Pages

Thursday, April 30, 2026

കുടുംബ സംഗമം

കുടുംബ ജീവിതത്തിനും കുടുംബ ബന്ധത്തിനും ഒരു വിലയും കല്പിക്കാത്ത തലമുറയാണ് പുതിയ നൂറ്റാണ്ടിൽ ജനിച്ച ഭൂരിപക്ഷം കുട്ടികളും എന്നാണ് പൊതുവെയുള്ള അഭിപ്രായം. അതിനാൽ തന്നെ കല്യാണം കഴിച്ച് പുതിയ ഒരു കുടുംബം ഉണ്ടാക്കാനോ, കുടുംബ ബന്ധങ്ങൾ നിലനിർത്താനോ, മാതാപിതാക്കളെ കുടുംബത്തോടൊപ്പം സംരക്ഷിക്കാനോ ഈ പുതിയ തലമുറ പിന്നോട്ടാണ്. ഇത്തരം ഒരു തലമുറയുടെ തിരിച്ചറിവിന് വേണ്ടിയാണ് മിക്ക കുടുംബങ്ങളിലും ഇക്കാലത്ത് കുടുംബ സംഗമങ്ങൾ നടത്തുന്നത്.

2019 ലാണ് ഞങ്ങളുടെ കോളനിയുടെ കുടുംബ സംഗമം (Click & Read) അവസാനമായി നടന്നത്. അതിന് ശേഷം പ്രളയവും കൊറോണയും നാട്ടിൽ ഭീതി പടർത്തി കടന്ന് പോയി. കുടുംബത്തിലെ പലരും പല സമയങ്ങളിലായി ഇഹലോകവാസം വെടിയുകയും ചെയ്തു. എൻ്റെ ഉമ്മയുടെ തലമുറയിൽ ഉമ്മയും ഒരു ജ്യേഷ്ടത്തിയും ഒരു അനിയത്തിയും മൂന്ന് നാത്തൂന്മാരും മാത്രമാണ് ഇനി ബാക്കിയുള്ളത്. അവർക്ക് കുടുംബത്തിലെ പേര പേരകുട്ടികൾ അടക്കമുള്ളവരെ കാണാനും കുട്ടികൾക്ക് തങ്ങളുടെ കുടുംബത്തിലെ വല്ല്യ വല്യുമ്മമാരെ പരിചയപ്പെടാൻ അവസരം ഒരുക്കാനും കുടുംബത്തിലെ മറ്റംഗങ്ങൾക്ക് അൽപനേരം ഒരുമിച്ചിരുന്ന് ഓർമ്മ പുതുക്കാനും എല്ലാം ലക്ഷ്യം വെച്ച് കൊണ്ടായിരുന്നു ഞങ്ങളുടെ അഞ്ചാം സംഗമം സംഘടിപ്പിച്ചത്.

പല പല ഡേറ്റുകളും നിർദ്ദേശിച്ച് അവസാനം ഭൂരിപക്ഷം പേർക്കും സൗകര്യ പ്രദമായ ദിവസം  എന്ന നിലയിലാണ് ഏപ്രിൽ 26 ഞായറാഴ്ച വൈകിട്ട് നാലര മണി മുതൽ രാത്രി ഒമ്പത് മണി വരെ സംഗമം നിശ്ചയിച്ചത്. ഔപചാരിക ചടങ്ങുകൾ ഒന്നും ഇല്ലാതെ തുടങ്ങിയ പരിപാടികൾക്ക് നിയതമായ ഒരു ഘടനയും നിശ്ചയിച്ചിരുന്നില്ല. എങ്കിൽ പോലും ഒരു തടസ്സവുമില്ലാതെ പരിപാടി മുന്നോട്ട് നീങ്ങി.

ഞങ്ങളുടെ കോളനിക്ക് ചുറ്റും താമസിച്ചിരുന്നതും ഇപ്പോൾ അവിടം വിട്ട് മറ്റു സ്ഥലങ്ങളിലേക്ക് താമസം മാറിയതുമായ കുടുംബങ്ങളെയും കോളനിയിലെ വിവിധ വീടുകളിൽ വീട്ടുജോലി ചെയ്തവരെയും അതിഥികളായി സംഗമത്തിലേക്ക്  ക്ഷണിച്ചിരുന്നു. അവരുടെ അനുഭവങ്ങളും എൻ്റെ തലമുറയുടെ കുട്ടിക്കാല ഓർമ്മകളും ഒന്നാം തലമുറയുടെ ചരിത്രകഥനവും പങ്ക് വെച്ചതോടെ തന്നെ ഞങ്ങൾ പഴയ കുട്ടികളായി. ഇതിനെ ആസ്പദമാക്കി ലൈവ് പ്രശ്‌നോത്തരി നടത്തിക്കൊണ്ട് പുതിയ തലമുറയെയും ഒപ്പം കൂട്ടി. 

അതിഥികൾ അടക്കമുള്ള കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ സംഗമത്തിന് മാറ്റുകൂട്ടി. ഒന്നാം തലമുറയെ പൊന്നാട അണിയിച്ച് ആദരിക്കുകയും കോളനി കുടുംബത്തിൽ നിന്ന് ഈ വർഷം ഹജ്ജിന് പോകുന്നവർക്ക് യാത്രയയപ്പ് നൽകുകയും ചെയ്തു. 

കൂടിച്ചേരലിന് വേണ്ടിയുള്ള ഒരു പരിപാടി എന്നതിൽ നിന്ന് വ്യത്യസ്തമായി മറ്റു ചില ഉദ്ദേശ്യങ്ങൾ കൂടി ഈ സംഗമത്തിനുണ്ടായിരുന്നു. മുൻ കാലങ്ങളിൽ കോളനിയിലെ വിവിധ വീടുകളിൽ ജോലിക്ക് നിന്നവരും ഇപ്പോൾ അഗതികളായി കഴിയുന്നവരുമായവർക്ക് വേണ്ടിയുള്ള സഹായം നൽകലാണ് അതിൽ ഒന്നാമത്തേത്. വർഷത്തിൽ രണ്ട് തവണ സാമ്പത്തിക സഹായം നൽകാനാണ് ഉദ്ദേശ്യം. കോളനിയിലെ കുട്ടികളുടെ വ്യക്തിത്വ വികസനവുമായി ബന്ധപ്പെട്ട് നിരന്തര പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക എന്നതാണ് മറ്റൊരു ഉദ്ദേശ്യം.

എൻ്റെ മകൻ ലിദു മോൻ കരോക്കെ സഹായത്താൽ ജീവിതത്തിലാദ്യമായി ഒരു പാട്ട് പാടിയതും ഈ സംഗമത്തിലാണ്. വെറും രണ്ട് ദിവസത്തെ പരിശീലനം കൊണ്ട്, വലിയൊരു സദസ്സിന് മുന്നിൽ തുടക്കക്കാരൻ്റെ ഒരു പരിഭ്രമവും ഇല്ലാതെ അവൻ പാടിയത് ഞാനും ഭാര്യയും അത്ഭുതത്തോടെ കേട്ടിരുന്നു.

വരും തലമുറയുടെ സംഘ ശേഷിയും സർഗ്ഗശേഷിയും വളർത്തുക എന്ന ലക്ഷ്യത്തോടെ രണ്ട് വർഷത്തിൽ ഒരിക്കൽ കുടുംബ സംഗമം നടത്തണം എന്നാണ് തീരുമാനം. ദൈവം അനുഗ്രഹിക്കട്ടെ.

Monday, April 27, 2026

ഇൻ സേർച്ച് ഓഫ് ഇഷ്ഫാഖ്... .(ടീം 87 SSC @ കാശ്മീർ - 12)

ടീം 87 SSC @ കാശ്മീർ  - 11

കാശ്‍മീരിലെ ഞങ്ങളുടെ രണ്ടാം ദിവസം എവിടെ പോകണമെന്ന് ഒരു മാസം മുമ്പ് തന്നെ തീരുമാനിച്ചതായിരുന്നു.കാരണം കൃത്യം ഒരു മാസം മുമ്പ് മുതലേ ഗുൽമാർഗ് കേബിൾ കാർ ടിക്കറ്റ് റിസർവ് ചെയ്യാൻ പറ്റൂ.ഞങ്ങൾ നിശ്ചയിച്ചുറപ്പിച്ച ദിവസം ഇത്രയും കൃത്യമാകും എന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല.

കാശ്മീരി ഭാഷയിൽ ഗുൽമാർഗ് എന്നാൽ പൂമേട് എന്നാണ് അർത്ഥം. കാശ്മീരിലെ വേനൽ കാലമായ ഏപ്രിൽ മുതൽ ജൂൺ വരെ ഗുൽമാർഗ് വിവിധതരം ഡെയ്‌സി പൂക്കളുടെ ഒരു പൂമേട് തന്നെയാണ്.എൻ്റെ ആദ്യത്തെ കാശ്മീർ യാത്രയിൽ ഞാൻ അത് ശരിക്കും കണ്ടതും ആസ്വദിച്ചതുമാണ്.രണ്ടും മൂന്നും യാത്രകളിൽ ഗുൽമാർഗ് മഞ്ഞിനടിയിലായതിനാൽ പേരിന് പോലും പൂക്കൾ ഉണ്ടായിരുന്നില്ല.ഈ നാലാം യാത്രയിൽ മഞ്ഞ് ഒട്ടും പ്രതീക്ഷിക്കാത്തതിനാൽ അല്പമെങ്കിലും പൂക്കൾ ഉണ്ടാകും എന്നായിരുന്നു എൻ്റെ പ്രതീക്ഷ.

