Pages

Thursday, July 31, 2014

ലോകകപ്പാനന്തരം – 6

ബ്രസീൽ ലോകകപ്പ് മലപ്പുറത്ത് വിതച്ച ആവേശം ചെറുതൊന്നുമല്ല എന്ന് ഈ നാട്ടിലൂടെ കടന്ന് പോയവർക്കെല്ലാം അറിയാം. ഇപ്പോൾ ഇഷ്ട ടീമുകളുടെ പതനത്തിന് ശേഷവും ബ്രസീൽ മാനിയ മലപ്പുറത്ത് തുടരുന്നു.അവയിൽ ചിലത്.   

ക്ലാസ്സിൽ വൈകി വന്ന് വാതിലിൽ പേടിച്ച് നിൽക്കുന്ന കദീജയോട് മാഷ് : എന്താടീ ...... പുലിയുടെ മുമ്പിൽ പെട്ട എലിയെപ്പോലെ നിന്ന് വിറക്കുന്നത് ?

ഉടൻ ക്ലാസ്സിൽ നിന്നുള്ള മറുപടി : സാർ.ആ ചൊല്ല് മാറി.പുതിയ ചൊല്ല് .ജർമ്മനിയുടെ മുമ്പിൽ പെട്ട ബ്രസീൽ മാതിരി എന്നാ !!!

ലോകകപ്പാനന്തരം – 5

ബ്രസീൽ ലോകകപ്പ് മലപ്പുറത്ത് വിതച്ച ആവേശം ചെറുതൊന്നുമല്ല എന്ന് ഈ നാട്ടിലൂടെ കടന്ന് പോയവർക്കെല്ലാം അറിയാം. ഇപ്പോൾ ഇഷ്ട ടീമുകളുടെ പതനത്തിന് ശേഷവും ബ്രസീൽ മാനിയ മലപ്പുറത്ത് തുടരുന്നു.അവയിൽ ചിലത്.

മൂസ : ലോകകപ്പ് താരങ്ങൾ ഏറ്റം ഇഷ്ടപ്പെടുന്ന പെണ്ണ് ?

ഈസ : വക്ക വക്ക ഷക്കീറ

മൂസ : അല്ലഅന്റെ മ്മ (നിന്റെ അമ്മ)

ഈസ : ങേ !!!

മൂസ : മറിയ ഗോട്സെ .ഡി മറിയ. മറിയ ബെല്ലോടെല്ലി.മൻസ്‌ലായോഎല്ലാർക്കും ഇസ്ടം ഈസന്റെ മ്മ മറിയം ബീവിയെ !Wednesday, July 30, 2014

ലോകകപ്പാനന്തരം – 4

ബ്രസീൽ ലോകകപ്പ് മലപ്പുറത്ത് വിതച്ച ആവേശം ചെറുതൊന്നുമല്ല എന്ന് ഈ നാട്ടിലൂടെ കടന്ന് പോയവർക്കെല്ലാം അറിയാം. ഇപ്പോൾ ഇഷ്ട ടീമുകളുടെ പതനത്തിന് ശേഷവും ബ്രസീൽ മാനിയ മലപ്പുറത്ത് തുടരുന്നു.അവയിൽ ചിലത്.

കാദറാക്ക : “ഓനൊര് ബല്ലാത്ത ഹമുക്ക് തെന്ന്യാ

അദ്വാക്ക : “ആര് , പോക്കരോ ?”

കാദറാക്ക : “അല്ലാന്ന്ഫൈനല്ല് ഗോളടിച്ച ആ ഹമുക്ക്

അദ്വാക്ക : “അതെത്താ അങ്ങനെ പറ്യാൻ?”

കാദറാക്ക : “ഓന് പണ്ട്  ഞമ്മളെ ഗാന്ധീനെ കൊന്ന്…“

അദ്വാക്ക : “ഗോട്സെ

കാദറാക്ക : “ആ ഓൻ തെന്നെ..ഇപ്പം ഞമ്മളെ മെസ്സിന്റെ അർജന്റീനെനിം

Tuesday, July 29, 2014

ലോകകപ്പാനന്തരം – 3

ബ്രസീൽ ലോകകപ്പ് മലപ്പുറത്ത് വിതച്ച ആവേശം ചെറുതൊന്നുമല്ല എന്ന് ഈ നാട്ടിലൂടെ കടന്ന് പോയവർക്കെല്ലാം അറിയാം. ഇപ്പോൾ ഇഷ്ട ടീമുകളുടെ പതനത്തിന് ശേഷവും ബ്രസീൽ മാനിയ മലപ്പുറത്ത് തുടരുന്നു.അവയിൽ ചിലത്.

രാമേട്ടന്റെ ചായക്കടയിലേക്ക് കയറി വന്ന ചന്ദ്രേട്ടന്റെ ഓഡർ -

“രാമേട്ടാ ഒരു ചായ.”

“പിന്നെ.”

“പിന്നെ ന്തെങ്കിലും ഒരു സുവാരസും

Monday, July 28, 2014

ലോകകപ്പാനന്തരം – 2

ബ്രസീൽ ലോകകപ്പ് മലപ്പുറത്ത് വിതച്ച ആവേശം ചെറുതൊന്നുമല്ല എന്ന് ഈ നാട്ടിലൂടെ കടന്ന് പോയവർക്കെല്ലാം അറിയാം. ഇപ്പോൾ ഇഷ്ട ടീമുകളുടെ പതനത്തിന് ശേഷവും ബ്രസീൽ മാനിയ മലപ്പുറത്ത് തുടരുന്നു.അവയിൽ ചിലത്.

ബ്രസീൽ ആരാധകനായിരുന്ന കോയമോന്റെ ടീ ഷർട്ടിലെ പത്താം നമ്പറിലെ പൂജ്യത്തിന് നടുവിൽ വലിയൊരു ദ്വാരം.ഇതു കണ്ട അയിദർമാൻ -
“എത്താ കോമോർട്ടിന് ബെല്ല്യൊരു ഓട്ട..?”


കോയമോൻ : സെമീലും തോറ്റോലെ ഫൈനലിലും ബല തൊളച്ച് കേറ്യേത് പത്തെണ്ണാപത്തെണ്ണംഅയിന് ഞമ്മളെ വക സപ്പോർട്ടാ ത്

ഈദുൽ ഫിത്വ്‌റിൽ മനസ്സ് പറയുന്നത്….

ഈദിന്റെ സുദിനം ഇങ്ങെത്തി.ഊദും ഊദിന്റെ അത്തറും ഈദിന്റെ സുദിനത്തെ സുഗന്ധപൂരിതമാക്കുന്നുണ്ട്.ഒരു മാസത്തെ വ്രതാനുഷ്ടാനം സംസ്കരിച്ചെടുത്ത മനുഷ്യന്റെ സുഗന്ധവും കൂടി അതിൽ ഉൾപ്പെട്ടിട്ടുണ്ട്. ഭക്ഷണവും പാനീയവും ഉപേക്ഷിച്ച് ദൈവത്തിന്റെ യഥാർത്ഥ ദാസന്മാരായി ഒരു മാസക്കാലം പരിശീലനം പൂർത്തിയാക്കിയതിന്റെ സന്തോഷവും പലരുടേയും മുഖത്ത് സ്ഫുരിക്കുന്നുണ്ട്.

ഈദ് സന്തോഷത്തിന്റെ ദിനമാണ്.സാഹോദര്യത്തിന്റെ ദിനമാണ്.കാരുണ്യത്തിന്റെ മാ‍സമായ റമളാനിന്റെ പരിസമാപ്തിയാണ്.എല്ലാം കൊണ്ടും അച്ചടക്കം ആർജ്ജിച്ച മനുഷ്യ സമൂഹത്തിന്റെ ആഘോഷം കൂടിയാണ്.അതിനാൽ തന്നെ ആ ആഘോഷത്തിന് ഒരു അടുക്കും ചിട്ടയും രീതിയും ഭംഗിയും ഉണ്ട്. പുത്തൻ വസ്ത്രങ്ങൾ ധരിച്ച് സുഗന്ധങ്ങൾ പൂശി മൈലാഞ്ചി അണിഞ്ഞ്  സർവ്വലോക രക്ഷിതാവായ അല്ലാഹുവിനെ സ്തുതിച്ചും പ്രകീർത്തിച്ചും പള്ളിയിൽ ഒത്ത്കൂടി സ്നേഹിതരെ കെട്ടിപ്പിടിച്ച് ആശ്ലേഷിച്ച് ഈദ് ആശംസകൾ കൈമാറി ഈദ് ആഘോഷിക്കാൻ ഞാനും തയ്യാറായി.പക്ഷേ ???

