Pages

Thursday, March 31, 2011

കടലേ...നീലക്കടലേ...(ലക്ഷദ്വീപ് യാത്ര - ഭാഗം 5)

കഥ ഇതുവരെ

“സാര്‍...നമുക്ക് ഡെക്കിലേക്ക് പോകാം...കപ്പല്‍ സ്റ്റാര്‍ട്ട് ആക്കുന്നത് കാണണം..” ആന്റണിക്ക് അത് കണ്ടേ അടങ്ങൂ എന്ന് സംസാരത്തില്‍ നിന്നും മനസ്സിലായി.

“അത് ...കാണാന്‍ ഒന്നുമില്ല.ന്യൂട്രലില്‍ ഇട്ട് ചാവി തിരിക്കുക , ഫസ്റ്റിലിട്ട് പതുക്കെ ആക്സിലേറ്ററും കൊടുക്കുക...ഒന്ന് മൂവായി കഴിഞ്ഞാല്‍ രണ്ടിലേക്കും പിന്നെ മൂന്നിലേക്കും ശേഷം നാലിലേക്കും ഒറ്റ തട്ട്...” ശിവദാസന്‍ മാഷ് കാറ് ഓടിക്കുന്ന കഥ കപ്പലിലേക്ക് ആവാഹിച്ചു.

“അങ്ങനെ എത്ര ഗിയര്‍ വരെ ഉണ്ടാകും...” ആന്റണിക്ക് വീണ്ടും സംശയം.

“ആ...അതില്‍ എനിക്കും ചെറിയ ഒരു ഡൌട്ട് ഉണ്ട്...പണ്ടൊക്കെ നാല് ഗിയറേ ഉണ്ടായിരുന്നുള്ളൂ..ഇപ്പോള്‍ ഈ സുനാമി ഒക്കെ അടിക്കാന്‍ തുടങ്ങിയ ശേഷം അതിനുള്ള ഗിയറും വന്നിട്ടുണ്ട് എന്ന് കേട്ടു...”

“എന്ത് ???സുനാമി ഗിയറോ ?”

“ആ...വാ നമുക്ക് ഡക്കില്‍ പോയി നേരിട്ട് കാണാം...” ശിവദാസന്‍ മാഷ് മെല്ലെ തടിയൂരി.

“പിന്നെ.... കപ്പലിന് സെല്‍ഫില്ല...അപ്പോ തള്ളി സ്റ്റാര്‍ട്ട് ആക്കേണ്ടി വരും...” കപ്പലിനകത്ത് സെല്‍ഫ്‌ലെസ്സ് സര്‍വ്വീസ് എന്ന് എവിടെയോ എഴുതി വച്ചത് കണ്ട റെജു പറഞ്ഞു.

“അപ്പോള്‍ നമ്മളും ഇറങ്ങി തള്ളേണ്ടി വരുമോ?” അബൂബക്കര്‍ മാഷുടെ സംശയം വീണ്ടും ഉയര്‍ന്നു.

“പണ്ട് ചാലിയാറില്‍ തോണി ഉന്തിയിറക്കി, ചാടി ഒരു കയറ്റം ഉണ്ടായിരുന്നു...അന്ന് കുടിച്ച വെള്ളത്തിന് കയ്യും കണക്കുമില്ല...” ഞാന്‍ ആ പഴയ കുട്ടിക്കാലം പെട്ടെന്ന് ഓര്‍മ്മിച്ചു.

“അതെന്തിനാ തോണി ഉന്തിയതിന് ഇത്രേം വെള്ളം കുടിക്കുന്നത് ?അതത്ര്യൌം വലിയ പണിയാണോ?” സലീം മാഷും സംശയവുമായി ഇറങ്ങി.

“ഏയ്...തോണിയില്‍ ചാടി കയറുമ്പോള്‍ ബാലന്‍സ് തെറ്റി , ദാ മൂക്കും കുത്തി വെള്ളത്തില്‍...പിന്നെ വെള്ളം അല്ലാ‍തെ പാല് കുടിക്കാന്‍ കിട്ട്വാ?”

“ങേ!എങ്കില്‍ നമ്മളാരും കപ്പല്‍ ഉന്താന്‍ ഇറങ്ങണ്ട...ഈ കൊച്ചിയിലെ വെള്ളം കുടിച്ച് മരിക്കുന്നതിനെക്കാളും നല്ലത് വെള്ളം കുടിക്കാതെ മരിക്കാ...” ആന്റണിയുടെ വക കമന്റ് വന്നു.

കപ്പല്‍ തള്ളുന്നത് കാണാന്‍ ഞങ്ങള്‍ ഡെക്കിലെത്തി.ഞങ്ങളുടെ കപ്പലും തൊട്ടടുത്തുള്ള ഒരു കൂറ്റന്‍ ബോട്ടും തമ്മില്‍ ഒരു കയറിട്ട് ബന്ധിച്ചിരിക്കുന്നു.ആ ബോട്ട് നീങ്ങാന്‍ തുടങ്ങി.ഒപ്പം കപ്പലും നീങ്ങിത്തുടങ്ങി.കപ്പല്‍ അല്പം നീങ്ങിയതും ആരോ ആ കയറ് എടുത്ത് വെള്ളത്തിലേക്കിട്ടു!

“ദൈവമേ!! കണക്ഷന്‍ പോയി !!” റെജു പെട്ടെന്ന് അലറി.

“അതേ...ആ ബോട്ടുമായുള്ള കണക്ഷന്‍ പോയത് ആരും കണ്ടില്ലേ?” അബൂബക്കര്‍ മാഷും തന്റെ ഭൂതക്കണ്ണാടിയിലൂടെ അത് കണ്ടു.

“ഛെ...അതല്ല ഞാന്‍ പറഞ്ഞത്..” റെജു ദ്വേഷ്യത്തോടെ പറഞ്ഞു.

“പിന്നെ ...?” ആന്റണി റെജുവിനെ നോക്കി.

“ബി.എസ്.എന്‍.എല്‍.കണക്ഷന്‍....” റെജു ഇഞ്ചികടിച്ച കുഞ്ചനെപ്പോലെ നിന്ന്‍ പറഞ്ഞു.

“ഓ...ലെവളുമായി ലക്ഷദ്വീപ് യാത്രയൂടെ റണ്ണിംഗ് കമന്ററി അടിക്കുകയായിരുന്നു അല്ലേ...വെറുതെയല്ല ഇതുവരെ എല്ലാ റൂട്ടുകളും ബിസി ആയിരുന്നത്...അത് ഏതായാലും നന്നായി..” ആന്റണിക്ക് സമാധാനമായി.

“ഇനി ഈ കടലിലേക്ക് നോക്കി മധുസൂദനക്കുറുപ്പ് പാടിനടന്ന പോലെ ഡക്കിലൂടെ ഉലാത്തിക്കോളൂ...“ ഞാന്‍ റെജുവിനെ സമാധാനിപ്പിച്ചു.

“മധുസൂദനക്കുറുപ്പ് പാടിനടന്ന പോലെയോ? അതേതാ പാട്ട് ?” റെജു പെട്ടെന്ന് ആവേശഭരിതനായി.

“കടലേ...നീലക്കടലേ...എന്ന ചെമ്മീനിലെ പാട്ട്..”

“ഓ...ആ മധുസൂദനക്കുറുപ്പ് ...”

“ങാ...അതെന്നെ..”

“ദേ...അങ്ങോട്ട് നോക്കിക്കേ...” ആന്റണി റെജുവിന്റെ ശ്രദ്ധ ഡക്കിന്റെ ഒരറ്റത്തേക്ക് തിരിച്ചു.

“ങേ!” റെജു വാണം വിട്ട പോലെ അങ്ങോട്ട് കുതിച്ചു.ഇന്ത്യ വിട്ട റോക്കറ്റ് പോലെ പത്ത് മിനിട്ടിനകം തിരിച്ച് ഞങ്ങളുടെ അടുത്ത് തന്നെ എത്തുകയും ചെയ്തു.

(തുടരും...)

