Pages

Tuesday, May 14, 2013

ലോകത്തെ ഫൈസലുകള്‍....

ഒഴിവ് ദിനത്തില്‍ ഭാര്യയുടെ വക രുചികരമായ ഒരു ഊണും കഴിഞ്ഞ് സുഖമായി ഒന്ന് മയങ്ങുമ്പോഴാണ് മൊബൈല്‍ റിംഗ് ചെയ്തത്. വീട്ടില്‍ വച്ച് മൊബൈല്‍ റിംഗ് ചെയ്താല്‍ അത് എടുത്തുകൊണ്ടു വരല്‍ രണ്ടാമത്തെ മകളുടെ ഡ്യൂട്ടിയായി ഒരു അലിഖിത നിയമം ഉള്ളതിനാല്‍ അവള്‍ അതെടുത്ത് എന്റെ ചെവിയുടെ അടുത്ത് തന്നെ കൊണ്ടു വച്ചു.ഓല്‍ഡ് ഇസ് ഗോള്‍ഡ് എന്നത് വേണ്ടിടത്തൊക്കെ പയറ്റുന്ന എന്റെ മൊബൈല്‍ ഫോണ്‍ ചെവിക്കടുത്ത് കിടന്ന് അലറി ...ര്‍ണിം ര്‍ണിം...ര്‍ണിമ്മ്മ്മ്മ്മ്മ്മ്മ്മ്മ്.........(എണീക്ക് എണീക്ക്ന്ന്....)

“ഹലോ..” ഉറക്കത്തില്‍ നിന്നും ഞെട്ടി എണീറ്റ് ഞാന്‍ ഫോണ്‍ എടുത്തു.

“മാഷേ അസ്സലാമു അലൈക്കും...ഇത് ഞാനാ...”

“വ അലൈകുമുസ്സലാം.... ഏത് ഞാന്‍??”

“ഫൈസല്‍...”

“ഓ ലുട്ടാപ്പിയോ....ലണ്ടനില്‍ നിന്ന് എത്തീട്ട് ഒരു കൊല്ലം കഴിഞ്ഞിട്ട്  ഈ നേരത്ത് തന്നെ വിളിക്കാന്‍ നിനക്ക് ബോധോദയം എങ്ങനെ വന്നെടാ ബഡ്ക്കൂസേ...” ഡിഗ്രിക്ക് ഒപ്പം പഠിച്ച ഫൈസല്‍ ആണെന്ന് കരുതി ഞാന്‍ പറഞ്ഞു.

“മണ്ടനോ...ഇത് ആ ഫൈസല്‍ അല്ല...”

“പിന്നേത് ഫൈസലാ...?”

“ഗള്‍ഫ് ഫൈസല്‍...”

“ഓ....ഓളെ മൂത്താപ്പയുടെ മകന്‍ ഫൈസല്‍....കല്യാണത്തിന് വന്നതോ അതോ നിതാഖാത്തില്‍ നീയും കുടുങ്ങിയോ ?”

“ങേ...മാഷേ ഞാന്‍ ബ്ലോഗര്‍ ഫൈസലാ....”

“യാ കുദാ.....ഫൈസല്‍ കൊണ്ടോട്ടീ.....എത്ര കാലായി ഈ ഒച്ച കേട്ടിട്ട്.....എന്നെത്തി നാട്ടില്‍?”

“മാഷേ.....പിന്നെയും തെറ്റി.....ഫൈസല്‍ ബാബു ഊര്‍ക്കടവ്....”

“അള്ളാ പടച്ചോനെ....കൊറച്ച് ദീസം മുമ്പല്ലേ ഞമ്മള് തമ്മില് കണ്ടത്....അപ്പം നിതാഖാത്ത് ങളുമായും മുലാക്കാത്ത് ആയി അല്ലേ.....സാരംല്ല....എന്നേ ബെന്നെ...?”

“ഏയ്....ഞമ്മള്‍ ഗള്‍ഫി ന്ന് തെന്ന്യാ....സുഖം തെന്ന്യല്ലേ...?”

