Pages

Monday, May 13, 2013

നാല്പതാം വയസ്സില്‍ ഒരു സ്പോര്‍ട്സ് മെഡല്‍...

  
                സ്പോർട്സിൽ എനിക്ക് നല്ല താല്പര്യമുണ്ടെങ്കിലും പൊതുവെ എന്റെ ശരീര പ്രകൃതികാരണം മത്സരങ്ങളിൽ പണ്ടേ പങ്കെടുക്കാറില്ലായിരുന്നു.വീടിന് തൊട്ടടുത്തുള്ള അരീക്കോട് എം.എസ്.പി ഗ്രൌണ്ടിൽ സബ്ജില്ലാ സ്പോർട്സ് മത്സരം നടക്കുന്നതും അതിൽ എന്റെ സ്കൂളായ മൂർക്കനാട് സുബുലുസ്സലാം ഹൈസ്കൂളിലെ കുട്ടികൾ ചാമ്പ്യന്മാരാകുന്നതും ജില്ലാ അത്‌ലറ്റിക് മീറ്റിൽ ഓവറോൾ ചാമ്പ്യന്മാരായി വന്നപ്പോൾ അരീക്കോട് ടൌണിലൂടെ പ്രകടനം നടത്തി എല്ലാവർക്കും ‘അവിലും കഞ്ഞി’ വിതരണം നടത്തിയതും എന്റെ മനസ്സിൽ ഇന്നും മായാതെ കിടക്കുന്നു. സബ്ജില്ലാ സ്പോർട്സിലെ മത്സരങ്ങളിൽ  ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവരെ, ബാന്റ് മേളത്തിന്റെ അകമ്പടിയിൽ വിജയപീഠത്തിൽ കയറ്റി നിർത്തി  കിരീടം ധരിപ്പിച്ച് സർട്ടിഫിക്കറ്റ് നൽകുന്ന കാഴ്ച ഒന്ന് വേറെ തന്നെയായിരുന്നു.അന്ന് ജില്ലാതലത്തിൽ മികച്ച് ഒരു അത്‌ലറ്റ് ആയിരുന്ന, ഇന്ന് അന്താരാഷ്ട്ര വെറ്ററൻ അത്‌ലറ്റിക് താരമായ എന്റെ അയൽ‌വാസി സമദ് മാസ്റ്റർ ആയിരുന്നു പലപ്പോഴും സർട്ടിഫിക്കറ്റുകൾ നൽകിയിരുന്നത്.

                പിന്നീട് ഞാൻ ബി.എഡ് ചെയ്യുമ്പോഴാണ് എന്റെ ഉള്ളിന്റെ ഉള്ളിലെ പല വാസനകളും പുറത്ത് ചാടിയത്. Education is the alround development of the innate ability of a person എന്ന് ഗാന്ധിജി (അല്ലെങ്കിൽ വേറെ ആരോ) പറഞ്ഞത് അക്ഷരാർത്ഥത്തിൽ കാണിച്ചുകൊടുത്തത് ഞാൻ ആണ് എന്ന് അഭിമാനത്തോടെ ഞാൻ പറയാറുണ്ട്.ഈ വാസനാബഹിർസ്ഫുരണം കാരണം അന്നത്തെ അദ്ധ്യാപകർ നന്നായി കഷ്ടപ്പെട്ടു എന്നത് വേറെ കാര്യം! കോഴ്സിന്റെ അവസാന ദിവസം സെന്റര്‍ ഡയരക്ടർ ഷേക്ക് ഹാന്റ് നൽകികൊണ്ട് പറഞ്ഞത് ഇന്നും എന്റെ ഓർമ്മയിൽ ഉണ്ട് – “ആബിദ് അല്ലേ , ഈ കോളേജിൽ യൂണിയൻ മെമ്പർ അല്ലാത്ത ഒരാളുടെ പേര് എനിക്കറിയാമെങ്കിൽ അത് ഈ പേര് മാത്രമാണ് !!“(കാരണം മേല്പറഞ്ഞ വാസനാബഹിർസ്ഫുരണംതന്നെ).പഠിക്കാൻ ഞാൻ ഒട്ടും മോശമല്ലാത്തതിനാൽ ഇവരോടൊക്കെ പൊരുതി ഞാൻ ബി.എഡ് ബിരുദം നേടി എടുത്തു – ഫസ്റ്റ് ക്ലാസ്സിന് വെറും ഏഴ് മാർക്ക് അകലെ എന്റെ മാർക്ക് റോക്കറ്റ് ഓട്ടം നിർത്തി.(ഇന്റേണൽ മാർക്ക് കുറഞ്ഞ് പോയതിനാൽ മാത്രം ആയിരുന്നു ഈ നഷ്ടം എന്ന് മാർക്ക് ലിസ്റ്റ് കിട്ടിയപ്പോൾ മനസ്സിലായി).പക്ഷേ അവിടേയും സ്പോര്‍ട്സ് മീറ്റില്‍ ദീർഘദൂര ഓട്ടത്തിൽ, എന്റെ സന്തത സഹചാരികളായിരുന്ന അനിലിന്റേയും മണിയുടേയും കൂടെ പങ്കെടുത്ത് ഓട്ടം മുഴുവനാക്കി എന്റെ സ്പോർട്സ്മാൻ സ്പിരിറ്റ് ഞാന്‍ തെളിയിച്ചു.