Wednesday, March 23, 2011

ജമാല്‍ ക ദോസ്ത് (ലക്ഷദ്വീപ് യാത്ര - ഭാഗം 4)

കഥ ഇതുവരെ

കപ്പല്‍ കൊച്ചി വിടാനുള്ളതിന്റെ സൂചനകള്‍ ഞങ്ങള്‍ക്ക് ലഭിച്ചു തുടങ്ങി.
“ഇലക്ട്രീഷ്യന്മാര്‍ ട്രാന്‍സ്ഫോര്‍മറുമായി ബന്ധപ്പെടുക” ചെറിയ ശബ്ദത്തിലുള്ള അനൌണ്‍സ്മെന്റ് ഞാന്‍ കേട്ടത് അങ്ങനെയാണ്.ഞങ്ങളില്‍ പെട്ട ഏതെങ്കിലും ഇലക്ട്രീഷ്യന്മാര്‍ അങ്ങോട്ട് ഓടിച്ചെന്നോ എന്ന് എനിക്കറിയില്ല (സംഭവിച്ചിരിക്കാനുള്ള സാധ്യത 100ല്‍ 101 !).

“വെല്‍ഫയര്‍ ഓഫീസര്‍ കാബിനില്‍ എത്തേണ്ടതാണ്...വെല്‍ഫയര്‍ ഓഫീസര്‍ കാബിനില്‍ എത്തേണ്ടതാണ്...“ അടുത്ത അനൌണ്‍സ്മെന്റ് മുഴങ്ങി.

“ആബിദ് സാറെ...ജമാല്‍ക്കയെ വിളിക്കുന്നു...പുള്ളി ലീവിലാണെന്ന് പറ...” ഞങ്ങളുടെ ആതിഥേയന്‍ ജമാല്‍, വെല്‍ഫയര്‍ ഓഫീസര്‍ ആണെന്ന് ഞാന്‍ പറഞ്ഞത് ഓര്‍മ്മിച്ചുകൊണ്ട് ഹരിദാസന്‍ മാഷ് പറഞ്ഞു.

“ങേ!ഇതൊക്കെ യാത്രക്കാര്‍ പറഞ്ഞിട്ടു വേണോ?” ഞാന്‍ വെല്‍ഫയര്‍ ഓഫീസറുടെ കാബിന്‍ ലക്ഷ്യമാക്കി നടന്നു.

കപ്പലിനകത്ത് കണ്ട വഴികാട്ടികള്‍ അനുസരിച്ച് കോണി കയറിയും ഇറങ്ങിയും വളവ് തിരിഞ്ഞും മറിഞ്ഞും ഞാന്‍ നടന്നെങ്കിലും വെല്‍ഫയര്‍ ഓഫീസറുടെ കാബിനില്‍ മാത്രം എത്തിയില്ല.അപ്പോഴാണ് പോലീസുകാരുടെ കയ്യില്‍ മാത്രം കാണുന്ന സദാചിലക്കുന്ന ആ മങ്കിഡോങ്കി ഉപകരണവുമായി ഒരാള്‍ എന്റെ നേരെ വന്നത്.

‘ങേ! പോലീസ്!’ മുന്നോട്ട് വച്ച കാലിന് സഡന്‍ബ്രേക്കിട്ട് ഞാന്‍ ഓട്ടോമാറ്റിക്കായി റിവേഴ്സ് ഗിയറിലേക്ക് വീണു.

“നില്‍ക്കവിടെ!!!” അയാള്‍ പറയുന്നതായി എനിക്ക് തോന്നിയതിനാല്‍ എന്റെ വണ്ടി ഓഫായി.എന്‍.എല്‍.ബാലകൃഷ്ണന്റെ മുമ്പില്‍ പെട്ട ഇന്ദ്രന്‍സിനെപ്പോലെ ഞാന്‍ അയാളുടെ മുഖത്തേക്ക് നോക്കി.

“എങോട്ടാ ഇതു വഴി?” ആ ബോര്‍ഡ് കണ്ടില്ലേ?” അയാള്‍ ചൂണ്ടിയ ബോര്‍ഡ് ഞാന്‍ വായിച്ചു നോക്കി.

“റെസ്ടിക്ടഡ് ഏരിയ...ട്രെസ്‌പാസ്സേഴ്സ് വില്‍ ബീ ഫൈന്‍ഡ് അപ്‌ടു ആര്‍.എസ് 25000/-“ എന്ന് വച്ചാല്‍ കപ്പലിന്റെ ആറ് കിഡ്‌നികളില്‍ ഒന്ന് നില്‍ക്കുന്ന സ്ഥലത്ത് കയറിയാണ് ഞാന്‍ ഇപ്പോള്‍ മോഹിനിയാട്ടം കളിച്ചുകൊണ്ടിരിക്കുന്നത് എന്ന്.സമ്മാനമായി നല്ല 25000/- രൂപ (ഫൈന്‍ 25000/-) കിട്ടും ന്നും....

‘ഹെന്റുമ്മോ!’ കപ്പലിന്റെ കുലുക്കത്തില്‍ ഞാന്‍ വീഴാന്‍ പോകുന്നതായി എനിക്ക് തോന്നി.

“സാര്‍...സാര്‍...ഞാന്‍ വെല്‍ഫയര്‍ ഓഫീസറുടെ കാബിന്‍...” ഞാന്‍ അവിടെ എത്തിയ കദനകഥ പറയാന്‍ തുടങ്ങി.

“ഓ...അത് ശരി...എന്റെ പേര് മുസ്തഫ...ഞാനാണ് ഈ കപ്പലിലെ വെല്‍ഫയര്‍ ഓഫീസര്‍...”

“അപ്പോള്‍ ജമാല്‍ ?” എനിക്ക് സംശയമായി.

“ഓ...യൂ ആര്‍ ജമാല്‍ ക ദോസ്ത് ആബിദ്..!”

“അതെ...!” അദ്ദേഹം എന്റെ പേര് പറഞ്ഞപ്പോള്‍ എനിക്ക് സന്തോഷമായി.

“ജമാല്‍ വിളിച്ചിരുന്നു...കരയില്‍ നിന്നുള്ള കുറച്ച് ഗോസ്റ്റുകള്‍ കപ്പലില്‍ കയറിയിട്ടുണ്ട്...ശ്രദ്ധിക്കണം എന്ന്...”

“ഓ...താങ്ക്സ്...” എന്റെ ശ്വാസം പത്ത് മിനുട്ടിന്റെ ഇടവേളക്ക് ശേഷം നേരെ ചൊവ്വെ മൂക്കിലൂടെ തന്നെ വരാന്‍ തുടങ്ങി(ഒരു മിനുട്ട് മുമ്പ് വരെ ശരീരത്തിലെ എല്ലാ ദ്വാരത്തിലൂടേയും പോയ്ക്കൊണ്ടിരുന്നു).

“ചായ കുടിച്ചോ?”

“ങാ...”

“സാരമില്ല...ഒന്നു കൂടി ആവാം...”

ഞങ്ങള്‍ കപ്പലിനകത്തെ കാന്റീനിലേക്ക് നടന്നു.അവിടെ കണ്ട ഉയരം കുറഞ്ഞ ഒരു പയ്യന്റെ കൈ പിടിച്ച് മുസ്തഫ സാര്‍ എന്നെ ചൂണ്ടി പറഞ്ഞു “ ഇത് ആബിദ്...ജമാലിന്റെ സുഹൃത്ത്...:

“ഓ...ജമാല്‍ സാര്‍ ക ദോസ്ത് ആബിദ് സാര്‍..!” ജമാല്‍ സാര്‍ വിളിച്ചിരുന്നു.

“ആഹാ...”

“ഞാന്‍ കാന്റീന്‍ മാനേജര്‍ യാസര്‍..”

‘ഹാവൂ...അപ്പോള്‍ ഭക്ഷണവും കുശാലായി’ എന്റെ മനസ്സ് മന്ത്രിച്ചു.

“സാര്‍....ഞാന്‍ കുറച്ച് കഴിഞ്ഞ് കാബിനിലേക്ക് വരാം...” യാസര്‍ ഇത്രയും പറഞ്ഞപ്പോള്‍ ‘ജമാല്‍ ക ദോസ്തിലെ’ ജമാലിന്റെ വിലയും നിലയും വീണ്ടും എനിക്ക് ബോധ്യമായി.

ഓസിക്കടിച്ച ചായയും മോന്തി ഞാന്‍ എന്റെ സുഹൃത്തുക്കളുടെ അടുത്തേക്ക് വീണ്ടും എത്തി.
“ജമാല്‍ സാര്‍ ലീവിലാണെന്ന് സാര്‍ പറഞ്ഞോ?” ഹരിദാസന്‍ മാഷ് ചോദിച്ചു.

