Pages

Showing posts with label നോമ്പ്. Show all posts
Showing posts with label നോമ്പ്. Show all posts

Sunday, March 23, 2025

റംസാൻ നിലാവിലെ പുഞ്ചിരി

2004 ലാണ് എൻ്റെ വീടിൻ്റെ പണി ആരംഭിക്കുന്നത്. തറവാട് വീടിൻ്റെ പിന്നിലായി പട്ടിയും കുറുക്കനും ഓരിയിട്ടിരുന്ന പറമ്പിൻ്റെ  അങ്ങേ മൂലയിലായിരുന്നു വീടിനായി ബാപ്പ എനിക്ക് അനുവദിച്ച് തന്ന സ്ഥലം. വീട് പണി ആരംഭിക്കുമ്പോൾ തന്നെ എൻ്റെ പ്രിയപ്പെട്ട പിതാവ് ഒരു നാടൻ മാവിൻ തൈയും അതിരിൽ നട്ടു.  വീടിൻ്റെ പടവ് തുടങ്ങി ഏതാനും ദിവസങ്ങൾക്കകം 2008 ജൂൺ 29 ന് അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു.

വീടിൻ്റെ പണിക്കായി കല്ലും മെറ്റലും മണലും കമ്പിയും സിമൻ്റും മറ്റും എല്ലാം കൊണ്ടു വരുമ്പോൾ പ്രസ്തുത മാവിൻ തൈ ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. സൈറ്റിൽ മാറി മാറി വരുന്ന പണിക്കാരോടും ആ മാവിൻ തൈ ശ്രദ്ധിയ്ക്കാൻ ഞാൻ നിർദ്ദേശം നൽകി. വീട് പണി പുരോഗമിച്ചതിനൊപ്പം മാവിൻ തൈയും വളർന്ന് വന്നു. 2010ൽ ഞാൻ പുതിയ വീട്ടിൽ കുടിയിരിക്കുമ്പോൾ മുറ്റത്ത് ആ മാവും നെഞ്ച് വിരിച്ച് നിന്നു.

ബാപ്പ കാണിച്ച് തന്ന, ഫലവൃക്ഷത്തൈകൾ നടുന്ന ഈ മാതൃക ഞാൻ മറ്റൊരു രൂപത്തിൽ പ്രാവർത്തികമാക്കി. വീട്ടിലെ വിശേഷ ദിവസങ്ങളായ മക്കളുടെയും ഞങ്ങളുടെയും ജന്മദിനങ്ങളിലും വിവാഹ വാർഷിക ദിനത്തിലും വീടിന് ചുറ്റും ഓരോ തരം ഫലവൃക്ഷത്തൈ ഞാൻ വച്ച് പിടിപ്പിച്ചു.  സ്വന്തം ജന്മദിന മരങ്ങളായതിനാൽ മക്കൾ അവയെ നന്നായി പരിപാലിക്കുകയും ചെയ്തു. "മൈ ബർത്ത് ഡേ ആൻ എർത്ത് ഡേ" എന്ന പേരിൽ ഞാൻ ഈ പരിപാടി എൻ്റെ കോളേജില എൻ.എസ്.എസ് യൂണിറ്റിലും നടപ്പിലാക്കി.

നമുക്കാവശ്യമായ വിവിധ പഴങ്ങൾ രാസ വളങ്ങളും കീടനാശിനികളും പ്രയോഗിക്കാതെ നമ്മുടെ വീട്ടുവളപ്പിൽ നിന്നും ലഭ്യമാക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യം. വേനലവധിയിൽ വീട്ടിൽ കളിക്കാൻ വരുന്ന കുട്ടികൾക്ക് പറിച്ച് കഴിക്കാനും അതുവഴി അവരിൽ ഒരു പരിസ്ഥിതി ബോധം വളർത്താനും കൂടി ഇത് ഗുണകരമാകും എന്നും എനിക്ക് തോന്നി. പഴങ്ങൾ കൂടുതലായി കഴിക്കുന്ന റംസാൻ വ്രതക്കാലത്ത് എൻ്റെ സ്വന്തം വളപ്പിൽ നിന്നുള്ള പഴങ്ങൾ ഉപയോഗിക്കാം എന്നതും ഞാൻ സ്വപ്നം കണ്ടു.മാവ് മാങ്ങ തരാൻ തുടങ്ങിയതോടെ അത് ഭാഗികമായി സാക്ഷാൽക്കരിക്കുകയും ചെയ്തു.

എന്നാൽ ഈ വർഷത്തെ റമസാനിൽ സർവ്വ ശക്തനായ ദൈവം എൻ്റെ ലക്ഷ്യ സാക്ഷാൽക്കരണ ദിവസമായി ഒരു ദിനം കരുതി വച്ചിരുന്നു. ലോക ജലദിനമായ മാർച്ച് 22 ന് റംസാൻ മാസത്തിലെ 21-ാം ദിനത്തിൽ വൈകിട്ട് എൻ്റെ മേശയിൽ നിരന്ന പഴങ്ങൾ അതിന് തെളിവായി.


(ഓരോന്നിലും ക്ലിക്ക് ചെയ്ത് ആ സ്റ്റോറി കൂടി വായിക്കുക)

1. മുന്തിരി  : 2019 ലെ ഞങ്ങളുടെ വിവാഹ വാർഷിക തൈയിൽ നിന്ന് 
2. മാങ്ങ : ബാപ്പ നട്ട തൈയിൽ നിന്ന്
3. സീതപ്പഴം : ഫോട്ടോയിൽ കാണുന്ന മോളുടെ രണ്ടാം ജന്മദിനത്തിൽ നട്ട തൈയിൽ നിന്ന് 
4. ചക്ക : 2020 ലെ ഞങ്ങളുടെ വിവാഹ വാർഷിക തൈയിൽ നിന്ന് 
5. പീനട്ട് ബട്ടർ: ഫോട്ടോയിൽ കാണുന്ന മോൻ്റെ    ആറാം ജന്മദിനത്തിൽ നട്ട തൈയിൽ നിന്ന്
6. റോസാപ്പിൾ : എൻ്റെ ഈ ഭ്രാന്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് ഏതോ പക്ഷി ഇട്ട കുരു മുളച്ച തൈയിൽ നിന്ന് 

വിദൂരമല്ലാത്ത ഭാവിയിൽ വീട്ടുമുറ്റത്ത് നിന്ന് കാശ്മീരി ആപ്പിൾ പറിക്കുന്നതും ഞാൻ സ്വപ്നം കാണുന്നു ! ഈ പിരാന്ത് മൂത്തപ്പോൾ ഇരുപത്തിയഞ്ചാം വിവാഹ വാർഷികത്തിന് ഒരു ആപ്പിൾ തൈയും വെച്ചിട്ടുണ്ട്.

ഈ റംസാൻ നിലാവിൽ മാനത്തെ നക്ഷത്രങ്ങൾക്കിടയിൽ നിന്ന് എൻ്റെ പ്രിയ പിതാവ് ഇതെല്ലാം കണ്ട് പുഞ്ചിരി തൂകുന്നുണ്ടാകും. ദൈവത്തിന് സ്തുതി.

Tuesday, May 03, 2022

സ്നേഹത്തിന്റെ മുസല്ലകൾ

റംസാൻ വ്രതം കഴിഞ്ഞ് മുസ്ലിംകൾ ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുകയാണ്.  കോവിഡ് കാരണം കഴിഞ്ഞ രണ്ട് വർഷമായി  ചെറിയ പെരുന്നാൾ ആഘോഷങ്ങൾ വീടിനകത്ത് തന്നെ ഒതുങ്ങി നിൽക്കുകയായിരുന്നു. പള്ളികളിലും ഈദ് ഗാഹുകളിലും തക്ബീർ ധ്വനികൾ മുഴങ്ങുന്നത്  രണ്ട് വർഷത്തിന് ശേഷമാണ്.

ചെറിയ പെരുന്നാൾ ആഘോഷം സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വിളംബരം കൂടിയാണ്. ഈദ് ഗാഹിൽ ഇന്ന് വിരിച്ച ഓരോ മുസല്ലയിലും ഈ സ്നേഹബന്ധം കാണാമായിരുന്നു.തന്റെ തൊട്ടടുത്ത് നിൽക്കുന്നവനു കൂടി സ്വന്തം മുസല്ലയിൽ ഒരിടം നൽകിക്കൊണ്ടാണ് ഓരോ സത്യവിശ്വാസിയും ഇന്ന് ഈദ് ഗാഹിൽ വച്ച് നമസ്കാരം നിർവ്വഹിച്ചത്. 

ഇപ്പോഴും നിലനിൽക്കുന്ന കോവിഡ് പശ്ചാത്തലത്തിൽ മനുഷ്യനും മനുഷ്യനും തമ്മിൽ നിശ്ചിത അകലം പാലിക്കുന്ന ഇന്നത്തെ കാലത്ത് ഈ മുസല്ല സഹകരണം ഏറെ ശ്രദ്ധേയമാണ്. അതു കൊണ്ട് തന്നെ അതിനെ സ്നേഹത്തിന്റെ മുസല്ലകൾ എന്ന് വിളിക്കാനാണ് എനിക്ക് താല്പര്യം.

ആൺ-പെൺ പ്രാതിനിധ്യം കൊണ്ട് വൻ സംഭവമായി മാറാനും ഇന്നത്തെ ഈദ് ഗാഹിനായി. കൊറോണ കുരുക്കിട്ട മനുഷ്യ ബന്ധങ്ങൾ പുനരുജ്ജീവിപ്പിക്കുന്ന കാഴ്ചകൾ ഈദ്ഗാഹിലുടനീളം കാണാൻ സാധിച്ചു.അടുത്ത വർഷത്തെ റംസാനിൽ , ഈ കൂട്ടത്തിൽ നിന്നുള്ള എത്ര പേർക്ക് ഇത് പോലെ ഒരിക്കൽ കൂടി കണ്ടുമുട്ടാൻ സാധിക്കും എന്ന് നിശ്ചയമില്ലാത്തതിനാൽ പലർക്കും വിട പറയലിന്റെ റംസാൻ കൂടെയായിരുന്നു ഇത്.

എല്ലാവർക്കും എന്റെ ചെറിയ പെരുന്നാൾ ആശംസകൾ


Sunday, April 17, 2022

കടിഞ്ഞൂൽ വ്രതം

നോമ്പ് കാലം വരുന്നത് കുട്ടിക്കാലത്തേ ഞങ്ങൾക്ക് വളരെ ഹരമായിരുന്നു. വലിയ മൂത്താപ്പയുട വീട്ടിലും വല്യുമ്മയുടെ വീട്ടിലും, ഞങ്ങളുടെ കോളനിയിലെ മുഴുവൻ ആൾക്കാരെയും പങ്കെടുപ്പിച്ച് കൊണ്ടുള്ള  നോമ്പ് തുറ സൽക്കാരം ഉണ്ടാകും എന്നതാണ് അതിന് ഏറ്റവും പ്രധാന കാരണം. രണ്ടാമത്തെ കാരണം കോഴിക്കറി കൂട്ടി പൊറോട്ട കഴിക്കാം എന്നതാണ്. കുട്ടികളായിരുന്ന ഞങ്ങൾ എല്ലാവരും വളർന്നതും വല്യുമ്മയുടെയും മൂത്താപ്പയുടെയും മരണവും വർഷത്തിലൊരിക്കൽ നടന്നിരുന്ന ആ സംഗമങ്ങൾക്ക് അറുതി വരുത്തി.

ഒന്നിടവിട്ട ദിവസങ്ങളിലായിരുന്നു ഞങ്ങളിൽ പലർക്കും നോമ്പ് എടുക്കാനുള്ള സമ്മതം കിട്ടിയിരുന്നത്. റമദാനിലെ മുപ്പത് ദിവസവും നോമ്പ് എടുക്കാനുള്ള സമ്മതം ലഭിച്ചത് എന്ന് മുതലാണെന്ന് എനിക്ക് ഒരു ഓർമ്മയും ഇല്ല. അപ്പോൾ പിന്നെ ആദ്യത്തെ നോമ്പെടുത്ത ദിവസത്തെപറ്റി ഓർമ്മയുടെ ഒരു അറയിലും പരതാനില്ല.

കുട്ടികൾക്ക് നോമ്പ് പിടിക്കൽ നിർബന്ധമില്ല. പക്ഷെ, ഇസ്ലാമിലെ പ്രധാനപ്പെട്ട ഒരു ആരാധനാ കർമ്മം എന്ന നിലയിൽ കുട്ടികൾക്ക് ചില പരിശീലനങ്ങൾ നൽകാറുണ്ട്. സുബഹ് ബാങ്കിന് മുമ്പു് എന്തെങ്കിലും ഭക്ഷണം കഴിക്കാനും സുബഹ് നമസ്കാരം നിർവഹിക്കാനും ആണ് പ്രധാനമായും പരിശീലിപ്പിക്കാറ്. പകൽ മുഴുവനായുള്ള വ്രതം ബുദ്ധിമുട്ടായതിനാൽ ഉച്ചവരെ അന്നപാനീയങ്ങൾ ഒഴിവാക്കാനും ശേഷം ഭക്ഷണം കഴിക്കാനും അനുവദിക്കാറാണ് പതിവ്. ക്രമേണ ക്രമേണ ഒരു ദിവസം മുഴുവൻ വ്രതം എടുക്കാൻ അവർ സന്നദ്ധരാവും.

എന്നാൽ ഈ പതിനഞ്ചാം തിയ്യതി ആറ് വയസ്സ് പൂർത്തിയാക്കിയ എന്റെ ഏറ്റവും ചെറിയ മോൻ അതിനും പത്ത് ദിവസം മുമ്പ് യാതൊരു മുൻ പരിശീലനവും ഇല്ലാതെ അവന്റെ കടിഞ്ഞൂൽ വ്രതം പൂർത്തിയാക്കി. കൂട്ടിന് അനിയന്റെ ഏഴ് വയസ്സ്കാരനും ആദ്യ നോമ്പ് കാരനായി ഉണ്ടായിരുന്നു. ബർത്ത് ഡേക്ക് പിറ്റേന്ന്, വീണ്ടും ഒരു വ്രതം കൂടി പൂർത്തിയാക്കി ലിദു മോൻ ഞങ്ങളെ ഞെട്ടിച്ച് കളഞ്ഞു. 

