ങി. ബ്ലോഗിൽ നിന്നുള്ള രചനകൾ ഉൾപ്പെടുത്തി 2020 ൽ  ആദ്യത്തെ പുസ്തകമായ "അമ്മാവൻ്റെ കൂളിംഗ് എഫക്ട്" പ്രസിദ്ധീകരിച്ചു. തുടർന്ന് എൻ്റെ പഴയ വായനാ ലോകത്തേക്ക് ഞാൻ വീണ്ടും പറന്നിറങ്ങി. ബ്ലോഗ് രചനകളിൽ നിന്ന് തന്നെ "ഓത്തുപള്ളി" എന്ന നോവലും "പാഠം ഒന്ന് ഉപ്പാങ്ങ" യും പ്രസിദ്ധീകരിച്ചു.

പഴയതും പുതിയതുമായ എഴുത്തുകാരെ വായിക്കുന്നതിനിടയിലാണ് ദീപാ നിശാന്തും എൻ്റെ വായനയിൽ വന്നത്.ഓർമ്മ എഴുത്തിൻ്റെ രാജകുമാരി ആയിട്ടാണ് ദീപാ നിശാന്തിൻ്റെ നനഞ്ഞു തീർത്ത മഴകൾ വായിച്ചപ്പോൾ എനിക്ക് തോന്നിയത്. "കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിർ" വായിച്ചതോടെ ഓർമ്മ ഭണ്ഡാരം തുറക്കുന്നതിൻ്റെ ഗൃഹാതുരത്വം ശരിക്കും ഞാൻ അനുഭവിച്ചു. അതു കൊണ്ട് തന്നെ എൻ്റെ പത്താം ക്ലാസ്സ് കൂട്ടായ്മ മുപ്പത്തിയേഴ് വർഷങ്ങൾക്ക് ശേഷം സ്‌കൂൾ ഓർമ്മകളുടെ കഥകളായി "പാഠം ഒന്ന് ഉപ്പാങ്ങ" എന്ന പുസ്തകം പ്രസിദ്ധീകരിച്ചപ്പോൾ ഒരു കോപ്പി ദീപക്കും ഞാൻ അയച്ചു. 

എൻ്റെ അതേ ഫീൽഡിൽ ജോലി ചെയ്യുന്നതിനാലും ഒഴിവ് സമയങ്ങൾ സ്വന്തം വിദ്യാർത്ഥികൾക്കൊപ്പമിരുന്ന് ആസ്വദിക്കുന്നത് ഫേസ്ബുക്കിൽ പല തവണ കണ്ടതിനാലും ദീപയെ പരിചയപ്പെടണം എന്ന് ഒരാഗ്രഹം തോന്നി. ഇന്ന് അത് സഫലമായി. ഞാനയച്ച പുസ്തകം കിട്ടിയിട്ടില്ല എന്ന് , ഇന്ന് നേരിൽ കണ്ടപ്പോഴാണ് മനസ്സിലായത്.

സുഹൃത്തും ബ്ലോഗറുമായ മൻസൂർ ചെറുവാടിയുടെ "സിനമൺ തെരുവ്" എന്ന പുസ്തകത്തിൻ്റെ പ്രകാശന ചടങ്ങിൽ വെച്ചാണ് അപ്രതീക്ഷിതമായി ദീപാ നിശാന്തിനെ കണ്ടുമുട്ടിയത്. ബ്ലോഗെഴുത്തിൻ്റെ സുവർണ്ണ കാലത്തെ നിരവധി ബ്ലോഗന്മാരും ബ്ലോഗിനികളും പരിപാടിയിൽ പങ്കെടുത്തപ്പോൾ അതൊരു അപ്രതീക്ഷിത ബ്ലോഗേഴ്‌സ് സംഗമം കൂടിയായി. മൻസൂറിൻ്റെ പുസ്തകത്തിന് ആശംസകൾ നേരുന്നു.


Saturday, September 19, 2026

സ്റ്റാറ്റസ്

1990 കളുടെ മധ്യാഹ്നം. ഞാനും ഏതാനും സുഹൃത്തുക്കളും കൂടി ഒരു സഹപാഠിയുടെ കാറിൽ യാത്ര ചെയ്യുകയായിരുന്നു. ഓല മേഞ്ഞ ഒരു ചായക്കടയുടെ മുന്നിൽ എത്തിയപ്പോൾ ഞങ്ങൾക്കെല്ലാവർക്കും ചായ കുടിക്കാൻ മുട്ടി. പക്ഷേ, കാർ മുതലാളി സമ്മതിച്ചില്ല. അതവൻ്റെ സ്റ്റാറ്റസിന് ചേരില്ലത്രേ.

വർഷങ്ങൾക്ക് ശേഷം അതേ സ്ഥലത്ത് കൂടെ പഴയ പോലെ ഒരു യാത്ര. ചായക്കട ഇപ്പോഴും ഓല മേഞ്ഞത് തന്നെ. കാർ മുതലാളി കം ഡ്രൈവർ സെയിം . ബട്ട്, കാർ ഒന്നു കൂടെ ലക്ഷ്വറി ആയിട്ടുണ്ട്. പെട്ടെന്ന്  കാർ സൈഡാക്കി അവൻ പറഞ്ഞു.

"നമുക്ക് ആ കടയുടെ മുമ്പിൽ നിന്ന് ഒരു സെൽഫി എടുക്കാം ... സ്റ്റാറ്റസിടാനാ....."


വാൽ : സ്റ്റാറ്റസ് ൻ്റെ അർത്ഥം ഈ അടുത്ത് എങ്ങാനും മാറിയിട്ടുണ്ടോ?🤔

Tuesday, September 15, 2026

Team PSMO വീണ്ടും ഊട്ടിയിൽ - 4

Team PSMO വീണ്ടും ഊട്ടിയിൽ - 3

കോതഗിരിയെപ്പറ്റി ഞാൻ ആദ്യമായി കേൾക്കുന്നത് എൻ്റെ മൂത്തുമ്മയുടെ മകനും സഞ്ചാരിയുമായിരുന്ന അബ്‌ദുൽ കരീം മാസ്റ്റർ എന്ന അബ്ദ്വാക്കയിൽ നിന്നാണ്. അപകടത്തിൽ ഒരു കാല് നഷ്‌ടപ്പെട്ട് ഏറെക്കാലം വിശ്രമത്തിലായിരുന്ന അബ്ദ്വാക്കയെ ഒരു ദിവസം രാവിലെ ഞാൻ അരീക്കോട് ബസ് സ്റ്റാൻഡിൽ വെച്ച് കണ്ടുമുട്ടി. ഒറ്റ നോട്ടത്തിൽ തന്നെ എങ്ങോട്ടോ യാത്ര പോകുകയാണ് എന്ന് എനിക്ക് മനസ്സിലായി. എങ്ങോട്ടാണ് പോകുന്നത് എന്ന എൻ്റെ ചോദ്യത്തിന് കിട്ടിയ ഉത്തരമായിരുന്നു കോതഗിരി. കോയമ്പത്തൂരിലേക്ക് ബസ് കയറി അവിടെ നിന്ന് കോതഗിരിയിലേക്ക് പോകാനായിരുന്നു കൃത്രിമക്കാല് വെച്ച അദ്ദേഹത്തിൻ്റെ ഉദ്ദേശ്യം. അന്ന് ഞാനും മനസ്സിൽ കരുതിയതാണ് എങ്കിൽ ആ കോതഗിരി ഒന്ന് കാണണം എന്നത്.

ഊട്ടി പട്ടണം പിന്നിട്ട് വളവും കയറ്റവും നിറഞ്ഞ റോഡിലേക്ക് ഞങ്ങൾ പ്രവേശിച്ചു. ഡൊഡ്ഡബേട്ട പീക്ക് പ്രസ്തുത റൂട്ടിലാണെന്നും വേണമെങ്കിൽ കാണാമെന്നും സുനിൽ പറഞ്ഞു. ഡിഗ്രി ടൂറിലാണോ അതല്ല സുഹൃത്ത് കൃഷ്‌ണകുമാറിൻ്റെ ക്ഷണപ്രകാരം ഊട്ടിയിൽ എത്തിയപ്പോഴാണോ എന്ന് തീർച്ചയില്ല പ്രസ്തുത പീക്കിൽ മുമ്പ് എപ്പഴോ ഞാൻ എത്തിയിരുന്നു. എന്തായിരുന്നു അന്ന് കണ്ടത് എന്നത് ഇപ്പോൾ വ്യക്തമായി എൻ്റെ ഓർമ്മയിലില്ല.തമിഴ്നാട്ടിലെ ഏറ്റവും ഉയർന്ന കൊടുമുടിയാണ് ഡൊഡ്ഡബേട്ട പീക്ക്. ആർക്കും താല്പര്യമില്ലാത്തതിനാൽ അവിടെയും ഞങ്ങൾ സ്‌കിപ് ചെയ്തു.

ഇരു ഭാഗങ്ങളിലും വൃക്ഷങ്ങൾ ഇട തിങ്ങിയ റോഡിലൂടെയാണ് കോതഗിരിയിലേക്കുള്ള യാത്ര. ഊട്ടി സന്ദർശകരിൽ അധികമാർക്കും കോതഗിരിയെപ്പറ്റി അറിയാത്തതിനാൽ ഞങ്ങൾ പോകുന്ന റോഡ് ഏറെക്കുറെ വിജനമായിരുന്നു. വെട്ടിയിറക്കിയ റോഡിൻ്റെ മുകൾ ഭാഗത്ത് നിന്ന് എപ്പോ വേണമെങ്കിലും ഒരു കാട്ടുപോത്തോ മറ്റെന്തെങ്കിലും മൃഗമോ വണ്ടിയുടെ മുന്നിലേക്ക് എടുത്ത് ചാടും എന്ന് ഞാൻ പ്രതീക്ഷിച്ചു. പക്ഷേ അങ്ങനെയൊന്നും സംഭവിച്ചില്ല.

നീലഗിരി മലനിരകളിലെ ഏറ്റവും പഴയതും ശാന്തവുമായ ഹിൽ സ്റ്റേഷനാണ് കോതഗിരി. കോത എന്ന ആദിവാസി വിഭാഗം താമസിക്കുന്ന കുന്ന് എന്നതിനാലാണ് കോതഗിരി എന്ന് പേര് വന്നത്. ഊട്ടിയിൽ നിന്ന് വരുമ്പോൾ മലക്ക് താഴേക്ക് ഇറങ്ങുന്നതായാണ് അനുഭവപ്പെടുക. കോയമ്പത്തൂർ ഭാഗത്ത് നിന്ന് വരുമ്പോൾ കോതഗിരി ശരിക്കും ഒരു ഗിരി തന്നയാണ്.

പൈൻ മരങ്ങളുടെയും തേയിലത്തോട്ടങ്ങളുടെയും വശ്യമനോഹാരിത ആസ്വദിച്ചു കൊണ്ട് ഒരു മണിയോടെ ഞങ്ങൾ കോതഗിരി ടൗണിലെത്തി. ജുമുഅയുടെ സമയമായതിനാൽ പള്ളിയിലേക്കാണ് നേരെ പോയത്. തമിഴിലെ ജുമുഅ ഖുതുബ പൂർണ്ണമായും മനസ്സിലായില്ല എങ്കിലും എനിക്ക് വളരെ ഹൃദ്യമായി അനുഭവപ്പെട്ടു. ജുമുഅ കഴിഞ്ഞ് പുറത്തിറങ്ങിയ ഉടൻ തിരിച്ച് നാട്ടിലേക്ക് പോരാൻ ഞങ്ങൾ തീരുമാനിച്ചു. സുനിൽ അപ്പോഴും തൊട്ടടുത്ത് ഏതെങ്കിലും കാഴ്ചകൾ ഒളിഞ്ഞിരിപ്പുണ്ടോ എന്ന് ഗൂഗിളിൽ പരതി നോക്കി. പ്രത്യേകിച്ച് ഒന്നും ഉള്ളതായി കണ്ടില്ല.

ഊട്ടിയിലെത്തി ഭക്ഷണം കഴിച്ച ശേഷം ഞങ്ങൾ മടക്കയാത്ര ആരംഭിച്ചു. ഫിംഗർ പോയിൻ്റിൽ നിന്ന് ഇടത്തോട്ട് മാറി മറ്റൊരു വഴിയിലൂടെയാണ് മഹ്‌റൂഫ് വണ്ടി ഓടിച്ചത്. പെട്ടെന്ന് ആളൊഴിഞ്ഞ ഒരു പുൽമേട് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു. പൂട്ടാത്ത ഒരു ഗേറ്റും അതിനുണ്ടായിരുന്നു. ഒരു ഗോൾഫ് കോഴ്‌സ് ആയിരുന്നു അത്. 

ഗേറ്റ് തുറന്നു ഞങ്ങൾ അകത്ത് കയറി. ഏതാനും ഫോട്ടോസും വീഡിയോകളും പിടിച്ച് കഴിഞ്ഞപ്പോൾ ഒരാൾ ഞങ്ങളെ കണ്ടു. ദൂരെ നിന്നുമുള്ള അയാളുടെ വരവ് അത്ര പന്തിയില്ല എന്ന് ഞങ്ങൾക്കെല്ലാവർക്കും മനസ്സിലായി. അകലെ നിന്ന് കൊണ്ട് അയാൾ ശകാര വർഷം നടത്തി. എല്ലാമേ തമിഴിലായതിനാൽ ഞങ്ങൾക്കൊന്നുമേ തിരിയാത്. ഗേറ്റ് അടച്ച് ഞങ്ങൾ വേഗം സ്ഥലം വിട്ടു.

എൻ്റെ സ്വന്തം വീട്ടിൽ നിന്നുള്ള ഓർഡർ പ്രകാരം വഴിയിൽ നിന്ന് ടെൻണ്ടർ കാരറ്റും ഊട്ടി ബർക്കിയും പുളി മിഠായിയും മറ്റും വാങ്ങി ഞാൻ  ബാഗിലാക്കി. രാത്രി ഒമ്പത് മണിയോടെ മഹ്റുഫിൻ്റെ വീട്ടിലും പതിനൊന്ന് മണിയോടെ എൻ്റെ നാട്ടിലും എത്തിയതോടെ ഈ യാത്രയും പൂർണ്ണമായി.

അപ്പോൾ "ഫ്രണ്ട്സ്" എന്ന സിനിമയിലെ ആ പാട്ട് എൻ്റെ കാതിൽ മുഴങ്ങി.

പുലരിക്കിണ്ണം പൊന്നിൽ മുക്കിയതാരാണോ
പുല്ലാങ്കുഴലൊരു പാൽകടലാക്കിയതാരാണോ
നമ്മുടെ മഴവിൽ കനവിന്നതിരിനിപൂമാനം
ഈ മുത്തുമനസ്സിനുചുറ്റും മതിലുകളാകാശം....


(അവസാനിച്ചു)

Saturday, September 12, 2026

Team PSMO വീണ്ടും ഊട്ടിയിൽ - 3

 Team PSMO വീണ്ടും ഊട്ടിയിൽ - 2

നാഷണൽ സർവ്വീസ് സ്കീം പ്രോഗ്രാം ഓഫീസറായി ഏഴ് സപ്തദിന ക്യാമ്പുകൾ ഞാൻ സംഘടിപ്പിച്ചിട്ടുണ്ട്. അസൗകര്യങ്ങൾ കൊണ്ട് വീർപ്പ് മുട്ടുന്ന പ്രൈമറി സ്‌കൂളുകളിലാണ് അവ മിക്കവയും നടത്തിയത്. അതിനാൽ തന്നെ ഉറങ്ങണം എന്ന് മനസ്സിൽ കരുതി കിടന്നാൽ ഏത് പരിമിതിയിലും ഞാൻ ഉറങ്ങിയിരിക്കും. വംശനാശം സംഭവിച്ച് കൊണ്ടിരിക്കുന്ന മൂട്ടയുടെ കടി മാത്രമാണ് എൻ്റെ ഉറക്കത്തെ അലോസരപ്പെടുത്തിയ ഏക സംഭവമായി എനിക്കോർമ്മയുള്ളത്. 

മേൽ പറഞ്ഞ പരിചയ സമ്പത്തിൻ്റെ പിൻബലത്തിൽ മഹ്റൂഫിൻ്റെ ഡോൾബി ഡിജിറ്റൽ ശബ്ദത്തിലുള്ള കൂർക്കം വലിയിലും ഞാനും അവനും ഒരേ ബെഡിൽ സുഖമായുറങ്ങി. സഫറുവും സുനിലും തൊട്ടടുത്ത റൂമിലും കിടക്ക പങ്കിട്ടു.ഒരു മണിക്കൂർ കഴിഞ്ഞ് എൻ്റെ ഫോൺ പെട്ടെന്ന് റിംഗ് ചെയ്തു. രാത്രി സുനിലിൻ്റെ വീട്ടിൽ നിന്നും ഒരു എമർജൻസി ന്യൂസ് വന്നിരുന്നതിനാൽ ഞാൻ വേഗം ഫോൺ എടുത്തു.

"എടാ... വാതിലൊന്ന് തുറക്കോ..." 

ഫോണിൻ്റ മറുതലക്കൽ സഫറുള്ളയുടെ ശബ്‌ദം. ഞാൻ എണീറ്റ് വാതിൽ തുറന്നു നോക്കുമ്പോൾ തലയിണയും ബ്ലാങ്കറ്റുമായി അവൻ വരാന്തയിൽ തണുത്ത് വിറച്ച്  നിൽക്കുകയായിരുന്നു.

"അനവധി കൂർക്കംവലി കേട്ട് ഉറങ്ങിയിട്ടുണ്ട്.... പക്ഷേ, കയറ്റം കയറി വരുന്ന ഫാർഗോ ലോറിയുടെ ശബ്ദം പോലെയുളളത് ആദ്യമായിട്ടാ... ഒരു നിലക്കും ഉറങ്ങാൻ കഴിയുന്നില്ലെടാ.... ഞാൻ ഇവിടെ എവിടേലും കിടന്നോളാം...." സഫറു പറഞ്ഞു. ശേഷം ഒഴിഞ്ഞ് കിടന്ന ദീവാനിയിൽ അവൻ കിടന്നു.

അടുത്ത ദിവസം രാവിലെ ഒമ്പതേ കാലിനായിരുന്നു ഊട്ടി റ്റു കൂനൂർ പോകാനുള്ള ഫസ്റ്റ് ട്രെയിൻ. അടുത്ത ട്രെയിൻ ഉച്ചക്ക് പന്ത്രണ്ട് മണിക്കും. അതിന് കയറിയാൽ ജുമുഅ കിട്ടില്ല എന്ന് മാത്രമല്ല നാട്ടിലേക്കുള്ള മടക്കം വൈകും. വൈകിട്ട് ട്രാഫിക്കും വർദ്ധിക്കും. അതിനാൽ കൂനൂർ പോകാൻ ഫസ്റ്റ് ട്രെയിൻ തന്നെ പിടിക്കൽ നിർബന്ധമായി.

ടിക്കറ്റ് ബുക്ക് ചെയ്യാത്തതിനാൽ, ഫസ്റ്റ് ട്രെയിനിൽ പോകാൻ ഏഴ് മണിക്കെങ്കിലും സ്റ്റേഷനിൽ പോയി ക്യൂ നിന്ന് ടിക്കറ്റെടുക്കണം. അത് നടക്കില്ല എന്ന് ഉറപ്പായിരുനെങ്കിലും ഞാൻ അഞ്ച് മണിക്ക് തന്നെ എഴുന്നേറ്റു. സുനിലിനെ വിളിച്ചപ്പോൾ അവൻ കണ്ണ് തുറക്കാതെ ഉഗാണ്ടയിലെ ഏതോ സ്റ്റോറി പറഞ്ഞു കൊണ്ടിരുന്നു. അതോടെ, നേരത്തെ ഉണർന്ന ഞങ്ങൾ വീണ്ടും പുതപ്പിനുള്ളിലേക്ക് വലിഞ്ഞു.

