കാശ്മീരിലെ ഞങ്ങളുടെ രണ്ടാം ദിവസം എവിടെ പോകണമെന്ന് ഒരു മാസം മുമ്പ് തന്നെ തീരുമാനിച്ചതായിരുന്നു.കാരണം കൃത്യം ഒരു മാസം മുമ്പ് മുതലേ ഗുൽമാർഗ് കേബിൾ കാർ ടിക്കറ്റ് റിസർവ് ചെയ്യാൻ പറ്റൂ.ഞങ്ങൾ നിശ്ചയിച്ചുറപ്പിച്ച ദിവസം ഇത്രയും കൃത്യമാകും എന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല.
കാശ്മീരി ഭാഷയിൽ ഗുൽമാർഗ് എന്നാൽ പൂമേട് എന്നാണ് അർത്ഥം. കാശ്മീരിലെ വേനൽ കാലമായ ഏപ്രിൽ മുതൽ ജൂൺ വരെ ഗുൽമാർഗ് വിവിധതരം ഡെയ്‌സി പൂക്കളുടെ ഒരു പൂമേട് തന്നെയാണ്.എൻ്റെ ആദ്യത്തെ കാശ്മീർ യാത്രയിൽ ഞാൻ അത് ശരിക്കും കണ്ടതും ആസ്വദിച്ചതുമാണ്.രണ്ടും മൂന്നും യാത്രകളിൽ ഗുൽമാർഗ് മഞ്ഞിനടിയിലായതിനാൽ പേരിന് പോലും പൂക്കൾ ഉണ്ടായിരുന്നില്ല.ഈ നാലാം യാത്രയിൽ മഞ്ഞ് ഒട്ടും പ്രതീക്ഷിക്കാത്തതിനാൽ അല്പമെങ്കിലും പൂക്കൾ ഉണ്ടാകും എന്നായിരുന്നു എൻ്റെ പ്രതീക്ഷ.
മുമ്പ് രണ്ട് തവണ ഞാൻ ഗുൽമാർഗിലെ കേബിൾ കാറിൽ കയറിയിട്ടുണ്ട്.രണ്ടും ഒന്നാം ഫേസ് ആയ കോങ്ദൂരി വരെ മാത്രമായിരുന്നു.ഇത്തവണ മഞ്ഞിന് അല്പമെങ്കിലും സാദ്ധ്യതയുള്ളത് സെക്കൻഡ് ഫേസിൽ ആയതിനാലും ഞാൻ ഇതുവരെ അവിടെ പോകാത്തതിനാലും റിസർവ് ചെയ്തപ്പോഴേ ഗുൽമാർഗ് മുതൽ അഫാർവത് വരെ ടിക്കറ്റ് എടുത്തിരുന്നു. 1820 രൂപയാണ് ചാർജ്ജ്. മുൻ വർഷത്തിൽ ഇതേ സമയത്ത് സെക്കൻഡ് ഫേസ് വരെ പോയി പാറക്കല്ലുകൾ മാത്രം കണ്ടു പോന്ന അനിയന്റെ അനുഭവം എന്റെ മനസ്സിൽ ചില ധാരണകൾ സൃഷ്ടിച്ചിരുന്നു. ഹോട്ടലിൽ തൊട്ടടുത്ത റൂമിൽ ഉണ്ടായിരുന്ന കോഴിക്കോട്ടുകാർ തലേ ദിവസം പോയി കാറ്റു കാരണം തിരിച്ച് പോന്നതും കൂടി കേട്ടതോടെ എൻ്റെ പ്ലാൻ മറ്റൊരു വഴിയേ നീങ്ങി.