നോമ്പ് ശരീരത്തെയും മനസ്സിനെയും ശുദ്ധീകരിക്കുന്ന ഒരു പ്രക്രിയയാണ്. മകൻ അതിൽ ശുഭാരംഭം കുറിച്ചതിൽ മാതാപിതാക്കളായ ഞങ്ങൾ അഭിമാനം കൊള്ളുന്നു.


Friday, April 15, 2022

ഒരു പാലക്കാടൻ നോമ്പ് തുറ

പാലക്കാട് ഗവ. എഞ്ചിനീയറിംഗ് കോളേജിലേക്ക് സ്ഥലം മാറിയ ശേഷമുള്ള ആദ്യത്തെ നോമ്പ് കാലമാണ് ഇത്തവണത്തേത്. ഇതിന് മുമ്പ് വീട്ടിൽ നിന്നകന്ന് നിന്ന് ഒര് നോമ്പ് കാലമുണ്ടായത് വയനാട്ടിൽ ജോലി ചെയ്യുന്ന സമയത്തായിരുന്നു. വളരെ രുചികരമായ ഭക്ഷണം ഒരുക്കിത്തന്ന അബ്ദുല്ലാക്കയുടെ കട പിന്നീടുള്ള വയനാട് യാത്രകളിലും സന്ദർശിക്കാൻ ഞാൻ മറന്നിരുന്നില്ല.

കോളേജിൽ നിന്നും രണ്ട് കിലോമീറ്റർ ദൂരത്തുള്ള കൂട്ടിലക്കടവ് ജുമാ മസ്ജിദിൽ ആയിരുന്നു പാലക്കാട്ടെ എന്റെ ആദ്യ നോമ്പ്തുറ. മറ്റ് പള്ളികളിൽ നിന്നും വ്യത്യസ്തമായി കുട്ടികൾ മുതൽ പ്രായമായവർ വരെയുള്ള വലിയൊരു ജനക്കൂട്ടം തന്നെ അവിടെ ഉണ്ടായിരുന്നു. എന്റെ  കോളേജിലെ തന്നെ കുട്ടികളും ധാരാളമുണ്ടായിരുന്നു. 

സംഘാടകരുടെ നിർദ്ദേശമനുസരിച്ച് ഞാനും   ഷൈൻ സാറും ഓരോ സ്റ്റൂളിൽ ഇരുന്നു. അൽപ സമയത്തിനകം തന്നെ ഒരു കപ്പ് നാരങ്ങാ വെള്ളവും ഒരു കപ്പ് റവപ്പായസവും ഒരു സമൂസയും ആരോ ഞങ്ങളുടെ മുമ്പിൽ വച്ചു. പിന്നാലെ ഓരോ ഈത്തപ്പഴവും കൊണ്ട് വന്നു.

മഗ്‌രിബ് ബാങ്ക് വിളിച്ചതും എല്ലാവരും ബിസ്മി ചൊല്ലി കാരക്ക തിന്നും  വെള്ളം കുടിച്ചും  നോമ്പിന് വിരാമമിട്ടു. സമൂസയും പായസവും കൂടി ഭക്ഷിച്ച് ഗ്ലാസ് കഴുകി വച്ച ശേഷം എല്ലാവരും നമസ്കാരത്തിനായി പള്ളിയിൽ പ്രവേശിച്ചു.

നമസ്കാരാനന്തരമാണ് ഇന്നത്തെ തിരക്കിന്റെ യഥാർത്ഥ കാരണമറിഞ്ഞത്. മറ്റ് പള്ളികളിൽ നിന്നും വിഭിന്നമായി ഇവിടെ അന്നദാനവും ഉണ്ട്. പത്തിരിയോ പൊറോട്ട യോ ആണ് സാധാരണ ഉണ്ടാവാറ്. ബട്ട്, അന്ന് ചിക്കൻ ബിരിയാണി ആയിരുന്നു ഭക്ഷണം. പള്ളിയിൽ കൂടിയ എല്ലാവർക്കും ഭക്ഷിക്കാനുള്ള അത്രയും ബിരിയാണി വലിയൊരു ചെമ്പിൽ തയ്യാറാക്കി വച്ചിരുന്നു. ഒരു സ്റ്റീൽ പാത്രത്തിൽ നിറച്ച ശേഷം ഓരോ  പ്ലേറ്റിലേക്കും കുത്തിയ ബിരിയാണി  പഴയ കല്യാണ വിരുന്നുകളെ ഓർമ്മിപ്പിച്ചു.

അന്യ നാടും നാട്ടുകാരും ആണെങ്കിലും ഞങ്ങൾക്കത് അനുഭവപ്പെട്ടതേയില്ല. മാത്രമല്ല എഞ്ചിനീയറിംഗ് കോളേജിലെ സ്റ്റാഫ് ആണെന്നറിഞ്ഞ് പ്രത്യേക പരിഗണന ലഭിക്കുകയും ചെയ്തു. അങ്ങനെ പാലക്കാട്ടെ എന്റെ ആദ്യ നോമ്പ് തുറ അതീവ ഹൃദ്യമായി. ദൈവത്തിന് സ്തുതി.

Friday, July 15, 2016

മമ്മുട്ടിക്കായുടെ വീട്ടിലെ നോമ്പ് തുറ!

“താന്‍ ഏത് ഭൂമിയില്‍ മരിക്കും എന്ന് ഒരുത്തനും തീര്‍ച്ചയില്ല” എന്ന് വിശുദ്ധ ഖുര്‍‌ആന്‍ പറയുന്നു. അതേ പോലെ ഭൂമിയില്‍ ഉല്പാദിപ്പിക്കപ്പെട്ട ഓരോ ധാന്യമണിയും പഴങ്ങളും ആരുടെ വയറ്റില്‍ എത്തണം എന്ന് നിശ്ചയിക്കപ്പെട്ടിട്ടുണ്ട്.അതായത് ഇന്ന് രാത്രിയിലെ കഞ്ഞി ഞാന്‍ എന്റെ വീട്ടില്‍ നിന്ന് കുടിക്കുമോ അതല്ല ശ്രീ ബരാക് ഒബാമയോടൊപ്പം വൈറ്റ്‌ഹൌസില്‍ പേരറിയാത്ത എന്തോ ഒരു സാധനം തിന്നുമോ അതല്ല ഒന്നും കഴിക്കാതെ ഭൂമി വിട്ടുപോകുമോ എന്ന് ഒരു നിശ്ചയവുമില്ല.ഇനി ഞാന്‍ ഒരു നെന്മണിയാണെങ്കില്‍ ഇന്ന് ഞാന്‍ പിണറായിയുടെ അന്നനാളത്തിലൂടെ ഇറങ്ങുമോ അതല്ല മഞ്ജു വാര്യരുടെ ആമാശയത്തിലെത്തുമോ അതല്ല വല്ല തത്തയുടെയും വയറ്റിലെത്തുമോ എന്ന് അതില്‍ ദൈവം കൊത്തിവച്ചിട്ടുണ്ടത്രേ! ഭൂമിയില്‍ നിലവിലുള്ളതും മരിച്ചുപോയതുമായ ശതകോടി ജനങ്ങളുടെ വിരല്‍ത്തുമ്പില്‍ വിസ്മയം സൃഷ്ടിക്കുന്ന ദൈവത്തിന് അതൊട്ടും അസാധ്യമല്ല.

ജൂണ്‍ 29ന് ഒരു ക്യാമ്പ് കഴിഞ്ഞ് ഞാന്‍ മാനന്തവാടിയില്‍ തിരിച്ചെത്തിയപ്പോള്‍ സമയം വൈകിട്ട് 6 മണി കഴിഞ്ഞിരുന്നു.നോമ്പ് പിടിച്ചിരുന്നതിനാല്‍ മഗ്‌രിബിന് ശേഷം അല്പം ഭക്ഷണം നിര്‍ബന്ധമായിരുന്നു.അബ്ദുല്ലാക്കയുടെ മെസ്സിലേക്ക് പലതവണ വിളിച്ചെങ്കിലും ആരും വിളി കേട്ടില്ല.റൂം മേറ്റ് ശബീര്‍ സാറും ഒരു യാത്ര കഴിഞ്ഞ് മാനന്തവാടിയില്‍ എത്തുന്നതേ ഉണ്ടായിരുന്നുള്ളൂ.അതിനാല്‍ നമസ്കാരാനന്തരം മാനന്തവാടിയില്‍ കണ്ടുമുട്ടി ഭക്ഷണം കഴിച്ചിട്ട് ക്വാര്‍ട്ടേഴ്സിലേക്ക് പോകാം എന്ന് തീരുമാനിച്ചു.

അന്ന് മഗ്‌രിബ് നമസ്കാരം കഴിഞ്ഞ് ഞാന്‍ പള്ളിയില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ ശബീര്‍ സാറിന്റെ ഫോണ്‍ വിളി വന്നു. മാനന്തവാടി ടൌണില്‍ വള്ളിയൂര്‍കാവ് ജംഗ്ഷനില്‍ മമ്മുട്ടിക്ക എന്നൊരാളുടെ വീട്ടില്‍ നിന്നാണ് വിളിക്കുന്നത്, ഭക്ഷണം അവിടെ നിന്നും കഴിക്കാം!സാറിന്റെ കയ്യില്‍ നിന്നും ഫോണ്‍ വാങ്ങി ആതിഥേയനും എന്നെ നേരിട്ട് ക്ഷണിച്ചു.ക്ഷണം സ്വീകരിച്ച് അവിടെ എത്തിയപ്പോള്‍ കിട്ടിയത് കുഞ്ഞിപ്പത്തലും ടയര്‍പത്തലും അലീസയും കോഴിക്കറിയും ബീഫ് വരട്ടിയതും അടക്കം വിഭവസ‌മൃദ്ധമായ നോമ്പ് തുറ!

ഭക്ഷണം കഴിച്ച് ആതിഥേയനോട് സലാം പറഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ ഞാന്‍ ശബീര്‍ സാറോട് ചോദിച്ചു -
“സാറ് മമ്മുട്ടിക്കയുമായി എങ്ങനെ പരിചയം?”

“ഞാന്‍ നമസ്കരിക്കാന്‍ പള്ളിയില്‍ കയറിയപ്പോള്‍ നോമ്പ് തുറക്കാന്‍ അദ്ദേഹം എനിക്ക് ഒരു കാരക്ക തന്നു.നമസ്കാര ശേഷം വീട്ടിലേക്ക് വരണം എന്നും പറഞ്ഞു.ഞാന്‍ ആ ക്ഷണം സ്വീകരിച്ചു”

“അപ്പോള്‍ യാതൊരു മുന്‍ പരിചയവും ഇല്ല??”

“ഇല്ല!!”

അന്ന് നോമ്പ് തുറ സമയത്തെ ഭക്ഷണം ദൈവം ഞങ്ങള്‍ക്ക് നിശ്ചയിച്ചത് ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും യാതൊരു മുന്‍ പരിചയവും ഇല്ലാത്ത മാനന്തവാടിയിലെ മമ്മുട്ടിക്കായുടെ വീട്ടിലായിരുന്നു. ദൈവം എവിടെ നിശ്ചയിച്ചോ അവിടെ നാം ഓടി എത്തും - ഭരണമാണെങ്കിലും മരണമാണെങ്കിലും. ഈ ഗണത്തിലെ അടുത്ത അനുഭവം രണ്ട് ദിവസം മുമ്പ് ഉണ്ടായി - ഒരു ഹിന്ദു-മുസ്ലിം-ക്രിസ്ത്യന്‍ സംഗമം.

(തുടരും...)

Wednesday, July 06, 2016

പെരുന്നാള്‍...പെരുന്നാള്‍

ഈദുല്‍ ഫിത്വര്‍ അഥവാ ചെറിയ പെരുന്നാള്‍ ദിനം എന്നത് പൊതുവേ കുടുംബത്തില്‍ എല്ലാവര്‍ക്കും സന്തോഷം നല്‍കുന്ന ദിനമാണ്. ഒരു ആഘോഷം എന്നതിലുപരി കുടുംബാംഗങ്ങള്‍ മുഴുവന്‍ ഒത്തുചേരുന്ന ഒരു സന്ദര്‍ഭം കൂടിയാണ് ഈ ഈദ് ദിനം.

തറവാട് പൊളിച്ചുപണിയുന്നതിനാല്‍ ഇത്തവണ ഈദിന്റെ തലേ ദിവസത്തെ അഥവാ റംസാനിലെ അവസാനത്തെ നോമ്പുതുറ എന്റെ വീട്ടിലായിരുന്നു. പുതിയ പുരയില്‍ താമസമാക്കിയതു മുതല്‍ മുടങ്ങാതെ ഒരു ഇഫ്താര്‍ പാര്‍ട്ടിയെങ്കിലും ഞാന്‍  നടത്താറുണ്ടായിരുന്നു.പക്ഷെ ഇത്തവണ കൊച്ചുകുട്ടി ഉള്ളതിനാല്‍ ഭാര്യക്ക് അവനെ ശ്രദ്ധിക്കേണ്ടതിനാല്‍ അത് നടത്താന്‍ സാധിച്ചില്ല.പക്ഷെ ഇന്ന് എന്റെ ഉമ്മയും നാല് മക്കളും അവരുടെ മക്കളും മരുമക്കളും  സംഗമിച്ചതോടെ വീട്ടില്‍ ഈദിന്റെ സന്തോഷത്തോടൊപ്പം കുട്ടികള്‍ക്ക് ഇഫ്താറിന്റെ രസവും പങ്കിടാനായി.
കുടുംബത്തില്‍ എനിക്കും ചെറിയ അനിയനും ഓരോ ആണ്മക്കള്‍ കൂടി പിറന്നതോടെ ഇത്തവണത്തെ ഈദിന് അംഗസംഖ്യയും കൂടി. ഈയിടെ കല്യാണം കഴിഞ്ഞ പെങ്ങളുടെ മൂത്തമോളും ഭര്‍ത്താവും ഗള്‍ഫില്‍ ആയതിനാല്‍ അവര്‍ക്ക് ഈ വിരുന്നില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല. എങ്കിലും ഒരു ഈദിന് കൂടി ഞങ്ങള്‍ക്ക് ഒത്തുചേരാനും സന്തോഷം പങ്കിടാനും അവസരം തന്ന ജഗദീശ്വരന് സര്‍വ്വ സ്തുതിയും അര്‍പ്പിക്കുന്നു-അല്‍ഹംദുലില്ലാഹ്.