ഊട്ടിയിൽ കാണാനുള്ള കാഴ്ചകൾ നിരവധിയുണ്ട്.ഒന്നോ രണ്ടോ ദിവസങ്ങൾ കൊണ്ട് തീരുന്നവയല്ല അവ. നീലഗിരിയുടെ റാണി എന്ന വിളിപ്പേര് വരാൻ തന്നെ കാരണം, ആരുടെയും മനം മയക്കുന്ന വിവിധ തരം കാഴ്ചകൾ ആയിരിക്കും എന്നാണ് എൻ്റെ വിശ്വാസം. മുൻ സന്ദർശന വേളകളിൽ പല സ്ഥലങ്ങളും കണ്ടിരുന്നതിനാൽ പരമ്പരാഗത കാഴ്ചകൾ എല്ലാം ഒഴിവാക്കുക എന്നതായിരുന്നു ഞങ്ങളുടെ ഐക്യകണ്ഠ തീരുമാനം. ഇടക്ക് കർണ്ണാടക സിരി പാർക്ക് ആരോ നിർദ്ദേശിച്ചു എങ്കിലും അത് ചർച്ചയിൽ തുടർന്നില്ല. ഞാൻ അത് കണ്ടതായതിനാൽ എനിക്ക് താല്പര്യം തോന്നിയതുമില്ല.

എട്ടര മണിയോടെ സുനിലും എണീറ്റു. കൂനൂർ യാത്ര അവൻ സ്വപ്നത്തിൽ നടത്തിയതിനാൽ വീണ്ടും ഒരു യാത്ര ആവശ്യമായി വന്നില്ല. അടുത്ത പ്രോഗ്രാം എന്തെന്ന് ഞങ്ങൾ ആലോചിച്ചു.ഒരു ബെഡ് കോഫി കുടിക്കാം എന്ന പ്ലാനിൽ പുറത്തിറങ്ങിയത് അവസാനം ബ്രേക്ക് ഫാസ്റ്റിൽ കലാശിച്ചു. പതിനൊന്ന് മണിക്ക് റൂം ചെക്ക് ഔട്ട് ചെയ്യണം എന്നതിനാൽ ആ പ്ലാൻ മാറ്റം ശരിക്കും നന്നായി. വെള്ളിയാഴ്ച ആയതിനാൽ ജുമുഅ കൂടി ലഭിക്കുന്ന വിധത്തിൽ അടുത്ത പദ്ധതി ആലോചിച്ചപ്പോൾ കോതഗിരി വീണ്ടും മനസ്സിൽ വന്നു. 

കൃത്യസമയത്ത് തന്നെ ഞങ്ങൾ റൂം വെക്കേറ്റ് ചെയ്തു. ഊട്ടിയുടെ സ്വതസിദ്ധമായ തണുപ്പ് അന്തരീക്ഷത്തിൽ അപ്പോഴും തങ്ങി നിന്നിരുന്നു. കഴിഞ്ഞ തവണ എന്നോട് പറഞ്ഞത് പോലെ റെൻ്റ് ഗൂഗിൾ പേ ചെയ്യാൻ വില്ലയുടെ മാനേജറായ ആനന്ദ് പറഞ്ഞു. അത് പ്രകാരം രണ്ട് റൂമിനും കൂടി മുവ്വായിരം രൂപ G Pay  ചെയ്തു.

രാവിലെ നേരത്തെ പോയാൽ വഴിയിൽ കാട്ടുപോത്തുകളെയും മറ്റും കാണാൻ സാദ്ധ്യതയുള്ള റൂട്ടാണ് ഊട്ടി കോതഗിരി റോഡ്. പതിനൊന്ന് മണിക്കുള്ള പുറപ്പാട് കോതഗിരി ടൗൺ മാത്രം കണ്ട് പോരാനുള്ള ഒരു യാത്രയായിരിക്കും എന്ന് എനിക്കുറപ്പായിരുന്നു. മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ, വിവാദമായ കോടനാട് എസ്‌റ്റേറ്റ് എങ്കിലും കാണാം എന്ന് സുനിൽ ആഗ്രഹം പ്രകടിപ്പിച്ചു. ഞങ്ങൾ നാല് പേരും ഇതുവരെ കോതഗിരി കാണാത്തവരായതിനാൽ മഹ്റൂഫ് സ്റ്റിയറിങ്ങ് കോതഗിരിയിലേക്ക് തിരിച്ചു.


Next : Team PSMO വീണ്ടും ഊട്ടിയിൽ - 4


Wednesday, September 09, 2026

Team PSMO വീണ്ടും ഊട്ടിയിൽ - 2

 Team PSMO വീണ്ടും ഊട്ടിയിൽ - 1

പതിവ് പോലെ യാത്രാ സംഘം മഹ്റൂഫിൻ്റെ വീട്ടിൽ ഒത്ത് കൂടി.മഹ്റൂഫിൻ്റെ ചായയോ ജ്യൂസോ കുടിക്കാതെ യാത്ര ആരംഭിക്കുന്നത് ഉപ്പിടാത്ത കഞ്ഞി കുടിക്കുന്നത് പോലെയാണ്. അവൈലബിൾ അംഗങ്ങളുടെ ഒത്തു ചേരൽ വൈകിയാൽ മഹ്റൂഫിൻ്റെ തറവാട്ട് വീട്ടിലെ കുളത്തിൽ ഒരു കുളി കൂടി പാസാക്കിയ ശേഷമാണ് യാത്ര തുടങ്ങുക. ഇത്തവണ അൽപം വൈകി എങ്കിലും ഊട്ടി പട്ടണം ആദ്യമേ ലക്ഷ്യമിട്ടതിനാൽ ജ്യൂസ് കുടിച്ച് പെട്ടെന്ന് തന്നെ ഞങ്ങൾ പുറപ്പെട്ടു.

ഡ്രൈവർ മഹ്റൂഫ് ആയതിനാൽ നാടുകാണി ചുരം പുല്ലു പോലെ കയറി. ചെക്ക് പോസ്റ്റിൽ ഇ പാസ് ചോദിക്കാത്തതിനാൽ അതിനപ്പറ്റി ഓർമ്മ വന്നില്ല. സീസൺ അല്ലാത്തതിനാലും വ്യാഴാഴ്ച ആയതിനാലും ഗൂഡല്ലൂർ ടൗണും ബ്ലോക്കില്ലാതെ രക്ഷപ്പെട്ടു. അല്പം കൂടി മുമ്പോട്ട് നീങ്ങിയപ്പോഴാണ് മറ്റൊരു ചെക്കിംഗ് പോയിൻ്റിൽ എത്തിയത്. ഇ പാസ് ചെക്കിംഗ് ആണെന്ന ധാരണയിൽ വണ്ടി ക്യൂവിലൂടെ ഉരുളുന്നതിനിടെ തന്നെ ഓൺലൈനിൽ പാസ് എടുക്കാൻ മഹ്‌റൂഫ് ശ്രമിച്ചു. ശ്രമം അവസാന ഘട്ടത്തിൽ എത്തിയപ്പോഴേക്കും വണ്ടി ഉരുണ്ടുരുണ്ട് ചെക്കിംഗ് ഇൻസ്‌പെക്ടറുടെ മുന്നിലെത്തി.

"ടോൾ കട്ടിയാച്ചാ?" വണ്ടികൾ ചെക്ക് ചെയ്യുന്ന ലേഡി ചോദിച്ചു.

"ആമാ..." കാറിലുള്ള നാല് പേരും പറഞ്ഞത് ഒരുമിച്ചായി.

"റൈറ്റ് " വണ്ടി വിടാൻ നിർദ്ദേശം കിട്ടി. മഹ്‌റൂഫ് ആക്സിലേറ്ററിൽ കാലമർത്തി.

"ഇ പാസ് ഇനി എവിടേലും ചെക്ക് ചെയ്യുമോ?" ഊട്ടിയിൽ ഇടക്കിടക്ക് പോകുന്ന മഹ്‌റൂഫിനോട് ഞാൻ ചോദിച്ചു.

"ഏയ്... ഇനി ആരും ചോദിക്കില്ല..." മഹ്‌റൂഫ് പറഞ്ഞ് തീർന്ന് ഒരു വളവ് തിരിഞ്ഞതോടെ പോലീസ് കാറിന് കൈ കാട്ടി. അത്യാവശ്യമായി വേണ്ട ലൈസൻസും അനാവശ്യമെന്ന് പലർക്കും തോന്നുന്ന ഇ പാസും അല്ലാത്ത പേപ്പറുകൾ എല്ലാം എടുത്ത് മഹ്‌റൂഫ് ഇൻസ്പെക്ടറുടെ അടുത്തേക്ക് നീങ്ങി.ഒരു ധൈര്യത്തിന് ഒപ്പം സഫറുള്ളയും ചെന്നു. ഞാനും സുനിലും പുറത്തിറങ്ങി കാറിൻ്റെ അടുത്ത് തന്നെ നിന്ന് പ്രകൃതിഭംഗി ആസ്വദിച്ചു.

തൊട്ട് മുമ്പിലുള്ള കാറുകാരനെ പതിനായിരത്തിൻ്റെ കണക്ക് പറഞ്ഞ് ഞെട്ടിക്കുമ്പോഴാണ് കയ്യിൽ പേപ്പറുകളുമായി മഹ്‌റൂഫും അകമ്പടിയായി സഫറുവും അങ്ങോട്ട് ചെന്നത്.

"നീ യാരു?" സഫറുവിനെ നോക്കി ഇൻസ്പെക്ടർ ചോദിച്ചു.

"നാൻ ഡോക്ടർ സഫറുള്ള" സഫറു നിഷ്‌കുവായി മറുപടി പറഞ്ഞു.

"ആമാ ...ഇങ്കേ ഡ്രൈവറെ മട്ടും ഇരുന്താ പോതും, മത്തവങ്ക എല്ലാരും പോയിടുങ്ക...” ഇൻസ്‌പെക്ടർ അകമ്പടിക്കാരെ എല്ലാവരെയും  തിരിച്ചയച്ചു.

'മത്തങ്ങ ... നിൻ്റെ ....' പിറുപിറുത്തുകൊണ്ട് സഫറു തിരിഞ്ഞ് നടന്നു. പിന്നാലെ മഹ്‌റൂഫും ചെക്കിംഗ് പൂർത്തിയാക്കി പോന്നു.

നീഡിൽ റോക്ക് വ്യൂ പോയിൻ്റ് പിന്നിട്ട് യൂക്കാലി മരങ്ങളുടെ തൊലിയുരിഞ്ഞ ദേഹവും, യൂക്കാലി ഇലകളുടെ മർമ്മരങ്ങളും, കാറ്റിൽ ഒഴുകി എത്തുന്ന അതിൻ്റെ സുഗന്ധവും വണ്ടിയിലിരുന്നു കൊണ്ട് തന്നെ ആസ്വദിച്ച് ഞങ്ങൾ വീണ്ടും മുന്നോട്ട് നീങ്ങി.നടുവട്ടം എത്തിയപ്പോൾ ഒരു ചായ കുടിച്ചു കൊണ്ട് ആമാശയം ചൂടാക്കാൻ എല്ലാവർക്കും ആഗ്രഹം ജനിച്ചു.പക്ഷേ, ചായ പ്രതീക്ഷിച്ച രീതിയിൽ നന്നായില്ല.

ഊട്ടിയിലെ കാഴ്ചകൾ കാണുക എന്നത് ഞങ്ങളുടെ യാത്രയിലെ അജണ്ടയിൽ പെട്ടിരുന്നില്ല. അതിനാൽ തന്നെ പൈകര വാട്ടർ ഫാൾസിലെയും പൈൻ ഫോറസ്റ്റിലെയും ആറാം മൈൽ ഷൂട്ടിംഗ് പോയിൻ്റിലെയും ജനത്തിരക്ക് ഞങ്ങളെ അലോസരപ്പെടുത്തിയില്ല.തലൈക്കുന്ത കഴിഞ്ഞ് ഊട്ടിയോട് അടുത്തപ്പോഴാണ് റോഡ് സൈഡിലെ ഒരു കാഴ്ച സുനിലിൻ്റെ ഓർമ്മകളെ തഴുകി ഉണർത്തിയത്. പണ്ടെന്നോ ക്രിക്കറ്റ് കളിച്ച സ്ഥലമാണിതെന്നും ഒന്നിറങ്ങാമെന്നും അവൻ പറഞ്ഞതനുസരിച്ച് എല്ലാവരും ഇറങ്ങി ഫോട്ടോ പകർത്തി. 

വൈകിട്ട് അഞ്ച് മണിയോടെ ഞങ്ങൾ ഊട്ടി പട്ടണത്തിൽ പ്രവേശിച്ചു. താമസിക്കാനൊരിടം കണ്ടെത്തുക എന്നതിനായിരുന്നു ഞങ്ങളുടെ പ്രഥമ  പരിഗണന. സാധാരണ ചെയ്യുന്നതിൽ നിന്നും വിഭിന്നമായി ടൗണിൽ നിന്നും മാറി കോതഗിരി റൂട്ടിലോ കൂനൂർ റൂട്ടിലോ റൂമുകൾ നോക്കാം എന്ന എൻ്റെ നിർദ്ദേശം എല്ലാവരും അംഗീകരിച്ചു. 

നാലോ അഞ്ചോ വില്ലകൾ പോയി നോക്കി എങ്കിലും ഒന്നുകിൽ മാനസികമായി അല്ലെങ്കിൽ പൈസാചികമായി  ഇണങ്ങിയില്ല. ഒരു വേള ഗൂഡല്ലൂരിലേക്ക് തന്നെ തിരിച്ചു പോരാനും ശ്രമം നടത്തി. അവസാനം ഞങ്ങളുടെ സ്ഥിരം കുറ്റിയായ മൂംഗിൽ ഇല്ലം നടത്തിപ്പുകാരൻ ആനന്ദിനെ തന്നെ ശരണം പ്രാപിച്ചു. ഞാൻ കഴിഞ്ഞ തവണ കുടുംബ സമേതം വന്നപ്പോൾ താമസിച്ച, മൂംഗിൽ ഇല്ലത്തിന് സമീപമുള്ള വില്ലയിൽ ഒരു റൂമിന് 1500 രൂപ നിരക്കിൽ രണ്ട് റൂമുകൾ സെറ്റാക്കി. രാത്രി മുഴുവൻ സൊറ പറഞ്ഞിരിക്കാൻ അത് തന്നെ ധാരാളമായിരുന്നു.


വൈകിട്ട് ആനന്ദ ഭവനിൽ നിന്ന് ഭക്ഷണം കഴിച്ച് ഞങ്ങളുടെ ആനന്ദം നഷ്ടപ്പെട്ടിരുന്നതിനാൽ (സാദാ ചായക്ക് 57 രൂപയും ദോശക്ക് 120 രൂപയും കൊടുക്കേണ്ടി വന്നാൽ ആരുടെ ആനന്ദവും പോകും) രാത്രി ഭക്ഷണം റൈദാനിൽ നിന്നാക്കി. തിരിച്ച് റൂമിലെത്തി സഫറു തുടങ്ങി വെച്ച സൊറ പറച്ചിൽ വർഷങ്ങളും സ്ഥലങ്ങളും സംഭവങ്ങളും താണ്ടി മുന്നേറി. സുനിൽ അതിന് എരിതീ പകർന്നു. മഹ്‌റൂഫ് അതിലേക്ക് എണ്ണ ഒഴിച്ചു. ഞാനതിൻ്റെ ചാരം വാരി. പിറ്റേന്ന്, കൂട്ടത്തിൽ ഒരാൾക്ക് ടോയ് ട്രെയിനിൽ കയറാൻ ആഗ്രഹം മൂത്തതിനാൽ രാത്രി രണ്ട് മണിക്ക് ചർച്ച അവസാനിപ്പിച്ച് എല്ലാവരും  ഉറങ്ങാൻ പോയി.

Next: Team PSMO വീണ്ടും ഊട്ടിയിൽ - 3

Sunday, September 06, 2026

Team PSMO വീണ്ടും ഊട്ടിയിൽ - 1

തിരൂരങ്ങാടി പി. എസ്. എം. ഒ കോളേജിലെ പ്രീഡിഗ്രിക്കാലത്തോടെയാന്ന് എൻ്റെ കലാലയ ജീവിതം ആരംഭിക്കുന്നത്. പലരുടെയും ജീവിതത്തിൽ നല്ലതും ചീത്തയുമായ  പലതിൻ്റെയും തുടക്കം ഇപ്പറഞ്ഞ  പ്രീഡിഗ്രിക്കാലത്താണ്. മാതാപിതാക്കളുടെ കൃത്യമായ ശിക്ഷണത്തിൽ വളർന്നതിനാൽ കൗമാര കാലത്തെ ചീത്ത കൂട്ടുകെട്ടുകളിൽ ഒന്നും പെടാതെ ഞാൻ രക്ഷപ്പെട്ടു. ദൈവത്തിന് സ്തുതി , ഇപ്പോഴും എൻ്റെ സൗഹൃദങ്ങൾ വഴി തെറ്റിയിട്ടില്ല എന്നാണ് എൻ്റെ വിശ്വാസം.

1987- 89 കാലഘട്ടത്തിലായിരുന്നു എൻ്റെ പ്രീഡിഗ്രി പഠനം. വീട്ടിൽ നിന്ന് ഒന്നര മണിക്കൂർ യാത്ര ചെയ്ത് എത്താവുന്ന ദൂരമേ കോളേജിലേക്ക് ഉണ്ടായിരുന്നുവുള്ളൂ എങ്കിലും ബസ്സുകൾ കുറവായിരുന്നതിനാൽ ഹോസ്റ്റലിൽ താമസിക്കാനായിരുന്നു എൻ്റെ പ്രിയ പിതാവ് ഉപദേശിച്ചത്. എനിക്ക് പിന്നാലെ, അരീക്കോട്  നിന്നുള്ള നാല് പേർ കൂടി ഹോസ്റ്റലിൽ ചേർന്നതോടെ എൻ്റെ പിതാവിൻ്റെ തീരുമാനം ശരിവയ്ക്കപ്പട്ടു. അങ്ങനെ ജീവിതത്തിലാദ്യമായി ഞാൻ ഒരു ഹോസ്റ്റൽ അന്തേവാസിയായി.

കാസർഗോഡ് മുതൽ തൃശൂർ വരെയുള്ളവർ അന്തേവാസികളായി ഹോസ്റ്റലിൽ ഉണ്ടായിരുന്നു. മലപ്പുറം, കോഴിക്കോട് ജില്ലക്കാരായിരുന്നു ഭൂരിപക്ഷം പേരും. രണ്ട് വർഷം പറന്നങ്ങ് പോയി എന്നാണ് പിന്നീട് ആ കാലത്തെപ്പറ്റി ആലോചിക്കുമ്പോൾ പലപ്പോഴും തോന്നിയത്. പ്രീഡിഗ്രി ജയിച്ചവർ പലരും ഡിഗ്രി കോഴ്‌സുകൾക്കും പ്രൊഫഷണൽ ഡിഗ്രി കോഴ്‌സുകൾക്കും പോയി.ചിലർ പ്രീഡിഗ്രി തോറ്റുപോയി. ചിലർ കുടുംബ പ്രാരാബ്ധങ്ങൾ കാരണം പഠനം നിർത്തി ഗൾഫിലേക്കും പോയി.