ഒന്നാം കാശ്മീർ യാത്രയിൽ ഞാൻ കുടുംബ സമേതം താമസിച്ച ഗുൽമാർഗിനടുത്തുള്ള എൻ്റെ സ്റ്റുഡന്റ് ഇഷ്ഫാഖിന്റെ വീട്ടിൽ പോവുക എന്നതായിരുന്നു ആ പ്ലാൻ.എന്റെ സഹപാഠികൾക്ക് ഒരു കാശ്മീരി വീട് കാണാനും അവരുടെ ആതിഥേയത്വം അനുഭവിക്കാനും അതിലൂടെ സാധിക്കും എന്നതായിരുന്നു സാധാരണ ടൂറുകളിൽ നിന്ന് ഞാൻ ഇതിൽ കണ്ട വ്യത്യസ്തത. പിന്നെ ഇടക്കിടക്ക് കാശ്മീരിൽ പോകുന്നതിന്ന് പിന്നിൽ ഒരു രഹസ്യവും ഇല്ല എന്ന് തെളിയിക്കലും.പക്ഷേ, വീടിന്റെ ലൊക്കേഷൻ കിട്ടാൻ, ദിവസങ്ങളായി ശ്രമിച്ചിട്ടും അവനെ ബന്ധപ്പെടാൻ സാധിച്ചില്ല എന്നതായിരുന്നു എന്റെ മുന്നിലെ ഏറ്റവും വലിയ പ്രതിബന്ധം.
കാശ്മീരിൽ ഇനിയുള്ള ദിവസങ്ങളിൽ കറങ്ങാനുള്ള ട്രാവലർ ഹോട്ടലുകാർ തന്നെ ഏർപ്പാടാക്കി തന്നതായിരുന്നു.മുദ്ദസർ എന്ന കാശ്മീരി ആയിരുന്നു ഡ്രൈവർ. യാത്ര പുറപ്പെടുന്നതിന് മുമ്പ് തന്നെ ഞാൻ എൻ്റെ മുൻ കാശ്മീർ സന്ദർശനങ്ങളെപ്പറ്റി അദ്ദേഹത്തോട് പറഞ്ഞു.കൂട്ടത്തിൽ ഇഷ്ഫാഖിന്റെ ഫോട്ടോ കാണിച്ച് അവനെ അറിയുമോ എന്നന്വേഷിച്ചു.പക്ഷെ അദ്ദേഹം കൈ മലർത്തി.
കൃത്യം എട്ടു മണിക്ക് ഞങ്ങൾ ഗുൽമാർഗ്ഗിലേക്ക് പുറപ്പെട്ടു.മഴ ചെറുതായി പൊടിയുന്നുണ്ടായിരുന്നു. ശ്രീനഗറിന്റെ അതിർത്തി കഴിഞ്ഞത് മുതൽ തന്നെ ഞാൻ ജാഗരൂകനായി.മെയിൻ റോഡിൽ നിന്നും ഇഷ്ഫാഖിന്റെ വീട്ടിലേക്ക് തിരിയുന്ന വഴിയുടെ മൂന്ന് വർഷം മുമ്പത്തെ ചെറിയ ഒരോർമ്മ ചിത്രം എന്റെ മനസ്സിലുണ്ടായിരുന്നു. റോഡിന്റെ മറുവശത്ത് എവിടെയെങ്കിലും ആ വഴി ഉണ്ടോ എന്ന് ഞാൻ ഉറ്റുനോക്കിക്കൊണ്ടിരുന്നു. റോഡിന്റെ മദ്ധ്യഭാഗത്തെ ഡിവൈഡറിൽ ഉയർന്നു പൊങ്ങിയ ചെടികൾ എന്റെ കാഴ്ചകളെ പലപ്പോഴും മറച്ചു.മകം എന്ന സ്ഥലത്ത് എത്തിയപ്പോൾ ഇഷ്ഫാഖ് മുമ്പ് ആ സ്ഥലത്തെപ്പറ്റി എന്തോ പറഞ്ഞത് എന്റെ ഓർമ്മയിൽ മിന്നിമറഞ്ഞു.അല്പം മുന്നോട്ട് നീങ്ങി, ഒരു ധാബയിൽ പ്രഭാത ഭക്ഷണത്തിനായി ഞങ്ങൾ കയറി.