മുമ്പ് രണ്ട് തവണ ഞാൻ ഗുൽമാർഗിലെ കേബിൾ കാറിൽ കയറിയിട്ടുണ്ട്.രണ്ടും ഒന്നാം ഫേസ് ആയ കോങ്ദൂരി വരെ മാത്രമായിരുന്നു.ഇത്തവണ മഞ്ഞിന് അല്പമെങ്കിലും സാദ്ധ്യതയുള്ളത് സെക്കൻഡ് ഫേസിൽ ആയതിനാലും ഞാൻ ഇതുവരെ അവിടെ പോകാത്തതിനാലും റിസർവ് ചെയ്തപ്പോഴേ ഗുൽമാർഗ് മുതൽ അഫാർവത് വരെ ടിക്കറ്റ് എടുത്തിരുന്നു. 1820 രൂപയാണ് ചാർജ്ജ്. മുൻ വർഷത്തിൽ ഇതേ സമയത്ത്  സെക്കൻഡ് ഫേസ് വരെ പോയി പാറക്കല്ലുകൾ മാത്രം കണ്ടു പോന്ന അനിയന്റെ അനുഭവം എന്റെ മനസ്സിൽ ചില ധാരണകൾ സൃഷ്ടിച്ചിരുന്നു. ഹോട്ടലിൽ തൊട്ടടുത്ത റൂമിൽ ഉണ്ടായിരുന്ന കോഴിക്കോട്ടുകാർ തലേ ദിവസം പോയി കാറ്റു കാരണം തിരിച്ച് പോന്നതും കൂടി കേട്ടതോടെ എൻ്റെ പ്ലാൻ മറ്റൊരു വഴിയേ നീങ്ങി.

ഒന്നാം കാശ്മീർ യാത്രയിൽ ഞാൻ കുടുംബ സമേതം താമസിച്ച ഗുൽമാർഗിനടുത്തുള്ള എൻ്റെ സ്റ്റുഡന്റ് ഇഷ്ഫാഖിന്റെ വീട്ടിൽ പോവുക എന്നതായിരുന്നു ആ പ്ലാൻ.എന്റെ സഹപാഠികൾക്ക് ഒരു കാശ്മീരി വീട് കാണാനും അവരുടെ ആതിഥേയത്വം അനുഭവിക്കാനും അതിലൂടെ സാധിക്കും എന്നതായിരുന്നു സാധാരണ ടൂറുകളിൽ നിന്ന് ഞാൻ ഇതിൽ കണ്ട വ്യത്യസ്തത. പിന്നെ ഇടക്കിടക്ക് കാശ്മീരിൽ പോകുന്നതിന്ന് പിന്നിൽ ഒരു രഹസ്യവും ഇല്ല എന്ന് തെളിയിക്കലും.പക്ഷേ, വീടിന്റെ ലൊക്കേഷൻ കിട്ടാൻ, ദിവസങ്ങളായി ശ്രമിച്ചിട്ടും അവനെ ബന്ധപ്പെടാൻ സാധിച്ചില്ല എന്നതായിരുന്നു എന്റെ മുന്നിലെ ഏറ്റവും വലിയ പ്രതിബന്ധം.

കാശ്മീരിൽ ഇനിയുള്ള ദിവസങ്ങളിൽ കറങ്ങാനുള്ള ട്രാവലർ ഹോട്ടലുകാർ തന്നെ ഏർപ്പാടാക്കി തന്നതായിരുന്നു.മുദ്ദസർ എന്ന കാശ്മീരി ആയിരുന്നു ഡ്രൈവർ. യാത്ര പുറപ്പെടുന്നതിന് മുമ്പ് തന്നെ ഞാൻ എൻ്റെ മുൻ കാശ്മീർ സന്ദർശനങ്ങളെപ്പറ്റി അദ്ദേഹത്തോട് പറഞ്ഞു.കൂട്ടത്തിൽ ഇഷ്ഫാഖിന്റെ ഫോട്ടോ കാണിച്ച് അവനെ അറിയുമോ എന്നന്വേഷിച്ചു.പക്ഷെ അദ്ദേഹം കൈ മലർത്തി.

കൃത്യം എട്ടു മണിക്ക് ഞങ്ങൾ ഗുൽമാർഗ്ഗിലേക്ക് പുറപ്പെട്ടു.മഴ ചെറുതായി പൊടിയുന്നുണ്ടായിരുന്നു. ശ്രീനഗറിന്റെ അതിർത്തി കഴിഞ്ഞത് മുതൽ തന്നെ ഞാൻ ജാഗരൂകനായി.മെയിൻ റോഡിൽ നിന്നും ഇഷ്ഫാഖിന്റെ വീട്ടിലേക്ക് തിരിയുന്ന വഴിയുടെ മൂന്ന് വർഷം മുമ്പത്തെ ചെറിയ ഒരോർമ്മ  ചിത്രം എന്റെ മനസ്സിലുണ്ടായിരുന്നു. റോഡിന്റെ  മറുവശത്ത് എവിടെയെങ്കിലും ആ വഴി ഉണ്ടോ എന്ന് ഞാൻ ഉറ്റുനോക്കിക്കൊണ്ടിരുന്നു. റോഡിന്റെ മദ്ധ്യഭാഗത്തെ ഡിവൈഡറിൽ ഉയർന്നു പൊങ്ങിയ ചെടികൾ എന്റെ കാഴ്ചകളെ പലപ്പോഴും മറച്ചു.മകം എന്ന സ്ഥലത്ത് എത്തിയപ്പോൾ ഇഷ്ഫാഖ് മുമ്പ് ആ സ്ഥലത്തെപ്പറ്റി എന്തോ പറഞ്ഞത് എന്റെ ഓർമ്മയിൽ മിന്നിമറഞ്ഞു.അല്പം മുന്നോട്ട് നീങ്ങി, ഒരു ധാബയിൽ പ്രഭാത ഭക്ഷണത്തിനായി ഞങ്ങൾ കയറി.

ഭക്ഷണം കഴിക്കുന്നതിനിടയിൽ മഴ കൂടുതൽ ശക്തമായി.യാത്ര പ്ലാൻ ചെയ്യുമ്പോൾ തന്നെ എല്ലാവരോടും മഴയുറ കരുതാൻ ഞാൻ പറഞ്ഞത് വെറുതെയല്ല എന്ന് എന്റെ സഹപാഠികൾക്ക് ബോദ്ധ്യമായി.ഗുൽമാർഗ്ഗിലെ കാഴ്ചകൾ മഴയിൽ മുങ്ങുമോ എന്ന ഭയം അവരുടെ മുഖത്ത് ഞാൻ കണ്ടു.പക്ഷേ എന്റെ മനസ്സിൽ പ്രതീക്ഷയുടെ ഒരു വെള്ളിമേഘം അപ്പോൾ ഉരുണ്ട് കൂടിത്തുടങ്ങി. കാശ്മീരിലെ അപ്രതീക്ഷിത മഴ മഞ്ഞു വീഴ്ചയുടെ മുന്നോടിയായി സംഭവിക്കുന്നതാണ് എന്ന അറിവായിരുന്നു അതിന് കാരണം.

അപ്പോഴേക്കും, തലേ ദിവസം ലാൽ ചൗക്കിൽ നിന്നും കഴിച്ച ഭക്ഷണം ഫൈസലിനും നാരായണനും പുറമെ എന്നെയും ഉപദ്രവിക്കാൻ തുടങ്ങിയിരുന്നു.മഴ കാരണം യാത്ര തുടരാൻ സാധിക്കാതെ ധാബയിൽ തന്നെ ഇരുന്നതിനാൽ രണ്ടും മൂന്നും തവണ ടോയിലറ്റിൽ പോകാൻ സാധിച്ചു. ഇതിനിടെ ഒരു അസുഖവും ഇല്ലാത്ത ഗോവിന്ദൻ ടോയിലറ്റിൽ കയറി ഏറെ സമയം കഴിഞ്ഞിട്ടും പുറത്ത് വരാത്തത് എന്റെയുള്ളിൽ പരിഭ്രാന്തി പരത്തി. അവൻ്റെ മുൻകരുതൽ കാരണമാണ് വൈകിയത് എന്ന് പുറത്ത് വന്നപ്പോഴാണ് അറിഞ്ഞത്. ഗുൽമാർഗ്ഗിലെ തണുത്ത കാറ്റിൽ നിന്നും രക്ഷ നേടാൻ രണ്ട് അണ്ടർവെയറും അതിന് പുറത്ത് ഒരു ട്രാക്ക്സ്യൂട്ടും പിന്നെ ഒരു പാന്റും അതിനു മുകളിൽ ജീൻസും ധരിച്ച് മൂത്രമൊഴിക്കാൻ കയറിയ അവന്റെ അവസ്ഥ ഓർത്തപ്പോൾ എല്ലാവർക്കും ചിരി പൊട്ടി.  

