Pages

Showing posts with label സർവീസ് കാര്യം. Show all posts
Showing posts with label സർവീസ് കാര്യം. Show all posts

Monday, September 23, 2019

ഒരു പൊന്‍‌തൂവല്‍ കൂടി....

           ജീവിതത്തില്‍ എപ്പോള്‍ എന്തൊക്കെ സംഭവിക്കുമെന്ന് ദൈവത്തിന് മാത്രമറിയാം. എന്റെ പിതാവ് എന്നെ നാഷണല്‍ സര്‍വീസ് സ്കീമില്‍ ചേരാന്‍ പ്രേരിപ്പിച്ചതും ദൈവ നിശ്ചയമായിരുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു. 1987ല്‍ പ്രീഡിഗ്രി വിദ്യാര്‍ത്ഥിയായിരിക്കെ തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജില്‍ തുടങ്ങി ഡിഗ്രിക്ക് ഫാറൂഖ് കോളേജിലും ചേര്‍ന്ന് പൂര്‍ത്തിയാക്കിയ എന്‍.എസ്.എസ് വളണ്ടിയര്‍കാലം. പിന്നെ 18 വര്‍ഷത്തെ ഇടവേളക്ക് ശേഷം എന്‍.എസ്.എസ് മായി ബന്ധപ്പെടുന്നത്, ഒരിക്കലും പ്രതീക്ഷിക്കാത്ത പ്രോഗ്രാം ഓഫീസര്‍ എന്ന പദവിയിലൂടെ. അതും കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജ് എന്ന ഒരു പ്രൊഫഷണല്‍ സ്ഥാപനത്തിലൂടെ.

              നാലു വര്‍ഷത്തെ പ്രോഗ്രാം ഓഫീസര്‍ പദവിക്കിടയില്‍ നടത്തിയ അശ്വമേധം ഇപ്പോള്‍ തിരിഞ്ഞു നോക്കുമ്പോള്‍ അവിശ്വസനീയമായി തോന്നുന്നു. നാല്‌ വര്‍ഷം കൊണ്ട് കോഴിക്കോടിന്റെ ഷോക്കേസില്‍ കയറിയത് ഇന്ദിരാഗാന്ധി ദേശീയ അവാര്‍ഡ് അടക്കം ഇരുപത്തഞ്ചോളം പുരസ്കാരങ്ങള്‍ ആയിരുന്നു. 2015-ല്‍ വയനാട് ഗവ. എഞ്ചിനീയറിംഗ് കോളേജിലേക്ക് ട്രാന്‍സ്ഫറായി വീണ്ടും എത്തുമ്പോള്‍ കാത്തിരുന്നത്, മുമ്പ് കേണപേക്ഷിച്ചിട്ടും തരാതിരുന്ന അതേ പ്രോഗ്രാം ഓഫീസര്‍ പദവി. സംസ്ഥാന അവാര്‍ഡുകള്‍ അടക്കം പത്തോളം പുരസ്കാരങ്ങള്‍ വയനാടിന്റെ ഷോക്കേസിലും കയറ്റി 2018-ല്‍ വീണ്ടും കോഴിക്കോട്ടെത്തി.

                എന്‍.എസ്.എസ് അതിന്റെ അമ്പതാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ എന്നെ ദേശീയ തലം വരെ ഉയര്‍ത്തിയ ആ സംഘടനയെ ഞാന്‍ നെഞ്ചോട് ചേര്‍ക്കുന്നു.അതിലൂടെ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ജീവിതത്തിന്റെ അര്‍ത്ഥം മനസ്സിലാക്കിക്കൊടുക്കാന്‍ സാധിച്ചതില്‍ ഏറെ സന്തോഷവും അഭിമാനവും തോന്നുന്നു. എന്തിന്റെയൊക്കെയോ പേരില്‍ ഇന്ന് ഞാന്‍ എന്‍.എസ്.എസ് ല്‍ നിന്ന് പുറത്താണെങ്കിലും എന്‍.എസ്.എസ് എന്റെ മനസ്സില്‍ നിന്ന് പുറത്തായില്ല.

                 ഇപ്പോഴിതാ എന്‍.എസ്.എസ് പ്രവര്‍ത്തനത്തിലൂടെ വീണ്ടും ഒരംഗീകാരം തേടി എത്തിയിരിക്കുന്നു.എന്‍.എസ്.എസ് ദേശീയ അവാര്‍ഡ് ജേതാവ് എന്ന നിലക്ക് കേരള സര്‍ക്കാര്‍ സദ് സേവന രേഖ (Good Service Entry) നല്‍കി ആദരിച്ച വിവരം സസന്തോഷം പങ്ക് വയ്ക്കുന്നു (Page2- Sl No 3).