ഭക്ഷണം കഴിക്കുന്നതിനിടയിൽ മഴ കൂടുതൽ ശക്തമായി.യാത്ര പ്ലാൻ ചെയ്യുമ്പോൾ തന്നെ എല്ലാവരോടും മഴയുറ കരുതാൻ ഞാൻ പറഞ്ഞത് വെറുതെയല്ല എന്ന് എന്റെ സഹപാഠികൾക്ക് ബോദ്ധ്യമായി.ഗുൽമാർഗ്ഗിലെ കാഴ്ചകൾ മഴയിൽ മുങ്ങുമോ എന്ന ഭയം അവരുടെ മുഖത്ത് ഞാൻ കണ്ടു.പക്ഷേ എന്റെ മനസ്സിൽ പ്രതീക്ഷയുടെ ഒരു വെള്ളിമേഘം അപ്പോൾ ഉരുണ്ട് കൂടിത്തുടങ്ങി. കാശ്മീരിലെ അപ്രതീക്ഷിത മഴ മഞ്ഞു വീഴ്ചയുടെ മുന്നോടിയായി സംഭവിക്കുന്നതാണ് എന്ന അറിവായിരുന്നു അതിന് കാരണം.
അപ്പോഴേക്കും, തലേ ദിവസം ലാൽ ചൗക്കിൽ നിന്നും കഴിച്ച ഭക്ഷണം ഫൈസലിനും നാരായണനും പുറമെ എന്നെയും ഉപദ്രവിക്കാൻ തുടങ്ങിയിരുന്നു.മഴ കാരണം യാത്ര തുടരാൻ സാധിക്കാതെ ധാബയിൽ തന്നെ ഇരുന്നതിനാൽ രണ്ടും മൂന്നും തവണ ടോയിലറ്റിൽ പോകാൻ സാധിച്ചു. ഇതിനിടെ ഒരു അസുഖവും ഇല്ലാത്ത ഗോവിന്ദൻ ടോയിലറ്റിൽ കയറി ഏറെ സമയം കഴിഞ്ഞിട്ടും പുറത്ത് വരാത്തത് എന്റെയുള്ളിൽ പരിഭ്രാന്തി പരത്തി. അവൻ്റെ മുൻകരുതൽ കാരണമാണ് വൈകിയത് എന്ന് പുറത്ത് വന്നപ്പോഴാണ് അറിഞ്ഞത്. ഗുൽമാർഗ്ഗിലെ തണുത്ത കാറ്റിൽ നിന്നും രക്ഷ നേടാൻ രണ്ട് അണ്ടർവെയറും അതിന് പുറത്ത് ഒരു ട്രാക്ക്സ്യൂട്ടും പിന്നെ ഒരു പാന്റും അതിനു മുകളിൽ ജീൻസും ധരിച്ച് മൂത്രമൊഴിക്കാൻ കയറിയ അവന്റെ അവസ്ഥ ഓർത്തപ്പോൾ എല്ലാവർക്കും ചിരി പൊട്ടി.
മഴ ഒന്നടങ്ങിയപ്പോൾ ഞങ്ങൾ യാത്ര തുടരാൻ തീരുമാനിച്ചു.ധാബയിലെ സപ്ലയർ അടുത്തേതോ സ്ഥലവാസി ആണെന്നറിഞ്ഞപ്പോൾ അയാളെയും ഞാൻ ഇഷ്ഫാഖിന്റെ ഫോട്ടോ കാണിച്ചുകൊണ്ട് ആളെ അറിയുമോ എന്നന്വേഷിച്ചു.കാശ്മീരികളുടെ സ്വത സിദ്ധമായ ചിരിയോടെ അയാളും എന്നെ കൈവിട്ടു. അഞ്ച് ദിവസം പരിചയമുള്ള ഇഷ്ഫാഖിന്റെ ഗല്ലി പോകുന്ന വഴിയിൽ ഞാൻ വീണ്ടും തിരഞ്ഞെങ്കിലും മഴ വീണ്ടും തടസ്സപ്പെടുത്തി. അവസാനം ഗുൽമാർഗ്ഗിന്റെ കവാടമായ ടാങ്മാർഗ്ഗിൽ ഞങ്ങളെത്തി.