മഴ ഒന്നടങ്ങിയപ്പോൾ ഞങ്ങൾ യാത്ര തുടരാൻ തീരുമാനിച്ചു.ധാബയിലെ സപ്ലയർ അടുത്തേതോ സ്ഥലവാസി ആണെന്നറിഞ്ഞപ്പോൾ അയാളെയും ഞാൻ ഇഷ്ഫാഖിന്റെ ഫോട്ടോ കാണിച്ചുകൊണ്ട് ആളെ അറിയുമോ എന്നന്വേഷിച്ചു.കാശ്മീരികളുടെ സ്വത സിദ്ധമായ ചിരിയോടെ അയാളും എന്നെ കൈവിട്ടു. അഞ്ച് ദിവസം പരിചയമുള്ള ഇഷ്ഫാഖിന്റെ ഗല്ലി പോകുന്ന വഴിയിൽ ഞാൻ വീണ്ടും തിരഞ്ഞെങ്കിലും മഴ വീണ്ടും തടസ്സപ്പെടുത്തി. അവസാനം ഗുൽമാർഗ്ഗിന്റെ കവാടമായ ടാങ്മാർഗ്ഗിൽ ഞങ്ങളെത്തി.

ഡ്രൈവർ മുദ്ദസർ, വണ്ടി നേരെ ഒരു കടയുടെ മുന്നിലേക്ക് കയറ്റി.കോട്ടും ബൂട്ടും വാടകക്ക് കൊടുക്കുന്ന കടയായിരുന്നു അത്.എല്ലാവരും ജാക്കറ്റും സ്വറ്ററും മഴയുറയും കരുതിയതിനാൽ ഇനി കോട്ടിന്റെ ആവശ്യം ഇല്ല എന്ന് ഞങ്ങൾ ഏകകണ്ഠമായി പറഞ്ഞു. പക്ഷേ, കടയുടമ ഗുൽമാർഗ്ഗ് കേബിൾ കാറിന്റെ ഒന്നാം ഫേസിലെ നിലവിലുള്ള അവസ്ഥ കാണിച്ചപ്പോൾ ഞങ്ങളുടെ കണ്ണ് തള്ളിപ്പോയി - മഞ്ഞു വീഴ്ചയിൽ ആറാടുന്ന സഞ്ചാരികൾ !! മഞ്ഞില്ലെങ്കിൽ കോട്ടിന്റെ വാടക നൽകേണ്ട എന്നും അദ്ദേഹം പറഞ്ഞതോടെ ഒരു സെറ്റിന് 300 രൂപ നിരക്കിൽ ഞങ്ങൾ എല്ലാവരും ആവശ്യമായ ഡ്രെസ്സുകൾ വാടകക്കെടുത്തു.

ഈ സീസണിലെ കാശ്മീരിലെ ആദ്യത്തെ മഞ്ഞുവീഴ്ച അന്ന് ആരംഭിക്കുകയായിരുന്നു.ഒരു മാസം മുമ്പ് ഈ ദിവസം ഗുൽമാർഗ് യാത്രക്കായി തീരുമാനിച്ചത് എത്ര കൃത്യമായിരുന്നു എന്ന് ഞാൻ ആലോചിച്ചുപോയി. ദൈവത്തിന് സ്തുതി.

തിരിച്ച് വണ്ടിയിൽ കയറുന്നതിന് മുമ്പ് ആ കടക്കാരനെയും ഇഷ്ഫാഖിന്റെ ഫോട്ടോ ഞാൻ കാണിച്ചു.അയാളത് മറ്റൊരാളെ കാണിച്ച് എന്തോ കുശുകുശുക്കി.ശേഷം എന്റെ കയ്യിൽ നിന്നും ഇഷ്ഫാഖിന്റെ നമ്പർ വാങ്ങി വിളിച്ച് നോക്കി. ഇഷ്ഫാഖ് ഫോൺ എടുക്കാത്തതിനാൽ ഞാൻ വീണ്ടും നിരാശനായി.കണ്ടെത്തിയാൽ ഒരു സർപ്രൈസ് ആകട്ടെ എന്നതിനാൽ ഇഷ്ഫാഖിനെ ഞാൻ തിരയുന്ന വിവരം മറ്റാരെയും അറിയിച്ചില്ല. 

മല മുകളിൽ മഞ്ഞുണ്ടെന്നറിഞ്ഞതോടെ ഞങ്ങളുടെ ആവേശം കൊടുമുടിയിലായി.വണ്ടി ഗുൽമാർഗ് ലക്ഷ്യമാക്കി മല കയറാൻ തുടങ്ങി.


Next: ഗുൽമാർഗ്ഗിൽ ഒരു മഞ്ഞ് വീഴ്ചക്കാലത്ത്

Friday, April 24, 2026

ലിദു മോൻ്റെ ഫസ്റ്റ് പബ്ലിക് ലൈബ്രറി

ഞാൻ ആദ്യമായി കണ്ട ലൈബ്രറി ബാപ്പ ജോലി ചെയ്തിരുന്ന അരീക്കോട് ഗവണ്മെന്റ് ഹൈസ്‌കൂളിലെതാണ് എന്നാണ് എന്റെ ഓർമ്മ.യു.പി സ്‌കൂളിൽ പഠിക്കുമ്പോൾ വേനലവധിക്ക് സ്‌കൂൾ പൂട്ടുമ്പോൾ ഈ സ്‌കൂളിൽ പോയി പുസ്തകം എടുത്ത് കൊണ്ടുവന്ന് ഞാനും അനിയനും വായിക്കാറുണ്ടായിരുന്നു.അവിടെ അതിനായി അംഗത്വം എടുത്തതായി എനിക്കോർമ്മയില്ല. അല്ലെങ്കിലും മറ്റൊരു സ്‌കൂളിൽ പഠിക്കുന്ന ഞങ്ങൾക്ക് അവിടെ അംഗത്വം കിട്ടില്ലല്ലോ.

പിന്നീട് ഞാൻ ഹൈസ്‌കൂളിൽ എത്തിയപ്പോൾ അവിടെ നിന്നും പുസ്തകം എടുത്തിരുന്നു. അംഗത്വം സ്വമേധയാ കിട്ടുന്നതോ അതല്ല എടുക്കുന്നതോ എന്നോർമ്മയില്ല.

പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴും ഡിഗ്രിക്ക് പഠിക്കുമ്പോഴും അതാത് കോളേജ് ലൈബ്രറികളിൽ അംഗത്വം എടുത്തതായും ഞാൻ ഓർക്കുന്നു.

ഡിഗ്രി കഴിഞ്ഞ ശേഷമാണ് എന്റെ ഉള്ളിലെ വായനക്കാരനെ എനിക്ക് കണ്ടെത്താൻ സാധിച്ചത്. സുദീർഘമായ ഒരു അവധിക്കാലം ലഭിച്ചതിനാൽ ഞാൻ നാട്ടിലെ പ്രമുഖ ലൈബ്രറിയിൽ തന്നെ അംഗത്വമെടുത്തു. ഇപ്പോഴും എന്റെ ഓർമ്മയിൽ ഞാൻ ആദ്യമായി അംഗത്വമെടുത്ത ലൈബ്രറി വൈ എം എ അരീക്കോട് ആണ്.ലൈബ്രറിയിൽ നിന്നും എടുത്ത പുസ്തകങ്ങൾ വളരെ പെട്ടെന്ന് തന്നെ വായന പൂർത്തിയാക്കി വീണ്ടും വീണ്ടും ഞാൻ പുസ്തകങ്ങൾ എടുത്ത് കൊണ്ടിരുന്നു. എൻ്റെ ജീവിതത്തിലെ വായനയുടെ വസന്തകാലമായിരുന്നു ആ കാലഘട്ടം.

വീണ്ടും പഠനത്തിലേക്കും ശേഷം ജോലിയിലേക്കും തിരിഞ്ഞതോടെ വായന എന്നിൽ നിന്ന് ചോർന്നു പോയി. പുതുതായി വീട് പണിതപ്പോൾ അതിൽ ഒരു ലൈബ്രറിയും ഞാൻ സെറ്റ് ചെയ്തു. അങ്ങനെ എൻ്റെ മക്കൾ ആദ്യമായി കാണുന്ന ലൈബ്രറി എൻ്റെ വീട്ടിലേത് തന്നെയായി.

കഴിഞ്ഞ ഏതാനും വർഷങ്ങളായി എന്റെ വീട്ടിലെ ലൈബ്രറിയിലെ പുസ്തകങ്ങൾ വായിച്ചുകൊണ്ട് വായനാ സ്വഭാവം തിരിച്ചുപിടിക്കാൻ ഞാൻ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു, ശ്രീകൃഷ്ണപുരം എൻജിനീയറിംഗ് കോളേജിലേക്ക് സ്ഥലം മാറ്റം കിട്ടി ജോയിൻ ചെയ്ത ഉടനെ ഞാൻ കോളേജ് ലൈബ്രറിയിലും അംഗമായി. 

കഴിഞ്ഞ വർഷം വേനലവധിക്കാലത്ത് ഹരിതം ബുക്‌സ് നടത്തിയ വായനാ ചലഞ്ചിൽ പങ്കെടുത്തതോടെ ചെറിയ മോന് വായനയുടെ ഹരം കയറി. അന്ന് നൂറ് പുസ്തകങ്ങൾ വായിച്ച് കുറിപ്പെഴുതി ഫോട്ടോയടക്കം പത്രത്തിൽ വന്നതോടെ അവൻ സ്‌കൂളിൽ ഹീറോയായി. ഈ വർഷവും അങ്ങനെയൊരു ചലഞ്ച് അന്വേഷിച്ചു നടക്കുമ്പോഴാണ് ഞാൻ വായന ആരംഭിച്ച അരീക്കോട് ഹൈസ്കൂൾ സ്ഥിതി ചെയ്യുന്ന പെരുമ്പറമ്പിലെ ദേശസേവിനി വായനശാലയുടെ ഉദ്യമം ശ്രദ്ധയിൽ പെട്ടത്.