“ആ അത് പറയേണ്ടി വന്നില്ല...സ്റ്റെപ്പിനി വെല്‍ഫയര്‍ ഓഫീസര്‍ ഉണ്ടായിരുന്നു...പക്ഷേ ഒരു കാര്യം.കപ്പലില്‍ എവിടെ വച്ച് എന്ത് സംഭവിച്ചാലും ജമാല്‍ ക ദോസ്ത് എന്ന് പറയുക.സഹായിക്കാന്‍ ഉടന്‍ ആളെത്തും...”

“കടലിലേക്ക് വീണാലും ?” അബൂബക്കര്‍ മാഷ് വീണ്ടും രംഗത്തെത്തി.

(തുടരും...)

Tuesday, March 22, 2011

പെരുമാറാന്‍ പഠിക്കുക.

ഈ അടുത്ത് ഒരു ദിവസം ഞാന്‍ അല്പം താമസിച്ച് കോളേജില്‍ നിന്നും വീട്ടിലേക്ക് മടങ്ങുകയായിരുന്നു.താമസിച്ച് വരുന്ന ദിവസം മിക്കവാറും ബസ്സില്‍ അവസാന സീറ്റുകളേ ലഭിക്കൂ.അന്നും ആ പതിവ് തെറ്റിയില്ല.എന്റെ തൊട്ടടുത്ത് ഇരുന്നിരുന്ന ആള്‍ എന്റെ നാട്ടുകാരന്‍ തന്നെയായിരുന്നു എന്ന് അരീക്കോട് സ്ഥിരം കാണപ്പെടുന്ന ഒരാളുമായി ഇയാള്‍ സംസാരിക്കുന്നത് കണ്ടതിലൂടെ എനിക്ക് മനസ്സിലായി.

“നീ എവിടെ പോയിരുന്നു?” എന്റെ അടുത്തിരുന്നയാളോട്‌ മറ്റേ ആള്‍ ചോദിച്ചു.

“യു.എ.ഇ എക്സ്ചേഞ്ചിന്റെ ഓഫീസില്‍ പോയതായിരുന്നു..”

“ഹും..എന്തേ?”

“അത് എന്റെ സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങാന്‍ ...”

“അതെങ്ങനെ അവിടെ എത്തി?”

“ഞാന്‍ നാട്ടില്‍ അവരുടെ ഓഫീസില്‍ ജോലി ചെയ്തിരുന്നു...”

“എന്നിട്ടെന്തേ നിര്‍ത്തിയത്?”

“അത് ശരിയാവൂല.ഫുള്‍ ടൈം ജോലിയാ...മറ്റൊരുത്തന്‍ വന്നപ്പോള്‍ ഞാന്‍ മെല്ലെ തടിയൂരി” ഈ യുവാവിന്റെ ജോലിയോടുള്ള മനോഭാവം എനിക്ക് അല്പം പിടികിട്ടി.

ബസ്സ് പുറപ്പെടുന്നതിന് മുമ്പേ ഒരാള്‍ കൂടി ഞങ്ങളുടെ ആ സീറ്റിലേക്ക് വന്നു.എന്നാല്‍ ഈ സുഹൃത്ത് ഒരല്പം പോലും നീങ്ങിക്കൊടുത്തില്ല!ആഗതന്‍ ഒന്ന് നീങ്ങാന്‍ ആംഗ്യം കാണിച്ചെങ്കിലും അയാള്‍ തിരിച്ചും ആംഗ്യം കാണിച്ച് ഉള്ള സ്ഥലത്ത് ഇരിക്കാനുള്ള നിര്‍ദ്ദേശം നല്‍കി.

ബസ്സ് പാളറ്യം സ്റ്റാന്റില്‍ നിന്നും പുറത്ത് കടന്നപ്പോള്‍ തൂ വെള്ള തുണിയും കുപ്പായവും ധരിച്ച ഒരാള്‍ ബസ്സില്‍ കയറി.ബസ്സ് ജീവനക്കാര്‍ക്ക് ആളെ അറിയുന്നത് കൊണ്ടായിരിക്കാം അവര്‍ ഞങ്ങളുടെ സീറ്റില്‍ ഒരു അഡ്ജസ്റ്റ്മെന്റ് നടത്തി അയാളെ മേല്‍കക്ഷിയുടെ തൊട്ടപ്പുറം ഇരുത്തി.

“നിങ്ങള്‍ എവിടെ വരെയുണ്ട്?” ആഗതന്‍ എന്റെ തൊട്ടുള്ള സീറ്റുകാരനോട്‌ ചോദിച്ചു.അയാള്‍ ഒന്നും പറഞ്ഞില്ല.ഇയാളെ ഇവിടെ കുത്തിക്കൊള്ളിച്ചത് അയാള്‍ക്ക് ഇഷ്ടപ്പെട്ടില്ല എന്ന് ആ ഭാവം വ്യക്തമാക്കി.

“അല്ല...നിങ്ങള്‍ ആ മടക്കിക്കുത്ത് ഒന്നഴിച്ച് ഇരുന്നാല്‍ എന്റെ വസ്ത്രത്തില്‍ ചെളി പറ്റില്ലായിരുന്നു...” ആഗതന്‍ താഴ്മയോടെ പറഞ്ഞു.എന്റെ സഹസീറ്റുകാരന്‍ എന്തോ പിറുപിറുക്കുക മാത്രം ചെയ്തു.

അല്പ സമയം കഴിഞ്ഞതേയുള്ളൂ പുതിയതായി അവിടെ കുത്തിക്കൊള്ളിക്കപ്പെട്ട ആള്‍ എണീറ്റ് മുന്നില്‍ പോയി നിന്നു.ഉടന്‍ എന്റെ സഹസീറ്റുകാരന്‍ തന്റെ മുണ്ടിന്റെ മടക്കിക്കുത്ത് അഴിച്ചിട്ടു.എന്നിട്ട് എന്നോടായി പറഞ്ഞു.
“ഹും...ചെളി ആവാന്‍ പറ്റാത്ത ഒരു സാധനം...”

അതോടെ എനിക്ക് അയാളുടെ സ്വഭാവത്തെപറ്റി അല്പം ധാരണയായി.ഇങ്ങനെയുള്ള ഒരാളെ ഒരു സ്വകാര്യകമ്പനി എങ്ങനെ ജോലിയില്‍ നിര്‍ത്തും? അയാള്‍ ജോലിയില്‍ നിന്നും പിരിഞ്ഞതല്ല, മറിച്ച് അയാളെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതായിരിക്കും എന്നതില്‍ എനിക്ക് ഒരു സംശയവും തോന്നിയില്ല.സഹജീവികളോട് നന്നായി പെരുമാറാന്‍ പോലും കഴിയാത്ത ഒരാള്‍ക്ക് എങ്ങനെ ഈ ലോകത്ത് മുന്നോട്ട് പോകാനാകും? അവര്‍ക്ക് എങ്ങനെ ജീവിതം ആനന്ദകരമാകും ? സ്വയം ഉപകാരം ചെയ്യാന്‍ സാധിച്ചില്ലെങ്കിലും മറ്റുള്ളവര്‍ താഴ്മയോടെ പറയുന്നത് ചുരുങ്ങിയത് കേട്ടു എന്നെങ്കിലും ഭാവിക്കുക.

Friday, March 18, 2011

ഒരു ക്യാമ്പിലെ കണ്ടുപിടുത്തം.

എന്റെ ഇക്കഴിഞ്ഞ എന്‍.എസ്.എസ് സപ്തദിനക്യാമ്പില്‍ പങ്കെടുത്ത ഷില്‍ന എന്ന വിദ്യാര്‍ത്ഥിനി അന്ന് അവിടെ ഒരു സ്വന്തം കവിത അവതരിപ്പിച്ചു.ജീവിതത്തിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ വരച്ചു കാട്ടിയ ആ കവിത ശ്രവിച്ച ഞാന്‍ ഷില്‍നയോട്‌ ചോദിച്ചു.”കവിത ആനുകാലികങ്ങളിലേക്ക് അയക്കാറുണ്ടോ?”

“മുമ്പ് അയച്ചിരുന്നു , ഇപ്പോള്‍ ....” എന്തോ ഷില്‍ന മുഴുവനാക്കിയില്ല.