കളിച്ചും കലാപരിപാടികള്‍ അവതരിപ്പിച്ചും മൈലാഞ്ചി അണിഞ്ഞും മക്കള്‍ ഈദ് സായാഹ്നം ആസ്വദിച്ചപ്പോള്‍ മുതിര്‍ന്നവര്‍ തക്ബീര്‍ ധ്വനികള്‍ മുഴക്കി അല്ലാഹു തന്നെയാണ് ഏറ്റവും വലിയവന്‍ എന്ന് പ്രഖ്യാപിച്ചു.ഇനി ഈദ് ദിനത്തില്‍ പരസ്പരബന്ധം ചേര്‍ക്കലിന്റെ സന്ദര്‍ശനങ്ങള്‍ കൂടി ആകുമ്പോള്‍ പെരുന്നാള്‍ ഉയര്‍ത്തുന്ന മാനവസാഹോദര്യത്തിന്റെയും സൌഹാര്‍ദ്ദത്തിന്റെയും സന്ദേശ കൈമാറ്റം കൂടി നടക്കും.

എല്ലാവര്‍ക്കും ഈദാശംസകള്‍ നേരുന്നതോടൊപ്പം മാക്സിമം ബന്ധങ്ങള്‍ പുതുക്കാനും ഊട്ടിയുറപ്പിക്കാനും കൂടി സാധിക്കട്ടെ എന്നും ആശംസിക്കുന്നു.

Tuesday, July 14, 2015

“ഉപ്പച്ചീ , കുട്ടികളുടെ നോമ്പ് തുറ സൂപ്പറായിട്ടോ….”

             നാടെങ്ങും ഇഫ്താര്‍ സംഗമങ്ങള്‍ പൊടിപൊടിക്കുകയാണ്.പത്രത്തില്‍ കൂടുതല്‍ ഊളിയിടാത്തതുകൊണ്ടാണോ എന്നറിയില്ല രാഷ്ട്രീയ ഇഫ്താറുകളുടെ വിശേഷങ്ങള്‍ അധികം കണ്ടില്ല.പൊതുതെരഞ്ഞെടുപ്പിന് മുമ്പ് ഇനി ഒരു ഇഫ്താര്‍ സംഗമം നടത്താന്‍ സാധ്യമല്ല എന്ന് നേതാക്കള്‍ ചിന്തിക്കുന്നില്ലേ ആവോ?

            ഞാനും ഒരു ചെറിയ നോമ്പുതുറ സല്‍ക്കാരം നടത്തി. മറ്റുള്ളവരോട് , പേരെടുത്ത് പറയാവുന്ന ആരും ആ സംഗമത്തില്‍ ഇല്ലായിരുന്നു.പക്ഷേ മനസ്സിന് സംതൃപ്തി നല്‍കാന്‍ ആ സംഗമം ഏറെ സഹായിച്ചു.

          എന്റെ ബാപ്പ ജീവിച്ചിരുന്ന കാലത്തേ വിവിധങ്ങളായ ജോലികള്‍ക്ക് വീട്ടില്‍ വന്നിരുന്ന ആളാണ് അബ്ദ്വാക്ക.അരീക്കോടടുത്ത് തെരട്ടമ്മല്‍ സ്വദേശി.മുമ്പ് ഒരു കുറിപ്പില്‍ ‘തേന്‍‌കാരന്‍ അബ്ദ്വാക്ക‘ എന്ന് ഞാന്‍ അദ്ദേഹത്തെ പരിചയപ്പെടുത്തിയിരുന്നു.കാരണം എനിക്ക് ഓര്‍മ്മ വച്ച നാള്‍ മുതല്‍ ഞങ്ങള്‍ക്ക് തേന്‍ ആവശ്യമാകുമ്പോള്‍ ആവശ്യം ഉന്നയിക്കുന്നത് അദ്ദേഹത്തോടാണ്.ഇന്നും സ്വന്തമായി തേനീച്ച വളര്‍ത്തുന്നുണ്ട്.പറമ്പ് കൊത്താനും, കയ്യാല കെട്ടാനും, മരം മുറിക്കാനും എന്ന് വേണ്ട പണി ഏതായാലും അബ്ദ്വാക്ക റെഡി എന്നതാണ് മൂപ്പരുടെ പ്രത്യേകത. തന്നെക്കൊണ്ട് പറ്റാത്ത പണിയാണെങ്കില്‍ അതിന് പറ്റിയ ആളെയും കൊണ്ടായിരിക്കും പറഞ്ഞ ദിവസം അബ്ദ്വാക്ക വരുന്നത്.ഇന്നത്തെ കാലത്ത് എല്ലാം മാളുകളില്‍ കിട്ടും എന്ന സൌകര്യം ഓരോ കുടുംബത്തിനും എത്രത്തോളം അനുഗ്രഹമാണോ അതേ പോലെ സേവനങ്ങള്‍ ലഭിക്കാന്‍ ഞങ്ങള്‍ക്ക് എന്നും അബ്ദ്വാക്ക ഒരു അത്താണിയാണ്.ആ അബ്ദ്വാക്ക അല്ലാതെ മറ്റാരെ ആദ്യം ഞാന്‍ എന്റെ ഇഫ്താറിലേക്ക് ക്ഷണിക്കും ? അങ്ങനെ എന്റെ ക്ഷണം സ്വീകരിച്ച് ഞങ്ങളുടെ അബ്ദ്വാക്ക ഈ സല്‍ക്കാരത്തില്‍ പങ്കെടുത്തു.

            ഒന്നാം ക്ലാസ് മുതല്‍ ആറാം ക്ലാസ് വരെ ഞാന്‍ പഠിച്ചത് അരീക്കോട് ജി.എം.യു.പി സ്കൂളില്‍ ആയിരുന്നു. ഖസാക്കിന്റെഇതിഹാസം മലയാളിക്ക് സമ്മാനിച്ച ശ്രീ.ഒ.വി.വിജയന്‍ മലയാളാക്ഷരങ്ങള്‍ ആദ്യമായി നുകര്‍ന്ന അതേ സ്കൂള്‍ ! അന്ന് ശ്രീ.ഒ.വി.വിജയന്റെ സഹപാഠിയായിരുന്ന ശ്രീ.എന്‍.വി.അഹമ്മെദ്കുട്ടി മാസ്റ്റര്‍ ആയിരുന്നു എന്റെ കണക്കദ്ധ്യാപകന്‍.

           അക്കാലത്ത് അരീക്കോട് ആഴ്ചചന്ത സജീവമായിരുന്നു.ഇന്നും ശനിയാഴ്ചകളില്‍ അത് നടക്കുന്നുണ്ടെങ്കിലും കാണാന്‍ ചന്തമില്ല.ചന്തയുടെ ഓരം പറ്റി പല കുടുംബങ്ങളും താമസിച്ചിരുന്നു.ചെറിയ ചെറിയ കച്ചവടങ്ങള്‍ നടത്താനും ചന്തയിലേക്ക് വരുന്ന സാധനങ്ങള്‍ തലച്ചുമടായി എത്തിക്കാനും വാഹനത്തില്‍ കൊണ്ടുവരുന്നവ ഇറക്കാനും അങ്ങനെ പലവിധ ജോലികളുമായി അവര്‍ ജീവിതം പുലര്‍ത്തി.അവരില്‍ ഒരാളായിരുന്നു വലിയൊരു കുടുംബത്തിന്റെ നാഥനായ ആടുകാരന്‍ അലവ്യാക്ക.അലവ്യാക്കയുടെ ഏറ്റവും മൂത്തമകന്‍ അന്തരിച്ച ഹനീഫാക്കയാണ് ഞാന്‍ അറിയുന്ന ആദ്യ ഇലക്ട്രീഷ്യന്‍.എന്റെ തറവാട്ടിലെ ഇലക്ട്രിക്ക് വര്‍ക്കുകള്‍ ചെയ്തത് അദ്ദേഹമായിരുന്നു.അലവ്യാക്കയുടെ മക്കളില്‍ പിന്നില്‍ നിന്നും രണ്ടാമത്തേത് ആയിരുന്നു ജാബിര്‍.

            ജാബിറും ഞാനും ഒന്ന് മുതല്‍ ആറ് വരെ ഒരേ ക്ലാസ്സില്‍ ആയിരുന്നു പഠിച്ചിരുന്നത്.പഠിക്കാന്‍ അത്ര മിടുക്കന്‍ ഒന്നുമായിരുന്നില്ല ജാബിര്‍.അതിനാല്‍ തന്നെ പത്താം ക്ലാസ് പൂര്‍ത്തിയാക്കിയിട്ടുണ്ടോ എന്ന് സംശയമാണ്.ഇന്ന് അരീക്കോട് പട്ടണത്തില്‍ ഓടുന്ന എണ്ണൂറോളം ഓട്ടോറിക്ഷകളില്‍ ഒന്ന് ജാബിറിന്റേതാണ്.എന്റെ ഏറ്റവും ചെറിയ മോള്‍ യു.കെ.ജിക്കാരി ലൂന സ്കൂളിലേക്ക് പോകുന്നത് ജാബിറിന്റെ ഓട്ടോയിലാണ്.ഞാന്‍ ആയിട്ട് ഏല്‍പ്പിച്ചതല്ല.സ്കൂളില്‍ നിന്നും ഏര്‍പ്പെടുത്തിയതാണ്.എന്റെ മോളെ സുരക്ഷിതമായി സ്കൂളില്‍ കൊണ്ടുപോയി തിരിച്ചെത്തിക്കുന്ന എന്റെ സഹപാഠിയായ ജാബിര്‍ ആയിരുന്നു എന്റെ ഇഫ്താറിലെ രണ്ടാം അതിഥി.

               മരിച്ചുപോയ എന്റെ ബാപ്പക്ക് കുട്ടികളെ എന്നും വളരെ ഇഷ്ടമായിരുന്നു.ഒരു കോളനിയായി താമസിക്കുന്ന ഞങ്ങളുടെ കുടുംബത്തിലെ കുട്ടികള്‍ക്കായി ബാപ്പ എല്ലാ ശനിയാഴ്ചകളിലും ഞങ്ങളുടെ വീട്ടില്‍ സാഹിത്യസമാജം സംഘടിപ്പിച്ചിരുന്നു.ഞങ്ങള്‍ പലരും ഈ സാഹിത്യസമാജങ്ങളിലൂടെ സദസ്സിനെ അഭിമുഖീകരിക്കാന്‍ നേരത്തെ പരിശീലനം ലഭിച്ചവരായിരുന്നു.വീട്ടില്‍ വരുന്ന കുട്ടികള്‍ക്ക് നല്‍കാനായി ബാപ്പ ഒരു പാത്രത്തില്‍ കല്‍ക്കണ്ടവും മറ്റൊരു പാത്രത്തില്‍ ഈത്തപഴവും മൂന്നമതൊരു പാത്രത്തില്‍ കൊപ്രക്കഷ്ണങ്ങളും എന്നും കരുതുമായിരുന്നു.അതിനാല്‍  ബാപ്പയുടെ ആ നല്ല പ്രവര്‍ത്തനങ്ങള്‍ അയവിറക്കി ഈ ഇഫ്താര്‍ സംഗമത്തിലേക്ക് കുടുംബത്തിലും അയല്പക്കത്തും ഉള്ള മുഴുവന്‍ കുട്ടികളെയും ഞാന്‍ ക്ഷണിച്ചു. ഡിഗ്രി ഫൈനല്‍ ഇയര്‍ മുതല്‍ എല്‍.കെ.ജി വരെ പഠിക്കുന്ന എന്റേതടക്കം 28 കുട്ടികള്‍ ഈ സല്‍ക്കാരത്തില്‍ പങ്കു കൊണ്ടു.


              ഒപ്പം എന്റെ ഉമ്മയും അനിയനും കുടുംബവും കൂടിയായപ്പോള്‍ ഈ സംഗമം എനിക്കും ഭാര്യക്കും കുട്ടികള്‍ക്കും ഏറെ സന്തോഷമേകി.ഇപ്പോള്‍ എന്നും യു.കെ.ജിക്കാരി ലൂന മോള്‍ ഇടക്കിടെ പറയും – “ഉപ്പച്ചീ , കുട്ടികളുടെ നോമ്പ് തുറ സൂപ്പറായിട്ടോ.”

Saturday, July 26, 2014

ഇരുപത്തിയേഴാം രാവിലെ സിനിമ !!!

റമളാൻ മാസത്തിലെ അവസാനത്തെ പത്തിലെ ഒറ്റയിട്ട രാവുകൾ ഇസ്‌ലാം മത വിശ്വാസികൾക്ക് ഏറെ പുണ്യമുള്ളതാണ്.ലൈലത്തുൽ ഖദ്‌ർ എന്ന ആയിരം മാസത്തേക്കാൾ പുണ്യമുള്ള ഒരു പ്രത്യേകദിനം ഈ ഒറ്റയിട്ട രാവുകളിൽ ഏതിലോ ഒന്നായിരിക്കും എന്നതിനാൽ വിശ്വാസികൾ ആരാധനാകർമ്മങ്ങളും ദാനധർമ്മങ്ങളും മറ്റും എല്ലാം അധികരിപ്പിക്കുന്ന കാലം കൂടിയാണ് അവസാനത്തെ പത്ത്. അതിൽ തന്നെ ഇരുപത്തിയേഴാം രാവിൽ ആണ് ലൈലത്തുൽ ഖദ്‌ർ എന്ന് ഒരു വിഭാഗം മുസ്ലിംകൾ വിശ്വസിക്കുന്നതിനാൽ അന്ന് പ്രത്യേക പ്രാർത്ഥനാ സദസ്സും സകാത്ത് വിതരണവും നടത്തുന്ന ഒരു സമ്പ്രദായവും കേരള മുസ്ലിംകൾക്കിടയിൽ ഉണ്ട്.

1987ലെയോ 88 ലെയോ റമളാൻ വ്രതമാസക്കാലം.ഞാൻ അന്ന് പ്രീഡിഗ്രിക്ക് തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിൽ പഠിക്കുന്നു.ഞങ്ങൾ അഞ്ചാറ് അരീക്കോട്ടുകാരും പിന്നെ കുറേ കോഴിക്കോട്ടുകാരും ആണ് ഹോസ്റ്റൽ അന്തേവാസികൾ ആയി ഉള്ളത്.വീട്ടിൽ നിന്നും വിട്ടു നിന്നുള്ള ആദ്യത്തെ റമളാൻ കൂടി ആയിരുന്നു അത്.വ്രതവും കൂട്ടനമസ്കാരവും തറാവീഹ് നമസ്കാരവും എല്ലാം കുട്ടിക്കാലത്തേ തന്നെ ജീവിതത്തിന്റെ ഭാഗമായതിനാൽ, ആരും നിയന്ത്രിക്കാനോ നിർദ്ദേശിക്കാനോ ഇല്ലാഞ്ഞിരുന്നിട്ടും ഞങ്ങൾ പലരും അത് തടവില്ലാതെ അന്നും തുടർന്നു പോന്നു.