അങ്ങനെ പത്താം വയസ്സ് പൂർത്തിയായതിൻ്റെ പിറ്റേന്ന് ലോക പുസ്തക ദിനത്തിൻ്റെ ഏതാനും ദിവസങ്ങൾക്ക് മുമ്പ് ലിദു മോൻ ആദ്യമായി ഒരു പബ്ലിക് ലൈബ്രറിയിൽ അംഗമായി. ഞങ്ങളുടെ കുടുംബത്തിൽ നിന്ന് ഏറ്റവും ചെറു പ്രായത്തിൽ ലൈബ്രറി അംഗത്വമെടുക്കുന്ന വ്യക്തിയായി ലിദുമോൻ മാറി.ആദ്യ ദിവസമെടുത്ത ടോം സൊയർ എന്ന പുസ്തകം വായിച്ചതോടെ അവന് ആവേശം കയറി. തുടരാൻ ദൈവം അനുഗ്രഹിക്കട്ടെ.

Wednesday, April 22, 2026

ദാൽ ലേക്കും ലാൽ ചൗക്കും (ടീം 87 SSC @ കാശ്മീർ - 11)

 ടീം 87 SSC @ കാശ്മീർ  - 10

ദാൽ തടാക തീരത്തുകൂടിയുള്ള ഇന്നത്തെ യാത്രകളും ശ്രീ ശങ്കരാചാര്യ ക്ഷേത്രത്തിൽ നിന്നുള്ള തടാകത്തിന്റെ വിദൂര കാഴ്ചയും ഞങ്ങളെ തടാകത്തിലേക്ക് മാടി വിളിച്ചുകൊണ്ടിരുന്നു. സായാഹ്‌ന സമയമായതിനാൽ ശിക്കാര റൈഡിനുള്ള അനുയോജ്യമായ സമയം കൂടിയായിരുന്നു.മഴ പെയ്യുമോ എന്നതായിരുന്നു ഏക ഭീഷണി.മുൻ സന്ദർശനങ്ങളിൽ എല്ലാം ഞാൻ ദാൽ തടാകത്തിൽ ശിക്കാര റൈഡ് നടത്തിയിട്ടുണ്ട്. ഓരോ റൈഡും ഓരോ അനുഭവമായതിനാൽ ഇത്തവണയും ഞാൻ അത് ഒഴിവാക്കിയില്ല.

ജമ്മു കാശ്മീരിലെ രണ്ടാമത്തെ വലിയ തടാകമാണ് ദാൽ തടാകം.18 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ പരന്നു കിടക്കുകയാണ് ദാൽ തടാകം. ബന്ദിപ്പോരക്കടുത്തുള്ള വൂളാർ തടാകമാണ് കാശ്മീരിലെയും ഇന്ത്യയിലെയും ഏറ്റവും വലിയ തടാകം.പക്ഷെ,ശ്രീനഗർ സിറ്റിയിൽ സ്ഥിതി ചെയ്യുന്ന ദാൽ ലേക്ക് ആണ് ഏറ്റവും പ്രശസ്തമായത്.പൂക്കളുടെ തടാകം, ശ്രീനഗറിന്റെ രത്നം എന്നീ അപരനാമങ്ങളിലും ദാൽ തടാകം അറിയപ്പെടുന്നു. ആമ്പലും താമരയും പൂവിട്ട് നിൽക്കുന്ന സീസണിലാണ് ദാൽ ലേക്ക് കൂടുതൽ സുന്ദരിയാകുന്നത് എന്ന് ബോട്ടുകാരൻ യൂസഫ് പറഞ്ഞു.

ഗാട്ട് നമ്പർ 14ൽ നിന്നായിരുന്നു കഴിഞ്ഞ രണ്ട് തവണയും ഞാൻ ശിക്കാര യാത്ര നടത്തിയത്. ഇത്തവണയും അതിനടുത്തുള്ള ഒരു ഗാട്ട് നമ്പറാണ് ഹോട്ടലിൽ നിന്നും പറഞ്ഞ് തന്നത്. ഒരു മണിക്കൂറിന് അറുന്നൂറ് രൂപ മുതൽ ആയിരം രൂപ വരെ ഈടാക്കും എന്നും അറിവ് കിട്ടി.ഒരു ശിക്കാരയിൽ നാല് പേർക്കാണ് യാത്രയെങ്കിലും അഞ്ചു പേർക്ക് വരെ കയറാമെന്നും വിവരം കിട്ടി. അതനുസരിച്ച് രണ്ട് ബോട്ടുകളിൽ ഞങ്ങൾ അഞ്ച് പേർ വീതം കയറി.

സീസൺ അല്ലാത്തത് കൊണ്ടും പഹൽഗാം ഭീകരാക്രമണ ഭീതി വിട്ടുമാറാത്തതിനാലും എല്ലായിടത്തും സഞ്ചാരികൾ വളരെ കുറവായിരുന്നു. അതിനാൽ തന്നെ സഞ്ചാരികളെ ചൂഷണം ചെയ്യുന്നതിന് പകരം കൂടുതൽ സൗഹാർദ്ദപരമായി പെരുമാറാൻ തദ്ദേശീയർ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പലതരം കച്ചവട വസ്തുക്കളും ബോട്ടുകളിൽ ഞങ്ങളുടെ ചുറ്റും വന്നും പോയും കൊണ്ടിരുന്നു.

എല്ലാ ബോട്ടുകാരും ചെയ്യുന്നപോലെ ഹൗസ് ബോട്ടുകളിൽ ഒരുക്കിയ ഫ്ലോട്ടിംഗ് മാർക്കറ്റിൽ ഞങ്ങളെയും കയറ്റി.പലരും സാധനങ്ങൾ വാങ്ങുകയും ചെയ്തു.കമ്മീഷൻ ലഭിക്കും എന്നതിനാൽ സമയം വൈകിയിട്ടും ബോട്ടുകാർ ഒന്നും പറഞ്ഞില്ല. ദാൽ തടാകത്തിലൂടെ അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിച്ച് കൊണ്ടിരിക്കുന്ന വിവിധതരം ബോട്ടുകളിൽ ഞങ്ങൾ കാശ്മീരിന്റെ പലതരം മുഖങ്ങളും ദർശിച്ചു.ദൈവം കനിഞ്ഞരുളിയ അനുഗ്രഹങ്ങൾക്കിടയിലും സന്തോഷം കെട്ടുപോയ ജീവിതങ്ങൾ മനസ്സിൽ വേദന പടർത്തി.

ശിക്കാര യാത്ര കഴിഞ്ഞ് ഞങ്ങൾ റൂമിൽ തിരിച്ചെത്തി.നേരത്തെ പറഞ്ഞുറപ്പിച്ച സംഖ്യ മാത്രം ഞാൻ ഡ്രൈവർക്ക് കൊടുത്തു.ടിപ് ചോദിച്ചെങ്കിലും നൽകിയില്ല.കാരണം തലേ ദിവസം ഞാൻ സംസാരിച്ചുറപ്പിച്ച സ്ഥലങ്ങൾ മുഴുവൻ കണ്ടിരുന്നില്ല.മാത്രമല്ല ഓരോ സ്ഥലത്തും പാർക്കിംഗ് ഫീ എന്ന പേരിൽ അമ്പത് രൂപ ഡ്രൈവർ വാങ്ങുകയും ചെയ്തിരുന്നു.ഞങ്ങൾ ഭക്ഷണം കഴിക്കുമ്പോൾ അദ്ദേഹത്തിനും നൽകിയിരുന്നു.അതിനെല്ലാം  പുറമെ ഒരു ടിപ് ആവശ്യമുള്ളതായി എനിക്ക് തോന്നിയില്ല.

പതിവ് പോലെ രാത്രി കാശ്മീരി വിഭവങ്ങൾ തേടി ഇറങ്ങാൻ തീരുമാനിച്ചു.കേട്ട് മാത്രം പരിചയമുള്ള കാശ്മീരി വാസ്‌വാൻ ഇന്ന് രുചിച്ചു നോക്കാം എന്ന് ചിലർക്ക് തോന്നി.കാരണം അത്ര രുചികരമായ സാധനമാണെങ്കിൽ തിരിച്ചു പോകുന്നതിന് മുമ്പ് മറ്റൊരു ദിവസം കൂടി കഴിക്കാൻ അവസരം ലഭിക്കണമല്ലോ! കരീംസ് ആണ് വാസ്‌വാൻ കഴിക്കാൻ ഏറ്റവും നല്ല ഹോട്ടൽ എന്ന് ഫൈസൽ ആദ്യമേ മനസ്സിലാക്കി വച്ചിരുന്നു. 

ശ്രീനഗറിൽ കരീംസ് ഉണ്ടെന്നും ലാൽ ചൗക്കിൽ ആണ് അതെന്നും അന്വേഷണത്തിൽ നിന്ന് മനസ്സിലായപ്പോൾ സന്തോഷിച്ചത് ഞാനായിരുന്നു. കാരണം ഒന്നാമത്തെയും  മൂന്നാമത്തെയും കാശ്മീർ സന്ദർശനങ്ങളിൽ ഞാൻ കാണാൻ ആഗ്രഹിച്ച മാർക്കറ്റായിരുന്നു ലാൽ ചൗക്ക്. ആ രണ്ട് സന്ദർശനങ്ങളിലും സാധിക്കാത്ത ഒന്ന് കൂടി ഇതാ ഫൈസലിന്റെ ഭക്ഷണപ്രിയം കൊണ്ട് യാദൃശ്ചികമായി സംഭവിക്കാൻ പോകുന്നു.