ഈദിന്റെ സുഗന്ധത്തോടൊപ്പം മനുഷ്യ രക്തത്തിന്റെ ചൂരും എവിടെ നിന്നോ ഉയരുന്നോ? ഭവനങ്ങളിൽ വേവുന്ന ബിരിയാണിയുടെ ഗന്ധത്തോടൊപ്പം മനുഷ്യമസ്തിഷ്കങ്ങളും കരിഞ്ഞ് മണക്കുന്നുവോ?പുത്തൻ വസ്ത്രങ്ങളിലെ അത്തർ സൃഷ്ടിച്ച കറകൾക്കൊപ്പം അങ്ങകലെ രക്തക്കറകളും കാണുന്നുവോ?

അതേ,പുത്തൻ വസ്ത്രങ്ങളും നല്ല ഭക്ഷണവും കിട്ടാതെ എത്രയോ ജന്മങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നരകിക്കുന്നു.അതിൽ ജാതിയോ മതമോ വർഗ്ഗമോ ഭാഷയോ വ്യത്യാസമില്ല.എല്ലാം മനുഷ്യരാണ് എന്ന് മാത്രം ഞാൻ മനസ്സിലാക്കുന്നു.ലോകം എന്ത് എന്ന് അറിയാതെ അതിന്റെ സൌന്ദര്യവും വിഭവങ്ങളും ആസ്വദിക്കാൻ കഴിയാതെ, ഞെട്ടറ്റ് വീണ പൂമൊട്ട് കണക്കെ ഗാസയിലെ തെരുവുകളിൽ കുഞ്ഞുങ്ങളുടെ ചേതനയറ്റ ശരീരങ്ങൾ കുന്ന് കൂടുന്നു.അതും മനുഷ്യരായി ഈ ലോകത്ത് ഉണ്ടാകേണ്ടവരായിരുന്നു എന്ന് മാത്രം ഞാൻ മനസ്സിലാക്കുന്നു.


പ്രിയപ്പെട്ടവരേ. പുത്തൻ വസ്ത്രങ്ങൾ അണിഞ്ഞ് ചമഞ്ഞൊരുങും മുമ്പ്. വയറ് നിറച്ച് ഉണ്ണും മുമ്പ്. അമിതമായി ആഘോഷിക്കും മുമ്പ് .. ഒരല്പനേരം അവർക്ക് വേണ്ടി നമുക്ക് പ്രാർത്ഥിക്കുകയെങ്കിലും ചെയ്യാം . നമുക്കും വന്നേക്കാവുന്ന ആ ദുർഗ്ഗതിയിൽ നിന്നും ദൈവത്തോട് രക്ഷ തേടാം.ഈദാശംസകൾ !!!

Saturday, July 26, 2014

ലോകകപ്പാനന്തരം – 1

ബ്രസീൽ ലോകകപ്പ് മലപ്പുറത്ത് വിതച്ച ആവേശം ചെറുതൊന്നുമല്ല എന്ന് ഈ നാട്ടിലൂടെ കടന്ന് പോയവർക്കെല്ലാം അറിയാം. ഇപ്പോൾ ഇഷ്ട ടീമുകളുടെ പതനത്തിന് ശേഷവും ബ്രസീൽ മാനിയ മലപ്പുറത്ത് തുടരുന്നു.അവയിൽ ചിലത്.

ഇരുപത്തേഴാം രാവിന് മുഹമ്മദാജിയുടെ വീട്ടുപടിക്കൽ നീണ്ട ക്യൂ കണ്ട പോക്കരാക്ക  -
“യാ കുദാഇതെത്താ കൊണ്ടോട്ടി നേർച്ച മയമാജിന്റെ പേരേക്ക് സെലം മാറ്റ്യോ?”

ഇത് കേട്ട മയമാക്ക : ഏയ്.ലോകകപ്പ് കയ്ഞ്ഞ്‌ട്ട്‌ള്ള പസ്റ്റ് ഇരുവത്തേയാം രാവാ.

പോക്കരാക്ക : അയ്നെത്താ ?

മയമാക്ക : ബെറ്റ് വെച്ച് കൊറേ എണ്ണത്ത്‌ന് പൈസ പോയിഇഞ്ഞി പെരുന്നാള് കയ്ച്ചെണെങ്കി ഇന്ന് കിട്ടീട്ട് മാണം..അതെന്നെ

ഇരുപത്തിയേഴാം രാവിലെ സിനിമ !!!

റമളാൻ മാസത്തിലെ അവസാനത്തെ പത്തിലെ ഒറ്റയിട്ട രാവുകൾ മുസ്ലിംകൾക്ക് ഏറെ പുണ്യമുള്ളതാണ്.ലൈലത്തുൽ ഖദ്‌ർ എന്ന ആയിരം മാസത്തേക്കാൾ പുണ്യമുള്ള ഒരു പ്രത്യേകദിനം ഈ ഒറ്റയിട്ട രാവുകളിൽ ഏതിലോ ഒന്നായിരിക്കും എന്നതിനാൽ വിശ്വാസികൾ ആരാധനാകർമ്മങ്ങളും ദാനധർമ്മങ്ങളും മറ്റും എല്ലാം അധികരിപ്പിക്കുന്ന കാലം കൂടിയാണ് അവസാനത്തെ പത്ത്. അതിൽ തന്നെ ഇരുപത്തിയേഴാം രാവിൽ ആണ് ലൈലത്തുൽ ഖദ്‌ർ എന്ന് ഒരു വിഭാഗം മുസ്ലിംകൾ വിശ്വസിക്കുന്നതിനാൽ അന്ന് പ്രത്യേക പ്രാർത്ഥനാ സദസ്സും സകാത്ത് വിതരണവും നടത്തുന്ന ഒരു സമ്പ്രദായവും കേരളമുസ്ലിംകൾക്കിടയിൽ ഉണ്ട്.

1987ലെയോ 88 ലെയോ റമളാൻ വ്രതമാസക്കാലം.ഞാൻ അന്ന് പ്രീഡിഗ്രിക്ക് തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിൽ പഠിക്കുന്നു.ഞങ്ങൾ അഞ്ചാറ് അരീക്കോട്ടുകാരും പിന്നെ കുറേ കോഴിക്കോട്ടുകാരും ആണ് ഹോസ്റ്റൽ അന്തേവാസികൾ ആയി ഉള്ളത്.വീട്ടിൽ നിന്നും വിട്ടു നിന്നുള്ള ആദ്യത്തെ റമളാൻ കൂടി ആയിരുന്നു അത്.വ്രതവും കൂട്ടനമസ്കാരവും തറാവീഹ് നമസ്കാരവും എല്ലാം നേരത്തെ ജീവിതത്തിന്റെ ഭാഗമായതിനാൽ, ആരും നിയന്ത്രിക്കാനോ നിർദ്ദേശിക്കാനോ ഇല്ലെങ്കിലും ഞങ്ങൾ പലരും അത് തടവില്ലാതെ അന്നും തുടർന്നു പോന്നു.