“എങ്കില്‍ , നിന്റെ കവിതകള്‍ ലോകം കാണേണ്ടിയിരിക്കുന്നു.ബ്ലോഗ് എന്ന മാധ്യമം നിന്നെ തന്നെ കര്‍ത്താവും പബ്ലിഷറും ആക്കും”

“എനിക്കതിനെപറ്റി ഒന്നും അറിയില്ല സാര്‍...”

“പ്രശ്നമില്ല...ഷില്‍ന കവിതയുമായി വരൂ...ബ്ലോഗ് ഞാന്‍ തയ്യാറാക്കിതരാം...”

രണ്ടര മാസങ്ങള്‍ക്ക് ശേഷം ഇന്നലെ ഷില്‍ന ഒരു കവിതയുമായി വന്നു.ബൂലോകത്ത് ഷില്‍നയുടെ ആദ്യ കവിത ഇതാ ഇവിടെ.ബൂലോകത്തെ ഈ പുതിയ അതിഥിയെ എല്ലാവരും പ്രോത്സാഹിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Tuesday, March 15, 2011

റ്റു കാറ്റന്‍ റ്റീ ആന്റ് ആന്റ് ആന്റ് ആന്റ് ആന്റ്..(ലക്ഷദ്വീപ് യാത്ര - ഭാഗം 3)

കഥ ഇതുവരെ

“ഫസ്റ്റ് ക്ലാസ്സോ, സെക്കന്റ് ക്ലാസ്സോ ?” കപ്പലിന്റെ ഉള്ളില്‍ കയറിയ ഉടനെ ഒരു കപ്പല്‍ ജീവനക്കാരന്റെ ഗമണ്ടന്‍ ചോദ്യം വന്നു.

“തേഡ് ക്ലാസ്സായിരുന്നു...” ഹരിമാഷ് ഭവ്യതയോടെ പറഞ്ഞു.

“തേഡ് ക്ലാസ്സോ ?”

“അതേ...എസ്.എസ്.എല്‍.സി ക്ക് അതെന്നെ കിട്ടാനുള്ള കഷ്ടപ്പാട് ഞങ്ങള്‍ക്കല്ലേ അറിയൂ , അല്ലേ ശിവദാസന്‍ മാഷേ?” ശിവദാസന്‍ മാഷെ നോക്കി ഹരിമാഷ് പറഞ്ഞു.

“ഓ...ആ ക്ലാസ്സല്ല....ടിക്കറ്റിന്റെ ക്ലാസ്സാ‍ ചോദിച്ചത്..” ഒരു ചിരിയോടെ ഉദ്യോഗസ്തന്‍ മൊഴിഞ്ഞു.

“ബാങ്ക് ക്ലാസ്സ്...” ഏറ്റവും പിറകില്‍ നിന്ന് ആന്റണി വിളിച്ചു പറഞ്ഞു.

“ബാങ്ക് ക്ലാസ്സ് അല്ല...ബങ്ക് ക്ലാസ്സ്...ദേ താഴേക്ക് ഇറങ്ങിക്കോളൂ...” ഗ്വാണ്ടനാമോയിലേക്ക് എന്ന് തോന്നിക്കുന്ന ഒരു കോണി കാണിച്ച് കൊണ്ട് ജീവനക്കാരന്‍ പറഞ്ഞു.

“ങേ!വെള്ളത്തിനടിയിലാണോ നമ്മുടെ ക്ലാസ്സ്?” അള മുട്ടിയാല്‍ ചേരയും എന്നപോലെ രാജേന്ദ്രന്‍ മാഷ് വാ തുറന്നു.

“പണ്ട് ആരാണ്ടോ കന്നാലി ക്ലാസ്സ് എന്ന് പറഞ്ഞിരുന്നല്ലോ...അതെന്നെ...” എന്നോ കേട്ടത് ജയേഷ് ഇപ്പോള്‍ മനസ്സിലാക്കി.

“ആരോ അല്ല പറഞ്ഞത്...സസി...ഞങ്ങടെ സസി തിരൂര്‍ ....എന്നിട്ട് സസി ഇപ്പം ആരായി?” തിരുവോന്തരംകാരന്‍ റെജുവിന്റെ ജനാധിപത്യബോധം പെട്ടെന്നുണര്‍ന്നു.

“ഇവിടെ എല്‍.ഡി.സി ക്കും യൂണിഫോം ഉണ്ട്...” കപ്പലില്‍ എല്‍.ഡി.സി എന്നെഴുതിയ ഓറഞ്ച് വേഷധാരികളെ കണ്ട അബൂബക്കര്‍ മാഷ് തന്റെ ആദ്യ നിരീക്ഷണഫലം പുറത്ത് വിട്ടു.

“മാഷേ ആ എല്‍.ഡി.സി വേറെ, നമ്മുടെ എല്‍.ഡി.സി വേറെ.ഇത് ലക്ഷദ്വീപ് ഡെവലപ്പ്മെന്റ് കോര്‍പറേഷന്‍ എന്ന എല്‍.ഡി.സി...” കപ്പലില്‍ നിന്ന് തന്നെ ആരോ തിരുത്തിക്കൊടുത്തു.

സൂറ കപ്പലില്‍ പോയ പോലെ എന്ന് നാട്ടില്‍ ആരും പറയാതിരിക്കാന്‍ ഞങ്ങള്‍ കപ്പലിനകത്തെ ഓരോ സംഗതികളും സസൂക്ഷ്മം നിരീക്ഷിച്ചു.ഇരിക്കാന്‍ സീറ്റുകള്‍ ഇല്ലെങ്കിലും കിടക്കാന്‍ ബര്‍ത്തുകള്‍ ഉണ്ടായിരുന്നു.എല്ലാം കര്‍ട്ടന്‍ ഇട്ട് മറച്ച നിലയിലും.

“ശരിക്കും മണിയറ പോലെ...ഇത്രയും സൌകര്യമുണ്ടെന്നറിഞ്ഞിരുന്നെങ്കില്‍ പെണ്ണുങ്ങളേയും കൂട്ടാമായിരുന്നു..” ആദ്യം കണ്ട ബര്‍ത്തിലേക്ക് ചാടിക്കയറി ഹരിദാസന്‍ മാഷ് തട്ടിവിട്ടു.

പെട്ടെന്നാണ് തലേ ദിവസം കട്ടായ എന്റെ ‘ലണ്ടന്‍‌കാള്‍’ എത്തിയത്.കപ്പലില്‍ ആയതിനാല്‍ ഞാന്‍ അത് ‘അറ്റന്റ്’ ചെയ്യാതെ വിട്ടെങ്കിലും ‘മിസ് കാള്‍‘ വന്നു കൊണ്ടേ ഇരുന്നു.ഞാന്‍ നേരെ ജെന്റ്സ് ടോയ്ലെറ്റിലേക്ക് നടന്നു, അല്ല ചെറുതായി ഓടി.ജെന്റ്സ് ടോയ്‌ലെറ്റ് എന്ന ബോര്‍ഡിനടിയില്‍ ഒരു വാതില്‍.അകത്തേക്കാണോ പുറത്തേക്കാണോ തുറക്കല്‍ എന്നറിയാതെ ഞാന്‍ കുറേ നേരം അത് ഉന്തിയും അതിലേറെ നേരം വലിച്ചും നോക്കി.പക്ഷേ വാതില്‍ ‘ഓപണ്‍ നോട്ട് സിസേം’ ആയി നിലകൊണ്ടു.എന്റെ സകല മാനവും കെടുത്തി ഓപണ്‍ ഗ്രൌണ്ടില്‍ ഇപ്പോള്‍ ‘ഡൌണ്‍ലോഡ്‘ നടക്കും എന്ന അവസ്ഥയില്‍ ഞാന്‍ നില്‍ക്കേ, എന്നെപ്പോലെ അതാ ഓടി വരുന്നു സതീശന്‍ മാഷ്!എന്റെ അടുത്തെത്തിയതും പുള്ളി കാല്‍ വഴുതിയതും ഒരുമിച്ചായിരുന്നു.വീഴ്ചക്കിടയില്‍ ടോയ്‌ലെറ്റിന്റെ വാതിലില്‍ സതീശന്‍ മാഷുടെ കൈ ഒന്ന് തട്ടി.അത്ഭുതം!വാതില്‍ ഒരു സൈഡിലേക്ക് നീങ്ങി.അപ്പോഴാണ് അത് സ്ലൈഡിംഗ് ഡോര്‍ ആയിരുന്നു എന്ന വിവരം ഞാന്‍ മനസ്സിലാക്കിയത്.ഇനി ഒരു നിമിഷം കാത്തു നില്‍ക്കാന്‍ സമയമില്ലാത്തതിനാല്‍ വീണ് കിടക്കുന്ന സതീശന്‍ മാഷുടെ മുകളിലൂടെ ചാടി, ടൊയ്‌ലെറ്റില്‍ കയറി വാതിലടച്ച് ഞാന്‍ ഗാനമേള തുടങ്ങി.