ഖയാം ചൗക്കിൽ നിന്നും മെയിൻ റോഡിലേക്ക് കയറി അല്പം കൂടി മുന്നോട്ട് നടന്നാൽ ലാൽ ചൗക്കിൽ എത്താം എന്ന് ഞങ്ങളിൽ ആരോ എങ്ങനെയോ മനസ്സിലാക്കി.അതനുസരിച്ച് ഞങ്ങൾ നടത്തം ആരംഭിക്കുകയും ചെയ്തു.വഴിയിൽ ഒരു ഉന്തുവണ്ടിയിൽ എന്തോ ഒരു കായ ചുട്ടത് വില്പനക്ക് വച്ചത് പല സ്ഥലത്തും കണ്ടു. ഞാനും മുജീബും അതെന്തെന്നറിയാൻ വേണ്ടി ഒരു കച്ചവടക്കാരനെ സമീപിച്ചു.ചെസ്റ്റ് നട്ട് ആണെന്നറിഞ്ഞപ്പോൾ രുചി അറിയാൻ വേണ്ടി മാത്രം അല്പം വാങ്ങി എല്ലാവർക്കും നൽകി.ചക്കക്കുരു ചുട്ട അതേ രുചി ; വില കിലോക്ക് അറുനൂറ് രൂപയും!!

ഞങ്ങൾ മനസ്സിലാക്കിയ പോലെ ലാൽ ചൗക്ക് അത്ര സമീപത്തായിരുന്നില്ല. ഞായറാഴ്ച ആയതിനാൽ അല്പം നേരത്തെ ഇറങ്ങിയിരുന്നെങ്കിൽ ഷോപ്പിംഗ് കൂടി നടത്താമായിരുന്നു എന്ന് തോന്നിപ്പോയി.സൺ‌ഡേ മാർക്കറ്റിന്റെ ഭാഗമായുള്ള തെരുവോര കച്ചവടങ്ങൾ മിക്കവയും ഞങ്ങളെത്തുമ്പോഴേക്കും അവസാനിപ്പിച്ചിരുന്നു.ഏകദേശം മൂന്ന് കിലോമീറ്റർ നടന്നു കഴിഞ്ഞപ്പോഴാണ് ഞങ്ങൾ ലാൽ ചൗക്കിൽ എത്തിയത്.

ശ്രീനഗറിലെ റെഡ് സ്‌ക്വയർ എന്നാണ് ലാൽ ചൗക്ക് അറിയപ്പെടുന്നത്. കാരണം രാഷ്ട്രീയ യോഗങ്ങളും റാലികളും മറ്റും എല്ലാം ഇവിടെയാണ് നടക്കാറുള്ളത്.നഗരത്തിലെ പ്രധാനപ്പെട്ട ഒരു കച്ചവട കേന്ദ്രം കൂടിയാണ് ലാൽ ചൗക്ക്.കശ്‍മീരി കരകൗശല വസ്തുക്കളും പഷ്മിന ഷാളുകളും ഡ്രൈ ഫ്രൂട്ടുകളും എല്ലാം ഇവിടെ ലഭിക്കും.ചത്വര മധ്യത്തിലെ ക്ലോക്ക് ടവർ ആണ് ലാൽ ചൗക്കിന്റെ മുഖമുദ്ര.ഇതിന്റെ ദീപാലംകൃതമായ രാത്രി ദൃശ്യം മനോഹരമാണ്.

ഉദ്ദേശിച്ചപോലെ കരീംസ് ഹോട്ടൽ അവിടെ എവിടെയും കണ്ടില്ല. അന്വേഷിച്ചപ്പോൾ പലരും പല ദിശയിലാണ് ചൂണ്ടിയത് എന്നതിനാൽ തൊട്ടടുത്ത ഒരു ഹോട്ടലിൽ ഞങ്ങൾ കയറി.വാസ്‌വാൻ മറ്റൊരു ദിവസം കഴിക്കാം എന്ന തീരുമാനത്തിൽ ഓരോരുത്തരും അവനവന് ഇഷ്ടമുള്ളത് ഓർഡർ ചെയ്തു.എന്ത് കഴിക്കണം എന്ന കൺഫ്യൂഷൻ വന്നതിനാൽ നുസൈബ പ്രത്യേകിച്ച് ഒന്നും ഓർഡർ ചെയ്തില്ല.ഇടക്ക് ആരെയോ ഓർമ്മ വന്നതിനാൽ അവൾ മറ്റേതോ ലോകത്തേക്ക് പോയി.

നിശീഥിനി വെജിറ്റേറിയൻ ആയതിനാൽ മഷ്‌റൂം മസാലയും ഓർഡർ ചെയ്ത കൂട്ടത്തിൽ ഉണ്ടായിരുന്നു.എല്ലാവരും അതിന്റെ രുചി നോക്കിയപ്പോൾ ഫൈസലും നാരായണനും ഒരല്പം കൂടുതൽ കഴിച്ചു.ഭക്ഷണം കഴിച്ച് തിരിച്ച് റൂമിലേക്കുള്ള മടക്ക യാത്രയിൽ ഫൈസലും നാരായണനും ഓട്ടമത്സരം നടത്തിയതിൻ്റെ ഗുട്ടൻസ് പിറ്റേന്നാണ് പലർക്കും പിടികിട്ടിയത്.

Next : ഇൻ സെർച്ച് ഓഫ് ഇഷ്ഫാഖ്

Monday, April 20, 2026

കപീഷ് കഥ എഴുത്ത് സമ്മാനം

എൻ്റെ മൂത്ത മകൾക്ക് ഇരുപത്തിയാറ് വയസ്സ് കഴിഞ്ഞു. അവൾ ആറാം ക്ലാസിൽ എത്തിയപ്പോഴാണ് എൻ്റെ വീടിൻ്റെ കുടിയിരിക്കൽ അഥവാ പാലുകാച്ചൽ നടന്നത്. പുതിയ വീടായതോടെ, മോൾക്ക് വായിക്കാൻ വേണ്ടി വീട്ടിൽ ബാലഭൂമിയും മലർവാടിയും വരുത്താൻ തുടങ്ങി. അഞ്ച് വർഷത്തെ ഇടവേളകളിൽ ഞാൻ മൂന്ന് കുട്ടികളുടെ കൂടി പിതാവായി. മേൽ പ്രസിദ്ധീകരണങ്ങളിലൂടെ അവരും അവരുടെ വായന വളർത്തി.

വായനക്കൊപ്പം തന്നെ അതിലെ വിവിധ മത്സരങ്ങളിലും മക്കൾ പങ്കെടുക്കാറുണ്ടായിരുന്നു. അങ്ങനെ, കാനനപത്രം തയ്യാറാക്കൽ മത്സരത്തിൽ വിജയിച്ച മൂത്ത മോൾക്ക് സമ്മാനമായി ലഭിച്ചത് ഒരു ഡിജിറ്റൽ ക്യാമറ ആയിരുന്നു. വിഷുക്കണി തയ്യാറാക്കൽ മത്സരത്തിലൂടെ രണ്ടാമത്തവൾ നേടിയത് ഒരു ജംബോ കളറിംഗ് കിറ്റ് ആയിരുന്നു. ബോക്സ്, ടീഷർട്ട്, അമ്യൂസ്മെൻ്റ് പാർക്ക് ടിക്കറ്റ് തുടങ്ങീ ചെറിയ ചെറിയ സമ്മാനങ്ങളിലൂടെ മൂന്നാമത്തവൾ അവസാനം എത്തിയത് ഒരു ഏകദിന സമ്മർ ക്യാമ്പിൽ ആയിരുന്നു.

2024 ൽ ആണ് നാലാമത്തവൻ ബാലഭൂമിയിലെ മത്സരങ്ങളിൽ പങ്കെടുക്കാൻ തുടങ്ങിയത്. വിജയികളുടെ ലിസ്റ്റിൽ പേര് വരാൻ തുടങ്ങിയതോടെ അവനും താൽപ്പര്യം കൂടി. കളറിംഗ് സെറ്റും ഇൻസ്‌ട്രുമെൻ്റ്ബോക്‌സുകളും പലപ്പോഴായി സമ്മാനം കിട്ടി. കഴിഞ്ഞ വർഷം ഹരിതം ബുക്സിൻ്റെ വായനാ ചലഞ്ചിലൂടെ നൂറ് പുസ്തകങ്ങൾ വായിച്ചതോടെ അവൻ സ്വയം ചിലത് എഴുതാനും ആരംഭിച്ചു.

അങ്ങനെയിരിക്കയാണ് എൻ്റെ കുട്ടിക്കാലത്തെ പൂമ്പാറ്റ എന്ന ബാലപ്രസിദ്ധീകരണത്തിലൂടെ ഞങ്ങൾക്കെല്ലാം പ്രിയങ്കരനായിരുന്ന കപീഷ് എന്ന കുരങ്ങൻ്റെ കഥ ബാലഭൂമിയിലൂടെ വീണ്ടും പ്രസിദ്ധികരിക്കാൻ തുടങ്ങിയത്. താമസിയാതെ കപീഷ് കഥകൾ എഴുതാനുള്ള ഒരു മത്സരം കൂടി വന്നതോടെ മോൻ്റെ ഉള്ളിലെ എഴുത്ത്കാരൻ വീണ്ടും ഉണർന്നു. അവൻ കഥ എഴുതി, ഞാൻ ചില മാറ്റങ്ങൾ നിർദ്ദേശിച്ചു.