റമളാൻ എന്ന പുണ്യമാസത്തെ തുടർന്നുള്ള പെരുന്നാൾ ആഘോഷവും മറ്റും മനസ്സിൽ വച്ചു കൊണ്ടാണോ എന്നറിയില്ല റമളാനിന്റെ തൊട്ടു മുമ്പാണ് 1921 എന്ന സൂപർഹിറ്റ് ചലചിത്രം റിലീസ് ചെയ്തത്.ഞങ്ങളിൽ പലരും അന്നത് റിലീസ് ചെയ്ത കോഴിക്കോട് അപ്സര തിയേറ്ററിൽ പോയി തന്നെ കാണുകയും ചെയ്തു.നാട്ടിൻപുറങ്ങളിലെ തിയേറ്ററുകളിൽ ഇത്തരം സൂപർഹിറ്റുകൾ എത്തുന്നത് പലപ്പോഴും പെരുന്നാളിനോ ഓണത്തിനോ വിഷുവിനോ കൃസ്തുമസിനോ ഒക്കെ ആയിരിക്കും.അങ്ങനെ പെരുന്നാൾ അടുപ്പിച്ച് , 1921 സംഭവത്തിന്റെ സിരാകേന്ദ്രമായ തിരൂരങ്ങാടിക്ക് ഏറ്റവും അടുത്ത സിനിമാതിയേറ്റർ ആയ ചെമ്മാട് ദർശനയിൽ 1921 എന്ന സിനിമ പ്രദർശനത്തിനെത്തി.

കോഴിക്കോട് നിന്നും ഒരു തവണ കണ്ടെങ്കിലും ഹോസ്റ്റലിലെ മമ്മൂട്ടി ഫാൻസ് ആയ ചിലർക്ക് സിനിമ വീണ്ടും കാണാൻ ഒരു മോഹം.നോമ്പ് ആയതിനാൽ ക്ലാസ് കട്ട് ചെയ്ത് മാറ്റിനിക്ക് പോകാൻ വയ്യ.കാരണം നോമ്പ് എടുത്ത്കൊണ്ട് സിനിമ കാണൽ ഹറാമാണ് (അല്ലാതെ കാണുന്നതും മുസ്ലിംകളെ സംബന്ധിച്ച് തെറ്റാണ്).അപ്പോൾ പിന്നെ ഫസ്റ്റ് ഷോക്കോ സെക്കന്റ് ഷോക്കോ പോകണം.ഫസ്റ്റ് ഷോക്ക് പോയാൽ നോമ്പ് തുറക്കുന്ന സമയത്തെ മ‌അ്‌രിബ് നമസ്കാരവും ഭക്ഷണവും പോകും.അപ്പോൾ അതും പറ്റില്ല.സെക്കണ്ട് ഷോക്ക് പോകണമെങ്കിൽ വാർഡൻ കാണാതെയും അറിയാതെയും പോകണം എന്ന് മാത്രമല്ല രാത്രി തിരിച്ചെത്തുമ്പോൾ വാർഡൻ അറിയാതെ ഗേറ്റ് തുറന്നോ കോണികൂട്ടിലെ ഓപൺ വിൻഡൊയിലൂടെ ചാടിക്കയറിയോ അകത്ത് കയറണം. പെരുന്നാൾ അവധി കഴിഞ്ഞിട്ട് കാണാം എന്നു വച്ചാൽ അപ്പോഴേക്കും പടം മാറിയാലോ എന്ന ഭയം വേറെയും. അങ്ങനെ എല്ലാ നിലക്കും പ്രശ്നങ്ങൾ നിരവധി.

അങ്ങനെ മമ്മൂട്ടി ഫാൻസ് കൂനിന്മേൽ മുള്ള് കയറി ഇരിക്കുമ്പോഴാണ് ഇരുപത്തിയേഴാം രാവ് എന്ന അനുഗ്രഹീത ദിനം കടന്ന് വരുന്നത്.എന്തോ ആവശ്യത്തിന് വാർഡൻ അന്ന് സ്ഥലം വിടുകയും ചെയ്തു. തിമർത്ത് പെയ്യുന്ന മഴ അത് അനുഗ്രഹീത രാവ് തന്നെയാണെന്ന് ആണയിട്ട് ഉറപ്പിച്ചു.പക്ഷേ 1921 കാണാൻ ഇതിലും നല്ലൊരു ചാൻസ് ഇനി വരാനില്ല എന്ന് മമ്മൂട്ടി ഫാൻസ് ഹോസ്റ്റലിലെ സർവ്വരേയും ധരിപ്പിച്ചു.ഒരു പക്ഷേ മാറി നിൽക്കാൻ സാധ്യതയുള്ള എന്നെ അവർ അവസാനമാണ് സമീപിച്ചത്.നോമ്പ് തുറന്ന ശേഷം ചിലർ എന്റെ അടുത്തെത്തി.

“ഇന്ന് വാർഡൻ സ്ഥലത്തില്ല.” അവർ ആമുഖമായി തുടങ്ങി.

“ങാഎവിടെയെങ്കിലും പ്രഭാഷണം കാണും” ഞാനും പറഞ്ഞു.

“അപ്പോൾ നമുക്കും നേരത്തെ പോകാം

“ഇത്ര നേരത്തെ പോകേണ്ടതില്ല..ഇഷാ ബാങ്ക് കൊടുത്തോട്ടെ.” തറാവീഹ് നമസ്കാരത്തിന്ന് പോകുന്ന കാര്യമാണ് പറയുന്നത് എന്ന് കരുതി ഞാൻ പറഞ്ഞു.

“ഒന്ന് പോടാ മുത്തഖീ.തിയേറ്ററിൽ പോകാനും ബാങ്ക് കൊടുക്കുകയോ?”

“ങേ!!!“ ഞാൻ ഞെട്ടി.”ഇന്ന് ഇരുപത്തിയേഴാം രാവ് ആണ്.നല്ല മഴ ഈ രാവിന്റെ അനുഗ്രഹം വിളിച്ചോതുന്നുമുണ്ട്.”

“അതിനെന്താനമ്മൾ കാണാൻ പോകുന്നത് മാപ്പിള ചരിത്ര സിനിമ 1921 ആണ്സിൽക്കിന്റെ മറ്റേ പടമല്ല

“എന്നു വച്ച്..?”

“ബിസ്മിം ചൊല്ലി നിയ്യത്തും വച്ച് കണ്ടാൽ ആയിരം മാസം 1921 കണ്ട പുണ്യം കിട്ടും !!!!നീ വരുന്നുണ്ടെങ്കിൽ വാഞങ്ങൾ എല്ലാരും ഇറങ്ങാണ്

എന്റെ വിശ്വാസവും എന്റെ മാതാപിതാക്കളുടെ ശിക്ഷണവും ആ കൂട്ടത്തിൽ കൂടാൻ എന്നെ അനുവദിച്ചില്ല.സുന്നിയും മുജാഹിദും അടക്കമുള്ള എന്റെ എല്ലാ സഹപാഠികളും അന്ന് ആ അനുഗ്രഹീത രാത്രിയിൽ സിനിമ കാണാൻ പോയി. തറാവീഹ് നമസ്കാരത്തിനായി ഞാൻ തൊട്ടടുത്ത പള്ളിയിലേക്കും നീങ്ങി.


Wednesday, July 23, 2014

ദൈവത്തെക്കാൾ ശക്തൻ

 കുട്ടികൾക്ക് വേണ്ടി ഒരു പരിപാടി നടത്താൻ സ്കൂളിൽ പോയപ്പോൾ വെറുതെ ഒരു ചോദ്യം ചോദിച്ചു.
"ദൈവത്തെക്കാൾ ശക്തൻ ആയി ആര് ഉണ്ട് ?"

"സൂപർമാൻ ....ചോട്ടാ ബീം ....മായാവി...." കണ്ടതും കേട്ടതും വായിച്ചതുമായ നിരവധി പേരുകൾ ഒഴുകാൻ തുടങ്ങി.

"സ്റ്റോപ്പ്‌ ...ഒരാള് എഴുന്നേറ്റ് നിന്നിട്ട് പറയൂ ..."

എല്ലാവരും പരസ്പരം നോക്കി നില്ക്കുന്നതിനിടെ അവസാന ബെഞ്ചിൽ നിന്നും ഒരുവൻ എഴുന്നേറ്റ് പറഞ്ഞു - "ജില്ലാ കളക്ടർ" !!!

തീര്ത്തും അപ്രതീക്ഷിതമായ ഉത്തരം കേട്ട ഞെട്ടലിൽ നിന്നും മോചിതനായ ശേഷം ഞാൻ ചോദിച്ചു
" ആട്ടെ ... എന്താ അങ്ങനെ പറയാൻ കാരണം?"