Thursday, July 12, 2018

സാക്ഷിക്കൂട്ടില്‍ വീണ്ടും...

           ഒഴിഞ്ഞുപോയി എന്ന് കരുതിയ ഒരു പാമ്പ് ഇന്നലെ വീണ്ടും എന്റെ മുമ്പില്‍ തല പൊക്കി - ഏഴ് വര്‍ഷം മുമ്പ് കോഴിക്കോട് എഞ്ചിനീയറിംഗ് കോളെജില്‍ നടന്ന പ്രമാദമായ നിര്‍മ്മല്‍ മാധവന്‍ കേസില്‍, ബുധനാഴ്ച കോടതിയില്‍ ഹാജരാകാനുള്ള സമന്‍സ് ആയിരുന്നു അത് - ഒരൊപ്പിന്റെ പൊല്ലാപ്പ് . വയനാട് നിന്നും തിരിച്ചെത്തി ജോയിന്‍ ചെയ്ത് ഒന്ന് ശ്വാസം വിടുമ്പോഴേക്കും വന്ന രണ്ടാം കോടതി കയറ്റം എന്നെ നന്നായി അലോസരപ്പെടുത്തി.

               കൃത്യം 11 മണിക്ക് തന്നെ കോടതി നടപടികള്‍ ആരംഭിച്ചു.പഴയ പബ്ലിക് പ്രൊസിക്യൂട്ടറായ ആ സ്ത്രീ തന്നെയാണ് ഇപ്പോഴും.കേസ് തുടക്കത്തില്‍ തന്നെ വിളിച്ചപ്പോള്‍ പെട്ടെന്ന് രക്ഷപ്പെടാമെന്ന് മോഹിച്ചു. പക്ഷെ അത് വെറും മോഹം മാത്രമായിരുന്നു. രാവിലെ വിളിച്ച എല്ലാ കേസുകളും കഴിഞ്ഞ് നീണ്ട കാത്തിരിപ്പിനൊടുവില്‍, അവസാനത്തേതായി 1.45ന് ആണ് ഞാന്‍ രണ്ടാം തവണയും സാക്ഷിക്കൂട്ടില്‍ കയറിയത്.

            കഴിഞ്ഞ തവണത്തെപ്പോലെ ആ സ്ത്രീ അതേ ചോദ്യങ്ങള്‍ തന്നെ ചോദിച്ചു. ഞാന്‍ എല്ലാം നിഷേധിച്ചു. ഞാന്‍ കള്ളം പറയുകയാണെന്ന് പബ്ലിക് പ്രൊസിക്യൂട്ടറും വാദിച്ചു. പതിവ് പോലെ മൊഴി രേഖപ്പെടുത്തിയ പേപ്പറില്‍ ഞാന്‍ ഒപ്പിട്ടു. പെട്ടെന്നാണ് പറഞ്ഞുകേട്ട ഒരു കാര്യം ഞാന്‍ ആ ക്ലര്‍ക്കിനോട് ചോദിച്ചത്.

“ഇവിടെ അറ്റന്റ് ചെയ്തതിന്റെ സര്‍ട്ടിഫിക്കറ്റ് എന്തെങ്കിലും കിട്ടുമോ?”

“ങാ...കിട്ടും....ഞാന്‍ ചോദിക്കട്ടെ....” അവര്‍ പറഞ്ഞു.

“ഡ്യൂട്ടി ലീവ് അനുവദിക്കും...വന്നതിനുള്ള ടി എ/ഡി എ യും ക്ലെയിം ചെയ്യാം...” ഞങ്ങളുടെ വക്കീലും പറഞ്ഞു.

                        ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിന്റെ ഭാഗമായി കേസില്‍ സാക്ഷി പറയാന്‍ പോകുന്ന ഏതൊരു ഗവണ്മെന്റ്/പൊതുമേഖലാ ഉദ്യോഗസ്ഥനും ആ ദിവസത്തെ ഡ്യൂട്ടിലീവും യാത്രാബത്തയും ദിനബത്തയും അനുവദിക്കപ്പെടും. അത് അവകാശപ്പെടാന്‍ കോടതിയില്‍ നിന്ന് തന്നെ ലഭിക്കുന്ന ഒരു സര്‍ട്ടിഫിക്കറ്റ് (FORM 47) കൂടി ഹാജരാക്കണം എന്ന് മാത്രം. ആവശ്യപ്പെട്ടാല്‍ മാത്രമേ അവരത് തരൂ.എന്റെ അറിവില്ലായ്മ കാരണം കഴിഞ്ഞ പ്രാവശ്യം എനിക്കിതൊന്നും തന്നെ ലഭിച്ചില്ല.