2026 ഏപ്രിൽ 24 ലക്കം ബാലഭൂമിയിൽ പ്രസ്തുത മത്സരത്തിൻ്റെ ഫലം വന്നപ്പോൾ ഇരുപത് പേരുള്ള ലിസ്റ്റിലെ രണ്ടാമത്തെ പേര് അബ്‌ദുള്ള കെൻസ് എന്നായിരുന്നു. ബാലഭൂമിയുടെ മെഗാ സമ്മാനങ്ങൾ നേടിയ അവൻ്റെ മൂന്ന് ഇത്താത്തമാരും ഒന്നും രണ്ടും സ്ഥാനങ്ങളിലായിരുന്നു ഫിനിഷ് ചെയ്തിരുന്നത്. അഞ്ചാം ക്ലാസിലേക്ക് കയറ്റം നേടി പുതിയ സ്‌കൂളിലേക്ക് മാറുന്ന അവന് സമ്മാനമായി ലഭിക്കാൻ പോകുന്നത് ഒരു ബാക്ക് പാക്ക് (ബാഗ്) ആണെന്നത് അവനെയും ഞങ്ങളേയും ഏറെ സന്തോഷിപ്പിക്കുന്നു. ദൈവത്തിന് നന്ദി.


 

Monday, April 13, 2026

ശ്രീ ശങ്കരാചാര്യ ടെമ്പിൾ (ടീം 87 SSC @ കാശ്മീർ - 10)

 ടീം 87 SSC @ കാശ്മീർ  - 9

ഷാലിമാർ ബാഗിൽ ഒരു മണിക്കൂറോളം ചെലവഴിച്ച ശേഷം ഞങ്ങൾ പുറത്തിറങ്ങി.ഞാൻ ടാക്സി ഡ്രൈവറെ വിളിച്ചു. ഉടൻ തന്നെ അയാൾ എത്തുകയും ചെയ്തു.

"ദാൽ ലേക് ജായേഗാ?" ഡ്രൈവർ ചോദിച്ചു.

"തോ ശങ്കരാചാര്യ ടെമ്പിൾ കബ് ജായേഗാ?" ഞാൻ തിരിച്ചും ചോദിച്ചു.

"ശങ്കരാചാര്യ ജാനാ ഹേ?" ഡ്രൈവർ അങ്ങനെ ചോദിച്ചപ്പോഴാണ് അയാളുടെ മനസ്സിൽ അത് ഇല്ലായിരുന്നു എന്ന സത്യം ഞാൻ തിരിച്ചറിഞ്ഞത്.രാവിലെ വണ്ടി നേരെ വിട്ടതും ഇതു കാരണമായിരുന്നു എന്ന് അപ്പോൾ എനിക്ക് മനസ്സിലായി.തലേ ദിവസത്തെ ഡ്രൈവർ ഇർഫാൻ ഇയാളോട് ഒരു കുന്തവും പറഞ്ഞിട്ടില്ല എന്നും അപ്പോൾ വ്യക്തമായി.

"ഹാം...സരൂർ ജാന ഹേ.." 

രണ്ടാം കാശ്മീർ സന്ദർശന വേളയിൽ, സമയം കണ്ടെത്തി സത്യൻ മാഷെയും കൂട്ടി ശങ്കരാചാര്യ ടെമ്പിളിൽ പോകണം എന്ന് ഞാൻ കരുതിയിരുന്നു.അന്നും പിന്നീട് മൂന്നാം സന്ദർശനത്തിലും പോകാൻ സാധിക്കാത്തതിനാൽ ഇത്തവണ എന്ത് തന്നെയായാലും, ശ്രീനഗറിന്റെ ഹൃദയ ഭാഗത്തുള്ള ആ ക്ഷേത്രം കാണണം എന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചിരുന്നു. അതിനാൽ ഒരു വിട്ടുവീഴ്ചക്കും ഞാൻ തയ്യാറായില്ല. വണ്ടി ശങ്കരാചാര്യ ക്ഷേത്രം ലക്ഷ്യമാക്കി നീങ്ങി. അതിനിടെ നിഷാത് ബാഗിന്റെ മുന്നിലൂടെ കടന്നു പോയെങ്കിലും ഷാലിമാർ ബാഗ് കണ്ടതിനാൽ ഇനി അവിടെ കയറേണ്ട എന്ന് തീരുമാനിച്ചു.

ശ്രീനഗർ സിറ്റിയിൽ നിന്ന് ഏകദേശം 1000 അടി ഉയരത്തിൽ സബർവൻ മലനിരയിലാണ് കാശ്മീരിലെ ഏറ്റവും പഴക്കമേറിയ ക്ഷേത്രമായ ശ്രീ ശങ്കരാചാര്യ ടെമ്പിൾ സ്ഥിതി ചെയ്യുന്നത്.ക്ഷേത്രത്തിന്റെ വളരെ അടുത്ത് വരെ ടാക്‌സികൾ എത്തും.റോഡിൽ നിന്നും  ഏകദേശം ഇരുനൂറ്റിയമ്പതോളം സ്റ്റെപ്പുകൾ കയറിയാലേ ക്ഷേത്രത്തിനടുത്ത് എത്തൂ.രാവിലെ ഏഴ് മണി മുതൽ തന്നെ ക്ഷേത്രത്തിലേക്ക് പ്രവേശനം ഉണ്ട്.ഞങ്ങൾ എത്തിയത് ഉച്ച സമയത്തായിരുന്നു.ആ സമയത്ത് വരുന്നവർക്ക്, റോഡ് വക്കിൽ തന്നെ ഭക്തരുടെ വകയായുള്ള ഭക്ഷണവും ഉണ്ട്.

സ്റ്റെപ്പുകൾ ആരംഭിക്കുന്ന സ്ഥലത്ത് തൂക്കിയ കൂറ്റൻ മണി ആദ്യം അടിച്ചത്, ഒരു ദൈവത്തിലും വിശ്വാസമില്ലാത്ത ഗോവിന്ദനായിരുന്നു.പിന്നാലെ സഖാവ് നാരായണനും മണി മുഴക്കി. ഇതു രണ്ടും കണ്ട നുസൈബയും മണിയടിച്ച് പ്രവേശിച്ചു.ഇടുങ്ങിയതും കുത്തനെയുള്ളതുമായ സ്റ്റെപ്പുകൾ നടന്നു കയറാൻ ഞങ്ങളിൽ പലർക്കും അല്പം ബുദ്ധിമുട്ടേണ്ടി വന്നു.

ഒറ്റക്കല്ലിൽ കൊത്തിയതാണ് എന്ന് പറയപ്പെടുന്ന ശങ്കരാചാര്യ ടെമ്പിളിന്റെ ചരിത്രം ബി.സി യിലേക്ക് വരെ നീളുന്നുണ്ട്.ആദിശങ്കരൻ ഈ ക്ഷേത്രം സന്ദർശിച്ച ശേഷമാണ് ഇത് ശ്രീ ശങ്കരാചാര്യ ടെമ്പിൾ എന്നറിയപ്പെടാൻ തുടങ്ങിയത്.നാലഞ്ച് പേർക്ക് മാത്രം ഇരിക്കാവുന്ന ഗുഹ പോലെയുള്ള ഒരു ധ്യാനമുറിയും ക്ഷേത്രത്തോടനുബന്ധിച്ച് ഉണ്ട്.ക്ഷേത്ര പരിസരത്ത് നിന്നും താഴേക്ക് നോക്കിയാൽ ശ്രീനഗർ സിറ്റിയും വിശാലമായി പരന്ന് കിടക്കുന്ന ദാൽ ലേക്കും കാണാം. മുകളിൽ വരെ എത്തിയെങ്കിലും ശ്രീകോവിലിനകത്തെ ശിവലിംഗ പ്രതിഷ്ഠ കാണാൻ ഞാൻ കയറിയില്ല.

പലരും പല ആങ്കിളുകളിലും ഫോട്ടോ പകർത്തുന്ന തിരക്കിലായിരുന്നു.ഉച്ച സമയമായതിനാൽ സൂര്യൻ അതിന്റെ ഉച്ചസ്ഥായിയിലും എത്തിയിരുന്നു. ഞാൻ അല്പം ദൂരേക്ക് മാറി നിന്ന് കാഴ്ചകൾ കണ്ട് നിന്നു.ക്ഷേത്ര പരിസരത്ത് നിന്ന് കൊണ്ട് വീഡിയോ പിടിക്കുന്ന തിരക്കിലായിരുന്നു ഗോവിന്ദൻ.

"ഇതാണ് ക്ഷേത്ര കവാടം" ശ്രീകോവിലിന്റെ സ്റ്റെപ്പുകളിലേക്ക് ക്യാമറ തിരിച്ചു പിടിച്ചുകൊണ്ട് ഗോവിന്ദൻ പറഞ്ഞു.

ഞാൻ നോക്കുമ്പോൾ തടിച്ച ഒരു സ്ത്രീ കോവിൽ സന്ദർശിച്ച് പിന്നോട്ട് സ്റ്റെപ്പുകൾ വെച്ച് വരുന്നതാണ് കണ്ടത് ! എങ്ങോട്ടോ നോക്കിക്കൊണ്ട് "ക്ഷേത്ര കവാടം" എന്ന് പറയുന്ന ഗോവിയുടെ ക്യാമറയിൽ കറക്ട് പതിഞ്ഞത് ആ സ്ത്രീയുടെ പിൻഭാഗവും!!ഞാനത് സൂചിപ്പിച്ചതിനാൽ ഷെയർ ചെയ്യുന്നതിന് മുമ്പേ ആ വീഡിയോ അവൻ ഡിലീറ്റാക്കി.