"കഴിഞ്ഞ തിങ്കളാഴ്ച നല്ല മഴ പെയ്തു ....ചൊവ്വാഴ്ച ജില്ലാ കളക്ടർ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു..."

"അതുകൊണ്ട്?"

"ചൊവ്വാഴ്ച സ്കൂളും ഇല്ല , മഴയും ഇല്ല ....."

"ഓഹോ...അത് ???"

"തീർന്നില്ല മാഷേ ..."

"പിന്നെ??"

"പിന്നെ ഈ തിങ്കളാഴ്ചയും  നല്ല മഴ പെയ്തു .... ജില്ലാ കളക്ടർ ചൊവ്വാഴ്ച സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു...ഈ  ചൊവ്വാഴ്ചയും  സ്കൂളും ഇല്ല , മഴയും ഇല്ല ....."

"ഓ..."

"സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ച കലക്ടർ, കലക്ടർ മാത്രം....ഒപ്പം മഴക്കും അവധി ബാധകമാക്കിയ കലക്ടർ അപ്പോൾ ആരായി .....?"

"ദൈവത്തെക്കാൾ ശക്തൻ ആയി..." കുട്ടികൾ ഒന്നിച്ച് പറഞ്ഞപ്പോൾ ഞാൻ മൌനനായി.

Monday, July 14, 2014

കളിയാരവം നിലച്ചപ്പോൾ....

        നിലക്കാത്ത മഴക്ക് അറുതി വന്നിരിക്കുന്നു....ആരവങ്ങൾ നിലച്ച് പോയിരിക്കുന്നു...ഊണിലും ഉറക്കിലും ഫുട്ബാൾ എന്ന മന്ത്രം മാത്രമുണ്ടായിരുന്ന മലപ്പുറത്തിന്റെ മണ്ണ് വീണ്ടും മഴയിൽ കുതിരാൻ പോകുന്നു.അങ്ങകലെ റിയോയിൽ ഫിലിപ്പ് ലാമും സംഘവും ഉയർത്തിയ ലോകകപ്പ് മലപ്പുറത്തുകാർക്ക് അത്ര ഇഷ്ടായില്ല എന്ന് ഉറപ്പ്...കാരണം മലപ്പൊറത്തുകാർക്ക് അല്പം കൂടുതൽ ഇഷ്ടം മെസ്സിയെ ആയിരുന്നു എന്നത് തന്നെ.

“ഒരു ഗോഡ്‌സെ ഞമ്മളെ  ഗാന്ധീനെ കൊന്ന്...ഇപ്പം ബേറെ ഒര് ഗോഡ്‌സെ ഞമ്മളെ അർജന്റീനനിം കൊന്ന്....” ഒരു മലപ്പുറം കാക്കയുടെ പ്രതികരണം ഇങ്ങനെയായാൽ അത്ഭുതപ്പെടാനില്ല.    

              ഏതായാലും ഓർമ്മയിൽ ചില കാഴ്ചകൾ മങ്ങാതെ കിടക്കുന്നു.അല്ലെങ്കിലും ജെയിംസ് റോഡ്രിഗ്സ് എന്ന പുത്തൻ താരത്തെ ആ ഒറ്റ ഹാഫ്‌വോളി ഗോളിലൂടെ ഫുട്ബാൾ പ്രേമികൾ കുറേ കാലം ഓർക്കും എന്ന് തീർച്ച.അതുപോലെ, ഏറെ പ്രതീക്ഷകളോടെ മലപ്പുറം ആർത്ത് വിളിച്ച ഒരു ടീമായിരുന്നു ബ്രസീൽ.എന്നാൽ ജർമ്മനിയുമായുള്ള സെമിഫൈനൽ മത്സരത്തോടെ ബ്രസീൽ അനുയായികൾ എല്ലാം മാളത്തിൽ ഒളിക്കേണ്ടി വന്നു. ഡും ഡും ഡും ഡും എന്ന് നാലെണ്ണം ഒന്നിന് പുറകെ ഒന്നായി വലയിൽ കയറുമ്പോൾ അത് മറ്റേതോ കളിയുടെ റീപ്ലേ ആണെന്ന് പോലും കരുതി.ജർമ്മനി നടത്തിയ ആ വെടിക്കെട്ടും മനസ്സിൽ നിന്ന് ഒരിക്കലും മായില്ല.നെയ്മറുടെ വീഴ്ച ബ്രസീൽ ആരാധകരെ മാത്രമല്ല ലോകത്തിലെ ഫുട്ബാളിനെ സ്നേഹിക്കുന്ന എല്ലാവരിലും വേദന പടർത്തി.കാരണം മികച്ച ഒരു ശൈലി അതോടെ ലോകകപ്പിൽ നിന്നും പുറത്തായി.ക്ലോസെയുടെ ലോകറിക്കാർഡ് പ്രകടനവും സുവാരസിന്റെ കടിയും ഈ ലോകകപ്പ് മറക്കാത്ത രണ്ട് സംഭവങ്ങളാണ്.ബഴ്സലോണ ക്ലബ്ബിൽ നടത്തുന്ന പ്രകടനത്തിന്റെ അയലത്ത് എത്തിയില്ല എങ്കിലും ടീമിനെ സ്വന്തം തോളിൽ ഫൈനൽ വരെ എത്തിച്ച ലയണൽ മെസ്സി ഗോൾഡൻ ബാൾ സ്വീകരിക്കുമ്പോഴും ദു:ഖിതനായി ഗൌരവത്തോടെ നിന്നത് സോക്കർ പ്രേമികൾക്ക് ഇഷ്ടപ്പെട്ടില്ല എന്ന് തീർച്ച.      

           അതിര് കടന്ന ആവേശം ഒരു ടീമിനെ പിന്തുണക്കാനും ഞാൻ കാണിക്കാറില്ല.യൂറോപ്പിൽ നിന്നും ഉയർന്നു വരുന്ന ഒരു പുതിയ ടീം എന്ന നിലക്കും ലോക ഫുട്ബാളിലെ താരരാജാക്കൾ മുഴുവൻ മാറ്റുരക്കുന്ന ഫുട്ബാൾ  ലീഗ് മത്സരം നടക്കുന്ന രാജ്യം എന്ന നിലക്കും ദക്ഷിണാഫ്രിക്ക ലോകകപ്പിൽ എന്റെ ടീമായി ഞാൻ സ്പെയിനിനെ തെരഞ്ഞെടുത്തു.ആദ്യ കളി തോറ്റെങ്കിലും അവർ അവസാനം ചാമ്പ്യന്മാരായി.ഇത്തവണ അതേ ടീമിനെയുമായി സ്പെയിൻ ബ്രസീലിലേക്ക് വിമാനം കയറിയപ്പോൾ ഞാൻ അവരെ കൈവിട്ടു. സൂപ്പർ താരങ്ങളില്ലാതെ സ്ഥിരതയാർന്ന പ്രകടനം കാഴ്ച വയ്ക്കുന്ന ജർമ്മനിയെ ആയിരുന്നു പകരം പിന്താങ്ങിയത്.ഇത്തവണ അർഹിച്ച പോലെ  ജർമ്മനി ചാമ്പ്യൻ പട്ടം നേടുകയും ചെയ്തു.