“ആ ...സുഖായി ഒറങ്ങെയ്നി....അയിന്റെടേലാ അന്റെ ബിളി....”

“ആ....അത് നന്നായി...ഞാന്‍ വിളിച്ചത്....ഇപ്രാവശ്യം ഉരുളക്കുപ്പേരി തരുന്നത് മാഷാണ്....”

“ഓ...ശര്‍ക്കരയുപ്പേരി എനിക്ക് പണ്ടേ നല്ല ഇഷ്ടാ....പക്ഷേ ഗള്‍ഫില്‍ നിന്ന് ഇങ്ങോട്ട് ശര്‍ക്കരയുപ്പേരി..???” ഉറക്കത്തില്‍ ഞാന്‍ കേട്ടതും ഫൈസല്‍ പറഞ്ഞതും രണ്ടായിരുന്നു.

“ശര്‍ക്കരയുപ്പേരി അല്ല മാഷേ....മഴവില്ല് ഇ-മാഗസിനിലെ ഉരുളക്കുപ്പേരി....ഇപ്പോള്‍ മാഷ് ഉറങ്ങിക്കോ....ചോദ്യങ്ങള്‍ ഞാന്‍ പിന്നെ മെയില്‍ ചെയ്യാം...” ഫൈസല്‍ ഫോണ്‍ കട്ട് ചെയ്തു.

ഒരു സ്വപ്നം കണ്ട പോലെ ഞാന്‍ തിരിഞ്ഞു കിടന്നു.അല്പ ദിവസം കഴിഞ്ഞ് ചോദ്യങ്ങള്‍ മെയിലില്‍ എത്തി.ഉത്തരങ്ങളും മെയിലില്‍ തിരിച്ചുപോയി. ഇപ്പോള്‍ അവ രണ്ടും കൂടി ഇ-മഷി പുരണ്ട് ലോകത്തെല്ലാം കറങ്ങി നടക്കുന്നു.ഇതാ ഫൈസലിന്റെ വക ഇവിടെയും ഒറിജിനല്‍ ആയി ഇവിടെയും ഉണ്ട്.വായിക്കുക ,  വരിക്കാരാവുക.


Monday, May 13, 2013

നാല്പതാം വയസ്സില്‍ ഒരു സ്പോര്‍ട്സ് മെഡല്‍...

  
                സ്പോർട്സിൽ എനിക്ക് നല്ല താല്പര്യമുണ്ടെങ്കിലും പൊതുവെ എന്റെ ശരീര പ്രകൃതികാരണം മത്സരങ്ങളിൽ പണ്ടേ പങ്കെടുക്കാറില്ലായിരുന്നു.വീടിന് തൊട്ടടുത്തുള്ള അരീക്കോട് എം.എസ്.പി ഗ്രൌണ്ടിൽ സബ്ജില്ലാ സ്പോർട്സ് മത്സരം നടക്കുന്നതും അതിൽ എന്റെ സ്കൂളായ മൂർക്കനാട് സുബുലുസ്സലാം ഹൈസ്കൂളിലെ കുട്ടികൾ ചാമ്പ്യന്മാരാകുന്നതും ജില്ലാ അത്‌ലറ്റിക് മീറ്റിൽ ഓവറോൾ ചാമ്പ്യന്മാരായി വന്നപ്പോൾ അരീക്കോട് ടൌണിലൂടെ പ്രകടനം നടത്തി എല്ലാവർക്കും ‘അവിലും കഞ്ഞി’ വിതരണം നടത്തിയതും എന്റെ മനസ്സിൽ ഇന്നും മായാതെ കിടക്കുന്നു. സബ്ജില്ലാ സ്പോർട്സിലെ മത്സരങ്ങളിൽ  ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവരെ, ബാന്റ് മേളത്തിന്റെ അകമ്പടിയിൽ വിജയപീഠത്തിൽ കയറ്റി നിർത്തി  കിരീടം ധരിപ്പിച്ച് സർട്ടിഫിക്കറ്റ് നൽകുന്ന കാഴ്ച ഒന്ന് വേറെ തന്നെയായിരുന്നു.അന്ന് ജില്ലാതലത്തിൽ മികച്ച് ഒരു അത്‌ലറ്റ് ആയിരുന്ന, ഇന്ന് അന്താരാഷ്ട്ര വെറ്ററൻ അത്‌ലറ്റിക് താരമായ എന്റെ അയൽ‌വാസി സമദ് മാസ്റ്റർ ആയിരുന്നു പലപ്പോഴും സർട്ടിഫിക്കറ്റുകൾ നൽകിയിരുന്നത്.