മൊബൈൽ ഫോൺ എന്നൊരു ആശയം പോലും വന്നിട്ടില്ലാത്ത ഒരു കാലമായിരുന്നു അത്. ലാൻ്റ് ഫോൺ പോലും അൽപം സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ട വീടുകളിലേ ഉണ്ടായിരുന്നുള്ളു. പഠനത്തിന് ശേഷം പരസ്പരം ബന്ധപ്പെടാനുള്ള പ്രധാന മാർഗ്ഗം കത്തെഴുത്ത് മാത്രമായിരുന്നു. അതിനാൽ തന്നെ ആ ബന്ധങ്ങൾക്ക് മനസ്സിണക്കത്തിന് പുറമേ അക്ഷരങ്ങൾ കൂട്ടിവിളക്കിയതിൻ്റെ ഒരു ദൃഢത കൂടി ഉണ്ടായിരുന്നു. സ്വന്തം നാടിന് പുറത്ത് ആദ്യമായി ലഭിച്ച സൗഹൃദമായതിനാൽ ഈ സുഹൃദ് ബന്ധത്തിന് മാധുര്യം വളരെ കൂടുതലായിരുന്നു.

പഠനകാലം കഴിഞ്ഞ് പലരും പല ജോലികൾക്കായി ഭൂമിയുടെ പല ഭാഗത്തേക്കും ചിതറിത്തെറിച്ചു. വിവാഹം കഴിഞ്ഞ് കുടുംബവും മക്കളും ആയ ശേഷം പരസ്പരം ഒന്ന് കണ്ട് മുട്ടാൻ എല്ലാവർക്കും ആശ തോന്നിയത് സ്വാഭാവികം മാത്രം. അങ്ങനെ 2009 ജനുവരി 4-ന്‌ കോഴിക്കോട്‌ മലബാര്‍ ഗേറ്റ്‌ ഹോട്ടലില്‍ (Click & read 126) വച്ച്‌ ഒരു കുടുംബ സംഗമം സംഘടിപ്പിച്ചു. 1987 - 89 കാലയളവിൽ പ്രീഡിഗ്രിക്ക് പി.എസ്. എം.ഒ കോളേജിൽ ചേർന്ന്  ഹോസ്റ്റലിൽ താമസിച്ചിരുന്ന ഭൂരിപക്ഷം പേരും അന്ന് സംഗമത്തിന് എത്തിയത് ഒരു ഗംഭീര തുടക്കമായി.2008 ഡിസംബറിൽ ഞാനും അന്ന് ഹോസ്റ്റലിൽ സഹവാസിയായിരുന്ന മഹ്റൂഫും തമ്മിൽ നടന്ന ഒരു കൂടിക്കാഴ്ചയായിരുന്നു ഈ സംഗമത്തിൻ്റെ കാരണം.

പ്രസ്തുത സംഗമത്തിന് ശേഷം അതു പോലൊരു സംഗമം പിന്നീട് നടന്നില്ല. കാലം ഗമിക്കവെ മൊബൈൽ ഫോണും വാട്സാപ്പും സൗഹൃദ ഗ്രൂപ്പുകളും വീഡിയോ കാളുകളും എല്ലാം സൗഹൃദം ദൃഢമാക്കി. സമയക്കുറവും ജോലിത്തിരക്കും കുടുംബ ജീവിതവും എല്ലാം കൂടിച്ചേരലിന് വിഘാതമായ കാരണങ്ങളായി. എങ്കിലും അവൈലബിൾ പോളിറ്റ് ബ്യൂറോ എന്ന് പറയുന്നത് പോലെ ലഭ്യമായ അംഗങ്ങൾ വർഷത്തിൽ ഒരിക്കൽ എവിടെയെങ്കിലും ഒത്തുകൂടി ഒരു ദിവസം ചെലവഴിക്കുക എന്നൊരാശയം ഉദിച്ചു. 

വാർഷിക സംഗമം എന്ന ആശയം എല്ലാവർക്കും ഇഷ്ടമായി. മഹ്റൂഫിൻ്റെ വീട് തന്നെ പലപ്പോഴും സംഗമവേദിയായി.പകൽ സംഗമം മതിയാകാതെ വന്നതിനാൽ ഏതെങ്കിലും റിസോർട്ടിലോ വില്ലയിലോ ഒരു ദിവസം താമസിച്ച് സംഗമം നടത്താം എന്ന് തീരുമാനമായി. അങ്ങനെ 2015 ജൂലൈ 23 ന് ആദ്യ ഔട്ട് സ്റ്റേഷൻ സംഗമം   ഊട്ടിയിൽ (Click & read 1508) വെച്ച് നടന്നു. ശേഷം എല്ലാ വർഷവും, സാധിക്കുന്നവരെ പങ്കെടുപ്പിച്ചു കൊണ്ട് വയനാട്ടിലും കോഴിക്കോട്ടും ഗൂഡല്ലൂരും ഊട്ടിയിലുമായി സംഗമങ്ങൾ നടന്നു. 2026 ലെ അവൈലബിൾ അംഗങ്ങളുടെ സംഗമം സെപ്റ്റംബർ 3 ന് വീണ്ടും ഊട്ടിയിൽ വെച്ച് നടന്നു.

 Team PSMO വീണ്ടും ഊട്ടിയിൽ - 2


Monday, August 31, 2026

ദ ഫാമിലി ഡോക്‌ടർ

എസ്.എസ്.എൽ.സി എന്നാൽ ജീവിതത്തിലെ ഒരു ടേണിംഗ് പോയിൻ്റാണ് എന്നായിരുന്നു അത് കഴിയുന്നത് വരെ പലരും പറഞ്ഞിരുന്നത്. അങ്ങോട്ട് തിരിഞ്ഞ് ആ കോളേജിലേക്ക് പോകണോ ഇങ്ങോട്ട് തിരിഞ്ഞ് ഈ കോളേജിലേക്ക് പോകണോ എന്ന കൺഫ്യൂഷൻ ഉണ്ടായി എന്നതൊഴിച്ചാൽ ഒരു ടേണിംഗ് പോയിൻ്റും എസ്.എസ്.സി പരീക്ഷ നല്ല മാർക്കോടെ പാസ്സായ ഞാൻ കണ്ടില്ല. അതു കൊണ്ടായിരിക്കും പിന്നീട് ആരോ ആ ടേണിംഗ് പോയിൻ്റ് പ്രീഡിഗ്രിയാക്കി മാറ്റിയത്.

പ്രീഡിഗ്രി എന്നാൽ ശരിക്കും ഒരു സ്വാതന്ത്യം കിട്ടിയ കാലമാണ്. പത്ത് വർഷത്തെ സ്‌കൂൾ ജീവിതത്തിന് ശേഷം വീട്ടിൽ നിന്നും സ്വാതന്ത്ര്യം കിട്ടുന്ന കാലം. കൗമാരത്തിൻ്റെ മാസ്മരിക ഭാവങ്ങൾ ജീവിതത്തിൽ നിറഞ്ഞാടുന്ന കാലം. പൊടിമീശ മുളക്കുന്നതോടൊപ്പം പ്രണയവും മനസ്സിൽ പെയ്തിറങ്ങുന്ന കാലം. അങ്ങനെ എന്തോ എന്തൊക്കെയോ ആകുന്ന കാലം. തിരൂരങ്ങാടി പി. എസ്. എം. ഒ കോളേജിലാണ് എൻ്റെ ഈ സുവർണ്ണകാലം ആരംഭിച്ചത്.

ഫസ്റ്റ് ഗ്രൂപ്പെടുത്താൽ എഞ്ചിനീയറും സെക്കൻ്റ് ഗ്രൂപ്പ് എടുത്താൽ ഡോക്ടറും തേർഡ് ഗ്രൂപ്പ് എടുത്താൽ വാദ്ധ്യാരും ഫോർത്ത് ഗ്രൂപ്പെടുത്താൽ കോമാളിയും ആകാം എന്നായിരുന്നു അന്നത്തെ സമൂഹത്തിലെ ചർച്ച. എന്നാൽ ഇതെല്ലാം ആയിരത്തിൽ ഒരുവനേ ആകൂ എന്നത് ഒരു ചർച്ചയിലും കേട്ടിരുന്നില്ല. അതിനാൽ കിട്ടിയ ഗ്രൂപ്പ് എടുത്ത് പഠിക്കാൻ പലരും നിർബന്ധിതരായി. മാത്‌സിനെ ഇഷ്‌ടപ്പെടാത്ത ഞാൻ എത്തിപ്പെട്ടത് മാത്‌സ് ഇല്ലാത്ത സെക്കൻ്റ് ഗ്രൂപ്പിലായിരുന്നു.

സ്വാതന്ത്ര്യ സമരം ഒന്നും നടത്താതെ പൊടുന്നനെ കിട്ടിയ സ്വാതന്ത്ര്യമായതിനാൽ പലരും ഈ കാലം നന്നായി ആസ്വദിക്കും. കളികൾ കൈ വിട്ട് പോകുമ്പോൾ അച്ഛനെയോ അമ്മയെയോ രക്ഷിതാവിനെയോ കോളേജിലേക്ക് വിളിപ്പിക്കും. ആ വിളിയോടെ ചിലർ നന്നാകും , ചിലർ തേരട്ട ചുരുളുന്ന പോലെ കുറച്ച് ദിവസത്തേക്ക് നല്ല കുട്ടിയായി നടന്ന് വീണ്ടും പഴയ കളികൾ തുടങ്ങും. എന്ത് ചെയ്താലും ഗുണം പിടിക്കില്ല എന്നതിനാൽ അത്തരം കേസുകൾ അദ്ധ്യാപകർ എഴുതിത്തള്ളുകയും ചെയ്യും. 

അക്കാലത്തെ കിടിലൻ മാർക്കോടെ പത്താം ക്ലാസ് പരീക്ഷ പാസ്സായി വന്ന ഒരു കുട്ടിയായിരുന്നു രാജേഷ്. കുടുംബത്തിലെ ഏക സന്താനമായതിനാൽ പത്താം ക്ലാസ് വരെ അമ്മയുടെ കർശന നിയന്ത്രണത്തിലായിരുന്നു രാജേഷ് വളർന്ന് വന്നത്. പ്രീഡിഗ്രിക്ക് ചേർന്നതോടെ അവനെ വരിഞ്ഞ് മുറുക്കിയിരുന്ന പല കെട്ടുകളും പൊട്ടിയതായി അവൻ മനസ്സിലാക്കി. പിന്നെ ഇരു ചിറകുകളും വിടർത്തി അവൻ ആകാശത്തേക്കുയർന്നു. കാമ്പസിൽ നിറഞ്ഞാടവേ ഇൻ്റേർണൽ പരീക്ഷകൾ എഴുതാൻ വിട്ടുപോയി. ഒന്നിൽ കൂടുതൽ പരീക്ഷകൾ എഴുതാത്തതിനാൽ അവൻ പിടിക്കപ്പെട്ടു. രക്ഷിതാവിനെ കൂട്ടി വരാൻ ക്ലാസ് ട്യൂട്ടർ ഉത്തരവിട്ടു. ഡോക്ടറായ അച്ഛനെ പ്രസ്തുത വിവരമറിയിക്കാൻ പോലും രാജേഷിന് ധൈര്യം ഉണ്ടായിരുന്നില്ല.

അപ്പോഴാണ് കോളേജിൻ്റെ എതിർ ഭാഗത്തുള്ള പെട്ടിക്കടയിൽ ഒരാൾ ഉണ്ടെന്നും കോളേജിലെ പലരുടെയും ലോക്കൽ ഗാർഡിയൻ അയാളാണെന്നും സുഹൃത്തുക്കളിലൂടെ രാജേഷ് മനസ്സിലാക്കിയത്. നൂറോളം പേരുടെ ലോക്കൽ ഗാർഡിയൻ ആയി റെക്കോർഡിട്ട അദ്ദേഹം "ഗാർഡിയോള" എന്നാണ് ഈ "മക്കളുടെ" ഇടയിൽ അറിയപ്പെടുന്നത്. ഗാർഡിയോളയെ ലോക്കൽ ഗാർഡിയനായി കിട്ടാൻ ചില നിബന്ധനകൾ ഉണ്ട്.

1.ഒരു മാസം ഒരേ ക്ലാസിലെ രണ്ട് പേരുടെ ഗാർഡിയനായി പോകില്ല
2. ഒരു വർഷം ഒരു അദ്ധ്യാപകൻ്റെ അടുത്ത് ഒരാൾക്ക്  മാത്രമേ ഗാർഡിയനാകൂ.
3. അദ്ധ്യാപകൻ ചോദിക്കുന്ന ചോദ്യങ്ങൾക്ക് താൻ പറയുന്ന ഉത്തരങ്ങൾ "മക്കൾ" ചോദ്യം ചെയ്യാൻ പാടില്ല.
4. പെൺകുട്ടികൾക്ക് ഗാർഡിയനായി പോകില്ല.
5. നോക്കൽ ഗാർഡിയൻ്റെ നോക്കു കൂലിയായി മാസത്തിൽ നൂറ് രൂപ അടയ്ക്കണം.

മേൽ നിബന്ധനകൾ എല്ലാം രാജേഷിന് അനുകൂലവും സമ്മതവുമായതിനാൽ അവനും ഗാർഡിയോളയുടെ "മകനായി" എൻറോൾ ചെയ്തു. അച്ഛൻ ഡോക്ടർ ആയതിനാൽ കാശ് ഒരു പ്രശ്‌നമല്ലെന്നും രാജേഷ് ഗാർഡിയോളയോട് പറഞ്ഞു.

അങ്ങനെ, പറഞ്ഞ ദിവസം തന്നെ രാജേഷും ഗാർഡിയോളയും അദ്ധ്യാപകന് മുന്നിൽ ഹാജരായി. സാധാരണ എല്ലാ "മക്കളേയും" പറ്റി അദ്ധ്യാപകരിൽ നിന്നും കേൾക്കുന്ന പോലെ രാജേഷിനെപ്പറ്റിയും ഗാർഡിയോള കേട്ട് ഇരുന്നു. അതിനെല്ലാം തക്കതായ കാരണങ്ങളും മറുപടികളും നിരത്തുന്ന ഗാർഡിയോളയെ , പ്രീഡിഗ്രി കഴിഞ്ഞും ലോക്കൽ ഗാർഡിയനായി കിട്ടിയാൽ കൊള്ളാം എന്ന് രാജേഷിന് തോന്നി.

"പിന്നെ ഇവൻ്റെ അച്ഛൻ എൻ്റെ ഫാമിലി ഡോക്ടർ കൂടിയാണ് ". ഒരു ബലത്തിനായി ഗാർഡിയോള കൂട്ടിച്ചേർത്തു.

"ഓഹോ ... അച്ഛൻ ഏത് ക്ലിനിക്കിലാ വർക്ക് ചെയ്യുന്നത് മോനേ?" രാജേഷിനെ നോക്കിക്കൊണ്ട് അദ്ധ്യാപകൻ ചോദിച്ചു.

"വെറ്റിനറി ഡിസ്പെൻസറി , ആതവനാട്"

മൃഗഡോക്ടറായ തൻ്റെ അച്ഛൻ ജോലി ചെയ്യുന്ന സ്ഥലം രാജേഷ് കൃത്യമായി പറഞ്ഞു കൊടുത്തു.
അദ്ധ്യാപകൻ ഗാർഡിയോളയെ നോക്കി ചുണ്ടു കോട്ടി ഒരു ചിരി ചിരിച്ചു. അന്നാദ്യമായി ഗാർഡിയോള ഒരദ്ധ്യാപകൻ്റെ മുന്നിൽ ഇളിഭ്യനായി. അതോടെ ഗാർഡിയോള ലോക്കൽ ഗാർഡിയൻ പരിപാടിയും എന്നന്നേക്കുമായി നിർത്തി എന്നാണ് പിന്നീടറിഞ്ഞത്.

( ത്രെഡ് കടപ്പാട് : സുനിൽ സലീം. കെ)

Thursday, August 27, 2026

തിരുവോണച്ചിന്തകൾ

എൻ്റെ കുട്ടിക്കാലം മുതലേ ഞങ്ങൾ രണ്ട് പെരുന്നാളുകൾ മാത്രമേ ആഘോഷിക്കാറുള്ളൂ. ഇസ്ലാം മത വിശ്വാസികളായ ചിലർ മറ്റു പല ദിനങ്ങളും  ആഘോഷിക്കാറുണ്ടെങ്കിലും എൻ്റെ വീട്ടിൽ പെരുന്നാൾ അല്ലാത്ത എല്ലാ ദിനങ്ങളും മറ്റു സാധാരണ ദിവസങ്ങൾ പോലെ കടന്നു പോയി. ഞങ്ങളുടെ ആരുടെയും ജന്മദിനം ഉമ്മയും ബാപ്പയും കൃത്യമായി പഠിപ്പിച്ച് തരാത്തതിനാൽ അതും ഞങ്ങളാരും അറിയാതെ ഓരോ വർഷവും കടന്നുപോയി. ഞങ്ങളുടെ ജന്മദിനങ്ങൾ ഇംഗ്ലീഷ് അറബി മലയാള മാസങ്ങളിലെ തിയ്യതി അടക്കം ബാപ്പ ഒരു പുസ്തകത്തിൽ കുറിച്ച് വെച്ചിരുന്നത് അല്പം മുതിർന്നപ്പോഴാണ് ഞാൻ കണ്ടത്.

ആഘോഷങ്ങൾ ശരിക്കും ആഘോഷമായിരുന്ന കുട്ടിക്കാലത്ത് ഞങ്ങളുടെ കോളനിയുടെ നേരെ എതിർഭാഗത്ത് റോഡിനപ്പുറം നമ്പിയേട്ടനും കുടുംബവും താമസിച്ചിരുന്നു പരമ്പരാഗതമായി സ്വർണ്ണപ്പണി എടുത്തിരുന്നതിനാൽ തട്ടാൻമാർ എന്നായിരുന്നു അവരുടെ കോമൺ പേര്. ഹിന്ദു മത വിശ്വാസികൾ ആയിരുന്നതിനാൽ ഹിന്ദുക്കളുടെ ആഘോഷങ്ങൾ അവിടെ പതിവായിരുന്നു. ഓണവും വിഷുവും മാത്രമായിരുന്നു ഞങ്ങളുടെ ശ്രദ്ധയിൽ പെട്ട ഹിന്ദു ആഘോഷങ്ങൾ. വല്ല്യുമ്മയുടെ പറമ്പിൻ്റെ കയ്യാലക്കപ്പുറത്തുള്ള രാമൻ കുട്ട്യേട്ടൻ്റെ വീട്ടിലും പടക്കം പൊട്ടിച്ചു വിഷു ആഘോഷിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. 

ഓണത്തിൻ്റെ വരവറിയിച്ചു കൊണ്ട് എൻ്റെ വീടിൻ്റെ നേരെ മുന്നിലുള്ള അമ്മാവൻ്റെ തൊടിയിലാകെ തുമ്പപ്പൂവും കാക്കാപ്പൂവും മുക്കുറ്റിയും നിറയും. എൻ്റെ വീട്ടിൽ തെച്ചിയും ചെമ്പരത്തിയും വെള്ള അരിപ്പൂവും നീലക്കോളാമ്പിയും അതിര് വിട്ട് പൂത്തുലയും.  ബാപ്പ നട്ട വിവിധ നിറത്തിലുള്ള ഇലകളോട് കൂടിയ ചെടികളിൽ പൂർവ്വാധികം ഇലകൾ പൊട്ടും. പറമ്പിൽ ഉമ്മ നട്ട മത്തനും കുമ്പളവും പടർന്ന് പന്തലിച്ച് പൂവിട്ട് നിൽക്കും. പേരറിയാത്ത പല കാട്ടു പൂക്കളും തൊടിയിലുടനീളം തല പൊക്കും.