റമളാൻ എന്ന പുണ്യമാസത്തെ തുടർന്നുള്ള പെരുന്നാൾ ആഘോഷവും മറ്റും മനസ്സിൽ വച്ചു കൊണ്ടാണോ എന്നറിയില്ല റമളാനിന്റെ തൊട്ടു മുമ്പാണ് 1921 എന്ന സൂപ്പർഹിറ്റ് ചലചിത്രം അന്ന് റിലീസ് ചെയ്തത്.ഞങ്ങളിൽ പലരും അന്നത് റിലീസ് ചെയ്ത കോഴിക്കോട് അപ്സര തിയേറ്ററിൽ പോയി തന്നെ കാണുകയും ചെയ്തു. നാട്ടിൻപുറങ്ങളിലെ തിയേറ്ററുകളിൽ ഇത്തരം സൂപ്പർഹിറ്റുകൾ എത്തുന്നത് പലപ്പോഴും പെരുന്നാളിനോ ഓണത്തിനോ വിഷുവിനോ ക്രിസ്തുമസിനോ ഒക്കെ ആയിരിക്കും.അങ്ങനെ പെരുന്നാൾ അടുപ്പിച്ച് , 1921 സംഭവത്തിന്റെ സിരാകേന്ദ്രമായ തിരൂരങ്ങാടിക്ക് ഏറ്റവും അടുത്ത സിനിമാ തിയേറ്റർ ആയ ചെമ്മാട് ദർശനയിൽ 1921 എന്ന സിനിമ പ്രദർശനത്തിനെത്തി.

കോഴിക്കോട് നിന്നും ഒരു തവണ കണ്ടെങ്കിലും ഹോസ്റ്റലിലെ മമ്മൂട്ടി ഫാൻസ് ആയ ചിലർക്ക് സിനിമ വീണ്ടും കാണാൻ ഒരു മോഹം.നോമ്പ് ആയതിനാൽ ക്ലാസ് കട്ട് ചെയ്ത് മാറ്റിനിക്ക് പോകാൻ വയ്യ.കാരണം നോമ്പ് എടുത്ത്കൊണ്ട് സിനിമ കാണൽ ഹറാമാണ് (അല്ലാതെ കാണുന്നതും മുസ്ലിംകളെ സംബന്ധിച്ച് തെറ്റാണ് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്).അപ്പോൾ പിന്നെ ഫസ്റ്റ് ഷോക്കോ സെക്കന്റ് ഷോക്കോ പോകണം.ഫസ്റ്റ് ഷോക്ക് പോയാൽ നോമ്പ് തുറക്കുന്ന സമയത്തെ മ‌അ്‌രിബ് നമസ്കാരവും ഭക്ഷണവും പോകും.അപ്പോൾ അതും പറ്റില്ല.സെക്കണ്ട് ഷോക്ക് പോകണമെങ്കിൽ വാർഡൻ കാണാതെയും അറിയാതെയും പോകണം എന്ന് മാത്രമല്ല രാത്രി തിരിച്ചെത്തുമ്പോൾ വാർഡൻ അറിയാതെ ഗേറ്റ് തുറന്നോ കോണികൂട്ടിലെ ഓപൺ വിൻഡൊയിലൂടെ ചാടിക്കയറിയോ അകത്ത് കയറണം. പെരുന്നാൾ അവധി കഴിഞ്ഞിട്ട് കാണാം എന്നു വച്ചാൽ അപ്പോഴേക്കും പടം മാറിയാലോ എന്ന ഭയം വേറെയും. അങ്ങനെ എല്ലാ നിലക്കും നിരവധി പ്രശ്നങ്ങൾ .

അങ്ങനെ മമ്മൂട്ടി ഫാൻസ് കൂനിന്മേൽ മുള്ള് കയറി ഇരിക്കുമ്പോഴാണ് ഇരുപത്തിയേഴാം രാവ് എന്ന അനുഗ്രഹീത ദിനം കടന്ന് വരുന്നത്.എന്തോ ആവശ്യത്തിന് വാർഡൻ അന്ന് സ്ഥലം വിടുകയും ചെയ്തു. തിമർത്ത് പെയ്യുന്ന മഴ അത് അനുഗ്രഹീത രാവ് തന്നെയാണെന്ന് ആണയിട്ട് ഉറപ്പിച്ചു.പക്ഷേ 1921 കാണാൻ ഇതിലും നല്ലൊരു ചാൻസ് ഇനി വരാനില്ല എന്ന് മമ്മൂട്ടി ഫാൻസ് ഹോസ്റ്റലിലെ സർവ്വരേയും ധരിപ്പിച്ചു.ഒരു പക്ഷേ മാറി നിൽക്കാൻ സാധ്യതയുള്ള എന്നെ അവർ അവസാനമാണ് സമീപിച്ചത്.നോമ്പ് തുറന്ന ശേഷം ചിലർ എന്റെ അടുത്തെത്തി.

“ഇന്ന് വാർഡൻ സ്ഥലത്തില്ല….” അവർ ആമുഖമായി തുടങ്ങി.

“ങാ…എവിടെയെങ്കിലും പ്രഭാഷണം കാണും…” വാർഡൻ മത പ്രഭാഷണത്തിന് പോകുന്ന ആളായതിനാൽ ഞാൻ പറഞ്ഞു.

“അപ്പോൾ നമുക്കും നേരത്തെ പോകാം…”

“ഇത്ര നേരത്തെ പോകേണ്ടതില്ല…..ഇഷാ ബാങ്ക് കൊടുത്തോട്ടെ….” തറാവീഹ് നമസ്കാരത്തിന്ന് പോകുന്ന കാര്യമാണ് പറയുന്നത് എന്ന് കരുതി ഞാൻ പറഞ്ഞു.

“ഒന്ന് പോടാ മുത്തഖീ….തിയേറ്ററിൽ പോകാനും ബാങ്ക് കൊടുക്കുകയോ…?”

“ങേ!!!“ ഞാൻ ഞെട്ടി.”ഇന്ന് ഇരുപത്തിയേഴാം രാവ് ആണ്….നല്ല മഴ ഈ രാവിന്റെ അനുഗ്രഹം വിളിച്ചോതുന്നുമുണ്ട്….”

“അതിനെന്താ…നമ്മൾ കാണാൻ പോകുന്നത് മാപ്പിള ചരിത്ര സിനിമ 1921 ആണ്…സിൽക്കിന്റെ മറ്റേ പടമല്ല…”

“എന്നു വച്ച്..?”

“ബിസ്മിം ചൊല്ലി നിയ്യത്തും വച്ച് കണ്ടാൽ ആയിരം മാസം 1921 കണ്ട പുണ്യം കിട്ടും !!!!നീ വരുന്നുണ്ടെങ്കിൽ വാ…ഞങ്ങൾ എല്ലാരും ഇറങ്ങാണ്…“

"നിങ്ങൾ പൊയ്ക്കോ..ഞാനില്ല .."

എന്റെ വിശ്വാസവും എന്റെ മാതാപിതാക്കളുടെ ശിക്ഷണവും ആ കൂട്ടത്തിൽ കൂടാൻ എന്നെ അനുവദിച്ചില്ല. അന്ന് അവിടെ സന്നിഹിതരായിരുന്ന എന്റെ എല്ലാ സഹപാഠികളും ആ അനുഗ്രഹീത രാത്രിയിൽ സിനിമ കാണാൻ പോയി. തറാവീഹ് നമസ്കാരത്തിനായി ഞാൻ തൊട്ടടുത്ത പള്ളിയിലേക്കും നീങ്ങി. 

Sunday, June 29, 2014

സ്കൂൾ കാലവും റമളാനും


ഇന്ന് ജൂൺ 29
വീണ്ടും ഒരു പുണ്യ റമളാൻ മാസം സമാഗതമായി. ഇന്നത്തെ വ്രതാനുഷ്ടാനം പ്രത്യേകിച്ച് ഒരു പ്രയാസമുള്ള കാര്യമായി തോന്നാത്തതിനാൽ ചിന്ത എപ്പോഴും കുട്ടിക്കാലത്തേക്കാണ് പായുന്നത്.അക്കാലത്തെ നോമ്പിന്റെ രസവും അന്നത്തെ സംഭവങ്ങളും പലതും പല സമയത്തായി ഇവിടെ പങ്കു വയ്ക്കുകയും ചെയ്തിട്ടുണ്ട്.പറഞ്ഞ് തീരാത്ത അത്ര നിരവധി സംഭവങ്ങൾ നമ്മുടെ എല്ലാവരുടേയും കുട്ടിക്കാലത്ത് ഉള്ളത് കൊണ്ട് അത്തരം കഥകൾ കേൾക്കാൻ പലർക്കും ഇന്നും ഇഷ്ടമാണ്താനും.

ഞാൻ ആറാം തരം വരെ പഠിച്ചത് അരീക്കോട്ടെ  ഗവണ്മെന്റ് മാപ്പിള യുപി സ്കൂളിലായിരുന്നു.എന്റെ മൂത്താപ്പയും മൂത്തുമ്മയും ഒക്കെ ടീച്ചർമാരായി ഉണ്ടായിരുന്ന സ്കൂൾ.മാപ്പിള സ്കൂൾ ആയതിനാൽ തന്നെ അന്ന് നോമ്പ് കാലത്ത് സ്കൂൾ ഉണ്ടായിരുന്നില്ല.ഏഴാം ക്ലാസ്സിൽ അരീക്കോട് സുല്ലമുസ്സലാം ഓറിയെന്റൽ ഹൈസ്കൂളിലേക്ക് ബാപ്പ എന്നെ മാറ്റി.ബാപ്പ മാറ്റി , ഞാൻ മാറി എന്നതിലപ്പുറം ഇതെന്തിനായിരുന്നു എന്ന് എനിക്ക് അറിയില്ലായിരുന്നു.ബാപ്പ മരിക്കുന്നത് വരെ ഞാൻ ആ ചോദ്യം ഉന്നയിച്ചതുമില്ല.അവിടേയും എന്റെ വലിയ അമ്മാവനും മറ്റൊരു മൂത്താപ്പയും ടീച്ചർമാരായി ഉണ്ടായിരുന്നു.ഏഴാം ക്ലാസ് കഴിഞ്ഞതും അവിടെ നിന്ന് എന്നെ വീണ്ടും മാറ്റി – മൂർക്കനാട് സുബുലുസ്സലാം ഹൈസ്കൂളിലേക്ക്.മലയാളം പഠിക്കാൻ വേണ്ടിയായിരിക്കും ഈ മാറ്റം ബാപ്പ നടത്തിയത് എന്ന് ഞാൻ ഊഹിക്കുന്നു.ഏതായാലും ഈ മാറ്റങ്ങളെല്ലാം എനിക്ക് ഗുണമേ ചെയ്തിട്ടുള്ളൂ എന്നതാണ് സത്യം.

സുബുലുസ്സലാം ഹൈസ്കൂൾ മാനേജ്മെന്റ് മുസ്ലിംകൾ ആണെങ്കിലും നോമ്പ് കാലത്ത് സ്കൂൾ പ്രവർത്തിച്ചിരുന്നു.ഉച്ച വരെ മാത്രമേ അന്ന് സ്കൂൾ പ്രവർച്ചിരുന്നുള്ളൂ എന്നത് നല്ല ഓർമ്മയുണ്ടെങ്കിലും രാവിലെ എപ്പോഴാണ് തുടങ്ങിയിരുന്നത് എന്ന് ഓർമ്മ്യിൽ ഇല്ല.ഇന്ന് സുല്ലമുസ്സലാം സ്കൂളും ഞാൻ പഠിച്ച യുപി സ്കൂളും നോമ്പ് കാലത്ത് സ്കൂൾ സമയത്തിൽ ക്രമീകരണം നടത്തി പ്രവർത്തിക്കുന്നു.

നോമ്പ് കാലത്തെ സ്കൂൾ പ്രവർത്തനം പല മുസ്ലിം കുട്ടികൾക്കും ഒരു മോട്ടിവേഷൻ കാലം കൂടിയാണ്.സഹപാഠികൾ നോമ്പ് നോറ്റു വരുമ്പോൾ താൻ നോമ്പ് നോൽക്കാതിരിക്കുന്നത് ഒരു കുറച്ചിലായി അന്ന് കരുതിയിരുന്നു.മാത്രമല്ല നോറ്റ നോമ്പിന്റെ എണ്ണം പറഞ്ഞു കൊണ്ടുള്ള ഒരു മത്സരം അന്ന് ക്ലാസ്സുകളിൽ ഉണ്ടായിരുന്നു.ഇന്നും കുട്ടികൾക്കിടയിൽ അതൊരു അഭിമാനപ്രശ്നമായി നിലനിൽക്കുന്നുണ്ട് എന്ന് അനിയന്റെ കുഞ്ഞുമക്കൾ വരെ നോമ്പ് നോൽക്കുന്നതിൽ നിന്നും ഞാൻ മനസ്സിലാക്കുന്നു.ഒന്നിടവിട്ട ദിവസങ്ങളിലായിരുന്നു കുട്ടികളായ ഞങ്ങൾക്ക് നോമ്പ് എടുക്കാൻ ബാപ്പയും ഉമ്മയും തന്ന അനുവാദം.ഇന്നത്തെ പോലെ കരിച്ചതും പൊരിച്ചതും ഇറക്കുമതി പഴങ്ങളും അടങ്ങിയ വിഭവ സമൃദ്ധമായ നോമ്പ്തുറ അന്ന് ഇല്ലായിരുന്നു എങ്കിലും നോമ്പ് നോൽക്കാൻ ഒരു പ്രത്യേക ആവേശം മനസ്സിൽ ഉണ്ടായിരുന്നു.