മഴയുടെ ലക്ഷണങ്ങൾ ചെറുതായിട്ട് കാണാൻ തുടങ്ങി.മിന്നൽ കൂടി ഉണ്ടായാൽ അത്രയും ഉയരത്തിൽ നിൽക്കുന്നത് സേഫ് അല്ല എന്ന് തിരിച്ചറിഞ്ഞതിനാൽ ഞങ്ങൾ വേഗം താഴോട്ടിറങ്ങി.

"അഗല കാഴ്ച ദാൽ ലേക്ക് ഹേ ..." ഞാൻ പറഞ്ഞു.

"അതിനു മുന്നേ ഫുഡ് കഴിക്കണം ഹേ..." നാരായണൻ ഉടൻ മറുപടിയും നൽകി.

Next : ദാൽ ലേക്കും ലാൽ ചൗക്കും

Wednesday, April 08, 2026

ദ ലാസ്റ്റ് പോളിംഗ് ഡ്യൂട്ടി

ഒരു പോളിംഗ് ഉദ്യോഗസ്ഥനെ സംബന്ധിച്ചിടത്തോളം പൊതു തെരഞ്ഞെടുപ്പിലെ ഏറ്റവും ബുദ്ധിമുട്ടേറിയ പ്രക്രിയയാണ് വോട്ടിംഗ്. ആളു മാറിയുള്ള വോട്ട് ചെയ്യലും തിരിച്ചറിയൽ രേഖയിലെ കുഞ്ഞു കുഞ്ഞു കുഴപ്പങ്ങളും വോട്ടിംഗ് യന്ത്രത്തിൻ്റെ പ്രശ്‌നങ്ങളും ഓപ്പൺ വോട്ടുകളും എല്ലാമായി എപ്പോ വേണമെങ്കിലും ഒരു തടസ്സം നേരിടാൻ സാദ്ധ്യതയുള്ള പ്രകിയയാണിത്. അണി മുറിയാത്ത വരി കൂടിയായാൽ ബൂത്തിനകത്തിരിക്കുന്നവർക്ക് പ്രഷർ കൂടാനും തുടങ്ങും.തെരഞ്ഞെടുപ്പിൻ്റെ മർമ്മപ്രധാന ക്രിയയും ഈ വോട്ടിംഗ് ആണ്. വിവിധ തെരഞ്ഞെടുപ്പ് ഡ്യൂട്ടികളിലായി മേൽ പറഞ്ഞ എല്ലാ പ്രയാസങ്ങളും ഞാൻ നേരിട്ടിട്ടുണ്ട്.

ഓരോ തെരഞ്ഞെടുപ്പ് അടുക്കുമ്പോഴും ഡ്യൂട്ടി കിട്ടുമോ എന്നൊരു ആധി സർക്കാർ ഉദ്യോഗസ്ഥർക്ക് സ്വാഭാവികമാണ്. രണ്ട് ദിവസത്തെ വിവിധ തരം യാതനകളാണ് അതിന് പ്രധാന കാരണം. തെരഞ്ഞെടുപ്പ്  പ്രകിയയിലെ കടലാസ് പണികളും മറ്റും ലളിതവല്ക്കരിച്ചാൽ ഒരു പക്ഷേ എല്ലാവരും ഇഷ്ടത്തോടെ സ്വീകരിക്കുന്ന ഒരു ഡ്യൂട്ടിയായും ഇത് മാറിയേക്കും. കാരണം പുതിയ ഒരു നാട്ടിൽ പുതിയ കുറെ ഉദ്യോഗസ്ഥർക്കൊപ്പം പുതിയ കുറെ മനുഷ്യരെ കണ്ടുമുട്ടുന്ന ഒരു ജോലി നമ്മുടെ മനസ്സിന് ഒരു ഉൻമേഷം നൽകും. ഇപ്പോഴത്തെ അവസ്ഥയിലും മേൽ പറഞ്ഞ കാരണത്താൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടി ഇഷ്ടത്തോടെ ചെയ്യുന്നവർ ഉണ്ട്.

2026 നിയമസഭാ തെരഞ്ഞെടുപ്പിൽ എനിക്ക് കിട്ടിയത് ഹോം വോട്ടിംഗിനുള്ള (Click & Read) സ്പെഷ്യൽ പോളിങ്ങ് ഓഫീസർ ഡ്യൂട്ടി ആയിരുന്നു. മാർച്ച് മുപ്പത് മുതൽ തുടർച്ചയായി ആറ് ദിവസം രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് ആറു മണി വരെ കുന്ദമംഗലം നിയോജക മണ്ഡലത്തിൽ ആ കർത്തവ്യ നിർവ്വഹണത്തിൽ ഞാൻ മുഴുകി. സർക്കാർ ജീവനക്കാർക്ക് ഒഴിവ് ദിനമായ പെസഹ വ്യാഴവും ദുഃഖവെള്ളിയും ശനിയാഴ്ചയും എല്ലാം ഈ കാലയളവിൽ കടന്നു പോയി. തിങ്കളാഴ്ച ഞാൻ തിരിച്ച് കോളേജിൽ ജോയിൻ ചെയ്യുകയും ചെയ്തു. അന്ന് രാത്രി വീട്ടിൽ മടങ്ങി എത്തിയപ്പോഴാണ് അടുത്ത വിളി വന്നത്.

"ആബിദ് തറവട്ടത്ത് അല്ലേ?"

"അതെ .."

"കുന്ദമംഗലം ആർ.ഒ ഓഫീസിൽ നിന്നാണ്...."

"ങാ..." ഹോം വോട്ടിംഗിൻ്റെ എന്തെങ്കിലും പ്രശ്‌നമാണോന്നറിയാൻ ഞാൻ ചെവി കൂർപ്പിച്ചു.

"സാറിനെ, വോട്ടെടുപ്പിൻ്റെ തലേ ദിവസം ബുധനാഴ്ച വി.എഫ്.സി ഡ്യൂട്ടിക്ക് ഇട്ടിട്ടുണ്ട്.... അന്നേ ദിവസം രാവിലെ ഏഴ് മണിക്ക് ലോ കോളേജിൽ ഹാജരാകണം... "

"ങേ... ങാ..." ആദ്യത്തെ അമ്പരപ്പും പിന്നാലെ സമ്മതവും എൻ്റെ വായിൽ നിന്നും ഒരു മൂളലായി പുറത്ത് ചാടി.

അങ്ങനെ ഫസ്റ്റ് പോളിംഗ് ഓഫീസറായി ഇന്ന് ആ ഡ്യൂട്ടിയും ഞാൻ ചെയ്തു. കുന്ദമംഗലം നിയോജക മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള കണ്ണൂർ ജില്ലക്കാരുടെ പോസ്റ്റൽ ബാലറ്റ് വഴിയുള്ള വോട്ടിംഗ് ആയിരുന്നു എൻ്റെ ടീമിന് ചെയ്യാനുള്ളത്. പ്രിസൈഡിംഗ് ഓഫീസറും മൂന്ന് പോളിംഗ് ഓഫീസർമാരും അടങ്ങുന്ന ടീമിന് വളരെ ലളിതമായ നടപടി ക്രമങ്ങൾ മാത്രമേ ചെയ്യാനുണ്ടായിരുന്നുള്ളൂ. 

വോട്ടറുടെ നിയോജക മണ്ഡലം ചോദിച്ച് ഒരു ഐ.ഡി കാർഡ് വഴി വോട്ടറെ തിരിച്ചറിഞ്ഞ് രജിസ്റ്ററിൽ വിവരങ്ങൾ ചേർത്ത് അവരെക്കൊണ്ട് ഒപ്പ് വെപ്പിച്ച ശേഷം ബാലറ്റ് പേപ്പർ നൽകും. വിരലിൽ മഷിയും പുരട്ടും. വോട്ടർ ഡിക്ലറേഷൻ പൂരിപ്പിച്ച് വോട്ട് ചെയ്ത് കവറിലിട്ട് ഒട്ടിച്ച് ബാലറ്റ് പെട്ടിയിൽ നിക്ഷേപിക്കുന്നതോടെ വോട്ടിംഗ് കഴിഞ്ഞു. 

ഒമ്പത് മണിക്ക് തുടങ്ങി പത്ത് മണിയോടെ തന്നെ ഇത് കഴിഞ്ഞു. ആകെ അമ്പത്തിമൂന്ന് പേരാണ് വോട്ട് ചെയ്തത്. വൈകിട്ട് ബാലറ്റ് പെട്ടി തുറന്ന് വിവിധ മണ്ഡലങ്ങളിലെ കവറുകൾ തരം തിരിച്ച് കണക്കൊപ്പിച്ച ശേഷം സീൽ ചെയ്ത് തിരിച്ച് നൽകിയതോടെ ആ ഡ്യൂട്ടിയും കഴിഞ്ഞു.