തട്ടാന്മാരുടെ വീട്ടിലെ ഞങ്ങളുടെ കളിക്കൂട്ടുകാരായ നിഷിയും ലതയും ബിനീഷും പൂക്കൾ ശേഖരിക്കാൻ മേൽ പറഞ്ഞ പറമ്പിലും എൻ്റെ വീട്ടിലും വരും. ഞങ്ങളും അവരോടൊപ്പം അവർക്കായി പൂക്കൾ ഇറുത്ത് കൊടുക്കും. എൻ്റെ വീട്ടിലെ ചെടികളിൽ നിന്ന് പൂ പറിക്കാൻ ബാപ്പ അനുവദിച്ചിരുന്നത് ഓണക്കാലത്ത് മാത്രമായിരുന്നു. മറ്റ് സമയങ്ങളിൽ പൂവിറുത്ത് വെറുതെ കളഞ്ഞാൽ ബാപ്പ ശകാരിക്കും.

ഓണത്തിന് ഒരു ദിവസം ഞങ്ങളെ എല്ലാവരെയും തട്ടാന്മാരുടെ അമ്മയായ കുഞ്ഞമ്മ അവരുടെ വീട്ടിലേക്ക് ക്ഷണിക്കും. അത് തിരുവോണ ദിവസത്തിലായിരുന്നു എന്നത് മുതിർന്നപ്പോഴാണ് അറിഞ്ഞത്. അന്ന് ഞങ്ങൾ തിന്ന ചോറിനെയാണ് സദ്യ എന്ന് വിളിക്കുന്നത് എന്നും പിന്നീട്  എപ്പോഴോ ആണ് മനസ്സിലാക്കിയത്. സദ്യയുടെ ഭാഗമായി വിളമ്പുന്ന കൂട്ടാനുകളിൽ ആകെ തിന്നാൻ തോന്നിയിരുന്നത് കാബേജ് തോരനും അച്ചാറും മാത്രമാണ്. ബാക്കിയുള്ളതൊന്നും കുട്ടികളായ ഞങ്ങൾക്ക് പരിചയമുള്ളതായിരുന്നില്ല എന്ന് മാത്രമല്ല രുചി തോന്നിയിരുന്നുമില്ല. കാലം ഏറെ കഴിഞ്ഞപ്പോഴാണ് അതിൻ്റെ പലതിൻ്റെയും പേരും രുചിയും ശരിക്കും അറിയുന്നത്.

കഴിഞ്ഞ കുറെ വർഷങ്ങളായി ഞാൻ ജോലി ചെയ്തു വരുന്ന സ്ഥാപനങ്ങളിൽ എല്ലാം തിരുവോണത്തോടനുബന്ധിച്ച് പൂക്കളം ഒരുക്കാറുണ്ട്. പൂവ് മുഴുവൻ മാർക്കറ്റിൽ നിന്ന് വാങ്ങിയവയാണ്. നാടിൻ്റെ ഗന്ധമുള്ള ഒരു പൂവും ആ പൂക്കളങ്ങളിൽ കാണാറില്ല. എഞ്ചിനീയറിംഗ് കോളേജിലേക്ക് ജോലി മാറിയതിൽ പിന്നെ ഓണം ഒരു ദിവസത്തെ ആഘോഷമാണ്. വിദ്യാർത്ഥികൾ വേറെയും ജീവനക്കാർ വേറെയുമായി പൂക്കളങ്ങളും സദ്യയും ഒരുക്കുന്നു. പൂക്കളം അന്യ സംസ്ഥാനത്ത് നിന്നുള്ള പൂവുകൾ കയ്യടക്കിയതിന് പിന്നാലെ സദ്യയും കാറ്ററിംഗ് സർവ്വീസുകാരുടെ കുത്തകയായി മാറി.

ഈയിടെയാണ് വീടകങ്ങളും മാറിയ വിവരം അറിഞ്ഞത്. സ്വന്തം കൈകൾ കൊണ്ട് തയ്യാറാക്കി സ്നേഹത്തോടെ വിളമ്പിത്തന്നിരുന്ന സദ്യയും ഇപ്പോൾ ഓൺലൈനിൽ ഓർഡർ ചെയ്ത് വരുത്താറാണത്രെ. പണ്ട് സദ്യ കഴിയുമ്പോൾ വയറും മനസ്സും നിറഞ്ഞിരുന്നെങ്കിൽ ഇന്ന് ആരോ ആർക്കോ വേണ്ടി ഉണ്ടാക്കിയ സദ്യ കഴിക്കുമ്പോൾ വയറ് വെറും ചോറ് സംഭരണ കേന്ദ്രമായി മാത്രം മാറുന്നു.

തുമ്പപ്പൂവും കാക്കാപ്പൂവും തെച്ചിയും ചെമ്പരത്തിയും നിറം ചാർത്തുന്ന എൻ്റെ കുട്ടിക്കാലത്തെ ഒരോണപ്പൂക്കളം കാണാനും കുഞ്ഞമ്മയെപ്പോലുള്ള ഒരമ്മ ഉണ്ടാക്കിയ സദ്യ കഴിക്കാനും ഇനി ഈ ജന്മത്തിൽ സാദ്ധ്യമാകുമോ ആവോ 😥?

               ഹൃദയം നിറഞ്ഞ ഓണാശംസകൾ

Monday, August 24, 2026

ഏക് രാത് കാ കൺവീനർ

കലാലയ ജീവിതത്തിൽ ഒരു എൻ.എസ്.എസ് വളണ്ടിയർ ആയിരുന്നതിന്റെ ആവേശമാണ് പിന്നീട് എന്നെ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ആക്കിയത്.സമൂഹത്തിന് വേണ്ടി എനിക്കും എന്റെ പ്രിയപ്പെട്ട വിദ്യാർത്ഥികൾക്കും  ചെയ്യാൻ കഴിയുന്ന സാമൂഹ്യ സേവനത്തിന്റെ അവസരങ്ങൾ പരമാവധി ഉപയോഗപ്പെടുത്തിയപ്പോൾ അത് ദേശീയ അവാർഡിൻ്റെ രൂപത്തിൽ ഗവ.എഞ്ചിനീയറിംഗ് കോളേജ് കോഴിക്കോടിന്റെയും സംസ്ഥാന അവാർഡിൻ്റെ രൂപത്തിൽ ഗവ.എഞ്ചിനീയറിംഗ് കോളേജ് വയനാടിന്റെയും ചരിത്രത്തിലെ നാഴികക്കല്ലുകളായി.

സേവനം എന്ന നിലക്ക് ചെയ്യാവുന്ന മറ്റു നിരവധി പ്രവർത്തനങ്ങളുടെ ചുക്കാനും ഈ രണ്ട് കോളേജുകളിലും എന്നെ ഏൽപ്പിച്ചിരുന്നു.പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുന്ന ഭൂമിത്രസേന ഫാക്കൽറ്റി ഇൻ ചാർജ്ജ് ,സന്നദ്ധ രക്തദാന പ്രോത്സാഹനത്തിനായുള്ള റെഡ് റിബ്ബൺ ക്ലബ്ബ് കോർഡിനേറ്റർ, സ്റ്റുഡന്റ്സ് ഇൻ പാലിയേറ്റീവ് ഇനീഷ്യറ്റീവിന്റെ കാമ്പസ് ഓർഗനൈസർ,വിവിധ സംസ്ഥാനങ്ങളുടെ സാംസ്കാരിക പൈതൃക വിനിമയത്തിനായുള്ള ഏക് ഭാരത് ശ്രേഷ്ട് ഭാരത് ക്ലബ്ബ് ഓഫീസർ, പക്ഷി സംരക്ഷണ പ്രവർത്തനങ്ങൾക്കായുള്ള ബേഡ്‌സ് ക്ലബ്ബ് ഇന്റർനാഷനൽ കാമ്പസ് കൺവീനർ തുടങ്ങിയ പദവികളാണ് മേൽ പറഞ്ഞ രണ്ട് കോളേജുകളിലും അധികമായി എന്നെ ഏല്പിച്ചിരുന്നത്.ഇതിൽ ബേഡ്‌സ് ക്ലബ്ബിന്റെ ചാർജ്ജ് വയനാട് കോളേജിലെ അവസാന ദിവസങ്ങളിൽ ലഭിച്ചതായതിനാൽ പ്രത്യേകിച്ച് ഒന്നും ചെയ്യാൻ സാധിച്ചില്ല.

സംഭവ ബഹുലമായ ആ കലാലയ ദിനങ്ങൾക്കെല്ലാം വിട നൽകിക്കൊണ്ട് 2021ൽ ഞാൻ പാലക്കാട് ഗവ.എഞ്ചിനീയറിംഗ് കോളേജിലേക്ക്  ട്രാൻസ്ഫറായി.പുതിയ കോളേജിലും മേല്പറഞ്ഞ മിക്ക പ്രവർത്തനങ്ങളും ഉണ്ടെങ്കിലും ഒട്ടും സജീവമല്ല.തലപ്പത്തിരിക്കാൻ അസിസ്റ്റന്റ് പ്രൊഫസർ ആകണം എന്ന തലതിരിഞ്ഞ നിർദ്ദേശം കൂടി ഉള്ളതിനാൽ സിസ്റ്റം അനലിസ്റ്റായ ഞാൻ അതിന് താല്പര്യപ്പെട്ടതുമില്ല.

പക്ഷെ,തികച്ചും അപ്രതീക്ഷിതമായി ഞാൻ അതുവരെ പയറ്റാത്ത ഒരു ക്ലബ്ബിന്റെ നേതൃത്വം പാലക്കാട് കോളേജിൽ എന്നെ തേടി വന്നു. ഒരു സാഹിത്യകുതുകി എന്ന നിലക്ക് കോളേജ് ലിറ്റററി ക്ലബ്ബിന്റെ കൺവീനർ ചാർജ്ജ് ആണ് ആരോ ഫോണിലൂടെ വിളിച്ച് എന്നെ ഏല്പിച്ചത്. സത്യം പറഞ്ഞാൽ ആരാണ് വിളിച്ചത് എന്ന് ചോദിക്കാൻ പോലും ഞാൻ മറന്നു പോയി. എഞ്ചിനീയറിംഗ് പ്രവേശന സംബന്ധമായി നിരവധി ഫോൺ കോളുകൾ വരുന്നതിനാൽ വിളിച്ച നമ്പർ പിന്നീട് തിരിച്ചറിയാനും പറ്റിയില്ല.

2010 ൽ നാഷണൽ സർവ്വീസ് സ്കീം പ്രോഗ്രാം ഓഫീസർ ആയി നിയമനം ലഭിച്ച ഉടനെ ഞാൻ എൻ്റെ പല സുഹൃത്തുക്കൾക്കും മെയിൽ അയച്ച് (അന്ന് എനിക്ക് വാട്സാപ്പ് ഉണ്ടായിരുന്നില്ല) ഉപദേശ നിർദേശങ്ങൾ തേടിയിരുന്നു. അത്ര അധികം പേർ സാഹിത്യ രംഗത്ത് സുഹൃത്തുക്കളായി ഇല്ല എങ്കിലും പുതിയ ചുമതലയെപ്പറ്റി ഒന്നറിയിക്കാമെന്ന് ഞാൻ കരുതി.പുതിയ പദവിയെപ്പറ്റിയും അതിൽ എൻ്റെ  സ്വപ്നങ്ങളെപ്പറ്റിയും എല്ലാവരുടെയും നിറഞ്ഞ പിന്തുണയുടെ ആവശ്യകതയെപ്പറ്റിയും ഹ്രസ്വമായ ഒരു കുറിപ്പ് ഞാൻ തയ്യാറാക്കി വെച്ചു.

പിറ്റേ ദിവസം ഏറെ പ്രതീക്ഷയോടെയാണ് ഞാൻ കോളേജിൽ എത്തിയത്. ബുധനാഴ്ചകളിൽ ഖാദി ധരിക്കണം എന്ന ഒരു നിർദ്ദേശം ഉള്ളതിനാൽ ഒരു ഖാദി ജുബ്ബയും ഞാൻ ധരിച്ചിരുന്നു. ഒറ്റ നോട്ടത്തിൽ തന്നെ ഒരു സാഹിത്യകാരൻ ലുക്ക് ജുബ്ബയിലൂടെ പലർക്കും കിട്ടാറുണ്ട്. അങ്ങനെ എന്നെ ഫോൺ ചെയ്ത ആളെയും പ്രതീക്ഷിച്ച് ഞാൻ എൻ്റെ കാബിനിൽ ഇരുന്നു. അന്ന് മുഴുവൻ ആ അജ്ഞാത വിളിക്കാരനെ പ്രതീക്ഷിച്ചെങ്കിലും ഈ ആവശ്യം ഉന്നയിച്ച് ഒരാളും വന്നില്ല. പിറ്റേ ദിവസവും ചരിത്രം വഴി മാറിയില്ല. മൂന്നാം ദിവസം വെള്ളിയാഴ്ച ആയതിനാൽ ഉച്ചയോടെ ഞാൻ കോളേജിൽ നിന്ന് ഇറങ്ങുകയും ചെയ്തു.

ദിവസങ്ങൾ പിന്നെയും കടന്നു പോയി. ആരും "കൺവീനറെ" തേടി വന്നതേയില്ല. കൺവീനർ സ്ഥാനത്ത് മറ്റൊരാളുടെ ഫോട്ടോയോട് കൂടി ലിറ്റററി ക്ലബ് ഉത്ഘാടനം ചെയ്തതിൻ്റെ പോസ്റ്റർ കണ്ടപ്പോഴാണ് ഞാൻ 'ഏക് രാത് കാ കൺവീനർ' മാത്രമായിരുന്നു എന്ന് തിരിച്ചറിഞ്ഞത്. രണ്ട് മാസം കഴിഞ്ഞ് ഞാൻ കോഴിക്കോട്ടേക്ക് സ്ഥലം മാറിയതിനാൽ എന്നെ "കൺവീനർ" ആക്കിയ അജ്ഞാതന് അധിക കാലം എൻ്റെ മുമ്പിലൂടെ തല കുനിച്ച് നടക്കേണ്ടിയും വന്നില്ല.

ജീവിതത്തിൽ ചിലത് അങ്ങിനെയാണ്. കപ്പിനും ചുണ്ടിനുമിടയിൽ നഷ്‌ടപ്പെടും. നഷ്‌ടപ്പെട്ടതിനെപ്പറ്റി ദുഃഖിക്കാതെ പ്രയത്നം തുടരുക, അവസരങ്ങൾ ഇനിയും തേടി എത്തും.

Friday, August 21, 2026

എൻ്റെ ലോംഗൻ

2026 ആഗസ്റ്റ് ആറിന് എനിക്ക് അമ്പത്തിയഞ്ച് വയസ്സ് തികഞ്ഞു. അതായത് ഭൂമിയിൽ കസർത്ത് കളിക്കാൻ തുടങ്ങിയിട്ട് ഇരുപതിനായിരത്തിലധികം ദിവസങ്ങളായി. ബർത്ത് ഡേ ആഘോഷിക്കാറില്ലെങ്കിലും സോഷ്യൽ മീഡിയയും നമ്മുടെ ബർത്ത് ഡേ നോക്കി നിൽക്കുന്ന ചില സ്ഥാപനങ്ങളും ഓർമ്മിപ്പിക്കുന്നത് കാരണം കഴിഞ്ഞ പത്ത് വർഷത്തോളമായി ആ ദിവസം വരുമ്പോൾ അറിയാറുണ്ട്. ഞാൻ സ്വന്തമായി തുടങ്ങിവച്ച "ബെർത്ത് ഡേ ആൻ എർത്ത് ഡേ" എന്ന പരിപാടി കൂടി ഉള്ളതിനാൽ ഇപ്പോൾ ജന്മദിനം ഓർമ്മിക്കാറുമുണ്ട്.

കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട വിശേഷ ദിവസങ്ങളിൽ പ്രത്യേകിച്ച് ജന്മദിനങ്ങളിൽ ഒരു ഫലവൃക്ഷത്തൈ നടുന്ന പരിപാടിയാണ് "ബെർത്ത് ഡേ ആൻ എർത്ത് ഡേ". വീടിൻ്റെ പരിസരം മുഴുവൻ നിറയുന്നത് വരെ എൻ്റെ ഈ പിരാന്ത് തുടരും. കാരണം അതിൻ്റെ ഗുണഫലം ഞാൻ നനായി അനുഭവിക്കുന്നുണ്ട്. ഇത്തിരി മാത്രമുള്ള സ്ഥലത്ത് നിന്ന് മാങ്ങയും മുന്തിരിയും സപ്പോട്ടയും റമ്പൂട്ടാനും ചക്കയും എല്ലാം ലഭിക്കുമ്പോഴും അവ വിതരണം ചെയ്യുമ്പോഴും ലഭിക്കുന്ന സന്തോഷവും സംതൃപ്തിയും അനുഭവിച്ചു തന്നെ അറിയണം.

ഈ ബർത്ത് ഡേക്ക് നടാനായി ഞാൻ തെരെഞ്ഞെടുത്തത് ലോംഗൻ എന്ന ഫലവൃക്ഷത്തിൻ്റെ തൈ ആണ്. പുറം രൂപത്തിൽ ലിച്ചി പോലെയിരിക്കുന്ന ലോംഗൻ പഴത്തിൻ്റെ ഉൾഭാഗം റമ്പൂട്ടാനെപ്പോലെ മാംസളമാണ്. കേരളത്തിലെ കാലാവസ്ഥയിൽ , വളരുകയും കായ പിടിക്കുകയും ചെയ്യുന്നതായി പലരും സാക്ഷ്യപ്പെടുത്തിയതിനാൽ 750 രൂപ കൊടുത്ത് ഫോർ സീസൺ ലോംഗൻ തന്നെ വാങ്ങി. വീട്ടുപരിസരത്ത് സ്ഥലം പരിമിതമായതിനാൽ തൈ നടാനായി, 350 രൂപക്ക് പതിനെട്ട് ഇഞ്ച് വ്യാസമുള്ള ഒരു പോട്ടും വാങ്ങി.

മോന് കർഷക പുരസ്കാരം കിട്ടിയ ഓർമ്മക്ക് ഇത്തവണ ഡാങ്ങ് സൂര്യ പ്ലാവ് നട്ട ദിവസം തന്നെ ഞാനും ഭാര്യയും മോനും ചേർന്ന് ലോംഗൻ തൈ പോട്ടിൽ നട്ടു. ഇനി അടുത്ത മൂന്ന് വർഷം പരിചരണവും കാത്തിരിപ്പുമാണ്. ഇതുവരെ നട്ടതിൽ തൊണ്ണൂറ് ശതമാനം തൈകളും എൻ്റെ മണ്ണിൽ പിടിച്ചതിനാൽ ഇതും ഫലം തരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

Tuesday, August 18, 2026

ഒരു ചിങ്ങം ഒന്നിൻ്റെ ഓർമ്മയ്ക്ക്...

2023 ചിങ്ങം ഒന്ന് എൻ്റെ ചെറിയ മോൻ്റെ ജീവിതത്തിലെ അവിസ്മരണീയ ദിനങ്ങളിൽ ഒന്നാണ്.ജീവിതത്തിലാദ്യമായി, ഒരു വലിയ സദസ്സിനെ സാക്ഷിയാക്കി ഒരു പുരസ്‌കാരം അന്ന് അവൻ ഏറ്റുവാങ്ങി. അരീക്കോട് ഗ്രാമ പഞ്ചായത്തിലെ മികച്ച കുട്ടിക്കർഷകനുള്ള പ്രോത്സാഹന സമ്മാനമാണ് അന്ന് അവന് ലഭിച്ചത്.പൊന്നാടയും സ്പ്രേയറും ഒരു വിയറ്റ്നാം ഏർളി പ്ലാവിൻ തൈയുമായിരുന്നു സമ്മാനം.