              ബ്രസീൽ ഫുട്ബാളിന്റെ തറവാട് ആണെങ്കിൽ മലപ്പുറം ആ തറവാടിന്റെ കാരണവർ ആണെന്ന് പറയാൻ മടിക്കാത്തവരാണ് മലപ്പുറത്തുകാർ.മറക്കാനയിലെ ഫൈനൽ വിസിൽ അവരുടെ നാല്  കൊല്ലത്തെ കാത്തിരിപ്പിന്റെയും ഫൈനൽ വിസിലാണ്. ഇനി  റഷ്യയിൽ നാല് വർഷം കഴിഞ്ഞ് പന്തുരുളുമ്പോൾ മലപ്പുറം വീണ്ടും ആവേശത്തിന്റെ കൊടുമുടി കയറും.പുതിയ ഫുട്ബാൾ രാജാക്കന്മാർക്കായി മലപ്പുറം വീണ്ടും ആർത്ത് വിളിക്കും.പുത്തൻ സാങ്കേതികതയുടെ പുതുരൂപങ്ങൾ വിവിധ രാജ്യങ്ങൾക്കായി മലപ്പുറം മക്കൾ തെരുവിൽ ഇറക്കും...അതിനാൽ തന്നെ കാല്പന്ത് കളിയുടെ ഭ്രാന്തന്മാർ എന്ന വിശേഷണം മലപ്പുറം മക്കൾക്ക് പ്രിയപ്പെട്ടതാണ്.അപ്പോൾ കളിയാരവം നിലക്കുന്നത് മലപ്പുറത്തുകാർക്ക് ഹൃദയസ്പന്ദനം നിലക്കുന്നതിന് തുല്യമായിരിക്കും എന്ന് തീർച്ച.  

Saturday, July 12, 2014

ദേ..നെയ്മർ കേരളത്തിൽ !!!

 ലോകകപ്പ് മത്സരങ്ങൾക്കിടെ പരിക്കേറ്റ് പുറത്തായ ബ്രസീൽ സൂപ്പർതാരം നെയ്മറിന് കേരളത്തിന്റെ ആയുർവേദ ചികിത്സ ഫലപ്രദമാകും എന്ന് ആരോ പറഞ്ഞതിന്റേയും മറ്റും പുകമറക്ക് ഇടയിൽ ബ്രസീലിലുള്ള രണ്ട് മലയാളികൾ നെയ്മറെ കാണാൻ പോയി. ആയുർവേദ  ചികിത്സയെപറ്റിയും കേരളത്തിലെ ജനങ്ങളെപറ്റിയും നെയ്മെറിനെ ബോധിപ്പിക്കുക എന്ന ദൌത്യം സ്വയം സ്വീകരിച്ചായിരുന്നു ഈ മലയാളികൾ നെയ്മറെ സമീപിച്ചത്.

“നമസ്കാരം“ ആശുപത്രിക്കിടക്കയിൽ കിടക്കുന്ന നെയ്മറോട് ആഗതർ കൈകൂപ്പി പറഞ്ഞു

“%^&%$“ മറുപടി നമ്മുടെ സഖാക്കൾക്ക് മനസ്സിലായില്ല.തങ്ങൾ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ നിന്നാണെന്നും നട്ടെല്ല് പോയവർക്ക് മുട്ടെല്ല് വച്ച് എണീപ്പിച്ച മഹത്ചരിത്രത്തിന്റെ പാരമ്പര്യക്കാരാണെന്നും ആഗതർ അറിയിച്ചു.എന്നാൽ കേരളം ആയതിനാൽ ചില സംഗതികളിൽ ചില മുൻ‌ധാരണകൾ ഉണ്ടാകണമെന്നും അവ തങ്ങൾ പറഞ്ഞുതരാമെന്നും അവർ നെയ്മറെ അറിയിച്ചു.

“താങ്കളെ ചികിത്സിക്കുന്നത് കേരളത്തിലെ എന്നല്ല ലോകത്തിലെ തന്നെ പ്രശസ്തമായ കോട്ടക്കൽ ആര്യവൈദ്യശാലയിൽ ആയിരിക്കും

“കൊട്ടക്കൈൽ???” നെയ്മറുടെ മറുചോദ്യം

“കൊട്ടക്കൈൽ അല്ല.അത് ചോറ് ഊറ്റുന്ന സാധനംഇത് കോട്ടക്കൽ..”

“ഓകെ”

“കോട്ടക്കൽ മലപ്പുറം ജില്ലയിൽ ആണ്.അവിടത്തെ ആചാരം അനുസരിച്ച് കണ്ടുമുട്ടുമ്പോൾ സലാം പറയണം.വെരി സിമ്പിൾഅസ്സലാമു‌അലൈക്കും.അപ്പോൾ തിരിച്ച് വ‌അലൈകു‌മുസ്സലാം എന്ന് പറയണം.”

നെയ്മർ ഒന്ന് പുഞ്ചിരിച്ചു.”ആ ഓർമ്മണ്ട് അല്ലേ , ഞമ്മളെ നാടോടിക്കാറ്റിലെ ഗഫൂർ ക ദോസ്ത്അതെന്നെ” ആഗതർക്ക് സമാധാനമായി

“ഓ..കെ”

“പിന്നെ കേരളത്തിലെ ഭക്ഷണം പ്രധാനമായും ചോറ് ആണ്.അതിൽ തന്നെ നെയ്‌ചോർ.”

“അയാം നെയ്മർ.നോട്ട് നെയ്ചോർ.”

“ആ അത് ഞങ്ങൾക്കറിയാം.ഇങ്ങൾ സബൂറാകിചോറിലേക്ക് പ്രധാന കറി സാമ്പാർ ആണ്”

“ഓവെരി ഗുഡ്.സാംബ ഇസ് ദേർ ആൾസൊ

“സാംബ അല്ല.സാമ്പാർഒരുതരം പച്ചക്കറി

“ഓ..കെ..”

“ഇനി പറയുന്നതാണ് ഏറ്റവും പ്രധാനം

“ഓ..കെ”

“ഈ ഓ.കെ ..ഓ.കെ എന്ന് ഇടക്കിടക്ക് പറയണ്ടകാരണം അത് ഞമ്മള് കന്നാലികൾക്ക് കൊടുക്ക്‌ണ തീറ്റന്റെ പേരാ.”

“ഓ..കെ.!!.”

“എയർപോർട്ടിൽ എറങ്ങുമ്പോ തന്നെ ഒരു ചോദ്യം ഉണ്ടാകും.നെയ്മറ് ആണോ ന്ന്.ആണ് തന്നെ എന്ന് തറപ്പിച്ച് പറയണം.ഇല്ലെങ്കിൽ ചിലപ്പോൾ അവര് ട്രൌസറ് ഊരി വരെ നോക്കും

“ഓ..കെ”

“അടുത്ത ചോദ്യം മരിയ ഷറപ്പോവയെ അറിയുമോ എന്നായിരിക്കും

“ഓകെ..മരിയഏഞ്ചൽ ഡി മരിയ ഐ നൊ”

“എടാ ബഡ്ക്കൂസേഓകെ ന്ന് എടക്കിടക്ക് പറയല്ലേമേൽ പറഞ്ഞ മരിയ എന്നല്ല ഒരു മരിയയേയും അറിയില്ല എന്ന് പറഞ്ഞേക്കണം

“ഓ..(ബ്ലും..ബ്ലും..)“

“വീണ്ടും ചോദ്യം വരുംടെൻഡുൽക്കറെ അറിയുമോ എന്ന്.”

“ഓയെസ്ഐ നൊ.ഇന്ത്യൻ ഫിലിം ആക്റ്റർ

“ങേ!!അത് ഡുൽക്കർ സൽമാൻഇത് ടെൻഡുൽക്കർ.”

“ഡുൽക്കർ സാൽമണ്ടെൻ !!!“

“മണ്ടെൻ??  എന്റെ മോനേനീ ഈ വിവരവും വെച്ചോണ്ട് കേരളത്തിലേക്ക് വരാത്തതാ നല്ലത്.ഇപ്പോ ഒരു കശേരുവിനെ പരിക്കുള്ളൂ.ബാക്കി ഉള്ളത്  നിലനിൽക്കണം എന്നുണ്ടെങ്കിൽ നീ ഇവിടെ തന്നെ കിടന്നോ…അടുത്ത ലോക‌കപ്പെങ്കിലും കളിക്കാം.. ഗുഡ്ബൈപ്ലീസ്... തെറി വിളിക്കരുതേ !

