Pages

Tuesday, February 09, 2021

സ്റ്റാർ ആപ്പിളും റോസാപ്പിളും

                നമ്മുടെ നാട്ടിൽ ആപ്പിൾ സുലഭമായി കാണാൻ തുടങ്ങിയത് എന്നാണെന്ന് എനിക്ക് കൃത്യമായി ഓർമ്മയില്ല. ആപ്പിൾ കാണാത്ത കുട്ടിക്കാലത്താണ് ന്യൂട്ടന്റെ തലയിൽ ആപ്പിൾ വീണ കഥ ഞാൻ കേട്ടത്. എന്നാൽ അന്നു മുതലേ എൻ്റെ വീട്ടിലെ രണ്ട് ആപ്പിൾ മരങ്ങളെപ്പറ്റി എന്റെ പിതാവിൽ നിന്ന് ഞാൻ കേട്ടറിഞ്ഞിരുന്നു. സ്റ്റാർ ആപ്പിൾ മരവും റോസാപ്പിൾ മരവും ആയിരുന്നു അവ. ഇവയിൽ നിന്ന് പലപ്പോഴും എൻ്റെ തലയിലും ആപ്പിൾ വീണിട്ടുണ്ട്. പക്ഷെ ന്യുട്ടൺ ഉണ്ടാക്കിയ പോലെ പ്രശ്നങ്ങൾ ഉണ്ടാക്കാത്തതിനാൽ ഞാൻ ഞാനായി തന്നെ തുടർന്നു.  

            സ്റ്റാർ ആപ്പിൾ ഇലകൾ മുറ്റത്ത് വീണുകിടക്കുന്നത് കാണാൻ തന്നെ നല്ല ഭംഗിയായിരുന്നു. കാരണം അതിന്റെ ഓരോ ഇലയും പഴുത്ത് കഴിയുമ്പോൾ പല വർണ്ണത്തിൽ ആകുകയാണ് പതിവ്. അതായത് മഞ്ഞ ഇല ആകുന്നതിന് പകരം അത് മഞ്ഞ ഒഴികെയുള്ള വർണ്ണ വൈവിധ്യം തീർക്കും. ഈ മരത്തിൽ ഉണ്ടാകുന്ന ഞാവൽ പോലെയുള്ള ഒരു കായയെയാണ് ആണ് സ്റ്റാർ ആപ്പിൾ  എന്ന് വിളിക്കുന്നത് .കായയുടെ പച്ച നിറം അത് മൂക്കുന്നതിനനുസരിച്ച് മാറി അവസാനം ഞാവലിനെ കളറായി മാറുന്നു. കടിച്ചാൽ പൊട്ടാത്ത ഒരു കുരുവും ഉള്ളിൽ  ഉണ്ടായിരിക്കും.

            എൻ്റെ വീട്ടിൽ ഇന്ന് ഈ മരം ഇല്ല. ഉണ്ടായിരുന്ന കാലത്ത് ഒരു തൈ പറിച്ചെടുത്ത് ഞാൻ കോളേജിൽ കൊണ്ടുപോയി നട്ടിരുന്നു (2011ൽ ആണെന്നാണ് എൻ്റെ ഓർമ്മ ) . തൈ വലുതായി ഈ വർഷം ആദ്യമായി കായ പിടിച്ചപ്പോൾ ഒന്നാമനായി അത് തിന്നാനും എനിക്ക്  ഭാഗ്യമുണ്ടായി (അൽഹംദുലില്ലാഹ്). 
            ശ്രീ. വൈക്കം മുഹമ്മദ് ബഷീറിന്റെ വീട്ടുമുറ്റത്തെ മാങ്കോസ്റ്റിൻ മരം പോലെ എന്റെ വീട്ടുമുറ്റത്തും ഒരു മരം തണൽ വിരിച്ച് നിൽപ്പുണ്ട്. അധികം ഉയരത്തിൽ പോകാത്ത അതിൽ ഇത്തവണ നിറയെ പൂവും ഉണ്ടായി. കായ സാധാരണ വവ്വാൽ കൊണ്ട് പോകാറാണ് പതിവ്. ഇത്തവണ കായകൾ പലതും കയ്യെത്തും ദൂരത്തായതിനാൽ കവറിട്ട് സംരക്ഷിച്ചതിനാൽ കൈ നിറയെ പഴുത്ത കായ്കൾ കിട്ടി. രുചി എന്ത് എന്ന്  ചോദിച്ചാൽ പറയാൻ സാധിക്കാത്ത തരം ഒരു രുചി. 