                പിന്നീട് ഞാൻ ബി.എഡ് ചെയ്യുമ്പോഴാണ് എന്റെ ഉള്ളിന്റെ ഉള്ളിലെ പല വാസനകളും പുറത്ത് ചാടിയത്. Education is the alround development of the innate ability of a person എന്ന് ഗാന്ധിജി (അല്ലെങ്കിൽ വേറെ ആരോ) പറഞ്ഞത് അക്ഷരാർത്ഥത്തിൽ കാണിച്ചുകൊടുത്തത് ഞാൻ ആണ് എന്ന് അഭിമാനത്തോടെ ഞാൻ പറയാറുണ്ട്.ഈ വാസനാബഹിർസ്ഫുരണം കാരണം അന്നത്തെ അദ്ധ്യാപകർ നന്നായി കഷ്ടപ്പെട്ടു എന്നത് വേറെ കാര്യം! കോഴ്സിന്റെ അവസാന ദിവസം സെന്റര്‍ ഡയരക്ടർ ഷേക്ക് ഹാന്റ് നൽകികൊണ്ട് പറഞ്ഞത് ഇന്നും എന്റെ ഓർമ്മയിൽ ഉണ്ട് – “ആബിദ് അല്ലേ , ഈ കോളേജിൽ യൂണിയൻ മെമ്പർ അല്ലാത്ത ഒരാളുടെ പേര് എനിക്കറിയാമെങ്കിൽ അത് ഈ പേര് മാത്രമാണ് !!“(കാരണം മേല്പറഞ്ഞ വാസനാബഹിർസ്ഫുരണംതന്നെ).പഠിക്കാൻ ഞാൻ ഒട്ടും മോശമല്ലാത്തതിനാൽ ഇവരോടൊക്കെ പൊരുതി ഞാൻ ബി.എഡ് ബിരുദം നേടി എടുത്തു – ഫസ്റ്റ് ക്ലാസ്സിന് വെറും ഏഴ് മാർക്ക് അകലെ എന്റെ മാർക്ക് റോക്കറ്റ് ഓട്ടം നിർത്തി.(ഇന്റേണൽ മാർക്ക് കുറഞ്ഞ് പോയതിനാൽ മാത്രം ആയിരുന്നു ഈ നഷ്ടം എന്ന് മാർക്ക് ലിസ്റ്റ് കിട്ടിയപ്പോൾ മനസ്സിലായി).പക്ഷേ അവിടേയും സ്പോര്‍ട്സ് മീറ്റില്‍ ദീർഘദൂര ഓട്ടത്തിൽ, എന്റെ സന്തത സഹചാരികളായിരുന്ന അനിലിന്റേയും മണിയുടേയും കൂടെ പങ്കെടുത്ത് ഓട്ടം മുഴുവനാക്കി എന്റെ സ്പോർട്സ്മാൻ സ്പിരിറ്റ് ഞാന്‍ തെളിയിച്ചു.