ഈ വീര സാഹസിക പരാക്രമങ്ങള്‍ക്ക് ശേഷം വയറിന്റെ ഇടക്കാലാശ്വാസത്തിനായി ഞാനും അബൂബക്കര്‍ മാഷും കൂടി കപ്പലിലെ കാന്റീനില്‍ പോയി.
“രണ്ട് കട്ടന്‍ ചായയും പരിപ്പ് വടയും” നാട്ടിലെ മക്കാനീയിലെന്നപോലെ, സീറ്റിലിരുന്ന ഉടനെ അബൂബക്കര്‍ മാഷ് ഓര്‍ഡര്‍ ചെയ്തു.അത് കേട്ടിട്ടേ ഇല്ല എന്ന ഭാവത്തില്‍ കാന്റീന്‍ ജീവനക്കാര്‍ എന്തോ അന്താ‍‌അടുക്കള കാര്യം ചര്‍ച്ച ചെയ്തുകൊണ്ടിരുന്നു.

“ആബിദ് സാറേ , കപ്പല്‍ കേരളാ‍തിര്‍ത്തി വിട്ടു എന്ന് തോന്നുന്നു..” അബൂബക്കര്‍ മാഷ് പറഞ്ഞു.

“അതെന്താ കൊച്ചിയുടെ മണം കിട്ടാതായോ ,അങ്ങനെ തോന്നാന്‍?” എനിക്ക് സംശയമായി.

“അല്ല...മലയാളം പറഞ്ഞിട്ട് ഇവര്‍ക്ക് മനസ്സിലാകുന്നില്ല...”

“എങ്കില്‍ ഒന്ന് ഇംഗ്ലീഷില്‍ പറഞ്ഞു നോക്കൂ...”

“അരെ ഭായ്...റ്റു കാറ്റന്‍ റ്റീ ആന്റ് ആന്റ് ആന്റ് ആന്റ് ആന്റ്..” പരിപ്പ് വടക്ക് ഇംഗ്ലീഷ് കിട്ടാതെ അബൂബക്കര്‍ മാഷ് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ ആദ്യത്തെ ക്ലാസ്സെടുക്കുന്ന ടീച്ചറെപ്പോലെ പരുങ്ങിയപ്പോള്‍ എനിക്ക് ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.

Monday, March 14, 2011

സഹവാസിക്കൊരു വീട്

ഇന്ന് ഗവ: എഞ്ചിനീയറിംഗ് കോളേജ് എന്‍.എസ്.എസ് യൂണിറ്റിന്റെ ചരിത്രത്തിലെ ഒരു സുവര്‍ണ്ണ ദിനം എന്ന് ഞാന്‍ കരുതുന്ന ദിവസം - 14/3/2011.“സഹവാസിക്കൊരു വീട്“ എന്ന പേരില്‍ ഞങ്ങളുടെ എന്‍.എസ്.എസ് യൂണിറ്റ്, കോളേജ് സ്ഥിതി ചെയ്യുന്ന വാര്‍ഡിലെ ,കല്യാണം കഴിക്കാന്‍ പോലും സാധിക്കാതെ പോയ ഒരു പാവം അംഗനവാടി ടീച്ചര്‍ക്ക് വീടെന്ന സ്വപ്നത്തിലേക്കുള്ള ആദ്യ കാല്‍‌ വയ്ക്കുന്നു.

യാദൃശ്ചികമാവാം കഴിഞ്ഞ ഏപ്രിലില്‍ ഒരു നുറുങ് (ഹാറൂന്‍‌ക്ക , കണ്ണൂര്‍) പോസ്റ്റ് ചെയ്ത രാജേഷ് എന്ന കോട്ടയം കാരന്റെ ജീവിതകഥ ഞാന്‍ ഇന്ന് വായിച്ചു.എന്റെ സ്വന്തം വീടിന്റെ പണി ഈ അടുത്ത് കഴിഞ്ഞതിനാലും ഇപ്പോള്‍ ഈ വീടിന്റെ പണി ആരംഭിക്കാനുള്ള നെട്ടോട്ടത്തില്‍ ആയിരുന്നതിനാലും രാജേഷിന്റെ ജീവിതം എന്റെ മനസ്സില്‍ തട്ടി.

വീട് എല്ലാവരുടേയും സ്വപ്നമാണ്.ഇന്ന് ആ സ്വപ്നം പൂവണിയാന്‍ വളരെയധികം പാടുപേടേണ്ടിയിരിക്കുന്നു. ഒരിക്കലും നടക്കില്ല എന്ന് കരുതി ആ സ്വപ്നം താഴിട്ടുപൂട്ടിയ ഒരു ചേച്ചിയായിരുന്നു ഈ അംഗനവാടി ടീച്ചറും.സ്വന്തം സഹോദരിമാരും സഹോദരന്മാരും കൂടെപിറപ്പിനെ തെരുവിലെറിയാത്തത് കാരണം ഈ അമ്പതാം വയസ്സിലും അവര്‍ അന്തസ്സായി ജീവിച്ചു പോരുന്നു.ചെറുതെങ്കിലും സ്വന്തമെന്ന് പറയാന്‍ ഒരു വീട് എന്ന സ്വപ്നം പൂവണിയിക്കാന്‍, കുറേ കോളേജ് കുട്ടികള്‍ കഴിഞ്ഞ ദിവസം ചേച്ചിയുടെ വീടെടുക്കാന്‍ പോകുന്ന സ്ഥലം സന്ദര്‍ശിച്ചപ്പോള്‍, അവര്‍ അത് അവിശ്വസനീയതോടെ നോക്കി നിന്നു.

ഈ പദ്ധതി വിജയിക്കുകയാണെങ്കില്‍ കൂടുതല്‍ പേര്‍ക്ക് ഇതിന്റെ പ്രയോജനം കിട്ടുന്ന രൂപത്തില്‍ ഈ പദ്ധതി വിപുലീകരിക്കാനും ഞങ്ങള്‍ ഉദ്ദേശിക്കുന്നു.നന്‍മയുടെ കൈത്തിരി കാത്തു സൂക്ഷിക്കാന്‍ ധാരാളം കരങ്ങള്‍ മുന്നോട്ട് വരുന്നത് കാണുമ്പോള്‍ തീര്‍ച്ചയായും ഞങ്ങളുടെ പ്രവര്‍ത്തനം വിജയം കാണും എന്ന് പ്രതീക്ഷിക്കുന്നു.

ആവശ്യമായ സാധനസാമഗ്രികള്‍ എല്ലാം തന്നെ സ്പോണ്‍‍സര്‍ഷിപ്പ് വഴി കണ്ടെത്താനാണ് ഉദ്ദേശം.ആരോടും പ്രത്യേകം സഹായം തേടാനോ അപേക്ഷിക്കാനോ കരുതുന്നില്ല.അതിനാല്‍ തന്നെ ബാങ്ക് അക്കൌണ്ട് തുടങ്ങീ പൊല്ലാപ്പുകള്‍ ഒന്നും ഇല്ല (ഞാന്‍ ഇവിടെ നിന്നും ട്രാന്‍സ്ഫര്‍ ആയതിന് ശേഷം അതിന്റെ പേരില്‍ ഈ യൂണിറ്റ് ചീഞ്ഞ് നാറരുത് എന്ന് ഉദ്ദേശിക്കുന്നു).സഹായിക്കാന്‍ സന്നദ്ധതയുള്ളവര്‍ എന്റെ നമ്പറിലോ (9447842699) വളന്റിയര്‍ ക്യാപ്റ്റന്‍ മന്‍സൂറിന്റെ നമ്പറിലോ (9633250867) പദ്ധതിയുടെ സ്റ്റുഡന്റ് കോഡിനേറ്റര്‍ ഷമീലിന്റെ നമ്പറിലോ (9633150680) വിളിക്കുക.ഈ ഐഡിയില്‍ ഇ-മെയിലും ചെയ്യാം - abid.areacode@gmail.com

Thursday, March 10, 2011

എന്റുപ്പാപ്പാക്കും ഒരു കപ്പലുണ്ടായിരുന്നു ! ( ലക്ഷദ്വീപ് യാത്ര - ഭാഗം 2)

കഥ ഇതുവരെ

എറണാകുളം സൌത്തിലോ നോര്‍ത്തിലോ , എവിടെയോ ഞങ്ങള്‍ വണ്ടി ഇറങ്ങി.എവിടെ ഇറങ്ങിയാലും കപ്പല്‍ പുറപ്പെടുന്നത് വാര്‍ഫില്‍ നിന്നായിരുന്നതിനാല്‍ ഇതിന് യാതൊരു പ്രസക്തിയും ഇല്ല.പക്ഷേ വണ്ടി ഇറങ്ങിയ ശിവദാസന്‍ മാഷ് അടുത്ത കാഴ്ച കണ്ട് വിളിച്ചു പറഞ്ഞത് ഇങ്ങനെ “ ദേ , സായിപ്പിന്റെ അണ്ടി വീഴുന്നു !”