മാതാപിതാക്കൾ നൽകിയ ചിട്ടയായ ഉപദേശ നിർദ്ദേശങ്ങൾ ആയിരിക്കാം ഈ നോമ്പിനോടുള്ള സ്വാഗത സമീപനത്തിന് കാരണം.ഇന്ന് ഒരു റംസാൻ വ്രതാനുഷ്ടാനകാലം കൂടി ആരംഭിക്കുമ്പോൾ എന്റെ മനസ്സിൽ എന്റെ അഭിവന്ദ്യനായ പിതാവിനെ ഓർമ്മിക്കാതിരിക്കാൻ വയ്യ.പല കാര്യത്തിലും എനിക്ക് വഴികാട്ടിയായ എന്റെ പിതാവ് ആറ് വർഷം മുമ്പ് 2008 ജൂൺ 29ന് ആണ് ഇഹലോകവാസം വെടിഞ്ഞത്.സർവ്വ ശക്തനായ ദൈവം അദ്ദേഹത്തിന് സ്വർഗ്ഗം പ്രദാനം ചെയ്യട്ടെ എന്ന് പ്രാർത്ഥിക്കുന്നു,പ്രാർത്ഥിക്കാൻ അഭ്യർത്ഥിക്കുന്നു.

Saturday, July 20, 2013

സമ്പത്തിന്റെ ശുദ്ധീകരണം

റമളാന്‍ വ്രതാനുഷ്ടാനത്തിലൂടെ മനസ്സും ശരീരവും ശുദ്ധീകരിക്കപ്പെടുന്നു.എന്നാല്‍ അതോടൊപ്പം തന്നെ ശുദ്ധീകരിക്കപ്പെടേണ്ട ഒന്നാണ് ഒരു വിശ്വാസിയുടെ സമ്പത്തും. നമ്മുടെ കയ്യിലുള്ള സമ്പത്ത് യഥാര്‍ത്ഥത്തില്‍ നമ്മുടേതാണോ? ഒന്നാലോചിക്കേണ്ട വിഷയമാണത്.

ജനിച്ചു വീഴുമ്പോള്‍  സമ്പാദ്യം എന്ന് പറയാവുന്ന എന്തെങ്കിലും നമുക്ക് ഉണ്ടായിരുന്നോ? അടച്ചു പിടിച്ച കയ്യുമായല്ലേ നാം എല്ലാവരും ജനിച്ചു വീണത്? പിന്നീട് ഹ്രസ്വമായ ജിവിതത്തിലൂടെ പലതും നാം സമ്പാദിച്ചു എന്ന് പറയുന്നുണ്ടെങ്കിലും  നാം മരിച്ചുപോകുമ്പോള്‍ അതിലെന്തെങ്കിലും നമ്മുടെ കൂടെ കൊണ്ടുപോകാന്‍ സാധിക്കാറുണ്ടോ?എത്ര സമ്പന്നനായാലും മരിച്ചു കഴിഞ്ഞാല്‍ ഒരു സമ്പാദ്യവും കൊണ്ടുപോകാന്‍ സാധിക്കില്ല.എന്നു വച്ചാല്‍ സമ്പത്ത് ദൈവത്തിന്റേതാണ്.നാം ഓരോരുത്തരും കുറച്ചു കാലത്തേക്ക് അത് കൈകാര്യം ചെയ്യുന്നു എന്ന് മാത്രം.

അതിനാല്‍ നമ്മുടെ കൈകാര്യകര്‍തൃത്വത്തിലുള്ള സമ്പാദ്യത്തില്‍ നിന്നും നാം മറ്റുള്ളവര്‍ക്ക് ദാനം ചെയ്തേ പറ്റൂ.ദാനധര്‍മ്മങ്ങള്‍ ഒരിക്കലും ഒരാളുടെ സമ്പാദ്യത്തെ കുറക്കുന്നില്ല.പരിശുദ്ധ ഖുര്‍‌ആനില്‍ അധ്യായം അല്‍ബഖറ 261-ആം സൂക്തത്തില്‍ പറയുന്നു.
“അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ തങ്ങളുടെ സ്വത്തുക്കള്‍ ചെലവഴിക്കുന്നവരുടെ ഉപമ, ഒരു ധാന്യമണി പോലെയാകുന്നു.ആ ധാന്യമണി മുളച്ച് അതിന്റെ ചെടിയില്‍ ഏഴ് കതിര്‍കുലകള്‍ ഉണ്ടാകുന്നു.ഓരോ കുലയിലും 100 വീതം ധാന്യമണിയുണ്ടാകുന്നു.”

അതായത് ദൈവമാര്‍ഗ്ഗത്തില്‍  ധനം ചെലവഴിക്കുന്നവന് അത് കൂടുതല്‍ ഇരട്ടിയായി ദൈവം തിരിച്ച് നല്‍കുന്നു.ദൈവമാര്‍ഗ്ഗത്തില്‍ എന്ന് പറയുമ്പോള്‍ ആ ധനത്തിന് അര്‍ഹരായവര്‍ക്ക് എന്ന നിലയിലാണ്.അല്ലാതെ ദൈവികഭവനങ്ങള്‍ക്ക് വേണ്ടി എന്ന് മാത്രമല്ല എന്ന് ഓര്‍മ്മിക്കുക.

റമളാന്‍ മാസത്തില്‍ സക്കാത്ത് നല്‍കുന്നതും സമ്പത്തിന്റെ ശുദ്ധീകരണ പ്രക്രിയക്കാണ് . മറ്റുള്ളവരുടെ അവകാശം തന്റെ ധനത്തില്‍ ഒട്ടും ഉണ്ടാകാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതുണ്ട്.ആ അവകാശം അതിന്റെ അവകാശികള്‍ക്ക് നല്‍കാനാണ് സക്കാത്ത് എന്ന കര്‍മ്മം നിര്‍ബന്ധമാക്കിയത്. ഇന്നത്തെ അവസ്ഥയില്‍ സക്കാത്ത് നല്‍കാനുള്ള ധാരാളം പേര്‍ ഉണ്ടെങ്കിലും അത് ഗൌരവമായി ഗൌനിക്കാത്തത് കാരണം പാവപ്പെട്ടവര്‍ സമൂഹത്തില്‍ കൂടിക്കൊണ്ടേ ഇരിക്കുന്നു.സമൂഹത്തിലൂടെയുള്ള  സമ്പത്തിന്റെ സുഗമമായ ഒഴുക്കാണ് യഥാര്‍ത്ഥത്തില്‍ സക്കാത്തിലൂടെ ലക്ഷ്യമിടുന്നത്.അത് സാധ്യമായാല്‍ സമ്പന്നനും ദരിദ്രനും തമ്മിലുള്ള അകലം കുറയും.ക്രമേണ അങ്ങനെ ഒരു വേര്‍തിരിവ് തന്നെ ഇല്ലാതാകും.അതിനുള്ള ഒരു ശ്രമം ഈ പരിശുദ്ധ മാസത്തില്‍ എല്ലാവരും ആരംഭിച്ചെങ്കില്‍ എന്ന് ആശിക്കുന്നു.

Wednesday, July 17, 2013

വ്രതാഹാരത്തില്‍ ചെറിയൊരു ശ്രദ്ധ


മുസ്ലിംങ്ങള്‍ റമളാന്‍ മാസത്തിലൂടെ കടന്നു പോയ്ക്കൊണ്ടിരിക്കുകയാണ്. പകല്‍ മുഴുവന്‍ അന്നപാനീയങ്ങള്‍ ഉപേക്ഷിച്ച് ആരാധനാകര്‍മ്മങ്ങളില്‍ മുഴുകി മനസ്സും ദേഹവും ശുദ്ധീകരിക്കുന്ന പ്രക്രിയയാണ് വ്രതം എന്ന് പറയാം.പക്ഷേ വ്രതകാലത്ത് പലരും ശ്രദ്ധിക്കാത്തത് നോമ്പ് തുടങ്ങുമ്പോഴും തുറക്കുമ്പോഴും  ഉള്ള ഭക്ഷണക്രമമാണ്.

നോമ്പ് കാലത്ത് ശരിയായ ഒരു ആഹാരക്രമം ഉണ്ടായിരിക്കണം.വ്രതം ആരംഭിക്കുന്നത് സുബഹി ബാങ്കോടെ അതിരാവിലെയാണ്.അവസാനിക്കുന്നത് മഗ്‌രിബ്  ബാങ്കോടെ സന്ധ്യക്കും.ഈ രണ്ട് നേരവും മൂക്കറ്റം തിന്നുന്ന ഒരു പ്രവണതയാണ് പലരിലും കാണുന്നത്. എന്നാല്‍ ഈ രണ്ട് സമയത്തും ലഘുവായ ഭക്ഷണമാണ് കഴിക്കേണ്ടത് എന്നതാണ് സത്യം.

വ്രതാരംഭത്തില്‍ ചോറ്,കഞ്ഞി,ഇലക്കറികള്‍ എന്നിവയും ചെറുപഴവും കഴിക്കുന്നതാണ് ഏറ്റവും ഉത്തമം.ഇറച്ചിയും മത്സ്യവും നോമ്പ് തുടങ്ങുന്ന അതിരാവിലെ സമയത്ത് ഒഴിവാക്കുക.നോമ്പ് അവസാനിപ്പിക്കുമ്പോള്‍ കാരക്ക തന്നെ ഏറ്റവും ഉത്തമം.കാരണം അയേണ്‍ ധാരാളം അടങ്ങിയ കലോറി മൂല്യമുള്ള പഴമാണ് കാരക്ക.ഉണങ്ങിയ കാരക്ക ഓരോ നാഡിയേയും നനച്ച് ഉത്തേജനം നല്‍കും എന്നതിനാല്‍ അതും വളരെ നല്ലതാണ്.ശേഷം വെള്ളം കുടിക്കാം.പഴങ്ങള്‍ ജ്യൂസ് ആക്കുന്നതിലും നല്ലത് അതുപോലെ കഴിക്കുന്നതാണ്. റവ കൊണ്ടുള്ള തരിക്കഞ്ഞി എന്ന നേര്‍ത്ത പായസവും, കൂവത്തളിയും ഉത്തമമാണ്.

നാരങ്ങവെള്ളവും എണ്ണയില്‍ വറുത്ത ഭക്ഷണ പദാര്‍ത്ഥങ്ങളും നോമ്പ് തുറക്കുന്ന സമയത്ത് ഉപയോഗിക്കുന്നത് ഇന്ന് സര്‍വ്വസാധാരണമായിട്ടുണ്ട്. നാരങ്ങവെള്ളം  വയറില്‍ അസിഡിറ്റി കൂട്ടും.എണ്ണക്കടികളാകട്ടെ ആമാശയ ശുദ്ധീകരണത്തെ തടയും. 

ദീര്‍ഘനേരത്തേക്ക് അന്നപാനീയങ്ങള്‍ ഉപേക്ഷിച്ചതിനാല്‍ ആമാശയവും അനുബന്ധ അവയവങ്ങളും വിശ്രമത്തില്‍ ആയിരിക്കുന്നതിനാല്‍ വേണ്ടത്ര ദഹനരസം ഉല്പാദിപ്പിക്കപ്പെടില്ല. അതിനാല്‍ നോമ്പ് കാലത്ത് ദഹനപ്രക്രിയ  താറുമാറാകാന്‍ സാധ്യത വളരെക്കൂടുതലാണ്. അതുകൊണ്ട് ബിരിയാണി , പൊറൊട്ട എന്നിവ നോമ്പ് തുറക്കുന്ന സമയത്ത് പൂര്‍ണ്ണമായും ഒഴിവാക്കുന്നതാണ് നല്ലത്. പത്തിരി നല്ലതാണ്. 
 
ഭക്ഷണത്തില്‍ പഴങ്ങളും വേവിച്ച പച്ചക്കറികളും ഇലക്കറികളും കൂടുതലായി ഉള്‍പ്പെടുത്തുക. ഇങ്ങനെ ശ്രദ്ധിച്ചാല്‍ നോമ്പ് നമ്മുടെ ശരീരത്തെ ക്ഷീണിപ്പിക്കുകയില്ല , പകരം പുഷ്ടിപ്പെടുത്തും എന്ന് തീര്‍ച്ച.

Monday, July 08, 2013

വീണ്ടും പുണ്യ റമളാന്‍ മാസം.

റമളാന്‍ മാസത്തെ വരവേല്ക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് ലോകത്തിലെ മുഴുവന്‍ മുസ്ലിങ്ങളും. കൂടുതല്‍ സല്‍കര്‍മ്മങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് , പാപങ്ങളില്‍നിന്ന് അകന്ന് നിന്ന്  ദാനധര്‍മ്മങ്ങള്‍ വര്‍ധിപ്പിച്ച്  പ്രതിഫലം വര്‍ദ്ധിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് വിശ്വാസികള്‍. 

റമളാന് മുന്നോടിയായുള്ള നനച്ചുകുളി പലയിടത്തും അപ്രത്യക്ഷമായി. പക്ഷേ മാസപ്പിറവി കണ്ട് സ്ഥിരീകരിച്ചാലുടന്‍ പള്ളികളില്‍ തറാവീഹ് എന്ന രാത്രി നമസ്‌കാരം ആരംഭിക്കും. ദീര്‍ഘനേരം നിന്നുള്ള ഈ പ്രത്യേക നമസ്കാരം റമളാനിന്റെ രാത്രികളെ കൂടുതല്‍ സജീവവും പുണ്യമുള്ളതുമാക്കുന്നു.

 പകല്‍ സമയത്ത് അന്നപാനീയങ്ങളും ലൈംഗികബന്ധവും ഉപേക്ഷിച്ച് ആരാധനയില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതാണ്  റമളാന്‍ വ്രതത്തിന്റെ രീതി.എന്നാല്‍ രാത്രി ഇതെല്ലാം അനുവദനീയവുമാണ്.ഗള്‍ഫ് നാടുകളീല്‍ രമളാന്‍ മാസത്തില്‍ പ്രത്യേക പെരുമാറ്റ ചട്ടം തന്നെ നിലവില്‍ വരാറുണ്ട്. വ്രതമനുഷ്ഠിക്കാത്തവരും റംസാനില്‍ ഈ നിയമങ്ങള്‍ പാലിക്കേണ്ടതാണ്.

ദാനധര്‍മ്മങ്ങളുടെ അധികരണം രമളാന്‍ മാസത്തിന്റെ മാത്രം പ്രത്യേകതയാണ്.  വ്യക്തികളും  വിവിധ സംഘടനകളും  റംസാന്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നതടക്കമുള്ള സഹായ പദ്ധതികള്‍ നടത്തുന്നു.അതിനാല്‍ തന്നെ പാവപ്പെട്ടവര്‍ ഈ മാസത്തെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. അന്നത്തിനും മറ്റും പഞ്ഞം നേരിടാത്ത ഒരു മാസമായി അവര്‍ ഈ വ്രതമാസത്തെ കാണുന്നു.വീടുകളിലും   പള്ളികളിലും മറ്റും ഇഫ്താര്‍ വിരുന്നുകളും സംഘടിപ്പിക്കപ്പെടുന്നു. കൂടിച്ചേരലിന്റെയും പങ്കുവെക്കലിന്റെയും വേദിയായും ഇഫ്താര്‍ മീറ്റുകള്‍ സജീവമാകുന്നു.