തൈകൾ വാങ്ങിയതായാലും സൗജന്യമായോ സമ്മാനമായോ കിട്ടിയതാലും അത് മണ്ണിൽ വയ്ക്കാൻ രണ്ടോ മൂന്നോ ആഴ്ചകൾ കഴിയും. നടാനുള്ള സ്ഥലം കണ്ടെത്താനും അതിനെ ഒന്ന് പാകപ്പെടുത്താനും എടുക്കുന്ന കാല താമസത്തിന് പുറമെ എൻ്റെ ഒഴിവ് സമയം കൂടി ഒത്തു വന്നാലേ നടീൽ നടക്കൂ എന്നതാണ് ഇതിന് കാരണം. ലിദു മോന് കിട്ടിയ പ്ലാവിൻ്റെ കാര്യത്തിലും ചരിത്രം വഴി മാറിയില്ല.

ദിവസവും നനച്ച് പരിപാലിച്ചെങ്കിലും തൈയിന് എന്തോ ഒരു വൈക്ലബ്യം ഉണ്ടായിരുന്നു. അതിനാൽ കൂടുതൽ കാലം കൂടയിൽ നിർത്താതെ അതിനെ മണ്ണിലേക്ക് മാറ്റി. ആദ്യം ഉണ്ടായിരുന്ന ഇലകൾ എല്ലാം കൊഴിഞ്ഞു പോയി. എന്നെയും ലിദു മോനെയും അവൻ്റെ കൂടെ സമ്മാനം സ്വീകരിച്ച എൻ്റെ ഉമ്മയുടെയും മുഖവും അതോടെ വാടി. വീട്ടിൽ വിവിധ പണികൾക്കായി വരുന്ന ഗോപാലേട്ടൻ പ്ലാവ് പോയതായി വിധി എഴുതി.

ചെടിയുടെ കമ്പുകൾ അപ്പോഴും ഉണങ്ങിയിരുന്നില്ല. അതിനാൽ എൻ്റെ ഉള്ളിൽ ഒരു പ്രതീക്ഷ ബാക്കിയായിരുന്നു. കൃഷി ഭവനിൽ നിന്ന് സൗജന്യമായി കിട്ടിയ ഒരു ആയുർ ജാക്കും ഞാൻ കാശ് കൊടുത്തു വാങ്ങിയ ഒരു വിയറ്റ്നാം ഏർളിയും ധാരാളം ചക്ക തന്നു കൊണ്ടിരുന്നതിനാൽ ഇതിൻ്റെ ഇല പൊഴിച്ചിൽ എന്നെ അത്ര കണ്ട് അലോസരപ്പെടുത്തിയതുമില്ല.

ഞാൻ പ്രതീക്ഷിച്ച പോലെ അല്പ ദിവസങ്ങൾക്ക് ശേഷം ആ തൈയിൽ പുതിയ ഇലകൾ പൊട്ടാൻ തുടങ്ങി. ക്രമേണ തൈ വളരാനും തുടങ്ങി. ബട്ട്, തുടക്കത്തിൽ ഉണ്ടായ ആ അജ്ഞാത ഇല പൊഴിച്ചിൽ അതിൻ്റെ മൊത്തത്തിലുള്ള വളർച്ചയെ ബാധിച്ചതായി എനിക്ക് മനസ്സിലായി. എങ്കിലും മൂന്നാം വർഷം ചക്ക പൊട്ടുമെന്ന നഴ്‌സറിക്കാരുടെ വാദം തെറ്റിയില്ല. അവിടെയും ഇവിടെയുമായി പ്ലാവിൽ പല സ്ഥലത്തും ആൺ പൂക്കൾ പൊട്ടുകയും വീണ് പോവുകയും ചെയ്തു. പക്ഷേ, അധികം താമസിയാതെ പ്ലാവിൻ തൈ മുഴുവനായി ഉണങ്ങിപ്പോയി.

സമ്മാനം കിട്ടിയ തൈ ഉണങ്ങിപ്പോയത് ലിദു മോനെ സങ്കടപ്പെടുത്തും എന്നെനിക്കുറപ്പായിരുന്നു. കാരണം ഞാൻ പറഞ്ഞതനുസരിച്ച് അവൻ ആ പ്ലാവിൻ തൈയെ തലോടുകയും അതിനോട് കിന്നാരം പറയുകയും ചെയ്യാറുണ്ടായിരുന്നു. അവനെ ദുഃഖിപ്പിക്കേണ്ട എന്ന് കരുതി ഞാൻ ആ വാർത്ത അവനെ അറിയിച്ചില്ല. അവസരം കിട്ടിയപ്പോൾ ഞാനാ വിവരം അവനെ അറിയിക്കുകയും മറ്റൊരു തൈ വയ്ക്കാമെന്ന് വാക്ക് കൊടുക്കുകയും ചെയ്തു.

2026 ലെ ചിങ്ങും ഒന്ന് അങ്ങനെ അവൻ്റെ ജീവിതത്തിൽ വീണ്ടും സന്തോഷ ഭരിതമായ ഒരു ദിനമായി മാറി. നഷ്‌ടപ്പെട്ട വിയറ്റ്നാം ഏർളിക്ക് പകരം ഒരു ഡങ് സൂര്യ പ്ലാവിൻ തൈ ലിനുമോൻ വീട്ടു വളപ്പിൽ നട്ടു. മൂന്ന് വർഷം കഴിഞ്ഞ് അതിൻ്റെ മധുരം നുകരാം എന്ന് പ്രതീക്ഷിക്കുന്നു, ഇൻഷാ അള്ളാഹ്.




Saturday, August 15, 2026

സൗഹൃദം പൂക്കുന്ന വഴികൾ - 33

ആറാം ക്ലാസ് വരെ ഞാൻ പഠിച്ചത് അരീക്കോട് ജി. എം. യു.പി സ്‌കൂളിൽ ആയിരുന്നു. അരീക്കോട് ടൗണിൻ്റെ പരിസരത്തുള്ളവരായിരുന്നു അന്ന് ക്ലാസിൽ ഉണ്ടായിരുന്ന മിക്കവരും. ഞങ്ങളിൽ പലരും ഒരേ സമയം തന്നെ പത്താം ക്ലാസും പൂർത്തിയാക്കി. അങ്ങാടിയിലും മറ്റും പലപ്പോഴും കണ്ടുമുട്ടുന്നതിനാൽ ഒരു പൂർവ്വ വിദ്യാർത്ഥി സംഗമവും സംഘടിപ്പിക്കാതെ തന്നെ പഴയ ബന്ധങ്ങൾ തുടർന്നു കൊണ്ടിരിക്കുന്നു.

അന്നത്തെ സഹപാഠികളിൽ ഒരാളായിരുന്നു ഹാഫിസ്. അരീക്കോട്ടെ അറിയപ്പെടുന്ന  പന്തക്കലകത്ത് കുടുംബത്തിൽ നിന്നായിരുന്നു ഹാഫിസ് വന്നിരുന്നത്. ആറാം ക്ലാസിന് ശേഷം ഞാൻ സ്‌കൂൾ മാറിയതിനാൽ ഹാഫിസും ഞാനും വേർപിരിഞ്ഞു. പിന്നീട് പ്രീഡിഗ്രിക്ക് ഞങ്ങൾ വീണ്ടും പി. എസ്. എം. ഒ കോളേജിൽ ഒരുമിച്ചു. പ്രീഡിഗ്രിക്ക് ശേഷം ഞങ്ങൾ പല കോളേജുകളിലായി ഡിഗ്രി പഠനവും ഉന്നത പഠനവും പൂർത്തിയാക്കി. ഞാൻ സർക്കാർ ജോലിയിൽ കയറിയപ്പോൾ ഹാഫിസ് യു.കെയിലും സൗദിയിലും ഖത്തറിലും ജോലിയും ബിസിനസുമായി ജീവിതം നയിക്കുന്നു. 

അന്നത്തെ സഹപാഠികളിൽ ഭൂരിപക്ഷം പേരും ഹാഫിസിനെപ്പോലെ തന്നെ വിദേശത്തേക്ക് കയറി. യു.കെയിലും ഗൾഫ് രാജ്യങ്ങളിലും ആഫ്രിക്കയിലും എല്ലാം അവർ ചിതറിക്കിടക്കുന്നു. പലരും പല സമയത്തായി നാട്ടിൽ എത്തുന്നതിനാൽ എല്ലാവരെയും കണ്ടു മുട്ടാനുള്ള ഭാഗ്യം നാട്ടിലുള്ള എനിക്കാണ് ലഭിക്കാറ്. കൂട്ടത്തിൽ ഹ്രസ്വ സന്ദർശനത്തിനായി ഇടക്കിടക്ക് നാട്ടിൽ വരുന്നത് ഹാഫിസാണ്.

ഹാഫിസ് നാട്ടിൽ വന്നാൽ എൻ്റെ വീട്ടിലും വന്നിരിക്കും. വീട്ടിൽ വരുന്നു എന്ന് വിളിച്ചു പറയുമ്പോഴാണ് അവൻ നാട്ടിലെത്തിയ വിവരം ഞാനറിയാറ്.നാട്ടിൽ എത്തിയാൽ എല്ലാ കൂട്ടുകാരുടെയും വീട് സന്ദർശിക്കുക എന്നത് അവൻ്റെ ഒരു പതിവാണ്. ഇന്ന് അവൻ്റെ പിതാവിൻ്റെ ഒരു അനുസ്‌മരണ പരിപാടിയിൽ വെച്ചാണ് പിതാവിൽ നിന്ന് കിട്ടിയതാണ് ഈ സ്വഭാവം എന്ന് മനസ്സിലായത്. 

ഇന്നലെ ജോലി കഴിഞ്ഞ് ഞാൻ വീട്ടിലെത്തി ചായ കുടിച്ചു കഴിഞ്ഞ ഉടനെയാണ് അവൻ്റെ ഫോൺ വന്നത്.തലേ ദിവസം കോഴിക്കോട് വെച്ച് കണ്ടുമുട്ടിയതിനാൽ വീട്ടിലേക്ക് ഇനി വരുന്നില്ല എന്നും ഒന്ന് മെയിൻ റോഡിലേക്ക് ഇറങ്ങി വരാനും അവൻ പറഞ്ഞു.  കാറിൽ എന്നെ കയറ്റിയ ശേഷം അന്ന് പോകാനുള്ള മൂന്ന് വീടുകൾ പറഞ്ഞ് തന്നു. അങ്ങനെ രാത്രി എട്ട് മണിക്ക് ഞങ്ങൾ പര്യടനം തുടങ്ങി.

ആദ്യം പോയത് ആറാം ക്ലാസ് വരെയും ശേഷം പ്രീഡിഗ്രിക്കും എൻ്റെ ക്ലാസിൽ പഠിച്ചതും ഹാഫിസിൻ്റെ പത്താം ക്ലാസ് ബാച്ച് മേറ്റും എൻ്റെ ബന്ധുവുമായ നജീബയുടെ വീട്ടിലേക്കാണ്. അര മണിക്കൂറോളം അവിടെ ചെലവഴിച്ചതിനിടക്ക് ചായ സൽക്കാരവും വർത്തമാനം പറച്ചിലും എല്ലാം നടന്നു.

തുടർന്ന് ഞങ്ങളുടെ രണ്ട് പേരുടെയും പ്രീഡിഗ്രി ബാച്ച് മേറ്റും ഇപ്പോൾ കീഴുപറമ്പ് പഞ്ചായത്തിൽ താമസക്കാരനുമായ എൻ്റെ ബന്ധു ഡോ.അഹമ്മദ് യാസിറിൻ്റെ വീട്ടിലെത്തി. വാർദ്ധക്യ സഹജമായ രോഗങ്ങൾ അലട്ടുന്ന യാസിറിൻ്റെ ഉമ്മക്കൊപ്പവും അര മണിക്കൂറിലധികം ഞങ്ങൾ സമയം ചെലവഴിച്ചു. പറയാതെ വന്ന ചായക്ക് മുമ്പിൽ ഞങ്ങൾ വീണ്ടും വയറിനെ മറന്നു.

യാസിറിൻ്റെ വീട്ടിൽ ഇരിക്കുമ്പോഴാണ് അവൻ്റെ അയൽവാസിയും എൻ്റെ പത്താം ക്ലാസ് ബാച്ച് മേറ്റുമായ മുനീർ ഒരു സംശയ നിവാരണത്തിനായി ഫോൺ ചെയ്തത്. അവൻ്റെ തൊട്ടടുത്തുണ്ട് എന്നറിയിച്ചപ്പോൾ അവനും വീട്ടിലേക്ക് ക്ഷണിച്ചു. അങ്ങനെ അവിടെയും കയറി. പറഞ്ഞ് വന്നപ്പോൾ ഹാഫിസും അവനും ബന്ധുക്കളായി. പിന്നെ ചായ വരാൻ ഒട്ടും താമസമുണ്ടായില്ല. അര മണിക്കൂറിലധികം അവിടെയും പലതും ചർച്ച ചെയ്തു.

ഏറ്റവും അവസാനമായി പോയത് ഞങ്ങളുടെ രണ്ട് പേരുടെയും യു.പി.സ്കൂൾ മേറ്റായ ഡോ. ഫസലു റഹ്മാൻ്റെ അനിയൻ്റെ വീട്ടിലേക്കാണ്. ആഗസ്റ്റ് 15 ന് "കുടിയിരിക്കൽ" അഥവാ ഹൗസ് വാമിംഗ് നടക്കുന്നതിനാൽ യു.കെയിൽ നിന്നും വന്ന ഫസൽ അവിടെ ആയിരിക്കും എന്ന ധാരണയിലാണ് ഞങ്ങൾ അങ്ങോട്ട് പോയത്.

പ്രതീക്ഷിച്ച പോലെ തന്നെ സംഭവിച്ചു. അവരുടെ ഡിന്നറിലേക്ക് എത്തിയതിനാൽ ഞങ്ങൾക്കും അതിൽ പങ്കാളിയാകേണ്ടി വന്നു. ഡിന്നറിനൊപ്പം ചായ കുടിക്കാനും ഞാൻ ഇന്നലെ പഠിച്ചു. ഹാഫിസിനും എനിക്കും ഫസലിനോട് ധാരാളം കാര്യങ്ങൾ പറയാനുണ്ടായിരുന്നതിനാൽ ഈ കൂടിക്കാഴ്ച അവസാനിച്ചത് രാത്രി 12:15 നാണ്.

ഇന്ന് ഞാനും ഹാഫിസും ഞങ്ങളുടെ കുട്ടിക്കാല സ്‌കൂൾ മേറ്റുകൾ തന്നെയായ സുൾഫീക്കറിനും സുനിലിനും ഒപ്പം മേൽ സൂചിപ്പിച്ച ഹൗസ് വാമിംഗിന് പോയി. പത്താം ക്ലാസ് വരെ വിവിധ ക്ലാസുകളിൽ കൂടെ ഉണ്ടായിരുന്ന നിരവധി പേരെ അവിടെ വെച്ച് കണ്ടുമുട്ടി.

ഉച്ചക്ക് ശേഷം ഹാഫിസിൻ്റ പിതാവിൻ്റെ അനുസ്‌മരണാർത്ഥം നടന്ന ഒരു ചടങ്ങിൽ ചെന്നിരിക്കുമ്പോഴാണ് എൻ്റെ പിന്നിൽ നിന്ന് ഒരു സ്ത്രീ ശബ്‌ദം ഞാൻ കേട്ടത്.

"ആബിദ് , എന്നെ അറിയുമോ?"

പർദ്ദ ധരിച്ചിരിക്കുന്നതിനാൽ പെട്ടെന്ന് എനിക്ക് ആളെ പിടികിട്ടിയില്ല.

"ഞാൻ സോണിയ, നിൻ്റെ കൂടെ ജി.എം.യു.പി സ്‌കൂളിൽ പഠിച്ചിരുന്നു " 

അതോടെ എനിക്ക് ആ പഴയമുഖം ഓർമ്മ വന്നു. ആറാം ക്ലാസിൽ നിന്നും പിരിഞ്ഞ ശേഷം ഞാൻ സോണിയയെ കണ്ടു മുട്ടുന്നത് ഇപ്പോഴാണ് എന്നാണ് എൻ്റെ ഓർമ്മ. എങ്കിലും എന്നെ അവൾ തിരിച്ചറിഞ്ഞത് എങ്ങനെ എന്ന ചോദ്യത്തിന് അവളുടെ മറുപടി ഇതായിരുന്നു.

"ഫേസ് ബുക്കിൽ നിൻ്റെ ഫ്രണ്ടായതിനാൽ നിൻ്റെ പോസ്റ്റുകൾ ഞാൻ സ്ഥിരം കാണാറുണ്ട്"

ഓൺലൈൻ സൗഹൃദം ഓഫ് ലൈൻ സൗഹൃദത്തെ ഊട്ടിയുറപ്പിച്ച ആ നിമിഷം എനിക്ക് മനോഹരമായ ഒരു അനുഭവമായി. സൗഹൃദങ്ങൾ നീണാൾ വളരട്ടെ.

Tuesday, August 11, 2026

അലീഗഡ് എന്ന സ്വപ്നം

ദക്ഷിണേന്ത്യയിലെ അലീഗഡ് എന്നാണ് ഫാറൂഖ് കോളേജ് അറിയപ്പെടുന്നത്. വിശാലമായ കാമ്പസും വ്യത്യസ്തങ്ങളായ കോഴ്സുകളും ആയിരക്കണക്കിന് വിദ്യാർത്ഥികളും എല്ലാം കൂടി ആയിരിക്കാം ഈ പേരിന് കാരണം. അലീഗഡ് മുസ്‌ലിം സർവ്വകലാശാലയുടെ സയ്യിദ് ഗേറ്റ് (Bab-e-Syed) പോലെ ഫാറൂഖ് കോളേജിൻ്റെ രാജ കവാടമായി രാജാ ഗേറ്റ് തല ഉയർത്തി നിൽക്കുന്നു. രണ്ട് കാമ്പസുകളുടെയും ഹരിതഭംഗിയും ആകർഷകമാണ്.

1989 മുതൽ 1992 വരെ ഞാൻ ഫിസിക്‌സ് ഡിഗ്രി പഠനം നടത്തിയത് ഫാറൂഖ് കോളേജിൽ ആയിരുന്നു. അക്കാലത്ത് ഫിസിക്‌സിൽ പോസ്റ്റ് ഗ്രാഡ്വേറ്റ് പഠനം നടത്താൻ കേരളത്തിൽ വെറും ഏഴ് കോളേജുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ഉന്നത വിദ്യാഭ്യാസം സ്വപ്നം കണ്ട ഞാനും എൻ്റെ ക്ലാസ്മേറ്റായ ഹാരിസും ഞങ്ങളുടെ പിതാക്കളുടെ ഉപദേശം കേട്ട് അലീഗഡിൽ പോകാൻ തീരുമാനിച്ചു. പക്ഷേ അവിടെ എല്ലാ പി.ജി അഡ്മിഷനും പ്രവേശന പരീക്ഷ ഉണ്ടായിരുന്നു. പരീക്ഷ എഴുതാൻ അലീഗഡിൽ തന്നെ പോകുകയും വേണമായിരുന്നു.

അങ്ങനെ ഞാനും ഹാരിസും അന്ന് അലീഗഡിലേക്ക് വണ്ടി കയറി. റിസർവ്ഡ് കമ്പാർട്ട്മെൻ്റിൽ ഒരു ഫാമിലിയുടെ ലഗേജിൻ്റെ പുറത്ത് ഇരുന്ന് യാത്ര ചെയ്തതും മറ്റും ആണ് എൻ്റെ ഓർമ്മയിലുളളത്. സ്ലീപ്പർ ടിക്കറ്റ് എടുത്തിരുന്നില്ല. അലീഗഡിൽ എത്തിയപ്പോഴാണ് ഫാറൂഖ് കോളേജിൽ ഞങ്ങളുടെ ബാച്ചിൽ ഹിസ്റ്ററി പഠിച്ചിരുന്ന ഇക്ബാലും മറ്റൊരാളും (പേര് ഓർമ്മ വരുന്നില്ല) കൂടി  ഞങ്ങളെപ്പോലെ പരീക്ഷ എഴുതാൻ വന്നത് അറിഞ്ഞത്. 