വണ്ടിയില്‍ നിന്നും അണ്ടി വീഴുന്ന കാഴ്ച കാണാന്‍ അങ്ങോട്ട് നോക്കിയ ഞങ്ങള്‍ കണ്ടത് കോള കുടിക്കുന്ന സായിപ്പും ഒപ്പം കപ്പലണ്ടി കൊറിക്കുന്ന സായിപ്പിയും അവരുടെ കയ്യില്‍ നിന്നും ഇടക്ക് തെറിച്ചുപോയ കപ്പലണ്ടിയും!ഏതായാലും പ്രകൃതിയുടെ വിളി കേള്‍ക്കാന്‍ മലയാളിയുടെ കട്ടന് പകരം സായിപ്പുമാര്‍ ഉപയോഗിക്കുന്നത് കോള(ന്‍) ആണെന്ന് അന്ന് ഞങ്ങള്‍ക്ക് മനസ്സിലായി.

സുന്ദരമായ ഒരു ബ്രേക്ക്ഫാസ്റ്റിന് ശേഷം (കാരണം, ഇത് ഞാന്‍ സ്പോണ്‍സര്‍ ചെയ്യാമെന്ന് ഹേമചന്ദ്രന്‍ സാര്‍ അറിയാതെ പറഞ്ഞുപോയി;ആന്റണിയുടെ വയറിന്റെ ഡെപ്ത്തുണ്ടോ സാറിനറിയുന്നു?) ഞങ്ങള്‍ കപ്പല്‍ കയറാനായി വെല്ലിംഗ്ട്ടണ്‍ ഐലന്റില്‍ എത്തി.
“ഈ ഐലന്റ് എന്ന് പറഞ്ഞാല്‍ ദ്വീപ് എന്നല്ലേ ?” ഹരിദാസന്‍ മാഷുടെ ഇംഗ്ലീഷ് ബോധം സായിപ്പിനെ കണ്ട ശേഷം ഉണര്‍ന്നു.

“അതേ , എന്താ ഇപ്പോള്‍ ഒരു സംശയം ?” ഞാന്‍ ചോദിച്ചു.

“ദ്വീപ് എന്നാല്‍ വെള്ളത്താല്‍ ചുറ്റപ്പെട്ടത് എന്നല്ലേ ?” അടുത്ത ചോദ്യം

‘ഇനി വെള്ളമെന്നാല്‍ മറ്റേതല്ലേ എന്ന ചോദ്യം വരുമോ?’ എന്ന സംശയം മനസ്സില്‍ ഉദിച്ചെങ്കിലും ഞാന്‍ അതിനും ഉത്തരം കൊടുത്തു “അതേ”

“പക്ഷേ ഈ വെല്ലിംഗ്ട്ടണ്‍ ഐലന്റ് ഒരു ദ്വീപ് ആണോ ?”

“ആണോ പെണ്ണോ എന്ന് നോക്കേണ്ടത് ഇപ്പോളല്ല...വേഗം ടിക്കറ്റെടുക്കാന്‍ നോക്ക്...എന്നിട്ട് വേണം കപ്പലില്‍ ഒന്ന് വിസ്തരിച്ച് നടക്കാന്‍...” അബൂബക്കര്‍ മാഷ് വീണ്ടും ഇടപെട്ടു രംഗം കൊളമാക്കി.

ടിക്കറ്റ് എടുത്ത് സ്കാനിംഗ് സെന്ററിലെ ആ പരിപാടിയും കഴിഞ്ഞ് അവര്‍ തന്നെ ഏര്‍പ്പെടുത്തിയ ടൂറിസ്റ്റ് ബസ്സില്‍ ഞങ്ങളും, ഒരു ലോറിയില്‍ ഞങ്ങളുടെ സാമാനങ്ങളും കപ്പലിനെ ലക്ഷ്യമാക്കി യാത്ര തുടങ്ങി.മട്ടാഞ്ചേരി വാര്‍ഫില്‍ നിര്‍ത്തിയീട്ട ഒരു കപ്പലിനരികെ ആ യാത്ര അവസാനിച്ചു.ബസ്സില്‍ നിന്നിറങ്ങി ലോറിയില്‍ നിന്ന് ലഗേജുമെടുത്ത് ഞങ്ങള്‍ ഓരോരുത്തരായി കപ്പലിലേക്ക് കയറി.

“എം.വി.അറേബ്യന്‍ സീ “ ആദ്യം കപ്പലില്‍ കയറിയ രാജന്ദ്രന്‍ മാഷ് വായിച്ചു.

“ങേ!!അറബിക്കടലിനും ഇനീഷ്യലോ ?” പയ്യന്‍ കൂട്ടത്തിലെ റെജുവിന് സംശയം.

“ആ ഈ കേരളത്തിലെ അറബിക്കടലും ലക്ഷദ്വീപിലെ അറബിക്കടലും ഒക്കെ ഒരുമിച്ച് കിടക്കുകയല്ലേ.അപ്പോള്‍ തിരിച്ചറിയാന്‍ ഒരു ഇനിഷ്യല്‍ കൂടി ഇട്ടതായിരിക്കും...” അബൂബക്കര്‍ മാഷ് വിശദീകരിച്ചു.

“അപ്പോള്‍ എം.വി എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ?” സലീം മാഷ് അബൂബക്കര്‍ മാഷെ നോക്കി ചോദിച്ചു.

“മാടത്തിങ്ങല്‍ വീരാന്‍ഹാജി...അഥവാ എന്റെ ഉപ്പാപ്പ...എന്റുപ്പാപ്പാക്കും ഒരു കപ്പലുണ്ടായിരുന്നു ന്ന് കേട്ട്‌ട്ട്‌ല്ലേ...അതെന്നെ..”


(തുടരും....)

എന്തിനീ ധൃതി ?

ഞാന്‍ ഒരു പോസ്റ്റ് ഇടാനായി ലാബില്‍ ഇരിക്കുമ്പോള്‍ നടന്ന ഒരു ചെറിയ സംഗതി ആവട്ടെ ഈ ആഴ്ചയിലെ പ്രതിവാരക്കുറിപ്പ് വിശേഷം.

ഒരു പയ്യന്‍ ലാബിന്റെ വാതില്‍ തുറന്ന് ലോഗ് ഇന്‍ രെജിസ്റ്ററില്‍ പേര് എഴുതാനായി വന്നു.അതേ സമയത്ത് തന്നെ മറ്റൊരുത്തന്‍ ലോഗ് ഔട്ട് ചെയ്യാനായി ലാബിനകത്ത് നിന്ന് അതേ രെജിസ്റ്ററിന്റെ അടുത്തേക്ക് എത്തി.പുറത്ത് നിന്ന് വരുന്നവനാണ് കൂടുതല്‍ അകലത്തില്‍ എന്നതിനാല്‍ അവന്‍ എത്തുന്നതിന്ന്‌ മുമ്പേ അകത്തുള്ളവന്‍ രെജിസ്റ്ററിന് അടുത്തെത്തി.പക്ഷേ , ഒളിമ്പിക്സിലും മറ്റും 100 മീറ്റര്‍ ഓട്ടത്തിന്റെ ഫിനിഷിംഗ് പോയന്റില്‍ കാണുന്നപോലെ ലോഗ് ഇന്‍ ചെയ്യാന്‍ വന്ന പയ്യന്‍ കൈ നീട്ടിക്കൊണ്ടായിരുന്നു എത്തിയത്.അകത്തുള്ളവനെ പിന്നിലാക്കി അവന്‍ ആദ്യം രെജിസ്റ്ററില്‍ ഒപ്പ് വയ്ക്കുമ്പോള്‍ മറ്റേ പയ്യന്‍ ഒരു പുഞ്ചിരിയോടെ നോക്കി നിന്നു.