                ഞങ്ങളിതിനെ ചെറുപ്പം തൊട്ടേ വിളിക്കുന്നത് റോസാപ്പിൾ എന്നാണ് . പക്ഷെ ഫോട്ടോ കണ്ട തൊണ്ണൂറ് ശതമാനം ആള്‍ക്കാരും പറഞ്ഞത് ഇതിന്റെ പേര് പനിനീര്‍ ചാമ്പ എന്നായിരുന്നു. കൂടാതെ മധുരനെല്ലിക്ക, ശീമ ചാമ്പ, കല്‍ക്കണ്ടിക്കായ, പനിനീർ കായ, പനിനീർ പഴം, മലയൻ ആപ്പിൾ ചാമ്പ, സ്വർണ്ണ ചാമ്പ,മൈസൂർ ചാമ്പ, ആറ്റു ചാമ്പ, പഞ്ചാരക്കായ്, പഞ്ചാരനെല്ലി, റോസാ പഴം, ആന ചാമ്പക്ക എന്നിങ്ങനെയും പേരുണ്ടെന്ന് പലരും പറഞ്ഞു.

              ഞാനിതുവരെ കേട്ടതില്‍ പപ്പായക്കായിരുന്നു പര്യായപദം കൂ‍ടുതല്‍. ഇപ്പോള്‍ എനിക്ക് തോന്നുന്നു റോസാപ്പിളിനാണ് ഏറ്റവും കൂടുതല്‍ പര്യായപദമുള്ളത് എന്ന്. കുടുംബ ഗ്രൂപ്പിൽ ഫോട്ടോ ഇട്ടതോടെ കുട്ടിക്കാലത്തേക്ക് അൽപ നേരം മടങ്ങാനും സാധിച്ചു.

5 comments:

Areekkodan | അരീക്കോടന്‍ said...

പക്ഷെ ന്യുട്ടൺ ഉണ്ടാക്കിയ പോലെ പ്രശ്നങ്ങൾ ഉണ്ടാക്കാത്തതിനാൽ ഞാൻ ഞാനായി തന്നെ തുടർന്നു.

© Mubi said...

സ്റ്റാർ ആപ്പിളും റോസ് ആപ്പിളും ഞാൻ കഴിച്ചിട്ടില്ല... സാധാ ആപ്പിൾ വഴിയിലൂടെ നടക്കുമ്പോൾ തലയിൽ വീഴാറുണ്ട്. ഇതുവരെ ഞാനും പ്രശ്‌നമൊന്നും ഉണ്ടാക്കിയിട്ടില്ല :) :)

Areekkodan | അരീക്കോടന്‍ said...

മുബീ...ഇവിടെ തേങ്ങ വീഴുന്ന പോലെ അവിടെ ആപ്പിളാണല്ലേ... പിന്നെ, തലയുള്ളവരുടെ തലയിൽ വീണാലേ പ്രശ്നങ്ങൾ ഉണ്ടാകൂ...

Muralee Mukundan , ബിലാത്തിപട്ടണം said...

മുബിക്ക് കൊടുത്ത കൊട്ടാണ് ഇതിലെ സുലാൻ

Areekkodan | അരീക്കോടന്‍ said...

മുരളിയേട്ടാ .... എൻ്റെ കൂടെ പഠിച്ച മുബിയെ അറിയുന്നതോണ്ട് പറഞ്ഞുപോയതാ !!

Post a Comment

നന്ദി....വീണ്ടും വരിക