                1986 മുതൽ ലോക‌കപ്പ് ഫുട്ബാൾ മത്സരം ടിവിയിൽ കാണുന്നുണ്ട് എന്നാണെന്റെ ഓർമ്മ.മറഡോണ എന്ന കുറിയ മനുഷ്യൻ ലോകത്തിന്റെ നെറുകയിൽ ഇരുന്ന് ചിരിക്കുമ്പോൾ ഞാൻ പത്താം ക്ലാസ്സിലേക്ക് എത്തിയിട്ടേ ഉണ്ടായിരുന്നുള്ളൂ. 2014 ബ്രസീൽ ലോകകപ്പ് അടക്കം ഇപ്പോൾ ഇത് എട്ടാമത്തെ ലോക‌കപ്പ് മത്സരങ്ങളാണ് ടിവിയിൽ തത്സമയം കാണുന്നത്.വിവിധ ഭൂഖണ്ഡങ്ങളിലെ സമയ്ത്തിനനുസരിച്ച് പല സമയത്തുമായാണ് കളി കണ്ടിരുന്നത് എന്നും ഓർമ്മയിലുണ്ട്.എന്റെ വീട്ടിൽ അന്നും ഇന്നും ടിവി ഇല്ല.      

            ഇന്ത്യൻ പ്രീമിയർ ലീഗ് എന്ന പേരിൽ ഒരു ക്രിക്കറ്റ് മത്സരം 2008ൽ ആണ് ആരംഭിച്ചത് എന്ന് തോന്നുനു.അങ്ങനെയെങ്കിൽ അതിന്റെ ഏഴാം പതിപ്പ് ആണ് ഈ ലോകസഭാ തെരഞ്ഞെടുപ്പ് കാലത്ത് കഴിഞ്ഞത്.രണ്ട് ഇന്ത്യൻ പ്രീമിയർ ലീഗുകൾ ഇതിനിടക്ക് വിദേശത്തും നടന്നു ( ഇന്ത്യൻ നിർമ്മിത വിദേശമദ്യം പണ്ടേ എന്റെ മനസ്സിൽ ഒരു ചോദ്യചിഹ്നമായിരുന്നതിനാൽ ഇന്ത്യൻ പ്രീമിയർ ലീഗും ലോകത്ത് എവിടെ വച്ചും നടത്താം എന്ന് ഞാൻ മനസ്സിനെ ബോധിപ്പിച്ചു). ഷെയ്ൻ വോൺ എന്ന ആസ്ത്രലിയക്കാരൻ നയിച്ച രാജസ്താൻ റോയത്സ് ആയിരുന്നു പ്രഥമ ഇന്ത്യൻ പ്രീമിയർ ലീഗ് ചാമ്പ്യന്മാർ എന്നും എനിക്കറിയാം.എന്റെ വീട്ടിൽ അന്നും ഇന്നും ടിവി ഇല്ല.      

              1986മുതൽ ലോകകപ്പ് ഫുട്ബാൾ നടന്നത് എവിടെ എന്നും അതിൽ ആരൊക്കെ ജേതാക്കളായി എന്നും എനിക്ക് നല്ല ഓർമ്മയുണ്ട്.എന്നാൽ 2008ൽ ആരംഭിച്ച ഇന്ത്യൻ പ്രീമിയർ ലീഗിൽ ആരൊക്കെ ചാമ്പ്യന്മാരായി എന്ന് ചോദിച്ചാൽ ചോദിച്ചവൻ ഒരു പക്ഷേ മാനം കെടും.കാരണം എന്റെ വീട്ടിൽ അന്നും ഇന്നും ടിവി ഇല്ല.        

             അടുത്ത ലോക‌കപ്പ് സമയത്തും ആരോഗ്യത്തോടെ ജീവിച്ചിരിപ്പുണ്ടെങ്കിൽ ഏതെങ്കിലും വീട്ടിൽ പോയി ലോകകപ്പ് ഫുട്ബാൾ മത്സരം ഞാൻ കണ്ടേക്കും.എന്നാൽ അടുത്ത ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ ഒരു മത്സരമെങ്കിലും ഞാൻ കാണും എന്ന് ഒരു ഉറപ്പും എനിക്കില്ല. കാരണം ഇക്കഴിഞ്ഞ ഏഴ് വർഷത്തിലും ഇന്ത്യൻ പ്രീമിയർ ലീഗിലെ  ഒരു മത്സരം പോലും ഞാൻ കണ്ടിട്ടില്ല! കാരണം എന്റെ വീട്ടിൽ അന്നും ഇന്നും ടിവി ഇല്ല.          

             ഞാൻ ഇത്രയും പറഞ്ഞത് ഫേസ്ബുക്ക് ബുജികളായ കുറേ മലയാളികളോടു ഒരു മുൻ‌കൂർ ജാമ്യം എടുക്കാനാണ്.ആരെങ്കിലും ഏതെങ്കിലും ഇന്റെർവ്യൂവിൽ ഈ ചോദ്യം ചോദിച്ചാൽ ദയവായി, വല്ലപ്പോഴും ഫേസ്ബുക്കിൽ കയറുന്ന എന്നെ ഇതിന്റെ പേരിൽ തെറി വിളിക്കരുതേ എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

Wednesday, July 09, 2014

ദയവായി ക്യൂ പാലിക്കുക....

ലോകകപ്പ് ഫുട്‌ബാളിലെ ബ്രസീലിന്റെ കനത്ത തോൽ‌വിയെത്തുടർന്ന് ഫുട്ബാ‍ൾ നിയമങ്ങളിൽ കാതലായ മാറ്റങ്ങൾ വരുത്തണമെന്ന് അഖിലലോക ഫുട്ബാൾ ഫാൻസ് അസോസിയേഷൻ ഫിഫയോട് ആവശ്യപ്പെട്ടു. അസോസിയേഷൻ മുന്നോട്ട് വയ്ക്കുന്ന പ്രധാന നിർദ്ദേശങ്ങൾ താഴെ പറയുന്നു.

1.    കളിയിലെ ആദ്യ അര മണിക്കൂറിനകം അഞ്ചോ അതിൽ കൂടുതലോ ഗോളുകൾ അടിക്കാൻ പാടില്ല.ഈ നിയമം തെറ്റിക്കുന്ന ടീമിന്റെ കോച്ചിന് ചുവപ്പ് കാർഡ് ലഭിക്കുന്നതും അടിച്ച ഗോളുകളുടെ അത്രയും എണ്ണം മത്സരങ്ങളിൽ വിലക്ക് ഏർപ്പെടുത്തുന്നതുമാണ്.
2.    ആദ്യത്തെ അര മണിക്കൂറിനുള്ളിൽ ഒരേ കളിക്കാരൻ രണ്ട് തവണ ഗോളടിക്കാൻ പാടില്ല.ഈ നിയമം തെറ്റിച്ചാൽ ഗോൾ അനുവദിക്കില്ല എന്ന് മാത്രമല്ല ഗോളടിച്ചവനും ടീം ക്യാപ്റ്റനും മഞ്ഞക്കാർഡ് ലഭിക്കുന്നതുമാണ്.
3.    ഒരു ടീമിന് തന്നെ അഞ്ചോ അതിലധികമോ ഗോളുകൾ പിറക്കുന്ന മത്സരത്തിൽ അടിക്കുന്ന ഗോളുകൾ യാതൊരു തരത്തിലുള്ള റിക്കാർഡുകൾക്കും പരിഗണിക്കുന്നതല്ല.
4.    മറുപടിയില്ലാത്ത അരഡസൻ ഗോളുകൾക്ക് പിന്നിട്ട് നിൽക്കുന്ന ഏതൊരു ടീമിനും കളിയുടെ അവസാനത്തെ അര മണിക്കൂറിൽ പന്ത്രണ്ടാം കളിക്കാരനെ ഇറക്കാവുന്നതാണ്.
5.    സെമിഫൈനലിലോ ഫൈനലിലോ നാലിലധികം ഗോളുകൾ അടിക്കുന്ന ടീമിനെതിരെ എതിർ ടീം ഗോളിക്ക് മാന‌നഷ്ടക്കേസ് ഫയൽ ചെയ്യാവുന്നതാണ്.


മേൽനിർദ്ദേശങ്ങൾ ഉടനടി നടപ്പിൽ വരുത്തിയില്ലെങ്കിൽ ഹർത്താൽ അടക്കമുള്ള സമരമുറകൾ സ്വീകരിക്കുമെന്നും ഫാൻസ് അസോസിയേഷൻ മുന്നറിയിപ്പ് നൽകി. 