എന്തിനാണ് ഇവന്‍ ഇത്രയും ധൃതി പിടിച്ചത് ? തന്നെക്കാളും മുമ്പില്‍ വന്നവന് അവസരം കൊടുക്കാതെ എന്റെ കാര്യം ആദ്യം സാധിക്കണം എന്ന മനോഭാവമല്ലേ ഇവിടെ പ്രകടമായത്? നമുക്ക് ഒരു ദോഷവും ചെയ്യില്ലെങ്കില്‍ പോലും നാം എന്തുകൊണ്ട് മറ്റുള്ളവരെ പരിഗണിക്കുന്നില്ല ?

മനുഷ്യ മനസ്സുകള്‍ കുടുസ്സാ‍യിക്കൊണ്ടിരിക്കുന്നു.നമ്മുടെ സാമൂഹ്യ ചിന്തകള്‍ ശിഥിലമായിക്കൊണ്ടിരിക്കുന്നു. മറ്റുള്ളവന്റെ ഒരു കാര്യത്തിലും ശ്രദ്ധിക്കാനോ ഇടപെടാനോ നമുക്ക് സമയവും മനസ്സും ഇല്ലാതായിരിക്കുന്നു. ഈ ധൃതിപ്പെട്ടുള്ള ജീവിതം ആര്‍ക്കുവേണ്ടി , എന്തിനു വേണ്ടി എന്ന് ഒരു നിമിഷം ചിന്തിച്ചിരുന്ന് എങ്കില്‍ എത്ര നന്നായിരുന്നു.

Friday, March 04, 2011

മള്‍ട്ടിസ്പഷ്യാലിറ്റി മെഡിക്കല്‍ ഷോപ്പുകള്‍

ഇന്നലെ എന്റെ നാട്ടില്‍ ഒരു ബോര്‍ഡ് കണ്ടു.”മെഡിക്കല്‍ ഷോപ്പുകളുടെ കൊള്ളലാഭത്തില്‍ പ്രതിഷേധിക്കുക”.ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത് മുമ്പ് ഡോക്ടര്‍മാര്‍ തിങ്ങിപ്പാര്‍ത്തിരുന്ന ഡൊക്ടേഴ്സ് റോഡില്‍.ഇന്ന് ആ റോഡില്‍ ഡോക്ടര്‍മാര്‍ തിങ്ങിപ്രാക്ടീസ് ചെയ്യുന്നു എന്ന് മാത്രം!

അരീക്കോട് ഈ ഒരു 50 മീറ്റര്‍ റോഡില്‍ ഉള്ള മെഡിക്കല്‍ ഷോപ്പുകളുടെ എണ്ണം ആറ് ആണ്.അവിടെ കാണുന്ന ബോര്‍ഡുകളെ വിശ്വസിക്കാമെങ്കില്‍ എല്ലാ മെഡിക്കല്‍ ഷോപ്പുകളിലും കൂടി പ്രാക്റ്റീസ് ചെയ്യുന്ന ഡോക്ടര്‍മാരുടെ എണ്ണം അറുപതിനടുത്തും!

ഇന്ന് എല്ലാ മെഡിക്കല്‍ ഷോപ്പുകളും ഒരു മള്‍ട്ടിസ്പഷ്യാലിറ്റി ഹോസ്പിറ്റലിന്റെ ചെറു പതിപ്പുകളാണ്.വിവിധ ദിവസങ്ങളിലായി വിവിധ സമയങ്ങളിലായി സ്പെഷ്യലൈസേഷനും സൂപ്പര്‍ സ്പെഷ്യലൈസേഷനും എടുത്ത ഡോക്ടര്‍മാര്‍ ഓരോ മെഡിക്കല്‍ ഷോപ്പിന്റേയും ഇത്തിരി പോന്ന ചായ്പ്പുകളില്‍ പ്രാക്ടീസ് നടത്തുന്നു!രോഗിയുടെ വീട്ടില്‍ പോകാന്‍ എ.സി കാര്‍ തന്നെ വേണമെന്ന് ആവശ്യപ്പെടുന്ന അതേ ഡോക്ടര്‍മാര്‍ ആണ് രോഗിക്കും സഹായിക്കും ഒപ്പം നിന്ന് തിരിയാന്‍ പോലും സ്ഥലമില്ലാത്ത ഇത്തരം ടെലഫോണ്‍ ബൂത്തുകളില്‍ പ്രാക്റ്റീസ് നടത്തുന്നത്.നമ്മുടെ മെഡിക്കല്‍ എത്തിക്സ് ഏതറ്റം വരെ താഴ്ന്നു എന്നതിന് ഇതിലും വലിയ തെളിവുകള്‍ ഇനി തേടേണ്ടതില്ല.

ഒരു മെഡിക്കല്‍ ഷോപ്പു തുടങ്ങുന്നതിന്റെ പ്ലാന്‍ ഇടുമ്പോള്‍ തന്നെ അവിടെ വരേണ്ട ഡോക്ടര്‍മാരുടെ ലിസ്റ്റ് കൂടി അണിയറയില്‍ തയ്യാറാക്കുന്നിടത്താണ് മെഡിക്കല്‍ ഷോപ്പുകാരന്റെ വിജയം കിടക്കുന്നത്.സ്വന്തമായി ഡോക്ടര്‍മാര്‍ക്ക് ഈ പറഞ്ഞ രൂപത്തിലുള്ള ബൂത്തുകള്‍ അനുവദിക്കാത്ത മെഡിക്കല്‍ ഷോപ്പുകള്‍ എന്റെ നാട്ടില്‍ വിരലില്‍ എണ്ണാവുന്നതേയുള്ളൂ.ഇപ്പോള്‍ അവയോട് അനുബന്ധിച്ച് തന്നെ ക്ലിനിക്കല്‍ ലാബുകളും തുറക്കപ്പെടുന്നു.എല്ലാ നാട്ടിലും ഇതു തന്നെയായിരിക്കും സ്ഥിതി എന്ന് ഞാന്‍ ന്യായമായും സംശയിക്കുന്നു.

മേല്‍ പറഞ്ഞ ബോര്‍ഡ് ജനകീയ സമിതിയുടെ പേരിലാണ് പ്രത്യക്ഷപ്പെട്ടത്.നീതി മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് മരുന്ന് വാങ്ങാനുള്ള ഉപദേശവും അത് തരുന്നുണ്ട്.ഇവിടെ ഇതേ റോഡില്‍ തന്നെ നീതി മെഡിക്കല്‍ സ്റ്റോര്‍ ഉണ്ടെങ്കിലും പല സ്ഥലത്തും നീതി മെഡിക്കല്‍ സ്റ്റോര്‍ ഇല്ല എന്നതാണ് സത്യം.അത് കാരണം ഈ മള്‍ട്ടിസ്പഷ്യാലിറ്റി മെഡിക്കല്‍ ഷോപ്പുകളുടെ ചൂഷണം ജനങ്ങള്‍ അറിയുന്നുമില്ല.പക്ഷേ ഇതിനെതിരെ എങ്ങനെ നമുക്ക് പ്രതികരിക്കാന്‍ സാധിക്കും?

Wednesday, March 02, 2011

അബൂബക്കര്‍ മാഷുടെ അലാറം ടോണ്‍ (ലക്ഷദ്വീപ് യാത്ര ഭാഗം 1)

ഈ യാത്രയില്‍ എന്റെ കൂടെയുള്ളവരെ ഒന്ന് പരിചയപ്പെടുത്തട്ടെ - കൂട്ടത്തില്‍ മൂത്തവര്‍ ഹരീന്ദ്രനാഥും ഹരിദാസനും.ശമ്പളസ്കെയില്‍ കൊണ്ട് മൂത്തത് ഹേമചന്ദ്രന്‍സാറും പിന്നെ ഞാനും.നാല്പത്തിഅഞ്ച് കഴിഞിട്ടും വകതിരിവില്ലാത്തവര്‍ ശിവദാസനും സതീശനും.നാല്പതിന്റെ ചുറുചുറുക്കോടെ സലീമും അബൂബക്കറും.പയ്യന്മാരായി ജയേഷും , ആന്റണിയും പിന്നെ റെജുവും.മിണ്ടാപൂച്ചയായി രാജേന്ദ്രനും.

ഞങ്ങളുടെ ലക്ഷദ്വീപ് യാത്രയ്‌ക്കുള്ള കപ്പല്‍ കൊച്ചിയില്‍ നിന്നായിരുന്നെങ്കിലും യാത്ര ആരംഭിച്ചത് കോഴിക്കോട്‌ നിന്നായിരുന്നു(കോഴിക്കോട്ടുകാര്‍ക്ക് പിന്നെ കൊച്ചിയിലെത്താന്‍ തിരുവനന്തപുരത്ത് നിന്ന് യാത്ര തുടങ്ങാന്‍ കഴിയോ എന്ന ചോദ്യം തെക്കു നിന്നും വടക്ക് നിന്നും ഒക്കെ യാത്ര തുടങ്ങിയിട്ടുള്ള മഹാന്മാരോട്‌ സീറൊ അവറില്‍ ചോദിക്കുക).ഭൂമി കറങ്ങിയാലും ഇല്ലെങ്കിലും 19-ആം തീയതി രാവിലെ 9നും 12നും ഇടക്കുള്ള ശുഭമുഹൂര്‍ത്തത്തില്‍ കപ്പലില്‍ ബോര്‍ഡ് ചെയ്യണമെന്നായിരുന്നു ജമാല്‍ ഞങ്ങള്‍ക്ക് നല്‍കിയ നിര്‍ദ്ദേശം.കപ്പലില്‍ ഇതുവരെ കയറിയിട്ടില്ലാത്തതിനാല്‍ സമയം തെറ്റിയാല്‍ കപ്പല്‍ ‘ടിണ്ടിം’അടിച്ച് വിടുമോ എന്ന പേടി എല്ലാവരേയും തലേന്ന് രാത്രി തന്നെ വണ്ടി കയറ്റി.എറണാകുളത്ത് പുലര്‍ച്ചെ മൂന്നരക്ക് എത്തുമെന്നതിനാല്‍ എല്ലാവരും അലാറം വച്ചാണ് കിടന്നത്.

ദ്വീപിലെ ഞങ്ങളുടെ കഫീലായ ജമാലിനായി ഞങ്ങള്‍ നല്ല കോഴിക്കോടന്‍ ഹല്‍‌വ കരുതിയിരുന്നു.ടൂറിന്റെ ഫിനാന്‍സ് വകുപ്പ് മന്ത്രിയായ സലീം മാഷ് (ഇവിടെ മുതിര്‍ന്ന എല്ലാവരും മാഷ് ആണ്)ആയിരുന്നു ഹല്‍‌വ കസ്റ്റോഡിയന്‍.സഹായിയായി അബൂബക്കര്‍ മാഷും - ലക്ഷ്മിക്കൊത്ത പാക്കരന്‍ തന്നെ.ആലുവ എത്തിയാല്‍ എല്ലാവരും എണീറ്റ് റെഡിയാകണം എന്ന നിര്‍ദ്ദേശം ,സ്വന്തം നീളം കൊണ്ടും ശമ്പളസ്കെയിലിന്റെ നീളം കൊണ്ടും കൂട്ടത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായ ഹേമചന്ദ്രന്‍ സാര്‍ പറഞ്ഞത് എല്ലാവരും മനസ്സിലേക്കും ശിരസ്സിലേക്കും ആസനത്തിലേക്കും ആവാഹിച്ച് ഉറങ്ങാന്‍ കിടന്നു.ഹല്‍‌വ ഭദ്രമായി തലക്കടുത്ത് വച്ച് സലീം മാഷും തൊട്ടടുത്ത ബര്‍ത്തില്‍ അബൂബക്കര്‍ മാഷും, ചുറ്റുവട്ടത്തുള്ള വായു മുഴുവന്‍ കൂര്‍ക്കം വലിയിലൂടെ അകത്താക്കി കൊണ്ടിരുന്നു.കൂട്ടത്തിലെ പയ്യനായ ജയേഷും ‘തടിമാടനായ’ ഞാനും ഈ വലിയില്‍, സുനാമിയില്‍ പെട്ട തേങ്ങാക്കൊല പോലെ ആടിയുലഞ്ഞു.

വണ്ടി ഇന്നച്ചന്റെ ഇരിങ്ങാലക്കുട കഴിഞ്ഞ് അല്പം നീങ്ങിയതേയുള്ളൂ.ദേ കാണുന്നു , സലീം മാഷ് എന്തോ സ്വപ്നം...”സാര്‍ ഹല്‍‌വ”.സ്വപ്നത്തില്‍ സലീം മാഷ് പറഞ്ഞു.ആലുവ എത്തിയാല്‍ എല്ലാവരും എണീറ്റ് റെഡിയാകണം എന്ന ഹേമചന്ദ്രോപദേശം കേട്ടുറങ്ങിയ അബൂബക്കര്‍ മാഷ് ഉടന്‍ ഞെട്ടി എണീറ്റു.

“ആലുവ....ആലുവ...ശിവദാസന്‍ മാഷേ... ആലുവ....ആബിദ് സാറെ ആലുവ....“ കമ്പാര്‍ട്ട്മെന്റ് മുഴുവന്‍ ഓടി നടന്ന് അബൂബക്കര്‍ മാഷ് എല്ലാവരെയും വിളിച്ചുണര്‍ത്തി.കൂട്ടത്തില്‍ ഞങ്ങള്‍ പന്ത്രണ്ടില്‍ പെടാത്തവരും വിളിച്ചുണര്‍ത്തപ്പെട്ടു!വണ്ടി പക്ഷേ നിര്‍ത്താതെ മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു.വണ്ടി നിര്‍ത്താനുള്ള ചെയിന്‍ അബൂബക്കര്‍ മാഷ് കാണാത്തത് ഞങ്ങളുടെ ഭാഗ്യം.കുറേ സമയത്തിന് ശേഷം വണ്ടി അങ്കമാലി സ്റ്റേഷനില്‍ നിര്‍ത്തി.

“ഇത് അങ്കമാലിയാണല്ലോ ? വണ്ടി അപ്പോള്‍ പിന്നോട്ടാണോ പോകുന്നത് ?” ഉറക്കമുണര്‍ന്ന തിരോന്തരം കാരന്‍ റെജുവിന് സംശയം.

“ആരാ മാഷെ ആലുവ എത്തി എന്ന് പറ്ഞ്ഞത് ?” ആലപ്പുഴക്കാരന്‍ ആന്റണിയും അബൂബക്കര്‍ മാഷുടെ നേരെ തിരിഞ്ഞു.

“സലീം പറഞ്ഞത് കേട്ടതാ...”അബൂബക്കര്‍ മാഷ് സത്യം പറഞ്ഞു.

“ഹയ്യേ...സലീം മാഷ് സ്വപ്നത്തില്‍ ഹലുവ എന്ന് പറഞ്ഞതാ...അത് നിങ്ങള്‍ ആലുവ എന്ന് തെറ്റിദ്ധരിച്ചു...ആ ഇനി പറഞ്ഞിട്ട് കാര്യമില്ല...ഉറങ്ങാന്‍ സമയവുമില്ല...“ ഹരിദാസന്‍ മാഷ് പറഞ്ഞപ്പോഴാണ് സംഗതി എല്ലാവര്‍ക്കും പിടി കിട്ടിയത്.

“എങ്കില്‍ നമുക്ക് പാട്ടു പാടി സമയം കളയാം...”ആരുടെയോ തലയില്‍ പാതിരാസൂര്യന്‍ ഉദിക്കുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങി.

“പാലാണ്... തേനാണ്.......എന്‍ സൈനബാ പഞ്ചാരപാല്‍ക്കുടമാണ് നീ...” അബൂബക്കര്‍ മാഷുടെ മൊബൈല്‍ പെട്ടെന്ന് ചിലക്കാന്‍ തുടങ്ങി.

“ആരാ മാഷെ ഈ നട്ടപ്പാതിരക്ക് വിളിക്കുന്നത് ?” എല്ലാവരും വീണ്ടും അബൂബക്കര്‍ മാഷുടെ നേരെ തിരിഞ്ഞു.

“അത് ...അലാറം ടോണാ !!!” അബൂബക്കര്‍ മാഷെ മറുപടി എല്ലാവരേയും നിശബ്ദരാക്കി.

(തുടരും...)