 റംസാന്‍ പ്രഭാഷണങ്ങളും ഖുറാന്‍ പാരായണവും പഠനവും വ്രതമാസത്തിലെ പ്രത്യേകതയാണ്.  വിവിധ കേന്ദ്രങ്ങളിലായി ഖുറാന് പഠന ക്ലാസുകളും ഹദീസ് പഠന ക്ലാസുകളും കൂടുതല്‍ സജീവമാകുന്നതും രമളാന്‍ മാസത്തിലാണ്

ഭക്ഷണത്തിന്റെ നിയന്ത്രണമാണ് റമളാനില്‍ ചെയ്യേണ്ടതെങ്കിലും നോമ്പ് തുറ ഭക്ഷ്യമേളകളായിട്ടാണ് ഇന്ന് നടക്കുന്നത്.ആശാസ്യമല്ലാത്ത ഈ രീതി ഉപേക്ഷിക്കേണ്ടത് റമളാനിന്റെ അന്തസ്സ് കാക്കാന്‍ അത്യാവശ്യമാണ്.

Friday, August 17, 2012

വെള്ളിയാഴ്ചയിലെ നോമ്പ്

               അപ്രതീക്ഷിതമായി പെയ്ത മഴയില്‍ ജുമു‌അ ഖുതുബക്ക് ശേഷം പള്ളിയില്‍ ദീര്‍ഘനേരം ഇരിക്കേണ്ടി വന്നു. ഓര്‍മ്മകള്‍ പിന്നിലേക്ക് ഓടിയ നല്ല നിമിഷങ്ങളായിരുന്നു അത്. നോമ്പ് നോറ്റ് കുട്ടികളും മുതിര്‍ന്നവരുമായ അനേകം പേര്‍ പള്ളിയില്‍ ഉണ്ടായിരുന്നു. ആ കാഴ്ച എന്നെ എന്റെ കുട്ടിക്കാലത്തേക്ക് നയിച്ചു.

               കുട്ടിക്കാലത്ത് വെള്ളിയാഴ്ചയിലെ നോമ്പ് പെട്ടെന്ന് തീരുന്ന നോമ്പാണ് ! കാരണം പലതാണ്.രാവിലെ പതിനൊന്നരയോടെ എല്ലാവരും കുളിച്ച് പള്ളിയിലേക്ക് നീങ്ങും. മേത്തലങ്ങാടി പള്ളിയായിരുന്നു അന്ന് ഞങ്ങള്‍ക്ക് പോകാനുള്ള ഏകപള്ളി. പള്ളിയില്‍ എത്തിയാല്‍ ഓരോരുത്തരായി ഓരോ മൂലയില്‍ പോയിരുന്ന് ഖു‌ര്‍‌ആന്‍ ഓതും (പാരായണം ചെയ്യും). അവരവരുടെ മദ്രസാ ക്ലാസ്സിനനുസരിച്ച് മേലെ പതിനഞ്ച് ,താഴേ പതിനഞ്ച് എന്നിങ്ങനെ ഏതെങ്കിലും ഒരു വിഭാഗത്തിലെ ഖു‌ര്‍‌ആന്‍ ആണ് എടുക്കാറ്‌ (വിശുദ്ധ ഖു‌ര്‍‌ആന്‍ ആകെ മുപ്പത് ഭാഗങ്ങള്‍ ആണുള്ളത്.പണ്ട് കാലത്ത് ഇത് രണ്ട് പതിപ്പുകളിലായിട്ടായിരുന്നു പ്രിന്റ് ചെയ്തിരുന്നത്.ആദ്യത്തെ പതിനഞ്ച് ഭാഗങ്ങള്‍ ഉള്‍കൊള്ളുന്നതിനെ മേലെ പതിനഞ്ച് എന്നും രണ്ടാമത്തെ പതിനഞ്ച് ഭാഗങ്ങള്‍ ഉള്‍കൊള്ളുന്നതിനെ താഴെ പതിനഞ്ച് എന്നും പറയുന്നു.മദ്രസയില്‍ ഒന്നിലും രണ്ടിലും പഠിക്കുന്നവര്‍ക്ക് താഴെ പതിനഞ്ചേ ഓതാന്‍ സാധിക്കൂ.മുതിര്‍ന്നവര്‍ക്ക് രണ്ടും ഓതാന്‍ സാധിക്കും).ജുമു‌അ പ്രസംഗം ആരംഭിക്കുന്നത് വരെ ഇത് തുടരും.

             ഒന്നരക്ക് ജുമു‌അ കഴിഞ്ഞാല്‍ പള്ളിയില്‍ തന്നെ ഒരു മൂലയിലേക്ക് നീങ്ങും.എന്നിട്ട് എല്ലാവരും നീണ്ട് നിവര്‍ന്ന് കിടക്കും.അല്പ നേരം എന്തെങ്കിലും ഒക്കെ സംസാരിക്കുമെങ്കിലും നോമ്പുള്ളത് കാരണം പെട്ടെന്ന് തന്നെ ഉറക്കിലേക്ക് വഴുതി വീഴും. മൂന്നരക്ക് മയമാക്കയുടെ ഗംഭീരശബ്ദത്തിലുള്ള അസര്‍ ബാങ്ക് വിളിക്ക് പോലും ഉണര്‍ത്താന്‍ കഴിയാത്ത ഗാഢനിദ്രയിലായിരിക്കും ഞങ്ങളില്‍ പലരും. നമസ്കാരത്തിനായി മറ്റുള്ളവര്‍ തട്ടിവിളിക്കുമ്പോഴാണ് സമയം ഇത്രയും കടന്നുപോയത് അറിയുന്നത്. നമസ്കാരവും കഴിഞ്ഞ് തിരിച്ച് വീട്ടില്‍ എത്തുമ്പോള്‍ സമയം അഞ്ചുമണി കഴിഞ്ഞിരിക്കും.പിന്നെ ആകെ ഒന്നര മണിക്കൂര്‍ മാത്രമേ അന്നത്തെ നോമ്പിന് ആയുസ്സുള്ളൂ.ഇത്രയും പെട്ടെന്ന് നോമ്പ് തീരുന്ന ദിവസം വേറെ ഏതാണുണ്ടാവുക?

           ഇന്ന് തിരക്ക് പിടിച്ച ഔദ്യോഗിക ജീവിതത്തിനിടയില്‍ ഇങ്ങനെ ഒന്ന് നീണ്ട് നിവര്‍ന്ന് സ്വസ്ഥമായി കിടക്കാന്‍ എനിക്ക് സമയം കിട്ടുന്നില്ല. നോമ്പിനും സ്കൂള്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ കുട്ടികള്‍ക്ക് ഇങ്ങനെ ഒരു അനുഭവം കിട്ടാനുള്ള സാധ്യത ഇല്ലാതെയും പോയി.മഴ ശമിച്ച് പള്ളിയില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ ഞാന്‍ വീണ്ടും മധ്യവയസ്കനായി.

Wednesday, August 08, 2012

വഴിമാറിപ്പോയ ഒരു ദുരന്തം.

           തറാവീഹ് നമസ്കാരത്തെപറ്റി പറയുമ്പോള്‍ മനസ്സില്‍ ഓര്‍മ്മ വരുന്നത് തല നാരിഴക്ക് എനിക്ക് പറ്റുമായിരുന്ന ഒരു വന്‍ ദുരന്തമാണ്. ഞാന്‍  ആറിലോ ഏഴിലോ പഠിക്കുന്ന കാലം.അന്ന് തറാവീഹ് നമസ്കാരത്തിനായി എന്നും ബാപ്പയുടെ കൂടെ , വീട്ടില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെയുള്ള മേത്തലങ്ങാടി പള്ളിയിലേക്കാണ് പോകാറ്‌.അടുത്ത് പള്ളി ഉണ്ടെങ്കിലും ബാപ്പാക്ക് അവിടെ പോകുന്നത് ഇഷ്ടമില്ലായിരുന്നു.കാരണം നാല് റക്‍‌അത്ത് കഴിഞ്ഞാല്‍ ഇമാമും കുറച്ച് സുഹൃത്തുക്കളും പള്ളിയുടെ വരാന്തയിലേക്ക് ഇരുന്ന് ഒന്ന് പുക വലിക്കും.അവരുടെ വലി കഴിയുന്നത് വരെ മറ്റുള്ളവര്‍ കാത്തിരിക്കണം എന്ന് സാരം.ജീവിതയാത്രയില്‍ ഒരിക്കല്‍ പുകവലിക്കാരനായിരുന്നു എന്ന് പറയപ്പെടുന്ന എന്റെ ബാപ്പ അതുപേക്ഷിച്ചതിന് ശേഷം പുകവലിക്കുന്നവരെ ഇഷ്ടമില്ലായിരുന്നു.

           ഒരു കിലോമീറ്റര്‍ ദൂരമുണ്ടെങ്കിലും ഞങ്ങള്‍ കുട്ടികള്‍ക്ക് മേത്തലങ്ങാടി പള്ളിയില്‍ പോകാനുണ്ടായിരുന്ന  ഉത്സാഹം മറ്റൊന്നായിരുന്നു. അതാണ് ഇവിടെ പറയുന്നത്.

                 എന്റെ  വലിയ മൂത്താപ്പാക്ക് ‘ചാലിയാര്‍ ക്രോസ്‌വെയ്സ്’‘ എന്നൊരു ബസ്സുണ്ടായിരുന്നു. അരീക്കോട് - കോഴിക്കോട് റൂട്ടിലായിരുന്നു അതിന്റെ ഓട്ടം.അതിന്റെ അവസാന ട്രിപ്പ് കഴിഞ്ഞ് അരീക്കോട്ടെത്തിയാല്‍ ബസ് ജീവനക്കാര്‍ അങ്ങാടിയുടെ ഒരറ്റത്തുണ്ടായിരുന്ന ബിന്ദു ഹോട്ടലില്‍ കയറി രാത്രി ഭക്ഷണം കഴിക്കും.എന്നിട്ടേ ബസ്സ് ഞങ്ങളുടെ കോളനിക്ക് മുന്നില്‍ ഹാള്‍ട്ടാക്കുകയുള്ളൂ. 

              മേത്തലങ്ങാടി പള്ളിയില്‍ നിന്നും തറാവീഹ് കഴിഞ്ഞ് അല്പം ധൃതിയില്‍ എത്തിയാല്‍, ബസ് ജീവനക്കാര്‍ ഭക്ഷണം കഴിച്ച് ഇറങ്ങുമ്പോഴേക്കും ഞങ്ങള്‍ക്ക് ബസ്സിനടൂത്ത് എത്താം.പിന്നെ അടുത്ത ഇരുനൂറ് മീറ്റര്‍ ദൂരം യാത്ര ബസ്സിലാണ്.അത് മൂത്താപ്പ ഞങ്ങള്‍ക്ക് തന്ന ഒരു ആനുകൂല്യമായിരുന്നു. അക്കാലത്ത് ബസ് യാത്ര വര്‍ഷത്തില്‍ എപ്പോഴെങ്കിലും മാത്രം ഒത്ത് കിട്ടുന്ന ഒന്നായതിനാല്‍ എങ്ങനെയെങ്കിലും ബസ്സില്‍ കയറാന്‍ തറാവീഹ് കഴിഞ്ഞ് ഞങ്ങള്‍ ധൃതിപെട്ട് എത്തും.ഒരു തവണ മൂന്നോ നാലോ സ്റ്റെപ്പുകളുടെ വ്യത്യാസത്തില്‍ എനിക്ക് ഈ ‘സൌഭാഗ്യം’ നഷ്ടപ്പെട്ടിട്ടുണ്ട്.

               അങ്ങനെ  എനിക്കും ബസ് കിട്ടിയ ഒരു ദിവസം. ബാപ്പ എന്റെ കൂടെ ഉണ്ടായിരുന്നെങ്കിലും അദ്ദേഹം ബസ്സില്‍ കയറിയില്ല. പകരം അല്പം മുന്നോട്ട് നടന്നു.ബസ്സ് സ്റ്റാര്‍ട്ട് ചെയ്ത് മുന്നോട്ടെടുത്തപ്പോഴാണ് റോഡരികിലൂടെ നടക്കുന്ന എന്റെ ബാപ്പയെ ഞാന്‍ ശ്രദ്ധിച്ചത്. ബാപ്പയോടുള്ള സ്നേഹം കാരണം ബാപ്പക്ക് കയറാനായി ഞാന്‍ ഓടിത്തുടങ്ങിയ ബസ്സിന്റെ വാതില്‍ തുറന്ന്കൊടുത്തു. റോഡരികിലൂടെ നടന്ന ബാപ്പയുടെ ദേഹത്ത് ഇടിച്ചു ഇടിച്ചില്ല എന്ന മട്ടില്‍ വാതില്‍ തുറന്നടഞ്ഞു - അല്‍ഹംദുലില്ലാഹ്.അന്ന് അത് ബാപ്പയുടെ ശരീരത്തില്‍ ഒരു പോറല്‍ ഉണ്ടാക്കിയിരുന്നെങ്കില്‍ ജീവിതകാലം മുഴുവന്‍ തീരാത്ത ഒരു ദു:ഖമായി അത് മാറുമായിരുന്നു എന്ന് തീര്‍ച്ച.ഇന്നും ആ നിമിഷം ഓര്‍ക്കുമ്പോള്‍ ഉള്ളില്‍ ഒരു കാളല്‍ അനുഭവപ്പെടുന്നു.

Tuesday, August 07, 2012

തറാവീഹ് നമസ്കാരം

             തറാവീഹ് എന്ന്‌ ഞാന്‍ കേട്ടു തുടങ്ങിയത് എന്ന് മുതലാണ് എന്ന് കൃത്യമായി ഓര്‍മ്മയില്ല.പക്ഷേ കുട്ടിക്കാലത്ത് പള്ളിയില്‍ പോയി തന്നെ തറാവീഹ് നമസ്കാരം നിര്‍വ്വഹിക്കണം എന്ന് ഒരു വാശിയായിരുന്നു.ചില നോമ്പ് തുറ സല്‍ക്കാരത്തിന് പോയാല്‍ തറാവീഹ് മിക്കവാറും നഷ്ടപ്പെടും.അത് എന്തോ ഒരു വലിയ നഷ്ടമായി തന്നെയായിരുന്നു അന്ന് അനുഭവപ്പെട്ടിരുന്നത്.