ബ്രസീലിൽ ജർമ്മൻ സുനാമി !!!

ഇന്നലെ രാത്രി പത്തര മണിക്ക് ഫേസ്ബുക്കിലെ ലോക‌കപ്പ് പ്രവചന മത്സരത്തിൽ ബ്രസീൽ 0 – ജർമ്മനി 3 എന്ന് ഇടാൻ വിചാരിച്ചു. 1998ലെ ഫൈനൽ മത്സരത്തിൽ ഗോൾ ഗോൾ ഗോൾ എന്ന് റിക്കി മാർട്ടിൻ  പാടിയ പോലെ തിയഗോ സിൽ‌വ ഇല്ലാത്ത ബ്രസീലിന്റെ വല നിറയും എന്നായിരുന്നു മനസ്സിൽ.പോരാത്തതിന് നെയ്മർ ഇല്ലാത്ത മാനസിക ആഘാതവും കൂടിയാകുമ്പോൾ എന്റെ പ്രവചനം തെറ്റില്ല എന്ന് തന്നെ ഞാൻ കരുതി.എന്നാൽ അരീക്കോട്ടുകാരനായ ഞാൻ  ബ്രസീലിയൻ ഫുട്‌ബാളിന്റെയും സാംബ താളത്തിന്റേയും ഒരു ചരിത്രവും അറിയാത്തവൻ എന്ന് മുദ്രകുത്തപ്പെട്ട് , ഫേസ്ബുക്ക് പേജ് കണ്ട മരിയ ഷറപ്പോവ പോലെയാകണ്ട എന്ന് കരുതി തൽക്കാലം ആ സ്കോർ മനസ്സിൽ കരുതി.

പക്ഷേ എന്റെ മനസ്സ് പറഞ്ഞ പോലെ ബ്രസീൽ ഫുട്ബാൾ ചരിത്രത്തിലെ ഒരു റിക്കാർഡ് ആയിരുന്നു സാവോപ്പോളോയിൽ പിറന്നത്.അഞ്ച് തവണ ലോകഫുട്ബാൾ കിരീടം നേടിയ ഒരു ടീമിന്റെ വലയിൽ 29 മിനുട്ടിനുള്ളിൽ അഞ്ച് ഗോൾ !!!അതും ലോകകപ്പ് മത്സരത്തിന്റെ സെമി ഫൈനലിൽ!! ആദ്യ റൌണ്ടിൽ പുറത്തായ ഘാന 2-2ന് തളച്ചത് ഇതേ ജർമ്മനിയെയായിരുന്നു എന്നും പ്രീ-ക്വാർട്ടറിൽ അൾജീരിയ അവസാനം വരെ പൊരുതി നിന്നതും ഈ ജർമ്മനിക്കെതിരെ തന്നെയായിരുന്നു എന്നതും ആലോചിക്കുമ്പോൾ ബ്രസീലിന്റെ തോല്‌വിയുടെ ആഴം കൂടുന്നു.

ഇനി ഉരുളുന്ന തലകൾക്കും സ്വയം അഴിച്ചു വയ്ക്കുന്ന കുപ്പായങ്ങൾക്കും വേണ്ടിയുള്ള വാർത്തകൾക്കായി കാത്ത് നിൽക്കാം.


വാൽ: അഞ്ചാമത്തെ ഗോൾ കുടുങ്ങിയപ്പോൾ സത്യത്തിൽ ഞങ്ങൾ എല്ലാവരും കരുതിയത് അത് ടി.വി റീപ്ലേ ആണെന്നായിരുന്നു.പിന്നീടാണ് അതും ഗോളായി അക്കൌണ്ടിൽ ചേർത്തത് കണ്ടത്.

Sunday, July 06, 2014

ആ മലയാളികളോട് ഒരു ചോദ്യം ?

“ഭാരതമെന്ന് കേട്ടാല്‍ അഭിമാന പൂരിതമാകണം അന്തരംഗം 
കേരളമെന്ന് കേട്ടാല്‍ തിളയ്ക്കണം ചോര ഞരമ്പുകളില്‍ “…. എന്നാണ് കവി പാടിയത്. 

പക്ഷേ കേരളവുമായി ഈ അടുത്ത് മാത്രം ഒരു നൂൽ ബന്ധം ഉണ്ടാക്കിയ സച്ചിൻ ടെൻഡുൽക്കറെ അറിയില്ലെന്ന് പറഞ്ഞാൽ ‘കുറിക്കണം തെറി ഫേസ്ബുക്കിൽ’ എന്ന് മലയാളിയെ പഠിപ്പിച്ചതാരാണാവോ? 

അതേ , സച്ചിൻ ടെൻഡുൽക്കറെ പറ്റി കേട്ടിട്ടില്ലാത്ത ഇന്ത്യക്കാരൻ ഉണ്ടാകില്ല.എന്ന് വച്ച് ലോകത്തെ എല്ലാവരും അല്ലെങ്കിൽ എല്ലാ സ്പോർട്സ് താരങ്ങളും സച്ചിനെ അറിയണം എന്ന് പറയാൻ സാക്ഷാൽ സച്ചിന് പോലും ധൈര്യമുണ്ടാകില്ല. അവിടെയാണ്  സച്ചിനെ അറിയില്ല എന്ന് പറഞ്ഞതിന് റഷ്യൻ ടെന്നീസ് താരം മരിയ ഷരപ്പോവയുടെ ഫേസ്ബുക്ക് പേജിൽ മലയാളികൾ  കുത്തി നിറച്ച തെറികളുടെ എണ്ണം റിക്കാർഡ് സൃഷ്ടിച്ചതായി വാർത്ത വന്നത്.

രാജാവിനെക്കാളും വലിയ രാജഭക്തി കാണിക്കുന്ന ഈ മലയാളികളിൽ ആർക്കെങ്കിലും രഞ്ജി ട്രോഫിക്കായുള്ള കേരള ക്രിക്കറ്റ് ടീമിലെ പകുതി പേരുടെയെങ്കിലും പേര് പറയാൻ പറ്റുമോ?

Tuesday, July 01, 2014

ഇതാണോ ഇ-ജില്ല സേവനം?


 ജനന സർട്ടിഫിക്കറ്റിലെ പേരിലെ അക്ഷരത്തെറ്റുകളും മറ്റും ഉണ്ടാക്കുന്ന നിരവധി പ്രശ്നങ്ങൾ കേട്ടറിഞ്ഞും വായിച്ചറിഞ്ഞും മാത്രമേ പരിചയമുണ്ടായിരുന്നുള്ളൂ.ഇപ്പോൾ നേരിട്ട് അനുഭവിച്ചപ്പോഴാണ് അതിന്റെ പൊല്ലാപ്പിന്റെ ആഴം എനിക്ക് മനസ്സിലായത്. വളരെ നിസ്സാരമെന്ന് തോന്നിയേക്കാവുന്ന ഒരു പ്രശ്നം മാത്രമായിരുന്നു എന്റെ മൂത്ത രണ്ട് മക്കളുടേയും ജനന സർട്ടിഫിക്കറ്റിൽ ഉണ്ടായിരുന്നുള്ളൂ‍. അത് രണ്ടും പരിഹരിക്കാനായി എന്റേയും ഭാര്യയുടേയും പേരിൽ രണ്ട് വീതം ‘വൺ & സെയിം’ സർട്ടിഫിക്കറ്റ് വില്ലേജിൽ നിന്നും നേരിട്ട് വാങ്ങി – മൂന്ന് തവണ സന്ദർശിച്ചതിന് ശേഷം. അപ്പോൾ അവിടെ ഇരുന്ന ക്ലെർക്കിന്റെ വക ഒരു ‘ഉപദേശം’ കിട്ടി – ഇതെല്ലാം ഓൺലൈനിൽ കൊടുത്താൽ പോരെ എന്ന്.