                 വിദ്യാർത്ഥീ ജീവിതത്തിൽ കായികമല്ലാത്ത മറ്റ് നിരവധി മത്സരങ്ങളിൽ പങ്കെടുത്ത് പുരസ്കാരങ്ങൾ നേടി.സർട്ടിഫിക്കറ്റുകളും കാശ് അവാർഡും ഗപ്പും ഒക്കെ സമ്മാനമായി ലഭിച്ചു. നാഷണൽ  സർവ്വീസ് സ്കീം പ്രവർത്തനം പേരും പ്രശസ്തിയും കൊണ്ട് വന്നതോടൊപ്പം എന്റെ ഷോക്കേസും നിറഞ്ഞു കവിഞ്ഞു.ഒപ്പം രണ്ട് മക്കളും വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് അവരുടെ വകയായും ഷോക്കേസ് നിറച്ചു.പുതിയ തലമുറക്ക് കഴുത്തിൽ അണിയാൻ മെഡലുകൾ കൂടി കിട്ടുന്നത് ഞാൻ അല്പം അസൂയയോടെ കണ്ടു.എല്ലാവരുടേയും മുമ്പിൽ വച്ച് ആ മെഡൽ ധരിപ്പിക്കുമ്പോൾ ഉണ്ടാകുന്ന ആ നിർവൃതി ഞാൻ സ്വപ്നം കണ്ടു.നാല്പത് വയസ്സായിട്ടും ഒരു മെഡൽ പോലും കിട്ടാത്ത ഉപ്പ എന്ന് മക്കൾ എന്നെ കളിയാക്കുമോ എന്ന് ഞാൻ ന്യായമായും സംശയിച്ചു.

                അങ്ങനെ ഇരിക്കുമ്പോഴാണ് ഇത്തവണത്തെ കോളേജ് അത്‌ലറ്റിക് മീറ്റ് വന്നത്. മീറ്റിന്റെ അവസാനം അധ്യാപകരും കോളേജ് ടീമും തമ്മിൽ ഒരു സൌഹൃദ ഫുട്ബാൾ മത്സരം നടത്താറുണ്ട്. ഫുട്ബാൾ എന്നാൽ ഏതൊരു അരീക്കോട്ടുകാരന്റേയും രക്തത്തിൽ അലിഞ്ഞു ചേർന്നിരിക്കുന്നതിനാൽ ഈ ‘ഇളം പ്രായത്തിലും’ ഒന്ന് പന്ത് തട്ടി നോക്കാൻ ഞാൻ തയ്യാറായിരുന്നു.കഴിഞ്ഞതിന്റെ മുമ്പത്തെ വർഷം കാഴ്ച വച്ച മിന്നൽ പ്രകടനം പലരും ഓർമ്മയിൽ സൂക്ഷിക്കുന്നതിനാൽ ഇത്തവണയും കളിക്കാൻ പലരും പ്രേരിപ്പിച്ചു.(കഴിഞ്ഞ വർഷം ഈ മത്സരം നടക്കാത്തതിനാൽ എല്ലാവർക്കും പരിഭവമായിരുന്നു). ഫുട്ബാൾ മത്സരത്തിനായി മനസ്സ് തയ്യാറാക്കുമ്പോഴാണ്  സ്റ്റാഫിനായി ഇത്തവണ നൂറ് മീറ്റർ ഓട്ടമത്സരം ആണ് സംഘടിപ്പിച്ചിരിക്കുന്നത് എന്ന് കായികാദ്ധ്യാപകനായ ശഫീക് സാർ പറഞ്ഞത്.‘ഓട്ടമെങ്കിൽ ഓട്ടം ഞാൻ തയ്യാർ‘ എന്റെ ഉത്തരത്തെ വരവേറ്റത് അടുത്ത ചോദ്യമായിരുന്നു.