               റമളാന്‍ മാസത്തില്‍ രാത്രി ഇശാ നമസ്കാരത്തിന് ശേഷം നിര്‍വ്വഹിക്കപ്പെടുന്ന പ്രത്യേക നമസ്കാരമാണ് തറാവീഹ് എന്നറിയപ്പെടുന്നത്.ദീര്‍ഘനേരം നിന്ന് നിര്‍വ്വഹിക്കേണ്ട ഒരു ആരാധനയാണിത്.തറാവീഹ് നമസ്കാരത്തിന് ശേഷം നബി(സ)യുടെ കാലില്‍ നീര്‍ക്കെട്ട് വരെ ഉണ്ടാകാറുണ്ടായിരുന്നു എന്ന് മദ്രസയില്‍ നിന്നും മറ്റും പഠിച്ചിരുന്നു(അത്രയും ദൈര്‍ഘ്യമേറിയ നമസ്കാരമായതിനാല്‍).

                  തറാവീഹ് എന്ന പദത്തിന്റെ അര്‍ത്ഥം വിശ്രമം/വിശ്രമിക്കല്‍ എന്നാണ്. അതായത് ഇടക്കിടക്ക് വിശ്രമം കൂടി അനുവദിച്ചുകൊണ്ടുള്ള നമസ്കാരമാണിത്.അതായത് രണ്ടൊ നാലോ റക്‍‌അത്ത് കഴിഞ്ഞ് അല്പ നേരം വിശ്രമം.പിന്നെ വീണ്ടും നമസ്കാരം .ഇപ്രകാരം എട്ട് റക്‍‌അത്ത്നമസ്കരിക്കുന്നവരുണ്ട് , 21 റക്‍‌അത്ത് നമസ്കരിക്കുന്നവരുമുണ്ട്, ഒന്നും നമസ്കരിക്കാത്തവരുമുണ്ട്.

                പകല്‍ മുഴുവന്‍ നോമ്പും രാത്രിയില്‍ തറാവീഹ് നമസ്കാരവും നിര്‍വ്വഹിക്കുമ്പോഴേ ഒരു സത്യവിശ്വാസിക്ക് റമളാനിന്റെ പൂര്‍ണ്ണത ലഭിച്ചതായി അനുഭവപ്പെടൂ.പകല്‍ തന്റെ എല്ലാ ഇച്ഛകളേയും കീഴടക്കി രാത്രിയില്‍ ആരാധന കര്‍മ്മങ്ങളിലും ഏര്‍പ്പെടുന്നതോടെ നോമ്പിന്റെ മുഴുവന്‍ പുണ്യവും വിശ്വാസി നേടി എടുക്കുന്നു.

                  തറാവീഹ് പള്ളിയില്‍ വച്ച് ജമാ‌അത്തായി (കൂട്ടമായി ) നമസ്കരിക്കുന്നവരുണ്ട്.വീട്ടില്‍ നിന്ന് ജമാ‌അത്തായി നമസ്കരിക്കുന്നവരുമുണ്ട്.പരിശുദ്ധ ഖുര്‍‌ആന്‍ മന:പാഠമായവര്‍ മിക്കവരും ദീര്‍ഘനേരം നിന്ന് നമസ്കരിക്കുന്നതിനായി വീട്ടില്‍ വച്ചാണ് തറാവീഹ് നിര്‍വ്വഹിക്കുന്നത്. പള്ളിയില്‍ നിന്ന് നമസ്കരിച്ച് വീട്ടില്‍ വന്ന് കൂടുതല്‍ നമസ്കരിക്കുന്നവരും ഉണ്ട്.സുന്നത്ത് നമസ്കാരത്തിന്റെ ഗണത്തില്‍ പെടുന്നതായതിനാല്‍ തറാവീഹ് നമസ്കാരം ഉപേക്ഷിച്ചാല്‍ അതൊരു കുറ്റമല്ല.കാരണം എല്ലാവര്‍ക്കും അതിന്റെ ദൈര്‍ഘ്യം താങ്ങാന്‍ കഴിഞ്ഞോളണം എന്നില്ല.എന്നിരുന്നാലും പുണ്യങ്ങളുടെ പൂക്കാലമായ റമളാനില്‍ കഴിവിന്റെ പരമാവധി എല്ലാവരും തറാവീഹ് നിര്‍വ്വഹിക്കുന്നുണ്ടെന്ന് പള്ളികളിലെ ജനസാന്നിദ്ധ്യം തെളിയിക്കുന്നു.

Sunday, July 29, 2012

താളിപ്പ് എങ്ങനെ ഉണ്ടാക്കാം...?

                      അരീക്കോട്ടുകാരുടെ ദേശീയകറിയായ താളിപ്പിനെക്കുറിച്ച്ഒരു പോസ്റ്റ് ഞാന്‍  ഇട്ടിരുന്നു.ഇത്രയും ലളിതമായ ഒരു കറി പരീക്ഷിക്കാന്‍ ഇതാ എല്ല്ലാവര്‍ക്കും അവസരം.

ആവശ്യമായ സാധനങ്ങള്‍ :-

1. വെളുത്തുള്ളി - നാലോ അഞ്ചോ അല്ലികള്‍ അരിഞ്ഞത്
2. ഉപ്പ് - ആവശ്യത്തിന് മാത്രം
3. പച്ചമുളക് - 2 എണ്ണം അരിഞ്ഞത്(കാന്താരി ആണെങ്കില്‍ ബഹുകേമം)
4. ഏത് താളിപ്പ് വേണം എന്നതിനനുസരിച്ച് ആ സാധനം കഷ്ണമാക്കിയത്.
5. അര ഗ്ലാസ് പച്ചവെള്ളം (കഞ്ഞി വെള്ളമായാല്‍ താളിപ്പ് സൂപ്പര്‍ ആകും)
6. ഒരു സ്പൂണ്‍ വെളിച്ചെണ്ണ
   
                  ചീനച്ചട്ടിയില്‍ വെളീച്ചെണ്ണ എടുത്ത് ചൂടാക്കി അതിലേക്ക്  അരിഞ്ഞ് വച്ച പച്ചമുളകും വെളുത്തുള്ളിയും ഇട്ട് അല്പം മൂപ്പിക്കുക (ഉള്ളി കരിയരുത്).വെളുത്തുള്ളിയുടെ മൂക്ക് തുളക്കുന്ന ഗന്ധം വരുമ്പോള്‍ വെള്ളം ഒഴിക്കുക. ഒപ്പം അരിഞ്ഞ് വച്ച നാലാമത്തെ ഐറ്റം ചേര്‍ക്കുക.വേവേണ്ട സാധനം ആണെങ്കില്‍ അല്പ നേരം തിളക്കാന്‍ വിടുക. അല്ലാത്തവ വെള്ളം ജസ്റ്റ് തിളക്കുന്നതോടെ അടുപ്പത്ത് നിന്നും മാറ്റി ഉപ്പിടാം. അതെ, വെള്ളം പോലെ ലൂസായി നിങ്ങളുടെ മുമ്പിലിരിക്കുന്നത് തന്നെയാണ് ഈ മഹാസംഭവം താളീപ്പ് !!
                 വെണ്ട, ചെരങ്ങ (ചുരക്ക), തക്കാളി, മുരിങ്ങയില,ചീര,പച്ചമുളക് , മുളകില,കോവല്‍ ഇല,മത്തന്‍ ഇല,പയര്‍ ഇല,വേവിക്കാത്ത പപ്പടം എന്നിവയെല്ലാം താളിപ്പ് ഉണ്ടാക്കാന്‍ ഉപയോഗിക്കാം.ഇനി നാലാമത്തെ ഐറ്റം ഒന്നും ഇല്ലെങ്കിലും കഞ്ഞിവെള്ളം കൊണ്ടു മാത്രവും താളിപ്പാകാം!!!ഓകെ, നിങ്ങളുടെ പാചക പരീക്ഷണം തുടങ്ങിക്കോളൂ.....

                 

അത്താഴവും താളിപ്പും

              റമളാനിലെ ആദ്യത്തെ പത്ത് (ആദ്യ പത്ത് നോമ്പുകള്‍) അവസാനിക്കാറായി. നോമ്പിന്റെ ദിനരാത്രങ്ങള്‍ ഇന്നലെ തുടങ്ങിയ പോലെ മാത്രം തോന്നിത്തുടങ്ങി.അല്ലെങ്കിലും നോമ്പ് തുടങ്ങിക്കഴിഞ്ഞാല്‍ പിന്നെ ആ പുണ്യദിനങ്ങള്‍ ഓടിത്തീരുന്നത് പോലെയാണ് അനുഭവപ്പെടുന്നത്.
             റമളാനിലെ പ്രധാനപ്പെട്ട ഒരു കര്‍മ്മമാണ് അത്താഴമുണ്ണല്‍. അതിരാവിലെ സുബഹ് ബാങ്ക് വിളിക്കുന്നതിന് മുമ്പ് അല്പം ഭക്ഷണം കഴിക്കുന്നതാണിത്. ആ സമയത്ത് എണീക്കാന്‍ മടിച്ച് നേരത്തെ ഭക്ഷണം അകത്താക്കി കിടക്കുന്നവരും ഒട്ടും കഴിക്കാത്തവരും ഒക്കെയുണ്ട്. പക്ഷേ നോമ്പ് എന്നാല്‍   എല്ലാ സ്വഭാവത്തിലുമുള്ള പ്രകടമായ ഒരു മാറ്റം ആയതിനാല്‍ ഈ അത്താഴമുണ്ണലും അതിന്റെ ഒരു ഭാഗമാണ്. മാത്രമല്ല അത്താഴമുണ്ണലിലും ബര്‍ക്കത്ത് ഉള്ളതായി നബി(സ) പറഞ്ഞിട്ടുണ്ട്.
                ഞാന്‍ സാധാരണ ചോറാണ് അത്താഴമായി കഴിക്കാറുള്ളത്. ആ സമയത്ത് ചോറ് കഴിക്കാന്‍ പലര്‍ക്കും മടിയാണ് അല്ലെങ്കില്‍ കഴിക്കാന്‍ സാധിക്കില്ല.ഇന്ന ഭക്ഷണം തന്നെ കഴിക്കണം എന്ന് പറയാത്തതിനാലും നബി(സ)യുടെ മാതൃക ഈത്തപ്പഴം ആയതിനാലും എന്ത് കഴിക്കണം എന്നതില്‍ തര്‍ക്കമില്ല. ചോറ് കറിയില്ലാതെ പലര്‍ക്കും ഇറങ്ങില്ല. കറി ആവട്ടെ ഉച്ചക്ക് ചോറില്‍ കൂട്ടുന്ന തരം കറിയാണെങ്കില്‍ ആ നേരത്ത് രുചി തോന്നുകയുമില്ല.ഇവിടെയാണ് മലപ്പുറത്ത്കാരുടെ പ്രത്യേകിച്ച് അരീക്കോട്ടുകാരുടെ ‘താളിപ്പ്’ ‘ ശ്രദ്ധ നേടുന്നത്.
                  പാചകം ഒട്ടും അറിയാത്ത ആര്‍ക്കും മാക്സിമം പോയാല്‍ അഞ്ച് മിനുട്ട് കൊണ്ട് ഉണ്ടാക്കാവുന്ന ഒരു കറിയാണ് താളിപ്പ്. എനിക്ക് ഇന്നേ വരെ ഈ കറി ഒരു മടുപ്പായിട്ട് തോന്നിയിട്ടില്ല. കാരണം പത്തിലധികം സാധനങ്ങള്‍ കൊണ്ട് താളിപ്പ് ഉണ്ടാക്കാം എന്നത് തന്നെ. അതായത് ഇന്ന് മുരിങ്ങാതാളിപ്പ് ആണെങ്കില്‍ നാളെ ചെരങ്ങാ താളിപ്പ്.മറ്റന്നാള്‍ തക്കാളി താളിപ്പ് , അതിന്റെ പിറ്റേന്ന് വെണ്ട താളിപ്പ്!!
                 അരീക്കോട്ടെ പ്രശസ്തമായ സുല്ലമുസ്സലാം കോളേജ് ഹോസ്റ്റലില്‍ ആദ്യമായി വന്ന ഒരു വിദ്യാര്‍ത്ഥി ഏതോ ഒരു നോമ്പിന് രോഷം കൊണ്ടതായി ഞാന്‍ ഒരു കഥ കേട്ടിട്ടുണ്ട്.അവന്‍ വീട്ടില്‍ പറഞ്ഞത്രേ - “ചോറിലേക്ക് ഒരു കറി തരും....താളിപ്പ്....ഇന്ന് മുരിങ്ങയാണേങ്കില്‍ നാളെ ചീരയായിരിക്കും അതില്‍ ”. ഇത് തന്നെയാണ് എന്റെ നാടിനെ സ്നേഹിക്കാന്‍ എനിക്ക് കൂടുതല്‍ പ്രചോദനവും. ഇത്രയും വറൈറ്റി കറി ഉണ്ടാക്കാന്‍ ഈ താളിപ്പ്  കൊണ്ട് തന്നെയേ സാധിക്കുകയുള്ളൂ.
                       ( പാചകക്രമം ഇതാ ഇവിടെ )

Thursday, July 26, 2012

പാല്‍‌വാഴക്ക - പാചകക്രമം.

ഞങ്ങളുടെ നാട്ടിലെ ഒരു റമളാന്‍ വിഭവമായ പാല്‍‌വായ്ക്കയെപ്പറ്റി ഞാന്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു.പലരും ആവശ്യപ്പെട്ട പ്രകാരം അതിന്റെ റെസിപ്പിയും കൂടെ ഇടുന്നു.ഈ റമളാന്‍-ഓണക്കാലത്ത് തന്നെ നിങ്ങളുടെ പാചകപരീക്ഷണമാകാം.