                  ആയതിനാല്‍ കോടതിയില്‍ സാക്ഷി പറയാന്‍ പോകുന്ന എല്ലാ ജീവനക്കാരും ശ്രദ്ധിക്കുക. ഇപ്പോള്‍ കിട്ടുന്ന ആനുകൂല്യങ്ങള്‍ വാങ്ങിയില്ലെങ്കില്‍ സര്‍ക്കാര്‍ ആ പരിപാടി തന്നെ നിര്‍ത്തിക്കളയാന്‍ സാധ്യതയുണ്ട്.

Saturday, April 29, 2017

ഇ- ഡിസ്ട്രിക്റ്റിലൂടെ ഒരു സര്‍ട്ടിഫിക്കറ്റ്

      ഇ-ഗവേണന്‍സ് ഫോര്‍ ഗുഡ് ഗവേണന്‍സ് എന്ന പേരില്‍ എന്‍.എസ്.എസ് ടെക്നിക്കല്‍ സെല്‍,  വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്ന് പൊതുജനങ്ങള്‍ക്ക് ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഏതൊക്കെയെന്നും അത് ലഭിക്കുന്നത് എങ്ങനെയെന്നും പരിചയപ്പെടുത്തുന്ന ഒരു ക്യാമ്പയിന്‍ 2-3 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടത്തിയിരുന്നു. അതോടനുബന്ധിച്ച് നടത്തിയ ഒരു ട്രെയ്നിംഗ് പ്രോഗ്രാമില്‍ നിന്ന് കിട്ടിയ അറിവിലൂടെ സര്‍ക്കാറിന്റെ ഇ- ഡിസ്ട്രിക്റ്റ് പോര്‍ട്ടലില്‍ (https://edistrict.kerala.gov.in) ഞാനും ഒരു യൂസര്‍ ഐഡി ഉണ്ടാക്കിയിരുന്നു.കൂടുതല്‍ ഉപയോഗിക്കാത്തത് കാരണം അതിന്റെ ബാക്കി കാര്യങ്ങള്‍ എല്ലാം ഞാന്‍ മറന്നു പോവുകയും ചെയ്തു.
     ഇക്കഴിഞ്ഞ ദിവസം മൂത്ത മോള്‍ ലുലുവിന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ ഡിഗ്രിക്ക്  പ്രവേശനത്തിനായുള്ള അപേക്ഷ സമര്‍പ്പിക്കാനായി ജാതി സര്‍ട്ടിഫിക്കറ്റ് ആവശ്യമായി വന്നു. തിങ്കളാഴ്ച തന്നെ അത് ലഭിക്കുന്നതിനായി അവളെയും കൂട്ടി ഞാന്‍ വില്ലേജ് ഓഫീസിലെത്തി. വില്ലേജ് ഓഫീസര്‍ സ്ഥലത്ത് ഇല്ലായിരുന്നു.ഉച്ചയോടെ എത്തും എന്നറിഞ്ഞു.പക്ഷെ മോളുടെ അപേക്ഷയുടെ കൂടെ എന്റെ വരുമാനം അറിയാനായി സാലറി സര്‍ട്ടിഫിക്കറ്റും വേണം എന്ന് പറഞ്ഞതോടെ അന്നത്തെ ശ്രമം നിര്‍ത്തി വച്ചു.പിറ്റെ ദിവസം ഞാന്‍ കോളേജില്‍ പോയി അത് വാങ്ങാനും തീരുമാനിച്ചു.പക്ഷെ അന്ന് എനിക്ക് കോളേജില്‍ പോകാന്‍ സാധിച്ചില്ല.

     നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റിന് ശമ്പളവരുമാനം പരിഗണിക്കില്ല എന്ന് അറിഞ്ഞതിനാല്‍, പെട്ടെന്നാണ് എനിക്ക് ഇ-ഡിസ്ട്രിക്റ്റ് പോര്‍ട്ടല്‍ വഴി ഒരു ശ്രമം നടത്താനുള്ള ഉള്‍വിളി വന്നത്.അതു പ്രകാരം ലോഗിന്‍ ചെയ്ത് നോക്കിയപ്പോള്‍ ജാതി സര്‍ട്ടിഫിക്കറ്റ് അക്കൂട്ടത്തില്‍ കണ്ടു. ഉടന്‍ മകളുടെ വിവരങ്ങള്‍ കൊടുത്ത് രെജിസ്റ്റര്‍ ചെയ്തു.അടുത്ത സ്റ്റെപ്പില്‍ ചോദിച്ചത് ചില പ്രമാണങ്ങള്‍ ആയിരുന്നു. ഒന്ന് റേഷന്‍ കാര്‍ഡ് , ജാതി തെളിയിക്കുന്നതിനുള്ള എന്തെങ്കിലും രേഖ (ഞാന്‍ എന്റെ എസ്.എസ്.എല്‍.സി ബുക്കിന്റെ ഒന്നാം പേജ് സ്കാന്‍ ചെയ്ത് വച്ചു). പിന്നെ ഒരു അഫിഡവിറ്റും. ഇത് എന്ത് എന്ന് അറിയാത്തതിനാല്‍ വെള്ളക്കടലാസില്‍ എഴുതി ഉണ്ടാക്കിയ ‘മേല്‍ വിവരങ്ങള്‍ എന്റെ അറിവില്‍ പെട്ടിടത്തോളം സത്യമാണെന്ന് സാക്ഷ്യപ്പെടുത്തുന്നു’ എന്ന സത്യവാങ്മൂലവും സ്കാന്‍ ചെയ്തു കയറ്റി.

     ഫീസടക്കാനുള്ള അടുത്ത സ്റ്റേജില്‍ ഞാന്‍ വെറുതെ ഒന്ന് നോക്കി.അപേക്ഷ ഫീസ് 5 രൂപ , സര്‍വീസ് ചാര്‍ജ്ജ് 10 രൂപ! അതെ വാതിലിനെക്കാളും വലിയ ഉമ്മറപ്പടി.15 രൂപ നെറ്റ് ബാങ്കിംഗ് വഴി അടച്ചപ്പോഴാണ് അവിടെയും എന്തോ ചാര്‍ജ്ജ് അധികമെടുത്തതായി മനസ്സിലായത്. ഏതായാലും എല്ലാം അപ്‌ലോഡ് ആയപ്പോള്‍ എനിക്കും ഒരു സംശയം.ഈ ചെയ്തത് തന്നെയോ ഇതിന്റെ രീതി(അത് തന്നെയായിരുന്നു രീതി)!! അധികം ആലോചിക്കാതെ അതിനെ വിട്ട് ഞാന്‍ എന്റെ മറ്റു ജോലികളില്‍ മുഴുകി.

     പിറ്റെ ദിവസം 10 മണിയോടെ ഞാന്‍ കോളേജിലേക്ക് ബസ് കയറി.ചുരം കയറി ബസ് കല്പറ്റ എത്താന്‍ നേരത്ത്, കാസ്റ്റ് സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷ അംഗീകരിച്ചതായി ഒരു എസ്.എം.എസ് വന്നു.ഉടന്‍ ഇ-ഡിസ്ട്രിക്ടില്‍ ഞാന്‍ ലോഗിന്‍ ചെയ്തു.അത്ഭുതം - അതാ ലുലുവിന്റെ കാസ്റ്റ് സര്‍ട്ടിഫിക്കറ്റ് !! (നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് അല്ല). അപേക്ഷയില്‍ തല്‍ക്കാലം അപ്‌ലോഡ് ചെയ്യാനുള്ള സര്‍ട്ടിഫിക്കറ്റ് കിട്ടിയ സന്തോഷത്തോടെ ഞാന്‍ യാത്ര തുടര്‍ന്നു.

    നമ്മുടെ മിക്ക സര്‍ട്ടിഫിക്കറ്റുകളും കിട്ടാനുള്ള നടപടിക്രമങ്ങള്‍ മിക്കപ്പോഴും ഇത്രയേ ഉള്ളൂ.നമ്മില്‍ പലര്‍ക്കും അറിയാത്തത് കാരണം അത് നീണ്ടു പോകുന്നു എന്ന് മാത്രം.ഇ-ഡിസ്ട്രിക്റ്റ് പോര്‍ട്ടലില്‍ ഒരാളുടെ രെജിസ്റ്റ്രേഷന്‍ വഴി അയാളുടെ മുഴുവന്‍ കുടുംബാംഗങ്ങള്‍ക്കും മാസത്തില്‍ 10 സര്‍ട്ടിഫിക്കറ്റിന് വരെ അപേക്ഷിക്കാം. ഏതൊക്കെ സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാകും എന്നത് സൈറ്റില്‍ കയറി നോക്കുക തന്നെ വേണം. 