        “നൂറ് മീറ്റർ വേണൊ അമ്പത് മതിയോ?“

        ഞാൻ നൂറ് മീറ്റർ ഓകെ പറഞ്ഞപ്പോൾ മറ്റുള്ളവർക്ക് അമ്പത് മതി എന്നായി.കിഡ്ഡീസിനും ഗേൾസിനും മാത്രം റിസർവ് ചെയ്ത അമ്പത് മീറ്റർ ഓട്ടം അങ്ങനെ കായിക ചരിത്രലാദ്യമായി വെറ്ററന്മാർക്കും നടത്താൻ തീരുമാനമായി.ഓട്ടത്തിന് കൂടെയുണ്ടായിരുന്നവരെ കണ്ടപ്പോൾ തെല്ലൊന്ന് പതറിയെങ്കിലും സ്റ്റാർട്ടിംഗ് ലൈനിൽ നിന്നപ്പോൾ നാലാം സ്ഥാനം ഉറപ്പിച്ചു !! ശഫീക് സാർ ഓൺ യുവർ മാർക്കും വിസിലും ഒരുമിച്ചടിച്ചപ്പോൾ എനിക്ക് സ്റ്റാർട്ട് കിട്ടിയില്ല.ഒപ്പമുള്ളവർ കുതിച്ചു പാഞ്ഞു.പിന്നെ ഞാനും സർവ്വശക്തിയും സംഭരിച്ച് ഓടി.അതാ കൂട്ടത്തിൽ ഏറ്റവും പ്രായം കുറഞ്ഞ  രമേശൻ പിന്നിലേക്ക്.ഞാൻ ഒന്നു കൂടി ആഞ്ഞു പിടിച്ചു.ഫിനിഷിംഗ് ലൈനിന്റെ തൊട്ടുമുന്നിൽ വച്ച് പ്രായത്തിൽ മൂത്ത ഹരീന്ദ്രനാഥ് മാഷും പിന്നിലേക്ക്!അതേ , കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജിലെ ഈ വർഷത്തെ ഏറ്റവും വേഗതയുള്ള രണ്ടാമത്തെ സ്റ്റാഫ് ആയി ഞാൻ ഈ മത്സരം പൂർത്തിയാക്കിയിരിക്കുന്നു!!മത്സരം നൂറ് മീറ്റർ ആയിരുന്നെങ്കിൽ ഒന്നാം സ്ഥാനക്കാരനായ എന്റെ സമപ്രായക്കാരൻ ബിനീഷിനേയും ഞാൻ തോൽ‌പ്പിക്കുമായിരുന്നു എന്ന് എനിക്കുറപ്പുണ്ട്.

        അല്പ സമയത്തിനകം തന്നെ വിജയികളെ വിജയ പീഠത്തിലേക്ക് ക്ഷണിച്ചു കൊണ്ടുള്ള അനൌൺസ്മെന്റ് വന്നു.രണ്ടാം സ്ഥാനത്തിനുള്ള വെള്ളി മെഡൽ ശഫീക് സാർ കഴുത്തിലണിയിക്കുമ്പോൾ നാല്പതാം വയസ്സിൽ  ഒരു കായിക മത്സരത്തിൽ വിജയിച്ചതിന്റേയും അതിന് ഒരു മെഡൽ കിട്ടിയതിന്റേയും സന്തോഷമായിരുന്നു എന്റെ മനസ്സ് നിറയെ.7 comments:

ശ്രീ said...

കൊള്ളാം മാഷേ... അഭിനന്ദനങ്ങള്‍!

Unknown said...

congrats

ajith said...

യൂ ആര്‍ ഫോര്‍ട്ടി ഇയേര്‍സ് യംഗ്

അഷ്‌റഫ്‌ സല്‍വ said...

അപ് അപ് അപ് അപ് ...... അഭിനന്ദനങ്ങൾ

Cv Thankappan said...

അഭിനന്ദനങ്ങള്‍ മാഷെ....

Echmukutty said...

അതു ശരി.... അപ്പോ ഇത്രേം മിടുക്കനാ അല്ലേ?

Typist | എഴുത്തുകാരി said...

നാല്പതു വയസ്സിന്റെ ചെറുപ്പം. അഭിനന്ദനങ്ങള്‍.

Post a Comment

നന്ദി....വീണ്ടും വരിക