ഡ്രൈവർ മുദ്ദസർ, വണ്ടി നേരെ ഒരു കടയുടെ മുന്നിലേക്ക് കയറ്റി.കോട്ടും ബൂട്ടും വാടകക്ക് കൊടുക്കുന്ന കടയായിരുന്നു അത്.എല്ലാവരും ജാക്കറ്റും സ്വറ്ററും മഴയുറയും കരുതിയതിനാൽ ഇനി കോട്ടിന്റെ ആവശ്യം ഇല്ല എന്ന് ഞങ്ങൾ ഏകകണ്ഠമായി പറഞ്ഞു. പക്ഷേ, കടയുടമ ഗുൽമാർഗ്ഗ് കേബിൾ കാറിന്റെ ഒന്നാം ഫേസിലെ നിലവിലുള്ള അവസ്ഥ കാണിച്ചപ്പോൾ ഞങ്ങളുടെ കണ്ണ് തള്ളിപ്പോയി - മഞ്ഞു വീഴ്ചയിൽ ആറാടുന്ന സഞ്ചാരികൾ !! മഞ്ഞില്ലെങ്കിൽ കോട്ടിന്റെ വാടക നൽകേണ്ട എന്നും അദ്ദേഹം പറഞ്ഞതോടെ ഒരു സെറ്റിന് 300 രൂപ നിരക്കിൽ ഞങ്ങൾ എല്ലാവരും ആവശ്യമായ ഡ്രെസ്സുകൾ വാടകക്കെടുത്തു.
ഈ സീസണിലെ കാശ്മീരിലെ ആദ്യത്തെ മഞ്ഞുവീഴ്ച അന്ന് ആരംഭിക്കുകയായിരുന്നു.ഒരു മാസം മുമ്പ് ഈ ദിവസം ഗുൽമാർഗ് യാത്രക്കായി തീരുമാനിച്ചത് എത്ര കൃത്യമായിരുന്നു എന്ന് ഞാൻ ആലോചിച്ചുപോയി. ദൈവത്തിന് സ്തുതി.
തിരിച്ച് വണ്ടിയിൽ കയറുന്നതിന് മുമ്പ് ആ കടക്കാരനെയും ഇഷ്ഫാഖിന്റെ ഫോട്ടോ ഞാൻ കാണിച്ചു.അയാളത് മറ്റൊരാളെ കാണിച്ച് എന്തോ കുശുകുശുക്കി.ശേഷം എന്റെ കയ്യിൽ നിന്നും ഇഷ്ഫാഖിന്റെ നമ്പർ വാങ്ങി വിളിച്ച് നോക്കി. ഇഷ്ഫാഖ് ഫോൺ എടുക്കാത്തതിനാൽ ഞാൻ വീണ്ടും നിരാശനായി.കണ്ടെത്തിയാൽ ഒരു സർപ്രൈസ് ആകട്ടെ എന്നതിനാൽ ഇഷ്ഫാഖിനെ ഞാൻ തിരയുന്ന വിവരം മറ്റാരെയും അറിയിച്ചില്ല.
മല മുകളിൽ മഞ്ഞുണ്ടെന്നറിഞ്ഞതോടെ ഞങ്ങളുടെ ആവേശം കൊടുമുടിയിലായി.വണ്ടി ഗുൽമാർഗ് ലക്ഷ്യമാക്കി മല കയറാൻ തുടങ്ങി.
(തുടരും...)


1 comments:
മുട്ടുവിൻ തുറക്കപ്പെടും എന്നാണല്ലോ ....
Post a Comment
നന്ദി....വീണ്ടും വരിക