അന്നാണ് ആദ്യമായും അവസാനമായും ഞാൻ അലീഗഡ് കണ്ടത്. പ്രവേശന പരീക്ഷ പാസാകാത്തതിനാൽ ഞാൻ അലീഗഡിലെ വിദ്യാർത്ഥി ആയില്ല. പക്ഷേ, ആ യാത്രയിലാദ്യമായി ഞാൻ ഡൽഹി കണ്ടു. പിന്നീട് പലതവണ ഡൽഹിയിലേക്ക് ഒറ്റക്കും കൂട്ടായും കുടുംബ സഹിതവും യാത്ര പോകാൻ ആത്മധൈര്യം തന്നത് ഈ സന്ദർശനമായിരുന്നു.

ഇത്രയും പറയാൻ കാരണം എൻ്റെ രണ്ടാമത്തെ മകളുടെ ഒരാഗ്രഹമാണ്. ഡൽഹി ജാമിയ മില്ലിയയിൽ നിന്ന് പി.ജി പഠനം പൂർത്തിയാക്കിയപ്പോൾ അവൾ ബി.എഡ് പഠനത്തിന് പോകാൻ ആഗ്രഹം പ്രകടിപ്പിച്ചു. അതും അലീഗഡ് മുസ്ലിം സർവ്വകലാശാലയിലെ ബിഎഡ് പഠനത്തിന്. 

അലീഗഡിൻ്റെ മലപ്പുറത്തെ ഓഫ് കാമ്പസ് സെൻ്ററിൽ ബി.എഡ് ഉള്ളതിനാൽ പ്രവേശന പരീക്ഷ നാട്ടിൽ എഴുതാമെന്നറിഞ്ഞു. അത് പ്രകാരം അപേക്ഷ നൽകുകയും ചെയ്തു. പക്ഷേ, പ്രവേശന പരീക്ഷയുടെ നാളുകളിൽ അവൾ ഡൽഹിയിൽ തന്നെ ആയതിനാൽ സെൻ്റർ മാറ്റി അലീഗഡ് തന്നെയാക്കി. അങ്ങനെ പരീക്ഷ എഴുതാൻ പോയ അവളും അലീഗഡിൻ്റെ ഒരു ഭാഗം കണ്ടു.

ആഴ്ചകൾക്ക് ശേഷം എക്സാം റിസൾട്ട് വന്നു, അവൾ പാസ്സായി.ശേഷം അലോട്ട്മെൻ്റ് വന്നപ്പോൾ അവൾക്ക് ലഭിച്ചത് പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ ആയിരുന്നു. ബംഗാളിലെ നിലവിലെ പ്രത്യേക രാഷ്ട്രീയ കാലാവസ്ഥ അനുസരിച്ച് മോളെ അവിടേക്ക് വിടാൻ എനിക്ക് താല്പര്യമില്ലായിരുന്നു. ഇപ്പോൾ ഫീസ് മാത്രം അടച്ചാൽ മതി എന്നും അടുത്ത അലോട്ട്മെൻ്റിൽ മലപ്പുറത്തേക്ക് കിട്ടാൻ സാധ്യത ഉണ്ട് എന്നും ആരോ പറഞ്ഞതിനാൽ ഞാൻ ഫീസടച്ചു. സെക്കൻ്റ് അലോട്ട്മെൻ്റ് വന്നപ്പോൾ മോൾക്ക് മലപ്പുറത്തേക്ക് തന്നെ കിട്ടി.

അങ്ങനെ ഇന്നലെ ഞാനും ഭാര്യയും കൂടി അവളെ അലീഗഡ് സർവ്വകലാശാലാ വിദ്യാർത്ഥിനിയാക്കി. പെരിന്തൽമണ്ണക്കടുത്ത് ചെറുകര ചേലാമലയിലെ എ.എം.യു കാമ്പസിൻ്റെ ഹരിതഭംഗി ഞങ്ങൾക്ക് വളരെ ഹൃദ്യമായി. പക്ഷേ മറ്റെല്ലാ കാര്യങ്ങളിലും ഞങ്ങൾ സ്വപ്നം കണ്ട കാമ്പസിൽ നിന്നും എത്രയോ അകലെയാണ് ഈ അലീഗഡ് കാമ്പസ് എന്ന് പറയാതിരിക്കാൻ വയ്യ.

Thursday, August 06, 2026

മെറ്റയും ഞാനും

അങ്ങനെ സർക്കാർ സർവ്വീസിൽ നിന്നും വിരമിക്കേണ്ട പ്രായമായ അമ്പത്തിയാറിലേക്ക്  ഇന്ന് പ്രവേശിച്ചു. പക്ഷേ, വിദ്യാഭ്യാസ വകുപ്പിലായതിനാൽ 2028 മാർച്ച് 31 നേ പിരിച്ചു വിടൂ എന്ന് മാത്രം. വിരമിക്കൽ പ്രായം ഉയർത്തിയില്ല എങ്കിൽ കഴിഞ്ഞ അഞ്ചാറ് വർഷമായി ഞാൻ കേട്ടു കൊണ്ടിരിക്കുന്ന "ഇപ്പോ എന്താ പരിപാടി" എന്ന ചോദ്യത്തിന് ഇനി ഒരു വർഷം കൂടി "നോട്ട് ഔട്ട്" പറഞ്ഞാൽ മതി.

ഈ പ്രായത്തിലും സൂക്കറണ്ണൻ്റെ നിർമ്മിത ബുദ്ധനായ മെറ്റ എ.ഐ എന്നെ നോട്ടമിട്ടിട്ടുണ്ട് എന്ന് രണ്ട് ദിവസം മുമ്പ് ഒരു സുഹൃത്ത് എനിക്ക് മുന്നറിയിപ്പ് തന്നു. സാധാരണ ജെമിനിപ്പെണ്ണാണ് ഇത്തരം കുസൃതിക്കാറ്റുകൾ പടച്ചുവിടാറുള്ളത്. അവളോട് ഞാനിതുവരെ ഒരു കാര്യവും ചോദിച്ചിട്ടില്ല. ചിലര് അവളോട് ചാറ്റ് ചെയ്ത് ചെയ്ത് പ്രണയത്തിലായി എന്നും മറ്റും കേട്ടതിനാൽ വെറുതെ ഈ ചെറുപ്പ കാലത്ത് പൊല്ലാപ്പുണ്ടാക്കാൻ പോകേണ്ട എന്ന് ഞാൻ കരുതി😆.

മേൽ സൂചിപ്പിച്ച എൻ്റെ സുഹൃത്ത് ജെമിനിയോട് ചങ്ങാത്തം ഉണ്ടോ എന്ന് എനിക്കറിയില്ല. പക്ഷേ മെറ്റയുമായി നല്ല കൂട്ടുകെട്ടാണ്. മകളുടെ സ്‌കൂളിൽ നടക്കുന്ന സ്റ്റാർ ഓഫ് ദ വീക്ക് മത്സരത്തിൽ ചോദിക്കുന്ന എല്ലാ ചോദ്യത്തിനും മെറ്റ കൃത്യമായി ഉത്തരം പറഞ്ഞു കൊടുക്കാറുണ്ട് പോലും. ഒരു തവണ മാത്രം തെറ്റിപ്പോയി. അത് പിന്നെ ഉത്തരം പുള്ളിക്ക് അറിയാമായിരുന്നതിനാൽ മെറ്റക്ക് തെറ്റിയത് മൂപ്പർക്ക് മനസ്സിലായി😜.

അങ്ങനെ കഴിഞ്ഞ ആഴ്ചയിലെ ചോദ്യം വന്നു.

ചോദ്യം : ശാസ്ത്ര സാഹിത്യ  ഇൻസ്റ്റിറ്റ്യൂട്ടിന്റെ മികച്ച പൊതുപ്രവർത്തകനുള്ള  എ പി ജെ അബ്ദുൽ കലാം ദേശീയ അവാർഡ് ലഭിച്ചത് ആർക്ക്?

Meta: സോഷ്യൽ റിസർച്ച് സൊസൈറ്റി
നൽകുന്ന എ.പി.ജെ അബ്ദുൽ കലാം "എമിനന്റ് സോഷ്യൽ വർക്കർ" ദേശീയ അവാർഡ് ലഭിച്ചത് *ആബിദ് തറവട്ടത്ത്* നാണ് c7eb 

അതായത് മെറ്റ പറയുന്നത് ഞാനാണ് അവാർഡ് ജേതാവ് എന്ന്🤭 ശേഷമുള്ള നമ്പർ മെറ്റ ഈ വിവരം ശേഖരിച്ച് വെച്ച സെൽ നമ്പർ ആണെന്ന് തോന്നുന്നു. വീണ്ടും സ്റ്റാർ ഒക്കെ ഇട്ട് എൻ്റെ അംശവും ദേശവും ജോലിയും അവാർഡ് കൊടുത്തതിൻ്റെ കാരണവും എല്ലാം താഴെ കാണുന്ന പോലെ ഭംഗിയായി വിവരിച്ചിട്ടുണ്ട്.

*വിശദാംശങ്ങൾ:*
- *ആൾ*: ആബിദ് തറവട്ടത്ത്, മലപ്പുറം അരീക്കോട് സ്വദേശി
- *ജോലി*: കോഴിക്കോട് ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിലെ കമ്പ്യൂട്ടർ പ്രോഗ്രാമർ
- *കാരണം*: സന്നദ്ധ സാമൂഹിക പ്രവർത്തനം, NSS-ലെ പ്രവർത്തനങ്ങൾ, വിദ്യാർത്ഥികൾക്കായുള്ള പ്രചോദന ക്ലാസുകൾ, രക്തദാനം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ
- *പ്രഖ്യാപനം*: 2020 ഒക്ടോബർ 13 ന് c7eb

ദേ, പിന്നെയും ആ സെൽ നമ്പർ😨
ഇത്രയും വിവരിച്ച ശേഷം ഒരു ക്ഷമാപണം എന്ന പോലെ മെറ്റ ഒരു കാര്യം കൂടി പറഞ്ഞു.

ശ്രദ്ധിക്കുക: നിങ്ങൾ ചോദിച്ച "ശാസ്ത്ര സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്" എന്ന പേരിൽ ഈ അവാർഡിനെ കുറിച്ചുള്ള വിവരം സെർച്ചിൽ കിട്ടിയില്ല. എന്നാൽ സോഷ്യൽ റിസർച്ച് സൊസൈറ്റിയുടെ എ.പി.ജെ അബ്ദുൽ കലാം അവാർഡ് സംബന്ധിച്ച വാർത്തയാണ് ലഭ്യമായത് c7eb.

ദേ, വീണ്ടും നമ്പർ !
ചോദ്യത്തിന് ഉത്തരമായി മെറ്റ പറഞ്ഞു കൊടുത്തത് എന്നെ ആയതിനാൽ പ്രസ്തുത സുഹൃത്ത് ആകെ അങ്കലാപ്പിലായി. നാട്ടുകാരന് ഇങ്ങനെ ഒരു അവാർഡ് നേടിയിട്ട് അത് മെറ്റ പറഞ്ഞ് തരേണ്ടി വന്നല്ലോ എന്ന സങ്കടം വേറെയും. സോ, അതിൻ്റെ നിജസ്ഥിതി അറിയാനാണ് പുള്ളി എനിക്ക് മെസേജ് ഇട്ടത് പോലും 😆😆😆

"മെറ്റ പറഞ്ഞ അവാർഡ്   ജേതാവ് ഞാൻ തന്നെയാണ്🤩 പക്ഷേ നിങ്ങൾ ചോദിച്ച ചോദ്യത്തിൻ്റെ ഉത്തരം ഞാനല്ല🫣 അത് മമ്മുട്ടിയാണ്😂 " ഞാൻ മറുപടി കൊടുത്തു.

ഏതായാലും മെറ്റച്ചേട്ടനും ജെമിനിപ്പെണ്ണും ഗൂഗിളമ്മായിയും എല്ലാം നമ്മളെപ്പറ്റി നന്നായി പഠിച്ചു വെച്ചിട്ടുണ്ട്; ജാഗ്രതൈ!

അപ്പോ ഹാപ്പി ബർത്ത് ഡേ ടു മീ🔥 സന്തോഷ ജന്മദിനം കുട്ടിക്ക്....💃💃



Monday, August 03, 2026

ഖബർ

കെ. ആർ മീര എന്ന സാഹിക്യകാരി എൻ്റെ ശ്രദ്ധയിൽ വന്നത് ആരാച്ചാർ എന്ന കൃതി ഇറങ്ങി വർഷങ്ങൾ കഴിഞ്ഞപ്പോഴാണ്. പ്രസ്തുത നോവൽ വാങ്ങാൻ പോയ ഞാൻ അതിൻ്റെ വില കേട്ടപ്പോൾ ആ പേര് അന്വർത്ഥമായതായി തോന്നി. അന്ന് ഞാൻ ആ പുസ്തകം വാങ്ങിയില്ല. പിന്നീട് മീരയുടെ ഏറ്റവും പുതിയ പുസ്തകമായ കലാച്ചി പ്രകാശനം ചെയ്യുന്നതിൻ്റെ മുമ്പായി ഒരു വിവാദം പൊങ്ങി വന്നു (കലാച്ചിയുമായി ബന്ധപ്പെട്ട വിവാദമല്ല). മുമ്പും പുസ്തക പ്രകാശനത്തോടടുപ്പിച്ച് മീരയുടെ വിവാദ പ്രസ്താവനകൾ വരുന്നത് എൻ്റെ മനസ്സിൽ ഓടിയെത്തി.

അങ്ങനെ 2026 ലെ കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന് തുടക്കമായി. പലരും പല എഴുത്ത്കാരുടെയും കൂടെ സെൽഫി എടുത്തും പുസ്തകത്തിൽ ഒപ്പിട്ട് വാങ്ങിയും സ്റ്റാറ്റസിട്ട് കയ്യടി നേടി.കൂറ കപ്പലിൽ കയറിയ പോലെ ഞാനും ഫെസ്റ്റിവലിന് പോയി എൻ്റെ ആരാധകരിൽ ചിലരെ കണ്ട് അവരുടെ കൂടെ ഫോട്ടോ എടുത്തു. അപ്പോഴാണ് എൻ്റെ പത്താം ക്ലാസ് ബാച്ച് മേറ്റ് നിശീഥിനി കെ. ആർ.മീര ഒപ്പിട്ട "കലാച്ചി" വാങ്ങിയ പോസ്റ്റ് ഗ്രൂപ്പിലിട്ടത്. എങ്കിൽ എനിക്കും വാങ്ങണം എന്ന് തോന്നിയപ്പഴേക്കും ലിറ്ററേച്ചർ ഫെസ്റ്റിവൽ അവസാനിച്ചു.

അങ്ങനെ ഇരിക്കെയാണ് കണ്ണൂരിലെ റിഡേഴ്‌സ് ക്ലബ് എന്ന പുസ്തകശാല വൻ ഡിസ്‌കൗണ്ടിൽ പ്രശസ്തമായ കൃതികൾ വിതരണം ചെയ്യുന്നത് അറിഞ്ഞത്. കലാച്ചി അടക്കം കെ. ആർ. മീരയുടെ ചില പുസ്തകങ്ങളും മറ്റനവധി പുസ്തകങ്ങളും ഞാനും വാങ്ങി. അതിൽ ഒന്ന് ഖബർ എന്ന നോവലായിരുന്നു.

കാക്കശ്ശേരി ഖയാലുദ്ദീൻ തങ്ങൾ എന്ന മുസ്‌ലിം കഥാപാത്രമാണ് ഖബറിൻ്റെ ആത്മാവ്. ഒരു കേസുമായി ബന്ധപ്പെട്ട് കോടതി കയറുന്ന ഇദ്ദേഹം ആഭിചാര ക്രിയകളിലൂടെ ഹിന്ദുസ്ത്രീയായ ജഡ്ജിയെ വട്ടം കറക്കുന്നതും അവസാനം ജഡ്ജി അയാളുമായി പ്രണയത്തിലാകുന്നതുമാണ് കഥാതന്തു. നല്ല ഒഴുക്കോടെ മുന്നോട്ട് പോകുന്നതിനാൽ വായന എവിടെയും നിർത്താൻ തോന്നാത്ത വിധം മനോഹരമായ ഒരു കൃതിയായാണ് ഖബർ എനിക്ക് അനുഭവപ്പെട്ടത്.

ഇതിന് മുമ്പ് വായിച്ച കെ.ആർ. മീരയുടെ പുസ്തകങ്ങളിൽ എല്ലാം സ്ത്രീ കഥാപാത്രങ്ങൾ ശക്തരായിട്ടാണ് എനിക്കനുഭവപ്പട്ടത്. മീര ഒരു ഫെമിനിസ്റ്റ് അല്ലെങ്കിലും സ്ത്രീകളുടെ അനുഭവങ്ങളെയും മനോഭാവങ്ങളെയും ആഴത്തിൽ സ്പർശിക്കുന്ന കഥാപാത്രങ്ങളെയാണ് ഓരോ കഥയിലും കണ്ട് വരുന്നത്. സ്ത്രീയുടെ മനോവേദനയും വ്യഥകളും കോപവും പ്രതികാരവും എല്ലാം തീവ്രമായി തന്നെ അവതരിപ്പിക്കാറുണ്ട്. പക്ഷേ, ഖബർ ഇതിൽ നിന്നും വിഭിന്നമായ ഒരു രീതിയാണ് സ്വീകരിച്ചത് എന്ന് എനിക്ക് തോന്നുന്നു. കാക്കശ്ശേരി തങ്ങൾക്ക് മുന്നിൽ ജില്ലാ ജഡ്ജി ഭാവന പലപ്പോഴും ചൂളിപ്പോവുന്നു. കഥയിലുടനീളം തങ്ങളുടെ എഡ്വേർഡ് റോസിൻ്റെ പരിമളം നിറഞ്ഞു നിൽക്കുകയും ചെയ്യുന്നു.

പുസ്തകം : ഖബർ
രചയിതാവ്: കെ. ആർ മീര
പ്രസാധകർ: ഡി സി ബുക്സ്
പേജ് : 104
വില: 130 രൂപ

Thursday, July 30, 2026

ഇനി എംബാപ്പെ യുഗം

"വേൾഡ് കപ്പിന്റെ ആരവം തൽക്കാലം നിലക്കുമ്പോൾ ഒരു കാര്യം വ്യക്തമാവുന്നു.ഇന്ന് മെസ്സിയുടെ പേരിലുള്ള സകല റിക്കാർഡുകളും താമസിയാതെ എംബാപ്പെ സ്വന്തം പേരിലാക്കും. പത്തൊമ്പതാം വയസ്സിൽ റഷ്യയിൽ തുടങ്ങിയ ആ പട്ടാഭിഷേകം ഖത്തറിലും തുടർന്നു.ഇനി മെക്സിക്കോയിലും തുടരും, ഇൻഷാ അല്ലാഹ്"

2022ൽ ഖത്തറിൽ മെസ്സിയും സംഘവും നിലവിലുള്ള ചാമ്പ്യന്മാരായ ഫ്രാൻസിനെ തോൽപിച്ച് വിശ്വവിജയം കൈവരിച്ചപ്പോൾ എഴുതിയ ബ്ലോഗ് പോസ്റ്റിന്റെ  അവസാന വരികളാണ് ഇത്.