അപ്പോള്‍ വേഗം ഇ-ഡിസ്ട്രി‌ക്ടില്‍ ഒരു യൂസര്‍ ഐഡി ഉണ്ടാക്കിയിട്ടോളൂ. ആവശ്യമുളപ്പോള്‍ ഉപയോഗപ്പെടുത്താം.


Saturday, December 27, 2014

ഉണരൂ ഉപഭോക്താവേ ഉണരൂ....


ഒരു ഓൺലൈൻ തട്ടിപ്പിനെപറ്റി ഞാൻ ഈ ബ്ലോഗിൽ പറഞ്ഞിരുന്നു.പലപ്പോഴും ഇത്തരം തട്ടിപ്പിനിരയായവർക്ക് അത് പുറത്ത് പറയാ‍ൻ മടിയാണെന്നും പറഞ്ഞിരുന്നു.പക്ഷേ ഇത്തരം തട്ടിപ്പുകൾ മിക്കപ്പോഴും പുറത്ത് വരാതിരിക്കാൻ മറ്റൊരു കാരണം ഇതിനെതിരെ എവിടെ പരാതി നൽകണം എന്ന് വ്യക്തമായ ധാരണ ഇല്ലാത്തതിനാലാണ്.പോലീസിൽചെന്ന് പരാതിപ്പെട്ടപ്പോൾ എനിക്കുണ്ടായ അനുഭവവും ഞാൻ ഇവിടെ പറഞ്ഞിരുന്നു.

ഇന്റെർനെറ്റിൽ തപ്പിയപ്പോൾ പരാതി രെജിസ്റ്റർ ചെയ്യാനുള്ള അല്ലെങ്കിൽ പരിഹാരം തേടാനുള്ള വിവിധ സൈറ്റുകൾ കണ്ടു.അവയിലൊന്നിൽ ഞാൻ എന്റെ പ്രശ്നം അവതരിപ്പിക്കുകയും ചെയ്തു.മിക്ക പരാതികളും സ്വീകരിക്കുക എന്നതല്ലാതെ നടപടി അല്ലെങ്കിൽ പരിഹാരം നിർദ്ദേശിക്കുക എന്നത് ഈ സൈറ്റുകളുടെ അജണ്ടയിൽ വരുന്നില്ല എന്ന്, ഇതു വരെ ഒരു മറുപടിയും ലഭിക്കാത്തതിനാൽ  എനിക്ക് മനസ്സിലായി. ഓൺലൈൻ  തട്ടിപ്പ് വീരന്മാരെ വെറുതെ വിട്ടാൽ പറ്റില്ല എന്ന തീരുമാനത്തിൽ നിന്ന് ഞാൻ പരാതി ബോധിപ്പിക്കാ‍നുള്ള ഇടം തേടി നടക്കവെ എന്റെ ഒരു ഡെൽഹി സുഹൃത്ത് ഉപഭോക്തൃതർക്കപരിഹാര കോടതിയിൽ പരാതി നൽകാൻ പ്രേരിപ്പിച്ചു.

ഞാൻ താമസിക്കുന്നത് മലപ്പുറം ജില്ലയിൽ ആയതിനാൽ മലപ്പുറം ജില്ലാ ഉപഭോക്തൃതർക്കപരിഹാര ഫോറത്തിന്റെ വിലാസവും ഫോണും സംഘടിപ്പിച്ച് ഞാൻ ആ ഓഫീസുമായി ബന്ധപ്പെട്ടു. അവർ പറഞ്ഞ് തന്ന പ്രകാരം പരാതി നൽകുന്ന വിധം എങ്ങനെ എന്ന് നോക്കാം (ഉപഭോക്തൃതർക്കപരിഹാര കോടതിയിൽ നൽകുന്ന ഏത് പരാതികളുടെയും മാതൃക ഇത് തന്നെയാണ്).