ആവശ്യമുള്ള സാധനങ്ങള്‍:-
ഏത്തപ്പഴം (മീഡിയം പഴുത്തത്) - (നിങ്ങള്‍ എത്ര തിന്നാന്‍ ഇഷ്ടപ്പെടുന്നോ അതിനനുസരിച്ച്)
പാല്‍ - 4 പഴത്തിലേക്ക് അര ലിറ്റര്‍ എങ്കിലും
നെയ്യ് - അഞ്ച് സ്പൂണ്‍
ചെറിയ ഉള്ളി - 1 (ഇഷടമാണെങ്കില്‍ മാത്രം)
പഞ്ചസാര - നിങ്ങളുടെ ബ്ലഡ്‌ഷുഗറിനനുസരിച്ച്.
ഏലക്കായ - രണ്ടെണ്ണം മാത്രം

പഴം കഷണങ്ങളായി നുറുക്കി (തൊലി കളയണം) അല്പം വെള്ളത്തിലിട്ട് വേവിക്കുക.വല്ലാതെ വെന്തു പോകുന്നതിന് മുമ്പ് അടുപ്പത്ത് നിന്നും എടുത്ത് മറ്റൊരു പാത്രത്തിലിട്ട് നല്ലവണ്ണം ഉടക്കുക.അല്പം നെയ്യ് എടുത്ത് ചൂടാക്കി അതിലേക്ക് ഉള്ളിയും ഏലക്കായും ഇട്ട് ജസ്റ്റ് ഒന്ന് വഴറ്റുക.ഇനി ഈ മിശ്രിതം ഉടച്ച പഴത്തിലേക്ക് ചേര്‍ത്ത് പാലും ഒഴിച്ച്, കരുതി വച്ച പഞ്ചസാരയും ഇട്ട് നല്ലവണ്ണം ഇളക്കുക.ഏലക്കായും ഉള്ളിയും ഇല്ലാതെ വെറുതെ നെയ്യ് ഒഴിച്ചാലും നല്ല ടേസ്റ്റ് ഉണ്ടാകും.തിന്നാന്‍ വരട്ടെ , റമളാനാണ് മഗ്‌രിബ് ബാങ്ക് കൊടുക്കണം .... അല്പം ചൂടാറുകയും വേണം.

Monday, July 23, 2012

പ്രിയപ്പെട്ട സുഹൃത്തുക്കളേ,


                    വിശ്വാസികളുടെ പുണ്യത്തിന്റെ പൂക്കാലമായ റമളാന്‍ ആരംഭിച്ചു.നാട്ടിലും വിദേശത്തും ജോലി നോക്കുന്ന എല്ലാ സുമനസ്സുകളുടേയും മുമ്പില്‍ ഒരഭ്യര്‍ഥന വയ്ക്കാന്‍ ഞാന്‍ ഈ പോസ്റ്റും അവസരവും ഉപയോഗിക്കുകയാണ്.
                       ആതുര സേവനരംഗത്ത് കേരളം മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച വച്ചു കൊണ്ടിരിക്കുകയാണ്. ലോകത്തിന് തന്നെ മാതൃകയാവുന്ന രൂപത്തില്‍ നമ്മുടെ പല സേവനങ്ങളും ശ്രദ്ധിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. കേരളത്തിലെ വിവിധ ഏജന്‍സികള്‍ വഴിയാണ് ഈ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കപ്പെടുന്നത്. തീര്‍ത്തും സൌജന്യമായി പ്രവര്‍ത്തകരുടെ സമയവും അധ്വാനവും സമര്‍പ്പിച്ചുകൊണ്ട് മാത്രമാണ് പലരുടേയും കണ്ണീരൊപ്പാന്‍ സാധിക്കുന്നത്.
                       കഴിഞ്ഞ മൂന്ന് വര്‍ഷമായി, വിദ്യാര്‍ഥികളുടെ സാമൂഹ്യ സേവന സന്നദ്ധത വളര്‍ത്തുന്ന നാഷണല്‍ സര്‍വീസ് സ്കീമിന്റെ (എന്‍.എസ്.എസ്)   വിവിധ പ്രവര്‍ത്തനങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരാളെന്ന നിലയില്‍ സമൂഹത്തിലെ ധാരാളം കഷ്ടപ്പെടുന്നവരെ കണ്ടുമുട്ടാന്‍ സാധിച്ചു.പലപ്പോഴും സാമ്പത്തിക സഹായങ്ങള്‍ എത്തിക്കാന്‍ സാധിക്കാത്തതിലും നല്‍കിയ സഹായങ്ങള്‍ തന്നെ കുറവായിപ്പോയി എന്ന് തോന്നിയും മനസ്സ് വേദനിച്ചിട്ടുണ്ട്.ഞാനും എന്റെ സേവന സന്നദ്ധരായ നൂറ് കുട്ടികളും തങ്ങളാവുന്ന വിധത്തില്‍ സമൂഹത്തിന്റെ കണ്ണീരൊപ്പാന്‍ പ്രയത്നിച്ചിട്ടുണ്ട് എന്ന് തന്നെയാണ് എന്റെ വിശ്വാസം.ബൂലോകത്ത് നിന്നും എന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കിയ പലരേയും ഞാന്‍ ഈ അവസരത്തില്‍ നന്ദിയോടെ സ്മരിക്കുന്നു. സര്‍വ്വ ശക്തനായ നാഥന്‍ നമ്മുടെ എല്ലാ പ്രവര്‍ത്തനങ്ങളും സ്വാലിഹായ പ്രവര്‍ത്തനങ്ങളായി സ്വീകരിച്ച് അര്‍ഹമായ പ്രതിഫലം നല്‍കുമാറാകട്ടെ, ആമീന്‍.
                       എന്റെ കോളേജിലെ എന്‍.എസ്.എസ് യൂണിറ്റ് ഒരു വീട് നിര്‍മ്മിച്ചു നല്‍കുന്ന വിവരം ഞാന്‍ മുമ്പ് ബ്ലോഗിലൂടെ അറിയിച്ചിരുന്നു.അല്‍ഹംദുലില്ലാഹ്, ഇനി അതിന്റെ വാതില്‍ പൊളികളും ജനല്‍ പൊളികളും വയ്ക്കാനും വയറിംഗ്,പെയ്ന്റിംഗ് എന്നിവ നടത്താനും മാത്രമേ ബാക്കിയുള്ളൂ.സ്പോണ്‍സര്‍മാര്‍ പിന്മാറിയത് കാരണം കടുത്ത പ്രതിസന്ധി നേരിട്ടെങ്കിലും പല തുള്ളി പെരുവെള്ളം എന്ന ചൊല്ല് അന്വര്‍ഥമാക്കി ഞങ്ങളത് ഇത്രവരെ എത്തിച്ചു.ബാക്കി പ്രവൃത്തികള്‍ ഓണത്തിന് മുമ്പ് തീര്‍ത്ത് താക്കോല്‍ ദാനം നടത്തണം എന്നുദ്ദേശിക്കുന്നു.
                     ഈ വര്‍ഷം കോഴിക്കോട് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ പാലിയേറ്റീവ് കെയര്‍ യൂണിറ്റുകളുമായി സഹകരിച്ച് അവര്‍ക്കാവശ്യമായ വാട്ടര്‍ബെഡ്, വീല്‍ ചെയര്‍ എന്നിവ നല്‍കാനും  ഉദ്ദേശിക്കുന്നു.കൂടാതെ കോഴിക്കോട് ജില്ലയിലെ വൃക്ക രോഗികള്‍ക്കായി ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച കിഡ്‌നി വെല്‍ഫയര്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങളുമായി സഹകരിച്ച് ഒരു രോഗിയുടെ  എങ്കിലും ഡയാലിസിസ് സ്പോണ്‍സര്‍ ചെയ്യാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.
                      നാളെയുടെ വാഗ്ദാനങ്ങളായ വിദ്യാര്‍ഥികളില്‍ ഒരു സാമൂഹ്യ ചിന്ത ഉണര്‍ത്താനും ലോകത്തിന്റെ വേദനയുള്ള മുഖം കൂടി അവര്‍ കാണാനും വേണ്ടി നടത്തുന്ന ഈ പരിശ്രമം ഭാവിയില്‍ നല്ലൊരു സമൂഹത്തെ വളര്‍ത്തിക്കൊണ്ടുവരും എന്ന് പ്രത്യാശിക്കുന്നു.ഈ പ്രവര്‍ത്തനത്തിലേക്ക്  എല്ലാവരുടേയും സംഭാവനകള്‍ ഉണ്ടാകണമെന്ന് സ്വദേശത്തും വിദേശത്തുമുള്ള എല്ലാ മനുഷ്യസ്നേഹികളോടും അഭ്യര്‍ഥിക്കുന്നു.

A/c Details:-

A/c No: 10770100109384
IFSC Code: FDRL0001077
Branch: Federal Bank Areacode
Name : Abid Tharavattath

                അല്ലാഹു നമ്മുടെ എല്ലാ സല്‍കര്‍മ്മങ്ങളും സ്വീകരിച്ച് അര്‍ഹമായ പ്രതിഫലം നല്‍കി അനുഹ്രഹിക്കുമാറാകട്ടെ , ആമീന്‍.


                                                                                         സ്നേഹപൂര്‍വ്വം അരീക്കോടന്‍.

Sunday, July 22, 2012

‘പാല്‍‌വായ്ക്ക’ എന്ന പാല്‍‌വാഴക്ക

                       പാല്‍‌വാഴക്ക എന്ന് പറഞ്ഞാല്‍ ഇതെന്ത് സാധനം എന്ന് എല്ലാവരും ചോദിച്ചു പോകും.എന്നാല്‍ ‘പാല്‍‌വായ്ക്ക’ എന്ന് എന്റെ നാട്ടില്‍ ആരോട് പറഞ്ഞാലും അവരുടെ നാവില്‍ വെള്ളമൂറും.കാരണം റമദാന്‍ നോമ്പ് തുറ സമയത്ത് ഉണ്ടാക്കുന്ന ഒരു പ്രാധാനപ്പെട്ട വിഭവമാണ് അത്.
                  എന്റെ ഓര്‍മ്മ വച്ച നാള്‍ മുതലേ നോമ്പ് തുറയില്‍ ഒരു വിഭവമായി നേന്ത്രപ്പഴവും പാലും ചേര്‍ത്തുണ്ടാക്കുന്ന ഈ വിഭവമുണ്ട്.ഇതില്ലാതെ നോമ്പ് സല്‍ക്കാരം പൂര്‍ണ്ണമാകില്ല എന്ന് തന്നെ പറയാം. പത്തിരിയും മറ്റും കഴിച്ചതിന് ശേഷമോ അല്ലെങ്കില്‍ നോമ്പ് തുറന്ന ഉടനെയോ ആണ് ഇത് കഴിക്കുക. പലരും പല രൂപത്തില്‍ ഉണ്ടാക്കുന്നതിനാല്‍ ഇതിന്റെ രുചിക്കും വ്യത്യാസമുണ്ടായിരിക്കും. എന്റെ വീട്ടില്‍ ഇതിന്റെ ഏറ്റവും ലളിതമായ രൂപത്തിലാണ് ഉണ്ടാക്കാറ്‌.അതായത് പഴം പുഴുങ്ങി നല്ലവണ്ണം ഉടച്ച് അതിലേക്ക് പാലും പഞ്ചസാരയും ചേര്‍ക്കുന്നു.പഴം അധികം പഴുത്തതാവരുത്. എന്നാല്‍ കറകുത്തുന്നതും ആവരുത്. ചിലര്‍ ചൊവ്വരി എന്ന സാബൂനരി കൂടി ഇടാറുണ്ട്.അപ്പോള്‍ പാചകരീതി മാറും.കാരണം ചൊവ്വരി വേവാന്‍ തന്നെ  ധാരാളം സമയം വേണം.
                    ഞാന്‍ കുട്ടിയായിരിക്കുമ്പോള്‍ നോമ്പ് കാലത്ത് ബാപ്പയുടെ നാട്ടിലെ(പേരാമ്പ്ര) യതീംഖാനയുടെ പിരിവെടുക്കാന്‍ ബാപ്പയുടെ കുടുംബത്തില്‍ പെട്ട ഒരു റിസീവര്‍ വരാറുണ്ടായിരുന്നു.അരീക്കോട്ടേയും പരിസര പ്രദേശങ്ങളിലേയും പിരിവെടുക്കാന്‍ രണ്ട് ദിവസം അദ്ദേഹം വീട്ടില്‍ തങ്ങും.അന്ന് നോമ്പ് തുറയും ഞങ്ങളുടെ വീട്ടില്‍ വച്ചായിരിക്കും.അങ്ങനെയുള്ള ഒരു ദിവസം മേല്പറഞ്ഞ ‘പാല്‍‌വായ്ക്ക’യും ഒരു വിഭവമായി. ഇതിനെപറ്റി വലിയ ധാരണ ഇല്ലാത്തതിനാല്‍ അദ്ദേഹം ഇത് പത്തിരിയോടൊപ്പം പ്ലേറ്റിലേക്കിട്ടു.ഞങ്ങള്‍ അന്ധാളിച്ചു നില്‍ക്കുന്നതിനിടെ ഇറച്ചിക്കറിയും അതിലേക്ക് ഒഴിച്ചു!പിന്നെ കുട്ടികളായ ഞങ്ങള്‍ക്ക് ചിരി അടക്കാന്‍ കഴിഞ്ഞില്ല.കാരണം എരിവും മധുരവും കൂടിച്ചേര്‍ന്ന ആ ‘പുതിയ വിഭവം’ ഇറക്കി വിടാന്‍ അദ്ദേഹം നന്നേ പാടുപെട്ടു. ഈ സംഭവത്തിന് ശേഷം വീട്ടില്‍ നോമ്പ് തുറക്ക് വരുന്ന ആരോടും ഇതിനെപറ്റി ഒന്ന് വിശദീകരിച്ചിട്ടേ അവരുടെ മുമ്പിലേക്ക് ‘പാല്‍‌വായ്ക്ക’ വച്ച് കൊടുക്കാറുള്ളൂ.
                        ഇന്ന് നേന്ത്രപ്പഴത്തിന്റെ വില കേട്ട് ‘പാല്‍‌വായ്ക്ക’ വേണ്ട എന്ന തീരുമാനത്തില്‍ എത്തിച്ചേരാനാണ് തോന്നുന്നത്.മിക്കവാറും നോമ്പ് സല്‍ക്കാരങ്ങളില്‍ മറ്റു പല റെഡിമേഡ് ഐറ്റങ്ങളും കടന്ന് കൂടിയതിനാല്‍ ഈ വിഭവം ഒരു രണ്ട് മൂന്ന് വര്‍ഷത്തിനിടയില്‍ നാമാവശേഷമായിപ്പോകും എന്ന് തോന്നുന്നു.എങ്കിലും ‘പാല്‍‌വായ്ക്ക’ എന്ന് കേള്‍ക്കുമ്പോള്‍ അതിന്റെ രുചി അറിഞ്ഞവരുടെ നാവില്‍ വെള്ളമൂറിക്കൊണ്ടേ ഇരിക്കും.