2018 ലോകകപ്പ് ഫുട്ബാൾ മത്സരങ്ങൾ തുടങ്ങുന്നതിന് മുമ്പ് തന്നെ ഇഷ്ട ടീമേതെന്ന് പലരും എന്നോട് ചോദിച്ചിരുന്നു. സ്ഥിരമായി ഒരു ടീമിനെ ഇഷ്ടപ്പെടാത്ത ഞാൻ ആ വർഷം ഫ്രാൻസിനെയാണ് തെരഞ്ഞടുത്തത്. അക്കാലത്തെ മികച്ച മിഡ്ഫീൽഡർമാരിൽ ഒരാളായ പോൾ പോഗ്ബയോടുള്ള ആദരവ് കാരണമായിരുന്നു ആ തെരഞ്ഞെടുപ്പ്. പെരിന്തൽമണ്ണയിൽ ഒരു പള്ളിയിലെ ജുമുഅ ഖുതുബയിലൂടെയാണ് പോഗ്ബയെ ഞാൻ അറിഞ്ഞത്. അദ്ദേഹവും മറ്റ് നിരവധി സെലിബ്രിറ്റികളും ഇസ്‌ലാം മതം സ്വീകരിച്ചതിൻ്റെയും പാശ്ചാത്യലോകത്ത് ഇസ്‌ലാം മതം പ്രചരിക്കുന്നതിൻ്റെയും വിവരണമായിരുന്നു അന്നത്തെ ഖുതുബ.

അന്ന് ഫൈനലിൽ ക്രൊയേഷ്യയെ 4 - 2 ന് തോൽപിച്ച് ഫ്രാൻസ് രണ്ടാം തവണ വിശ്വകിരീടം ഉയർത്തി. ഫൈനലിൽ പോൾ പോഗ്‌ബ ഒരു ഗോളടിക്കുകയും ചെയ്തു. പക്ഷേ, ഫൈനൽ മത്സരത്തിൽ മിന്നൽപ്പിണർ പോലെ എതിർ ഗോൾമുഖം നിരന്തരം പിടിച്ചു കുലുക്കുകയും ഒരു ഗോൾ നേടുകയും ചെയ്ത പത്തൊമ്പത്കാരനായ കിലിയൻ എംബാപ്പെ എന്ന കളിക്കാരനെയാണ് എനിക്ക് ഇഷ്‌ടപ്പെട്ടത്. എതിർടീമിലെ കളിക്കാരെ ഡ്രിബിൾ ചെയ്തുള്ള ആ ഓട്ടത്തിൻ്റെ വേഗവും ശക്തിയും കണ്ട് ഒരു വേള ഞാൻ ബെൻ ജോൺസണെ അനുസ്മരിച്ചു. അത്തരം ഒരു ദയനീയ പതനം ഇദ്ദേഹത്തിന് ഉണ്ടാകാതിരിക്കട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചു. ഫൈനലിലേതടക്കം ആ ലോകകപ്പിൽ നാല് ഗോളുകളടിച്ച എംബാപ്പെ മികച്ച കൗമാര താരം എന്ന അവാർഡും നേടി. സമകാലിക ഫുട്ബാളിലെ രാജാക്കന്മാരായ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും ഇതുവരെ നേടിയിട്ടില്ലാത്ത ഒരു അവാർഡ് എന്നതിലുപരി ലോക ഫുട്ബാളിൽ ഒരു പുതിയ താരത്തിൻ്റെ ഉദയം കൂടിയായിരുന്നു അത്.

2022 ഖത്തർ ലോകകപ്പിലാണ് ഫ്രാൻസിൻ്റെ കളികൾ ഞാൻ മുഴുവനായി കാണാനിരുന്നത്. ആ വർഷം എൻ്റെ ഇഷ്ട ടീം ഫ്രാൻസായിരുന്നില്ല. പക്ഷേ, പന്തും കൊണ്ട് എംബാപ്പെ നടത്തുന്ന കുതിപ്പ് അതി മനോഹരമായ കാഴ്ചയായിരുന്നു. മറ്റു പല കളിക്കാരെയും പോലെ അനാവശ്യ ഫൗൾ അപ്പീലുകളും അദ്ദേഹം ഉയർത്തുന്നത് കണ്ടിരുന്നില്ല. എംബാപ്പെയുടെ ചുമലിലേറി ഫ്രാൻസ് തുടർച്ചയായി രണ്ടാം തവണയും ഫൈനലിൽ എത്തി. കൈവിട്ട് പോയി എന്ന് തോന്നിയ ഫൈനലിൽ മൂന്ന് ഗോളുകൾ നേടിക്കൊണ്ട് മെസ്സി നേതൃത്വം നൽകിയ അർജൻ്റീനയെ വിറപ്പിച്ചു നിർത്തി. അവസാനം പെനാൾട്ടി ഷൂട്ടൗട്ടിൽ ഒരു കാവ്യനീതി പോലെ ലോക ഫുട്ബോളിലെ രാജകുമാരൻ ലയണൽ മെസ്സി വിശ്വകിരീടം ഉയർത്തി.1966 ന് ശേഷം ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരത്തിൽ പിറന്ന ഹാട്രിക് ആയിരുന്നു എംബാപ്പയുടേത്. എട്ട് ഗോളുകൾ സ്‌കോർ ചെയ്ത എംബാപ്പെ ആദ്യമായി ഗോൾഡൻ ബൂട്ട് അവാർഡും കരസ്ഥമാക്കി. മെസ്സിക്കും ക്രിസ്റ്റ്യാനോക്കും ഇതുവരെ കിട്ടാത്ത മറ്റൊരു അവാർഡ് കൂടി എംബാപ്പെ കരസ്ഥമാക്കി.

2026 ലോകകപ്പിൽ ആര് ജേതാവാകും എന്ന് മക്കൾ എന്നോട് ചോദിച്ചു. ക്രിസ്റ്റ്യാനോ ലോകകപ്പ് ഉയർത്തുന്നത് കാണണം എന്നാണ് എൻ്റെ ആഗ്രഹമെന്നും ഫ്രാൻസിനെ ആര് തോൽപിക്കുന്നുവോ അവർ ലോകജേതാക്കളാകും എന്നും ഞാൻ പറഞ്ഞു. ഫ്രാൻസ് തോൽവി അറിയാതെ സെമിഫൈനൽ വരെ എത്തി. സെമി ഫൈനലിൽ സ്പെയിനിൻ്റെ മുന്നിൽ മുട്ടുകുത്തി. ഫൈനലിൽ അർജൻ്റീനയെ തോൽപിച്ച് സ്പെയിൻ ജേതാക്കളായപ്പോൾ എൻ്റെ പ്രവചനം പുലർന്നു. എംബാപ്പെയും മെസ്സിയും ഇഞ്ചോടിഞ്ച് പോരാടിയ ഗോൾഡൻ ബൂട്ട് അവാർഡിൽ പത്ത് ഗോളോടെ എംബാപ്പെ തന്നെ മുത്തമിട്ടു.ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരാൾക്ക് രണ്ട് തവണ ഗോൾഡൻ ബൂട്ട് അവാർഡ് ലഭിക്കുന്നത്.

2026 ലോകകപ്പ് വരെ ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം ജർമ്മനിയുടെ മിറോസോവ് ക്ലോസെ ആയിരുന്നു.2002 മുതൽ 2014 വരെ നാല് ലോകകപ്പുകളിലെ ഇരുപത്തിനാല് മത്സരങ്ങളിൽ നിന്ന് പതിനാറ് ഗോളുകളാണ് ക്ലോസെ നേടിയത്. 2026 ൽ ആറാം തവണയും ലോകകപ്പിൽ ബൂട്ട് കെട്ടിയ മെസ്സി എട്ട് ഗോളുകൾ കൂടി നേടി മൊത്തം ലോകകപ്പ് ഗോളുകളുടെ  എണ്ണം ഇരുപത്തി ഒന്നാക്കി ക്ലോസെയുടെ റെക്കോർഡ് മറികടന്നു.2006 മുതൽ 2026 വരെയുള്ള മുപ്പത്തി നാല് മത്സരങ്ങളിൽ നിന്നായിരുന്നു മെസ്സിയുടെ ഈ റെക്കാർഡ് നേട്ടം. പക്ഷേ ഇരുപത്തിയേഴ് ദിവസം മാത്രമേ ആ റിക്കാർഡിന് ആയുസ്സുണ്ടായിരുന്നുള്ളൂ, 2018 മുതൽ 2026 വരെയുള്ള മൂന്ന് ലോകകപ്പുകളിലായി വെറും ഇരുപത്തിരണ്ട് മത്സരങ്ങളിൽ നിന്ന് ഇരുപത്തിരണ്ട് ഗോളുകൾ നേടി എംബാപ്പെ ആ റിക്കാർഡ് തകർത്തു 

എംബാപ്പെക്ക് ഇപ്പോൾ ഇരുപത്തിഏഴ് വയസ്സാണ് പ്രായം. ഇനിയും മൂന്ന് ലോകകപ്പുകളിൽ കൂടി പന്ത് തട്ടാൻ സാദ്ധ്യതയുണ്ട്. അങ്ങനെയാണെങ്കിൽ ലോക ഫുട്ബോളിൽ ഒരു പുതിയ താരോദയം ഉണ്ടാകുന്നത് വരെ എംബാപ്പെയുടെ ഈ റിക്കാർഡുകൾ ഒന്നും തന്നെ തകരാൻ സാദ്ധ്യതയില്ല. മെസ്സിയും റൊണാൾഡോയും  അടക്കി വാണ പല റെക്കോർഡുകളും, ഫ്രാൻസിൻ്റെ എക്കാലത്തെയും ടോപ്പ് സ്കോറർ ആയ കിലിയൻ എംബാപ്പെ കൈയടക്കും എന്ന് തീർച്ചയാണ്.

Monday, July 27, 2026

ഒരു സീതപ്പഴച്ചെടിയുടെ കഥ

2011 മാർച്ച് 18 ന് എൻ്റെ മൂന്നാമത്തെ മകൾ ലൂനക്ക് ഒരു വയസ്സ് തികഞ്ഞു. സാധാരണയായി വീട്ടിലെ വിശേഷ ദിവസങ്ങളിൽ ചെയ്യുന്ന പോലെ അന്നും  മുറ്റത്ത് ഒരു ഫലവൃക്ഷത്തൈ നടാൻ ഞാൻ തീരുമാനിച്ചിരുന്നു. ഒരു വയസ്സായ മോളുടെ കയ്യിൽ ഞാൻ ഒരു സീതപ്പഴത്തിൻ്റെ തൈ നൽകി. ഒരു കളിക്കോപ്പ് കയ്യിൽ കിട്ടിയ മുഖഭാവമല്ല അന്ന് അവളുടെ മുഖത്ത് ഞാൻ ദർശിച്ചത്. ലൂന മോളും അവളുടെ മൂത്തവർ രണ്ട് പേരും ചേർന്ന് ആ തൈ, വീട്ടിലേക്കുള്ള വഴിയരികിൽ നട്ടു.

ലൂന മോൾക്ക് അഞ്ച് വയസ്സ് തികഞ്ഞപ്പോൾ പ്രസ്തുത സീതപ്പഴച്ചെടി പൂവിട്ട് തുടങ്ങി. ധാരാളം പൂക്കളുണ്ടായിട്ടും ആദ്യ വർഷം പത്തോളം കായകളാണുണ്ടായത്. കാലക്രമേണ പഴങ്ങളുടെ എണ്ണം കൂടിക്കൂടി വന്നു. അതോടെ വവ്വാലുകളും സ്ഥിരമായി പഴം തിന്നാൻ വന്ന് തുടങ്ങി. വവ്വാലുകൾ തിന്നിട്ട പഴങ്ങളുടെ അവശിഷ്ടങ്ങൾ വീണ് വഴി വൃത്തികേടാകാനും തുടങ്ങി.

മോൾ ആദ്യമായി ഈ ഭൂമിയിൽ നട്ട മരമായതിനാൽ അവൾക്ക് അതിനോട് വൈകാരികമായ ഒരു അടുപ്പം കൂടിയുണ്ടായിരുന്നു. എൻ്റെ ബർത്ത് ഡേ മരം എന്ന് സന്തോഷത്തോടെ അവൾ കൂട്ടുകാർക്ക് ആ ചെടിയെ പരിചയപ്പെടുത്തി കൊടുത്തു. അതിനാൽ അത് വെട്ടി ഒഴിവാക്കാനും ഞങ്ങൾക്ക് സാധിച്ചില്ല.പഴങ്ങളിൽ മീലി ബഗ് കൂടി നിറഞ്ഞതോടെ മറ്റു ചെടികൾക്കും അത് ഭീഷണിയായി.അവസാനം,മൂത്ത മകളുടെ വിവാഹത്തോടനുബന്ധിച്ച് മുറ്റം നന്നാക്കിയപ്പോൾ പ്രസ്തുത സീതപ്പഴ മരവും ഒഴിവാക്കേണ്ടി വന്നു. ലൂന മോളുടെ പതിനഞ്ചാം ബർത്ത് ഡേയുടെ പിറ്റേന്നായിരുന്നു അത്. 

ബർത്ത് ഡേ മരം പോയത് ലൂന മോളെ സങ്കടത്തിലാക്കി. ഏത് നിമിഷവും ആ മരം വെട്ടിമാറ്റപ്പെടാം എന്നതിനാൽ ഞാനതിൻ്റെ തൈകൾ റെഡിയാക്കി വെച്ചിരുന്നു. പോയ മരത്തിന് പകരം വീടിൻ്റെ സമീപത്ത് തന്നെ മറ്റൊരു സ്ഥലത്ത് പുതിയ തൈ നടാം എന്ന് ഞാൻ അവൾക്ക് ഉറപ്പ് നൽകി. അങ്ങനെ അവളുടെ പതിനേഴാം ബർത്ത് ഡേയിൽ തൈ വയ്ക്കാം എന്ന് തീരുമാനിച്ചു. പക്ഷേ, കഠിനമായ വേനൽ കാരണം ആ സമയത്ത് തൈ വയ്ക്കുന്നത് ഉചിതമല്ല എന്ന് തോന്നി. വേനൽ കാലം മാറി മഴക്കാലം വന്നതോടെ അവൾക്ക് കൊടുത്ത വാക്ക് ഞാൻ പാലിച്ചു.

ലൂനമോൾ നട്ട സീതപ്പഴത്തൈക്ക് പുറമെ ഞാനും രണ്ടെണ്ണം നട്ടു. അങ്ങനെ നഷ്‌ടപ്പെട്ട ഒന്നിന് പകരം മൂന്ന് തൈകൾ പറമ്പിൽ  അതിവേഗം വളർന്ന് വരുന്നു. അങ്ങനെ വീടിന് ചുറ്റുമുള്ള ഇരുപത്തി അഞ്ചോളം വൃക്ഷങ്ങളുടെ കൂട്ടത്തിലേക്ക് സീതപ്പഴച്ചെടി വീണ്ടും ചേർന്നു. വീട്ടിലെ വിശേഷ ദിവസങ്ങൾ ഒരു ഫലവൃക്ഷത്തൈ നട്ട് ഭൂമിക്ക് തണലേകുക. മൂന്നോ നാലോ വർഷങ്ങൾക്ക് ശേഷം വിഷം തീണ്ടാത്ത പഴങ്ങൾ നമ്മുടെ മുറ്റത്ത് നിന്ന് തന്നെ പറിച്ച് തിന്നാം.

Friday, July 24, 2026

ഡൽഹിയിൽ ... ( ടീം 87 SSC @ കാശ്മീർ - 22)

 ടീം 87 SSC @ കാശ്മീർ - 21

രാവിലെ പത്ത് മണിയോടെ ഞങ്ങൾ ന്യൂഡൽഹിയിൽ വണ്ടിയിറങ്ങി. യാത്രയിൽ കൊറിക്കാനും തിന്നാനും കൊണ്ടു വന്നിരുന്ന പല സാധനങ്ങളും അപ്പോഴും ബാക്കിയായിരുന്നു. അവലോസ് പൊടി പോലെ ദീർഘകാലം ഉപയോഗിക്കാവുന്നവയും അണ്ടിപ്പരിപ്പും ബദാമും എല്ലാം അതിൽ ഉണ്ടായിരുന്നു. ഡൽഹിയിലുണ്ടായിരുന്ന എൻ്റെ രണ്ടാമത്തെ മകളെ റെയിൽവേ സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തി അതെല്ലാം അവൾക്ക് കൊടുത്തൊഴിവാക്കി.

രാത്രി പത്തര മണിക്ക് ഹസ്രത്ത് നിസാമുദ്ദീനിൽ നിന്നായിരുന്നു ഞങ്ങൾക്ക് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ടത്.ന്യൂ ഡെൽഹി സ്റ്റേഷനിൽ നിന്ന്  നിസാമുദ്ദീനിലെത്താൻ ഏറ്റവും എളുപ്പവും ചെലവ് കുറഞ്ഞതുമായ മാർഗ്ഗം ലോക്കൽ ട്രെയിൻ ആണെന്ന് ഞാൻ മനസ്സിലാക്കിയിരുന്നു. നിസാമുദ്ദീനിലേക്ക്  അപ്പോൾ ട്രെയിൻ ഉണ്ട് എന്ന വിവരം കിട്ടിയതിനാൽ പത്ത് രൂപ ടിക്കറ്റെടുത്ത് ഞങ്ങൾ കാത്തിരുന്നു. പറഞ്ഞ സമയത്ത് തന്നെ ട്രെയിൻ എത്തി. യാത്രക്കാർ ഇറങ്ങിയതിന് പിന്നാലെ ട്രെയിനിൻ്റെ വിൻഡോ ഷട്ടറുകൾ മുഴുവൻ താഴ്ത്തി. പത്ത് മിനുട്ടോളം ആ ട്രെയിൻ പോകും എന്ന് കരുതി ഞങ്ങൾ നിന്നു. ബട്ട്, ഒരു പ്രതീക്ഷക്കും വകയില്ലാതെ ആ കാത്തിരിപ്പ് നീണ്ടപ്പോൾ ഞങ്ങൾ പുറത്തിറങ്ങി ടാക്സി പിടിച്ച് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ എത്തി.

പതിവ് പോലെ എ.സി വെയ്റ്റിംഗ് ഹാളിൽ കയറി എല്ലാവരും ഫ്രഷായി.നിസാമുദ്ദീൻ ദർഗ്ഗക്കടുത്ത് നല്ല ഭക്ഷണം കിട്ടും എന്ന് ഫൈസൽ പറഞ്ഞതനുസരിച്ച് ആദ്യം ദർഗ്ഗയിൽ തന്നെ പോകാമെന്ന് തീരുമാനിച്ചു. ലഗേജുകൾ മുഴുവൻ ക്ലോക്ക് റൂമിൽ ഏല്പിച്ച് രണ്ട് ടാക്സികളിലായി ഞങ്ങൾ നിസാമുദ്ദീൻ ദർഗ്ഗയിലെത്തി. ഇൻ്റർനെറ്റിൽ കണ്ട ഹോട്ടൽ തിരക്കി നടന്നെങ്കിലും കണ്ടില്ല. ദർഗ്ഗ കണ്ട് ഹുമയൂൺ ടോംബിലേക്ക് പോകുമ്പോൾ അവിടെ നോക്കാം എന്ന് ഞാൻ പറഞ്ഞെങ്കിലും ദർഗ്ഗക്കടുത്തുള്ള അസംഖ്യം തട്ടുകടകളിലെ പൂരിയും ചന്ന മസാലയും കണ്ടപ്പോൾ പലരുടെയും കൺട്രോൾ പോയി. അതിനാൽ ഒരു കടയിൽ കയറി ഞങ്ങളും പശിയടക്കി. കാലിനെ ഇക്കിളിപ്പെടുത്തി ഓടുന്ന എലികളിൽ നിന്നും രക്ഷപ്പെടാൻ കാല് അൽപം പൊക്കിയാണ് ഞാനിരുന്നിരുന്നത്.