                 വിദ്യാർത്ഥീ ജീവിതത്തിൽ കായികമല്ലാത്ത മറ്റ് നിരവധി മത്സരങ്ങളിൽ പങ്കെടുത്ത് പുരസ്കാരങ്ങൾ നേടി.സർട്ടിഫിക്കറ്റുകളും കാശ് അവാർഡും ഗപ്പും ഒക്കെ സമ്മാനമായി ലഭിച്ചു. നാഷണൽ  സർവ്വീസ് സ്കീം പ്രവർത്തനം പേരും പ്രശസ്തിയും കൊണ്ട് വന്നതോടൊപ്പം എന്റെ ഷോക്കേസും നിറഞ്ഞു കവിഞ്ഞു.ഒപ്പം രണ്ട് മക്കളും വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് അവരുടെ വകയായും ഷോക്കേസ് നിറച്ചു.പുതിയ തലമുറക്ക് കഴുത്തിൽ അണിയാൻ മെഡലുകൾ കൂടി കിട്ടുന്നത് ഞാൻ അല്പം അസൂയയോടെ കണ്ടു.എല്ലാവരുടേയും മുമ്പിൽ വച്ച് ആ മെഡൽ ധരിപ്പിക്കുമ്പോൾ ഉണ്ടാകുന്ന ആ നിർവൃതി ഞാൻ സ്വപ്നം കണ്ടു.നാല്പത് വയസ്സായിട്ടും ഒരു മെഡൽ പോലും കിട്ടാത്ത ഉപ്പ എന്ന് മക്കൾ എന്നെ കളിയാക്കുമോ എന്ന് ഞാൻ ന്യായമായും സംശയിച്ചു.

                അങ്ങനെ ഇരിക്കുമ്പോഴാണ് ഇത്തവണത്തെ കോളേജ് അത്‌ലറ്റിക് മീറ്റ് വന്നത്. മീറ്റിന്റെ അവസാനം അധ്യാപകരും കോളേജ് ടീമും തമ്മിൽ ഒരു സൌഹൃദ ഫുട്ബാൾ മത്സരം നടത്താറുണ്ട്. ഫുട്ബാൾ എന്നാൽ ഏതൊരു അരീക്കോട്ടുകാരന്റേയും രക്തത്തിൽ അലിഞ്ഞു ചേർന്നിരിക്കുന്നതിനാൽ ഈ ‘ഇളം പ്രായത്തിലും’ ഒന്ന് പന്ത് തട്ടി നോക്കാൻ ഞാൻ തയ്യാറായിരുന്നു.കഴിഞ്ഞതിന്റെ മുമ്പത്തെ വർഷം കാഴ്ച വച്ച മിന്നൽ പ്രകടനം പലരും ഓർമ്മയിൽ സൂക്ഷിക്കുന്നതിനാൽ ഇത്തവണയും കളിക്കാൻ പലരും പ്രേരിപ്പിച്ചു.(കഴിഞ്ഞ വർഷം ഈ മത്സരം നടക്കാത്തതിനാൽ എല്ലാവർക്കും പരിഭവമായിരുന്നു). ഫുട്ബാൾ മത്സരത്തിനായി മനസ്സ് തയ്യാറാക്കുമ്പോഴാണ്  സ്റ്റാഫിനായി ഇത്തവണ നൂറ് മീറ്റർ ഓട്ടമത്സരം ആണ് സംഘടിപ്പിച്ചിരിക്കുന്നത് എന്ന് കായികാദ്ധ്യാപകനായ ശഫീക് സാർ പറഞ്ഞത്.‘ഓട്ടമെങ്കിൽ ഓട്ടം ഞാൻ തയ്യാർ‘ എന്റെ ഉത്തരത്തെ വരവേറ്റത് അടുത്ത ചോദ്യമായിരുന്നു.