എൻ്റെ ഇതുവരെയുള്ള തെരഞ്ഞെടുപ്പ് ഡ്യൂട്ടികളിലെ ഏറ്റവും ലളിതമായ വോട്ടിംഗ് പ്രക്രിയയാണ് ഇന്ന് ചെയ്ത ഈ ഡ്യൂട്ടി. കൗണ്ടിംഗ് ഡ്യൂട്ടി കിട്ടിയിട്ടില്ലെങ്കിൽ സർക്കാർ സർവ്വീസിലെ എൻ്റെ അവസാനത്തെ ഇലക്ഷൻ ഡ്യൂട്ടി ഇതായിരിക്കും. അത് എൻ്റെ അനിയൻ അമ്മാർ റിട്ടേണിംഗ് ഓഫീസറായ മണ്ഡലത്തിലായത് തികച്ചും യാദൃശ്ചികം.





Tuesday, April 07, 2026

ഹോം വോട്ടിംഗ്

2026 ലെ നിയമസഭാ തെരഞ്ഞെടുപ്പ് എന്നെ സംബന്ധിച്ചിടത്തോളം ഒരു കാലഘട്ടത്തിൻ്റെ അവസാനം കൂടിയാണ്. 1998 മുതൽ 2026 വരെ നടന്ന തെരഞ്ഞെടുപ്പുകളിൽ രണ്ടോ മൂന്നോ ഒഴികെ എല്ലാറ്റിലും എനിക്ക് ഡ്യൂട്ടി കിട്ടിയിരുന്നു. വിരമിക്കാൻ രണ്ട് വർഷം മാത്രം ബാക്കിയിരിക്കെ ഇനി ഒരു തെരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്യാൻ സാധിക്കും എന്ന് എനിക്ക് തോന്നുന്നില്ല. അതിനാൽ തന്നെ ഇലക്ഷൻ ഡ്യൂട്ടി ലിസ്റ്റ് പ്രതീക്ഷയോടെയായിരുന്നു ഞാൻ കാത്തിരുന്നത്.

ബട്ട്, ഡ്യൂട്ടി ലിസ്റ്റ് വന്നു എന്നറിഞ്ഞ് അതിൽ തലങ്ങും വിലങ്ങും പരതി നോക്കിയിട്ടും എൻ്റെ പേര് കാണാതായപ്പോൾ എനിക്ക് ഒട്ടും സന്തോഷം തോന്നിയില്ല. രണ്ടാം ലിസ്റ്റ് വരുമ്പോൾ അതിലുണ്ടാകും എന്ന് ഞാൻ മനസ്സിനോട് പറഞ്ഞു. ആദ്യ ലിസ്റ്റിൽ ഉണ്ടായിരുന്നവരിൽ പലരെയും ഒഴിവാക്കിയാണ് രണ്ടാം ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. അപ്പോൾ പിന്നെ അതിൽ ആദ്യമേ ഇല്ലാത്ത എൻ്റെ കാര്യം പറയാനുമില്ലായിരുന്നു. അതോടെ മറ്റെന്തോ ഡ്യൂട്ടി എന്നെ കാത്തിരിക്കുന്നതായി വെറുതെ ഒന്ന്  മനസ്സിൽ തോന്നി.

വെള്ളിയാഴ്ച സന്ധ്യക്ക്, കോളേജിൽ നിന്ന് വീട്ടിലെത്തി ഏതാനും നിമിഷങ്ങൾ കഴിഞ്ഞപ്പോൾ എനിക്ക് ഒരു ഫോൺ കോൾ വന്നു. ഹോം വോട്ടിംഗ് ഡ്യൂട്ടി ഉണ്ടെന്നും പിറ്റേ ദിവസം രാവിലെ ലോ കോളേജിൽ നടക്കുന്ന പരിശീലന ക്ലാസിൽ പങ്കെടുക്കണമെന്നും അറിയിച്ചു കൊണ്ടുള്ള വിളിയായിരുന്നു അത്. ഓർഡർ പേപ്പർ ഒന്നും ഇല്ലാതെ ഫോൺ വിളിയിലൂടെ മാത്രം ഒരു ഇലക്ഷൻ ഡ്യൂട്ടിക്ക് ഞാൻ ഹാജരാകുന്നത് ആദ്യമായിട്ടായിരുന്നു. അതും എൻ്റെ അനുജൻ അമ്മാർ റിട്ടേണിംഗ് ഓഫീസറായ കുന്ദമംഗലം നിയമസഭാ മണ്ഡലത്തിൽ.

രണ്ട് വർഷം മുമ്പ് നടന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ ഇതേ ഡ്യൂട്ടി ചെയ്തിരുന്നതിനാൽ അതിൻ്റെ ഹരം എനിക്ക് അറിയാമായിരുന്നു. പരിചയ സമ്പന്നൻ എന്ന നിലക്ക് മറ്റ് ഓഫീസർമാർക്ക് ഇതേപ്പറ്റി പറഞ്ഞു കൊടുക്കാനും അനിയൻ എനിക്ക് അവസരം തന്നു. സസ്പെൻഷൻ കിട്ടാൻ വളരെ സാദ്ധ്യതയുള്ള ജോലി ആണിതെന്ന ട്രെയിനറുടെ വാക്കുകളിൽ ഭയം നിറഞ്ഞ മുഖങ്ങളുമായി നിന്നവർക്ക് വീടുകളിൽ നിന്ന് കിട്ടുന്ന എൻ്റെ ചക്ക മാങ്ങ ജ്യൂസ് ഓഫറുകൾ ആശ്വാസം നൽകി.

കുന്ദമംഗലം നിയോജക മണ്ഡലത്തിലെ കാരന്തൂരിൽ 85 വയസ്സ് കഴിഞ്ഞ 31 പേരുടെയും അംഗപരിമിതരായ 19 പേരുടെയും വീട്ടിൽ ചെന്നുള്ള വോട്ട് ചെയ്യിപ്പിക്കൽ ആയിരുന്നു 30.3.26 മുതൽ 4.4.26 വരെയുള്ള ആറ് ദിവസത്തേക്ക് എനിക്ക് കിട്ടിയ ഡ്യൂട്ടി. ഇടക്ക് വെച്ച് ഒളവണ്ണ പഞ്ചായത്തിലെ 31 വോട്ടർമാരെ കൂടി തന്നതിനാൽ മൊത്തം 81 വോട്ടർമാരായി. അതിൽ സ്ഥലത്തില്ലാത്ത രണ്ട് പേർ ഒഴികെ മൊത്തം 79 പേരെ BLO മാരുടെ സഹായത്തോടെ ഞങ്ങൾ വോട്ടു ചെയ്യിപ്പിച്ചു.

ഇന്ത്യൻ ബാങ്ക് ഉദ്യോഗസ്ഥനായ ശ്രീജിത്ത്, കേരള ബാങ്ക് ഉദ്യോഗസ്ഥനായ മുരുകദാസ് , മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ ബിനോയ് സാമുവൽ, വീഡിയോ ഗ്രാഫർ മുക്കം സ്വദേശി മുഹമ്മദ് ഫെമിൻ, ഡ്രൈവർ ഓമശ്ശേരി സ്വദേശി രാജേഷ് എന്നിവരായിരുന്നു എൻ്റെ ടീമംഗങ്ങൾ. ഇന്നോവ ക്രിസ്റ്റയുമായി പൂനൂർ സ്വദേശി മുജീബ് റഹ്മാൻ ആയിരുന്നു ആദ്യ മൂന്ന് ദിവസത്തെ ഡ്രൈവർ. വീതി കുറഞ്ഞ വഴികളിലൂടെ ഇന്നോവക്ക് പോകാനുള്ള ബുദ്ധിമുട്ട് കാരണം നാലാം ദിവസം മുതൽ ഞങ്ങളുടെ യാത്ര ബൊലീറോ ജീപ്പിലാക്കി മാറ്റി.

അഞ്ച് ദിവസം കൊണ്ട് മുഴുവൻ വോട്ടർമാരെയും ഞങ്ങൾ സന്ദർശിച്ചു. കഴിഞ്ഞ ഹോം വോട്ടിംഗ് പോലെ വിവിധ വീടുകളിൽ നിന്ന് ഹൃദ്യമായ വരവേൽപ്പ് തന്നെ ഞങ്ങൾക്ക് ലഭിച്ചു. ചക്കക്കും മാങ്ങക്കും പകരം പൂവൻ പഴവും പപ്പായയും ആയിരുന്നു ഇത്തവണ ലഭിച്ച പഴങ്ങൾ. മുൻ ബേപ്പൂർ എം.എൽ എ ആയിരുന്ന വി കെ സി മമ്മദ് കോയയുടെ വീടും ഞങ്ങൾ സന്ദർശിച്ചു. ആദ്യ സന്ദർശനത്തിൽ സ്ഥലത്തില്ലാതിരുന്ന വോട്ടർമാരെ ആറാം ദിവസം വീണ്ടും സന്ദർശിച്ച് ഉച്ചയോടെ ഞങ്ങളുടെ ദൗത്യം പൂർത്തിയാക്കി.

2024 ലെ ഹോം വോട്ടിംഗ് ടീമംഗങ്ങൾക്ക് ഓർമ്മക്കായി ഞാൻ എൻ്റെ ആദ്യ പുസ്തകമായ "അമ്മാവൻ്റെ കൂളിംഗ് എഫക്ട് " നൽകിയിരുന്നു. ഇത്തവണ എല്ലാവർക്കും സ്നേഹ സമ്മാനമായി എൻ്റെ മൂന്നാം പുസ്തകമായ "പാഠം ഒന്ന് ഉപ്പാങ്ങ" യും  നൽകി. അങ്ങനെ 2026 നിയമസഭാ തെരഞ്ഞെടുപ്പിലും ഞാൻ എൻ്റെ കയ്യൊപ്പ് ചാർത്തി.