ദർഗ്ഗാ സന്ദർശനത്തിലും പൂമൂടലിലും അവിടെ വച്ചുള്ള പ്രാർത്ഥനയിലും എനിക്ക് വിശ്വാസമില്ല.ദർഗ്ഗ കാണുന്നതിനപ്പുറം അവിടെ ഉണ്ടെന്ന് പറയപ്പെടുന്ന സ്റ്റെപ്പ് വെൽ കാണുക എന്നതായിരുന്നു എൻ്റെ ഉദ്ദേശ്യം. ഭക്ഷണ ശേഷം ഞങ്ങൾ എല്ലാവരും ദർഗ്ഗയിലെത്തി. അമീർ ഖുസ്രുവിൻ്റെയും നിസാമുദ്ദീൻ ഔലിയയുടെയും മഖാമുകളും അവിടെ നടന്ന് കൊണ്ടിരിക്കുന്ന വിവിധ ചടങ്ങുകളും എല്ലാവരും നിരീക്ഷിച്ചു. സ്റ്റെപ്പ് വെല്ലിനെപ്പറ്റി ഞാൻ അന്വേഷിച്ചെങ്കിലും കൃത്യമായ മറുപടി ലഭിക്കാത്തതിനാൽ ഇത്തവണയും അത് കാണാനായില്ല.

ഹസ്രത്ത് നിസാമുദ്ദീൻ ദർഗ്ഗ സന്ദർശിച്ച ശേഷം ഒരു വിളിപ്പാടകലെയുള്ള ഹുമയൂൺ ടോമ്പിലേക്ക് ഞങ്ങൾ നടന്നു.ഈ വർഷം മൂന്നാമത്തെ തവണയായിരുന്നു ഞാൻ ഇവിടെ എത്തുന്നത്. അതിനാൽ കാണേണ്ട നിർമ്മിതികൾ മാത്രം കാണുക എന്നതായിരുന്നു എൻ്റെ തീരുമാനം. ഈസാ ഖാൻ്റെ ശവകുടീരമാണ് ആദ്യം ഞങ്ങൾ സന്ദർശിച്ചത്.ശേഷം പ്രധാന ആകർഷണ കേന്ദ്രമായ ഹുമയൂൺ ടോമ്പിലേക്കും നീങ്ങി. 

കാശ്മീരിൽ നിന്നും ഡൽഹിയിൽ എത്തിയത് മുതൽ കാലാവസ്ഥയിലുള്ള മാറ്റം ഞങ്ങൾ ശരിക്കും അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. ചൂട് കാരണം എല്ലാവരും പെട്ടെന്ന് തളർന്നു. ഹുമയൂൺ ടോമ്പിലെ ഹുമയൂണിൻ്റെയും മറ്റുള്ളവരുടെയും മഖ്‌ബറകൾ പെട്ടെന്ന് കണ്ട് തീർത്ത് ഞങ്ങൾ തിരിച്ചിറങ്ങി.

ഭൂരിപക്ഷാഭിപ്രായ പ്രകാരം അടുത്തത് ഇന്ത്യാ ഗേറ്റിലേക്ക് പോകാം എന്ന് തീരുമാനിച്ചു. വഴിയോരത്തെ സർബത്ത് കടക്കാരൻ പറഞ്ഞു തന്ന ബസ് നമ്പർ നോക്കിത്തന്നെ ഞങ്ങൾ കയറി. ഡൽഹിയിലെ സ്ത്രീ സൗജന്യയാത്ര ഒന്നാസ്വദിക്കണം എന്ന നിഷിയുടെ ആഗ്രഹവും അതോടെ സഫലമായി. ഇന്ത്യാ ഗേറ്റിലേക്ക് പോകാൻ കിസാൻ ഭവൻ സ്റ്റോപ്പിൽ ഇറങ്ങണം എന്ന് കണ്ടക്ടർ പറഞ്ഞു തന്നു. സ്ഥലം എത്തുമ്പോൾ പറയണം എന്ന് ഞാൻ അങ്ങോട്ടും പറഞ്ഞു. ഞങ്ങളെ കൂടാതെ രണ്ടോ മൂന്നോ യാത്രക്കാർ മാത്രമേ ബസ്സിൽ ഉണ്ടായിരുന്നുള്ളൂ.

അല്പം കൂടി മുന്നോട്ട് പോയ ശേഷം ഡ്രൈവർക്ക് ഒരു അക്കിടി പറ്റി. ഇടത്തോട്ട് തിരിയേണ്ടിടത്ത് ബസ് നേരെ വിട്ടു. ഇനി എങ്ങനെ യഥാർത്ഥ റൂട്ട് പിടിക്കണം എന്ന് ഡ്രൈവർക്കും കണ്ടക്ടർക്കും പിന്നെ ഒരു പിടിയും കിട്ടിയില്ല. അവസാനം യാത്രക്കാരിൽ ഒരാൾ പറഞ്ഞ വഴിയേ ബസ് നീങ്ങി. ഞങ്ങളോട് ഇറങ്ങാൻ പറയാത്തതിനാൽ ഞങ്ങൾ അവിടെ തന്നെയിരുന്നു. ബസ് പല റോഡിലൂടെയും കറങ്ങി കൃത്യം ഇന്ത്യാ ഗേറ്റിൻ്റെ മുന്നിലെത്തി. ഞങ്ങൾ എല്ലാവരും അവിടെ ഇറങ്ങി നേരെ ഇന്ത്യാ ഗേറ്റിലേക്ക് നടന്നു. ഉർവശീ ശാപം ഉപകാരം എന്നത് എന്തെന്ന് ഗോവിന്ദന് അപ്പോൾ മനസ്സിലായി.

നാല് മാസം മുമ്പ് ഇന്ത്യാ ഗേറ്റിലും ഞാൻ കുടുംബ സമേതം എത്തി അതിൻ്റെ ചുറ്റുമുള്ള ഏകദേശ സ്ഥലങ്ങളെല്ലാം കണ്ടിരുന്നതിനാൽ എങ്ങനെ എവിടെ പോകണം എന്ന നല്ല ധാരണ ഉണ്ടായിരുന്നു. ഇന്ത്യാ ഗേറ്റിന് മുന്നിൽ വെച്ച് പ്രൊഫഷണൽ ക്യാമറാമാനെ കൊണ്ട് ഫോട്ടോ എടുപ്പിക്കാൻ ഒരാഗ്രഹവും എനിക്കുണ്ടായിരുന്നു. മിക്കവരും അവിടെ നിന്ന് സിംഗിൾ ഫോട്ടോ എടുത്തു. ഈ യാത്രയിലെ അവസാന ഗ്രൂപ്പ് ഫോട്ടോയും ഞങ്ങൾ അവിടെ നിന്നെടുത്തു. ഇന്ത്യാ ഗേറ്റിൻ്റെ തൊട്ടടുത്ത് വരെ പോയി ഒന്നാം ലോകമഹാ യുദ്ധത്തിലും അഫ്ഗാൻ യുദ്ധത്തിലും കൊല്ലപ്പെട്ട പട്ടാളക്കാരുടെ പേരുകൾ കൊത്തിവച്ചത് വായിച്ചു. അൽപസമയം അവിടെ ചെലവഴിച്ച് സമീപത്തുള്ള ശാഹി മസ്ജിദിൽ നിന്ന് നമസ്‌കാരവും നിർവ്വഹിച്ച് ഞങ്ങൾ ഇന്ത്യാ ഗേറ്റിനോടും വിട പറഞ്ഞു.

യാത്രാ സംഘത്തിലെ സ്ത്രീ ജനങ്ങളിൽ നിന്ന് ഒരു ഷോപ്പിംഗ് അവസരം കൂടി ഉണ്ടായാൽ നന്നായി എന്നൊരു അഭിപ്രായം ഉയർന്ന് വന്നു.എങ്കിൽ അതും കൂടിയാവട്ടെ എന്ന് കരുതി ഞങ്ങൾ ഓട്ടോ പിടിച്ച് സരോജിനി മാർക്കറ്റിൽ എത്തി. മാസങ്ങൾക്ക് മുമ്പ് ഇവിടെയും മൂന്ന് മണിക്കൂറിലധികം ഞാൻ കറങ്ങിയിരുന്നതിനാൽ എനിക്ക് ഒന്നും വാങ്ങാനുണ്ടായിരുന്നില്ല. ഒരു മണിക്കൂർ കൊണ്ട് വാങ്ങാൻ സാധിക്കുന്ന സാധനങ്ങൾ വാങ്ങിച്ച് ഞങ്ങൾ നേരെ മെട്രോ സ്റ്റേഷനിൽ എത്തി. അങ്ങനെ ഡൽഹി മെട്രോ ട്രെയിനിലും  ടീം 87 SSC യുടെ കാല്പാടുകൾ പതിഞ്ഞു.

രാത്രി 10.20 ന് ഞങ്ങൾ ഡൽഹിയിൽ നിന്ന് നാട്ടിലേക്ക് ട്രെയിൻ കയറി. യാത്രയിലുടനീളം കഴിഞ്ഞ പത്ത് ദിവസത്തെ അനുഭവങ്ങൾ ഞങ്ങൾ അയവിറക്കി. യാത്രയുടെ ഒരു അവലോകനവും ട്രെയിനിൽ വെച്ച് തന്നെ നടത്തി. മൂന്നാം ദിവസം ഉച്ചക്ക് രണ്ട് മണിക്ക് ഞങ്ങൾ കോഴിക്കോട്ടെത്തി. നാട്ടിൽ നിന്നും വന്ന ടാക്സിയിൽ ലഗേജ് കയറ്റി വയ്ക്കുമ്പോൾ നുസൈബ വീണ്ടും ഷാളു കൊണ്ട് മുഖം മൂടി എൻ്റെ ചെവിയിൽ ചോദിച്ചു -  "പൊട്ടാ... നിനക്ക് വേറെ ഒരു വണ്ടിയും കിട്ടിയില്ലേ?"

ഞാൻ അന്ധാളിച്ച് നില്ക്കുമ്പോൾ അവൾ പറഞ്ഞു - "ഈ ഡ്രൈവറും എൻ്റെ വീട്ടിനടുത്താണ്. "

"ഒരാളും പത്താം ക്ലാസ് പരീക്ഷ പാസാകാത്ത നാട്ടിൽ പിന്നെ ഡ്രൈവർമാരല്ലാതെ  പ്രൊഫസർമാർ ഉണ്ടാകുമോ?" ഞാൻ തിരിച്ച് ചോദിച്ചപ്പോൾ നുസൈബ അടങ്ങി. മുമ്പൊരു യാത്രയിൽ പച്ചക്കറി കുറുമ തന്ന് പറ്റിച്ചു എന്ന നുസൈബയുടെ പരാതി തീർക്കാൻ, ഫൈസൽ സ്പോൺസർ ചെയ്ത ഊണും ഫിഷ് ഫ്രൈയും അംബിക ഹോട്ടലിൽ നിന്ന് കഴിച്ചതോടെ പന്ത്രണ്ട് ദിവസമായി ആമാശയം നേരിടുന്ന "ചോറ് പട്ടിണി" യും അവസാനിച്ചു.

നിഷി കോഴിക്കോട് നിന്ന് തന്നെ ഞങ്ങളോട് യാത്ര പറഞ്ഞു. വഴിയിൽ ഓരോരുത്തരായി യാത്ര പറഞ്ഞു കൊണ്ടിരുന്നു.വൈകിട്ട് നാല് മണിക്ക് അവസാനത്തെ യാത്രക്കാരനായി ഞാൻ എൻ്റെ വീട്ടിൽ വന്നിറങ്ങുമ്പോൾ ടീം 87 SSC ഗ്രൂപ്പിൽ ഒരു ചരിത്രം കൂടി പിറന്നു.

പന്ത്രണ്ട് ദിവസം ഞങ്ങൾ ശരിക്കും ആസ്വദിച്ചു. ഇഷ്‌ടപ്പെട്ട സ്ഥലങ്ങളിൽ എല്ലാം പോയി. ഇഷ്‌ടപ്പെട്ട ഭക്ഷണം ആവോളം ഭക്ഷിച്ചു. ഓരോരുത്തരുടെയും ബക്കറ്റ് ലിസ്റ്റിലുള്ള വിവിധ ആഗ്രഹങ്ങൾ സാധിച്ചു. ട്രെയിൻ യാത്ര മുഴുവൻ തേർഡ് എസി ക്ലാസിലായിരുന്നു. എന്നിട്ടും, മുഴുവൻ വരവ് ചെലവ് കണക്കും കണക്ക് കൂട്ടിയപ്പോൾ ഒരാൾക്ക് ചെലവായത് വെറും 20184 രൂപ മാത്രമായിരുന്നു. വലിയ ചെലവാകും എന്ന് കരുതി നാം മാറ്റി വയ്ക്കുന്ന നിരവധി കാര്യങ്ങൾ ഇങ്ങനെയാണ്.

ജീവിതത്തിൽ ഏറ്റെടുത്ത യാത്രാ ദൗത്യങ്ങളിൽ ഒന്ന് കൂടി അവസാനിച്ചു. ഹിമാലയത്തിൽ നിന്നുള്ള ഒരു ഇളംകാറ്റ് അരാവലി പർവ്വത നിരകളും ഡക്കാൺ പീഠഭൂമിയും താണ്ടി പശ്ചിമഘട്ടവും കടന്ന് എന്നോട് ചോദിച്ചു - ഇനിയും വരുന്നോ കാശ്മീരിലേക്ക് ?

"ദേ... ഞങ്ങൾ റെഡി " 

"വെൽകം ബാക്ക് ടു പാരഡൈസ് ഓൺ എർത്ത്" 

പത്ത്  പേർക്കും മറുപടി പറഞ്ഞ് ആ കാറ്റ് അറബിക്കടലും താണ്ടി എങ്ങോ മറഞ്ഞു പോയി.


(അവസാനിച്ചു)

ഈ യാത്ര വിജയകരമായി സംഘടിപ്പിചതിന് യാത്രാ അംഗങ്ങൾ എനിക്ക് ഒരു സമ്മാനം തന്നു. ഈ യാത്രയുമായി ബന്ധപ്പെട്ട് നാലാമത്തെ സമ്മാനം. അത് ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കാം.

Tuesday, July 21, 2026

നൂറുൽ മുനീർ പൂർണ്ണാനന്ദ

ചുരുങ്ങിയ കാലം കൊണ്ട് മലയാളികൾക്കിടയിൽ ശ്രദ്ധേയനായ ഒരു എഴുത്ത്കാരനാണ് നിസാർ ഇൽത്തുമിഷ്. ഏതോ ഒരു കൃതിയിലെ (പേര് ഓർക്കുന്നില്ല) എന്തോ ഒരു വിവാദ പരാമർശമാണ് എൻ്റെ നാട്ടിൽ നിന്നും അര മണിക്കൂർ മാത്രം ദൂരത്തിൽ താമസിക്കുന്ന ഈ എഴുത്തുകാരൻ്റെ പുസ്തകങ്ങളിലേക്ക് എൻ്റെ ശ്രദ്ധ തിരിച്ചത്. അതിനാൽ തന്നെ മാർക്കറ്റിൽ ലഭ്യമായ അദ്ദേഹത്തിൻ്റെ നാല് പുസ്തകങ്ങൾ ഞാൻ ഒരുമിച്ച് വാങ്ങി.

കോഴിക്കോട് ജില്ലയിലെ ഒരു കുഗ്രാമത്തിൽ നിന്നുള്ള മുനീർ എന്ന മുസ്ലിമായ ഒരു വ്യക്തി കാശിയിലെത്തി പൂർണ്ണാനന്ദ എന്ന സന്യാസിയായി മാറുന്നതാണ് നൂറുൽ മുനീറുൽ പൂർണ്ണാനന്ദ എന്ന നോവലിൻ്റെ ഇതിവൃത്തം. പേര് കേൾക്കുമ്പോൾ തന്നെ ആരെയും ഒന്നമ്പരപ്പെടുത്തുന്ന പോലെയുള്ള പ്രവൃത്തികളാണ് പൂർണ്ണാനന്ദ കാശിയിൽ ചെയ്യുന്നത്. ഹിന്ദുമത വിശ്വാസ പ്രകാരം മോക്ഷം പ്രതീക്ഷിച്ച് കാശിയിലെത്തിച്ച് ചിതയിൽ വെച്ച മൃതശരീരങ്ങളുടെ ചെവിയിൽ ശഹാദത്ത് കലിമ യും മറ്റൊരവസരത്തിൽ ആയത്തുൽ കുർസി എന്ന ഖുർആനിലെ സൂക്തവും ഉരുവിടുന്ന ഒരു സന്യാസിയെ സങ്കല്പിക്കാൻ പോലും പറ്റാത്ത ഒരു കാലത്താണ് നിസാർ ഈ കഥ പറയുന്നത് എന്നത് ഏറെ അത്ഭുതകരമാണ്.

മുനീറിൻ്റെ കുട്ടിക്കാലത്തെ വിവരണങ്ങളാണ് എനിക്ക് ഇതിൽ ഏറെ ഹൃദ്യമായി തോന്നിയ ഭാഗം. 1970 - 80 കളിൽ ജനിച്ച മിക്ക കുട്ടികളും കടന്നുപോയ ഒരു ബാല്യകാലം ഇതിൽ വളരെ ഹൃദ്യമായ രീതിയിൽ എഴുതി വെച്ചിരിക്കുന്നു. അത് വായിക്കുന്ന നാല്പതു കഴിഞ്ഞ ഏതൊരാൾക്കും ആ ഓർമ്മകൾ മനസ്സിൽ തിങ്ങി നിറയും. പുതിയ ജനറേഷൻ ഇതൊന്നും അനുഭവിക്കാത്തതിനാൽ അത് അത്ര രുചികരമായി തോന്നും എന്ന് എനിക്ക് അഭിപ്രായമില്ല.

പട്ടിണിയും പ്രണയവും പകയും എല്ലാം ഈ നോവലിൻ്റെ വിവിധ ഭാഗങ്ങളിൽ കടന്നു വരുന്നുണ്ട്. കഥാനായകൻ മുനീറിൻ്റെ ബാല്യകാല സുഹൃത്ത് അബ്‌ദുവുമായുള്ള ചങ്ങാത്തത്തിൻ്റെ ആഴം അവരുടെ വേർപിരിയലിൻ്റെ നിമിഷങ്ങൾ വായിക്കുമ്പോൾ വായനക്കാരന് ശരിക്കും അനുഭവപ്പെടും. പേ ബാധിച്ച് അബ്‌ദു മരിക്കാൻ കിടക്കുന്ന നിമിഷം ഹൃദയഭേദകമായി തന്നെ നോവലിസ്റ്റ് അവതരിപ്പിക്കുന്നു.

ഇന്ത്യയിലെ വിവിധ മത വിഭാഗങ്ങളുടെ ഒട്ടുമിക്ക തീർത്ഥാടന കേന്ദ്രങ്ങളിലും ആത്മശാന്തി തേടി മുനീർ എത്തുന്നുണ്ട്. നോവലിലെ പരാമർശ വിഷയം എന്തുമാകട്ടെ, ഗൃഹാതുരത്വമുണർത്തുന്ന ബാല്യകാലവും നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഗ്രാമീണ നന്മകളും സുഹൃത് ബന്ധത്തിന്റെ അഗാധമായ ആഴവുമെല്ലാം നിറഞ്ഞ് നിൽക്കുന്ന നൂറുൽ മുനീറുൽ പൂർണ്ണാനന്ദ എന്ന കൃതി മികച്ച ഒരു വായനാനുഭവം നല്‍കുമെന്ന് തന്നെയാണ് എൻ്റെ അഭിപ്രായം.

പുസ്തകം : നൂറുൽ മുനീറുൽ പൂർണ്ണാനന്ദ
രചയിതാവ് : നിസാർ ഇൽത്തുമിഷ്
പബ്ലിഷർ : മാൻകൈൻഡ് ലിറ്ററേച്ചർ
പേജ് : 192
വില : Rs 325