        “നൂറ് മീറ്റർ വേണൊ അമ്പത് മതിയോ?“

        ഞാൻ നൂറ് മീറ്റർ ഓകെ പറഞ്ഞപ്പോൾ മറ്റുള്ളവർക്ക് അമ്പത് മതി എന്നായി.കിഡ്ഡീസിനും ഗേൾസിനും മാത്രം റിസർവ് ചെയ്ത അമ്പത് മീറ്റർ ഓട്ടം അങ്ങനെ കായിക ചരിത്രലാദ്യമായി വെറ്ററന്മാർക്കും നടത്താൻ തീരുമാനമായി.ഓട്ടത്തിന് കൂടെയുണ്ടായിരുന്നവരെ കണ്ടപ്പോൾ തെല്ലൊന്ന് പതറിയെങ്കിലും സ്റ്റാർട്ടിംഗ് ലൈനിൽ നിന്നപ്പോൾ നാലാം സ്ഥാനം ഉറപ്പിച്ചു !! ശഫീക് സാർ ഓൺ യുവർ മാർക്കും വിസിലും ഒരുമിച്ചടിച്ചപ്പോൾ എനിക്ക് സ്റ്റാർട്ട് കിട്ടിയില്ല.ഒപ്പമുള്ളവർ കുതിച്ചു പാഞ്ഞു.പിന്നെ ഞാനും സർവ്വശക്തിയും സംഭരിച്ച് ഓടി.അതാ കൂട്ടത്തിൽ ഏറ്റവും പ്രായം കുറഞ്ഞ  രമേശൻ പിന്നിലേക്ക്.ഞാൻ ഒന്നു കൂടി ആഞ്ഞു പിടിച്ചു.ഫിനിഷിംഗ് ലൈനിന്റെ തൊട്ടുമുന്നിൽ വച്ച് പ്രായത്തിൽ മൂത്ത ഹരീന്ദ്രനാഥ് മാഷും പിന്നിലേക്ക്!അതേ , കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജിലെ ഈ വർഷത്തെ ഏറ്റവും വേഗതയുള്ള രണ്ടാമത്തെ സ്റ്റാഫ് ആയി ഞാൻ ഈ മത്സരം പൂർത്തിയാക്കിയിരിക്കുന്നു!!മത്സരം നൂറ് മീറ്റർ ആയിരുന്നെങ്കിൽ ഒന്നാം സ്ഥാനക്കാരനായ എന്റെ സമപ്രായക്കാരൻ ബിനീഷിനേയും ഞാൻ തോൽ‌പ്പിക്കുമായിരുന്നു എന്ന് എനിക്കുറപ്പുണ്ട്.

        അല്പ സമയത്തിനകം തന്നെ വിജയികളെ വിജയ പീഠത്തിലേക്ക് ക്ഷണിച്ചു കൊണ്ടുള്ള അനൌൺസ്മെന്റ് വന്നു.രണ്ടാം സ്ഥാനത്തിനുള്ള വെള്ളി മെഡൽ ശഫീക് സാർ കഴുത്തിലണിയിക്കുമ്പോൾ നാല്പതാം വയസ്സിൽ  ഒരു കായിക മത്സരത്തിൽ വിജയിച്ചതിന്റേയും അതിന് ഒരു മെഡൽ കിട്ടിയതിന്റേയും സന്തോഷമായിരുന്നു എന്റെ മനസ്സ് നിറയെ.Sunday, May 12, 2013

എയര്‍പോര്‍ട്ടിലെ ചില പാതിരാക്കാഴ്ചകള്‍....


രണ്ട് ദിവസം  മുമ്പ് ഭാര്യയുടെ ജ്യേഷ്ടത്തിയുടെ മകനെ ഗള്‍ഫിലേക്ക് കയറ്റിവിടാനായി രാത്രി പന്ത്രണ്ട് മണിക്ക് കോഴിക്കോട് എയർപോർട്ടിൽ പോകേണ്ടി വന്നു. അന്താരാഷ്ട്ര ബഹിർഗമനം എന്നെഴുതിയ വാതിലിന് മുന്നിൽ ഒട്ടും തിരക്കില്ലായിരുന്നു.അല്ലെങ്കിലും ആ നേരത്ത് തിരക്ക് പ്രതീക്ഷിക്കുന്ന ഞാൻ എന്തൊരു വിഡ്ഢി എന്ന് പറയാൻ എന്റെ മനസ്സ് എന്നെ അനുവദിച്ചില്ല.ഞാൻ കൊണ്ടു പോയവനെ വാതിൽ കടത്തി വിട്ട ശേഷം അവന്റെ ക്ലിയറൻസുകൾ കഴിയുന്നത് വരെ ഞാൻ പുറത്ത് തന്നെ നിന്നു.കാരണം ലഗേജ് അത്യാവശ്യം ഉണ്ടായിരുന്നു എന്നത് തന്നെ.അതാകട്ടെ, പെട്ടിയുടെ ഒരു ഭാഗം പോലും കാണാത്ത വിധത്തിൽ ‘ഗൾഫ് സെല്ലോടാപ്’ എന്ന് ഞങ്ങൾ വിളിക്കുന്ന വീതിയുള്ള ടേപ് കൊണ്ട് വരിഞ്ഞ് മുറുക്കിയിരുന്നു.അകത്ത് അവൻ കൌണ്ടറിൽ നിന്നും കൌണ്ടറിലേക്ക് ട്രോളി ഉരുട്ടി നടക്കുന്നതും അവന്റെ ഒപ്പമുണ്ടായിരുന്ന എന്റെ അമ്മോശൻ കാക്ക‘ (ഭാര്യാ പിതാവ്)യുടെ കയ്യിലുണ്ടായിരുന്ന കവർ വീർത്തു വരുന്നതും ഞാൻ പുറത്ത് നിന്ന് കണ്ടു.