സ്കൂൾ രേഖയിൽ തിരുത്താൻ വീണ്ടും എന്റെയും മകളുടേയും ‘വൺ & സെയിം’ സർട്ടിഫിക്കറ്റ് വേണം എന്ന് പറഞ്ഞപ്പോൾ നേരത്തെയുള്ള ‘അനുഭവങ്ങൾ’ കാരണം തൊട്ടടുത്ത അക്ഷയ സെന്ററിൽ പോയി ഞാൻ 23/5/2014ന് ഓൺലൈൻ അപേക്ഷ കൊടുത്തു.മൂന്ന് ദിവസത്തിനകം സർട്ടിഫിക്കറ്റ് കിട്ടും എന്ന് പറഞ്ഞപ്പോൾ ഞാൻ ഇ-ജില്ല എന്ന പദ്ധതിയെ മനസിൽ അംഗീകരിച്ചു.രണ്ട് സർട്ടിഫിക്കറ്റിന് 60 രൂപയും അടച്ചു കാത്തിരിപ്പ് തുടങ്ങി.

അടുത്ത ദിവസം തന്നെ മൊബൈലിൽ തുരുതുരാ മെസേജ് വരാൻ തുടങ്ങി.അപേക്ഷയുടെ ഓരോ ഘട്ടവും കടന്നു പോകുന്നതിന്റെ സന്ദേശങ്ങൾ കിട്ടുന്നത് സാധാരണക്കാർക്ക് നല്ലത് തന്നെ – ഞാൻ ഇ-ജില്ല എന്ന പദ്ധതിയെ വീണ്ടും നമിച്ചു.പക്ഷേ മൂന്നാമത്തെ ദിവസം വന്ന സന്ദേശം എന്നെ അങ്കലാപ്പിലാക്കി.അപേക്ഷ പൂർണ്ണമല്ലാത്തതിനാൽ തിരിച്ചയക്കുന്നു എന്നായിരുന്നു അത്.ഉടൻ അക്ഷയ സെന്ററുമായി ബന്ധപ്പെട്ട് അതിന്റെ കുഴപ്പങ്ങൾ ആരാഞ്ഞു.ആ പാവത്തിനും അത് മനസ്സിലായില്ല.അദ്ദേഹവും വില്ലേജ് ഓഫീസറുമായി ബന്ധപ്പെട്ട് അപേക്ഷ വീണ്ടും അയച്ചു. എന്ത് തിരുത്തൽ വരുത്തി എന്ന് എനിക്കറിയില്ല. എന്നിട്ടും സർട്ടിഫിക്കറ്റ് കിട്ടാത്തതിനാൽ പലതവണ അക്ഷയയിൽ വിളിച്ചെങ്കിലും എന്റെ ഫോൺ കാശ് പോയത് മാത്രം മിച്ചം.

ഇതിനിടയിൽ നേരത്തെ എനിക്ക് ലഭിച്ച മറ്റൊരു സർട്ടിഫിക്കറ്റിൽ ചെറിയ ഒരു മാറ്റം ആവശ്യമായതിനാൽ ഞാൻ വീണ്ടും നേരിട്ട് വില്ലേജ് ഓഫീസിൽ ഹാജരായി.പുതിയ അപേക്ഷ നൽകി പുതിയ സർട്ടിഫിക്കറ്റും തന്ന് അത് ഉടൻ പരിഹരിച്ച് കിട്ടി.അപ്പോഴും രണ്ട് അപേക്ഷകൾ  ഈ ‘ഓൺലൈൻ’ ലൈനിൽ തന്നെ തുടരുന്നത് ഞാൻ സൂചിപ്പിച്ചു.ക്ലെർക്ക് ഇല്ലാത്തതിനാൽ പരിശോധിക്കാൻ കഴിഞ്ഞിട്ടില്ല എന്ന മറുപടിയിൽ ഞാൻ തൃപ്തനായി.

3/6/2014ന് എന്റെ പേരിലുള്ള ‘വൺ & സെയിം’ സർട്ടിഫിക്കറ്റ്  അനുവദിച്ചതായി സന്ദേശം ലഭിച്ചു.അപ്പോഴും മകളുടെ പേരിലുള്ളത് ലൈനിൽ തുടർന്നു.എന്റെ അക്ഷയ കയറിയിറക്കും വിളികളും തുടർന്നു.ഇടക്ക് വീണ്ടും വില്ലേജ് ഓഫീസറെ നേരിട്ട് കണ്ടപ്പോൾ സംഗതി വീണ്ടും ഉണർത്തി.ഇതിനിടക്ക് ഇ-ജില്ല അവലോകന യോഗത്തിൽ വിവിധ സർറ്റിഫിക്കറ്റുകൾ  ‘എഴുതിക്കൊടുക്കുന്ന പഴഞ്ചൻ രീതി’ പൂർണ്ണമായും നിർത്തലാക്കണം എന്ന നിർദ്ദേശം കർശനമായി പാലിക്കണം എന്ന് പറഞ്ഞത് പത്രങ്ങളിൽ കൂടി വായിച്ചു.അപ്പോഴാണ് അക്ഷയക്കാരൻ പറയുന്നത് വേണമെങ്കിൽ എഴുതി തരാം എന്ന് പറഞ്ഞിട്ടുണ്ട് എന്ന് !!!

ഞാനും ഒരു സർക്കാർ ഉദ്യോഗസ്ഥനായതിനാൽ ശനിയാഴ്ച മാത്രമേ ഇത്തരം കാര്യങ്ങൾക്ക് നിവൃത്തിയുള്ളൂ എന്നും അല്ലെങ്കിൽ ഒരു ദിവസം മുഴുവൻ ലീവെടുക്കേണ്ടി വരും എന്നും എല്ലാം ഞാൻ ബോധിപ്പിച്ചിരുന്നു.എന്നിട്ടും ആ സർട്ടിഫിക്കറ്റ് ഓഫ്‌ലൈൻ ആയില്ല! ഇന്നലെ റംസാൻ വ്രതവുമനുഷ്ടിച്ച് നമസ്കാര ശേഷം ഖുർ‌ആൻ പാരായണം നടത്തിയിരിക്കുമ്പോൾ ഒരു സന്ദേശം വന്നു.പള്ളിയിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഞാൻ അത് നോക്കി – ആ സർട്ടിഫിക്കറ്റ് അനുവദിച്ചിരിക്കുന്നു ! 23/5/2014ന് അപേക്ഷിച്ച സർട്ടിഫിക്കറ്റ് 30/6/2014ന് അനുവദിച്ചിരിക്കുന്നു.അതായത് ഒരു മാസവും ഒരു ആഴ്ചയും പിന്നിട്ട ശേഷം ! ഇതാണ് ഇ-ജില്ല എങ്കിൽ ഇതിന്റെ പേരിൽ നിരവധി സാധാരണ ജനങ്ങൾ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ എത്രയുണ്ടായിരിക്കും എന്ന് ഊഹിക്കാവുന്നതേയുള്ളൂ. അഞ്ച് രൂപയുടെ ഒരു കോർട്ട്ഫീ സ്റ്റാമ്പും രണ്ട് രൂപയുടെ അപ്ലിക്കേഷനും വില്ലേജ് ഓഫീസ് വരെ ഒന്ന് പോകുകയും മാത്രം ചെയ്യേണ്ട സംഗതിക്ക് അക്ഷയയിൽ 30 രൂപയും പിന്നെ കുറേ ഫോൺ വിളികളും കയറിയിറക്കവും നടത്തേണ്ട ഒരു ഗതികേടിലേക്ക് ഇ-ജില്ല എന്ന പരിപാടി മാറരുത് എന്ന് വിനീതമായി അപേക്ഷിക്കുന്നു.


( ഇന്നലെ നാറ്റിവിറ്റി , കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റുകൾ അറ്റസ്റ്റ് ചെയ്യാൻ വന്ന അയൽ‌വാസിയോട് ഞാൻ ,അവ ലഭിക്കാനുണ്ടായ കാലതാമസം തിരക്കി.മൂന്ന് ദിവസം കൊണ്ട് കിട്ടി, പക്ഷേ മൂന്ന് സർട്ടിഫിക്കറ്റിന് 75 രൂപ കൊടുക്കേണ്ടി വന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം)