Pages

Tuesday, August 11, 2026

അലീഗഡ് എന്ന സ്വപ്നം

ദക്ഷിണേന്ത്യയിലെ അലീഗഡ് എന്നാണ് ഫാറൂഖ് കോളേജ് അറിയപ്പെടുന്നത്. വിശാലമായ കാമ്പസും വ്യത്യസ്തങ്ങളായ കോഴ്സുകളും ആയിരക്കണക്കിന് വിദ്യാർത്ഥികളും എല്ലാം കൂടി ആയിരിക്കാം ഈ പേരിന് കാരണം. അലീഗഡ് മുസ്‌ലിം സർവ്വകലാശാലയുടെ സയ്യിദ് ഗേറ്റ് (Bab-e-Syed) പോലെ ഫാറൂഖ് കോളേജിൻ്റെ രാജ കവാടമായി രാജാ ഗേറ്റ് തല ഉയർത്തി നിൽക്കുന്നു. രണ്ട് കാമ്പസുകളുടെയും ഹരിതഭംഗിയും ആകർഷകമാണ്.

1989 മുതൽ 1992 വരെ ഞാൻ ഫിസിക്‌സ് ഡിഗ്രി പഠനം നടത്തിയത് ഫാറൂഖ് കോളേജിൽ ആയിരുന്നു. അക്കാലത്ത് ഫിസിക്‌സിൽ പോസ്റ്റ് ഗ്രാഡ്വേറ്റ് പഠനം നടത്താൻ കേരളത്തിൽ വെറും ഏഴ് കോളേജുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ഉന്നത വിദ്യാഭ്യാസം സ്വപ്നം കണ്ട ഞാനും എൻ്റെ ക്ലാസ്മേറ്റായ ഹാരിസും ഞങ്ങളുടെ പിതാക്കളുടെ ഉപദേശം കേട്ട് അലീഗഡിൽ പോകാൻ തീരുമാനിച്ചു. പക്ഷേ അവിടെ എല്ലാ പി.ജി അഡ്മിഷനും പ്രവേശന പരീക്ഷ ഉണ്ടായിരുന്നു. പരീക്ഷ എഴുതാൻ അലീഗഡിൽ തന്നെ പോകുകയും വേണമായിരുന്നു.

അങ്ങനെ ഞാനും ഹാരിസും അന്ന് അലീഗഡിലേക്ക് വണ്ടി കയറി. റിസർവ്ഡ് കമ്പാർട്ട്മെൻ്റിൽ ഒരു ഫാമിലിയുടെ ലഗേജിൻ്റെ പുറത്ത് ഇരുന്ന് യാത്ര ചെയ്തതും മറ്റും ആണ് എൻ്റെ ഓർമ്മയിലുളളത്. സ്ലീപ്പർ ടിക്കറ്റ് എടുത്തിരുന്നില്ല. അലീഗഡിൽ എത്തിയപ്പോഴാണ് ഫാറൂഖ് കോളേജിൽ ഞങ്ങളുടെ ബാച്ചിൽ ഹിസ്റ്ററി പഠിച്ചിരുന്ന ഇക്ബാലും മറ്റൊരാളും (പേര് ഓർമ്മ വരുന്നില്ല) കൂടി  ഞങ്ങളെപ്പോലെ പരീക്ഷ എഴുതാൻ വന്നത് അറിഞ്ഞത്. 

അന്നാണ് ആദ്യമായും അവസാനമായും ഞാൻ അലീഗഡ് കണ്ടത്. പ്രവേശന പരീക്ഷ പാസാകാത്തതിനാൽ ഞാൻ അലീഗഡിലെ വിദ്യാർത്ഥി ആയില്ല. പക്ഷേ, ആ യാത്രയിലാദ്യമായി ഞാൻ ഡൽഹി കണ്ടു. പിന്നീട് പലതവണ ഡൽഹിയിലേക്ക് ഒറ്റക്കും കൂട്ടായും കുടുംബ സഹിതവും യാത്ര പോകാൻ ആത്മധൈര്യം തന്നത് ഈ സന്ദർശനമായിരുന്നു.

ഇത്രയും പറയാൻ കാരണം എൻ്റെ രണ്ടാമത്തെ മകളുടെ ഒരാഗ്രഹമാണ്. ഡൽഹി ജാമിയ മില്ലിയയിൽ നിന്ന് പി.ജി പഠനം പൂർത്തിയാക്കിയപ്പോൾ അവൾ ബി.എഡ് പഠനത്തിന് പോകാൻ ആഗ്രഹം പ്രകടിപ്പിച്ചു. അതും അലീഗഡ് മുസ്ലിം സർവ്വകലാശാലയിലെ ബിഎഡ് പഠനത്തിന്. 

അലീഗഡിൻ്റെ മലപ്പുറത്തെ ഓഫ് കാമ്പസ് സെൻ്ററിൽ ബി.എഡ് ഉള്ളതിനാൽ പ്രവേശന പരീക്ഷ നാട്ടിൽ എഴുതാമെന്നറിഞ്ഞു. അത് പ്രകാരം അപേക്ഷ നൽകുകയും ചെയ്തു. പക്ഷേ, പ്രവേശന പരീക്ഷയുടെ നാളുകളിൽ അവൾ ഡൽഹിയിൽ തന്നെ ആയതിനാൽ സെൻ്റർ മാറ്റി അലീഗഡ് തന്നെയാക്കി. അങ്ങനെ പരീക്ഷ എഴുതാൻ പോയ അവളും അലീഗഡിൻ്റെ ഒരു ഭാഗം കണ്ടു.

ആഴ്ചകൾക്ക് ശേഷം എക്സാം റിസൾട്ട് വന്നു, അവൾ പാസ്സായി.ശേഷം അലോട്ട്മെൻ്റ് വന്നപ്പോൾ അവൾക്ക് ലഭിച്ചത് പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ ആയിരുന്നു. ബംഗാളിലെ നിലവിലെ പ്രത്യേക രാഷ്ട്രീയ കാലാവസ്ഥ അനുസരിച്ച് മോളെ അവിടേക്ക് വിടാൻ എനിക്ക് താല്പര്യമില്ലായിരുന്നു. ഇപ്പോൾ ഫീസ് മാത്രം അടച്ചാൽ മതി എന്നും അടുത്ത അലോട്ട്മെൻ്റിൽ മലപ്പുറത്തേക്ക് കിട്ടാൻ സാധ്യത ഉണ്ട് എന്നും ആരോ പറഞ്ഞതിനാൽ ഞാൻ ഫീസടച്ചു. സെക്കൻ്റ് അലോട്ട്മെൻ്റ് വന്നപ്പോൾ മോൾക്ക് മലപ്പുറത്തേക്ക് തന്നെ കിട്ടി.

അങ്ങനെ ഇന്നലെ ഞാനും ഭാര്യയും കൂടി അവളെ അലീഗഡ് സർവ്വകലാശാലാ വിദ്യാർത്ഥിനിയാക്കി. പെരിന്തൽമണ്ണക്കടുത്ത് ചെറുകര ചേലാമലയിലെ എ.എം.യു കാമ്പസിൻ്റെ ഹരിതഭംഗി ഞങ്ങൾക്ക് വളരെ ഹൃദ്യമായി. പക്ഷേ മറ്റെല്ലാ കാര്യങ്ങളിലും ഞങ്ങൾ സ്വപ്നം കണ്ട കാമ്പസിൽ നിന്നും എത്രയോ അകലെയാണ് ഈ അലീഗഡ് കാമ്പസ് എന്ന് പറയാതിരിക്കാൻ വയ്യ.

1 comments:

Areekkodan | അരീക്കോടന്‍ said...

ഒരു സ്വപ്നം കൂടി പൂവണിഞ്ഞപ്പോൾ ...

Post a Comment

നന്ദി....വീണ്ടും വരിക