റാസ്ൽൈമ , അബുദാബി , ദുബായി , ഷാർജ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളാണ് പറക്കാൻ തയ്യാറായി നിൽക്കുന്നത് എന്ന് സ്ക്രീനിൽ തെളിഞ്ഞു കൊണ്ടേ ഇരുന്നു.നിതാകാത്തും മുലാക്കാത്തും ഒക്കെ നടക്കുന്ന സമയമായതിനാൽ വല്ല ബ്ലോഗന്മാരും വരുന്നുണ്ടോ എന്നറിയാൻ ഞാൻ വരുന്നവരേയും പോകുന്നവേരേയും എല്ലാം ശ്രദ്ധിച്ചിരുന്നു (വായ്നോട്ടം എന്ന് ഇപ്പോൾ ഇതിനെ വിളിക്കാറില്ല).എന്തോ കണ്ടവരെയെല്ലാം മുമ്പ് എവിടെയോ കണ്ട പോലെ തോന്നിയതേ ഇല്ല്ല്ല!പക്ഷേ കണ്ട ചില കാഴ്ചകൾ പറയാതിരിക്കാൻ വയ്യ.

കാഴ്ച 1:- 
ഏകദേശം മുപ്പത് വയസ്സ് തോന്നിക്കുന്ന ഒരു യുവാവ് തോളിൽ ഒരു കുട്ടിയേയും ഉറക്കി കിടത്തി കടന്നു വന്നു.ഒരു കൈ കൊണ്ട് നിറയെ സാധനങ്ങൾ ഉള്ള ഒരു ട്രോളിയും ഉന്തിയായിരുന്നു അയാളുടെ വരവ്. ഇയാളുടെ കൂടെ ആരും ഇല്ലേ എന്ന് സന്ദേഹം ഉയരുന്നതിന് മുമ്പേ ജീൻസും ബനിയനുമിട്ട് ഒരു യുവതിയും എത്തി.പോയ അതേ വേഗത്തിൽ അദ്ദേഹം ട്രോളി ഉന്തിക്കൊണ്ട് തന്നെ പുറത്ത് വരുന്നതും റാക് എയർവെയ്സിന്റെ  കൌണ്ടറിലേക്ക് പായുന്നതും ഞാൻ കണ്ടു.അപ്പോഴും ആ സ്ത്രീ അനുഗമിച്ചു. എന്റെ മനസ്സ് അപ്പോൾ പറഞ്ഞു – വെറുതെ ഒരു ഭാര്യ !

കാഴ്ച 2:- 
 ആ കാഴ്ച എന്റെ കണ്ണിൽ നിന്നും മറഞ്ഞു.എന്റെ കണ്ണ്  വീണ്ടും പരിചയക്കാരെ തേടി അലഞ്ഞു. അപ്പോഴാണ് ഒരു ജാഥ പോലെ കുറേ  ‘ചെക്കന്മാർ’ ( ഏത് തരം ഡ്രെസ്സ് എപ്പോൾ എവിടെ ഉപയോഗിക്കണം എന്ന് അറിയാത്ത പയ്യൻസ്)വരുന്നത് കണ്ടത്.എല്ലാവരുടേയും കയ്യിൽ ഒരു മഞ്ഞ കാർഡും കണ്ടു.അകത്തേക്ക് കയറാനുള്ള പാസ് ആയിരുന്നു അത്.അകത്തേക്ക് അത്ര വലിയ ഐശ്വര്യ റായിമാരൊന്നും അതുവരെ കടന്നു പോയതായി ഞാൻ ഓർക്കുന്നില്ല.പിന്നെ എന്തിനാണാവോ ഈ ജാഥ അകത്തേക്ക് പോയത്.കൌണ്ടറിൽ നിന്ന മലയാളിയല്ല്ലാത്ത സെക്യൂരിറ്റിക്കാരനും എന്റെ അതേ മനസ്സ് സഹപ്രവർത്തകനോട് പങ്കു വക്കുന്നത് ഞാൻ കണ്ടു.