ഒരു എ4 വെള്ളപേപ്പറിൽ  താഴെ പറയും പ്രകാരം എഴുതിയുണ്ടാക്കുക


 “......... ജില്ലാ ഉപഭോക്തൃതർക്കപരിഹാര കോടതിയിൽ സമർപ്പിക്കുന്ന പരാതി “

ഹരജിക്കാരൻ

               നിങ്ങളുടെ പേരും അഡ്രസും മൊബൈൽ/ഫോൺ നമ്പറും

എതിർകക്ഷി

                  എതിർകക്ഷിയുടെ പേരും അഡ്രസും


             (പരാതി വിശദമായി എഴുതുക).ഞാൻ നേരിട്ട സാമ്പത്തിക/മാനസിക പ്രശ്നങ്ങൾക്ക് പരിഹാരമായി ....... രൂപയും കോടതി ചെലവായി ..... രൂപയും അനുവദിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.

                                                                                                      ഒപ്പും പേരും

മേല്പറഞ്ഞ കാര്യങ്ങൾ എന്റെ അറിവിൽ പെട്ടിടത്തോളം സത്യമാണെന്ന് ബോധിപ്പിക്കുന്നു.

സ്ഥലം .....................
തീയതി .....................                                                                    ഒപ്പും പേരും


പരാതിക്കൊപ്പം സമർപ്പിക്കേണ്ടവ :

1.    ഒരു ലക്ഷം രൂപ വരെയുള്ള കേസുകളിൽ അതാത് ഉപഭോക്തൃതർക്കപരിഹാര ഫോറത്തിന്റെ പേരിൽ എടുത്ത 100രൂപയുടെ പോസ്റ്റൽ ഓർഡർ/ഡിഡി
2.    സാധനം വാങ്ങിയതിന്റെ ഒറിജിനൽ ബിൽ
3.    ഓൺലൈനിൽ വാങ്ങിയതാണെങ്കിൽ പണമടച്ചതിന്റെ തെളിവുകൾ (കാഷ് ട്രാൻസ്ഫർ സ്റ്റേറ്റ്മെന്റ്)
4.    പരാതി തെളിയിക്കാൻ സഹായകമായ മറ്റു രേഖകൾ


മേല്പറഞ്ഞവയിൽ പോസ്റ്റൽ ഓർഡർ/ഡിഡി ഒഴികെയുള്ളവയുടെയും പരാതിയുടേയും 4 കോപ്പികൾ കൂടി എടുത്ത് സെറ്റാക്കി മൊത്തം അഞ്ച് സെറ്റ് പരാതികളാണ് സമർപ്പിക്കേണ്ടത്. പരാതി നേരിട്ടോ രെജിസ്റ്റേഡ് പോസ്റ്റ് വഴിയോ ഇ-മെയിൽ വഴിയോ (വിലാസം ലഭിക്കാൻ CDRF എന്ന് ഗൂഗിളിൽ തപ്പുക) സമർപ്പിക്കാം.

പരാതി സ്വീകരിച്ചാൽ അതിനുള്ള നമ്പർ അപ്പോൾ തന്നെ തരും.നേരിട്ടല്ല സമർപ്പിക്കുന്നത് എങ്കിൽ ഫോണിൽ വിളിച്ച് പരാതിയുടെ നമ്പർ നാം കുറിച്ചെടുക്കേണ്ടതാണ്. പരാതി സമർപ്പിച്ച് ഒരാഴ്ച കഴിഞ്ഞ് ഫോൺ വഴി തന്നെ പരാതി പരിഗണിക്കുന്ന ദിവസവും വിളിച്ചന്വേഷിക്കാവുന്നതാണ്.


എല്ലാ വർഷവും ഡിസംബർ 24 ദേശീയ ഉപഭോക്തൃ അവകാശദിനമായി ആചരിച്ച് വരുന്നു.കേന്ദ്ര സർക്കാർ ഉപഭോക്തൃ മന്ത്രാലയം നൽകിയ പരസ്യപ്രകാരം 20,000 രൂപ വരെയുള്ള പരാതികൾ ജില്ലാ ഉപഭോക്തൃ ഫോറത്തിലും ഒരു കോടി വരെയുള്ള പരാതികൾ സംസ്ഥാന കമ്മീഷനിലും ഒരു കോടിക്ക് മുകളിൽ വരുന്ന പരാതികൾ ദേശീയ ഉപഭോക്തൃതർക്കപരിഹാര കമ്മീഷനിലും നൽകാവുന്നതാണ്.ഓൺലൈൻ വഴി പരാതി സമർപ്പിക്കാൻ www.nationalconsumerhelpline.in , www.core.nic.in എന്നിവയിൽ ഏതെങ്കിലും സന്ദർശിക്കുക.