കാഴ്ച 3:- 
 അപ്പോഴാണ് ഒരു ട്രോളി ഉന്തിക്കൊണ്ട് മധ്യവയസ്സ് കഴിഞ്ഞ ഒരാൾ വന്നത്.മുണ്ടുടുത്ത് ഒരു സാദാ കുപ്പായവുമിട്ട് വന്ന അയാൾ ഗള്‍ഫിലേക്ക് തന്നെയോ എന്ന് സംശയം ഉദിച്ചപ്പോഴേക്കും ആ ട്രോളി അദ്ദേഹം അവിടെ നിർത്തി.പിന്നാലെ വന്ന, നല്ല നിലയിൽ വേഷം ധരിച്ച ഒരു യുവാവിന് ഹസ്തദാനം ചെയ്ത് അദ്ദേഹം തിരിഞ്ഞ് നടന്നു.ഒരു പോർട്ടർ അല്ല അദ്ദേഹം എന്ന് ഒറ്റ നോട്ടത്തിൽ തന്നെ മനസ്സിലായി.പിന്നാലെ വന്നത് സ്വന്തം മകനും ആകാൻ സാധ്യത തോന്നിയില്ല.അപ്പോൾ എന്റെ മനസ്സ് മന്ത്രിച്ചു – വെറുതേ ഒരു മരുമകൻ !

കൂടുതൽ കാഴ്ചകൾക്ക് കാത്തു നിൽക്കാതെ ഞാൻ പിന്നെ സ്ഥലം വിട്ടു.

മൊബൈല്‍ ഫോണ്‍ ഉണ്ടായിട്ടും....


ഇന്നലെ 11/5/2013 ശനിയാഴ്ച. ലോക ചരിത്രത്തിൽ എന്തെങ്കിലും സംഭവിച്ചോ ഇല്ലേ എന്നൊന്നും എനിക്കറിയില്ല.പക്ഷേ എന്റെ ജീവിതത്തിൽ അത്യപൂർവ്വമായ ഒരു സംഗതി ഉണ്ടായി.മൊബൈൽ കണക്ഷൻ എടുത്തതിന് ശേഷം, എന്റെ ഓർമ്മയിൽ ആദ്യമായി ഒരു ദിവസം മൊബൈൽ റിംഗ് ചെയ്യാതെ കടന്നു പോയി. ഫുൾ ടൈം ഓണായിട്ടും ഇന്നലെ എന്റെ മൊബൈലിലേക്ക് ആരും വിളിച്ചില്ല , അതിൽ നിന്ന് ഞാൻ ആരെയും വിളിച്ചില്ല, ഒരാളും റോംഗ് നമ്പര്‍ ആയോ മിസ്റ്റേക്ക് ആയോ ഡയല്‍ ചെയ്തില്ല!!!ഒരു നിമിഷം മൊബൈൽ കയ്യിൽ ഇല്ലെങ്കിൽ നിരവധി പ്രശ്നങ്ങൾ നേരിടുന്ന  നമുക്ക് ഒരു ദിവസം ഇങ്ങനെ വീണു കിട്ടിയാൽ ഒരു പുത്തൻ അനുഭവം തന്നെയായിരിക്കും എന്ന് തീർച്ച.(ഇന്ന് ഇതിന്റെയെല്ലാം ഫൈന്‍ അടക്കം വന്നുകൊണ്ടേ ഇരിക്കുന്നു...!!!)